കരുണാനിധിയുടെ രാഷ്ട്രീയ, വ്യക്തി ജീവിതങ്ങളിലൂടെ പി.ബി അനൂപ് നടത്തുന്ന സഞ്ചാരം
ഒരുപാട് വളര്‍ച്ചയും ഇടക്കിടെ തളര്‍ച്ചകളും നേരിട്ട കരുണാനിധിയുടെ രാഷ്ട്രീയജീവിതം മുമ്പെങ്ങുമില്ലാത്തവിധം വലിയ പ്രതിസന്ധി നേരിടുകയാണ്. കാലം കലൈഞ്ജറെ എങ്ങിനെ രേഖപ്പെടുത്തും എന്ന് നിശ്ചയിക്കുന്ന നിര്‍ണ്ണായകനാളുകള്‍. മക്കള്‍ രാഷ്ട്രീയവും സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ സംഭവിക്കുന്ന ഉരുള്‍പൊട്ടലുകളുമെല്ലാം ചേര്‍ന്ന് കരുണാനിധിയുടെ രാഷ്ട്രീയ ഭാവിക്കുമേല്‍ കാര്‍മേഘം പടര്‍ത്തുന്നു. ഈ പശ്ചാത്തലത്തില്‍ കരുണാനിധി എന്ന രാഷ്ട്രീയ നേതാവിന്റെ പല തലങ്ങളിലേക്ക് നടത്തുന്ന അന്വേഷണം. കരുണാനിധിയെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞവയും പിന്നെ അധികാരത്തിന്റെ ഇടവഴികളില്‍ നിന്നുംകിട്ടിയ നിറംപിടിപ്പിച്ച നേരുകളുടെ പൊട്ടും പൊടിയും ചേര്‍ത്തുവെച്ചും ആ ദ്രാവിഡ സൂര്യന്റെ ഗ്രഹണങ്ങളും ജ്വലനവും പുരുഷാര്‍ത്ഥങ്ങളും തിരയുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം. പി.ബി അനൂപ് എഴുതുന്നു
എ. രാജ കരുണാനിധിയെ വണങ്ങുന്നു
ഇരുട്ടില്‍ പൊതിഞ്ഞു നില്‍ക്കുന്ന ചെന്നൈയിലെ ഡി എം കെ ആസ്ഥാനം. മുറ്റത്ത്, കാലത്തോട് കലഹിച്ച് ലോകത്തിന് നേരെ കൈ ചൂണ്ടിനില്‍ക്കുന്ന തമിഴകത്തിന്റെ സ്വന്തം അണ്ണ-സി എന്‍ അണ്ണാദുരൈ. പ്രവേശനകവാടത്തില്‍ അസ്വസ്ഥരായി കാത്തുനില്‍ക്കുന്ന അണികള്‍. പെട്ടെന്ന് പാര്‍ട്ടി ആസ്ഥാനത്തിന്റെ വശം ചേര്‍ന്നുള്ള പ്രത്യേക വഴിയിലൂടെ സുരക്ഷാ അകമ്പടിയോടെ കരുണാനിധിയുടെ ‘ടൊയോട അല്‍ഫാഡ’ ലക്ഷ്വറി വാഹനം ചീറിയടുത്തു. ഹൈഡ്രോളിക് സംവിധാനത്തോടെ, അത്യാധുനിക സൌകര്യങ്ങളോടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച ആ വാഹനത്തിന്റെ വാതില്‍ തുറന്നു. ഓട്ടോമറ്റിക്കായി സീറ്റ് പതുക്കെ പുറത്തേക്ക് വന്നു. കരിമ്പൂച്ചകളുടെ വലയത്തിനുള്ളില്‍ കലൈഞ്ജര്‍ കരുണാനിധി ചക്രകസേരയിലിരുന്ന് പാര്‍ട്ടി ആസ്ഥാനത്തിനുള്ളിലേക്ക് പോയി. അണികള്‍ ആവേശത്തോടെ വിളിച്ചുപറഞ്ഞു.’ കലൈഞ്ജര്‍ വാഴ്ക.. ‘.
അല്‍പ്പസമയത്തിനകം ഒരു കൂട്ടം കാറുകള്‍ കൂടി പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി. കാറുകള്‍ വന്നു നിന്നതും പുകച്ചുരുളുകള്‍ ഉയര്‍ത്തി കരിമരുന്നു പൊട്ടിച്ചിതറി. ആഘോഷത്തിമിര്‍പ്പിന്റെ അന്തരീക്ഷം. കാറുകളില്‍ നിന്ന് ഓരോ നേതാക്കളായി ഓഫീസിനുള്ളിലേക്ക് പോയി. സ്റ്റാലിന്‍, അന്‍പഴകന്‍, ടി കെ എസ് ഇളങ്കോവന്‍ ഏറ്റവും ഒടുവില്‍ പതിനഞ്ചുമാസത്തെ ജയില്‍വാസം കഴിഞ്ഞ്, ആ ദിവസത്തിന്റെ താരം ആണ്ടിമുത്തു രാജ എന്ന എ രാജയും. (ഒരു തട്ടുപൊളിപ്പന്‍ മലയാള സിനിമയിലെ നായകന്റെ ജയില്‍വാസം കഴിഞ്ഞുവരുമ്പോഴുള്ള ഡയലോഗ് ഇതിനോട് ചേര്‍ത്തുവെച്ചു രാജയുടെ മാനസികാവസ്ഥയെ വ്യക്തമാക്കാം… ‘അതേ, പതിനഞ്ചുമാസത്തെ ഇടവേളക്കുശേഷം രാജ വന്നിരിക്കുന്നു. പുതിയ കളികള്‍ കാണാനും. ചില കളികള്‍ കാണിച്ച് പഠിപ്പിക്കാനും’ ) രാജ്യത്തെ നടുക്കിയ അഴിമതി ആരോപണത്തില്‍ക്കുടുങ്ങിയാണ് നേതാവ് ജയിലില്‍ പോയതെങ്കിലും അണികള്‍ക്ക് ആവേശത്തിന് കുറവൊന്നുമില്ലായിരുന്നു. കരുണാനിധിയുടെയും, സ്റ്റാലിന്റെയും, രാജയുടെയും ചിത്രങ്ങള്‍ പതിച്ച ടീഷര്‍ട്ട് ധരിച്ചെത്തിയ അവര്‍ ഉച്ചത്തില്‍ വിളിച്ചു. ‘അണ്ണന്‍ രാസാ … വാഴ്ക ‘.
പാര്‍ട്ടി അദ്ധ്യക്ഷന്റെ മുറിയില്‍ രാജ തന്റെ നേതാവായ കരുണാനിധിയെ കണ്ടുതൊഴുതു. രാജയ്ക്കൊപ്പം മനസ്സില്ലാമനസ്സോടെ മറ്റ് നേതാക്കള്‍ അസ്വസ്ഥതകള്‍ ഉള്ളിലൊതുക്കി ക്യാമറകള്‍ക്കുമുന്‍പില്‍ പല്ലിളിച്ചു നിന്നു. ഒരുകാലത്ത് പാര്‍ട്ടിയുടെ ശക്തനായ ദലിത് മുഖമായിരുന്ന രാജ ഇന്ന് ഏറെപേര്‍ക്കും അനഭിമതനാണ്. പക്ഷെ രാജയോട് ചേര്‍ന്നുനില്‍ക്കുന്ന അഴിമതിയുടെ ചുഴികള്‍ ആരെയും മോചനമില്ലാത്തവരാക്കുന്നു. കരുണാനിധി മാത്രം ഹൃദയം തുറന്ന് ചിരിച്ചു. കാരണം കലൈഞ്ജര്‍ക്കറിയാം ‘ചാപ്പന്മാരെ’ എപ്പോഴാണ് ‘കൊണ്ട് നടക്കേണ്ടതെന്നും’, എപ്പോഴാണ് ‘കൊണ്ട് കുഴിയില്‍ ചാടിക്കേണ്ടതെന്നും’. കഴിഞ്ഞ കാലം അതിന് സാക്ഷ്യം നല്‍കും. ഒരുകാലത്ത് ബി.ജെ.പി വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് നാടുമുഴുവന്‍ കുറ്റപ്പെടുത്തി നടന്നയാളാണ് ആശാന്‍. പക്ഷെ പിന്നീട് ബി ജെ പി യുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തിലെത്തിയപ്പോള്‍ ആശാന്‍ പ്ലേറ്റ് മാറ്റി അവര്‍ക്കൊപ്പം കൂടി. ‘അവര്‍ വര്‍ഗ്ഗീയപ്പാര്‍ട്ടിയാണെങ്കിലും ഞങ്ങള്‍ക്കൊപ്പം കൂടിയാല്‍ ബി ജെ പി നന്നാവു’മെന്ന് കലൈഞ്ജര്‍ ആണയിട്ടു. പിന്നീട് അവര്‍ക്ക് അധികാരം നഷ്ടമായപ്പോള്‍ ‘താത്ത’ കോഴികൂവും മുന്‍പ് ബി ജെ പിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്സിനൊപ്പം കൈ കോര്‍ത്തു. അത് അവിടെ നില്‍ക്കട്ടെ, നമുക്ക് പറഞ്ഞുവന്ന കാര്യം തുടരാം.
രാജയെ കണ്ടപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തോട് ‘ഒരിക്കല്‍ വീടുവിട്ടുപോയ അനുജനെ കുറേ മാസങ്ങള്‍ക്കുശേഷം കാണുന്ന ഏട്ടന്റെ മാനസികാവസ്ഥ’ എന്നായിരുന്നു കരുണാനിധിയുടെ മറുപടി. സംസാരം അങ്ങിനെ നീളുന്നതിനിടെ ആരോ ഒരു കുനുഷ്ട്ട് ചോദ്യമെറിഞ്ഞു. ‘കനിമൊഴി ജയില്‍ മോചിതയായെത്തിയപ്പോഴുള്ള അത്രയും ആള്‍ക്കൂട്ടം രാജ വന്നപ്പോള്‍ ഇല്ലായിരുന്നല്ലോ? രാജയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പ്രധാനനേതാക്കളാരും പോകാഞ്ഞതെന്തേ?…’ ചോദ്യത്തിലെ അപകടം മണത്ത കരുണാനിധിയുടെ പ്രതികരണം രസകരമായിരുന്നു. ‘ഇവിടെ ഇത്രയൊക്കെ കലഹമുണ്ടാക്കിയതുപോരെ … ഇനിയും വേണോ ?’
എന്തോ, കരുണാനിധി ഇപ്പോള്‍ ഇങ്ങിനെയാണ്. ‘അയ്യാ’ എന്ന വിളിയുമായി അടുത്തുകൂടിയിരുന്ന മാധ്യമപ്രവര്‍ത്തകരെ നിറഞ്ഞചിരിയും കുറിക്കുകൊള്ളുന്ന മറുപടിയും കൌശലംകലര്‍ന്ന നിലപാടുകളുമായി നേരിട്ടിരുന്ന കരുണാനിധിക്കിപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത് പ്രമേഹരോഗി ഡയറിമില്‍ക്ക് കാണുംപോലെയാണ്. കൊതികൊണ്ട് ഇരിക്കാനുംവയ്യ, കഴിക്കാനുംവയ്യ എന്ന അവസ്ഥ. പ്രത്യേകിച്ച് ടു ജി സ്പെക്ട്രം ഭൂതം കുടം പൊളിച്ച് പുറത്തുചാടിയതിനു ശേഷം. മുല്ലപ്പെരിയാര്‍ വിവാദം കത്തിനിന്ന നാളുകളില്‍ കരുണാനിധിയോട് ചൂണ്ടകൊരുത്ത ചോദ്യമെറിഞ്ഞപ്പോള്‍, ‘തമ്പീ.. നീങ്ക മലയാളത്താന്‍ അല്ലെയാ … ഇപ്പടിതാന്‍ ഇരുക്കും’ എന്ന മറുവെട്ടായിരുന്നു തിരിച്ചുകിട്ടിയത്. എന്റെ ചോദ്യത്തില്‍ ഞാന്‍ എന്ന മലയാളിക്കപ്പുറം എം ജി ആര്‍ എന്ന തന്റെ ശത്രുവിനെയാണ് കരുണാനിധി കണ്ടത്. പണ്ടേ, മക്കളല്ലാതെ ആരെയുംവിശ്വാസമില്ലാത്ത ആളാണ് തമിഴകത്തിന്റെ കിംഗ് ലിയര്‍. തന്റെ മക്കളുടെ രാഷ്ട്രീയഭാവി തകര്‍ക്കുമെന്നും, കുടുംബം കുളംതോണ്ടുമെന്നും കണക്കുകൂട്ടി മരുമകന്‍ ദയാനിധിമാരനെ കേന്ദ്രസര്‍ക്കാരില്‍ നിന്നും പുകച്ച് പുറത്തുചാടിച്ച കക്ഷിയാണ്.
ഭീഷ്മാചാര്യര്‍ എന്ന ഉപമ രാജ ജയില്‍ മോചിതനായി എത്തുന്നതിന് അഞ്ചുനാള്‍ മുന്‍പ് കലൈഞ്ജറുടെ 88 മത് പിറന്നാളായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 3 ന്. സംഭവബഹുലമായ ഒരു രാഷ്ട്രീയ ജീവിതത്തിന്റെ ദശാസന്ധി. ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന, പരിചയസമ്പന്നനായ നേതാവ്. പലതവണചവച്ച ച്യൂയിംഗം പോലെ പറഞ്ഞുപഴകിയ ക്ലീഷേവിശേഷണമാണെങ്കിലും കൃത്യമായി ചേരുന്ന ഒരു വാക്കുണ്ട് ‘രാഷ്ട്രീയഭീഷ്മാചാര്യന്‍’. നമ്മുടെ ഒരു നേതാവിനെയും ഈ രീതിയില്‍ വിശേഷിപ്പിച്ചിരുന്നു. പേരിലും രാഷ്ട്രീയജീവിതത്തിന്റെ അപ്രമാദിത്വത്തിലുമുള്ള സാമ്യംപോലെ ‘അമിതമക്കള്‍സ്നേഹമുള്‍പ്പെടെ’ കാര്യത്തിലും നമ്മുടെ നേതാവും കലൈഞ്ജറും തമ്മില്‍ ചില സമാനതകളുണ്ട്.
‘രാഷ്ട്രീയഭീഷ്മാചാര്യന്‍’ എന്ന വിശേഷണത്തില്‍ ഒരല്‍പ്പം എടങ്ങേറുണ്ട്. കാരണം അവസാനനാളുകള്‍ ഭീഷ്മരെപ്പോലെ അധികാരശരശയ്യയിലായിരിക്കും എന്നത് ചരിത്രവൈരുധ്യം. ‘പിറന്തനാള്‍’ പിന്നിട്ട് ഇത്രയും ദിവസം കഴിഞ്ഞശേഷം എന്തുകൊണ്ട് ഒരു കുറിപ്പ് എന്ന സംശയം സ്വാഭാവികം. പക്ഷെ, പിറന്തനാള്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് കരുണാനിധി തന്റെ ജന്മദിനത്തെക്കുറിച്ച് പ്രതികരിച്ചത്, ‘പിറന്നാള്‍ വരും പോകും. എല്ലാം കണക്കിന്റെ ഒരു കളിയാണ്.. പക്ഷെ ഞാന്‍ ചെയ്തതെന്താണോ അതുമാത്രമേ അവശേഷിക്കൂ… ‘
അധികാരസോപാനങ്ങള്‍ കീഴടക്കിയെങ്കിലും കരുണാനിധിയുടെ ഉള്ളില്‍ ഒരു ആഗ്രഹം മാത്രം ദു:സ്വപ്നംപോലെ ബാക്കിയുണ്ടെന്നാണ് അടുത്ത അനുചരന്മാര്‍ പറയുന്നത്. ‘ഭാരതരത്ന’ എന്ന് പേരിനോടൊപ്പം ചേര്‍ക്കണം. തന്റെ ആജന്മശത്രുവായ എം ജി ആറിനു അത് ലഭിച്ചിട്ടുണ്ടെന്നതാണ് കലൈഞ്ജറുടെ ഉറക്കം കെടുത്തുന്നത്. ചുമ്മാ! ആടിപ്പാടിനടന്നവര്‍ക്കെല്ലാം ‘ഭാരതരത്ന’ കിട്ടി. തമിഴകത്തിന്റെ ‘കാവ്യ ചേര’നായ തനിക്കുമാത്രം കിട്ടിയില്ലാ എന്നത് കരുണാനിധിക്ക് എങ്ങിനെ സഹിക്കാന്‍ കഴിയും. ഒരു ഭാരതരത്ന കിട്ടാന്‍ ‘മ്മടെ പ്രാഞ്ചിയേട്ടനെപ്പോലെ ചുളയിറക്കണ്ട’ കാര്യമൊന്നുമില്ല. അല്ലാതെതന്നെ സമ്പന്നമാണ് ജീവചരിത്രം. കാര്യങ്ങള്‍ ഒരുവിധത്തില്‍ കരക്കടുത്തുവരികയായിരുന്നു. അപ്പോഴാണ് മകളുടെ രൂപത്തിലും ടു ജിയുടെ രൂപത്തിലും ‘കാളസര്‍പ്പയോഗം’ കടന്നുവന്നത്. ഇനി രക്ഷയില്ല. മക്കളെകണ്ടും മാമ്പൂകണ്ടും കൊതിക്കരുതെന്ന് പറയുന്നത് ചുമ്മാതല്ല!
മാമധുരാപുരിയില്‍ ഒരു തെരഞ്ഞെടുപ്പുകാലം കാവേരിയെ സ്നേഹിക്കുന്ന കരുണാനിധിയെന്ന വന്മരത്തിലേക്കുള്ള യാത്ര മധുരയില്‍നിന്നു തുടങ്ങാം. കഴിഞ്ഞകുറച്ചു നാളുകള്‍ക്കിടെ കരുണാനിധിയെ ഏറ്റവും വികാരാധീനനായി കണ്ടത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മധുരൈയില്‍വെച്ചാണ്. ടു ജി സ്പെക്ട്രം കേസ് പാര്‍ട്ടിയെ വന്‍തോതില്‍ വേട്ടയാടിയ നാളുകള്‍. രാജരഥങ്ങള്‍ ഊര്‍വലംപോയ മാമധുരാപുരിയില്‍ വെച്ച് കരുണാനിധി തന്റെ പഴയകാലം ഓര്‍ത്തെടുത്തു. സ്വന്തം ഐഡന്റിറ്റിയായ പാറയില്‍ ചിരട്ടയുരക്കുംപോലുള്ള പരുപരുത്ത ശബ്ദത്തില്‍ പതിവുപോലെ ‘എന്‍ ഉയിരാന ഉടന്‍പിറപ്പുകളെ’ എന്ന വിശേഷണത്തോടെ കരുണാനിധി പ്രസംഗമാരംഭിച്ചു.
മണ്‍മറഞ്ഞ തന്റെ സുഹൃത്തുക്കളെ ഓര്‍ത്തെടുത്തു. കറുത്ത കട്ടിക്കണ്ണട പതുക്കെ മുകളിലേക്കുയര്‍ത്തി ഇടക്കിടെ കണ്ണീര്‍തുടച്ചു. ‘അന്ത മാമിയാര്‍’ ( കരുണാനിധി ജയലളിതയെ അങ്ങിശനയാണ് പലപ്പോഴും വിളിക്കാറ് ) തനിക്കും പാര്‍ട്ടിയ്ക്കും എതിരെചെയ്ത ദ്രോഹങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. ഒടുവില്‍, ‘ ഈ തെരഞ്ഞെടുപ്പില്‍ ഡി എം കെ ജയിച്ചില്ലെങ്കിലും നിങ്ങള്‍ എന്നെ തള്ളിപ്പറയരുതെന്നും. നിങ്ങള്‍ മാത്രമാണ് എന്‍റെ ആകെയുള്ള സ്വത്തെന്നും’ കരുണാനിധി പുരുഷാരത്തെനോക്കി പറഞ്ഞു. നീണ്ട നിശബ്ദതയ്ക്കൊടുവില്‍ കരഘോഷങ്ങള്‍ ആര്‍ത്തലച്ചു.
തൊടുത്തുവിട്ട അസ്ത്രംപോലെയുള്ള വാക്കിന്റെ കരുത്തും ഭാഷയുടെ മൂര്‍ച്ചയും ശരിക്കും മനസ്സിലാക്കിയ നേതാവാണ് കലൈഞ്ജര്‍. വാക്കിന്റെ വഴിതന്നെയാണ് കരുണാനിധിയെ കരുണാനിധിയാക്കിയതും. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ല എന്ന റെക്കോര്‍ഡിന് ഉടമയായ കരുണാനിധി ആദ്യമായി പിറന്നമണ്ണില്‍ പടയ്ക്കിറങ്ങി എന്ന സവിശേഷതയും കഴിഞ്ഞ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.
തമിഴകത്തിന്റെ നെല്ലറയാണ് തിരുവാരൂര്‍. വൈക്കോല്‍മണം നിറഞ്ഞ വഴികള്‍ പിന്നിട്ടാല്‍ തിരുക്കുവളയെന്ന ഗ്രാമത്തിലെത്താം. കരുണാനിധിയുടെ ജന്മഗൃഹം തേടിയപ്പോള്‍ നാട്ടുകാര്‍ ഒരു പഴയ ഓടിട്ടവീട് ആദരപൂര്‍വ്വം കാണിച്ചുതന്നു. ഇന്ന് ഈ വീട് കരുണാനിധിയുടെ അമ്മയുടെ പേരിലുള്ള ഒരു ട്രസ്റിന്റെ ആസ്ഥാനമാണ്. മുറ്റത്ത് വലിയൊരു പൊതുകുളം. അത് കലൈഞ്ജറുടെ സമ്മാനമാണെന്ന് നാട്ടുകാര്‍ അഭിമാനത്തോടെ പറഞ്ഞു. വീട്ടിലേക്ക് കയറും മുന്‍പ് ചെരുപ്പൂരാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് അവര്‍ പറഞ്ഞു, ‘സര്‍, ഇത് വീടല്ല… കോവിലാണ് ‘. വീടിനകത്ത് കരുണാനിധിയുടെ അമ്മയുടെ പ്രതിമ. താന്‍ ജീവിതത്തില്‍ ഏറ്റവും അധികം സ്നേഹിച്ചിട്ടുള്ളത് അമ്മയെയാണെന്ന് കരുണാനിധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചുവരുകളില്‍ പല നേതാക്കള്‍ക്കൊപ്പവുമുള്ള കരുണാനിധിയുടെ ചിത്രങ്ങള്‍. ഈ ഗ്രാമത്തിലെ ഒരോരുത്തര്‍ക്കും പറയാനുണ്ട് തമിഴകം കീഴടക്കിയ അവരുടെ കലൈഞ്ജറെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങള്‍. പനകള്‍ അതിരിട്ട ആ വയലിലൂടെ അധികാരത്തിന്റെ ശീതളിമയിലേക്ക് നടന്നുകയറിയ തന്റേടിയായ ഒരു പയ്യനെ നമുക്ക് കാണാം.
കരുണാനിധി: പഴയ ചിത്രം
കലൈമണി തിരു. ഷണ്‍മുഖ രാജ പറഞ്ഞത് കാലക്കണക്കുകളുടെ കൃത്യതയില്ലെങ്കിലും, കഥകള്‍ എനിക്ക് വിവരിച്ചുതന്നത് കരുണാനിധിയുടെ ബാല്യകാല സുഹൃത്ത് ഷണ്‍മുഖരാജനായിരുന്നു. അങ്ങിനെ ചുമ്മാ പറഞ്ഞാല്‍ ഷണ്‍മുഖരാജന്‍ കെറുവിക്കും; നാദസ്വരവിദ്വാന്‍ കലൈമണി തിരു. ഷണ്‍മുഖ രാജ എന്ന് തന്നെ വിളിക്കണം.
1924 ജൂണ്‍ 3 ന് നാദസ്വരവിദ്വാനും ഗ്രാമീണ വൈദ്യനുമായ മുത്തുവേലിന്റെയും അന്ജുകത്തിന്റെയും മകനായി വെള്ളാള കുടുംബത്തില്‍ കരുണാനിധി ജനിച്ചു. തീവ്രതമിഴ് വാദമെന്ന അസുഖം കലശലായുള്ള ആളാണെങ്കിലും തെലുങ്ക് കുടിയേറ്റ കുടുംബമാണ് കരുണാനിധിയുടെത്. രണ്ട് സഹോദരിമാര്‍, പെരിയനായകം, ഷണ്‍മുഖസുന്ദരം. ചെറുപ്പത്തിലെ കരുണാനിധി സംഗീതപഠനത്തിനു ചേര്‍ന്നു. താഴ്ന്നജാതിയില്‍ ജനിച്ചതുകൊണ്ട് അരയ്ക്കുമേലെ വസ്ത്രം ധരിക്കാന്‍ കഴിയാത്തതും, ചില സംഗീതപാഠങ്ങള്‍ പഠിക്കാന്‍ കഴിയാതെപോയതും കരുണാനിധിയെ ചോദ്യങ്ങള്‍ ചോദ്യം ചോദിക്കുന്നവനാക്കി. സാഹിത്യത്തെ സ്നേഹിച്ചു. സഹപാഠികളെ സംഘടിപ്പിച്ച് ‘സംഘം’ എന്ന സംഘടന രൂപീകരിച്ചു. ‘മാനവര്‍ നേസന്‍’ എന്ന പേരില്‍ കൈയ്യെഴുത്തുമാസിക പുറത്തിറക്കി. പിന്നീട് ഈ സംഘടന ‘തമിഴ് മാനവര്‍ മന്ട്രം’ എന്ന് പേര് മാറ്റി. കവലകളില്‍ നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചു. ‘വന്ദേമാതരം’ എന്നതിന് ‘വന്ദേ.. ഏമാത്തരം’ എന്ന് പാരഡി ചമച്ച ‘തലതെറിച്ച’ പയ്യനായിരുന്നു കരുണാനിധി എന്ന് ഷണ്‍മുഖരാജന്റെ സാക്ഷ്യം. ചെറുപ്പത്തിലേ കരുണാനിധി ജസ്റിസ് പാര്‍ട്ടി നേതാവ് അളഗിരിസ്വാമിയുടെ ചിന്തകളില്‍ ആകൃഷ്ട്ടനായി.
സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ തോറ്റുതുന്നം പാടിയപ്പോള്‍ നാടുവിട്ട് കോയമ്പത്തൂരേക്ക് വണ്ടികയറി. നാടകകമ്പനികളില്‍ എഴുത്തുകാരനായി ജോലി നോക്കി. ‘ദ്രാവിഡ നാടക മന്‍ട്രം’ എന്ന പേരില്‍ നാടകസംഘം രൂപീകരിച്ചു. താന്‍ എഴുതിയ ‘ശാന്തി’ എന്ന നാടകത്തില്‍ അഭിനയിച്ചു. കരുണാനിധിയുടെ ‘തൂക്കുമേടൈ’ എന്ന നാടകം രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
അണ്ണാദുരൈ, കരുണാനിധി, എം.ജി.ആര്‍
ഞാന്‍ ഇടതുപാര്‍ട്ടികളില്‍ അംഗത്വമെടുത്തേനെ.. ഈ കാലത്താണ് കരുണാനിധി പെരിയാറിന്റെ ആശയങ്ങളില്‍ ആകൃഷ്ട്ടനാകുന്നത്. പെരിയാറിന്റെ ദ്രാവിഡവാദവും, സ്വാഭിമാന മുന്നേറ്റങ്ങളും കരുണാനിധിയുടെ രാഷ്ട്രീയത്തിന്റെ ദിശനിര്‍ണ്ണയിച്ചു. നാടക ഡയലോഗുകളില്‍ രാഷ്ട്രീയ ചൂടുംചൂരും തിളച്ചു മറിഞ്ഞു. പുതുച്ചേരിയില്‍ നടന്ന ഒരു നാടകത്തിനിടെയാണ് സി എന്‍ അണ്ണാദുരൈ കരുണാനിധിയെ കാണുന്നത്. കരുണാനിധിയുടെ വാക്കുകളിലെ ചാട്ടുളിപോലെ തുളഞ്ഞുകയറുന്ന രാഷ്ട്രീയബോധം അണ്ണായെ ഏറെ ആകര്‍ഷിച്ചു. അണ്ണാ കരുണാനിധിയെ പെരിയാറിന്റെ ദ്രാവിഡ കഴകത്തിലേക്ക് ക്ഷണിച്ചു. ആ കൂട്ടിമുട്ടല്‍ തമിഴ് രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ ഒരു ഹൃദയബന്ധത്തിന്റെ തുടക്കമായിരുന്നു. കരുണാനിധി അണ്ണായുടെ പ്രിയതമ്പിയായി. ‘അത് എന്റെ അടിമുടിയുള്ള ഒരുമാറ്റത്തിന്റെ തുടക്കമായിരുന്നു. അണ്ണായെകണ്ടില്ലായിരുന്നെങ്കില്‍ എന്റെ രാഷ്ടീയനിലപാട് മറ്റൊന്നാകുമായിരുന്നു. ഞാന്‍ ഇടതുപാര്‍ട്ടികളില്‍ അംഗത്വമെടുത്തേനെ..’ തന്റെ രാഷ്ട്രീയ ഭാവിനിര്‍ണ്ണയിച്ച ആ കൂടിക്കാഴ്ച്ചയെ കരുണാനിധി രേഖപ്പെടുത്തുന്നത് ഇങ്ങിനെ. ആ കാലത്ത് പരിചയപ്പെട്ടവരാണ് പിന്നീട് രാഷ്ട്രീയത്തിലും, അധികാരത്തിലും കരുണാനിധിയുടെ സഹപ്രവര്‍ത്തകരായിമാറിയ അന്‍പഴകനും, നെടുംചേഴിയനും, മതിയഴകനുമെല്ലാം.
പിന്നീട് പെരിയാറിന് ‘ഒരു പണികൊടുത്തു’ കൊണ്ട് അണ്ണാദുരൈ ‘ദ്രാവിഡ മുന്നേറ്റ്ര കഴകം’ ഉണ്ടാക്കിയപ്പോള്‍ കരുണാനിധി ഉള്‍പ്പടെയുള്ളവര്‍ അണ്ണായ്ക്കൊപ്പം കൂടി. ഡി എം കെയുടെ ആദ്യ ട്രഷററായിരുന്നു കരുണാനിധി. ( അന്നേ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലായിരുന്നു ). കരുണാനിധി അപ്പോഴേക്കും സിനിമയിലേക്ക് കളംമാറ്റി. ‘രാജകുമാരി’യാണ് ആദ്യ തിരക്കഥ. ഈ സിനിമയുടെ സെറ്റില്‍വെച്ചാണ് എം ജി ആറിനെ പരിചയപ്പെടുന്നത്. 77 ചിത്രങ്ങള്‍ക്ക് കരുണാനിധി തിരക്കഥയെഴുതി. ‘പരാശക്തി’ ഉള്‍പ്പെടെ ചിത്രങ്ങളിലൂടെ തമിഴ്ദേശീയ ബോധവും, ഡി എം കെ ആശയങ്ങളും ശക്തമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ചു. അണ്ണായുടെ പ്രവര്‍ത്തനങ്ങളും കരുണാനിധിയുടെ തിരക്കഥകളുമാണ് ഡി എം കെ യ്ക്ക് വേരോട്ടമുണ്ടാക്കികൊടുത്തത്. ഹിന്ദി രാഷ്ട്രഭാഷയാക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളാണ് ദ്രാവിഡരാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള വേരോട്ടം സാധ്യമാക്കിയത്.
കരുണാനിധി: പഴയ ചിത്രം
‘ഉടല്‍ മണ്ണുക്ക്… ഉയിര്‍ തമിഴുക്ക് ‘ കരുണാനിധിക്കൊപ്പം ഒരു ജനത അന്ന് ഏറ്റുപറഞ്ഞു, ‘ഉടല്‍ മണ്ണുക്ക്… ഉയിര്‍ തമിഴുക്ക് ‘. പക്ഷെ, പാര്‍ട്ടീപ്രവര്‍ത്തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. അങ്ങിനെയാണ് പത്ത് ലക്ഷം രൂപയുടെ പാര്‍ട്ടി ഫണ്ട് ഉണ്ടാക്കാമെന്ന് കരുണാനിധി അണ്ണായോട് പറയുന്നത്. അക്കാലത്ത് അതൊരു വന്‍തുകയായിരുന്നു. അണ്ണായെ സംബന്ധിച്ചിടത്തോളം അത് അസാധ്യമായിരുന്നു. പക്ഷെ കരുണാനിധി ആ വെല്ലുവിളി ഏറ്റെടുത്തു. ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പതിനൊന്നുലക്ഷം രൂപ സമാഹരിച്ചു നല്‍കി. പിന്നീട് അണ്ണാ കരുണാനിധിയെ ‘മിസ്റര്‍ പതിനൊന്ന് ലക്ഷം’ എന്നാണ് വിളിക്കാറ്.
പാര്‍ട്ടിയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കരുത്തുകാട്ടാനുമായി അണ്ണാദുരൈ എം ജി ആറിനെ ഡി എം കെ പാളയത്തില്‍ എത്തിച്ചു. കരുണാനിധിക്ക് ഈ നീക്കത്തില്‍ ആദ്യംമുതലേ എതിര്‍പ്പുണ്ടായിരുന്നെങ്കിലും എം ജി ആറിന്റെ ജനപ്രിയമാജിക് അറിയാമായിരുന്ന അണ്ണാദുരൈ കരുണാനിധിയെ സമാധാനിപ്പിച്ചു. 1967 ല്‍ കോണ്‍ഗ്രസ്സിന്റെ കുത്തക അവസാനിപ്പിച്ച് ഡി എം കെ അധികാരത്തിലെത്തിയതോടെ ദ്രാവിഡ രാഷ്ട്രീയത്തിലും കരുണാനിധിയുടെ ജീവിതത്തിലും ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. അണ്ണാദുരൈ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു കരുണാനിധി.
അണ്ണാദുരൈയുടെ മോതിരം 1969 ല്‍ ക്യാന്‍സര്‍ബാധയാല്‍ അണ്ണാദുരൈ മരിച്ചു. പാര്‍ട്ടിയിലെ അടുത്ത മുതിര്‍ന്ന നേതാവായ നെടുംചേഴിയനെ പതിനെട്ടടവും എടുത്ത് വെട്ടിവീഴ്ത്തി എം ജി ആറിന്റെ സഹായത്തോടെ കരുണാനിധി അധികാരവും പാര്‍ട്ടിയും പിടിച്ചെടുത്തു. അനന്തിരാവകാശി എന്ന നിലയില്‍ അണ്ണാദുരൈ തനിക്ക് പാര്‍ട്ടിപതാകയുടെ മുദ്രയുള്ള മോതിരം സമ്മാനിച്ചിരുന്നതായി കരുണാനിധി അവകാശപ്പെടുന്നു. പിന്നീട് എം ജി ആറിന്റെ ജനപ്രീതി തന്റെ നിലനില്‍പ്പിന് തടസമാകും എന്ന് തിരിച്ചറിഞ്ഞ കരുണാനിധി എം ജി ആറിനെ പുകച്ച് പുറത്തുചാടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കരുണാനിധിയോട് കലഹിച്ച് എം ജി ആര്‍ എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചു. എം ജി ആര്‍ സ്വന്തം പാര്‍ട്ടിയുമായി രംഗത്തെത്തിയനാള്‍ മുതല്‍ എം ജി ആറിന്റെ മരണം വരെ കരുണാനിധിക്ക് അധികാരം തീണ്ടാപാറ അകലെയായിരുന്നു.
എം ജി ആറിനു ബദലായി തന്റെ മൂത്തമകന്‍ മുത്തുവിനെ സിനിമയിലും രാഷ്ട്രീയത്തിലും വളര്‍ത്തിയെടുക്കാന്‍ കരുണാനിധി ശ്രമിച്ചെങ്കിലും ചെക്കന്‍ പച്ചതൊട്ടില്ല. എം ജി ആര്‍ എന്ന ജനപ്രിയ ബിംബത്തിന്റെ തണലില്‍ തനിക്കെതിരെ ഗോദയിലിറങ്ങിയ ജയലളിതയെ ആദ്യകാലങ്ങളില്‍ കരുണാനിധി അവഗണിക്കുകയായിരുന്നു. എന്നാല്‍ 1989 മാര്‍ച്ച് 25 ന് ജയലളിതയെ ഡി എം കെ എം എല്‍ എമാര്‍ കയ്യേറ്റം ചെയ്തതോടെ രംഗം വഷളായി. അല്ലെങ്കിലും പെണ്ണിന്റെ കണ്ണീരോടെയാണല്ലോ മഹായുദ്ധങ്ങള്‍ തുടങ്ങുക.
ഏകാധിപതിയും സ്വേച്ഛാധിപതിയും ജയലളിതയും കരുണാനിധിയും തമ്മിലുള്ള പോരാട്ടങ്ങളുടെ കഥയാണ് പിന്നീടുള്ള ദ്രാവിഡ രാഷ്ട്രീയം. ഇരുവരും തമിഴകം മാറിമാറി ഭരിച്ചു. ഊഴമിട്ട് ‘മുതല്‍അമൈച്ചര്‍’മാരായി. ഒരാള്‍ മുഖ്യമന്ത്രിയായാല്‍ മറ്റെയാള്‍ നിയമസഭയില്‍ കാലുകുത്താറില്ല. ഹാജര്‍ ഒപ്പിടാന്‍ മാത്രം ഒരുദിവസം വന്നുപോകും. മുന്നണിയില്‍ കോണ്‍ഗ്രസ്സെന്നോ ബി.ജെ.പിയെന്നോ നോക്കാതെ കേന്ദ്രസര്‍ക്കാരുകളില്‍ പങ്കാളികളായി. 1969 ^ 1971 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി കരുണാനിധിയോട് സൌഹൃദത്തിന്റെ കരംനീട്ടിയതോടെ ദ്രാവിഡപാര്‍ട്ടികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യം കൈവന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ‘മുന്നണിവിടല്‍ ഭീഷണി’യുമായി ദില്ലിയിലെ തൂക്കുസര്‍ക്കാരുകളെ വിറപ്പിച്ചു. തരംകിട്ടുമ്പോഴെല്ലാം പിന്നില്‍നിന്ന് കുത്തി. തമിഴ് ദേശീയത എന്ന ആയുധം പുറത്തെടുത്തു. (തന്റെ അച്ഛന്റെ തമിഴ് ദേശീയത ആളെപ്പറ്റിക്കാനുള്ള കണ്‍കെട്ടണെന്ന് മകന്‍ അഴഗിരി പറഞ്ഞതായി വിക്കീലീക്സ് വെളിപ്പെടുത്തുന്നു.
ഫ്ലൈ ഓവര്‍ നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തെത്തുടര്‍ന്ന് അര്‍ദ്ധരാത്രി കരുണാനിധിയെ അറസ്റുചെയ്തത് കരുണാ ^ ജയ കുടിപ്പകക്കഥയിലെ ഏറ്റവും സസ്പെന്‍സ് നിറഞ്ഞ അദ്ധ്യായമായിരുന്നു. ‘ജയലളിത ഏകാധിപതിയായിരുന്നെങ്കില്‍ കരുണാനിധി ജനാധിപത്യം വാക്കില്‍ മാത്രം നിറച്ചുവെച്ച സ്വേച്ഛാധിപതിയാണ്. ഫലത്തില്‍ രണ്ടും കണക്കാണ്.. ” പ്രശസ്ത തമിഴ് നോവലിസ്റും രാഷ്ട്രീയനിരീക്ഷകനുമായ ചാരുനിവേദിത വിലയിരുത്തുന്നു.
കരുണാനിധി അധികാരത്തിലെത്തിയാല്‍ ചോട്ടാനേതാക്കളും സര്‍ക്കാരുദ്യോഗസ്ഥരും നാടുവാഴുന്നു, ജയലളിത അധികാരത്തില്‍ വന്നാല്‍ പോലീസ് നാടുവാഴുന്നു. അഴിമതിനടത്താനും, അത് ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ ടി വിയും, മിക്സിയുമെല്ലാം സൌജന്യമായി നല്‍കാനും ഇരുവരും പരസ്പ്പരം മത്സരിക്കുന്നു.
തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് കരുണാനിധി ഉള്‍പ്പെടെ നേതാക്കളും ദ്രാവിഡ പാര്‍ട്ടികളും മലക്കംമറിഞ്ഞതായി ചാരു വിലയിരുത്തുന്നു. ‘ഹിന്ദിക്കെതിരെ സമരം ചെയ്ത്, തമിഴല്ലാതെ മറ്റുഭാഷകള്‍ വേണ്ട എന്ന് വാദിച്ച് ദ്രാവിഡപ്പാര്‍ട്ടികള്‍ തമിഴ് ജനതയെ വല്ലാത്തൊരു ഗര്‍ത്തത്തില്‍ തള്ളിയിട്ടു. ദലിതുകള്‍, മറ്റ് പിന്നോക്കവിഭാഗക്കാര്‍ എന്നിവര്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല..” ചാരുവിന്റെ വാക്കുകള്‍ ഒരു ജനതയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു.
‘വൈ ദിസ് കൊലവെറി ഡീ …’ എന്ന ഗാനം ചിത്രീകരിച്ചതുപോലും ബിലോ ആവറേജ് രീതിയിലാണ്. ഒന്നര മണിക്കൂറുകൊണ്ട് തീരുന്ന കഥ വലിച്ചുനീട്ടി അടിച്ചുപരത്തി പറഞ്ഞിരിക്കുന്നു. ഈ ചിത്രത്തിന്‍്റെ പ്രചാരണത്തിന് വളരെ ശക്തമായി ഉപയോഗിച്ച നവ മാധ്യമത്തിന്‍്റെ കരുത്താണ് ഒടുവില്‍ ഈ ചിത്രത്തിന് വില്ലനായതും. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടം കണ്ട് പടമായവരുടെ കമന്‍്റുകള്‍ മറ്റൊരു കൊലവെറി തരംഗംപോലെ പാഞ്ഞു. കൊലവെറിക്കുമപ്പുറം തന്നില്‍ പ്രതിഭയുണ്ടെന്ന് ‘കണ്ണഴകാ …’ എന്ന ഗാനത്തിലൂടെ അനിരുദ്ധ് എന്ന സംഗീതസംവിധായകന്‍ തെളിയിച്ചു- പി.ബി അനൂപ് എഴുതുന്നു
‘ചത്ത പാമ്പിനെ തല്ലിക്കൊല്ലരുത് !’ എന്നൊരു പ്രയോഗമുണ്ട്. ചത്തത് നീര്‍ക്കോലിയായാലും മൂര്‍ഖനായാലും ശരി. എന്തായാലും കൊല്ലുന്നില്ല, പോസ്റ്റ്മോര്‍ട്ടവും ചെയ്യുന്നില്ല ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു. അത്രമാത്രം. പറഞ്ഞുവരുന്നത് നാടായ നാടൊക്കെ ‘കൊലവെറി’ തരംഗമുയര്‍ത്തിയ ധനുഷിന്‍്റെ ‘ത്രീ’ എന്ന ചിത്രത്തെക്കുറിച്ചാണ്. എന്തൊക്കെയായിരുന്നു പുകില്‍? കോളീവുഡിലെ ഒരു സൂപ്പര്‍സ്റ്റാറിന്‍്റെ മകളുടെ ചിത്രം. മറ്റൊരു സൂപ്പര്‍ സ്റ്റാറിന്‍്റെ മകള്‍ നായിക. ദേശീയ പുരസ്ക്കാരം നേടിയ നായകന്‍. ഇന്‍്റര്‍നെറ്റില്‍ വൈറല്‍ തരംഗം. ഒടുവില്‍ തിയറ്ററിലത്തെിയപ്പോള്‍ പവനായി, ഡെഡ്ബോഡിയായി….!
‘വൈ ദിസ് കൊലവെറി’ എന്ന പാട്ട് തന്നെയായിരുന്നു ചിത്രത്തിന്‍്റെ ഹൈലൈറ്റ്. കാര്യം, പാടിയത് ഒരു തട്ടിക്കൂട്ട് പാട്ടാണെങ്കിലും പണ്ടാരോ പറഞ്ഞ പോലെ ചക്ക വീണു മുയലു ചത്തു. അല്ല മുയലുകള്‍ ചത്തു എന്ന് പറയുന്നതായിരിക്കും ശരി. കാരണം അതുപോലെയല്ളേ സംഭവം ഹിറ്റായത്!
ഭാഷാ ഭേദങ്ങള്‍ പിന്നിട്ട് അറബിയിലും സ്പാനിഷിലും ജര്‍മനിലുമെല്ലാം ‘കൊലവെറി’ തരംഗം ആഞ്ഞടിച്ചു. യൂ-ട്യൂബ് ഹിറ്റില്‍ സകലകാല റെക്കോര്‍ഡുകളും തിരുത്തി. പാക്കിസ്ഥാനില്‍ പ്രസിഡന്‍്റും പ്രധാനമന്ത്രിയും പങ്കെടുത്ത ടി വി പരിപാടിക്ക് ‘വൈ ദിസ് ഡെമോക്രസി ഡീ’ എന്ന് പേര് കൊടുത്തു. ധനുഷിനെയും ബന്ധുവും ‘കൊലവെറി’യുടെ സംഗീത സംവിധായകനുമായ അനിരുദ്ധിനെയും അഹമ്മദാബാദ് ഐ ഐ എമ്മില്‍ ക്ളാസെടുക്കാന്‍ ക്ഷണിച്ചു. സൈബര്‍ സപെയ്സിലെ കച്ചോടമായിരുന്നു വിഷയം. ‘വൈറല്‍ മാര്‍ക്കറ്റിംഗ് ആന്‍്റ് സോഷ്യല്‍ മീഡിയ’ എന്നും പറയും. ചെന്നൈ പോലിസിന്‍്റെ ട്രാഫിക് സുരക്ഷാ പരിപാടികള്‍ക്ക് പരസ്യം കൊടുത്തത് ‘ വൈ ദിസ് കൊലവെറി ‘ എന്ന തലക്കെട്ടോടെയായിരുന്നു. എന്തിനേറെ ‘മ്മടെ തൃശ്ശൂരെ സാരിക്കച്ചവടക്കാര് ’ മലയാളി മങ്കമാരെ അണിയിച്ചൊരുക്കാന്‍ ‘കൊലവെറി’ പട്ടു സാരികള്‍ വരെ ഇറക്കി. കാര്യങ്ങളങ്ങിനെ അളഗാനല്ലൂര്‍ ജെല്ലിക്കെട്ട് പോലെ ആഘോഷമായി നടക്കവേ ആ സുദിനം വന്നു. ‘ത്രീ’ തീയേറ്ററുകളിലത്തെി. ഒറ്റ ഷോ തീര്‍ന്നപ്പോള്‍ തന്നെ തല്ലിക്കൊന്നാലും ആളുകള്‍ തീയേറ്ററില്‍ കയറില്ല എന്ന അവസ്ഥയായി.
ത്രീ വീണതിങ്ങനെ കൗമാരപ്രണയത്തിന്‍്റെ കൗതുകകരമായ ആവിഷ്കാരം ഒഴിവാക്കിയാല്‍ ചിത്രം തീര്‍ത്തും വിരസം. കാമുകിക്കുവേണ്ടി ഫിസിക്സ് പഠിച്ച നായക കഥാപാത്രം ധനുഷിന്‍്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നു തന്നെയായിരുന്നു. സിനിമയില്‍ പ്രണയം വിവാഹത്തില്‍ അവസാനിച്ചപ്പോള്‍ ധനുഷിന്‍്റെ ജീവിതത്തില്‍ ആ സ്കൂള്‍ കാല പ്രണയം തകര്‍ച്ചയിലാണ് അവസാനിച്ചത്. സകലാവല്ലഭന്‍്റെ മകള്‍ അഭിനയം മെച്ചപ്പെടുത്തുന്നതിന്‍്റെ ചില ലക്ഷണങ്ങള്‍ ത്രീയില്‍ കാണിക്കുന്നുണ്ട്. ചിലപ്പോഴെല്ലാം അമിതാഭിനയവും.
ധനുഷിന്‍്റെ സഹോദരന്‍ സെല്‍വ രാഘവനൊപ്പം സംവിധാനസഹായിയായി പ്രവത്തിച്ചതിന്‍െറ ‘ ഹാങ് ഓവര്‍ ‘ ഐശ്വര്യയ്ക്ക് ഉണ്ടെന്ന് വ്യക്തം. ‘കാതല്‍ കൊണ്ടേന്‍’, ‘മയക്കം എന്ന’ എന്നീ സെല്‍വ രാഘവന്‍ ചിത്രങ്ങളുടെ സ്വാധീനം ത്രീയിലുണ്ട്. ചിത്രം അണിയിച്ചൊരുക്കിയത് യഥാര്‍ത്ഥത്തില്‍ സെല്‍വ രാഘവന്‍്റെ സംവിധാനസഹായികളായിരുന്നുവെന്നും ഐശ്വര്യ ചുമ്മാ പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അടക്കം പറച്ചിലും ഉണ്ട്.
മാറുന്ന വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചും പുതുതലമുറയുടെ പുത്തന്‍ ജീവിത സമീപനങ്ങളെക്കുറിച്ചും ചിത്രം പ്രതിപാദിക്കുന്നുണ്ടെങ്കിലും ( നിശാ ക്ളബ്ബില്‍ നടക്കുന്ന വിവാഹ രംഗം ഉദാഹരണം ) താലി, മഞ്ഞച്ചരട്, ഭര്‍ത്താവിന്‍്റെ കാലില്‍ വീഴുന്ന ഭാര്യ തുടങ്ങി ക്ളീഷേകള്‍ ഒഴിവാക്കാന്‍ ‘സ്റ്റൈല്‍ മന്ന’ന്‍്റെ മകള്‍ക്കും കഴിഞ്ഞിട്ടില്ല.
പുരുഷന്‍്റെ ജീവിത പശ്ചാതലങ്ങള്‍ സ്ത്രീ സംവിധായികയാകുമ്പോള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമോ എന്ന സംശയം ചിത്രം പലപ്പോഴും ഉയര്‍ത്തുന്നുണ്ട്. ഉദാഹരണം മദ്യപാനരംഗം. ഇവിടെ തന്മയത്വം പലപ്പോഴും നഷ്ടമാകുന്നു. ഇഴഞ്ഞു നീങ്ങുന്ന തിരക്കഥ. ഒടുവില്‍ ചിത്രം തീരാറാകുമ്പോള്‍ ധനുഷിന്‍്റെ കഥാപാത്രം റാമിന് ഉള്ള ബൈപോളാര്‍ ഡിസോഡര്‍ കാണികളുടെ തലയ്ക്കും വരും. തീയേറ്റര്‍ വിടുമ്പോള്‍ ശരിക്കും വട്ടാകും.
‘വൈ ദിസ് കൊലവെറി ഡീ …’ എന്ന ഗാനം ചിത്രീകരിച്ചതുപോലും ബിലോ ആവറേജ് രീതിയിലാണ്. ഒന്നര മണിക്കൂറുകൊണ്ട് തീരുന്ന കഥ വലിച്ചുനീട്ടി അടിച്ചുപരത്തി പറഞ്ഞിരിക്കുന്നു. ഈ ചിത്രത്തിന്‍്റെ പ്രചാരണത്തിന് വളരെ ശക്തമായി ഉപയോഗിച്ച നവ മാധ്യമത്തിന്‍്റെ കരുത്താണ് ഒടുവില്‍ ഈ ചിത്രത്തിന് വില്ലനായതും. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടം കണ്ട് പടമായവരുടെ കമന്‍്റുകള്‍ മറ്റൊരു കൊലവെറി തരംഗംപോലെ പാഞ്ഞു. കൊലവെറിക്കുമപ്പുറം തന്നില്‍ പ്രതിഭയുണ്ടെന്ന് ‘കണ്ണഴകാ …’ എന്ന ഗാനത്തിലൂടെ അനിരുദ്ധ് എന്ന സംഗീതസംവിധായന്‍ തെളിയിച്ചു.
കൊലവെറിക്കുശേഷം പടം എട്ടുനിലയില്‍ പൊട്ടിയതോടെ വെടിയും പുകയും പതുക്കെ പുറത്തുവരാന്‍ തുടങ്ങി. ആദ്യം വെടിപൊട്ടിച്ചത് ധനുഷായിരുന്നു. ചിത്രത്തിന്‍്റെ എഡിറ്റിംഗ് മോശമായിരുന്നു എന്നും ചിത്രം ബോളിവുഡിലേക്ക് മൊഴിമാറി എത്തുമ്പോള്‍ ഇതെല്ലാം പരിഹരിക്കുമെന്നും ധനുഷ് പറഞ്ഞു. പിന്നെ ഒരല്‍പ്പം കടത്തി, ഐശ്വര്യയുടെ അടുത്ത ചിത്രത്തില്‍ താനായിരിക്കില്ല നായകന്‍ എന്നും പറഞ്ഞു വെച്ചു. സംഭവം സൈബര്‍ ലോകത്ത് വന്‍ തരംഗമുണ്ടാക്കി എന്ന് വാഴ്ത്തപ്പെട്ടപ്പോഴും ‘വൈ ദിസ് കൊലവെറി ഡീ …’എന്ന ഗാനത്തിലൂടെ കാര്യമായ ലാഭമൊന്നും ധനുഷിനും ഐശ്വര്യക്കും കിട്ടിയില്ല എന്നതായിരുന്നു അടുത്ത വെടി. നിസ്സാര തുകക്കാണത്രെ സോണി മ്യൂസിക്കിന് കൊലവെറിയെ കച്ചോടം ചെയ്തത്. സംഗതി ഇങ്ങിനെ കയറി ഹിറ്റാകുമെന്ന് ആരെങ്കിലും കരുതിയോ. പക്ഷെ ശരിക്കുമുള്ള വെടി ഇതൊന്നുമല്ല. മരുമകന്‍്റെയും മകളുടെയും മാനം രക്ഷിക്കാന്‍ ചിത്രത്തിന്‍്റെ വിതരണക്കാര്‍ക്കുണ്ടായ നഷ്ടം രജനികാന്ത് നല്‍കുമെന്നതായിരുന്നു. പക്ഷെ, രജനി പിന്നീട് വിശദീകരണവുമായി വന്നു. സ്വന്തം ചിത്രങ്ങളുടെ തന്നെ നഷ്ടം നികത്താന്‍ പറ്റുന്നില്ല. പിന്നെയല്ളേ മകളും മരുമകനും വരുത്തിവെച്ച നഷ്ടം!
ഏതായാലും നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ധനുഷ് പ്രിയസംവിധായകന്‍ വെട്രിമാരനൊപ്പം ഒരു പുതിയ ചിത്രത്തിനൊരുങ്ങുകയാണ്. ധനുഷിന് ദേശീയ പുരസ്ക്കാരം നേടാന്‍ സഹായിച്ച സംവിധായകനാണ് വെട്രി. ചിമ്പുവിനോടൊത്തുള്ള ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് വെട്രി ധനുഷിന് വേണ്ടി ഇപ്പോള്‍ ചിത്രമൊരുക്കുന്നത്. ധനുഷും ചിമ്പുവും നേരത്തേതന്നെ വൈരികളാണ്. ധനുഷിന്‍്റെ ‘ കൊലവെറിയെ ‘ പാടിതോല്‍പ്പിക്കാന്‍ ചിമ്പു ‘ ലവ് ആന്‍തം’ എന്ന ആല്‍ബം ഒരുക്കിയിരുന്നു. സംഭവം ചിമ്പുവിന്‍്റെ സിനിമപോലെതന്നെ എട്ടു നിലയില്‍ പൊട്ടി എന്നത് വാസ്തവം. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആരും അറിയാതെ പറഞ്ഞുപോകും… ‘ എന്തിനായിരുന്നു ഈ കൊലവെറി ? ‘
എക്കാലത്തു അഭിമാനിക്കാവുന്ന ഒരുപാട് നല്ലചിത്രങ്ങള്‍ കോളീവുഡില്‍ ഓരോവര്‍ഷവും ഇറങ്ങുന്നുണ്ട്. വര്‍ത്തമാനകാല തമിഴ് ജീവിതവും ചരിത്ര ബോധവുമായും തമിഴ് പുതുതലമുറ ചിത്രങ്ങള്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്നതാണ് ഇവയെ നവമലയാള ചിത്രങ്ങിളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ സിനിമയുടെ പേരില്‍ മലയാളി ‘പടിഞ്ഞാറു’നോക്കിയായപ്പോള്‍ തമിഴന്‍ അവനവന്റെ ഉള്ളിലേക്ക് തന്നെയാണ് നോക്കിയത്. കൃത്യമായി പറഞ്ഞാല്‍ തമിഴന്‍ കൂടുതല്‍ തമിഴനായി എന്ന് അര്‍ത്ഥം-പുതു തലമുറ തമിഴ് സിനിമകള്‍ക്കും മലയാളത്തിലെ പുതു സിനിമകള്‍ക്കുമിടയിലെ ദൂരങ്ങളെക്കുറിച്ച് പി.ബി അനൂപ്
1969 എം ജി ആറിന്റെ ‘അടിമൈപ്പെണ്‍’ റിലീസായ നാളുകള്‍. ചെന്നൈയിലെ തീയേറ്ററില്‍ തിങ്ങിനിറഞ്ഞ കാണികള്‍. ‘മക്കള്‍തിലക’വും ആജന്മവൈരി എം എന്‍ നമ്പ്യാരും തമ്മിലുള്ള വാള്‍ പയറ്റുരംഗം.ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് എല്ലാവരും. തീപാറുന്ന പോരാട്ടത്തിനിടെ എം ജി ആറിന്റെ വാള്‍ തെറിച്ചുപോയി കാണികളില്‍ നിന്ന് ഒരാള്‍ തന്റെ അരയിലിരുന്ന പേനാകത്തിയെടുത്ത് സ്ക്രീനിനുനേരെ എറിഞ്ഞുകൊണ്ട് ആക്രോശിച്ചു ” എന്‍ ഉയിരിനും ഉയിരാന വാദ്ധ്യാരെ സാവടിച്ചിട് അന്ത പൊറുക്കി പയലേ… ” ( എന്റെ ജീവന്റെ ജീവനായ വാദ്ധ്യാരെ, ആ തെമ്മാടിയെ കുത്തി കൊല്ലൂ… )
2010 ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവ നാളുകള്‍. തിരയെത്തൊട്ട് തീരം നിറയെ സിനിമാക്കാഴ്ചകള്‍. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കുമായി ഏര്‍പ്പെടുത്തിയ സ്വീകരണച്ചടങ്ങ്. പന്‍ജിം നഗരത്തെത്തൊട്ടൊഴുകുന്ന മാണ്ഡവി നദിയുടെ ഓളപ്പരപ്പിലൂടെ ഒഴുകുന്ന ഉല്ലാസനൌക. ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്ക് പിടിതരാതെ നിശബ്ദനായി ഒരാള്‍. വസന്തബാലന്‍. തമിഴ്തിരൈ ഉലകം ആഘോഷിക്കുന്ന നവതരംഗത്തിനൊപ്പം ക്യാമറവെച്ചയാള്‍. സംസാരിച്ചപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ വളരെക്കുറച്ച് മറുപടി മാത്രം. തമിഴകത്തെ ഹിറ്റ്മേക്കര്‍ ഷങ്കറിന്റെ പ്രിയ ശിഷ്യനായിരുന്നെങ്കിലും വസന്തബാലന്‍ വഴിമാറിയായിരുന്നു നടന്നത്. അങ്ങനെ കാമ്പും കരുത്തുമുള്ള ചെറുചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടി. ‘അങ്ങാടിത്തെരു’ മികച്ച അഭിപ്രായവും പ്രേക്ഷകപ്രീതിയും നേടി ആ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ സ്ഥാനം നേടി.
തന്റെ സിനിമാ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും വസന്തബാലന്‍ പങ്കുവെച്ചു. സത്യന്‍ അന്തിക്കാടിന്റെ ആദ്യകാല സിനിമകള്‍ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കുന്ന വസന്തബാലന് പക്ഷെ പുതിയ മലയാള സിനിമകളോട് അത്ര പഥ്യം പോരാ. മികച്ച പ്രതികരണം നേടിയ പുതിയ ചില മലയാള സിനിമകളെക്കുറിച്ച് ഞാന്‍ വാചാലനായെങ്കിലും വസന്തബാലന്‍ സമ്മതിച്ചുതന്നില്ല. ചില സിനിമകള്‍ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് തലകുലുക്കുക മാത്രം ചെയ്തു. ‘ഞങ്ങള്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും കാട്ടിത്തന്ന വഴിയിലൂടെയാണ് ഇന്ന് നിങ്ങള്‍ സഞ്ചരിക്കുന്നതെന്ന്’ മലയാള സിനിമയുടെ ഗതകാല പ്രൌെഢി ഓര്‍ത്ത് എല്ലാ മലയാളികളെയുംപോലെ ഞാന്‍ പറഞ്ഞപ്പോള്‍ വസന്തബാലന്‍ വിയോജിച്ചു. ‘ശരിയാണ് നല്ല മാതൃകകള്‍ മലയാള സിനിമാലോകത്തുണ്ടായിരുന്നു. അവ ഞങ്ങളുടെ സിനിമാമോഹങ്ങള്‍ക്ക് നിറം പകര്‍ന്നു എന്നതും നേര്. പക്ഷെ, ഞങ്ങളെ വഴി നടത്തിച്ചത് വീര ചരിതങ്ങള്‍ക്കിടയിലും തമിഴ് മണ്ണിന്റെ മണമുള്ള സിനിമകള്‍ ചെയ്ത ചില ഒറ്റയാന്മാരാണ്… പിന്നെ, തീര്‍ത്തും മലയാളിയുടേതെന്നും മലയാളി ജീവിതത്തിന്റെ ഭാഗമെന്നും പറയാവുന്ന എത്ര നവതരംഗ സിനിമകള്‍ ഇന്ന് മലയാളിത്തിലുണ്ടാകുന്നുണ്ട്?.” ധീരമായ ചുവടുവെപ്പുകളെന്നു പറഞ്ഞ് നമ്മള്‍ വിജയമാഘോഷിച്ച പല ചിത്രങ്ങള്‍ക്കും ഹോളിവുഡിലും ലാറ്റിനമേരിക്കയിലുമുള്ള പിതൃത്വം മനസ്സിലോര്‍ത്ത് മറുപടി മൌനത്തിലൊതുക്കി.
ശരിയാണ്,ചെന്നൈയിലെ നോര്‍ത്ത് ഉസ്മാന്‍ റോഡില്‍ പോതീസ് മുതല്‍ സരവണസ്റ്റോഴ്സ് വരെ നീണ്ട് കിടക്കുന്ന ടെക്സ്റയില്‍ ഷോപ്പുകളിലെ പുതുപുത്തന്‍ വസ്ത്രങ്ങളുടെ പകിട്ടും പെരുമയും മാത്രമേ എല്ലാവരും അറിഞ്ഞിരുന്നുള്ളൂ. നാലുകാശ് കയ്യില്‍ വരുമ്പോള്‍ മനസ്സിലുള്ള മുതലാളിത്ത ഭാവം ആദ്യം പുറത്തെടുക്കുക ടെക്സ്റയില്‍ ഷോപ്പുകളിലാണല്ലോ. വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍ക്ക് മുന്‍പില്‍ നിസ്സഹായരായി പുഞ്ചിരിച്ചു നില്‍ക്കുന്ന ടെക്സ്റയില്‍ ഷോപ്പുകളിലെ ജീവനക്കാരുടെ ജീവിതവ്യഥകള്‍ അങ്ങാടിത്തെരുവിലൂടെ വസന്തബാലന്‍ പറഞ്ഞു. പടം കണ്ടിറങ്ങിയ ശേഷം ഓരോ തവണ തുണിക്കടയില്‍ പോയി ഓരോ വസ്ത്രങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടുമ്പോഴും കൈ അറിയാതെ വിറയ്ക്കും. നമുക്ക് മുന്‍പില്‍ വിനയാന്വിതരായി നില്‍ക്കുന്ന ജീവിതങ്ങളെ ഓര്‍ത്ത് മനസ്സുപിടയ്ക്കും. ‘വര്‍ണ്ണ വസ്ത്രങ്ങളുടെ ആ തെരുവില്‍ ഒരുപാട് നിറംമങ്ങിയ ജീവിതങ്ങളുണ്ട് അവയിലേക്ക് ക്യാമറവയ്ക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. ‘^ വസന്തബാലന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞു നിര്‍ത്തി. ഞാന്‍ ഓര്‍ത്തു, നമുക്കുമുണ്ടല്ലോ ദിനവും മാനംമുട്ടെ വളരുന്ന ‘ജൌെളിക്കടകള്‍’ നിറഞ്ഞ എം ജി റോഡും പാലസ് റോഡുമെല്ലാം. ആരും അവിടത്തെ ജീവിതം പറഞ്ഞില്ലല്ലോ!
ഒന്നര വര്‍ഷത്തിന്റെ ഇടവേളക്കു ശേഷം ഞാന്‍ വസന്തബാലനെ വീണ്ടും കണ്ടു. മധുരാനഗരത്തിന്റെ ചരിത്രം പറയുന്ന സു വെങ്കിടെശന്റെ ‘കാവല്‍ കോട്ടം’ എന്ന നോവല്‍ ‘അറവാന്‍’ എന്നപേരില്‍ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് വസന്തബാലന്‍. വസന്തബാലന്റെ ആ തീരുമാനത്തെ ശരിവെയ്ക്കും വിധത്തില്‍ പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ‘കാവല്‍ കോട്ടത്തെ’ തേടിയെത്തി.” ഇതൊരു ചരിത്രത്തെ, ഇന്നലെകളെ പിന്തുടരലാണ്. ഒരു മടക്കയാത്ര ” പുതിയ സിനിമയെക്കുറിച്ച് വസന്തബാലന്‍ പറഞ്ഞു. ഇത്രയും ഓര്‍മ്മകള്‍. അതവിടെ നില്‍ക്കട്ടെ കാര്യത്തിലേക്ക് കടക്കാം.
തമിഴകത്തിന്റെ മാറ്റം വസന്തബാലനെ സ്വാധീനിച്ച സത്യന്‍ അന്തിക്കാട് ഇന്ന് ഭൂതകാലത്തിന്റെ ഗ്രാമീണ ഹാങ്ങ് ഓവറുകളില്‍ ഊര്‍ധ്വന്‍ വലിച്ച് പിടിച്ചു നില്‍ക്കുകയാണ്. തമിഴിലെ മുന്‍നിര നടന്മാരെല്ലാം എന്നും ആരാധനയോടെ പറയുന്ന നമ്മുടെ സൂപ്പര്‍ നടന്മാര്‍ പ്രായ ബോധമില്ലാതെ കാസിനോവ കളിച്ച് നടക്കുന്നു. മറുനാട്ടില്‍ എല്ലാം ഗംഭീരം, നമ്മുടെ നാട്ടിലെ ചിത്രങ്ങള്‍ മോശം എന്ന മുന്‍ധാരണയൊന്നും എനിക്കില്ല.
തമിഴ്നാട്ടില്‍ ഇറങ്ങുന്ന എല്ലാചിത്രങ്ങളും ബോക്സ് ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ക്കുകയാണെന്ന ധാരണ തെറ്റാണ്. പക്ഷെ എക്കാലത്തു അഭിമാനിക്കാവുന്ന ഒരുപാട് നല്ലചിത്രങ്ങള്‍ കോളീവുഡില്‍ ഓരോവര്‍ഷവും ഇറങ്ങുന്നുണ്ട്. വര്‍ത്തമാനകാല തമിഴ് ജീവിതവും ചരിത്ര ബോധവുമായും തമിഴ് പുതുതലമുറ ചിത്രങ്ങള്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്നതാണ് ഇവയെ നവമലയാള ചിത്രങ്ങിളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ സിനിമയുടെ പേരില്‍ മലയാളി ‘പടിഞ്ഞാറു’നോക്കിയായപ്പോള്‍ തമിഴന്‍ അവനവന്റെ ഉള്ളിലേക്ക് തന്നെയാണ് നോക്കിയത്. കൃത്യമായി പറഞ്ഞാല്‍ തമിഴന്‍ കൂടുതല്‍ തമിഴനായി എന്ന് അര്‍ത്ഥം.
വേരുകളിലേക്കുള്ള മടക്കം മണിരത്നത്തില്‍ നിന്ന് ഭാരതിരാജയിലേക്കുള്ള ദൂരമാണ് പുതിയകാല തമിഴ് സിനിമയുടെ സ്ക്രീന്‍ സ്പെയ്സ്. അത് ഒരേസമയം ആഗോളവും അതിലേറെ തദ്ദേശീയവുമാണ്. തമിഴന്റെ ജീവിത പരിസരങ്ങള്‍ സൂക്ഷമായി അടയാളപ്പെടുത്തുമ്പോഴും ലോകത്തെവിടെയുമുള്ള മനുഷ്യജീവിതവുമായും ‘ന്യൂ ജനറേഷന്‍’ തിമിഴ് സിനിമകളെ ചേര്‍ത്തുവായിക്കാന്‍ കഴിയും. രാജപ്പാര്‍ട്ട് സിനിമകളുടെയും നായക വീരേതിഹാസങ്ങളുടെയും അതിഭാവുകത്വ ഭാരങ്ങളില്‍ നിന്ന് തമിഴ് സിനിമയെ പൂര്‍ണ്ണമായും മോചിപ്പിച്ചത് കെ ബാലചന്ദറും ജെ മഹേന്ദ്രനുമാണ്. ‘ മഹേന്ദ്രന്‍ തന്റെ ‘ഉതിരിപ്പൂക്കള്‍’ എന്ന സിനിമയില്‍ ചെയ്ത വിസ്മയങ്ങളുടെ ഏഴയലത്തെങ്കിലും എത്താന്‍ കഴിഞ്ഞാല്‍ ഒരു സംവിധായകനെന്ന നിലയില്‍ താന്‍ സന്തുഷ്ട്ടനാണെന്ന്’ ഒരിക്കല്‍ മണിരത്നം പറയുകയുണ്ടായി.
ബാലചന്ദറും മഹേന്ദ്രനും തുറന്നിട്ട പാതയിലൂടെ തമിഴ് സിനിമയുടെ യഥാര്‍ത്ഥ ആത്മാവ് കണ്ടെടുക്കുകയായിരുന്നു ഭാരതീരാജയും ബാലു മഹേന്ദ്രയും. ഇരുവരിലും തമിഴ് തന്മയത്വ ബോധം ശക്തമായിരുന്നു. ബാലു മഹീന്ദ്രയില്‍ അത് പുറമേക്ക് അത്ര പ്രകടമായിരുന്നില്ലെങ്കില്‍, തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന് ‘തെന്‍മേര്‍ക്ക് പരുവകാറ്റെന്ന്’ കാവ്യാത്മകമായി ‘കറുത്തമ്മയിലൂടെ’ രേഖപ്പെടുത്തിയ ഭാരതീരാജയില്‍ തമിഴ് സ്വത്വബോധം ഒരുതരം തീവ്രദേശീയതയുടെ തലത്തില്‍ നിറഞ്ഞു നിന്നു. തേനിയില്‍ നിന്നെത്തിയ രണ്ടു രാജമാര്‍ ( ഭാരതീരാജയും ഇളയരാജയും ) തമിഴ് സിനിമയ്ക്ക് പുതിയൊരു ദൃശ്യ താള ബോധം നല്‍കി. സത്യത്തില്‍ കോടമ്പാത്തിന്റെ അതിരുകളില്‍ നിന്ന് തെക്കന്‍ തമിഴ് ഗ്രാമങ്ങളിലേക്ക് ഇവര്‍ സിനിമയെ പറിച്ചുനട്ടു. ദ്രാവിഡ ബോധത്തിന്റെ കണ്ടെടുപ്പ്. തമിഴ് സിനിമയെ ആഗോളതലത്തില്‍ പ്രതിനിധാനം ചെയ്യുകയായിരുന്നു മണിരത്നം. കൂട്ടിന് കമലഹാസ്സനും. മുംബൈ ചേരിയിലെ തമിഴ് സ്വതബോധത്ത്തിന്റെ വീണ്ടെടുപ്പായിരുന്നു ‘ നായകന്‍ ‘. ഉത്തരേന്ത്യക്കാരനോടുള്ള ഒരുതരം കൊമ്പുകോര്‍ക്കല്‍. ‘റോജ’യിലെ നായകന്‍ മറ്റിടങ്ങളില്‍ ‘ഭാരതത്തെക്കുറിച്ച്’ പാടിയപ്പോള്‍ തമിഴ്നാട്ടില്‍ മാത്രം ‘തമിഴാ… തമിഴാ..’ എന്നാണ് പാടിയത്.
മണിരത്നം പിന്നീട് ഈ തമിഴ് ‘പിടിവാശികള്‍’ ഉപേക്ഷിക്കുകയും ”ആഗോള പൌര’നാകാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തതോടെ മണിരത്നത്തിന്റെ അടിത്തറ ഇളകി. ഇത് അദ്ദേഹത്തിന്റെ സമീപകാല സിനിമകളുടെ ജയപരാജയ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് തമിഴ് കടലോര ഗ്രാമങ്ങളുടെ കഥ പറയുന്ന പുതിയ സിനിമയുമായി മണിരത്നം എത്തുന്നത്. തമിഴ് സിനിമയിലെ പുതുനിര സംവിധായകരില്‍ ഭൂരിഭാഗം പേരും ബാലു മഹേന്ദ്രയേയോ ഭാരതീരാജയെയോ ഗുരുസ്ഥാനത്ത് നിര്‍ത്തുന്നവരാണ്. നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും തമിഴിലെ പുതുതലമുറ സംവിധായകരില്‍ മുന്‍ തലമുറയുടെ തമിഴ് ദേശീയ ബോധം ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നു. ഈ തമിഴ് ദേശീയവാദം എല്ലാപുത്തന്‍ ചിത്രങ്ങളിലും വ്യക്തമാണ്.
കീഴാള നായക സ്വരൂപങ്ങള്‍ വെണ്ണതോല്‍ക്കുന്ന ഉടലുമായി എം ജി ആര്‍ ‘റിക്ഷാക്കാരനായി’ ആടിപ്പാടിയ ഇടത്ത് ഇന്ന് സിനിമയുടെ സൌന്ദര്യ ശാസ്ത്ര സങ്കല്‍പ്പങ്ങളെ കീഴ്മേല്‍ മറിക്കും വിധത്തില്‍ ‘കീഴാള’ നായക രൂപങ്ങള്‍ ഉണ്ടാകുന്നു. ‘ വസന്തമാളികയില്‍’ നായകനായ ശിവാജി ഗണേശന്‍ മരിക്കുന്നതിനാല്‍ തീയേറ്ററുകള്‍ തകര്‍ത്ത നാട്ടില്‍ നായകനെ നായിക മരണത്തിന് ഒറ്റികൊടുക്കുന്ന ചിത്രങ്ങള്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്നു.
ബോധപൂര്‍വ്വമായ ശാഠ്യങ്ങളിലൂടെയും നിര്‍ബന്ധ ബുദ്ധികളിലൂടെയും നിലനിന്നു പോരുന്നതാണ് തമിഴ് സംസ്കൃതി. തമാശനടന്‍ വിവേക് വാണിജ്യ സിനിമകളില്‍ പറയുന്ന തമാശകളില്‍ പോലും ഭാരതീയാരും തിരുവള്ളുവരും നിറഞ്ഞു നില്‍ക്കുന്നുണ്ട്. പാട്ടെഴുത്തുകാരി താമര ദ്രാവിഡ മിത്തുകളും പഴയ തമിഴ് പ്രയോഗങ്ങളും ബോധപൂര്‍വ്വം തന്റെ ഓരോ പാട്ടുകളിലും ഉള്‍പ്പെടുത്തുന്നു. അടുത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ ‘ മയക്കം എന്നയി’ല്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് വിദേശികള്‍ക്കു മുമ്പില്‍ നായകന്‍ തന്റെ മനസ്സ് തുറക്കുന്നത് തമിഴിലാണ്. ഇത്തരം സാംസ്ക്കാരിക നിലപാടുകളെ അതിഭാവുകത്വങ്ങളില്ലാതെ മുഴച്ചു നില്‍ക്കാതെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് തമിഴ് പുതുനിര സംവിധായകരുടെ മികവ്. ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാം. പക്ഷെ പേരിലുമുണ്ട് പലതും. ഭരതനും പദ്മരാജനും ചിത്രങ്ങളുടെ പേരിലെ മലയാളിത്വം കൊണ്ട് നമ്മെ വിസ്മയിപ്പിച്ചവരാണ്. എന്നാല്‍ ഇന്ന് ഭാഷയുടെ ‘കോക്ടെയിലു’കളാണ് കാഴ്ച്ചക്കാരന് മുമ്പിലെത്തുന്നത്. ഹോളീവുഡ് സിനിമയുടെ സ്വഭാവമുണ്ടായിരുന്നിട്ടും ഒരു ‘ഗെയിം ഷോ’ രീതിയില്‍ എടുത്ത ചിത്രത്തിന് തമിഴ് ഭാഷയില്‍ പരമ്പരാഗത ചീട്ടുകളിയ്ക്ക് പറയുന്ന’ മങ്കാത്ത ‘ എന്ന പേരിട്ടതും ഉദാഹരങ്ങളാണ്.
സാങ്കേതികത്തികവു മാത്രമല്ല പുതുമ സാങ്കേതികത്തികവിലും ദൃശ്യാഖ്യാന ശൈലിയിലെ മാറ്റങ്ങളിലും മാത്രമായി നമ്മുടെ സിനിമാ യൌവനം ഒതുങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം. മലയാളി ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കൃത്യമായി ഒരു സിനിമയും രേഖപ്പെടുത്തുന്നില്ല. കൊച്ചിയെ ആഗോള ഭീകരതയുടെയും അധോലോക മാഫിയയുടെയും തലസ്ഥാനമാക്കി. മട്ടാഞ്ചേരിയെ സിസിലിയാക്കി. ഇതൊക്കെയാണ് നമ്മുടെ നവതരംഗം. കുറെ സ്ലോമോഷന്‍ ഷോട്ടുകളും എഡിറ്റിംഗ് മികവും അവകാശപ്പെടാവുന്ന ഇത്തരം ചിത്രങ്ങള്‍ എന്ത് മലയാളിത്വമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എന്ന് മഷിയിട്ടു നോക്കണം. സാങ്കേതിക മികവിനൊപ്പം പറയാനൊരു മികച്ച കഥയും, വ്യതസ്ത ശൈലിയും ഓരോ തമിഴ് നവതരംഗ ചിത്രത്തിനുമുണ്ട്. ‘കാതല്‍’, ‘വെയില്‍’, ‘പരുത്തിവീരന്‍’, ‘മൈന’, ‘കളവാണി’, ‘എങ്കെയും എപ്പോതും’, ‘ആയിരത്തില്‍ ഒരുവന്‍’, ‘ആടുകളം’, ‘നാന്‍ മഹാന്‍ അല്ലൈ’, ‘ യുദ്ധം സെയ്’ എന്നിങ്ങനെ ഒരുപാട് സിനിമകള്‍ നല്ല സിനിമകള്‍ക്ക് പര്യായമാകുന്നതും.
മിഷ്ക്കിന്‍ മുതല്‍ ലിങ്കുസ്വാമിവരെയുള്ള തമിഴിലെ പുതുനിര സംവിധായകര്‍ ഏറെ ആരാധനയോടെ കാണുന്ന മലയാളി സംവിധായകന്‍ ഭരതനാണ്. ഭരതന്റെ ഓരോ ഫ്രെയ്മുകളിലൂടെയും കേരളത്തിന്റെ തനിമയറിയാന്‍ കഴിയുന്നുണ്ടെന്നാണ് ഇവര്‍ പറയാറ്. ചൂണ്ടിക്കാണിക്കാന്‍ മറ്റൊരു പാതി ഭരതനെങ്കിലും പുതു തലമുറയില്‍ നമുക്കില്ലാതെ പോയി. കഥാപരമായും പ്രമേയപരമായും വേറിട്ടുനില്‍ക്കുന്ന നമ്മുടെ പല പടങ്ങളും വിദേശ സിനിമകളില്‍ നിന്ന് കടം കൊള്ളുന്നു. ‘ആദമിന്റെ മകന്‍ അബു’വിനെപ്പോലുള്ള ചില നല്ല അപവാദങ്ങള്‍ ഇല്ലെന്നല്ല. എങ്കിലും പുതിയ സിനിമകള്‍ എവിടെയോ നടക്കുന്ന ഒരു സിനിമ എന്ന തോന്നല്‍ എപ്പോഴും കാഴ്ചക്കാരന് നല്‍കുന്നുണ്ട്.
ഉള്ളിലേക്കുള്ള നടത്തങ്ങള്‍ ജഗതിയുടെ ഒരു കഥാപാത്രം പറയുംപോലെ ഡോക്റ്റര്‍ ഷിവാഗോ ഡോക്റ്റര്‍ ശിവപ്രസാദാകുന്ന പോലെ. അവിടെയാണ് രാമനാഥപുരത്തിന്റെ രക്തപങ്കിലമായ കഥപറഞ്ഞ ‘സുബ്രഹ്മണ്യപുരവും’ ഊട്ടിയുടെ പശ്ചാത്തലത്തില്‍ സ്നേഹം പങ്കുവെച്ച ‘ദൈവത്തിരുമകളും’ ഉള്‍പ്പെടെ ചിത്രങ്ങള്‍ മാതൃകകളാകുന്നത്. ആറു മലയാളിക്ക് നൂറു മലയാളമുള്ള നാടാണ് നമ്മുടേത്. എന്നിട്ടും മലയാളിയുടെ പ്രാദേശിക ഭേദങ്ങളെ കൃത്യമായി ക്യാമറയിലൊപ്പാന്‍ മലയാള സിനിമയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സംഭാഷണങ്ങളിലെ പ്രാദേശിക വൈരുദ്ധ്യങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു ‘ രാജമാണിക്യവും ( തിരുവനന്തപുരം ശൈലി ) ‘ അവന്‍ ഇവനും ( തേനി ശൈലി ) രണ്ടും ചിത്രങ്ങളും തമ്മില്‍ അജഗജാന്തര വ്യത്യാസങ്ങളുണ്ട്. വാണിജ്യ സിനിമകളുടെ നെടുംതൂണുകളായ പല സംവിധായകരും പ്രായശ്ചിത്തമെന്നോണം നല്ല ചെറു ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാകുന്നു എന്ന വാണിജ്യപരമായ കാവ്യ നീതിയും തമിഴകത്തുണ്ട്. ശങ്കര്‍, മുരുഗദോസ് എന്നിവര്‍ നിരന്തരം നിര്‍മ്മാതാക്കളുടെ കുപ്പായമണിയുന്നത് ഉദാഹരണം. ഭാഗ്യത്തിന് നമുക്കൊരു രഞ്ജിത്തുണ്ട് എന്ന് പറയാം.
ഹൃദയം കൊണ്ട് കഥപറയാതെ അന്യന്റെ കടം വാങ്ങിയ തലച്ചോര്‍ കൊണ്ട് ചിന്തിച്ച് സിനിമകള്‍ പടച്ചുവിടുന്നതിന്റെ ഉദാഹരമായിരുന്നു സെക്കന്റ് ഷോ എന്ന ഒടുവിലിറങ്ങിയ ചിത്രം പോലും. സുബ്രഹ്മണ്യപുരത്തിന്റെ ഹാങ്ങ് ഓവര്‍ പലപ്പോഴായി ‘സെക്കന്റ് ഷോ’യില്‍ കാണാം. താന്‍പോരിമയും തല്ലുകൊള്ളിത്തരവും വീറും വാശിയും നിറഞ്ഞു നില്‍ക്കുന്ന മധുര രാമനാഥപുരം ഭാഗങ്ങളില്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ് വയലന്‍സും. എന്നാല്‍ സാധാരണ ഒരു മലയാളി സമൂഹത്തില്‍ അതിന് എന്ത് പ്രസക്തി? അതെ, കഥയില്‍ ചോദ്യമില്ല.
കലൈഞ്ജര്‍ കരുണാനിധിയ്ക്ക് ദയാലുഅമ്മാളിലുണ്ടായ മകള്‍. അഴഗിരിയുടെയും സ്റാലിന്റെയും നേര്‍ പെങ്ങള്‍. മുരശൊലി മാരന്റെ അനുജന്റെ ഭാര്യ. കലാനിധി മാരന്റെയും ദയാനിധി മാരന്റെയും ചിറ്റമ്മ. മാരന്‍ കുടുംബത്തിന്റെ കേന്ദ്ര ബിന്ദു. മാരന്മാരെയും കരുണാനിധി കുടുംബത്തെയും കൂട്ടിയിണക്കുന്ന കണ്ണി. കരുണാനിധിയുടെ മനസാക്ഷി. കരുണാനിധി കുടുംബത്തിന്റെ ബിസ്സിനസ്സ് കാര്യങ്ങളും ഡി.എം.കെയുടെ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് സെല്‍വിയാണ്. പാര്‍ട്ടിയിലും കുടുംബത്തിലും ഏറെ ശക്തയാണെങ്കിലും പുറം ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സെല്‍വി മാറിനില്‍ക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് എന്നും അകലം പാലിക്കുന്നു. അധികാരത്തിന്റെ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നു. നിശബ്ദയായ കിംഗ്മേക്കറെപ്പോലെ. -പി.ബി അനൂപിന്റെ വിശകലനം
സെല്‍വി കരുണാനിധിക്കൊപ്പം
ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യന്‍ സി.എന്‍ അണ്ണാ ദുരൈയ്ക്ക് രാഷ്ട്രീയത്തില്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ ഇല്ലായിരുന്നു. കഴകമായിരുന്നു (പാര്‍ട്ടി) കുടുംബം. തമിഴകത്തിനു വേണ്ടി മക്കള്‍ വേണ്ടെന്നുവെച്ചു. ദത്തെടുത്തു വളര്‍ത്തിയ മകന്‍ രാഷ്ട്രീയത്തില്‍ വരുന്നതിനോട് എക്കാലത്തും അണ്ണാ ദുരൈ എതിരായിരുന്നു. ഏറെ പ്രായോഗികവാദിയായ രാഷ്ട്രീയ നേതാവായിരുന്നിട്ടും കൈയെത്തും ദൂരെയുള്ള അധികാരത്തോട് പുലര്‍ത്തിവന്ന നിര്‍മ്മമത അദ്ദേഹത്തെ തമിഴ് ജനതയുടെ പ്രിയപ്പെട്ട ‘അണ്ണാ’യാക്കി. എന്നാല്‍ അണ്ണായുടെ ‘പ്രിയ തമ്പി’ മുത്തുവേല്‍ കരുണാനിധി മറിച്ചായിരുന്നു. കലൈഞ്ജര്‍ക്ക് കുടുംബമാണ് കഴകം. മക്കളാണ് എല്ലാം. എല്ലാ രാഷ്ട്രീയനീക്കങ്ങളും മക്കള്‍ക്കുവേണ്ടിയായിരുന്നു . 2 ജി സ്പെക്ട്രം അഴിമതിയിലെ കോടികളില്‍ എത്ര പൂജ്യങ്ങളുണ്ടോ അത്രയുമുണ്ട് കരുണാനിധിയുടെ മക്കള്‍ മാഹാത്മ്യവും. മൂന്ന് ഭാര്യമാരിലായുള്ള ആറു മക്കളിലും കൊച്ചുമക്കളിലുമായി ‘കെ കമ്പനി’യുടെ അധികാരവംശാവലി അങ്ങിനെ കാണ്ഡം കാണ്ഡമായി കിടക്കുന്നു.
ആകെ നാറിക്കഴിഞ്ഞു. ഇപ്പോള്‍ അധികാരത്തില്‍നിന്ന് പുറത്താണ്. എങ്കിലും തമിഴകത്തിന്റെ വരും കാലം കറങ്ങിത്തിരിഞ്ഞ് വീണ്ടും കലൈഞ്ജര്‍ കുടുംബത്തിന്റെ വീട്ടുമുറ്റത്ത് വന്ന് ഓച്ഛാനിച്ചു നില്‍ക്കുമെന്ന് തന്നെയാണ് തമിഴക വിശ്വാസം. അതിന്റെ ബലത്തില്‍ കലൈഞ്ജര്‍ കുടുംബവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ക്ക് തീപ്പിടിക്കുകയാണവിടെ. ആരാണിനി കരുണാനിധിയുടെ പിന്‍ഗാമി? എല്ലാ ചര്‍ച്ചകളും എത്തിനില്‍ക്കുന്നത് ആ ഒരു ഫോക്കസിലാണ്. അവിടെ, നിരനിരയായി നില്‍ക്കുന്ന വലിയൊരു കൂട്ടമുണ്ട്. കലൈഞ്ജറുടെ മക്കള്‍. എന്നാല്‍, അമ്പുകൊള്ളാത്തവരില്ലേയില്ല, ആ കൂട്ടത്തില്‍. രാജസൂയത്തിന് കെട്ടഴിഞ്ഞുവിട്ട കുതിരകളെല്ലാം സര്‍വ പരീക്ഷണങ്ങളിലും പരാജയപ്പെട്ട് അഴിമതിയുടെ മൂര്‍ത്തരൂപങ്ങളായി തിരിച്ചെത്തിയിരിക്കുന്നു. അവരിലാരും ഇനി നിലം തൊടില്ലെന്ന പറച്ചിലുകള്‍ക്കിടയില്‍ ദേശത്തിന്റെ കണ്ണുകള്‍ ചെന്നു നില്‍ക്കുന്നത് സെല്‍വിയിലാണ്. കലൈഞ്ജര്‍ കുടുംബത്തിലെ നിശãബ്ദ അധികാര കേന്ദ്രം. മാരന്‍ കുടുംബത്തെയും കരുണാനിധി കുടുംബത്തെയും ബന്ധിപ്പിക്കുന്ന കണ്ണി. ഇനി സെല്‍വിയുടെ കാലമാണെന്ന് പാണന്‍മാര്‍ പാടുന്നു. ഇത് മുന്‍കൂട്ടി കണ്ടെന്നോണം, എതിരാളികള്‍ സെല്‍വിക്കെതിരെയും പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു, അഴിമതിയുടെ പലമുനകളുള്ള അസ്ത്രങ്ങള്‍.
കരുണാനിധി കുടുംബം
മക്കള്‍ വാഴ്ചയുടെ വഴികള്‍ കന്നി സന്താനം മുത്തുവിനെ ഡി.എം.കെയുടെ നേതൃനിരയിലേക്ക് കൊണ്ടുവന്നാണ് കരുണാനിധി മക്കള്‍ വാഴ്ചയുടെ ചരിത്രത്തിന് തിരക്കഥ എഴുതാന്‍ തുടങ്ങിയത് . ആജന്മശത്രു എം ജി ആറിന് ബദലായി മുത്തുവിനെ കരുണാനിധി അരങ്ങിലും അരസാങ്കത്തിലും വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. നെടുങ്കന്‍ ഡയലോഗുകളിലുള്ള തിരക്കഥകള്‍ എഴുതി മകനുവേണ്ടി സിനിമകള്‍ നിര്‍മ്മിച്ചു. ‘ വാധ്യാരെ’ ( എം.ജി. ആറിനെ സാധാരണക്കാര്‍ വിളിച്ചിരുന്നത് വാധ്യാരെന്നാണ്.) വെല്ലുവിളിച്ചു. പക്ഷെ പയ്യന്‍സ് സിനിമയിലും രാഷ്ട്രീയത്തിലും പച്ചതൊട്ടില്ല. കുറേ ‘വാള്‍ പോസ്ററും’ ‘ഫിലിം റോളുകളും’ വെയ്സ്റായത് മിച്ചം.
പിന്നീട് സ്വയം തെരഞ്ഞെടുത്ത വഴികളിലൂടെ സ്റാലിന്‍ അച്ഛന്റെ ദളപതിയായി ( സേനാനായകന്‍ ). അപ്പോഴാണ് മുറുമുറുപ്പുകളുമായി അഴഗിരിയെത്തിയത്. ശല്ല്യമൊഴിവാക്കാന്‍ കരുണാനിധി അഴഗിരിയെ പാര്‍ട്ടി പത്രം ‘മുരശോള്ളി’യുടെ വരിസംഖ്യ പിരിക്കാന്‍ മധുരൈക്ക് വിട്ടു. ‘ അറ്റാക്ക് പാണ്ടി’, ‘ പൊട്ടു സുരേഷ്’, ‘ബെന്‍സ് ബാലാജി’ തുടങ്ങിയ സ്ഥലത്തെ പ്രധാന ‘തരികിട’ ദിവ്യന്‍ മാരുമായിച്ചേര്‍ന്ന് അഴഗിരി മാമധുരാപുരി പിടിച്ചടക്കി. കലൈഞ്ജറുടെ ആണ്‍പിറപ്പുകളുടെ വീര കഥകള്‍ ഇനിയൊരിക്കല്‍ പാടാം.
‘ഡി.എം.കെ. വഴിയാധാരമായല്ലോ ഈശ്വരാ!’ ( പാര്‍ട്ടി മാനിഫെസ്റ്റോ പ്രകാരം ദൈവവിശ്വാസം പാടില്ല, എന്നാലും കിടക്കട്ടെ.) എന്ന് തൊണ്ടര്‍കള്‍ വേദനിച്ചിരിക്കുമ്പോഴാണ് ‘ ചെന്തമിഴ്’ മൊഴിയുടെ പെണ്‍രൂപമായി കനിമൊഴി കടന്നുവന്നത്. പക്ഷെ 2 ജിയുടെ അഴിമതി തരംഗങ്ങളില്‍പ്പെട്ട് കനിമൊഴിയുടെ കഥ ഏതാണ്ട് തീരുമാനമായി. തിരിച്ചറിവുകളുടെ തിഹാര്‍വാസം കഴിഞ്ഞ് കനിമൊഴി തിരിച്ചെത്തിയ നാളുകളില്‍ കരുണാനിധിയുടെ മറ്റൊരു മകളും അഴിമതി ആരോപണങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ചോദ്യമുനയിലായി. കനിമൊഴിയുടെ സഹോദരി സെല്‍വി. മുന്‍ സ്പീക്കര്‍ കാളിമുത്തുവിന്റെ സഹോദരന്‍ നല്ലതമ്പിയെ തമിഴ്നാട് പി.എസ്.സിയുടെ ചെയര്‍മാനാക്കാം എന്നുപറഞ്ഞ് 69 ലക്ഷം രൂപം തട്ടിച്ചതായാണ് സെല്‍വിയ്ക്കെതിരായ ആരോപണം.
സെല്‍വി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ആരാണീ സെല്‍വി ഡി.എം.കെ എന്ന പാര്‍ട്ടിയും കലൈഞ്ജര്‍ കുടുംബവും പ്രതിസന്ധികളില്‍പ്പെട്ടപ്പോഴെല്ലാം അണിയറയില്‍ ഉയര്‍ന്നു കേള്‍ക്കാറുള്ള പേരാണ് സെല്‍വിയുടേത്. ഒരു ചെറിയ ഇടവേളക്കുശേഷം ഡി.എം.കെയില്‍ അധികാരത്തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ‘ജയലളിതയുടെ പെണ്‍പോരിമയ്ക്ക് പകരം ആര് ? ‘ എന്ന ചോദ്യമാണ് ഡി.എം.കെയെ കുഴയ്ക്കുന്നത്. പ്രശ്നം സങ്കീര്‍ണ്ണമായതോടെ എല്ലാ കണ്ണുകളും സെല്‍വിയിലേക്കാണ്. സെല്‍വിയുടെ നീക്കങ്ങള്‍ എന്തായിരിക്കും എന്ന ആകാംക്ഷയാണ് എല്ലാവരിലും. ഇപ്പോള്‍ ഒരു സംശയം സ്വാഭാവികം. ‘ആരാണ് ഈ സെല്‍വി? ‘ ‘ഇവര്‍ ഇത്ര വലിയ സംഭവമാണോ?’
കലൈഞ്ജര്‍ കരുണാനിധിയ്ക്ക് ദയാലുഅമ്മാളിലുണ്ടായ മകള്‍. അഴഗിരിയുടെയും സ്റാലിന്റെയും നേര്‍ പെങ്ങള്‍. മുരശൊലി മാരന്റെ അനുജന്റെ ഭാര്യ. കലാനിധി മാരന്റെയും ദയാനിധി മാരന്റെയും ചിറ്റമ്മ. മാരന്‍ കുടുംബത്തിന്റെ കേന്ദ്ര ബിന്ദു. മാരന്മാരെയും കരുണാനിധി കുടുംബത്തെയും കൂട്ടിയിണക്കുന്ന കണ്ണി. കരുണാനിധിയുടെ മനസാക്ഷി. കരുണാനിധി കുടുംബത്തിന്റെ ബിസ്സിനസ്സ് കാര്യങ്ങളും ഡി.എം.കെയുടെ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് സെല്‍വിയാണ്. പാര്‍ട്ടിയിലും കുടുംബത്തിലും ഏറെ ശക്തയാണെങ്കിലും പുറം ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സെല്‍വി മാറിനില്‍ക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് എന്നും അകലം പാലിക്കുന്നു. അധികാരത്തിന്റെ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നു. നിശബ്ദയായ കിംഗ്മേക്കറെപ്പോലെ.
സെല്‍വി
ദൈവഭയമുള്ള കുട്ടി ആശയപരമായും ആമാശയപരമായും ദൈവത്തെ നിഷേധിക്കുന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും സെല്‍വി അവിടെയും വേറിട്ടുനിന്നു. നമ്മുടെ കോട്ടയം ഭാഷയില്‍ പറഞ്ഞാല്‍ ‘നല്ല ദൈവ ഭയത്തോടെയാണ്’ ദയാലു അമ്മാള്‍ സെല്‍വിയെ വളര്‍ത്തിയത്. പാര്‍ട്ടിയ്ക്കോ സഹോദരങ്ങള്‍ക്കോ പ്രതിസന്ധികളുണ്ടാകുമ്പോള്‍ സെല്‍വിയുടെ വിശ്വാസങ്ങള്‍ തുണയ്ക്കെത്തും. 2 ജി സ്പെക്ട്രം വിവാദങ്ങള്‍ കത്തിനിന്ന നാളുകളില്‍ സെല്‍വി പ്രധാന ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനം നടത്തിയത് ചൂടേറിയ ചര്‍ച്ചയായിരുന്നു. ആന്ധ്രയിലെ കാളഹസ്തി ക്ഷേത്രത്തില്‍ കരുണാനിധിയുടെ പേരിലും സഹോദരങ്ങളുടെ പേരിലും രാഹുപൂജയും ശത്രു സംഹാര പൂജയും രഹസ്യമായി നടത്തി.
കാര്യം, രാഷ്ട്രീയ ചേരിയില്‍ ശത്രുപക്ഷത്താണെങ്കിലും കനിമൊഴി അഴിമതി ആരോപണങ്ങളുടെ കരിനിഴലില്‍പ്പെട്ടപ്പോള്‍ വൈരം മറന്ന് ചേച്ചി തുണയ്ക്കെത്തി. ഡി എം കെ അധികാരത്തില്‍ വന്നാല്‍ മന്ത്രിപദവികള്‍ പലവഴിയായി വീതംവെക്കുകയാണ് പതിവ്. കലൈഞ്ജര്‍ തന്റെ വിശ്വസ്തരില്‍ കുറച്ചു പേരെ മന്ത്രിമാരാക്കുമ്പോള്‍ ബാക്കിയുള്ളവരെ തെരഞ്ഞെടുക്കുന്നത് സ്റാലിനും സെല്‍വിയും ചേര്‍ന്നാണ്. മിച്ചം വരുന്നത് അഴഗിരിയും കനിമൊഴിയുടെ ക്യാമ്പും വീതിച്ചെടുക്കും. ഇതാണ് മുറ. സ്റാലിന്‍ -സെല്‍വി അച്ചുതണ്ടിലെ മറ്റൊരു സുപ്രധാനി ടി. കെ. എസ്. ഇളങ്കോവനാണ്.
കനിമൊഴി
അസാന്നിധ്യം കൊണ്ടൊരു സാന്നിധ്യം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്താണ് സെല്‍വിയെ പരിചയപ്പെടുന്നത്. കരുണാനിധിയുടെ ജന്മസ്ഥലവും ജനവിധി തേടുന്ന മണ്ഡലവുമായ തിരുവാരൂരില്‍ വെച്ച്. സെല്‍വിയെ കാണണമെന്ന് ചെന്നൈയില്‍ വെച്ച് ടി. കെ. എസ്. ഇളങ്കോവന്‍ സൂചിപ്പിച്ചിരുന്നു. ഒപ്പം ‘അങ്ങിനെ പിടിതരുന്ന ആളൊന്നുമല്ലെന്ന്’ പാതികളിയായും പാതി കാര്യമായുമുള്ള വാക്കുകളും. പിറന്നമണ്ണില്‍ കരുണാനിധി പോരിനിരങ്ങിയപ്പോള്‍ പടനയിച്ചത് സെല്‍വിയായിരുന്നു. പക്ഷെ, പ്രചാരണ വേദികളിലൊന്നും സെല്‍വിയുണ്ടായിരുന്നില്ല. ഒരു പരിപാടിയിലും പങ്കെടുക്കാതെ എന്നാല്‍ എല്ലായിടത്തും പേരുകൊണ്ട് നിറഞ്ഞു നിന്ന് തന്റെ അസാന്നിധ്യം കൊണ്ട് സെല്‍വി ശ്രദ്ധേയയായി. പ്രചാരണ വേദികളില്‍ പാര്‍ട്ടിയുടെ നാവായിരുന്നത് മുന്‍ കേന്ദ്ര മന്ത്രി ടി. ആര്‍. ബാലുവായിരുന്നു. ഒടുവില്‍ ഇളങ്കോവന്‍ പറഞ്ഞതനുസരിച്ച് തിരുവാരൂര്‍ ഡി എം കെ ഓഫീസില്‍ നിന്ന് സെല്‍വിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുള്ള ക്ഷണമെത്തി. പിറ്റേന്ന് രാവിലെ കരുണാനിധിയുടെ സഹോദരിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂടിക്കാഴ്ച.
ഒരു തികഞ്ഞ തമിഴ് വീട്ടമ്മ. നിറഞ്ഞ ചിരി. ഊഷ്മളമായ സ്വീകരണം. ഡി എം കെയുടെ വിജയസാധ്യതകളെക്കുറിച്ച് ചോദിച്ചു. മത്സരം കടുത്തതാകുമെന്ന് ഞാന്‍ പറഞ്ഞു. ‘കലൈഞ്ജറെ തമിഴകം കൈവിടില്ല’ -സെല്‍വിയുടെ മറുപടി. പ്രചാരണത്തിന് സെല്‍വി ഇറങ്ങിയപ്പോള്‍ കൂടെ ഇറങ്ങി. കാര്യമായ അനുചരവൃന്ദങ്ങളില്ല. ഒരു പോലീസ് ഉദ്യാഗസ്ഥനും കുറച്ച് പാര്‍ട്ടി പ്രവര്‍ത്തകരും മാത്രം. സെല്‍വിയെത്തുന്നതിനു മുന്‍പ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഓരോ വീട്ടിലുമെത്തും. ” നമ്മ കലൈഞ്ജര്‍ പൊണ്ണ് വന്തിരുക്ക്” എന്ന് വിളിച്ചു പറഞ്ഞ് എല്ലാവരെയും പുറത്തേയ്ക്ക് കൊണ്ടുവരും. എല്ലാവരോടും കുശലം ചോദിച്ച് പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന ഉറപ്പു നല്‍കുന്നു. എന്നാണ് രാഷ്ട്രീയ പ്രവേശനമുണ്ടാകുക എന്ന് ചോദിച്ചപ്പോള്‍ ” എന്നാ തമ്പീ … ” എന്ന വാക്കുകളോടെ സെല്‍വി ചിരിച്ചു. ” എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്… ” എന്ന കൂട്ടിച്ചേര്‍ക്കലിന് ചില സൂചനകളുണ്ടായിരുന്നു. അച്ഛന്റെ പ്രിയമണ്ഡലത്തില്‍ സെല്‍വി നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിന് പുറമേക്ക് കാണാത്ത ഒരുപാട് ആന്തരാര്‍ത്ഥങ്ങളുണ്ട്… ചുരുക്കി പറഞ്ഞാല്‍ കരുണാനിധിയുടെ മറ്റ് മക്കള്‍ക്ക് ഭയക്കാന്‍ കാരണങ്ങളുണ്ട്.
കരുണാനിധി
പുതിയ കരുനീക്കങ്ങള്‍ കരുണാനിധി കുടുംബത്തില്‍ ആരാണ് കേമന്‍ എന്നറിയാന്‍ മാരന്‍മാര്‍ സ്വന്തം പത്രത്തില്‍ സര്‍വേനടത്തി ഡി എം കെയില്‍ കുത്തിത്തിരിപ്പുണ്ടാക്കിയപ്പോഴുള്‍പ്പെടെ, കലൈഞ്ജറുടെ കോപത്തിന് ഇരയായപ്പോഴെല്ലാം മാരന്‍ വീട്ടിലെ ലവകുശന്മാരെ സഹായിക്കാന്‍ സെല്‍വി രംഗത്തെത്തിയിട്ടുണ്ട്. സണ്‍ ടി വി പിളര്‍ന്ന് കലൈഞ്ജര്‍ ടി വിയുണ്ടായപ്പോള്‍ എല്ലാവരുടെയും ഓഹരികള്‍ കൃത്യമായി പകുത്തു നല്‍കിയത് സെല്‍വിയാണ്. ജയില്‍ മോചിതയായെത്തിയ തന്റെ മകള്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത പദവി നല്‍കണമെന്ന കനിമൊഴിയുടെ അമ്മ രാസാത്തി അമ്മാളുടെ തലയിണ മന്ത്രങ്ങള്‍ക്ക് കരുണാനിധി ഇനിയും വഴങ്ങാത്തത് സെല്‍വിയുടെ നിര്‍ബന്ധ ബുദ്ധി കാരണമാണെന്നാണ് ദ്രാവിഡ മണ്ണിലെ പാണന്മാര്‍ പാടിനടക്കുന്നത്. തന്നെയുമല്ല, കനിമൊഴിക്ക് നിയന്ത്രണമുണ്ടായിരുന്ന കലൈഞ്ജര്‍ ടി വി കരുണാനിധി ഇടപെട്ട് സ്റാലിന് നല്‍കിയതിനുപിന്നിലും സെല്‍വിയുടെ ചാണക്യതന്ത്രമാണ്. എന്നാല്‍, അയ്യോ പാവം, ഞാനൊരു പാവം വീട്ടമ്മ എന്ന മട്ടിലാണ് സെല്‍വിയുടെ ഇടപെടലുകള്‍.
വിജയകാന്തിനെ ഡി എം കെ പാളയത്തില്‍ എത്തിക്കുക എന്നതാണ് സെല്‍വിയുടെ പുതിയ ദൌത്യം. ജയലളിതയുമായുള്ള സഖ്യം അവസാനിപ്പിച്ച ‘കറുപ്പ് എം ജി ആര്‍’ ഇപ്പോള്‍ ‘ഇല്ലത്ത് നിന്നും ഇറങ്ങുകയും ചെയ്തു അമ്മാത്തൊട്ട് എത്തീല്യ’ എന്ന അവസ്ഥയിലാണ്. ക്യാപ്റ്റന്റെ ഭാര്യ പ്രേമലത സെല്‍വിയുടെ സഹപാഠിയായിരുന്നു എന്നത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. സെല്‍വിയുടെ പുതിയ കരുനീക്കങ്ങള്‍ എന്താണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴകവും കരുണാനിധിയുടെ മറ്റുമക്കളും
സ്ഥല കാലങ്ങള്‍ക്കപ്പുറമുള്ള ഏകാഗ്രമായ ധ്യാനമാണ് ആ സംഗീതം. സൂഫി സംഗീതവും വേദമന്ത്രജപവും പോലെ പ്രാര്‍ഥനാ നിര്‍ഭരം. മിഴികള്‍ പൂട്ടിയാല്‍ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ ആകാശത്തിലൂടെ സഞ്ചാരം. കശ്മീര്‍ താഴ്വരകളില്‍ മഞ്ഞുപൊഴിയും പോലെ. ദാല്‍ തടാകത്തിലെ ഓളപ്പരപ്പിലൂടെയുള്ള യാത്രപോലെ. അദ്ദേഹം ആളും അരങ്ങും മറന്ന് സ്വരവിസ്മയങ്ങള്‍ തീര്‍ത്തു. സാന്ത്വനവും സ്നേഹവും ജന്മാന്തര വേദനയും ആസ്വാദകര്‍ അറിഞ്ഞു. ആ സംഗീതവര്‍ഷം പെയ്തുതീര്‍ന്നപ്പോള്‍ ഉള്‍മഴ നനഞ്ഞ്, സ്വയം മറന്ന് നിശബ്ദമായി സദസ്സ് -സന്തൂറില്‍ ഋതുഭേദങ്ങള്‍ വായിക്കുന്ന പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയെ കേട്ട നാളിന്റെ ഓര്‍മ്മ. ഒരു മണിക്കൂറോളം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ തുളുമ്പുന്ന സ്മൃതികള്‍. ചെന്നൈയിലെ പാട്ടുറവകളില്‍നിന്ന് ആ ഓര്‍മ്മ കണ്ടെടുക്കുന്നു, മാധ്യമപ്രവര്‍ത്തകനായ പി.ബി അനൂപ്
ഉച്ചവെയില്‍, സന്ധ്യയോടെ ചെറിയ തണുപ്പിന് വഴിമാറും. സ്വര,ലയ,നാദ വിസ്മയങ്ങളുമായി ചെന്നൈയിലിത് മാര്‍ഗഴി വസന്തത്തിന്റെ നാളുകള്‍. സായന്തനങ്ങള്‍ സംഗീത സദസ്സുകള്‍ക്കായര്‍പ്പിച്ച കലാ വിശുദ്ധിയുടെ വ്രതഭരിത മാസം. ‘പന്തുവരാളിയുടെ’ പടികള്‍ കയറി ‘മോഹന’ ഭക്തിനിറവില്‍ ‘അമൃതവര്‍ഷിണി’ നനഞ്ഞ് ‘ഹംസധ്വനി’യുടെ ചിറകില്‍ ‘മദ്ധ്യമാവതി’യില്‍ ലയം. മോക്ഷത്തിലേക്കുള്ള പരമ മാര്‍ഗ്ഗം, സംഗീതം. ആ നാദപ്രഭാവം ഉള്ളിലാകെ തീര്‍ത്തത് സ്വയം വിസ്മൃതി. ഒറ്റക്കൊരു ലോകത്തില്‍ ചെന്നുപെട്ടതുപോലെ. ചുറ്റും കടലുപോലെ സംഗീതം. സംഗീതം മാത്രം. പെട്ടെന്ന്, മൊബൈല്‍ ഫോണ്‍ വിറച്ചു. സുഹൃത്ത് ശ്രുതി ചതുര്‍ലാലിന്റെ സന്ദേശം. സാധാരണ വാക്കുകള്‍. പക്ഷേ, അസാധാരണമായ ഒരോര്‍മ്മയിലേക്ക് അത് വാതില്‍ തുറന്നു. ഓര്‍മ്മയില്‍ ദില്ലിയുടെ ഡിസംബര്‍ മഴയുടെ നനവ്. തണുപ്പില്‍ സന്തൂറിന്റെ തുളുമ്പല്‍. പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ! മരം പെയ്യും പോലെ ഓര്‍മ്മയില്‍നിന്ന് ഇപ്പോഴും സന്തൂര്‍. ആത്മാവിനു മീതെ വീണ്ടും സംഗീതത്തിന്റെ പുതപ്പ്.
രണ്ടു വര്‍ഷം മുമ്പ് ദില്ലിയിലുണ്ടായിരുന്നപ്പോഴാണ്. ഒരു ശനിയാഴ്ച്ച വൈകുന്നേരം പണ്ഡിറ്റ് ചതുര്‍ലാല്‍ മെമ്മോറിയല്‍ സൊസൈറ്റിയുടെ പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ശ്രുതിയുടെ ക്ഷണമെത്തി,’നാളെ പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയുടെ സംഗീത സന്ധ്യ. നീ വരണം’.സൌഹൃദത്തിന്റെ ആനുകൂല്യമെടുത്ത് ഞാനൊരു ഉപാധിവെച്ചു. ‘ഒരു ഇന്റര്‍വ്യൂ. എനിക്കദ്ദേഹത്തോട് സംസാരിക്കണം’. ‘നോക്കൂ, അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ഒന്നും മുന്‍കൂട്ടി പറയാന്‍ കഴിയില്ല. ഞാന്‍ ഉറപ്പൊന്നും പറയുന്നില്ല’-അവളുടെ മറുപടി എന്നെ അല്‍പ്പം നിരാശപ്പെടുത്തി.
ബാല്യത്തിന്റെ ഈണങ്ങള്‍
പി.ബി അനൂപ്
ദൂരദര്‍ശന്‍ മാത്രം പാടിയാടിയ കുട്ടിക്കാലത്ത് ഞായറാഴ്ചകളുടെ ആലസ്യത്തില്‍നിന്നുണര്‍ത്തിയത് ‘രംഗോലി’യ്ക്ക് ശേഷമുള്ള ‘മിലേ സുര്‍ മേരാ തുമാരയും’ പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യയുടെ വേണു നാദവും, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ സ്വരവുമൊക്കെയായിരുന്നു. വെണ്‍പട്ടു പുതച്ച ഹിമാലയ ശൃംഖങ്ങളുടെ പശ്ചാത്തലത്തില്‍ അതേ തലയെടുപ്പോടെ സന്തൂര്‍ വായിക്കുന്ന ശിവ കുമാര്‍ ശര്‍മ്മ കുട്ടിക്കാലത്തിന്റെ ആല്‍ബത്തിലുണ്ട്. കാവിലെ ‘കളമെഴുത്തുപാട്ടിന് വേലായുധപ്പാണന്‍ കൊണ്ടുവരാറുള്ള ‘നന്തുണി’ പോലുള്ള എന്തോ ഒന്നാണ് അദ്ദേഹവും വായിക്കുന്നത് എന്നതിനപ്പുറം അന്ന് ഏറെയൊന്നും അറിയില്ലായിരുന്നു.
വെള്ളിയിഴകള്‍ വീണ, ചുരുണ്ട് അലക്ഷ്യമായിക്കിടക്കുന്ന തലമുടിയിലായിരുന്നു ശ്രദ്ധ മുഴുവന്‍. പിന്നീട് സ്കൂള്‍ വിജ്ഞാനപ്പരീക്ഷക്കായുള്ള ഒരു ചോദ്യാത്തരമായി പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ വീണ്ടും ഓര്‍മ്മയില്‍വന്നു. പണ്ഡിറ്റ് ശിവകുമാര്‍-ശര്‍മ സന്തൂര്‍, പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യ- പുല്ലാംകുഴല്‍, ബിസ്മില്ലാഖാന്‍- ഷെഹനായി എന്നിങ്ങനെ ‘ചേരുംപടി ചേര്‍ത്ത്’ പഠനം. അതു കഴിഞ്ഞേറെ കാലം കഴിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം ചെവിയിലേക്ക് മെല്ലെ തുളുമ്പി തുടങ്ങി. ബിസ്മില്ലാ ഖാന്റെ ഷഹനായിയായിരുന്നു കതക് തുറന്നത്. തുറന്ന വാതിലിലൂടെ അനേക ലോകങ്ങള്‍ ഇരമ്പി കയറി നിന്നു.
സിരി ഫോര്‍ട്ട് ഓഡിറ്റോറിയം അതങ്ങനെ. ഇപ്പോള്‍, നില്‍ക്കുന്നത് ദില്ലിയില്‍. ദില്ലി സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ സംഗീത വേദി. ആളുകള്‍ നിറഞ്ഞിരുന്നു. കൃത്യ സമയത്തുതന്നെ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയെത്തി. സദസ്സിനെ വണങ്ങി. സന്തൂര്‍ ശ്രുതിചേര്‍ത്ത് നാദ വീചികളിലൂടെ സഞ്ചാരം തുടങ്ങി. ആനന്ദധാരയില്‍ സദസ്സ്. സന്തൂറെന്ന വാദ്യാപകരണമായും ആ സ്വര പ്രപഞ്ചവുമായും പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു പര്യായപദം പോലെ. മനസ്സ് പൂര്‍ണ്ണമായ് പകര്‍ന്നു നല്‍കിയാലറിയാം, ആ വിരലുകള്‍ തൊട്ടുണര്‍ത്തുന്നത് നമ്മുടെ ഹൃദയ തന്ത്രികളെത്തന്നെയാണ്. മുട്ടിവിളിക്കുന്നത് അഭൌമമായ സ്ഥല^കാല രാശികളിലേക്കാണ്. സ്മൃതി വനങ്ങളെയാണ്. സ്ഥല കാലങ്ങള്‍ക്കപ്പുറമുള്ള ഏകാഗ്രമായ ധ്യാനമാണ് ആ സംഗീതം. സൂഫി സംഗീതവും വേദമന്ത്രജപവും പോലെ പ്രാര്‍ഥനാ നിര്‍ഭരം. മിഴികള്‍ പൂട്ടിയാല്‍ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ ആകാശത്തിലൂടെ സഞ്ചാരം. കശ്മീര്‍ താഴ്വരകളില്‍ മഞ്ഞുപൊഴിയും പോലെ. ദാല്‍ തടാകത്തിലെ ഓളപ്പരപ്പിലൂടെയുള്ള യാത്രപോലെ. അദ്ദേഹം ആളും അരങ്ങും മറന്ന് സ്വരവിസ്മയങ്ങള്‍ തീര്‍ത്തു. സാന്ത്വനവും സ്നേഹവും ജന്മാന്തര വേദനയും ആസ്വാദകര്‍ അറിഞ്ഞു. ആ സംഗീതവര്‍ഷം പെയ്തുതീര്‍ന്നപ്പോള്‍ ഉള്‍മഴ നനഞ്ഞ്, സ്വയം മറന്ന് നിശബ്ദമായി സദസ്സ്. ” ആസ്വാദകരുടെകൈയടിയല്ല, നിശãബ്ദമായ മുഴുകലാണ് എനിക്കിഷ്ട’മെന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ ആഗ്രഹം പോലെ. മൌനതിന്റെ പല മാത്രകള്‍ പിന്നിട്ട് സദസ്സിലേക്ക് പതിയെ തുടങ്ങി അലസമായി മുറുകി പതഞ്ഞുയര്‍ന്ന കരഘോഷം. സദസ്സിനെ വണങ്ങി വേദിയില്‍നിന്ന് നടന്നകലവെ എതിരെ വന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജിനെ അദ്ദേഹം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. രണ്ട് മഹാ നദികളുടെ സംഗമം.
photo: guneet khurana
മുന്നിലൊരു നിലാവ് ഗ്രീന്‍ റൂമില്‍ ചെന്ന്, പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയെ കണ്ടു. അദ്ദേഹം യാത്രക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. സ്നേഹഭരിതമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ഇന്റര്‍വ്യൂവിന് സമ്മതം മൂളി. കടും ചുവപ്പുനിറത്തിലുള്ള സില്‍ക്ക് കുര്‍ത്ത മുഖത്തെ തിളക്കത്തിനൊപ്പം മിന്നി. ആകര്‍ഷമായ കണ്ണുകള്‍. ഹിമ ശൃംഖത്തിന്റെ തലയെടുപ്പ്. കശ്മീര്‍ താഴ്വരയിലെ നാടോടി സംഗീതോപകരണമാണ് സന്തൂര്‍. നൂറ് തന്ത്രികളുള്ളതിനാല്‍ ശതതന്ത്രി എന്നും അറിയപ്പെടുന്ന സന്തൂര്‍ ശാസ്ത്രീയ സംഗീതോപകരണമായോ, സ്വതന്ത്ര സംഗീതോപകരണമായോ പരിഗണിക്കപ്പെട്ടിരുന്നില്ല. സൂഫി പ്രാര്‍ത്ഥനകളാണ് സന്തൂറിന്റെ ലോകം. പന്ത്രണ്ടു വര്‍ഷം നീണ്ട പരീക്ഷണങ്ങളിലൂടെ വാല്‍നട്ട് കൊണ്ടുള്ള ഈ നാടോടി സംഗീതോപകരണത്തിന് പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മ ഏറെ രൂപമാറ്റങ്ങള്‍ വരുത്തി. പാരമ്പര്യവാദികളുടെ കന്മതിലുകള്‍ തകര്‍ത്ത് സന്തൂറിനെ ശാസ്ത്രീയ സംഗീതോപകരണമാക്കി. ‘അതൊരു വലിയ യാത്രയായിരുന്നു. എല്ലാ വശത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍. സന്തൂറിനും ഒരുപാട് പരിമിതികളുണ്ടായിരുന്നു. എല്ലാ രാഗങ്ങളും ഇതില്‍ വായിക്കാന്‍ പറ്റില്ല. ഋഗ്വേദത്തില്‍ ശതതന്ത്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ പാരമ്പര്യം വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു എന്റേത്’-ആഴമുള്ള സ്വരത്തില്‍ ആ വാക്കുകള്‍.
1938 ജനുവരി 13 ന് ജമ്മുവില്‍ ജനനം. താഴ്വരയുടെ സംഗീതം സിരകളില്‍ നിറഞ്ഞു തുളുമ്പിയ ബാല്യം. പിതാവ് ഉമാദത്ത് ശര്‍മ്മയ്ക്ക് കീഴില്‍ സന്തൂറില്‍ ഹരിശ്രീ കുറിച്ചു. മകനിലൂടെ സന്തൂറിന് ഒരു പുതിയ അസ്തിത്വം- അതായിരുന്നു ഉമാദത്ത് ശര്‍മ്മയുടെ സ്വപ്നം. ‘നാലര വയസ്സിലാണ് ഞാന്‍ സംഗീത പഠനം തുടങ്ങിയത്. ആദ്യം പഠിച്ചത് തബല. 13 വയസ്സുള്ളപ്പോള്‍ അച്ഛന്‍ സന്തൂര്‍ സമ്മാനിച്ചു. ഇതിന് ഒരാത്മാവുണ്ടെന്നും അത് കണ്ടെത്തണമെന്നും അച്ഛന്‍ പറഞ്ഞു.-പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയുടെ ഓര്‍മ്മകള്‍. 1955ല്‍ മുംബൈയില്‍ അരങ്ങേറ്റം. 1967 ല്‍ പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യയ്ക്കും ബ്രിജ് ഭൂഷനുമൊപ്പം ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ‘കാള്‍ ഓഫ് ദി വാലി’ എന്ന ആല്‍ബം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത ചരിത്രത്തിലെ ഒരു പുതിയ അധ്യായമായിരുന്നു.
മുഖ്യധാരാ സിനിമയുടെ സെല്ലുലോയ്ഡ് വഴികളിലും ആ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യക്കൊപ്പം അദ്ദേഹം സംഗീതം നല്‍കിയ ‘ജാതൂ തേരി നസര്‍’ ഏറെ ജനപ്രിയമായിരുന്നു. ‘ഡര്‍’ എന്ന ചിത്രത്തില്‍ ഉദിത് നാരായണ്‍ പാടിയ പാട്ട് ഈ കൂട്ടുകെട്ടിന്റെ ഏക ബേചാളിവുഡ് സൃഷ്ടിയല്ല. ‘സില്‍സില’, ‘ലംഹേ’, ‘ചാന്ദിനി’ തുടങ്ങിയ ചിത്രങ്ങളിലും ‘ശിവ് -ഹരി ‘മാര്‍ ഒന്നിച്ചു. ബോളീവുഡിന്റെ ഇഷ്ടങ്ങള്‍ മാറിയതോടെ ഈ രസതന്ത്രവും വഴിപിരിഞ്ഞു. ‘അത് ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു. വ്യത്യസ്ത സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍. വ്യത്യസ്ത ഇഷ്ടാനിഷ്ട്ടങ്ങളുള്ളവര്‍… സംഗീതമായിരുന്നു ഞങ്ങളെ ഒരുമിച്ച് നിര്‍ത്തിയിരുന്നത്. അനുകൂലമായ അവസരം വന്നാല്‍ വീണ്ടും ഒന്നിക്കാവുന്നതേയുള്ളൂ ‘-ആ സംഗീത സൌഹൃദത്തെക്കുറിച്ച് പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മ പറയുന്നു.
അനവധി വേദികളില്‍ മലയാളിയും അനുഭവിച്ചറിഞ്ഞിട്ടുണ്ട് ആ നാദ വിസ്മയം. ‘എനിക്ക് കേരളത്തില്‍ സംഗീത പരിപാടികള്‍ നടത്താന്‍ വളരെ ഇഷ്ടമാണ്. ഒരുപാട് വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നല്ല ആളുകള്‍. സംഗീതം ആത്മാര്‍ത്ഥമായി ആസ്വദിക്കുന്ന സദസ്സ്. അതിലുമേറെ നല്ല ഭക്ഷണം. ‘സാമ്പാറും’ ‘അവിയലും’ എനിക്കേറെ ഇഷ്ടം’- ചിരിയോടെ അദ്ദേഹം വെളിപ്പെടുത്തുന്നു, കേരളത്തെക്കുറിച്ചുള്ള ഇഷ്ടം.
മകന്‍ രാഹുലും സന്തൂര്‍ വഴിയേയാണ്… ‘അവന് സ്വതസിദ്ധമായ കഴിവുണ്ട് അല്ലാതെ ഞാന്‍ നിര്‍ബന്ധിട്ടില’-മകനൊപ്പം വേദി പങ്കിടുന്നതിനെക്കുറിച്ച് അച്ഛന്റെ വാക്കുകള്‍. ‘പത്ത് മിനിറ്റെന്ന അനുമതിയുമായി തുടങ്ങിയ അഭിമുഖം ഒരുമണിക്കൂര്‍ നീണ്ടു. പിരിയാന്‍ നേരത്ത് അദ്ദേഹം സ്നേഹത്തോടെ ഹസ്തദാനം ചെയ്തു. നാദ വിസ്മയങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ കൈക്ക് നല്ല തണുപ്പ്.
വീണ്ടും ചെന്നൈ വീണ്ടുമിപ്പോള്‍ ചെന്നൈ. മാര്‍ഗഴി വസന്തം. അകലെ നടക്കുന്ന സംഗീത നിശയില്‍ തനിമയുള്ള സ്വര സംശുദ്ധിയുമായി സുധാ രഘുനാഥന്‍ പാടുന്നു …’നീ ആടാത് അസങ്കാത് വാ കണ്ണാ’. മദ്ധ്യമാവതിയുടെ മാന്ത്രികതയ്ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ പാരമ്പര്യങ്ങളെ നിഷേധിക്കാതെ പാട്ടിന്റെ പുത്തന്‍ വന്‍കര തേടിയുള്ള പ്രയാണം. ആലാപനത്തില്‍, നിറയുന്ന സ്നേഹം. പാട്ടിന്റെ ദേശാന്തര ഗമനം.
ഇത് ‘ഡര്‍ട്ടി പിക്ചറെ’ന്ന വെറുമൊരു പണംവാരിപ്പടത്തിന്റെ പോസ്റ് മോര്‍ട്ടമല്ല. മറിച്ച്, അത് പറയാതെപോയ വരികളെ ചേര്‍ത്തെഴുതാനുള്ള ശ്രമമാണ്. സ്മിത ജീവിച്ച കോടമ്പാക്കത്തിന്റെ മണ്ണിലൂടെ, അവരെ അടുത്തറിഞ്ഞ മനുഷ്യരിലൂടെ ഒരു യാത്ര. അവര്‍ സൃഷ്ടിക്കുന്ന ഓര്‍മ്മകളും സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യങ്ങളും നിറഞ്ഞ കഥകളും ചേര്‍ത്തുവെച്ച്, ജീവിച്ചിരുന്ന സ്മിതയെ പുന:സൃഷ്ടിക്കല്‍. ആ സ്മിതയുമായി ഡര്‍ട്ടി പിക്ചര്‍ കാണല്‍. അടിസ്ഥാനപരമായി, സ്മിത എന്ന മനുഷ്യ ജീവിയെ മനസ്സിലാക്കല്‍-പി.ബി അനൂപ് നടത്തുന്ന അന്വേഷണം
ആദ്യമേ പറയട്ടെ, ഇവിടെ പരാമര്‍ശിക്കുന്ന കഥയും, കഥാപാത്രങ്ങളും യഥാര്‍ത്ഥമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ആര്‍ക്കെങ്കിലുമായി ബന്ധമുണ്ടെങ്കില്‍ അത് തികച്ചും ബോധപൂര്‍വ്വമാണ്.
Dogs never bite me, just humans; I have feelings too. I am still human, all I want is to be loved. A sex symbol becomes a thing. I just hate to be a thing. Being a sex symbol is a heavy load to carry, especially when one is tired, hurt and bewildered. An actress is not a machine, but they treat you like a machine. A money machine.”
Marilyn Monroe
‘ചീത്ത ചിത്രം’ കണ്ടിറങ്ങുമ്പോള്‍ ഒരു ‘ചീത്ത ചിത്രം’ കണ്ടിറങ്ങുമ്പോള്‍ തെന്നിന്ത്യയുടെ സര്‍പ്പ സൌന്ദര്യം സില്‍ക്ക് സ്മിതയും, തിരൈ ഉലകില്‍ അവര്‍ അഗ്നി പടര്‍ത്തിയ കോടമ്പാക്കത്തിന്റെ എരിഞ്ഞടങ്ങുന്ന പ്രതാപകാലവും വീണ്ടും ഓര്‍മ്മകളിലെത്തുന്നു. ചില ചോദ്യങ്ങള്‍ മനസ്സിലവശേഷിക്കുന്നു.
1. സ്മിതയുടെ ജീവചരിത്രമെന്ന് എല്ലാ അര്‍ത്ഥത്തിലും പറയാതെ പറഞ്ഞ് അവരുടെ ജന്മദിനമായ ഡിസംബര്‍ 2ന് തിയ്യേറ്ററുകളിലെത്തിയ ‘ഡര്‍ട്ടി പിക്ചര്‍’ ആ ജീവിതത്തോട് എത്രമാത്രം ചേര്‍ന്നുനില്‍ക്കുന്നു? 2. സിനിമയില്‍ പറയും പോലെ, സ്വന്തം ശരീവും കിടപ്പറയിലെ കരുത്തും കൊണ്ട് മാത്രം ക്യാമറക്ക് മുന്‍പിലെത്താനും ചലച്ചിത്ര ലോകത്ത് തുടരാനും കഴിഞ്ഞ താരമാണോ സില്‍ക്ക്? 3. ചിത്രത്തില്‍ നസ്റുദ്ദീന്‍ ഷാ അവതരിപ്പിച്ച ‘സൂര്യകാന്ത്’ എന്ന അഴകിയ രാവണനായ സൂപ്പര്‍സ്റാര്‍ ആരാണ്? അയാളുടെ പേരും അഭിനയ ശൈലിയും ആരെയാണ് ഓര്‍മ്മപ്പെടുത്തുന്നത്? 4. ഇതിനെല്ലാം ഉപരിയായി, എന്താണ് സില്‍ക്ക് സ്മിതയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം?
വിദ്യാ ബാലന്‍ ഡര്‍ടി പിക്ചറില്‍
ആരുടെ ‘ചീത്ത ചിത്രം’? വിടവാങ്ങി ഒന്നരപതിറ്റാണ്ട് പിന്നിട്ടിട്ടും സില്‍ക്ക് എന്ന ‘ബോക്സ് ഓഫീസ്’ വിജയ ചേരുവയ്ക്ക് ഇന്നുമുള്ള വശ്യത, ‘ശേãാ! നമ്മുടെ പാലക്കാടന്‍ പട്ടത്തി പെണ്‍കൊച്ച് ഇങ്ങിനെയൊക്കെ അഭിനയിക്കുമോ …’ എന്ന് എല്ലാവരെക്കൊണ്ടും പറയിച്ച വിദ്യാ ബാലന്റെ ‘മാംസനിബദ്ധ’ അഭിനയരാഗം, പുട്ടിനിടയില്‍ പീരപോലെ സില്‍ക്കിനെ മെര്‍ലിന്‍ മണ്‍റോയാക്കാനായി ആസക്തികള്‍ക്കിടയില്‍ അതിഭാവുകത്വവും ഫിലോസഫിയും കുത്തിനിറച്ചു തീര്‍ത്ത തിരക്കഥ, ഉത്തരേന്ത്യന്‍ വീട്ടമ്മമാരുടെ കണ്ണീര് വിറ്റ് കാശുണ്ടാക്കിയ ഏക്താ കപൂറിന്റെ വിപണന മികവ് ^ഇവയെല്ലാം ചേര്‍ന്നാണ് ‘ഡര്‍ട്ടി പിക്ചര്‍’ വന്‍ വിജയമായത്. അത് ബൊളീവുഡിലെ കൊലകൊമ്പന്‍മാരായ ‘ഖാന്‍’ പിറപ്പുകളുടെ ചിത്രങ്ങള്‍ക്കൊപ്പമോ അതില്‍ കൂടുതലോ പണം വാരി. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ’ എന്ന ചിത്രത്തിലൂടെ മുംബൈ അധോലോകത്തെ വിഗ്രഹവത്കരിച്ച, ഹാജി മസ്താനെ കായംകുളം കൊച്ചുണ്ണിയാക്കിയ അതേ ടീം തന്നെയാണ് അല്‍പ്പം നിലവാരക്കൂടുതലുള്ള ഒരു കമ്പിപ്പടത്തിലൂടെ സില്‍ക്കിന്റെ ജീവിതകഥയും പങ്കുവെയ്ക്കുന്നത്.
ചിത്രത്തിലുടനീളം ബൊളീവുഡ് വരേണ്യര്‍ക്ക് തെന്നിന്ത്യന്‍ സിനിമയോടുള്ള പുച്ഛഭാവം നിറഞ്ഞു നില്‍ക്കുന്നു. ദ്വയാര്‍ത്ഥസമ്പന്നമായ സംഭാഷണങ്ങളിലൂടെ രജത് അറോറയൊരുക്കിയ തിരക്കഥയ്ക്ക് സ്മിതയുടെ ജീവിതത്തോട് കാര്യമായ കൂറു പുലര്‍ത്താനായിട്ടില്ല. സ്മിതയുടെ ചിത്രങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് രജത് വ്യക്തമാക്കിയിട്ടുമുണ്ട്. ഇത് ‘ഡര്‍ട്ടി പിക്ചറെ’ന്ന വെറുമൊരു പണംവാരിപ്പടത്തിന്റെ പോസ്റ് മോര്‍ട്ടമല്ല. മറിച്ച്, അത് പറയാതെപോയ വരികളെ ചേര്‍ത്തെഴുതാനുള്ള ശ്രമമാണ്. സ്മിത ജീവിച്ച കോടമ്പാക്കത്തിന്റെ മണ്ണിലൂടെ, അവരെ അടുത്തറിഞ്ഞ മനുഷ്യരിലൂടെ ഒരു യാത്ര. അവര്‍ സൃഷ്ടിക്കുന്ന ഓര്‍മ്മകളും സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യങ്ങളും നിറഞ്ഞ കഥകളും ചേര്‍ത്തുവെച്ച്, ജീവിച്ചിരുന്ന സ്മിതയെ പുന:സൃഷ്ടിക്കല്‍. ആ സ്മിതയുമായി ഡര്‍ട്ടി പിക്ചര്‍ കാണല്‍. അടിസ്ഥാനപരമായി, സ്മിത എന്ന മനുഷ്യ ജീവിയെ മനസ്സിലാക്കല്‍.
സ്മിത എന്ന മനുഷ്യസ്ത്രീ സത്യത്തില്‍ സ്മിതയെ കാലം എങ്ങിനെയാണ് അടയാളപ്പെടുത്തുന്നത്? ഒരു കാലഘട്ടത്തെ ഭ്രമിപ്പിച്ച മാദക റാണിയായോ? വെള്ളിത്തിരയുടെ വര്‍ണ്ണ വ്യവസ്ഥയെയും പുരുഷ മേധാവിത്വത്തെയും വെല്ലുവിളിച്ച നിഷേധിയായോ? സഹതാപം അര്‍ഹിക്കുന്ന ദുരന്ത ജീവിതമായോ? വിലയിരുത്തലും വിശേഷണവും എന്തായാലും മുപ്പത്തിയഞ്ചാം വയസ്സില്‍ സാലിഗ്രാമിലെ ഫ്ലാറ്റില്‍ ജീവന് മരണംകൊണ്ട് കുരുക്കിടുംവരെ മറ്റുള്ളവര്‍ തന്നെ എങ്ങിനെ കാണുന്നു എന്ന് സില്‍ക്ക് ഒരിക്കലും ആശങ്കപ്പെട്ടിരുന്നില്ല. സിനിമാലോകം അങ്ങിനെയാണ്; എല്ലാ വിഴുപ്പുകളും ഏറ്റിവെയ്ക്കാന്‍, പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നക്ഷത്ര ലോകത്തിന് എക്കാലത്തും ആരെങ്കിലുമൊക്കെ വേണം. സില്‍ക്ക് ആ പ്രതിനായികകളില്‍ ഒരാളാണ്. പക്ഷെ അതേക്കുറിച്ച് അവര്‍ വ്യാകുലപ്പെട്ടതേയില്ല എന്ന് കോടമ്പാക്കത്തിന്റെ വഴികള്‍ പറഞ്ഞു തരുന്നു. ‘നമ്മുക്ക് കോവിലില്‍ പോകാം.’ എന്ന് പറയുമ്പോള്‍ പോലും സില്‍ക്കിന്റെ വാക്കുകളില്‍ മോഹിപ്പിക്കുന്ന വശ്യത ഉണ്ടാകുമെന്ന് തമിഴ് സിനിമാ ചരിത്രകാരന്‍ തിയോഡോര്‍ ഭാസ്ക്കരന്‍ പറയുന്നു:
കോടമ്പാക്കം സത്യത്തില്‍, സ്മിതയുടെ കഥ തന്നെയാണ് കോടമ്പാക്കത്തിനും. നിറങ്ങള്‍ ചോര്‍ന്നു കിടക്കുന്ന കിടക്കുന്ന കോടമ്പാക്കത്തിന്റെ നെഞ്ചകത്തു കൂടെ നടക്കുമ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്നത് സ്മിതയുടെ ജീവിതത്തിലൂടെ കൂടെയാണ്. ഒരു ഉത്സവത്തിന്റെ തിരുശേഷിപ്പുകളിലൂടെ.
ആര്‍ക്കോട്ട് നവാബിന്റെ കുതിര ലായമായിരുന്നു കോടമ്പാക്കം. പിന്നീടത് തെന്നിന്ത്യന്‍ സിനിമയുടെ വിശുദ്ധഭൂമിയായി മാറി. ആ സ്വപ്നഗരിയുടെ അന്ത്യ നാളുകളുടെയും, സിനിമയുടെ മാറിയ വാണിജ്യ സമവാക്യങ്ങളുടെയും ഒരു ദിശാ സൂചകം തന്നെയാണ് സ്മിത. സ്മിതയെപ്പോലെ കോടമ്പാക്കവും നക്ഷത്ര തിളക്കത്തിലൂടെ നടന്നു ചെന്നത് ആത്മാഹുതിയിലേക്ക് തന്നെയാണ്. കോടമ്പാക്കവും ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി. നക്ഷത്ര ദീപ്തിയില്‍ ജ്വലിച്ചു. പിന്നെ മരണാന്ധതയുടെ തമോഗര്‍ത്തത്തില്‍ ഒടുങ്ങി. സ്മിത ആത്മഹത്യ കൊണ്ട് ആ നക്ഷത്ര മരണത്തിന് പൂര്‍ണ്ണ വിരാമമിട്ടപ്പോള്‍, കോടമ്പാക്കത്തിന്റെ മരണം പൂര്‍ണമായിട്ടില്ല. മരണം കാത്തു കിടക്കുന്ന ഒരു പ്രേതഭൂമിയുടെ തണുപ്പാണ് അതിന്റെ ജീവിതം. ഈ തിരിച്ചറിവാണ് എന്നെ കോടമ്പാക്കത്തിന്റെ മങ്ങിയ വഴികളിലേക്ക് നടത്തിച്ചത്.
സ്മിത
വിശപ്പിന്റെ വെള്ളിത്തിര ജീവിത ദുരിതങ്ങളും വിശപ്പിന്റെ വിളിയുമായിരുന്നു വിജയലക്ഷ്മി എന്ന പെണ്‍കുട്ടിയെ കോടമ്പാക്കത്തെത്തിച്ചത്. ഒപ്പം ഉള്ളിന്റെയുള്ളില്‍ സൂക്ഷിച്ച ഒരു മോഹവും. തെലുങ്ക് താരറാണി സാവിത്രിയെപ്പോലെ പേരെടുത്ത ഒരു നടിയാകുക. ആ മോഹം പറഞ്ഞപ്പോള്‍ പക്ഷെ, മറ്റുള്ളവര്‍ കുത്തിനോവിച്ചു. ‘കറുത്ത് മെലിഞ്ഞ, കാണാന്‍ കൊള്ളാത്ത നീയെവിടെ, സാവി ത്രിയെവിടെ?’
വിഷാദപൂര്‍ണ്ണമായിരുന്നു വിജയലക്ഷ്മിയുടെ ബാല്യം. ആന്ധ്രയിലെ എലൂരിനടുത്ത തേവാലി ഗ്രാമത്തിലെ ഓലക്കുടിലില്‍ കഷ്ടപ്പാടുകള്‍ മാത്രം തിന്ന് അവളും അനുജനും അമ്മ നരസമ്മയും കഴിഞ്ഞു. അച്ഛന്‍ അവരെ ഉപേക്ഷിച്ചുപോയിരുന്നു. വേദന നിറഞ്ഞ ചിരിയും കീറിപ്പറിഞ്ഞ ഉടുപ്പുമായി അവള്‍ ബാല്യം ചെലവഴിച്ചു. വിശന്നു കരഞ്ഞപ്പോള്‍ കമഴ്ന്നുകിടന്ന് കണ്ണടച്ച് സ്വപ്നങ്ങള്‍ കാണാന്‍ അമ്മ കണ്ണീരോടെ അവളോട് പറഞ്ഞു. സ്കൂളില്‍ കൂട്ടുകാരൊത്ത് കളിക്കുമ്പോള്‍ മാത്രമാണ് അവള്‍ എല്ലാം മറന്നിരുന്നത്. ആ സന്തോഷവും അധികം നീണ്ടില്ല. മകളെ സ്കൂളിലയക്കുന്നതുപോലും നരസമ്മയ്ക്ക് വന്‍ ബാധ്യതയായിമാറി. ഒരു ദിവസം സ്കൂളില്‍ പോകാനൊരുങ്ങിയ കൊച്ചു വിജയലക്ഷ്മിയോട് ഇനി സ്കൂളില്‍ പോകേണ്ടെന്ന് നരസമ്മ പറഞ്ഞു. ഒന്നും മിണ്ടാതെ കുറച്ച് നേരം നിന്നശേഷം വിജയലക്ഷ്മി അമ്മയെ വേദനയോടെ നോക്കി. നാലാം ക്ലാസ്സില്‍ പഠനം നിലച്ചു. നരസമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ വിജലക്ഷ്മിയെയും അനുജനെയും അയല്‍ക്കാരിയായ അന്നപൂര്‍ണ്ണിമാളുടെ അടുത്താക്കും. അന്നപൂര്‍ണ്ണിമാള്‍ക്ക് സിനിമയെന്നാല്‍ ജീവനായിരുന്നു. അവര്‍ വിജയലക്ഷ്മിയെയും സിനിമയ്ക്ക് കൊണ്ട് പോയി. സിനിമാക്കൊട്ടകയിലെ ഇരുളില്‍ തെളിഞ്ഞ വര്‍ണ്ണലോകം അവളെ മോഹിപ്പിച്ചു. മദിരാശി എന്നൊരു പട്ടണത്തില്‍ സിനിമയുടെ ഒരത്ഭുതലോകമുണ്ടെന്നും അവിടെയെത്തിയാല്‍ അവളുടെ കഷ്ടപ്പാടുകള്‍ മാറുമെന്നും കുടുംബം രക്ഷപ്പെടുമെന്നും അന്നപൂര്‍ണ്ണിമാള്‍ ഉപദേശിച്ചു.
വിശക്കുന്നവള്‍ക്ക് കിട്ടിയ അപ്പമായിരുന്നു ആ സ്വപ്നം. മദിരാശിയിലെ സമൃദ്ധി അവള്‍ സ്വപ്നം കണ്ടു. എന്നാല്‍, കൌമാരത്തിലെത്തിയപ്പോഴേക്കും ജീവിതം പെട്ടെന്ന് ട്രാക്ക് മാറി-വിവാഹം. അവിടെയും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. കണ്ണീരും കഷ്ട്ടപ്പാടുകളും മാത്രം. സഹികെട്ടപ്പോള്‍, പതിനാറാം വയസ്സില്‍ അന്നപൂര്‍ണ്ണിമാള്‍ക്കൊപ്പം വിജയലക്ഷ്മി മദിരാശിക്ക് വണ്ട് കയറി. 1977 ലെ ചുട്ടുപൊള്ളുന്ന ഒരു വേനല്‍ ദിനത്തില്‍ മദിരാശിയില്‍ വണ്ടിയിറങ്ങി. എല്ലാ സിനിമാമോഹികളെയുമെന്നപോലെ അവരും കോടമ്പക്കം വേല്‍ മുരുകനില്‍ അഭയം തേടി. അപര്‍ണ്ണയെന്ന ബി ഗ്രേഡ് നടിയുടെ വീട്ടുജോലിക്കാരിയും ടച്ച് അപ് ഗേളുമായി. മുരുകന്‍ കോവിലിനടുത്ത അപര്‍ണ്ണയുടെ വീട്ടിലെ ഒരു മൂലയില്‍ താമസം. പിഞ്ഞിക്കീറിയ വസ്ത്രം ധരിച്ച വിജയലക്ഷ്മി അപര്‍ണ്ണയുടെ വസ്ത്രങ്ങള്‍ അലക്കിയിരുന്നത് കൊതിയോടെയാവണം. എന്നെങ്കിലും അതുപോലെ മാന്യമായ വസ്ത്രം ധരിക്കാന്‍ കഴിയുമെന്ന മോഹത്തോടെ.
വെള്ളിവെളിച്ചത്തിലേക്ക് ഒരു സൂപ്പര്‍ താരത്തിന് അഞ്ഞൂറ് തവണ കിടന്ന് കൊടുക്കാമെന്ന വാക്ക് നല്‍കിയാണ് സില്‍ക്ക് സിനിമയിലെത്തിയതെന്നാണ് ‘ഡര്‍ട്ടി പിക്ചര്‍’ പറയുന്നത്. ആ വാഗ്ദാനം പാലിക്കാനും, വെള്ളിവെളിച്ചത്തില്‍ തുടരാനുമായി പലപ്പോഴായി സില്‍ക്ക് അയാളുമായി ബന്ധപ്പെട്ടതിന്റെ കണക്ക് ചിത്രത്തില്‍ കാണിക്കുന്നുമുണ്ട്. എന്നാല്‍, സത്യമെന്താണ്? 1979 ല്‍ മലയാളിയായ ആന്റണി ഈസ്റ്മാന്‍ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ പത്തൊന്‍പതാം വയസ്സിലാണ് സ്മിത സിനിമയിലെത്തിയത്. പുതിയ ചിത്രത്തില്‍ നായികയെത്തേടി കോടമ്പക്കത്തെത്തിയ ആന്റണി ഈസ്റ്മാന്‍ യാദൃശ്ചികമായാണ് വിജയലക്ഷ്മിയെ കണ്ടത്. കറുത്ത് മെലിഞ്ഞ ആ പെണ്‍കുട്ടിയുടെ കുറച്ച് ചിത്രങ്ങളെടുത്ത് ആന്റണി മടങ്ങി.
എന്നാല്‍,ചിത്രങ്ങളില്‍ ഒട്ടും തൃപ്തി തോന്നിയില്ല. രണ്ട് ദിവസം കഴിഞ്ഞ് ആ ഫോട്ടോകളില്‍ അവിചാരിതമായി കണ്ണുടക്കിയപ്പോള്‍ അവളുടെ വിടര്‍ന്ന കണ്ണുകള്‍ക്ക് എന്തോ ഒരു ആകര്‍ഷകത്വമുണ്ടെന്ന് ആന്റണി തിരിച്ചറിഞ്ഞു. അവള്‍ തന്നെ നായികയെന്ന് അയാള്‍ നിശ്ചയിച്ചു. ഹിന്ദി സിനിമയില്‍ സ്മിതാ പാട്ടീല്‍ ജ്വലിച്ചു നിന്ന കാലം. വിജയലക്ഷ്മിയെന്ന പേര് സ്മിതയെന്ന് മാറ്റി അവളെ സിനിമയിലേക്ക് ജ്ഞാനസ്നാനം ചെയ്യിച്ചു. ആദ്യ ചിത്രത്തിന്റെ പ്രതിഫലമായി 1500 രൂപയുടെ ചെക്ക് വാങ്ങുമ്പോള്‍ അവള്‍ അമ്മയെ ഓര്‍ത്തു. നടി സാവിത്രിയെപ്പോലെയാവണമെന്ന സ്വപനങ്ങളെക്കുറിച്ചോര്‍ത്തു. കണ്ണീരിലൂടെ തന്റെ ജീവിതം എങ്ങോട്ടോ യാത്ര തുടങ്ങുന്നത് അവളറിഞ്ഞു.
സില്‍ക്ക് ആവുന്നു തീക്ഷ്ണമായ കണ്ണുകളും, വശ്യമായ പുഞ്ചിരിയും, നിഷ്കളങ്കമായ ലജ്ജാശീലവുമുള്ള വിജയലക്ഷ്മിയെന്ന സ്മിത എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ശോഭയെ നായികയാക്കാനായിരുന്നു ആന്റണി നിശ്ചയിച്ചിരുന്നത്. പക്ഷെ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ശോഭ ആത്മഹത്യ ചെയ്തു. ശോഭയ്ക്ക് പകരക്കാരിയായി എത്തിയ സ്മിതയുടെ ജീവിതവും ആത്മഹത്യയില്‍ അവസാനിച്ചത് യാദൃചികമാകാം.
‘ഇണയെത്തേടി’യുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ സ്മിതയെത്തേടി അടുത്ത ചിത്രമെത്തി. വിനു ചക്രവര്‍ത്തിയുടെ ‘വണ്ടി ചക്രം’. തമിഴ് നാടോടികളുടെ കഥപറഞ്ഞ ആ ചിത്രത്തില്‍ നടന്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാറായിരുന്നു നായകന്‍. വണ്ടിചക്രത്തില്‍ ‘വാ മച്ചാ വാ വണ്ണാറപ്പേട്ടേ…’ എന്നുതുടങ്ങുന്ന ചാരായ ഷോപ്പിലെ ഒരു ഗാനരംഗം സ്മിതയെ ജനപ്രിയയാക്കി. ഈ ഗാനത്തിന് ഈണം പകര്‍ന്നത് ഇളയരാജയായിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ‘സില്‍ക്ക്’ അവരുടെ പേരിനോട് നൂലിഴപോലെ ചേര്‍ന്നു. അങ്ങിനെ സ്മിത സില്‍ക്ക് സ്മിതയായി.
വെറും മേനി പ്രദര്‍ശനം മാത്രമായിരുന്നില്ല സില്‍ക്ക് സ്മിതയുടെ അഭിനയ ജീവിതം. എന്നും ഓര്‍മിക്കപ്പെടുന്ന ചില നല്ല വേഷങ്ങളും സില്‍ക്കിനെ തേടി വന്നിട്ടുണ്ട്. ബാലു മഹേന്ദ്രയുടെ ‘മൂന്റ്രാം പിറൈ’, ഭാരതി രാജയുടെ ‘അലൈകള്‍ ഒഴിവതില്ലേ’ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഉദാഹരണമാണ്. വെറും ലൈംഗിക വഷളത്തരം മാത്രമായി വഴുതിപോകാമായിരുന്ന പല വേഷങ്ങളും അഭിനയ ശേഷി കൊണ്ട് സില്‍ക്ക് വ്യത്യസ്തവും മികവുറ്റതുമാക്കി. പക്ഷെ സിനിമാലോകവും പ്രേക്ഷകരും അവരെ സെക്സ് സിംബലായി തളച്ചിടുകയായിരുന്നു. ആ നാലാം ക്ലാസ്സുകാരി നാട്ടിന്‍പുറത്തുകാരിക്ക് അതില്‍ പരാതികളൊന്നുമില്ലായിരുന്നു. ജീവിതവും സ്വപ്നങ്ങളും അവരെ അത്രമേല്‍ ആഴത്തില്‍ പോറലേല്‍പ്പിച്ചിരുന്നു. ‘ഡര്‍ട്ടി പിക്ച്ചറില്‍’ സ്മിത പറയുംപോലെ ‘സിനിമ മൂന്ന് കാര്യങ്ങള്‍ക്കായാണ് നിര്‍മ്മിക്കുന്നത്. ഒന്ന്, എന്റര്‍ടൈന്‍മെന്റ്… രണ്ട്, എന്റര്‍ടൈന്‍മെന്റ്, മൂന്ന് എന്റര്‍ടൈന്‍മെന്റ്’. ആ എന്റര്‍ടൈന്‍മെന്റിന്റെ അവസാന വാക്കായി സില്‍ക്ക് മാറുകയായിരുന്നു.
സ്മിത
ഐറ്റം നമ്പര്‍ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ കാലമായിരുന്നു പിന്നീട്. ബൊളീവുഡില്‍ ഹെലന്‍ തുടക്കമിട്ട ക്യാബറെ തരംഗത്തിന് തെന്നിന്ത്യയില്‍ ആദ്യം ചുവടുവെച്ചത് ജയമാലിനിയും ജ്യോതിലക്ഷ്മിയുമായിരുന്നു. എന്നാല്‍ സില്‍ക്ക് സ്മിതയാണ് ഗ്ലാമര്‍ ഗേള്‍ എന്ന പദവി നേടിയെടുത്തത്. എണ്‍പതുകളുടെ അവസാനപകുതിയും തൊണ്ണൂറുകളുടെ തുടക്കവും തെന്നിന്ത്യന്‍ സിനിമ സില്‍ക്കിന് ചുറ്റും ഭ്രമണം ചെയ്തു. സില്‍ക്ക് ഒരു അനിവാര്യതയായി. തെന്നിന്ത്യന്‍ സിനിമ വന്‍ മാറ്റങ്ങള്‍ക്ക് വഴിമാറിയ ഒരു കാലഘട്ടം കൂടിയായിരുന്നു അത്.
പാശ്ചാത്യ സിനിമകളുടെ തനി പകര്‍പ്പുകള്‍ വാണിജ്യപരമായ എല്ലാ മസാലകളോടെയും തിയറ്ററുകളിലെത്തി. കൌബോയികള്‍ മെക്സിക്കന്‍ കാടിറങ്ങി മുരുഗനും രംഗനുമെല്ലാമായി കോടമ്പാക്കത്ത് കുതിരയെ ഓടിച്ച് നടന്നു. ജയിംസ് ബോണ്ട് പ്രീമിയര്‍ പദ്മിനിയില്‍ കുറ്റവാളികളെ തേടിനടന്നു. സിസിലിയിലെ മാഫിയാ ഡോണുകള്‍ തയിര്‍ സാദവും മേദു വടയും കഴിച്ചു.
ടെലിവിഷന്‍ സാധാരണമാകാന്‍ തുടങ്ങിയിരുന്നു. തിയറ്ററുകളിലെത്തിയിരുന്ന സ്ത്രീ പ്രേക്ഷകരെ ടെലിവിഷന്‍ കവര്‍ന്നെടുത്തു. അതോടെ യുവാക്കളെ പിടിച്ചിരുത്താന്‍ ഐറ്റം നമ്പരുകള്‍ അനിവാര്യതയായി. മറുവശത്ത് ഗ്രാമജീവിതത്തിന്റെയും മണ്ണിന്റെ മണവും പെണ്ണിന്റെ കരുത്തുമുള്ള കഥകളുമായി ബാലു മഹേന്ദ്രയും ഭാരതി രാജയുമെല്ലാം. ഈ രണ്ട് ഇടങ്ങളിലും സില്‍ക്ക് നിറഞ്ഞു നിന്നു. മിന്നിതിളങ്ങുന്ന മിനി സ്കര്‍ട്ടില്‍ നിന്നു നിറം മങ്ങിയ ഹാഫ് സാരിയിലേക്കും തിരിച്ചും സില്‍ക്ക് അനായാസം കൂടുമാറി. ഓടിനടന്ന് അഭിനയിച്ച നാളുകള്‍.
‘ഒരുപാട് സംവിധായകരെ സിനിമാ രംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചതും ഒരുപാട് നിര്‍മ്മാതാക്കളെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചതും സില്‍ക്കാണ്. ആ കാലത്ത് പല ചെറുകിട സ്റുഡിയോകളും നിര്‍മ്മാണ കമ്പനികളും നിലനിന്നുപോന്നത് സില്‍ക്ക് മാന്ത്രികതയിലായിരുന്നു.’^ ചെന്നൈയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ആ കാലം ഇങ്ങനെ ഓര്‍ക്കുന്നു.
‘വളരെ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സില്‍ക്കുമായി പരിചയമുണ്ടായിരുന്നത്. ഗോസിപ്പ് കോളങ്ങളെക്കുറിച്ച് അവര്‍ വ്യാകുലയായിരുന്നില്ല. സില്‍ക്കുമായി വളരെ നല്ല സൌെഹൃദമുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ‘സ്ക്രീനിന്റെ’ കറസ്പോണ്ടന്റ് ആയിരുന്ന വി.ശേഖറായിരുന്നു^ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ട്ടൂണിസ്റ് ശങ്കറിന്റെ അനന്തിരവനായിരുന്നു ബാലചന്ദ്രന്‍ എന്ന ശേഖര്‍.
പാന്‍കേക്കിലെ മുങ്ങിക്കുളി അക്കാലത്ത് നായികമാര്‍ ‘കുടുംബത്തില്‍ പിറന്ന സല്‍ സ്വഭാവി’കളായിരുന്നു. നായകന്റെ പുരുഷാര്‍ത്ഥത്തെ പൂര്‍ണ്ണമാക്കിയിരുന്നത് സില്‍ക്കിനെപ്പോലെയുള്ളവരുടെ നൃത്തരംഗങ്ങളായിരുന്നു. ഒരു നൃത്തത്തിന് സില്‍ക്ക് 50,000 രൂപവരെ വാങ്ങിയിരുന്നു. നൃത്തം പഠിച്ചിട്ടില്ലാത്ത സില്‍ക്ക് ഡാന്‍സ് മാസ്റര്‍മാരുടെ നിദ്ദേശങ്ങള്‍ക്കനുസരിച്ച് ചുവടുവെച്ചു. മാദകനൃത്തത്തിന് പുതിയ മാനംനല്‍കി. ‘പാന്‍ കേക്കില്‍ മുങ്ങിക്കുളിച്ചാലേ ഒരു വിധത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ’-എന്ന് പാതി കളിയായും പാതി കാര്യമായും തന്റെ ഇരുണ്ട മേനിയെക്കുറിച്ച് സില്‍ക്ക് പറയുമായിരുന്നു.
ദിവസവും മൂന്നും നാലും ഡാന്‍സുകള്‍. പെട്ടിയില്‍കിടന്ന പല ചിത്രങ്ങളും സില്‍ക്കിന്റെ പാട്ടുചേര്‍ത്ത് തിയറ്ററുകലെത്തി പണം വാരി. സില്‍ക്കിന്റെ പാട്ടുകളെ എണ്ണം കണക്കാക്കിയായിരുന്നു ചിത്രങ്ങളുടെ വില്‍പ്പനയും പ്രചാരണവും. നായകനും നായികയും ആരായിരുന്നാലും സില്‍ക്കിന്റെ കാള്‍ ഷീറ്റിനായിരുന്നു വില. രജനികാന്ത്, ധര്‍മേന്ദ്ര, കമല്‍ഹാസന്‍, ശോഭന്‍ ബാബു, ചിരഞ്ജീവി, മോഹന്‍ ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം സില്‍ക്ക് അഭിനയിച്ചു.
എന്‍.ടി രാമറാവു തന്റെ രാഷ്ട്രീയ പ്രവേശനം മുന്‍നിര്‍ത്തി നിര്‍മിച്ച ‘നാ ദേശം’ എന്ന ചിത്രത്തില്‍ ജനപ്രിയതയ്ക്കായി സില്‍ക്കിന്റെ ഡാന്‍സ് ഉള്‍പ്പെടുത്തി. സില്‍ക്കിന്റെ പേരില്‍ ഫില്‍ട്ടര്‍ കോഫി, സില്‍ക്ക് കടിച്ച ആപ്പിളിന് വന്‍ തുകയ്ക്ക് ലേലം അങ്ങിനെ പോയി ആഘോഷങ്ങള്‍.
സ്മിത
‘ആ അമ്മ ഒറ്റക്കിരുന്ന് കരഞ്ഞു’ ആ ആഘോഷങ്ങളിലും സില്‍ക്ക് ഒറ്റപ്പെട്ടു നിന്നതായി പഴയ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഓര്‍മ്മകള്‍ അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പേരിലെ സ്മിതവും തിളക്കവും ജീവിതത്തിനുണ്ടായിരുന്നില്ല. വല്ലാത്തൊരു വിഷാദഭാവം അവരില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമാലോകത്ത് അവര്‍ക്ക് ആരോടും അടുപ്പമുണ്ടായിരുന്നില്ല. ‘ആ അമ്മ ആരോടും സംസാരിക്കാറില്ല. ബന്ധങ്ങളില്ല. മിക്കപ്പോഴും മിണ്ടാതെയിരിക്കും. പക്ഷെ ഞങ്ങളോടൊക്കെ വലിയ സ്നേഹമായിരുന്നു. വീട്ടിലേക്ക് പോകുമ്പോള്‍ പലപ്പോഴും ഒറ്റയ്ക്കിരുന്നു കരയാറുണ്ട്’^ കോടമ്പക്കത്തെ വിവിധ സ്റുഡിയോകളില്‍ ഡ്രെെവറായിരുന്ന പളനിയപ്പന്‍ പറയുന്നു.
പറയാനുള്ളത് ആരുടേയും മുഖത്തുനോക്കി പറയുമായിരുന്നു അവര്‍. താര ദൈവങ്ങളെ സില്‍ക്ക് ഭയപ്പെട്ടിരുന്നില്ല. ഇതിന് അടിവരയിടുന്ന ഒരു സംഭവം സ്റുഡിയോ ഫ്ലോര്‍ മാനേജരായിരുന്ന രവിയുടെ ഓര്‍മ്മയിലുണ്ട്. ‘ശിവാജി ഗണേശന്റെ ഒരു സിനിമയുടെ സെറ്റായിരുന്നു അത്. മുഴുവന്‍ ക്രൂവും ശിവാജിയെത്തുന്നത് കാത്തിരുന്നു. ശിവാജിയെത്തി.എല്ലാവരും ഭയഭക്തി ബഹുമാനങ്ങളോടെ എഴുന്നേറ്റുനിന്നു. അതൊരു ചിട്ടയായിരുന്നു. സില്‍ക്ക് മാത്രം കാലിന്മേല്‍ കാല്‍കയറ്റിവെച്ച് ഇരുന്നു. ശിവാജി ഒന്ന് തറപ്പിച്ചു നോക്കി കടന്നു പോയി. എല്ലാവരും ചോദിച്ചപ്പോള്‍ സില്‍ക്ക് പറഞ്ഞു ‘ ഞാന്‍ എന്റെ കാലിലാണ് കാല്‍കയറ്റിവെച്ച് ഇരുന്നത് അദ്ദേഹത്തിന്റെയല്ലല്ലോ. ഇങ്ങനെയായിരുന്നു സില്‍ക്ക്. എങ്ങിനെ പ്രതികരിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല’^രവി പറയുന്നു.
അപൂര്‍ണ വിരാമം എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു; അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല. ഇത് ഹെമിംഗ് വേയുടെ വാക്കുകള്‍. കോടമ്പാക്കം മസൂരി സ്ട്രീറ്റിനടുത്ത് താമസിക്കുന്ന ശാന്തിയെന്ന പഴയകാല ജൂനിയര്‍ ആര്‍ട്ടിസ്റ് സ്മിതയുടെ അവസാന നാളുകള്‍ ഓര്‍ത്തെടുത്തപ്പോള്‍ മനസ്സിലെത്തിയത് എന്തുകൊണ്ടോ ഹെമിങ്വേയാണ്.സ്മിതയുടെ അവസാനനാളുകളിലെ ദുരൂഹതകളും മരണത്തില്‍ ബാക്കിനില്‍ക്കുന്ന സംശയങ്ങളുമായിരുന്നു ശാന്തിയുടെ വാക്കുകളില്‍ നിറയെ.
മുപ്പത്തിയഞ്ചാം വയസ്സില്‍ തന്റെ ജീവിതകഥയവസാനിപ്പിച്ച സില്‍ക്കിന്റെ മരണത്തിന് ചിത്രത്തില്‍ കാല്‍പ്പനികഭാവം പകരാനാണ് ‘ഡര്‍ട്ടി പിക്ച്ചറി’ന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുള്ളത്. ഉറക്കഗുളികകളിലൂടെ ശാന്തിയുടെ തീരമണഞ്ഞുവെന്നാണ് ചിത്രത്തില്‍. എന്നാല്‍, ജീവിതത്തില്‍ ആ മരണം അതു പോലെയായിരുന്നില്ല. 1996 സെപ്റ്റംബര്‍ 23 ന് ഒരുപാട് ചോദ്യങ്ങളവശേഷിപ്പിച്ച് ചെന്നൈയിലെ സാലിഗ്രാമിലുള്ള തന്റെ ഫ്ലാറ്റില്‍ സീലിംഗ് ഫാനിലെ സാരിക്കുരുക്കില്‍ അവര്‍ ജീവിതമവസാനിപ്പിച്ചു.
ഡര്‍ടി പിക്ചറില്‍ വിദ്യാ ബാലന്‍
ബാധ്യതകള്‍, നഷ്ടങ്ങള്‍
മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് സ്മിതക്ക് സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. അവസരങ്ങള്‍ കുറഞ്ഞതും അവരെ അലട്ടി. ഒപ്പം ഏകാന്തതയും. ഗ്ലാമര്‍ നൃത്തരംഗത്തേയ്ക്ക് പുതിയ തലമുറ കടന്നു വന്നു. നായികമാര്‍ തന്നെ ‘സില്‍ക്ക് റൂട്ട്’ തെരഞ്ഞെടുത്തു. ഈ കാലത്തെക്കുറിച്ച് അവര്‍ ഒരിക്കല്‍ പറഞ്ഞ കമന്റ് രസകരമായിരുന്നു. ‘സ്മിതയെ ആര്‍ക്കും വേണ്ടാതായതല്ല . എല്ലാവരും സില്‍ക്കാവാന്‍ ശ്രമിക്കുകയാണ്.’
ഇതിനിടയിലാണ് ഡോക്ടര്‍ രാധാകൃഷ്ണ മൂര്‍ത്തി സ്മിതയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഭാര്യയും കുട്ടികളുമൊക്കെയുള്ള മൂര്‍ത്തി സ്മിതയുടെ ഒരകന്ന ബന്ധുവായിരുന്നു. മൂര്‍ത്തിയെ’താടിക്കാരന്‍’ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.
സ്മിതയോടൊപ്പം എല്ലായ്പോഴും ഇയാള്‍ കൂടെയുണ്ടാകും. കാര്‍ക്കശ്യത്തിന്റെയും നിയന്ത്രണത്തിന്റെയും ആള്‍രൂപമായി. സ്മിത വല്ലാതെ വീര്‍പ്പുമുട്ടിയിരുന്നുവെത്രേ. ഒരു സഹസംവിധായകന്‍ വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കി സ്മിതയെ വഞ്ചിച്ചതായും പറയുന്നു. തന്റെ സ്വത്തുക്കള്‍ അമ്മയ്ക്കും മൂര്‍ത്തിയുടെ മക്കള്‍ക്കും വീതിച്ചു നല്‍കിയാണ് സ്മിത ജീവിനൊടുക്കിയത്.
ആ മരണത്തിനു പിന്നില്‍ മോഹഭംഗങ്ങളും പരാജയഭീതിയും സ്മിതയെ വല്ലാതെ തളര്‍ത്തിയിരുന്നതായി മാധ്യമപ്രവര്‍ത്തകനായ ശ്രീനിവാസന്‍ ഓര്‍ക്കുന്നു. ‘ഒന്നുമില്ലായ്മയിലേക്ക് വീണ്ടും പടിയിറങ്ങേണ്ടിവരുമോ, കോടമ്പാക്കത്ത് അനാഥയെപ്പോലെ അലയേണ്ടിവരുമോ എന്നെല്ലാം സ്മിത ഭയന്നിരുന്നു’. എന്നാല്‍, ശാന്തിയുടെ അഭിപ്രായം മറ്റൊന്നാണ്. സ്മിതയെപ്പോലെ ജീവിതത്തെ ചെറുത്ത് തോല്‍പ്പിച്ചൊരാള്‍ വെറും പരാജയ ഭീതികൊണ്ടു മാത്രം മരണത്തിന് കീഴടങ്ങുമെന്ന് ശാന്തി വിശ്വസിക്കുന്നില്ല.
തെലുങ്കില്‍ എഴുതിയ സ്മിതയുടെ ആത്മഹത്യാക്കുറിപ്പ് ചില സൂചനകള്‍ നല്‍കുന്നുണ്ട്. ‘ഞാന്‍ ഒരാളെ അന്ധമായി സ്നേഹിച്ചു. വിശ്വസിച്ചു. എല്ലാം അയാള്‍ക്ക് നല്‍കി. പക്ഷെ അയാള്‍ എന്നെ എല്ലാ അര്‍ത്ഥത്തിലും വഞ്ചിച്ചു’-സ്മിതയുടെ ആത്മഹത്യാക്കുറിപ്പിലെ ഈ വാക്കുകള്‍ ആര്‍ക്കു നേരെയാണ് വിരല്‍ ചൂണ്ടുന്നത്? ഉത്തരം പലര്‍ക്കും പലതാണ്.
സ്മിതയുടേത് ആത്മഹത്യതന്നെയാണോ അതോ കൊലപാതകമാണോ എന്ന് സംശയിക്കുന്നവരും കോടമ്പാക്കത്തിന്റെ ശിഷ്ട്ട ജീവിതങ്ങളിലുണ്ട്. മരണത്തിലേക്ക് നടന്ന രണ്ട് ദിവസം സ്മിത കാര്യമായ ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. സ്മിതയെ വിഗ്രഹവത്കരിക്കുകയല്ല. ചില ജീവിതങ്ങളെ നമുക്ക് ഇഷ്ട്ടപെടുകയോ വെറുക്കുകയോ ചെയ്യാം പക്ഷെ ഒരിക്കലും മാറ്റിനിര്‍ത്താനാകില്ല. സ്മിതയും അങ്ങിനെ തന്നെ. പേരിലെ പട്ടുനൂല്‍ തിളക്കത്തിനും, മന്ദസ്മിതത്തിനുമപ്പുറം വേദനകളുടെ ഉള്‍ച്ചൂടായിരുന്നു അവരുടെ ജീവിതം നിറയെ. ആസക്തി കൊണ്ട് ലോകം കൊളുത്തിവലിച്ച ആ സ്വപ്നാഭക്കുള്ളിലെ ഉണങ്ങാത്ത മുറിവുകള്‍ എല്ലാവരും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.
സ്മിതയ്ക്ക് നമ്മോട് പറയാന്‍ ഒരു ജീവിതമുണ്ടായിരുന്നു. കണ്ണീരിന്റെ, കഷ്ട്ടപ്പാടുകളുടെ, വളര്‍ച്ചയുടെ, വന്‍വീഴ്ചയുടെ ജീവിതം. സിനിമയുടെ മാസ്മരികതയ്ക്കപ്പുറം വെളിച്ചം തേടിവന്ന് ഈയ്യാംപാറ്റകളെപ്പോലെ പിടഞ്ഞു മരിച്ച, മരിച്ചുകൊണ്ടിരിക്കുന്ന നമ്മളറിയാത്ത ഒരുപാട് ജന്മങ്ങളുടെ പേരാകുന്നു, വാസ്തവത്തില്‍ സില്‍ക്ക് സ്മിത.
അണക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കപ്പെടെണ്ടത് തന്നെയാണ്. അതുപക്ഷെ ഇങ്ങനെയല്ല. രമ്യവും ശാശ്വതവും യുക്തിഭദ്രവുമായി പരിഹരിക്കേണ്ട പ്രശ്നത്തെ വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പകയുടെ തലത്തിലേക്ക് വളര്‍ത്തരുത്. ‘തമിഴനെ കണ്ടാല്‍ പച്ചക്ക് തീകൊളുത്തണം’ എന്ന മട്ടില്‍ മലയാളിയും മലയാളിയുടെ ശവമടക്ക് നടത്തണമെന്ന് തമിഴ്നാട്ടുകാരും പറയുന്ന വിധത്തില്‍ കപട ദേശീയതയുടെ ആഘോഷമായി ഈ ഇഷ്യൂ വളര്‍ത്തുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല- പി.ബി അനൂപ് എഴുതുന്നു
അര്‍ദ്ധരാത്രി. കൂരാകൂരിട്ട്.. ചുറ്റും നിശബ്ദത…
ഇടപെടുന്നതില്‍ ക്ഷമിക്കണം. പി.വി തമ്പിയുടെയോ ഏറ്റുമാനൂര്‍ ശിവകുമാറിന്റെയോ ഹൊറര്‍ നോവലിനെപ്പറ്റിയല്ല. കഴിഞ്ഞ ദിവസം ഉറക്കം കളഞ്ഞ ഒരു ഫോണ്‍കോളിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പേരറിയാത്ത ഒരു മലയാളി സുഹൃത്തിന്റെയായിരുന്നു കോള്‍. പേര് പറയാന്‍ നില്‍ക്കാതെ ‘നേരെയങ്ങ് മാറ്ററിലേക്ക് വരികയായിരുന്നു.’
“നിങ്ങളാണല്ലേ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള സുബ്രഹ്മണ്യ സ്വാമീടെ വാര്‍ത്ത കൊടുത്തത്. ഐ.ഐ.ടി റിപ്പോര്‍ട്ട് വ്യജമാണെങ്കില്‍ ആ സ്വാമീടെ തന്തയും വ്യാജമാണ്. നിങ്ങളൊക്കെ അങ്ങ് ചെന്നൈയിലല്ലേ ഇരിക്കുന്നത് മുല്ലപ്പെരിയാര്‍ പൊട്ടിയാലും കുഴപ്പമില്ലല്ലോ.ഇത് എന്റെയൊക്കെ ജീവിത പ്രശ്നാ . ഒരു തമിഴനെ കിട്ട്യാല്ണ്ടല്ലോ തല്ലിക്കൊല്ലും” രണ്‍ജിപണിക്കരുടെ തിരക്കഥയില്‍ ഷാജികൈലാസൊരുക്കിയ ചിത്രത്തിലെ തീപാറുന്ന ഡയലോഗ് പോലെ പ്രാസമൊപ്പിച്ച് നാല് കാച്ച്.
മറുപടി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ നമ്മുടെ ‘ഭരത് ചന്ദ്രന്‍’ ( പേരറിയാത്തതുകൊണ്ടും പ്രാസമൊപ്പിച്ച് തെറി പറഞ്ഞതുകൊണ്ടും അങ്ങിനെ വിളിക്കാം) ഫോണ്‍വെച്ചു.” ഡാം പൊട്ടിയാലും ഇല്ലെങ്കിലും ഇവനെയൊക്കെ ന്യായീകരിക്കുന്ന നിന്റെ കരണം പൊട്ടും അതൊറപ്പാ” ഫോണ്‍വെയ്ക്കും മുന്‍പ് ഒരു ജാഗ്രതാ നിര്‍ദേശവും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ശരിവെക്കും വിധത്തില്‍ റൂര്‍ക്കി ഐ.ഐ.റ്റി പഠന റിപ്പോര്‍ട്ട് നല്‍കിയെന്ന കേരളത്തിന്റെ വാദം വ്യാജമാണെന്ന് ജനതാപ്പാര്‍ട്ടി അധ്യക്ഷന്‍ സ്വാമി പറഞ്ഞെന്ന വാര്‍ത്തയാണ് നമ്മുടെ ഭരത് ചന്ദ്രനെ ‘ഷിറ്റാന്‍’ പ്രേരിപ്പിച്ചത്.
തമിഴ് വിരുദ്ധ തരംഗം കഴിഞ്ഞ കുറച്ച് നാളുകളായി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തില്‍ അണപൊട്ടിയൊഴുകുന്ന ‘ തമിഴ് വിരുദ്ധ’ വികാരത്തിന്റെ അലയൊലിയാണ് ആ ഫോണ്‍കോള്‍. സൈബര്‍ ലോകത്ത് അഭിരമിച്ചിരുന്ന ‘ഭൂ’ലോക മലയാളികള്‍ മറ്റൊരു മുല്ലപ്പൂ വിപ്ലവത്തിനായി സംഘടിച്ചു. വയനാട്ടിലെ കര്‍ഷക ആത്മഹത്യയും വിലക്കയറ്റവും ചെറുകിടകച്ചവട രംഗത്തെ കുത്തകവത്കരണവും കണ്ടില്ലെന്നുനടിച്ച് മുല്ലപ്പെരിയാറിനെ ചൊല്ലി കരുണാനിധിയും, ജയലളിതയെയും പിന്നെ പേരറിയാവുന്ന ‘അണ്ണാച്ചി’ നേതാക്കളെയും തെറിവിളിച്ചു. ജെ.പി ദത്തയുടെയും മേജര്‍ രവിയുടെയും പട്ടാള മസാല സിനിമകളിലെ പാകിസ്ഥാനെപ്പോലെ തമിഴ്നാടിനെ വെറുത്തു. എല്ലാത്തിനും ഫെയ്സ്ബുക്കുടമ മാര്‍ക്ക് സുകെര്‍ബെര്‍ഗ് കൊച്ചേട്ടന് സ്തുതി!
ഫേസ്ബുക്കില്‍ തമിഴനെതിരായ് വന്ന പതിനെട്ടടവുകളില്‍ ചിലതിങ്ങനെ: 1. ‘ശബരിമലയില്‍ വരുന്ന പാണ്ടി അയ്യപ്പ ഭക്തര്‍ക്ക് ഡാം 999 സിനിമയുടെ ഡിവിഡി കൊടുക്കുക’ ( തമിഴരെ ശബരിമലയില്‍ കയറ്റില്ല എന്ന് പറയാഞ്ഞത് ഭാഗ്യം! അല്ലെങ്കില്‍ ശമ്പളം കൊടുക്കാന്‍ കേരളസര്‍ക്കാര്‍ വലഞ്ഞേനെ. അല്ലെങ്കിലും പ്രതിഷേധിക്കുമ്പോഴും പ്രായോഗികത നോക്കുന്നവരാണല്ലോ നമ്മള്‍!) ‘ 2. തമിഴ് സിനിമകള്‍ നിരോധിക്കുക’ ( നമ്മള്‍ വേണം എന്ന് വിചാരിച്ചാലും നമ്മുടെ തിയറ്റര്‍ ഉടമകള്‍ സമ്മതിക്കില്ല. കാര്യം നമുക്ക് കുറേ സൂപ്പര്‍ സ്റാറുകള്‍ ഉണ്ടെങ്കിലും തീിയറ്റര്‍ ഉടമകള്‍ക്ക് പത്ത് പുത്തന്‍ കിട്ടണേല്‍ പാണ്ടിപ്പടം തന്നെ ഓടണം! )
3. തമിഴനുണ്ടാക്കുന്ന പച്ചക്കറി ഒരു കാരണവശാലും വായിലേക്ക് കൊണ്ടുപോവാതിരിക്കുക. അവരുടെ വിപണി തകര്‍ക്കുക. ( തമിഴ്നാട്ടില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കള്‍ ബഹിഷ്കരിച്ചാല്‍, പിന്നെ അണ പൊട്ടുന്നത് കാത്തുനില്‍ക്കേണ്ടി വരില്ല. പട്ടിണി കിടന്നു ചാവും!
അങ്ങിനെ നീളുന്നു തമിഴ്നാടിനെതിരായ പടപ്പുറപ്പാടുകള്‍. ഇത്രയും പറയുമ്പോള്‍ ഞാന്‍ തമിഴ് വാഴ്ത്ത് പറയാന്‍ തുടങ്ങുകയാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അണക്കെട്ടു സുരക്ഷയുടെ പേരു പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ കൊഴുക്കുന്ന ചര്‍ച്ചയും അതിലെ അസംബന്ധവും ചൂണ്ടിക്കാട്ടുക മാത്രമാണ്. അണക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കപ്പെടെണ്ടത് തന്നെയാണ്. അതുപക്ഷെ ഇങ്ങനെയല്ല. രമ്യവും ശാശ്വതവും യുക്തിഭദ്രവുമായി പരിഹരിക്കേണ്ട പ്രശ്നത്തെ വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പകയുടെ തലത്തിലേക്ക് വളര്‍ത്തരുത്. ‘തമിഴനെ കണ്ടാല്‍ പച്ചക്ക് തീകൊളുത്തണം’ എന്ന മട്ടില്‍ മലയാളിയും മലയാളിയുടെ ശവമടക്ക് നടത്തണമെന്ന് തമിഴ്നാട്ടുകാരും പറയുന്ന വിധത്തില്‍ കപട ദേശീയതയുടെ ആഘോഷമായി ഈ ഇഷ്യൂ വളര്‍ത്തുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.
സുബ്രഹ്മണ്യ സ്വാമീ
കുളം കലക്കലും മീന്‍പിടിക്കലും കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയാണ്. ദ്രാവിഡ വൈകാരികതയില്‍ തമിഴ് രാഷ്ട്രീയം കെട്ടിപ്പൊക്കിയതാണ് തമിഴക രാഷ്ട്രീയം. എന്നാല്‍, കേരളത്തിന്റെ രാഷ്ട്രീയം അതല്ല. വംശ, ദേശീയതാ വാദമല്ല, പച്ച രാഷ്ട്രീയമാണ് നമ്മുടെ വഴി. ഈ പതിവുതെറ്റിച്ചാണ് അന്ധമായ ദേശീയതാ വാദമുയര്‍ത്തുന്ന ഒരു സിനിമ കേരളത്തില്‍നിന്ന് പുറത്തിറങ്ങിയത്. ഡാം 999 എന്ന ഒരു ത്രീ ഡി സിനിമ അവരാഗ്രഹിച്ച പോലെ തന്നെ വിവാദമായി. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പും, തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുമുള്‍പ്പെടെ ജനവിധികളില്‍ നിലംതൊടാതെ എട്ടുനിലയില്‍ പൊട്ടിയ ദ്രാവിഡപാര്‍ട്ടികള്‍ മാത്രമാണ് ആ സിനിമയെ എതിര്‍ത്തത്. നേതാക്കള്‍പോലും പാര്‍ട്ടികളെ മറക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കു രക്ഷപ്പെടാന്‍ കിട്ടിയ അവസാനത്തെ കാച്ചിത്തുരുമ്പായിരുന്നു ഈ ‘മല്ലു ഹോളീവുഡ് മൂവി’. തമിഴ് വികാരം ഇളക്കി വിട്ട് ജനങ്ങളെ തെരുവിലിറക്കാനുള്ള വെള്ളിത്തിര രാഷ്ട്രീയത്തിന്റെ ഈ അപകടം മണത്തറിഞ്ഞാണ് മുഖ്യമന്ത്രി ജയലളിത ചിത്രത്തിന്റെ റിലീസിംഗ് തടഞ്ഞത്.
സാധാരണ തമിഴന്‍ ഇതൊന്നും ശ്രദ്ധിച്ചതേയില്ല എന്നതാണ് വാസ്തവം. ഇന്നലെ രാത്രി ഈ ചിത്രം കണ്ട് തലതല്ലി മരിക്കാന്‍ തോന്നിയ നാട്ടിലെ എന്റെ സുഹൃത്ത് ഈ ചിത്രം കേരളത്തിലും നിരോധിക്കണം എന്ന് പറഞ്ഞത് പാഠഭേദം!
കഴിഞ്ഞ നിയമ സഭാതെരഞ്ഞെടുപ്പില്‍ മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയത് കരുണാനിധിയാണ്. പാറയില്‍ ചിരട്ട ഉരയ്ക്കുംപോലുള്ള തന്റെ ശബ്ദത്തില്‍ കലൈഞ്ജര്‍ ഇതും പറഞ്ഞ് മുരടനക്കാന്‍ തുടങ്ങിയിട്ടും ആളുകള്‍ക്ക് കിലുക്കത്തിലെ ഇന്നസന്റിന്റെ ‘ ഇതെത്ര കേട്ടതാ’ എന്ന ഭാവമായിരുന്നു. “ആരുടേയും ജീവന് ഞങ്ങള്‍ ഭീഷണിയല്ല… പക്ഷെ ഞങ്ങള്‍ക്ക് വെള്ളം വേണം” എന്നാണ് തമിഴ്നാട്ടിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും പറയുന്നത്. ( തീര്‍ച്ചയായും അങ്ങനെയല്ലാതെ കുരക്കുന്നവരുണ്ടിവിടെ. പക്ഷേ, പേടിക്കേണ്ട അവ കടിയ്ക്കില്ല)! പ്രശ്ന പരിഹാരത്തിന്റെ വാതില്‍ ഇപ്പോളും തുറന്നുതന്നെയാണ് കിടക്കുന്നത് എന്ന് വ്യക്തം. പിന്നെയീ അങ്കക്കലിയെന്തിന് ?
കരുണാകരനും എം.ജി.ആറും മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട രസകരവും കൌതുകകരവുമായ അനേകം വാമൊഴി വഴക്കങ്ങളും, അണിയറക്കഥകളും രേഖാ ചരിത്രങ്ങളും തമിഴകത്തുണ്ട്. സുബ്രഹ്മണ്യം സ്വാമിയുടെ ഭാഷയില്‍ അതിലൊന്ന് ഇങ്ങനെയാണ്.
തുറന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇടുക്കി ഡാമില്‍ കണക്കുകൂട്ടിയിരുന്ന ജലനിരപ്പ് എത്തിയില്ല . വര്‍ഷത്തില്‍ രണ്ട് തവണ ജലനിരപ്പ് പരമാവധി എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഈ വിഷയത്തില്‍ ഒരു യോഗം ചേര്‍ന്നു. ആ യോഗത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പരമേശ്വരന്‍ നായര്‍ പറഞ്ഞ ഒരു തമാശയാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം വഴിവെച്ചത്. ‘മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറച്ചാല്‍ ആ വെള്ളമൊഴുകി ഇടുക്കി ഡാമിലെത്തും!’-ഇതായിരുന്നു നായരുടെ കമന്റ്. ലീഡര്‍ അതിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. കരുണാകരന്‍ ഇതിനായി അണക്കെട്ടിന്റെ സുരക്ഷയെ ചൊല്ലി ഒരു കൃത്രിമ ഭയം ഉണ്ടാക്കിയെടുത്തു എന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു.
‘അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ഇതിനായി ജലനിരപ്പ് താഴ്ത്തണമെന്നും അതുകഴിഞ്ഞാല്‍ ജലനിരപ്പുയര്‍ത്താന്‍ തയ്യാറാണെന്നും കരുണാകരന്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആറിനോട് അഭ്യര്‍ഥിച്ചു. കാര്യം തമിഴകത്തെ ‘മക്കള്‍ തിലകമാണെങ്കിലും’ താന്‍ ശരിക്കും പാലക്കാടന്‍ മരുതൂര്‍ ഗോപാല രാമചന്ദ്രന്‍ മേനോനല്ലേ എന്ന് ചിന്തിച്ച എം.ജി.ആര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് യെസ്സു മൂളി. കൂട്ടിന് അന്നത്തെ തമിഴ്നാട് ചീഫ് സെക്രട്ടറിയും മലയാളിയുമായ ടി.വി ആന്റണിയും. തമിഴ്നാട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ജലനിരപ്പുയര്‍ത്താമെന്ന വാഗ്ദാനം കേരളം പാലിച്ചില്ല’^സ്വാമി പറയുന്നു.
അന്ന്, തേനി, മധുര, രാമനാഥപുരം, ശിവഗംഗ എന്നീ കര്‍ഷക ജില്ലകള്‍ വെള്ളമില്ലാതെ വലഞ്ഞു. ഇരുപൂ കൃഷികള്‍ ഒരുപൂ കൃഷികളായി. തമിഴ് നാട് സര്‍ക്കാരിന്റെ കണക്കു പ്രകാരം എട്ടുവര്‍ഷക്കാലയളവിലെ നഷ്ടം 40,000 കോടി രൂപ. കാര്‍ഷിക മേഖലയിലെ കോടികളുടെ നഷ്ട കണക്ക് പിന്നെയും നീണ്ടുകിടക്കുന്നു. അവിടത്തെ കര്‍ഷകര്‍ എം.ജി.ആറിന്റെയും കേരളത്തിന്റെയും മുഖത്തുനോക്കി സിനിമയില്‍ വിവേക് പറയുന്നതിനേക്കാള്‍ ദയനീയമായി പറഞ്ഞു, ‘എന്ന കൊടുമ സാര്‍!’
അപ്പോഴാണ് തമിഴ്നാട്ടിലെ ‘ വക്കാലത്ത് നാരായണന്‍ കുട്ടി’ സുബ്രഹ്മണ്യസ്വാമി കേരളത്തിനെതിരെ കോടതിയെ സമീപിക്കുന്നത്. ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് സുപ്രീം കോടതി വിധിച്ചു. സാക്ഷാല്‍ കലൈഞ്ജര്‍ തമിഴകം വാഴുന്ന കാലമാണ്. തമിഴ്നാടിന് അനുകൂല വിധി ലഭിച്ചിട്ടും നടപ്പാക്കാന്‍ കരുണാനിധി തയ്യാറായില്ല. അതിന് കാരണം കരുണാനിധിയുടെയും ഡി.എം.കെയുടെയും ബ്രാഹ്മണ വിരോധമാണെന്നാണ് തമിഴകത്തെ അടക്കം പറച്ചില്‍. ” ‘അന്ത പാപ്പാവുക്ക് എല്ലാ ക്രെഡിറ്റും പോകക്കൂടാത്” എന്ന് കരുണാനിധി അന്ന് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായാണ് അരമന രഹസ്യമായ അങ്ങാടിപ്പാട്ട്. പിന്നീട് തമിഴ് നാടിന് ഒരുതുള്ളി വെള്ളം പോലും നഷ്ടമാകാന്‍ അനുവദിക്കില്ലെന്ന് ജയലളിത വ്യകതമാക്കിയതോടെയാണ് കരുണാനിധി ഇതിന്റെ രാഷ്ട്രീയ സാധ്യതകള്‍ മനസ്സിലാക്കിയത്.
എം.ജി.ആര്‍.
എങ്കള്‍ക്ക് തണ്ണി കെടയ്ക്കണം സാര്‍
‘എന്ന മുല്ലൈപെരിയാര്‍ സാര്‍, എങ്കള്‍ക്ക് തണ്ണി കെടയ്ക്കണം. അത് മട്ടും താന്‍. എങ്കള്‍ക്ക് വ്യവസായം ( കൃഷി ) താന്‍ മുഖ്യം’ ^ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ’ സഖാവ് ജോണി വെള്ളിക്കാലയെപ്പോലെ ‘നീ ഞങ്ങടെ മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു വെള്ളം മോഷ്ടിക്കൂലെടാ’ എന്ന് ചോദിക്കുമ്പോള്‍ ഓഫീസിനടുത്ത് ചായക്കടനടത്തുന്ന തേനിക്കാരനായ അറുമുഖം പറയുന്ന മറുപടിയാണിത്. കൃഷിക്ക് വെള്ളം വേണം. അതിനപ്പുറമുള്ള രാഷ്ട്രീയമൊന്നും സാധാരണ തമിഴനെ സംബന്ധിച്ചിടത്തോളം മുല്ലപെരിയാര്‍ വിഷയത്തിലില്ല. തമിഴന്‍ നട്ട് നനച്ചാല്‍ മാത്രമേ നമുക്ക് ഉണ്ടുറങ്ങാന്‍ കഴിയൂ. കര്‍ഷകന്റെ പ്രശ്നം ഒരു വന്‍ വിഷയമായതിനാലാണ് എല്ലാ പാര്‍ട്ടികളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉറച്ചുനില്‍ക്കുന്നത്. കൃഷി ഒരു വലിയ ജീവിതമാര്‍ഗ്ഗമാണ് തമിഴ്നാട്ടില്‍. കൃഷിമന്ത്രി സ്ഥാനം ഒരു പ്രധാന പോര്‍ട്ട്ഫോളിയോയും. പാര്‍ട്ടിയില്‍ ഉന്നതനായിട്ടും പ്രകടനം മോശമായതിനാല്‍ ‘സെങ്കോട്ടിയനെ’ ജലലളിത കൃഷിമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയത് ഈയിടെ വന്‍ ചര്‍ച്ചയായി. അതായത് നമ്മുടെ മാണിസാറിന്റെ നിരയില്‍ നിന്ന് ജയലക്ഷ്മിയുടെ നിരയിലേക്ക് മാറ്റിയപോലെ.
2000 വര്‍ഷം പഴയ ഒരണക്കെട്ട് കൃഷിയൊക്കെ ശരിതന്നെ, ജീവനാണ് മോനെ വലുത്. Blood is thicker than Water എന്ന് ചുരുക്കം. ഡാം തകര്‍ന്നാല്‍ സൂപ്പര്‍സ്റാര്‍ രജനീകാന്ത് വന്ന് തടഞ്ഞു നിര്‍ത്തുമെന്നാണോ ഇവന്‍മ്മാര്‍ വിശ്വസിക്കുന്നതെന്ന് ചില തോണ്ടലുകള്‍. ‘അല്ലെങ്കിലും ലവന്മാര്‍ക്കെന്തറിയാം’- എന്ന പരിഹാസം. എന്നാല്‍ അറിയുക. ലോകത്തെ ഏറ്റവും പഴക്കമുള്ള ഡാം തമിഴ്നാട്ടിലാണ്. മുല്ലപ്പെരിയാറിനെക്കാള്‍ സംഭരണശേഷിയുള്ള, മുല്ലപ്പെരിയാറിനെപ്പോലെ ചുണ്ണാമ്പും കല്ലും കൊണ്ട് നിര്‍മ്മിച്ച ‘കല്ലണ’ അണക്കെട്ട്. ട്രിച്ചിയില്‍ കാവേരി നദിയ്ക്ക് കുറുകെ കരികാല ചോള രാജാവിന്റെ കാലത്ത് കെട്ടിയ ‘ കല്ലണ’ അണക്കെട്ടിന്റെ പ്രായം 2000 വര്‍ഷത്തിലേറെ വരും. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ എല്ലാ ഡാമും ഇങ്ങിനെ നിലനില്‍ക്കുമെന്ന് തമിഴന്‍ പറയുന്നു.
ഇപ്പോഴത്തെ ആവേശവും തമിഴനെ തെറിവിളിക്കലുമല്ല പരിഹാരം. സങ്കുചിതമായ സ്വത്വ ബോധത്തിന്റെ പേരില്‍ തമിഴനെ വിമര്‍ശിക്കുന്ന ‘പ്രബുദ്ധ’ മലയാളി സ്വയം ആ വഴിക്ക് പോകരുത്.
അല്ലെങ്കിലും നമുക്ക് ആരംഭ ശൂരത്വം മാത്രമല്ലേയുള്ളൂ. കുറച്ചു കഴിയുമ്പോള്‍ നമ്മുടെ ഫേസ്ബുക്ക് പേജുകള്‍ ഇതെല്ലാം മറക്കും. സച്ചിന്‍ നൂറാം സെഞ്ച്വറിയടിച്ചാല്‍ പിന്നെ അതായി ചര്‍ച്ച. തൃശര്‍ ശക്തന്‍ സ്റാന്റില്‍ വെച്ച് പൊറിഞ്ചു ഏട്ടന്‍ മലയാളിയുടെ ഈ സ്വഭാവത്തെ വിശേഷിപ്പിച്ചത് പൂരത്തിന് പൊട്ടുന്ന അമിട്ടിനോടാണ്…
‘അമിട്ടാപൊട്ടി.. മേപ്പോട്ടാ പോയി, പിന്നെങ്ങട്ടാ പോയെ” ( അമിട്ടുപോലെ പൊട്ടി, ആകാശത്തേക്ക് പോയി,പിന്നെ എങ്ങോട്ടാപോയെന്ന് ആര്‍ക്കും അറിയില്ല). അതുകൊണ്ട് നമുക്ക് നല്ല അയല്‍പ്പക്കങ്ങള്‍ കാത്തുവെക്കാം. നമ്മുടെ അണക്കെട്ടിനും ജീവിതങ്ങള്‍ക്കും സുരക്ഷ ഉണ്ടാവട്ടെ. തമിഴ്നാടിനു വെള്ളവും. തമിഴ്നാടിനു വെള്ളവും.
ആരാധനയോടെ, അസൂയയോടെ തിര മലയാളത്തില്‍ യാത്ര തുടരുന്ന ‘ഏഴാം അറിവ്’ തമിഴ് സ്വത്വരാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനയാണെന്നാണ് വായനകള്‍. എന്നാല്‍, തമിഴകം ഈ ചിത്രത്തെ സമീപിച്ചത് വ്യത്യസ്തമായാണ്. ചൈനീസ് മണ്ണിലെ ബോധിധര്‍മ്മന്റെ ഇടപെടലുകളെ രാഷ്ട്രീയമായി വായിക്കുകയാണ്, ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകനായ പി.ബി അനൂപ്
കോളീവുഡിന്റെ കര്‍ത്തരി കര്‍മ്മണി പ്രയോഗങ്ങള്‍ മാറിയതും തമിഴന്റെ കാഴ്ച്ചശീലങ്ങള്‍ മാറിയതും നവരസങ്ങളോടെയും അതില്‍പ്പെടാത്ത അസൂയ, കുശുമ്പ് എന്നീ വികാരങ്ങളോടെയും നാം ഏറെ ചര്‍ച്ചചെയ്തു കഴിഞ്ഞു. താരാരാധനയ്ക്കൊപ്പം വിമര്‍ശനബുദ്ധിയോടും കൂടിയാണ് തമിഴന്‍ ഇന്ന് തീയ്യേറ്ററുകളില്‍ ആര്‍ത്തുവിളിക്കുന്നത്.
ഈ ദീപാവലിക്ക് വാളയാര്‍ ചുരം കടന്ന് മലയാളമണ്ണില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ രണ്ട് ‘പാണ്ടി’പ്പടങ്ങള്‍ എത്തിയിരുന്നു. ( ‘ പാണ്ടിയല്ലടാ, പാണ്ട്യന്‍ .എന്നുവെച്ചാല്‍ രാജാവ്.!’ ശ്രീകുമാരന്‍ തമ്പിയുടെ യുവജനോത്സവത്തിലെ തമിഴന്‍ കഥാപാത്രം പറഞ്ഞ ഡയലോഗ് ഓര്‍മ്മവരുന്നു. ഇന്ന് എന്തുകൊണ്ടും മലയാളിയേക്കാള്‍ രാജാവ് തമിഴന്‍ തന്നെ. ‘ഒരു സംശ്യല്ല്യ’.) വിജയ് പാക്കിസ്ഥാന്‍കാരനോടും സൂര്യ ചൈനക്കാരനോടും സണ്ടപോട്ടപ്പോള്‍ അതുകണ്ട് ദീപാവലി ആഘോഷിച്ച നമ്മള്‍ സന്തോഷ് പണ്ഡിറ്റിന് നേരെ ഭരണിപ്പാട്ട് പാടി ആനന്ദനിര്‍വൃതി പൂണ്ടു. തൃശൂര്‍ ജില്ലയില്‍ അഷ്ട്ടദിക്ക്പാലകരായി നിലകൊള്ളുന്ന എല്ലാ തീയ്യേറ്ററുകളിലും മുടങ്ങാതെ മുട്ടിറക്കുന്ന പൊറിഞ്ചുഏട്ടന്‍ ദീപാവലിക്ക് കേരളത്തിലെ തീയ്യേറ്ററുകള്‍ മലയാളം പേശാതെ പോയതില്‍ മനംനൊന്ത് പറഞ്ഞു ” മ്മക്ക് എന്തൂട്ടാ ഗഡിയെ ഈ ദീവാല്യൊക്കെ, അതൊക്കെ ആ തെക്കര്‍ക്കുള്ളതല്ലേ… മ്മക്ക് മ്മടെ വിഷുവരും… അപ്പൊക്കാണാം ആര്‍മാദം. ന്നാലും ആ ബോധിധര്‍മ്മന്‍ ഗഡി ആള് കൊള്ളാട്ടോ… കുളിക്കാതെ കഴുതപ്പാലും കുടിച്ചു നടന്ന തമിഴമ്മാരുടെ നാട്ടില് ഇങ്ങന്യൊക്കെ ഉണ്ടായിരുന്നോ…!! ”
” സര്‍, വേലായുധം താന്‍ സൂപ്പര്‍ ഹിറ്റ്. ആനാ, ഏഴാം അറിവില്‍ വന്ത് കൊഞ്ചം അര്‍ത്ഥമിരുക്ക് . ഇന്ത ഉലകത്തില്‍ റൊമ്പ പെരുമയാന ബോധിധര്‍മ്മന്‍ ഒരു തമിഴന്‍ താന്‍ … അവരെപ്പറ്റി ഏങ്കള്‍ക്കും തിരിയില്ലയെ… ” ചെന്നൈ സത്യം തീയ്യേറ്ററിന് മുന്നിലൂടെ പോകവേ കാറിന്റെ ആക്സിലേറ്ററില്‍ ആഞ്ഞുചവിട്ടിക്കൊണ്ട് ഡ്രൈവര്‍ മുരുഗന്‍ പറഞ്ഞു. ബോക്സ്ഓഫീസ് മസാലകളിലും വിജയഫോര്‍മുലകളിലും കാര്യമായ കുറവുണ്ടെങ്കിലും എഴാം അറിവ് എതുകൊണ്ടോ ചര്‍ച്ചയാകുന്നുണ്ട്.
പി.ബി അനൂപ്
വിമര്‍ശ്ശന ബുദ്ധി തമിഴ് സ്വത്വബോധത്തെ ബോധിധര്‍മ്മന്‍ എന്ന ചരിത്രപുരുഷനിലൂടെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഏ.ആര്‍.മുരുഗദോസിന്റെ സൂര്യാചിത്രം ഏഴാം അറിവ്. ബോക്സ്ഓഫീസില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കിയ ഏഴാം അറിവ് തമിഴിനോടുള്ള അതിവൈകാരികതക്കപ്പുറം വിമര്‍ശ്ശന ബുദ്ധിയോടെയാണ് തമിഴര്‍ വീക്ഷിച്ചത്. ആഘോഷത്തിമിര്‍പ്പുകളില്ലാതെ നിരാശയോടെ തീയ്യേറ്റര്‍ വിടുമ്പോഴും പ്രേക്ഷകമനസ്സില്‍ ചിത്രം എന്തൊക്കെയോ ബാക്കിവെക്കുന്നുണ്ട്. സിദ്ധാന്തങ്ങളുടെയും യുക്തിയുടെയും തണലിലല്ലാ, ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഏഴാം അറിവിനെ അറിയാന്‍ ശ്രമിക്കുന്നത്.
പടം കണ്ട് പുറത്തിറങ്ങിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ആറുമാസം മുന്‍പ് നടന്ന ‘വാഗൈ സൂടവാ’ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ്സിങ്ങ് ചടങ്ങാണ്. വിശിഷ്ട്ടാതിഥി ഭാരതീരാജ. ചേരന്‍, പാര്‍ഥിപന്‍, അമീര്‍ സുല്‍ത്താന്‍, എ.എല്‍.വിജയ്, വസന്തബാലന്‍, പ്രഭു സോളമന്‍ തുടങ്ങി തമിഴ് സിനിമയിലെ പുതു നിരസംവിധായകര്‍ അതിഥികളായുണ്ട്. എല്ലാവരും കടുത്ത തമിഴ് ദേശീയവാദികള്‍. കൂടുതല്‍ കൂടുതല്‍ തമിഴനാകാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. എല്ലാവരും വാചാലതയോടെ പങ്കുവെച്ചത് തായ്മൊഴി വാഴ്ത്തുകള്‍. തമിഴ് ദേശീയ ബോധം തമിഴ് സംവിധായകര്‍ക്കുള്ളില്‍ ഏറിയും കുറഞ്ഞും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഈ ആശയം അവരുടെ സിനിമകളില്‍ പച്ചയായി പ്രകടമല്ല എന്നുമാത്രം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചേരന്റെ നേതൃത്വത്തില്‍ സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ സ്വത്വബോധം ഇന്ന് വിഘടനവാദമല്ല. ഇതേ സംവിധായകര്‍ തന്നെ ജന്‍ ലോക്പാല്‍ ബില്ലിന് വേണ്ടിയും അണ്ണാ ഹസാരെക്കുവേണ്ടിയും രംഗത്തെത്തിയിരുന്നു . ഈ പശ്ചാത്തലത്തിലാണ് ഒരു നീണ്ട ഇടവേളക്കുശേഷം പ്രകടമായ തമിഴ് വികാരവുമായി ഏഴാം അറിവ് പ്രേക്ഷകനുമുന്നിലെത്തിയത്.
തമിഴിലെ കുറേകൂടി മെച്ചപ്പെട്ട ഒരു ‘ഷാജി കൈലാസാണ്’ ഏ.ആര്‍. മുരുഗദോസ്. പരസ്യപ്രചാരണത്തില്‍ വന്‍ സസ്പെന്‍സ് നിലനിര്‍ത്തിയാണ് ഏഴാം അറിവ് റിലീസിനെത്തിയത്. കഥയെക്കുറിച്ചും സൂര്യയുടെ അപ്പിയറന്‍സ്സിനെക്കുറിച്ചും ചൂടേറിയ ചര്‍ച്ചകള്‍. തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധിയുടെ ‘ചുവപ്പ് ഭൂതമാണ്’ ( റെഡ് ജയിന്ട് ) ചിത്രം നിര്‍മ്മിച്ചത് എന്ന രാഷ്ട്രീയം. പടം കണ്ടപ്പോള്‍ ഓര്‍ത്തത് ഉദയനിധിയുടെ താത്ത സാക്ഷാല്‍ കലൈജ്ഞര്‍ പണ്ട് തിരക്കഥയെഴുതിയ പരാശക്തി എന്ന ചിത്രമാണ്. ദ്രാവിഡ രാഷ്ട്രീയം സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ നടന്ന ശ്രമത്തിന്റെ ആദ്യ വിജയമായിരുന്നു പരാശക്തി. അതുവരെയുള്ള സാമൂഹിക വ്യവസ്ഥയെ കണക്കിന് കളിയാക്കിയും, തമിഴന്‍ എന്ന ബോധത്തില്‍ ഊറ്റം കൊണ്ടും ശിവാജി ഗണേശന്‍ കോടതിമുറിയില്‍ നെടുങ്കന്‍ ഡയലോഗ് കാച്ചിവിടുന്ന പരാശക്തിയിലെ രംഗം തമിഴന് തൈയിര്‍ സാദം കഴിക്കുന്നപോലുള്ളൊരു അനുഭവമാണ്. അതേ സ്വത്വരാഷ്ട്രീയം പുതിയ കുപ്പിയില്‍ ഉപയോഗിച്ചു എന്നതുകൊണ്ട് മാത്രമല്ല ഏഴാം അറിവിന് പരാശക്തിയുമായി സാമ്യമുള്ളത്. ‘ഐ ലവ് യൂ’ എന്നതുപോലും എങ്ങിനെ ചുരുക്കി എസ്.എം.എസ്സായി അയക്കാം എന്ന് ചിന്തിക്കുന്ന ഈ- കാലത്ത് സൂര്യയും ശ്രുതി ഹാസ്സനും ശിവാജിയെ ഓര്‍മ്മപ്പെടുത്തും വിധം കാണ്ഡം കാണ്ഡമായി ഡയലോഗുകള്‍ പറയുന്നു.
പുതിയ ലോകക്രമത്തില്‍ ഇന്ത്യ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബോധിധര്‍മ്മന്‍ എന്ന കാഞ്ചീപുരം സ്വദേശിയായ പല്ലവ രാജകുമാരന്‍ ചൈനയിലെത്തി സെന്‍ ബുദ്ധമതവും ഇന്ത്യന്‍ ശാസ്ത്ര ജ്ഞാനവും പകര്‍ന്നു നല്‍കുന്നു. ആയോധന മുറകള്‍ പഠിപ്പിക്കുന്നു. രണ്ടാം ബുദ്ധനായി മാറുന്നു. ചരിത്രം ഏറെക്കുറെ ശരിയെന്ന് അടിവരയിട്ട ബോധിധര്‍മ്മന്റെ ഈ ജീവിതകഥയ്ക്കൊപ്പം പുത്തന്‍ കഥാപശ്ചാത്തലം കൂടി ഇഴചേര്‍ത്താണ് മുരുഗദോസ് എഴാം അറിവ് രൂപപ്പെടുത്തിയിട്ടുള്ളത്. ബോധിധര്‍മ്മന്‍ പകര്‍ന്നു നല്‍കിയ അറിവുകളുടെ സഹായത്തോടെ പുതിയ കാലത്തില്‍ ഇന്ത്യക്കെതിരെ ചൈന ജൈവയുദ്ധം നടത്തുന്നു. ചൈന വിതച്ച മഹാവ്യാധിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ശുഭ ശ്രീനിവാസന്‍ എന്ന ജനിതക ശാസ്ത്രജ്ഞ നടത്തുന്ന ശ്രമമാണ് ചിത്രം പങ്കുവെക്കുന്നത്. ഇതിനായി ബോധിധര്‍മ്മന്റെ പിന്മുറക്കാരനായ അരവിന്ദന്‍ എന്ന സര്‍ക്കസ് താരത്തിന്റെ ജനിതക ഓര്‍മ്മകള്‍ ഉണര്‍ത്തി ശുഭ ബോധിധര്‍മ്മന്റെ അറിവുകള്‍ വീണ്ടെടുക്കുന്നു.
പുതിയ ലോകക്രമത്തില്‍ ഇന്ത്യയുടെ ശത്രു ചൈനയാണ് എന്ന് ചിത്രം അടിവരയിടുന്നു. ‘ഓപ്പറേഷന്‍ റെഡ്’ എന്ന ചൈനയുടെ ഇന്ത്യവിരുദ്ധ പദ്ധതി ദ്രാവിഡ രാഷ്ട്രീയത്തിന് കമ്മ്യൂണിസത്തോടുള്ള താല്‍പ്പര്യമില്ലായ്മ വ്യക്തമാക്കുന്നു. സമത്വവാദത്തിനുവേണ്ടി പാരമ്പര്യം കളയാന്‍ തമിഴന്‍ തയ്യാറല്ല. ഭാവിയില്‍ ചൈനീസ് ഡ്രാഗണ്‍ തീതുപ്പുമ്പോള്‍ ഇന്ത്യയെ രക്ഷിക്കാന്‍ തമിഴനേ ഉണ്ടാകൂ എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഏഴാം അറിവ്. കാരണം സ്വന്തം പാരമ്പര്യത്തില്‍ വെള്ളം കലര്‍ത്താന്‍ തയ്യാറാകാത്ത ഇന്ത്യയിലെ ഏക ജനത തമിഴനാണെന്നാണ് ചിത്രത്തിന്റെ വിവക്ഷ.
തമിഴ് ഭാഷയുടെ പഴക്കത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും ശുഭ ( ശ്രുതി ഹാസ്സന്‍ ) ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ഏറെ വൈകാരികമായി ചിത്രത്തില്‍ സംസാരിക്കുണ്ട്. ” മലേഷ്യയില്‍ നിന്ന്, ശ്രീലങ്കയില്‍നിന്ന് എല്ലാം തമിഴന്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി ഇനിയും തോറ്റോടാന്‍ വയ്യ, തമിഴന്‍ തിരിച്ചടിക്കാന്‍ തുടങ്ങുകയാണ്…” എന്ന വാക്കുകളോടെയാണ് ബോധിധര്‍മ്മന്റെ രണ്ടാം വരവ്. ഒടുവില്‍ സ്വന്തം പാരമ്പര്യം കേവല വിശ്വാസം മാത്രമല്ല ശാസ്ത്രം കൂടിയാണെന്ന് അരവിന്ദന്റെ ഉടലിലൂടെ ബോധിധര്‍മ്മന്‍ സിനിമയുടെ ക്യാമറാ അതിരുകളെയും സംവിധായകന്റെ നിയന്ത്രണത്തെയും മറികടന്ന് വ്യക്തമാക്കുന്നു.
ഒരു ആവറേജ് ചിത്രത്തില്‍ ഈ കാര്യങ്ങള്‍ കാഴ്ചക്കാരന്‍ ആരോപിച്ചുണ്ടാക്കുന്നതല്ല. മറിച്ച് ഇവ ബോധപൂര്‍വ്വം ഉപയോഗിച്ചതാണെന്ന് മുരുഗദോസ് വ്യതമാക്കുന്നു. ” തമിഴന്റെ പ്രശ്നങ്ങളെ ഇനിയും കണ്ടിലെന്ന് നടിക്കാനാകിലെന്നും”, ” കാര്യങ്ങള്‍ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ടെന്നും” സ്വതവേ മിതവാദിയായ സൂര്യപോലും പറയുന്നു. ബ്രാഹ്മണ ബിംബങ്ങളുടെ നിരാകരണമാണ് തമിഴ് രാഷ്ട്രീയ ചിത്രങ്ങളുടെ സവിശേഷത. ഏഴാം അറിവില്‍ ബുദ്ധനാണ് ശക്തമായ രീതിയില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള വിശ്വാസ ബിംബം. രവി .കെ. ചന്ദ്രന്റെ ക്യാമറയും ഹാരിസ് ജയരാജിന്റെ സംഗീതവും പീറ്റര്‍ ഹയിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയും കഥയ്ക്ക് കാമ്പ് പകരുന്നു.
മറികടക്കാനാവാത്ത ദൌര്‍ബല്യങ്ങള്‍ എന്നാല്‍ തിരക്കഥയുടെ ദുര്‍ബലതയാണ് ചിത്രത്തെ ഇല്ലാതാക്കി കളഞ്ഞത്. പല രംഗങ്ങളും സംവിധായകന്റെ കൈവിട്ടുപോയി. ക്ലൈമാക്സ് പോലും. പല ഭാഷസ്നേഹ ഗീര്‍വാണങ്ങളും കേട്ടാല്‍ മധുരമിടാത്ത, കടുപ്പം മാത്രമുള്ള ഫില്‍ട്ടര്‍ കോഫി കുടിച്ച പോലെ തോന്നും. സകലകലാവല്ലഭന്റെ മകളാണെങ്കിലും ശ്രുതി ഹാസ്സന്റെ അഭിനയത്തെ വിശേഷിപ്പിക്കാന്‍ ഒരുവാക്കേ ഉള്ളൂ ‘പരമ ബോറ്’. അരവിന്ദന്റെ ഉള്ളിലെ ബോധിധര്‍മ്മന്റെ ജീനുകളെ ഉണര്‍ത്തിയപോലെ ശ്രുതിയുടെ ഉള്ളിലെ കമല ഹാസ്സന്റെ അഭിനയ ജീനുകളേയും ഉണര്‍ത്തേണ്ടതുണ്ട്. ചിത്രത്തില്‍ ഉപയോഗിച്ച കണ്‍കെട്ട് വിദ്യ ( നോക്ക് മര്‍മ്മം ) തീയ്യേറ്ററുകളിലും പ്രയോഗിക്കണം.
കാര്യമായ ലക്ഷ്യം കണ്ടിലെങ്കിലും ഏഴാം അറിവ് ചില കാര്യങ്ങളുടെ സൂചകമാണ്. ഭാരതീരാജ മുതലിങ്ങോട്ട് തമിഴ് സിനിമാലോകത്ത് ഭൂരിഭാഗം കലാകാരന്മാരിലുമുള്ള പ്രകടമായ തമിഴ് ഭാഷാസ്നേഹം. കാര്യം തമിഴിനെക്കുറിച്ചാണ് സമ്മതിച്ചു, ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ ഞങ്ങളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ചിത്രമെടുത്താല്‍ കണ്ണടച്ച് അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് എന്ന തമിഴന്റെ നിലപാട്. ഏഴാം അറിവ് ഒരു തിരിച്ചറിവ് കൂടിയാണ്.
വാല്‍ക്കഷണം: സ്വത്വരാഷ്ട്രീയം ശക്തമായ മുംബൈയിലേക്കും ഏഴാം അറിവ് കടന്നു വരുന്നതായി ഒരു അടക്കം പറച്ചിലുണ്ട്. ഈ സിനിമയില്‍ ബോധിധര്‍മ്മന്‍ “അങ്ങ്, ധാരാവി… ധാരാവി എന്ന് കേട്ടിട്ടില്ലേ! അവിടത്തെ അധോലോക നേതാവാണത്രേ.!!!
Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers