Category archives for: സുരേഷ് എ ആര്‍ 

സ്പെയ്ന്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍

 
 
 
കാല്‍പ്പന്തു കളിയിലെ
സ്പാനിഷ് വസന്തത്തെക്കുറിച്ച്
സുരേഷ് എ.ആര്‍

 
 

ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌. ആ കാഴ്ച്ചയുടെ സൌഖ്യത്തിനു വിഘാതങ്ങള്‍ ഉണ്ടാവാത്തിടത്തോളം നേരം സ്പെയ്ന്‍ ഒരു meditative indulgence ആണ്‌. ആ ശൈലിക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ പലപ്പോഴും ഫുട്ബോളിലെ സാധാരണ കാര്യങ്ങള്‍ മാത്രമാണ്. അത് ഒരു ഹെഡ്ഡര്‍ ആവാം. ഒരു ഫൗള്‍ ആവാം. വരയ്ക്കു പുറത്തേക്ക് പോവുകയോ വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്യേണ്ടിവരുന്ന പന്താവാം. മറ്റൊരു കാലിലേക്ക് ഉള്ള യാത്ര പൂര്‍ണമാക്കാന്‍ പറ്റാതെ പോകുന്ന അലക്ഷ്യങ്ങളും ആവാം. പക്ഷെ, അതെല്ലാം സ്പെയ്ന്റെ ശൈലിയുടെ വിഘാതങ്ങള്‍ ആണ്‌. അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു- കാല്‍പ്പന്തു കളിയിലെ സ്പാനിഷ് വസന്തത്തെക്കുറിച്ച് സുരേഷ് എ.ആര്‍ എഴുതുന്നു

 
 

 
 

ബ്രസീലിനെ സ്നേഹിക്കാന്‍ എളുപ്പമായിരുന്നു. വേനലില്‍ ഒറ്റയ്ക്ക് പൂക്കുന്ന കണിക്കൊന്ന. മഞ്ഞ. ധീരം. മനോഹരം. വിജയങ്ങളില്‍ സന്തോഷിക്കുന്ന ഒരു കാലത്ത് ബ്രസീല്‍ വളരെ പെട്ടെന്ന് ലഭ്യമായ ഒരു ആഹ്ലാദം ആയിരുന്നു. ലോകകപ്പു വരുമ്പോള്‍ പണ്ടൊക്കെ അങ്ങനെ ആയിരുന്നു. ബ്രസീലിനെ സ്നേഹിക്കാന്‍ ഫുട്ബോള്‍ പഠിക്കണ്ട. ഫുട്ബോള്‍ ഒരിക്കല്‍പോലും കാണുകയേ വേണ്ട.

അയല്‍പക്കത്തും പത്രത്തിലും ടെലിവിഷനിലും സാംബാ താളം. എന്തായിരുന്നു ആ സാംബ? അവര്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍ ഒന്നും ആ താളം എന്താണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. (കേരളം സന്തോഷ്‌ ട്രോഫി ജയിക്കുമ്പോള്‍ അതില്‍ കഥകളി മുദ്രകള്‍ കണ്ടെത്തുമോ എന്നോര്‍ത്തു ഭയം തോന്നിയിട്ടുണ്ട്) ആ ബ്രസീല്‍ ഇപ്പോള്‍ ആദ്യമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ പത്തു ടീമുകളില്‍ ഒന്നാവാതെ പുറത്തു നില്‍ക്കേണ്ടിവരുന്നു.

മറഡോണ ഒറ്റയ്ക്ക് ഗോള്‍ അടിച്ച വീരകഥ ഒക്കെ പിന്നീടാണ് വ്യക്തമായി അറിയുന്നത്. കൂടുതലും കേട്ടത് അദ്ദേഹം കൈകൊണ്ട് ഗോള്‍ നേടിയതായിരുന്നു. ടിക്കറ്റ്‌ എടുക്കാതെ ബസ്സില്‍ യാത്ര ചെയ്യുന്നവരെയും സിനിമ കാണുന്നവരെയുമൊക്കെ നാട്ടുവീരന്മാരായി ആരാധിക്കുന്നവര്‍ പറയുന്ന കഥ ആയിരുന്നു. അതേ മത്സരത്തില്‍ മറഡോണ അടിച്ച, ലോകകപ്പ്‌ ചരിത്രത്തിലെ ആ ഒരേയൊരു ഗോളിനെക്കുറിച്ചു അത്രയൊന്നും കേട്ടിട്ടില്ലായിരുന്നു. 2006-ലെ ലോക കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഒരു ഗോളുമായി വിജയത്തിലേക്ക് പോകുമ്പോള്‍ എഴുപത്തിരണ്ടാം മിനിറ്റില്‍ റിക്വല്‍മിയെയും എഴുപത്തിയൊന്‍പതാം മിനിറ്റില്‍ ക്രെസ്പോയെയും കോച്ച് പെകെര്‍മാന്‍ പിന്‍വലിച്ചു. അടുത്ത മിനിറ്റില്‍ ജര്‍മ്മനി ഗോള്‍ അടിച്ചു. ലോകമെങ്ങും വലിയ സങ്കടങ്ങള്‍ ഉണ്ടായി.

അന്നൊന്നും സ്പെയ്ന്‍ ഇല്ലായിരുന്നു. അന്നൊന്നും ബാഴ്സലോണ ഇല്ലായിരുന്നു.

പക്ഷെ, റിയല്‍ മാഡ്രിഡ് ഉണ്ടായിരുന്നു. റിയല്‍ മാഡ്രിഡിനെക്കുറിച്ച് കേള്‍ക്കാതിരിക്കാന്‍ പറ്റില്ല. പ്രിയ സുഹൃത്തും റിയല്‍ മാഡ്രിഡ് ആരാധകനും ആയ അനില്‍ പറയുന്നപോലെ, അവര്‍ക്ക് ഒരു ഗുപ്ത (ഭരണ) കാലം ഉണ്ടായിരുന്നു. റൊണാള്‍ഡോ, ഡേവിഡ്‌ ബെക്കം, റോബര്‍ട്ടോ കാര്‍ലോസ്, സിഡാന്‍ , ഫിഗോ എന്നിങ്ങനെ സ്വപ്നത്തില്‍ മാത്രം ഒരുമിച്ചു കാണുന്നവര്‍ കളിക്കളത്തിലും. അത് വാര്‍ത്തയായിരുന്നു.

പിന്നീടാണ് ബാഴ്സലോണ ഉണ്ടാവുന്നത്. അതിലൂടെ സ്പെയ്ന്‍ ഉണ്ടാവുന്നത്. മനോഹരമായ പുതിയ ആഹ്ലാദങ്ങള്‍ ഉണ്ടാവുന്നത്.

 
 

അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു.

 
 

ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌. ആ കാഴ്ച്ചയുടെ സൌഖ്യത്തിനു വിഘാതങ്ങള്‍ ഉണ്ടാവാത്തിടത്തോളം നേരം സ്പെയ്ന്‍ ഒരു meditative indulgence ആണ്‌. ആ ശൈലിക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ പലപ്പോഴും ഫുട്ബോളിലെ സാധാരണ കാര്യങ്ങള്‍ മാത്രമാണ്. അത് ഒരു ഹെഡ്ഡര്‍ ആവാം. ഒരു ഫൗള്‍ ആവാം. വരയ്ക്കു പുറത്തേക്ക് പോവുകയോ വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്യേണ്ടിവരുന്ന പന്താവാം. മറ്റൊരു കാലിലേക്ക് ഉള്ള യാത്ര പൂര്‍ണമാക്കാന്‍ പറ്റാതെ പോകുന്ന അലക്ഷ്യങ്ങളും ആവാം. പക്ഷെ, അതെല്ലാം സ്പെയ്ന്റെ ശൈലിയുടെ വിഘാതങ്ങള്‍ ആണ്‌. അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു.

എന്നിട്ടും, ഈ യൂറോ കപ്പില്‍ സ്പെയ്നെ പൂര്‍ണമായി കാണാന്‍ ഫൈനല്‍ വരെ കാത്തിരിക്കേണ്ടി വന്നു. ആ ഫൈനലിന് മുന്‍പ് വിമര്‍ശനങ്ങള്‍ പലതായിരുന്നു.

സ്പെയ്നിന്റെ ശൈലി വിരസം ആണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു; അത് കാലഹരണപ്പെട്ടു എന്നും. ഫുട്ബോള്‍ കളിച്ചു തുടങ്ങിയിട്ട് ആദ്യമായി സ്വന്തം രാജ്യത്തിന്റെ കളിയില്‍ ആക്രമണോത്സുകത കണ്ടതിന്റെ ആവേശത്തില്‍ ആയിരിക്കണം ഇറ്റാലിയന്‍ മാധ്യമങ്ങള്‍ അങ്ങനെ പറഞ്ഞത് . അല്ലെങ്കില്‍ , ഗ്രൂപ്പ് മത്സരത്തില്‍ സ്പെയ്ന് എതിരെ ഇറ്റലി സമനില നേടിയതുകൊണ്ടാവാം. കാടിളക്കി വന്ന ജര്‍മനിയെ അപ്രസക്തം ആക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ആയിരിക്കണം. അല്ലെങ്കില്‍ , ഇതുവരെ വലിയ ആരാധകര്‍ ഒന്നും ഇല്ലാതിരുന്നതിന്റെ നിരാശയില്‍ നിന്നും ആയിരിക്കാം. (ഇന്റര്‍ മിലാന്റെ കോച്ച് ആയിരിക്കുന്ന കാലത്തുപോലും ജോസി മൊറീന്യോ പറഞ്ഞിട്ടുണ്ട് , “ഇറ്റാലിയന്‍ ഫുട്ബോള്‍ എനിക്കിഷ്ടമല്ല. അവര്‍ക്ക് /അതിനു എന്നെയും.”) സ്വന്തം വീടിന്റെ വാതില്‍ക്കല്‍ മാത്രം കുതിരകളെ തളയ്ക്കുകയും എങ്ങനെയെങ്കിലും ജയിക്കുകയും ചെയ്യുന്ന അവരുടെ ആ ശൈലി ഇറ്റലി ഈ യൂറോ കപ്പില്‍ മാറ്റി. ആ മാറ്റം ആരും പ്രതീക്ഷിച്ചില്ല. നടരാജ് പെന്‍സിലിന്റെ ഡിസൈന്‍ മാറുന്നപോലെ, അവിശ്വസനീയമായ ഒരു മാറ്റം.

 
 

ഗോള്‍ അടിക്കുന്നത് മാത്രമല്ല സ്പാനിഷ് ആഹ്ലാദം. മൂന്നു പേരുടെ കാലുകളില്‍ പന്ത് ഒരു ത്രികോണം പൂര്‍ത്തിയാക്കിയാല്‍മതി സ്പാനിഷ് ഗാലറികളില്‍ ആരവം ഉയരാന്‍ . കാളപ്പോരിന്റെ സ്പെയ്ന്‍ തന്നെയാണ് ബാഡ് മിന്റന്‍ പോലെ തൂവല്‍സ്പര്‍ശഭംഗി ഉള്ള ടിക്കി-ടാക്കയെ സ്നേഹിക്കുന്നതും.


 
 

വിരസം ആണെന്ന വിമര്‍ശനം പുതിയതല്ല. സൌത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പിന് ശേഷം ആ ചോദ്യം ഷാവിയോട് ചോദിക്കുകയുണ്ടായി. മിക്ക മത്സരങ്ങളിലും ഒരു ഗോള്‍ മാത്രം അടിച്ചു ജയിക്കുന്ന ആ രീതിയെക്കുറിച്ച്. ഒരു ഗോള്‍ പോലും അടിക്കാത്ത, അതിനു ശ്രമിക്കാത്ത എതിര്‍ ടീമാണ് വിരസം എന്നാണു ഷാവി മറുപടി പറഞ്ഞത്. അവര്‍ അനുവര്‍ത്തിച്ച ശൈലിയെക്കുറിച്ച് കൂടി ആയിരുന്നു ആ മറുപടി. വിമര്‍ശകര്‍ ഉണ്ടെങ്കിലും സ്പാനിഷ് ശൈലിക്ക് ആരാധകര്‍ കൂടിക്കൊണ്ടെയിരിക്കുന്നു. സ്വാന്‍സീ ഫുട്ബോള്‍ ക്ലബ്ബിനെ ടിക്കി-ടാക്കയില്‍ ജ്ഞാനസ്നാനം ചെയ്യിച്ച ബ്രെണ്ടെന്‍ റോഡ്ജെര്സ് ലിവര്‍പൂളിലും ആ ഫിലോസഫി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചേക്കാം.

ഗോള്‍ അടിക്കുന്നത് മാത്രമല്ല സ്പാനിഷ് ആഹ്ലാദം. മൂന്നു പേരുടെ കാലുകളില്‍ പന്ത് ഒരു ത്രികോണം പൂര്‍ത്തിയാക്കിയാല്‍മതി സ്പാനിഷ് ഗാലറികളില്‍ ആരവം ഉയരാന്‍ . കാളപ്പോരിന്റെ സ്പെയ്ന്‍ തന്നെയാണ് ബാഡ് മിന്റന്‍ പോലെ തൂവല്‍സ്പര്‍ശഭംഗി ഉള്ള ടിക്കി-ടാക്കയെ സ്നേഹിക്കുന്നതും. ഒരു ടച്ച്‌ അല്ല, പന്തില്‍ കാലുകൊണ്ട്‌ പകുതി ടച്ച്‌ മതി എന്നാണു അതില്‍ തന്നെ പലരും വിശ്വസിക്കുന്നത്.

എന്നിട്ടും, ഈ യൂറോ കപ്പില്‍ സ്പെയ്നെ പൂര്‍ണമായി കാണാന്‍ ഫൈനല്‍ വരെ കാത്തിരിക്കേണ്ടി വന്നു. അതിനു മുന്‍പുള്ള മത്സരങ്ങളില്‍ കാലില്‍ നിന്ന് കാലിലേക്ക് ഗ്രൌണ്ടിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം പലപ്പോഴും മുറിഞ്ഞുകൊണ്ടേയിരുന്നു. ഇതു സമയത്തും സ്വന്തം ടീമിലെ ഒന്നിലേറെ കളിക്കാര്‍ തൊട്ടടുത്തു ഉണ്ടാവുന്ന ഒരു ശൈലി ഉണ്ടായിട്ടും പോര്‍ച്ചുഗലിന് എതിരെ ബോക്സിനുള്ളില്‍ ഏകനായി പന്ത് ചവിട്ടിനിന്നുകൊണ്ട് അല്‍വാരോ നെഗ്രെഡോക്ക് പിന്തുണയ്ക്കായി ചുറ്റും നോക്കേണ്ടി വന്നു.
 
 

ഇനിയെസ്റ്റയുടെ കാലില്‍ പന്ത് വന്നപ്പോഴൊക്കെ ലോകം ചരിത്രനിര്‍മിതി പ്രതീക്ഷിച്ചു. തനിക്കു മാത്രം കണ്ടെത്താന്‍ കഴിയുന്ന ഫെയറി ടെയ്ല്‍ ഇടങ്ങളിലൂടെ പന്തുമായി ഇനിയെസ്റ്റ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. പന്തിനെ ഒരു സുഹൃത്തിനെ എന്നപോലെ കൂടെ കൂട്ടി.


 
 

ഒരു ഗോള്‍ പോലും സ്കോര്‍ ചെയ്തില്ലെങ്കിലും ഒരേയൊരു അസ്സിസ്റ്റ്‌ മാത്രമേ സ്വന്തം പേരില്‍ ഉള്ളൂ എങ്കിലും യൂറോ കപ്പിലെ ഏറ്റവും മികച്ച പ്ലെയര്‍ ആയ ആന്ദ്രെ ഇനിയെസ്റ്റ ടൂര്‍ണമെന്റില്‍ ഉടനീളം ക്രിയേറ്റിവ് ആയിരുന്നു. ഇനിയെസ്റ്റയെ യൂറോ 2012 -ലെ മികച്ച പ്ലെയര്‍ ആയി തിരഞ്ഞെടുക്കുമ്പോള്‍ അത് സ്പെയ്ന്റെ ഫുട്ബോള്‍ ഫിലോസഫിക്ക് കിട്ടുന്ന അംഗീകാരം കൂടിയാണ്. യുവേഫ ടെക്നിക്കല്‍ ഡയറക്ടര്‍ ആന്‍ഡി റോക്സ്ബെര്‍ഗ് സാക്ഷ്യപ്പെടുത്തിയപോലെ, അത് ക്രിയേറ്റിവിറ്റിക്കും ആക്രമണോത്സുകതയ്ക്കും കളിക്കളത്തിലെ ഹ്യുമിലിറ്റിക്കും കൂടി ഉള്ളതാണ്.

അദ്ദേഹം ഉപയോഗിച്ച വാക്ക് ഹ്യുമിലിറ്റി എന്നാണെങ്കിലും അതിനു കുറേക്കൂടി വ്യാപ്തി ഉണ്ട്. ഇനിയെസ്റ്റയുടെ കാലില്‍ പന്ത് വന്നപ്പോഴൊക്കെ ലോകം ചരിത്രനിര്‍മിതി പ്രതീക്ഷിച്ചു. തനിക്കു മാത്രം കണ്ടെത്താന്‍ കഴിയുന്ന ഫെയറി ടെയ്ല്‍ ഇടങ്ങളിലൂടെ പന്തുമായി ഇനിയെസ്റ്റ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. പന്തിനെ ഒരു സുഹൃത്തിനെ എന്നപോലെ കൂടെ കൂട്ടി. (മഹാനായ യൊഹാന്‍ ക്രൈഫ്: “പന്തിനെ ഒരു സുഹൃത്തായി കരുതുക.”) പക്ഷെ, ഗോള്‍ നേടാന്‍ ആയില്ല. മുന്നില്‍ കളിക്കുന്നവരുടെ കാലുകളിലേക്ക് പന്ത് എത്തിക്കാന്‍ ശ്രമിച്ചു.

പക്ഷെ, ആ ടെലിപ്പതി ദൂരങ്ങള്‍ പലതും പൂര്‍ത്തിയായില്ല. പൂര്‍ത്തിയാവും എന്ന് തോന്നിയ ആപദ് നിമിഷങ്ങളില്‍ എതിരെ കളിക്കുന്നവര്‍ ഇനിയെസ്റ്റയെ ഫൗള്‍ ചെയ്തു. അപ്പോഴെല്ലാം ഇനിയെസ്റ്റ രൂക്ഷമായ ക്ഷമ കൊണ്ടും മൗനം കൊണ്ടും പ്രതികരിച്ചു. ഒരുവശത്ത് അത് പ്രകടമായ ഹ്യുമിലിറ്റി ആണ്‌. മറുവശത്ത്‌, വലിയ ശരീരങ്ങളെക്കാള്‍ ഉയര്‍ന്ന ടെക്നിക്കല്‍ മികവിനെ അടിസ്ഥാനമാക്കുന്ന ഒരു ഫുട്ബോളിംഗ് ഫിലോസഫിയില്‍ ഉള്ള വിശ്വാസവും ആണ്‌. എങ്കിലും സ്പെയ്ന്റെ ശൈലിയെ ആകെ ഡിസൈന്‍ ചെയ്യുന്ന രീതിയില്‍ കളിക്കുവാന്‍ ഇനിയെസ്റ്റക്ക് ഒറ്റയ്ക്ക് കഴിഞ്ഞില്ല. സ്പെയ്ന്റെ ചലനാത്മകത മുറിഞ്ഞപ്പോഴെല്ലാം ഇനിയെസ്റ്റ അറിഞ്ഞത് ഷാവിയുടെ അഭാവം ആയിരുന്നു.

ഫൈനലിന് മുന്‍പുള്ള മത്സരങ്ങളില്‍ ഒന്നിലും തന്നെ ഷാവിക്ക് transcendental ആവാന്‍ കഴിഞ്ഞില്ല. അങ്ങനെ പറഞ്ഞത് ഷാവി തന്നെയാണ്. ഫൈനലില്‍ സാക്ഷാല്‍ ഷാവി അവതരിച്ചു. ടോട്ടല്‍ സ്പെയ്ന്‍ അവതരിച്ചു. ബാഴ്സലോണയുടെ ഓര്‍മ്മകള്‍ വന്നു. പെപ് ഗ്വാര്‍ഡിയോളയുടെ ഓര്‍മ്മകള്‍ വന്നു. അപ്പോഴൊക്കെ ലിയോണല്‍ മെസ്സിയെ സ്പെയ്ന്റെ മുന്‍പില്‍ അറിയാതെ തിരഞ്ഞുപോയി.

 
 

ഷാവി വെറും ഒരു മിഡ്ഫീല്‍ഡര്‍ മാത്രമല്ല. മഹാനായ യൊഹാന്‍ ക്രൈഫ് പ്രാവര്‍ത്തികമാക്കുകയും അയാക്സില്‍ നിന്നു കൊണ്ടുവരികയും ബാഴ്സലോണയില്‍ അവതരിപ്പിക്കുകയും ചെയ്ത ഒരു ഫിലോസഫിയെ കളിക്കളത്തിലും പുറത്തും പിന്തുടരുന്ന ഒരു ഫുട്ബോളിംഗ് റൊമാന്റിക്‌ ആണ്‌. (


 
 

ഫൈനലില്‍ ഷാവി സര്‍റിയല്‍ ആയിരുന്നു. കോച്ച് ഡെല്‍ ബോസ്ക്കെ പറഞ്ഞത് പോലെ, ഷാവിയാണ് സ്പാനിഷ് ടീമിന്റെ ശൈലി തീരുമാനിക്കുന്നത്. ഷാവി വെറും ഒരു മിഡ്ഫീല്‍ഡര്‍ മാത്രമല്ല. മഹാനായ യൊഹാന്‍ ക്രൈഫ് പ്രാവര്‍ത്തികമാക്കുകയും അയാക്സില്‍ നിന്നു കൊണ്ടുവരികയും ബാഴ്സലോണയില്‍ അവതരിപ്പിക്കുകയും ചെയ്ത ഒരു ഫിലോസഫിയെ കളിക്കളത്തിലും പുറത്തും പിന്തുടരുന്ന ഒരു ഫുട്ബോളിംഗ് റൊമാന്റിക്‌ ആണ്‌. (റൊമാന്റിക്‌ ആണെന്നതും ഷാവിയുടെ വാക്കുകള്‍ തന്നെ) ഡാനി ആല്‍വെസ് പറയുന്നത് ഷാവി “ഭാവികാലത്തില്‍ കളിക്കുന്ന” ആള്‍ ആണെന്നാണ്‌..

സ്വന്തം ടീമംഗങ്ങളുടെയും എതിര്‍ ടീമംഗങ്ങളുടെയും ചലനങ്ങളെയും അതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുകയോ ഇല്ലാതായിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന സ്പെയ്സിനെയും മുന്‍കൂട്ടി കാണുന്ന മനോഹരമായ കല. യൂറോ കപ്പ്‌ ഫൈനലില്‍ ഹാഫ് ടൈമിനു നാല് മിനിട്ട് മുന്‍പ് ഷാവി ജോര്‍ഡി ആല്‍ബക്ക് കൊടുത്ത പാസ്‌ ഇറ്റാലിയന്‍ ഡിഫെന്‍സില്‍ അവര്‍പോലും ഉണ്ടെന്നു കരുതാത്ത സ്പെയ്സിലൂടെ ആയിരുന്നു. തികച്ചും സര്‍റിയല്‍ .

സെന്‍ട്രല്‍ ലൈനിന് ഇപ്പുറം വച്ച് ഷാവിയുടെ കാലില്‍ പന്ത് കിട്ടുമ്പോള്‍ ജോര്‍ഡി ആല്‍ബ ഷാവിക്കും പുറകില്‍ ആയിരുന്നു. മുന്‍പില്‍ നാല് ഇറ്റാലിയന്‍ കളിക്കാരും. ഷാവിയുടെ കാലില്‍ കിട്ടിയ പന്തിന്റെ ഭാവി അറിഞ്ഞുള്ള ഓട്ടം ആയിരുന്നു ജോര്‍ഡിയുടേത്. ആവേശോജ്ജ്വലമായ ഒരു ടെലിപ്പതി. ഷാവിയുടെ കാലില്‍നിന്നും ജോര്‍ഡിയുടെ കാലില്‍ പന്ത് എത്തുമ്പോള്‍ കാലങ്ങളായി പ്രതിരോധം മാത്രം കഴിച്ചു ജീവിച്ച രാജ്യമായ ഇറ്റലിയുടെ നാല് കളിക്കാര്‍ ഷാവിക്കു മുന്‍പില്‍ ഉണ്ടായിരുന്നു. (ചാവി എന്നാണോ ഷാവി എന്നാണോ സാവി എന്നാണോ യഥാര്‍ത്ഥ പേര് എന്ന് ആലോചിച്ചു നില്‍ക്കരുത്. അങ്ങനെ ഒരു നിമിഷം അമ്പരന്നാല്‍ മതി, ആ അമ്പരപ്പിന്റെ ഇടയിലൂടെ ഷാവി ഗോളില്‍ അവസാനിക്കുന്ന ഒരു പാസ് നല്‍കിയിരിക്കും)

ഷാവി ഫെര്‍ണാണ്ടോ ടോറസിന് നല്‍കിയ പാസ്സിനും ആധികാരികവും നിര്‍ണായകവുമായ ആ ഭംഗി ഉണ്ടായിരുന്നു. പ്രാഗ്മാറ്റിസത്തിന്റെ പരുക്കന്‍ സ്കൂളുകള്‍ ഉള്ളപ്പോഴും കളിയുടെയും വിജയത്തിന്റെയും ഫുട്ബോള്‍ ആഹ്ലാദം ആണ്‌ സ്പെയ്ന്‍ .

 
 

ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌.


 
 
 
 

ഭാഷകൊണ്ട് പക്ഷം പിടിക്കുന്ന പിണറായി വിജയന്‍

സഖാവ് വിജയന്റെ ഭാഷാപരമായ പക്ഷംചേരലിന്റെ അടിസ്ഥാനം പാര്‍ട്ടി സെക്രട്ടറി എന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. ആ സ്ഥാനത്തു നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആന്തരികവും ബാഹ്യവുമായ പബ്ലിക് റിലേഷന്‍സ് പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രാവര്‍ത്തികമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാരും അതാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ , ശബ്ദായമാനമായ ചര്‍ച്ചകളില്‍ ഇടപെടുമ്പോള്‍ പലരും ഒരു ശബ്ദം മാത്രം ആയിത്തീരുന്നു. വേഗതയോടെ മാത്രം സംസാരിക്കുമ്പോള്‍ വെറും വേഗത മാത്രവും. എന്നാല്‍ ഒരു പ്രശ്നത്തിന്റെ ഒത്ത നടുക്ക് വന്നുനില്‍ക്കാനും ഒരു വാക്കുകൊണ്ട് കേരളത്തെ രണ്ടായി മുറിക്കാനും സഖാവ് വിജയനു സാധിക്കുന്നപോലെ മറ്റുള്ളവര്‍ക്ക് കഴിയാറില്ല-സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സംസാര ഭാഷയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരീക്ഷണം. സുരേഷ് എ.ആര്‍ എഴുതുന്നു

 

 

Henslowe: Will, where is my play? Tell me you have it nearly done! Tell me you have it started. You have begun?
Shakespeare: Doubt that the stars are fire, doubt that the sun doth move.
Henslowe: No, no, we haven’t the time. Talk prose. Where is my play?
(Shakespeare in Love)

ഷേക്സ്പിയറുടെ കൈയില്‍നിന്നും നാടകം ആവശ്യപ്പെടുന്ന ഹെന്‍സ് ലോവിനെപ്പോലെയാണ് പ്രായോഗികരാഷ്ട്രീയം. അതിന്റെ ആവശ്യങ്ങള്‍ അടിയന്തരപ്രാധാന്യം ഉള്ളവയാണ്. അതിന്റെ ദൈനംദിന ചരിത്രം ലിറിക്കല്‍ ഡോക്യുമെന്റെഷന്‍ അല്ല. ഭാഷ കവിതയുമല്ല. കണിശവും വ്യക്തവുമായ സംസാരഭാഷയിലൂടെ അത് സ്വന്തം പക്ഷം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ, സവിശേഷമായ ഒരു കൃത്യം നിര്‍വഹിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് മാറിനില്‍ക്കുന്ന ഒന്നാണ് ശ്രീ/സഖാവ് പിണറായി വിജയന്റെ സംസാരഭാഷ. അത് ഒരു ഫംഗ്ഷനല്‍ പ്രോസ് ആണ്. ആ ഭാഷയിലൂടെ പ്രായോഗികരാഷ്ട്രീയത്തില്‍ അദ്ദേഹം ചെയ്യുന്നത് ക്ഷമാപണസ്വഭാവമില്ലാത്ത പക്ഷംചേരലാണ്. അതുകൊണ്ടുതന്നെ അതിന്റെ ഉള്ളടക്കത്തോട് യോജിക്കാം, വിയോജിക്കാം. എങ്കിലും ഭാഷകൊണ്ട് അദ്ദേഹം നിര്‍വഹിക്കുന്ന പക്ഷംചേരലിന്റെ ആര്‍ക്കിറ്റെക്ച്ചര്‍ ശ്രദ്ധേയമാണ്.

സഖാവ് വിജയന്റെ ഭാഷാപരമായ പക്ഷംചേരലിന്റെ അടിസ്ഥാനം പാര്‍ട്ടി സെക്രട്ടറി എന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. ആ സ്ഥാനത്തു നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആന്തരികവും ബാഹ്യവുമായ പബ്ലിക് റിലേഷന്‍സ് പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രാവര്‍ത്തികമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാരും അതാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ , ശബ്ദായമാനമായ ചര്‍ച്ചകളില്‍ ഇടപെടുമ്പോള്‍ പലരും ഒരു ശബ്ദം മാത്രം ആയിത്തീരുന്നു. വേഗതയോടെ മാത്രം സംസാരിക്കുമ്പോള്‍ വെറും വേഗത മാത്രവും. എന്നാല്‍ ഒരു പ്രശ്നത്തിന്റെ ഒത്ത നടുക്ക് വന്നുനില്‍ക്കാനും ഒരു വാക്കുകൊണ്ട് കേരളത്തെ രണ്ടായി മുറിക്കാനും സഖാവ് വിജയനു സാധിക്കുന്നപോലെ മറ്റുള്ളവര്‍ക്ക് കഴിയാറില്ല.

ഉഷ ഉതുപ്പ് , സി പി ഐ (എം)
ദൃശ്യമാധ്യമകാലത്ത് സി പി ഐ (എം) അഭിമുഖീകരിച്ച സങ്കീര്‍ണമായ ഒരു അവസ്ഥ ആയിരുന്നു കോട്ടയം സമ്മേളനത്തിന്റെ സമാപനപരിപാടി. അച്ചടക്കം ഇല്ലാതെ, ബഹളം ഉണ്ടാക്കുകയും കുപ്പി വലിച്ചെറിയുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരോട് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിനു പരസ്യമായി സംസാരിക്കേണ്ടി വന്നു. ലോകം മുഴുവന്‍ കണ്ടുനില്‍ക്കുന്നു എന്നും അച്ചടക്കം സ്വയം അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ആണെന്നും ഉത്തമബോധ്യമുണ്ടായിട്ടും സഖാവ് വിജയന് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. അത്തരത്തില്‍ ഉള്ള ഒരു പ്രതികരണസമയത്ത് വികാരവിക്ഷോഭത്തില്‍ വാക്കുകള്‍ മുറിഞ്ഞുപോവുകയും വാക്കുകള്‍ ആവര്‍ത്തിച്ചു വരികയും ചെയ്യുക സ്വാഭാവികം. ഇത്തരത്തില്‍ ഉള്ള ഒരു സന്ദര്‍ഭത്തില്‍ സാധാരണ രീതിയില്‍ ഉണ്ടാവുന്നത് ‘ദയവുചെയ്ത് എല്ലാവരും അച്ചടക്കത്തോടെ ഇരിക്കണം’ എന്ന ഒരു അഭ്യര്‍ത്ഥന ആയിരിക്കും. ആ അഭ്യര്‍ത്ഥന വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് പതിവ്. എന്നാല്‍ വാക്കുകളുടെ തിരഞ്ഞെടുപ്പുകൊണ്ടും തന്റേതായ ഭാഷാരീതികൊണ്ടും സഖാവ് വിജയന്‍ അവിടെ നിര്‍വഹിക്കുന്ന പല കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം സമ്മേളനത്തിന്റെ സ്വഭാവത്തെയും അതില്‍ പങ്കെടുക്കുന്നവരുടെ സ്വഭാവത്തെയും പാര്‍ട്ടിയുടെ പക്ഷം ചേര്‍ന്നു നിര്‍വചിക്കുന്ന രീതിയാണ്.

അദ്ദേഹം ഇങ്ങനെ തുടങ്ങുന്നു: “സഖാക്കളെ, ഇവിടെ ഉഷ ഉതുപ്പിന്റെ പരിപാടിയൊന്നുമല്ല നടക്കുന്നത്. ഇത് സി പി ഐ എമ്മിന്റെ സമ്മേളനം ആണ്.” എന്താവാം ഉഷ ഉതുപ്പ് എന്ന വാക്കിന്റെ പ്രസക്തി? എന്തുകൊണ്ട് അത് കലാഭവന്‍ മണി എന്നോ നാദിര്‍ഷ എന്നോ മിമിക്സ് പരേഡ് എന്നോ പന്തളം ബാലന്‍ എന്നോ ആവാത്തത്? കാരണം, അവര്‍ക്കെല്ലാം കേരളത്തില്‍ പലയിടത്തും കാഴ്ചക്കാരും കേള്‍വിക്കാരുമായ ആരാധകര്‍ ഉണ്ട്. പോപ്പുലര്‍ കള്‍ച്ചറില്‍ അവര്‍ക്ക് സുവ്യക്തമായ ഒരു സ്ഥാനവും ഉണ്ട്. ആ ആരാധകരുടെ അപ്രീതി ഭയന്നല്ല, മറിച്ച്, സംഗീതത്തിന്റെ കൊടുക്കല്‍വാങ്ങലുകളില്‍ തികച്ചും അപ്രസക്തമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഉഷ ഉതുപ്പ് എന്ന പേര് ഇവിടെ ഉപയോഗിക്കുന്നത്. അത് അക്കാദമിക് അല്ല. പോപ്പുലറും അല്ല. അതുകൊണ്ട് ഒരു ഉഷ ഉതുപ്പിന്റെ പരിപാടി അല്ല, ഇത് സി പി ഐ എമ്മിന്റെ സമ്മേളനം ആണ് എന്ന് അദ്ദേഹം പറയുന്നത്. അപ്പോള്‍ ആ സമ്മേളനത്തിന്റെ സ്വഭാവം എന്തായിരിക്കണം എന്നും അദ്ദേഹം അതിലൂടെ വ്യക്തമായി നിര്‍വചിക്കുന്നു.

 

 

വഷളന്മാര്‍ സഖാക്കള്‍
അദ്ദേഹം ഇങ്ങനെ തുടരുന്നു: “സി പി ഐ എമ്മിന്റെ സമ്മേളനത്തില്‍ സാധാരണ പാലിക്കേണ്ട അച്ചടക്കം ഉണ്ട്. ഇവിടെ ഏതാനും വഷളന്മാര്‍ വന്നു ആ വഷളത്തരങ്ങള്‍ ആണ് കാണിച്ചുകൊണ്ടിരിക്കുന്നത്.” ആരൊക്കെയാണ് സഖാക്കള്‍ ? ആരൊക്കെയാണ് വഷളന്മാര്‍ ? താന്‍ സെക്രട്ടറി ആയിരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോള്‍ ‘വഷളന്മാര്‍ ‘ എന്ന
വാക്ക് പരസ്യമായി ഉപയോഗിക്കാന്‍ അദ്ദേഹം മടിക്കാത്തത് എന്ത്? കാരണം, വഷളന്മാര്‍ , നിര്‍വചനപരമായി, സഖാക്കള്‍ അല്ല. പാര്‍ട്ടിയുടെ പക്ഷം അതാണ് . കമ്മ്യൂണിസ്റുകാര്‍ക്ക് കമ്മ്യൂണിസ്റുകാരുടെ അച്ചടക്കം വേണം എന്ന് അദ്ദേഹം അതേ സംസാരത്തില്‍ പറയുന്നുണ്ട്: “കമ്മ്യൂണിസ്റുകാര്‍ക്ക് കമ്മ്യൂണിസ്റുകാരുടെ ആവേശം ഉണ്ടാവണം. ആ ആവേശത്തിന് നിയന്ത്രണം വേണം. കമ്മ്യൂണിസ്റുകാരന്‍ ആയാല്‍ പ്രാഥമികമായ അച്ചടക്കബോധം കാണിക്കണം.”

 

 

ബിസിനസ്സുകാരന്‍ സഖാവ്
മഞ്ഞളാംകുഴി അലിയുമായി സി പി ഐ (എം) അകന്ന സമയത്ത് അലിയുടെ പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് സഖാവ് വിജയന്‍ മറുപടി പറയുന്നുണ്ട്. സെക്രട്ടറി എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം അത് ചെയ്യുന്നത്.
“ഞങ്ങളുടെ മുന്‍പില്‍ അലി ആരുമല്ല. അലി പാര്‍ട്ടിക്ക് പുറത്തുനില്‍ക്കുന്ന ഒരാള്‍. പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന ഒരാള്‍. നടക്കട്ടെ.
നില്‍ക്കട്ടെ. അങ്ങനെ പോകട്ടെ. എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിലും ആ വീഴ്ച ഒക്കെ കുറച്ചു കണ്ടില്ലാന്നും വയ്ക്കും. കാരണം, പാര്‍ട്ടിക്കൊപ്പം
നില്‍ക്കുന്ന ഒരാള്‍ ആണ്. പാര്‍ട്ടിക്ക് അകത്തുള്ള ഒരാള്‍ അല്ല. ഇതാണ് പാര്‍ട്ടി പൊതുവേ സ്വീകരിക്കുന്ന സമീപനം. ഇത് അലി മനസ്സിലാക്കണം.” ഇത് അലിക്കുള്ള ഒരു മറുപടി മാത്രമല്ല, സ്വതന്ത്രരായ പാര്‍ട്ടി അനുഭാവികളെ പാര്‍ട്ടിയുടെ പക്ഷം ചേര്‍ന്നു നിര്‍വചിക്കുകയും ചെയ്യുകയാണ്. അവര്‍ ‘പാര്‍ട്ടിക്കൊപ്പം’ നില്‍ക്കുന്നവര്‍ ആണ്. ‘പാര്‍ട്ടിക്ക് അകത്തുള്ളവര്‍ ‘ അല്ല.

ഇനി, അലിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടതുപക്ഷ സ്വഭാവം അവശേഷിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെടാതിരിക്കാന്‍ അലി ആരാണെന്ന പാര്‍ട്ടി പക്ഷവും കൂടി അദ്ദേഹം വ്യക്തമായി പറയുന്നു: “അലി നല്ലൊരു ബിസിനസ്സുകാരന്‍ ആണ്. നല്ല പ്രാപ്തി ഉള്ള ബിസിനസ്സുകാരന്‍ ആണ്. വിജയിച്ച ബിസിനസ്സുകാരനും ആണ്. ഒരു പ്രത്യേക ഘട്ടത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. ഇടതുപക്ഷത്തിന്റെ സഹയാത്രികനായി. പക്ഷെ, അലിക്ക് ബിസിനസ്സിലെ കണക്കുകൂട്ടല്‍ രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.”

 

 

കോളേജ് അദ്ധ്യാപകന്‍ സഖാവ്
ഏതൊരു സി പി ഐ (എം)കാരനെക്കാളും വോക്കല്‍ ആയ ഒരു സി പി ഐ (എം) അനുഭാവി ആയിരുന്നു വിജയന്‍ മാഷ് . മാത്രമല്ല, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡണ്ട് , ദേശാഭിമാനി വാരിക പത്രാധിപര്‍ എന്നീ ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ച ആള്‍ . പിന്നീട് വിജയന്‍ മാഷ് ഉന്നയിച്ച പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് എതിര്‍പക്ഷം നില്‍ക്കുക എന്നത് സ്വാഭാവികമായും പാര്‍ട്ടിയുടെ ഔദ്യാഗിക ആവശ്യം ആയിത്തീര്‍ന്നു. വിജയന്‍ മാഷിന്റെ മരണശേഷം പാര്‍ട്ടി പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച ‘കോളേജ് അദ്ധ്യാപകന്‍’ എന്ന വാക്ക് കേരളത്തെ രണ്ടായി മുറിച്ചു. ദൈനംദിന രാഷ്ട്രീയം അടിസ്ഥാനപരമായി പക്ഷംചേരല്‍ തന്നെയാണെന്ന് അവ കൂടുതല്‍ നിശിതമായി (കരുണാരഹിതമായും) വെളിപ്പെടുത്തിയ വാക്കുകള്‍ ആയിരുന്നു അത്.

 

 

വിശകലനത്തിന്റെ പക്ഷം
പിറവം ഉപതിരഞ്ഞെടുപ്പിന്റെ ഫലം വിശകലനം ചെയ്യുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: “കഴിഞ്ഞതിന്റെ മുന്‍പിലത്തെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത് യഥാര്‍ത്ഥത്തില്‍ യു ഡി എഫിന്റെ അകത്തുള്ള ഭിന്നതയുടെ ഭാഗം ആണ്. ആ ഭിന്നതയുടെ ഒരു ഭാഗം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായിരുന്നു. ആ വോട്ടല്ല യഥാര്‍ത്ഥത്തില്‍ എല്‍ ഡി എഫിന്റെ വോട്ട്. എന്നാല്‍, ആ വോട്ടിലും ഞങ്ങള്‍ക്ക് ചോര്‍ച്ച ഉണ്ടായില്ല. അതാണ് ഞാന്‍ പറഞ്ഞത് ഞങ്ങള്‍ക്ക് ഒരു തരത്തിലും ക്ഷീണിക്കാന്‍ ഇല്ല എന്ന്. യു ഡി എഫില്‍ ഭിന്നത ഉണ്ടായതിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ലഭിച്ച വോട്ടില്‍ പോലും ഞങ്ങള്‍ക്ക് ഇപ്പോള്‍ ചോര്‍ച്ച സംഭവിച്ചിട്ടില്ല. ഞങ്ങള്‍ക്ക് തീര്‍ത്തും അഭിമാനിക്കാന്‍ വക ഉള്ള തെരഞ്ഞെടുപ്പാണിത്. ”

ഈ രീതിയില്‍ പാര്‍ട്ടിയുടെ പക്ഷം പറയുന്നതില്‍ അദ്ദേഹത്തിന്റെ സംസാരഭാഷയുടെ സവിശേഷതകളും വ്യക്തമാവുന്നുണ്ട് . കൃത്യത, വ്യക്തമായ സിന്റാക്സ് , നാമവിശേഷണങ്ങളുടെ ഏറ്റവും കുറഞ്ഞ ഉപയോഗം, ആവര്‍ത്തനങ്ങളുടെയും ജെര്‍ണലീസുകളുടെയും അഭാവം തുടങ്ങിയ മികച്ച ഫംഗ്ഷനല്‍ പ്രോസിന്റെ ലക്ഷണങ്ങള്‍ അതില്‍ ഉണ്ട്. അതോടൊപ്പം തന്നെ, നേരിട്ടുള്ള സംബോധനാരീതിയും പല സന്ദര്‍ഭങ്ങളിലും കാണാവുന്നതാണ്.

 

 

ബക്കറ്റ് സമുദ്രം
അലങ്കാരങ്ങളുടെയും സദൃശവാക്യങ്ങളുടെയും ലക്ഷ്വറി ഇല്ലാത്ത അദ്ദേഹത്തിന്റെ സംസാരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പ്രയോഗം ബക്കറ്റ് തിരമാല കുട്ടി കടല്‍ എന്നതായിരുന്നു. പല വ്യാഖ്യാനങ്ങള്‍ ഉണ്ടായ ഒരു പ്രയോഗം ആയിരുന്നു എങ്കിലും അതിനെക്കുറിച്ച് അതേ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: “എന്നോട് ചോദിച്ചവരോട് എനിക്ക് പറയാനുള്ളത്, ഞങ്ങളുടെ എല്ലാവരുടെയും ശക്തി ഈ പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് എന്ന് മനസ്സിലാക്കുക.” എന്താണ് അദ്ദേഹത്തോട് ചോദിച്ചത്? അദ്ദേഹം ഇങ്ങനെ തുടരുന്നു: “പത്രക്കാര്‍ ഒന്ന് രണ്ടു സ്ഥലത്ത് വച്ചു എന്നോട് ചോദിക്കുകയുണ്ടായി, (ഈ ജാഥ ലീഡര്‍ എന്ന നിലക്ക്) നിങ്ങളുടെ പടം വല്ലാതെ ഇങ്ങനെ വച്ചിരിക്കുകയാണല്ലോ. നിങ്ങള്‍ക്കിങ്ങനെ സിന്ദാബാദ് വല്ലാതെ വിളിക്കുകയാണല്ലോ. ഇതൊക്കെ വ്യക്തിപൂജ അല്ലെ? ഈ ജാഥയുടെ ലീഡര്‍ എന്ന നിലയില്‍ വയ്ക്കുന്ന പോസ്ററുകള്‍ ആണ്. അത് ഏതെങ്കിലും തരത്തില്‍, മറ്റു സഖാക്കളില്‍ നിന്ന് വ്യത്യസ്തനായി ഞാന്‍ അങ്ങ് ഉയര്‍ന്നുപോയി എന്ന് കരുതിയാല്‍ എന്റെ കഥ അതോടെ കഴിഞ്ഞു. അത് മനസ്സിലാക്കുക.”

അങ്ങനെ, താനും തന്റെ പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തിലും പാര്‍ട്ടിയുടെ പക്ഷം ആണ് ശരി എന്ന് ഭാഷയിലൂടെ വെളിപ്പെടുത്തുന്നു.

ആ…,ഓ…, എന്ത്യേ…ഇന്നസന്റ്

ഏതു കഥാപാത്രം ആയാലും ഇന്നസെന്റ് ഇന്നസെന്റ് തന്നെ ആയിരിക്കുന്നു. ഏതു നാട്ടിലെ കഥാപാത്രം ആണെങ്കിലും ഇന്നസെന്റ് ഒരേ ഭാഷയില്‍ (‘ബാഷ’യില്‍ ), ഒരേ താളത്തില്‍ സംസാരിക്കുന്നു. യൂറോപ്യന്‍സ് പോലും ഭാഷ പഠിച്ച കൊച്ചിയില്‍ ഒരു ഡബിള്‍ മുണ്ട് ഉടുക്കാന്‍ കഷ്ടപ്പെടുന്ന ഇന്നസെന്റ്, നാടക ട്രൂപ്പിന്റെ ഉടമസ്ഥന്‍ ആയാലും പുരോഹിതന്‍ ആയാലും തെരുവുജീവിതം ആയാലും സ്വന്തം ഭാഷ തന്നെ ഉപയോഗിക്കുന്നു. ചിരിക്കാതിരിക്കാന്‍ കഴിയുമെങ്കില്‍ കാണട്ടെ എന്ന് വെല്ലുവിളിക്കാതെ വെല്ലുവിളിക്കുന്നു. ആ മാറ്റമില്ലാത്ത ഭാഷയുടെ റിഥം ദുരിതകാലങ്ങളിലേക്ക് ശേഖരിച്ചുവെക്കാന്‍ പാകമായ, വൃത്തിയുള്ള ഹര്‍ഷോന്മാദം ആണ്-പ്രമുഖ നടന്‍ ഇന്നസന്റിന്റെ തിരജീവിതത്തെക്കുറിച്ച നിരീക്ഷണങ്ങള്‍. എ.ആര്‍ സുരേഷ് എഴുതുന്നു

 

 

പരകായപ്രവേശത്തിന്റെ ആന്റിതീസിസ്

പരകായപ്രവേശത്തിന്റെ ആഹ്ലാദകരമായ ഒരു ആന്റിതീസിസ് ആണ് ഇന്നസെന്റ്. ഏതു കഥാപാത്രം ആയാലും ഇന്നസെന്റ് ഇന്നസെന്റ് തന്നെ ആയിരിക്കുന്നതിലൂടെ നല്‍കുന്ന ആഹ്ലാദം. ഏതു നാട്ടിലെ കഥാപാത്രം ആണെങ്കിലും ഇന്നസെന്റ് ഒരേ ഭാഷയില്‍ (‘ബാഷ’യില്‍ ), ഒരേ താളത്തില്‍ സംസാരിക്കുന്നു. യൂറോപ്യന്‍സ് പോലും ഭാഷ പഠിച്ച കൊച്ചിയില്‍ ഒരു ഡബിള്‍ മുണ്ട് ഉടുക്കാന്‍ കഷ്ടപ്പെടുന്ന ഇന്നസെന്റ്, നാടക ട്രൂപ്പിന്റെ ഉടമസ്ഥന്‍ ആയാലും പുരോഹിതന്‍ ആയാലും തെരുവുജീവിതം ആയാലും സ്വന്തം ഭാഷ തന്നെ ഉപയോഗിക്കുന്നു. ചിരിക്കാതിരിക്കാന്‍ കഴിയുമെങ്കില്‍ കാണട്ടെ എന്ന് വെല്ലുവിളിക്കാതെ വെല്ലുവിളിക്കുന്നു. ആ മാറ്റമില്ലാത്ത ഭാഷയുടെ റിഥം ദുരിതകാലങ്ങളിലേക്ക് ശേഖരിച്ചുവെക്കാന്‍ പാകമായ, വൃത്തിയുള്ള ഹര്‍ഷോന്മാദം ആണ് .

എഴുതാന്‍ കഴിയാത്ത ഒരു ‘ഓ…’
‘ഓ…’ എന്നുള്ള ശബ്ദത്തെ പരാജയത്തിന്റെയും നിസ്സഹായതയുടെയും തോല്‍വി സമ്മതിക്കലിന്റെയും ദേഷ്യം കലര്‍ന്ന നിരാശയുടെയും പ്രാര്‍ഥനയുടെയും പരിഹാസത്തിന്റെയും ഒക്കെ പ്രകടനം ആക്കി മാറ്റുന്ന ഇന്നസെന്റിനെ മറ്റൊരു ദൃശ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക ദുഷ്കരമാവാം.

‘ആമിന ടെയ്ലെഴ്സ്’ ല്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ആയ ഇന്നസെന്റ് “പഠിപ്പിക്കാന്‍ വരുന്നവന്‍ പഠിപ്പിച്ചാല്‍ മതി” എന്ന് പറയുന്ന ഒരു വിദ്യാര്‍ഥിയുടെ മുന്‍പില്‍ തന്റേതു മാത്രം ആയ ‘ഓ…’ എന്ന ശബ്ദംകൊണ്ട് പ്രതികരിക്കുന്നു. ആ ‘ഓ…’ അച്ചടക്കമില്ലാത്ത വിദ്യാര്‍ഥികളുടെ ക്ലാസ്സില്‍ നില്‍ക്കേണ്ടി വരുന്ന ഒരു സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്റെ സിനിസിസത്തെ ഏറ്റവും നന്നായി പ്രകടമാക്കുന്നു. വാക്കുകള്‍ കൊണ്ടുള്ള വിവരണങ്ങള്‍, ഇന്നസെന്റിന് മാത്രം കഴിയുന്ന ഈ “ഓ…”യുടെ മുന്‍പില്‍ അപ്രസക്തം.

‘റാംജി റാവു സ്പീകിംഗ്’ ആരംഭിക്കുമ്പോള്‍ ഉള്ള, പോപ്പുലര്‍ കള്‍ചറില്‍ ഒരു എപിക് തന്നെ ആയിമാറിയ ഫോണ്‍വിളിയില്‍ ഉറുമീസ് തമ്പാനെ അന്വേഷിച്ചു വരുന്ന കോളിന് ശേഷം ‘ഓ…’ എന്ന ശബ്ദത്തിന് രണ്ടു ദിശകള്‍ ഉണ്ട്. ഒന്ന്, ഇതുപോലുള്ള ശല്യം ചെയ്യുന്ന കോളുകള്‍ ഇനി വരല്ലേ എന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന. രണ്ട്, ഈ വക ശല്യങ്ങളോടുള്ള മുറുമുറുപ്പ് കലര്‍ന്ന ദേഷ്യം. ഈ രണ്ടു വിരുദ്ധവിചാരങ്ങളെയും ഒരേ ‘ഓ…’ കൊണ്ട് പ്രകടിപ്പിക്കുമ്പോള്‍ ഒന്നിലേറെ തലമുറകള്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു.

 

 

എഴുതാന്‍ കഴിയാത്ത ഒരു ‘ഏ…’
മിമിക്രിയിലും മറ്റു അനുകരണസ്വഭാവമുള്ള കലാരൂപങ്ങളിലും ഇന്നസെന്റിനെ സ്ഥാപിച്ചെടുക്കാന്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന ശബ്ദം “ഏ…” എന്നതായിരിക്കും. ആ ‘ഏ…’ എന്നതില്‍ കേട്ടാല്‍പോലും തിരിച്ചറിയാന്‍ കഴിയുന്ന ചില ശരീരചലനങ്ങള്‍ കൂടിയുണ്ട്. ഒരു ‘ഏ…’യിലൂടെ അദ്ഭുതവും അവിശ്വസനീയതയും ഞെട്ടലും വിയോജിപ്പുകളും കാണിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു എന്നുമാത്രമല്ല അത് ഏതു കഥാപാത്രമായാലും അതേവിധം തുടരുകയും ചെയ്യുന്നു.

അമ്മ. പി ടി ഉഷ. വിശുദ്ധരൂപങ്ങള്‍
അപ്രതീക്ഷിതമായാണ് വിശുദ്ധരൂപങ്ങള്‍ സംഭാഷണങ്ങളില്‍ കയറിവരുന്നത്. അപ്രതീക്ഷിതമായി തന്നെയാണ് അവരെ ഉപയോഗപ്പെടുത്തുന്നതും. അവയോടു ഒരിക്കലും യുക്തിസഹമായി സംവദിക്കാന്‍ സാധിക്കുകയില്ല. ധാര്‍മികതയുടെയോ സദാചാരത്തിന്റെയോ രാഷ്ട്രീയശരിയുടെയോ അടിസ്ഥാനത്തില്‍ കലഹിക്കുവാനും കഴിയുകയില്ല. അത്തരത്തിലുള്ള ചില ഇന്നസെന്റ് നിമിഷങ്ങള്‍ ഉണ്ട്. “പി ടി ഉഷയ്ക്ക് സ്വര്‍ണപാദുകം കൊടുക്കാന്‍ അവര്‍ എന്താ വേളാങ്കണ്ണി മാതാവ് ആണോ?” എന്ന് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ആയ ഇന്നസെന്റ് ‘സര്‍വകലാശാല’യില്‍ ചോദിക്കുന്നു.

“കര്‍ത്താവാണെ , ഇത് എന്റെ ഒടുക്കത്തെ പെണ്ണ്കാണലാ. ഇന്ന് എന്തെങ്കിലും ഇടങ്കോലുണ്ടായാല്‍ പിന്നെ കര്‍ത്താവ് പോയി പെണ്ണ് കെട്ടുക എന്നല്ലാണ്ട് കുര്യാക്കോസിനെ ഈ പണിക്കു കിട്ടില്ല” എന്ന് ‘നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്തി’ല്‍ പറയുന്നു. ‘അഴകിയ രാവണനി’ല്‍ മറ്റുള്ളവരുടെകൂടെ കുടിക്കാതെ മദ്യം പൊതിഞ്ഞു വീട്ടില്‍ കൊണ്ടുപോകാം (“പിന്നെ ഒരു ലേശം വേണെങ്കില്‍ ഒരു കുപ്പിയില്‍ ആക്കി തന്നാല്‍ ഞാന്‍ വീട്ടില്‍ കൊണ്ടു പൊയ്ക്കോളാം “) എന്ന് പറയുന്നതുതന്നെ അതിന്റെ കൂസലില്ലാത വൈചിത്യ്രം കൊണ്ടുതന്നെ വേറിട്ടുനില്‍ക്കുന്നു. എന്നാല്‍ ഇതിനു പിന്‍പേ വരുന്നത് അതുവരെയുള്ള ഹാസ്യത്തിന്റെ ശീലങ്ങളെ എല്ലാം അഗ്നിയില്‍ ജ്ഞാനസ്നാനം ചെയ്യുന്ന വാക്കുകള്‍ ആണ് “അമ്മ കുടിക്കും.”
ഇത്തരത്തിലുള്ള വിശുദ്ധരൂപങ്ങളെ (ബഹുമാനിക്കപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍ ) മുന്നറിയിപ്പുകള്‍ ഇല്ലാതെയും ക്ഷമാപണങ്ങള്‍ ഇല്ലാതെയും ഇന്നസെന്റ് ഉപയോഗിക്കുന്നു. ഇങ്ങനെ ഉപയോഗിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവയെ അപ്രിയമാവാതെ നിലനിര്‍ത്തുക എന്നതും. കഥാപാത്രം ഏതായാലും അവ രണ്ടും ഇവിടെ സാധ്യമാവുന്നുണ്ട്.

പ്രവേശനമില്ലാത്ത പ്രദര്‍ശനശാലകള്‍
പല സംഭാഷണങ്ങളുടെയും ഒടുവില്‍ ഇന്നസെന്റ് സ്വയം പറയുന്ന ചിലതുണ്ട്. പ്രേക്ഷകരുടെ ചിരിയുടെ ശബ്ദത്തില്‍ പലതും കേള്‍ക്കാതെ പോകാറുണ്ടെങ്കിലും അവ ഇന്നസെന്റിന്റെ സിഗ്നേച്ചര്‍ സീരീസില്‍ ഉള്‍പ്പെടുന്ന സവിശേഷ പ്രയോഗങ്ങള്‍ ആണ്. (കല്യാണരാമന്‍ “ഇതിനെ നീ ഇപ്പൊ ഉണ്ടാക്കിയതാണോ?” അഴകിയ രാവണന്‍ “പെറ്റമ്മയ്ക്ക് ഒരു തുള്ളി ചോദിച്ചിട്ട് തന്നില്ല. ശവം.” മണിച്ചിത്രത്താഴ് “ഒളിച്ചിരുന്നാ പെയിന്റ് അടിക്കണേ?”)
ഇവയെല്ലാം ഏവര്‍ക്കും പുറത്തുനിന്നു കാണാമെങ്കിലും ഇവയിലേക്കു ആര്‍ക്കെങ്കിലും പ്രവേശിക്കുവാനോ അതിനു മറുപടി പറയുവാനോ കഴിയുകയില്ല.

 

 

തെറിയുടെ ലൈസന്‍സ്
ഇന്നസെന്റ് “പോടാ ചെക്കാ അവിടന്ന്” എന്ന് പറയുന്നതിന്റെ അതേ ലാഘവത്തോടെ (തീക്ഷ്ണതയോടെ) തന്നെ തെറി പറയുകയും തന്തയ്ക്കുവിളിക്കുകയും ചെയ്യുന്നു. “തെണ്ടി”, “പട്ടി”, “പന്നി” തുടങ്ങിയവയെ ഒക്കെ തികച്ചും സാധാരണമായ വാക്കുകള്‍ പോലെയാണ് സംഭാഷണങ്ങളില്‍ കടന്നുവരുന്നത് . മുത്തച്ഛന്റെ മുതല്‍ പേരക്കുട്ടിയുടെ പ്രായം ഉള്ളവരുടെ അടുത്തുപോലും ഇവ പ്രയോഗിക്കുകയും ചെയ്യുന്നു. “എഴുതടാ പട്ടി, ഉണ്ടോ” എന്ന് സ്കൂളില്‍ കേട്ടെഴുത്ത് ഇടുന്ന അദ്ധ്യാപകന്‍ പറയുമ്പോള്‍ അതില്‍ “പട്ടി”ക്ക് ഒരു ഊന്നല്‍ ഉണ്ട്. ഫോണില്‍ വിളിക്കുന്നത് മേലുദ്യോഗസ്ഥന്‍ ആണെന്നറിയാതെ “ഭരതന്‍ നിന്റെ അച്ചന്‍ ” എന്ന് പറയുന്ന ഭരതന്‍ എസ്. ഐ. ഹനുമാന്‍ പൂജ ചെയ്യുന്നതിനിടയിലും ഫോണ്‍ വരുമ്പോള്‍ “ആരുടെ അമ്മയെ കെട്ടിയ പിശാചാണെന്നു” നോക്കാന്‍ അനിയനോട് പറയുന്ന സ്വാമിയേട്ടന്‍ . “ചോറ് എന്ന് തന്നെ അല്ലെ ഞാന്‍ പറഞ്ഞത്? അക്ഷരം മാറി ഒന്നും ഇല്ലല്ലോ?” എന്ന് ചോദിക്കുന്ന പാചകക്കാരന്‍ .
ഇത്തരത്തില്‍ കഥാപാത്രം ഏതായാലും എപ്പോള്‍ വേണമെങ്കിലും കടന്നുവരാവുന്ന ചീത്തവിളികള്‍ നിരവധിയാണ്. പ്രത്യേകിച്ച് ഒരു കഥാപാത്രത്തിന് മാത്രമായി ഒരു പവിത്രത സങ്കല്‍പിക്കാനാവില്ല.

പൂമ്പാറ്റ. ബോബനും മോളിയും.
ഇന്നസെന്റിന്റെ ജനപ്രിയമായ “എന്ത്യേ?” എന്ന ചോദ്യത്തില്‍ ഒരുതരം നിഷ്കളങ്കത ഉണ്ട്. അതില്‍ പലപ്പോഴും പരിഹാസവും പുച്ഛവും ആക്രമണോത്സുകതയും കലര്‍ന്നിട്ടുണ്ടെങ്കിലും ബാല്യസഹജമായ ഒരു താളം ആ ചോദ്യത്തിലും മറ്റു സംഭാഷണങ്ങളിലും കാണാം. ആ രീതിയില്‍ നോക്കുമ്പോള്‍ ‘അടയാള’ത്തിലെ പൂമ്പാറ്റയും ‘ഗോഡ്ഫാദറി’ലെ ബോബനും മോളിയും ഇന്നസെന്റിന്റെ അഭിനയസ്വഭാവത്തിന്റെകൂടി പ്രതിഫലനം ആണ്. ഗൌരവമേറിയതും കലുഷിതവുമായ അന്തരീക്ഷങ്ങളില്‍പോലും ഒരു “ഏ..” കൊണ്ടോ “ഓ…” കൊണ്ടോ പൂമ്പാറ്റയുടെയും ബോബനും മോളിയുടെയും സെന്‍സിബിലിറ്റി കൊണ്ടുവരാന്‍ ഇന്നസെന്റിന് സാധിക്കും.

 

 

മൌനം. നിശ്ചലത.
‘മിഥുന’ത്തില്‍ പൂജയുടെ രംഗത്തില്‍ ഇന്നസെന്റ് ഒരു പ്രതിമപോലെ നില്‍ക്കുന്നു. മഹാചലനങ്ങളെ നിഷ്കരുണമായ കുസൃതിയോടെ ഉള്‍ക്കൊള്ളുന്ന നിശ്ചലത. അതിനു മലയാള സിനിമയുടെ ഹാസ്യഭാവുകത്വത്തിന്റെ ഏതു മണ്ഡലത്തില്‍ നിന്നാലും എതിരില്ലാതെ ജയിക്കാന്‍ കഴിയുന്ന കരുത്തുണ്ട്.

കലാപങ്ങളുടെ ഫാഷന്‍

എല്ലാ കലാപങ്ങള്‍ക്കും ഒരു ഫാഷന്‍ ഉണ്ടോ? ഗാന്ധിയെക്കാള്‍ നെഹ്‌റു ഉപയോഗിച്ചിരുന്നു എന്ന് ചിത്രങ്ങളില്‍ കണ്ട ഗാന്ധി തൊപ്പി, അണ്ണാ ഹസാരയെ പിന്തുണക്കാന്‍ വന്ന ജനക്കൂട്ടം ഉപയോഗിക്കുന്നതായി ടെലിവിഷനില്‍ കണ്ടു. അങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ സ്വാതന്ത്ര്യസമരം അവസാനിച്ചപ്പോള്‍ അണ്ണാ ഹസാരെ ഫാഷന്‍ ആക്സസ്സറിയുടെ കോഡ് തുറന്നു വച്ചു: “I am Anna എന്ന് എഴുതിയ തൊപ്പി ധരിച്ചാല്‍ ആരും അണ്ണാ ആവില്ല. അതിനു ത്യാഗങ്ങള്‍ വേണം. സംശുദ്ധ ജീവിതം വേണം.”-സുരേഷ് എ.ആര്‍ എഴുതുന്നു


ലോകത്തിന്റെ പല ഭാഗത്തും പല പ്രക്ഷോഭങ്ങള്‍ ഇടിമുഴക്കത്തോടെയും മുല്ലപ്പൂമണത്തോടെയും വസന്തമായും വെറുപ്പായും മാനിഫെസ്റ്റോ ഇല്ലാത്ത ജനക്കൂട്ടമായും സംഭവിക്കുമ്പോള്‍ ലീവൈസ് അവരുടെ പുതിയ പരസ്യം അവതരിപ്പിക്കുന്നു: ‘ഗോ ഫോര്‍ത്ത്’. അമേരിക്കന്‍ ലോലൈഫിന്റെ കവി (കവി കൂടി ആയ) ആയ ചാള്‍സ് ബുകൊവ്സ്കിയുടെ ‘ദ ലാഫിംഗ് ഹാര്‍ട്ട്’ പശ്ചാത്തലത്തില്‍ വരുന്ന ഈ പരസ്യം തെരുവില്‍ സമരം ചെയ്യുന്ന യുവാക്കളെയും കലാപങ്ങളെയും അവരുടെ സ്വാതന്ത്ര്യമോഹങ്ങളെയും ഉപയോഗപ്പെടുത്തുന്നു.

courtesy: levis

യുവാക്കളോട് സ്വന്തം ശക്തിയും സൗന്ദര്യവും തിരിച്ചറിഞ്ഞു മുന്നോട്ടു പോകാന്‍ ആഹ്വാനം ചെയ്യുന്ന ലീവൈസിന്റെ ഈ പരസ്യവും എന്നത്തെയുംപോലെ യൌവനത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. ഒറ്റക്കും സംഘംചേര്‍ന്നുമുള്ള സ്വപ്നാന്വേഷണങ്ങള്‍. സംഗീതവും സ്നേഹവും തെരുവുകളിലെ സമരവും. സുരക്ഷാ ഉദ്യോഗസ്ഥരുടെ മാര്‍ച്ചും ടിയര്‍ ഗ്യാസും. പല അര്‍ത്ഥതലങ്ങള്‍ കല്‍പ്പിക്കാവുന്ന കാറ്റ്. അങ്ങനെ, ഈ പരസ്യം വെറും ഒരു പരസ്യം എന്നതിലുപരി കള്‍ച്ചറല്‍ റൊമാന്റിസിസത്തിന്റെ ഒരു ഉല്പന്നം കൂടി ആവുന്നു.

അമേരിക്കന്‍ ആത്മാവ് ആണെങ്കിലും ലോകമെങ്ങുമുള്ള കലഹിക്കുന്ന യുവാക്കളുടെ ആജ്ഞാലംഘനങ്ങളുടെ സജീവമായ ഒരു ഫ്രെയ്മില്‍ ലീവൈസ് സ്വന്തം സ്വത്വവും ചിഹ്നവും എടുത്തുവയ്ക്കുന്നു. മുന്‍പില്‍ ഇരുട്ടിനെ തകര്‍ക്കുന്ന വെളിച്ചം ഉണ്ടെന്നും അതിലേക്കു സ്വയം വഴി തിരഞ്ഞെടുക്കാനും പറയുന്ന, ഏറെ പോപ്പുലര്‍ അപ്പീല്‍ ഉള്ള ചാള്‍സ് ബുകൊവ്സ്കിയുടെ കവിതയെ ഉപയോഗിച്ച് ലീവൈസ് കലാപകാലത്തിലെ സ്വാതന്ത്യത്തിന്റെ സഹചാരി ആവുന്നു. ആ സഹചാരിയെ തിരഞ്ഞെടുക്കാന്‍ പരോക്ഷമായി പറയുകയും ചെയ്യുന്നു. അഥവാ, സമരം ചെയ്യുന്നവരുടെ ഫാഷന്‍ ആകുവാനുള്ള വിലകൂടിയ സന്നദ്ധത ലീവൈസ് അറിയിക്കുന്നു. ലണ്ടനില്‍ നടന്ന കൊള്ളയടിക്കല്‍ കലാപത്തിന്റെ സമയത്ത് ഈ പരസ്യം പുറത്തു വന്നപ്പോള്‍ ഇത് ശ്രദ്ധിക്കപ്പെടാന്‍ ഇതിലെ പൊളിറ്റിക്കല്‍ ഐറണി കൂടി കാരണമായി.

courtesy: levis

ഈ വര്‍ഷം ഓഗസ്റ്റില്‍ ലണ്ടനില്‍ നടന്ന ആ കലാപത്തില്‍, പക്ഷെ, ഏറ്റവും വ്യക്തമായ ചിഹ്നം ഹൂഡി ആയിരുന്നു. സ്പോര്‍ട്സ് താരങ്ങളുടെ ശക്തിയും വിജയവും ആവാഹിക്കാന്‍ ശ്രമിച്ച എണ്പതുകളിലെ ഹിപ്-ഹോപ്‌ ഗായകര്‍ അവരുടെ സംസ്കാരത്തിന്റെ ഫാഷന്‍ കോഡ് ആക്കി ഹൂഡ് ഉള്ള ഈ സ്വെറ്റ്ഷര്‍ട്ട്‌. പിന്നീട് ഹിപ്-ഹോപ്പുമായി സാംസ്കാരിക ചിഹ്നങ്ങള്‍ പങ്കുവച്ച ഗാംഗ് കള്‍ച്ചറിന്റെ ഫാഷന്‍ കൂടിയായി ഹൂഡി.
കൂടാതെ, പാര്‍ശ്വവത്കരിക്കപ്പെട്ട സബ്അര്‍ബന്‍ കൌമാര-യൌവനങ്ങള്‍ അവരുടെ പകയും മുഖ്യധാരയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ രോഷവും ഹൂഡിക്കുള്ളില്‍ ഒതുക്കി. ചിലപ്പോള്‍ സ്വയം തീര്‍ത്ത ഒരു ദ്വീപായും മറ്റുചിലപ്പോള്‍ പൊതുസമൂഹത്തില്‍ അലിഞ്ഞുചേരാനുള്ള ഒരു സുരക്ഷാസഹായി ആയും ഇത് ഉപയോഗിക്കപ്പെട്ടു. 2005 മെയ്മാസം കെന്റിലെ ബ്ലൂവാട്ടര്‍ ഷോപ്പിംഗ്‌ സെന്റര്‍ ഹൂഡി നിരോധിച്ചതും ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും പല സ്കൂളുകളിലും ഹൂഡി ധരിക്കുന്നത് ശിക്ഷാര്‍ഹം ആക്കിയതും ഹൂഡിയെ മുഖ്യധാരാസമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ ആയിരുന്നു.

courtesy: levis

ഡേവിഡ്‌ കാമറൂണ്‍ 2006ല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍, സ്യൂട്ട് ധരിച്ച മുഖ്യധാരാ സമൂഹം ഹൂഡി ധരിച്ചവരെ ആക്രമാണോത്സുകര്‍ ആയ ചെറുപ്പക്കാരുടെ ഗാംഗ് ആയാണ് കാണുന്നത് എന്ന് പറഞ്ഞിരുന്നു. അവരുടെ രോഷത്തിന്റെയും നിരാശയുടെയും കുറ്റവാസനയുടെയുമൊക്കെ യഥാര്‍ത്ഥ കാരണങ്ങളെ പരിശോധിക്കാതെ രോഗലക്ഷണങ്ങളെ മാത്രം ചികിത്സിക്കുന്നതിന്റെ പ്രശ്നങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍ 2011ല്‍, ഹൂഡി ധരിച്ച കൂട്ടങ്ങള്‍ കൊള്ളയടിച്ചും തീവച്ചും നടത്തിയ, പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്ന, ഒരു കലാപത്തിന്റെ മുന്‍പില്‍ പ്രധാനമന്ത്രി ആയി നിന്നപ്പോള്‍ കാമറൂണ്‍ പറഞ്ഞത് ഇങ്ങനെയാണ്: “ഇതൊക്കെ ചെയ്യാനുള്ള പ്രായം നിങ്ങള്‍ക്ക് ആയിട്ടുണ്ടെങ്കില്‍ ഇതിനുള്ള ശിക്ഷ ഏറ്റുവാങ്ങാനുള്ള പ്രായവും നിങ്ങള്‍ക്ക് ആയിട്ടുണ്ട്‌.”

അനിവാര്യതയും കലാപങ്ങളിലെ ഫാഷനെ നിര്‍വചിക്കാറുണ്ട്. പോലിസ് ക്യാമറ ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരുടെ ഫോട്ടോ എടുക്കുകയും പിന്നീട് അവര്‍ക്കെതിരെ നടപടി വരികയും ചെയ്യുമ്പോള്‍ മുഖംമൂടികള്‍ ആവശ്യമായി വരുന്നു. തെരുവുകളില്‍ സ്വയം വെളിപ്പെടുകയും ഒപ്പം ഏറെക്കുറെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഒരു ധര്‍മം നിര്‍വഹിക്കാന്‍ മുഖംമൂടികള്‍ സഹായിക്കുന്നുണ്ട്.

എല്ലാ കലാപങ്ങള്‍ക്കും ഒരു ഫാഷന്‍ ഉണ്ടോ? ഗാന്ധിയെക്കാള്‍ നെഹ്‌റു ഉപയോഗിച്ചിരുന്നു എന്ന് ചിത്രങ്ങളില്‍ കണ്ട ഗാന്ധി തൊപ്പി, അണ്ണാ ഹസാരയെ പിന്തുണക്കാന്‍ വന്ന ജനക്കൂട്ടം ഉപയോഗിക്കുന്നതായി ടെലിവിഷനില്‍ കണ്ടു. അങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ സ്വാതന്ത്ര്യസമരം അവസാനിച്ചപ്പോള്‍ അണ്ണാ ഹസാരെ ഫാഷന്‍ ആക്സസ്സറിയുടെ കോഡ് തുറന്നു വച്ചു: “I am Anna എന്ന് എഴുതിയ തൊപ്പി ധരിച്ചാല്‍ ആരും അണ്ണാ ആവില്ല. അതിനു ത്യാഗങ്ങള്‍ വേണം. സംശുദ്ധ ജീവിതം വേണം.”

അത്രനേരം I am Spartacus എന്ന് പറഞ്ഞിരുന്നവര്‍ അവരവര്‍ തന്നെ ആവാനുള്ള തീരുമാനം എടുത്ത് ഉടന്‍ പിരിഞ്ഞുപോയി.

രോമഹര്‍ഷങ്ങളും സ്റ്റാറ്റിസ്റ്റിക്സും തമ്മിലുള്ള വ്യത്യാസം. അഥവാ, രാഹുല്‍ ദ്രാവിഡ്‌.

രാഹുലിന്റെ ബാറ്റിംഗ് എല്ലാവരും പറയുന്നപോലെ ഒരു ടെക്സ്റ്റ്‌ ബുക്ക് ആണ്‌. പാഠപുസ്തകങ്ങളെക്കാള്‍ ചിത്രകഥകള്‍ ആവേശം തരുന്നതുകൊണ്ടാണ് ആഹ്ലാദത്തിന്റെ ഹിമാലയങ്ങളില്‍ ഷര്‍ട്ട്‌ ഊരിവീശുന്ന സൗരവും, എപ്പോള്‍ വേണമെങ്കിലും പുറത്താവാം എന്ന അരക്ഷിതത്വത്തിലും സംഹാരാത്മകമായി ബാറ്റുചെയ്യുന്ന സേവാഗും എന്നും സ്വയം നവീകരിക്കുന്ന സച്ചിനും നിരുപാധികമായ ആനന്ദങ്ങള്‍ ആവുന്നത്-സുരേഷ് എ.ആര്‍ എഴുതുന്നു

ഏകദിന ക്രിക്കറ്റിലെ സ്വന്തം ചരിത്രമുഹൂര്‍ത്തങ്ങളില്‍ രാഹുല്‍ മറ്റു വലിയ ഹര്‍ഷോന്മാദങ്ങളുടെ നിഴലില്‍ ആയിപ്പോയി. തന്റെ ആദ്യ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറും സംഭവിച്ച മത്സരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത്‌ രാഹുലിന്റെ പേരില്‍ ആയിരുന്നില്ല. മറ്റു വീരന്മാരുടെ പേരില്‍ ആയിരുന്നു. ചരിത്രത്തിന്, അല്ലെങ്കിലും, വീരന്മാരെ ആണ്‌ കൂടുതല്‍ ഇഷ്ടം. ധര്‍മബോധത്തിന്റെയും വിവേകത്തിന്റെയും പക്വതയുടെയും പേരില്‍ അറിയപ്പെട്ട ഒരു മൂത്ത സഹോദരന്‍ ഉണ്ടായിട്ടും ഗീത പോലെ തികച്ചും അക്കാദെമിക് ആയ ഒരു കാര്യം ഇത്ര സമയം എടുത്തു ഒരാള്‍ പറഞ്ഞത് അര്‍ജുനനോടാണ്. ക്ലൈമാക്സ് അറിയാമെങ്കിലും അര്‍ജുനന്റെ യുദ്ധം കാണാന്‍ ആണ്‌ രവി ചോപ്രയുടെ മഹാഭാരതം കണ്ടിരുന്നത്‌. ദ്രൗപദിക്ക് അര്‍ജുനനോടു ഇത്തിരി സ്നേഹക്കൂടുതല്‍ ഉണ്ടെന്നു രണ്ടാമൂഴക്കാരന്‍ പോലും കരുതുന്നുണ്ട്. അത് അങ്ങനെതന്നെയാണ്. ചരിത്രം രോമഹര്‍ഷങ്ങളുടെതാണ്. പാഠപുസ്തകങ്ങളുടെതല്ല.

അങ്ങനെ മഹാനായ രാഹുലിന്റെ ചരിത്രം മറ്റുള്ളവരുടെതായ ചില മുഹൂര്‍ത്തങ്ങള്‍:

സയ്ദ് അന്‍വര്‍: ഏകദിന ക്രിക്കറ്റ്‌ കളിച്ചുതുടങ്ങി ഒരു വര്‍ഷം കഴിഞ്ഞശേഷം ആണ്‌ രാഹുലിന്റെ ആദ്യ സെഞ്ച്വറി. 1997-ല്‍ പാകിസ്ഥാനെതിരെ ചെന്നൈയില്‍ നടന്ന ആ മത്സരത്തില്‍ രാഹുല്‍ 107 റണ്‍സ് സ്കോര്‍ ചെയ്തു. മഹാനായ ഒരു ബാറ്റ്സ്മാന്റെ ആദ്യ സെഞ്ച്വറി ആയി അതെന്നും ഓര്‍മിക്കപ്പെടെണ്ടതായിരുന്നു. പക്ഷെ, മറക്കാന്‍ ആഗ്രഹിക്കുന്തോറും ഓര്‍മിക്കപ്പെടുന്ന മറ്റൊന്ന് ആ മത്സരത്തില്‍ സംഭവിച്ചു. അന്നുവരെയുള്ള എല്ലാ റെക്കോഡുകളും കാരുണ്യരഹിതമായ കൃത്യതയോടെ തകര്‍ത്ത സയ്ദ് അന്‍വറിന്റെ 194. അത് പുതിയ ചരിത്രമായപ്പോള്‍ രാഹുലിന്റെത് സ്റ്റാറ്റിസ്റ്റിക്സ് മാത്രമായി നിന്നു.

സച്ചിന്‍: രാഹുലിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോര്‍ (153) 1999-ല്‍ ന്യൂസിലന്റിനെതിരെ ആയിരുന്നു. അത് അത്ര ആവേശത്തോടെ ഓര്‍മിക്കപ്പെടുന്നുണ്ടാവില്ല. പക്ഷെ, ഹൈദ്രബാദില്‍ നടന്ന ആ മത്സരത്തിലാണ് സച്ചിന്റെ അന്നത്തെ ഏറ്റവും ഉയര്‍ന്ന സ്കോറും സംഭവിച്ചത്. കപിലിന്റെ 175ഉം സൗരവിന്റെ 183ഉം കടന്ന ആ സൗന്ദര്യമുള്ള സംഹാരം പവലിയനില്‍ ഇരുന്ന കാണുകയായിരുന്ന കപിലിനും സൗരവിനും മാത്രമല്ല ലോകത്തെവിടെയുമുള്ള സച്ചിന്‍ ആരാധകര്‍ക്കും വീണ്ടും വീണ്ടും ഓര്‍മിക്കാനുള്ള ഒരു ഇന്നിങ്ങ്സ് ആയി. സച്ചിന്റെത് ദേശങ്ങള്‍ കടന്ന ഒരു രോമഹര്‍ഷമായപ്പോള്‍ രാഹുലിന്റെത് ഏകദിനത്തിലെ ഏറ്റവും വലിയ പാര്‍ട്ട്ണര്‍ഷിപ്പില്‍ സച്ചിനൊപ്പം ഉണ്ടായിരുന്നു എന്ന അനുബന്ധ സ്റ്റാറ്റിസ്റ്റിക്സ് മാത്രമായി.

സൗരവ്: രാഹുലിന്റെ മികച്ച രണ്ടാമത്തെ സ്കോര്‍ (145) ശ്രീലങ്കക്കെതിരായ ലോകകപ്പ്‌ മത്സരത്തിലായിരുന്നു. അതേ മത്സരത്തില്‍ തന്നെയാണ് സൗരവ് തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയ 183 നേടിയത്. സച്ചിനോടോത്തും സൗരവിനോടൊത്തും ഏകദിന മത്സരങ്ങളില്‍ ലോകറെക്കോഡുകള്‍ സൃഷ്‌ടിച്ച രാഹുലിന് ഈ മത്സരത്തിലും ഒന്നാമത്തെ ഇടം നഷ്ടമായി. 183 എന്നത് 145നേക്കാള്‍ ജ്വാലാസമാനമായതുകൊണ്ടും സൗരവിന് ലോകത്തെവിടെയുമുള്ള ഗാലറികളുമായി ആഘോഷസംപൂര്‍ണമായ ബന്ധം ഉള്ളതുകൊണ്ടും ആ ചരിത്രപുളകവും സൗരവിന് അര്‍ഹിക്കുന്ന സമ്മാനമായി ലഭിച്ചു.

2007ലെ ബംഗ്ലാദേശ്: ലോകകപ്പിലെ രാഹുലിന്റെ പ്രകടനം അതിഗംഭീരവും ആധികാരികവുമാണ്. 750 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്തവരില്‍ ഇരുപത്തിരണ്ടു മത്സരങ്ങള്‍ കളിച്ച രാഹുലിന്റെ ശരാശരിയേക്കാള്‍ (61.42) മുകളില്‍ നില്‍ക്കുന്നത് വിവ് റിച്ചാര്‍ഡ്സ് (63.31) മാത്രമാണ്. മാത്രമല്ല, രാഹുല്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് ഉണ്ടായിരുന്ന കാലത്തെ വിജയത്തിന്റെ അനുപാതം ധോണിയുടെതൊഴികെ മറ്റെല്ലാ നായകന്മാരുടെ കാലത്തേക്കാള്‍ മികച്ചതുമാണ്. എങ്കിലും രാഹുലിന്റെ നായക കാലത്താണ് ഇന്ത്യ ലോകകപ്പിലെ അപ്രതീക്ഷിതവും നിര്‍ണായകവുമായ ഒരു തോല്‍വി ഏറ്റുവാങ്ങുന്നത്. അതും വാതുവെപ്പുകാരുടെയും വിശ്വാസികളുടെയും വിദഗ്ധരുടെയും പണവും പ്രാര്‍ഥനയും പ്രവചനവും പാഴായിപ്പോയ ഒരു തോല്‍വി. ബംഗ്ലാദേശിനെതിരെ സംഭവിച്ച ആ പരാജയത്തിന്റെ അശുഭമായ ഓര്‍മയാണ് രാഹുലിന്റെ ഉജ്ജ്വലമായ ലോകകപ്പ്‌ പ്രകടനങ്ങളെക്കാള്‍ ആയുസ്സ് നേടിയത്. 2011ല്‍ ഇന്ത്യ ലോകകപ്പ്‌ നേടിയ ടീമില്‍ രാഹുലിന് ഇടമില്ലാതിരുന്നതും ആ പരാജയത്തിന്റെ ഏകാന്തത വര്‍ദ്ധിപ്പിച്ചു.

ഒഴിവാക്കാന്‍ താല്പര്യം ഉണ്ടെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത പാഠപുസ്തകങ്ങള്‍ അത്രയൊന്നും രോമഹര്‍ഷങ്ങള്‍ നല്‍കുന്നില്ല. ശരിതെറ്റുകളുടെ സംശയരഹിതമായ വസ്തുതകള്‍ നിരത്തുന്ന രാഹുലിന്റെ ബാറ്റിംഗ് എല്ലാവരും പറയുന്നപോലെ ഒരു ടെക്സ്റ്റ്‌ ബുക്ക് ആണ്‌. പാഠപുസ്തകങ്ങളെക്കാള്‍ ചിത്രകഥകള്‍ ആവേശം തരുന്നതുകൊണ്ട്‌ ആഹ്ലാദത്തിന്റെ ഹിമാലയങ്ങളില്‍ ഷര്‍ട്ട്‌ ഊരിവീശുന്ന സൗരവും, എപ്പോള്‍ വേണമെങ്കിലും പുറത്താവാം എന്ന അരക്ഷിതത്വത്തിലും സംഹാരാത്മകമായി ബാറ്റുചെയ്യുന്ന സേവാഗും എന്നും സ്വയം നവീകരിക്കുന്ന സച്ചിനും നിരുപാധികമായ ആനന്ദങ്ങള്‍ ആവുന്നത്. പരീക്ഷ തുടങ്ങുന്നതിനു മുന്‍പുള്ള അവസാന ബെല്‍ അടിച്ചാലും വ്യഗ്രതയോടെ പുസ്തകം മറിക്കുന്നവര്‍ അത്രയൊന്നും ദ്രശ്യഭംഗി ഉള്ളവരായിരിക്കില്ല. ഒരുപക്ഷെ.

(മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളില്‍ ഒരേ ഒരെണ്ണം മാത്രം തെറ്റിയതിനു ഒരു ദിവസം മുഴുവന്‍ നിരാശപ്പെട്ട പ്രീ-ഡിഗ്രി കാലത്തെ റെക്സിന്)

ഫാബ്രിഗാസിന്റെ വീട്. ഒരു പാരഗ്രാഫില്‍ റ്റെവസിന്റെ ഉടലും

“ശൈലി ഇല്ലാത്ത വിജയത്തേക്കാള്‍ പരാജയമാണ് ഞാന്‍ ഇഷ്ടപ്പെടുക. ദീര്‍ഘമായ പാസ്സുകളും കഠിനമായ കായിക അടവുകളും ഇംഗ്ലണ്ടില്‍ കൈയടി നേടും. സ്പെയിനില്‍ കൂക്കുവിളികളും.” ഫാബ്രിഗാസ് ഇങ്ങനെ പറഞ്ഞത് താന്‍ ലക്‌ഷ്യം വയ്ക്കുന്ന ഒരു തിരിച്ചുപോക്കിന്റെ മുന്നോടികൂടി ആയിട്ടായിരുന്നു.

സുരേഷ് എ.ആര്‍ എഴുതുന്നു

2010-ല്‍ സൗത്ത് ആഫ്രിക്കയിലെ ലോകകപ്പ് ഫൈനലില്‍ സെസ്ക് ഫാബ്രിഗാസ് ആന്ദ്രെ ഇനിയെസ്റ്റക്ക് നല്‍കിയ പാസ്സിനും 2011-ല്‍ ഇംഗ്ലണ്ടിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഷാവി ഹെര്‍നാന്‍ഡസ് പെഡ്രോ റോഡ്രിഗസിനു നല്‍കിയ പാസ്സിനും തമ്മില്‍ ഒരു ബന്ധം ഉണ്ട്. ധ്യാനസുന്ദരവും ആക്രമാണോത്സുകവുമായ ഒരു ഫുട്ബോള്‍ കാല്‍പനികതയുടെ ബന്ധം. ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിന്റെ യൂത്ത് അക്കാദമി ദര്‍ശനവും ശീലവുമാക്കിയ ഒരു ശൈലിയുടെ ജനിതകബന്ധം. ആ ബന്ധമാണ് ആഴ്സനലില്‍ നിന്നും ബാഴ്സലോണയിലേക്കുള്ള ഫാബ്രിഗാസിന്റെ ട്രാന്സ്ഫെറിനെ ഒരു പുതിയ കരാര്‍ എന്നതിലുപരി ക്ലബ് ഫുട്ബോളിലെ ഒരു ആധുനിക ഫോക് ലോര്‍ ആക്കുന്നത്.

ആധുനിക ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ ഒരു ട്രാന്‍സ്ഫര്‍ അദ്ധ്യായം ആയിരിക്കും ഫാബ്രിഗാസിന്റെത്. അഥവാ, ഏറ്റവും ദീര്‍ഘമായ ട്രാന്‍സ്ഫര്‍ ഫോക് ലോര്‍. അതില്‍ സ്വപ്നവും ഗൃഹാതുരത്വവും കാത്തിരിപ്പും പ്രവിശ്യാബോധവും ശൈലിയും കൌതുകവും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആരാധനയും ക്ഷമാപണവും രാഷ്ട്രീയവും സമ്പദ്ശാസ്ത്രവും ഉണ്ട്.

പ്രവിശ്യാബോധം: ഫാബ്രിഗാസ് ഒരു കാറ്റലന്‍ ആണ്‌. സ്പെയ്നിലെ സ്വയംഭരണാവകാശമുള്ള 17 സമൂഹങ്ങളില്‍ ഒന്നായ കാറ്റലോണിയയില്‍ ജനിച്ചു വളരുകയും ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിന്റെ യൂത്ത് അക്കാദമി ആയ ലാ മസിയയില്‍ ഫുട്ബോള്‍ പഠിക്കുകയും ചെയ്ത ഒരു കാറ്റലന്‍. കാറ്റലോണിയയില്‍ രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തില്‍ ഉള്ള സ്വത്വബോധം അതിശക്തമാണ്. അത് ഫുട്ബോളിലും കടന്നുവരുന്നുണ്ട്. കളിയുടെ ശൈലിയുടെ കാര്യത്തില്‍ മാത്രമല്ല, കളിയുമായി നേരിട്ട് ബന്ധം ഇല്ലാത്ത രാഷ്ട്രീയ-സാംസ്കാരിക പ്രസ്താവനകള്‍ പോലും സ്റ്റേഡിയത്തില്‍ സംഭവിക്കാറുണ്ട്. കാറ്റലോണിയയുടെ സ്വന്തം ക്ലബ്‌ ആയ ബാഴ്സലോണയുടെ ഗ്രൗണ്ടില്‍, ചെല്‍സിക്ക് എതിരായ ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ‘Catalonia is not Spain’ എന്ന വലിയ ബാനര്‍ ഉയര്‍ത്തിയത്‌ യുവെഫയെപ്പോലും ചൊടിപ്പിച്ചു. ആഴ്സനല്‍ ക്യാപ്റ്റന്‍ ആയിരുന്ന കാലത്തും ഫാബ്രിഗാസ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “ഞാന്‍ ഒരു കാറ്റലന്‍ ആണ്‌. ബാഴ്സലോണ ക്ലബ്‌ അംഗത്വവും ഉണ്ട്.” അത് വെറും സാങ്കേതികമായ അര്‍ത്ഥത്തില്‍ മാത്രമല്ല, അതില്‍ അടങ്ങിയിരിക്കുന്ന പ്രവിശ്യാബോധത്തിന്റെ തീവ്രതയാലും ശ്രദ്ധിക്കപ്പെട്ട ഒരു പ്രസ്താവന ആയിരുന്നു.

ശൈലി: ആഴ്സനലില്‍ കളിക്കുന്ന കാലത്തും ഫാബ്രിഗാസ് ഒരു ബാഴ്സലോണ ഡി. എന്‍. എ ഉള്ള കളിക്കാരന്‍ ആയിരുന്നു. ഇംഗ്ലീഷ് ഫുട്ബോളിന്റെ കായിക പ്രവണതകളോട് അകലം കാത്തുസൂക്ഷിച്ച ഒരു മിഡ്ഫീല്‍ഡര്‍. “ശൈലി ഇല്ലാത്ത വിജയത്തേക്കാള്‍ പരാജയമാണ് ഞാന്‍ ഇഷ്ടപ്പെടുക. ദീര്‍ഘമായ പാസ്സുകളും കഠിനമായ കായിക അടവുകളും ഇംഗ്ലണ്ടില്‍ കൈയടി നേടും. സ്പെയിനില്‍ കൂക്കുവിളികളും.” ഫാബ്രിഗാസ് ഇങ്ങനെ പറഞ്ഞത് താന്‍ ലക്‌ഷ്യം വയ്ക്കുന്ന ഒരു തിരിച്ചുപോക്കിന്റെ മുന്നോടികൂടി ആയിട്ടായിരുന്നു.

ആരാധനാരൂപങ്ങള്‍: ബാഴ്സലോണ ശൈലിയോടുള്ള ആരാധനപോലെതന്നെ ബാഴ്സലോണ കോച്ച് പെപ്‌ ഗ്വാര്‍ഡിയോളയോടുള്ള ആരാധനയും ഫാബ്രിഗാസിനുണ്ട്. “പെപ്‌ ഗ്വാര്‍ഡിയോള എന്റെ ഹീറോ” എന്ന് ഫാബ്രിഗാസ് പറഞ്ഞത് ആഴ്സന്‍ വെന്ഗരുടെ കീഴില്‍ കളിക്കുമ്പോള്‍ തന്നെയാണ്. തന്റെ കൌമാരകാലത്ത് ബാഴ്സലോണയുടെ ഹീറോ ആയിരുന്ന ഒരു പെപ്പിനോട് തോന്നുന്ന ആരാധന മാത്രമല്ല, താന്‍കൂടി വിശ്വസിക്കുന്ന ഒരു ശൈലിയെ തുടര്‍ച്ചയായ വിജയത്തിന്റെ അടിസ്ഥാന തത്വശാസ്ത്രവും ആഘോഷവും ആക്കി മാറ്റുന്ന ഒരു ടീം മാനേജരോട് തോന്നുന്ന ആരാധനകൂടിയാണ്. തന്റെ ഹീറോ ഉള്ള സ്ഥലത്തേക്ക് തിരിച്ചുപോകാനുള്ള ഒരു തീവ്രമായ ആഗ്രഹം.

കൌതുകം: മാഡ്രിഡില്‍വച്ച്, ലോകകപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ഒരു പാര്‍ട്ടിയില്‍ ബാഴ്സലോണ ക്യാപ്റ്റന്‍ പുയോലും ഡിഫെന്‍ഡര്‍ പിക്വെയും ഫാബ്രിഗാസിനെ ബാഴ്സലോണയുടെ ജേഴ്സി അണിയിച്ചത് ഒരു കൌതുകം ആയി കണക്കാക്കപ്പെട്ടു എങ്കിലും ആഴ്സനല്‍ ആരാധകരെ ഉള്‍പ്പെടെ പലരെയും നീരസപ്പെടുത്തുകയും ചെയ്തു. പ്രതിജ്ഞയുടെ ആഘോഷവും അലംഘനീയതയും ഉള്ള തിരുവസ്ത്രത്തെ ഈ രീതിയില്‍ ഉപയോഗിച്ചതിനു പിന്നില്‍ ഫാബ്രിഗാസ് ഒരു ബാഴ്സ പ്രോപ്പര്‍ടി ആണെന്ന ‘നിയമവിരുദ്ധമായ’ തോന്നലോ ചിന്തയോ ആയിരുന്നു. സ്വന്തം വീട്ടിലെ ഒരാള്‍ ആണെന്ന സ്വാതന്ത്ര്യം. (ബാഴ്സ ഔദ്യോഗികമായി ഫാബ്രിഗാസിന്റെ വരവ് അറിയിച്ചതിനു ശേഷം പുയോല്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു: “വീട്ടിലേക്കു സ്വാഗതം”)

ആരോപണം – പ്രത്യാരോപണം – ക്ഷമാപണം: ഫാബ്രിഗാസിനുവേണ്ടി ബാഴ്സ ശ്രമിച്ചുകൊണ്ടിരുന്ന ദീര്‍ഘമായ കാലയളവില്‍ ഇരുടീമുകളിലെയും പലരും പലതും പറഞ്ഞിട്ടുണ്ട് – ഔദ്യോഗികമായും അല്ലാതെയും. ഫാബ്രിഗാസ് ആഴ്സനലില്‍ ക്ലേശിക്കുകയാണെന്ന് ഷാവി പറഞ്ഞു. അതിനു മറുപടിയായി ആഴ്സനലിന്റെ മാനേജര്‍ പറഞ്ഞത്, ഷാവി മറ്റൊരു ടീമിനോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിച്ചില്ല എന്നാണു. അതിനെത്തുടര്‍ന്ന് ഷാവി ക്ഷമാപണം നടത്തി; ഫാബ്രിഗാസിന്റെ ട്രാന്സ്ഫെറിനെ സംബന്ധിച്ച് രൂപംകൊണ്ട അവസ്ഥ യുക്തിഹീനം ആണെന്ന് കൂട്ടിചേര്‍ത്തുകൊണ്ട്.

രാഷ്ട്രീയം: ഫാബ്രിഗാസിനെ ബാഴ്സയിലേക്ക് കൊണ്ടുവരാന്‍ നടത്തിയ ശ്രമം ‘ഓപ്പറേഷന്‍ കാറ്റലോണിയ’യുടെ ഭാഗമായിട്ടാണെന്ന് കരുതുന്നവരും ഉണ്ട്. ബാഴ്സലോണ ടീമില്‍ അതേ പ്രദേശത്ത് നിന്നുള്ളവരെ മാത്രം ഉള്‍പ്പെടുത്താനുള്ള അതിശക്തമായ പ്രവിശ്യാവികാരം ആണ്‌ ഇതിനു പിന്നില്‍ എന്നാണ് അവരുടെ വാദം. ഫാബ്രിഗാസിനായുള്ള ശ്രമം 2007-ല്‍ ബാഴ്സ തുടങ്ങിയത് മനസ്സിലാക്കി 2008-ല്‍ ആഴ്സനല്‍ ഫാബ്രിഗാസിനെ ക്യാപ്റ്റന്‍ ആക്കിയത് ഈ വാദത്തിന്റെ ഭാഗമായി അവര്‍ അവതരിപ്പിക്കുന്നു. മാത്രമല്ല, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വലിയ താരങ്ങളുടെ പോലും ബാഴ്സാ ബന്ധം ഹ്രസ്വം ആണെന്നതും പിക്വെയുടെ മാന്‍ചെസ്റെര്‍ യുണൈറ്റെഡ് ഇല്‍ നിന്നുള്ള തിരിച്ചെത്തലും അവര്‍ എടുത്തുപറയുന്നു.

സ്വപ്നം – തിരിച്ചുവരവ്‌: ബാഴ്സലോണയിലേക്കുള്ള ഫാബ്രിഗാസിന്റെ വരവ് ദീര്‍ഘകാലം നിലനിന്ന ഒരു സ്വപ്നം ആയിരുന്നു. ഒടുവില്‍ ഫാബ്രിഗാസ് തിരിച്ചെത്തി. വീട്ടിലേക്കുള്ള തിരിച്ചുപോക്ക് സ്വപ്നം കണ്ട്, അപരിചിതമായ പരിസരങ്ങളില്‍ കഴിഞ്ഞ ആള്‍ വീട്ടിലെത്തി. ഏതാണ്ട് 8 വര്‍ഷത്തോളം നീണ്ട ആഴ്സനലിലെ മിഡ്ഫീല്‍ഡര്‍ ജീവിതത്തില്‍ 57 ഗോളുകളും 100 ഗോളുകളിലേക്ക് നയിച്ച പാസ്സുകളും ഉള്ള പുത്രന്‍ മുടിയനായിരുന്നില്ല എന്നുമാത്രം.

സമ്പദ്ശാസ്ത്രം: റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബാഴ്സലോണ 39 മില്യന്‍ യൂറോ ആഴ്സനലിന് നല്‍കും. അതില്‍ കരാര്‍ കാലയളവില്‍ ഓരോ വര്‍ഷവും ഫാബ്രിഗാസ് നല്‍കുന്ന ഒരു മില്യന്‍ യൂറോയും ഉണ്ട്. സ്വപ്നസാക്ഷാത്കാരത്തിന് ഒരു വാടക പോലെ.

ഫാബ്രിഗാസിന്റെ ഉടല്‍ – ഉടമസ്ഥത: ഇത്രമാത്രം ദീര്‍ഘമായ ഒരു ട്രാന്‍സ്ഫര്‍ ഗാഥയില്‍ ഉടനീളം ഫാബ്രിഗാസ് ബാഴ്സലോണയുടെതാണെന്നു വാക്കുകള്‍കൊണ്ടും ചിഹ്നങ്ങള്‍കൊണ്ടും ഫുട്ബോള്‍ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കാന്‍ ബാഴ്സലോണക്ക് സാധിച്ചു. താന്‍ ബാഴ്സലോണയുടെതാണെന്നു തോന്നിപ്പിക്കാന്‍ ഫാബ്രിഗാസിനും. ഉടമസ്ഥതയെക്കുറിച്ചും കൂറിനെക്കുറിച്ചുമുള്ള ഒരു സംശയവും ഒരിടത്തും ഉണ്ടാവാത്തതിനാല്‍ വീട്ടിലേക്കുള്ള മടങ്ങിവരവ് ദീര്‍ഘമായ ഒരു സ്വപ്നവും ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നുവച്ച സമയങ്ങളില്‍ ഒക്കെ ഒരു ശ്രമവും ആയി നിലനിന്നിരുന്നു.

റ്റെവസിന്റെ ഉടല്‍ – ഉടമസ്ഥത: ഫാബ്രിഗാസ് ആഗ്രഹിക്കുകയും ഫാബ്രിഗാസിനെ ആഗ്രഹിക്കുകയും ചെയ്ത ഇടത്തേക്ക് ഫാബ്രിഗാസ് എത്തി. പക്ഷെ, പല തവണ പല രീതിയില്‍ അസന്തുഷ്ടി പരസ്യമാക്കിയിട്ടും റ്റെവസ് ഇപ്പോഴും മാന്‍ചെസ്റ്റെര്‍ സിറ്റിയില്‍ തന്നെ തുടരുന്നു. കാരണം, റ്റെവസിന്റെ ശരീരത്തിന്റെ ഉടമസ്ഥാവകാശം റ്റെവസിനല്ല. അഞ്ച് തവണ ട്രേഡും മൂന്നു തവണ ലോണ്‍ ഔട്ടും ചെയ്യപ്പെട്ട റ്റെവസ് ജോര്‍ജിയയില്‍നിന്നും റഷ്യയില്‍നിന്നും രാഷ്ട്രീയ കാരണങ്ങളാല്‍ നാടുവിട്ട കുപ്രസിദ്ധരായ ബിസിനസ്‌ വ്യക്തിത്വങ്ങളുടെയും തന്റെ പ്രതിനിധി ആയ കിയ ജൂരബ്ഷിയന്റെയും കൊടുക്കല്‍വാങ്ങലുകളുടെയും കോടതിവ്യവഹാരങ്ങളുടെയും ഇടയില്‍ സ്വന്തം ഉടല്‍ തേടുന്നവന്‍ ആണ്‌.

(ബാഴ്സലോണ മത്സരങ്ങള്‍ നടക്കുമ്പോള്‍ ടെക്സ്റ്റുകളിലൂടെ ആവേശം അയക്കുകയും തിരിച്ചയക്കുകയും ചെയ്ത ഷൈനിലിനും മാന്‍ചെസ്റ്റര്‍ യുണൈറ്റെഡ് – ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്‍പ് “മനസ്സ് മാന്‍ചെസ്റ്റര്‍ യുണൈറ്റെഡിന്. പണം ബാഴ്സലോണക്കും” എന്ന് ട്വീറ്റ് ചെയ്ത സഞ്ജുവിനും)

ശവപ്പെട്ടിക്കുള്ളിലെ സിനിമ, ബ്ലാക്ക്‌ബെറി, സിപ്പോ.

ശവപ്പെട്ടിക്കുള്ളില്‍ ജീവിച്ചിരിക്കുന്നതിനെക്കുറിച്ച് ഉപമകള്‍ ഉണ്ടാവുക അസാധ്യം. അതും ഇറാഖിലെ 170,000 ചതുരശ്ര മൈല്‍ മരുഭൂമിയില്‍ എവിടെയോ ഒരിടത്ത്. കൂടെ, 90 മിനിറ്റ് നേരത്തേക്ക് മാത്രമുള്ള ഓക്സിജനും ബ്ലാക്ക്‌ബെറി ഫോണും ഒരു സിപ്പോ ലൈറ്ററും.

ആ ജീവിതത്തിനു ഉപമകള്‍ ഇല്ലെങ്കിലും ആ ജീവിതത്തെക്കുറിച്ച് റോഡ്രിഗോ കോര്‍ടെസ് സംവിധാനം ചെയ്ത ഒരു സിനിമ ഉണ്ട്. ബെറീഡ് (Buried). ആ സിനിമയ്ക്കും ഒരുപക്ഷെ ഉപമകള്‍ ഉണ്ടാവില്ല. ഒരു ശവപ്പെട്ടിക്കുള്ളില്‍ അടക്കം ചെയ്ത ജീവനുള്ള ഒരാളുടെ കഥ ശവപ്പെട്ടിക്കുള്ളില്‍ വച്ചു തന്നെ പറയുന്നത് ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഇനി ആവര്‍ത്തിക്കും എന്ന് പറയാനും ആവില്ല. യുക്തിയോടെ ചിന്തിച്ചാല്‍ ഒരുപക്ഷെ അങ്ങനെ ഒരു സിനിമ താന്‍ തന്നെ ചെയ്യുമായിരുന്നില്ല എന്ന് സംവിധായകന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറയുന്നു. എങ്കിലും, ഏതു ഓക്സിജന്‍ ബാറില്‍ ഇരുന്നു കണ്ടാലും ശ്വാസംമുട്ടിക്കുന്ന തീവ്രത ഈ സിനിമക്കുണ്ട്. തീവ്രത മാത്രമല്ല, സിനിമയുടെ സ്പേസിനെക്കുറിച്ചും അഭിനേതാവിന്റെ ശരീരത്തെക്കുറിച്ചും നരേറ്റീവിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളില്‍ താല്പര്യമുള്ളവര്‍ക്ക് ഒരുപാട് സാദ്ധ്യതകള്‍ ഈ സിനിമ നല്‍കുന്നുണ്ട്.

പോള്‍ എന്ന അമേരിക്കന്‍ ട്രക്ക് ഡ്രൈവര്‍ ആയി റയന്‍ റെയ്‌നോള്‍ഡ്‌സ് അഭിനയിക്കുന്ന ഈ 95-മിനിട്ട് സിനിമയില്‍ മറ്റാരുമില്ല. എന്നാല്‍ നേരിട്ട് കാണാത്തവരുടെ ഒരു വലിയ ലോകം പുറത്തുണ്ട്. ആ ലോകവും നമ്മള്‍ അനുഭവിക്കുന്നുണ്ട്; ഒരു ബ്ലാക്ബെറി ഫോണിലൂടെ. അങ്ങനെയാണ് ഒരു ഫോണ്‍ ഈ സിനിമയില്‍ പ്രധാനമായ ഒരു കഥാപാത്രംതന്നെ ആവുന്നത്. സ്വന്തം രാജ്യത്തിന്റെ സൈനികസാന്നിധ്യം ഉള്ള മറ്റൊരു രാജ്യത്ത്, ഒരു ശവപ്പെട്ടിയില്‍ അകപ്പെട്ടു പോയ പോളിന്റെ ജീവിതം, കുടുംബം, ബന്ധങ്ങള്‍, ജോലി, ഒരു പൗരന്‍ എന്ന നിലയില്‍ ഒരാള്‍ക്ക്‌ സേവനങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരായ സ്ഥാപനങ്ങള്‍, അതിന്‍റെ യാന്ത്രികത, സൈനിക അധിനിവേശത്തിന്റെ സങ്കീര്‍ണതകള്‍, സര്‍വോപരി മനുഷ്യന്‍റെ നിസ്സഹായത തുടങ്ങിയതെല്ലാം ഈ ഫോണിലൂടെ അനുഭവിപ്പിക്കുന്നു.

മൊബൈല്‍ ഫോണിനു ശേഷം മാത്രം സംഭവിക്കുന്ന ഒരു സിനിമയാണ് ബെറീഡ്. മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ ഈ സിനിമ ഇല്ല. അത് സിനിമയുടെ ചിത്രീകരണത്തിന് മുന്‍പേ തന്നെ ബ്ലാക്ബെറി മനസ്സിലാക്കി. ഹോളിവുഡ് ബ്രാന്റഡ് എന്ന ഏജന്‍സി ബ്ലാക്ക്ബെരിക്കുവേണ്ടി സിനിമയുടെ അമേരിക്കയിലെ വിതരണകമ്പനി ആയ ലയണ്സ്ഗേറ്റുമായി സംസാരിക്കുകയും സിനിമയില്‍ ബ്ലാക്ക്‌ബെറി ‘ഇന്‍റഗ്രേറ്റ്’ ചെയ്യാനുള്ള സമ്മതം വാങ്ങുകയും ചെയ്തു. സിനിമയുടെ ചിത്രീകരണത്തിന് പന്ത്രണ്ടില്‍പരം ബ്ലാക്ബെറി കര്‍വ് ഫോണുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ടൊരന്റ്റൊ ഫിലിം ഫെസ്റ്റിവലിലെ ആദ്യ പ്രദര്‍ശനത്തിനുശേഷം തോംപ്സണ്‍ ഹോട്ടലില്‍ വച്ചു നടന്ന പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്തതും ബ്ലാക്ബെറിയാണ്. പാര്‍ട്ടിയിലെ കോക്ടെയ്ല്‍ ഉള്‍പ്പെടെ ബ്രാന്‍ഡ്‌ ചെയ്തതിനുപുറമേ അവിടെ അവരുടെ ഒരു പുതിയ മോഡല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം ഒരു ലൈറ്റര്‍ ആണ്‌. 2001-ല്‍ സിപ്പോ പുറത്തിറക്കിയ സ്ട്രീറ്റ് ക്രോം ഫിനിഷ് ഉള്ള ഈ വിന്‍ഡ്-പ്രൂഫ്‌ ലൈറ്റര്‍ സിനിമയോടൊപ്പം തന്നെ സ്പെയിനിലും ഇറ്റലിയിലും അമേരിക്കയിലും ‘ബെറീഡ്’ എന്ന് ബ്രാന്‍ഡ്‌ ചെയ്തു അവതരിപ്പിച്ചിട്ടുണ്ട്. 2010-ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലും ന്യൂ യോര്‍ക്കിലെ ആദ്യ പ്രദര്‍ശനത്തിനും പ്രത്യേകം ഡിസൈനുകള്‍ ഇറക്കി.

ബ്ലാക്ബെറിക്കും സിപ്പോയ്ക്കും ഒരു ശവപ്പെട്ടിയുടെ ഉള്ളില്‍ കിട്ടിയ പ്രാധാന്യം, ഒരുപക്ഷെ, മറ്റൊരിടത്തും ഇതേ അളവില്‍ കിട്ടിയിട്ടുണ്ടാവില്ല. മറ്റു കഥാപത്രങ്ങളിലേക്ക് ശ്രദ്ധ ഭാഗിക്കപ്പെടുകയോ മറ്റു സ്ഥലങ്ങളിലേക്ക് കാഴ്ച പോവുകയോ ചെയ്യാത്ത ഒരു ശവപ്പെട്ടിയില്‍ അകപ്പെടാന്‍ അവര്‍ ചെലവഴിച്ച തുക എത്ര എന്ന് അറിയില്ല.

പോളിന് എന്താണ് സംഭവിക്കുന്നത്‌, പിന്നീട്?
കഥ പറയാന്‍ പറ്റാത്ത ഒരു സിനിമകൂടി ആണ്‌ ‘ബെറീഡ്’.

(സമര്‍പ്പണം: ബെറീഡ് കണ്ടതിനു പിറ്റേന്ന് “ഇപ്പോഴും ശ്വാസം മുട്ടുന്നു”എന്ന് പറഞ്ഞ ശ്രീജിത്തിനും. “മരിച്ചുപോയി” എന്ന് പറഞ്ഞ പ്രവീണിനും. ഇവര്‍ക്കുമുന്പേ അത് കാണുകയും ബ്ലാക്ബെറി രണ്ടാമതും വാങ്ങുകയും ചെയ്ത സഞ്ജുവിനും )

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers