aravind.jpg
Category archives for: കൃഷി

കീടങ്ങളെ മെരുക്കാന്‍ ജൈവമാര്‍ഗം

ജൈവകീടനാശിനികള്‍ക്ക് ചെലവ് കുറവാണ്. വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴിയാണിത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഏതാനും പേര്‍ ഒരുമിച്ചോ ജൈവകീടനാശിനികള്‍ തയാറാക്കാം. കീടങ്ങളെ മെരുക്കാനൊരു കൂട്ടായ്മയാകാം. ശത്രുവിന്റെ ശത്രു മിത്രമാകുന്നത് സാധാരണം-പി.വി അരവിന്ദ് എഴുതുന്നു

 

 

കീടങ്ങളെ നശിപ്പിക്കാനെത്തിയ കീടനാശനികള്‍ ജീവനാശിനികളായി മാറിയതിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ക്കു മുന്നിലാണ് നാം. കീടത്തെ കൊല്ലാനെത്തിയ രാസകീടനാശിനികളാണ് മനുഷ്യരുടെ അന്തകരായത്. മണ്ണിനും മനുഷ്യനും മനസ്സിനും ആവോളം ആഘാതമേറ്റു. ആളെക്കൊല്ലികളില്‍ പലതും നിരോധനത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി. വിലക്കുവീണിട്ടും കൃഷിയിടം വിടാത്ത പെരുംവിഷങ്ങള്‍ നിരവധിയുണ്ട്. എന്‍ഡോസള്‍ഫാന്‍, ഫ്യുറഡാന്‍…. പട്ടിക നീളും. കീടത്തെ തുരത്താന്‍ പറ്റിയ പകരക്കാരനില്ലാത്തതാണ് ഇവ വീണ്ടുമുപയോഗിക്കാന്‍ കാരണം. മാരകരോഗങ്ങള്‍ സമ്മാനിച്ച് ഇഞ്ചിഞ്ചായി ആളെകൊല്ലുന്നവയാണ് ഒട്ടുമിക്ക രാസകീടനാശിനികളും. പച്ചക്കറി വിളകളിലാണ് ചെറിയ ഇടവേളകളില്‍ കീടനാശിനിപ്രയോഗം നിര്‍ബന്ധമുള്ളത്. ഇതിന് ജൈവമാര്‍ഗം തേടിയാല്‍തന്നെ പരിസ്ഥിതി-ആരോഗ്യപ്രശ്നങ്ങള്‍ ഏറെ കുറക്കാം.

ദോഷഫലങ്ങളില്ലെന്നതാണ് ജൈവകീടനാശിനികളുടെ സവിശേഷത. പച്ചക്കറിയിലെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ജൈവപ്രതിവിധിയുമുണ്ട്. ചില ചിട്ടകള്‍ പാലിക്കണമെന്ന് മാത്രം. തയാറാക്കിയ അന്നുതന്നെ ഉപയോഗിക്കണം. വായു കടക്കാത്ത കുപ്പികളില്‍ കുറച്ചുദിവസം സൂക്ഷിക്കാം. ഗുണം കുറയാനിടയുണ്ട്. വേണ്ട അളവിനനുസരിച്ച് ചേരുവകളില്‍ ആനുപാതിക മാറ്റം വരുത്തിയാണ് ഇവ നിര്‍മിക്കേണ്ടത്. നേര്‍പ്പിച്ചേ ഉപയോഗിക്കാവൂ. ഏറെക്കാലം രോഗപ്രതിരോധം സാധ്യമല്ല. അതിനാല്‍ ചെറിയ ഇടവേളകളില്‍ വീണ്ടും പ്രയോഗിക്കേണ്ടി വരും. ജൈവകീടനാശിനികള്‍ക്ക് ചെലവ് കുറവാണ്. വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴിയാണിത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഏതാനും പേര്‍ ഒരുമിച്ചോ ജൈവകീടനാശിനികള്‍ തയാറാക്കാം. കീടങ്ങളെ മെരുക്കാനൊരു കൂട്ടായ്മയാകാം. ശത്രുവിന്റെ ശത്രു മിത്രമാകുന്നത് സാധാരണം.

പുകയില കഷായം
വിളകളുടെ നീരൂറ്റിക്കുടിക്കുന്ന മൃദുശരീരകീടങ്ങളെ തുരത്താനുള്ള മാര്‍ഗമാണ് പുകയിലകഷായം. മുഞ്ഞ, ഇലപ്പേന്‍, ചാഴി, തുള്ളന്‍… തുടങ്ങിയ കീടങ്ങളുടെ അന്തകനാണിത്. 250 ഗ്രാം പുകയില 2. 250 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിയിടുക. 60 ഗ്രാം അലക്കുസോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക. നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത പുകയില സത്ത് ശക്തിയായി ഇളക്കുന്നതിനൊപ്പം സോപ്പുലായനി അതിലേക്ക് ചേര്‍ക്കുക. ഇതില്‍ ആറേഴിരട്ടി വെള്ളം ചേര്‍ത്ത് വിളകളില്‍ തളിക്കാം.

 

 

മണ്ണെണ്ണക്കുഴമ്പ്
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താനുള്ള സ്പര്‍ശന കീടനാശിനിയാണിത്. രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം അലക്കുസോപ്പ് ചീകിയിട്ട് അലിയുംവരെ തിളപ്പിക്കുക. ഇത് തണുത്തശേഷം നാലര ലിറ്റര്‍ മണ്ണെണ്ണ ഇതിലൊഴിച്ച് നന്നായി ഇളക്കിച്ചേര്‍ക്കുക. നല്ല കുഴമ്പുപരുവത്തിലാകുന്നതാണ് ഇളക്കുപാകം. 15^20 ഇരട്ടി വെളളം ചേര്‍ത്ത് തളിക്കാം. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് തണ്ടുകളില്‍ തേച്ചുകൊടുക്കാം. ഇലകളില്‍ വീഴാതെ സൂക്ഷിക്കണം.

വേപ്പെണ്ണ എമല്‍ഷന്‍
ഇലപ്പേന്‍, പച്ചത്തുള്ളന്‍, മീലിമൂട്ടകള്‍, ചിത്രകീടങ്ങള്‍, മുഞ്ഞ എന്നിവയുടെ ആക്രമണം തടയാനുള്ള ജൈവമാര്‍ഗമാണ് വേപ്പെണ്ണ എമല്‍ഷന്‍. കായ്തുരപ്പന്‍ പുഴുവും തണ്ടുതുരപ്പന്‍ പുഴുവും ഇവനുമുന്നില്‍ കീഴടങ്ങും. വിളയുടെ അടിഭാഗത്ത് തളിച്ചാണ് പച്ചത്തുള്ളനെ വരുതിയിലാക്കുന്നത്. ഒരു ലിറ്റര്‍ വേപ്പെണ്ണ, 60 ഗ്രാം അലക്കുസോപ്പ്, വെളുത്തുള്ളി എന്നിവയാണ് ചേരുവകള്‍. അര ലിറ്റര്‍ വെള്ളത്തില്‍ അലക്കുസോപ്പ് ചീകിയിട്ട് ലയിപ്പിക്കുക. ഇതിലേക്ക് വേപ്പെണ്ണ ഒഴിച്ച് നന്നായി ഇളക്കുക. ഈ ലായനിയില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇങ്ങനെ കിട്ടുന്ന ലായനിയില്‍ ഓരോ ലിറ്റര്‍ ലായനിയിലും 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കണം. ഈ മിശ്രിതം അരിച്ച് കരടുമാറ്റിയ ശേഷം തളിക്കാം.

വേപ്പിന്‍കുരു സത്ത്
വഴുതിന, പായല്‍, പടവലം എന്നിവയുടെ ഇല തിന്നുന്ന ഇലതീനിപ്പുഴുക്കള്‍, പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവക്കെതിരെ പ്രയോഗിക്കാവുന്ന ജൈവകീടനാശിനിയാണ് വേപ്പിന്‍കുരു സത്ത്. വേപ്പിന്‍കുരു പൊടിച്ചത് 50 ഗ്രാം, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് വേണ്ടത്. വേപ്പിന്‍കുരു പൊടിച്ച് തുണിയില്‍ കിഴികെട്ടി വെള്ളത്തില്‍ കുതിരാന്‍ വെക്കണം. 12 മണിക്കൂര്‍ കഴിഞ്ഞ് നന്നായി പിഴിഞ്ഞ് കിഴി മാറ്റാം. അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് തയാറായി. ഇവ നേരിട്ടും നേര്‍പ്പിച്ചും തളിക്കാം. വേപ്പിന്‍ കുരു പൊടിച്ചതിന് പകരം വേപ്പിന്‍പിണ്ണാക്ക് ഉപയോഗിച്ചും കീടനാശിനിയുണ്ടാക്കാം. ഇതിന് 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വേണം. നാലഞ്ചുദിവസം വെള്ളത്തിലിട്ട് അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. ചീരയിലെ ഇല ചുരുട്ടിപ്പുഴുക്കളെ നിയന്ത്രിക്കാനും ഇല തിന്നുന്ന പ്രാണികളെ വകവരുത്താനുമുള്ള മാര്‍ഗമാണിത്.

നാറ്റപ്പൂച്ചെടി എമല്‍ഷന്‍
പയര്‍പ്പേന്‍ തടയാനുള്ള ലളിതമാര്‍ഗമാണിത്. പയറിന്റെ ഇളംതണ്ടിലും ഇലയുടെ അടിയിലും പൂവിലും ഞെട്ടിലും കായയിലും എല്ലാം ഇവയുടെ ഉപദ്രവം കാണാം. കടുകുമണിയേക്കാള്‍ ചെറുതായ ഇവയെ നശിപ്പിച്ചാലേ പയറിനെ രക്ഷിക്കാനാവൂ. പറമ്പുകളില്‍ കാണുന്ന നാറ്റപ്പൂച്ചെടി, ശവക്കോട്ടപ്പച്ച, ചടയന്‍ എന്നിവയെല്ലാം ഇതിനുപയോഗിക്കാം. ചെടിയുടെ ഇലയും ഇളംതണ്ടുമാണ് ഉപയോഗിക്കേണ്ടത്. വെള്ളം തളിച്ച് ഞെരടി നീരെടുക്കുകയാണ് ആദ്യപടി. ഒരു ലിറ്റര്‍ നീരിന് 60 ഗ്രാം അലക്കുസോപ്പ് ചേര്‍ത്ത് ലായനി തയാറാക്കാം. ഇത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. പത്തിരട്ടിയാണ് വെള്ളം ചേര്‍ക്കേണ്ടത്. പയര്‍ പേനിന്റെ ഉപദ്രവം കാണുമ്പോള്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ തളിക്കണം.

കിരിയാത്ത് കുഴമ്പ്
ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാനുതകുന്നതാണ് കിരിയാത്ത് കുഴമ്പ്. കിരിയാത്ത് ചെടിയുടെ ഇലയും ഇളംതണ്ടുമാണ് മുഖ്യചേരുവ. ഇവ നന്നായി ചതച്ച് നീരെടുക്കണം. ഒരു ലിറ്റര്‍ നീരില്‍ 60 ഗ്രാം അലക്കുസോപ്പ് ചേര്‍ത്തിളക്കുക. എളുപ്പം ലയിക്കാന്‍ സോപ്പ് ചെറിയ ചീളുകളാക്കാം. ഈ ലായനിയാണ് കിരിയാത്ത് കുഴമ്പ്. പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കണം. ഇതില്‍ ലിറ്ററൊന്നിന് 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ച് ഉപയോഗിക്കാം. ചെടിയുടെ അടിഭാഗത്ത് കീടനാശിനി വീഴണം.

ബോര്‍ഡോ കുഴമ്പ്
തുരിശും കുമ്മായവുമാണ് ചേരുവയെങ്കിലും ബോര്‍ഡോ മിശ്രിതത്തിന് ജൈവപട്ടികയിലാണ് ഇടം. കുമിളുകളുടെ കുലം മുടിക്കാന്‍ കണ്‍കണ്ട ഔഷധമാണിത്. ബോര്‍ഡോ കുഴമ്പുണ്ടാക്കാന്‍ നൂറുഗ്രാം തുരിശും നൂറുഗ്രാം കുമ്മായവും വേണം. ഇവ രണ്ടും വെവ്വേറെ പാത്രത്തിലെടുത്ത് അര ലിറ്റര്‍ വീതം വെള്ളത്തില്‍ ലയിപ്പിക്കുക. മിശ്രിതം തയാറാക്കാന്‍ മണ്ണ്, തടി, ചെമ്പ്, പ്ലാസ്റ്റിക് പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം തുരിശുലായനി ചുണ്ണാമ്പുലായനിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുന്നതോടെ ബോര്‍ഡോ കുഴമ്പ് തയാറായി. ഇത് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ ലായനിയാക്കാന്‍ 99 ലിറ്റര്‍ വെള്ളം ചേര്‍ത്താല്‍ മതി. ലായനിയില്‍ ചെമ്പിന്റെ അംശം കൂടിയാല്‍ അത് വിളകളെ ബാധിക്കും. അത് പരിശോധിക്കണം. അതിനായി വൃത്തിയാക്കിയ ഇരുമ്പുകത്തിയോ ബ്ലേഡോ തയാറാക്കിയ മിശ്രിതത്തില്‍ മുക്കുക. ചുവന്ന നിറത്തില്‍ പറ്റിപ്പിടിക്കുന്നത് കണ്ടാല്‍ ചെമ്പിന്റെ അളവ് കൂടുതലാണെന്ന് മനസ്സിലാക്കാം. കുറച്ച് ചുണ്ണാമ്പുലായനി ചേര്‍ക്കാം. കത്തിപ്രയോഗം തുടര്‍ന്ന് ചെമ്പിന്റെ അംഗം ഇല്ലെന്ന് ഉറപ്പായാല്‍ ഉപയോഗിക്കാം. വെള്ളരിവര്‍ഗ വിളകളില്‍ ബോര്‍ഡോ മിശ്രിതം തളിക്കരുത്. തയാറാക്കിയ ഉടന്‍ ഉപയോഗിക്കണം.

ചിരട്ടക്കെണി
പച്ചക്കറികളിലെ കായീച്ചയെ തുരത്താനുള്ള ജൈവമാര്‍ഗമാണിത്. പാവലിലും പടവലത്തിലും വെള്ളരിയിലുമെല്ലാം കായീച്ചയുടെ ആക്രമണം തടയാം. പുഴുക്കുത്ത് വീഴുന്നതാണ് ആക്രമണലക്ഷണം. ചിരട്ടക്കെണി തയാറാക്കാന്‍ പലതുണ്ട് മാര്‍ഗങ്ങള്‍. ഏത് തിരഞ്ഞെടുത്താലും കായീച്ച കുടുങ്ങിയതുതന്നെ.
ഒരു പാളയംകോടന്‍ പഴം (മൈസൂര്‍ പൂവന്‍), രണ്ടച്ച് ശര്‍ക്കര, അല്‍പം യീസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക. ഈ മിശ്രിതം ചിരട്ടയിലെടുത്ത് അതിനുമീതെ ഫ്യുറഡാന്‍ തരികള്‍ വിതറുക.
ഒരു പാളയംകോടന്‍ പഴം തൊലി നീക്കാതെ മൂന്നോ നാലോ കഷണമായി മുറിക്കുക. ചെരിച്ചാണ് മുറിക്കേണ്ടത്. ഒരു കഷണം കടലാസില്‍ വിതറിയ ഫ്യുറഡാന്‍ തരികളില്‍ പഴുത്തിന്റെ മുറിഭാഗം മെല്ലെ അമര്‍ത്തുക. ഫ്യുറഡാന്‍ തരികള്‍ പറ്റിയ ഭാഗം മുകളിലാക്കി ചിരട്ടയില്‍ വക്കുക.
നല്ലൊരു പിടി തുളസിയില നന്നായി ഞെരടിയശേഷം നീര് ചിരട്ടയിലാക്കുക. നീരെടുത്ത തുളസിയിലയും അതിലിടണം. ചിരട്ടയുടെ പകുതിയോളം വെള്ളമൊഴിക്കുക. ഇതിലേക്ക് ഒരു നുള്ള് ഫ്യുറഡാന്‍ തരികള്‍ ചേര്‍ത്ത് ഇളക്കുക.
ഇത്തരത്തില്‍ തയാറാക്കിയ ചിരട്ടക്കെണികള്‍ പച്ചക്കറി തോട്ടത്തില്‍ അവിടവിടെയായി കെട്ടിത്തൂക്കണം. നാലു ചുവടിന് ഒന്നെന്ന കണക്കിലാകാം. പച്ചക്കറി പന്തലില്‍ ഉറിപോലെ കെട്ടി അതില്‍ ചിരട്ടകള്‍ തൂക്കിയിടാം. കായീച്ചകള്‍ ആകര്‍ഷിക്കപ്പെടും. വിഷദ്രാവകം കുടിച്ച് ചത്തൊടുങ്ങും.

കഞ്ഞിവെള്ളക്കെണി
കായീച്ചകളെ തുരത്താനുള്ളതാണ് കഞ്ഞിവെള്ളക്കെണി. ചിരട്ടയില്‍ കാല്‍ഭാഗം കഞ്ഞിവെള്ളമെടുക്കുക. ഇതില്‍ കഷണം ശര്‍ക്കര ചേര്‍ക്കുക. ഒരുഗ്രാം ഫ്യുറഡാന്‍ തരികൂടി ചേര്‍ക്കുന്നതോടെ വിഷദ്രാവകമൊരുങ്ങി. ഇത് പച്ചക്കറി പന്തലില്‍ അവിടവിടെ ഉറികെട്ടി തൂക്കിയിടാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ചേര്‍ന്ന മണം കായീച്ചകളെ ആകര്‍ഷിക്കും. ചിരട്ടയിലെ നീര് കുടിക്കുന്ന ഇവ അവിടെതന്നെ ചത്തൊടുങ്ങും. കായീച്ചയുടെ ഉപദ്രവമേറ്റ കായ്കറികള്‍ പറിച്ചുനശിപ്പിച്ചാല്‍ ഇവ പെരുകുന്നത് തടയാം.

മീന്‍കെണി
ഉണങ്ങിയ മീന്‍പൊടിയും ഫ്യുറഡാനുമാണ് മീന്‍കെണിയുണ്ടാക്കാനുള്ള സാമഗ്രികള്‍. ഒരു കെണിക്ക് അഞ്ചുഗ്രാം മീന്‍പൊടി വേണം. ഇത് ചിരട്ടയിലെടുത്ത് ചെറുതായി നനക്കണം. അരഗ്രാം ഫ്യുറഡാന്‍ ഇതില്‍ ചേര്‍ത്തിളക്കുക. മിശ്രിതം തയാറാക്കിയ ചിരട്ടയടക്കം പൊളിത്തീന്‍ കവറിലാക്കുക. കവറില്‍ ഈച്ചകള്‍ക്ക് കടക്കാന്‍ പാകത്തിലുള്ള നാലഞ്ച് തുളകളിടണം. ഈ കെണി പച്ചക്കറി പന്തലില്‍ തൂക്കാം. മീന്‍മണം തേടിയെത്തുന്ന കായീച്ചകള്‍ എളുപ്പം വലയിലാകും.

വിത്തു നന്നായാല്‍…

നനയൊരുക്കാന്‍ സൌകര്യമുണ്ടെങ്കില്‍ കേരളത്തില്‍ ഏതുകാലത്തും പച്ചക്കറികള്‍ കൃഷിയിറക്കാം. അടഞ്ഞ മഴക്കാലവും കടുത്ത വേനല്‍കാലവും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വാണിജ്യകൃഷിക്കാര്‍ക്കുള്ള ശിപാര്‍ശ. അതേസമയം, മഴമറക്കുള്ളിലാണ് (പോളി ഹൌസ്) കൃഷിയെങ്കില്‍ ഇക്കാര്യമൊന്നും പ്രശ്നമല്ല. മുതലിറക്കല്‍ കൂടുമെന്ന് മാത്രം. -പി.വി. അരവിന്ദ് എഴുതുന്നു

പത്തായത്തില്‍ വിളപ്പൊലിമ കാണണമെങ്കില്‍ വിത്തു നന്നാവണം. നാടനും സങ്കരവും അത്യുല്‍പാദനശേഷിയുള്ളതുമായ പല ഗണം വിത്തുകളുണ്ട്. പച്ചക്കറികളുടെയും നാണ്യവിളകളുടേയും കാര്യത്തില്‍ എന്നാല്‍ വ്യത്യസാം കാര്യമായില്ല. വാണിജ്യകൃഷി ലക്ഷ്യമിടുന്നവരാണ് സങ്കര ഇനങ്ങളെ തേടി പോകേണ്ടത്.

വിളവ് കുറഞ്ഞാലും രോഗപ്രതിരോധത്തിലും മറ്റും മുന്‍നിരക്കാരാണ് നാടന്‍ വിത്തിനങ്ങള്‍. കേരള കാര്‍ഷിക സര്‍വകലാശാലയും തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുമെല്ലാം കേരളത്തിനനുയോജ്യമായ വിത്തിനങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കാറുണ്ട്.

നല്ല നടീല്‍വസ്തുക്കള്‍ ആവശ്യക്കാരിലെത്തിക്കുന്നതില്‍ കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്റെ പങ്ക് ചെറുതല്ല. പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍നിന്നും സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളില്‍നിന്നും വിത്തു വാങ്ങാം. ഇതിനു പുറമെ സ്വകാര്യ ഏജന്‍സികളും നഴ്സറികളും വിത്തുകളും തൈകളും വിപണനം നടത്തുന്നുണ്ട്.

നനയൊരുക്കാന്‍ സൌകര്യമുണ്ടെങ്കില്‍ കേരളത്തില്‍ ഏതുകാലത്തും പച്ചക്കറികള്‍ കൃഷിയിറക്കാം. അടഞ്ഞ മഴക്കാലവും കടുത്ത വേനല്‍കാലവും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വാണിജ്യകൃഷിക്കാര്‍ക്കുള്ള ശിപാര്‍ശ. അതേസമയം, മഴമറക്കുള്ളിലാണ് (പോളി ഹൌസ്) കൃഷിയെങ്കില്‍ ഇക്കാര്യമൊന്നും പ്രശ്നമല്ല. മുതലിറക്കല്‍ കൂടുമെന്ന് മാത്രം. മികച്ച വിളവിനുള്ള ഏതാനും സങ്കരയിനം പരിചയപ്പെടാം.

ചീര: പോഷകക്കലവറയെന്ന് വിശേഷിപ്പിക്കാവുന്ന ചീരയില്‍ ചുവപ്പും പച്ചയുമാണ് പ്രധാനം. അരുണ്‍, കൃഷ്ണശ്രീ എന്നിവയാണ് ചുവപ്പന്‍മാര്‍. മോഹിനിയും രേണുശ്രീയും പച്ച.

വെണ്ട: വിരലോളവും ചാണോളവും മുഴത്തോളവും നീണ്ടുവളരുന്നവയാണ് വെണ്ടകള്‍. മഴക്കാല കൃഷിക്ക് യോജിച്ചവര്‍, മഞ്ഞളിപ്പ് രോഗത്തെ പ്രതിരോധിക്കുന്നവര്‍, ആണ്ടു മുഴവന്‍ വിളവു തരുന്നവര്‍. കിരണ്‍, സല്‍ക്കീര്‍ത്തി, അരുണ, സുസ്ഥിര, അഞ്ജിത, മഞ്ജിമ. അങ്ങനെ പോകുന്നു ഇവയുടെ പേരുകള്‍.

വഴുതിന: വയലറ്റ്, വെളുപ്പ്, ഇളംപച്ച, ഉരുണ്ടത്, നീണ്ടത്. കാഴ്ചയില്‍തന്നെ വൈവിധ്യമൊരുക്കുന്നവരാണ് കത്തിരിക്കകള്‍. മാരകമായ ബാക്ടീരിയ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ് കൃഷിയിറക്കേണ്ടത്. സൂര്യ, നീലിമ, ഹരിത, ശ്വേത എന്നിവയാണ് ഇനങ്ങള്‍.

തക്കാളി: ചുവന്നുതുടുത്ത തക്കാളി വിളയണമെങ്കില്‍ ബാക്ടീരിയാ വാട്ടമെന്ന രോഗക്കടമ്പ കടന്നാലേ കഴിയൂ. അതിനുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിച്ചവയാണ് ശക്തിയും മുക്തിയും അനഘയും വിജയുമെല്ലാം.

മുളക്: എരിവിന്റെ തോതനുസരിച്ചാണ് വേര്‍തിരിവ്. മിതമായ എരിവും എരിവ് കുറവും നല്ല എരിവുമെല്ലാം ഒപ്പംകൂടിയ ഇനങ്ങളാണ് മുളകിലെ അത്യുല്‍പാദനക്കാര്‍. നടുന്ന ഇടത്തിന്റെ സവിശേഷത നോക്കിപ്പോലും കൃഷിയിറക്കുന്ന ഇനം നിശ്ചയിക്കാം. രോഗപ്രതിരോധം ബോണസായി കിട്ടിയതില്‍ അഹങ്കരിക്കുന്നവരും ഇക്കൂട്ടത്തില്‍ ഇല്ലാതില്ല. ജ്വാലാമുഖി, ജ്വാലാസഖി, അതുല്യ, അനുഗ്രഹ, ഉജ്വല… എരിവിന്റെ പേര് നീളുന്നു.

പയര്‍: ജ്യോതിക, വൈജയന്തി, ഭാഗ്യലക്ഷ്മി, ശാരിക…. പറഞ്ഞുവരുന്നത് സിനിമാതാരങ്ങളുടെ പേരല്ല. വിത്ത് വീണിടത്ത് വിളഞ്ഞുകുത്തുന്ന പല നീളക്കാരായ പയറിനങ്ങളെപ്പറ്റിയാണ്. തീര്‍ന്നില്ല, മാലിക, ലോല, കനകമണി, കൈരളി, വരുണ്‍, അനശ്വര. പയര്‍തിരികള്‍ക്ക് ചുവപ്പും ഇളംപച്ചയും വയലറ്റും വര്‍ണം പൂശിയവ. കുറ്റിയായി നില്‍ക്കാനും പടര്‍ന്നു വളരാനും മടി കാട്ടാത്തവ. പന്തല്‍ വേണ്ടെന്നും വേണമെന്നും വാദിക്കുന്നവര്‍.

അമര: പച്ച കലര്‍ന്ന വെള്ളയും പച്ച കലര്‍ന്ന വയലറ്റുമാണ് അമരയുടെ നിറവിശേഷം. ആകാരം നോക്കി അല്‍പം വളവുള്ള ഇനമെന്ന് പരിചയപ്പെടുത്താം. അമരച്ചോട്ടില്‍ തവള കരഞ്ഞാല്‍ പറിച്ചാല്‍ തീരില്ല അമരപ്പയര്‍.

പാവലില്‍ പ്രിയയും പ്രീതിയും പ്രിയങ്കയും വിളകേമന്മാരാണ്. പടവലമാണെങ്കില്‍ കൌമുദിയും ബേബിയുമാണ് പ്രധാനം. മത്തനില്‍ അമ്പിളിയും സരസും സൂരജും സുവര്‍ണയും പെരുത്തുകായ്ക്കും. അരുണിമക്കും സൌഭാഗ്യക്കും പുറമെ മുടിക്കോട് ലോക്കല്‍കൂടി ചേര്‍ന്നാല്‍ വെള്ളരിയിലെ പ്രമുഖരുടെ നിരയൊത്തു.

വിത്ത് ലഭിക്കാന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ കേരളത്തിന്റെ കൊച്ചിയിലെ ആസ്ഥാനവുമായി ബന്ധപ്പെടാം.
ഫോണ്‍: 0484 2427560.

വരൂ, ടെറസില്‍ ഒരു തോട്ടമാവാം

അടുക്കളത്തോട്ടം മാളികമുകളേറിയാല്‍ മാത്രം മതി. കുടുംബത്തിനുവേണ്ട പാവലും കോവലും പയറും ചീരയും തക്കാളിയും മുളകും വഴുതനയും തുടങ്ങി സകല പച്ചക്കറികളും ഇവിടെ വളര്‍ത്താം. വാഴയും പപ്പായയും കറിവേപ്പും മുരിങ്ങയും പടിക്ക് പുറത്താകില്ല–പി.വി അരവിന്ദ് എഴുതുന്നു

ഒരു പൂന്തോട്ടമോ അടുക്കളത്തോട്ടമോ പ്രായോഗികമാകാത്ത അത്ര ചെറുതായിരിക്കുന്നു വീട്ടുവളപ്പ്. അവിടെ പച്ചക്കറിയോ പൂക്കളോ വേണമെന്ന്
കരുതിയാല്‍ അത്യാഗ്രഹമാകില്ലേ. ഇല്ലെന്ന ഉത്തരം കേട്ട് മൂക്കത്ത് വിരല്‍ വെക്കേണ്ട. കാരണം ഇതെല്ലാം സാധ്യമാകുന്നത്ര വിസ്തൃതമാണ് മട്ടുപ്പാവ്.
അടുക്കളത്തോട്ടം മാളികമുകളേറിയാല്‍ മാത്രം മതി. വ്യായാമം, അധ്വാനം, ആനന്ദം… എല്ലാം ഒറ്റയടിക്ക് നേടാം. ഒരു കുടുംബത്തിനുവേണ്ട പാവലും
കോവലും പയറും ചീരയും തക്കാളിയും മുളകും വഴുതനയും തുടങ്ങി സകല പച്ചക്കറികളും ഇവിടെ വളര്‍ത്താം. വാഴയും പപ്പായയും കറിവേപ്പും മുരിങ്ങയും
പടിക്ക് പുറത്താകില്ല. ചേന, ചേമ്പ്, കാച്ചില്‍, കപ്പ, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, മത്തന്‍, കുമ്പളം, വെള്ളരി എന്നിവയെ പൊന്നുപോലെ വളര്‍ത്താന്‍
മട്ടുപ്പാവൊരുക്കമാണ്.
ചാക്കും ചട്ടിയും ഇഷ്ടിക കെട്ടിയ തടവുമെല്ലാം വേരോട്ടത്തിനുള്ള ഇടമാക്കാം. നടുന്ന വിളക്കനുസരിച്ചാണ് തടത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ഇഷ്ടിക കെട്ടിയുണ്ടാക്കുന്ന സ്ഥിരം തടത്തില്‍ മുരിങ്ങയും കറിവേപ്പും തെങ്ങുമടക്കമുള്ള ബഹുവര്‍ഷ വിളകള്‍ നടാം.

ചട്ടികളില്‍ വിളസമൃദ്ധി
ചട്ടികളില്‍ മിക്ക വിളകളും നടാം. മണ്‍ചട്ടിയോ പ്ലാസ്റ്റിക് ചട്ടികളോ ബേസിനുകളോ ഇതിനുപയോഗിക്കാം. ചട്ടിക്ക് ചുരുങ്ങിയത് ഒരടി വായ്വട്ടം വേണം.
അടിയിലും അരികിലും ദ്വാരമിടണം. അമിതജലം വാര്‍ന്നുപോകാനാണിത്. അടിയില്‍ ഉടഞ്ഞ ചട്ടിക്കഷണങ്ങളോ ഇഷ്ടികപ്പൊട്ടോ നിരത്തണം. അതിന് മുകളില്‍
കരിയിലപ്പൊടി. ശേഷം ചട്ടി മിശ്രിതം നിറക്കണം. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യഅളവില്‍ ചേര്‍ന്നതാണിത്. മണലിനു പകരം
ചകിരിച്ചോറായാലും മതി. ചാണകപ്പൊടിക്ക് ബദലാണ് കമ്പോസ്റ്റും മണ്ണിരകമ്പോസ്റ്റും. ചട്ടിയുടെ വക്കില്‍നിന്ന് ഒന്നര ഇഞ്ച് താഴെവരെ ഇവ
നിറക്കാം. ചകിരിച്ചോറാണ് ചേരുവയെങ്കില്‍ നനയുടെ ഇടവേള കൂട്ടാം. ഇതില്‍ ആവശ്യമുള്ള പച്ചക്കറി വിളകള്‍ നടാം.

വിളകള്‍ക്ക് ചാക്കുവാസം
മട്ടുപ്പാവിലെ കൃഷിക്ക് പ്ലാസ്റ്റിക് ചാക്ക് ഉത്തമമാണ്. വിലക്കുറവും ഭാരക്കുറവുമാണ് സവിശേഷത. ആവശ്യാനുസരണം മാറ്റി വക്കാം. ചാക്കിന്റെ മൂലകള്‍
ഉള്ളിലേക്ക് കയറ്റിവച്ചുവേണം ചട്ടി മിശ്രിതം നിറക്കാന്‍. ചാക്ക് മറിയാതെ നിലത്തിരിക്കാനാണിത്. നുറുക്കിയ ചകിരിത്തൊണ്ട് അടിഭാഗത്ത് ഇട്ടാല്‍
വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം. ചാക്കില്‍ ജൈവവളം ചേര്‍ക്കാനുള്ള ഇടം വിടണം. ചാക്ക് ചുരുട്ടി വച്ച് ആവശ്യത്തിനനുസരിച്ച്
നിവര്‍ത്താം. പച്ചക്കറി വിത്തോ തൈകളോ ഇതില്‍ നടാം. ടെറസിലെ കൈവരിക്ക് മുകളിലും ചുവര്‍ വരുന്നതിന് മുകളിലുമാകണം ചാക്കിന്റെ സ്ഥാനം. രണ്ട്
ഇഷ്ടികകള്‍ രണ്ടിഞ്ച് അകലത്തില്‍ വച്ച് അതിന് മുകളില്‍ ചാക്ക് വെക്കണം. ചാക്കിലെ അമിതജലം പോകാന്‍ ഇതുപകരിക്കും. മഴവെള്ളം കെട്ടിക്കിടന്ന്
ടെറസില്‍ ചളിക്കെട്ട് ഉണ്ടാകാതിരിക്കാനും നന്ന്.

തടത്തിലെ കൃഷി
ടെറസില്‍ തടമുണ്ടാക്കി അതില്‍ പോട്ടിങ് മിശ്രിതം നിറച്ചും കായ്കറികള്‍ കൃഷിയിറക്കാം. ടെറസിന്റെ അരമതിലിനോട് ചേര്‍ന്നാവണം തടം. ടെറസിന്
ഭാരക്കൂടുതല്‍ അനുഭവപ്പെടാതിരിക്കാനാണ് ഈ നിഷ്കര്‍ഷ. അടിഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാല്‍ വെള്ളം കിനിഞ്ഞിറങ്ങാനുള്ള സാധ്യത തടയാം. രണ്ടര അടി വീതിയും ഒരടി ഉയരവുമുള്ള തടത്തില്‍ ഒട്ടുമിക്ക പച്ചക്കറി വിളകളും വളര്‍ത്താം. അരമതിലിന് സമാന്തരമായാണ് തിണ്ടുണ്ടാക്കേണ്ടത്. ഇതിന് ഇഷ്ടികയോ ചകിരിത്തൊണ്ടോ ഉപയോഗിക്കാം. ഒന്ന്-രണ്ട് വര്‍ഷം കൂടുമ്പോള്‍ അഴുകിയ ചകിരിത്തൊണ്ട് മാറ്റി പുതിയത് അടുക്കേണ്ടി വരും.

പന്തല്‍
മട്ടുപ്പാവില്‍ ഇരുമ്പുകമ്പി വലിച്ചുകെട്ടി സ്ഥിരം പന്തലൊരുക്കാം. പടര്‍ന്നുവളരുന്ന പച്ചക്കറികള്‍ക്കുള്ള ഇടമാണിത്. പയര്‍, പാവല്‍, കോവല്‍,
പടവലം, അമര എന്നിവയെല്ലാം ഈ പന്തലില്‍ വളര്‍ത്താം. ഇവയുടെ നീളത്തിനും വീതിക്കുമൊന്നും പ്രത്യേക നിഷ്കര്‍ഷയില്ല. പരിചരണത്തിനും വിളവെടുപ്പിനും
സൌകര്യപ്രദമാകണം. പന്തലിന് ചുവട്ടില്‍ ചീര വളരട്ടെ. നിലത്ത് ഓല വിരിച്ച് മത്തന്റേയും വെള്ളരിയുടെയും കുമ്പളത്തിന്റെയും വള്ളികളെ പടരാന്‍
വിടാം.
തടത്തില്‍ മൂന്നോ നാലോ വിത്ത് നടാം. മുളച്ചശേഷം ആരോഗ്യമുള്ള ഒന്നോരണ്ടോതൈകള്‍ നിര്‍ത്തി ബാക്കി പറിച്ചുമാറ്റാം. വൈകുന്നേരമാണ് തൈകള്‍
പറിച്ചുനടാന്‍ നല്ലത്. നട്ട ഉടന്‍ മിതമായ തോതില്‍ നനക്കണം. വെള്ളം ഒലിച്ച് ചട്ടിയില്‍നിന്ന് പുറത്തുപോകുന്നതുകൊണ്ട് ഗുണമൊന്നുമില്ല. വളം
നഷ്ടപ്പെടുമെന്ന ദോഷവുമുണ്ട്. നനസമയത്തെല്ലാം ഇക്കാര്യം ഓര്‍മ വേണം.

വളം ചേര്‍ക്കാം; കീടത്തെ തുരത്താം
ചെടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ മേല്‍വളം ചെയ്യണം. പച്ചച്ചാണകം വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കാം. മണ്ണിര കമ്പോസ്റ്റും ഉത്തമ ജൈവവളമാണ്. വെര്‍മി വാഷ് ഉപയോഗിച്ചാല്‍ ചെടികള്‍ കാണെക്കാണെ വളരും. മണ്ണിര കമ്പോസ്റ്റ് ടാങ്കില്‍നിന്ന് ഊര്‍ന്നുവരുന്ന ദ്രാവകമാണിത്. മണ്ണിര കമ്പോസ്റ്റ് വെള്ളത്തില്‍ കുതിര്‍ത്താല്‍ ലഭിക്കുന്ന കട്ടന്‍ചായ പരുവത്തിലുള്ള വെള്ളവും വെര്‍മി വാഷ് തന്നെ. ഗോമൂത്രം നേര്‍പ്പിച്ച് ചെടിച്ചുവട്ടില്‍
ഒഴിക്കാം. ഇലകളില്‍ തളിക്കാനും ഇത് മതി. പൊടിഞ്ഞ ചാണകവും വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കുമെല്ലാം മേല്‍വളമാക്കാം. പിണ്ണാക്ക് വെള്ളത്തില്‍ കലക്കി രണ്ടു മൂന്നു ദിവസം പുളിപ്പിച്ച് നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിക്കാം. ചെടിയുടെയും വിളകളുടെയും അവശിഷ്ടങ്ങള്‍ അരിഞ്ഞുചേര്‍ത്ത് മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്താം. കീടങ്ങള്‍ വിളകളുടെ സന്തത സഹചാരിയാണ്. മട്ടുപ്പാവിലെന്നല്ല മാനത്തുതന്നെ കൃഷി ചെയ്താലും കീടങ്ങള്‍ വിരുന്നെത്തും. ദിവസവും ചെടികളില്‍ കണ്ണെത്തണമെന്നതാണ് പരിചരണങ്ങളില്‍ പ്രധാനം. പല കീടങ്ങളും അവയുടെ മുട്ടകളും ഇത്തരത്തില്‍ നീക്കാനാവും.
കീടങ്ങളെ തുരത്താന്‍ പുകയില കഷായം ഉപയോഗിക്കാം. ജൈവകീടനാശിനിയായതിനാല്‍ ഭയാശങ്കകള്‍ വേണ്ടേവേണ്ട. പോട്ടിങ് മിശ്രിതം മാററാതെ രണ്ടു വര്‍ഷം
കൃഷിയിറക്കാം. ഒന്നര മാസം പിന്നിട്ടാല്‍ മിക്കതും വിളഞ്ഞുതുടങ്ങും. ആവശ്യത്തിനനുസരിച്ച് വിളവെടുക്കാം.

കരുതല്‍ വേണം
ചെറിയ ചെരിവുള്ളതാകണം മേല്‍ക്കൂര. വെള്ളം കെട്ടിനില്‍ക്കാതിരിക്കാനാണിത്. തടമൊരുക്കുന്നതിന്റെ മുന്‍പ് ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഷീറ്റ്
വിരിക്കണം. നനവിനും കിനിവിനുമുള്ള സാധ്യത മുളയിലേ നുള്ളാനാണിത്. ശക്തമായ മഴക്കാലത്ത് കൃഷിയിറക്കുന്നത് ഒഴിവാക്കാം. ചെടികളുടെ വളര്‍ച്ച
കുറയും. ഉല്‍പാദനവും. ടെറസിന്റെ മുകളില്‍ വഴുക്കല്‍ മൂലമുണ്ടാകുന്ന അപകടസാധ്യത വേറെ.

വിത്തെവിടെ മക്കളേ… അതിനി അടുത്ത തവണ

ഇനി നമ്മുടെ വീടും ഹരിതാഭം

വിളക്കാലഭംഗികളുടെ മാറ്റ് കൂടുന്ന പൊന്നോണക്കാലമാണിത്. പച്ചച്ച വേലിപ്പടര്‍പ്പുകളും തൊടികളും പൂക്കുന്ന നേരം. പാറ്റിവിതച്ചത് നൂറുമേനിയാക്കുന്ന രഹസ്യം പ്രകൃതിയുടെ മനസ്സില്‍ വിത്തുപൊട്ടുന്നതിപ്പോഴാണ്. ഇതാണ് പറ്റിയ നേരം. വീടുകളിലേക്കുള്ള കൃഷിയറിവുകളുമായി ഈ കോളം ഇതാ യാത്ര ആരംഭിക്കുന്നു.

 

കലര്‍പ്പില്ലാത്ത കായ്കറികളെ, അന്നപാനീയങ്ങളെ വീട്ടകത്തേക്ക് ആനയിക്കുന്ന കുറിപ്പുകള്‍ക്കുള്ള വേദിയാണീ കോളം. കൃഷിയറിവുകള്‍ക്കുള്ള സൌഹൃദചായ്പ്പ്. വിയര്‍പ്പിറ്റിവീണ പച്ചമണ്ണില്‍ ഓരോ വിളയും നാമ്പു നീര്‍ത്തട്ടെ. ഈ വീട്ടുപച്ചയുടെ പൂമുഖപ്പടിയിലിരുന്ന് മട്ടുപ്പാവിനെ കൃഷിയിടമാക്കുന്ന മാന്ത്രിക വിദ്യ പഠിക്കാം. അടുക്കളത്തോട്ടത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പന്തലുകെട്ടാം.
വാണിജ്യകൃഷിയുടെ നേരറിവുകളിലൂടെ വിളകള്‍ക്കരികുചേര്‍ന്ന് നടക്കാം. ജൈവകൃഷിയുടെ പൊരുളുകള്‍ കേട്ടെടുക്കാം. കിറുകൃത്യകൃഷിയും (precision farming), മണ്ണില്ലാകൃഷിയും (hydroponics) പരിചയപ്പെടാം. അനുഭവങ്ങളുടെ നിറവ് പേറുന്ന കാര്‍ഷിക സംരംഭങ്ങളെ അടുത്തറിയാം. ഒറ്റമാലയില്‍ കോര്‍ത്തുകെട്ടാം പുതുവിളകളെയും പരമ്പരാഗത വിളകളെയും.
കൃഷിയിലൊതുങ്ങില്ല ‘വീട്ടുപച്ച’യുടെ ചിട്ടവട്ടങ്ങള്‍. സൌന്ദര്യത്തിന്റെ വീട്ടുകടലുകളില്‍ നീരാടുന്ന അലങ്കാരമത്സ്യങ്ങളെ ഇവിടെ പരിചയപ്പെടാം. പളുങ്കുപാത്രത്തിലെന്നപോലെ അവയ്ക്കു തുള്ളിക്കളിക്കാന്‍ കൂടിയുള്ളതാണ് ഈയിടം. കുറഞ്ഞ കാലം കൊണ്ട് മനസ്സില്‍ സന്തോഷം പടര്‍ത്തി പറന്നുപൊലിയുന്ന കിളിമൊഴികള്‍ക്കും ഇവിടെ ഇടമുണ്ട്. വളര്‍ന്നുപെരുകുന്ന വളര്‍ത്തുമീനുകളെയും നമുക്ക് വീട്ടകങ്ങളിലേക്ക് കൊണ്ടു വരാം.
വളര്‍ത്തുപുരകളില്‍ ചിക്കലും ചിനക്കലും പതിവാക്കിയ വളര്‍ത്തുപക്ഷികളെ ഈ വരികളിലൂടെ തൊടാം. ധവളവിപ്ലവത്തിനായി പെരുംപാല്‍ ചുരത്തിയ ഗോവൃന്ദത്തെ നമിക്കാം. നാം അറിയാതെ മറവിയുടെ ഓരത്ത് കെട്ടിയിട്ട, വയല്‍പച്ച കടിച്ചുരസിക്കുന്ന പൂവാലിപ്പശുവിനെ ഒരിക്കല്‍ക്കൂടി കുറുമ്പു പിടിപ്പിക്കാം. കാവലും കരുതലുമായി ഉപാധികളില്ലാത്ത സൌഹൃദത്തിന്റെ പര്യായമായ നായ്ക്കള്‍ക്കൊപ്പം ഒരു വേട്ടച്ചാട്ടം നടത്താം. കൃഷിച്ചിട്ടകളുടെയും ജന്തുജീവിതത്തിന്റെയും സ്വരവ്യഞ്ജനങ്ങള്‍ കുറിച്ചിടുന്ന ഇവിടം ഇനി വീട്ടുപച്ച. അറിയുന്തോറും വളരുന്ന, മൂടിയില്ലാത്ത കൌതുകചെപ്പ്. തൂകിത്തുളുമ്പട്ടെ എല്ലാവര്‍ക്കും നിറക്കാനുള്ള ഈ പച്ചയറിവുകള്‍.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers