Category archives for: ടെക്നോളജി

എത്ര സുരക്ഷിതം നമ്മുടെ ഫോണ്‍വിളികള്‍?

 
 
 
 
നമ്മുടെ ഫോണ്‍ വിളികള്‍ എത്ര മാത്രം സുരക്ഷിതമാണ്?
വി.കെ ആദര്‍ശ് എഴുതുന്നു

 
 

നമ്മുടെ ഫോണ്‍ വിളികള്‍ എത്ര മാത്രം സുരക്ഷിതമാണ്? നമ്മുടെ എസ്.എം.എസുകള്‍ മറ്റാര്‍ക്കു മുന്നിലാണ് തുറന്നിടപ്പെടുന്നത്? മൊബൈല്‍ ഫോണില്‍ മനസ് ലയിപ്പിച്ചുള്ള നമ്മുടെ നീളന്‍ സംവാദങ്ങള്‍ക്ക് മറ്റാരാണ് കാതോര്‍ക്കുന്നത്? കുറച്ചു കാലമായി പൊതുവിടങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തില്‍ ഇതാ, പുതിയൊരു വഴിത്തിരിവു കൂടി.
നമ്മുടെ വിളികള്‍ കൈകാര്യം ചെയ്യുന്ന മര്‍മപ്രധാനമായ ലൊക്കേഷന്‍ റൂട്ടിങ് നമ്പര്‍ ഡാറ്റാബേസ് ഇപ്പോള്‍ രണ്ട് വിദേശ സ്വകാര്യസ്ഥാപനങ്ങളുടെ കൈകളിലാണ്. അവ കൈകാര്യം ചെയ്യുന്നത് സര്‍ക്കാറോ സര്‍ക്കാര്‍ ഏജന്‍സികളോ അല്ല. ഈ പശ്ചാത്തലത്തില്‍ ഒരന്വേഷണം. സര്‍ക്കാറും പൊതുജനവും ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടേണ്ട വിഷയത്തിലേക്ക് ഒരു പ്രവേശിക. മലയാള സാങ്കേതിക എഴുത്തിലെ ശ്രദ്ധേയസ്വരം വി.കെ ആദര്‍ശ് എഴുതുന്നു

 

 

പൌരന് അതീവ സ്വകാര്യത ഉറപ്പാക്കുന്ന തരത്തിലാണ് നമ്മുടെ നിയമ സംവിധാനം ടെലിഫോണ്‍ വിളിയെ പരിഗണിക്കുന്നതും സംരക്ഷിക്കുന്നതും. ബ്രിട്ടീഷുകാരുടെ കാലത്തെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടും (1885) ഇന്ത്യന്‍ വയര്‍ലെസ് ടെലഗ്രാഫി ആക്ടുമെല്ലാം സ്വകാര്യതയെ വിശിഷ്ടമായാണ് കാണുന്നത്. അതിഗുരുതരമായ അല്ലെങ്കില്‍ രാജ്യസുരക്ഷ അപകടത്തിലാവുന്ന അപൂര്‍വ അവസരങ്ങളില്‍ വ്യക്തമായ അനുമതിയോടെ മാത്രമേ ഒരാളിന്റെ ഫോണ്‍ വിളി ചോര്‍ത്താനാകൂ. എന്നാല്‍, പിന്നീട് പല അവസരങ്ങളിലും രാഷ്ട്രീയ, ബിസിനസ് മേഖലകളില്‍ കോള്‍ ചോര്‍ത്തല്‍ അരങ്ങേറിയിട്ടുണ്ട്. ഇത് വന്‍വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുമുണ്ട്. പല സര്‍ക്കാരുകളെയും അത് പിടിച്ച് കുലുക്കിയിട്ടുണ്ട്.

 

 

മാറ്റത്തിന്റെ വഴികള്‍
മെക്കാനിക്കല്‍ എക്സ്ചേഞ്ചുകളുടെ കാലത്ത് ഫോണ്‍ വിളി ചോര്‍ത്തല്‍ അത്ര എളുപ്പമുള്ള പണി അല്ല. ടെലികോം സ്വിച്ചിംഗ് കേന്ദ്രങ്ങളില്‍ വച്ച് ഈ ഒളിപ്പണി ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല. വിളി ചോര്‍ത്താന്‍ ഉദ്യോഗസ്ഥരും ഉപകരണ സഹായവും ഒക്കെ വേണം. അന്നാകട്ടെ പൂര്‍ണമായി ടെലകോം വകുപ്പിന്റെ നാലതിരുകള്‍ക്കുള്ളിലായിരുന്നു നമ്മുടെ വിളികള്‍ എല്ലാം.

എന്നാല്‍ മൊബൈല്‍ ഫോണ്‍ വിപണി സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുത്ത് ഉഷാറായതും അതിനും ഏതാനും വര്‍ഷം മുമ്പേ ടെലഫോണ്‍ എക്സേഞ്ചുകള്‍ ഡിജിറ്റല്‍ ഉപകരണ വഴിയിലേക്ക് മാറിയതും കോള്‍ ചോര്‍ത്തല്‍ എന്നത് കൂടുതല്‍ എളുപ്പമാക്കി, വിപുലവും. പൌരന്റെ സ്വകാര്യത പവിത്രമായി കണ്ടിരുന്ന ടെലികോം നിയമങ്ങളുടെ കാലം ഡിജിറ്റല്‍ ടെലികോം ലോകത്ത് പിച്ചിച്ചീന്തപ്പെട്ടു.

ഭൌതിക സാന്നിദ്ധ്യം ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലെ ചില ബട്ടനുകള്‍ അമരുന്നതനുസരിച്ച് വിളിവിവരം എപ്പോള്‍ വേണമെങ്കിലും ഏത് രീതിയിലും പുറത്തെടുക്കാം എന്നതാണ് പുതിയ അവസ്ഥ. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ സ്വകാര്യതയെ അങ്ങേയറ്റം സംരക്ഷിച്ച് നിര്‍ത്തുമ്പോള്‍ തന്നെയാണ് അതിനെയൊക്കെ എളുപ്പത്തില്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തുറന്നത്.

 

 

നമ്മുടെ വിവരങ്ങള്‍ അവര്‍ക്കുമുന്നില്‍
ഒരു കാലത്ത് ഒളിച്ച് കേള്‍ക്കല്‍ സര്‍ക്കാരിന്റെ മാത്രം കുത്തകയായിരുന്നു. എന്നാല്‍, ഇന്ന് സ്വകാര്യ ടെലകോം ഓപ്പറേറ്റര്‍ മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളായ ബി എസ് എന്‍ എല്‍ / എം ടി എന്‍ എല്ലിന് സാങ്കേതിക സഹായം നല്‍കുന്ന പുറം സ്ഥാപനങ്ങള്‍ക്ക് വരെ മുന്നില്‍ നമ്മുടെ വിളികളുടെ ഡാറ്റാബേസ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന അവസ്ഥയാണ്.

സമീപ കാലത്ത് വന്ന ഒരു മാറ്റം മാത്രം ചര്‍ച്ചയ്ക്കെടുക്കാം. വിളി വിവരം എങ്ങനെ ലീക്കാകുന്നു എന്നതിനുള്ള കൃത്യമായ വഴികള്‍ നമ്മെയത് ബോധ്യപ്പെടുത്തും. ഇത് Mobile Number Portability (എം എന്‍ പി)യുമായി ബന്ധപ്പെട്ട കാര്യമാണ്. LRN മായി (ലൊക്കേഷന്‍ റൂട്ടിംഗ് നമ്പര്‍) ബന്ധപ്പെട്ട കാര്യമാണ്.

ലൊക്കേഷന്‍ റൂട്ടിംഗ് നമ്പര്‍
ഉപയോക്താക്കള്‍ക്ക് ഏറെ സ്വാതന്ത്യ്രം നല്‍കുന്ന ഒന്നായി പരക്കെ വാഴ്ത്തപ്പെട്ടതാണ് Mobile Number Portability (എം എന്‍ പി). ഒരു പരിധിവരെ ഇത് ശരിയാണ് . കാരണം കേവലമായ ഒരു ഓപ്പറേറ്ററിലേക്ക് നമ്മള്‍ കീഴ്പ്പെട്ട് നില്‍ക്കേണ്ട ആവശ്യമില്ല. സേവനം കൊള്ളില്ലെങ്കില്‍ എം എന്‍ പി വഴി നമ്പര്‍ മാറാതെ തന്നെ സേവന ദാതാവിനെ മാറാം. നമ്മുടെ നമ്പര്‍ നമ്മുടെ സ്വന്തമായി!

അതായത്, മൊബൈല്‍ നമ്പറിന്റെ ഉടമസ്ഥാവകാശം അതാത് ടെലകോം സേവന ദാതാവില്‍ നിന്നും എടുത്തു മാറ്റപ്പെട്ടു. എങ്ങനെ ഇത് സാധ്യമായി? സാങ്കേതികമായി നമ്മുടെ നമ്പരിനൊപ്പം നാലക്കം കൂടി ചേര്‍ത്തു. ഇതിന്റെ പേരാണ് LRN (ലൊക്കേഷന്‍ റൂട്ടിംഗ് നമ്പര്‍).

ഏത് കോളിന്റെ വിവരവും ഈ LRN ശൃംഖലയില്‍ നിന്ന് എടുക്കാവുന്നതേയുള്ളൂ. ഇത്ര ഗൌരവകരമായ സംവിധാനത്തിന്റെ ഡാറ്റാബേസ് പരിപാലിക്കുന്നത് ആരെന്നു കൂടി ശ്രദ്ധിക്കുക. അത് രണ്ട് വിദേശ സ്വകാര്യ സ്ഥാപനങ്ങളാണ്!

നിലവിലുള്ള നമ്പറില്‍ നിന്ന് മറ്റൊരിടത്തേക്ക് നമ്മള്‍ വിളിക്കുമ്പോള്‍ ആദ്യം ഈ LRN ലേക്ക് പോകും. അവിടെ വച്ച് നമ്മുടെ പത്തക്ക നമ്പറിനൊപ്പം ഒരു നാലക്ക നമ്പര്‍ ഒട്ടിക്കും. ഈ നാലക്കം ആണ് സര്‍വീസ് പ്രൊവൈഡറെ സൂചിപ്പിക്കുന്നത്. ഈ ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നത് ആദ്യം/ നിലവില്‍ ടെലികോര്‍ഡിയ, സൈനിവേര്‍സ് എന്നീ രണ്ട് വിദേശ സ്വകാര്യ സ്ഥാപനങ്ങളാണ്. ബി എസ് എന്‍ എല്‍ നമ്പരുകള്‍ അടക്കം ഇവരുടെ LRN ഡാറ്റാബേസിന്റെ താഴെ മാത്രം.

 

 

സ്വകാര്യതക്ക് എന്ത് അര്‍ത്ഥം?
അതായത്, ഭരണകൂടത്തിനോ അല്ലെങ്കില്‍ തല്‍പ്പരകക്ഷികള്‍ക്കോ മറ്റേതെങ്കിലും സ്ഥാപനത്തിനോ നമ്മുടെ ഫോണ്‍വിളികളെ എളുപ്പം നിരീക്ഷിക്കാനാവും. കോള്‍ ഉള്ളടക്കം എന്താണ് എന്ന് അറിയാന്‍ പറ്റില്ലങ്കിലും ഏത് സമയം എത്രനേരം ഏത് ഫോണില്‍ നിന്നും ഏത് ഫോണിലേക്ക് വിളി പോയി എന്നറിയാം. അത് തന്നെയാണല്ലോ അടുത്ത സമയത്ത് കേരളത്തിലെ പല വിവാദങ്ങള്‍ക്കും തെളിവായി മാറുന്നത്.

പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ BSNL, MTNL ലെ ജീവനക്കാരുടെ സംഘടന പോലും കടുത്ത സ്വകാര്യതാ ലംഘനത്തിനിടയാക്കുന്ന ഈ ഏര്‍പ്പാടിനെതിരെ ശബ്ദമുയര്‍ത്തിയില്ല. ? ഇത് ബി.എസ്.എന്‍.എല്ലിനെയോ എം.ടി.എന്‍ എല്ലിനെയോ ഏല്‍പ്പിച്ചാല്‍ അത് മറ്റുള്ള സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ സ്വാഭാവികമായും എതിര്‍ക്കും.

ചെയ്യേണ്ടിയിരുന്നത്
ഇവിടെ ചെയ്യേണ്ടിയിരുന്നത് മറ്റൊന്നാണ്. സര്‍ക്കാര്‍ മേഖലയില്‍ തന്നെ ഒരു പുതിയ സ്ഥാപനത്തെ എല്‍ ആര്‍ എന്‍ രജിസ്ട്രാര്‍ ആയി കൊണ്ട് വരണമായിരുന്നു. അല്ലെങ്കില്‍ ഇപ്പോഴുള്ള ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തണമായിരുന്നു. അവിടം കൊണ്ട് തീര്‍ന്നില്ല, സര്‍ക്കാര്‍ ആയാല്‍ പോലും അതീവ സുരക്ഷിതമായി, വളരെ കര്‍ശനമായി പരിപാലിക്കുന്ന ഒരു ഡാറ്റാബേസ് ആയി ഇത് നിലനിര്‍ത്തണമായിരുന്നു. എന്നാല്‍, ഇതൊന്നും ഉണ്ടായില്ല. പൌരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഇത്ര വലിയ വിഷയം പോലും വേണ്ട വിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

സാങ്കേതികപുരോഗതി അനിവാര്യമാണ്. അതിന് സ്വകാര്യ മേഖലാ നിക്ഷേപവും ആയിക്കോളൂ എന്നാല്‍ ഭരണഘടന തന്നെ ഉറപ്പ് നല്‍കുന്ന സ്വകാര്യത അതിന്റെ പവിത്രതയിലും വിശ്വാസ്യതയോടെയും പരിപാലിക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്, ഉത്തരവാദിത്വമാണ്. ഇതൊക്കെ മറക്കുമ്പോള്‍ ഇല്ലാതാകുന്നത് വിശ്വാസ്യതയാണ്. കണ്ണാടി ചുവര് പോലെ ആര്‍ക്കും കാണാനാകുന്ന അവസ്ഥയിലാണ് നമ്മുടെ ജീവിതമെങ്കില്‍, ആശയവിനിമയങ്ങളെങ്കില്‍ അത് നമ്മെ എവിടെ കൊണ്ട് ചെന്നെത്തിക്കും?
 
 
 
 

ആള്‍മാറാട്ടക്കാരുടെ ഇ-കമ്മ്യൂണ്‍

അന്ന് അന്യന്റെ കിടപ്പറയിലേക്കും അമ്പലക്കുളത്തിലേക്കും ആര്‍ത്തിപൂണ്ട് പാഞ്ഞ നോട്ടങ്ങള്‍ ഇന്ന് ഈ ഗൂഗിള്‍ത്തോപ്പിലെ ഓരോ അക്ഷരത്തിന്റെയും ഇടവരമ്പുകള്‍ക്കിടയില്‍ പതുങ്ങിയിരിപ്പുണ്ട്. എപ്പോള്‍ വേണേലും കയ്യിലെ എലിയെ അത് തുറന്നുതിന്നാന്‍ വിട്ടാല്‍ മതി. കാമമോഹിത അപര കര്‍തൃത്വത്തെ പ്രതിപാദിക്കുകയല്ല ഇവിടുത്തെ താല്‍പര്യം. മറിച്ച് യാഥാര്‍ത്ഥ്യം/ അപരം എന്ന ആദിമ സൈദ്ധാന്തികതയെ ഇ-ദൃശ്യലോകത്തിലിരുന്ന് നേര്‍ക്കുനേര്‍ നോക്കിക്കാണുകയാണ്. മോരും മുതിരയും പോലെ എന്നതിനേക്കാള്‍ പാലും വെള്ളവും പോലെ ആണ് പലപ്പോഴും ഈ രണ്ടവസ്ഥയുടേയും ഭൌതിക സ്വഭാവം- യാഥാര്‍ത്ഥ്യം/ അപരം എന്ന ആദിമ സൈദ്ധാന്തികതയെ ഇ-ദൃശ്യലോകത്തിലിരുന്ന് നേര്‍ക്കുനേര്‍ നോക്കിക്കാണുന്ന ചില ആലോചനകള്‍. സുധീഷ് കോട്ടേമ്പ്രം എഴുതുന്നു

 

 

മുഖം കൊടുക്കലും കൊടുക്കാതിരിക്കലും പണ്ടുമുതലേ സാമൂഹിക വിനിമയത്തിന്റെ പ്രവര്‍ത്തനപരിധിക്കുള്ളില്‍ ആരൂഢം ചെയ്യപ്പെട്ട ഒന്നാണ്. മുഖദാവില്‍ കണ്ടു പറഞ്ഞാലേ മുന്‍പൊക്കെ ആളുകള്‍ കല്യാണം കൂടാനും പാലു കാച്ചിനും വരാറുള്ളൂ. ‘മുഖത്തുനോക്കിപ്പറയെടാ’ എന്ന് മുതിര്‍ന്നവര്‍ കുട്ടികളെക്കൊണ്ട് സത്യം ചെയ്യിപ്പിക്കും, കാരണം കള്ളം എപ്പോഴും മുഖം വിട്ട് എങ്ങോട്ടും പോയൊളിക്കുന്നില്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നതു കൊണ്ടാവും. ‘ഞാനിനി എങ്ങനെ അവളുടെ മുഖത്ത് നോക്കും’ എന്ന് ഒരാള്‍ ആശങ്കപ്പെടുന്നതും ഉടലിനേക്കാള്‍ പേടിക്കേണ്ട ശരീരഭാരം മുഖമായതിനാല്‍ തന്നെ. മുഖത്തോട് മുഖം നോക്കി പറയുന്നതില്‍ ഒരുതരം നേരു കാണലിന്റെയും നേരുകാക്കലിന്റെയും വിശ്വാസ്യതയുണ്ട്.

അതേസമയം ഒളിച്ചുപാര്‍ക്കലും വേഷപ്രച്ഛന്നരായി കഴിയലും മറ്റും മറ്റും ഘോരഘോരം നടന്നിട്ടുമുണ്ട്. സാമാന്യ രീതിയില്‍ നിന്നു വേഷം മാറി നടന്നാല്‍, പൊടി മീശയുടെ സ്ഥാനത്ത് കൊമ്പന്‍ മീശ വച്ചാല്‍, കള്ളത്താടിയാണെന്ന് കണ്ടാല്‍ അന്നൊക്കെ നിങ്ങള്‍ സുകുമാരന്‍ നായരെന്ന് മുദ്ര കുത്തപ്പെട്ട് ലോക്കപ്പിലാവും. ഇനിയിപ്പോള്‍ അംഗീകൃത വേഷപ്രച്ഛന്നരും ആവാനുള്ള അവസരമുണ്ട്. ശരീര രോമങ്ങള്‍ നീക്കം ചെയ്ത്, കണ്ണെഴുതി, നെഞ്ചില്‍ തുണി തിരുകി ഓച്ചിറ വേലുക്കുട്ടിയാവാം. സൈക്കിളോട്ടക്കാരുടെ കാര്‍ണിവലില്‍ മാദകമേനിയുമായി പത്മിനി രാഗിണിമാരാവാം. കപടമെന്നറിഞ്ഞിട്ടും പൊറുത്തുപോരുന്ന പെണ്‍ വേഷക്കാരായോ, ഒറിജിനലിനെ വെല്ലുന്ന കോപ്പിയായും ആള്‍മാറാട്ടം നടത്തി ഉപജീവനം കഴിക്കാം.

സുധീഷ് കോട്ടേമ്പ്രം

അതുമല്ലെങ്കില്‍, അഞ്ഞൂറാന്മാരുടെ കണ്ണുവെട്ടിച്ച് ദൂരെ ഒരു ഗ്രാമത്തില്‍ പെണ്ണുകെട്ടി ജീവിക്കുന്ന ഇന്നസെന്റുമാരാവാം. കിടക്കപ്പായയില്‍ നിന്നെണീറ്റ് മൂത്രമൊഴിക്കാന്‍ വരുന്ന ഔസേപ്പുചേട്ടന്റെ ഭാര്യയുടെ ഇരുട്ടിന്റെ മറവിലെ വാഴക്കൈ എന്നു പേരുള്ള ജാരനാവാം. ജാരവൃത്തിക്കു ശേഷവും നിങ്ങളുടെ കുറ്റങ്ങള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കുന്ന വാഴക്കൈകള്‍ പണ്ട് നാട്ടിലെങ്ങും രാത്രികാലങ്ങളില്‍ മുളച്ചിരുന്നു. ഒറ്റമുറി വീട്ടിനുള്ളില്‍ തന്നെ പലതായി പകുത്ത മുഖങ്ങളുമായി എന്നിട്ടും നിങ്ങള്‍ നേരം വെളുപ്പിച്ചു. പകലില്‍ അണിയാനുള്ള മാന്യ മുഖങ്ങള്‍ ചായം തേച്ച് വെച്ചു. അങ്ങനെ ഭാഷയില്‍ പകല്‍മാന്യന്‍ എന്ന വാക്കുണ്ടായി. പല മക്കള്‍ക്കും ഒന്നില്‍ക്കൂടുതല്‍ അച്ഛന്മാരും ഒന്നില്‍ക്കൂടുതല്‍ അമ്മമാരും ഉണ്ടായി.

‘ശരിക്കുള്ള പേര് ഭാസ്കരന്‍ പി കെ എന്നാ… പാച്ചൂ എന്നാ എല്ലാരും വിളിക്ക്വ’ എന്ന് ഒരു പാക്കരന്‍ പറയും. സരസുവിനു ഇത്ര സരസമായ പേരെങ്ങനെ വന്നു എന്ന് ആശ്ചര്യപ്പെടുമ്പോള്‍ ആ ആശ്ചര്യത്തിന്റെ പിതൃത്വം ഞങ്ങള്‍ക്കാണെന്ന് പറഞ്ഞ് ഒരുകൂട്ടം രാത്രിഞ്ചരന്മാര്‍ കടന്നുവരാന്‍ സാധ്യത ഉണ്ട്. അവരാണ് സരസ്വതിയെ സരസു ആക്കിയത്. രാമനെ ഓന്തുരാമനാക്കിയത്. ഒറ്റവ്യക്തിയില്‍ ഒട്ടിച്ചുചേര്‍ക്കാതെ എല്ലാവര്‍ക്കും മറ്റൊരു അപരജീവിതം കൂടി നല്‍കുന്നു എന്നതാണ് ഈ ആള്‍മാറാട്ടത്തിന്റെ പ്രയോക്താക്കള്‍ നല്‍കിയ പാഠം.

 
graphics: Ursula Bernis
 
അന്ന് അന്യന്റെ കിടപ്പറയിലേക്കും അമ്പലക്കുളത്തിലേക്കും ആര്‍ത്തിപൂണ്ട് പാഞ്ഞ നോട്ടങ്ങള്‍ ഇന്ന് ഈ ഗൂഗിള്‍ത്തോപ്പിലെ ഓരോ അക്ഷരത്തിന്റെയും ഇടവരമ്പുകള്‍ക്കിടയില്‍ പതുങ്ങിയിരിപ്പുണ്ട്. എപ്പോള്‍ വേണേലും കയ്യിലെ എലിയെ അത് തുരന്നുതിന്നാന്‍ വിട്ടാല്‍ മതി. കാമമോഹിത അപര കര്‍തൃത്വത്തെ പ്രതിപാദിക്കുകയല്ല ഇവിടുത്തെ താല്‍പര്യം. മറിച്ച് യാഥാര്‍ത്ഥ്യം/ അപരം എന്ന ആദിമ സൈദ്ധാന്തികതയെ ഇ-ദൃശ്യലോകത്തിലിരുന്ന് നേര്‍ക്കുനേര്‍ നോക്കിക്കാണുകയാണ്. മോരും മുതിരയും പോലെ എന്നതിനേക്കാള്‍ പാലും വെള്ളവും പോലെ ആണ് പലപ്പോഴും ഈ രണ്ടവസ്ഥയുടേയും ഭൌതിക സ്വഭാവം.

ഞാന്‍ കാണുന്ന സ്വപ്നമാണോ പക്ഷി, അതോ പക്ഷി കാണുന്ന സ്വപ്നമാണോ ഞാന്‍ എന്ന് കെ.പി. അപ്പന്‍ ആശങ്കപ്പെട്ടതുപോലെ ഒരാളുടെ ‘യാഥാര്‍ത്ഥ്യ’വും പ്രതീതി യാഥാര്‍ത്ഥ്യവും തമ്മില്‍ എങ്ങനെയൊക്കെ സമരസപ്പെട്ടുപോകുന്നു എന്നതും അഥവാ അവ തമ്മില്‍ എന്തെങ്കിലും സംവാദം സാധ്യമാണോ എന്നതും വിശദീകരിക്കുംതോറും അര്‍ത്ഥവ്യതിയാനം സംഭവിച്ചേക്കാവുന്ന ഒരു പ്രത്യയമാണ്.

വഴിയില്‍ വെച്ച് കണ്ടാല്‍ മിണ്ടണമെന്നില്ല; ഫെയിസ്ബുക്കില്‍ വെച്ച് സ്നേഹിക്കാം, ഉണ്ടായിരുന്ന സ്നേഹം കട്ട് ചെയ്യാം, ആഗോളതാപനത്തെ കുറിച്ചുള്ള ഒരു പോസ്റ്റോ ഏറ്റവും മുന്തിയ ഒരു ഗ്ലാമറസ്സിന്റെ ഗോസിപ്പ് വാര്‍ത്തയോ ഷെയര്‍ ചെയ്ത് പ്രതീതി സംസ്കാരനിര്‍മ്മിതിയില്‍ പങ്കാളിയാവാം. തന്റെ മുന്നില്‍ കൈനീട്ടുന്ന വൃദ്ധയാചകനെ കണ്ടില്ലെന്നു നടിക്കാം, മുഖപുസ്തകത്തില്‍ വൃദ്ധദിനത്തിന്റെ ഒരു സന്ദേശചിത്രം ഷെയര്‍ ചെയ്യുകയുമാവാം. നിങ്ങള്‍ എന്താണ് എന്നല്ല എന്തായി പ്രതിനിധീകരിക്കപ്പെടണം എന്ന ആഗ്രഹസാഫല്യമാണ് പ്രതീതി കര്‍തൃത്വത്തിന്റേത്. മടുത്തു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു എന്നൊരു സ്റാറ്റസ് ഇട്ടാലും നിങ്ങള്‍ക്ക് കിട്ടും പത്തിലേറെ ലൈക്കുകള്‍. എല്ലാ വികാരങ്ങളും പ്രകടിപ്പിക്കാന്‍ നമുക്ക് ഈ ഒരു മാര്‍ഗം സുഗമവും സൌകര്യപ്രദവുമായിരിക്കവേ പ്രകടനപരതയുടെ ഭാഷയ്ക്ക് കൂടുതല്‍ ലൈക്ക് കിട്ടുന്നു. അവ കൂടുതല്‍ പങ്കുവെക്കപ്പെടുന്നു. ബുദ്ധിയെ തൊട്ടല്ല എഴുതേണ്ടത്, വികാരത്തെ തന്നെയാവണം. അവ നമ്മുടെ സ്പര്‍ശിനികളെ ഉണര്‍ത്തും. സക്കര്‍ബര്‍ഗ്ഗിന്റെ ബുദ്ധി എത്ര വികാരഭരിതം എന്ന് പിന്നീടൊരാള്‍ എഴുതിയേക്കാം.

 

painting: Ona Kingdon


 
സ്വന്തം പേരിന്റെയും ഊരിന്റെയും വിലാസത്തില്‍ തന്നെ ഈ പ്രതീതിരാജ്യത്ത് അംഗത്വം എടുക്കുന്ന ഒരാള്‍ അനവധി കര്‍തൃത്വ പ്രതിസന്ധികള്‍ നേരിടുന്നു എങ്കില്‍ ഒരു ഫെയിക് ഐഡിയുടെ ഉടമസ്ഥ/ഉടമസ്ഥന്‍ പങ്കുവെയ്ക്കുന്ന സാംസ്കാരികത എന്താവും? അയാളുടെ ഊന്നലുകള്‍ എന്തുതന്നെ ആയാലും ആ ലക്ഷ്യത്തില്‍ ലഭിച്ചേക്കാവുന്ന മാക്സിമം അപരത്വവും സുരക്ഷയും താന്താങ്ങള്‍ ഇടപെടുന്ന മേഖലയില്‍ ശോഭിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. ബ്ലോഗുകള്‍ സജീവമായിരുന്ന കാലത്ത് ഏറ്റവും സജീവമായിരുന്ന വിഭാഗമായിരുന്നു അനോണികള്‍. ആ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടായിരുന്നതിനാല്‍ അവനവന്‍ പ്രസാധനത്തിന്റെ കൊള്ളരുതായ്മകള്‍ അവരുടെ ഡെസ്കിലൂടെ കൈമാറിക്കിട്ടി. കപടവ്യക്തിത്വത്തിന് മുഖപ്പേടിയില്ല. അവര്‍ വിഷയങ്ങളില്‍ അഭിരമിച്ചിരിക്കും. സദാ ജാഗരൂകവുമായിരിക്കും.

ഉദാഹരണത്തിന് ഈ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വാദപ്രതിവാദങ്ങള്‍ക്ക് വിധേയമായ കൊച്ചി മുസിരിസ് ബിനാലെ ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ അതില്‍ പങ്കെടുത്ത പലരും വ്യാജവ്യക്തിത്വം ഉപയോഗിച്ചാണ് ചര്‍ച്ചകളില്‍ ഇടപെട്ടത് എന്ന് കാണാന്‍ കഴിയും. ബിനാലെ അനുകൂലികളും പ്രതികൂലികളും എന്ന സംവര്‍ഗം സൃഷ്ടിച്ചു കൊണ്ട് ആ ചര്‍ച്ചകള്‍ തുറന്ന ഏറ്റുമുട്ടലുകള്‍ക്ക് വാതില്‍ തുറന്നു.

ഒരര്‍ത്ഥത്തില്‍ ‘മുഖം നോക്കാതെയുള്ള’ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഈ മാര്‍ഗം സൌകര്യപ്പെട്ടു എന്നും കരുതാവുന്നതാണ്. മുഖമുള്ള പലര്‍ക്കും മുഖത്തടി കിട്ടിയ പോലെ ആയി. മുഖമില്ലാത്തവര്‍ ആവട്ടെ അതിന്റെ മറവില്‍ അതീതപദവി അലങ്കരിച്ചു നിന്നു. വിമര്‍ശബുദ്ധിയോടെ കാര്യങ്ങള്‍ വിലയിരുത്തിയവരെ നോക്കി കൊഞ്ഞനം കുത്തുന്ന അപരര്‍ അവരുടെ അല്‍പബുദ്ധിയുടെ പരസ്യക്കാരായി. കപടകലയെ തിരിച്ചറിയണമെന്ന ആഹ്വാനവുമായി തുടക്കം മുതല്‍ രംഗത്തുണ്ടായവര്‍ കലയെ കുറിച്ച് ഉത്തമ ബോധ്യമുള്ളവരായിരുന്നു എന്ന് ബിനാലെ അനുകൂലികള്‍ക്കുള്ള മറുപടികളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. പ്രതിയോഗി യഥാര്‍ത്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം ഇടക്കിടെ ഉയര്‍ന്നുവരാറുണ്ട്, അപരന്റെ അപരത്വത്തെ തോല്‍പ്പിക്കുവാനും അയാളുടെ ചോദ്യങ്ങളെ പ്രതിരോധിക്കുവാനും രൂപപ്പെട്ട പുതിയ കലാവാദികളാവട്ടെ അവരും പരക്കെ വ്യാജകര്‍തൃത്വത്തെ കൂട്ടു പിടിക്കുകയായിരുന്നു.

 

graffitt: Banksy


 
അനോണിമിറ്റി ഒരര്‍ത്ഥത്തില്‍ കലാപ്രവര്‍ത്തനം തന്നെയാണെന്ന് സ്ഥാപിച്ച ഗ്രാഫിറ്റി ആര്‍ട്ടിസ്റുകളെപ്പോലെ കലയെ കുറിച്ച് വിചാരപ്പെട്ട മലയാളികളുടെ ഒരു (വ്യാജ) സമൂഹം ഓണ്‍ലൈന്‍ ഇടങ്ങളില്‍ ശക്തിപ്പെട്ടു. എന്തുകൊണ്ടാവും സമകാലിക കലയിലെ ഗൌരവപ്പെട്ട ഒരു ചര്‍ച്ചയില്‍ അനോണിമിറ്റി ഒരു പ്രമുഖ റോളില്‍ ഇറങ്ങിയത്? സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മറ്റേതൊരു മേഖലയിലുള്ളതിനേക്കാള്‍ കൂടുതലായി കലാരംഗത്തുണ്ട് എന്നോ അതോ സമകാലിക കല തന്നെ മറ്റൊരര്‍ത്ഥത്തില്‍ വ്യാജമാണ് എന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? കല പ്രതീതിയാണ് എന്നുവരുമ്പോള്‍ കലയെ കുറിച്ചുള്ള വാദങ്ങളും അങ്ങേയറ്റം പ്രതീതിസംവാദമായി മാറുന്നതാണോ അത്? എന്തായാലും കല സമൂഹത്തിന്റെ അപരമായി നിലകൊള്ളേണ്ട ഒന്നാണ് എന്നും കലയുടെ കമ്മ്യൂണ്‍ മറ്റൊന്നാണ് എന്നും പുതിയ കലാവാദി കരുതുന്നുവെങ്കില്‍ ഒരാള്‍ ഓച്ചിറ വേലുക്കുട്ടിയോ കായംകുളം കൊച്ചുണ്ണിയോ ആവുന്നതില്‍ അത്ഭുതപ്പെടാനില്ല.

കല കപടമെങ്കില്‍ അതിന്റെ കാണിയും കപടമല്ലേ എന്നൊരു വര്‍ണ്യത്തിലാശങ്ക പരക്കുമെങ്കിലും ഇഞ്ചോടിഞ്ച് കണ്ണികളുള്ള ഈ സൈബര്‍ രാജ്യത്ത് അതിനും പൌരത്വമുണ്ട്. അത് ഒരു കൂട്ടത്തിന്റെ ആഗ്രഹങ്ങളെ മറയില്ലാതെ പ്രത്യക്ഷപ്പെടുത്തിക്കളയും. നെറ്റില്‍ നിന്ന് തപ്പിയെടുത്ത ഇമേജ് കൊണ്ട് ഡിസൈന്‍ ചെയ്യുന്ന ഒരാര്‍ട്ടിസ്റും മറ്റാരോ എഴുതിയ തിയറി കണ്‍ ട്രോള്‍ സി കണ്‍ ട്രോള്‍ വി എന്ന് ഈച്ചക്കോപ്പിയെടുക്കുന്ന ലേഖകനും വേറെ ഏതോ ഭാഷയില്‍ ചിട്ടപ്പെടുത്തിയ പാട്ടിന്റെ ഈണം കുടക്കമ്പി മാറ്റും പോലെ ഊരിയെടുത്ത് മലയാളത്തിന്റെ തുണിയുടുപ്പിക്കുന്ന സംഗീതജ്ഞരും മറ്റും മറ്റും അടങ്ങുന്ന ഒരു വലിയ സൈബര്‍ ജനാധിപത്യം ഈ ചതുരക്കഷണം ആകാശത്തിലുണ്ട്.

ഒറിജിനലിനെ പ്രതിയോ ഓഥന്റിസിറ്റിയെ പ്രതിയോ ഇവിടെ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. അഥവാ എല്ലാത്തരം അപരത്വങ്ങളെയും സ്വാംശീകരിക്കുന്ന ഒരു പലമയില്‍ ഇ-ദൃശ്യലോകം കണ്ണിചേര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവിടെ രാജാവോ രാജ്യനീതിയോ ഇല്ല.അഥവാ അരാജകത്വം എന്ന വാക്കിനെ സാമാന്യവല്‍ക്കരിച്ച ഒരു വ്യവസ്ഥ കൂടിയായി ഇ^ലോകം. താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന് എന്ന് കുതിരവട്ടം പപ്പുവായി, ഒരോ നെറ്റിസണും.

ലൂമിയ ഇന്ത്യയില്‍ ഇന്നിറങ്ങുന്നു; ലക്ഷ്യം ആന്‍ഡ്രോയിഡ്

വിന്‍ഡോസ് ഫോണ്‍ 7.5 മാംഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 800 സ്മാര്‍ട് ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലിറങ്ങും. കടുപ്പമേറിയ പോളികാര്‍ബണേറ്റ് നിര്‍മിത സ്റ്റൈലന്‍ ബോഡിയുള്ള ലൂമിയയുടെ 3.7 ഇഞ്ച് ആന്റി ഗ്ലെയര്‍ അമോലെഡ് ഡിസ്പ്ലേ ഉച്ചവെയിലിലും മിഴിവുള്ള ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു-അന്‍വാറുല്‍ ഹഖ് എഴുതുന്നു

Nokia Lumia 800

ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ രംഗത്തെ മുടിചൂടാമന്നന്മാരായിരുന്നു നോക്കിയ. കാലത്തിനൊത്ത് കോലം മാറാതെ വന്നപ്പോള്‍ ഉപഭോക്താക്കള്‍ പതുക്കെ നോക്കിയയെ കൈവിട്ടുതുടങ്ങിയിരുന്നു. ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ കടന്നുവരവും ഡ്യുവല്‍ സിം മോഡലുകള്‍ ഇറക്കുന്നതില്‍ വന്ന കാലതാമസവും ഒരുപരിധിവരെ നോക്കിയക്ക് വിനയായി.

അവസരം മുതലെടുത്ത് വളര്‍ന്നത് സാംസങ് പോലുള്ള കമ്പനികളാണ്. വൈവിധ്യമാര്‍ന്ന നിരവധി സ്മാര്‍ട് ഫോണുകള്‍ വിപണിയിലിറക്കി അവര്‍ ഒന്നാം സ്ഥാനം കൈയടക്കി. എന്നാല്‍ ഹാര്‍ഡ്വെയറിന്റെ കാര്യത്തില്‍ നോക്കിയയെ വെല്ലാന്‍ ആരുമില്ലെന്നതാണ് സത്യം. ഇക്കാരണത്താല്‍ നോക്കിയയെ കൈവിടാന്‍ തയാറല്ലാത്ത ഒരുപറ്റം ഉപഭോക്താക്കളുമുണ്ട്.

വൈകിയാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ നോക്കിയ കൂടുതല്‍ മോഡലുകളുമായി രംഗത്തിറങ്ങുകയാണ്. ചുരുങ്ങിയ കാലത്തിനിടയില്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കുത്തക തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റിനെത്തന്നെയാണ് അവര്‍ ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത്.

വിന്‍ഡോസ് ഫോണ്‍ 7.5 മാംഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 800 സ്മാര്‍ട് ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലിറങ്ങും. കടുപ്പമേറിയ പോളികാര്‍ബണേറ്റ് നിര്‍മിത സ്റ്റൈലന്‍ ബോഡിയുള്ള ലൂമിയയുടെ 3.7 ഇഞ്ച് ആന്റി ഗ്ലെയര്‍ അമോലെഡ് ഡിസ്പ്ലേ ഉച്ചവെയിലിലും മിഴിവുള്ള ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

1.4 ജിഗാഹെര്‍ട്സ് പ്രൊസസറും 512 എംബി റാമുമാണ് ലൂമിയയുടെ ഹൃദയം. ഹിന്ദി അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ ലഭ്യമാവുന്ന സൌജന്യ ഓഫ്ലൈന്‍ 3D മാപ്പാണ് ലൂമിയയുടെ ഏറ്റവും വലിയ സവിശേഷത. നെറ്റ്വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളിലും വഴി കണ്ടുപിടിക്കാന്‍ ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. 8 മെഗാപിക്സല്‍ കാമറ വഴി മിഴിവുറ്റ ചിത്രങ്ങളെടുക്കാം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് അഡിക്റ്റുകള്‍ക്കായി ആപ്ലിക്കേഷനുകളും ഫോണില്‍ ഒരുക്കിയിട്ടുണ്ട്. 29,999 രൂപയാണ് ഫോണിന്റെ വില.

മാസങ്ങള്‍ നീണ്ട പ്രചാരണത്തിന് ശേഷം ലൂമിയയുടെ ലോഞ്ചിംഗിനോടനുബന്ധിച്ച് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വമ്പന്‍ പരിപാടികളാണ് നോക്കിയ ഒരുക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത ശേഷം ആദ്യമായി വിപണിയിലിറക്കുന്ന ലൂമിയയോടുള്ള ഉപഭോക്താക്കളുടെ പ്രതികരണമനുസരിച്ചായിരിക്കും നോക്കിയയുടെ ഭാവിയും

നഷ്ടപ്പെട്ട ന്യൂട്ടണ്‍

സ്റ്റീവ് ജോബ്സ് ഓര്‍മ്മയായി. ആപ്പിള്‍ സി.ഇ.ഒ, ചെയര്‍മാന്‍ തുടങ്ങിയ പദങ്ങളില്‍ ഒതുങ്ങില്ല ആ ജീവിതം. ദീര്‍ഘവീക്ഷണമുള്ള അസാമാന്യ പ്രതിഭാശാലിയെയാണ്, ലോകത്തിന് നഷ്ടമായത്. ആ വലിയ മനുഷ്യന് ‘നാലാമിട’ത്തിന്റെ ആദരം-അന്‍വാറുല്‍ ഹഖ് എഴുതുന്നു

ആപ്പിള്‍ കമ്പനിക്ക് ആരായിരുന്നു സ്റ്റീവ് ജോബ്സ്? സി.ഇ.ഒ, ചെയര്‍മാന്‍ തുടങ്ങിയ പദങ്ങളില്‍ ഒതുങ്ങില്ല ആ ജീവിതം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘ആപ്പിളിന്റെ ന്യൂട്ടണാ’യിരുന്നു സ്റ്റീവ്.
‘ആപ്പിളിന് നഷ്ടപ്പെട്ടത് ദീര്‍ഘവീക്ഷണമുള്ള അസാമാന്യ പ്രതിഭാശാലിയെയാണ്, ലോകത്തിന് നഷ്ടമായത് മഹാനായ വ്യക്തിയെയും. സ്റ്റീവിനെ അടുത്തറിയാനും ഒപ്പം ജോലി ചെയ്യാനും ഭാഗ്യം ലഭിച്ച ഞങ്ങള്‍ക്ക് നഷ്ടമായത് അടുത്ത സുഹൃത്തിനെയും മാര്‍ഗദര്‍ശിയെയും’- ആപ്പിളിന്റെ വെബ്സൈറ്റില്‍ സഹപ്രവര്‍ത്തകര്‍ കുറിച്ച ഈ വാചകങ്ങള്‍ മാത്രം മതി അദ്ദേഹത്തിന്റെ മഹത്വമറിയാന്‍. ആപ്പിള്‍ കമ്പനിയുടെ ഉല്‍പന്നങ്ങളായ ഐഫോണും ഐപാഡും ലോകവിപണികള്‍ കീഴടക്കുമ്പോഴാണ് അമ്പത്താറാം വയസ്സില്‍ സ്റ്റീവ് മരണത്തിന് കീഴടങ്ങുന്നത്

സിറിയന്‍ വംശജനായ അബ്ദുല്‍ഫത്താഹ് ജോണ്‍ ജന്‍ഡലിയുടെയും ജൊആന്‍ സിംപ്സന്റെയും മകനായി 1955 ഫെബ്രുവരി 24ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ച സ്റ്റീവ് ദുരിതജീവിതത്തോട് പടവെട്ടിയാണ് ഉന്നതിയുടെ സിംഹാസനത്തിലെത്തിയത്. സ്റ്റീവിനെ ഗര്‍ഭം ധരിക്കുമ്പോള്‍ അവിവാഹിതയും ബിരുദ വിദ്യാര്‍ഥിനിയുമായിരുന്ന അമ്മ കാലിഫോര്‍ണിയക്കാരായ പോള്‍-ക്ലാര ജോബ്സ് ദമ്പതികള്‍ക്ക് മകനെ ദത്തുനല്‍കി.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പോര്‍ട് ലാന്റിലെ റീഡ് കോളജില്‍ ചേര്‍ന്ന സ്റ്റീവിന് സാമ്പത്തിക പരാധീനത മൂലം പഠനം പൂര്‍ത്തിയാക്കാനായില്ല. പണമില്ലാത്തതിനാല്‍ കൂട്ടുകാരുടെ മുറിയില്‍ തറയില്‍ കിടന്നുറങ്ങിയതും കൊക്കക്കോള കുപ്പികള്‍ പെറുക്കിവിറ്റ് അന്നത്തിന് വക കണ്ടെത്തിയതും ഹരേകൃഷ്ണ പ്രസ്ഥാനക്കാരുടെ അമ്പലത്തില്‍ ഭക്ഷണത്തിന് വേണ്ടി അലഞ്ഞതും സ്റ്റീവ് ഓര്‍ത്തെടുക്കുന്നു. ഇതിനിടയില്‍ നടന്ന കാലിഗ്രാഫി പഠനം പില്‍ക്കാല ജീവിതത്തിന് മുതല്‍ക്കൂട്ടായി. ആത്മീയപാത തേടി ഇന്ത്യയിലെത്തിയ സ്റ്റീവ് ബുദ്ധമതം സ്വീകരിച്ചാണ് തിരികെ നാട്ടിലെത്തിയത്.

1976ല്‍ ഇരുപതാം വയസ്സിലാണ് സ്റ്റീവ് വോസ്നിയാക്കി, മൈക്ക് മെര്‍ക്കുല എന്നിവര്‍ക്കൊപ്പം വീടിന്റെ ഗാരേജില്‍ സ്റ്റീവ് ആപ്പിള്‍ കമ്പനിക്ക് തുടക്കമിട്ടത്. പത്ത് വര്‍ഷത്തിനകം 20 ലക്ഷം ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി വിസ്മയാവഹമായ വളര്‍ച്ച കൈവരിച്ചു. സ്റ്റീവിന്റെ 29ാം വയസ്സില്‍ 1984ലാണ് കമ്പ്യൂട്ടര്‍ സങ്കല്‍പങ്ങളെ അടിമുടി മാറ്റിമറിച്ച് ആപ്പിളിന്റെ മാക്കിന്‍തോഷ് പുറത്തിറക്കിയത്. സഹപ്രവര്‍ത്തകരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആ വര്‍ഷം തന്നെ സ്റ്റീവിനെ കമ്പനി പുറത്താക്കി. തുടര്‍ന്ന് നെക്സ്റ്റ് എന്ന പേരില്‍ കമ്പ്യൂട്ടര്‍ കമ്പനി തുടങ്ങിയ സ്റ്റീവ് 1986ല്‍ പിക്സര്‍ എന്ന ആനിമേഷന്‍ കമ്പനിയും ആരംഭിച്ചു.

ഇതിനിടെ ലോറിന്‍ പവലിനെ ജീവിത സഖിയാക്കി. 1996ല്‍ നെക്സ്റ്റിനെ ആപ്പിള്‍ ഏറ്റെടുത്തതോടെ സ്റ്റീവ് ആപ്പിളിന്റെ മേധാവിയായി തിരിച്ചെത്തി. പിന്നീട് കുതിപ്പിന്റെ കാലമായിരുന്നു. കമ്പനിയുടെ ഉല്‍പന്നങ്ങളായ ഐഫോണും ഐപാഡും ഐപോഡുമെല്ലാം ലോകവിപണികള്‍ കീഴടക്കി ജൈത്രയാത്ര നടത്തി. 2004ല്‍ പാന്‍ക്രിയാസ് കാന്‍സര്‍ ബാധ തിരിച്ചറിഞ്ഞു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 24ന് കമ്പനിയുടെ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞെങ്കിലും ചെയര്‍മാനായി തുടര്‍ന്നു. മരിക്കുമ്പോള്‍ 8.3 ദശലക്ഷം ഡോളറാണ് സ്റ്റീവിന്റെ ആസ്തി. ഈവര്‍ഷത്തെ മികച്ച സി.ഇ.ഒ ആയി ഗൂഗിള്‍ സ്റ്റീവിനെ തെരഞ്ഞെടുത്തിരുന്നു

കാത്തിരിപ്പിനറുതി, ആകാശ് എത്തി

ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റായ ആകാശ് പുറത്തിറങ്ങി. കേവലം 1750 രൂപക്ക് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന ആകാശ് ടെലികോം മന്ത്രി കബില്‍ സിബലാണ് ബുധനാഴ്ച പുറത്തിറക്കിയത്-അന്‍വാറുല്‍ ഹഖ് എഴുതുന്നു

മന്ത്രി കബില്‍ സിബല്‍ ആകാശുമായി

യു.കെ ആസ്ഥാനമായ ഡാറ്റാവിന്‍ഡില്‍ നിന്ന് യൂണിറ്റൊന്നിന് 2250 രൂപ നിരക്കില്‍ വാങ്ങിയാണ് സബ്സിഡിയോടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. യൂബിസ്ലേറ്റ് എന്ന ബ്രാന്‍ഡ്നാമത്തില്‍ പൊതുവിപണിയില്‍ 2999 രൂപക്ക് നവംബര്‍ അവസാനത്തോടെ ആകാശ് എത്തും.
ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 7″ റെസിസ്റ്റീവ് ടച്ച് സ്ക്രീനാണുള്ളത്. 366 മെഗാഹെര്‍ട്സ് പ്രൊസസറും 256 എം.ബി റാമും 2 ജി.ബി ഇന്റേണല്‍ മെമ്മറിയും വൈഫൈ സൌകര്യവും ആകാശിനെ മറ്റു ടാബ്ലറ്റുകളോട് മല്‍സരിക്കാന്‍ പ്രാപ്തമാക്കുന്നു. 32 ജി.ബി എക്സ്റ്റേണല്‍ മെമ്മറിയും വാഗ്ദാനം ചെയ്യുന്ന ആകാശ് 12 മാസത്തെ വാറന്റിയോടുകൂടിയാണ് വിപണിയിലെത്തുന്നത്. ഡാറ്റാവിന്‍ഡിന്റെ ഹൈദരാബാദിലെ പ്ലാന്റിന് പ്രതിദിനം 700 യൂണിറ്റ് ഉല്‍പാദന ശേഷിയുണ്ട്. അനുദിനം മല്‍സരം വര്‍ധിക്കുന്ന ടാബ്ലറ്റ് വിപണിയില്‍ ആകാശ് ചലനങ്ങളുണ്ടാക്കുമോയെന്ന് കാത്തിരുന്നുകാണാം.

ആകാശിന്റെ സാങ്കേതിക വിവരണം:
Hardware:
Processor: 366 Mhz. Connexant with Graphics accelerator and HD Video processor
Memory (RAM): 256MB RAM / Storage (Internal): 2GB Flash
Storage (External): 2GB to 32GB Supported
Peripherals (USB2.0 ports, number): 1 Standard USB port
Audio out: 3.5mm jack / Audio in: 3.5mm jack
Display and Resolution: 7″ display with 800×480 pixel resolution
Input Devices: Resistive touch screen
Connectivity and Networking: GPRS and WiFi IEEE 802.11 a/b/g
Power and Battery: Up to 180 minutes on battery. AC adapter 200240 volt range.

Software:
OS: Android 2.2
Document Rendering
* Supported Document formats: DOC, DOCX, PPT, PPTX, XLS, XLSX, ODT, ODP
* PDF viewer, Text editor
Multimedia and Image Display
* Image viewer supported formats: PNG, JPG, BMP and GIF
* Supported audio formats: MP3, AAC, AC3, WAV, WMA
* Supported video formats: MPEG2, MPEG4, AVI, FLV
Communication and Internet
* Web browser Standards Compliance: xHTML 1.1 compliant, JavaScript 1.8 compliant
* Separate application for online YouTube video
Safety and other standards compliance
* CE certification / RoHS certification

9,500 രൂപക്ക് ഇന്ത്യന്‍ ടാബ് ലറ്റ്

മൊബൈല്‍ വിപണിയില്‍ ടാബ് ലറ്റും ആന്‍ഡ്രോയിഡുമാണ് ഇപ്പോള്‍ താരം. കൈയില്‍ കൊണ്ടുനടക്കാവുന്ന ഈ കുഞ്ഞന്‍ കമ്പ്യൂട്ടറുകള്‍ക്ക് യുവാക്കള്‍ക്കിടയില്‍ ആരാധകര്‍ ഏറുകയാണ്. വമ്പന്‍ കമ്പനികളുടെ വിലയേറിയ ടാബ് ലറ്റുകള്‍ കൈപ്പിടിയിലൊതുക്കാന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ ഇനി വിഷമിക്കേണ്ട. ഇത്തരക്കാരെ ലക്ഷ്യമിട്ട് നിരവധി ഇന്ത്യന്‍ കമ്പനികള്‍ വിലകുറഞ്ഞ ടാബ് ലറ്റുകള്‍ പുറത്തിറക്കുകയാണിപ്പോള്‍. 10,000 രൂപയില്‍ താഴെയാണ് ഇന്ത്യന്‍ ടാബ്ലറ്റുകളുടെ വില. ഈ ശ്രേണിയില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ടാബ് ലറ്റാണ് മെര്‍ക്കുറി എം ടാബ്.
കമ്പ്യൂട്ടര്‍ ഘടക നിര്‍മാണ-വിപണനരംഗത്തെ പ്രശസ്ത ബ്രാന്റായ മെര്‍ക്കുറിയുടെ ടാബ് ലറ്റ് നിര്‍മാണ രംഗത്തേക്കുള്ള വരവ് ഇന്ത്യന്‍ വിപണിയില്‍ ഓളങ്ങളുണ്ടാക്കുമെന്നുറപ്പാണ്. ആന്‍ഡ്രോയിഡ് 2.3 ജിന്‍ജര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എം ടാബിന് 512 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്. മെമ്മറി കാര്‍ഡ് വഴി ഓര്‍മശക്തി 32 ജി.ബി വരെയാക്കാം. 1.2 GHz 3Core പ്രൊസസര്‍ അതിവേഗം പ്രദാനം ചെയ്യുന്നു. 7″ WVGA കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍ മള്‍ട്ടിടച്ച് സപ്പോര്‍ട്ടുള്ളതാണ്. വൈഫൈ, എക്സ്റ്റേണല്‍ 3G യു.എസ്.ബി മൊഡ്യൂള്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഇന്റര്‍നെറ്റ് സര്‍ഫിംഗ് മികവുറ്റതാക്കുന്നു. വീഡിയോകോണ്‍ഫറന്‍സിനായി 1.3 മെഗാപിക്സല്‍ ഫ്രണ്ട് കാമറയുണ്ട്. Divx, MPG, MP4 തുടങ്ങിയ വീഡിയോ ഫോര്‍മാറ്റുകളിലും ദൃശ്യങ്ങള്‍ കാണാം. 4000 mAh ബാറ്ററി 4 മണിക്കൂര്‍ വീഡിയോദൃശ്യം വാഗ്ദാനം ചെയ്യുന്നു. 3D ഗെയിമുകളാണ് മറ്റൊരു പ്രത്യേകത. 400 ഗ്രാം മാത്രം ഭാരമുള്ള ഇതിന്റെ വില 9,499 രൂപയാണെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത. ഒരു വര്‍ഷം വാറന്റിയും ലഭിക്കും.
ബീറ്റെല്‍, മാഗ്നം പെപ്പര്‍, വെസ്പ്രോ, ജിഫൈവ് തുടങ്ങിയ കമ്പനികളും റിലയന്‍സും വിലകുറഞ്ഞ ടാബ് ലറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

പണമയക്കാം മൊബൈലിലൂടെ

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അത്യാവശ്യത്തിന് പണമയച്ചുകൊടുക്കണമെങ്കില്‍ പണ്ടൊക്കെ പൊല്ലാപ്പ് ഏറെയായിരുന്നു. ബാങ്കിലെത്തി ക്യൂ നിന്ന് ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് വരുമ്പോഴേക്കും വിലപ്പെട്ട സമയം കുറെ നഷ്ടമാകും. ഡ്രാഫ്റ്റ് തപാലില്‍ അയച്ചുകൊടുത്ത് പണമാക്കി മാറ്റണമെങ്കില്‍ കഷ്ടപ്പാട് വേറെയുമുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം വന്നതോടെ കാര്യങ്ങള്‍ കുറച്ചൊക്കെ എളുപ്പമായി. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഇന്റര്‍നെറ്റ് ബാങ്കിങ് അക്കൌണ്ടും ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ പണം അയക്കാമെന്നായി.തിരക്കുപിടിച്ച ജീവിതത്തിനടിയില്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കാന്‍ പോലും സമയമില്ലാത്തവര്‍ക്കായി രംഗത്തെത്തിയ മൊബൈല്‍ ബാങ്കിങിന് ഇപ്പോള്‍ പ്രചാരമേറുകയാണ്.

സേവനം 27 ബാങ്കുകളില്‍
ഇന്റര്‍ ബാങ്ക് മൊബൈല്‍ പേയ്മെന്റ് സര്‍വീസ് (IMPS) എന്ന സംവിധാനത്തിന് നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 2010 ആഗസ്റ്റിലാണ് തുടക്കം കുറിച്ചത്. വളരെ എളുപ്പത്തിലും വേഗത്തിലും പണമയക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇന്ത്യയിലെ 27 ഓളം പ്രമുഖ ബാങ്കുകള്‍ ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ആക്സിസ് ബാങ്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, യൂനിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ഓവര്‍സീസ് ബാങ്ക്, സിണ്ടിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവ ഇതില്‍ പെടും. വിശദമായ ലിസ്റ്റിന് http://www.npci.org.in/bankmember.aspx

പ്രവര്‍ത്തനം ഇങ്ങനെ
ഈ സംവിധാനം ലഭ്യമാക്കാന്‍ ആദ്യം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ബാങ്ക് തരുന്ന സോഫ്റ്റ്വെയര്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. പണമയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും അക്കൌണ്ടുമായി ബന്ധപ്പെടുത്തി മൊബൈല്‍ മണി ഐഡന്റിഫയര്‍ കോഡ് ബാങ്ക് നല്‍കും. പണമയക്കുന്നയാള്‍ ലഭിക്കേണ്ടയാളുടെ മൊബൈല്‍ നമ്പറും കോഡും നല്‍കിക്കഴിഞ്ഞാല്‍ 30 സെക്കന്റിനകം പണം അക്കൌണ്ടിലെത്തും. ഇരുവര്‍ക്കും ഇതു സംബന്ധിച്ച സന്ദേശം ലഭിക്കുകയും ചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ ഈ സംവിധാനത്തിന്റെ പോരായ്മ ഇരുവര്‍ക്കും ബാങ്ക് അക്കൌണ്ട് നിര്‍ബന്ധമാണെന്നതുമാത്രമാണ്.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers