Category archives for: പരിസ്ഥിതി

‘ജനകീയ സമരങ്ങള്‍ക്ക് അവധി കൊടുക്കേണ്ട സമയമായി’

 
 
 
 
മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ പരിസ്ഥിതി ഗവേഷണ രംഗത്ത് സജീവമായ ഒരാളുടെ തിരിഞ്ഞുനോട്ടങ്ങള്‍, തിരിച്ചറിവുകള്‍.
ഡോ. എസ് ശങ്കറുമായി യുവഗവേഷക ധന്യബാലന്‍ നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം

 
 
ആദ്യ ഭാഗം
ഡോ. ശങ്കര്‍: പരിസ്ഥിതി സമരങ്ങള്‍ അനുഷ്ഠാനമായി

രണ്ടാം ഭാഗം
‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’

 
 

കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥ വളരെ പരിതാപകരമാണ്. അയ്യപ്പപണിക്കരുടെ കവിതയില്‍ പറയുന്നപോലെ സ്ഥിതി, പരിസ്ഥിതി, പരിതാപസ്ഥിതി എന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്. വളരെ പ്രധാനമായി തോന്നിയ ഒരു കാര്യം പരിസ്ഥിതിവാദികള്‍ ഉറങ്ങുകയാണ് എന്നതാണ്. എല്ലാം ജയിച്ചു എന്ന ഭാവത്തിലുള്ള ഉറക്കം. അവരെ ഉണര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ ജലാശയങ്ങള്‍, കുന്നും കാടും മലകളും തീരങ്ങളുമെല്ലാം ഹൃസ്വ ലാഭത്തിന് വേണ്ടി ഭയങ്കരമായി ചൂഷണം ചെയ്യപ്പെടുകയാണ്.
പണ്ടൊക്കെ ശത്രുക്കളുടെ എണ്ണം പരിമിതമായിരുന്നു. പാര്‍ട്ടി നേതാക്കളോ വ്യവസായ മുതലാളിമാരോ മാത്രമായിരുന്നു ശത്രുക്കള്‍. ഇന്നവര്‍ മാത്രമല്ല ശത്രുക്കള്‍. അനേകം ചെറുകിട ശത്രുക്കളുടെ കാലമാണിത്. ജനായത്തഭരണം അഥവാ പഞ്ചായത്തിരാജ് വന്നപ്പോള്‍ പരിസ്ഥിതിയെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. കൈരളി ചാനലില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തക സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, പണ്ട് ഒരു പ്രശനത്തില്‍ ഇടപെടാന്‍ എളുപ്പമായിരുന്നു കാരണം അവിടെ പ്രശ്നമുണ്ട് ,ഇവിടെ പ്രശ്നമുണ്ട് എന്നൊക്കെ പറഞ്ഞിരുന്നത് കുട്ടിസഖാക്കളാണ് . ഇന്ന് വലിയ സഖാക്കള്‍ വിളിച്ച് പറയുന്നു. കുട്ടി സഖാക്കള്‍ വടിയുമായി നമുക്കെതിരെ അണിനിരയ്ക്കുന്നു-ഡോ. ശങ്കറുമായി ധന്യ ബാലന്‍ സംസാരിക്കുന്നു

 

 

വെറുതെയാരും കാടു നന്നാക്കില്ല
 
അക്കാദമിക് ഗവേഷകന്‍ എന്ന നിലയില്‍ പതിറ്റാണ്ടുകളായി സജീവമാണ് താങ്കള്‍. താങ്കള്‍ എപ്പോഴും പറയുന്നതുപോലെ from soil science to people.മണ്ണിനെ പഠിക്കുന്നതില്‍ നിന്ന് മനുഷ്യനെ അറിയുന്നതിലേക്കുള്ള മാറ്റം. ശാസ്ത്രജ്ഞനെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന കാലത്ത് ഗവേഷണത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും മറ്റുമുണ്ടായിരുന്ന ധാരണകള്‍ തന്നെയാണോ ഇന്നും? പല കാലങ്ങള്‍ എങ്ങനെയൊക്കെയാണ് താങ്കളുടെ ധാരണകളെ മാറ്റിമറിച്ചത്?

ധാരണകളില്‍ അല്ല, സമീപനങ്ങളിലാണ് മാറ്റങ്ങള്‍ ഉണ്ടായത്. ഒരു മണ്ണു ഗവേഷകന്‍ (soil scientist) എന്ന നിലയില്‍ 15 വര്‍ഷത്തോളം ഞാന്‍ മണ്ണിനെ അടുത്തറിഞ്ഞു. മണ്ണിനെ സംരക്ഷിക്കുക, മണ്ണിന്റെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ വെള്ളം സംഭരിക്കാന്‍ അനുവദിക്കുക, മണ്ണിന്റെ വളക്കൂറ് നന്നാക്കുക-ഇതെല്ലാം മനസ്സിലാക്കി. മാത്രമല്ല, ഇതിനെല്ലാം മരങ്ങള്‍ വളരെ അത്യാവശ്യമാണ് കേരളത്തിന്റെ ചെരിഞ്ഞ ഭൂതലത്തില്‍ ധാരാളം മഴ ലഭിക്കുമ്പോള്‍ മണ്ണു സംരക്ഷിക്കാന്‍ മരങ്ങള്‍ വേണം, കാടു വേണം, വൃക്ഷസമൂഹം വേണം.

കാട്ടിലെ മരങ്ങള്‍ നാം സംരക്ഷിക്കുന്നുണ്ട്, നാട്ടിലും ഒരു agro forestry വേണമെന്നതാണ് ്എന്റെ സമീപനം. നമ്മുടെ വീട്ടുവളപ്പില്‍ ഒരു ‘കാര്‍ഷിക വനവത്ക്കരണം’ എന്ന സമീപനത്തിലേക്കാണ് 15 വര്‍ഷത്തെ soil science ‘യുദ്ധ’ത്തിനു ശേഷം ഞാന്‍ എത്തിയത്. കൃഷിയിടങ്ങളില്‍ മരങ്ങള്‍ നടുക നമ്മുടെ മണ്ണിന്റെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക ഉത്പാദനം മെച്ചപ്പെടുത്തി നമുക്കാവശ്യമുള്ള സാധനങ്ങള്‍ സ്വയം ഉത്പാദിപ്പിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുക.

ആദ്യം ഞാന്‍ മണ്ണിനെ മനസ്സിലാക്കി മണ്ണ് സംരക്ഷിക്കാനായി 15 വര്‍ഷത്തോളം ജനങ്ങളെ ബോധവത്ക്കരിച്ചു. മരങ്ങള്‍ നടാനായി പ്രേരിപ്പിച്ചു പിന്നീട് ചിന്തിച്ചപ്പോള്‍ മണ്ണ് സംരക്ഷിക്കാന്‍ മരം വേണം, മരം നടാന്‍ മനുഷ്യരും. മണ്ണ് , മരം , മനുഷ്യന്‍ എന്ന ത്രിത്വം – അതായത് മൂന്ന് ഘട്ടങ്ങള്‍ ആണ് എന്റെ ജീവിതത്തിലുണ്ടായത് . മണ്ണ് ശാസ്ത്രജ്ഞന്‍, കാര്‍ഷിക വനവത്ക്കരണ ശാസ്ത്രജ്ഞന്‍, സാമൂഹ്യ ശാസ്ത്രജ്ഞന്‍.

ജനങ്ങള്‍ മരങ്ങള്‍ നടണമെങ്കില്‍, അവരുടെ പ്രശ്നങ്ങള്‍ ആദ്യമേ പരിഹരിക്കപ്പെടണം. സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനം മണ്ണിനേയോ മരത്തേയോ വനത്തേയോ സംരക്ഷിക്കുകയുള്ളൂ. അതായത്, കാര്യങ്ങള്‍ ഒരു enterprise എന്ന തലത്തിലേക്ക് പോവുകയാണ്. ചെറിയ ചെറിയ സുസ്ഥിരാധിഷ്ഠിത ജൈവവിധ്യ സംരംഭങ്ങളിലൂടെ ഇത് നടപ്പിലാക്കാം. വെറുതെ കാടു നന്നാക്കാന്‍ ആരും മുന്നോട്ടു വന്നുവെന്നു വരില്ല.

കഴിഞ്ഞ ദിവസം,നമ്മള്‍ സംസാരിച്ച ഒരു ആദിവാസി അയാള്‍ക്ക് അറിയാവുന്ന ഒരു ചെടിയ്ക്ക് ക്യാന്‍സറിനെതിരായ മരുന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു പറഞ്ഞു. അതയാള്‍ക്ക് ചെയ്യാനായാല്‍, അയാള്‍ക്ക് ലാഭമുണ്ടായാല്‍ അതിലൊരു വിഹിതം വനംസംരക്ഷണത്തിന് അല്ലെങ്കില്‍ ജൈവവൈവിധ്യസംരക്ഷണത്തിനായി അയാള്‍ക്ക് ചെലവിടാനാകും. Enterprises can always save the world and biodiversity. കച്ചവടമനോഭാവം എന്ന് വേണമെങ്കില്‍ ഇതിനെ വിമര്‍ശിക്കാം പക്ഷെ, വെറും മനസ്സിന്റെ ഗുണം അല്ലെങ്കില്‍ ഒരു നേര്‍ച്ച പോലെ ദൌത്യം പോലെ പ്രകൃതി സംരക്ഷണം നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. അതുകൊണ്ടു തന്നെ enterprise എന്ന ചിന്താഗതിയിലേക്ക് എല്ലാവരും മാറേണ്ടിവരും.

 

 

റോഡു വരുമ്പോള്‍ കാടുകള്‍ക്ക് സംഭവിക്കുന്നത്
 
താങ്കളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് കാണുന്നത്? തിരിഞ്ഞുനോക്കുമ്പോള്‍ സ്വന്തം സാധ്യതകളെ, പരിമിതികളെ, തിരിച്ചറിവുകളെ എങ്ങനെ കാണുന്നു?

70കളുടെ ആദ്യം സയലന്റ് വാലി പ്രസ്ഥാനമാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ണു തുറന്നത്. വനം നശിച്ചു പോകുമ്പോള്‍ ഒരു പരിസ്ഥിതി ശോഷണം (degradation) നടക്കുന്നുണ്ട് കാടു നശിക്കുമ്പോഴുള്ള ഇത്തരം ശോഷണത്തെക്കുറിച്ചായിരുന്നു ഞാന്‍ പി.എച്ച്.ഡി ചെയ്തത്. കാട്ടുമണ്ണ് അതിന്റെ മുകളിലെ മരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ എങ്ങനെ പാറയാകുന്നു? പാറയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ മണ്ണുണ്ടാകുന്നത്. തിരിച്ച് മണ്ണ് നഷ്ടപ്പെടുമ്പോള്‍ ഒരു laterization നടക്കുന്നു. ഇങ്ങനെയാണ് വനസംരക്ഷണം എന്ന ആശയത്തിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടത്.

അങ്ങനെയാണ്, ഒരുപാടു സ്ഥലങ്ങളില്‍ നിയമനം ലഭിച്ചിട്ടും പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലേക്ക് (KFRI) എത്തിയത്. 32 കൊല്ലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യാനായി, ഒത്തിരി കാണാനായി, ഒത്തിരി പേരെ പരിചയപ്പെടാനിടയായി. ഏറ്റവും പ്രധാനം, വളരെയധികം വനത്തെ സംരക്ഷിക്കാനായി എന്നതാണ്.

വികസനത്തില്‍നിന്നും കോടാലിയില്‍ നിന്നും വനത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞു. 14 പരിസ്ഥിതി ആഘാത പത്രികകള്‍ പഠിച്ച് സമര്‍പ്പിച്ചു. അതില്‍ 13 എണ്ണവും വനം സംരക്ഷിക്കണം എന്നുതന്നെയായിരുന്നു. കുഞ്ഞോം മുതല്‍ പാനൂര്‍ വരെ കാടിന് അകത്തുള്ള റോഡായാലും മാഹിപ്പുഴയുടെ മുകളിലേക്കുള്ളതോ പറമ്പിക്കുളത്തേക്കുള്ളതോ ആയ റോഡായാലും, സൈലന്റ് വാലിയിലേക്കുള്ള റോഡായാലും നെല്ലിയാമ്പതിയില്‍ നിന്നും വാഴച്ചാലിലേക്കുള്ള റോഡായാലും ഇതെല്ലാം വേണ്ട എന്നു പറയുമ്പോള്‍ നാം പറയുന്നത് വനത്തെ റോഡുകളില്ലാതെ സംരക്ഷിക്കണം എന്നതാണ്. കാരണം, എവിടെയൊക്കെ റോഡു വരുന്നുവോ അവിടെയെല്ലാം മനുഷ്യനും വരുന്നു. വികസനം വരുന്നു. ആ പ്രദേശത്തെ ഇല്ലാതാക്കുന്നു.

buffer zone ഇക്കോ ടൂറിസം മറ്റൊരു പ്രധാന ഇടപെടലായിരുന്നു. ഇക്കോ ടൂറിസം വക്താക്കള്‍ വിഭാവനം ചെയ്ത ടൂറിസം കാട്ടിനകത്തായിരുന്നു. നമ്മള്‍ അതിനെ കാട്ടില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവന്നു. കാടിന്റെ buffer zone സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം എന്ന നിലയിലേക്ക് മാറ്റി. അതായത് Eco tourism vs responsible tourism എന്ന നിലയിലേക്ക് മാറ്റി. ഇന്ന് എല്ലാവരും ഇതേ ആശയം പറയുന്നു. ഉത്തരവാദിത്വമുള്ള ടൂറിസവും പരിസ്ഥിതി സംരക്ഷണ ടൂറിസവും ഇതൊക്കെയാണ് പറയുന്നത് ്.

ഇതില്‍ enterprise എന്ന നിലയില്‍ നാട്ടുകാര്‍ക്ക് ഗുണമുണ്ടാകുന്നു. സന്ദര്‍ശകരും സന്തോഷിക്കുന്നു. മറ്റൊരു പ്രധാന കാര്യം നിര്‍ദ്ദേശിച്ചിരുന്നത് സന്ദര്‍ശകര്‍ക്കുള്ള ബോധവത്കരണമാണ് നിങ്ങളൊരു ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ പ്രകൃതിയുമായി ചേര്‍ന്നുപോവുന്നവിധം ജീവിക്കാനാണ് പഠിക്കേണ്ടത്. കാട് സംരക്ഷിക്കണം എന്നും മരത്തിനെ സ്നേഹിക്കണമെന്നും മൃഗങ്ങളെ ഉപദ്രവിക്കാന്‍ പാടില്ലെന്നുമെല്ലാം പഠിച്ചാണ് നിങ്ങള്‍ തിരിച്ചുവരുന്നത്. അങ്ങനെയൊരു ടൂറിസത്തിന്റെ അടിത്തറ ഉണ്ടാക്കാന്‍ ഇക്കോ ടൂറിസത്തിന് കഴിഞ്ഞു.

ഒരു ടൂറിസം കേന്ദ്രത്തില്‍ എത്ര സന്ദര്‍ശകര്‍ വേണം, അല്ലെങ്കില്‍ ഒരു ടൂറിസം മേഖലക്ക് പരമാവധി എത്ര പേരെ താങ്ങാന്‍ കഴിയുമെന്നും പഠനം വിഭാവനം ചെയ്തു. പക്ഷേ അത് നടപ്പിലാക്കാനായില്ല. അങ്ങനെ കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് കേരളത്തിലെ മിക്ക വനപ്രദേശങ്ങളിലും ഇന്ന് നടക്കുന്ന വിനാശകരമായ, ആഭാസകരമായ^ ടൂറിസം എന്ന പേരില്‍ നടക്കുന്ന, കാട് മുഴുവന്‍ നശിപ്പിക്കുന്ന അപകടം ഒഴിവാക്കാനാവുമായിരുന്നു. കോര്‍ ഏരിയയിലെ ജീപ്പ് സവാരിയും, കാടിനകത്തെ ബഹളവും മദ്യപാനവും പിന്നെ പെരിയാറിലെപോലുള്ള ബോട്ട് സവാരിയും, തിരക്കും, അപകടങ്ങളും, മരണവും ഒഴിവാക്കാമായിരുന്നു. കുറുവാദ്വീപിനെപോലുള്ള കോര്‍ഏരിയയില്‍ ജില്ലാ ടൂറിസം പ്രമോഷനല്‍ കൌണ്‍സില്‍ നടത്തുന്ന ആഭാസടൂറിസവും സൈലന്റ് വാലിയിലെ കോര്‍ പ്രദേശത്തെ ടൂറിസവും എല്ലാം മാറ്റാനാകുമായിരുന്നു. ഇതാണ് ചെയ്യാന്‍ വിട്ട് പോയ ഒരു കാര്യം. ബാക്കി നില്‍ക്കുന്ന പ്രവൃത്തി.

 

ധന്യ ബാലന്‍


 

ജനങ്ങളെ അറിയാതെ ഗവേഷണം നടത്താനാവില്ല
 
ആക്റ്റിവിസവും അക്കാദമിക പ്രവര്‍ത്തനവും ചേര്‍ന്നുപോവാന്‍ ബുദ്ധിമുട്ടാണെന്ന് പൊതുവെ ഒരഭിപ്രായമുണ്ട്. ആ പൊതു അഭിപ്രായത്തിന് വെളിയിലാണ് താങ്കളുടെ ജീവിതം. എങ്ങനെയാണ്, ഇവ രണ്ടും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിഞ്ഞത്?

സഖാവ് അച്യുതമേനോന്‍ വിഭാവനം ചെയ്ത കേരള വനഗവേഷണ കേന്ദ്രം (KFRI ) ഉള്‍പ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ലക്ഷ്യം രാജ്യത്തെ വിഭവങ്ങള്‍ എങ്ങനെ പരിപാലിക്കാം എന്നുളളതായിരുന്നു. അല്ലാതെ വെറും ഒരു ആണവ ഗവേഷണമോ, ഭൌതികശാസ്ത്ര ഗവേഷണമോ മൈക്രോസ്കോപ്പിലൂടെ നോക്കുന്ന ബയോടെക്നോളജിയോ ആയിരുന്നില്ല. ജനങ്ങളുമായി ബന്ധമുള്ള, വികസനവുമായി ബന്ധമുള്ള, വിഭവസംരക്ഷണവുമായി ബന്ധമുള്ള സ്ഥാപനങ്ങായിരുന്നു അദ്ദേഹം തുടങ്ങിവെച്ചത്.

KFRI യില്‍ ജോലി ചെയ്യുമ്പോള്‍ Activism ഇല്ലാതെ, ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ, ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ ജനങ്ങളെ ബോധവത്കരിക്കാതെ നമുക്ക് ഗവേഷണം നടത്താനാവില്ല. ആര്‍ക്ക് വേണ്ടി ഗവേഷണം നടത്തുന്നു എന്നുള്ള ചോദ്യം എപ്പോഴും ഇവിടെ ഉയരുന്നു. ദന്തഗോപുരത്തിലെ ശാസ്ത്രജ്ഞരായി, താഴെ ഇറങ്ങാതെ ഒരുപാട് പേപ്പറുകള്‍ പ്രസിദ്ധീകരിച്ച്, നരച്ച കോട്ടുമിട്ട് രാജ്യാന്തര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സ്വന്തം ബയോഡാറ്റ വലുതാക്കുന്നതിന് പകരം, നിങ്ങള്‍ എന്താണ് സാധാരണ മനുഷ്യന് വേണ്ടി ചെയ്യുന്നത് എന്ന് ചിന്തിക്കുക.

ഉദാഹരണമായി അട്ടപ്പാടിയിലെ ഒരു വികസനം, അതിന്റെ കാഴ്ചപ്പാട് എന്താവണം, അല്ലെങ്കില്‍ ഒരു റോഡുനിര്‍മ്മാണം പരിസ്ഥിതി അനുസൃതമായി എങ്ങനെ നിര്‍മ്മിക്കാം ഈ കാടുകള്‍ എങ്ങനെ സംരക്ഷിക്കാം, അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നിങ്ങനെ. ആ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ഗവേഷണം ആക്റ്റിവിസമായി മാറുകയാണ്. ഏതൊരു സംഗതി ആയാലും^ പൂയംകുട്ടിയായാലും പാത്രക്കടവ് ആയാലും സയലന്റ്വാലി ആയാലും നമ്മള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഗവേഷണം ചെയ്യുന്നു. അതിന്റെ ഫലങ്ങള്‍ പ്രസിദ്ധികരിക്കുന്നു അതിന്റെ കൂടെ തന്നെ നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്നു.

ഉദാഹരണമായി തെന്‍മല പാക്കേജിന്റെ കാര്യം. ഗവേഷണ റിപ്പോര്‍ട്ട് കൊടുത്തശേഷം നമ്മള്‍ ഒരു 10 തവണയെങ്കിലും ആ നാട്ടുകാരെ ലളിതമായി ഭാഷയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കണം അതൊരു ദൌത്യമാണ്. അവര്‍ പദ്ധതിക്ക് എതിരാണെങ്കില്‍ നമ്മള്‍ അതിന് കൂട്ട് നില്‍ക്കണം. നമ്മള്‍ ആക്റ്റിവിസത്തിന്‍ൊപ്പം കാര്യങ്ങള്‍ പഠിക്കുകയാണ്. എന്നെ പഠിപ്പിച്ചത് ഏറ്റവും ഉല്‍പ്പാദനക്ഷമമായത് (most productive) നിത്യഹരിതവനങ്ങള്‍ ആണെന്നാണ്. ഞാന്‍ പഠിപ്പിച്ചത് പവിഴപ്പുറ്റുകള്‍ ആണ് അതെന്നാണ്. ഇപ്പോള്‍ എന്നെ പഠിപ്പിക്കുന്നത് തണ്ണീര്‍ത്തടങ്ങളാണ് ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ളത് എന്നാണ്.

 

പശ്ചിമ ഘട്ട രക്ഷായാത്രയിലെ ദൃശ്യം


 

ആക്റ്റിവിസത്തിന് ഇടങ്ങളുണ്ട്
 
എന്തുതന്നെയായാലും ഒരു സര്‍ക്കാര്‍ സ്ഥാപനമാണ് കേരള വനഗവേഷണ കേന്ദ്രവും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതായ ചിട്ടവട്ടങ്ങള്‍ സ്വാഭാവികമാണ്. അവയോടൊക്കെ യോജിച്ചു പോവാനാവുക എന്നത് താങ്കളെപ്പോലുള്ള ഒരാള്‍ക്ക് എളുപ്പമാവില്ല. പ്രത്യേകിച്ച് ആദ്യ കാലങ്ങളില്‍. എങ്ങനെയാണ്, ഇത്തരം പ്രശ്നങ്ങള്‍ അതിജീവിച്ചത്?

എനിക്ക് തോന്നുന്നത്, അങ്ങനെ ഒരു ബുദ്ധിമുട്ട് ഇവിടെ ഉണ്ടായില്ല എന്നു തന്നെയാണ്. കാരണം അച്യുതമേനോനാണ് ഈ സ്ഥാപനം വിഭാവനം ചെയ്തത്. ഇതിന്റെ ആദ്യ ഡയറക്ടര്‍ നെഹ്റൂവിയന്‍ ജനാധിപത്യത്തില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നഒരാളായിരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാവരും തന്നെ ആക്റ്റിവിസ്റ്റുകളുമായിരുന്നു. ഡോ. വിജയനാവട്ടെ, ഡോ. ഈസയാവട്ടെ^എല്ലാവരും. അങ്ങനെ എല്ലാവരും ആക്റ്റിവിസ്റ്റുകളായതു കൊണ്ട് ഇവിടെ ഒരു ആക്റ്റിവിസ്റ്റ് ഇടമുണ്ടായിരുന്നു. അതിനാല്‍ തന്നെ, സര്‍ക്കാര്‍ ചട്ടക്കൂടുകളുടേതായ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.

തൊഴില്‍പരമായ യാതൊരു വീഴ്ചകളും അത് കാരണം ഉണ്ടായിട്ടില്ല. നമ്മുടെ ആവശ്യത്തിന്, നമ്മുടെ അഭിപ്രായം മാത്രം മാനിച്ചാണ് അത് നടന്നത്. ഒരിക്കലും ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എഴുതാന്‍ പാടില്ല എന്നോ ഇത് ഇങ്ങനെയല്ല വേണ്ടതെന്നോ ആരും മുകളില്‍ നിന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. കാരണം വനംവകുപ്പാണ് നമ്മുടെ പ്രൊജക്റ്റുകള്‍ എല്ലാം തരുന്നത്. വനം സംരക്ഷിക്കുക എന്നത് നമ്മുടെ ദൌത്യവുമാണ്. വനം സംരക്ഷിക്കേണ്ടതില്ല എന്നവര്‍ ഒരിക്കലും പറയില്ല. വനമില്ലാതാക്കി റോഡ് വേണ്ട എന്ന് റിപ്പോര്‍ട്ട് എഴുതുവാന്‍ വളരെ എളുപ്പമാണ്. റോഡ് വേണം എന്ന് വനംവകുപ്പ് തന്നെ പറയുമ്പോഴാണ് പ്രയാസം.

 

ഡോ. ശങ്കര്‍ 1975ല്‍.


 

ചെറുകിട ശത്രുക്കളുടെ കാലമാണിത്
 
കേരളത്തിന്റെ പാരിസ്ഥിതികപ്രശ്നങ്ങളെ പല കാലങ്ങളായി അടുത്തറിയുന്ന ഒരാളാണ് താങ്കള്‍. എന്താണ് ഇപ്പോള്‍ നമ്മുടെ അവസ്ഥ? പല തലമുറകളായി വിതച്ച അവബോധത്തിന്റെ വിത്തുകള്‍ പടര്‍ന്നു പന്തലിച്ചോ?

കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥകള്‍ വളരെ പരിതാപകരമാണ്. അയ്യപ്പപണിക്കരുടെ കവിതയില്‍ പറയുന്നപോലെ സ്ഥിതി, പരിസ്ഥിതി, പരിതാപസ്ഥിതി എന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്. വളരെ പ്രധാനമായി തോന്നിയ ഒരു കാര്യം പരിസ്ഥിതിവാദികള്‍ ഉറങ്ങുകയാണ് എന്നതാണ്. എല്ലാം ജയിച്ചു എന്ന ഭാവത്തിലുള്ള ഉറക്കം. അവരെ ഉണര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ ജലാശയങ്ങള്‍, കുന്നും കാടും മലകളും തീരങ്ങളുമെല്ലാം ഹൃസ്വ ലാഭത്തിന് വേണ്ടി ഭയങ്കരമായി ചൂഷണം ചെയ്യപ്പെടുകയാണ്.

പണ്ടൊക്കെ ശത്രുക്കളുടെ എണ്ണം പരിമിതമായിരുന്നു. പാര്‍ട്ടി നേതാക്കളോ വ്യവസായ മുതലാളിമാരോ മാത്രമായിരുന്നു ശത്രുക്കള്‍. ഇന്നവര്‍ മാത്രമല്ല ശത്രുക്കള്‍. അനേകം ചെറുകിട ശത്രുക്കളുടെ കാലമാണിത്.

ഭരണത്തെ പ്രാദേശിക തലത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ പാരിസ്ഥിതികമായി സംഭവിച്ചത് വലിയ ഐറണികളാണ്. പഞ്ചായത്ത് തലത്തിലുള്ള തീരുമാനങ്ങളുടെ കാലം വന്നപ്പോള്‍ പാരിസ്ഥിതിക വിനാശം വര്‍ധിക്കുകയാണ്. പണ്ട് വലിയ തീരുമാനങ്ങളുടെ കാലമായിരുന്നു. ഉദാ: പൂയംകുട്ടി പദ്ധതി വരണമെന്ന തീരുമാനം. അവിടെ കാര്യങ്ങള്‍ വ്യക്തമാണ്. എതിര്‍ക്കാന്‍ ഒരു ശത്രുവേയുള്ളൂ. ഒരു വൈദ്യുതിമന്ത്രി, ഒരു വൈദ്യുതി ബോര്‍ഡ്. ശത്രുവിനെ ഒറ്റയടിക്ക് നമുക്കറിയാം.

എന്നാല്‍, ഇന്നതല്ല അവസ്ഥ. ഓരോ പഞ്ചായത്തിലും കുന്നും തോടുമെല്ലാം വെട്ടിവെളുപ്പിച്ച്, നന്നാക്കുന്നു. ഒരു ശത്രുവിന് പകരം അനേകം ശത്രുക്കള്‍ വരുന്നു. ഒരു വമ്പന്‍ തീരുമാനത്തിന് പകരം അനേകം വശങ്ങളില്‍നിന്ന് അനേകം ചെറു തീരുമാനങ്ങള്‍. കൂടംകുളത്ത് ഉദയകുമാറിന് ഒരു മുഖ്യശത്രുവേ ഉള്ളൂ ^കേന്ദ്ര സര്‍ക്കാര്‍. പക്ഷേ, കേരളത്തിലെ അനേകം തോടുകള്‍, കാടുകള്‍, പുഴകള്‍ ഇവയ്ക്കെല്ലാം ശത്രുക്കള്‍ പലതാണ്. പല തട്ടിലുള്ളവര്‍. തത്പരകക്ഷികള്‍ അനേകം. അതായത് കാശുണ്ടാക്കാന്‍ താത്പര്യമുള്ള കക്ഷികള്‍.

ജനായത്തഭരണം അഥവാ പഞ്ചായത്തിരാജ് വന്നപ്പോള്‍ പരിസ്ഥിതിയെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. കൈരളി ചാനലില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തക സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, പണ്ട് ഒരു പ്രശനത്തില്‍ ഇടപെടാന്‍ എളുപ്പമായിരുന്നു കാരണം അവിടെ പ്രശ്നമുണ്ട് ,ഇവിടെ പ്രശ്നമുണ്ട് എന്നൊക്കെ പറഞ്ഞിരുന്നത് കുട്ടിസഖാക്കളാണ് . ഇന്ന് വലിയ സഖാക്കള്‍ വിളിച്ച് പറയുന്നു. കുട്ടി സഖാക്കള്‍ വടിയുമായി നമുക്കെതിരെ അണിനിരയ്ക്കുന്നു.

എല്ലാവരും പരിസ്ഥിതി വാദികളാവുന്ന കാലം കൂടിയാണിത്. നല്ലതിനെയും ചീത്തയേയും എല്ലാത്തിനെയും എതിര്‍ക്കുന്നത് ശരിയല്ല.

അട്ടപ്പാടിയില്‍ കാറ്റാടി വരുന്നത് ആദിവാസി ഭൂമിയിലാണ്, ആ ഭൂമി എങ്ങനെ ഏറ്റെടുക്കും എന്നു ചിന്തിക്കുന്നതിനു പകരം കാറ്റാടിയുടെ ഇടയിലൂടെ വരുന്ന കാറ്റ് കൊണ്ടാല്‍ തെങ്ങ് കായ്ക്കില്ല, മാവ് കായ്ക്കില്ല എന്നൊക്കെയാണ് പറയുന്നത്. ഇപ്രകാരമുള്ള ദുഷ്പ്രചരണങ്ങളും പരിസ്ഥിതി മേഖലയെ ബാധിക്കുന്നുണ്ട്. കാര്യങ്ങള്‍ ഗൌരവമായി പഠിക്കാത്ത പലരും വെറും ആവേശത്തിന്റെ പേരില്‍ പലതും പറഞ്ഞുപോകുകയാണ്. കറണ്ടെടുത്താല്‍ വെള്ളത്തിന്റെ ശക്തി പോകും മുതലായ വാദങ്ങള്‍ പോലെ. ആ ഒരു സ്വഭാവത്തില്‍ നിന്നും മാറണം. പരിസ്ഥിതി പ്രശ്നങ്ങള്‍ കേരളത്തില്‍ ഭീകരപ്രശ്നം തന്നെയാണ്. വലിയ പദ്ധതികള്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. പക്ഷെ, ചെറിയ അനേകം പദ്ധതികള്‍ വന്നക്കാം.

 

ഡോ. ശങ്കര്‍ മോസ്കോയിലെ പഠനകാലത്ത്


 

ഇത്തിരി നേരം വെറുതെയിരിക്കാം
 
നമ്മുടെ പരിസ്ഥിതി സമരങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണിപ്പോള്‍? ജനകീയ സമരങ്ങള്‍ ഏതു വഴിക്കാണ് നീങ്ങുന്നത്?

എനിക്ക് തോന്നുന്നത് കുറച്ചു കാലത്തേക്ക് സമരങ്ങള്‍ക്ക് അവധി കൊടുത്ത് കാര്യങ്ങള്‍ ചിന്തിക്കാം എന്നാണ്. ഇപ്പോള്‍ നടക്കുന്നത് എന്തിനെയും എതിര്‍ക്കുക എന്നതാണ്. അതിനൊരിക്കലും ജനകീയ പിന്തുണ ഉണ്ടാകില്ല. ഒരു വിട്ടുവീഴ്ച മനോഭാവം ഇന്നത്തെ സമരങ്ങള്‍ക്കില്ല. ഒരു reconciliation ലേക്ക് പോകുന്നതിനുള്ള സാവകാശം നമുക്ക് വേണം. കാര്യപ്രസക്തമായ സമരങ്ങള്‍ ഇല്ലെങ്കില്‍ , അതിന്റെ ഭാഗമായ ഒത്തിരി കാര്യങ്ങള്‍ നമ്മള്‍ ആസൂത്രണം ചെയ്യുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന നെല്ലിയാമ്പതി സംരക്ഷണത്തിനു വേണ്ടിയുള്ള കൂടിച്ചേരല്‍ ഓര്‍മ്മയുണ്ട്. അതൊരു യോഗമായിരുന്നു. ഒപ്പം തന്നെ, ഗവേഷകനായ ഗവേഷകനായ അമിതാബ് ബച്ചന്‍ കാടര്‍ക്ക് വേണ്ടി രചിച്ച പാഠപുസ്തക പ്രകാശനവും ഇവിടെ ഉണ്ടായിരുന്നു. ഇതിലേതില്‍ പോകണം എന്നതാണ് ഒരു പ്രശ്നം നെല്ലിയാമ്പതി പ്രശ്നത്തിനായി ഒരു മീറ്റിങ് നടത്തി നമുക്കാരുടെയും ശ്രദ്ധ ആകര്‍ഷിക്കാനാവില്ല. അവിടത്തെ ഒരോ എസ്റേറ്റിലും പോയി അവരുടെ പ്രശ്നം മനസ്സിലാക്കി അവിടെയുള്ളവരുടെ തീരുമാനവും അഭിപ്രായവും അറിയുകയാണ് ആദ്യം വേണ്ടത്. ജനകീയസമരങ്ങള്‍ക്ക് തല്‍ക്കാലം ഒരു അവധി പ്രഖ്യാപിക്കേണ്ട സമയമായി എന്നു തന്നെ പറയാം.

 

ഇത്ജെ.സി.ബിയുടെ യുഗമാണ്. ഒന്നോ രണ്ടോ മനുഷ്യര്‍ കുന്നിടിക്കുമ്പോള്‍ നമുക്കത് തടയാന്‍ കഴിയും ഒരു രാത്രികൊണ്ട് ഒരു കുന്നിനെ ജെ.സി.ബി അദൃശ്യമാക്കുമ്പോള്‍ നാമെന്ത് ചെയ്യും?


 

ജെ.സി.ബി കാലത്തെ പരിസ്ഥിതി വ്യവഹാരം
 
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ അവസ്ഥയെന്താണ്? വരും കാലത്തെ എങ്ങിനെയാണ് പ്രതീക്ഷിക്കുന്നത്?

വ്യവഹാരങ്ങള്‍ എല്ലാം വളരെ ധൃതിപ്പിടിച്ചും ഭയങ്കര ആഘാതം സൃഷ്ടിച്ചും ആണ് നടക്കുന്നത് കാരണം ഇത്ജെ.സി.ബിയുടെ യുഗമാണ്. ഒന്നോ രണ്ടോ മനുഷ്യര്‍ കുന്നിടിക്കുമ്പോള്‍ നമുക്കത് തടയാന്‍ കഴിയും ഒരു രാത്രികൊണ്ട് ഒരു കുന്നിനെ ജെ.സി.ബി അദൃശ്യമാക്കുമ്പോള്‍ നാമെന്ത് ചെയ്യും? വലിയ ടിപ്പര്‍ ലോറികള്‍, കരിങ്കല്‍ മാഫിയ ഇവയെല്ലാം ഇന്ന് പ്രശ്നങ്ങളാണ്.

32 വര്‍ഷത്തെ പീച്ചി വാസത്തിനിടെ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് ആനക്കൂട്ടം NH47 വരെ വന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ഭൂചലനം ഉണ്ടായത്. 3.6 റിക്ടര്‍ സ്കെയിലിന്റെ ഭൂചലനം. ഇത്തരം ചലനങ്ങള്‍ ഭൂകമ്പ സാധ്യതയേറിയ പ്രദേശങ്ങളുടെ വികസനം എങ്ങനെ നടത്തണമെന്ന ആലോചനകളിലേക്ക് നയിക്കണം. കഠിനമായ പഠനങ്ങള്‍ വേണം. പക്ഷേ അവയൊന്നും നടക്കുന്നില്ല..

 
“]
 

പ്രതീക്ഷ ചെറുമാധ്യമങ്ങളില്‍
 
ഇനിയുള്ളകാലം പരിസ്ഥിതി സംരക്ഷണത്തിന് മാധ്യമങ്ങളില്‍നിന്ന് വല്ലതും പ്രതീക്ഷിക്കാനാവുമോ? വികസനം, പരിസ്ഥിതി ഇവയിലെ മാധ്യമ ഇടപ്പെടലുകള്‍ വരും കാലത്ത് എങ്ങനെയായിരിക്കും?

മാധ്യമങ്ങളെ മാത്രം പഴിച്ചിട്ട് കാര്യമില്ല. കാരണം അവരെ നിയന്ത്രിക്കുന്നത് മുതലാളിമാരാണ്. മുതലാളിമാരെ നിയന്ത്രിക്കുന്നത് സര്‍ക്കുലേഷന്‍, പരസ്യ താല്‍പ്പര്യങ്ങളാണ്. പണമാണ്. പരസ്യക്കാശ് കിട്ടണമെങ്കില്‍ അവര്‍ എന്തു ചെയ്യേണ്ടിവരുമെന്ന് നമുക്കറിയില്ല. ആവശ്യമുള്ള താത്പര്യകക്ഷികളില്‍ നിന്ന് പരസ്യത്തിനായി കാശ് വാങ്ങുമ്പോള്‍ ഏത് വാര്‍ത്ത കൊടുക്കണം , കൊടുക്കരുത് എന്ന സമ്മര്‍ദ്ദം ഉണ്ടാകും.

വലിയ മാധ്യമങ്ങള്‍ക്ക് വലിയ പരിസ്ഥിതി ഇടപെടലുകള്‍ ഉണ്ടാക്കാന്‍ ഇനിയാവില്ല. എന്നാല്‍, ചെറിയ മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറെ ഉണ്ട്. റോബിന്റെ കേരളീയം മാസികയെപ്പോലെ, ലിറ്റില്‍ മാഗസിനുകളെപ്പോലെ, പ്രാദേശിക പരിസ്ഥിതി മാഗസിനുകളെപ്പോലെയുള്ളവയുടെ കാലമായിരിക്കും ഇനി. ഇവയെല്ലാം നാളെ കൂടുതല്‍ വായിക്കപ്പെടും. അത്തരം ശ്രമങ്ങള്‍ക്ക് ഇനി പ്രസക്തിയേറും.

(അവസാനിച്ചു)

 
 
ആദ്യ ഭാഗം
ഡോ. ശങ്കര്‍: പരിസ്ഥിതി സമരങ്ങള്‍ അനുഷ്ഠാനമായി

രണ്ടാം ഭാഗം
‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’
 
 

ശുചിത്വ കേരളത്തെ ആര്‍ക്കാണ് ഭയം?

 
 
 
 
ഗ്രാമങ്ങളെ നഗരങ്ങളുടെ ചവററുകൊട്ടയാക്കുന്ന മാലിന്യ സംസ്കരണ സംസ്കാരത്തിനെതിരെ കേരളത്തിലെ അനേകം ദേശങ്ങള്‍
കാലങ്ങളായി സമരത്തിലാണ്. ഈ സമരങ്ങള്‍ സര്‍ക്കാറിനെ കണ്ണുതുറപ്പിച്ചോ?
ഇല്ലെന്ന് വ്യക്തമാക്കുന്നു ഷിബു കെ നായര്‍
നാലാമിടം പ്രസിദ്ധീകരിച്ച മാലിന്യ പ്രശ്നങ്ങളെക്കുറിച്ച പോസ്റ്റുകളുടെ തുടരന്വേഷണം

 
 

മാലിന്യവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് സര്‍ക്കാറിന്റെ ശ്രദ്ധ. മാലിന്യ സംസ്കരണ മേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി സ്വകാര്യമുതലാളിമാര്‍ക്ക് ഈ രംഗം തീറെഴുതുകയാണ് സര്‍ക്കാര്‍. ഇതിനായി കേരള ശുചിത്വ മിഷനും തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സഹായ സമിതികളും പിരിച്ചുവിടാന്‍ തീരുമാനമെടുത്തു കഴിഞ്ഞു.. പകരം, കേരള വേസ്റ് മാനേജ്മന്റ് എന്ന കമ്പനി രൂപവല്‍കരിക്കും. സര്‍ക്കാറിന് 26 ശതമാനം ഓഹരി പങ്കാളിത്തം മാത്രമുള്ള ഈ കമ്പനിയുടെ ശിഷ്ട ഓഹരികള്‍ മാലിന്യക്കച്ചവടക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ദല്ലാളന്‍മാര്‍ക്കുമായിരിക്കും. അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതിനുള്ള ഫീസ് പിരിക്കുക ഇവരായിരിക്കും- നാലാമിടം പ്രസിദ്ധീകരിച്ച മാലിന്യ പ്രശ്നങ്ങളെക്കുറിച്ച പോസ്റ്റുകളുടെ തുടരന്വേഷണം.ഷിബു കെ നായര്‍ എഴുതുന്നു

 

 

മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങള്‍ കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്. കോടതി വിധിയായും സര്‍ക്കാര്‍ നല്‍കിയ പാഴ് വാഗ്ദാനങ്ങളായും തദ്ദേശഭരണസ്ഥാപനങ്ങളുടെ ഉറപ്പുകളുമായുമൊക്കെ താല്‍ക്കാലികമായി അടങ്ങിയെങ്കിലും പൊട്ടിത്തെറികള്‍ക്കു മുകളിലാണ് കേരളത്തിലെ അനേകം സമരദേശങ്ങള്‍. ഏത് നിമിഷവും മാലിന്യ പ്രശ്നം സ്ഫോടനാത്മകമായ അവസ്ഥയിലെത്താം. വിളപ്പില്‍ശാലയും ലാലൂരും അടക്കമുള്ള പ്രദേശങ്ങള്‍ അത്തരമൊരു നിശ്ശബ്ദതയിലാണിന്ന്.

ഷിബു കെ നായര്‍


ഇതോടാപ്പം തന്നെയാണ് വര്‍ധിക്കുന്ന മാലിന്യനിക്ഷേപം. ഓരോ നിമിഷവും കുന്നുകൂടി കൊണ്ടിരിക്കുകയാണ് ഉപഭോഗകേരളം പുറത്തേക്ക് തള്ളുന്ന മാലിന്യങ്ങള്‍. സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ, പാതയോരങ്ങളിലും പുഴയിറമ്പുകളിലും പുറമ്പോക്കുകളിലും അവ കൂമ്പാരമായി മാറുന്നു. സ്വന്തം വീടിനു പുറത്തുള്ള എല്ലായിടങ്ങളും മാലിന്യം തള്ളാനുള്ളതാണെന്ന മലയാളിയുടെ മനോഭാവവും മാലിന്യസംസ്കരണം ഇനിയും ഗൌരവമായി കണക്കാക്കാത്ത സര്‍ക്കാര്‍ നയങ്ങളുമെല്ലാം ചേര്‍ന്ന് പ്രശ്നം വഷളാക്കുകയാണ്.

എല്ലാ അര്‍ത്ഥത്തിലും സ്ഫോടനാത്മകമായ അവസ്ഥ. അടിയന്തിര പരിഹാരങ്ങള്‍ ആവശ്യമുള്ള പ്രശ്നങ്ങള്‍. സാമാന്യബോധമുള്ള ഒരു ഭരണകൂടത്തിനും അവഗണിക്കാനാവാത്ത വിഷയങ്ങളെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. എന്നാല്‍, കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് മാത്രം ഇക്കാര്യം ബോധ്യമായിട്ടില്ല. മാലിന്യവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് സര്‍ക്കാറിന്റെ ശ്രദ്ധ. മാലിന്യ സംസ്കരണ മേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി സ്വകാര്യമുതലാളിമാര്‍ക്ക് ഈ രംഗം തീറെഴുതുകയാണ് സര്‍ക്കാര്‍. ഇതിനായി തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സഹായ സമിതികള്‍ പിരിച്ചുവിട്ടു. കേരള ശുചിത്വ മിഷന്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. പകരം, കേരള വേസ്റ് മാനേജ്മെന്റ് എന്ന കമ്പനി രൂപവല്‍കരിക്കും. സര്‍ക്കാറിന് 26 ശതമാനം ഓഹരി പങ്കാളിത്തം മാത്രമുള്ള ഈ കമ്പനിയുടെ ശിഷ്ട ഓഹരികള്‍ മാലിന്യക്കച്ചവടക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ദല്ലാളന്‍മാര്‍ക്കുമായിരിക്കും. അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതിനുള്ള ഫീസ് പിരിക്കുക ഇവരായിരിക്കും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മാലിന്യക്കച്ചവടക്കാരും ദല്ലാള്‍മാരും അധികാരത്തിന്റെ ഇട നാഴികളില്‍ വട്ടമിട്ടു പറക്കുകയാണ്. അവര്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നു എന്നാണ് തെളിയുന്നത്. കേരളം ഒരു തീവെട്ടി കൊള്ളക്ക് കൂടി സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.

 

വിളപ്പില്‍ശാലയിലെ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്


 

കേരള ശുചിത്വ മിഷന്‍
കഴിഞ്ഞ സര്‍ക്കാര്‍ 2008ല്‍ ക്ലീന്‍ കേരള മിഷനെയും ടോട്ടല്‍ സാനിറ്റേഷന്‍ മിഷനെയും ലയിപ്പിച്ച് കേരള ശുചിത്വ മിഷന്‍ തുടങ്ങിയത്. സംസ്ഥാന തലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഉള്ള ക്ലീന്‍ കേരള മിഷന്റെ പരിമിതി മറികടക്കുന്നതിനും താഴെ തട്ടിലെ മാലിന്യ നിര്‍മാര്‍ജന പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി ഇടപെടലുകള്‍ നടത്തുന്നതിന് പ്രാപ്തി കൈവരുത്തുന്നതിനും ഈ ലയനം സഹായിച്ചു.

ദീര്‍ഘ കാല അനുഭവ പരിചയവും നേതൃ പാടവവുമുള്ള സാനിറ്റേഷന്‍ മിഷന്‍ ഉദ്യോഗസ്ഥരുടെ സഹായവും ദേശീയ ശുചിത്വ പരിപാടിയുടെ ധനസഹായവും കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ ശുചിത്വ മിഷനിലൂടെ കഴിഞ്ഞു. കേരളത്തിന്റെ സാഹചര്യത്തില്‍ സാനിറ്റേഷന് പുറമേ ഖര മാലിന്യ നിര്‍മാര്‍ജനം കൂടി പ്രഥമ പരിഗണന അര്‍ഹിക്കുന്നുവെന്ന ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് മേല്‍പറഞ്ഞ പുന:സംഘാടനം നടത്തിയത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍മല്‍ ഭാരത് അഭിയാന്‍ എന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതി അഞ്ചു വര്‍ഷം മുമ്പേ നടപ്പിലാക്കാന്‍ ശ്രമം തുടങ്ങിയ ഒരു സംസ്ഥാനം കേരളം ആയിരുന്നു.

ജനകീയ ആസൂത്രണ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജന പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ ആയിരുന്നു ഈ പുന: സംഘാടനം. എല്ലാ ജന പ്രതിനിധികള്‍ക്കും പല ഘട്ടങ്ങളില്‍ ആയുള്ള പരിശീലനം. പരിശീലനം സിദ്ധിച്ച ഉദ്യാഗസ്ഥരും ജന പ്രതിനിധികളും സന്നധ പ്രവര്‍ത്തകരുമുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, ത്രിതല പഞ്ചായത്തുകളില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ സാങ്കേതിക സഹായ സമിതികള്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു.

ജനങ്ങളുടെ കാഴ്ചപ്പാടിലും സ്വഭാവത്തിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണ, ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കേരളത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്ന തിരിച്ചറിവിലാണ് ജനകീയ ആസൂത്രണത്തിന് ശേഷം ഇത്ര ബൃഹത്തായ ഒരു പരിപാടിക്ക് കഴിഞ്ഞ സര്‍ക്കാര്‍ ചുക്കാന്‍ പിടിച്ചത്.

 

മാലിന്യ നിക്ഷേപത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടുകളെ കുറിച്ച് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്


 

ശുചിത്വമിഷനെ തകര്‍ത്തതിങ്ങനെ
മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കുന്ന സേവന ദാതാക്കളും, സാങ്കേതിക വിദ്യാ കച്ചവടക്കാരും മറ്റു കമ്പനികളും പഞ്ചായത്തുകളെ വഴി തെറ്റിക്കുന്നു എന്നതായിരുന്നു ഈ ഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം . ഇതിനു പരിഹാരമായി കേരളത്തില്‍ ഫലപ്രദമാകുന്ന സാങ്കേതിക വിദ്യകള്‍ ഏതൊക്കെയെന്നു തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. പദ്ധതി നടത്തിപ്പ് സുതാര്യമാക്കുക വഴി തെറ്റായ നീക്കങ്ങള്‍ക്ക് തടയിടാനും കഴിഞ്ഞു.

ഇത് കേരളത്തില്‍ സജീവമായിരുന്ന സേവന ദാതാക്കളെയും അവരുടെ ദല്ലാളന്മാരെയും അഴിമതി തല്‍പരരായ ചില ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. സുഗമവും സ്വതന്ത്രവുമായ പദ്ധതി നടത്തിപ്പിന് തടസ്സം നില്‍ക്കുന്നു എന്ന മട്ടില്‍ ചില ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉണ്ടാക്കിയത് ഈ പശ്ചാത്തലത്തിലായിരുന്നു.

മന്ദഗതിയില്‍ ആണെങ്കിലും മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് അനിവാര്യമായ സംഘടന സംവിധാനം, ക്രിയാത്മകമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍, ശാക്തീകരണം എന്നിവ സൃഷ്ടിക്കുന്നതില്‍ ശുചിത്വ മിഷന്‍ മുന്‍കൈയില്‍ വലിയൊരു മുന്നേറ്റം തന്നെ നടന്നു. ഒപ്പം ആവശ്യമായ പണം പഞ്ചായത്തുകള്‍ തോറും ലഭ്യമാക്കുകയും ചെയ്തു.

വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളും മാലിന്യ ലഘൂകരണ പരിപാടികളും മുന്‍ നിര്‍ത്തിയുള്ള മിഷന്റെ പരിപാടികള്‍ക്ക് പലവിധ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ പ്രധാനമായത് ഇന്‍സിനറേറ്റര്‍ കമ്പനികളുടെ ഭാഗത്തുനിന്നായിരുന്നു. വേസ്റ് ടു എനര്‍ജി എന്ന പേരില്‍ മാലിന്യങ്ങള്‍ കേന്ദ്രീകൃതമായി കത്തിക്കുന്നതിനുള്ള ഇന്‍സിനറെറ്ററുകളുടെ വിപണി കോടികള്‍ മറിയുന്നതാണ്. ഇതിനാല്‍, തങ്ങള്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് സഹായകമായ വിധത്തില്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ഇന്‍സിനറേറ്റര്‍ കമ്പനികള്‍ പലവിധത്തില്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

പുതുതായി നിലവില്‍ വന്ന പഞ്ചായത്ത് ഭരണ സമിതികളില്‍ ഏറെ പേരും ഈ പദ്ധതിയോട് മുഖം തിരിക്കുകയോ പരിപാടികള്‍ മന്ദീഭവിപ്പിക്കുകയോ ആയിരുന്നു. ഇത് സ്വാഭാവികമായിരുന്നില്ലെന്നും വലിയ ഗൂഢാലോചന തന്നെ ഇതിനു ഇതിനു പിന്നില്‍ ഉണ്ടായിരുന്നുവെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്. ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം അല്ല എന്ന് വരുത്തി തീര്‍ക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. ദുഷ്ടലാക്കോടെ അവര്‍ നടത്തിയ നീക്കങ്ങള്‍ ഗുണം കാണുന്നതാണ് ഇപ്പോള്‍ കാണുന്നത്

 

വിളപ്പില്‍ശാലയിലെ പൊലീസ് നടപടി


 

കെണി ഒരുങ്ങുന്നു
പുതിയ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെയ്തത്, ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വന്‍ അഴിച്ചു പണി നടത്തുകയായിരുന്നു. അതിനു ശേഷം, അതുവരെ സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങള്‍ക്ക് കടക വിരുദ്ധമായി കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന സാങ്കേതിക വിദ്യകള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇത്തരം സാങ്കേതിക വിദ്യകളെക്കുറിച്ച സാധ്യതാ പഠനത്തിന് മിഷനെ ചുമതലപ്പെടുത്തി. (അങ്ങനെയാണ് ലോകത്തില്‍ നിലവില്‍ ഇല്ലാത്ത ഒരു സാങ്കേതിക വിദ്യ അന്വേഷിച്ച് ഒരു സംഘം ജര്‍മനിയില്‍ വിനോദ സഞ്ചാരത്തിനു പോയി വെറും കയ്യോടെ തിരിച്ചു വന്നത് !)

അതായത്, പരിഹാരം എന്താവണമെന്ന് ആദ്യമേ നിശ്ചയിച്ചുറപ്പിച്ച പ്രശ്നങ്ങള്‍ തേടിയിറങ്ങല്‍. അതിനു വേണ്ടി പഞ്ചായത്ത് തലം തുടങ്ങി മേലോട്ടുള്ള മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ മനപൂര്‍വം വൈകിപ്പിച്ചു. മഴക്കാല പൂര്‍വ ശുചീകരണം സമയത്ത് നടത്താതിരുന്നു. ഇതോടെ മാലിന്യ പ്രശ്നം കലശലായി. ജനമുണര്‍ന്നു. മാധ്യമങ്ങള്‍ നിലവിളി തുടങ്ങി. അങ്ങനെ കേന്ദ്രീകൃത സംവിധാനങ്ങള്‍ക്കാവശ്യമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തി.

സബ്സിഡികള്‍ പ്രഖ്യാപിച്ചെങ്കിലും അവ നടപ്പിലാക്കുന്നതില്‍ വലിയ കാലതാമസം വരുത്തുകയും പത്ര മാധ്യമങ്ങള്‍ വഴി ഉടന്‍ വരാന്‍ പോകുന്ന വന്‍കിട ഹൈ ടെക് പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ ഇല്ലാത്തിടത്ത് കൂടി പ്രശ്നം ഉണ്ടാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍ പ്ലാററ്ഫോറം നിര്‍മാണത്തിന് മാലിന്യം ഉപയോഗിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

ശുചിത്വ മിഷന് മരണം

ഇത്രയുമായപ്പോള്‍ അടുത്ത ഘട്ടം തുടങ്ങി. ത്രിതല പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സാങ്കേതിക സഹായ സമിതികളായിരുന്നു ആദ്യ ഇരകള്‍. (സര്‍ക്കാറിന് ഒരു പൈസ പോലും ചിലവില്ലാത്ത ഏര്‍പ്പാടായിരുന്നു ഏര്‍പ്പാടായിരുന്നു ഈ സമിതികള്‍). എന്നിട്ടും കൂളായി അവ പിരിച്ചു വിട്ടു.

അടുത്ത വെട്ട് കേരള ശുചിത്വ മിഷനു നേരെയായിരുന്നു. അതും പിരിച്ചു വിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. പകരമായി കേരള വേസ്റ് മാനേജ്മന്റ് എന്ന കമ്പനി രൂപവല്‍കരിക്കാനും തീരുമാനമായി. സര്‍ക്കാറിന് വെറും 26 ശതമാനം ഓഹരി പങ്കാളിത്തമേ ഉണ്ടാവൂ ഈ കമ്പനിയില്‍. ബാക്കി ഓഹരികള്‍ മാലിന്യക്കച്ചവടക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ദല്ലാളന്‍മാര്‍ക്കുമായിരിക്കും. അവരെല്ലാം ചേര്‍ന്ന് കേരളത്തിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കും. അതിനുള്ള ഫീസ് പിരിക്കും. കച്ചവടം നടത്തും. പണപ്പെട്ടിയുടെ താക്കോല്‍ ഇതാ കാത്തിരുന്ന കറക്കു കമ്പനിയുടെ കൈയില്‍.

 

പെട്ടിപ്പാലം സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പെണ്‍കുട്ടിയെ പൊലീസ് നീക്കുന്നു


 

വരാനുള്ള ദുരന്തങ്ങള്‍

കാര്യങ്ങള്‍ ആരൊക്കെയോ ആസൂത്രണം ചെയ്ത വഴിക്കു തന്നെ നീങ്ങി. നാടിന്റെ ഭാവി അവരുടെ കൈകളിലാണ്. അവര്‍ തീരുമാനിക്കും, കേരളത്തിന്റെ മാലിന്യ സംസ്കരണം എന്താവണമെന്ന്.

കേരളത്തില്‍ നിലവിലുള്ള ചെറുകിട സേവന ദാതാക്കള്‍ പൂര്‍ണമായി തുടച്ചു മാറ്റപ്പെടുകയായിരിക്കും ആദ്യ ഫലം.ബയോഗ്യാസ് , കമ്പോസ്ററിംഗ് , മണ്ണിര കമ്പോസ്ററിംഗ് എന്നിവ പൂര്‍ണമായും തുടച്ചു മാറ്റപ്പെടും. പുതുതായി നിലവില്‍ വന്ന കമ്പനി സംവിധാനത്തില്‍ കാര്യങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് അനുകൂലമായിരിക്കും. കോടികളുടെ ആസ്തികളുള്ള വേസ്റ് ടു എനര്‍ജി കമ്പനികള്‍ക്കായിരിക്കും ഓഹരികളുടെ കണ്‍സോളിഡേഷന്‍ എളുപ്പം സാധ്യമാവുക. കേരള വേസ്റ് മാനേജ്മെന്റ് കമ്പനി എന്നത് കുത്തക ആയി മാറും.

കേരളത്തില്‍ ഒട്ടും (ഇന്ത്യയില്‍ തന്നെയും ) വിജയകരമല്ലാത്ത, വളരെയധികം മലിനീകരണവും സാമ്പത്തിക ബാധ്യതകളും വരുത്തി വെക്കുന്ന സാങ്കേതിക വിദ്യകള്‍നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി നാടിനെയും നാട്ടാരെയും ബലികഴിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ല. പകരം, ഈ സമരങ്ങളെ തന്നെ തങ്ങളുടെ കച്ചവടത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. ബഹുജന മുന്നേറ്റങ്ങളെ നിരോധനാജ്ഞകളും നൂറ്റിനാല്‍പ്പത്തിനാലുകളും പ്രയോഗിച്ച് അടിച്ചമര്‍ത്താം. വൈകാതെ അവര്‍ക്ക് മേലെ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാം. ഇതാണ് സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍.

എന്നാല്‍, ഒട്ടും സുതാര്യതയില്ലാത്ത ഈ മൂന്നാം കിട നാടകത്തിന്റെ വരുംവരായ്കള്‍ അധികം വൈകാതെ തുറന്നുകാട്ടപ്പെടുക തന്നെ ചെയ്യും. മാലിന്യ സംസ്കരണമെന്ന ഉത്തരവാദിത്തം സ്വകാര്യ മുതലാളിമാര്‍ക്കു മുന്നില്‍ അടിയറവെച്ച്, കാറ്റുകൊണ്ടിരിക്കാമെന്നാണ് ഭരണകൂടത്തിന്റെ കൌശലമെങ്കില്‍ അത് തകരാന്‍ ഏറെ നേരമെടുക്കില്ല. അങ്ങനെയെങ്കില്‍, ഇനി വരാനുള്ളത് ഈ കണ്ടതിലും തീച്ചൂടുള്ള ജനകീയ പ്രക്ഷോഭങ്ങളാവും. കേരളത്തിന്റെ മാലിന്യ പ്രശ്നത്തിന്റെ ഭാവി നിര്‍ണയിക്കുക ആ നാളുകളാവും.
 
 
മാലിന്യ പ്രശ്നത്തെക്കുറിച്ച് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
 
വിളപ്പില്‍ശാല: ഈ മനുഷ്യരെ ഇനിയും കൊല്ലരുത്
ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…
 
 
നാലാമിടം ഒന്നാം പിറന്നാള്‍ കുറിപ്പ്:
 
വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…
 
 
 
 

‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’

 
 
 
 
വികസനം,കുടിയൊഴിപ്പിക്കല്‍, ആദിവാസികള്‍, എന്‍.ജി.ഒ…
മൂന്ന് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. എസ് ശങ്കര്‍ സംസാരിക്കുന്നു.
ഗവേഷകയായ ധന്യ ബാലന്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

 

 

ആദിവാസി അവിടെത്തന്നെ ഇരുന്നാല്‍ യാതൊരു പ്രശ്നവുമില്ല. പക്ഷേ, അവനിന്ന് വിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോവാത്തവനാണ്. അവന്‍ പഠിച്ചവനാണ്. നാട്ടിലവന് ഒരു ജോലി വേണം. പക്ഷേ, നാട്ടിലെ ജീവിതത്തിലേക്ക് അവന് ഏറെ സഞ്ചരിക്കാനുണ്ട്. അവന്‍ കാടു വിട്ടിറങ്ങി. പക്ഷേ, നാട്ടിലേക്കെത്തിയില്ല.
മുഖ്യധാരയിലേക്ക് അവനെ കൊണ്ടുവന്ന് വനസംരക്ഷണ ദൌത്യം ഏല്‍പ്പിക്കുക എന്നതാണ് ഏറ്റവും നല്ലത്. ഇമോഷണലായി ചിന്തിച്ച് അവന്‍ കാട്ടില്‍ത്തന്നെ കഴിഞ്ഞോട്ടെ എന്ന് വിചാരിക്കുന്നത്, അവന്‍ അമ്പും വില്ലും മാത്രം ആയുധമായിക്കോട്ടെ എന്ന് വിചാരിക്കുന്നത് – ഒന്നും ശരിയല്ല- ഡോ. എസ് ശങ്കര്‍ സംസാരിക്കുന്നു

 

 

വികസന യുദ്ധങ്ങളുടെ രാഷ്ട്രീയം

പാരിസ്ഥിതിക മാറ്റങ്ങള്‍ക്കൊപ്പം തന്നെ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് വികസന വ്യവഹാരങ്ങള്‍. കേരളത്തില്‍ അത് രൂപപ്പെട്ടതും വളര്‍ന്നതും അടുത്തുനിന്ന് കണ്ട, കാണുന്ന ഒരാളാണ് താങ്കള്‍. എങ്ങനെ കാണുന്നു കേരളത്തിന്റെ വികസന ചര്‍ച്ചകളെ. അവയുടെ പരിണാമങ്ങളെ?

വികസനം എന്നത് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മനുഷ്യരെ കീഴടക്കാനുള്ള ആയുധമായിട്ടാണ് രൂപപ്പെട്ടത്. യുദ്ധത്തിനുശേഷം വന്ന വികസനത്തെയും മനുഷ്യര്‍ ആയുധമായി കണക്കാക്കി. ‘എങ്ങനെയങ്കിലും ജയിക്കുക’ എന്ന രീതിയിലുള്ള വികസന സമീപനം തന്നെ യുദ്ധ തന്ത്രമാണ് -ഡാം നിര്‍മിക്കുക, സ്ഥലങ്ങള്‍, കാടുകള്‍ ഇവ വെട്ടിപ്പിടിക്കുക, ഫാക്ടറികള്‍ നിര്‍മിക്കുക, ഇറിഗേഷന്‍ കനാല്‍, റോഡ് എന്നിവ നിര്‍മിക്കുക, കമ്യൂണിക്കേഷന്‍ ഉപാധികള്‍ ഉണ്ടാക്കുക, അനേകര്‍ക്ക് തൊഴില്‍ ഉണ്ടാക്കുകഎന്നിങ്ങനെ-ലോകമഹായുദ്ധങ്ങള്‍ക്കുശേഷം യുദ്ധങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടായ ഈ മാറ്റങ്ങള്‍ കേരളത്തിലേക്ക് വന്നത് തൊണ്ണൂറുകളുടെ മധ്യത്തിലാണ്. ഒരു വികസന യുദ്ധത്തിന്റെ പ്രധാന ഹേതു മറ്റു രാജ്യങ്ങളോടുള്ള അല്ലെങ്കില്‍ സംസ്ഥാനങ്ങളോടുള്ള മല്‍സരമാണ്. തമിഴ്നാട്ടില്‍ അതുണ്ട്. അല്ലെങ്കില്‍ ദല്‍ഹിയില്‍ ഇതുണ്ട്. അതുകൊണ്ട് ,നമുക്കും എന്തു കൊണ്ട് ആയിക്കൂടാ എന്ന ചിന്താഗതി. 90കളില്‍ തുടങ്ങിയ ഈ മല്‍സരം ഇന്ന് അതിന്റെ രൂക്ഷ ഭാവത്തിലാണെന്ന് പറയാം.

വികസന ലോബികള്‍ക്ക് പണമുണ്ടാക്കാനുള്ള പ്രധാനമാര്‍ഗങ്ങളില്‍ മുഖ്യം കമ്യൂണിക്കേഷനാണ്. പരസ്പരം ബന്ധപ്പെടുന്ന എന്തും -റോഡ്, കേബിള്‍, ട്രയിന്‍ മുതല്‍ ഏയര്‍പോര്‍ട്ട് വരെ- ഈ കമ്യൂണിക്കേഷനില്‍ ഉള്‍പ്പെടുന്നു. ആറന്‍മുള മുതല്‍ കണ്ണൂര്‍ വരെയുള്ള അല്ലെങ്കില്‍ നെടുമ്പാശേãരി ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങള്‍ അതില്‍പ്പെടുന്നു. ഇത്രയും ചെറിയ ഒരു സംസ്ഥാനത്ത് നാലഞ്ച് വിമാനത്താവളങ്ങളും അഞ്ചാറ് റെയില്‍വേ ലൈനുകളും, ഒരു പാട് റോഡുകളും.

നമുക്ക് ഇപ്പോള്‍ അങ്കമാലിയില്‍നിന്ന് ശബരിമലവരെ റെയില്‍ വേണം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ റെയില്‍ കോറിഡോര്‍ വേണം. നമുക്ക് എകസ്പ്രസ് ഹൈവേ വേണം. എക്സ്പോര്‍ട് പ്രോസസിങ് സോണുകള്‍ വേണം. ഇങ്ങനെ 90കളില്‍ തുടങ്ങിയ വികസന പ്രവൃത്തികള്‍ മുന്നോട്ടുപോവുമ്പോള്‍ എല്ലാ സര്‍ക്കാറുകളും വിശിഷ്യാ ഇടതുപക്ഷം വിചാരിച്ചത് ഇതിന് ഒരു കടിഞ്ഞാണ്‍ ഇടേണ്ട എന്നാണ്. ഇതിന്റെയെല്ലാം ഫലമായി നെല്‍വയലുകളും നീര്‍ത്തടങ്ങളുമാണ് നമുക്കല്ലാം നഷ്ടപ്പെട്ടുപോയത്.

ധന്യ ബാലന്‍


കൃഷിയിടം മാത്രമല്ല വയല്‍

ഈ നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനാണ് 2008ല്‍ നിയമം വരുന്നത്. ഈ നിയമം വന്നുവെങ്കിലും ഇതോടൊപ്പം ധാരാളം നിയമലംഘനങ്ങളും ഉണ്ടായി. ഈ നിയമലംഘനങ്ങളെ ന്യായീകരിക്കുവാനാണ് അവരിപ്പോള്‍ 2005 വരെയുള്ള നികത്തലുകളെ ന്യായീകരിക്കാം എന്ന് പറയുന്നത്. എന്തു കൊണ്ട് 2005? അത് എങ്ങനെയാണ് പറയാനാവുക? കാര്‍ബണ്‍ ഡേറ്റിങ് വഴി പോലും 2005, 2006,2007 എന്നൊന്നും കൃത്യമായി പറയാനാവില്ല. എനിക്കു തോന്നുന്നത് ഈ അവസ്ഥ വന്നാല്‍, നമ്മുടെ അവസാനത്തെ നെല്‍വയലും നമുക്ക് നഷ്ടപ്പെടും എന്നാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അത് അങ്ങേയറ്റം വിനാശകരമാവും.

ഭൂമിശാസ്ത്രപരമായി ചെരിവിലാണ് നാം. വെള്ളം മുഴുവന്‍ ശേഖരിച്ചുവെച്ചിരിക്കുന്നത് തണ്ണീര്‍ തടങ്ങളിലും വയലുകളിലുമാണ്. വയല്‍ എന്നു പറഞ്ഞാല്‍ വെറും കൃഷിയിടം മാത്രമല്ല. ശരിക്കും വെള്ളം ശേഖരിച്ച് വെക്കുന്ന ഒരു തണ്ണീര്‍ത്തടമാണ് അത്. ഇത് ഇല്ലാതാവുമ്പോള്‍ വന്‍തോതില്‍ വെള്ളത്തിന്റെ ദൌര്‍ലഭ്യമുണ്ടാവും. ഇപ്പോള്‍ത്തന്നെ വേനല്‍ക്കാലത്ത് അതിവരള്‍ച്ചയും വര്‍ഷകാലത്ത് വെള്ളപ്പൊക്കവും മാറി വരുന്നത് നാം അനുഭവിക്കുന്നുണ്ട്. ഭൂവിനിയോഗത്തിന്റെ മാറ്റമാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. നമ്മുടെ 40 ശതമാനം ഭൂമിയുടെയും വിനിയോഗത്തില്‍ മാറ്റം വരാന്‍ പോവുകയാണ്.

തണ്ണീര്‍ത്തട നിയമത്തിനെതിരെ പൂര്‍ണമായും കണ്ണടക്കുമ്പോള്‍ മലനാടും ഇടനാടും തീരപ്രദേശവും മാറ്റപ്പെട്ടേക്കാം. വനപ്രദേശങ്ങളായതിനാല്‍ മലനാട് ഒരുപക്ഷേ, സംരക്ഷിക്കപ്പെട്ടേക്കാം. ഇടനാട്ടില്‍ അതാവില്ല. തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാവുന്നത് ഒരു പാട് പ്രദേശത്ത് ഓരു വെളളം കയറാനിടയാക്കും. കുടിവെള്ളപ്രശ്നങ്ങള്‍ രൂക്ഷമായേക്കാം. ഇപ്പോഴും കണക്കന്‍കടവ്, ഏലൂര്‍ ഭാഗങ്ങളില്‍ ഈ പ്രശ്നമുണ്ട്. പെരിയാര്‍ വഴി ജലം ലഭ്യമാക്കുന്നതില്‍ ചൊവ്വരവരെ ഈ പ്രശ്നം പറയപ്പെടുന്നുണ്ട്. ഭൂതത്താന്‍കെട്ട് തടഞ്ഞുനിര്‍ത്തുന്നത് ഇല്ലായിരുന്നുവെങ്കില്‍ നേര്യമംഗലം വരെ ഉപ്പുവെള്ളം കയറുമായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ വീണ്ടും ഉണ്ടായേക്കാം. നമുക്ക് നിയമങ്ങള്‍ ഉണ്ട്.

പിന്നെ, പുഴയുണ്ടാവില്ല

പക്ഷേ അവ പരിപാലിക്കപ്പെടുന്നില്ല. വനനിയമങ്ങള്‍ പരിപാലിക്കപ്പെടുന്നില്ല. റവന്യൂനിയമവും. ഇതിന്റെയെല്ലാം പ്രധാന കാരണം മാഫിയകളാണ്. പുഴയില്‍നിന്ന് മണലെടുക്കരുതെന്ന് ആരും പറയുന്നില്ല. അമിതമായി മണ്ണെടുക്കരുതെന്നേ പറയുന്നുള്ളൂ. സെസിന്റെ പഠനങ്ങളനുസരിച്ച് ഇന്നത്തെ രീതിയില്‍ മണലെടുക്കുന്നത് തുടര്‍ന്നാല്‍ 15 വര്‍ഷം കഴിഞ്ഞാല്‍ ഷൊര്‍ണൂര്‍ വരെ പൊന്നാനി വരെ പുഴ ഉണ്ടാവില്ല. ഭാരതപ്പുഴ ഉണ്ടാവില്ല.

നമ്മള്‍ മനുഷ്യരെ എന്താണ് മനസ്സിലാക്കിക്കേണ്ടത്? മണലാണ് വെള്ളത്തിന്റെ റിസര്‍വോയര്‍. മണലില്ലെങ്കില്‍ പുഴയുണ്ടാവില്ല. അപ്പോള്‍ പ്രശ്നം തൊഴിലാണ്. തൊഴിലാളികളാണ്. തൊഴില്‍നിയമങ്ങളാണ്. പഞ്ചായത്തിന്റെ റവന്യൂവാണ്. ഇതിനെയെല്ലാം ഡീലിമിറ്റ് ചെയ്ത് ഒരു ഒരു greentaxing വരുത്തി മണലിന് അമിത വില ഈടാക്കി റേഷന്‍ സമ്പ്രദായം വരുത്തിയാല്‍ ഇത് മാറും. പക്ഷേ, അത് നടക്കുന്നില്ല എന്നതാണ്സത്യം. നമുക്ക് റിവര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ഉണ്ട്. സെസിന്റെ ഒരു വിഭാഗം നദീതട സംരക്ഷണത്തിനായി പവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഇതാണ് അവസ്ഥ.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2000ല്‍ ഞങ്ങള്‍ ഭാരതപ്പുഴയില്‍ ഇരുവശത്തും 35 കിലോ മീറ്ററില്‍ ഇടതും വലത്തുമായി നീളത്തില്‍ മുള നട്ടു. ഭാരതപ്പുഴ ഉള്‍പ്പടെ നമ്മുടെ നദികള്‍ക്കൊന്നും ഇന്ന് സ്വന്തമായി തീരമില്ല. റവന്യൂ ഭൂമി മുഴുവന്‍ സ്വകാര്യവ്യക്തികള്‍ കൈയടക്കിയിരിക്കുന്നു. സ്വന്തം സ്ഥലത്ത് മുള നടാന്‍ ആരും അനുവദിക്കുന്നില്ല. അത് അവര്‍ക്ക് നടക്കാനുള്ള സ്ഥലമാണ്. കന്നുകാലി മേയ്ക്കുന്ന സ്ഥലമാണ്. അവര്‍ക്കത് നദീതടമല്ല. There is no riverbank in kerala. അവസാനം There is no rivers in kerala എന്ന അവസ്ഥയിലേക്ക് ഇത് എത്തിയേക്കാം.

 

 

കുടിയൊഴിപ്പിക്കലിന്റെ വര്‍ത്തമാനം

വികസനവും വന്‍കിട പദ്ധതികളും വരുമ്പോള്‍ ഉണ്ടാവുന്ന മറ്റൊരു മുഖ്യ പ്രശ്നമാണ് കുടിയൊഴിപ്പിക്കല്‍. കേരളത്തില്‍ ഇതിന്റെഅവസ്ഥ എന്താണ്? കാലാനുസൃതമായി കുടിയൊഴിപ്പിക്കലിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു?

കുടിയൊഴിപ്പിക്കല്‍ രീതികളില്‍ തീര്‍ച്ചയായും മാറ്റം വന്നിട്ടുണ്ട്. 80നു മുമ്പ് ആരെയാണ്, എവിടെയാണ് കുടിയൊഴിപ്പിക്കുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. സര്‍ക്കാര്‍ ഒരു വിജ്ഞാപനം ഇറക്കുന്നു. ആരും അത് വായിക്കുന്നില്ല. പിന്നീട് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു-ഡാമിനുവേണ്ടി അല്ലെങ്കില്‍ റെയിലിനുവേണ്ടി നിങ്ങളെ കുടിയൊഴിപ്പിക്കുന്നു. ഒന്നുകില്‍ ഗവര്‍മെന്റ് അവര്‍ക്ക് സ്ഥലം കൊടുക്കുന്നു. അല്ലെങ്കില്‍ അവര്‍ സ്വയം കണ്ടുപിടിക്കുന്നു. പലരും എവിടേക്ക് പോകുന്നുവെന്ന് അറിയുന്നുമില്ല. 80നു മുമ്പ് ഇടുക്കി ഡാമിനായി ഒഴിഞ്ഞുപോയവര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ആനിയുറങ്കാവ്, കുഞ്ചിത്തണ്ണി, പെരിങ്ങല്‍ക്കുത്ത്, ലോവര്‍ ഷോളയാര്‍, ആറളം, കക്കയം ഇവിടെയൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. കക്കയത്ത്നിന്ന് പോയവര്‍ എവിടെയാണ്? ഞാന്‍ തന്നെ അവസാനം തപ്പിപ്പിടിച്ചു.

പീച്ചി ഡാമിന്റെ നടുക്ക് ഒരു മലയ കോളനി ഉണ്ടായിരുന്നു. അവര്‍ എവിടെ പോയന്ന് ആര്‍ക്കും അറിയില്ല. അവര്‍ക്ക് കുണ്ടില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. അത് ഇന്ന് ആര്യവല്‍കകരണം വന്ന് തുണ്ടത്തില്‍ അന്നപൂര്‍ണ്ണേശ്വരി ആയി. പക്ഷേ, ആളുകള്‍ എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല. കുണ്ടിലുണ്ടായിരുന്ന മരത്തിന്റെയോ കല്ലിന്റെയോ ഒരു വിഗ്രഹം പഞ്ചലോഹ വിഗ്രഹമായി മാറി.

വേണ്ടത് പാരിസ്ഥിതിക സമീപനം

20,000 ചതുരശ്ര മീറ്റര്‍ ഉള്ള ഏതൊരു കെട്ടിടത്തിനും ഏതൊരു വികസനത്തിനും നമുക്കൊരു പരിസ്ഥിതി പത്രിക വേണം. അതില്‍ സോഷ്യല്‍ ഇംപാക്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. സാമൂഹ്യപരമായി ഈ പദ്ധതി ആരെയാണ് ബാധിക്കുക-പ്രൊജക്റ്റ് അഫക്റ്റഡ് പീപ്പിള്‍- -അവരെ എങ്ങനെയാണ് പുനരധിവസിപ്പിക്കുക. Relocation and Rehabilitation വളരെ പ്രധാനമാണ്. നമുക്കറിയാം മൂലമ്പിള്ളി ആയാലും ചെങ്ങറ ആയാലും വയനാടോ ആതിരപ്പിള്ളിയോ അയാലും നമുക്ക് കൃത്യമായി അറിയാം ആരെ, എവിടേക്കാണ് മാറ്റേണ്ടതെന്ന്. National Rehabilitation Policy വന്നിട്ടുണ്ട്. അത് പ്രകാരം , ഇവരെ മാറ്റി പഴയതുപോലെ താമസവും ജീവിതവൃത്തിയും കൊടുക്കാതെ ഒരു പുതിയ വികസന പദ്ധതിയും പാടില്ല.

അത് നടപ്പാക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി മൂലമ്പിള്ളിയില്‍ 30^40 കുടുംബങ്ങളെ മാറ്റി. ശരിക്കും പറഞ്ഞാല്‍ അവിടെ പുതിയ ലൈനിന്റെ ആവശ്യമില്ലായിരുന്നു. അവിടെ പഴയ അലൈന്‍മെന്റ് ഉണ്ട്. വല്ലാര്‍പാടത്തേക്കുള്ള റെയില്‍ലൈന്‍. വര്‍ഷങ്ങളായി ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് അവിടെ ഇപ്പോള്‍ ഭൂമാഫിയകള്‍ ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കിയിരിക്കുന്നു. ഇതുപയോഗിച്ചാല്‍ ഫ്ലാറ്റുകള്‍ക്കും അവിടെ താമസിക്കുന്നവര്‍ക്കും വിഷമമാവും. അതിനാല്‍ മൂലമ്പിള്ളി പദ്ധതി വന്നു.

ആദ്യം ജനങ്ങളെ ശക്തി ഉപയോഗിച്ച് തട്ടാന്‍ നോക്കി. പിന്നീട്, സമാധാനപരമായി അവിടെനിന്ന് മാറ്റി. ലോകത്തെ ഏറ്റവും നല്ല പാക്കേജ് നല്‍കുമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. പക്ഷേ,ഒന്നും നടന്നില്ല. നമുക്കറിയാം, ഇപ്പോള്‍ ആരാണ് പോവുന്നതെന്ന്. കാരണം എവിടെ ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുവോ അവിടെ ഒരു പ്രതിഷേധം ഉണ്ടാവുന്നുണ്ട്. ആളുകള്‍ കൂട്ടം ചേരുന്നുണ്ട്. ഒരു പരിസ്ഥിതിവാദിയെ-സി.ആര്‍ നീലകണ്ഠനെപ്പോലുള്ളവെരെയൊക്കെ-അല്ലെങ്കില്‍ മേധാപട്കറിനെയോ എന്‍.എപി.എമ്മിനെയോ ഒക്കെ^ആരെയെങ്കിലും കണ്ടെത്തി അവിടെ ഒരു സമരപ്പന്തലുണ്ടാവുന്നു. നമുക്ക് ഇപ്പോള്‍ അറിയാം ഇതെല്ലാം^പക്ഷേ അവരെ മാറ്റുന്ന രീതി, പുനരധിവസിപ്പിക്കുന്ന രീതി ഇതൊന്നും ശരിയായ രീതിയിലല്ല നടക്കുന്നത്.

 

 

ആദിവാസികള്‍ മ്യൂസിയം പീസല്ല

ആദിവാസി ജീവിതത്തെക്കുറിച്ച്, അവരുടെ കൂടെ ജീവിച്ചും അടുത്തറിഞ്ഞും, താങ്കള്‍ ഒരു പാട് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അടുത്തു കാലത്തുണ്ടായ മാറ്റങ്ങളുടെ വെളിച്ചത്തില്‍ അവരുടെ മുഖ്യധാരയുമായുള്ള ഇടപെടലുകളെ എങ്ങനെ കാണുന്നു?

രണ്ട് കാര്യങ്ങളിലാണ് പ്രധാന മാറ്റം കണ്ടത്. 20 വര്‍ഷത്തെ ഇടവേളക്കുശേഷം ഈയടുത്ത കാലത്ത് ഞങ്ങള്‍ അട്ടപ്പാടിയില്‍ പോയിരുന്നു. ആനവായ്. എന്റെ ഒരു വിദ്യാര്‍ഥി അഞ്ജലിയുടെ പ്രൊജക്റ്റിനായി. ആദിവാസികളുടെ വനവുമായുള്ള ബന്ധം കുറയുകയും അവര്‍ മുഖ്യധാരയിലേക്ക് അടുക്കുകയും ചെയ്തിട്ടുണ്ട്. എനിക്കതില്‍ പഴയ വിഷമമൊന്നും ഇല്ല. കാരണം അവരെ മ്യൂസിയം പീസ് പോലെ വനത്തിനുള്ളില്‍ തന്നെ സൂക്ഷിക്കേണ്ടതില്ല.

ഉദാഹരണമായി, രണ്ട് വര്‍ഷം മുമ്പ് വയനാട് വന്യജീവി സങ്കേതത്തിനകത്തുള്ള 110 സെറ്റില്‍മെന്റിലെ ആളുകളെ, അവര്‍ സമ്മതിച്ചാല്‍ മാത്രം, മാറ്റി താമസിക്കാനൊരു പദ്ധതി ഞാന്‍ ഉണ്ടാക്കിയിരുന്നു. അവരുടെ ജീവിതം ദുസ്സഹമാണ്. രാത്രിയിലവര്‍ വന്യജീവികളെ ഭയപ്പെടുന്നു. പകല്‍ തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാനും മറ്റും ബുദ്ധിമുട്ടുന്നു. അവര്‍ക്ക് ശരിയായ പാതകളുമില്ല. നല്ല ട്രാന്‍സ്പോര്‍ടേഷന്‍, ആശുപത്രി സൌകര്യങ്ങള്‍ ഒന്നും തന്നെ അവര്‍ക്ക് ലഭിക്കുന്നില്ല.

പക്ഷേ, മറുവശം അവര്‍ കാണുന്നത് സുല്‍ത്താന്‍ ബത്തേരി ആണ്. ഈ നഗരത്തിലും കല്‍പ്പറ്റയിലു മാനന്തവാടിയിലുമെല്ലാം ആളുകള്‍ ‘സുഖമായി’ ജീവിക്കുന്നത് അവര്‍ കാണുന്നു. ‘സുഖമായി’ എന്നുപറഞ്ഞാല്‍ നമ്മള്‍ സിനിമ കാണാന്‍ പോവുന്നു, മികച്ച സൌകര്യങ്ങളോടെ ഗതാഗതം നടത്തുന്നു, സാധനങ്ങള്‍ വാങ്ങാന്‍ പോവുന്നു, ഭക്ഷണം കഴിക്കുന്നു…ഇതെല്ലാം കാണുമ്പോള്‍ അവരും പുറത്തു വരണമെന്ന്ആഗ്രഹിക്കുന്നു.

പക്ഷേ അതിന് പുനരധിവാസം മാത്രം മതിയാവില്ല. അവര്‍ക്ക് പുറത്തു ജീവിതമാര്‍ഗം കൂടി ലഭിക്കുമ്പോഴാണ് ശരിയായ മാറ്റം ആവുകയുളളൂ. എന്റെ അഭിപ്രായതില്‍ അവരെ കാട്ടിനകത്ത് വെറും മ്യൂസിയം പീസ് ആക്കാതെ വനത്തിനകത്തും അവര്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങള്‍ ലഭിക്കണമെന്നു തന്നെയാണ്. സംരക്ഷിക്കേണ്ട കോര്‍ ഏരിയയില്‍നിന്ന് ബഫര്‍ സോണിലേക്ക് അവരെ കൊണ്ടുവന്ന് ഒപ്പം ജീവിതമാര്‍ഗങ്ങളും ഉറപ്പുവരുത്തണം. അവര്‍ക്ക് വിദ്യാഭ്യാസവും വെളിച്ചവുമെല്ലാം ആവശ്യമാണ്.

 

 

സഹവര്‍തിത്വം വരട്ടെ

ഇങ്ങനെ ഒരു മാറ്റംവന്നാല്‍ അവരുടേ indegenous ആയ കാര്യങ്ങള്‍ പലതും നഷ്ടപ്പെടില്ലേ. അവരുടേതായ ഭാഷ, ഭക്ഷണം, ആചാരങ്ങള്‍ കലകള്‍ ഇവയെല്ലാം നഷ്ടമാവില്ലേ?

എനിക്കു തോന്നുന്നത്^നമുക്കും പലതും നഷ്ടപ്പെട്ടില്ലേ? മുന്നോട്ടുപോവുന്തോറും നമുക്ക് പലതിനെയും മറക്കേണ്ടിവരും. അത് ജീവിതത്തിന്റെ ഭാഗമാണ്. ചില convenience വഴി നമ്മള്‍ ഭാഷയെയും അമ്മയെയും അച്ഛനെയുമെല്ലാം ഓര്‍ത്തിരിക്കുന്നുണ്ട്. ഇന്നാരും തന്നെ കഞ്ഞി,കായ, റാഗി, മുത്താറി, കൊള്ള് എന്നൊന്നും ഓര്‍ക്കുന്നില്ല. അവര്‍ക്ക് മാറ്റം വരുമ്പോഴും ഒരു ജീവിതമാര്‍ഗം കിട്ടുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്.

ഉദാഹരമായി ഞങ്ങള്‍ ആനത്താരകളില്‍നിന്ന് ആദിവാസികളെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആനകളുടെ സ്വൈര്യവിഹാരം അനിവാര്യമാണ്. സ്ഥിരമായി പോവുന്ന വഴിയിലൂടെയേ ആനകള്‍ സഞ്ചരിക്കൂ. അത് genetically imprinted ആണ്. 10^300 വര്‍ഷമായി മുന്‍തലമുറ നടന്ന അതേ വഴിയിലാണ് ആന പോവുന്നത്.

ജനവാസം ഉണ്ടായി. മനുഷ്യനും വന്യജീവികളും തമ്മിലുള്ള പ്രതിപവര്‍ത്തനവും. പക്ഷേ, പണ്ട് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് ആദിവാസികള്‍ കൂടുതല്‍ ഇടങ്ങളിലേക്കിറങ്ങുന്നു. കൃഷി നടത്തുന്നു. ആദിവാസികളുടെ പിറകെ ആയിരുന്നു അന്ന് മൃഗങ്ങള്‍. ഇന്ന് പക്ഷേ, ആദിവാസികള്‍ നമ്മെ കണ്ടുകൊണ്ടാണ്. ഒരേ സ്ഥലത്ത് ഇരിക്കുന്നു. വിശ്വാമിത്രനായി ഓടി നടന്നവരെല്ലാം വസിഷ്ഠനായി ഒരിടത്ത് തന്നെ സ്ഥിരമായി ഇരുന്നു. അവര്‍ക്കുചുറ്റും അപ്പോള്‍ മൃഗങ്ങള്‍ കൂടി.

വന്യജീവികള്‍ മനുഷ്യന്റെ ജീവിതം ദുസ്സഹമാക്കി. കാരണം അവരുടെ സ്ഥലത്താണ് നമ്മള്‍ കോളനികളും കൃഷിയിടങ്ങളും ഉണ്ടാക്കിയത്. മറ്റൊരു കാരണം, ഇന്ന് വിളവുകള്‍ സ്വാദിഷ്ഠ ഭക്ഷണമാണ്. മൃഗങ്ങള്‍ അതിന് അഡിക്റ്റായി. നല്ല ഭക്ഷണം കിട്ടുമ്പോള്‍ അവര്‍ സ്ഥിരമായി വരുന്നു. ഇവരെ ഓടിക്കുന്നതിന് പകരം പുതിയ കൃഷിരീതി എന്തുകൊണ്ട് ചെയ്ത് കൂടാ. ഒരു സഹവര്‍ത്തിത്വം^interactive^രീതിയിലേക്ക്. എത്തിക്കൂടാ.

ആദിവാസി അവിടെത്തന്നെ ഇരുന്നാല്‍ യാതൊരു പ്രശ്നവുമില്ല. പക്ഷേ, അവനിന്ന് വിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോവാത്തവനാണ്. അവന്‍ പഠിച്ചവനാണ്. നാട്ടിലവന് ഒരു ജോലി വേണം. പക്ഷേ, നാട്ടിലെ ജീവിതത്തിലേക്ക് അവന് ഏറെ സഞ്ചരിക്കാനുണ്ട്. അവന്‍ കാടു വിട്ടിറങ്ങി. പക്ഷേ, നാട്ടിലേക്കെത്തിയില്ല.

മുഖ്യധാരയിലേക്ക് അവനെ കൊണ്ടുവന്ന് വനസംരക്ഷണ ദൌത്യം ഏല്‍പ്പിക്കുക എന്നതാണ് ഏറ്റവും നല്ലത്. ഇമോഷണലായി ചിന്തിച്ച് അവന്‍ കാട്ടില്‍ത്തന്നെ കഴിഞ്ഞോട്ടെ എന്ന് വിചാരിക്കുന്നത്, അവന്‍ അമ്പും വില്ലും മാത്രം ആയുധമായിക്കോട്ടെ എന്ന് വിചാരിക്കുന്നത് ^ഒന്നും ശരിയല്ല.

 

 

എന്‍.ജി.ഒ പ്രവര്‍ത്തനം മാറി

ഇത് എന്‍.ജി.ഒ കാലമാണ്. ധാരാളം എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നു. സന്നദ്ധ സംഘടനകള്‍,മത സംഘടനകള്‍, സഭകള്‍ എല്ലാവര്‍ക്കും സന്നദ്ധ പ്രവര്‍ത്തനമുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികള്‍ക്കായുള്ള അവബോധ പരിപാടികള്‍ക്കുമെല്ലാം ഇവര്‍ മുന്‍കൈെയടുക്കുന്നു. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

ഇങ്ങനെ ഒരു എന്‍.ജി.ഒകളുടെ ആവശ്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്രശ്നം അതല്ല. 80കളിലെയും 90കളിലെയും എന്‍.ജി. ഒ അല്ല ഇന്നത്തേത്. ഇന്ന് എന്‍.ജി.ഒ എന്നത് ഒരുദ്യോഗമാണ്. ആളുകള്‍ എന്‍.ജി.ഒ ഉണ്ടാക്കുന്നു. ഫണ്ട് നേടുന്നു. അതുവെച്ച് തൊഴില്‍ കൊടുക്കുന്നു.എന്‍.ജി.ഒയെ വളര്‍ത്തുകയും നിലനിര്‍ത്തുകയും അല്ലാതെ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം-കാട് സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷിക്കുക, നാട്ടുകാര്‍ക്ക് അവബോധം നല്‍കുക -എന്നിവ മറക്കുന്നു. എന്‍.ജി.ഒയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്ക് അവര്‍ മാറിയിരിക്കുന്നു.

മാത്രമല്ല, വരുന്നവര്‍ പലരും സന്നദ്ധരായ ആളുകളേയല്ല. പണ്ടൊക്കെ മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്ക് എന്നൊക്കെ പറഞ്ഞാല്‍ ഏറ്റവുമധികം സന്നദ്ധ മനോഭാവമുള്ള, ഏതു പരിസ്ഥിതിയും സഹിക്കുന്ന, കൊതുകുകടി കാള്ളാനും കാട്ടില്‍ പോവാനും വെറും തറയില്‍ ഉറങ്ങാനും കഴിയുന്ന ഡൌണ്‍ റ്റു എര്‍ത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമയിരുന്നു. ഇന്ന് ഞാനവരെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് എന്നാണ് വിളിക്കുക. അവര്‍ക്ക് സന്നദ്ധ മനോഭാവം കുറവാണ്. അവര്‍ക്കൊരു ജോലി വേണം. പണം സമ്പാദിക്കണം. അത്രയേയുള്ളൂ.
 
 
(അവസാനിക്കുന്നില്ല)
 
 
 
 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാലത്ത് കേരളത്തിലെ പാരിസ്ഥിതിക ആത്മഹത്യകള്‍

 
 
 
 
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ‘രാക്ഷസീയ’മെന്ന് വിളിക്കുകയും അവശേഷിക്കുന്ന പച്ചപ്പുപോലും വില്‍പ്പനക്ക് വെക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയമെന്ത്? ഗോവര്‍ദ്ധന്‍ എഴുതുന്നു

 
 

ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസവും ഇടുക്കിയില്‍ റിപ്പോര്‍ട്ടിനെതിരെ കൊലവിളികളുണ്ടായി. റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്ന വ്യാജേന സ്ഥലം എം.പി കട്ടപ്പനയില്‍ വിളിച്ചുകൂട്ടിയ യോഗം അടിസ്ഥാനരഹിതമായ ആശങ്കകള്‍ വിതച്ച് ജനങ്ങളെ ഇളക്കിവിടുകയായിരുന്നു. റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത് എന്തെന്ന് കൃത്യമായി ജനങ്ങളോട് പറയാതെ ഊഹാപോഹങ്ങള്‍ വിതക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് കട്ടപ്പനയിലെ യോഗം.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്ന് ദിവസങ്ങളായിട്ടും, കൃത്യമായ ലക്ഷ്യങ്ങളോടെ മെനഞ്ഞെടുത്ത ആശങ്കകള്‍ക്കും കള്ള പ്രചാരണങ്ങള്‍ക്കും തന്നെയാണ് പൊതുമധ്യത്തില്‍ മുന്‍തൂക്കം ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും പശ്ചാത്തലങ്ങളെക്കുറിച്ചും ഒരു വിശകലനം. ശേഷിക്കുന്ന പച്ചപ്പ് പോലും വില്‍പ്പനക്കു വെച്ച എമര്‍ജിങ് കേരളയുടെയും, പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയമങ്ങള്‍ മറികടക്കാ’ സര്‍ക്കാര്‍ തലത്തില്‍നടക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിനെ വായിക്കുന്നു, ഗോവര്‍ദ്ധന്‍

 

 

വികസനമെന്നത് പ്രധാന രാഷ്ട്രീയ അജണ്ടയായ കാലം മുതല്‍ പരിസ്ഥിതി സംരക്ഷണവും വികസന സങ്കല്‍പങ്ങളും ആശയപരവും പ്രായോഗികവുമായ തലങ്ങളില്‍ വിയോജിച്ച് നിലനിന്നിരുന്നു. വികസനമെന്നത് അനന്തമായി മുന്നേറാവുന്ന പ്രക്രിയയാണെന്നും അങ്ങിനെയല്ല, പരിസ്ഥിതി അനുവദിക്കുന്നിടത്തോളമേ അതിനു പോകാനാവുകയുള്ളൂ എന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്.

ഈ സന്ദേഹമെല്ലാം ഇന്ന് തെക്കേ ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ സവിശേഷവുമായി ഇന്ന് മൂര്‍ത്തമായ നിലപാടുകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകൃതമാവുകയും കുറേക്കാലം ആര്‍ക്കുമറിയാതെയിരിക്കുകയും പിന്നീട് കോടതിവിധിയിലൂടെ പരസ്യമാക്കപ്പെടുകയും ചെയ്ത പ്രൊഫ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായിരുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനല്‍ റിപ്പോര്‍ട്ട് ആണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളേയും പരിസ്ഥിതി സംഘടനകളേയും സ്ഥാപനങ്ങളേയും വികസനത്തിനും പരിസ്ഥിതിസംരക്ഷണത്തിനുമിടയില്‍ കൃത്യമായ നിലപാടെടുക്കുവാന്‍ നിര്‍ബന്ധിതമാക്കിയത്.

 

മാധവ് ഗാഡ്ഗില്‍


 

അന്വേഷണ വഴികള്‍
പശ്ചിമഘട്ട മലനിരകളുടെ ലോലമായ പരിസ്ഥിതിയെയും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നതിനാലുള്ള അതിന്റെ സംരക്ഷണത്തിന്റെ സങ്കീര്‍ണ്ണതയേയും ഈ പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളേയും മുന്‍നിര്‍ത്തി, താഴെപ്പറയുന്ന കാര്യങ്ങളാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചെയ്യാന്‍ ആവശ്യപ്പെട്ടത്:

1. പശ്ചിമഘട്ട മലനിരകളുടെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക.

2. ഈ പ്രദേശത്ത് സംരക്ഷിക്കപ്പെടേണ്ട പാരിസ്ഥിതികലോല പ്രദേശങ്ങള്‍കണ്ടെത്തുക.

3. പശ്ചിമഘട്ടപ്രദേശത്തിന്റെ സംരക്ഷണത്തിനു വേണ്ടി രൂപീകരിക്കേണ്ട പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയുടെ പ്രവര്‍ത്തനരീതികളും നിര്‍ദ്ദേശിക്കുക.

4. ഈ പ്രദേശത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റേതൊരു പ്രശ്നത്തെക്കുറിച്ചും പഠിക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക.

5. പശ്ചിമഘട്ട പ്രദേശത്തിന്റെ സംരക്ഷണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തെ ജനങ്ങളും സര്‍ക്കാറുകളുമായി സംവദിച്ച് നിര്‍ദ്ദേശിക്കുക.

6. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളുടെ സംരക്ഷണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുക.

7. അതിരപ്പള്ളി, ഗുണ്ടിയ എന്നീ ജലവൈദ്യുത പദ്ധതികളെക്കുറിച്ചും ഗോവയിലെ ഖനനത്തെക്കുറിച്ചും സവിശേഷമായി പഠിക്കുകയും ഈ പ്രോജക്റ്റുകളെക്കുറിച്ച് എടുക്കേണ്ട നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുക.

 

 

പാരിസ്ഥിതിക ജാഗ്രത
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇത്രയും സവിശേഷ വിശകലനം നടത്തിയത് പതിനാലംഗ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലാണ്. പശ്ചിമഘട്ട പ്രദേശത്തെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം അവയുപയോഗിച്ചുകൊണ്ട് ഈ പ്രദേശത്തെ പാരിസ്ഥിതി ലോലതയെ അളക്കാനാവശ്യമായ വൈവിദ്ധ്യമാര്‍ന്ന നിദാനങ്ങളെ സമിതി കണ്ടെത്തി.

അതോടൊപ്പം ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, നിയമസഭാസാമാജികര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനുള്ള രീതിശാസ്ത്രം ആദ്യമേ തന്നെ കറന്റ് ഡയല്‍സ് എന്ന ശാസ്ത്രജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. അതോടൊപ്പം പുതുതായി പഠിക്കേണ്ട മേഖലകളില്‍ പ്രത്യേക പഠനങ്ങള്‍ കമ്മിഷന്‍ ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടങ്ങളിലത്രയും മീറ്റിങ്ങുകളുടെ മിനുറ്റ്സും പഠനറിപ്പോര്‍ട്ടുകളും കമ്മിറ്റിയുടെ വെബ്സൈറ്റില്‍ വന്നുകൊണ്ടേയിരുന്നു. നിരവധി ആളുകള്‍ക്ക് അതിനോടു യോജിക്കാനും വിയോജിക്കാനും നിര്‍ദ്ദേശങ്ങള്‍ വെക്കുവാനും ഇത് സഹായകരമായി.

പശ്ചിമഘട്ട പ്രദേശമാകെ പാരിസ്ഥിതിക സൂക്ഷ്മവേദിയായ പ്രദേശമായി നിര്‍വചിക്കുന്നതോടൊപ്പം അതിലെ വ്യത്യസ്ത ഭൂവിഭാഗങ്ങള്‍ക്ക് മൂന്നു തലത്തിലുള്ള സുരക്ഷാനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. സമിതിയോട് അഭിപ്രായം ആരാഞ്ഞ ഗുണ്ടിയ, അതിരപ്പള്ളി എന്നീ പദ്ധതികള്‍ ഒന്നാം പരിസ്ഥിതി ലോല മേഖലയിലായതു കാരണം അവയ്ക്ക് അനുമതി കൊടുക്കേണ്ടതില്ലെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു.

ഗ്രാമപഞ്ചായത്തിലെ ജൈവവൈവിദ്ധ്യ നിരീക്ഷണ കമ്മിറ്റി മുതല്‍ സംസ്ഥാനതല പശ്ചിമഘട്ട അതോറിറ്റി വരെ നീളുന്ന ഔദ്യോഗിക സംവിധാനങ്ങളുടെ മേല്‍നോട്ടങ്ങളില്‍ നടത്തപ്പെടേണ്ട പാരിസ്ഥിതിക ജാഗ്രതയാര്‍ന്ന വികസന കാഴ്ചപ്പാടാണ് ഗാസ്ഗില്‍ കമ്മിറ്റി മുന്നോട്ട് വച്ചിട്ടുള്ളത്.

 

കട്ടപ്പനയില്‍ കഴിഞ്ഞ ദിവസം നടന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവലോകന യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷം


 

എതിര്‍പ്പുകളുടെ രാഷ്ട്രീയം
ഈ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കപ്പെട്ട അവസരത്തില്‍ തന്നെയാണ് സമീപഭാവിയില്‍ കാണാത്തത്ര വ്യാപകമായ പാരിസ്ഥിതികാഘാതം കേരളത്തില്‍ സംഭവിച്ചത് പാട്ടഭൂമിയില്‍ നിന്നും മരം മുറിക്കാനുള്ള അനുവാദവും നെല്‍വയല്‍ നികത്താനുള്ള പരോക്ഷാനുവാദവും കേരളത്തില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങളാണ് ചെറിയൊരു കാലയളവില്‍ ഉണ്ടാക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സാമാന്യജനതയുടെ പ്രാതിനിധ്യമുള്ള ഗ്രാമസഭകള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരം കൊടുക്കണമെന്നാവശ്യപ്പെടുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ‘രാക്ഷസീയം’ എന്നാണ് കേരള മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

സര്‍ക്കാര്‍ വകുപ്പുകളാകട്ടെ ഓരോന്നോരോന്നായി തങ്ങള്‍ക്ക് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്? ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് തല്‍ക്ഷണം തള്ളിക്കളയാന്‍ സംസ്ഥാന സര്‍ക്കാരിനേയും അതിന്റെ വകുപ്പുകളേയും പ്രേരിപ്പിച്ചത് എന്താകും? എന്താണ് ഈ റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയം? അതിനെ എതിര്‍ക്കുന്നവരുടേയും?

റിപ്പോര്‍ട്ടിനെ ഭയക്കുന്നതെന്തിന്?
വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ സാദ്ധ്യതകള്‍ ഒരു പരിധിവരെ പരിസ്ഥിതി സംരക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഈ റിപ്പോര്‍ട്ടിന്റെ സവിശേഷത.

ധനകാര്യത്തിലധിഷ്ഠിതമായ ഭരണത്തില്‍ നിന്നും പരിസ്ഥിതിയെ അടിസ്ഥാനമാക്കുന്ന ഭരണരീതിയിലേക്കുള്ള മാറ്റമാണ് ഈ റിപ്പോര്‍ട്ട് ലക്ഷ്യമാക്കുന്നത്.

പാരിസ്ഥിതിക ഘടനകളെ നശിപ്പിക്കുന്ന തരത്തിലുള്ള വികസനമാതൃകകളുടെ തിരിച്ചടി നേരിട്ട രാജ്യങ്ങളിലൊക്കെ ഈ മാറ്റം തുടങ്ങിക്കഴിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലൊരു മാറ്റത്തിനുള്ള വലിയൊരു സാദ്ധ്യതയാണ് ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നതിലൂടെ ഇല്ലാതാക്കപ്പെടുന്നത്.

വനങ്ങളില്‍ ജീവിക്കുന്നവരുടേയും ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടേയും കാര്യങ്ങളില്‍ നഗരങ്ങള്‍ തന്നെ തീരുമാനമെടുക്കുമെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാര്‍ വകുപ്പുകളുടെ നിലപാടിനാസ്പദം. അധികാരം സാധാരണ മനുഷ്യന് കൈമാറുന്നത്, തീരുമാനമെടുക്കാനുള്ള സ്വാതന്ത്യ്രം ഗ്രാമസഭകള്‍ക്ക് കൈവരുന്നത് ഓരോ വകുപ്പിന്റേയും ഉറക്കം കെടുത്തുന്നുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓരോ പ്രോജക്റ്റിലും അടങ്ങിയിട്ടുള്ള അഴിമതിക്കുള്ള സാദ്ധ്യത നഷ്ടമാകുമെന്ന ഭീഷണിയെ അതിജീവിക്കുന്നതിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ടിനെ അധിക്ഷേപിക്കല്‍.

 

 

തീന്‍മേശയില്‍ പരിസ്ഥിതി
ഈ സന്ദര്‍ഭത്തിലാണ് എമര്‍ജിംഗ് കേരള എന്ന വിരുന്നില്‍ പരിസ്ഥിതിയും വില്പനയ്ക്കായി വെച്ചത്. നെല്ലിയാമ്പതിയിലും ഇതര വനപ്രദേശങ്ങളിലും ടൂറിസം പ്രോജക്റ്റുകള്‍, നിലവിലുള്ള എസ്റ്റേറ്റുകളുടെ അഞ്ച് ശതമാനം സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള അനുവാദം എന്നിങ്ങനെ പരിസ്ഥിതി സന്തുലനത്തെ തകര്‍ക്കുന്ന പ്രോജക്റ്റുകള്‍ ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കപ്പെടുകയാണ്.

നിലനില്ക്കുന്ന പരിസ്ഥിതി നിയമങ്ങളെ കാറ്റില്‍പ്പറത്തുകയും വനസംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വമേധയാ തോറ്റുകൊടുക്കുകയും ചെയ്യുന്നതിലൂടെ ഈ സര്‍ക്കാര്‍ തെളിയിക്കുന്നത് കേരളത്തിന്റെ സുസ്ഥിര വികസനം തങ്ങളുടെ അജണ്ട അല്ലെന്നു തന്നെയാണ്.

നന്നായി മഴ ലഭിക്കുന്ന, നന്നേ ചരിഞ്ഞു കിടക്കുന്ന, നന്നായി കൃഷി ചെയ്യാനാകുന്ന, മലനിരകളിലെ വനമത്രയും മുഴുവന്‍ ജനതയ്ക്കുമാവശ്യമായ പാരിസ്ഥിതിക സേവനങ്ങള്‍ നിര്‍വചിക്കുന്ന, പ്രകൃതിദുരന്തങ്ങള്‍ അപൂര്‍വ്വമായ, ഇനിയും പേരിട്ടിട്ടില്ലാത്തത്ര ജീവജാലങ്ങളടങ്ങുന്ന ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടുന്ന ഇടമായ കേരളം ഭീകരമായ പാരിസ്ഥിതിക ദുരന്തമാണ് ഇന്ന് മുന്നില്‍ കാണുന്നത്.

താണു താണു പോകുന്ന ഭൂഗര്‍ഭജനിരപ്പ്, കടല്‍വെള്ളം വന്നു കയറുന്ന തീരദേശ കിണറുകള്‍, ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇടനാടന്‍ കുന്നുകള്‍, നിരപ്പാക്കപ്പെടുന്ന വന്‍കിട തോട്ടങ്ങള്‍, ശുദ്ധജലത്തെ വിഷമയമാക്കുന്ന രാസകീടനാശിനികളും വ്യവസായ മലിനീകരണവും, ഏതൊരിടവും ചവറ്റുകൂനയാക്കുന്ന ചെറു നഗരങ്ങള്‍, ഭൂമിയെ വലിയ തോതില്‍ മാറ്റിമറിക്കാനാകുന്ന കൂറ്റന്‍ ഉപകരണങ്ങള്‍, വനത്തില്‍ നിന്ന് കുടിയിറക്കപ്പെടുന്ന ആദിവാസികള്‍, കൃഷി ചെയ്ത് ഉപജീവനം നടത്താനാവാത്തവിധമുള്ള കാര്‍ഷികവിളകളുടെ വിലയിടിവ് എന്നിങ്ങനെ കേരളം ഇന്നഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിനും ഉത്തരമല്ല എമര്‍ജിംഗ് കേരളയിലെ പ്രൊജക്റ്റുകള്‍.

അതിനപ്പുറം, ഇപ്പോഴും നിലനില്ക്കുന്ന ഇത്തിരിപ്പച്ചപ്പിനെപോലും ഉന്മൂലനം ചെയ്തു ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രൊജക്റ്റുകളാണ് എമര്‍ജിങ് കേരളയുടെ തീന്‍മേശയില്‍ നിരന്നത്. ഈ അപകടത്തെ തിരിച്ചറിഞ്ഞുകൊണ്ടാവണം എമര്‍ജിംഗ് കേരളയ്ക്കെതിരെയുള്ള പരിസ്ഥിതിയുടെ രാഷ്ട്രീയം മനസ്സിലാക്കപ്പെടേണ്ടത്.
 
 

(എമര്‍ജിങ് കേരളയോടനുബന്ധിച്ച് മുന്നണിപ്പോരാളി പ്രസിദ്ധീകരിച്ച വിനാശവികസനം: വികസനത്തെകുറിച്ച വേറിട്ട ചിന്തകള്‍ വിശേഷാല്‍ പതിപ്പില്‍ നിന്ന്)
 
 
 
 

കൂടംകുളം: കേരളമേ കണ്‍തുറക്കുക

 
 
 
 
കൂടംകുളം: ഈ ചോരയില്‍നിന്ന് കേരളത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയുമോ? കെ.എസ് ബിനു എഴുതുന്നു
 
 
കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയ്ക്ക് പലതവണ കത്തയച്ചുകഴിഞ്ഞു. കത്തിലെ പ്രധാന വാദമിതാണ് : “കൂടംകുളം ആണവനിലയത്തില്‍ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്നാടിനേപ്പോലെതന്നെ അപകടഭീഷണി കേരളത്തിനുമുണ്ട്, അതിനാല്‍ കേരളം 500 മെഗാവാട്ടിന് അര്‍ഹരാണ്!”എത്ര വിചിത്രമായ പ്രശ്നപരിഹാരങ്ങള്‍! കൂടംകുളത്ത് അപകടമുണ്ടായാല്‍ തങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍ അക്കാരണം കൊണ്ടുതന്നെ നിലയത്തെ എതിര്‍ക്കുകയല്ലേ വേണ്ടത്? അല്ലാതെ വരാനിരിയ്ക്കുന്ന ദുരന്തത്തിന് ഇപ്പോഴേ നഷ്ടപരിഹാരം വാങ്ങിക്കൊണ്ട് ദുരന്തത്തെ കാത്തിരിയ്ക്കുകയല്ല മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്.

കൂടംകുളത്ത് അപകടമുണ്ടായാല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും പല തലമുറകളിലേയ്ക്ക് പടരുന്ന അപകടകരമായ അണുവികിരണം തീര്‍ച്ചയായും കേരളജനതയെ ഒട്ടാകെ കാലങ്ങളിലേയ്ക്ക് ബാധിയ്ക്കും. കാരണം മലയാളിയുടെ നിത്യജീവിതഭക്ഷണസ്രോതസ് തമിഴ്നാട് ആണ്. ഈ സത്യങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ട് ഇവയ്ക്ക് പരിഹാരമായി ഞങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി വേണമെന്ന് പറയുന്ന കേരളം കൊലച്ചോറില്‍ തങ്ങള്‍ക്കുള്ള വിഹിതം കുറഞ്ഞുപോയി എന്ന് കലഹിക്കുന്ന നീചനിഷാദരാകുന്നു- കെ.എസ് ബിനു എഴുതുന്നു

 

 

കൂടം കുളം ആണവനിലയവിരുദ്ധസമരം ഒരു സമയസന്ധിയിയിലാണ്. നിരാഹാരസത്യഗ്രഹമുള്‍പ്പെടെ, ഒരു വര്‍ഷത്തിലേറെയായി തുടരുന്ന അവിരാമസമരപരിപാടികള്‍ക്കൊടുവില്‍ 2012 സെപ്റ്റംബര്‍ 10ാം തീയതി തൂത്തുക്കുടിയിലെ മണപ്പാട് എന്ന തീരദേശഗ്രാമത്തില്‍ പോലീസും സമരാനുഭാവികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അന്തോണിസ്വാമി എന്ന് പേരായ ഒരു മത്സ്യത്തൊഴിലാളി വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. ഇനിമുതല്‍ കൂടംകുളം സമരം ചരിത്രത്തില്‍ രക്തരൂഷിതസമരങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുക. ഈ ദിനം ഒരേ സമയം ലളിതമായ അതിജീവനസമരങ്ങളുടെയും അതേസമയം സങ്കീര്‍ണമായ ആധുനികസാമ്രാജ്യത്വവിരുദ്ധസമരങ്ങളുടെയും ചരിത്രങ്ങളിലെ ചുവന്ന കറയായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

കെ.എസ് ബിനു


ആദ്യമൊക്കെ, തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായേക്കാവുന്ന ഒരു ആണവപദ്ധതിയെ പ്രതിരോധിക്കുക എന്ന കേവലലക്ഷ്യത്തോടെ ജനങ്ങള്‍ ആരംഭിച്ച സമരമാണ് കൂടംകുളം പ്രക്ഷോഭം. ഇന്ന് അത് ആഗോളവത്ക്കരണത്തിനെതിരെയും പാരിസ്ഥിതികനശീകരണത്തിനെതിരെയും കോര്‍പറേറ്റുകള്‍ക്ക് ദാസ്യപ്പണി ചെയ്യുന്ന തദ്ദേശഭരണകൂടങ്ങളുടെ സമീപനത്തിനെതിരെയുമുള്ള പല തലങ്ങളുള്ള സമരമായി വളര്‍ന്നിരിക്കുന്നു. അത് അന്നാട്ടിലെ മനുഷ്യര്‍ തിരിച്ചറിയുന്നുമുണ്ട് എന്നുള്ളതാണ് ഏറ്റവും ആവേശകരമായ വസ്തുത.

സുനാമിയെ തടുക്കാന്‍ കടലിനടിയില്‍ തട പണിതവരെന്ന് അവകാശപ്പെടുന്ന, ഏറ്റവുമധികം സുരക്ഷാസംവിധാനങ്ങളുള്ള രാഷ്ട്രങ്ങളിലൊന്നായ ജപ്പാനിലെ
ഫുകുഷിമയില്‍ സംഭവിച്ച ദുരന്തം മനുഷ്യന്റെ പരിമിതിയെയും, മലയോളമുണ്ടെന്ന് അവന്‍ അവകാശപ്പെടുന്ന ആത്മവിശ്വാസത്തിന്റെ അല്‍പത്തത്തെയും, അതിലൊക്കെയുപരി പ്രകൃതിയുടെ നിശിതമായ അപ്രതിരോധ്യതയെയും, അപാരമായ നശീകരണശേഷിയെയും വെളിവാക്കുകകൂടി ചെയ്തതോടെ കൂടംകുളത്തെ അമ്മമാര്‍ പരാശക്തികളായി മാറുകയായിരുന്നു.

ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന, ലോകത്തെ നിയന്ത്രിക്കുന്ന സ്വാര്‍ഥലാഭമോഹികളായ പ്രതിലോമശക്തികള്‍ക്ക്, അത്യാര്‍ത്തിമൂത്ത ഷൈലോക്കുകള്‍ക്ക് എതിരെയുള്ള ആഗോളസമരമാണ് തങ്ങള്‍ ചെയ്യുന്നതെന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നു. മനുഷ്യരാശിയുടെ വരും തലമുറകള്‍ക്ക് വേണ്ടിയും പ്രകൃതിയുടെ നിലനില്‍പ്പിനുവേണ്ടിത്തന്നെയുമുള്ള ശക്തമായ സമരമായി തങ്ങളുടെ പോരാട്ടവീര്യത്തെ അവര്‍ വാറ്റിയെടുത്തിരിക്കുന്നു. അതിന് വീര്യം കൂടും. കാരണം അത് തിളച്ച്, ശുദ്ധീകരിക്കപ്പെട്ട്, സാന്ദ്രമാക്കപ്പെട്ട മനുഷ്യവീര്യമാണ്; എത്രയൊക്കെ കെടുത്തിയാലും കെടുകയില്ല.

 

പൊലീസ് നടപടിക്കുശേഷം ഫോട്ടോ കടപ്പാട്: കൌണ്ടര്‍ കറന്റ്സ്


 

സ്റ്റേറ്റും ജനങ്ങളും
കൂടംകുളം ഉയര്‍ത്തുന്ന, പാരിസ്ഥിതിക, ആരോഗ്യ, അതിജീവന പ്രശ്നങ്ങളുടെ സങ്കീര്‍ണമായ പരിസരങ്ങളില്‍ നില്‍ക്കുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നത് വികസനസങ്കല്‍പ്പങ്ങളുടെ മുഖംമൂടിയണിഞ്ഞ കൊടും ചൂഷണവും അധികാരപ്രമത്തതയും മനുഷ്യവിരുദ്ധതയുമാണ്. വികസനപദ്ധതിയെന്ന പേരില്‍ സര്‍ക്കാര്‍
ഒരു ആശയം അവതരിപ്പിക്കുമ്പോള്‍ അത് മനുഷ്യരാശിയ്ക്കും പ്രകൃതിയ്ക്കും എത്രത്തോളം ഗുണകരമാണ്, ദോഷകരമാണ് എന്ന് ചിന്തിക്കേണ്ടതുണ്ട് സമ്മതിദാനാവകാശികള്‍. കാരണം ഒരു കാലത്തും ഒരു സ്റ്റേറ്റും സാമ്പത്തികമോഹത്തില്‍നിന്നോ മുതലാളിത്ത പ്രീണനപരിപാടികളില്‍നിന്നോ മോചിതരായിരുന്നില്ല. അത് സ്റ്റേറ്റ് എന്ന സങ്കല്‍പ്പത്തിലെ അടര്‍ത്തിമാറ്റാനാവാത്ത ഇരുണ്ട സത്യമാണ്. ഭരണകൂടത്തിന്റെ പാരമ്പര്യസ്വഭാവങ്ങള്‍ സ്വാഭാവികമായും പ്രതികൂലമാവുക സാധാരണ ജനങ്ങള്‍ക്കും അവരുടെ ജീവനും തന്നെയാണ്. അതിനാല്‍ സദാസമയവും ജാഗരൂകരായിരിക്കേണ്ടത് അവരാണ്.

ആവേശപൂര്‍വ്വം താപ, ആണവ ഊര്‍ജപദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ത്തന്നെ പരിസ്ഥിതിയ്ക്കും സമൂഹത്തിനും ദോഷകരമല്ലാത്ത ഊര്‍ജസ്രോതസുകളുണ്ടെന്ന സത്യം എല്ലാ സര്‍ക്കാറുകളും ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മറച്ച് പിടിച്ചു. നിര്‍മ്മാണാനന്തര ദൈനംദിന പ്രവര്‍ത്തനചെലവ് കുറവായ അത്തരം പരിസ്ഥിതിസൌഹൃദപദ്ധതികള്‍ മറച്ചുപിടിക്കുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭം ലഭിയ്ക്കുക ആഗോള ഇന്ധനവിതരണ കുത്തകകള്‍ക്കാണെന്ന സത്യം അവര്‍ മറച്ചുപിടിച്ചു. അല്ലെങ്കില്‍ പുതിയ താപ, ആണവപദ്ധതികളില്‍നിന്നുണ്ടാവാന്‍ പോകുന്ന ഊര്‍ജനേട്ടത്തിന്റെയും അതുവഴി കൈവരിയ്ക്കുവാന്‍ പോകുന്ന വികസനത്തിന്റെയും പേരുപറഞ്ഞ് ഭരണകൂടങ്ങള്‍ ജനശ്രദ്ധ ആഘോഷങ്ങളിലേയ്ക്ക് തിരിച്ചു. കൂടംകുളവും ആദ്യമൊന്നും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ പെടാതിരുന്നത് അതുകൊണ്ടാണ്.

 

പൊലീസ് നടപടിക്കുശേഷം ഫോട്ടോ കടപ്പാട്: കൌണ്ടര്‍ കറന്റ്സ്


 
ഡല്‍ഹിയിലെ പൊയ്ക്കുതിരകള്‍
2001ല്‍ ബിജെപി നയിച്ച എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.പി.സി.ഐ.എല്‍) കൂടംകുളം
പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ഈ സത്യം ബിജെപിയുടെ പ്രസ്തുത വിഷയത്തിലെ മനോവ്യാപാരങ്ങളെ വെളിവാക്കുന്നുണ്ട്. അവരുടെ ജാഗ്രതയേറിയ മൌനങ്ങളുടെ അര്‍ഥവും വിളിച്ചുപറയുന്നുണ്ട്.

കൂടംകുളം പ്രക്ഷോഭത്തെപ്പറ്റി കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പറയുന്നത് സമരം നയിക്കുന്ന 13 സംഘടനകള്‍ക്ക് അമേരിക്കയില്‍നിന്ന് വിദേശസഹായം ലഭിക്കുന്നുണ്ടെന്നും അതിന്റെ ഉറവിടങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നുമാണ്. അമേരിക്കയുമായി ആണവക്കരാറിലേര്‍പ്പെട്ടതും ഇതേ യു.പി.എ സര്‍ക്കാര്‍ തന്നെയാണെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കണം.

അമേരിക്കന്‍ സര്‍ക്കാറിനോട് ആണവോര്‍ജക്കരാര്‍ ഒപ്പിടുകയും അമേരിക്കന്‍ ആണവ ഏജന്‍സികളുമായി ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന അതേ സര്‍ക്കാര്‍ അമേരിക്കയില്‍ നിന്ന് നീളുന്ന കറുത്ത കരങ്ങളില്‍പ്പെട്ട് ഇന്ത്യന്‍ ആണവപദ്ധതികള്‍ ഞെരിഞ്ഞമരുന്നു എന്ന് വിലപിക്കുന്നതില്‍ ഒരു അസ്വാഭാവികത അനുഭവപ്പെടുന്നില്ലേ? റഷ്യ കൂടംകുളം പദ്ധതിയുമായി സഹകരിക്കുന്നതിനാല്‍ പരമ്പരാഗതവൈരികളായ അമേരിക്കയില്‍നിന്ന് കുതികാല്‍വെട്ടലുകള്‍ സംഭവിക്കുന്നു എന്ന ഒരു പുകമറ തീര്‍ത്ത് സാമ്രാജ്യത്വമുതലാളിത്ത ശക്തികള്‍ക്ക് കുടപിടിക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണചരിത്രത്തിന്റെ പിന്‍ബലത്തില്‍ ആരെങ്കിലും സംശയിച്ചുപോയാല്‍ ആര്‍ക്കും കുറ്റം പറയുവാനാകില്ല.

 

പൊലീസ് നടപടിക്കുശേഷം ഫോട്ടോ കടപ്പാട്: കൌണ്ടര്‍ കറന്റ്സ്


 
ഇടതുപക്ഷമേ വാ തുറക്കുക
നിലനില്‍പ്പിനുവേണ്ടിയുള്ള സമരങ്ങള്‍ ചരിത്രത്തില്‍ സംഭവിക്കുമ്പോള്‍ നമ്മള്‍, പ്രത്യേകിച്ച് കേരളീയര്‍ തീര്‍ച്ചയായും മിഴികള്‍ തിരിയ്ക്കുന്നത് ഇടത്തേയ്ക്കാണ്. കാരണം ഇടതുപക്ഷമാണ് മര്‍ദ്ദിതരുടെയും പീഡിതരുടെയും അശരണരുടെയും പ്രഖ്യാപിത രാഷ്ട്രീയ അഭയവും ആശ്രയവുമാവേണ്ടത്. ഇല്ലാത്തവന്റെ ശബ്ദമാണത്. ഉള്ളവന്റെ കൊടുംചൂഷണത്തിനെതിരെ നില്‍ക്കേണ്ട ചങ്കൂറ്റമുള്ള ചൂണ്ടുവിരലായിരിക്കണമത്. വര്‍ഗ്ഗസമരങ്ങളും അതിജീവനസമരങ്ങളും നിരന്തരം നടത്തിയാണ് ഇടതുപക്ഷം അങ്ങനെയൊരു ഖ്യാതി നേടിയെടുത്തത്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും ഒരു ജനകീയസമരമെന്ന നിലയില്‍ കൂടംകുളം പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടെന്തെന്ന് ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.

പക്ഷേ, സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള പ്രധാന ഇന്ത്യന്‍ ഇടതുപക്ഷം കക്ഷിരാഷ്ട്രീയപ്രാധാന്യം കുറഞ്ഞ ജനകീയസമരങ്ങളോട് പൊതുവെ മുഖം തിരിയ്ക്കുന്നവരാണെന്ന സത്യം കൂടംകുളം അരക്കിട്ടുറപ്പിക്കുന്നു. തമിഴ്നാട്ടില്‍ ദുര്‍ബലരായ സി.പി.എം തങ്ങളുടെ വേരുകള്‍ തമിഴ്മണ്ണില്‍ പടര്‍ത്തുവാനെങ്കിലും കൂടംകുളം സമരത്തെ പിന്തുണയ്ക്കുമെന്ന് കരുതിയവര്‍ ഒരുപാടുണ്ടായിരുന്നു. പക്ഷേ ഇതുവരെയുള്ള സാഹചര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, നിശബ്ദമായി അരാഷ്ട്രീയത ആരോപിച്ച് അര്‍ഥഗര്‍ഭമായ മൌനമാചരിയ്ക്കാനാണ് സി.പി.എം തമിഴ് ഘടകവും ഇന്ത്യന്‍ മാര്‍കിസ്റ് പാര്‍ട്ടിയൊന്നാകെയും തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമായിരിയ്ക്കുന്നു.

വ്യക്തിപരമായ സ്വഭാവസവിശേഷതകളും ധാര്‍ഷ്ഠ്യങ്ങളും എത്ര കണ്ട് അടക്കിഭരിച്ചാലും ഉള്ളിന്റെയുള്ളില്‍ ഒരു ഫണ്ടമെന്റല്‍ കമ്മ്യൂണിസ്റ് ഇന്നും അവശേഷിക്കുന്നുവെന്ന് തെളിയിച്ച് വി.എസ്. അച്യുതാനന്ദന്‍ മാത്രമാണ് ഇടതുപക്ഷത്ത് നിന്ന് കൂടംകുളത്തെ അനുകൂലിച്ചത്. ഇന്ത്യന്‍ ഇടത് ലോകത്തില്‍ വി.എസ് ഒരേയൊരു വി.എസ് ആയിനില്‍ക്കുന്നത്, ആശാദായകമായ ഒരു കമ്മ്യൂണിസ്റ് ജനിതകത്തിന്റെ അവസാന ശേഷിപ്പായി തിളങ്ങുന്നത് അതുകൊണ്ടാണ്.

പക്ഷേ പാര്‍ട്ടിയില്‍ അനഭിമതനായ നേതാവെന്ന നിലയില്‍ മറ്റു പല വിഷയങ്ങളിലുമെന്ന പോലെ, കൂടംകുളം വിഷയത്തിലും വി.എസിന്റെ കാലുകളിലും
നാവിലും അച്ചടക്കത്തിന്റെ ചങ്ങല വീഴുന്നതാണ് നാം പിന്നീട് കണ്ടത്. കമ്മ്യൂണിസ്റ് പാര്‍ട്ടി പല നിര്‍ണായകസാഹചര്യങ്ങളിലും സാധാരണക്കാരന്‍
പ്രതീക്ഷിക്കുന്നതില്‍നിന്ന്, അവന്റെ സങ്കല്‍പ്പത്തില്‍നിന്ന് വ്യത്യസ്തമായി സ്ഥാപിതതാല്പര്യങ്ങളോടെയായിരിക്കും പ്രവര്‍ത്തിക്കുക എന്നതിന് ഒരു തെളിവുകൂടി കൂടംകുളം സമരം നല്‍കി.

 

പൊലീസ് നടപടിക്കുശേഷം ഫോട്ടോ കടപ്പാട്: കൌണ്ടര്‍ കറന്റ്സ്


 
ചാക്കാല ഉണ്ണാന്‍ കാത്തിരിക്കുന്നവര്‍
2000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള കൂടംകുളം ആണവനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 925 മെഗാവാട്ട് വൈദ്യുതി തമിഴ്നാടിനും
266 മെഗാവാട്ട് വൈദ്യുതി കേരളത്തിനുമെന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. തങ്ങള്‍ക്ക് 266 മെഗാവാട്ട് പോരാ, 500 മെഗാവാട്ട് വൈദ്യുതി നല്‍കണമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയ്ക്ക് പലതവണ കത്തയച്ചുകഴിഞ്ഞു. കത്തിലെ പ്രധാന വാദമിതാണ് : “കൂടംകുളം ആണവനിലയത്തില്‍ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്നാടിനേപ്പോലെതന്നെ അപകടഭീഷണി കേരളത്തിനുമുണ്ട്, അതിനാല്‍ കേരളം 500 മെഗാവാട്ടിന് അര്‍ഹരാണ്!”

എത്ര വിചിത്രമായ പ്രശ്നപരിഹാരങ്ങള്‍! കൂടംകുളത്ത് അപകടമുണ്ടായാല്‍ തങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍ അക്കാരണം കൊണ്ടുതന്നെ നിലയത്തെ എതിര്‍ക്കുകയല്ലേ വേണ്ടത്? അല്ലാതെ വരാനിരിയ്ക്കുന്ന ദുരന്തത്തിന് ഇപ്പോഴേ നഷ്ടപരിഹാരം വാങ്ങിക്കൊണ്ട് ദുരന്തത്തെ കാത്തിരിയ്ക്കുകയല്ല മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്.

കൂടംകുളത്ത് അപകടമുണ്ടായാല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും പല തലമുറകളിലേയ്ക്ക് പടരുന്ന അപകടകരമായ അണുവികിരണം തീര്‍ച്ചയായും കേരളജനതയെ ഒട്ടാകെ കാലങ്ങളിലേയ്ക്ക് ബാധിയ്ക്കും. കാരണം മലയാളിയുടെ നിത്യജീവിതഭക്ഷണസ്രോതസ് തമിഴ്നാട് ആണ്. കൂടംകുളം ആണവനിലയത്തില്‍ ഭാവിയില്‍ സംഭവിച്ചേയ്ക്കാവുന്ന ഒരു ദുരന്തം നേരിട്ട് ആദ്യം ബാധിയ്ക്കുന്ന പ്രധാന പട്ടണങ്ങളിലൊന്ന് തിരുവനന്തപുരമായിരിയ്ക്കുമെന്ന് അരുണാ റോയി സാക്ഷ്യപ്പെടുത്തുന്നു.

ഈ സത്യങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ട് ഇവയ്ക്ക് പരിഹാരമായി ഞങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി വേണമെന്ന് പറയുന്ന കേരളം കൊലച്ചോറില്‍ തങ്ങള്‍ക്കുള്ള വിഹിതം കുറഞ്ഞുപോയി എന്ന് കലഹിക്കുന്ന നീചനിഷാദരാകുന്നു. വലിയ മാംസഭുക്കുകള്‍ കടിച്ചുകുടഞ്ഞ് ഉപേക്ഷിച്ചുപോകുന്ന ഇരയുടെ മാംസാവശിഷ്ടങ്ങള്‍ക്കും രക്തത്തുള്ളികള്‍ക്കുമായി കാത്തിരിക്കുന്ന കുറുക്കന്മാരായിരിക്കുക എന്നത് കേരളസമൂഹത്തിന് അപമാനകരമാണ്.

ഒരു പക്ഷേ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് എന്നീ സങ്കല്‍പ്പങ്ങളുടെ വീക്ഷണകോണുകളില്‍ ബാലിശവും അപ്രായോഗികവും എന്ന് തോന്നാവുന്ന അഭിപ്രായമാണ് ഞാനിവിടെ മുന്‍പോട്ട് വെയ്ക്കുന്നത്. പക്ഷേ മാനുഷികതയുടെ വീക്ഷണകോണില്‍ ഇതിനേക്കാള്‍ മഹത്തായ തീരുമാനം ഈ പ്രത്യേകസാഹചര്യങ്ങളില്‍ വേറെയുണ്ടായിരിക്കില്ല എന്നുറപ്പുണ്ട്.

ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം ഇത്തരമൊരു നിലപാടെടുത്താല്‍ ഈ പ്രശ്നം പുതിയൊരു രാഷ്ട്രീയമാനം കൈവരിയ്ക്കുമെന്നും കൂടുതല്‍ ദേശീയശ്രദ്ധ ഈ വിഷയത്തില്‍ ലഭിയ്ക്കുമെന്നുമുള്ള പ്രതീക്ഷയോടെ പറയട്ടെ: നമുക്ക് ഈ വൈദ്യുതി വേണ്ട എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു ജനതയുടെ ജീവിതസമരത്തില്‍ പങ്ക് കൊള്ളുവാനുള്ള ആര്‍ജവം കേരളവും അതിന്റെ ഭരണകൂടവും പ്രകടിപ്പിക്കേണ്ടതുണ്ട്. എങ്കിലേ നമുക്ക് പ്രബുദ്ധജനത എന്ന് ആത്മാഭിമാനം കൊള്ളാനാവൂ.

 
 
ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

കൂടംകുളത്ത് നടക്കുന്നതെന്ത്?

കൂടംകുളത്തേക്കുള്ള പാത

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു
 
 
 
 

എമര്‍ജിങ് കേരള: വിനാശത്തിന്റെ മറ്റൊരു വഴി

 
 
 
 
എമര്‍ജിങ് കേരളയുടെ ലക്ഷ്യവും രാഷ്ട്രീയവും.
സിആര്‍. നീലകണ്ഠന്‍ എഴുതുന്നു

 
 

പഴയ ജിം എന്നത് അല്‍പ്പം മാറ്റി. പകരം ‘എമര്‍ജിങ് കേരള’ (ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളം) എന്നാക്കി. ബോറടിച്ചതുകൊണ്ടാവാം പേരു മാറ്റിയത്. മറ്റൊരു കാരണവുമുണ്ടാകാം. ഏറെ ആഘോഷത്തോടെ 2003ല്‍ നടത്തിയ നിക്ഷേപകസംഗമത്തില്‍ നിരത്തി (വില്‍പ്പനക്കു) വച്ച ഒരൊറ്റ പ്രധാന പദ്ധതിപോലും നടപ്പായില്ലായെന്ന സത്യം ഇവര്‍ക്കറിയാം. അതുകൊണ്ടു ‘അറംപറ്റിയ’ ആ പേരു മാറ്റിയതാകാം. നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ക്ക് പഴയ ജിം പദ്ധതികളുമായുള്ള സാമ്യം കേവലം യാദൃശ്ചികമല്ല എന്നു കാണാം. ഇവിടെ ചില മെഗാ പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒപ്പം ഉല്‍പാദന സേവനമേഖലകളിലെ ഒട്ടനവധി പദ്ധതികളുമുണ്ട്. മിക്ക പദ്ധതികളുടെയും പ്രധാന ലക്ഷ്യം കച്ചവടമാണ്. അതിലൊന്നാം സ്ഥാനം പതിവുപോലെ കേരളത്തിന്റെ ഭൂമിക്കാണ്. പിന്നെ മണ്ണ്, മണല്‍, ധാതുക്കള്‍, പൊതുആസ്തികള്‍, ജലം, ജൈവവൈവിധ്യം… അങ്ങനെ പലതും വരുന്നു- പ്രമുഖ ആക്റ്റിവിസ്റ്റ് സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

 

 

ചരിത്രം ആവര്‍ത്തിക്കുന്നുവെങ്കില്‍ അതു ‘കോമാളിത്തര’മായിട്ടായിരിക്കുമെന്നു പ്രവചിച്ചത് കാള്‍ മാര്‍ക്സാണല്ലോ. ഇവിടെ നാമതു കാണുന്നു. എല്ലാം
പഴയതുപോലെ കേരളത്തെ 9 വര്‍ഷം പുറകോട്ട് കൊണ്ടുപോകുന്നു. 2003ല്‍ കൊച്ചിയില്‍ ഒരു ‘ജിം’ (ആഗോള നിക്ഷേപക സംഗമം) നടത്തിയതോര്‍ക്കുന്നില്ലേ? അതിന്റെ തനിയാവര്‍ത്തനം തന്നെ.

സി.ആര്‍ നീലകണ്ഠന്‍


അതേ വീഞ്ഞ്, അതേ കുപ്പി
പഴയ കലാകാരന്മാരില്‍ മിക്കവരും ഉണ്ട്. മുഖ്യഗായകന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിതന്നെ. ചെറിയൊരു മാറ്റം മുഖ്യമന്ത്രിയില്‍, ഇപ്പോള്‍ സുതാര്യ കേരളവും അതിവേഗം ബഹുദൂരവും ഒക്കെ വഴി ജനപ്രിയനായ ഉമ്മന്‍ചാണ്ടിയാണ് ആ സ്ഥാനത്ത്. പഴയ ജിമ്മിന്റെ കാലത്ത് ആ സ്ഥാനത്ത് എ.കെ. ആന്റണിയായിരുന്നു. ആന്റണി പിന്തുണയുമായി ദില്ലിയില്‍ നിന്നെത്തുമായിരിക്കും. പഴയ പക്കക്കാരിലെ പ്രധാനിയായ ടി. ബാലകൃഷ്ണന്‍ (കൊക്കകോള -ഭൂപരിധി -ആറന്മുള -കിനാലൂര്‍ ഫെയിം) ഇപ്പോഴും പുതിയ പദവിയിലിരിക്കുന്നു. കേരളത്തിലെ ഭൂമിവ്യാപാരം നിയന്ത്രിക്കുന്ന ‘ഇന്‍കെല്‍’ എന്ന സ്ഥാപനത്തിന്റെ തലപ്പത്താണ് ടിയാന്‍.

എന്നാല്‍ പഴയ ജിം എന്നത് അല്‍പ്പം മാറ്റി. പകരം ‘എമര്‍ജിങ് കേരള’ (ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളം) എന്നാക്കി. ബോറടിച്ചതുകൊണ്ടാവാം പേരു മാറ്റിയത്. മറ്റൊരു കാരണവുമുണ്ടാകാം. ഏറെ ആഘോഷത്തോടെ 2003ല്‍ നടത്തിയ നിക്ഷേപകസംഗമത്തില്‍ നിരത്തി (വില്‍പ്പനക്കു) വച്ച ഒരൊറ്റ പ്രധാന പദ്ധതിപോലും നടപ്പായില്ലായെന്ന സത്യം ഇവര്‍ക്കറിയാം. അതുകൊണ്ടു ‘അറംപറ്റിയ’ ആ പേരു മാറ്റിയതാകാം. എന്നായാലും പഴയ ശൈലി ഉപയോഗിച്ചുപറഞ്ഞാല്‍ വീഞ്ഞും കുപ്പിയും പഴകിയത്. ലേബല്‍ മാത്രം പുതിയത് എന്ന് തന്നെ. പരിപാടി നടക്കുന്ന സ്ഥലം പോലും മാറിയിട്ടില്ല. പരമ ദരിദ്രര്‍ക്കുപോലും എപ്പോഴും കയറിച്ചെല്ലാവുന്ന ഗള്‍ഫാര്‍ മുഹമ്മദാലിയുടെ ലെമെറിഡിയന്‍ ഹോട്ടല്‍ തന്നെ! 2012 സെപ്റ്റംബര്‍ 12 മുതല്‍ 14 വരെയാണിത് നടക്കുക.

 

 

വരൂ, നമുക്ക് വികസിക്കാം!
എന്തിനാണ് ഈ അധ്വാനം എന്നതിനെപ്പറ്റി പല തവണ എഴുതിയതെല്ലാം ഇപ്പോഴും ആവര്‍ത്തിക്കുന്നു. കേരളത്തിന്റെ പ്രകൃതിദത്ത പ്രത്യേകതകള്‍, സാമൂഹ്യവികസനരീതികള്‍, സമത്വാധിഷ്ഠിത രാഷ്ട്രീയസമീപനം… ഇനിയാകെ വേണ്ടത് ‘നിക്ഷേപകര്‍’ മാത്രം. പണവും കൊണ്ടുവന്ന് ഇന്നാട്ടിലെ സമൃദ്ധങ്ങളായ മനുഷ്യപ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ വികസിക്കുക. കൂടെ എന്തെങ്കിലും നമുക്കും കിട്ടണം. കേരളത്തെ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനം ആക്കലും ആഗോളസാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഹബ് ആക്കലുമാണ് ഇതിന്റെ പ്രഖ്യാപിതലക്ഷ്യമായി പറയുന്നത്. ഇതുവഴി സമത്വാധിഷ്ഠിതമായ ഒരു സാമൂഹ്യസാമ്പത്തികവളര്‍ച്ച ഉണ്ടാകുമത്രേ!

മൂലധനകേന്ദ്രീകരണംകൊണ്ട് എവിടെയെങ്കിലും സമത്വം ഉണ്ടായിട്ടുണ്ടോ എന്നു ചോദിക്കരുത്. ഈ ഇടപാടില്‍ പങ്കാളികളാക്കുന്നവര്‍ക്കെല്ലാം സമത്വാധിഷ്ഠിതമായി കൊള്ള നടത്താന്‍ കഴിയുമെന്നായിരിക്കും പറയുന്നത്. എന്നായാലും, കേരളത്തെ വില്‍ക്കാന്‍ വേണ്ടി ഷോക്കേസില്‍ വയ്ക്കുന്നുവെന്നാണിവര്‍ അവകാശപ്പെടുന്നതും എന്നുപറയാം. കേരള സര്‍ക്കാരിലെ വ്യവസായ വകുപ്പും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കേരള ഘടകവും നാനോകോളും (സോഫ്ട് വെയര്‍സേവനനദാതാക്കളുടെ അഖിലേന്ത്യാ സംഘടന) ചേര്‍ന്നാണിതൊരുക്കുന്നത്. ബിസിനസ് യോഗങ്ങള്‍, ഉഭയകക്ഷി (പുറത്തുള്ള ബിസിനസുകാരും ഇന്ത്യയിലെ ബിസിനസുകാരുമായുള്ള ബി2ബി യും ബിസിനസുകാരും സര്‍ക്കാരുമായുള്ള ബി2ജിയും) ചര്‍ച്ചകള്‍, മേഖല തിരിച്ചുള്ള വട്ടമേശസമ്മേളനപരിപാടികള്‍, കലാപരിപാടികള്‍… ഒക്കെയുള്ള പരിപാടിയാണത്.

മാന്ദ്യകാലത്തെ മഹാമേള
ഇവിടെ ദോഷൈകദൃക്കുകള്‍ക്ക് ചില പ്രാഥമികസംശയങ്ങളുണ്ടാകാം. ആഗോളസമ്പദ്ഘടന കത്തിനില്‍ക്കുന്ന കാലത്താണ് 2003ലെ ജിം നടന്നത് എന്നിട്ടെന്തുണ്ടായി? ഒന്നുമുണ്ടായില്ല. ഇപ്പോള്‍ ആഗോളതലത്തില്‍ മഹാമാന്ദ്യത്തിന്റെ കാലമാണ്. യൂറോപ്പിന്റെ അന്ത്യശ്വാസം നമുക്കു കേള്‍ക്കാം. അവര്‍ക്ക് ജീവന്‍ നല്‍കണമെങ്കില്‍ മൂന്നാംലോകത്ത് നിന്നും (പ്രത്യേകിച്ചും ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക…) വിഭവങ്ങള്‍ കിട്ടണം. ലാറ്റിനമേരിക്കയൊന്നും പഴയതുപോലെ വഴങ്ങുന്നില്ല. ആഫ്രിക്കയും ഗുണത്തിലല്ല. ആകെയുള്ളത് ഇന്ത്യയും ചൈനയുമാണ്. ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളും കേരളത്തിന്റെ കമ്പോളവും ആഗോളമൂലധനത്തിനു പ്രധാനമാണെന്നതിനാല്‍ അതിനായി എന്ത് അടവും പ്രയോഗിക്കാന്‍ ഇവര്‍ തയ്യാറാകും. വളരെ ഉയര്‍ന്ന വിഹിതം നമ്മുടെ ഭരണകര്‍ത്താക്കളായ ഇവരുടെ ഏജന്റുമാര്‍ക്ക് ലഭിക്കുന്നു. ഇതിനെ മഹാ വികസന കാഹളമെന്നവര്‍ പ്രകീര്‍ത്തിക്കുന്നു. ജിമ്മിന്റെ ബാക്കിപത്രം എന്തെന്നു പറയാനുള്ള ബാധ്യതയെങ്കിലും ഇവര്‍ക്കില്ലേ!

പാരിസ്ഥിതിക സന്തുലനം, സാമൂഹ്യസമത്വം തുടങ്ങിയ വാക്കുകള്‍ ഇടക്കിടക്ക് ആവര്‍ത്തിക്കുന്നതുകൊണ്ടെന്തു കാര്യം? നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളിലാണ് അതു കാണേണ്ടത്. വിശദമായ ഒരു പരിശോധനക്ക് തല്‍ക്കാലം മുതിരുന്നില്ല. എങ്കിലും ചില പൊതുസമീപനങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ക്ക് പഴയ ജിം പദ്ധതികളുമായുള്ള സാമ്യം കേവലം യാദൃശ്ചികമല്ല എന്നു കാണാം. ഇവിടെ ചില മെഗാ പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒപ്പം ഉല്‍പാദന സേവനമേഖലകളിലെ ഒട്ടനവധി പദ്ധതികളുമുണ്ട്. മിക്ക പദ്ധതികളുടെയും പ്രധാന ലക്ഷ്യം കച്ചവടമാണ്. അതിലൊന്നാം സ്ഥാനം പതിവുപോലെ കേരളത്തിന്റെ ഭൂമിക്കാണ്. പിന്നെ മണ്ണ്, മണല്‍, ധാതുക്കള്‍, പൊതുആസ്തികള്‍, ജലം, ജൈവവൈവിധ്യം… അങ്ങനെ പലതും വരുന്നു.

 

 

വില്‍പ്പനത്തട്ടില്‍ പദ്ധതികള്‍
വന്‍പദ്ധതികളില്‍ പ്രകൃതിവാതകാധിഷ്ഠിത പദ്ധതികളുണ്ട്. കൊച്ചിയില്‍ വരുന്ന പ്രകൃതിവാതക ടെര്‍മിനലും മംഗലാപുരം ബാംഗളൂരു പൈപ്പ്ലൈനുകളും നിര്‍മ്മാണം പൂര്‍ത്തിയായാലുള്ള സാധ്യതകളാണിത്. നഗരങ്ങളില്‍ പാചകവാതക വിതരണം, കെ. എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പ്രകൃതിവാതകമടിക്കാനുള്ള സൌെകര്യം, പ്രധാന പൈപ്പ്ലൈനില്‍നിന്നും ചെറുകിട പൈപ്പുകളിടല്‍, വാതകാധിഷ്ഠിതകമ്പനികള്‍, ചെറുതും വലുതുമായ കമ്പനികള്‍ മുതലായവ ഇതില്‍പെടുന്നു.

കൊച്ചിയില്‍നിന്നുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്ഥലമെടുപ്പുപോലും നടത്തിയിട്ടില്ല. എങ്കിലും എന്തെങ്കിലും വരുമെന്നു കരുതാം. ചീമേനി താപനിലയമാണ് ഒരു വന്‍പദ്ധതിയായി ഇനി നില്‍ക്കുന്നത്. അതിനെതിരായി ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. നിലയത്തിനു വന്‍തോതില്‍ ജലം വേണം. അത് കാര്യങ്കോട് പുഴയില്‍ നിന്നെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്വകാര്യ മേഖലയില്‍ വരുന്ന ഒരു നിലയത്തിനാവശ്യമായ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ നല്‍കും. വെള്ളവും നല്‍കും. പക്ഷെ കമ്പനി ലാഭമുണ്ടാക്കും. പ്രകൃതി വാതകം വഴിയുള്ള വൈദ്യുതി ചിലവു കുറഞ്ഞതാണെന്നതാണല്ലോ എന്നതാണ് ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം.

കായംകുളത്ത് (മുമ്പ് കണ്ണൂരിലെ ഇരിണാവിലും) നാഫ്ത ഉപയോഗിച്ച് താപനിലയം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത് ഇതിന്റെ വില വളരെ കുറവായിരിക്കുമെന്നാണ്. കാരണം അന്നു നാഫ്തയ്ക്ക് വില വളരെ കുറവായിരുന്നു. എന്നാല്‍ കായംകുളം നിലയം പ്രവര്‍ത്തനമാരംഭിച്ചപ്പോഴേക്കും നാഫ്ത വില നാലിരട്ടിയിലധികമായി. അന്താരാഷ്ട്ര കമ്പോളം വില നിശ്ചയിക്കുന്നവയാണ് നാഫ്ത പോലെയുള്ള പ്രകൃതി വാതകവും. അതുകൊണ്ടു തന്നെ ചീമേനി താപനിലയം വരുമ്പോഴേക്കും വാതക വില എത്രയാകുമെന്നാര്‍ക്കറിയാം? എന്തായാലും 2000 കോടി രൂപയുടെ ‘നിക്ഷേപ സാധ്യത’ ഈ മേഖലയിലുണ്ടത്രേ!

കോരിത്തരിക്കാന്‍ റെയില്‍ കോറിഡോര്‍
വിഴിഞ്ഞം തുറമുഖമാണ് മറ്റൊന്ന്. പഴയ എക്സപ്രസ് ഹൈവേക്കു പകരം ഇത്തവണ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍. കണ്ടോ, നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിക്കും. 650 കി.മി ദൂരം (കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ) കടക്കാന്‍ ആദ്യ ഘട്ടത്തില്‍ മൂന്നുമണിക്കൂര്‍. പിന്നീട് ഒന്നര മണിക്കൂറാകും. നിലവിലുള്ള റെയില്‍വെ ലൈനുമായി ഒരു ബന്ധവുമില്ലാതെ പുതുതായി സ്ഥലമെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതിക്കാവശ്യം കേവലം 1.5 ലക്ഷം കോടി രൂപ. ( 2ജി സ്പെക്ട്രം അഴിമതി തുകയേക്കാള്‍ ഇത്തിരി കുറവ്.)

തിരുവനന്തപുരം നഗരത്തിലെ മോണോ റെയില്‍ (കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ മീഡിയന് മുകളിലൂടെ പോകുന്ന റെയില്‍) മറ്റൊന്ന്. കാര്യമായി സ്ഥലമെടുപ്പ് വേണ്ട. 40 കി.മി വേഗതയുണ്ടാകും. ഒരു വണ്ടിയില്‍ 200 യാത്രക്കാര്‍ക്കു കയറാം. എന്നാല്‍ ഇതിന്റെ ചിലവ് വെറും 3408 കോടി മാത്രം. കൊച്ചി മെട്രോയും’ഷോകേസി’ല്‍ പ്രദര്‍ശനത്തിനുണ്ട്. ഡി.എം.ആര്‍.സി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ തുറന്ന ടെന്റര്‍ വഴിയാണല്ലോ കരാറുകാരെ തെരഞ്ഞെടുക്കുക!

 

 

ഇനി നമുക്ക് കുടിയൊഴിപ്പിച്ചു കളിക്കാം
വ്യവസായ വികസന മേഖലയെന്ന പേരില്‍ ദേശീയപാത നാല്‍പ്പത്തേഴിന്റെ ഇരുകരങ്ങളിലായ എറണാകുളം കോട്ടയം (!), തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ ധാരാളം ഭൂമി ഏറ്റെടുത്ത് കുത്തകകള്‍ക്കു നല്‍കലാണ് അടുത്ത പരിപാടി. ഹൈവേയില്‍നിന്ന് 25 കി.മി ഇരുവശത്തുമുള്ള പ്രദേശമാണ് ലക്ഷ്യം. ഭൂമി കുത്തകകള്‍ക്കു നല്‍കിയാല്‍ അവര്‍ക്കെന്തും ചെയ്യാം. തുച്ഛ വിലക്ക് എച്ച്.എം.ടി ഭൂമി ബ്ലൂ സ്റാര്‍ കമ്പനിക്കു നല്‍കിയിട്ട് മൂന്നു നാലു വര്‍ഷം കഴിഞ്ഞിട്ടും അവിടെ ഒരു കല്ലിടാന്‍ പോലും കഴിഞ്ഞിട്ടില്ല.

സുപ്രീംകോടതി വിധിയില്‍ ‘വ്യാവസായികാവശ്യങ്ങള്‍ക്കു മാത്രം’ എന്നു പറഞ്ഞതാണ് പ്രശ്നമാണ്. എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ ഇലക്ട്രോണിക് പാര്‍ക്ക് എന്നതാണ് മറ്റൊരു മെഗാ പദ്ധതി. നെല്‍പ്പാടം നികത്തിയും ജനങ്ങളെ കുടിയിറക്കിയും തല്‍ക്കാലം 334 ഏക്കല്‍ സര്‍ക്കാര്‍ എടുക്കുന്നു. ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ വ്യവസായമത്രേ ലക്ഷ്യം? ഇത് എത്ര മാത്രം അസാധ്യമാണെന്നാര്‍ക്കുമറിയാം. സ്മാര്‍ട്ട് സിറ്റിക്ക് ഇത്രയേറെ കൊട്ടിഘോഷിച്ച് സ്ഥലമെടുത്തിട്ട് എന്തുണ്ടായി? ആഗോള മാന്ദ്യകാലത്ത് ഏതു വ്യവസായി വരും?

ടൂറിസം കൊണ്ടാറാട്ട്
ടൂറിസം തന്നെ പതിവുപോലെ ഒന്നാം സ്ഥാനത്ത്. എല്ലാത്തിലും ഒരു മലപ്പുറം ^ കോട്ടയം^ ഇടുക്കി ടച്ചുണ്ട്. തിരൂരങ്ങാടിയില്‍ ബോട്ട് ക്ളബ്ബ്, മലപ്പുറം പാണക്കാട് വിപുലമായ ഹെല്‍ത്ത് സിറ്റി, പീരുമേട്ടില്‍ റിസോര്‍ട്ട് കൃഷി, വാഗമണ്‍ പുല്‍മേട്ടില്‍ സാഹസിക ടൂറിസം. പാണക്കാട്ടു വരുന്ന സമുച്ചയത്തിനായി 183 ഏക്കര്‍ സര്‍ക്കാര്‍ കരുതിവെച്ചിട്ടുണ്ട്. ഈ ഭൂമി അലിഗഡ് സര്‍വ്വകലാശാലക്കു നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം (എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലം) ഓര്‍ക്കുക. ഇതിനു പകരം പെരിന്തല്‍മണ്ണക്കടുത്തുള്ള (ഏലംകുളം) കുന്ന് അതിനു നല്‍കിയതിന്റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലാകുന്നു.

സ്വകാര്യ (ദേശിവിദേശി) കുത്തകകള്‍ക്ക് 183 ഏക്കര്‍ ഭൂമി നല്‍കും. അവര്‍ എഡ്യൂക്കേഷണല്‍ സിറ്റിയും ഹോട്ടലുകളും ഷോപ്പിങ് മാളുകളും സ്ഥാപിക്കും. ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, (മലപ്പുറത്ത് ഇത്തരമൊന്നിന്റെ കുറവുണ്ടല്ലോ) കാന്‍സര്‍ ആശുപത്രി (പെയിന്‍ പാലിയേറ്റീവ് ക്ളിനിക്കും). ഇതാവശ്യം തന്നെ, ഇന്നത്തെ ജീവിതശൈലിക്ക്. രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമായി താമസ സൌെകര്യം. പിന്നെ എല്ലാവര്‍ക്കുമായി ആഘോഷ വിനോദ മേഖലയും. ചുരുക്കത്തില്‍ രോഗ ചികിത്സക്കൊപ്പം ഒരുതരം അന്താരാഷ്ട്ര അടിച്ചുപൊളി ജീവിതവും. ഗോള്‍ഫ് ക്ലബുകൂടി ആകാമായിരുന്നു. അതിനിയും ആകാം. നിക്ഷേപകര്‍ക്കു വന്‍ ലാഭം, സമ്പന്നര്‍ക്ക് ആഹ്ളാദം, ഇതാണ് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളം.

 

 

ആട്ടിയോടിച്ചവ വീണ്ടും
കരിമണല്‍ ഖനനം (ആലപ്പുഴയില്‍) ജനങ്ങള്‍ തടഞ്ഞതാണ് പണ്ട്. എന്നാല്‍ അതിപ്പോള്‍ വീണ്ടും വരുമെന്നുറപ്പായി. അതിനുള്ള പദ്ധതികള്‍ ഇതിലുണ്ട്. ഇപ്പോള്‍ ഖനനം മൂലം നശിച്ച ആലപ്പാട് (കൊല്ലം) പ്രദേശത്തോടൊപ്പം ആലപ്പുഴയിലെ ആറാട്ടുപുഴയും, തൃക്കുന്നപുഴയും ചേര്‍ത്തിരിക്കുന്നു. ജനകീയ പ്രശ്നത്തിനു പരിഹാരം കാണാനുള്ള പദ്ധതികളുമുണ്ട്.

കേന്ദ്രീകൃത മാലിന്യ സംസ്കരണം, കൊച്ചി ബ്രഹ്മകുളം, കോഴിക്കോട് (ഞെളിയന്‍ പറമ്പ്) എന്നിവിടങ്ങളില്‍ യഥാക്രമം 500 ടണ്‍ 2005 ടണ്‍ മാലിന്യം വീതം പ്രതിദിനം ‘സംസ്കരിക്കുവാന്‍’ ശേഷിയുള്ള പ്ലാന്റത്രേ വരുന്നത്. കേരളത്തിലെല്ലായിടത്തും കേന്ദ്രീകൃത മാലിന്യ സംസ്കരണം വന്‍ പരാജയമാകുകയും ജനങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് തന്നെയാണ് വീണ്ടും നൂറുകണക്കിനു കോടികള്‍ മുടക്കുന്നത്!

കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്നതടക്കം നിരവധി പദ്ധതികള്‍ വേറെയുമുണ്ട്. എന്തായാലും ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും ശുദ്ധജലമോ ശുദ്ധഭക്ഷണമോ നല്‍കികൊണ്ടല്ല കേരളം ‘ഉയര്‍ത്തെഴുന്നേല്‍ക്കുന്നത’. മറിച്ച്, കുത്തകകള്‍ക്ക് കൊള്ള നടത്താനും സമ്പന്നര്‍ക്ക് ആര്‍മാദിക്കാനും അവസരമൊരുക്കിക്കൊണ്ടാണ്.

(‘ജാഗ്രതയുടെ കേരളീയം’ പ്രസിദ്ധീകരിച്ച കുറിപ്പ്)

 
 
 
RELATED ARTICLE

എമര്‍ജിങ് കേരളത്തില്‍ ഗള്‍ഫ് മലയാളിയുടെ ഇടം
 
 
 
 

ഭൂമിയുടെ മരണം ഒരു സാധ്യതയല്ല

വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്- ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചില ഓര്‍മ്മപ്പെടുത്തലുകള്‍. ഫൈസല്‍ ബാവ എഴുതുന്നു

 

 

“ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്‍്റെ സമന്വയം ബോധനത്തിന്‍്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്‍്ത്തിയാക്കാനാകൂ. മനുഷ്യന്‍്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം”
(സരളാ ബഹന്‍:- Revive our Dying Planet)

ഫൈസല്‍ ബാവ

ജീവന്‍്റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയുടെ മരണത്തെക്കുറിച്ച മുന്നറിയിപ്പുകളും സൂചനകളും നിരന്തരം അവഗണിച്ച നമ്മള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ മാത്രമാണിത്. വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്.

പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിക്കുന്നവ കൂടി നശിപ്പിക്കാന്‍ ആക്കം കൂട്ടുകയാണ് ഓരോ തലമുറയും.

കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നതിന്‍്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. ലോകത്തെ പ്രധാന മഴക്കാടുകള്‍ എല്ലാം ഭീഷണിയിലാണ്. ആമസോണ്‍ മേഖല കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത പാരിസ്ഥിതികാഘാതമാണ് നേരിടുന്നത്.

 

 

വികസനത്തിന്‍്റെ വിളി കാത്ത് കിടക്കുകയാണ് സൈലന്‍്റ്വാലി. ബയോവാലി പോലുള്ള പാദ്ധതികള്‍ കാത്തു കിടക്കുന്നു. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്‍്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതി .

44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമമാണ്. കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരിക്കോരിയോഴിക്കുന്ന കീട നാശിനികള്‍, വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ് ലോബി കയ്യറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, പുത്തന്‍ രോഗങ്ങള്‍, ഇങ്ങനെ നീളുന്നു കേരളത്തിന്‍്റെ വികസന വിശേഷങ്ങള്‍.
 


 
നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ് ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹൈഡ് വളരെ മുന്‍പ് തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” പുരോഗതി തന്നെയാണ് തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടരുകയാണ്.

കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ നമ്മുടെ പടിപ്പുറത്താണ്. അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്‍്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്‍്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്‍്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !

ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്‍കീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗവും മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.
 
.

 
കാലാവസ്ഥ വ്യതിയാനത്തിന്‍്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ് കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും.

ജെയ്താപൂരിലും കൂടംകുളത്തും ആണവ നിലയം സ്ഥാപിച്ച േഅടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം. ചെര്‍ണോബിലും, ത്രീമെന്‍ ഐലന്‍്റും നാം മറന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക് പിടിച്ചു കെട്ടാനാവുമെന്ന ചിന്ത എത്ര അപകടകരമാണ്. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവി ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ?

ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍.

POSTS ON ENVIRONMENT

തുണിസഞ്ചിക്കാരെ കൊണ്ടെന്ത് പ്രയോജനം?

കര്‍ഷകരുടെ മരണക്കുരുക്ക് തയ്യാറായത് ഇങ്ങനെ

ഒരു സിലിണ്ടര്‍ പ്രാണവായുവിന് എന്ത് വിലവരും?

ഒരു രൂപക്ക് അരിയും ഊരാക്കുടുക്കുകളും

കുടിയിറക്കല്‍ തകൃതിയായി, ഇനിയിത്തിരി പഠനമാവാം

ഈ മരത്തിലുണ്ടായിരുന്നു, ഭാവിയുടെ വിത്തുകള്‍

കുടിവെള്ളം വില്‍പ്പനച്ചരക്കായത് എങ്ങനെ?

മണ്ണിന്റെ ജലസംഭരണശേഷിയും ഭൂഗര്‍ഭജലത്തിന്റെ അളവും ഇടിയുകയാണ്. നമ്മുടെ പുത്തന്‍ ജീവിതരീതി ജലചക്രത്തെ തകര്‍ക്കുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യസമൂഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ദീര്‍ഘദര്‍ശികള്‍ മുന്നറിയിപ്പു നല്കുന്നു. കേരളവും എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. ഇതിനെ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപൊതുമണ്ഡലത്തില്‍ നിന്ന് ഉയര്‍ന്നു വരേണ്ടതുണ്ട് -എല്ലാവരുടേതുമായിരുന്ന കുടിവെള്ളം ചിലരുടേതു മാത്രമായി മാറിയത് എങ്ങിനെയെന്ന് പരിശോധിക്കുന്നു, വി. വിജയകുമാര്‍. കേരളം ഉടനടി ഉത്തരം കാണേണ്ട ചില ചോദ്യങ്ങള്‍ മുന്നോട്ടു വെക്കുന്നു

 

 

എസ്. ജോസഫിന്റെ ‘വെള്ളം’ എന്ന കവിതയില്‍ നിന്നും
“മുമ്പൊക്കെ ഞങ്ങള്‍ക്കൊന്നും കിണറില്ലാരുന്നു.
വെള്ളമെടുക്കാന്‍ കുന്‍ശന്മാരുടെ വീടുകളില്‍ പോണമാരുന്നു.
അവര്‍ മുറ്റത്തുനിന്നു തൊട്ടിയില്‍ വെള്ളം കോരും
ഞങ്ങള്‍ക്ക് താഴെനിന്ന് കവുങ്ങുംപാളയില്‍ കോരാം.
അല്ലെങ്കില്‍ പാടങ്ങള്‍ക്കു നടുവിലെ ഓലികളുണ്ട്.
ഒരു കൊടം വെള്ളത്തിനു പോണ അമ്മയോ അമ്മൂമ്മയോ
മിറ്റത്തുനിന്നുള്ള ഞങ്ങടെ വിളികളുടെ തുമ്പത്ത്
കെട്ടപ്പെട്ടിരുന്നു.
……………………………………………
ഇന്നു ഞങ്ങള്‍ക്കു കിണറുണ്ട്.
വെള്ളമില്ല
കിണറെടുത്തു ചെരിച്ചുവച്ച്
നാലുകൊടം വെള്ളമൂറ്റിയെടുത്തു”

വി. വിജയകുമാര്‍.

ജലസമൃദ്ധമായ പ്രദേശമാണ് കേരളം. മുന്നൂറു സെ.മീ മഴ വരെ ലഭിച്ചിരുന്ന പ്രദേശം. ധാരാളം നീര്‍ച്ചാലുകളും അരുവികളും പുഴകളും. പറമ്പുകളിലും തൊടികളിലും പാടങ്ങളിലുമെല്ലാം കിണറുകളും കുളങ്ങളും. എന്നാല്‍, വെള്ളത്തിന്മേലുള്ള അവകാശത്തില്‍ ജന്മിത്വവും ജാതിവ്യവസ്ഥയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജോസഫിന്റെ കവിതയിലെ ആദ്യഭാഗം ദളിതര്‍ക്ക് വെള്ളത്തിനു മേല്‍ എത്രമാത്രം അവകാശങ്ങളുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടല്ലോ. നവോത്ഥാനപ്രസ്ഥാനങ്ങളുടേയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം ജലത്തിനു മേലുള്ള അവകാശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കിടയിലുമായി വികേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്നുണ്ട്. ജീവവായുവെന്ന പോലെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഈ പ്രാഥമിക ഉപഭോഗവസ്തുവിന്മേലുള്ള അവകാശങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്യമാകുന്ന അവസ്ഥ ഏറ്റക്കുറച്ചിലുകളോടെയെങ്കിലും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഈ പ്രകൃതിവിഭവത്തിനു മേലുള്ള അധികാരാവകാശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കുമിടയില്‍ വികേന്ദ്രീകരിക്കപ്പെട്ടിരുന്നുവെന്നര്‍ത്ഥം.

 

പ്ലാച്ചിമട ദൃശ്യങ്ങള്‍: ഫോട്ടോ അജിലാല്‍

 

ജലവിതരണം കേന്ദ്രീകൃതമാവുന്നു
നഗരങ്ങളിലേയും ചെറുടൌണുകളിലേയും ജലവിതരണം പ്രാദേശികഭരണസമിതികള്‍ ഏറ്റെടുക്കുന്നതോടെയാണ് ജലവിതരണം ആദ്യമായി കേന്ദ്രീകൃതമാകുന്നത്. ജലം ശുദ്ധീകരിക്കുന്നതിനും മലിനീകരണം ഒഴിവാക്കുന്നതിനും കേന്ദ്രീകൃതപദ്ധതികള്‍ക്ക് കഴിയുമെന്നത് ശ്രദ്ധാര്‍ഹമായ കാര്യമാണ്. ജലജന്യരോഗങ്ങളെ തടയുന്നതിനും മറ്റും പൊതുവായ ജലവിതരണപദ്ധതികള്‍ക്കുള്ള മെച്ചത്തെ കുറിച്ച് ജെ.ബി.എസ്. ഹാള്‍ഡേനെ പോലുള്ള ജനകീയശാസ്ത്രകാരന്മാര്‍ എഴുതുന്നുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ കേന്ദ്രീകൃത ജലവിതരണപദ്ധതികളുടെ ഭാഗമായി പൊതുടാപ്പുകള്‍ സ്ഥാപിച്ചത് ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആശ്വാസമായിരുന്നു. പ്രാദേശികഭരണസമിതികള്‍ക്ക് ജലവിതരണം കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്നില്ലെന്നതിന്റെ പേരിലാണ് കേരളത്തില്‍ പിന്നീട് ജല അതോറിറ്റി രൂപീകരിക്കുകയും ഒരു ഉദ്യോഗസ്ഥവൃന്ദത്തെ ജലവിതരണത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്യുന്നത്. കേരളത്തില്‍ ഗ്രാമനഗരഭേദങ്ങള്‍ മാഞ്ഞു തുടങ്ങുന്നതോടെ കേന്ദ്രീകൃതജലവിതരണപദ്ധതികള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി.

ജനസംഖ്യയിലും ജനസാന്ദ്രതയിലുമുണ്ടായ വര്‍ദ്ധന മൂലം ജലോപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്, വനനശീകരണം, പാടങ്ങളും കുളങ്ങളും നികത്തുന്നത്, വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും വലിയ തോതില്‍ ജലം ഉപയോഗിച്ചു തുടങ്ങുന്നത്, മണ്ണിന്റെ ജലസംഭരണശേഷിയിലുണ്ടായ ഇടിവ്, വ്യാവസായികമാലിന്യങ്ങള്‍ ഒഴുക്കുന്നതു മൂലവും മറ്റും പുഴകളും തടാകങ്ങളും മലിനീകരിക്കപ്പെട്ടത് തുടങ്ങി പല കാര്യങ്ങളും ജലവിഭവത്തില്‍ വലിയ ശോഷണമുണ്ടാക്കി. (ജലവിഭവശേഷിയിലുണ്ടായ വലിയ ഇടിവിന്, ലാഭത്തെ മാത്രം മുന്നില്‍ കാണുന്ന മുതലാളിത്തത്തിന്റെ വികസനപദ്ധതികള്‍ക്ക് വലിയ പങ്കുണ്ട്.) ഇവയെല്ലാം കേന്ദ്രീകൃതമായ ജലവിതരണസംവിധാനങ്ങളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

 

പ്ലാച്ചിമട ദൃശ്യങ്ങള്‍: ഫോട്ടോ അജിലാല്‍

 

കിണറുകള്‍ മൂടിക്കളയുന്നു
റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ലാഭതാല്പര്യങ്ങള്‍ കിണറുകളുടേയും കുളങ്ങളുടേയും നീര്‍ത്തടങ്ങളുടേയും നികത്തലിന് ത്വരകമായിരുന്നു. കേന്ദ്രീകൃതജലവിതരണസംവിധാനം വഴി കുടിവെള്ളം ലഭ്യമാക്കുന്നതിന് കിണറുകള്‍ മൂടിക്കളയണമെന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ പോലും ഒരു കാലയളവില്‍ നടപ്പിലാക്കപ്പെട്ടിരുന്നു. വൈപ്പിനില്‍ വലിയ പ്രക്ഷോഭങ്ങളിലേക്കു നയിച്ച കുടിവെള്ളക്ഷാമത്തിനു തൊട്ടു മുമ്പ് കുടിവെള്ള പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വീടുകളിലെ കിണറുകളും കുളങ്ങളും മൂടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവത്രെ!

പിന്നെ, ജലവിഭവത്തിന്റെ ചൂഷണത്തിന് നിയമപരമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. പൊതുടാപ്പുകളില്‍ നിന്ന് വെള്ളമെടുക്കുന്നവര്‍ക്ക് കരമേര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെട്ടു. വെള്ളം വില കൊടുത്തു വാങ്ങേണ്ട പ്രകൃതിവിഭവമാണെന്ന കാര്യത്തില്‍ യോജിപ്പുകളുണ്ടായി. (ഇതോടൊപ്പം ജീവവായുവും ‘വിലയില്ലാത്ത’ പ്രകൃതിവിഭവമല്ലെന്നും അതിന്റേയും മൂല്യം നിര്‍ണ്ണയിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നുണ്ട്. വായു മലിനീകൃതമായ പ്രദേശങ്ങളില്‍ ഓക്സിജന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിലൂടെയും നഗരങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിലൂടെയും ലഭ്യമാകുന്ന ലാഭം കണക്കുകൂട്ടിത്തുടങ്ങിയിട്ടുണ്ട്. )

ദരിദ്രരായ ജനങ്ങള്‍ പൊതുടാപ്പുകളില്‍ നിന്നോ പ്രാദേശികമായ കൂട്ടായ്മകളിലൂടെ നിര്‍മ്മിക്കുന്ന ജലസ്രോതസ്സുകളില്‍ നിന്നോ ജലമെടുക്കുന്നതിന് ഉപയോഗച്ചെലവ് ഈടാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജലനിധി പോലുള്ള പില്ക്കാല പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇപ്പോള്‍, പൊതുടാപ്പുകള്‍ അടയ്ക്കുന്നതിനുള്ള തീരുമാനം തന്നെ മുന്നോട്ടുവയ്ക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുകയാണ്.

 

പ്ലാച്ചിമട ദൃശ്യങ്ങള്‍: ഫോട്ടോ അജിലാല്‍

 

കുടിവെള്ളം വില്‍പ്പനക്ക്
പുതിയ കേന്ദ്രജലനയത്തില്‍ സ്വകാര്യവല്ക്കരണത്തെ കുറിച്ചു നേരിട്ടു പറയുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് ജലവിതരണം സ്വകാര്യവല്ക്കരിക്കേണ്ടതല്ലേയെന്ന കോടതിയുടെ ചോദ്യവും ഉയരുന്നത്. എല്ലാ ജനവിഭാഗങ്ങളിലും പെട്ട ആളുകളും കുടിവെള്ളം വില കൊടുത്തു വാങ്ങട്ടെയെന്ന് എല്ലാ യജമാനന്മാരും ചേര്‍ന്നു തീരുമാനിക്കുകയാണ്. കിന്‍ലേയും അക്വാഫിനയും ഉള്‍പ്പെടയുള്ള കോര്‍പ്പറേറ്റു മുതലാളിമാര്‍ തുടങ്ങി ചെറുകിടകുത്തകകള്‍ വരെ കുടിവെള്ളവിതരണത്തിലൂടെ നേടാന്‍ കഴിയുന്ന ലാഭം ഉറപ്പിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാണ്.

ഒരിക്കല്‍ പെരിയാറിനെ മൊത്തമായി കുത്തകകള്‍ക്ക് വില്ക്കാനൊരുങ്ങിയവര്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും അറിയണം. കിണറുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് വലിയ ബോട്ടിലുകളാക്കി വില്ക്കുന്ന ഒരു വിഭാഗം കച്ചവടക്കാരും ഉയര്‍ന്നുവന്നിട്ടുണ്ട്. എല്ലാ മദ്ധ്യവര്‍ഗക്കാരുടെയും വീടുകളിലേക്ക് പത്രത്തോടും പാലിനോടുമൊപ്പം രണ്ടോ മൂന്നോ കുപ്പി കുടിവെള്ളം കൂടി വരുന്ന കാലം വിദൂരമല്ല. പാവങ്ങള്‍ എന്തുചെയ്യും?

 

പ്ലാച്ചിമട ദൃശ്യങ്ങള്‍: ഫോട്ടോ അജിലാല്‍

 

വരാനിരിക്കുന്നത് ജലയുദ്ധങ്ങള്‍
അധികാരവികേന്ദ്രീകരണത്തെ കുറിച്ചുള്ള എല്ലാ വാചകകസര്‍ത്തുകള്‍ക്കുമിടയിലും മനുഷ്യന് പ്രാഥമികമായി ആവശ്യമുള്ള പ്രകൃതിവിഭവങ്ങള്‍ പോലും കുത്തകകള്‍ക്കും കോര്‍പ്പറേറ്റു ശക്തികള്‍ക്കും അടിയറവയ്ക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ പൂര്‍ണ്ണമായി വികേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരാവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കുകയാണ്. ജലവിതരണത്തിനായി നടപ്പിലാക്കപ്പെട്ട പല പദ്ധതികളും സ്വകാര്യവല്ക്കരണത്തെ പിന്‍വാതിലിലൂടെ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. ജലനിധി പോലുള്ള പദ്ധതികള്‍ സ്വകാര്യമൂലധനശക്തികള്‍ക്കു കടന്നുവരാനുള്ള ‘സേഫ്റ്റിവാല്‍വു’കളായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വളരെ നേരത്തെ തന്നെ ചൂണ്ടികാണിക്കപ്പെട്ടിരുന്നു.

നമ്മുടെ ജലസ്രോതസ്സുകള്‍ വറ്റിവരളുകയാണ്. പേരാര്‍ അഴുക്കുചാലായി മാറിയിരിക്കുന്നു. കനോലികനാല്‍ പോലുള്ള പല തോടുകളും പുഴകളും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. കുളങ്ങളും തടാകങ്ങളും കായലുകളും വയലുകളും നികത്തപ്പെടുന്നു. കേരളത്തിലെ ഭൂവിസ്തൃതിയുടെ ഒരു വലിയ ഭാഗം നിരത്തുകള്‍ക്കു വേണ്ടി ടാറിട്ടു കഴിഞ്ഞിരിക്കുന്നു. ഊടുവഴികള്‍ പോലും ടാറിടുകയാണ്. വീടുകളുടെ മുറ്റം പൂര്‍ണ്ണമായും സിമന്റിടുകയോ ടൈലുകള്‍ നിരത്തുകയോ ചെയ്യുന്നു. വെള്ളം മണ്ണില്‍ കിനിഞ്ഞിറങ്ങാനുള്ള മാര്‍ഗങ്ങള്‍ അടയ്ക്കപ്പെടുകയാണ്.

മണ്ണിന്റെ ജലസംഭരണശേഷിയും ഭൂഗര്‍ഭജലത്തിന്റെ അളവും ഇടിയുകയാണ്. നമ്മുടെ പുത്തന്‍ ജീവിതരീതി ജലചക്രത്തെ തകര്‍ക്കുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യസമൂഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ദീര്‍ഘദര്‍ശികള്‍ മുന്നറിയിപ്പു നല്കുന്നു. കേരളവും എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. ഇതിനെ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപൊതുമണ്ഡലത്തില്‍ നിന്ന് ഉയര്‍ന്നു വരേണ്ടതുണ്ട്.

ഈ മരത്തിലുണ്ടായിരുന്നു, ഭാവിയുടെ വിത്തുകള്‍

മാഷ് പറഞ്ഞു തീരുംവരെ രാത്രികളില്‍ ഏറെ വൈകിയും കുട്ടികള്‍ ഒപ്പമിരിക്കുമായിരുന്നു. മാഷിനാകട്ടെ വിഷയങ്ങള്‍ പറഞ്ഞു തീരാറുമില്ല. ഓരോ സംശയത്തിനുമുള്ള ഉത്തരങ്ങള്‍ പറയുമ്പോള്‍ കാടും മേടും കടന്നു ഭൂമിയും ആകാശവും നക്ഷത്രങ്ങളും വരെയെത്തും മാഷുടെ സംസാരം. സ്ഥിതിവിവരക്കണക്കിനുള്ളില്‍ അല്ല മാഷുടെ പരിസ്ഥിതി പാഠം നിലനിന്നിരുന്നത്. അതിന്റെ സമഗ്രമായ തത്വശാസ്ത്രമായിരുന്നു മാഷുടെ ആയുധം. പരിസ്ഥിതിയുടെ രാഷ്ട്രീയം ഇത്രയേറെ ആഴത്തിലും പരപ്പിലും പഠിക്കുകയും ലളിതമായ ഭാഷയില്‍ അത് കുട്ടികളോടും അമ്മമാരോടും സംസാരിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല- കഴിഞ്ഞ മാസം 23ന് വിട പറഞ്ഞ പാരിസ്ഥിതിക ഗുരു ശിവപ്രസാദ് മാഷെക്കുറിച്ച് ഹരീഷ് വാസുദേവന്‍ എഴുതുന്നു.ചിത്രങ്ങള്‍: ഉണ്ണികൃഷ്ണന്‍ പേരാമ്പ്ര

 

 

ചില മുറിവുകള്‍ നമ്മെ ആഴത്തില്‍ വേദനിപ്പിക്കും. ഓര്‍മ്മയില്‍ തികട്ടുമ്പോഴൊക്കെ കുത്തിനോവിക്കും. അത്തരമൊരു വേദനയാണ് ശിവപ്രസാദ് മാഷുടെ മരണം ഉണ്ടാക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്ന ആ മരണ വാര്‍ത്തയുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് പതിയെ മുക്തമായെങ്കിലും, മാഷിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത ദിവസവും മനസിനെ വേദനിപ്പിക്കുന്നുണ്ട്. ആ വേദന ഏറെക്കുറെ അതെ അളവില്‍ അനുഭവിക്കുന്നവര്‍ ഒരുപാടുണ്ട് എന്നറിയുമ്പോള്‍ മാഷേപ്പറ്റി ചിലതെല്ലാം രേഖപ്പെടുത്തണം എന്ന് തോന്നി.

2012 ഫെബ്രുവരി 23 നു രാത്രി പത്തു മണിയോടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശിവപ്രസാദ് മാഷ് മരിക്കുന്നത്. “ആരാണ് ശിവപ്രസാദ് മാഷ്? നക്സലൈറ്റ് ആയിരുന്നെന്നോ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നെന്നോ ഒക്കെ കേള്‍ക്കുന്നു” എന്ന ചോദ്യം ചില പത്രസുഹൃത്തുക്കള്‍ ചോദിച്ചു.

 

ശിവപ്രസാദ് മാഷ്

 

കുളിച്ച പുഴയുടെ കുളിര്
മാഷ് ആരാണെന്നാണ് ഞാന്‍ പറയുക?ഒരു പുഴയില്‍ നീന്തിക്കുളിച്ച പയ്യനോട് പുഴയുടെ തുടക്കത്തെപ്പറ്റിയോ പതനത്തെപ്പറ്റിയോ ചോദിച്ചാല്‍ പറയാനാകുമോ? ആകെയറിയുക പുഴയില്‍ കുളിച്ചതിന്റെ കുളിരാണ്. ഏറിയാല്‍, കുളിച്ചിടത്തെ പുഴയുടെ ആഴമാണ്. അതുപോലെ എനിക്കറിയുക ഞാന്‍ കണ്ടുമുട്ടിയ ശേഷമുള്ള മാഷെപ്പറ്റി മാത്രമാണ്. പരിസ്ഥിതിയോടും മനുഷ്യനോടുമുള്ള മാഷുടെ സ്നേഹമാണ്, അറിവിന്റെ ആഴമാണ്. ആ അറിവിന്റെ പുഴയില്‍ വല്ലപ്പോഴും നീന്തിക്കുളിച്ച ഞങ്ങളില്‍ ചിലര്‍ അനുഭവിച്ച മനസിന്റെ കുളിരാണ്. അതിന്റെ വില അളക്കാനാവാത്തതാണ്.

ഹരീഷ് വാസുദേവന്‍

നിയമപഠന കാലത്ത് കോഴിക്കോട്ടെ ഒരു ക്യാമ്പിലാണ് ഞാനാദ്യം മാഷിന്റെ ക്ലാസ് കേള്‍ക്കുന്നത്. വിഴിഞ്ഞം തുറമുഖം അടക്കമുള്ള വന്‍ വികസനപദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ യുവാക്കളുടെ ഒരു സംഘം ഉണ്ടാക്കാനാണ് ഞാനാ ക്യാമ്പില്‍ എത്തിയത്. മാഷ് ചോദിച്ച രണ്ടു ചോദ്യങ്ങള്‍ എന്നെ അടിമുടി ഉലച്ചുകളഞ്ഞു. “മനുഷ്യന് ജീവിക്കാന്‍ ഒരു ദിവസം 13 കിലോ ജീവവായു വേണം. വിഴിഞ്ഞം തുറമുഖം വന്നാല്‍ എത്ര കിലോ ഓക്സിജന്‍ കൂടുതല്‍ ലഭിക്കും? എത്ര ലിറ്റര്‍ ശുദ്ധജലം കൂടുതല്‍ കിട്ടും? മനുഷ്യന്റെ നിലനില്‍പ്പിനുള്ള യാത്രയില്‍ ഇതുണ്ടാക്കുക ഗുണമാണോ ദോഷമാണോ എന്ന് സ്വയം വിലയിരുത്തുക”. അതുവരെ പരിസ്ഥിതിയെപ്പറ്റി ഉണ്ടായിരുന്ന ‘മരംവെപ്പ് വനസംരക്ഷണ’ സങ്കല്‍പ്പങ്ങളില്‍ നിന്നും അതെന്നെ ഏറെദൂരം മുന്നോട്ടു കൊണ്ടുപോയി.

അന്നുമുതല്‍ ഇന്നുവരെ ഒരച്ഛന്റെ വാത്സല്യവും സ്നേഹവും നല്‍കിയാണ് മാഷെന്നെ നയിച്ചത്. ഫുഡ് വെപ്പണ്‍, വെതര്‍ വെപ്പണ്‍, ഹൌെ ദി അദര്‍ ഹാഫ് ഡൈസ്, എന്നിങ്ങനെ പട്ടിണിയും പരിസ്ഥിതിയും അധിനിവേശവും രാഷ്ട്രീയവും ബന്ധപ്പെടുത്തുന്ന പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയതും മാഷാണ്. യുവാക്കള്‍ക്കായി നടന്ന ഒരു ക്യാമ്പില്‍ ആത്മഹത്യകള്‍ക്കെതിരെ പറഞ്ഞപ്പോള്‍ “നിങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യരുത്. എവിടെയും പോകാനില്ലെങ്കില്‍ എന്റെ വീട്ടിലേക്കു വരാം. എനിക്കുള്ള എല്ലാ സ്വാതന്ത്യ്രവും ഞാന്‍ കഴിക്കുന്ന ഭക്ഷണവും ഞാന്‍ മരിക്കുംവരെ നിങ്ങള്‍ക്കവിടെ ഉണ്ടാവും” എന്ന് മാഷ് പറഞ്ഞു. ആ സ്വാതന്ത്യ്രത്തില്‍ ഞങ്ങളില്‍ പല യുവാക്കളും പലതവണ മാഷിന്റെ വീട്ടില്‍ പോയി.മുത്തിള്‍ ചമ്മന്തി കൂട്ടി മാഷിന്റെ കൂടെ കഞ്ഞി കുടിച്ചു. ജോണ്‍സിക്കും ശിവപ്രസാദ് മാഷിനും ശേഷം അങ്ങനെ ഒരുറപ്പു പറയാന്‍ ഇനിയാരും കേരളത്തില്‍ അവശേഷിക്കുമെന്ന് തോന്നുന്നില്ല.

 

ശിവപ്രസാദ് മാഷ്

 

ഭക്ഷണം മുതല്‍ നക്ഷത്രങ്ങള്‍ വരെ
മാധ്യമയുക്തി നയിക്കുന്ന സമൂഹത്തില്‍ മനുഷ്യര്‍ ലേബലുകളില്‍ അറിയപ്പെടുമ്പോള്‍ മാഷിനു പറ്റിയ ലേബല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നതാണ്. ഇരുപതിലേറെ വര്‍ഷം കണ്ണൂരിലെ പാപ്പിനിശേരി ഹൈസ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു എന്ന് മാഷ് സ്വയം പരിചയപ്പെടുത്താറുണ്ട്. മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മാഷ് പിന്നീട് പഠിപ്പിച്ചുപോന്ന വിഷയങ്ങള്‍ക്ക് പക്ഷെ, കയ്യും കണക്കുമില്ല. സ്കൂളില്‍ പഠിപ്പിച്ചതിന്റെ പത്തോ ഇരുപതോ ഇരട്ടി കുട്ടികളെ മാഷ് വിരമിച്ചശേഷം പഠിപ്പിച്ചിട്ടുണ്ട്. ക്ലാസുകളിലൂടെ, പരിസ്ഥിതി ക്യാമ്പുകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിയുടെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. സൈലന്റ് വാലിയിലും ശിരുവാണിയിലും, ആറളത്തും നെല്ലിയാമ്പതിയിലുമായി നടന്ന നൂറിലേറെ ക്യാമ്പുകളില്‍ എത്രയെത്ര കുട്ടികളാണ് ആ അറിവിന്റെ അക്ഷയപാത്രം നുകര്‍ന്നിരിക്കുന്നത്.

മാഷ് പറഞ്ഞു തീരുംവരെ രാത്രികളില്‍ ഏറെ വൈകിയും കുട്ടികള്‍ ഒപ്പമിരിക്കുമായിരുന്നു. മാഷിനാകട്ടെ വിഷയങ്ങള്‍ പറഞ്ഞു തീരാറുമില്ല. ഓരോ സംശയത്തിനുമുള്ള ഉത്തരങ്ങള്‍ പറയുമ്പോള്‍ കാടും മേടും കടന്നു ഭൂമിയും ആകാശവും നക്ഷത്രങ്ങളും വരെയെത്തും മാഷുടെ സംസാരം. സ്ഥിതിവിവരക്കണക്കിനുള്ളില്‍ അല്ല മാഷുടെ പരിസ്ഥിതി പാഠം നിലനിന്നിരുന്നത്. അതിന്റെ സമഗ്രമായ തത്വശാസ്ത്രമായിരുന്നു മാഷുടെ ആയുധം. പരിസ്ഥിതിയുടെ രാഷ്ട്രീയം ഇത്രയേറെ ആഴത്തിലും പരപ്പിലും പഠിക്കുകയും ലളിതമായ ഭാഷയില്‍ അത് കുട്ടികളോടും അമ്മമാരോടും സംസാരിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല.

കൃഷി, ഭക്ഷണം, ആരോഗ്യം, രാഷ്ട്രീയം, ഭാഷ, പരിസ്ഥിതി, ഊര്‍ജ്ജം, വിപണി എന്നുവേണ്ട എല്ലാ വിഷയങ്ങളും അദ്ദേഹം ആഴത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയും, കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയും ചെയ്തിരുന്നു. ഇതില്‍ രാഷ്ട്രീയമൊഴിച്ചു ബാക്കിയോരോന്നും എങ്ങനെയാണ് രാഷ്ട്രീയവുമായി ബന്ധപ്പെടുന്നതെന്നും പരിസ്ഥിതിയുടെ വീക്ഷണ കോണില്‍ നിന്ന് എപ്പോഴും പറയാറുണ്ട്. ഒന്നൊന്നില്‍ തൊട്ടു തൊട്ട് അങ്ങനെ പോകുന്ന ആ ക്ലാസില്‍, ജീവിതത്തിന്റെ സമസ്ത മേഖലകളിലും വെളിച്ചം വീശുന്ന പാരിസ്ഥിതിക അറിവുകള്‍ ദര്‍ശനങ്ങളായി കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മാഷിനു കഴിഞ്ഞതിന്റെ തെളിവാണ് ജീവിതത്തില്‍ അവര്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ പലരും എഴുതി അയക്കുന്നതും അവ പ്രസിദ്ധീകരിക്കപ്പെടുന്നതും.

 

ശിവപ്രസാദ് മാഷ് ഒരു വനയാത്രക്കിടെ കുട്ടികളോട് സംസാരിക്കുന്നു

 

സ്ത്രീകളും കുഞ്ഞുങ്ങളും
“ജോണ്‍സിക്ക് ശേഷം, വീട്ടമ്മമാരെയും കുട്ടികളെയും ഇത്രയേറെ വിശ്വാസത്തിലെടുത്ത മറ്റൊരാള്‍ പരിസ്ഥിതി രംഗത്ത് ഉണ്ടായിട്ടില്ല” എന്ന് മാഷെപ്പറ്റി അനുസ്മരിച്ചത് സിവിക് ചന്ദ്രനാണ്. പ്രസവശുശ്രൂഷയെപ്പറ്റി, കുട്ടിയുടെ ആരോഗ്യത്തെപ്പറ്റി, അമ്മമാര്‍ കഴിക്കേണ്ട ധാന്യങ്ങളെപ്പറ്റി, കുട്ടികള്‍ക്ക് നല്‍കാവുന്ന ഇലക്കറികളെപ്പറ്റി, ചെറുധാന്യങ്ങളെപ്പറ്റി, കുട്ടികളുടെ ആരോഗ്യത്തിനായി അവ വിഷമില്ലാതെ നാം തന്നെ കൃഷി ചെയ്യേണ്ടതിനെപ്പറ്റി, അതിനു നാടന്‍ വിത്തുക്കള്‍ സംരക്ഷിക്കേണ്ടതിനെപ്പറ്റി, എന്ന് തുടങ്ങി അത് ചെന്നെത്തി നില്‍ക്കുക ഒന്‍പതു ധാന്യങ്ങളും മുപ്പതിലധികം പഴങ്ങളും പുഴുക്കുകളും, ഇലകളുമായി വൈവിധ്യം ഉണ്ടായിരുന്ന നമ്മുടെ ഭക്ഷണം മാറി നാമെങ്ങനെ മൂന്നുനേരം അരിയാഹാരികള്‍ ആയി മാറി എന്നിടത്താവും.

അവിടന്നും സഞ്ചരിച്ചാല്‍, ഭക്ഷണം ആയുധമാക്കി എങ്ങനെയാണ് ചിലര്‍ നമ്മുടെ വിപണിയും അതുവഴി നമ്മളെയും കീഴടക്കുന്നത് എന്ന ആഗോളരാഷ്ട്രീയ പ്രശ്നങ്ങളില്‍ ആവും സംസാരമെത്തുക. അവിടെ, വിഭവങ്ങളോടുള്ള മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ കടന്നു വരും, ഗാന്ധിയുടെ സ്വാശ്രയത്വം വരും, ഭാരതീയ പൈതൃകം വരും. എല്ലാം ഭൂമിയുടെ നിലനില്‍പ്പും മനുഷ്യന്റെ നിലനില്‍പ്പും ആയി ബന്ധപ്പെടുത്തി ലളിതമായി വിവരിച്ച് കൊച്ചു കുട്ടികള്‍ക്ക് പോലും മനസിലാകുംവിധം പറഞ്ഞുകൊടുത്തിരുന്നു,മാഷ്.

 

ശിവപ്രസാദ് മാഷ്

 

രാഷ്ട്രീയ ജാഗ്രത
ഇടതുജാഗ്രതയും പാരിസ്ഥിതികജാഗ്രതയും ഒരുപോലെ ലഭിച്ച ചിലരില്‍ ഒരാളാണ് മാഷ്. ഓരോരോ നയവ്യതിയാനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് അഭിപ്രായം പറയും. ‘ഡൌണ്‍ ടു എര്‍ത്തി’ന്റെ ഉടമസ്ഥരായ സി.എസ്.ഇയുടെ തലപ്പത്ത് എം.എസ് സ്വാമിനാഥന്‍ എത്തിയപ്പോള്‍, “ഇനിയീ മാസികയില്‍ പ്രതീക്ഷയില്ല. എനിക്കിത് ഇനി അയക്കേണ്ടതില്ല” എന്ന് മാഷ് തുറന്നെഴുതി. ‘ഡൌണ്‍ ടു എര്‍ത്ത്’ നല്‍കുന്ന സൂക്ഷ്മ ശാസ്ത്രവിവരങ്ങള്‍ അല്ല, അതിന്റെ രാഷ്ട്രീയമാണ് മാഷെ അതിന്റെ വായനക്കാരനാക്കിയത്. അനില്‍ അഗര്‍വാളിന്റെ രാഷ്ട്രീയമല്ല സ്വാമിനാഥന്റേത് എന്നറിയാവുന്നതിനാല്‍ മാഷ് അതു വെട്ടിത്തുറന്നു പറഞ്ഞു.

‘ഒരേ ഭൂമി ഒരേജീവന്‍’ എന്ന പരിസ്ഥിതി പരിരക്ഷണ മാസികയിലെ തന്റെ പ്രതികരണ കുറിപ്പിലൂടെ സമൂഹത്തിലെ ഓരോ പ്രശ്നങ്ങളോടും മാഷ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. നൂറുകണക്കിന് കുട്ടികളുമായി എഴുത്തിലൂടെ മാഷ് സംവദിച്ചു. ജോണ്‍സിക്ക് ശേഷം, കത്തുകളിലൂടെ പരിസ്ഥിതിയുടെ വര്‍ത്തമാനം ഇത്രയധികം കുട്ടികളുമായി പങ്കുവെക്കുന്ന ഒരേയൊരാള്‍ മാഷായിരുന്നു. മാഷ് പോയതറിയാതെ ഇന്നും വീട്ടിലെത്തുന്ന ചില കത്തുകള്‍ അതിന്റെ ദൃഷ്ടാന്തമാണ്.

കുറച്ചുവര്‍ഷങ്ങളായി സൈലന്റ് വാലിയിലെ ക്യാമ്പുകളില്‍ മാഷൊരു സ്ഥിരം സാന്നിധ്യമായിരുന്നു. നൂറുകണക്കിന് അധ്യാപകര്‍, കൃഷി ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍,വനംവകുപ്പ് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ ആളുകള്‍ മാഷിന്റെ ക്ലാസുകളില്‍ വിദ്യാര്‍ഥികളായി. മൂന്നോ നാലോ മണിക്കൂര്‍ ക്ലാസ് സശ്രദ്ധം കേട്ടശേഷം ആ അറിവിന് മുന്നില്‍ തങ്ങള്‍ ഒന്നുമല്ലെന്നും മാഷെപ്പോലെ പഠിക്കാന്‍ ശ്രമിക്കാറില്ലെന്നും ഏറ്റുപറഞ്ഞാണ് മിക്കവരും ക്യാമ്പ് വിടുക. അതവരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്നറിയുന്നത് വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ മാഷിനയക്കുന്ന കത്തുകളിലെ വരികളിലൂടെയാണ്. വീട്ടിലെ ഭക്ഷണത്തില്‍ തങ്ങള്‍ വരുത്തിയ മാറ്റവും, കുട്ടികള്‍ ടെറസില്‍ കൃഷി തുടങ്ങിയതും അവര്‍ കത്തെഴുതി അറിയിക്കും. ഇനിയുമിനിയും മാഷുടെ ക്ലാസ് വേണമെന്ന് ആവശ്യപ്പെട്ടാവും മിക്ക കത്തും അവസാനിക്കുക.

 

ശിവപ്രസാദ് മാഷും കുട്ടികളും. മാഷിന്റെ മുന്‍കൈയില്‍ ഇറങ്ങുന്ന 'ഒരേ ഭൂമി ഒരേ ജീവന്‍' മാസികയുടെ കവര്‍ ചിത്രം

 

ഭാവിയുടെ വിത്തുകള്‍
അറിവിന്റെ നിധിപേടകമായിരുന്നു മാഷ്. ഓരോ ചെടിയും മരവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ജീവികളുടെ മരങ്ങളുമായുള്ള ജൈവബന്ധം, മനുഷ്യര്‍ക്ക് ഉണ്ടാക്കുന്ന പ്രയോജനങ്ങള്‍, ആരോഗ്യസംരക്ഷണത്തില്‍ ഓരോ ചെടിയുടെയും ധര്‍മ്മവും അതിന്റെ ഉപയോഗവും, കാലാവസ്ഥാ അറിവുകള്‍ കൃഷിയിലും ആരോഗ്യത്തിലും, ജ്യോതിശാസ്ത്രം കൃഷിയിലും ആരോഗ്യത്തിലും എന്നിങ്ങനെ അനന്തമായിക്കിടക്കുന്നു വിജ്ഞാനത്തിന്റെ ആഴക്കടല്‍. ഇനിയുമേറെ പറയാനുണ്ടയിരുന്നു.

വിശ്രമമില്ലാതെ ഓടിനടന്നു ക്ലാസുകള്‍ എടുത്തതാണ് മാഷിന്റെ ആരോഗ്യം നശിപ്പിച്ചത്. വിശ്രമിക്കാന്‍ ഉപദേശിച്ച മക്കളോട് “തുരുമ്പെടുത്തു തീരണോ, തേഞ്ഞു തീരണോ എന്ന് ചോദിച്ചാല്‍ ഏതൊരായുധവും ആഗ്രഹിക്കുക തേഞ്ഞുതീരാനാണ്” എന്നായിരുന്നു മറുപടി. മാഷുടെ എഴുതാത്ത അറിവുകള്‍ മുഴുവന്‍ വായുവില്‍ ലയിച്ചു ചേര്‍ന്നു. “എല്ലാ ദിവസവും ഭൂമിയിലെത്തുന്ന വെയില്‍ പിടിച്ചുവെക്കാന്‍ പച്ചിലകള്‍ ഇല്ലെങ്കില്‍ ആ ഊര്‍ജ്ജമത്രയും പാഴായിപ്പോയി” എന്ന് പഠിപ്പിച്ച മാഷിന്റെ അറിവാകുന്ന വെയില്‍ ഇലകളാല്‍ പിടിച്ചെടുത്തിട്ടുണ്ട്, ഞങ്ങളില്‍ പലരും. കഴിയാവുന്ന രീതിയില്‍ പലരുമത് രേഖപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ, ഭാവി തലമുറയ്ക്ക് ആ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ പാകത്തിന് മാഷിന്റെ ക്ലാസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നത് സങ്കടകരമാണ്. ജോണ്‍സിയുടെ എന്നപോലെ ശിവപ്രസാദ് മാഷിന്റെയും അറിവുകള്‍ അവരുടെ ജൈവമരണത്തോടെ അവസാനിച്ചു.

 

ശിവപ്രസാദ് മാഷ്

 

രേഖപ്പെടുത്താത്ത വഴിയടയാളങ്ങള്‍
സൈലന്റ് വാലിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനു ശേഷമാണ് ആ കാടിന്റെ അളവറ്റ മൂല്യത്തെപ്പറ്റി പൊതുസമൂഹം അറിയുന്നതും അത് പരിരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി ബോധ്യമാവുന്നതും. മുക്കിക്കളഞ്ഞ കാടുകളുടെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി അതിനു മുമ്പ് നാം അറിഞ്ഞിട്ടുപോലുമില്ല. മൂല്യം അറിയുന്നവര്‍ക്ക് മാത്രമാണ് അത് നശിക്കുന്നത് കാണുമ്പോള്‍ വേവലാതിയുണ്ടാകുന്നത്. അതുപോലെയാണ് ചില മനുഷ്യരും. ജോണ്‍സി, ശിവപ്രസാദ് മാഷ് എന്നിങ്ങനെ… ഒരു മഴക്കാടിന്റെ അത്രമേല്‍ മൂല്യവത്തായ അറിവുകള്‍ സംഭരിക്കപ്പെട്ട ജ്ഞാനവൃക്ഷങ്ങള്‍. ജീവിതത്തെ തെളിമയോടെ കാണാന്‍ നമ്മുടെ കണ്ണുകളെ ശീലിപ്പിച്ചവര്‍. പില്‍ക്കാലത്തേക്ക് നന്‍മയുടെ വിത്തുകള്‍ വിതറിയവര്‍. അവരുടെ ജീവിതം കാര്യമായി രേഖപ്പെടുത്തിയിട്ടേയില്ല ഇനിയും. ആ ശേഷിപ്പുകളുടെ പ്രാധാന്യം തിരിച്ചറിയപ്പെടാതെ അറിവിന്റെ ആ വഴിത്താരകള്‍ നശിച്ചുപോയി. അവരോടൊപ്പം അവര്‍ നിരീക്ഷിച്ചും പരീക്ഷിച്ചു തെളിയിച്ച വിജ്ഞാനങ്ങളും. മനുഷ്യന്റെ നിലനില്‍പ്പിനു ഉതകുന്ന പുതിയ അതിജീവന പാതകള്‍ തുറക്കാനുള്ള താക്കോലുകളാണത്. വരും തലമുറകളുടെ അതിജീവനം സാധ്യമാക്കുന്ന അമൂല്യ വഴികള്‍. നമുക്കാ അറിവുകള്‍ ആവശ്യമുണ്ട്.പക്ഷെ എവിടെ? ആരുണ്ടതൊക്കെ പൊതുസമൂഹതിനായി രേഖപ്പെടുത്താന്‍? സീക്കിന്റെ പപ്പന്‍ മാഷും , ജൈവകര്‍ഷക സമിതിയുടെ കെ.വി ദയാലും, ടോണി തോമസും, ആ നിരയില്‍ ചിലരെങ്കിലും ഇനിയും ബാക്കിയുണ്ട്. ഈ മനുഷ്യരുടെ മരണം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ആഘാത പഠനം ആരാണ് നടത്തുക?

പത്തിലേറെ പത്രങ്ങളും അവയ്ക്കൊക്കെയും അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കിട്ടിയ സ്വന്തമായ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും നമുക്കുണ്ട്. പത്തിലേറെ ചാനലുകളും അവയ്ക്കൊക്കെയും നൂറിലേറെ ക്യാമറകളും എഡിറ്റിംഗ് സംവിധാനവും നമുക്കുണ്ട്. അന്നന്നത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള അപ്പം ചുട്ടെടുക്കുന്നതിനിടയില്‍ ഒരല്‍പം സമയം ഇവരുടെ വിലയേറിയ അറിവുകള്‍ രേഖപ്പെടുത്താന്‍ നീക്കിവെച്ചുകൂടെ?? ഒരാഴ്ച, ഏറിയാല്‍ ഒരു വര്‍ഷം അതിനപ്പുറം ആയുസില്ലാത്ത തര്‍ക്കവിതര്‍ക്ക ബൈറ്റുകള്‍ക്കായി ടേപ്പുകള്‍ ചെലവിടുമ്പോള്‍, ഒരിക്കലും മായ്ക്കാതെ വീഡിയോ ലൈബ്രറികളില്‍ സൂക്ഷിക്കാനും, ഓരോരോ പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ റഫറന്‍സിനായി നോക്കാനുമുള്ള ചില ബൈറ്റുകള്‍ എങ്കിലും രേഖപ്പെടുത്താന്‍ ക്യാമറകള്‍ക്കെങ്കിലും ആഗ്രഹമില്ലാതിരിക്കുമോ?

 

 

എന്തുകൊണ്ട് ഞങ്ങള്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോയി?

കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ അട്ടിമറിയുടെ വക്കത്താണ്. ബില്ലിന് അംഗീകാരം ലഭിക്കാതിരിക്കാന്‍, കേന്ദ്രമന്ത്രി സഭയെ വിലക്കെടുത്ത് കോള കമ്പനി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണുകയാണെന്ന് തെളിയിക്കുന്നതാണ് രാഷ്ട്രപതി ഭവനില്‍നിന്നുള്ള വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് പ്ലാച്ചിമട സമരസമിതി ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പ്രതീകാത്മകമായി പിടിച്ചെടുക്കുന്ന സമരത്തിലേക്ക് നിര്‍ബന്ധിതരായത്.

ഡിസംബര്‍ 17ന് രാവിലെ 10 മണിക്ക് കന്നിമാരിയില്‍ നിന്നും ആരംഭിച്ച 500ഓളം പേര്‍ പങ്കെടുത്ത ബഹുജനമാര്‍ച്ച് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്ക് മുന്നിലേക്ക് വരുകയും ഒരു കൂട്ടം പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് കമ്പനിക്കുള്ളില്‍ പ്രവേശിക്കുകയുമായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലടക്കുകയായിരുന്നു. സ്വന്തം ജാമ്യത്തില്‍ പോകാനുള്ള കോടതിയുടെ നിര്‍ദ്ദേശം തള്ളിയ 22 പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിവിധ ജയിലുകളിലായി കഴിയുകയാണ്.

പ്ലാച്ചിമട കന്നിയമ്മ, തങ്കമണിയമ്മ, മുത്തുലക്ഷ്മി അമ്മ, പാപ്പമ്മ, വിളയോടി വേണുഗോപാലന്‍, ടി.കെ. വാസു, എന്‍. സുബ്രഹ്മണ്യന്‍, വി.സി. ജെന്നി, എന്‍.പി. ജോണ്‍സണ്‍, പുതുശേãരി ശ്രീനിവാസന്‍, പി.എ. അശോകന്‍, ഫാ. അഗസ്റിന്‍ വട്ടോളി, കെ.വി. ബിജു, കെ. സഹദേവന്‍, സുദേവന്‍ എം.എന്‍. ഗിരി, അഗസ്റിന്‍ ഒലിപ്പാറ, സുബിദ്.കെ.എസ്, ശക്തിവേല്‍, പളനിച്ചാമി, മുത്തുച്ചാമി തുടങ്ങി 22 പേരാണ് ജയിലില്‍ കഴിയുന്നത്. കമ്പനി ആസ്തികള്‍ പിടിച്ചെടുക്കാനും ജാമ്യം വേണ്ടെന്ന് വെച്ച് ജയിലില്‍ പോവാനുമുള്ള കാരണങ്ങള്‍ അവര്‍ തുറന്നു പറയുന്നു

 

 

പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്തികള്‍ 2011 ഡിസംബര്‍ 17 മുതല്‍ പൊതുജനങ്ങളുടെ സ്വത്തായി മാറിയിരിക്കുകയാണ്. മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുതന്നെ ജനങ്ങളുടെ കുടിവെള്ളം കവര്‍ന്നെടുക്കുകയും കിണറുകള്‍ മലിനമാക്കുകയും കൃഷിയിടങ്ങളില്‍ മാരക വിഷം കലര്‍ത്തുകയും ചെയ്ത ഒരു കമ്പനിയെ 10 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിയമവിചാരണയ്ക്ക് ശിക്ഷിക്കുന്നതിനോ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനോ എന്തെങ്കിലും തരത്തിലുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനോ ഭരണകൂടം തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ സ്വമേധയാ അധികാരമേറ്റെടുത്ത് നീതിനിര്‍വ്വഹണം നടത്താന്‍ നിര്‍ബന്ധിതരായത്. ദേശരാഷ്ട്രങ്ങളെത്തന്നെയും വിലയ്ക്കെടുക്കാന്‍ പോന്ന സാമ്പത്തിക ശേഷികളുള്ള കൊക്കക്കോള കമ്പനിയുടെ (പെപ്സിയുടെയും) ആനുകൂല്യങ്ങള്‍ പറ്റി അവര്‍ക്കുവേണ്ടി വിടുപണിചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ വാചാടോപങ്ങളില്‍ മനംമടുത്താണ് യാഥാര്‍ത്ഥമായ ജനാധികാരത്തിന്റെയും പ്രത്യക്ഷ ജനാധിപത്യത്തിന്റെയും തത്വങ്ങള്‍ പ്രകാരം കൊക്കക്കോളയുടെ ആസ്തികള്‍ കണ്ടുകെട്ടി പൊതുസ്വത്താക്കി മാറ്റുന്നത്.

പ്ലാച്ചിമട സമരത്തിനനുകൂലമായ പൊതുവികാരവും ലോകാഭിപ്രായവും കുടിവെള്ളത്തിനായുള്ള ജനാവകാശങ്ങളെ സംബന്ധിച്ച സാമാന്യനീതി സങ്കല്‍പ്പങ്ങളും പരിഗണിച്ചാണ് 2011 ഫെബ്രുവരി 24ന് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയത്. പക്ഷെ ഒന്‍പത് മാസങ്ങള്‍ പിന്നിട്ടിട്ടും കേരളജനതയുടെ ഏകകണ്ഠമായ ഈ തീരുമാനം അംഗീകരിച്ച് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതി കൂട്ടാക്കിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടനാഴികളില്‍ അരങ്ങേറിയ ചില ഗൂഢാലോചനകളാണ് ഈ ബില്‍ അനന്തമായി വൈകിപ്പിക്കുന്നതിനും നിയമ`ഭരണ നടപടികളില്‍ കുരുക്കി പ്ലാച്ചിമട ജനതയ്ക്ക് നീതി നിഷേധിക്കുന്നതിനും ഇടയാക്കിയിട്ടുള്ളത്.

സാമൂഹികജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് തള്ളിമാറ്റപ്പെട്ട, വിഭവങ്ങളും അധികാരവും ഏറ്റവും കുറഞ്ഞവരായി മാറിയ, ആദിവാസികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യരോടുള്ള അവഗണനയും പുച്ഛവുമാണ് പ്ലാച്ചിമട പ്രശ്നം വെളിവാക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള രാഷ്ട്രീയാധികാരവ്യവസ്ഥയേയും ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിയമസംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിക്കുകയും ധിക്കരിക്കുകയുമല്ലാതെ മറ്റൊരു പോംവഴിയും ജനങ്ങള്‍ക്കുമുന്നിലില്ലെന്ന് വന്നിരിക്കുകയാണ്. പ്ലാച്ചിമടയിലെ കിണറുകളിലെ ജലനിരപ്പ് പാതാളത്തിലേക്ക് ആണ്ടുപോയിട്ടും വീണ്ടും 5 ലക്ഷം ലിറ്റര്‍ ജലം വീതം പ്രതിദിനം ഊറ്റിയെടുക്കുന്നതിന് കൊക്കക്കോളയ്ക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് സൂചിപ്പിക്കുന്നത് പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് തന്നെയാണ്.

കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതലസംഘം നടത്തിയ വിദഗ്ദാന്വേഷണത്തില്‍ കൊക്കക്കോള നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ തെളിവുകള്‍ വ്യക്തമാവുകയും 216.26 കോടി രൂപ തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കണ്ടെത്തി. വീണ്ടും അതിനെ അട്ടിമറിക്കുന്നതിനുള്ള ഉന്നതല ഗൂഢാലോചനകളെ നീതിബോധത്തിന്റെ കരുത്തുകൊണ്ട് നേരിടണമെന്ന തീരുമാനിത്തിന്റെ പേരിലാണ് കേരളത്തിലെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 30 പേര്‍ അറസ്റുവരിച്ച് ജയില്‍ പോകുന്നത്.

 

image: Carlos Latuff courtesy: killercoke.org

 

കോടതികളുടെ ജനവിരുദ്ധത
ഇന്നുമുതല്‍ ജനങ്ങളുടെ പൊതുസ്വത്തായി മാറുന്ന കൊക്കക്കോളയുടെ ആസ്തികള്‍ക്ക് സംരക്ഷണം നല്‍കാന്‍ രംഗത്തെത്തിയിരിക്കുന്ന കോടതിയുടെ നിലപാട് വിചിത്രവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിക്കട്ടെ. കൊക്കക്കോളയും പെപ്സിയും വാള്‍മാര്‍ട്ടും പോലെയുള്ള കോര്‍പ്പറേറ്റുകളുടെ ലോകാധീശത്വത്തിനെതിരെ ലോകമെമ്പാടും ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനിടയിലാണ് പൊതുനിരത്തില്‍ പ്രകടനങ്ങള്‍ പാടില്ലെന്ന് കേരള ഹൈക്കോടതി വിലക്കുകല്‍പ്പിച്ചത്. തലമുറകളായി നമ്മുടെ പൂര്‍വ്വികര്‍ ചോരയും നീരും നല്‍കി പണിതീര്‍ത്ത പൊതുനിരത്തുകള്‍ രായ്ക്കുരാമാനം സ്വകാര്യമുതലാളിമാരുടെ ആസ്തികളാക്കി വഴിനടക്കാന്‍ ചുങ്കം ചോദിക്കുന്ന പകല്‍ക്കൊള്ളയ്ക്ക് മുന്നില്‍ കണ്ണും പൂട്ടിയിരിക്കുന്ന നീതി പീഠങ്ങളില്‍ നിന്ന് എന്ത് നീതിയാണ് നാം പ്രതീക്ഷിക്കേണ്ടത്?

ജനങ്ങള്‍ ഏറ്റെടുക്കുന്ന പ്രദേശത്ത് വിമലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രസ്തുത ആസ്തികള്‍ ജനോപകാര പ്രദമാക്കി വിനിയോഗിക്കുന്നതിനുമുള്ള ജനതയുടെ അവകാശം അംഗീകരിച്ച് ഭരണകൂട ഹിംസയില്‍ നിന്ന് പിന്മാറുന്നതിന് സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഞങ്ങള്‍ കോടതിയോട് ആവശ്യപ്പെടുന്നു.

കേരളസര്‍ക്കാറിന്റെ ഷണ്ഡത്വം
തങ്ങള്‍ ഐകകണ്ഠ്യേന പാസ്സാക്കിയെന്ന് പറയുന്ന ഒരു നിയമ നിര്‍മ്മാണം സാര്‍ത്ഥകമാക്കുന്നതിന് ബാധ്യസ്ഥരാണ് കേരള സര്‍ക്കാര്‍. എന്നാല്‍ നാളിതുവരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ ഞങ്ങള്‍ ഇന്നാട്ടുകാരല്ലെന്ന് ഭാവിച്ചിരിക്കുകയാണ് മന്ത്രി പുംഗവന്മാര്‍. ആദിവാസിക്ഷേമം കൈകാര്യം ചെയ്യുന്ന ഏകവനിതാ മന്ത്രിയും മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് ചുട്ടമറുപടി നല്‍കുന്നതിനോ ബില്ല് രാഷ്ട്രപതി മടക്കിയാല്‍ വീണ്ടും സമര്‍പ്പിച്ച് നിയമമാക്കി മാറ്റണമെന്ന് പറയുന്നതിനോ ഉള്ള രാഷ്ട്രീയ സത്യസന്ധത ഇതുവരെയും അവര്‍ പ്രകടിപ്പിച്ചിട്ടില്ല. ദീപസ്തംഭം മഹാശ്ചര്യമെന്നതാണ് ഇതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ താത്പര്യം.

 

 

ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ട്?
ജനവിരുദ്ധ നയങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ നേര്‍ക്ക് ചടങ്ങ് സമരങ്ങള്‍ തികച്ചും പ്രയോജനശൂന്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. കോടതികള്‍ ഔദാര്യപൂര്‍വ്വം വച്ചുനീട്ടുന്ന ജാമ്യം സ്വീകരിച്ച് സമരനാടകങ്ങള്‍ നടത്തി പിരിയുന്നത് പ്ലാച്ചിമട പ്രശ്നത്തോട് കാണിക്കുന്ന വഞ്ചനയായിരിക്കും.

എന്തുകൊണ്ട് അഹിംസാത്മക സമരം?
പ്ലാച്ചിമട സമരം ഏതെങ്കിലും വ്യക്തികള്‍ക്കെതിരെയുള്ളതല്ല. സാമൂഹിക വ്യവസ്ഥയെ ജനാഭിമുഖ്യമുള്ളതാക്കി മാറ്റുന്നതിനുള്ളതാണ്. മനുഷ്യര്‍ക്ക് നേരെ ഹിംസ പ്രയോഗിക്കുന്നതിലൂടെ നീതിനടപ്പാക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായി മാറുന്ന പോലീസിന്റെ അതിക്രമങ്ങള്‍ക്ക് നേരെ ക്ഷമാപൂര്‍വ്വമായ ഒരു പ്രതികരണം തുടര്‍ ഹിംസകളെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുമെങ്കില്‍ ജനാധിപത്യപരമായ രാഷ്ട്രീയ പ്രതികരണ രീതികള്‍ക്കുള്ള പ്ലാച്ചിമടയുടെ സംഭാവനയായിത്തീരും എന്ന് പ്രതീക്ഷിക്കുന്നു.
പ്ലാച്ചിമട സമരം മുന്നോട്ട്

പ്ലാച്ചിമട സമരം നാല് ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

1) പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ച കൊക്കകോളാകമ്പനി തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കിപുറത്തുപോവുക.

2) പ്ലാച്ചിമടയെ വിഷമയമാക്കിയ കോളാകമ്പനിയെ കുറ്റവിചാരണചെയ്യുക.

3) ജലമുള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് ഗ്രാമസഭകള്‍ക്ക് നിയമപരിരക്ഷയോടുകൂടിയ പരമാധികാരം നല്‍കുക.

4) പ്ലാച്ചിമടകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മലിനീകരണനിയന്ത്രണ നിയമങ്ങളിലും പഞ്ചായത്ത് രാജ് നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തുക.

മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് പ്ലാച്ചിമട സമരത്തിന്റെ മാത്രം വിജയമായിരിക്കില്ല. സമരകേരളത്തിന്റെയും ജനാധിപത്യ കേരളത്തിന്റെയും ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് ഈ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെയായിരിക്കും. സമരം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുന്നതിന് മുഴുവന്‍ കേരളീയരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

(കേരളീയം മാസിക തയ്യാറാക്കിയത്)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers