nidheesh.jpg
Category archives for: ലിറ്റ്മസ്-നിധീഷ് നടേരി

മതിലിനപ്പുറത്തെ നാരായണിയെ കാണാനാവുമോ?

മതിലിനപ്പുറത്ത് പണ്ട് നാം നാരായണിയുടെ ശബ്ദം വൈക്കം മുഹമ്മദ് ബഷീറിനൊപ്പം കേട്ടിരുന്നു. നാരായണിയുടെ ശബ്ദ തരംഗങ്ങള്‍ മതിലും കടന്ന് വളഞ്ഞ് പുറത്തു കടന്നതിനാലാണ് ബഷീറിന് അത് കേള്‍ക്കാനായത്. നാരായണിയുടെ ശരീരത്തില്‍ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം അങ്ങനെ സഞ്ചരിച്ചു മതിലുചാടി വന്നിരുന്നെങ്കില്‍ നാരായണിയുടെ ചിത്രവും ബഷീറിന്റെ കണ്ണിന്റെ റെറ്റിനയില്‍ പതിയുമായിരുന്നു. അതോടെ ബഷീര്‍ നാരായണിയെ കാണുമായിരുന്നു. എന്തായാലും പ്രകാശത്തെ മതിലുചാടിച്ചു മറഞ്ഞിരിക്കുന്നതൊന്നും കാണിക്കാനുള്ള വിപ്ലവമൊന്നും നടന്നിട്ടില്ല. പക്ഷേ വളരെ രസകരമായ ഒരു ചുവടുവെപ്പ് സംഭവിച്ചിരിക്കുന്നു. അതാണ് മസാചുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ക്ക് ലോകത്തോടു പറയാനുള്ളത്-നിധീഷ് നടേരി എഴുതുന്നു

 

 

‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലെ നാദിയയുടെ കണ്ണടയും ചൂളിനില്‍ക്കുന്ന മോഹന്‍ലാലും ഓര്‍മയില്‍ വരുന്നു. മറച്ചുവെച്ചതെല്ലാം വെളിച്ച്ത്താക്കുമെന്ന് മോഹന്‍ലാലിനെ പേടിപ്പിച്ച കണ്ണട. അത്തരത്തില്‍ ഒരു കണ്ണട കണ്ടെത്തിയ കാര്യമൊന്നുമല്ല പറയാനുള്ളത്. മുറിയില്‍ ഒളിച്ചിരിക്കുന്ന ചിലതൊക്കെ കാണിച്ചു തരുന്ന ക്യാമറാ സാങ്കേതിക വിദ്യയെക്കുറിച്ചാണ്.

മതിലിനപ്പുറത്ത് പണ്ട് നാം നാരായണിയുടെ ശബ്ദം വൈക്കം മുഹമ്മദ് ബഷീറിനൊപ്പം കേട്ടിരുന്നു. നാരായണിയുടെ ശബ്ദ തരംഗങ്ങള്‍ മതിലും കടന്ന് വളഞ്ഞ് പുറത്തു കടന്നതിനാലാണ് ബഷീറിന് അത് കേള്‍ക്കാനായത്. നാരായണിയുടെ ശരീരത്തില്‍ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം അങ്ങനെ സഞ്ചരിച്ചു മതിലുചാടി വന്നിരുന്നെങ്കില്‍ നാരായണിയുടെ ചിത്രവും ബഷീറിന്റെ കണ്ണിന്റെ റെറ്റിനയില്‍ പതിയുമായിരുന്നു. അതോടെ ബഷീര്‍ നാരായണിയെ കാണുമായിരുന്നു. എന്തായാലും പ്രകാശത്തെ മതിലുചാടിച്ചു മറഞ്ഞിരിക്കുന്നതൊന്നും കാണിക്കാനുള്ള വിപ്ലവമൊന്നും നടന്നിട്ടില്ല. പക്ഷേ വളരെ രസകരമായ ഒരു ചുവടുവെപ്പ് സംഭവിച്ചിരിക്കുന്നു. അതാണ് മസാചുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ക്ക് ലോകത്തോടു പറയാനുള്ളത്.

 

 

നാച്വര്‍ ജേണലിലാണ് പരീക്ഷണ വിവരങ്ങള്‍. ഒരുമുറിയില്‍ വച്ചിരിക്കുന്ന വസ്തുവിന്റെ, ക്യാമറക്കും നമുക്കും കാണാനൊക്കാത്ത ഒരുഭാഗം, എങ്ങനെ കാണാനാവുമെന്നാണ് പരീക്ഷണം കാണിച്ചുതരുന്നത്. സംഗതിയിതാണ്. മുറിയുടെ മൂലയിലിരിക്കുന്ന വസ്തു. ക്യാമറ പുറത്തെ വാതിലിനടുത്തു നില്‍ക്കുന്നു. ക്യാമറക്ക് വസ്തുവിന്റെ ഭാഗികമായ ചിത്രം കിട്ടും. പക്ഷേ മറുഭാഗം ലഭ്യമല്ല. ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത ക്യാമറ ചില്ലറക്കാരനല്ല. സകല ഗുണസമ്പന്നനാണ്.

ആദ്യം ഒരു ലേസര്‍ പള്‍സ് വസ്തുവിനെതിരായ ചുവരിലേക്ക് അയക്കുന്നു. ലേസര്‍ പള്‍സ് ചുവരില്‍ തട്ടി ചിതറിപ്പരന്ന് മുറിയില്‍ നിറയുന്നു. തിരിച്ച് ചുവരില്‍ത്തട്ടി ക്യാമറയിലേക്കും പ്രവഹിക്കുന്നു. പ്രകാശ കണികകളുടെ തിരിച്ചു വരവ് കണിശമായി സമയത്തോടൊപ്പം രേഖപ്പെടുത്തിവെക്കാനും കഴിയും ക്യാമറക്ക്. ഈ ടൈം റെസലൂഷന്‍ വിദ്യയിലൂടെയാണ് മറഞ്ഞിരിക്കുന്ന വസ്തുവിന്റെ രൂപം നിര്‍ണയിക്കുന്നത്. സാധാരണ ക്യാമറകള്‍ വസ്തുവില്‍ നിന്ന് നേരിട്ട് പ്രതിഫലിക്കുന്ന പ്രകാശകണികകളെ ആശ്രയിച്ചാണ് വസ്തുക്കളുടെ പ്രതിബിംബങ്ങള്‍ നിര്‍മിക്കുന്നത്. അവ ചിതറിയ പ്രകാശ തരംഗങ്ങളെ അവഗണിക്കുന്നു. എന്നാല്‍ ഇവിടെ ചിതറിത്തെറിക്കുന്ന പ്രകാശ്ത്തെയും അത് സഞ്ചരിക്കുന്ന ദൂരത്തെയും ആശ്രയിച്ചാണ് വസ്തുവിന്റെ സാന്നിധ്യം നിര്‍ണയിക്കുന്നത്.

 

 

ഓരോ 2 പൈകോസെക്കന്റ് (0.000 000 000 001 സെക്കന്റാണ് പൈകോസെക്കന്റ്) ഇടവേളകളിലും പ്രകാശകണികകളെ രേഖപ്പെടുത്താന്‍ കഴിയും വിധമുള്ള അതിവേഗമാണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. ഇങ്ങനെ ക്യാമറ ശേഖരിച്ച വിവരങ്ങള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ അപഗ്രഥിച്ചാണ് രൂപം നിര്‍ണയിക്കുന്നത്. സങ്കീര്‍ണമായ ഗണിത പ്രക്രിയയിലൂടെയാണ് ഇവിടെ വിവരങ്ങള്‍ ഡീകോഡ് ചെയ്ത് ചിത്രനിര്‍ണയം നടക്കുന്നത്. ഏതാനും മിനിറ്റുകള്‍ ആണ് ഇപ്പോള്‍ ഒളിഞ്ഞതിനെ വെളിച്ചത്താക്കുന്ന പ്രക്രിയക്ക് വേണ്ടിവരുന്നതെന്ന് നാച്വറില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.

 

 

 

പരീക്ഷണത്തിന്റെ വീഡിയോ മാതൃക ഇതാ ഇവിടെ.

 

 

തിരുത്ത് ഐന്‍സ്റ്റീനല്ല, ന്യൂട്രിനോകള്‍ക്ക്

പരീക്ഷണഫലത്തെ സ്വാധീനിച്ച രണ്ടു കുഴപ്പങ്ങളെക്കുറിച്ചാണ് സേണ്‍ ഏറ്റു പറയുന്നത്. ന്യൂട്രിനോകളുടെ സഞ്ചാരസമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ന്യൂട്രിനോ പ്രവാഹത്തിന്റെ സമയദൈര്‍ഘ്യം അളന്ന ഘടികാരങ്ങളെ നിയന്ത്രിച്ച ഓസിലേറ്ററില്‍ സാങ്കേതികതകരാര്‍ ഉണ്ടായിരുന്നു. ഒപ്റ്റിക്കല്‍ കേബ്ളിലെ പിഴവും ചേര്‍ന്നതോടെ പരീക്ഷണംവഴിതെറ്റാനുള്ള സാധ്യതയേറി. ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കി പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മേയില്‍ പരീക്ഷണം ആവര്‍ത്തിക്കാനാണ് സേണ്‍ തീരുമാനം-നിധീഷ് നടേരി എഴുതുന്നു
 

 

പ്രകാശത്തെ മറികടന്ന് കുതിച്ച ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി. ശാസ്ത്രസമൂഹത്തിന്റെ ഉറക്കം കെടുത്തിയ ന്യൂട്രിനോവിജയം അങ്ങനെ സംശയത്തിന്റെ നിഴലിലാവുന്നു. വിപ്ലവം സൃഷ്ടിച്ച പരീക്ഷണഫലവുമായെത്തിയ യൂറോപ്യന്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ഏജന്‍സിയുടെ (സേണ്‍) വെബ്സൈറ്റില്‍ ഒരു പ്രസ് റിലീസ് ഫെബ്രുവരി 23ന് സ്ഥാനം പിടിച്ചു. അതില്‍ ശാസ്ത്രസമൂഹത്തെ പിടിച്ചുലച്ച പരീക്ഷണത്തിന്റെ തിരുത്തുണ്ടായിരുന്നു. ഐന്‍സ്റീന്റെ നിഗമനങ്ങളെ വെല്ലുവിളിച്ച് പ്രകാശവേഗം മറികടന്നു പോയ ന്യൂട്രിനോകളെക്കുറിച്ചാണ് തിരുത്ത്.

പരീക്ഷണഫലത്തെ സ്വാധീനിച്ച രണ്ടു കുഴപ്പങ്ങളെക്കുറിച്ചാണ് സേണ്‍ ഏറ്റു പറയുന്നത്. ന്യൂട്രിനോകളുടെ സഞ്ചാരസമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ന്യൂട്രിനോ പ്രവാഹത്തിന്റെ സമയദൈര്‍ഘ്യം അളന്ന ഘടികാരങ്ങളെ നിയന്ത്രിച്ച ഓസിലേറ്ററില്‍ സാങ്കേതികതകരാര്‍ ഉണ്ടായിരുന്നു. ഒപ്റ്റിക്കല്‍ കേബ്ളിലെ പിഴവും ചേര്‍ന്നതോടെ പരീക്ഷണംവഴിതെറ്റാനുള്ള സാധ്യതയേറി. ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കി പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മേയില്‍ പരീക്ഷണം ആവര്‍ത്തിക്കാനാണ് സേണ്‍ തീരുമാനം.

അപ്പോള്‍, തിരുത്തു വീഴുന്നത് ഐന്‍സ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിനല്ല, പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനത്തിനാണ് എന്നു വരുന്നു. 2011 സെപ്റ്റംബറിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചഓപ്പറ പരീക്ഷണഫലവുമായി സേണ്‍ രംഗത്തെത്തിയത്. ജനീവയിലെ സേണിന്റെ കണികാത്വരകത്തില്‍നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ ലബോറട്ടറിയിലേക്ക് ഭൂമിക്കടിയിലൂടെ ന്യൂട്രിനോപ്രവാഹത്തെ പറഞ്ഞയച്ചായിരുന്നു പരീക്ഷണം. ആവര്‍ത്തിച്ചു നടത്തിയ പരീക്ഷണങ്ങളിലെല്ലാം പ്രകാശത്തെക്കാള്‍ 60 നാനോസെക്കന്‍ഡ് മുമ്പില്‍ ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നുവെന്ന അമ്പരപ്പിക്കുന്ന ഫലമായിരുന്നു ഗവേഷകര്‍ക്ക് ലഭിച്ചത്.

പ്രകാശത്തിനപ്പുറം വേഗമില്ലെന്ന ഐന്‍സ്റീന്റെ സിദ്ധാന്തത്തെയാണ് ഇത് ചോദ്യം ചെയ്തത്. പരീക്ഷണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി ശാസ്ത്രകാരന്മാര്‍ അന്നേ രംഗത്തുണ്ടായിരുന്നു. പരീക്ഷണത്തില്‍ സാങ്കേതിക പിഴവില്ലെന്നായിരുന്നു ആദ്യം സേണ്‍ വാദിച്ചിരുന്നത്. അതേസമയം വിപ്ലവകരമെന്ന് തോന്നിച്ച ഫലം മറ്റു സ്വതന്ത്ര പരീക്ഷണങ്ങളിലും ആവര്‍ത്തിച്ചാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ നിലപാട്. ലോകമെങ്ങുമുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ പരീക്ഷണം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു. രണ്ടു തരത്തില്‍ ആഗോള ഭൌതിക സമൂഹം ഈ ഫലവുമായി പ്രതികരിച്ചിരുന്നു.
 

 

പരീക്ഷണത്തില്‍ അസാധാരണ ഫലം വരാനുള്ള സാധ്യതകള്‍ ആരായുന്ന രീതിയില്‍ നിരവധി പഠനങ്ങള്‍ നടന്നു. അതേസമയം പ്രകാശവേഗം അവസാനവാക്കല്ലെന്ന പുതിയ അവസ്ഥയില്‍ ഏതു സിദ്ധാന്തം കൊണ്ട് അതിനെ സാധൂകരിക്കാമെന്ന രീതിയിലും ചര്‍ച്ചകളുണ്ടായി. എന്തായാലും സേണ്‍ പരീക്ഷണം അവസാനിപ്പിക്കുന്നില്ല. കറകളഞ്ഞ നിഗമനങ്ങളിലേക്ക് ഒരു പക്ഷേ ഐന്‍സ്റീന്‍ പറഞ്ഞുവച്ചതുപോലെ പ്രകാശം തന്നെ അവസാനവാക്കെന്ന ഉറപ്പിക്കലിലേക്ക് പരീക്ഷണം തുടരട്ടെ.

വാല്‍നക്ഷത്രം
അവിശ്വസനീയ ഫലങ്ങളിലാണ് ശാസ്ത്രം കൂടുതല്‍ അസ്വസ്ഥമാവുക. ശരി, കൂടുതല്‍ ശരി, കൂടുതല്‍ സൂക്ഷ്മമായ ശരി എന്നതിലേക്കുള്ള തുടര്‍പ്രക്രിയയില്‍ അത് സ്വയം തെറ്റുകള്‍ തിരുത്തുന്നു

MORE STORIES ON THIS TOPIC

ഐന്‍സ്റ്റീന്‍ തിരുത്തപ്പെടുമോ?

ഐന്‍സ്റ്റീന് തെറ്റിയെന്ന് തുള്ളിച്ചാടാന്‍ വരട്ടെ

ശാസ്ത്രം ആ ന്യൂട്രിനോകള്‍ക്കു പിറകേ തന്നെയുണ്ട്…

ബഹിരാകാശം ‘തൂത്തുവാരാന്‍’ സ്വിസ് ഉപഗ്രഹം

‘ഇര’യുടെ അടുത്തെത്തിയാല്‍ യന്ത്രക്കെകളാല്‍ ഇത് വസ്തുവിനെ വരിഞ്ഞു മുറുക്കും. വസ്തു വരുതിയിലായാല്‍ ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിച്ച് കത്തിത്തീരും. ഇരയെ പിടിച്ചെടുത്തു കഴിഞ്ഞാല്‍ അതിനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കത്തിത്തീരാന്‍ പറഞ്ഞയച്ച് ബഹിരാകാശത്ത് ദൌത്യം തുടരുന്ന രീതിയിലാണ് ഇവയെ രൂപകല്‍പ്പന ചെയ്യുന്നത്-നിധീഷ് നടേരി എഴുതുന്നു

 

 

ബഹിരാകാശത്ത് അസംഖ്യം മനുഷ്യ നിര്‍മിത വസ്തുക്കള്‍ അലഞ്ഞു നടക്കുന്നുണ്ട്. ഉപഗ്രഹങ്ങള്‍, പേടകങ്ങള്‍, ഇവയുടെ അനുബന്ധ വസ്തുക്കള്‍, ബഹിരാകാശ ദൌത്യങ്ങള്‍ക്കിടെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍… അങ്ങനെ വന്‍ തോതിലുള്ള മലിനീകരണം. ഇതു കൊണ്ട് ആത്യന്തിക ദോഷം നമുക്കുതന്നെയാണ്. മണിക്കൂറില്‍ ഏകദേശം 30,000 കിലോമീറ്റര്‍ വേഗതയില്‍ അത്തരം വസ്തുക്കളുടെ കൂമ്പാരങ്ങള്‍ നമുക്കു മുകളില്‍ കറങ്ങുന്നുണ്ട്. പലപ്പോഴും ഉപഗ്രഹങ്ങള്‍ ഭ്രമണത്തിനിടെ ഇത്തരം ചെറുപദാര്‍ഥങ്ങളുമായി കൂട്ടിയിടിച്ചാല്‍ സാരമായ നാശം സംഭവിക്കാനിടയുണ്ട്. അ്ത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നുമുണ്ട്.

2009 ഫെബ്രുവരിയില്‍ ഇറിഡിയം 33 എന്ന യു.എസ് ഉപഗ്രഹം റഷ്യയുടെ ഉപേക്ഷിക്കപ്പെട്ട കോസ്മോസ് 2251 ഉപഗ്രഹവുമായി കൂട്ടിയിടിച്ചു തകര്‍ന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം തന്നെ ഇത്തരം കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ നിരന്തരം ഭ്രമണപഥം മാറ്റുന്നു. ഇങ്ങനെ, ബഹിരാകാശം മനുഷ്യ നിര്‍മിത അവശിഷ്ടങ്ങളാല്‍ നിറഞ്ഞാല്‍ തമ്മിലിടികളുടെ പരമ്പരകള്‍ തന്നെയാവും വരും കാലങ്ങളിലുണ്ടാവുക.

ഇതു മുന്നില്‍ക്കണ്ടാണ് സ്വിറ്റ്സര്‍ലന്‍്റ് സ്പേസ് സെന്‍്ററിലെ (ഇ.പി.എഫ്.എല്‍) ഗവേഷകര്‍ ബഹിരാകാശം ഒന്നു വൃത്തിയാക്കാനൊരുങ്ങുന്നത്. അഞ്ചു വര്‍ഷത്തിനകം ബഹിരാകാശ അവശിഷ്ടങ്ങളെ തുടച്ചു മാറ്റാനായി ‘ക്ളീന്‍ സ്പേസ് വണ്‍’ എന്ന ഉപഗ്രഹത്തെ പറഞ്ഞയക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് സ്വിസ് സ്പേസ് നിലയം. ബഹിരാകാശ അവശിഷ്ടങ്ങളുടെ സഞ്ചാര പഥത്തിലേക്ക് സ്വയം വഴിമാറാന്‍ കഴിയും വിധം രൂപകല്‍പ്പന ചെയ്ത അള്‍ട്രാ കോമ്പാക്ട് മോട്ടോറാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന സവിശേഷത.

‘ഇര’യുടെ അടുത്തെത്തിയാല്‍ യന്ത്രക്കെകളാല്‍ ഇത് വസ്തുവിനെ വരിഞ്ഞു മുറുക്കും. വസ്തു വരുതിയിലായാല്‍ ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിച്ച് കത്തിത്തീരും. ഇരയെ പിടിച്ചെടുത്തു കഴിഞ്ഞാല്‍ അതിനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കത്തിത്തീരാന്‍ പറഞ്ഞയച്ച് ബഹിരാകാശത്ത് ദൌത്യം തുടരുന്ന രീതിയിലാണ് ഇവയെ രൂപകല്‍പ്പന ചെയ്യുന്നത്. ബഹിരാകാശത്ത് അതിവേഗത്തില്‍ സഞ്ചരിക്കുന്ന, ചിലപ്പോള്‍ സ്വയം ഭ്രമണം ചെയ്യന്ന വസ്തുക്കളെ വരുതിയിലാക്കുകയെന്നത് ശ്രമകരമായ ദൌത്യം തന്നെയായിരിക്കും. തല്‍ക്കാലം ഉപേക്ഷിക്കപ്പെട്ട രണ്ട് സ്വിസ് ഉപഗ്രഹങ്ങള്‍ നശിപ്പിക്കുകയാണ് ‘ക്ളീന്‍ സ്പേസ് വണി’ന്‍െറ ആദ്യ നീക്കം.

മറ്റ് ഉപഗ്രഹ അവശിഷ്ടങ്ങളെ തുടച്ചു നീക്കാന്‍ പാകത്തിന് ഇത്തരത്തില്‍ ശുചീകരണ ഉപഗ്രഹങ്ങളെ രൂപകല്‍പ്പന ചെയ്തു കൊടുക്കുവാനും സ്വിസ് ബഹിരാകാശ കേന്ദത്തിന് പദ്ധതിയുണ്ട്. എന്തായാലും ബഹിരാകാശ ശുചീകരണമെന്ന ദൌത്യത്തിന് ലോകത്ത് ആദ്യകാല്‍വെപ്പെന്ന രീതിയില്‍ ഈ ശ്രമം ശ്രദ്ധേയം തന്നെ. വര്‍ഷങ്ങള്‍ക്കകം കാണാം ഈ ബഹിരാകാശ തൂപ്പുകാരന്‍ കൊള്ളാമോ ഇല്ലയോ എന്ന്.

റഷ്യന്‍ പേടകം ദുരന്ത വക്കില്‍

ചൊവ്വയുടെ ചന്ദ്രനെ തേടിയുള്ള ദൌത്യത്തില്‍ ഒരിക്കല്‍ കൂടി റഷ്യ പരാജയത്തിന്റെ രുചിയറിയുന്നു. ഭൂമിയില്‍ നിന്ന് പുറപ്പെട്ടു, ഫോബോസിലെത്തിയുമില്ല എന്ന അവസ്ഥയിലാണ് റഷ്യയുടെ ഫോബോസ് ഗ്രണ്ട് പേടകം-നിധീഷ് നടേരി എഴുതുന്നു

courtesy: russianspaceweb.com

ചൊവ്വയുടെ ചന്ദ്രനെ തേടിയുള്ള ദൌത്യത്തില്‍ ഒരിക്കല്‍ കൂടി റഷ്യ പരാജയത്തിന്റെ രുചിയറിയുന്നു. ഭൂമിയില്‍ നിന്ന് പുറപ്പെട്ടു, ഫോബോസിലെത്തിയുമില്ല എന്ന അവസ്ഥയിലാണ് റഷ്യയുടെ ഫോബോസ് ഗ്രണ്ട് പേടകം. വിക്ഷേപണത്തിനു ശേഷം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ കറങ്ങിത്തിരിയുകയാണ് ഇത്. പതിമൂന്ന് ടണ്ണോളം വരുന്ന പേടകം ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്ന് ചൊവ്വയിലേക്ക് കുതിക്കാന്‍ അപ്പര്‍ സ്റ്റേജ് റോക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം ഭ്രമണപഥത്തില്‍ പേടകത്തെ നിലനിര്‍ത്തി പ്രശ്നം മനസിലാക്കി ദൌത്യത്തെ രക്ഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് റഷ്യന്‍ ഗവേഷകര്‍……………..

റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ രണ്ടാം കുതിപ്പിന് അവസരമൊരുക്കാനായാല്‍ ദൌത്യം റഷ്യക്ക് ഒരു പക്ഷേ തിരിച്ചുപിടിക്കാനായേക്കും. ആഴ്ചകള്‍ക്കകം തകരാറ് മനസിലാക്കി ദൌത്യം പുനരുജ്ജീവിപ്പിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. റോക്കറ്റ് പണിമുടക്കിയതിനു പിന്നില്‍ സോഫ്റ്റ്വേര്‍ തകരാറായിരിക്കാമെന്നും എളുപ്പം പരിഹരിക്കാമെന്നുമാണ് ഇപ്പോഴത്തെ നിഗമനം. ഹാര്‍ഡ്വേര്‍ തകരാറാണെങ്കില്‍ ദൌത്യം ഉപേക്ഷിക്കേണ്ടിവരും. അതോടെ പതിനെട്ട് ചൊവ്വന്‍ ദൌത്യങ്ങളില്‍ പതിനാറിലും പരാജയമറിഞ്ഞ റഷ്യയുടെ കണക്കു പുസ്തകത്തില്‍ ഈ നഷ്ടവും കൂടി എഴുതിച്ചേര്‍ക്കേണ്ടി വരും.

ഭൂമിയില്‍ പതിച്ചേക്കാമെന്ന രീതിയില്‍ അപകടകരമായ ഭ്രമണപഥത്തിലാണ് പേടകം ഉള്ളതെന്നും ദൌത്യ സംഘത്തിന് പേടകവുമായി ആശയവിനിമയം പൂര്‍ണമായി നഷ്ടമായെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. മൂന്നു ദിവസത്തിനകം പേടകത്തെ കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ശ്രമമെന്നും തുടര്‍ന്ന് രണ്ടാംഘട്ട റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് ദൌത്യം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റഷ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു.

courtesy: russian space web.com

അതേസമയം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളും അപകടകാരികളായ സൂക്ഷ്മ ജീവികളും ഉള്‍ക്കൊള്ളുന്ന പേടകം ഭൂമിയില്‍ പതിച്ചേക്കുമെന്ന് ഭീതി വിതക്കുന്ന വാര്‍ത്തകളും പരക്കുന്നുണ്ട്. കത്താതെ ബാക്കിയായ വിഷകരമായ ഹൈഡ്രസീന്‍ – നൈട്രജന്‍ ടെട്രോക്സൈഡ് ഇന്ധനവും റേഡിയോ ആക്ടീവ് കൊബാള്‍ട്ട് `57 ശേഖരവും പേടകത്തിലുണ്ട്. നിയന്ത്രണം വിട്ടുള്ള പതനമാണെങ്കില്‍ ഇവയെല്ലാം ഭൂമിയുടെ അന്തരീക്ഷത്തില്‍ പരക്കാനിടയാവും.

ചൈനയുടെ യിംഗ്വോ ഉപഗ്രഹവും പുതിയൊരു ദൌത്യത്തിന് ബാക്കിയില്ലാതെ ചിതറിപ്പോവും. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ പേടകത്തില്‍ നിന്ന് വേര്‍പെട്ട് ചൊവ്വയെ ഭ്രമണം ചെയ്യാനായിരുന്നു ഈ ഉപഗ്രഹത്തെ ചൈന ദൌത്യത്തില്‍ ഉള്‍ക്കൊള്ളിച്ചത്. പേടകവുമായി ബന്ധം സ്ഥാപിക്കാനുള്ള ഇതുവരെയുള്ള ശ്രമങ്ങള്‍ പരാജയമായിരുന്നുവെന്ന് സ്പേസ് ഏജന്‍സി വക്താക്കള്‍ വ്യക്തമാക്കുന്നു.

ബന്ധം സ്ഥാപിക്കാനായാല്‍ സോഫ്റ്റ് വേര്‍ റീപ്രോഗ്രാം ചെയ്യുക എന്ന കഠിന ദൌത്യത്തിനു ശേഷമേ പേടകത്തിന്റെ കുതിപ്പ് തുടരാനാവൂ. ഇതിനുള്ള സാധ്യത വിരളമാണ്. പേടകം ഫോബോസ് മണ്ണിലെത്തുമെന്ന റഷ്യന്‍ പ്രതീക്ഷയും ചൈനയുടെ യിംഗോ 1 എന്ന ചൊവ്വാനിരീക്ഷണ ഉപഗ്രഹ പദ്ധതിയുമാണ് നിലയില്ലാ വായുവിലായിരിക്കുന്നത്. ദൌത്യ പരാജയത്തില്‍ സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യക്ക് ഏല്‍ക്കുന്ന തിരിച്ചടി ചെറുതൊന്നുമല്ല. 163 കോടി ഡോളര്‍ ചിലവിട്ട പദ്ധതി റഷ്യയുടെ ബഹിരാകാശ സ്വപ്നങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന രീതിയിലായിരുന്നു കണക്കാക്കിയിരുന്നത്. തുടര്‍ പരാജയങ്ങള്‍ ഗവേഷകരുടെ ആത്മവിശ്വാസത്തിനും പോറലേല്‍പ്പിക്കും.

ചൊവ്വയുടെ ചന്ദ്രനിലേക്ക് ഇന്ന് റഷ്യ; കൈത്താങ്ങായി ചൈന

ചൊവ്വയുടെ ചന്ദ്രനിലേക്ക് ഇന്ന് റഷ്യ; കൈത്താങ്ങായി ചൈന

ഇന്ന് ചൊവ്വയുടെ ചന്ദ്രനെ തേടി റഷ്യയുടെ പേടകം കുതിച്ചുയരും. റഷ്യന്‍ സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.കെ.ഐ) കാത്തുവെച്ച സ്വപ്നം ആകാശം തേടുകയാണ്. ചൈനയുടെ യിംഗ്വോ-1 എന്ന ഉപഗ്രഹവും ഇതോടൊപ്പം കുതിച്ചുയരും-നിധീഷ് നടേരി എഴുതുന്നു

courtesy: Roscosmos

ബഹിരാകാശ കുതിപ്പുകളില്‍ അമേരിക്കയോട് ഇഞ്ചോടിഞ്ച് മല്‍സരിച്ച പഴയ കാലമുണ്ടായിരുന്നു റഷ്യക്ക്. രാഷ്ട്രീയ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ പ്രതാപം വറ്റി റഷ്യ ബഹിരാകാശ സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ ശ്രമിക്കുകയായി പിന്നെ. ഇപ്പോഴിതാ പതിറ്റാണ്ടിന്റെ ക്ഷീണമൊക്കെ മാറ്റി റഷ്യ വീണ്ടും ബഹിരാകാശ ദൌത്യങ്ങളില്‍ സജീവമാവുന്നു.

ചൊവ്വയുടെ ചന്ദ്രനെ തേടി റഷ്യയുടെ പേടകം ഇന്ന് കുതിച്ചുയരും. വര്‍ഷങ്ങളായി റഷ്യന്‍ സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.കെ.ഐ) കാത്തുവെച്ച സ്വപ്നം ആകാശം തേടുകയാണ്. ചൊവ്വന്‍ ഉപഗ്രഹം ഫോബോസിലേക്കാണ് ഫോബോസ് ഗ്രണ്ട് പേടകം പറന്നുയരുന്നത്. ഫോബോസിന്റെ ഉപരിതലത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു മടങ്ങുകയാണ് ദൌത്യ ലക്ഷ്യം.

റഷ്യക്കൊപ്പം ചൈനയും ചേരുന്നുണ്ട് ഈ ഫോബോസ് ദൌത്യത്തില്‍. ചൈനയുടെ യിംഗ്വോ-1 എന്ന ഉപഗ്രഹവും ഇതോടൊപ്പം കുതിച്ചുയരും. ഖസാക്കിസ്ഥാനിലെ ബെയ്കനൂര്‍ കോസ്മോഡ്രം സ്പേസ് സ്റ്റേഷനില്‍ നിന്നാണ് ഫോബോസ് ഗ്രണ്ട് പേടകത്തിന്റെ വിക്ഷേപണം.

2012 ഒക്ടോബര്‍ 12ഓടെ യിംഗ്വോ-1 ഈ പേടകത്തില്‍ നിന്ന് വേര്‍തിരിഞ്ഞ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. രണ്ടു വര്‍ഷത്തോളം ചൊവ്വയുടെ അയോണോസ്ഫിയറുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളുമായി ഭ്രമണം ചെയ്യും. അതേസമയം ഫോബോസ് ഗ്രണ്ട് പേടകം ഫോബോസിന്റെ മണ്ണിലിറങ്ങും. ഏഴു ദിവസത്തോളം സാമ്പ്ള്‍ ശേഖരണത്തില്‍ മുഴുകും. പേടകത്തിലെ യന്ത്രക്കൈകള്‍ ഉപരിതലത്തിലെ ശിലാപാളികളും മറ്റും ശേഖരിച്ചു അതിനോട് ബന്ധിപ്പിച്ച സിലിണ്ടറുകളില്‍ നിക്ഷേപിക്കും. ഭൂമിയില്‍ നിന്ന് പതിനൊന്ന് സൂക്ഷ്മ ജീവികളും ഇവക്കൊപ്പം ഫോബ്സിലെത്തും. സൂക്ഷ്മ ജീവികള്‍ക്ക് ദൌത്യകാലയളവില്‍ ബഹിരാകാശത്തുണ്ടാവുന്ന മാറ്റങ്ങള്‍ പഠിക്കുകയാണ് ലക്ഷ്യം.

സാമ്പ്ള്‍ ശേഖരണം പൂര്‍ത്തിയായാല്‍ പ്രോഗ്രാം ചെയ്തതനുസരിച്ച് പിന്നീട് തിരിച്ചിറക്കത്തിനുള്ള റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് പേടകം തിരിച്ചു പറക്കാന്‍ തുടങ്ങും. 2014 ആഗസ്തോടെ ഫോബ്സ് ശിലാപദാര്‍ഥങ്ങളുമായി പേടകം ഭൂമിയില്‍ തിരികെയെത്തും. ഇതാണ് ദൌത്യത്തിന്റെ രത്നച്ചുരുക്കം

രണ്ടു ഉപഗ്രഹങ്ങളാണ് ചൊവ്വക്ക് സ്വന്തമായുള്ളത്. ഫോബോസും ഡൈമോസും. ഫോബോസ് തികച്ചും വിരൂപനായ ഉപഗ്രഹങ്ങളാണ്. കുണ്ടും കുഴിയും നിറഞ്ഞ് ക്രമരഹിതമായ ആകൃതിയുള്ള ഉപഗ്രഹം. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ഏറെ മടികാട്ടുന്ന സൌരയൂഥ പദാര്‍ഥങ്ങളിലൊന്ന്. പരുക്കനായ ഇവയുടെ ഉപരിതലത്തില്‍ പ്രകാശം കെണിയില്‍പ്പെടുകയാണ് ചെയ്യുന്നത്. ചൊവ്വയോട് ഏറെയടുത്തായാണ് (ഏകദേശം 10,000 കിലോമീറ്റര്‍) ഫോബോസ് ഭ്രമണം ചെയ്യുന്നത്.

ചൊവ്വയെ അറിയല്‍ തന്നെയാണ് ദൌത്യത്തിന്റെ ആത്യന്തിക ലക്ഷ്യം. ചൊവ്വയില്‍ നിന്നുള്ള പദാര്‍ഥങ്ങളാണ് ഫോബോസിന്റെ പുറംപാളിയില്‍ നിറഞ്ഞിരിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. 400 കോടി വര്‍ഷം മുന്‍പ് ചൊവ്വയില്‍ നിരന്തരം നടന്ന ക്ഷുദ്രഗ്രഹ പതനത്തിന്റെ ഫലമായി ചിതറിത്തെറിച്ച പദാര്‍ഥങ്ങളാണ് ഫോബോസില്‍ അടിഞ്ഞതെന്ന് കണക്കാക്കുന്നു. ചൊവ്വയുടെ ഉപരിതല സവിശേഷതകള്‍ കൂടുതല്‍ അറിയാനും ഭാവിയിലെ ചൊവ്വാ ദൌത്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് ഫോബോസ് മണ്ണില്‍ റഷ്യ ലക്ഷ്യം വെക്കുന്നത്.

ചൊവ്വന്‍ ദൌത്യങ്ങളിലെല്ലാം പരാജയത്തിന്റെ കഥകളാണ് റഷ്യയുടെ കണക്കു പുസ്തകത്തിലുള്ളത്.
രണ്ടുതവണ ഫോബ്സ് ദൌത്യം പരാജയമായിരുന്നു. ചൊവ്വയെ ലക്ഷ്യം വെച്ച 1996 ലെ മാര്‍സ് 96 ദൌത്യവും ബഹിരാകാശം കാണാതെ തലകുത്തി വീണു. അതിനാല്‍ ഇത്തവണ പിഴവുകളില്ലാതിരിക്കാന്‍ കൂടുതല്‍ സൂഷ്മതയോടെയാണ് റഷ്യ ഒരുങ്ങുന്നത്.

അതേസമയം ദൌത്യത്തെക്കുറിച്ച് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്റര്‍നാഷണനല്‍ കമ്മിറ്റി എഗൈന്‍സ്റ്റ് മാര്‍സ് സാമ്പ്ള്‍ റിട്ടേണ്‍ എന്ന സംഘടന ഈ ദൌത്യം ഐക്യരാഷ്ട്ര സംഘടനയുടെ ബഹിരാകാശ ഉടമ്പടിയുടെ ലംഘനമാണെന്ന വാദവുമായി രംഗത്തുണ്ട്. ഭൂമിയിലെ പദാര്‍ഥങ്ങളാല്‍ ചൊവ്വയുടെയും ഫോബ്സിന്റെയും അന്തരീക്ഷം മലിനമാക്കുവാന്‍ ദൌത്യം ഇടയാക്കുമെന്നും, ദൌത്യത്തില്‍ പിഴവുണ്ടായാല്‍ പേടകം ചൊവ്വയില്‍
ഇടിച്ചിറങ്ങാന്‍ ഇടയുണ്ടെന്നും ഇവര്‍ വാദിക്കുന്നു.

ഭൂമിയില്‍ നിന്ന് പരീക്ഷണത്തിന് അയക്കുന്ന അതിജീവനശേഷിയുള്ള സൂക്ഷ്മജീവികള്‍ ചൊവ്വയിലെത്താനിടയായാല്‍ പെറ്റുപെരുകി ചൊവ്വയില്‍ ജീവന്‍ തേടുന്ന പരീക്ഷണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും എതിര്‍വാദങ്ങള്‍ ഇവര്‍ നിരത്തുന്നു. ഇത് ശാസ്ത്രത്തോടുള്ള കുറ്റകൃത്യമായാണ് ഇവര്‍ കണക്കാക്കുന്നത്. എന്തായാലും നവംബര്‍ 8 വരെ കാത്തിരിക്കാം. ബേക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യന്‍- ചൈനീസ് പ്രതീക്ഷകള്‍ കുതിച്ചുയരട്ടെ…ബാക്കി കാലം കാണിച്ചു തരും.

ശാസ്ത്രം ആ ന്യൂട്രിനോകള്‍ക്കു പിറകേ തന്നെയുണ്ട്…

ഈ ശാസ്ത്രസമസ്യക്ക് അതിവേഗം പരിഹാരമുണ്ടാവുമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ശാസ്ത്രത്തിന്റെ സഞ്ചാരം അവശ്യമായും സാവധാനത്തിലായിരിക്കും. എടുത്തുചാട്ടങ്ങളില്ലാതെ ശരികളുടെ സൂഷ്മ തലങ്ങള്‍ ഇഴകീറിയെടുക്കുവാനുള്ള സമയം അനുവദിച്ച് നമുക്ക് കാത്തിരിക്കാം-നിധീഷ് നടേരി എഴുതുന്നു

courtesy: livescience.com

ശാസ്ത്രലോകം അടങ്ങിയിരിക്കുന്നില്ല, എണ്‍പതോളം പഠനങ്ങളാണ് പ്രകാശവേഗം മറികടന്ന ന്യൂട്രിനോകളെ പിന്‍തുടര്‍ന്ന് ഇതുവരെ പുറത്തുവന്നത്. സേണിന്റെ (CERN) ഓപ്പറ(OPERA) പരീക്ഷണ ഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റിലാണ് ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ തുടര്‍ പഠനങ്ങളുടെ നിര തന്നെ തൊടുത്തുവിട്ടിരിക്കുന്നത്. മിക്കവയും സൈദ്ധാന്തികമായി പ്രകാശവേഗം മറികടന്ന ന്യൂട്രിനോകള്‍ക്കൊപ്പം തന്നെയുള്ളവയാണ്. സേണിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നവ.

അതേ സമയം കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന സ്വതന്ത്ര പരീക്ഷണ ഫലങ്ങളുമുണ്ട്. അതിലൊന്ന് ഓപ്പറ പരീക്ഷണഫലത്തെ ഖണ്ഡിക്കുന്നതാണ്. ICARU( ഇമേജിങ് കോസ്മിക് ആന്‍ഡ് റെയര്‍ അണ്ടര്‍ഗ്രൌണ്ട് സിഗ്നല്‍സ്) നടത്തിയ സ്വതന്ത്ര പരീക്ഷണ ഫലം ന്യൂട്രിനോ പ്രകാശവേഗം മറികടന്നുവെന്ന നിഗമനത്തിന് ചില എതിര്‍വാദങ്ങള്‍ തൊടുത്തുവിടുന്നു. സേണില്‍ നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ നാഷനല്‍ ലാബിലേക്ക് ന്യൂട്രിനോ പ്രവാഹത്തെ അയച്ചു തന്നെയാണ് സ്വതന്ത്ര പരീക്ഷണവും നടത്തിയിരിക്കുന്നത്. പക്ഷേ ന്യൂട്രിനോകളുടെ വേഗം അളക്കുകയല്ല ICARU സംഘം ചെയ്തത്. അവയുടെ ഊര്‍ജ സ്പെക്ട്രം നിരീക്ഷണവിധേയമാക്കുകയായിരുന്നു.

പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോകള്‍ക്ക് സംഭവിക്കുമെന്ന് സൈദ്ധാന്തികമായി പ്രതീക്ഷിക്കപ്പെടുന്ന ഊര്‍ജ വ്യതിയാനം ഈ സ്പെക്ട്രത്തില്‍ ദൃശ്യമല്ലെന്നായിരുന്നു കണ്ടെത്തല്‍. നൊബേല്‍ ജേതാവായ ഭൌതികശാസ്ത്രകാരന്‍ ഷെല്‍ഡന്‍ ഗ്ലാഷോയും ആന്‍ഡ്യ്രൂ കോഹനും ചേര്‍ന്ന് പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോക്ക് സംഭവിക്കാവുന്ന ഊര്‍ജ വ്യതിയാനത്തെക്കുറിച്ച് സൈദ്ധാന്തികമായി പ്രവചിച്ചിരുന്നു. കോഹന്‍-ഗ്ലാഷോ എഫക്റ്റ് എന്നാണ് ന്യൂട്രിനോകള്‍ക്കു സംഭവിക്കാവുന്ന ഊര്‍ജവ്യതിയാന പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.

പ്രകാശവേഗം മറികടന്നു സഞ്ചരിക്കുമ്പോള്‍ അവക്ക് ഇലക്ട്രോണ്‍ -പോസിട്രോണ്‍ ജോഡികളെ പുറത്തുവിടേണ്ടിവരുന്നു. ഇങ്ങനെ ദീര്‍ഘദൂരം സഞ്ചരിക്കുന്നതിനനുസരിച്ച് നിരന്തരം ഇലക്ട്രോണ്‍- പോസിട്രോണ്‍ ഉല്‍സര്‍ജനം നടത്തുന്നതിലൂടെ ന്യൂട്രിനോകളുടെ ഊര്‍ജം കുറയുന്നു. അങ്ങനെയെങ്കില്‍ സേണ്‍ പരീക്ഷണത്തില്‍ 730 കിലോമീറ്റര്‍ സഞ്ചരിച്ച ന്യൂട്രിനോകള്‍ക്ക് ഈ ഊര്‍ജ വ്യതിയാനം ദൃശ്യമാകണം. പക്ഷേ സേണിന്റെ പരീക്ഷണ ഫലത്തിലും ICARU പരീക്ഷണത്തിലും അത്തരം ഊര്‍ജവ്യതിയാനം കണ്ടെത്താനാവുന്നില്ല. ഇത് വലിയൊരു പൊരുത്തക്കേടായി മുന്നില്‍ നില്‍ക്കുന്നുണ്ട്.

അതേസമയം ഈ പൊരുത്തക്കേട് സേണ്‍സംഘത്തിനു പുതിയ അറിവല്ലെന്നും കോഹന്‍ ഗ്ലാഷോ എഫക്റ്റ് അനുസരിക്കുന്നില്ല പരീക്ഷണ ഫലമെന്ന കാര്യം പത്തോളം സേണ്‍ മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെന്നും ഓപ്പറ ഫിസിക്സ് കോ ഓഡിനേറ്റര്‍ ദാരിയോ ഓഡിയാരോ പറയുന്നു. കോഹന്‍ ഗ്ലാഷോ എഫക്റ്റ് എല്ലായ്പ്പോഴും പ്രകാശവേഗം മറികടക്കുന്ന ന്യൂട്രിനോകള്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ലെന്ന് കരുതുന്നവരുണ്ട്.

ചിലപ്പോള്‍ സാങ്കല്‍പ്പികമായ അഞ്ചാമതൊരു ഡൈമന്‍ഷന്റെ കുറുക്കുവഴിയിലൂടെയാണ് അവ സഞ്ചരിക്കുന്നതെങ്കില്‍ ഈ നിഗമനങ്ങളെല്ലാം അപ്രസക്തമാവുകയും ചെയ്യും. നീളം, വീതി, ഉയരം, സമയം എന്നീ നാലു മാനങ്ങള്‍ക്കപ്പുറം(dimension) നാമറിയാത്ത അഞ്ചാമതൊരു ഡയമന്‍ഷന്‍. അതിന്റെ കുറുക്കുവഴിയില്‍ നിയമങ്ങള്‍ തെറ്റിച്ച് ഊര്‍ജവ്യതിയാനം സംഭവിക്കാതെ സഞ്ചരിക്കുന്ന ന്യൂട്രിനോ..അങ്ങനെയെങ്കില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതക്ക് പരിക്കേല്‍ക്കാതെ കാര്യങ്ങള്‍ക്ക് പുതിയൊരു തലം കൈവരും.

എന്തായാലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം ഏറെ ചലനമുണ്ടാക്കിയ ഈ ശാസ്ത്രസമസ്യക്ക് അതിവേഗം പരിഹാരമുണ്ടാവുമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ശാസ്ത്രത്തിന്റെ സഞ്ചാരം അവശ്യമായും സാവധാനത്തിലായിരിക്കും. എടുത്തുചാട്ടങ്ങളില്ലാതെ ശരികളുടെ സൂഷ്മ തലങ്ങള്‍ ഇഴകീറിയെടുക്കുവാനുള്ള സമയം അനുവദിച്ച് നമുക്ക് കാത്തിരിക്കാം.

ആറു വര്‍ഷമെടുത്തു ഓപ്പറ പരീക്ഷണഫലം പുറം ലോകത്തോട് പറയാനുള്ള രീതിയില്‍ എത്തുന്നതിന്. തുടര്‍ പരീക്ഷണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മെയിന്‍ ഇന്‍ജെക്റ്റര്‍ ന്യൂട്രിനോ ഓസിലേഷന്‍ സെര്‍ച്ച് (MINOS) എന്ന് ന്യൂട്രിനോ വേഗത്തെക്കുറിച്ചുള്ള ഫെര്‍മിലാബ് പരീക്ഷണമാണ് ഒന്ന്. ജപ്പാനില്‍ ടോകായ് ടു കാമോയ്ക(T2K) പരീക്ഷണമാണ് മറ്റൊന്ന്. പിന്നെ സൈദ്ധാന്തിക സംവാദങ്ങളുടെ പരമ്പരകളും. വരട്ടെ നോക്കാം പ്രകാശം തോറ്റോ ന്യൂട്രിനോ ജയിച്ചോ ഐന്‍സ്റ്റീനെ തിരുത്തണോ എന്നൊക്കെ.

വാല്‍നക്ഷത്രം: എന്തെങ്കിലും വിളിച്ചു പറഞ്ഞ് പിന്നെ അതിനു നൂറു ന്യായം നിരത്തലല്ല ശാസ്ത്രം. നൂറു ന്യായീകരണങ്ങള്‍ ഉറപ്പാക്കി ഉള്ളതു പറച്ചിലാണ്

കാശില്ല, നാസ മുങ്ങി; ചൊവ്വയില്‍ പോവാന്‍ ഇനി റഷ്യ കനിയണം

ചൊവ്വയിലെ ജീവസാന്നിധ്യത്തിന് തെളിവുകള്‍ തേടി യൂറോപ്യന്‍ സ്പേസ് ഏജന്‍സി(ESA) രൂപകല്‍പ്പന ചെയ്ത പര്യവേക്ഷണ പദ്ധതിയാണ് എക്സോമാര്‍സ്(exomars). സാമ്പത്തിക പ്രതിസന്ധി കാരണം നാസ പിന്‍വലിഞ്ഞതിനാല്‍ റഷ്യയുടെ സഹായം കാത്തിരിക്കുകയാണ്അധികൃതര്‍ റഷ്യ വഴങ്ങിയില്ലെങ്കില്‍ ഈ സ്വപ്ന ദൌത്യം അനിശ്ചിതത്വത്തില്‍ തുടരും-നിധീഷ് നടേരി എഴുതുന്നു

ചൊവ്വയിലെ ജീവസാന്നിധ്യത്തിന് തെളിവുകള്‍ തേടി യൂറോപ്യന്‍ സ്പേസ് ഏജന്‍സി(ESA) രൂപകല്‍പ്പന ചെയ്ത പര്യവേക്ഷണ പദ്ധതിയാണ് എക്സോമാര്‍സ്(exomars). റോവറുകളെ ചൊവ്വയിലയച്ച് ജീവസാന്നിധ്യത്തിന്റെ അടയാളമായ മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം മണത്തറിയുക അടക്കമുള്ള നിരവധി ലക്ഷ്യങ്ങള്‍ ചുവന്ന ഗ്രഹത്തില്‍ എക്സോമാര്‍സ് ലക്ഷ്യമിടുന്നുണ്ട്.

ഏറെ കാലമായി ഈ ദൌത്യത്തിനായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ഗവേഷകര്‍. 2016 ജനുവരിയില്‍ എക്സോമാര്‍സിന്റെ ആദ്യഘട്ടമായി വാതകസാന്നിധ്യം പരിശോധിക്കുന്ന ഓര്‍ബിറ്ററിനെ ചൊവ്വയിലയക്കും. രണ്ടാം ഘട്ടമായി 2018ല്‍ രണ്ടു റോവറുകള്‍ കൂടി ചൊവ്വയിലേക്ക് അയക്കും. അവ ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിച്ച് സാമ്പിള്‍ ശേഖരിക്കും.2020 നുശേഷമുള്ള ഭാവി ദൌത്യത്തില്‍ ഈ സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് പരിശോധിക്കും.

മീഥൈന്‍ വാതകമുള്‍പ്പെടെ ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യം വിളിച്ചു പറയുന്ന വാതകങ്ങളെ മണത്തറിയാനായാണ് ആദ്യഘട്ടത്തില്‍ ഓര്‍ബിറ്ററിനെ അയക്കുന്നത്. ഭാരിച്ച ചെലവു വരുന്ന ദൌത്യത്തിന്റെ ആദ്യഘട്ടത്തില്‍ ഓര്‍ബിറ്ററിനെ ചൊവ്വയിലെത്തിക്കാനുള്ള അറ്റ്ലസ് 5 എന്ന ലോഞ്ച് റോക്കറ്റ് അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ(NASA) നല്‍കുമെന്ന് ഏറ്റിരുന്നു. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ നാസ പാലം വലിച്ചു. ഫണ്ടില്ലായ്മ കാരണം വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് നാസ അറിയിച്ചു. ലോഞ്ച് റോക്കറ്റ് തയാറാക്കാന്‍ ബഡ്ജറ്റില്‍ വകയില്ലെന്നും രണ്ടാം ഘട്ടത്തില്‍ ലോഞ്ച് റോക്കറ്റ് തയാറാക്കാം എന്നുമായിരുന്നു നാസയുടെ നിലപാട്.

207കോടി ഡോളര്‍ ചെലവുവരുന്ന പദ്ധതിയില്‍ ലോഞ്ചിങ് റോക്കറ്റു കൂടി ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കു ശേഷിയില്ലാത്തതിനാലാണ് പരസഹായം തേടിയത്. പ്രതീക്ഷ അസ്ഥാനത്തായതോടെ അവര്‍ റഷ്യന്‍ സ്പേസ് ഏജന്‍സിയുടെ സഹകരണം തേടുകയാണ്. ശാസ്ത്രലോകത്തിനാകെ ഏറെ പ്രതീക്ഷ നല്‍കിയ ചൊവ്വാ ദൌത്യം താല്‍ക്കാലികമായി പ്രതിസന്ധി നേരിടുകയാണ്.

റഷ്യ കനിഞ്ഞാല്‍ കാര്യങ്ങള്‍ ചൊവ്വാവും. ഫെബ്രുവരിക്കുള്ളില്‍ റഷ്യയുമായി ധാരണയിലെത്താനും നാസയുടെ മറ്റു സഹായവാഗ്ദാനങ്ങളില്‍ ഉറപ്പുവാങ്ങാനുമാണ് ഇസയുടെ ശ്രമം.വാഗ്ദാനത്തില്‍ നിന്നുള്ള നാസയുടെ പിന്‍മാറ്റം അവിടത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ അടയാളമായി വിലയിരുത്തപ്പെടുന്നു. ഹബ്ള്‍ ടെലസ്കോപ്പിനെ തുടര്‍ന്ന് ബഹിരാകാശത്ത് അയക്കാന്‍ പദ്ധതിയിട ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് പൂര്‍ത്തിയാക്കാന്‍ വലിയ ചിലവു വകയിരുത്തേണ്ടി വന്നതാണ് ഫണ്ടില്ലായ്മക്കു കാരണമെന്ന് കരുതുന്നു. റഷ്യ വഴങ്ങിയില്ലെങ്കില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഈ സ്വപ്ന ദൌത്യം അനിശ്ചിതത്വത്തില്‍ തുടരും.

കൂട്ടിമുട്ടലുകള്‍ ഒടുങ്ങി; ഇനി ഇങ്ങിനെയൊരു കണികാ ത്വരകമില്ല

സബ് ആറ്റോമിക് ലോകത്തു മറഞ്ഞു നിന്ന ഒരു പാട് കണങ്ങളെ വെളിച്ചത്ത് കൊണ്ടുവന്ന ലോകത്തെ രണ്ടാമത്തെ കണികാത്വരകം(particle accelator) വെള്ളിയാഴ്ച നിശബ്ദമായി. ചിക്കാഗോ ഫെര്‍മിലാബിലെ ആറര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കണികാ ത്വരകം1985 മുതല്‍ നിരന്തരം കണികാ സംഘട്ടനങ്ങളുടെ അരങ്ങാവുകയായിരുന്നു-നിധീഷ് നടേരി എഴുതുന്നു

ടെവട്രോണില്‍(tevatrone) ഇനി ഊര്‍ജമടങ്ങാത്ത പ്രോട്ടോണ്‍ പ്രവാഹങ്ങള്‍ തമ്മിലിടി തുടരില്ല.
രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ഒരു പുതിയ കണവും പിടി തരില്ല.
സബ് ആറ്റോമിക് ലോകത്തു മറഞ്ഞു നിന്ന ഒരു പാട് കണങ്ങളെ വെളിച്ചത്ത് കൊണ്ടുവന്ന ലോകത്തെ രണ്ടാമത്തെ കണികാത്വരകം(particle accelator) വെള്ളിയാഴ്ച നിശബ്ദമായി. ചിക്കാഗോ ഫെര്‍മിലാബിലെ ആറര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കണികാ ത്വരകം1985 മുതല്‍ നിരന്തരം കണികാ സംഘട്ടനങ്ങളുടെ അരങ്ങാവുകയായിരുന്നു.
പുതിയ അണു പദാര്‍ഥങ്ങളെ തിരിച്ചറിഞ്ഞ് പാര്‍ട്ടിക്ള്‍ ഫിസിക്സിന്റെ അഴിയാക്കുരുക്കുകള്‍ നിവര്‍ത്താനുള്ള ശാസ്ത്രക്കുതിപ്പുകള്‍ക്ക് ഊര്‍ജമേകുകയായിരുന്നു ടെവട്രോണ്‍. 2009ല്‍ സേണിന്റെ(CERN) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ വരുന്നത് വരെ ലോകത്തെ ഏറ്റവും വലിയ കണികാ ത്വരകമായി തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു ഇത്.
27.3 കിലോമീറ്ററില്‍ ഭൂമിക്കടിയില്‍ വ്യാപിച്ചു കിടന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അതിചാലക കാന്തങ്ങള്‍(super conducting magnets) ഉപയോഗിച്ച് പ്രോട്ടോണുകളുടെ ഗതിവേഗം കൂട്ടുന്ന ടെവട്രോണിന്റെ സാങ്കേതികത തന്നെയാണ് പിന്‍ തുടര്‍ന്നത്.
പാര്‍ട്ടിക്ക്ള്‍ ഫിസിക്സിലെ ഗവേഷണങ്ങളില്‍ മല്‍സര ബുദ്ധിയോടെ മുന്നേറുന്ന അമേരിക്കയിലെ ഫെര്‍മിലാബിനും യൂറോപ്പിലെ സേണിനും അഭിമാനചിഹ്നങ്ങളാണ് അവരുടെ കണികാത്വരകങ്ങള്‍.
തീവ്ര, ദുര്‍ബല അണുകേന്ദ്ര പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തെ ശരിവെക്കുന്ന കണങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് മല്‍സരിക്കുകയായിരുന്നു ഇരുസ്ഥാപനങ്ങളും. ബോസോണുകള്‍ എന്ന സബ് ആറ്റോമിക് കണങ്ങളെ തിരിച്ചറിഞ്ഞ് സേണ്‍(ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അന്ന് രംഗത്തു വന്നിട്ടില്ല അന്ന് സൂപ്പര്‍ പ്രോട്ടോന്‍ സിങ്കോട്രോണ്‍ SPS ആയിരുന്നു സേണിന്റെ കണികാത്വരകം) അനുമാനങ്ങള്‍ക്ക് ആദ്യ തെളിവു മുന്നോട്ടുവെച്ചു.
1983ല്‍ ടോപ്കോര്‍ക്ക് ,ബോട്ടം ക്വാര്‍ക്ക്, താവു ന്യൂട്രിനോ എന്നിവയെ തിരിച്ചറിഞ്ഞാണ് ടെവട്രോണ്‍ മുന്നേറ്റം തുടങ്ങുന്നത്. അന്ന് ലോകത്ത് അത്രയും വലിയ കണികാത്വരകം വേറെയില്ലായിരുന്നു.
ചിക്കാഗോയുടെ മണ്ണിനടിയിലെ ഈ ആറരകിലോമീറ്റര്‍ ഭൂഗര്‍ഭ ടണലിലൂടെ നിരന്തരം പ്രോട്ടോണുകള്‍ പ്രവഹിച്ചു. ബാരിയോണുകള്‍ അടക്കമുള്ള നിരവധി പുതിയ കണങ്ങള്‍ ടെവട്രോണ്‍ തിരിച്ചറിഞ്ഞു. സേണിന്റെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ കണികാ പരീക്ഷണത്തില്‍ അമേരിക്കന്‍ ശാസ്ത്രകാരന്‍മാര്‍ ചുവടുമാറിയപ്പോള്‍ ടെവട്രോണിന്റെ പ്രസക്തി കുറയുകയായിരുന്നു.
അമേരിക്ക കൂടി പങ്കാളിയായ ഈ ആഗോള ദൌത്യത്തില്‍ ഹിഗ്സ് ബോസോണിനെ തേടി മൂവായിരത്തോളം ശാസ്ത്രകാരന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു വലിയ കണികാത്വരകം പണിയുകയെന്ന ഫെര്‍മിലാബ് ചിന്തക്ക് യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണ നേരത്തെ ലഭിച്ചിരുന്നില്ല. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ അറ്റകുറ്റപ്പണിക്കായി യു.എസ് വന്‍ തുക മുടക്കിയിട്ടുമുണ്ട്.
കണികാ പരീക്ഷണവുമായി സഹകരിക്കാന്‍ സേണുമായി ഉടമ്പടിയിലേര്‍പ്പെട്ട ആറായിരത്തോളം ശാസ്ത്രകാരന്‍മാരില്‍ 1600ഓളം പേര്‍ അമേരിക്കന്‍ ഗവേഷകരാണ്. അങ്ങനെ ശാസ്ത്ര ചരിത്രത്തില്‍ നവീനതകള്‍ എഴുതിച്ചേര്‍ത്ത ടെവട്രോണിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഐന്‍സ്റ്റീന് തെറ്റിയെന്ന് തുള്ളിച്ചാടാന്‍ വരട്ടെ

ലോക ശാസ്ത്ര സമൂഹത്തെ മുള്‍ മുനയിലാക്കിയ കണ്ടെത്തലിനെ തുടര്‍ന്ന് സേണ്‍ വക്താവ് ജെയിംസ് ഗില്ലീസ് റേഡിയോ ഫോര്‍ ലിബര്‍ട്ടി കറസ്പോണ്ടന്റിനു നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ന്യൂട്രിനോ പരീക്ഷണത്തിന്റെ ഫലം ദൌത്യത്തിലുള്‍പ്പെട്ട സേണ്‍ ഗവേഷകര്‍ക്കുപോലും അവിശ്വസനീയമായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നല്ലോ…എന്താണങ്ങിനെ?

ശാസ്ത്രത്തില്‍ വല്ലപ്പോഴും മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയുള്ളു. ഒരു പരീക്ഷണം അസാധാരണമായ ഫലം തരുമ്പോള്‍ ആരായാലും അവിശ്വസനീയമെന്നു തന്നെ പറഞ്ഞുപോകും. അങ്ങനെ വന്നാല്‍ നിരന്തരം നമ്മുടെ പരീക്ഷണ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ ഒക്കെ തിരിച്ചും മറിച്ചും പരിശോധിച്ച് നാം ആ ഫലത്തെക്കുറിച്ച് കൂടുതല്‍ ഉറപ്പു വരുത്തുവാന്‍ ശ്രമിക്കും. കൂടുതല്‍ തവണ ചെയ്തു കഴിയുമ്പോള്‍ ആ ഫലത്തിന് സാധാരണമായ എന്തെങ്കിലും വിശദീകരണം നമുക്ക് ലഭിക്കുകയും ചെയ്യും. അങ്ങനെ ആ ഫലം ഉപേക്ഷിക്കപ്പെടും. പക്ഷേ എല്ലായ്പ്പോഴും അങ്ങിനെയാവില്ല. ഇവിടെ സംഭവിച്ചതും അതാണ്. ഗവേഷകര്‍ കിട്ടിയ വിവരം ഇഴകീറി പരിശോധിച്ചപ്പൊഴും പരീക്ഷണ ഉപകരണങ്ങളുമായി ബന്ധപ്പെടുത്തി അതിനൊരു വിശദീകരണം നല്‍കല്‍ വളരെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മനസിലാക്കുകയായിരുന്നു. അപ്പോള്‍ അടുത്ത പടി ഈ ഫലം ആഗോള ഭൌതിക ശാസ്ത്ര സമൂഹത്തിനു മുന്‍പില്‍ ചര്‍ച്ചക്കു വെക്കുകയെന്നതാണ്. അതാണിപ്പോള്‍ നടക്കുന്നത്.

ഈ കണ്ടെത്തല്‍ സ്വീകരിക്കപ്പെട്ടാല്‍ അല്ലെങ്കില്‍ മറ്റു ശാസ്ത്രകാരന്‍മാര്‍ സ്വതന്ത്രമായി ന്യൂട്രിനോകണങ്ങള്‍ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് ഉറപ്പുവരുത്തിയാല്‍ ഭൌതികശാസ്ത്രത്തില്‍ അതിന്റെ അനന്തരഫലം എന്തായിരിക്കും

ആപേക്ഷികതാ സിദ്ധാന്തം ഒരു നൂറ്റാണ്ടോളമായി കാലത്തിന്റെ പരീക്ഷണങ്ങള്‍ക്കായി നിലകൊള്ളുകയാണ്. ആരും അതിനെ പരീക്ഷണ വിധേയമാക്കാത്തതുകൊണ്ടല്ല അത് നിലനിന്നത്. പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇതിനെ ആസ്പദമാക്കി നടന്നിട്ടും കോസ്മിക് സ്പീഡ് ലിമിറ്റിനെ ഖണ്ഡിക്കുന്ന യാതൊരു കണ്ടെത്തലുകളും ഉണ്ടായില്ല.
അതു പോലെ ഒരു പരീക്ഷണം മാത്രമായിരുന്നു ഇതും. എന്നു വെച്ച് ഇത് തെറ്റാണെന്നല്ല. ഇവിടെ വേറിട്ട വിശദീകരണം തീര്‍ച്ചയായും ഉണ്ടായേക്കാമെന്ന് ശാസ്ത്ര സമൂഹത്തിനാകെ ഒരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. ആപേക്ഷികത, ക്വാണ്ടം മെക്കാനിക്സ് എന്നീ രണ്ടു നെടും തൂണുകളിലാണ് ആധുനിക ഭൌതിക ശാസ്ത്രം ഉയര്‍ന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഭൌതികശാസ്ത്രത്തെ വലിയ ധര്‍മസങ്കടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതും ഈ രണ്ട് ധാരകളാണ്.
ആപേക്ഷികത ഗുരുത്വ(gravity) സിദ്ധാന്തമാണ്. ഗുരുത്വവുമായി ബന്ധപ്പെട്ട് യാതൊരു ക്വാണ്ടം സിദ്ധാന്തവുമില്ല താനും. ആപേക്ഷികതക്കും ക്വാണ്ടം മെക്കാനിക്സിനും ഇടയിലുള്ള ഈ പ്രശ്നം പരിഹരിക്കുകയെന്നത് ആധുനിക ഭൌതിക ശാസ്ത്രത്തെ സംബന്ധിച്ച് പ്രധാന കാര്യമാണ്. അപ്പോള്‍ ഇത്തരത്തിലുള്ള അപ്രതീക്ഷിത കണ്ടെത്തലുകള്‍ ചിലപ്പോള്‍ പ്രശ്ന പരിഹാരത്തിന്റെ വഴിതുറക്കലാവും. പക്ഷേ എല്ലാത്തിനുമുപരി ഈ നിരീക്ഷണം യഥാര്‍ഥമോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ന്യൂട്രിനോ പരീക്ഷണം വിശദമാക്കാമോ?

ഒരു കോസ്മിക് സ്പീഡ് ലിമിറ്റ് ഉണ്ടെന്നും അത് പ്രകാശ പ്രവേഗമാവാമെന്നുമാണ് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം പറയുന്നത്.
സേണില്‍ നിന്ന് 730 കിലോമീറ്റര്‍ അപ്പുറം ഗ്രാന്‍ സാസോയിലുള്ള ഭൂഗര്‍ഭ കണികാ നിരീക്ഷണ സംവിധാനത്തിലേക്ക് അയച്ച ന്യൂട്രിനോ പ്രവാഹത്തിന്റെ സഞ്ചാര സമയമാണ് ഞങ്ങള്‍ അളന്നത്. കൃത്യമായി പറഞ്ഞാല്‍ 732 കിലോമീറ്റര്‍ ദൂരം ന്യൂട്രിനോ കണങ്ങള്‍ സഞ്ചരിച്ചത് 2.4 മൈക്രോ സെക്കന്റുകൊണ്ടാണ്.
പരീക്ഷണം വ്യക്തമാക്കിയത് ന്യൂട്രിനോകള്‍ പ്രകാശത്തേക്കാള്‍ വേഗത്തിലെത്തുന്നുവെന്നാണ്. വളരെ നേര്‍ത്ത വ്യത്യാസം അതായത് .oo25 ശതമാനം മുന്നില്‍. അത് ശരിയാണെങ്കില്‍ അത് ഭൌതിക ശാസ്ത്രത്തില്‍ വിപ്ലവം തന്നെയാണ്.
ഐന്‍സ്റ്റീന് തെറ്റിയെന്ന് പറഞ്ഞ് തുള്ളിച്ചാടും മുന്‍പ് അത്യധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. എന്താണ് ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് കൃത്യമായി പ്രസ്താവിക്കും മുന്‍പ് ലോകത്തെവിടെയെങ്കിലും സ്വതന്ത്ര പരീക്ഷണങ്ങളില്‍ ഇത് ആവര്‍ത്തിക്കുമോ എന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.

ഭൂഗര്‍ഭ നിരീക്ഷണ ഉപകരണങ്ങള്‍ പരീക്ഷണത്തിന് ഉപയോഗിച്ചുവെന്ന് പറഞ്ഞു. ന്യൂട്രിനോ കണങ്ങള്‍ കടന്നുപോയ ഭൂഗര്‍ഭ വഴിയിലെ സംവിധാനങ്ങള്‍ അതിനെ പ്രകാശത്തെ പോലെ പെരുമാറാന്‍ പ്രേരിപ്പിച്ചതാവുമോ?

അവ പ്രകാശകണങ്ങള്‍ അല്ലായിരുന്നല്ലോ… അവ ന്യൂട്രിനോ എന്ന പരമാണു കണങ്ങളായിരുന്നു. പ്രപഞ്ചത്തില്‍ സര്‍വവ്യാപിയായി നിറഞ്ഞു നില്‍ക്കുന്ന കണങ്ങള്‍. കണ്ടെത്താന്‍ പ്രയാസമേറിയ സൂക്ഷ്മ കണങ്ങള്‍…ദുര്‍ബലമായി മാത്രം പ്രതിപ്രവര്‍ത്തിക്കുന്നവ…ബഹിരാകാശത്തുനിന്നുവരുന്ന ന്യൂട്രിനോ പ്രവാഹങ്ങളില്‍ നമ്മള്‍ നിരന്തരം കുളിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമായും സൂര്യനില്‍ നിന്ന്. ഒരു തടസവുമില്ലാതെ ഒന്നുമായും പ്രതിപ്രവര്‍ത്തിക്കാതെ നേരെ വന്നു പതിക്കുന്നു.
അവയെ മനസിലാക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അവയ്ക്ക് ഭൂമിയുടെ ഏതു കോണിലും ഒരു പ്രവര്‍ത്തനവുമില്ലാതെ കടന്നുചെല്ലാനാവും. ചിക്കാഗോയിലെ ഫെര്‍മിലാബിലും സേണിലുമെല്ലാം അത്തരം പ്രവാഹങ്ങള്‍ സൃഷ്ടിക്കുക അതുകൊണ്ടുതന്നെ എളുപ്പമാണ്. അവയെ ഭൂമിക്കടിയിലേക്ക് പറഞ്ഞയക്കാനും….അതാണ് ചെയ്തത്. അത് പ്രത്യേക ടണലിലൂടെ ഒന്നുമായിരുന്നില്ല. അവ യഥാര്‍ഥത്തില്‍ ഭൂമിയിലൂടെ കടന്നുപോവുക തന്നെയായിരുന്നു. സഞ്ചരിക്കാനെടുത്ത ദൂരം ഹരിക്കണം സമയം സമം വേഗം എന്ന ലളിത തത്വം തന്നെ വെച്ചാണ് ന്യൂട്രിനോകളുടെ വേഗം നിശ്ചയിച്ചത്.

2007ല്‍ ചിക്കാഗോയിലെ ഫെര്‍മിലാബിലും ന്യൂട്രിനോ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് കണ്ടെത്തിയല്ലോ…എങ്ങനെയാണ് ഇത് അതില്‍ നിന്ന് വ്യത്യസ്തമാവുന്നത്.

അതും രസകരമായ ഫലം തന്നെയായിരുന്നു. വളരെ സാമ്യതയുള്ള പരീക്ഷണം തന്നെയായിരുന്നു അവിടെയും നടന്നത്. പക്ഷേ അവരുടെ നിഗമനം അത്ര ശക്തമായിരുന്നില്ല. അതുകൊണ്ടു തന്നെ പരീക്ഷണ ഫലം സംബന്ധിച്ച് ഉറപ്പിച്ചു പറയാന്‍ അവര്‍ക്കായില്ല. കൂടുതല്‍ കൃത്യമായ നിഗമനങ്ങളിലേക്കെത്താന്‍ ഉപകരണങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണവര്‍. അവര്‍ ചെയ്യുന്നത് കാത്തിരിക്കയാണ്ഞങ്ങളും.


ഐന്‍സ്റ്റീന്‍ തിരുത്തപ്പെടുമോ?

ഐന്‍സ്റ്റീന്‍ തിരുത്തപ്പെടുമോ?

സബ് ആറ്റോമിക് കണങ്ങളായ ന്യൂട്രിനോകളെ കണികാത്വരകത്തില്‍ പ്രവഹിപ്പിച്ച് പ്രകാശവേഗത്തേക്കാള്‍ .0025ശതമാനം വേഗം കൈവരിച്ചതായി സേണ്‍(CERN)`യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) ഗവേഷകര്‍ അവകാശപ്പെടുന്നു.സ്വതന്ത്ര പരീക്ഷണങ്ങളിലൂടെ ഈ ഫലം ശാസ്ത്രലോകം അംഗീകരിച്ചാല്‍ ആപേക്ഷികതാ സിദ്ധാന്തം പൊളിച്ചെഴുതേണ്ടി വരും. പ്രകാശവേഗത്തിനപ്പുറം വേഗമില്ലെന്ന് അന്തിമവിധിയെഴുതിയ ഐന്‍സ്റ്റീന്റെ നിഗമനം തിരുത്തേണ്ടി വരും-നിധീഷ് നടേരി എഴുതുന്നു

പദാര്‍ഥ നിര്‍മിതമായ പ്രപഞ്ചവസ്തുക്കളിലൊന്നിനുപോലും പ്രകാശ വേഗം കൈവരിക്കാനാവില്ലെന്നാണ് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം പറയുന്നത്. സെക്കന്റില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വേഗതയുള്ള പ്രകാശത്തിനേക്കാള്‍ വേഗം മറ്റേതെങ്കിലും പ്രപഞ്ചവസ്തുവിന് കൈവരിക്കാനായാല്‍ കോസ്മിക് സ്പീഡ് ലിമിറ്റ് എന്ന ഐന്‍സ്റ്റീന്റെ നിഗമനം ചോദ്യം ചെയ്യപ്പെടും. ഐന്‍സ്റ്റീന്റെ സമവാക്യമനുസരിച്ച് ഒരു വസ്തുവിനെ പ്രകാശവേഗത്തിലേക്ക് എത്തിക്കണമെങ്കില്‍ അനന്തമായ ഊര്‍ജം വേണ്ടിവരും. അനന്തമായ ഊര്‍ജം എന്നത് അസാധ്യമെന്ന് ചുരുക്കം.

എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. സബ് ആറ്റോമിക് കണങ്ങളായ ന്യൂട്രിനോകളെ കണികാത്വരകത്തില്‍ പ്രവഹിപ്പിച്ച് പ്രകാശവേഗത്തേക്കാള്‍ .0025ശതമാനം വേഗം കൈവരിച്ചതായി സേണ്‍(CERN)`യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) ഗവേഷകര്‍ അവകാശപ്പെടുന്നു. ഭൌതിക ശാസ്ത്രത്തില്‍ ഏറെ സംവാദങ്ങള്‍ക്ക് തിരികൊളുത്തും വിധമാണ് സേണിലെ ഒരുകൂട്ടം ഗവേഷകര്‍ രംഗത്തുവന്നിരിക്കുന്നത്.

ഓപ്പറ (OPERA Ocillation Project with Emulsion Tracking Appratus) എന്നു പേരിട്ട പരീക്ഷണ ദൌത്യത്തില്‍ ജനീവയിലെ സേണ്‍ കണികാ ത്വരകത്തില്‍നിന്ന് വേഗമാര്‍ജിച്ച ന്യൂട്രിനോകണങ്ങളെ ഭൌമാന്തര ടണലിലൂടെ 730 കിലോമീറ്റര്‍ അകലെ ഇറ്റലിയിലെ ഗ്രാന്‍ സാസോ ലാബോറട്ടറിവരെ അയച്ച് നിരന്തരം നിരീക്ഷണ വിധേയമാക്കുകയായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

പ്രകാശത്തേക്കാള്‍ അറുപത് നാനോസെക്കന്റുകള്‍ മുന്നിലാണ് ന്യൂട്രിനോ കണങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് സേണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതായത് പ്രകാശവുമായി ഒരു വേഗമല്‍സരമാണ് നടന്നതെങ്കില്‍ പ്രകാശത്തേക്കാള്‍ 20 മീറ്റര്‍ മുന്‍പില്‍ ന്യൂട്രിനോ കണങ്ങള്‍ ലക്ഷ്യം കണ്ട പോലെ. 15000 ന്യൂട്രിനോ പ്രവാഹ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഈ ഫലം ലഭ്യമായത്.

അതേ സമയം ഉപകരണത്തിനു സംഭവിച്ച പിഴവു മൂലമായിരിക്കാം അത്തരം അവിശ്വസനീയമായ ഫലത്തില്‍ എത്തിച്ചേര്‍ന്നതെന്ന് ചില ഭൌതിക ശാസ്ത്രകാരന്‍മാര്‍ സംശയമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഉപകരണസംബന്ധമായി വന്നു ചേരാവുന്ന പിഴവുകള്‍ ഇല്ലെന്ന് മാസങ്ങളോളം നിരന്തര സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കിയാണ് ഫലം ഉറപ്പുവരുത്തിയതെന്ന് സേണ്‍ ഗവേഷകര്‍ പറയുന്നു.

പ്രകാശകണങ്ങള്‍ പോലെ തന്നെ പിണ്ഡമില്ലാത്ത ന്യൂട്രിനോകളുടെ സാധാരണ വേഗം സെക്കന്റില്‍ 299338 കിലോമീറ്ററാണ്. അവയെകണികാത്വരകത്തില്‍ വേഗം കൂട്ടിയാണ് ഐന്‍സ്റ്റീന്റെ കോസ്മിക് സ്പീഡ് ലിമിറ്റിനെ ഗവേഷകര്‍ വെല്ലുവിളിക്കുന്നത്. സ്വതന്ത്ര പരീക്ഷണങ്ങളിലൂടെ ഈ ഫലം ശാസ്ത്രലോകം അംഗീകരിച്ചാല്‍ ആപേക്ഷികതാ സിദ്ധാന്തം പൊളിച്ചെഴുതേണ്ടി വരും. പ്രകാശവേഗത്തിനപ്പുറം വേഗമില്ലെന്ന് അന്തിമവിധിയെഴുതിയ ഐന്‍സ്റ്റീന്റെ നിഗമനം തിരുത്തേണ്ടി വരും.

നിരീക്ഷണം സത്യമാണെങ്കില്‍ ആപേക്ഷികതാ സിദ്ധാന്തം അപ്രസക്തമാവുന്നില്ല പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് അത് ഒരുങ്ങുകയാണ് ചെയ്യുന്നതെന്നും കരുതുന്നവരുണ്ട്. ന്യൂട്രിനോ പരീക്ഷണങ്ങളുമായി 2006ലാണ് ഓപ്പറ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്. നിരവധി പരീക്ഷണ പരമ്പരകളിലേക്കാണ് ഓപ്പറ വാതില്‍ തുറന്നിടുന്നത്. ഈ ന്യൂട്രിനോ ജാലവിദ്യ ശരിയാണെങ്കില്‍ ഭൌതികശാസ്ത്രത്തില്‍ പുതിയ വിപ്ലവങ്ങളായിരിക്കും വരും കാലങ്ങള്‍ കാത്തുവെക്കുക.

വാല്‍ നക്ഷത്രം: ഒരു ഫേസ് ബുക്ക് ചര്‍ച്ചയില്‍ ഒരാളുടെ കമന്റ് ഇപ്രകാരമാകുന്നു; നിരന്തരം പറഞ്ഞത് മാറ്റിപ്പറഞ്ഞു ഒരു സ്ഥിരതയുമില്ലാതെ കളിക്കുകയാണ് ശാസ്ത്രം. മതചിന്തകള്‍ എത്ര സുസ്ഥിരം എന്ന്. നിരന്തരം സൂക്ഷ്മ സത്യങ്ങള്‍ തേടിയുള്ള യാത്രയില്‍ ഇങ്ങനെ സ്വയം തിരുത്തുകയും നവീകരിക്കുകയും ചെയ്യുന്നതാണ് ശാസ്ത്രത്തെ സജീവമാക്കുന്നതെന്ന് പലരും മറക്കുന്നു. ശാസ്ത്രം നീട്ടുന്ന ഓരോ നവീനതയും സ്വന്തം വാതില്‍ക്കല്‍ ആധുനികഉപകരണമായോ സേവനമായോ വരുമ്പോള്‍ ഇവര്‍ തന്നെ വാരിപ്പുണരുന്നു.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers