Category archives for: ശാസ്ത്രം

കുടിവെള്ളം വില്‍പ്പനച്ചരക്കായത് എങ്ങനെ?

മണ്ണിന്റെ ജലസംഭരണശേഷിയും ഭൂഗര്‍ഭജലത്തിന്റെ അളവും ഇടിയുകയാണ്. നമ്മുടെ പുത്തന്‍ ജീവിതരീതി ജലചക്രത്തെ തകര്‍ക്കുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യസമൂഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ദീര്‍ഘദര്‍ശികള്‍ മുന്നറിയിപ്പു നല്കുന്നു. കേരളവും എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. ഇതിനെ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപൊതുമണ്ഡലത്തില്‍ നിന്ന് ഉയര്‍ന്നു വരേണ്ടതുണ്ട് -എല്ലാവരുടേതുമായിരുന്ന കുടിവെള്ളം ചിലരുടേതു മാത്രമായി മാറിയത് എങ്ങിനെയെന്ന് പരിശോധിക്കുന്നു, വി. വിജയകുമാര്‍. കേരളം ഉടനടി ഉത്തരം കാണേണ്ട ചില ചോദ്യങ്ങള്‍ മുന്നോട്ടു വെക്കുന്നു

 

 

എസ്. ജോസഫിന്റെ ‘വെള്ളം’ എന്ന കവിതയില്‍ നിന്നും
“മുമ്പൊക്കെ ഞങ്ങള്‍ക്കൊന്നും കിണറില്ലാരുന്നു.
വെള്ളമെടുക്കാന്‍ കുന്‍ശന്മാരുടെ വീടുകളില്‍ പോണമാരുന്നു.
അവര്‍ മുറ്റത്തുനിന്നു തൊട്ടിയില്‍ വെള്ളം കോരും
ഞങ്ങള്‍ക്ക് താഴെനിന്ന് കവുങ്ങുംപാളയില്‍ കോരാം.
അല്ലെങ്കില്‍ പാടങ്ങള്‍ക്കു നടുവിലെ ഓലികളുണ്ട്.
ഒരു കൊടം വെള്ളത്തിനു പോണ അമ്മയോ അമ്മൂമ്മയോ
മിറ്റത്തുനിന്നുള്ള ഞങ്ങടെ വിളികളുടെ തുമ്പത്ത്
കെട്ടപ്പെട്ടിരുന്നു.
……………………………………………
ഇന്നു ഞങ്ങള്‍ക്കു കിണറുണ്ട്.
വെള്ളമില്ല
കിണറെടുത്തു ചെരിച്ചുവച്ച്
നാലുകൊടം വെള്ളമൂറ്റിയെടുത്തു”

വി. വിജയകുമാര്‍.

ജലസമൃദ്ധമായ പ്രദേശമാണ് കേരളം. മുന്നൂറു സെ.മീ മഴ വരെ ലഭിച്ചിരുന്ന പ്രദേശം. ധാരാളം നീര്‍ച്ചാലുകളും അരുവികളും പുഴകളും. പറമ്പുകളിലും തൊടികളിലും പാടങ്ങളിലുമെല്ലാം കിണറുകളും കുളങ്ങളും. എന്നാല്‍, വെള്ളത്തിന്മേലുള്ള അവകാശത്തില്‍ ജന്മിത്വവും ജാതിവ്യവസ്ഥയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജോസഫിന്റെ കവിതയിലെ ആദ്യഭാഗം ദളിതര്‍ക്ക് വെള്ളത്തിനു മേല്‍ എത്രമാത്രം അവകാശങ്ങളുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടല്ലോ. നവോത്ഥാനപ്രസ്ഥാനങ്ങളുടേയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം ജലത്തിനു മേലുള്ള അവകാശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കിടയിലുമായി വികേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്നുണ്ട്. ജീവവായുവെന്ന പോലെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഈ പ്രാഥമിക ഉപഭോഗവസ്തുവിന്മേലുള്ള അവകാശങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്യമാകുന്ന അവസ്ഥ ഏറ്റക്കുറച്ചിലുകളോടെയെങ്കിലും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഈ പ്രകൃതിവിഭവത്തിനു മേലുള്ള അധികാരാവകാശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കുമിടയില്‍ വികേന്ദ്രീകരിക്കപ്പെട്ടിരുന്നുവെന്നര്‍ത്ഥം.

 

പ്ലാച്ചിമട ദൃശ്യങ്ങള്‍: ഫോട്ടോ അജിലാല്‍

 

ജലവിതരണം കേന്ദ്രീകൃതമാവുന്നു
നഗരങ്ങളിലേയും ചെറുടൌണുകളിലേയും ജലവിതരണം പ്രാദേശികഭരണസമിതികള്‍ ഏറ്റെടുക്കുന്നതോടെയാണ് ജലവിതരണം ആദ്യമായി കേന്ദ്രീകൃതമാകുന്നത്. ജലം ശുദ്ധീകരിക്കുന്നതിനും മലിനീകരണം ഒഴിവാക്കുന്നതിനും കേന്ദ്രീകൃതപദ്ധതികള്‍ക്ക് കഴിയുമെന്നത് ശ്രദ്ധാര്‍ഹമായ കാര്യമാണ്. ജലജന്യരോഗങ്ങളെ തടയുന്നതിനും മറ്റും പൊതുവായ ജലവിതരണപദ്ധതികള്‍ക്കുള്ള മെച്ചത്തെ കുറിച്ച് ജെ.ബി.എസ്. ഹാള്‍ഡേനെ പോലുള്ള ജനകീയശാസ്ത്രകാരന്മാര്‍ എഴുതുന്നുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ കേന്ദ്രീകൃത ജലവിതരണപദ്ധതികളുടെ ഭാഗമായി പൊതുടാപ്പുകള്‍ സ്ഥാപിച്ചത് ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആശ്വാസമായിരുന്നു. പ്രാദേശികഭരണസമിതികള്‍ക്ക് ജലവിതരണം കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്നില്ലെന്നതിന്റെ പേരിലാണ് കേരളത്തില്‍ പിന്നീട് ജല അതോറിറ്റി രൂപീകരിക്കുകയും ഒരു ഉദ്യോഗസ്ഥവൃന്ദത്തെ ജലവിതരണത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്യുന്നത്. കേരളത്തില്‍ ഗ്രാമനഗരഭേദങ്ങള്‍ മാഞ്ഞു തുടങ്ങുന്നതോടെ കേന്ദ്രീകൃതജലവിതരണപദ്ധതികള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി.

ജനസംഖ്യയിലും ജനസാന്ദ്രതയിലുമുണ്ടായ വര്‍ദ്ധന മൂലം ജലോപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്, വനനശീകരണം, പാടങ്ങളും കുളങ്ങളും നികത്തുന്നത്, വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും വലിയ തോതില്‍ ജലം ഉപയോഗിച്ചു തുടങ്ങുന്നത്, മണ്ണിന്റെ ജലസംഭരണശേഷിയിലുണ്ടായ ഇടിവ്, വ്യാവസായികമാലിന്യങ്ങള്‍ ഒഴുക്കുന്നതു മൂലവും മറ്റും പുഴകളും തടാകങ്ങളും മലിനീകരിക്കപ്പെട്ടത് തുടങ്ങി പല കാര്യങ്ങളും ജലവിഭവത്തില്‍ വലിയ ശോഷണമുണ്ടാക്കി. (ജലവിഭവശേഷിയിലുണ്ടായ വലിയ ഇടിവിന്, ലാഭത്തെ മാത്രം മുന്നില്‍ കാണുന്ന മുതലാളിത്തത്തിന്റെ വികസനപദ്ധതികള്‍ക്ക് വലിയ പങ്കുണ്ട്.) ഇവയെല്ലാം കേന്ദ്രീകൃതമായ ജലവിതരണസംവിധാനങ്ങളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

 

പ്ലാച്ചിമട ദൃശ്യങ്ങള്‍: ഫോട്ടോ അജിലാല്‍

 

കിണറുകള്‍ മൂടിക്കളയുന്നു
റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ലാഭതാല്പര്യങ്ങള്‍ കിണറുകളുടേയും കുളങ്ങളുടേയും നീര്‍ത്തടങ്ങളുടേയും നികത്തലിന് ത്വരകമായിരുന്നു. കേന്ദ്രീകൃതജലവിതരണസംവിധാനം വഴി കുടിവെള്ളം ലഭ്യമാക്കുന്നതിന് കിണറുകള്‍ മൂടിക്കളയണമെന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ പോലും ഒരു കാലയളവില്‍ നടപ്പിലാക്കപ്പെട്ടിരുന്നു. വൈപ്പിനില്‍ വലിയ പ്രക്ഷോഭങ്ങളിലേക്കു നയിച്ച കുടിവെള്ളക്ഷാമത്തിനു തൊട്ടു മുമ്പ് കുടിവെള്ള പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വീടുകളിലെ കിണറുകളും കുളങ്ങളും മൂടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവത്രെ!

പിന്നെ, ജലവിഭവത്തിന്റെ ചൂഷണത്തിന് നിയമപരമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. പൊതുടാപ്പുകളില്‍ നിന്ന് വെള്ളമെടുക്കുന്നവര്‍ക്ക് കരമേര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെട്ടു. വെള്ളം വില കൊടുത്തു വാങ്ങേണ്ട പ്രകൃതിവിഭവമാണെന്ന കാര്യത്തില്‍ യോജിപ്പുകളുണ്ടായി. (ഇതോടൊപ്പം ജീവവായുവും ‘വിലയില്ലാത്ത’ പ്രകൃതിവിഭവമല്ലെന്നും അതിന്റേയും മൂല്യം നിര്‍ണ്ണയിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നുണ്ട്. വായു മലിനീകൃതമായ പ്രദേശങ്ങളില്‍ ഓക്സിജന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിലൂടെയും നഗരങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിലൂടെയും ലഭ്യമാകുന്ന ലാഭം കണക്കുകൂട്ടിത്തുടങ്ങിയിട്ടുണ്ട്. )

ദരിദ്രരായ ജനങ്ങള്‍ പൊതുടാപ്പുകളില്‍ നിന്നോ പ്രാദേശികമായ കൂട്ടായ്മകളിലൂടെ നിര്‍മ്മിക്കുന്ന ജലസ്രോതസ്സുകളില്‍ നിന്നോ ജലമെടുക്കുന്നതിന് ഉപയോഗച്ചെലവ് ഈടാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജലനിധി പോലുള്ള പില്ക്കാല പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇപ്പോള്‍, പൊതുടാപ്പുകള്‍ അടയ്ക്കുന്നതിനുള്ള തീരുമാനം തന്നെ മുന്നോട്ടുവയ്ക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുകയാണ്.

 

പ്ലാച്ചിമട ദൃശ്യങ്ങള്‍: ഫോട്ടോ അജിലാല്‍

 

കുടിവെള്ളം വില്‍പ്പനക്ക്
പുതിയ കേന്ദ്രജലനയത്തില്‍ സ്വകാര്യവല്ക്കരണത്തെ കുറിച്ചു നേരിട്ടു പറയുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് ജലവിതരണം സ്വകാര്യവല്ക്കരിക്കേണ്ടതല്ലേയെന്ന കോടതിയുടെ ചോദ്യവും ഉയരുന്നത്. എല്ലാ ജനവിഭാഗങ്ങളിലും പെട്ട ആളുകളും കുടിവെള്ളം വില കൊടുത്തു വാങ്ങട്ടെയെന്ന് എല്ലാ യജമാനന്മാരും ചേര്‍ന്നു തീരുമാനിക്കുകയാണ്. കിന്‍ലേയും അക്വാഫിനയും ഉള്‍പ്പെടയുള്ള കോര്‍പ്പറേറ്റു മുതലാളിമാര്‍ തുടങ്ങി ചെറുകിടകുത്തകകള്‍ വരെ കുടിവെള്ളവിതരണത്തിലൂടെ നേടാന്‍ കഴിയുന്ന ലാഭം ഉറപ്പിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാണ്.

ഒരിക്കല്‍ പെരിയാറിനെ മൊത്തമായി കുത്തകകള്‍ക്ക് വില്ക്കാനൊരുങ്ങിയവര്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും അറിയണം. കിണറുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് വലിയ ബോട്ടിലുകളാക്കി വില്ക്കുന്ന ഒരു വിഭാഗം കച്ചവടക്കാരും ഉയര്‍ന്നുവന്നിട്ടുണ്ട്. എല്ലാ മദ്ധ്യവര്‍ഗക്കാരുടെയും വീടുകളിലേക്ക് പത്രത്തോടും പാലിനോടുമൊപ്പം രണ്ടോ മൂന്നോ കുപ്പി കുടിവെള്ളം കൂടി വരുന്ന കാലം വിദൂരമല്ല. പാവങ്ങള്‍ എന്തുചെയ്യും?

 

പ്ലാച്ചിമട ദൃശ്യങ്ങള്‍: ഫോട്ടോ അജിലാല്‍

 

വരാനിരിക്കുന്നത് ജലയുദ്ധങ്ങള്‍
അധികാരവികേന്ദ്രീകരണത്തെ കുറിച്ചുള്ള എല്ലാ വാചകകസര്‍ത്തുകള്‍ക്കുമിടയിലും മനുഷ്യന് പ്രാഥമികമായി ആവശ്യമുള്ള പ്രകൃതിവിഭവങ്ങള്‍ പോലും കുത്തകകള്‍ക്കും കോര്‍പ്പറേറ്റു ശക്തികള്‍ക്കും അടിയറവയ്ക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ പൂര്‍ണ്ണമായി വികേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരാവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കുകയാണ്. ജലവിതരണത്തിനായി നടപ്പിലാക്കപ്പെട്ട പല പദ്ധതികളും സ്വകാര്യവല്ക്കരണത്തെ പിന്‍വാതിലിലൂടെ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. ജലനിധി പോലുള്ള പദ്ധതികള്‍ സ്വകാര്യമൂലധനശക്തികള്‍ക്കു കടന്നുവരാനുള്ള ‘സേഫ്റ്റിവാല്‍വു’കളായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വളരെ നേരത്തെ തന്നെ ചൂണ്ടികാണിക്കപ്പെട്ടിരുന്നു.

നമ്മുടെ ജലസ്രോതസ്സുകള്‍ വറ്റിവരളുകയാണ്. പേരാര്‍ അഴുക്കുചാലായി മാറിയിരിക്കുന്നു. കനോലികനാല്‍ പോലുള്ള പല തോടുകളും പുഴകളും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. കുളങ്ങളും തടാകങ്ങളും കായലുകളും വയലുകളും നികത്തപ്പെടുന്നു. കേരളത്തിലെ ഭൂവിസ്തൃതിയുടെ ഒരു വലിയ ഭാഗം നിരത്തുകള്‍ക്കു വേണ്ടി ടാറിട്ടു കഴിഞ്ഞിരിക്കുന്നു. ഊടുവഴികള്‍ പോലും ടാറിടുകയാണ്. വീടുകളുടെ മുറ്റം പൂര്‍ണ്ണമായും സിമന്റിടുകയോ ടൈലുകള്‍ നിരത്തുകയോ ചെയ്യുന്നു. വെള്ളം മണ്ണില്‍ കിനിഞ്ഞിറങ്ങാനുള്ള മാര്‍ഗങ്ങള്‍ അടയ്ക്കപ്പെടുകയാണ്.

മണ്ണിന്റെ ജലസംഭരണശേഷിയും ഭൂഗര്‍ഭജലത്തിന്റെ അളവും ഇടിയുകയാണ്. നമ്മുടെ പുത്തന്‍ ജീവിതരീതി ജലചക്രത്തെ തകര്‍ക്കുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യസമൂഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ദീര്‍ഘദര്‍ശികള്‍ മുന്നറിയിപ്പു നല്കുന്നു. കേരളവും എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. ഇതിനെ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപൊതുമണ്ഡലത്തില്‍ നിന്ന് ഉയര്‍ന്നു വരേണ്ടതുണ്ട്.

ഈ മരത്തിലുണ്ടായിരുന്നു, ഭാവിയുടെ വിത്തുകള്‍

മാഷ് പറഞ്ഞു തീരുംവരെ രാത്രികളില്‍ ഏറെ വൈകിയും കുട്ടികള്‍ ഒപ്പമിരിക്കുമായിരുന്നു. മാഷിനാകട്ടെ വിഷയങ്ങള്‍ പറഞ്ഞു തീരാറുമില്ല. ഓരോ സംശയത്തിനുമുള്ള ഉത്തരങ്ങള്‍ പറയുമ്പോള്‍ കാടും മേടും കടന്നു ഭൂമിയും ആകാശവും നക്ഷത്രങ്ങളും വരെയെത്തും മാഷുടെ സംസാരം. സ്ഥിതിവിവരക്കണക്കിനുള്ളില്‍ അല്ല മാഷുടെ പരിസ്ഥിതി പാഠം നിലനിന്നിരുന്നത്. അതിന്റെ സമഗ്രമായ തത്വശാസ്ത്രമായിരുന്നു മാഷുടെ ആയുധം. പരിസ്ഥിതിയുടെ രാഷ്ട്രീയം ഇത്രയേറെ ആഴത്തിലും പരപ്പിലും പഠിക്കുകയും ലളിതമായ ഭാഷയില്‍ അത് കുട്ടികളോടും അമ്മമാരോടും സംസാരിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല- കഴിഞ്ഞ മാസം 23ന് വിട പറഞ്ഞ പാരിസ്ഥിതിക ഗുരു ശിവപ്രസാദ് മാഷെക്കുറിച്ച് ഹരീഷ് വാസുദേവന്‍ എഴുതുന്നു.ചിത്രങ്ങള്‍: ഉണ്ണികൃഷ്ണന്‍ പേരാമ്പ്ര

 

 

ചില മുറിവുകള്‍ നമ്മെ ആഴത്തില്‍ വേദനിപ്പിക്കും. ഓര്‍മ്മയില്‍ തികട്ടുമ്പോഴൊക്കെ കുത്തിനോവിക്കും. അത്തരമൊരു വേദനയാണ് ശിവപ്രസാദ് മാഷുടെ മരണം ഉണ്ടാക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്ന ആ മരണ വാര്‍ത്തയുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് പതിയെ മുക്തമായെങ്കിലും, മാഷിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത ദിവസവും മനസിനെ വേദനിപ്പിക്കുന്നുണ്ട്. ആ വേദന ഏറെക്കുറെ അതെ അളവില്‍ അനുഭവിക്കുന്നവര്‍ ഒരുപാടുണ്ട് എന്നറിയുമ്പോള്‍ മാഷേപ്പറ്റി ചിലതെല്ലാം രേഖപ്പെടുത്തണം എന്ന് തോന്നി.

2012 ഫെബ്രുവരി 23 നു രാത്രി പത്തു മണിയോടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശിവപ്രസാദ് മാഷ് മരിക്കുന്നത്. “ആരാണ് ശിവപ്രസാദ് മാഷ്? നക്സലൈറ്റ് ആയിരുന്നെന്നോ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നെന്നോ ഒക്കെ കേള്‍ക്കുന്നു” എന്ന ചോദ്യം ചില പത്രസുഹൃത്തുക്കള്‍ ചോദിച്ചു.

 

ശിവപ്രസാദ് മാഷ്

 

കുളിച്ച പുഴയുടെ കുളിര്
മാഷ് ആരാണെന്നാണ് ഞാന്‍ പറയുക?ഒരു പുഴയില്‍ നീന്തിക്കുളിച്ച പയ്യനോട് പുഴയുടെ തുടക്കത്തെപ്പറ്റിയോ പതനത്തെപ്പറ്റിയോ ചോദിച്ചാല്‍ പറയാനാകുമോ? ആകെയറിയുക പുഴയില്‍ കുളിച്ചതിന്റെ കുളിരാണ്. ഏറിയാല്‍, കുളിച്ചിടത്തെ പുഴയുടെ ആഴമാണ്. അതുപോലെ എനിക്കറിയുക ഞാന്‍ കണ്ടുമുട്ടിയ ശേഷമുള്ള മാഷെപ്പറ്റി മാത്രമാണ്. പരിസ്ഥിതിയോടും മനുഷ്യനോടുമുള്ള മാഷുടെ സ്നേഹമാണ്, അറിവിന്റെ ആഴമാണ്. ആ അറിവിന്റെ പുഴയില്‍ വല്ലപ്പോഴും നീന്തിക്കുളിച്ച ഞങ്ങളില്‍ ചിലര്‍ അനുഭവിച്ച മനസിന്റെ കുളിരാണ്. അതിന്റെ വില അളക്കാനാവാത്തതാണ്.

ഹരീഷ് വാസുദേവന്‍

നിയമപഠന കാലത്ത് കോഴിക്കോട്ടെ ഒരു ക്യാമ്പിലാണ് ഞാനാദ്യം മാഷിന്റെ ക്ലാസ് കേള്‍ക്കുന്നത്. വിഴിഞ്ഞം തുറമുഖം അടക്കമുള്ള വന്‍ വികസനപദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ യുവാക്കളുടെ ഒരു സംഘം ഉണ്ടാക്കാനാണ് ഞാനാ ക്യാമ്പില്‍ എത്തിയത്. മാഷ് ചോദിച്ച രണ്ടു ചോദ്യങ്ങള്‍ എന്നെ അടിമുടി ഉലച്ചുകളഞ്ഞു. “മനുഷ്യന് ജീവിക്കാന്‍ ഒരു ദിവസം 13 കിലോ ജീവവായു വേണം. വിഴിഞ്ഞം തുറമുഖം വന്നാല്‍ എത്ര കിലോ ഓക്സിജന്‍ കൂടുതല്‍ ലഭിക്കും? എത്ര ലിറ്റര്‍ ശുദ്ധജലം കൂടുതല്‍ കിട്ടും? മനുഷ്യന്റെ നിലനില്‍പ്പിനുള്ള യാത്രയില്‍ ഇതുണ്ടാക്കുക ഗുണമാണോ ദോഷമാണോ എന്ന് സ്വയം വിലയിരുത്തുക”. അതുവരെ പരിസ്ഥിതിയെപ്പറ്റി ഉണ്ടായിരുന്ന ‘മരംവെപ്പ് വനസംരക്ഷണ’ സങ്കല്‍പ്പങ്ങളില്‍ നിന്നും അതെന്നെ ഏറെദൂരം മുന്നോട്ടു കൊണ്ടുപോയി.

അന്നുമുതല്‍ ഇന്നുവരെ ഒരച്ഛന്റെ വാത്സല്യവും സ്നേഹവും നല്‍കിയാണ് മാഷെന്നെ നയിച്ചത്. ഫുഡ് വെപ്പണ്‍, വെതര്‍ വെപ്പണ്‍, ഹൌെ ദി അദര്‍ ഹാഫ് ഡൈസ്, എന്നിങ്ങനെ പട്ടിണിയും പരിസ്ഥിതിയും അധിനിവേശവും രാഷ്ട്രീയവും ബന്ധപ്പെടുത്തുന്ന പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയതും മാഷാണ്. യുവാക്കള്‍ക്കായി നടന്ന ഒരു ക്യാമ്പില്‍ ആത്മഹത്യകള്‍ക്കെതിരെ പറഞ്ഞപ്പോള്‍ “നിങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യരുത്. എവിടെയും പോകാനില്ലെങ്കില്‍ എന്റെ വീട്ടിലേക്കു വരാം. എനിക്കുള്ള എല്ലാ സ്വാതന്ത്യ്രവും ഞാന്‍ കഴിക്കുന്ന ഭക്ഷണവും ഞാന്‍ മരിക്കുംവരെ നിങ്ങള്‍ക്കവിടെ ഉണ്ടാവും” എന്ന് മാഷ് പറഞ്ഞു. ആ സ്വാതന്ത്യ്രത്തില്‍ ഞങ്ങളില്‍ പല യുവാക്കളും പലതവണ മാഷിന്റെ വീട്ടില്‍ പോയി.മുത്തിള്‍ ചമ്മന്തി കൂട്ടി മാഷിന്റെ കൂടെ കഞ്ഞി കുടിച്ചു. ജോണ്‍സിക്കും ശിവപ്രസാദ് മാഷിനും ശേഷം അങ്ങനെ ഒരുറപ്പു പറയാന്‍ ഇനിയാരും കേരളത്തില്‍ അവശേഷിക്കുമെന്ന് തോന്നുന്നില്ല.

 

ശിവപ്രസാദ് മാഷ്

 

ഭക്ഷണം മുതല്‍ നക്ഷത്രങ്ങള്‍ വരെ
മാധ്യമയുക്തി നയിക്കുന്ന സമൂഹത്തില്‍ മനുഷ്യര്‍ ലേബലുകളില്‍ അറിയപ്പെടുമ്പോള്‍ മാഷിനു പറ്റിയ ലേബല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നതാണ്. ഇരുപതിലേറെ വര്‍ഷം കണ്ണൂരിലെ പാപ്പിനിശേരി ഹൈസ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു എന്ന് മാഷ് സ്വയം പരിചയപ്പെടുത്താറുണ്ട്. മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മാഷ് പിന്നീട് പഠിപ്പിച്ചുപോന്ന വിഷയങ്ങള്‍ക്ക് പക്ഷെ, കയ്യും കണക്കുമില്ല. സ്കൂളില്‍ പഠിപ്പിച്ചതിന്റെ പത്തോ ഇരുപതോ ഇരട്ടി കുട്ടികളെ മാഷ് വിരമിച്ചശേഷം പഠിപ്പിച്ചിട്ടുണ്ട്. ക്ലാസുകളിലൂടെ, പരിസ്ഥിതി ക്യാമ്പുകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിയുടെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. സൈലന്റ് വാലിയിലും ശിരുവാണിയിലും, ആറളത്തും നെല്ലിയാമ്പതിയിലുമായി നടന്ന നൂറിലേറെ ക്യാമ്പുകളില്‍ എത്രയെത്ര കുട്ടികളാണ് ആ അറിവിന്റെ അക്ഷയപാത്രം നുകര്‍ന്നിരിക്കുന്നത്.

മാഷ് പറഞ്ഞു തീരുംവരെ രാത്രികളില്‍ ഏറെ വൈകിയും കുട്ടികള്‍ ഒപ്പമിരിക്കുമായിരുന്നു. മാഷിനാകട്ടെ വിഷയങ്ങള്‍ പറഞ്ഞു തീരാറുമില്ല. ഓരോ സംശയത്തിനുമുള്ള ഉത്തരങ്ങള്‍ പറയുമ്പോള്‍ കാടും മേടും കടന്നു ഭൂമിയും ആകാശവും നക്ഷത്രങ്ങളും വരെയെത്തും മാഷുടെ സംസാരം. സ്ഥിതിവിവരക്കണക്കിനുള്ളില്‍ അല്ല മാഷുടെ പരിസ്ഥിതി പാഠം നിലനിന്നിരുന്നത്. അതിന്റെ സമഗ്രമായ തത്വശാസ്ത്രമായിരുന്നു മാഷുടെ ആയുധം. പരിസ്ഥിതിയുടെ രാഷ്ട്രീയം ഇത്രയേറെ ആഴത്തിലും പരപ്പിലും പഠിക്കുകയും ലളിതമായ ഭാഷയില്‍ അത് കുട്ടികളോടും അമ്മമാരോടും സംസാരിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല.

കൃഷി, ഭക്ഷണം, ആരോഗ്യം, രാഷ്ട്രീയം, ഭാഷ, പരിസ്ഥിതി, ഊര്‍ജ്ജം, വിപണി എന്നുവേണ്ട എല്ലാ വിഷയങ്ങളും അദ്ദേഹം ആഴത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയും, കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയും ചെയ്തിരുന്നു. ഇതില്‍ രാഷ്ട്രീയമൊഴിച്ചു ബാക്കിയോരോന്നും എങ്ങനെയാണ് രാഷ്ട്രീയവുമായി ബന്ധപ്പെടുന്നതെന്നും പരിസ്ഥിതിയുടെ വീക്ഷണ കോണില്‍ നിന്ന് എപ്പോഴും പറയാറുണ്ട്. ഒന്നൊന്നില്‍ തൊട്ടു തൊട്ട് അങ്ങനെ പോകുന്ന ആ ക്ലാസില്‍, ജീവിതത്തിന്റെ സമസ്ത മേഖലകളിലും വെളിച്ചം വീശുന്ന പാരിസ്ഥിതിക അറിവുകള്‍ ദര്‍ശനങ്ങളായി കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മാഷിനു കഴിഞ്ഞതിന്റെ തെളിവാണ് ജീവിതത്തില്‍ അവര്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ പലരും എഴുതി അയക്കുന്നതും അവ പ്രസിദ്ധീകരിക്കപ്പെടുന്നതും.

 

ശിവപ്രസാദ് മാഷ് ഒരു വനയാത്രക്കിടെ കുട്ടികളോട് സംസാരിക്കുന്നു

 

സ്ത്രീകളും കുഞ്ഞുങ്ങളും
“ജോണ്‍സിക്ക് ശേഷം, വീട്ടമ്മമാരെയും കുട്ടികളെയും ഇത്രയേറെ വിശ്വാസത്തിലെടുത്ത മറ്റൊരാള്‍ പരിസ്ഥിതി രംഗത്ത് ഉണ്ടായിട്ടില്ല” എന്ന് മാഷെപ്പറ്റി അനുസ്മരിച്ചത് സിവിക് ചന്ദ്രനാണ്. പ്രസവശുശ്രൂഷയെപ്പറ്റി, കുട്ടിയുടെ ആരോഗ്യത്തെപ്പറ്റി, അമ്മമാര്‍ കഴിക്കേണ്ട ധാന്യങ്ങളെപ്പറ്റി, കുട്ടികള്‍ക്ക് നല്‍കാവുന്ന ഇലക്കറികളെപ്പറ്റി, ചെറുധാന്യങ്ങളെപ്പറ്റി, കുട്ടികളുടെ ആരോഗ്യത്തിനായി അവ വിഷമില്ലാതെ നാം തന്നെ കൃഷി ചെയ്യേണ്ടതിനെപ്പറ്റി, അതിനു നാടന്‍ വിത്തുക്കള്‍ സംരക്ഷിക്കേണ്ടതിനെപ്പറ്റി, എന്ന് തുടങ്ങി അത് ചെന്നെത്തി നില്‍ക്കുക ഒന്‍പതു ധാന്യങ്ങളും മുപ്പതിലധികം പഴങ്ങളും പുഴുക്കുകളും, ഇലകളുമായി വൈവിധ്യം ഉണ്ടായിരുന്ന നമ്മുടെ ഭക്ഷണം മാറി നാമെങ്ങനെ മൂന്നുനേരം അരിയാഹാരികള്‍ ആയി മാറി എന്നിടത്താവും.

അവിടന്നും സഞ്ചരിച്ചാല്‍, ഭക്ഷണം ആയുധമാക്കി എങ്ങനെയാണ് ചിലര്‍ നമ്മുടെ വിപണിയും അതുവഴി നമ്മളെയും കീഴടക്കുന്നത് എന്ന ആഗോളരാഷ്ട്രീയ പ്രശ്നങ്ങളില്‍ ആവും സംസാരമെത്തുക. അവിടെ, വിഭവങ്ങളോടുള്ള മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ കടന്നു വരും, ഗാന്ധിയുടെ സ്വാശ്രയത്വം വരും, ഭാരതീയ പൈതൃകം വരും. എല്ലാം ഭൂമിയുടെ നിലനില്‍പ്പും മനുഷ്യന്റെ നിലനില്‍പ്പും ആയി ബന്ധപ്പെടുത്തി ലളിതമായി വിവരിച്ച് കൊച്ചു കുട്ടികള്‍ക്ക് പോലും മനസിലാകുംവിധം പറഞ്ഞുകൊടുത്തിരുന്നു,മാഷ്.

 

ശിവപ്രസാദ് മാഷ്

 

രാഷ്ട്രീയ ജാഗ്രത
ഇടതുജാഗ്രതയും പാരിസ്ഥിതികജാഗ്രതയും ഒരുപോലെ ലഭിച്ച ചിലരില്‍ ഒരാളാണ് മാഷ്. ഓരോരോ നയവ്യതിയാനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് അഭിപ്രായം പറയും. ‘ഡൌണ്‍ ടു എര്‍ത്തി’ന്റെ ഉടമസ്ഥരായ സി.എസ്.ഇയുടെ തലപ്പത്ത് എം.എസ് സ്വാമിനാഥന്‍ എത്തിയപ്പോള്‍, “ഇനിയീ മാസികയില്‍ പ്രതീക്ഷയില്ല. എനിക്കിത് ഇനി അയക്കേണ്ടതില്ല” എന്ന് മാഷ് തുറന്നെഴുതി. ‘ഡൌണ്‍ ടു എര്‍ത്ത്’ നല്‍കുന്ന സൂക്ഷ്മ ശാസ്ത്രവിവരങ്ങള്‍ അല്ല, അതിന്റെ രാഷ്ട്രീയമാണ് മാഷെ അതിന്റെ വായനക്കാരനാക്കിയത്. അനില്‍ അഗര്‍വാളിന്റെ രാഷ്ട്രീയമല്ല സ്വാമിനാഥന്റേത് എന്നറിയാവുന്നതിനാല്‍ മാഷ് അതു വെട്ടിത്തുറന്നു പറഞ്ഞു.

‘ഒരേ ഭൂമി ഒരേജീവന്‍’ എന്ന പരിസ്ഥിതി പരിരക്ഷണ മാസികയിലെ തന്റെ പ്രതികരണ കുറിപ്പിലൂടെ സമൂഹത്തിലെ ഓരോ പ്രശ്നങ്ങളോടും മാഷ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. നൂറുകണക്കിന് കുട്ടികളുമായി എഴുത്തിലൂടെ മാഷ് സംവദിച്ചു. ജോണ്‍സിക്ക് ശേഷം, കത്തുകളിലൂടെ പരിസ്ഥിതിയുടെ വര്‍ത്തമാനം ഇത്രയധികം കുട്ടികളുമായി പങ്കുവെക്കുന്ന ഒരേയൊരാള്‍ മാഷായിരുന്നു. മാഷ് പോയതറിയാതെ ഇന്നും വീട്ടിലെത്തുന്ന ചില കത്തുകള്‍ അതിന്റെ ദൃഷ്ടാന്തമാണ്.

കുറച്ചുവര്‍ഷങ്ങളായി സൈലന്റ് വാലിയിലെ ക്യാമ്പുകളില്‍ മാഷൊരു സ്ഥിരം സാന്നിധ്യമായിരുന്നു. നൂറുകണക്കിന് അധ്യാപകര്‍, കൃഷി ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍,വനംവകുപ്പ് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ ആളുകള്‍ മാഷിന്റെ ക്ലാസുകളില്‍ വിദ്യാര്‍ഥികളായി. മൂന്നോ നാലോ മണിക്കൂര്‍ ക്ലാസ് സശ്രദ്ധം കേട്ടശേഷം ആ അറിവിന് മുന്നില്‍ തങ്ങള്‍ ഒന്നുമല്ലെന്നും മാഷെപ്പോലെ പഠിക്കാന്‍ ശ്രമിക്കാറില്ലെന്നും ഏറ്റുപറഞ്ഞാണ് മിക്കവരും ക്യാമ്പ് വിടുക. അതവരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്നറിയുന്നത് വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ മാഷിനയക്കുന്ന കത്തുകളിലെ വരികളിലൂടെയാണ്. വീട്ടിലെ ഭക്ഷണത്തില്‍ തങ്ങള്‍ വരുത്തിയ മാറ്റവും, കുട്ടികള്‍ ടെറസില്‍ കൃഷി തുടങ്ങിയതും അവര്‍ കത്തെഴുതി അറിയിക്കും. ഇനിയുമിനിയും മാഷുടെ ക്ലാസ് വേണമെന്ന് ആവശ്യപ്പെട്ടാവും മിക്ക കത്തും അവസാനിക്കുക.

 

ശിവപ്രസാദ് മാഷും കുട്ടികളും. മാഷിന്റെ മുന്‍കൈയില്‍ ഇറങ്ങുന്ന 'ഒരേ ഭൂമി ഒരേ ജീവന്‍' മാസികയുടെ കവര്‍ ചിത്രം

 

ഭാവിയുടെ വിത്തുകള്‍
അറിവിന്റെ നിധിപേടകമായിരുന്നു മാഷ്. ഓരോ ചെടിയും മരവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ജീവികളുടെ മരങ്ങളുമായുള്ള ജൈവബന്ധം, മനുഷ്യര്‍ക്ക് ഉണ്ടാക്കുന്ന പ്രയോജനങ്ങള്‍, ആരോഗ്യസംരക്ഷണത്തില്‍ ഓരോ ചെടിയുടെയും ധര്‍മ്മവും അതിന്റെ ഉപയോഗവും, കാലാവസ്ഥാ അറിവുകള്‍ കൃഷിയിലും ആരോഗ്യത്തിലും, ജ്യോതിശാസ്ത്രം കൃഷിയിലും ആരോഗ്യത്തിലും എന്നിങ്ങനെ അനന്തമായിക്കിടക്കുന്നു വിജ്ഞാനത്തിന്റെ ആഴക്കടല്‍. ഇനിയുമേറെ പറയാനുണ്ടയിരുന്നു.

വിശ്രമമില്ലാതെ ഓടിനടന്നു ക്ലാസുകള്‍ എടുത്തതാണ് മാഷിന്റെ ആരോഗ്യം നശിപ്പിച്ചത്. വിശ്രമിക്കാന്‍ ഉപദേശിച്ച മക്കളോട് “തുരുമ്പെടുത്തു തീരണോ, തേഞ്ഞു തീരണോ എന്ന് ചോദിച്ചാല്‍ ഏതൊരായുധവും ആഗ്രഹിക്കുക തേഞ്ഞുതീരാനാണ്” എന്നായിരുന്നു മറുപടി. മാഷുടെ എഴുതാത്ത അറിവുകള്‍ മുഴുവന്‍ വായുവില്‍ ലയിച്ചു ചേര്‍ന്നു. “എല്ലാ ദിവസവും ഭൂമിയിലെത്തുന്ന വെയില്‍ പിടിച്ചുവെക്കാന്‍ പച്ചിലകള്‍ ഇല്ലെങ്കില്‍ ആ ഊര്‍ജ്ജമത്രയും പാഴായിപ്പോയി” എന്ന് പഠിപ്പിച്ച മാഷിന്റെ അറിവാകുന്ന വെയില്‍ ഇലകളാല്‍ പിടിച്ചെടുത്തിട്ടുണ്ട്, ഞങ്ങളില്‍ പലരും. കഴിയാവുന്ന രീതിയില്‍ പലരുമത് രേഖപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ, ഭാവി തലമുറയ്ക്ക് ആ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ പാകത്തിന് മാഷിന്റെ ക്ലാസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നത് സങ്കടകരമാണ്. ജോണ്‍സിയുടെ എന്നപോലെ ശിവപ്രസാദ് മാഷിന്റെയും അറിവുകള്‍ അവരുടെ ജൈവമരണത്തോടെ അവസാനിച്ചു.

 

ശിവപ്രസാദ് മാഷ്

 

രേഖപ്പെടുത്താത്ത വഴിയടയാളങ്ങള്‍
സൈലന്റ് വാലിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനു ശേഷമാണ് ആ കാടിന്റെ അളവറ്റ മൂല്യത്തെപ്പറ്റി പൊതുസമൂഹം അറിയുന്നതും അത് പരിരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി ബോധ്യമാവുന്നതും. മുക്കിക്കളഞ്ഞ കാടുകളുടെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി അതിനു മുമ്പ് നാം അറിഞ്ഞിട്ടുപോലുമില്ല. മൂല്യം അറിയുന്നവര്‍ക്ക് മാത്രമാണ് അത് നശിക്കുന്നത് കാണുമ്പോള്‍ വേവലാതിയുണ്ടാകുന്നത്. അതുപോലെയാണ് ചില മനുഷ്യരും. ജോണ്‍സി, ശിവപ്രസാദ് മാഷ് എന്നിങ്ങനെ… ഒരു മഴക്കാടിന്റെ അത്രമേല്‍ മൂല്യവത്തായ അറിവുകള്‍ സംഭരിക്കപ്പെട്ട ജ്ഞാനവൃക്ഷങ്ങള്‍. ജീവിതത്തെ തെളിമയോടെ കാണാന്‍ നമ്മുടെ കണ്ണുകളെ ശീലിപ്പിച്ചവര്‍. പില്‍ക്കാലത്തേക്ക് നന്‍മയുടെ വിത്തുകള്‍ വിതറിയവര്‍. അവരുടെ ജീവിതം കാര്യമായി രേഖപ്പെടുത്തിയിട്ടേയില്ല ഇനിയും. ആ ശേഷിപ്പുകളുടെ പ്രാധാന്യം തിരിച്ചറിയപ്പെടാതെ അറിവിന്റെ ആ വഴിത്താരകള്‍ നശിച്ചുപോയി. അവരോടൊപ്പം അവര്‍ നിരീക്ഷിച്ചും പരീക്ഷിച്ചു തെളിയിച്ച വിജ്ഞാനങ്ങളും. മനുഷ്യന്റെ നിലനില്‍പ്പിനു ഉതകുന്ന പുതിയ അതിജീവന പാതകള്‍ തുറക്കാനുള്ള താക്കോലുകളാണത്. വരും തലമുറകളുടെ അതിജീവനം സാധ്യമാക്കുന്ന അമൂല്യ വഴികള്‍. നമുക്കാ അറിവുകള്‍ ആവശ്യമുണ്ട്.പക്ഷെ എവിടെ? ആരുണ്ടതൊക്കെ പൊതുസമൂഹതിനായി രേഖപ്പെടുത്താന്‍? സീക്കിന്റെ പപ്പന്‍ മാഷും , ജൈവകര്‍ഷക സമിതിയുടെ കെ.വി ദയാലും, ടോണി തോമസും, ആ നിരയില്‍ ചിലരെങ്കിലും ഇനിയും ബാക്കിയുണ്ട്. ഈ മനുഷ്യരുടെ മരണം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ആഘാത പഠനം ആരാണ് നടത്തുക?

പത്തിലേറെ പത്രങ്ങളും അവയ്ക്കൊക്കെയും അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കിട്ടിയ സ്വന്തമായ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും നമുക്കുണ്ട്. പത്തിലേറെ ചാനലുകളും അവയ്ക്കൊക്കെയും നൂറിലേറെ ക്യാമറകളും എഡിറ്റിംഗ് സംവിധാനവും നമുക്കുണ്ട്. അന്നന്നത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള അപ്പം ചുട്ടെടുക്കുന്നതിനിടയില്‍ ഒരല്‍പം സമയം ഇവരുടെ വിലയേറിയ അറിവുകള്‍ രേഖപ്പെടുത്താന്‍ നീക്കിവെച്ചുകൂടെ?? ഒരാഴ്ച, ഏറിയാല്‍ ഒരു വര്‍ഷം അതിനപ്പുറം ആയുസില്ലാത്ത തര്‍ക്കവിതര്‍ക്ക ബൈറ്റുകള്‍ക്കായി ടേപ്പുകള്‍ ചെലവിടുമ്പോള്‍, ഒരിക്കലും മായ്ക്കാതെ വീഡിയോ ലൈബ്രറികളില്‍ സൂക്ഷിക്കാനും, ഓരോരോ പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ റഫറന്‍സിനായി നോക്കാനുമുള്ള ചില ബൈറ്റുകള്‍ എങ്കിലും രേഖപ്പെടുത്താന്‍ ക്യാമറകള്‍ക്കെങ്കിലും ആഗ്രഹമില്ലാതിരിക്കുമോ?

 

 

തിരുത്ത് ഐന്‍സ്റ്റീനല്ല, ന്യൂട്രിനോകള്‍ക്ക്

പരീക്ഷണഫലത്തെ സ്വാധീനിച്ച രണ്ടു കുഴപ്പങ്ങളെക്കുറിച്ചാണ് സേണ്‍ ഏറ്റു പറയുന്നത്. ന്യൂട്രിനോകളുടെ സഞ്ചാരസമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ന്യൂട്രിനോ പ്രവാഹത്തിന്റെ സമയദൈര്‍ഘ്യം അളന്ന ഘടികാരങ്ങളെ നിയന്ത്രിച്ച ഓസിലേറ്ററില്‍ സാങ്കേതികതകരാര്‍ ഉണ്ടായിരുന്നു. ഒപ്റ്റിക്കല്‍ കേബ്ളിലെ പിഴവും ചേര്‍ന്നതോടെ പരീക്ഷണംവഴിതെറ്റാനുള്ള സാധ്യതയേറി. ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കി പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മേയില്‍ പരീക്ഷണം ആവര്‍ത്തിക്കാനാണ് സേണ്‍ തീരുമാനം-നിധീഷ് നടേരി എഴുതുന്നു
 

 

പ്രകാശത്തെ മറികടന്ന് കുതിച്ച ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി. ശാസ്ത്രസമൂഹത്തിന്റെ ഉറക്കം കെടുത്തിയ ന്യൂട്രിനോവിജയം അങ്ങനെ സംശയത്തിന്റെ നിഴലിലാവുന്നു. വിപ്ലവം സൃഷ്ടിച്ച പരീക്ഷണഫലവുമായെത്തിയ യൂറോപ്യന്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ഏജന്‍സിയുടെ (സേണ്‍) വെബ്സൈറ്റില്‍ ഒരു പ്രസ് റിലീസ് ഫെബ്രുവരി 23ന് സ്ഥാനം പിടിച്ചു. അതില്‍ ശാസ്ത്രസമൂഹത്തെ പിടിച്ചുലച്ച പരീക്ഷണത്തിന്റെ തിരുത്തുണ്ടായിരുന്നു. ഐന്‍സ്റീന്റെ നിഗമനങ്ങളെ വെല്ലുവിളിച്ച് പ്രകാശവേഗം മറികടന്നു പോയ ന്യൂട്രിനോകളെക്കുറിച്ചാണ് തിരുത്ത്.

പരീക്ഷണഫലത്തെ സ്വാധീനിച്ച രണ്ടു കുഴപ്പങ്ങളെക്കുറിച്ചാണ് സേണ്‍ ഏറ്റു പറയുന്നത്. ന്യൂട്രിനോകളുടെ സഞ്ചാരസമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ന്യൂട്രിനോ പ്രവാഹത്തിന്റെ സമയദൈര്‍ഘ്യം അളന്ന ഘടികാരങ്ങളെ നിയന്ത്രിച്ച ഓസിലേറ്ററില്‍ സാങ്കേതികതകരാര്‍ ഉണ്ടായിരുന്നു. ഒപ്റ്റിക്കല്‍ കേബ്ളിലെ പിഴവും ചേര്‍ന്നതോടെ പരീക്ഷണംവഴിതെറ്റാനുള്ള സാധ്യതയേറി. ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കി പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മേയില്‍ പരീക്ഷണം ആവര്‍ത്തിക്കാനാണ് സേണ്‍ തീരുമാനം.

അപ്പോള്‍, തിരുത്തു വീഴുന്നത് ഐന്‍സ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിനല്ല, പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനത്തിനാണ് എന്നു വരുന്നു. 2011 സെപ്റ്റംബറിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചഓപ്പറ പരീക്ഷണഫലവുമായി സേണ്‍ രംഗത്തെത്തിയത്. ജനീവയിലെ സേണിന്റെ കണികാത്വരകത്തില്‍നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ ലബോറട്ടറിയിലേക്ക് ഭൂമിക്കടിയിലൂടെ ന്യൂട്രിനോപ്രവാഹത്തെ പറഞ്ഞയച്ചായിരുന്നു പരീക്ഷണം. ആവര്‍ത്തിച്ചു നടത്തിയ പരീക്ഷണങ്ങളിലെല്ലാം പ്രകാശത്തെക്കാള്‍ 60 നാനോസെക്കന്‍ഡ് മുമ്പില്‍ ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നുവെന്ന അമ്പരപ്പിക്കുന്ന ഫലമായിരുന്നു ഗവേഷകര്‍ക്ക് ലഭിച്ചത്.

പ്രകാശത്തിനപ്പുറം വേഗമില്ലെന്ന ഐന്‍സ്റീന്റെ സിദ്ധാന്തത്തെയാണ് ഇത് ചോദ്യം ചെയ്തത്. പരീക്ഷണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി ശാസ്ത്രകാരന്മാര്‍ അന്നേ രംഗത്തുണ്ടായിരുന്നു. പരീക്ഷണത്തില്‍ സാങ്കേതിക പിഴവില്ലെന്നായിരുന്നു ആദ്യം സേണ്‍ വാദിച്ചിരുന്നത്. അതേസമയം വിപ്ലവകരമെന്ന് തോന്നിച്ച ഫലം മറ്റു സ്വതന്ത്ര പരീക്ഷണങ്ങളിലും ആവര്‍ത്തിച്ചാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ നിലപാട്. ലോകമെങ്ങുമുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ പരീക്ഷണം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു. രണ്ടു തരത്തില്‍ ആഗോള ഭൌതിക സമൂഹം ഈ ഫലവുമായി പ്രതികരിച്ചിരുന്നു.
 

 

പരീക്ഷണത്തില്‍ അസാധാരണ ഫലം വരാനുള്ള സാധ്യതകള്‍ ആരായുന്ന രീതിയില്‍ നിരവധി പഠനങ്ങള്‍ നടന്നു. അതേസമയം പ്രകാശവേഗം അവസാനവാക്കല്ലെന്ന പുതിയ അവസ്ഥയില്‍ ഏതു സിദ്ധാന്തം കൊണ്ട് അതിനെ സാധൂകരിക്കാമെന്ന രീതിയിലും ചര്‍ച്ചകളുണ്ടായി. എന്തായാലും സേണ്‍ പരീക്ഷണം അവസാനിപ്പിക്കുന്നില്ല. കറകളഞ്ഞ നിഗമനങ്ങളിലേക്ക് ഒരു പക്ഷേ ഐന്‍സ്റീന്‍ പറഞ്ഞുവച്ചതുപോലെ പ്രകാശം തന്നെ അവസാനവാക്കെന്ന ഉറപ്പിക്കലിലേക്ക് പരീക്ഷണം തുടരട്ടെ.

വാല്‍നക്ഷത്രം
അവിശ്വസനീയ ഫലങ്ങളിലാണ് ശാസ്ത്രം കൂടുതല്‍ അസ്വസ്ഥമാവുക. ശരി, കൂടുതല്‍ ശരി, കൂടുതല്‍ സൂക്ഷ്മമായ ശരി എന്നതിലേക്കുള്ള തുടര്‍പ്രക്രിയയില്‍ അത് സ്വയം തെറ്റുകള്‍ തിരുത്തുന്നു

MORE STORIES ON THIS TOPIC

ഐന്‍സ്റ്റീന്‍ തിരുത്തപ്പെടുമോ?

ഐന്‍സ്റ്റീന് തെറ്റിയെന്ന് തുള്ളിച്ചാടാന്‍ വരട്ടെ

ശാസ്ത്രം ആ ന്യൂട്രിനോകള്‍ക്കു പിറകേ തന്നെയുണ്ട്…

ബഹിരാകാശം ‘തൂത്തുവാരാന്‍’ സ്വിസ് ഉപഗ്രഹം

‘ഇര’യുടെ അടുത്തെത്തിയാല്‍ യന്ത്രക്കെകളാല്‍ ഇത് വസ്തുവിനെ വരിഞ്ഞു മുറുക്കും. വസ്തു വരുതിയിലായാല്‍ ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിച്ച് കത്തിത്തീരും. ഇരയെ പിടിച്ചെടുത്തു കഴിഞ്ഞാല്‍ അതിനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കത്തിത്തീരാന്‍ പറഞ്ഞയച്ച് ബഹിരാകാശത്ത് ദൌത്യം തുടരുന്ന രീതിയിലാണ് ഇവയെ രൂപകല്‍പ്പന ചെയ്യുന്നത്-നിധീഷ് നടേരി എഴുതുന്നു

 

 

ബഹിരാകാശത്ത് അസംഖ്യം മനുഷ്യ നിര്‍മിത വസ്തുക്കള്‍ അലഞ്ഞു നടക്കുന്നുണ്ട്. ഉപഗ്രഹങ്ങള്‍, പേടകങ്ങള്‍, ഇവയുടെ അനുബന്ധ വസ്തുക്കള്‍, ബഹിരാകാശ ദൌത്യങ്ങള്‍ക്കിടെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍… അങ്ങനെ വന്‍ തോതിലുള്ള മലിനീകരണം. ഇതു കൊണ്ട് ആത്യന്തിക ദോഷം നമുക്കുതന്നെയാണ്. മണിക്കൂറില്‍ ഏകദേശം 30,000 കിലോമീറ്റര്‍ വേഗതയില്‍ അത്തരം വസ്തുക്കളുടെ കൂമ്പാരങ്ങള്‍ നമുക്കു മുകളില്‍ കറങ്ങുന്നുണ്ട്. പലപ്പോഴും ഉപഗ്രഹങ്ങള്‍ ഭ്രമണത്തിനിടെ ഇത്തരം ചെറുപദാര്‍ഥങ്ങളുമായി കൂട്ടിയിടിച്ചാല്‍ സാരമായ നാശം സംഭവിക്കാനിടയുണ്ട്. അ്ത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നുമുണ്ട്.

2009 ഫെബ്രുവരിയില്‍ ഇറിഡിയം 33 എന്ന യു.എസ് ഉപഗ്രഹം റഷ്യയുടെ ഉപേക്ഷിക്കപ്പെട്ട കോസ്മോസ് 2251 ഉപഗ്രഹവുമായി കൂട്ടിയിടിച്ചു തകര്‍ന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം തന്നെ ഇത്തരം കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ നിരന്തരം ഭ്രമണപഥം മാറ്റുന്നു. ഇങ്ങനെ, ബഹിരാകാശം മനുഷ്യ നിര്‍മിത അവശിഷ്ടങ്ങളാല്‍ നിറഞ്ഞാല്‍ തമ്മിലിടികളുടെ പരമ്പരകള്‍ തന്നെയാവും വരും കാലങ്ങളിലുണ്ടാവുക.

ഇതു മുന്നില്‍ക്കണ്ടാണ് സ്വിറ്റ്സര്‍ലന്‍്റ് സ്പേസ് സെന്‍്ററിലെ (ഇ.പി.എഫ്.എല്‍) ഗവേഷകര്‍ ബഹിരാകാശം ഒന്നു വൃത്തിയാക്കാനൊരുങ്ങുന്നത്. അഞ്ചു വര്‍ഷത്തിനകം ബഹിരാകാശ അവശിഷ്ടങ്ങളെ തുടച്ചു മാറ്റാനായി ‘ക്ളീന്‍ സ്പേസ് വണ്‍’ എന്ന ഉപഗ്രഹത്തെ പറഞ്ഞയക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് സ്വിസ് സ്പേസ് നിലയം. ബഹിരാകാശ അവശിഷ്ടങ്ങളുടെ സഞ്ചാര പഥത്തിലേക്ക് സ്വയം വഴിമാറാന്‍ കഴിയും വിധം രൂപകല്‍പ്പന ചെയ്ത അള്‍ട്രാ കോമ്പാക്ട് മോട്ടോറാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന സവിശേഷത.

‘ഇര’യുടെ അടുത്തെത്തിയാല്‍ യന്ത്രക്കെകളാല്‍ ഇത് വസ്തുവിനെ വരിഞ്ഞു മുറുക്കും. വസ്തു വരുതിയിലായാല്‍ ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിച്ച് കത്തിത്തീരും. ഇരയെ പിടിച്ചെടുത്തു കഴിഞ്ഞാല്‍ അതിനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കത്തിത്തീരാന്‍ പറഞ്ഞയച്ച് ബഹിരാകാശത്ത് ദൌത്യം തുടരുന്ന രീതിയിലാണ് ഇവയെ രൂപകല്‍പ്പന ചെയ്യുന്നത്. ബഹിരാകാശത്ത് അതിവേഗത്തില്‍ സഞ്ചരിക്കുന്ന, ചിലപ്പോള്‍ സ്വയം ഭ്രമണം ചെയ്യന്ന വസ്തുക്കളെ വരുതിയിലാക്കുകയെന്നത് ശ്രമകരമായ ദൌത്യം തന്നെയായിരിക്കും. തല്‍ക്കാലം ഉപേക്ഷിക്കപ്പെട്ട രണ്ട് സ്വിസ് ഉപഗ്രഹങ്ങള്‍ നശിപ്പിക്കുകയാണ് ‘ക്ളീന്‍ സ്പേസ് വണി’ന്‍െറ ആദ്യ നീക്കം.

മറ്റ് ഉപഗ്രഹ അവശിഷ്ടങ്ങളെ തുടച്ചു നീക്കാന്‍ പാകത്തിന് ഇത്തരത്തില്‍ ശുചീകരണ ഉപഗ്രഹങ്ങളെ രൂപകല്‍പ്പന ചെയ്തു കൊടുക്കുവാനും സ്വിസ് ബഹിരാകാശ കേന്ദത്തിന് പദ്ധതിയുണ്ട്. എന്തായാലും ബഹിരാകാശ ശുചീകരണമെന്ന ദൌത്യത്തിന് ലോകത്ത് ആദ്യകാല്‍വെപ്പെന്ന രീതിയില്‍ ഈ ശ്രമം ശ്രദ്ധേയം തന്നെ. വര്‍ഷങ്ങള്‍ക്കകം കാണാം ഈ ബഹിരാകാശ തൂപ്പുകാരന്‍ കൊള്ളാമോ ഇല്ലയോ എന്ന്.

എന്തുകൊണ്ട് ഞങ്ങള്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോയി?

കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ അട്ടിമറിയുടെ വക്കത്താണ്. ബില്ലിന് അംഗീകാരം ലഭിക്കാതിരിക്കാന്‍, കേന്ദ്രമന്ത്രി സഭയെ വിലക്കെടുത്ത് കോള കമ്പനി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണുകയാണെന്ന് തെളിയിക്കുന്നതാണ് രാഷ്ട്രപതി ഭവനില്‍നിന്നുള്ള വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് പ്ലാച്ചിമട സമരസമിതി ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പ്രതീകാത്മകമായി പിടിച്ചെടുക്കുന്ന സമരത്തിലേക്ക് നിര്‍ബന്ധിതരായത്.

ഡിസംബര്‍ 17ന് രാവിലെ 10 മണിക്ക് കന്നിമാരിയില്‍ നിന്നും ആരംഭിച്ച 500ഓളം പേര്‍ പങ്കെടുത്ത ബഹുജനമാര്‍ച്ച് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്ക് മുന്നിലേക്ക് വരുകയും ഒരു കൂട്ടം പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് കമ്പനിക്കുള്ളില്‍ പ്രവേശിക്കുകയുമായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലടക്കുകയായിരുന്നു. സ്വന്തം ജാമ്യത്തില്‍ പോകാനുള്ള കോടതിയുടെ നിര്‍ദ്ദേശം തള്ളിയ 22 പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിവിധ ജയിലുകളിലായി കഴിയുകയാണ്.

പ്ലാച്ചിമട കന്നിയമ്മ, തങ്കമണിയമ്മ, മുത്തുലക്ഷ്മി അമ്മ, പാപ്പമ്മ, വിളയോടി വേണുഗോപാലന്‍, ടി.കെ. വാസു, എന്‍. സുബ്രഹ്മണ്യന്‍, വി.സി. ജെന്നി, എന്‍.പി. ജോണ്‍സണ്‍, പുതുശേãരി ശ്രീനിവാസന്‍, പി.എ. അശോകന്‍, ഫാ. അഗസ്റിന്‍ വട്ടോളി, കെ.വി. ബിജു, കെ. സഹദേവന്‍, സുദേവന്‍ എം.എന്‍. ഗിരി, അഗസ്റിന്‍ ഒലിപ്പാറ, സുബിദ്.കെ.എസ്, ശക്തിവേല്‍, പളനിച്ചാമി, മുത്തുച്ചാമി തുടങ്ങി 22 പേരാണ് ജയിലില്‍ കഴിയുന്നത്. കമ്പനി ആസ്തികള്‍ പിടിച്ചെടുക്കാനും ജാമ്യം വേണ്ടെന്ന് വെച്ച് ജയിലില്‍ പോവാനുമുള്ള കാരണങ്ങള്‍ അവര്‍ തുറന്നു പറയുന്നു

 

 

പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്തികള്‍ 2011 ഡിസംബര്‍ 17 മുതല്‍ പൊതുജനങ്ങളുടെ സ്വത്തായി മാറിയിരിക്കുകയാണ്. മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുതന്നെ ജനങ്ങളുടെ കുടിവെള്ളം കവര്‍ന്നെടുക്കുകയും കിണറുകള്‍ മലിനമാക്കുകയും കൃഷിയിടങ്ങളില്‍ മാരക വിഷം കലര്‍ത്തുകയും ചെയ്ത ഒരു കമ്പനിയെ 10 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിയമവിചാരണയ്ക്ക് ശിക്ഷിക്കുന്നതിനോ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനോ എന്തെങ്കിലും തരത്തിലുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനോ ഭരണകൂടം തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ സ്വമേധയാ അധികാരമേറ്റെടുത്ത് നീതിനിര്‍വ്വഹണം നടത്താന്‍ നിര്‍ബന്ധിതരായത്. ദേശരാഷ്ട്രങ്ങളെത്തന്നെയും വിലയ്ക്കെടുക്കാന്‍ പോന്ന സാമ്പത്തിക ശേഷികളുള്ള കൊക്കക്കോള കമ്പനിയുടെ (പെപ്സിയുടെയും) ആനുകൂല്യങ്ങള്‍ പറ്റി അവര്‍ക്കുവേണ്ടി വിടുപണിചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ വാചാടോപങ്ങളില്‍ മനംമടുത്താണ് യാഥാര്‍ത്ഥമായ ജനാധികാരത്തിന്റെയും പ്രത്യക്ഷ ജനാധിപത്യത്തിന്റെയും തത്വങ്ങള്‍ പ്രകാരം കൊക്കക്കോളയുടെ ആസ്തികള്‍ കണ്ടുകെട്ടി പൊതുസ്വത്താക്കി മാറ്റുന്നത്.

പ്ലാച്ചിമട സമരത്തിനനുകൂലമായ പൊതുവികാരവും ലോകാഭിപ്രായവും കുടിവെള്ളത്തിനായുള്ള ജനാവകാശങ്ങളെ സംബന്ധിച്ച സാമാന്യനീതി സങ്കല്‍പ്പങ്ങളും പരിഗണിച്ചാണ് 2011 ഫെബ്രുവരി 24ന് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയത്. പക്ഷെ ഒന്‍പത് മാസങ്ങള്‍ പിന്നിട്ടിട്ടും കേരളജനതയുടെ ഏകകണ്ഠമായ ഈ തീരുമാനം അംഗീകരിച്ച് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതി കൂട്ടാക്കിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടനാഴികളില്‍ അരങ്ങേറിയ ചില ഗൂഢാലോചനകളാണ് ഈ ബില്‍ അനന്തമായി വൈകിപ്പിക്കുന്നതിനും നിയമ`ഭരണ നടപടികളില്‍ കുരുക്കി പ്ലാച്ചിമട ജനതയ്ക്ക് നീതി നിഷേധിക്കുന്നതിനും ഇടയാക്കിയിട്ടുള്ളത്.

സാമൂഹികജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് തള്ളിമാറ്റപ്പെട്ട, വിഭവങ്ങളും അധികാരവും ഏറ്റവും കുറഞ്ഞവരായി മാറിയ, ആദിവാസികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യരോടുള്ള അവഗണനയും പുച്ഛവുമാണ് പ്ലാച്ചിമട പ്രശ്നം വെളിവാക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള രാഷ്ട്രീയാധികാരവ്യവസ്ഥയേയും ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിയമസംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിക്കുകയും ധിക്കരിക്കുകയുമല്ലാതെ മറ്റൊരു പോംവഴിയും ജനങ്ങള്‍ക്കുമുന്നിലില്ലെന്ന് വന്നിരിക്കുകയാണ്. പ്ലാച്ചിമടയിലെ കിണറുകളിലെ ജലനിരപ്പ് പാതാളത്തിലേക്ക് ആണ്ടുപോയിട്ടും വീണ്ടും 5 ലക്ഷം ലിറ്റര്‍ ജലം വീതം പ്രതിദിനം ഊറ്റിയെടുക്കുന്നതിന് കൊക്കക്കോളയ്ക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് സൂചിപ്പിക്കുന്നത് പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് തന്നെയാണ്.

കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതലസംഘം നടത്തിയ വിദഗ്ദാന്വേഷണത്തില്‍ കൊക്കക്കോള നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ തെളിവുകള്‍ വ്യക്തമാവുകയും 216.26 കോടി രൂപ തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കണ്ടെത്തി. വീണ്ടും അതിനെ അട്ടിമറിക്കുന്നതിനുള്ള ഉന്നതല ഗൂഢാലോചനകളെ നീതിബോധത്തിന്റെ കരുത്തുകൊണ്ട് നേരിടണമെന്ന തീരുമാനിത്തിന്റെ പേരിലാണ് കേരളത്തിലെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 30 പേര്‍ അറസ്റുവരിച്ച് ജയില്‍ പോകുന്നത്.

 

image: Carlos Latuff courtesy: killercoke.org

 

കോടതികളുടെ ജനവിരുദ്ധത
ഇന്നുമുതല്‍ ജനങ്ങളുടെ പൊതുസ്വത്തായി മാറുന്ന കൊക്കക്കോളയുടെ ആസ്തികള്‍ക്ക് സംരക്ഷണം നല്‍കാന്‍ രംഗത്തെത്തിയിരിക്കുന്ന കോടതിയുടെ നിലപാട് വിചിത്രവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിക്കട്ടെ. കൊക്കക്കോളയും പെപ്സിയും വാള്‍മാര്‍ട്ടും പോലെയുള്ള കോര്‍പ്പറേറ്റുകളുടെ ലോകാധീശത്വത്തിനെതിരെ ലോകമെമ്പാടും ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനിടയിലാണ് പൊതുനിരത്തില്‍ പ്രകടനങ്ങള്‍ പാടില്ലെന്ന് കേരള ഹൈക്കോടതി വിലക്കുകല്‍പ്പിച്ചത്. തലമുറകളായി നമ്മുടെ പൂര്‍വ്വികര്‍ ചോരയും നീരും നല്‍കി പണിതീര്‍ത്ത പൊതുനിരത്തുകള്‍ രായ്ക്കുരാമാനം സ്വകാര്യമുതലാളിമാരുടെ ആസ്തികളാക്കി വഴിനടക്കാന്‍ ചുങ്കം ചോദിക്കുന്ന പകല്‍ക്കൊള്ളയ്ക്ക് മുന്നില്‍ കണ്ണും പൂട്ടിയിരിക്കുന്ന നീതി പീഠങ്ങളില്‍ നിന്ന് എന്ത് നീതിയാണ് നാം പ്രതീക്ഷിക്കേണ്ടത്?

ജനങ്ങള്‍ ഏറ്റെടുക്കുന്ന പ്രദേശത്ത് വിമലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രസ്തുത ആസ്തികള്‍ ജനോപകാര പ്രദമാക്കി വിനിയോഗിക്കുന്നതിനുമുള്ള ജനതയുടെ അവകാശം അംഗീകരിച്ച് ഭരണകൂട ഹിംസയില്‍ നിന്ന് പിന്മാറുന്നതിന് സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഞങ്ങള്‍ കോടതിയോട് ആവശ്യപ്പെടുന്നു.

കേരളസര്‍ക്കാറിന്റെ ഷണ്ഡത്വം
തങ്ങള്‍ ഐകകണ്ഠ്യേന പാസ്സാക്കിയെന്ന് പറയുന്ന ഒരു നിയമ നിര്‍മ്മാണം സാര്‍ത്ഥകമാക്കുന്നതിന് ബാധ്യസ്ഥരാണ് കേരള സര്‍ക്കാര്‍. എന്നാല്‍ നാളിതുവരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ ഞങ്ങള്‍ ഇന്നാട്ടുകാരല്ലെന്ന് ഭാവിച്ചിരിക്കുകയാണ് മന്ത്രി പുംഗവന്മാര്‍. ആദിവാസിക്ഷേമം കൈകാര്യം ചെയ്യുന്ന ഏകവനിതാ മന്ത്രിയും മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് ചുട്ടമറുപടി നല്‍കുന്നതിനോ ബില്ല് രാഷ്ട്രപതി മടക്കിയാല്‍ വീണ്ടും സമര്‍പ്പിച്ച് നിയമമാക്കി മാറ്റണമെന്ന് പറയുന്നതിനോ ഉള്ള രാഷ്ട്രീയ സത്യസന്ധത ഇതുവരെയും അവര്‍ പ്രകടിപ്പിച്ചിട്ടില്ല. ദീപസ്തംഭം മഹാശ്ചര്യമെന്നതാണ് ഇതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ താത്പര്യം.

 

 

ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ട്?
ജനവിരുദ്ധ നയങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ നേര്‍ക്ക് ചടങ്ങ് സമരങ്ങള്‍ തികച്ചും പ്രയോജനശൂന്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. കോടതികള്‍ ഔദാര്യപൂര്‍വ്വം വച്ചുനീട്ടുന്ന ജാമ്യം സ്വീകരിച്ച് സമരനാടകങ്ങള്‍ നടത്തി പിരിയുന്നത് പ്ലാച്ചിമട പ്രശ്നത്തോട് കാണിക്കുന്ന വഞ്ചനയായിരിക്കും.

എന്തുകൊണ്ട് അഹിംസാത്മക സമരം?
പ്ലാച്ചിമട സമരം ഏതെങ്കിലും വ്യക്തികള്‍ക്കെതിരെയുള്ളതല്ല. സാമൂഹിക വ്യവസ്ഥയെ ജനാഭിമുഖ്യമുള്ളതാക്കി മാറ്റുന്നതിനുള്ളതാണ്. മനുഷ്യര്‍ക്ക് നേരെ ഹിംസ പ്രയോഗിക്കുന്നതിലൂടെ നീതിനടപ്പാക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായി മാറുന്ന പോലീസിന്റെ അതിക്രമങ്ങള്‍ക്ക് നേരെ ക്ഷമാപൂര്‍വ്വമായ ഒരു പ്രതികരണം തുടര്‍ ഹിംസകളെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുമെങ്കില്‍ ജനാധിപത്യപരമായ രാഷ്ട്രീയ പ്രതികരണ രീതികള്‍ക്കുള്ള പ്ലാച്ചിമടയുടെ സംഭാവനയായിത്തീരും എന്ന് പ്രതീക്ഷിക്കുന്നു.
പ്ലാച്ചിമട സമരം മുന്നോട്ട്

പ്ലാച്ചിമട സമരം നാല് ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

1) പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ച കൊക്കകോളാകമ്പനി തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കിപുറത്തുപോവുക.

2) പ്ലാച്ചിമടയെ വിഷമയമാക്കിയ കോളാകമ്പനിയെ കുറ്റവിചാരണചെയ്യുക.

3) ജലമുള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് ഗ്രാമസഭകള്‍ക്ക് നിയമപരിരക്ഷയോടുകൂടിയ പരമാധികാരം നല്‍കുക.

4) പ്ലാച്ചിമടകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മലിനീകരണനിയന്ത്രണ നിയമങ്ങളിലും പഞ്ചായത്ത് രാജ് നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തുക.

മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് പ്ലാച്ചിമട സമരത്തിന്റെ മാത്രം വിജയമായിരിക്കില്ല. സമരകേരളത്തിന്റെയും ജനാധിപത്യ കേരളത്തിന്റെയും ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് ഈ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെയായിരിക്കും. സമരം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുന്നതിന് മുഴുവന്‍ കേരളീയരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

(കേരളീയം മാസിക തയ്യാറാക്കിയത്)

ലൂമിയ ഇന്ത്യയില്‍ ഇന്നിറങ്ങുന്നു; ലക്ഷ്യം ആന്‍ഡ്രോയിഡ്

വിന്‍ഡോസ് ഫോണ്‍ 7.5 മാംഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 800 സ്മാര്‍ട് ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലിറങ്ങും. കടുപ്പമേറിയ പോളികാര്‍ബണേറ്റ് നിര്‍മിത സ്റ്റൈലന്‍ ബോഡിയുള്ള ലൂമിയയുടെ 3.7 ഇഞ്ച് ആന്റി ഗ്ലെയര്‍ അമോലെഡ് ഡിസ്പ്ലേ ഉച്ചവെയിലിലും മിഴിവുള്ള ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു-അന്‍വാറുല്‍ ഹഖ് എഴുതുന്നു

Nokia Lumia 800

ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ രംഗത്തെ മുടിചൂടാമന്നന്മാരായിരുന്നു നോക്കിയ. കാലത്തിനൊത്ത് കോലം മാറാതെ വന്നപ്പോള്‍ ഉപഭോക്താക്കള്‍ പതുക്കെ നോക്കിയയെ കൈവിട്ടുതുടങ്ങിയിരുന്നു. ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ കടന്നുവരവും ഡ്യുവല്‍ സിം മോഡലുകള്‍ ഇറക്കുന്നതില്‍ വന്ന കാലതാമസവും ഒരുപരിധിവരെ നോക്കിയക്ക് വിനയായി.

അവസരം മുതലെടുത്ത് വളര്‍ന്നത് സാംസങ് പോലുള്ള കമ്പനികളാണ്. വൈവിധ്യമാര്‍ന്ന നിരവധി സ്മാര്‍ട് ഫോണുകള്‍ വിപണിയിലിറക്കി അവര്‍ ഒന്നാം സ്ഥാനം കൈയടക്കി. എന്നാല്‍ ഹാര്‍ഡ്വെയറിന്റെ കാര്യത്തില്‍ നോക്കിയയെ വെല്ലാന്‍ ആരുമില്ലെന്നതാണ് സത്യം. ഇക്കാരണത്താല്‍ നോക്കിയയെ കൈവിടാന്‍ തയാറല്ലാത്ത ഒരുപറ്റം ഉപഭോക്താക്കളുമുണ്ട്.

വൈകിയാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ നോക്കിയ കൂടുതല്‍ മോഡലുകളുമായി രംഗത്തിറങ്ങുകയാണ്. ചുരുങ്ങിയ കാലത്തിനിടയില്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കുത്തക തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റിനെത്തന്നെയാണ് അവര്‍ ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത്.

വിന്‍ഡോസ് ഫോണ്‍ 7.5 മാംഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 800 സ്മാര്‍ട് ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലിറങ്ങും. കടുപ്പമേറിയ പോളികാര്‍ബണേറ്റ് നിര്‍മിത സ്റ്റൈലന്‍ ബോഡിയുള്ള ലൂമിയയുടെ 3.7 ഇഞ്ച് ആന്റി ഗ്ലെയര്‍ അമോലെഡ് ഡിസ്പ്ലേ ഉച്ചവെയിലിലും മിഴിവുള്ള ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

1.4 ജിഗാഹെര്‍ട്സ് പ്രൊസസറും 512 എംബി റാമുമാണ് ലൂമിയയുടെ ഹൃദയം. ഹിന്ദി അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ ലഭ്യമാവുന്ന സൌജന്യ ഓഫ്ലൈന്‍ 3D മാപ്പാണ് ലൂമിയയുടെ ഏറ്റവും വലിയ സവിശേഷത. നെറ്റ്വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളിലും വഴി കണ്ടുപിടിക്കാന്‍ ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. 8 മെഗാപിക്സല്‍ കാമറ വഴി മിഴിവുറ്റ ചിത്രങ്ങളെടുക്കാം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് അഡിക്റ്റുകള്‍ക്കായി ആപ്ലിക്കേഷനുകളും ഫോണില്‍ ഒരുക്കിയിട്ടുണ്ട്. 29,999 രൂപയാണ് ഫോണിന്റെ വില.

മാസങ്ങള്‍ നീണ്ട പ്രചാരണത്തിന് ശേഷം ലൂമിയയുടെ ലോഞ്ചിംഗിനോടനുബന്ധിച്ച് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വമ്പന്‍ പരിപാടികളാണ് നോക്കിയ ഒരുക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത ശേഷം ആദ്യമായി വിപണിയിലിറക്കുന്ന ലൂമിയയോടുള്ള ഉപഭോക്താക്കളുടെ പ്രതികരണമനുസരിച്ചായിരിക്കും നോക്കിയയുടെ ഭാവിയും

കര്‍ഷകരുടെ മരണക്കുരുക്ക് തയ്യാറായത് ഇങ്ങനെ

പട്ടിണി മാറ്റാന്‍ തുടങ്ങിയ വിപ്ലവം എന്തു കൊണ്ടാണ് കര്‍ഷകരെ ഒടുങ്ങാത്ത ദുരിതത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്? 1995നും 2010നും ഇടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2,56,913 ആണ്. ആത്മഹത്യയുടെ കഥ തുടരുകയും ചെയ്യുന്നു. ഒന്നാം പഞ്ചവല്‍സര പദ്ധതി മുതല്‍ കൃഷിക്ക് നീക്കിവെച്ച അതിഭീമമായ സമ്പത്തു മുഴുവന്‍ വ്യവസായികളും കോണ്‍ട്രാക്റ്റര്‍മാരും ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും തട്ടിപ്പറിച്ച് സ്വന്തമാക്കുകയായിരുന്നു-ടി.പി പത്മനാഭന്‍ മാസ്റ്റര്‍ എഴുതുന്നു

 

ഫോട്ടോ. എ.ടി. മന്‍സൂര്‍

 

മനുഷ്യന്‍ കൃഷി തുടങ്ങിയിട്ട് പതിനായിരം വര്‍ഷമായി. പ്രകൃതി നിര്‍ദ്ധാരണം വഴി ജൈവജാതികള്‍ വികസിപ്പിച്ചെടുത്ത് ആഹാരവും ആരോഗ്യവും സംയോജിപ്പിച്ചെടുത്ത പരിണാമ ഗാഥയാണ് കൃഷി സംസ്കൃതി-അഗ്രികള്‍ച്ചര്‍.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം വെട്ടിപ്പിടിക്കാന്‍ പാശ്ചാത്യ വികസിത രാജ്യങ്ങള്‍ കണ്ടെത്തിയ തന്ത്രമായിരുന്നു ഭക്ഷണം ആയുധമാക്കുക എന്നത്. ഹരിത വിപ്ലവമെന്നായിരുന്നു ആ നൂതന യുദ്ധത്തിന്റെ മാന്ത്രിക സംജ്ഞ. ലോകത്തെമ്പാടുമുണ്ടായ പട്ടിണി മരണങ്ങളുടെ കാരണങ്ങള്‍ മറച്ചുവെച്ചുകൊണ്ട്, പെരുപ്പിച്ചുകാട്ടിയ കണക്കുകള്‍ അവതരിപ്പിച്ചാണ് ഹരിത വിപ്ലവത്തിന് നിലമുഴാന്‍ ട്രാക്റ്ററിറക്കിയത്. കാര്‍ഷിക വിപ്ലവം പൊടിപാടിച്ച ഭാരതത്തില്‍ ഇപ്പോഴും 30 കോടി ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണമില്ലാത്തവരാണ്. അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ പോഷകാഹാര ന്യൂനത ശതമാന കണക്കില്‍ 26 സഹാറന്‍-ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണ്.

പട്ടിണി മാറ്റാന്‍ തുടങ്ങിയ വിപ്ലവം എന്തു കൊണ്ടാണ് കര്‍ഷകരെ ഒടുങ്ങാത്ത ദുരിതത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്?
1995നും 2010നും ഇടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2,56,913 ആണ്. ആത്മഹത്യയുടെ കഥ തുടരുകയും ചെയ്യുന്നു. ഒന്നാം പഞ്ചവല്‍സര പദ്ധതി മുതല്‍ കൃഷിക്ക് നീക്കിവെച്ച അതിഭീമമായ സമ്പത്തു മുഴുവന്‍ വ്യവസായികളും കോണ്‍ട്രാക്റ്റര്‍മാരും ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും തട്ടിപ്പറിച്ച് സ്വന്തമാക്കുകയായിരുന്നു. സ്റ്റീല്‍, സിമന്റ്, അണക്കെട്ട്, കനാല്‍, കാര്‍ഷിക യന്ത്രങ്ങള്‍, മോട്ടോറുകള്‍, രാസവള കീടനാശിനി, കളനാശിനി, അന്തകന്‍ വിത്തുകള്‍…
ഇതൊക്കെയായിരുന്നു യുദ്ധത്തിന്റെ പടക്കോപ്പുകള്‍.

ഫോട്ടോ. എ.ടി. മന്‍സൂര്‍

ഫോര്‍ഡ്, റോക്ക്ഫെല്ലര്‍, സിന്‍ജന്റ, മോണ്‍സാന്റോ, തുടങ്ങിയ പടനായകന്‍മാര്‍. ഇവരൊക്കെ രാവണാകാരം പൂണ്ട് എണ്ണമറ്റ കൈകളാല്‍ പിച്ചിചിന്തി നശിപ്പിച്ച് വിഷം ചേര്‍ത്ത ജീവന്റെ അനാദി പ്രവാഹത്തിലെ ഏതാനും കണങ്ങള്‍ മാത്രമാണ് കര്‍ഷക ആത്മഹത്യയും എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങളുമൊക്കെ.
ഋതുഭേദങ്ങള്‍ക്കനുസരിച്ച് പരുക്കന്‍ ധാന്യങ്ങള്‍ കൃഷി ചെയ്ത് കാലത്തിനൊത്ത, നേരത്തിനൊത്ത ആഹാരം വിളയിച്ച പാടങ്ങളിലേക്ക് അവര്‍ കനാല്‍ പണിത് അണക്കെട്ടിലെ ജലമൊഴുക്കി. അവിടെ കരിമ്പു കൃഷി ചെയ്ത് മദ്യവ്യവസായം കൊഴുപ്പിച്ച് ജനതയെ ലഹരിയില്‍ മയക്കിക്കിടത്തി തങ്ങളുടെ സാമൃാജ്യ വിസ്തൃതി കൂട്ടിയതും ഈ യുദ്ധത്തിലെ മറ്റൊരടവായിരുന്നു.

കാര്‍ഷിക സംസ്കാരത്തിന് (അഗ്രികള്‍ച്ചര്‍) പതിനായിരം വര്‍ഷത്തെ ചരിത്രമാണുള്ളത്. 1950ല്‍ തുടങ്ങിയ കാര്‍ഷിക വ്യവസായം (അഗ്രിബിസിനസ്) അറുപതു വര്‍ഷത്തോളമേ നീണ്ടുനിന്നുള്ളൂ. കാര്‍ഷിക രംഗത്ത് മൂന്നാം തരംഗത്തിന് അരങ്ങൊരുക്കിയിരിക്കുന്നു.
ആരാണാവോ കത്തി, കരി വേഷങ്ങള്‍?

കീടങ്ങളെ മെരുക്കാന്‍ ജൈവമാര്‍ഗം

ജൈവകീടനാശിനികള്‍ക്ക് ചെലവ് കുറവാണ്. വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴിയാണിത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഏതാനും പേര്‍ ഒരുമിച്ചോ ജൈവകീടനാശിനികള്‍ തയാറാക്കാം. കീടങ്ങളെ മെരുക്കാനൊരു കൂട്ടായ്മയാകാം. ശത്രുവിന്റെ ശത്രു മിത്രമാകുന്നത് സാധാരണം-പി.വി അരവിന്ദ് എഴുതുന്നു

 

 

കീടങ്ങളെ നശിപ്പിക്കാനെത്തിയ കീടനാശനികള്‍ ജീവനാശിനികളായി മാറിയതിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ക്കു മുന്നിലാണ് നാം. കീടത്തെ കൊല്ലാനെത്തിയ രാസകീടനാശിനികളാണ് മനുഷ്യരുടെ അന്തകരായത്. മണ്ണിനും മനുഷ്യനും മനസ്സിനും ആവോളം ആഘാതമേറ്റു. ആളെക്കൊല്ലികളില്‍ പലതും നിരോധനത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി. വിലക്കുവീണിട്ടും കൃഷിയിടം വിടാത്ത പെരുംവിഷങ്ങള്‍ നിരവധിയുണ്ട്. എന്‍ഡോസള്‍ഫാന്‍, ഫ്യുറഡാന്‍…. പട്ടിക നീളും. കീടത്തെ തുരത്താന്‍ പറ്റിയ പകരക്കാരനില്ലാത്തതാണ് ഇവ വീണ്ടുമുപയോഗിക്കാന്‍ കാരണം. മാരകരോഗങ്ങള്‍ സമ്മാനിച്ച് ഇഞ്ചിഞ്ചായി ആളെകൊല്ലുന്നവയാണ് ഒട്ടുമിക്ക രാസകീടനാശിനികളും. പച്ചക്കറി വിളകളിലാണ് ചെറിയ ഇടവേളകളില്‍ കീടനാശിനിപ്രയോഗം നിര്‍ബന്ധമുള്ളത്. ഇതിന് ജൈവമാര്‍ഗം തേടിയാല്‍തന്നെ പരിസ്ഥിതി-ആരോഗ്യപ്രശ്നങ്ങള്‍ ഏറെ കുറക്കാം.

ദോഷഫലങ്ങളില്ലെന്നതാണ് ജൈവകീടനാശിനികളുടെ സവിശേഷത. പച്ചക്കറിയിലെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ജൈവപ്രതിവിധിയുമുണ്ട്. ചില ചിട്ടകള്‍ പാലിക്കണമെന്ന് മാത്രം. തയാറാക്കിയ അന്നുതന്നെ ഉപയോഗിക്കണം. വായു കടക്കാത്ത കുപ്പികളില്‍ കുറച്ചുദിവസം സൂക്ഷിക്കാം. ഗുണം കുറയാനിടയുണ്ട്. വേണ്ട അളവിനനുസരിച്ച് ചേരുവകളില്‍ ആനുപാതിക മാറ്റം വരുത്തിയാണ് ഇവ നിര്‍മിക്കേണ്ടത്. നേര്‍പ്പിച്ചേ ഉപയോഗിക്കാവൂ. ഏറെക്കാലം രോഗപ്രതിരോധം സാധ്യമല്ല. അതിനാല്‍ ചെറിയ ഇടവേളകളില്‍ വീണ്ടും പ്രയോഗിക്കേണ്ടി വരും. ജൈവകീടനാശിനികള്‍ക്ക് ചെലവ് കുറവാണ്. വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴിയാണിത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഏതാനും പേര്‍ ഒരുമിച്ചോ ജൈവകീടനാശിനികള്‍ തയാറാക്കാം. കീടങ്ങളെ മെരുക്കാനൊരു കൂട്ടായ്മയാകാം. ശത്രുവിന്റെ ശത്രു മിത്രമാകുന്നത് സാധാരണം.

പുകയില കഷായം
വിളകളുടെ നീരൂറ്റിക്കുടിക്കുന്ന മൃദുശരീരകീടങ്ങളെ തുരത്താനുള്ള മാര്‍ഗമാണ് പുകയിലകഷായം. മുഞ്ഞ, ഇലപ്പേന്‍, ചാഴി, തുള്ളന്‍… തുടങ്ങിയ കീടങ്ങളുടെ അന്തകനാണിത്. 250 ഗ്രാം പുകയില 2. 250 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിയിടുക. 60 ഗ്രാം അലക്കുസോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക. നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത പുകയില സത്ത് ശക്തിയായി ഇളക്കുന്നതിനൊപ്പം സോപ്പുലായനി അതിലേക്ക് ചേര്‍ക്കുക. ഇതില്‍ ആറേഴിരട്ടി വെള്ളം ചേര്‍ത്ത് വിളകളില്‍ തളിക്കാം.

 

 

മണ്ണെണ്ണക്കുഴമ്പ്
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താനുള്ള സ്പര്‍ശന കീടനാശിനിയാണിത്. രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം അലക്കുസോപ്പ് ചീകിയിട്ട് അലിയുംവരെ തിളപ്പിക്കുക. ഇത് തണുത്തശേഷം നാലര ലിറ്റര്‍ മണ്ണെണ്ണ ഇതിലൊഴിച്ച് നന്നായി ഇളക്കിച്ചേര്‍ക്കുക. നല്ല കുഴമ്പുപരുവത്തിലാകുന്നതാണ് ഇളക്കുപാകം. 15^20 ഇരട്ടി വെളളം ചേര്‍ത്ത് തളിക്കാം. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് തണ്ടുകളില്‍ തേച്ചുകൊടുക്കാം. ഇലകളില്‍ വീഴാതെ സൂക്ഷിക്കണം.

വേപ്പെണ്ണ എമല്‍ഷന്‍
ഇലപ്പേന്‍, പച്ചത്തുള്ളന്‍, മീലിമൂട്ടകള്‍, ചിത്രകീടങ്ങള്‍, മുഞ്ഞ എന്നിവയുടെ ആക്രമണം തടയാനുള്ള ജൈവമാര്‍ഗമാണ് വേപ്പെണ്ണ എമല്‍ഷന്‍. കായ്തുരപ്പന്‍ പുഴുവും തണ്ടുതുരപ്പന്‍ പുഴുവും ഇവനുമുന്നില്‍ കീഴടങ്ങും. വിളയുടെ അടിഭാഗത്ത് തളിച്ചാണ് പച്ചത്തുള്ളനെ വരുതിയിലാക്കുന്നത്. ഒരു ലിറ്റര്‍ വേപ്പെണ്ണ, 60 ഗ്രാം അലക്കുസോപ്പ്, വെളുത്തുള്ളി എന്നിവയാണ് ചേരുവകള്‍. അര ലിറ്റര്‍ വെള്ളത്തില്‍ അലക്കുസോപ്പ് ചീകിയിട്ട് ലയിപ്പിക്കുക. ഇതിലേക്ക് വേപ്പെണ്ണ ഒഴിച്ച് നന്നായി ഇളക്കുക. ഈ ലായനിയില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇങ്ങനെ കിട്ടുന്ന ലായനിയില്‍ ഓരോ ലിറ്റര്‍ ലായനിയിലും 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കണം. ഈ മിശ്രിതം അരിച്ച് കരടുമാറ്റിയ ശേഷം തളിക്കാം.

വേപ്പിന്‍കുരു സത്ത്
വഴുതിന, പായല്‍, പടവലം എന്നിവയുടെ ഇല തിന്നുന്ന ഇലതീനിപ്പുഴുക്കള്‍, പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവക്കെതിരെ പ്രയോഗിക്കാവുന്ന ജൈവകീടനാശിനിയാണ് വേപ്പിന്‍കുരു സത്ത്. വേപ്പിന്‍കുരു പൊടിച്ചത് 50 ഗ്രാം, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് വേണ്ടത്. വേപ്പിന്‍കുരു പൊടിച്ച് തുണിയില്‍ കിഴികെട്ടി വെള്ളത്തില്‍ കുതിരാന്‍ വെക്കണം. 12 മണിക്കൂര്‍ കഴിഞ്ഞ് നന്നായി പിഴിഞ്ഞ് കിഴി മാറ്റാം. അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് തയാറായി. ഇവ നേരിട്ടും നേര്‍പ്പിച്ചും തളിക്കാം. വേപ്പിന്‍ കുരു പൊടിച്ചതിന് പകരം വേപ്പിന്‍പിണ്ണാക്ക് ഉപയോഗിച്ചും കീടനാശിനിയുണ്ടാക്കാം. ഇതിന് 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വേണം. നാലഞ്ചുദിവസം വെള്ളത്തിലിട്ട് അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. ചീരയിലെ ഇല ചുരുട്ടിപ്പുഴുക്കളെ നിയന്ത്രിക്കാനും ഇല തിന്നുന്ന പ്രാണികളെ വകവരുത്താനുമുള്ള മാര്‍ഗമാണിത്.

നാറ്റപ്പൂച്ചെടി എമല്‍ഷന്‍
പയര്‍പ്പേന്‍ തടയാനുള്ള ലളിതമാര്‍ഗമാണിത്. പയറിന്റെ ഇളംതണ്ടിലും ഇലയുടെ അടിയിലും പൂവിലും ഞെട്ടിലും കായയിലും എല്ലാം ഇവയുടെ ഉപദ്രവം കാണാം. കടുകുമണിയേക്കാള്‍ ചെറുതായ ഇവയെ നശിപ്പിച്ചാലേ പയറിനെ രക്ഷിക്കാനാവൂ. പറമ്പുകളില്‍ കാണുന്ന നാറ്റപ്പൂച്ചെടി, ശവക്കോട്ടപ്പച്ച, ചടയന്‍ എന്നിവയെല്ലാം ഇതിനുപയോഗിക്കാം. ചെടിയുടെ ഇലയും ഇളംതണ്ടുമാണ് ഉപയോഗിക്കേണ്ടത്. വെള്ളം തളിച്ച് ഞെരടി നീരെടുക്കുകയാണ് ആദ്യപടി. ഒരു ലിറ്റര്‍ നീരിന് 60 ഗ്രാം അലക്കുസോപ്പ് ചേര്‍ത്ത് ലായനി തയാറാക്കാം. ഇത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. പത്തിരട്ടിയാണ് വെള്ളം ചേര്‍ക്കേണ്ടത്. പയര്‍ പേനിന്റെ ഉപദ്രവം കാണുമ്പോള്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ തളിക്കണം.

കിരിയാത്ത് കുഴമ്പ്
ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാനുതകുന്നതാണ് കിരിയാത്ത് കുഴമ്പ്. കിരിയാത്ത് ചെടിയുടെ ഇലയും ഇളംതണ്ടുമാണ് മുഖ്യചേരുവ. ഇവ നന്നായി ചതച്ച് നീരെടുക്കണം. ഒരു ലിറ്റര്‍ നീരില്‍ 60 ഗ്രാം അലക്കുസോപ്പ് ചേര്‍ത്തിളക്കുക. എളുപ്പം ലയിക്കാന്‍ സോപ്പ് ചെറിയ ചീളുകളാക്കാം. ഈ ലായനിയാണ് കിരിയാത്ത് കുഴമ്പ്. പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കണം. ഇതില്‍ ലിറ്ററൊന്നിന് 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ച് ഉപയോഗിക്കാം. ചെടിയുടെ അടിഭാഗത്ത് കീടനാശിനി വീഴണം.

ബോര്‍ഡോ കുഴമ്പ്
തുരിശും കുമ്മായവുമാണ് ചേരുവയെങ്കിലും ബോര്‍ഡോ മിശ്രിതത്തിന് ജൈവപട്ടികയിലാണ് ഇടം. കുമിളുകളുടെ കുലം മുടിക്കാന്‍ കണ്‍കണ്ട ഔഷധമാണിത്. ബോര്‍ഡോ കുഴമ്പുണ്ടാക്കാന്‍ നൂറുഗ്രാം തുരിശും നൂറുഗ്രാം കുമ്മായവും വേണം. ഇവ രണ്ടും വെവ്വേറെ പാത്രത്തിലെടുത്ത് അര ലിറ്റര്‍ വീതം വെള്ളത്തില്‍ ലയിപ്പിക്കുക. മിശ്രിതം തയാറാക്കാന്‍ മണ്ണ്, തടി, ചെമ്പ്, പ്ലാസ്റ്റിക് പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം തുരിശുലായനി ചുണ്ണാമ്പുലായനിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുന്നതോടെ ബോര്‍ഡോ കുഴമ്പ് തയാറായി. ഇത് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ ലായനിയാക്കാന്‍ 99 ലിറ്റര്‍ വെള്ളം ചേര്‍ത്താല്‍ മതി. ലായനിയില്‍ ചെമ്പിന്റെ അംശം കൂടിയാല്‍ അത് വിളകളെ ബാധിക്കും. അത് പരിശോധിക്കണം. അതിനായി വൃത്തിയാക്കിയ ഇരുമ്പുകത്തിയോ ബ്ലേഡോ തയാറാക്കിയ മിശ്രിതത്തില്‍ മുക്കുക. ചുവന്ന നിറത്തില്‍ പറ്റിപ്പിടിക്കുന്നത് കണ്ടാല്‍ ചെമ്പിന്റെ അളവ് കൂടുതലാണെന്ന് മനസ്സിലാക്കാം. കുറച്ച് ചുണ്ണാമ്പുലായനി ചേര്‍ക്കാം. കത്തിപ്രയോഗം തുടര്‍ന്ന് ചെമ്പിന്റെ അംഗം ഇല്ലെന്ന് ഉറപ്പായാല്‍ ഉപയോഗിക്കാം. വെള്ളരിവര്‍ഗ വിളകളില്‍ ബോര്‍ഡോ മിശ്രിതം തളിക്കരുത്. തയാറാക്കിയ ഉടന്‍ ഉപയോഗിക്കണം.

ചിരട്ടക്കെണി
പച്ചക്കറികളിലെ കായീച്ചയെ തുരത്താനുള്ള ജൈവമാര്‍ഗമാണിത്. പാവലിലും പടവലത്തിലും വെള്ളരിയിലുമെല്ലാം കായീച്ചയുടെ ആക്രമണം തടയാം. പുഴുക്കുത്ത് വീഴുന്നതാണ് ആക്രമണലക്ഷണം. ചിരട്ടക്കെണി തയാറാക്കാന്‍ പലതുണ്ട് മാര്‍ഗങ്ങള്‍. ഏത് തിരഞ്ഞെടുത്താലും കായീച്ച കുടുങ്ങിയതുതന്നെ.
ഒരു പാളയംകോടന്‍ പഴം (മൈസൂര്‍ പൂവന്‍), രണ്ടച്ച് ശര്‍ക്കര, അല്‍പം യീസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക. ഈ മിശ്രിതം ചിരട്ടയിലെടുത്ത് അതിനുമീതെ ഫ്യുറഡാന്‍ തരികള്‍ വിതറുക.
ഒരു പാളയംകോടന്‍ പഴം തൊലി നീക്കാതെ മൂന്നോ നാലോ കഷണമായി മുറിക്കുക. ചെരിച്ചാണ് മുറിക്കേണ്ടത്. ഒരു കഷണം കടലാസില്‍ വിതറിയ ഫ്യുറഡാന്‍ തരികളില്‍ പഴുത്തിന്റെ മുറിഭാഗം മെല്ലെ അമര്‍ത്തുക. ഫ്യുറഡാന്‍ തരികള്‍ പറ്റിയ ഭാഗം മുകളിലാക്കി ചിരട്ടയില്‍ വക്കുക.
നല്ലൊരു പിടി തുളസിയില നന്നായി ഞെരടിയശേഷം നീര് ചിരട്ടയിലാക്കുക. നീരെടുത്ത തുളസിയിലയും അതിലിടണം. ചിരട്ടയുടെ പകുതിയോളം വെള്ളമൊഴിക്കുക. ഇതിലേക്ക് ഒരു നുള്ള് ഫ്യുറഡാന്‍ തരികള്‍ ചേര്‍ത്ത് ഇളക്കുക.
ഇത്തരത്തില്‍ തയാറാക്കിയ ചിരട്ടക്കെണികള്‍ പച്ചക്കറി തോട്ടത്തില്‍ അവിടവിടെയായി കെട്ടിത്തൂക്കണം. നാലു ചുവടിന് ഒന്നെന്ന കണക്കിലാകാം. പച്ചക്കറി പന്തലില്‍ ഉറിപോലെ കെട്ടി അതില്‍ ചിരട്ടകള്‍ തൂക്കിയിടാം. കായീച്ചകള്‍ ആകര്‍ഷിക്കപ്പെടും. വിഷദ്രാവകം കുടിച്ച് ചത്തൊടുങ്ങും.

കഞ്ഞിവെള്ളക്കെണി
കായീച്ചകളെ തുരത്താനുള്ളതാണ് കഞ്ഞിവെള്ളക്കെണി. ചിരട്ടയില്‍ കാല്‍ഭാഗം കഞ്ഞിവെള്ളമെടുക്കുക. ഇതില്‍ കഷണം ശര്‍ക്കര ചേര്‍ക്കുക. ഒരുഗ്രാം ഫ്യുറഡാന്‍ തരികൂടി ചേര്‍ക്കുന്നതോടെ വിഷദ്രാവകമൊരുങ്ങി. ഇത് പച്ചക്കറി പന്തലില്‍ അവിടവിടെ ഉറികെട്ടി തൂക്കിയിടാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ചേര്‍ന്ന മണം കായീച്ചകളെ ആകര്‍ഷിക്കും. ചിരട്ടയിലെ നീര് കുടിക്കുന്ന ഇവ അവിടെതന്നെ ചത്തൊടുങ്ങും. കായീച്ചയുടെ ഉപദ്രവമേറ്റ കായ്കറികള്‍ പറിച്ചുനശിപ്പിച്ചാല്‍ ഇവ പെരുകുന്നത് തടയാം.

മീന്‍കെണി
ഉണങ്ങിയ മീന്‍പൊടിയും ഫ്യുറഡാനുമാണ് മീന്‍കെണിയുണ്ടാക്കാനുള്ള സാമഗ്രികള്‍. ഒരു കെണിക്ക് അഞ്ചുഗ്രാം മീന്‍പൊടി വേണം. ഇത് ചിരട്ടയിലെടുത്ത് ചെറുതായി നനക്കണം. അരഗ്രാം ഫ്യുറഡാന്‍ ഇതില്‍ ചേര്‍ത്തിളക്കുക. മിശ്രിതം തയാറാക്കിയ ചിരട്ടയടക്കം പൊളിത്തീന്‍ കവറിലാക്കുക. കവറില്‍ ഈച്ചകള്‍ക്ക് കടക്കാന്‍ പാകത്തിലുള്ള നാലഞ്ച് തുളകളിടണം. ഈ കെണി പച്ചക്കറി പന്തലില്‍ തൂക്കാം. മീന്‍മണം തേടിയെത്തുന്ന കായീച്ചകള്‍ എളുപ്പം വലയിലാകും.

റഷ്യന്‍ പേടകം ദുരന്ത വക്കില്‍

ചൊവ്വയുടെ ചന്ദ്രനെ തേടിയുള്ള ദൌത്യത്തില്‍ ഒരിക്കല്‍ കൂടി റഷ്യ പരാജയത്തിന്റെ രുചിയറിയുന്നു. ഭൂമിയില്‍ നിന്ന് പുറപ്പെട്ടു, ഫോബോസിലെത്തിയുമില്ല എന്ന അവസ്ഥയിലാണ് റഷ്യയുടെ ഫോബോസ് ഗ്രണ്ട് പേടകം-നിധീഷ് നടേരി എഴുതുന്നു

courtesy: russianspaceweb.com

ചൊവ്വയുടെ ചന്ദ്രനെ തേടിയുള്ള ദൌത്യത്തില്‍ ഒരിക്കല്‍ കൂടി റഷ്യ പരാജയത്തിന്റെ രുചിയറിയുന്നു. ഭൂമിയില്‍ നിന്ന് പുറപ്പെട്ടു, ഫോബോസിലെത്തിയുമില്ല എന്ന അവസ്ഥയിലാണ് റഷ്യയുടെ ഫോബോസ് ഗ്രണ്ട് പേടകം. വിക്ഷേപണത്തിനു ശേഷം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ കറങ്ങിത്തിരിയുകയാണ് ഇത്. പതിമൂന്ന് ടണ്ണോളം വരുന്ന പേടകം ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്ന് ചൊവ്വയിലേക്ക് കുതിക്കാന്‍ അപ്പര്‍ സ്റ്റേജ് റോക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം ഭ്രമണപഥത്തില്‍ പേടകത്തെ നിലനിര്‍ത്തി പ്രശ്നം മനസിലാക്കി ദൌത്യത്തെ രക്ഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് റഷ്യന്‍ ഗവേഷകര്‍……………..

റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ രണ്ടാം കുതിപ്പിന് അവസരമൊരുക്കാനായാല്‍ ദൌത്യം റഷ്യക്ക് ഒരു പക്ഷേ തിരിച്ചുപിടിക്കാനായേക്കും. ആഴ്ചകള്‍ക്കകം തകരാറ് മനസിലാക്കി ദൌത്യം പുനരുജ്ജീവിപ്പിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. റോക്കറ്റ് പണിമുടക്കിയതിനു പിന്നില്‍ സോഫ്റ്റ്വേര്‍ തകരാറായിരിക്കാമെന്നും എളുപ്പം പരിഹരിക്കാമെന്നുമാണ് ഇപ്പോഴത്തെ നിഗമനം. ഹാര്‍ഡ്വേര്‍ തകരാറാണെങ്കില്‍ ദൌത്യം ഉപേക്ഷിക്കേണ്ടിവരും. അതോടെ പതിനെട്ട് ചൊവ്വന്‍ ദൌത്യങ്ങളില്‍ പതിനാറിലും പരാജയമറിഞ്ഞ റഷ്യയുടെ കണക്കു പുസ്തകത്തില്‍ ഈ നഷ്ടവും കൂടി എഴുതിച്ചേര്‍ക്കേണ്ടി വരും.

ഭൂമിയില്‍ പതിച്ചേക്കാമെന്ന രീതിയില്‍ അപകടകരമായ ഭ്രമണപഥത്തിലാണ് പേടകം ഉള്ളതെന്നും ദൌത്യ സംഘത്തിന് പേടകവുമായി ആശയവിനിമയം പൂര്‍ണമായി നഷ്ടമായെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. മൂന്നു ദിവസത്തിനകം പേടകത്തെ കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ശ്രമമെന്നും തുടര്‍ന്ന് രണ്ടാംഘട്ട റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് ദൌത്യം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റഷ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു.

courtesy: russian space web.com

അതേസമയം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളും അപകടകാരികളായ സൂക്ഷ്മ ജീവികളും ഉള്‍ക്കൊള്ളുന്ന പേടകം ഭൂമിയില്‍ പതിച്ചേക്കുമെന്ന് ഭീതി വിതക്കുന്ന വാര്‍ത്തകളും പരക്കുന്നുണ്ട്. കത്താതെ ബാക്കിയായ വിഷകരമായ ഹൈഡ്രസീന്‍ – നൈട്രജന്‍ ടെട്രോക്സൈഡ് ഇന്ധനവും റേഡിയോ ആക്ടീവ് കൊബാള്‍ട്ട് `57 ശേഖരവും പേടകത്തിലുണ്ട്. നിയന്ത്രണം വിട്ടുള്ള പതനമാണെങ്കില്‍ ഇവയെല്ലാം ഭൂമിയുടെ അന്തരീക്ഷത്തില്‍ പരക്കാനിടയാവും.

ചൈനയുടെ യിംഗ്വോ ഉപഗ്രഹവും പുതിയൊരു ദൌത്യത്തിന് ബാക്കിയില്ലാതെ ചിതറിപ്പോവും. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ പേടകത്തില്‍ നിന്ന് വേര്‍പെട്ട് ചൊവ്വയെ ഭ്രമണം ചെയ്യാനായിരുന്നു ഈ ഉപഗ്രഹത്തെ ചൈന ദൌത്യത്തില്‍ ഉള്‍ക്കൊള്ളിച്ചത്. പേടകവുമായി ബന്ധം സ്ഥാപിക്കാനുള്ള ഇതുവരെയുള്ള ശ്രമങ്ങള്‍ പരാജയമായിരുന്നുവെന്ന് സ്പേസ് ഏജന്‍സി വക്താക്കള്‍ വ്യക്തമാക്കുന്നു.

ബന്ധം സ്ഥാപിക്കാനായാല്‍ സോഫ്റ്റ് വേര്‍ റീപ്രോഗ്രാം ചെയ്യുക എന്ന കഠിന ദൌത്യത്തിനു ശേഷമേ പേടകത്തിന്റെ കുതിപ്പ് തുടരാനാവൂ. ഇതിനുള്ള സാധ്യത വിരളമാണ്. പേടകം ഫോബോസ് മണ്ണിലെത്തുമെന്ന റഷ്യന്‍ പ്രതീക്ഷയും ചൈനയുടെ യിംഗോ 1 എന്ന ചൊവ്വാനിരീക്ഷണ ഉപഗ്രഹ പദ്ധതിയുമാണ് നിലയില്ലാ വായുവിലായിരിക്കുന്നത്. ദൌത്യ പരാജയത്തില്‍ സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യക്ക് ഏല്‍ക്കുന്ന തിരിച്ചടി ചെറുതൊന്നുമല്ല. 163 കോടി ഡോളര്‍ ചിലവിട്ട പദ്ധതി റഷ്യയുടെ ബഹിരാകാശ സ്വപ്നങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന രീതിയിലായിരുന്നു കണക്കാക്കിയിരുന്നത്. തുടര്‍ പരാജയങ്ങള്‍ ഗവേഷകരുടെ ആത്മവിശ്വാസത്തിനും പോറലേല്‍പ്പിക്കും.

ചൊവ്വയുടെ ചന്ദ്രനിലേക്ക് ഇന്ന് റഷ്യ; കൈത്താങ്ങായി ചൈന

ചൊവ്വയുടെ ചന്ദ്രനിലേക്ക് ഇന്ന് റഷ്യ; കൈത്താങ്ങായി ചൈന

ഇന്ന് ചൊവ്വയുടെ ചന്ദ്രനെ തേടി റഷ്യയുടെ പേടകം കുതിച്ചുയരും. റഷ്യന്‍ സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.കെ.ഐ) കാത്തുവെച്ച സ്വപ്നം ആകാശം തേടുകയാണ്. ചൈനയുടെ യിംഗ്വോ-1 എന്ന ഉപഗ്രഹവും ഇതോടൊപ്പം കുതിച്ചുയരും-നിധീഷ് നടേരി എഴുതുന്നു

courtesy: Roscosmos

ബഹിരാകാശ കുതിപ്പുകളില്‍ അമേരിക്കയോട് ഇഞ്ചോടിഞ്ച് മല്‍സരിച്ച പഴയ കാലമുണ്ടായിരുന്നു റഷ്യക്ക്. രാഷ്ട്രീയ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ പ്രതാപം വറ്റി റഷ്യ ബഹിരാകാശ സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ ശ്രമിക്കുകയായി പിന്നെ. ഇപ്പോഴിതാ പതിറ്റാണ്ടിന്റെ ക്ഷീണമൊക്കെ മാറ്റി റഷ്യ വീണ്ടും ബഹിരാകാശ ദൌത്യങ്ങളില്‍ സജീവമാവുന്നു.

ചൊവ്വയുടെ ചന്ദ്രനെ തേടി റഷ്യയുടെ പേടകം ഇന്ന് കുതിച്ചുയരും. വര്‍ഷങ്ങളായി റഷ്യന്‍ സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.കെ.ഐ) കാത്തുവെച്ച സ്വപ്നം ആകാശം തേടുകയാണ്. ചൊവ്വന്‍ ഉപഗ്രഹം ഫോബോസിലേക്കാണ് ഫോബോസ് ഗ്രണ്ട് പേടകം പറന്നുയരുന്നത്. ഫോബോസിന്റെ ഉപരിതലത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു മടങ്ങുകയാണ് ദൌത്യ ലക്ഷ്യം.

റഷ്യക്കൊപ്പം ചൈനയും ചേരുന്നുണ്ട് ഈ ഫോബോസ് ദൌത്യത്തില്‍. ചൈനയുടെ യിംഗ്വോ-1 എന്ന ഉപഗ്രഹവും ഇതോടൊപ്പം കുതിച്ചുയരും. ഖസാക്കിസ്ഥാനിലെ ബെയ്കനൂര്‍ കോസ്മോഡ്രം സ്പേസ് സ്റ്റേഷനില്‍ നിന്നാണ് ഫോബോസ് ഗ്രണ്ട് പേടകത്തിന്റെ വിക്ഷേപണം.

2012 ഒക്ടോബര്‍ 12ഓടെ യിംഗ്വോ-1 ഈ പേടകത്തില്‍ നിന്ന് വേര്‍തിരിഞ്ഞ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. രണ്ടു വര്‍ഷത്തോളം ചൊവ്വയുടെ അയോണോസ്ഫിയറുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളുമായി ഭ്രമണം ചെയ്യും. അതേസമയം ഫോബോസ് ഗ്രണ്ട് പേടകം ഫോബോസിന്റെ മണ്ണിലിറങ്ങും. ഏഴു ദിവസത്തോളം സാമ്പ്ള്‍ ശേഖരണത്തില്‍ മുഴുകും. പേടകത്തിലെ യന്ത്രക്കൈകള്‍ ഉപരിതലത്തിലെ ശിലാപാളികളും മറ്റും ശേഖരിച്ചു അതിനോട് ബന്ധിപ്പിച്ച സിലിണ്ടറുകളില്‍ നിക്ഷേപിക്കും. ഭൂമിയില്‍ നിന്ന് പതിനൊന്ന് സൂക്ഷ്മ ജീവികളും ഇവക്കൊപ്പം ഫോബ്സിലെത്തും. സൂക്ഷ്മ ജീവികള്‍ക്ക് ദൌത്യകാലയളവില്‍ ബഹിരാകാശത്തുണ്ടാവുന്ന മാറ്റങ്ങള്‍ പഠിക്കുകയാണ് ലക്ഷ്യം.

സാമ്പ്ള്‍ ശേഖരണം പൂര്‍ത്തിയായാല്‍ പ്രോഗ്രാം ചെയ്തതനുസരിച്ച് പിന്നീട് തിരിച്ചിറക്കത്തിനുള്ള റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് പേടകം തിരിച്ചു പറക്കാന്‍ തുടങ്ങും. 2014 ആഗസ്തോടെ ഫോബ്സ് ശിലാപദാര്‍ഥങ്ങളുമായി പേടകം ഭൂമിയില്‍ തിരികെയെത്തും. ഇതാണ് ദൌത്യത്തിന്റെ രത്നച്ചുരുക്കം

രണ്ടു ഉപഗ്രഹങ്ങളാണ് ചൊവ്വക്ക് സ്വന്തമായുള്ളത്. ഫോബോസും ഡൈമോസും. ഫോബോസ് തികച്ചും വിരൂപനായ ഉപഗ്രഹങ്ങളാണ്. കുണ്ടും കുഴിയും നിറഞ്ഞ് ക്രമരഹിതമായ ആകൃതിയുള്ള ഉപഗ്രഹം. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ഏറെ മടികാട്ടുന്ന സൌരയൂഥ പദാര്‍ഥങ്ങളിലൊന്ന്. പരുക്കനായ ഇവയുടെ ഉപരിതലത്തില്‍ പ്രകാശം കെണിയില്‍പ്പെടുകയാണ് ചെയ്യുന്നത്. ചൊവ്വയോട് ഏറെയടുത്തായാണ് (ഏകദേശം 10,000 കിലോമീറ്റര്‍) ഫോബോസ് ഭ്രമണം ചെയ്യുന്നത്.

ചൊവ്വയെ അറിയല്‍ തന്നെയാണ് ദൌത്യത്തിന്റെ ആത്യന്തിക ലക്ഷ്യം. ചൊവ്വയില്‍ നിന്നുള്ള പദാര്‍ഥങ്ങളാണ് ഫോബോസിന്റെ പുറംപാളിയില്‍ നിറഞ്ഞിരിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. 400 കോടി വര്‍ഷം മുന്‍പ് ചൊവ്വയില്‍ നിരന്തരം നടന്ന ക്ഷുദ്രഗ്രഹ പതനത്തിന്റെ ഫലമായി ചിതറിത്തെറിച്ച പദാര്‍ഥങ്ങളാണ് ഫോബോസില്‍ അടിഞ്ഞതെന്ന് കണക്കാക്കുന്നു. ചൊവ്വയുടെ ഉപരിതല സവിശേഷതകള്‍ കൂടുതല്‍ അറിയാനും ഭാവിയിലെ ചൊവ്വാ ദൌത്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് ഫോബോസ് മണ്ണില്‍ റഷ്യ ലക്ഷ്യം വെക്കുന്നത്.

ചൊവ്വന്‍ ദൌത്യങ്ങളിലെല്ലാം പരാജയത്തിന്റെ കഥകളാണ് റഷ്യയുടെ കണക്കു പുസ്തകത്തിലുള്ളത്.
രണ്ടുതവണ ഫോബ്സ് ദൌത്യം പരാജയമായിരുന്നു. ചൊവ്വയെ ലക്ഷ്യം വെച്ച 1996 ലെ മാര്‍സ് 96 ദൌത്യവും ബഹിരാകാശം കാണാതെ തലകുത്തി വീണു. അതിനാല്‍ ഇത്തവണ പിഴവുകളില്ലാതിരിക്കാന്‍ കൂടുതല്‍ സൂഷ്മതയോടെയാണ് റഷ്യ ഒരുങ്ങുന്നത്.

അതേസമയം ദൌത്യത്തെക്കുറിച്ച് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്റര്‍നാഷണനല്‍ കമ്മിറ്റി എഗൈന്‍സ്റ്റ് മാര്‍സ് സാമ്പ്ള്‍ റിട്ടേണ്‍ എന്ന സംഘടന ഈ ദൌത്യം ഐക്യരാഷ്ട്ര സംഘടനയുടെ ബഹിരാകാശ ഉടമ്പടിയുടെ ലംഘനമാണെന്ന വാദവുമായി രംഗത്തുണ്ട്. ഭൂമിയിലെ പദാര്‍ഥങ്ങളാല്‍ ചൊവ്വയുടെയും ഫോബ്സിന്റെയും അന്തരീക്ഷം മലിനമാക്കുവാന്‍ ദൌത്യം ഇടയാക്കുമെന്നും, ദൌത്യത്തില്‍ പിഴവുണ്ടായാല്‍ പേടകം ചൊവ്വയില്‍
ഇടിച്ചിറങ്ങാന്‍ ഇടയുണ്ടെന്നും ഇവര്‍ വാദിക്കുന്നു.

ഭൂമിയില്‍ നിന്ന് പരീക്ഷണത്തിന് അയക്കുന്ന അതിജീവനശേഷിയുള്ള സൂക്ഷ്മജീവികള്‍ ചൊവ്വയിലെത്താനിടയായാല്‍ പെറ്റുപെരുകി ചൊവ്വയില്‍ ജീവന്‍ തേടുന്ന പരീക്ഷണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും എതിര്‍വാദങ്ങള്‍ ഇവര്‍ നിരത്തുന്നു. ഇത് ശാസ്ത്രത്തോടുള്ള കുറ്റകൃത്യമായാണ് ഇവര്‍ കണക്കാക്കുന്നത്. എന്തായാലും നവംബര്‍ 8 വരെ കാത്തിരിക്കാം. ബേക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യന്‍- ചൈനീസ് പ്രതീക്ഷകള്‍ കുതിച്ചുയരട്ടെ…ബാക്കി കാലം കാണിച്ചു തരും.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers