shajahan-kaliyath.jpg
Category archives for: ഷാജഹാന്‍

ഓസ്കാര്‍ പിസ്റേറാറിയസിനെ ആര്‍ക്കാണ് പേടി ?…

 
 
 
 
കൃത്രിമകാലുകളുമായി കുതിച്ചെത്തി ഒളിമ്പിക്സിലെ നാനൂറ് മീറ്റര്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ച ‘ബ്ലേഡ് റണ്ണര്‍’ ഓസ്കര്‍ പിസ്റ്റോറിയസിന് ഒരു വാഴ്ത്ത്. ഷാജഹാന്‍ എഴുതുന്നു

 

 

ഇനി അവര്‍ നിന്റെ പ്രോസ്തെറ്റിക് കാലുകള്‍ പരിശോധിക്കട്ടെ. ആത്മവിശ്വാസത്തിന്റെ ഡി. എന്‍. എ പിണച്ച് നീ നിവര്‍ന്ന് നിന്ന് കുതിച്ചതിന്റെതല്ലാതെ മറ്റൊരു അടയാളവും ആ കാലില്‍ കണ്ടെത്താനാകാതെ ഒടുക്കം അവര്‍ നിന്റെ കണ്ണുകളില്‍ നോക്കട്ടെ. മനസ്സുറപ്പിന്റെതല്ലാത്ത ഒരു കാന്തികവലയവും സര്‍ക്യൂട്ടും പിണയാത്ത നിന്റെ നോട്ടം അവര്‍ക്ക് പാഠമാകട്ടെ- കൃത്രിമകാലുകളുമായി കുതിച്ചെത്തി ഒളിമ്പിക്സിലെ നാനൂറ് മീറ്റര്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ച ‘ബ്ലേഡ് റണ്ണര്‍’ ഓസ്കര്‍ പിസ്റ്റോറിയസിന്റെ ഉജ്വല നേട്ടത്തെക്കുറിച്ച് ഷാജഹാന്‍ എഴുതുന്നു

 

 

കുതിക്കും മുമ്പുള്ള ആ നിശ്ശബ്ദതയില്ലേ…?

പല തൊണ്ടകള്‍ ഒരേ സമയം ആകാംക്ഷ കൊണ്ട് വരണ്ട്, ഇമ വെട്ടാതെ ഒരേ ചരടില്‍ കണ്ണ് ചേര്‍ത്ത് കെട്ടി കാത്തിരിക്കുമ്പോള്‍ പെരുവിരലില്‍ നിവര്‍ന്ന് കൊടുങ്കാറ്റിനെ പിറകിലാക്കിയുള്ള ആ പാച്ചില്‍… അങ്ങിനെ നിവര്‍ന്നു നില്‍ക്കാന്‍ രണ്ട് പെരുവിരലുകളും, വലിച്ച് മുറുക്കാന്‍ മടമ്പിന്റെ പേശിയുമില്ലാതെ കുതിക്കാന്‍ തയ്യാറെടുക്കുന്നവന് തന്റെ 80.5 കിലോഗ്രാം ഭാരം ചലിപ്പിക്കാനാവശ്യമായ 3556 ജൂള്‍ ഊര്‍ജ്ജത്തെക്കുറിച്ച് മാത്രമാകും വേവലാതി.

പക്ഷേ ഓസ്കാര്‍ പിസ്റ്റോറിയസ്, 90 കാര്‍ബണ്‍ ഫൈബറുകള്‍ ചൂളയില്‍ ഉരുക്കിയെടുത്ത് കാലില്‍ വെച്ച് കെട്ടി നീ ഓടിക്കയറിയത് വേവലാതികള്‍ അസ്തമിച്ച ഒരു കുന്നിന്‍ മുകളിലേക്കാണ്…

 

 

പൊയ്ക്കാലുകളില്‍ നടക്കുന്നവരെ നോക്കി ചിരിക്കുന്നതിന് മുമ്പ് ഇനി ഞാന്‍ ഒരു വട്ടം ആലോചിക്കും. ഭൂഗുരുത്വത്തെ മറികടക്കാനാകാതെ മുറിക്കാലില്‍ കൃത്രിമക്കാല്‍ ഘടിപ്പിക്കാന്‍ തെറാപ്പി കേന്ദ്രങ്ങളിലുടെ മുന്നില്‍ കാത്തിരിക്കുന്നവരെ പിസ്റ്റോറിയസിന്റെ ചീറ്റക്കാലുകള്‍ പ്രചോദിപ്പിക്കും. പാരാലിംപിക്സിന്റെ പരിമിതപ്പെടുത്തിയ ട്രാക്കില്‍ നിന്ന് അത്ലറ്റിക് ഫെഡറേഷന്റെ ചുളിഞ്ഞ നെറ്റിക്ക് മുഖം കൊടുക്കാതെ ലണ്ടന്‍ സിന്തറ്റിക്കിലൂടെ 400 മീറ്റര്‍ സെമിയിലേക്ക് പാഞ്ഞുകയറുന്നതിന്റെ സുഖം ഒന്നു വേറെയാണ്.

ഇനി അവര്‍ നിന്റെ പ്രോസ്തെറ്റിക് കാലുകള്‍ പരിശോധിക്കട്ടെ. ആത്മവിശ്വാസത്തിന്റെ ഡി. എന്‍. എ പിണച്ച് നീ നിവര്‍ന്ന് നിന്ന് കുതിച്ചതിന്റെതല്ലാതെ മറ്റൊരു അടയാളവും ആ കാലില്‍ കണ്ടത്തൊനാകാതെ ഒടുക്കം അവര്‍ നിന്റെ കണ്ണുകളില്‍ നോക്കട്ടെ. മനസ്സുറപ്പിന്റെതല്ലാത്ത ഒരു കാന്തികവലയവും സര്‍ക്യൂട്ടും പിണയാത്ത നിന്റെ നോട്ടം അവര്‍ക്ക് പാഠമാകട്ടെ.

 

 

ഓഗസ്റ് 6 തിങ്കളാഴ്ച പുലര്‍ച്ചെ, സെമിയില്‍ എട്ടാമനായി നീ ഒളിംപിക്സില്‍ നിന്ന് നിഷ്കാസിതനാകുമ്പോള്‍ ജോഹനാസ് ബര്‍ഗിലും ചിക്കമംഗലൂരിലും ഒരേ നടുക്കത്തോടെ പിടച്ച ഹൃദയങ്ങളുണ്ട്. ആ കാര്‍ബണ്‍ ഫൈബര്‍ കാലുകള്‍ തങ്ങളോട് കാണിച്ച വല്ലാത്ത “അനീതി” യെക്കുറിച്ച് ഇന്റര്‍ നാഷണല്‍ അത് ലറ്റിക് ഫെഡറേഷന്‍ വിലപിക്കട്ടെ…

തെംസ് ഒഴുകട്ടെ,ലണ്ടന്‍ പാലം തകരട്ടെ… കാല്‍പാദങ്ങളില്ലാതെ ജനിക്കുന്ന ഓരോ കുഞ്ഞും സ്വപ്നം കാണട്ടെ, 90 കാര്‍ബണ്‍ ഫൈബര്‍ പാളികള്‍ പിണച്ച് കിട്ടിയ കാലുകള്‍ കൊണ്ട്, പൂക്കള്‍ മാത്രം വിടരുന്ന മൈതാനത്ത് കുതിക്കുന്നത്…

ഒസ്കാര്‍ പിസ്റ്റോറിയസ്, നിന്നെ ആരും പേടിക്കുന്നില്ല…ചരിത്രത്തിന്റെ പല അടരുകള്‍ക്കിടയില്‍ നീ ആ വളഞ്ഞ കാല് കൊണ്ട് വരച്ചിട്ട ചിത്രം 10000 വര്‍ഷം കഴിയുമ്പോഴും ഖനനം ചെയ്യപ്പടാനായി അണയാതിരിക്കട്ടെ…
 
 
 

 
 

 
 
 
 

മെഹ്ദി: പ്രണയ-വിരഹങ്ങള്‍ക്ക് ഒരു പുഴ

 
 
 
മെഹ്ദി ഹസനെക്കുറിച്ച് ഷാജഹാന്‍ എഴുതുന്നു
 

ഫൈസ് അഹമ്മദ് ഫൈസിന്റെ പ്രണയവും പ്രതിഷേധവും മിര്‍സാ ഗാലിബിന്‍റെ വിരഹവും മിര്‍ തഖി മീറിന്റെ ഉന്മാദവും…പല ഭാവങ്ങളുണ്ടായിരുന്നു മെഹ്ദിയുടെ പാട്ടിന്. വാക്കുകളെ ആവര്‍ത്തിച്ചും മഥിച്ചും പ്രലോഭിപ്പിച്ചും ചവച്ചും മെഹ്ദി പാടി. മനപ്പൂര്‍വ്വമായ ചില മൌനങ്ങള്‍ ആ ഒഴുക്കിനിടെ ദ്വീപുകളെ പോലെ നില കൊണ്ടു.അപ്പോഴതില്‍ നമുക്ക് അപഥ സഞ്ചാരം നടത്താം. സ്വപ്നം കാണാം..കാല്പനികതയുടെ പല കടലുകള്‍ കാണാം.
അപ്പോഴേക്കും മെഹ്ദി തിരിച്ചു വരും. ഉച്ചസ്ഥായിയുടെ ഒരു തിരമാലയിലേക്ക് നമ്മെ വലിച്ചെറിയും. കസൃതിയോടെ ചിരിക്കും. പൊടുന്നനെ ആകാശത്തെയും ഭൂമിയെയും തകിടം മറിച്ച് ഗര്‍ത്തങ്ങളിലേക്ക് തള്ളിയിടും.എന്നിട്ടൊരു പൂവെറിഞ്ഞു തരും. പാരച്യുട്ട് പോലെ ഗഗനസഞ്ചാരിയാക്കാന്‍- -പ്രണയ വിരഹങ്ങളുടെ ഭാവസാന്ദ്രമായ പാട്ടുനേരങ്ങള്‍ക്കൊടുവില്‍ വിടപറഞ്ഞ, ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസനെക്കുറിച്ച് ഷാജഹാന്‍ എഴുതുന്നു

 

 

ജീവിതത്തില്‍ എല്ലാവരും പ്രണയിക്കും…
പക്ഷെ എന്റെ പ്രണയമേ നിന്നെ ഞാന്‍ മരിച്ചാലും പ്രണയിച്ചു കൊണ്ടേയിരിക്കും…

പ്രണയത്തെക്കുറിച്ച് ഇത്ര മനോഹരമായി ആരും പാടിയിട്ടില്ല, മെഹ്ദി ഹസ്സനല്ലാതെ.
പല കാമുകന്മാര്‍ ഒളിച്ച് കിടന്നിരുന്നു മെഹ്ദിയുടെ തൊണ്ടയില്‍. ചിലപ്പോള്‍ ശൃംഗരിച്ചും ചിലപ്പോള്‍ പതം പറഞ്ഞും മറ്റുചിലപ്പോള്‍. കലഹിച്ചും.

‘പിണക്കമാണെന്നറിയാം, എങ്കിലും എന്റെ മുറിഞ്ഞ ഹൃദയത്തെ നോവിക്കാനെങ്കിലും നീ വരണം’ എന്ന മെഹ്ദിയുടെ പാട്ട് പ്രണയം കൊണ്ട് മുറിവേറ്റവന്റെ പാട്ടായിരുന്നു.

 

 

ആകാരത്തിലോ ചലനത്തിലോ കാല്പനികതയില്ലായിരുന്നു മെഹ്ദിക്ക്. ഗുലാം അലിയേയോ ജഗ്ജിതിനെയോ പോലെ സദസ്സുമായി ഇടപെടാനുള്ള മനസ്സുമില്ലായിരുന്നു. പക്ഷെ, ‘നിന്നെ കണ്ടതു മുതല്‍ എനിക്ക് ഒരു കാര്യം തോന്നിത്തുടങ്ങി,എന്റെ ഈ ജീവിതകാലം പ്രണയിക്കാന്‍ തികയില്ലല്ലോ’ എന്ന് മെഹ്ദി പാടിത്തുടങ്ങുമ്പോള്‍ കേള്‍വിക്കാരന്‍ സ്വയം നെയ്ത തന്റെ പ്രണയത്തിന്റെയും ഏകാന്തതയുടെയും ചൂരുള്ള ഒരു കൂട്ടിലേക്ക് നൂണ്ട് കയറി ഇരിക്കാന്‍ തുടങ്ങുമായിരുന്നു.

എക്കാലത്തെയും മികച്ച പ്രണയഗായകനായിരുന്നു മെഹ്ദി. പാടിത്തുടങ്ങുമ്പോള്‍ പെട്ടെന്ന് നമ്മെ കൈ പിടിച്ചു കൊണ്ട് പോകുന്ന ആലാപ് പ്രണയപ്പെയ്ത്തിലേക്കുള്ള ആദ്യ മഴത്തുള്ളികളാണ്.

ഉറുദു പേര്‍ഷ്യന്‍ കാവ്യ സംവേദനത്വം പങ്കിട്ട മെഹ്ദിയുടെ ഒഴുകിക്കൊണ്ടേയിരുന്ന ശബ്ദം ഒരു പുഴപോലെ തോന്നിച്ചു, പലപ്പോഴും ‘പത്താ പത്താ ബൂത്താ ബൂത്താ’ പാടുമ്പോള്‍ മെഹ്ദി പ്രണയിക്കാന്‍ തുടങ്ങുന്നവന്‍..

‘പിരിയാം നമുക്ക് ഇനി സ്വപ്നങ്ങളില്‍ കാണാം
പുസ്തകത്താളുകളില്‍ ഉണങ്ങിയ പുഷ്പങ്ങളെ കണ്ടു മുട്ടുന്നത് പോലെ’ എന്ന് പാടുമ്പോള്‍ മെഹ്ദി ഒരു നിരാശാ കാമുകന്‍. ലഹരിയുടെയും വിരഹത്തിന്റെയും ചരട് ഹൃദയത്തില്‍ കെട്ടിയിട്ട ഗസല്‍ പ്രേമിക്ക് അബോധത്തിലും മുഴങ്ങുന്ന ഈണമായിരുന്നു മെഹ്ദി.

 

 

‘കേസരിയാം ബാലം’ എന്ന മരുഭൂമിയുടെ മണവും മരുക്കാറ്റിന്റെ ചൂരുമുള്ള നാടോടി ഗാനം എല്ലാ വേദിയിലും പാടുമായിരുന്നു മെഹ്ദി. അതിര്‍ത്തി കടന്ന് കറാച്ചിയിലേക്ക് പിന്‍ജീവിതം പറിച്ചു നട്ടുവെങ്കിലും രാജസ്ഥാനിലെ മരുക്കാറ്റിന്റെ പാച്ചില്‍ ഗൃഹാതുരതയോടെ മനസ്സില്‍ കൊണ്ട് നടന്നിരുന്നു അദ്ദേഹം.

ഫൈസ് അഹമ്മദ് ഫൈസിന്റെ പ്രണയവും പ്രതിഷേധവും മിര്‍സാ ഗാലിബിന്‍റെ വിരഹവും മിര്‍ തഖി മീറിന്റെ ഉന്മാദവും…പല ഭാവങ്ങളുണ്ടായിരുന്നു മെഹ്ദിയുടെ പാട്ടിന്. വാക്കുകളെ ആവര്‍ത്തിച്ചും മഥിച്ചും പ്രലോഭിപ്പിച്ചും ചവച്ചും മെഹ്ദി പാടി. മനപ്പൂര്‍വ്വമായ ചില മൌനങ്ങള്‍ ആ ഒഴുക്കിനിടെ ദ്വീപുകളെ പോലെ നില കൊണ്ടു.അപ്പോഴതില്‍ നമുക്ക് അപഥ സഞ്ചാരം നടത്താം. സ്വപ്നം കാണാം.കാല്പനികതയുടെ പല കടലുകള്‍ കാണാം.

അപ്പോഴേക്കും മെഹ്ദി തിരിച്ചു വരും. ഉച്ചസ്ഥായിയുടെ ഒരു തിരമാലയിലേക്ക് നമ്മെ വലിച്ചെറിയും. കസൃതിയോടെ ചിരിക്കും. പൊടുന്നനെ ആകാശത്തെയും ഭൂമിയെയും തകിടം മറിച്ച് ഗര്‍ത്തങ്ങളിലേക്ക് തള്ളിയിടും.എന്നിട്ടൊരു പൂവെറിഞ്ഞു തരും. പാരച്യുട്ട് പോലെ ഗഗനസഞ്ചാരിയാക്കാന്‍!

അതിര്‍ത്തികള്‍ക്ക് പിടി കൊടുക്കാത്ത ചില വികാരങ്ങളുണ്ട് നമുക്ക്. ,രാജ്യ സന്ഹേം തിളച്ചു മറിയുമ്പോള്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് കളി കാണാന്‍ മനസ്സ് സമ്മതിച്ചെന്ന് വരില്ല. പക്ഷേ അന്നേരം വിവിധ് ഭാരതിയില്‍ അതിര്‍ത്തിയിലെ ട്രഞ്ചില്‍ കിടക്കുന്ന ജവാന്‍ ‘തു മിലാ ഹേ തോ യേ എഹസാസ് മിലാ ഹേ മുഛ്കോ’ കേട്ട് കൊണ്ടിരിക്കുകയായിരിക്കും.

കറാച്ചിയിലേയും കാര്‍ഗിലിലേയും ഹൃദയങ്ങള്‍ നിന്റെ ശബ്ദത്തില്‍ പ്രണയഗാനം കേള്‍ക്കുമ്പോള്‍ മെഹ്ദി സാബ്, അതിര്‍ത്തികള്‍ പച്ചനിറത്തില്‍ പൂക്കും.
ഒരു കല്‍മഷവുമില്ലാതെ.

 

 

ഇറ്റാലിയന്‍ വെടിയുണ്ടകളും നമ്മുടെ നിവരാത്ത വാലും

ആണ്ടില്‍ പല തവണ നമ്മുടെ നാട്ടില്‍ പിടിക്കപ്പെടുന്ന പാക്കിസ്ഥാനിയോടും ശ്രിലങ്കക്കാരനോടും മ്യാന്‍മറുകാരനോടും കെനിയക്കാരനോടും ഇതേ വിധേയത്വമുണ്ടോ നമുക്ക്? ഷാറുഖ് മുതല്‍ കലാം വരെയുള്ളവരെ തുണിയുരിഞ്ഞ് പരിശോധന നടത്തുന്ന യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും സെക്യൂരിറ്റി ഗാര്‍ഡുകളെ അവരുടെ രാജ്യം സംരക്ഷിക്കുന്നില്ലേ. ആ കൂറിന്റെ പത്തിലൊന്ന് മതി അലകടലിന് നടുവില്‍ ഓര്‍ക്കാപ്പുറത്ത് വെടിയേറ്റ് മരിച്ചയാളുടെ കുടുംബത്തിന്റെ കണ്ണീരിനണ കെട്ടാന്‍…ആഴക്കടലില്‍ ഇറ്റാലിയന്‍ നാവികര്‍ രണ്ട് മലയാളി മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷാജഹാന്‍ എഴുതുന്നു

 

 

10 വര്‍ഷം മുമ്പ്, നീളം കുറഞ്ഞ ഒരു പ്രവാസകാലത്ത് കണ്ടുമുട്ടിയ ജോസഫ് അലക്സ് തന്റെ ഏറ്റവും വലിയ അഹന്തയെക്കുറിച്ച്, ഒട്ടും രോമങ്ങളില്ലാത്ത തന്റെ തല ഉഴിഞ്ഞ് വാക്കുകളെ ച്യൂയിം ഗം പോലെ ചവച്ച്, എന്നോട് പറഞ്ഞത് ഓര്‍ക്കുന്നു: ‘കഴിഞ്ഞ ജോലി ഗംഭീരമായിരുന്നു. രണ്ട് ബ്രിട്ടിഷുകാരെ ഞാന്‍ ഭരിച്ചു. നന്നായി. ശമ്പളം കൂട്ടിക്കിട്ടാന്‍ മുതല്‍ കമ്പനി സൌജന്യമായി നല്കുന്ന ചില്ലറകള്‍ക്ക് വരെ അവരെന്നോട് കെഞ്ചുമായിരുന്നു’
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, രണ്ട് മാസത്തെ പ്രവാസജീവിതം അവസാനിപ്പിച്ച ഞാന്‍ പിന്നൊരിക്കലും കാപ്പിരിച്ചുണ്ടുള്ള, മുംബൈയില്‍ വളര്‍ന്ന, ജോസഫിനെ കണ്ടിട്ടില്ല. ആലോചിച്ചിട്ടു പോലുമില്ല

ഇക്കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സൈനികനും കോണ്‍സലിനും പിന്നാലെ തറയെ നോവിക്കാതെ നടക്കുന്ന പോലിസും കരുതലോടെ പ്രതികരിച്ച മുഖ്യമന്ത്രിയും ടെലിവിഷനില്‍ പല തവണ മിന്നി മറഞ്ഞത് കണ്ട് ഞാന്‍ ജോസഫ് അലക്സിനെ വല്ലാത്ത അഭിമാനത്തോടെ ഓര്‍ത്തു. സായിപ്പിന്റെ മുന്നില്‍ കവാത്ത് നടത്തിയതിന്റെ ഓര്‍മ്മ, ജോസഫ് അലക്സ് എന്ന നാഗരികന്‍ രാജ്യസ്നേഹത്തിന്റെ ആമുഖഭാഷണമൊന്നുമില്ലാതെ ഇംഗ്ലിഷ് ചുവയുള്ള മലയാളത്തില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ ആ മുഖത്തെവിടെയോ പല തലമുറകളുടെ രോഷം ഒന്നിച്ച് മുഴച്ചുവരുന്നത് ഞാന്‍ കണ്ടിരുന്നു.

കോടതി പോലിസ് കസ്റഡിയില്‍ വിട്ട പ്രതികള്‍ക്കൊപ്പം എത്ര വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്ക് പിസ്സയും കാപ്പുച്ചിനോയും കഴിച്ച് അന്തിയുറങ്ങാന്‍ കഴിയും? ഇന്ത്യയില്‍ അത് സാധ്യമാണ്. കേരളത്തിലും കൊല്ലത്തും. ഈ സുഖവാസകാലത്ത് റോത്മാന്‍സിന്റെ ഫില്‍റ്റേഡ് സിഗരറ്റ് വലിച്ച് സ്ഥാനപതിമാര്‍ കുറ്റവാളികളോട് സല്ലപിക്കുന്നതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങളും ആസ്വദിക്കാം. കാരണം കവാത്ത് എന്നേ മറന്ന ഒരു ഭരണകൂടത്തിന് സായിപ്പ് ഇപ്പോഴും എപ്പോഴും ഏമാന്‍ തന്നെ.

പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നാലോ, തെരുവ് കച്ചവടത്തിനിടെ സ്ക്വാഡ് വരുമ്പോഴോ, പ്രാണനും കൊണ്ട് ഓടുന്നതിനിടെ പിടിക്കപ്പെടുമ്പോള്‍, മൈനസ് ഡിഗ്രിയില്‍ ശീതീകരിച്ച 4 അടി ഉയരം മാത്രമുള്ള സെല്ലിനകത്ത് മൂന്നോ നാലോ പകലും രാത്രിയും തടവില്‍ കഴിഞ്ഞ് ഇറങ്ങി വരുന്ന അതിദരിദ്രനായ മലയാളിയുടെ ദൈന്യം നിറഞ്ഞ കണ്ണ് കണ്ടിട്ടുണ്ടോ ഉമ്മന്‍ ചാണ്ടി? വലിച്ചിടാന്‍ ഒരു സിബ്ബ് പോലുമില്ലാതെ, ലോഹമുനയില്ലാതെ, ചെളിപുരണ്ട നഖത്തിനപ്പുറം ഒരായുധവുമില്ലാതെ പിടിക്കപ്പെടുന്നവനോട് ദയ കാണിക്കാന്‍ എമിഗ്രേഷന്‍ നിയമങ്ങള്‍ സമ്മതിക്കാത്ത രാജ്യങ്ങള്‍ ഇപ്പോള്‍ ഏത് ലോകനീതിയാണ് വിളമ്പുന്നത്.
 

 

ഇക്കഴിഞ്ഞയാഴ്ച പലവുരു ദുബായില്‍ നിന്ന് ഒരു സുഹൃത്ത് വിളിച്ചു. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചതാണവന്‍. കേരളത്തിലെത്തിയപ്പോള്‍ പരിചയപ്പെട്ടതാണ് .അവനിപ്പോള്‍ പിടിയിലാണ്. ദുബായില്‍ പണ്ട് താമസിച്ച കാലത്ത്, നാട്ടില്‍ വന്നപ്പോള്‍ ഒരു വാടക ചെക്ക് ബൌണ്‍സായിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് ആ തുകയും അതിന്റെ പത്തിരിട്ടിയും നല്‍കിയെങ്കിലും വിട്ടയക്കുന്നില്ല. ഒരു വര്‍ഷത്തെ വാടകക്കരാറുണ്ടാക്കിയവനോട് ആവശ്യപ്പെടുന്നത് കഴിഞ്ഞ നാലുവര്‍ഷത്തെ വാടക!

മറ്റുള്ള രാജ്യങ്ങളില്‍ ചെറുതും വലുതുമായ കുറ്റങ്ങള്‍ക്ക് ഇന്ത്യക്കാര്‍ പിടിയിലാകുമ്പോള്‍ ഭരണകൂടം പറയുന്നത് കേള്‍ക്കാറില്ലേ? അതവിടുത്തെ നിയമമാണെന്ന്?. സമ്മതിച്ചു..അപ്പോള്‍ പിന്നെ നമ്മുടെ രാജ്യത്ത് നടക്കുന്ന കുറ്റങ്ങള്‍ക്ക് നമ്മുടെ നിയമമല്ലേ ബാധകം. ആണ്ടില്‍ പല തവണ നമ്മുടെ നാട്ടില്‍ പിടിക്കപ്പെടുന്ന പാക്കിസ്ഥാനിയോടും ശ്രിലങ്കക്കാരനോടും മ്യാന്‍മറുകാരനോടും കെനിയക്കാരനോടും ഇതേ വിധേയത്വമുണ്ടോ നമുക്ക്? ഷാറുഖ് മുതല്‍ കലാം വരെയുള്ളവരെ തുണിയുരിഞ്ഞ് പരിശോധന നടത്തുന്ന യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും സെക്യൂരിറ്റി ഗാര്‍ഡുകളെ അവരുടെ രാജ്യം സംരക്ഷിക്കുന്നില്ലേ. ആ കൂറിന്റെ പത്തിലൊന്ന് മതി അലകടലിന് നടുവില്‍ ഓര്‍ക്കാപ്പുറത്ത് വെടിയേറ്റ് മരിച്ചയാളുടെ കുടുംബത്തിന്റെ കണ്ണീരിനണ കെട്ടാന്‍..

ആരാണ് വാഴ്ത്തപ്പെടേണ്ടവര്‍?
പട്ടാമ്പിയിലെത്തിയാല്‍ പട്ടാമ്പിക്കാരന്‍,റോമിലെത്തിയാലോ? കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇനി ഇറ്റലിക്കാരനാകുമോ?വെടിയേറ്റ് മരിച്ചവര്‍ കത്തോലിക്കരല്ലെങ്കിലും കുരിശിന്റെ വഴി താണ്ടിയവനെ മനസ്സില്‍ കൊണ്ടു നടന്നവനല്ലേ തമ്പുരാനേ?..കുഞ്ഞാടുകളില്‍ വെളുത്തവരും കറുത്തവരുമുണ്ടോ? റോമിലെത്തിയാല്‍ പറയുന്നത് അങ്ങ് നാട്ടില്‍ വന്നാല്‍ തിരുത്തരുത്.കാരണം നെഞ്ചില്‍ വെടിയേറ്റ് വീഴുന്നതിന് മുന്പ് ജെലസ്റിനും പിങ്കുവും അവസാനമായി വിളിച്ചത് കര്‍ത്താവേ എന്നു തന്നെയായിരിക്കും, റാംബോയുടെ ശരീരഭാഷയുള്ള മാസ്സിമിലാനോയും സാല്‍വദോര്‍ ഗിരോനും വെടിയുതിര്‍ത്ത് കഴിഞ്ഞ് ഫക്ക് എന്ന് പറഞ്ഞിരിക്കാനോ സാധ്യതയുള്ളൂ..ആരാണ് വാഴ്ത്തപ്പെടേണ്ടവര്‍…അങ്ങ് പറഞ്ഞാലും…….

 

 

ജോസഫ് അലക്സ്, പത്തു വര്‍ഷത്തിനിപ്പുറം ഞാന്‍ താങ്കളുടെ ഗര്‍വും അഭിമാനവും ഗൃഹാതുരത്വത്തോടെ പങ്കിടുന്നു. രണ്ടെങ്കില്‍ രണ്ട് ബ്രിട്ടീഷുകാരെ താങ്കള്‍ അടക്കി ഭരിച്ചില്ലേ? തൊലിയുടെയും പ്രതാപത്തിന്റെയും മേല്‍വിലാസത്തിന് മേല്‍ പല തലമുറകളുടെ കണ്ണീരുപ്പ് പുരണ്ട താങ്കളുടെ ധാര്‍ഷ്ട്യം ഞാന്‍ ഓര്‍ത്തുവെക്കും, ഇത്തരം സ്വയം ലജ്ജ തോന്നുന്ന കാലങ്ങളിലേക്കുള്ള, കാലം ചെന്ന വീഞ്ഞിനെ പോലെ.

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

21 വര്‍ഷം പിന്തുടര്‍ന്ന ശേഷം എന്‍. എസ് മാധവനെ കണ്ടു മുട്ടിയ എനിക്ക് മുമ്പില്‍ മാധവന്‍ അഭിമുഖത്തിന്റെ വാതില്‍ തുറന്നു.ഹിഗ്വിറ്റയിലെ ജബ്ബാറിനെ മുസ്ലിമാക്കിയതിലെ ദുരൂഹത ചൂണ്ടിക്കാട്ടിയപ്പോള്‍ ‘മുംബൈ’യും ‘നിലവിളി’യും എഴുതിയ അതേ സ്ഥൈര്യത്തോടെ ജബ്ബാറിനെ ബ്രാഹ്മണനാക്കാന്‍ ഭൂമിശാസ്ത്രപരമായ സാഹചര്യമില്ലായിരുന്നു എന്ന് തീര്‍ത്തു പറഞ്ഞു. തന്റെ ബഷീര്‍ വിമര്‍ശനത്തില്‍ ഉറച്ചുനിന്ന് താന്‍ ബഷീര്‍ സാഹിത്യത്തോട് ചെയത് വലിയ സേവനമാണതെന്ന് ഊന്നി. വായനക്കാരായ ആരാധകരെ കാണണമെങ്കില്‍ ബീഹാറില്‍ ചെല്ലണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെറുതായി. എത്തരം സിനിമകള്‍ കാണുന്നു എന്ന ചോദ്യത്തിന് ‘ദില്ലി ബെല്ലി’ പോലുള്ള ഹിന്ദി സിനിമകള്‍ എന്ന് പറഞ്ഞ് എന്നെ അമ്പരപ്പിച്ചു. ബുദ്ധിജീവി എന്ന സാമാന്യ യുക്തിയുമായി എന്‍. എസ് മാധവനെ ബന്ധിപ്പിക്കാനായില്ല. ഒറ്റ ഇരിപ്പില്‍ 21 വര്‍ഷം ഞാനീ മനുഷ്യന്റെ കഥപറച്ചിലിനെ പിന്തുടര്‍ന്നത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് മറുപടി കിട്ടി-ഇന്ന് സംപ്രേഷണം ചെയ്യുന്ന എന്‍.എസ് മാധവന്റെ അഭിമുഖ പശ്ചാത്തലത്തില്‍ ഷാജഹാന്റെ കുറിപ്പ്. ചിത്രങ്ങള്‍: എം.എ ഷാനവാസ്

 

 

‘പെനാല്‍റ്റി കിക്ക് കാത്ത് നില്ക്കുന്ന ഗോളിയുടെ ഏകാന്തത’ എന്ന നോവല്‍ ഞാന്‍ വായിച്ചിിട്ടില്ല .1990ലെ തണുപ്പ് കാലത്ത് ഹിഗ്വിറ്റ എന്ന കഥ വായിക്കും വരെ അത്തരമൊരു ഏകാന്തതയെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേ ഇല്ലായിരുന്നു. ലാറ്റിനമേരിക്കന്‍ ചൂരുള്ള ചുഴിനോട്ടവുമായി മൈതാനത്തിന് നെടുകെയും കുറുകെയും നടന്ന് എതിര്‍ടീമിലെ ഫോര്‍വേഡുമായി കൊച്ചുവര്‍ത്തമാനം പറഞ്ഞ ഹിഗ്വിറ്റ എന്ന കൊളംബിയന്‍ ഗോളിയുടെ കുസൃതിയേക്കാള്‍ എന്നെ അമ്പരപ്പിച്ചത് അതേ വരെ വായിച്ച കഥകളെയൊക്കെ പാടെ മറവിയിലേക്ക് തള്ളിവിടാന്‍ മാത്രം കൌശലമുള്ള കഥാകൃത്താണ്. ആ ഒറ്റക്കഥയാണ് പിന്നീടെന്റെ വായനയുടെ ദിശ നിയന്ത്രിച്ചത്. വാക്കുകളെ ധ്യാനിച്ചും വാല്‍സല്യം കാണിച്ചും ചെത്തിമിനുക്കിയും നേര്‍രേഖയുടെ അലോസരമില്ലാതെ കഥ പറഞ്ഞും എന്‍ എസ് മാധവന്‍ പല കുറി വീണ്ടുമെന്നെ അമ്പരപ്പിച്ചു. കപ്പിത്താന്റെ മകള്‍ മാളവിക എന്നെ പ്രലോഭിപ്പിച്ചു.കെ കെ ചുല്യാറ്റും അസീസും എന്നെ രോഷം കൊള്ളിച്ചു. ഗോവിന്ദന്‍ കുട്ടിയുടെ സ്പേസ് യാത്രയും അത് കഴിഞ്ഞുള്ള സിറിലിക് ലിപികളിലെ ഭ്രമണവും എന്റെ ഹൃദയം ഇടത്തോട്ട് ചെരിച്ചു. ആരാധനയുടെ ഇടങ്ങളില്‍ നിന്ന് താരങ്ങളിറങ്ങിപ്പോയി. ഹിഗ്വിറ്റ എന്ന ചെറുകഥാസമാഹാരാത്തിന്റെ പിന്‍കവറില്‍ നിന്ന് കൌബോയ് മീശയുമായി ഇറങ്ങി വന്ന് എന്‍.എസ് മാധവന്‍ അവിടെയിരുന്നു.

ഷാജഹാന്‍

കാമ്പസിലെ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കിടയില്‍ ഞാന്‍ നെരൂദയ്ക്കും ഇ. എം. എസിനും പകരം എന്‍. എസ് മാധവനെ ഉദ്ധരിച്ചു. തര്‍ക്ക മന്ദിരം എന്നത് വെട്ടി ബാബ് രി മസ്ജിദ് എന്നെഴുതിയ ചുല്യാറ്റിന്റെ മതേതരത്വം. വന്മരം വീണപ്പോള്‍ മുറിക്കേണ്ടി വന്ന ജഗ്ഗിയുടെ മുടി എന്നിങ്ങനെ വെടിയുപ്പ് പുരണ്ട പ്രതികരണങ്ങള്‍. കേട്ടിരുന്നവര്‍, പിന്നെ പിന്നെ അതാ വരുന്നു മാധവന്റെ ആരാധകന്‍ എന്ന് ചുണ്ടി.എം എ ക്ലാസില് പഠ്ക്കുമ്പോള്‍ ഞാന്‍ പിച്ച വെക്കുന്ന കാലത്തില്‍ എഴുതപ്പെട്ട ജിബ്രാള്‍ട്ടര്‍ കഥ നാടകമാക്കി.നാടകസംവിധാനത്തില്‍ മുന്‍്പരിചയമില്ലാത്ത ഞാന്‍ നാടകം ചെയ്യാമെന്ന് ആര്‍ട്സ് ഫെസ്റിന്റെ ചുമതലയുള്ള അബ്ബാസ് സാറിനോട് ഏറ്റത് മാധവനോടുള്ള ആരാധന ഒന്നു കൊണ്ട് മാത്രം. പരാജയപ്പെട്ട നാടകം സോണല്‍ ഫെസ്റിവലില്‍ അരങ്ങേറിയപ്പോള്‍ ഒന്നാം കാണി പറഞ്ഞു, നാടകം ഇപ്പോഴും കഥ തന്നെ..ഹഹ..ഇപ്പോഴും എപ്പോഴും. മലയാളത്തിലെ ഒരു വാരിക സ്വത്വ രാഷ്ട്രീയത്തിന്റെ ഭ്രംശക്കണ്ണാടി വെച്ച് മാധവനെ ക്രൂശിച്ചപ്പോള്‍ അതെന്ത് വായന എന്ന് പരസ്യമായി പരിഹസിച്ച് ഞാന്‍ നിരക്ഷരനായി.ആ ചര്‍ച്ചയുടെ ലാവണം മൌലികമായ ഇടമായിരുന്നില്ലെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്യം എനിക്കുണ്ട്.

അങ്ങിനെയിരിക്കേ, ക്ഷുഭിതയൌവനമെന്ന് ഞാന്‍ കരുതിക്കൊണ്ടിരുന്ന മാധവന്‍ ഓരോ വാര്‍ഷികപ്പതിപ്പുകളിറങ്ങുമ്പോഴും പ്രായം കൂടിക്കൊണ്ടേയിരുന്നു. പിന്നെ ആ കൌബോയ് മീശ പോലുമില്ലാതെ കീന് ഷേവ് മാധവനായി. തൃശൂരിലെ ബാറില്‍വെച്ച് മാധവനെ കണ്ട് എന്റെ സഹപ്രവര്‍ത്തകന്‍ എന്‍.എസ് മാധവനല്ലേ എന്ന് ചോദിച്ചതോടെ മിണ്ടാതെ പോയത്രേ..(അത് മാധവനും മല്ലനുമല്ലായിരുന്നു.) ഇങ്ങിനെ അമൂര്‍ത്തിയായ മാധവന്‍ പല തലത്തില്‍ എന്നെ വട്ടം കറക്കി.

എന്‍.എസ് മാധവന്റെ പ്രിയ കളിയായ കാല്‍പന്തില്‍ ഗോളടിക്കാരന്റെ യൌവനവും ഫോമും അതാത് കാലത്തേക്ക് പരിമിതപ്പെട്ടതിനാല്‍ ഞാനദ്ദേഹത്തെ അദ്ദേഹത്തിന് അത്ര പഥ്യമല്ലാത്ത ക്രിക്കറ്റിലെ ചില നായകര്‍ നടത്തുന്ന തിരിച്ചുവരവുകളോടാണ് താരതമ്യപ്പെടുത്തുന്നത്. ഹുമയൂണിന്റെ ശവകുടിരം പോലുള്ള കഥകള്‍ക്ക് ശേഷം ‘ശേഷം’ എഴുതാന്‍ തീയുള്ള മാധവന്‍ പിന്നെ കഥയെ പിന്തുടരാതെ നോവലെന്ന ടെസ്റ് മല്‍സരം കളിക്കാനിറങ്ങുന്നു^ബ്രയാന്‍ ലാറയെ ഓര്‍മ്മിപ്പിക്കുന്ന ശില്‍പചാതുരിയുള്ള കഥ പറച്ചിലിന് ശേഷം ഗൃഹാതുരത്വം പ്രകടിപ്പിക്കാതെ രണ്ടാം ഇന്നിംഗ്സില്‍ ക്ഷുരകന്‍ പോലൊരു കഥ. അത് കഴിഞ്ഞ് വാം അപ് വേളയില്‍ വുവുസേല ഊതി ദക്ഷിണാഫ്രിക്കയിലെ നാടന്‍ പബ്ബില്‍ പോയി ഒരു ഫുട്ബോള്‍ കഥനം. എഴുത്തിന്റെ വഴി നിജപ്പെടുത്തിയിട്ടിലാത്ത ഒരു ജീനിയസിന് എഴുത്ത് അവനവനിടം തന്നെയാണ് . എന്നെ പോലുള്ളവര്‍ ഭൂഖണ്ഡങ്ങളുടെ ഭേദമില്ലാതെ അത് പിന്തുടരുന്നു.

 

 

 

ഇങ്ങിനെ 21 വര്‍ഷം പിന്തുടര്‍ന്ന ശേഷം എന്‍. എസ് മാധവനെ കണ്ടു മുട്ടിയ എനിക്ക് മുമ്പില്‍ മാധവന്‍ അഭിമുഖത്തിന്റെ വാതില്‍ തുറന്നു.ഹിഗ്വിറ്റയിലെ ജബ്ബാറിനെ മുസ്ലിമാക്കിയതിലെ ദുരൂഹത ചൂണ്ടിക്കാട്ടിയപ്പോള്‍ ‘മുംബൈ’യും ‘നിലവിളി’യും എഴുതിയ അതേ സ്ഥൈര്യത്തോടെ ജബ്ബാറിനെ ബ്രാഹ്മണനാക്കാന്‍ ഭൂമിശാസ്ത്രപരമായ സാഹചര്യമില്ലായിരുന്നു എന്ന് തീര്‍ത്തു പറഞ്ഞു. തന്റെ ബഷീര്‍ വിമര്‍ശനത്തില്‍ ഉറച്ചുനിന്ന് താന്‍ ബഷീര്‍ സാഹിത്യത്തോട് ചെയത് വലിയ സേവനമാണതെന്ന് ഊന്നി. വായനക്കാരായ ആരാധകരെ കാണണമെങ്കില് ബീഹാറില്‍ ചെല്ലണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെറുതായി.
എത്തരം സിനിമകള് കാണുന്നു എന്ന ചോദ്യത്തിന് ‘ദില്ലി ബെല്ലി’ പോലുള്ള ഹിന്ദി സിനിമകള്‍ എന്ന് പറഞ്ഞ് എന്നെ അമ്പരപ്പിച്ചു. ബുദ്ധിജീവി എന്ന സാമാന്യ യുക്തിയുമായി എന്‍. എസ് മാധവനെ ബന്ധിപ്പിക്കാനായില്ല. ഒറ്റ ഇരിപ്പില്‍ 21 വര്‍ഷം ഞാനീ മനുഷ്യന്റെ കഥപറച്ചിലിനെ പിന്തുടര്‍ന്നത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് മറുപടി കിട്ടി.ഞാന്‍ കൊടുത്ത എന്റെ ഹിന്ദി ചലച്ചിത്ര പഠന പുസ്തകത്തിന് മൂന്നാം പക്കം എസ്എംഎസിലൂടെ അഭിനന്ദനമറിയിച്ചു .

കപ്പിത്താന്റെ മകളിലെ മാളവിക അടച്ചിട്ട മുറി തുറപ്പിക്കാന്‍ വന്നവന് യേശുവാണെന്ന് നടിക്കുമ്പോള്‍ മറുപടി പറഞ്ഞതോര്‍മ്മയില്ലേ?
വെള്ളം വീഞ്ഞാക്കിയവനെ? നിനക്ക് ഒരു വാതില് തുറക്കാനാണോ ഇത്രയും ബുദ്ധിമുട്ട്?

കഥ പറച്ചില്‍ ഒരു ജനിതക രീതിയാണ്.മുത്തശãിക്കഥക്കാലം മുതല്‍ നാം കൊണ്ട് നടക്കുന്ന ആ രസച്ചരട് പല ക്രോമോസോമുകളുടെ പകര്‍ന്നാട്ടം കൊണ്ട് കാലത്തെ അതിജീവിക്കുന്നു.എന്‍. എസ് മാധവന്റെ എഴുത്തിന്റെ ആരാധകന്‍ എന്ന നിലയിലുള്ള എന്്റെ ജീവിതത്തില്‍ അത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

 

Part 1

Part 2

 

NEW YEAR WITH MASTERS

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

മുറകാമി: എഴുതുമ്പോള്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

(ലക് നൌ) പയ്യന്‍സ് കഥകള്‍

വിനോദ് മേത്ത: (ലക് നൌ) പയ്യന്‍ കഥകള്‍

ഇന്ത്യന്‍ പൊതുജീവിതത്തില്‍ വിനോദ് മേത്തയെ പ്രസക്തനാക്കുന്നത് അദ്ദേഹത്തിന്റെ ധൈര്യവും സത്യസന്ധതയും പുലര്‍ത്തുന്ന നിലപാടുകളാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും ഒരു വേള ദേശീയ ഭരണം നേടുകയും ചെയ്ത സമയത്ത് ദേശീയ മാധ്യമങ്ങളില്‍ പലതിന്റെയും മതനിരപേക്ഷ നിലപാടുകള്‍ക്ക് വെള്ളം ചേര്‍ന്നപ്പോള്‍, സംഘപരിവാറിന്റെ ആക്രമണങ്ങളേറ്റു വാങ്ങിക്കൊണ്ടുതന്നെ മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ച പത്രാധിപനാണ് വിനോദ് മേത്ത. ചാര്‍ത്തിക്കിട്ടിയ ‘കപട മതനിരപേക്ഷ വാദി’ എന്ന വിശേഷണം അലങ്കാരമായി തോളിലണിഞ്ഞുകൊണ്ടുതന്നെ വര്‍ഗീയ -വരേണ്യ രാഷ്ട്രീയ ധാരകളെ അദ്ദേഹം ശക്തമായി നേരിട്ടു- ആത്മകഥയുടെ പശ്ചാത്തലത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും ഔട്ട്ലുക്ക് എഡിറ്ററുമായ വിനോദ് മേത്തയുടെ ജീവിതത്തിലൂടെ ഒരു യാത്ര. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനായ മാത്തന്‍ പുല്‍പ്പള്ളി എഴുതുന്നു

 

 

‘നിങ്ങള്‍ ചന്ത സ്ഥലങ്ങളില്‍ അഭിവാദ്യങ്ങളും വിവാഹ വിരുന്നുകളില്‍ ഉയര്‍ന്ന ഇരിപ്പിടവും പ്രതീക്ഷിക്കുന്നു’-എന്ന് ക്രിസ്തു പരീശന്‍മാരെക്കുറിച്ച് പറഞ്ഞത് പത്രപ്രവര്‍ത്തകരെക്കുറിച്ചും പറയാമെന്ന് തോന്നുന്നു. ഉന്നതസ്ഥാനീയരോടുള്ള സാമീപ്യത്തിലും അവരുടെ മധുരവചനങ്ങളിലും രോമാഞ്ച പുളകിതരായി കര്‍മസാഫല്യം അനുഭവിക്കുന്നവരാണ് ഈ തൊഴിലില്‍ ഏറെ.
‘ശ്രീമാന്‍ എഡിറ്റര്‍, നിങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് എത്ര അടുപ്പമുണ്ട്’എന്നായിരുന്നു’ ‘ഔട്ട്ലുക്ക്’ എഡിറ്റര്‍ വിനോദ് മേത്തയുടെ ലേഖന സമാഹാരത്തിന്റെ പേര്. ‘ഒരു പക്കാ പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് പ്രധാനമന്ത്രിയോടുള്ള തന്റെ അടുപ്പം അത്ര പ്രധാനപ്പെട്ട സംഗതിയല്ല. പക്ഷേ, യാഥാര്‍ഥ്യത്തോടുള്ള തന്റെ അടുപ്പം പ്രധാനമാണ് താനും’-എന്ന് വിനോദ് മേത്ത അടുത്തിടെ പുറത്തിറങ്ങിയ ‘ലക്നോ ബോയ്’ എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.
ദേശീയ പത്രപ്രവര്‍ത്തനത്തിലേക്കും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കും സാമൂഹ്യ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന ‘Lucknow Boy’ ഇതിനകം ജനപ്രിയമായിക്കഴിഞ്ഞു.
ചുരുങ്ങിയ പക്ഷം ‘ഔട്ട്ലുക്കി’ന്റെ അവസാന പേജിലെ ‘ദല്‍ഹി ഡയറി’ കോളത്തിന്റെ ആരാധകരും വലിയൊരുപക്ഷം പത്രപ്രവര്‍ത്തകരും പെന്‍ഗ്വിന്‍ പുറത്തിറക്കിയ 380 പേജുള്ള പുസ്തകം ഇതിനകം ഒരാവര്‍ത്തി വായിച്ചുകഴിഞ്ഞു.
നര്‍മ്മം കലര്‍ന്നതും നിശിതവുമായ ഭാഷാ പ്രയോഗം, ഉദ്ധരണികള്‍, അതിലേറെ മേത്തയുടെ സംഭവബഹുലമായ പത്രപ്രവര്‍ത്തനത്തിലെ ത്രസിപ്പിക്കുന്ന സംഘര്‍ഷങ്ങള്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉള്‍നാടകങ്ങള്‍, ഇവയൊക്കെ നാല് പതിറ്റാണ്ട് എഡിറ്ററായിരുന്ന ഈ പത്രപ്രവര്‍ത്തകന്റെ ആത്മകഥയെ സമ്പന്നമാക്കുന്നുണ്ട്.
പക്ഷേ, ആത്മകഥയുടെ പരസ്യ കൂമ്പസാരത്തില്‍ മേത്ത പങ്കുവെക്കുന്ന ഗോസിപ്പുകളും അദ്ദേഹത്തിന്റെ ആസ്വാദ്യകരമായ ഭാഷയും മാത്രമാണോ ‘ലക്നോ ബോയിയെയും ഈ ആത്മകഥാകാരനെയും പ്രസക്തമാക്കുന്നത്?
തുറന്നുപറയട്ടെ, ഏതാണ്ട് ബിരുദകാലം തൊട്ട് മേത്തയുടെ പത്രപ്രവര്‍ത്തനത്തെയും നിലപാടുകളെയു മനസ്സ്കൊണ്ട് ആവേശകരമായി പിന്തുണക്കുന്നയാളെന്ന നിലയില്‍ ഈ പുസ്തക നിരൂപണ ശ്രമത്തില്‍ ദയവായി നിഷ്പക്ഷത പ്രതീക്ഷിക്കരുത്. മേത്ത നിരാശപ്പെടുത്തിയില്ല. എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ പൊതുജീവിതത്തിലെ തീവ്രപ്രസക്തമായ വാര്‍ത്തകളും വിശേഷങ്ങളും നര്‍മ്മങ്ങളും സംഘര്‍ഷങ്ങളും തീക്ഷ്ണതയോടെ പുറത്തെത്തിക്കുന്ന വാര്‍ത്താ വാരികയെന്ന നിലയില്‍ ‘ഔട്ട്ലുക്കി’നുള്ള ഓജസ്സും നിലവാരവും അതിന്റെ എഡിറ്ററുടെ അനുഭവ പുസ്തകത്തിനുമുണ്ട്.

‘കപട മതനിരപേക്ഷ വാദി’

മാത്തന്‍ പുല്‍പ്പള്ളി

ഇന്ത്യന്‍ പൊതുജീവിതത്തില്‍ വിനോദ് മേത്തയെ പ്രസക്തനാക്കുന്നത് അദ്ദേഹത്തിന്റെ ധൈര്യവും സത്യസന്ധതയും പുലര്‍ത്തുന്ന നിലപാടുകളാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും ഒരു വേള ദേശീയ ഭരണം നേടുകയും ചെയ്ത സമയത്ത് ദേശീയ മാധ്യമങ്ങളില്‍ പലതിന്റെയും മതനിരപേക്ഷ നിലപാടുകള്‍ക്ക് വെള്ളം ചേര്‍ന്നപ്പോള്‍, സംഘപരിവാറിന്റെ ആക്രമണങ്ങളേറ്റു വാങ്ങിക്കൊണ്ടുതന്നെ മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ച പത്രാധിപനാണ് വിനോദ് മേത്ത.
തനിക്ക് ചാര്‍ത്തിക്കിട്ടിയ ‘കപട മതനിരപേക്ഷ വാദി’ എന്ന വിശേഷണം അലങ്കാരമായി തോളിലണിഞ്ഞുകൊണ്ടുതന്നെ വര്‍ഗീയ ^വരേണ്യ രാഷ്ട്രീയ ധാരകളെ അദ്ദേഹം ശക്തമായി നേരിട്ടു. വിശാലാര്‍ഥത്തില്‍ ബി.ജെ.പി വിരുദ്ധവും കോണ്‍ഗ്രസ് നിലപാടുകളോട് അടുപ്പം പുലര്‍ത്തുന്നതുമാണ് മേത്തയുടെ രാഷ്ട്രീയം. പത്രപ്രവര്‍ത്തനത്തിലെ ഈ പറയപ്പെടുന്ന ‘നിഷ്പക്ഷതയെക്കുറിച്ച് ‘ മേത്തയുടെ അഭിപ്രായം ‘അക്ഷന്തവ്യവും അസഹനീയവുമായ സംഭവങ്ങളെ സമീപിക്കുമ്പോള്‍ നിഷ്പക്ഷതയും നിയന്ത്രണവും ആവശ്യമില്ല’ എന്നാണ്.
‘പത്രപ്രവര്‍ത്തകന്റ നിഷ്പക്ഷത പടച്ചുകെട്ടിയ മിത്താണ്. ശക്തമായ കാഴ്ചപ്പാടില്ലാത്ത ഒരു റിപ്പോര്‍ട്ടറെയും എഡിറ്ററെയും ഞാനിതുവരെ കണ്ടിട്ടില്ല. സത്യത്തില്‍ കുപ്രസിദ്ധമായ വിധത്തില്‍ അഭിപ്രായവല്‍കരിക്കപ്പെട്ടവരാണ് ഫോര്‍ത്ത് എസ്റ്റേറ്റ്. അടിസ്ഥാന മാര്‍ഗരേഖയോട് വിധേയത്വം വേണം. പക്ഷേ, നിങ്ങള്‍ ഹിജഡയാവരുത്’
തന്റെ രാഷ്ട്രീയ നിലപാട് ഇതായിരിക്കെത്തന്നെ അവ വാര്‍ത്തയെ സ്വാധീനിക്കാതിരിക്കാന്‍ മേത്ത ശ്രദ്ധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് ബിസിനസ് ദല്ലാളുകളുടെ ഉല്‍സവ പറമ്പായി മാറിയതിനെക്കുറിച്ച് എഴുതിയതിനേക്കാള്‍ ഉല്‍സാഹത്തോടെയാണ് ‘ഔട്ട്ലുക്ക്’ യു.പി.എ സര്‍ക്കാറിനെ പിടിച്ചുകുലുക്കിയ റാഡിയ ടേപ്പുകള്‍ പുറത്തുവിട്ടത്.
ഗുജറാത്ത് കൂട്ടക്കുരുതിക്കു തൊട്ടുമുമ്പ് നരേന്ദ്രമോഡി നല്‍കിയ, കലാപകാരികളെ നിയന്ത്രിക്കരുതെന്ന നിര്‍ദേശം പുറത്തുവിടാന്‍ യാതൊരു ‘ നിഷ്പക്ഷതയും’ ഔട്ട്ലുക്കിന് പ്രശ്നമായില്ല. അതേസമയം ബസുമതി കയറ്റുമതിയിലെ കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്ത വാണിജ്യമന്ത്രി കമല്‍നാഥിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ വ്യക്തി സൌെഹൃദങ്ങള്‍ക്ക് വാര്‍ത്തയെ സ്വാധീനിക്കാന്‍ മേത്ത അനുവദിച്ചില്ല.

വിശാല ലെഫ്റ്റ് ലിബറല്‍
ഇന്ത്യന്‍ ദേശീയ സംവാദത്തില്‍ വിശാല ലെഫ്റ്റ് ലിബറല്‍ പക്ഷത്ത് അപ്രിയകരമായ വാദഗതികളുമായി നിലയുറപ്പിച്ചിരിക്കുകയാണ് മേത്ത. ‘എനിക്ക് ആശയ കടുംപിടിത്തങ്ങളില്ല. പക്ഷേ ചില കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഞാനൊരുക്കമല്ല. വര്‍ഗീയത, അക്രമണോല്‍സുക ദേശീയത, അനിയന്ത്രിത മുതലാളിത്തം എന്നിവയാണവ’.

ഉന്നത വിദ്യാഭ്യാസത്തിലെ സംവരണ ചര്‍ച്ചയില്‍ നഗരമധ്യവര്‍ഗം ഉയര്‍ത്തിപ്പിടിച്ച ‘ജാതിരഹിത വാദം’ മേല്‍ക്കെ നേടിയപ്പോള്‍ അമേരിക്കയിലെ ഐ.വി ലീഗ് സര്‍വകലാശാലകളടക്കം വിദ്യാര്‍ഥി സമൂഹത്തിന് വൈവിധ്യാത്മകതയും സാര്‍വ പ്രാതിനിധ്യവും ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ‘ഗുണാത്മക’ നടപടികളാണ് ‘ഔട്ട്ലുക്ക്’ റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം വായനാ സമൂഹത്തിലെ വലിയൊരു പക്ഷം നഗര വരേണ്യരായിരിക്കെത്തന്നെ അവരുടെ സംവരണ അസഹിഷ്ണുത്വത്തെ നവീന ചിന്താഗതികള്‍ കൊണ്ട് നേരിടുകയാണ് ‘ഔട്ട്ലുക്ക്’ ചെയ്തത്.

മുഖ്യധാരാ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഔട്ട്ലുക്ക് ദണ്ഡേവാഡയിലെ നക്സല്‍ കേന്ദ്രങ്ങളിലെ ആദിവാസി ജീവിതങ്ങളെ അരുന്ധതി റോയിയിലൂടെ പുറത്തെത്തിച്ചത്. നക്സല്‍ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന 21,000 വാക്കുകളുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് മേത്തയുടെ നിലപാട് ‘ഇന്ത്യയിലെ പത്തുകോടി ആദിവാസികള്‍ 1,50,000 നക്സല്‍ പ്രവര്‍ത്തകരുടെ ഭീഷണിക്ക് വഴങ്ങിയാണ് ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നതെന്ന വാദഗതി അസംബന്ധമാണ്.

 

 

ഗുജറാത്തും മോഡിയും
‘നരേന്ദ്ര മോഡിയും ഔട്ട്ലുക്കും സുഹൃത്തുക്കളല്ലാത്തതില്‍ അതിശയമില്ല-മേത്ത തന്നെ പറയുന്നു. കൂട്ടക്കുരുതിക്ക് ശേഷമുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ ഔട്ട്ലുക്ക് പരസ്യമായി രംഗത്തുവന്നു. ‘ പൊതുവെ വസ്തുതകള്‍ നിരത്തിവെക്കുക. പിന്നെ വായനക്കാരെ അവരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുക. അതാണ് എന്റെ ശൈെലി. പക്ഷേ, മോഡിയുടെ കാര്യത്തില്‍ അതിലൊരു മാറ്റം വരുത്തി. ഗുജറാത്ത്: ഒരഭ്യര്‍ഥന (Gujarat: an appeal) എന്ന തലക്കെട്ടില്‍ മേത്ത സങ്കല്‍പ്പത്തിലെ മിസ്റര്‍ ആന്റ് മിസിസ് പട്ടേലിന് ഒരു കത്തെഴുതി.
‘യഥാര്‍ഥത്തില്‍ നിങ്ങള്‍, മിസ്റര്‍ ആന്റ് മിസിസ് ഖാനില്‍നിന്ന് ഒട്ടും വ്യത്യസ്തരല്ല. നിങ്ങള്‍ക്കും സഹപൌരന്‍മാര്‍ക്കും സമാധാനത്തോടെ ജീവിക്കാവുന്ന സാഹചര്യമാണ് ഏറ്റവും പ്രധാനം. ‘
ഇപ്പോള്‍ മോഡി കൊടുത്ത മൂന്ന് മാനനഷ്ടക്കേസുകള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് ഔട്ട്ലുക്ക് . 2009ല്‍ യു. പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ മേത്ത എഴുതി-’ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള അതിന്റെ പ്രതിബദ്ധത ഒരിക്കല്‍കൂടി ഉറപ്പിച്ചിരിക്കുന്നു. നമ്മുടെ അയല്‍ രാജ്യങ്ങള്‍ മത-വംശീയ-തീവ്രവാദങ്ങള്‍ക്ക് കീഴ്പ്പെടുന്ന ഇക്കാലത്ത് നമ്മള്‍ അവയെ ശക്തമായി പുറന്തള്ളിയിരിക്കുന്നു’.

വര്‍ഗീയതയെയും ജാതീയതയെയും പ്രദേശികതയെയും നിരാകരിച്ച കാല്‍പ്പനികവും അയഥാര്‍ഥവുമായ കാലഘട്ടം എന്നാണ് ലക്നൌവിലെ തന്റെ ചെറുപ്പകാലത്തെക്കുറിച്ച് മേത്ത എഴുതുന്നത്. ‘ ബൌദ്ധികവും താത്വികവുമായ തലത്തില്‍നിന്ന് എന്റെ പരിഷ്കൃതരായ സുഹൃത്തുക്കള്‍ ചര്‍ച്ചചെയ്യുന്ന ഈ മതനിരപേക്ഷത ഞാന്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്ത യാഥാര്‍ഥ്യമാണെന്നാണ് മേത്ത ലക്നൌവിലെ സ്വാതന്ത്യ്രാനന്തര പൊതുജീവിതത്തെക്കുറിച്ച് എഴുതുന്നത്. ‘മതനിരപേക്ഷതയിലുള്ള എന്റെ വിശ്വാസത്തിന് യാതൊരു ഉത്തരാധുനിക വ്യതിയാനങ്ങള്‍ക്കും വിധേയമാകേണ്ടി വന്നില്ല. അതിനുകാരണം എന്റെ ലക്നൌ അനുഭവമാണ്’.

മാധ്യമ ജീര്‍ണതക്കെതിരെ
ഇനി, മേത്തയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം പത്ര ലോകത്തെ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ദാക്ഷിണ്യമില്ലാത്ത വിധം മാധ്യമ ജീര്‍ണതകളെ തുറന്നുകാട്ടുന്നതാവണം. ‘മദ്യത്തേക്കാള്‍ അമിത ആത്മ പ്രാധാന്യമാണ് പല ജേര്‍ണലിസ്റുകളെയും നശിപ്പിച്ചത്’ എന്ന വാള്‍ട്ടര്‍ ലിപ്മാന്റെ നിരീക്ഷണം മേത്ത ആവര്‍ത്തിക്കുന്നുണ്ട്.
പതിനഞ്ചു വര്‍ഷം പിന്നിട്ട ഔട്ട്ലുക്ക് മാഗസിനും അതിന്റെ എഡിറ്റര്‍ഷിപ്പും വിനോദ് മേത്തയുടെ തൊഴില്‍ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്സാണ്. അതുവരെ കുറച്ചധികം തകര്‍പ്പന്‍ ഷോട്ട് കളിച്ച് എളുപ്പത്തില്‍ ഔട്ടാവുന്ന ശൈലിയായിരുന്നു മേത്തയുടേത്. പ്രസാധകന്റെ വ്യവസായ, രാഷ്ട്രീയ താല്‍പ്പര്യങ്ങളെ അപകടപ്പെടുത്തിയതിന്റെ പേരില്‍ അല്‍പ്പായുസ്സായിരുന്നു പലപ്പോഴുംഅദ്ദേഹത്തിന്റെ പത്രാധിപത്യത്തിന്. ‘The most sacked editor’^ഏറ്റവുമേറെ പുറത്താക്കപ്പെട്ട എഡിറ്റര്‍^ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വി.എം തന്നെയാവും ഇന്ത്യയില്‍ ഏറ്റവും പ്രസിദ്ധീകരണങ്ങള്‍ സ്ഥാപിച്ചതും.
തുടക്കത്തിലേ താളം തെറ്റിയ ‘ഡെബണയര്‍’ പ്ലേബോയ് മാഗസിന്റെ എഡിറ്റര്‍ഷിപ്പ് ഏറ്റെടുത്തുകൊണ്ട് തുടക്കം. പിന്നെ, സണ്‍ഡേ ഒബ്സര്‍വര്‍, ഇന്ത്യന്‍ പോസ്റ്,ഇന്‍ഡിപ്പെന്‍ഡന്റ്, പയനിയര്‍ (ഡല്‍ഹി എഡിഷന്‍), ഔട്ട്ലുക്ക് എന്നിവയുടെ സ്ഥാപക എഡിറ്റര്‍. കിടയറ്റ പ്രസിദ്ധീകരണങ്ങളും അവയുടെ നടത്തിപ്പില്‍ നേരിടേണ്ടി വരുന്ന ദുര്‍ഘടങ്ങളും രോമാഞ്ചമുണ്ടാക്കുന്ന വിജയങ്ങളും മേത്തയുടെ പത്രജീവിതത്തെ സംഭവബഹുലമാക്കുന്നു.

 

 

സംഭവ കഥകള്‍
ഇനി, സംഭവവിവരണങ്ങളും പ്രത്യയശാസ്ത്ര വിശദീകരണങ്ങളും ആത്മശകലങ്ങളും മനംമടുപ്പിക്കുന്ന സാധാരണ ആത്മകഥയാണ് ലക്നോ ബോയ് എന്ന് ആരെങ്കിലും വിചാരിച്ചാല്‍ തെറ്റി. രസകരമായ സംഭവ കഥകളുടെ ധാരാളിത്തം കൂടി അതിലുണ്ട്.

അതില്‍നിന്ന് ഏതാനും ചിലത്:
ഒരവസരം പാര്‍ത്തുനടന്ന ആഘോഷപ്രിയരായ വരേണ്യ സ്ത്രീകളില്‍ പലരും യുവതുര്‍ക്കി, പരുക്കന്‍, സുന്ദരനായ ചന്ദ്രശേഖറിനാല്‍ (മുന്‍പ്രധാനമന്ത്രി) ആകര്‍ഷിക്കപ്പെട്ടു പോന്നു. പക്ഷേ, അവരെ അലോസരപ്പെടുത്തിയിരുന്നത് ഒന്നാന്തരം ലൈംഗിക വേഴ്ചക്കുശേഷമുള്ള അങ്ങേരുടെ ഉച്ചത്തിലുള്ള കീഴ് വായുവാണ്.

എഡിറ്റര്‍ എന്ന നിലയില്‍ ധാരാളം തെറിക്കത്തുകള്‍ കിട്ടും വിനോദ് മേത്തക്കും ഔട്ട്ലുക്കിനും. പ്രധാനമായും കപട മതനിരപേക്ഷ വാദിയും സോണിയാ ഗാന്ധിയുടെ ‘ചംച’യുമായ വി.എമ്മിന് നേരിട്ട്. അതില്‍ മൂര്‍ച്ചയേറിയത് നോക്കി പ്രസിദ്ധീകരിക്കുക ഔട്ട്ലുക്കിന്റെ സവിശേഷതയാണ്.
പ്രധാനമന്ത്രിപദം നിരസിച്ച ‘സെയിന്റ് സോണിയ’യെക്കുറിച്ച് ഔട്ട്ലുക്ക് കവര്‍പേജ്. പതിവുപോലെ സ്തുതിപാടലിനെ വിമര്‍ശിച്ചുകൊണ്ടൊരു കത്ത്. ‘ അതീവ ദു:ഖകരം! വളരെ ദൌെര്‍ഭാഗ്യകരം! ഒരു പക്ഷേ, വിനോദ്മേത്ത മണ്ണെണ്ണയൊഴിച്ച് ആത്മാഹുതി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ സോണിയാ ഗാന്ധി മനസ്സുമാറ്റിയേക്കും’ (സന്ദീപ് ചെന്നെ)
തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ തെറ്റിപ്പോവുക ഔട്ട്ലുക്കിന് പതിവായിരുന്നു. 2004ലെ ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവാരുമെന്ന പ്രവചനഫലം തെറ്റിയപ്പോള്‍ ഒരു വായനക്കാരി: ‘ഔട്ട്ലുക്ക് അഭിപ്രായ വോട്ടെടുപ്പ് ബി.ജെ.പിയുടെ വിജയം പ്രവചിച്ചതേ എനിക്കറിയാമായിരുന്നു പ്രതീക്ഷക്ക് വകയുണ്ടെന്ന് (ബിസ്വപ്രിയ ഷില്ലോങ്)

സംക്ഷിപ്തം
ലക്നൌ യൂനിവേഴ്സിറ്റിയില്‍നിന്നുള്ള തേഡ് ക്ലാസ് ബി.എ മാത്രമായിരുന്നു വിനോദിന്റെ കൈമുതല്‍. എണ്ണിച്ചുട്ട അപ്പം പോലെ 1812 രൂപ ( കുടുംബത്തിന് 1962ല്‍ അതൊരു വലിയ തുകയായിരുന്നു)^വിലയുള്ള ലണ്ടനിലേക്കുള്ള വണ്‍വേ ടിക്കറ്റ്, ആകപ്പാടെ നാട്ടിലുണ്ടായിരുന്ന ബര്‍മ ഫഷെല്‍ കമ്പനിയിലെ ജോലി സാധ്യത ഇല്ലാതായതു കൊണ്ടും തുടര്‍ന്ന് പഠിക്കാന്‍ പരിമിതിയുള്ളതുമായിരുന്നു അച്ഛന്‍ ലണ്ടന്‍ പ്രവാസം അനുവദിക്കാന്‍ കാരണം. സി.എഫ്.കെ മക്കിന്‍സി, ബര്‍മ ഷെല്ലിലെ സ്കോട്ലാന്റുകാരന്‍ ഉദ്യാഗസ്ഥന്‍ ഇന്റര്‍വ്യൂവിന് ശേഷം തുറന്നു പറഞ്ഞു^’നോ’.
ഇനി മക്കന്‍സി ‘യെസ്’ എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു എന്റെ ജീവചരിത്രം? വിനോദ് ചോദിക്കുന്നു.

ബാല്യകാല സുഹൃത്ത് ആസാദ് മുഖേന ഇംഗ്ലണ്ടില്‍ കാലുകുത്തിയ വിനോദ് ഫാക്റ്ററി ജോലിയും മുനിസിപ്പല്‍ ജോലിയുമടക്കം എട്ടുവര്‍ഷം ഏതാനും ചെറുജോലികള്‍ ചെയ്താണ് കഴിച്ചുകൂട്ടിയത്. പക്ഷേ, ലോകവും രാഷ്ട്രീയവും തിളച്ചുമറിയുന്ന അറുപതുകളില്‍ തന്റെ അജ്ഞതയുടെ ആഴം വിനോദ് തിരിച്ചറിയുന്നത് ഈ ഇംഗ്ലണ്ട് വാസത്തിലാണ്. അതായിരുന്നു തിരിച്ചറിവും തുടക്കവും. ബി.ബി.സിയും ഗാര്‍ഡിയനും ടൈംസും പോസ്റും ന്യൂ സ്റ്റ്റ്സ്മാനും ലണ്ടനിലെ പബ്ലിക് ലൈബ്രറികളും വിനോദ് മേത്തയെ സാമൂഹ്യ ബോധവും കാഴ്ചപ്പാടും ഉള്ളവനായി ജ്ഞാനസ്നാനം ചെയ്തു. തുടര്‍ന്ന് മുംബൈ കാലം. ഒരു പരസ്യ സ്ഥാപനത്തില്‍ കോപ്പി റൈറ്ററായിരുന്നു. ഇതിനിടെ, മുംബൈയുടെ ഇരുണ്ടതും ചുവന്നതും ബഹുവര്‍ണത്തിലുള്ളതുമായ തെരുവുകളിലൂടെ ലക്ഷ്യമില്ലാത്ത യാത്ര. ഫലം ‘Bombay a Private View’ എന്ന പുസ്തകമായിരുന്നു. ഇതിനിടെ, തുടക്കത്തിലെ പാളിപ്പോയ പ്ലേബോയ് മാസിക ‘ഡെബണയര്‍’ ഉടമസ്ഥര്‍ പൂട്ടാന്‍ തുടങ്ങുമ്പോള്‍ ഒരു കൈ നോക്കാന്‍ തനിക്ക് അവസരം തരണമെന്ന് വിനോദ് ആവശ്യപ്പെടുന്നു. നഗ്നമേനികളോടൊപ്പം പ്രസക്തമായ സാഹിത്യ, സാംസ്കാരിക ചര്‍ച്ചകളും കലാസ്വാദനവുമായി മാഗസിന്‍ പച്ച പിടിക്കുന്നു. ശേഷം സംഭവിച്ചത് ചരിത്രം.

തന്റെ ഇംഗ്ലണ്ട് ജീവിതത്തിലെ യൌെവന സന്തോഷങ്ങളെ മേത്ത ഇങ്ങനെയാണ് പറഞ്ഞവസാനിപ്പിക്കുന്നത്.
‘പെണ്ണുപിടിത്തം സ്റാമ്പ് ശേഖരണം പോലെയാണ്. ഒരു പ്രായം കഴിയുമ്പോള്‍ അവസാനിപ്പിക്കണം. നാല്‍പതുകളില്‍ ഒരു പുരുഷന്‍ സാരിത്തുമ്പിനു പിറകെ പായുന്നുണ്ടെങ്കില്‍ അയാള്‍ക്ക് മനശാസ്ത്ര സഹായം ആവശ്യമാണ്. അങ്ങനെയുള്ള മനുഷ്യന്‍മാരെ എനിക്കറിയാം. അവര്‍ ബോറന്‍മാരും പൊങ്ങന്‍മാരുമായിരിക്കും. ഇങ്ങനെയുള്ള സില്‍വിയോ ബെര്‍ലുസ്കൂണിമാര്‍ കോമാളികളും മനോരോഗികളുമാണ്’.

പയനീറില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം പണിയൊന്നുമില്ലാതിരിക്കെ മേത്തയുടെ ബാങ്ക് ബാലന്‍സ് കാലിയായി കൊണ്ടിരുന്നു. പിന്നെ, അഞ്ചു രൂപ ലാഭിക്കാനായി ടാക്സി സ്റാന്റിലേക്ക് നടക്കുക പതിവായിരുന്നു. (ചെറിയ തുകയെങ്കിലും അത് വലിയ കാര്യമായിരുന്നു). ഈ നടപ്പിനിടെയാണ് ഒരിക്കല്‍ മാന്‍ഹോളില്‍ വീണത്. ‘ആ ഗര്‍ത്തത്തിന്റെ അന്ധകാര ഹൃദത്തിനകത്തുവെച്ച് ഞാന്‍ എന്റെ നിരാശയുടെ ആഴം തൊട്ടറിഞ്ഞു. അഞ്ചു രൂപ ലാഭിക്കാന്‍ ഞാനിതാ മാന്‍ഹോളില്‍ വീണിരിക്കുന്നു. എന്റെ ജീവിതത്തിലെ ഒരുപക്ഷേ, ഏറ്റവും താഴ്ന്ന തലമായിരുന്നിരിക്കണം അത്’.

സ്വന്തം പട്ടിക്ക് എഡിറ്റര്‍ എന്നു പേരിട്ട എഡിറ്റര്‍ക്ക് പത്രപ്രവര്‍ത്തകരോട് പറയാനുള്ളത:
‘നമ്മള്‍ പത്രക്കാര്‍ക്ക് കളി കാണാനുള്ള ഏറ്റവും സൌെകര്യപ്രദമായ സീറ്റ് കിട്ടുന്നു. പക്ഷേ, ജനാധിപത്യ മഹോല്‍സവത്തില്‍ നമ്മള്‍ കാഴ്ചക്കാര്‍ മാത്രമാണ്. കളിക്കാരല്ല. അങ്ങനെ വിചാരിച്ചാല്‍ അത് കുഴപ്പം ക്ഷണിച്ചു വരുത്തും.

അവനവന്റെ പത്രപ്രവര്‍ത്തനത്തെ ലെഫ്റ്റ് ലിബറല്‍ ആയിക്കാണുന്ന വിനോദ് മേത്ത തന്നെയാണ് ഈ കാലഘട്ടത്തില്‍ വിശാല ലിബറല്‍ കാഴ്ചപ്പാടിന്റെ ദേശീയ പതാകവാഹകന്‍.

വാല്‍ കഷണം:

പരിഭാഷയുടെ വെല്ലുവിളികളില്‍ ലേഖകന്‍ ആര്‍ഭാട പൂര്‍വ്വം സ്വാതന്ത്യ്രം എടുത്തിട്ടുണ്ട്. പദാനുപത തര്‍ജമക്ക് പകരം സ്വതന്ത്ര വിവര്‍ത്തനമാണ് നടത്തിയത്. ‘അനുഭവ പുസ്തകം, അഭിപ്രായവല്‍കരിക്കപ്പെട്ടവര്‍, തീവ്രപ്രസക്തമായ തുടങ്ങിയ പദങ്ങള്‍ കൊണ്ട് മലയാളശത്ത വികലമാക്കിയതിന് എല്ലാ ഭാഷാസ്നേഹികളോടും മാപ്പ്
ജോര്‍ജ് ഓര്‍വെലിനെ ഉദ്ധരിച്ച് മേത്ത പത്ര ഭാഷയിലെ യാഥാസ്ഥിതികത്വത്തെ ചര്‍ച്ച ചെയ്യുന്നുണ്ട്. ‘യാഥാസ്ഥിതികത്വം പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് ദുരന്തമായിരിക്കും. യാഥാസ്ഥിതികത്വം ആവശ്യപ്പെടുന്നത് ജീവനില്ലാത്ത അനുകരണ ശൈലിയാണ്’.
‘ വ്യക്തമായ ഭാഷക്ക് വെല്ലുവിളി ആത്മാര്‍ഥതയില്ലായ്മയാണ്. എഴുത്തുകാരന്റെ യഥാര്‍ഥ ലക്ഷ്യവും പ്രഖ്യാപിത ലക്ഷ്യവും തമ്മിലെ വിടവ് നീണ്ട വാചകങ്ങളും മടുപ്പിക്കുന്ന പ്രയോഗങ്ങളും സൃഷ്ടിക്കുന്നു’-വീണ്ടും ഓര്‍വല്‍:)

(ലേഖകന്‍ മുംബൈയില്‍ ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയുടെ നടുക്കിരുന്ന് പത്രപ്രവര്‍ത്തനം നടത്തുന്നു.)

NEW YEAR WITH MASTERS

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

മുറകാമി: രചനാവേളയില്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

(ലക് നൌ) പയ്യന്‍സ് കഥകള്‍

കണ്ണില്‍ വീണ്ടും കോര്‍ട്നി വാല്‍ഷ്

ബൌള്‍ ചെയ്യുമ്പോള്‍ വാല്‍ഷിന് ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള ആകുലതകളുണ്ടായിരുന്നില്ല. ശരീരഭാഷയില്‍ കര്‍ട് ലി അംബ്രോസിന്റെ ശൌര്യമുണ്ടായിരിന്നില്ല.വിക്കറ്റ് നേട്ടത്തിന് ശേഷം അരക്കെട്ട് ത്രസിപ്പിച്ചുള്ള കരീബിയന്‍ ചലനങ്ങളൊന്നും പരിചിതമായിരുന്നില്ല.
ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഓരോ ബോളിനെയും പേടിച്ച വാല്‍ഷ് ഇത് തന്റെ കളിയല്ല എന്ന മട്ടില്‍ ഉദാസീനമായി നിന്നു. റണ്ണര്‍എന്‍ഡ് വാല്‍ഷിനെ എപ്പോഴും പ്രലോഭിപ്പിച്ചു.ബാറ്റ്സ്മാന്‍ സിംഗിള് റണ്ണുകള്‍ക്ക് ശ്രമിക്കുമ്പോള്‍ നാണിച്ച് വിലക്കി. മണിക്കൂറുകളോളം ക്രീസില്‍ നിന്ന ശേഷം റണ്ണൊന്നുമെടുക്കാതെ മടങ്ങുന്ന വാല്‍ഷ് അക്കാലത്തെ ഒരു കാഴ്ചയായിരുന്നു-വീരേന്ദ്ര സെവാഗ് നിറഞ്ഞ ഇന്നലത്തെ ക്രിക്കറ്റ് ഓര്‍മ്മയില്‍ അവിചാരിതമായി കയറിവന്ന കോര്‍ട്നിവാല്‍ഷിനെകുറിച്ച് ഷാജഹാന്‍ എഴുതുന്നു

 

 

അപരിചിതമായ ഒരു നഗരത്തിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി എതിരെ നടന്നുവരുന്ന പരിചയമുള്ള ഒരു മുഖം നിങ്ങളെ എത്രമാത്രം സന്തോഷിപ്പിക്കും?
219 റണ്‍സ് എന്ന അല്‍ഭുതം സമ്മാനിച്ച് ചെറിയ ചിരിയുമായി ക്രീസ് വിട്ട വീരേന്ദ്രസെവാഗിനോട് ‘വൈ ദിസ് കൊലവെറി’ എന്ന് ഇന്ത്യന്‍ പത്രങ്ങള്‍ ചോദിച്ച അതേ ദിവസം എനിക്ക് ഇത്തരമൊരു സന്തോഷമുണ്ടായി.. നിയോ ക്രിക്കറ്റിന്റെ മുംബൈ സ്റുഡിയോവില്‍ കരീബിയന്‍ നാട്ടുഭാഷച്ചുവയുള്ള ഇംഗ്ലീഷ് ചവച്ച് അതാ കോട്നി വാല്‍ഷ്!

സഞ്ജയ് മഞ്ജരേക്കറുടെ തെളിച്ചമില്ലാത്ത നിലപാടുകളെ ഗൌനിക്കാതെ തന്റെ ലളിതമായ യുക്തികള്‍ നിരത്തുന്ന കോട്നി വാല്‍ഷ്. വിരമിച്ച് ഒരു പതിറ്റാണ്ടിനിപ്പുറം ഫാസ്റ് ബൌളിംഗിന്റെ പുത്തന്‍ പടങ്ങള്‍ ഒന്നും അവശേഷിപ്പിക്കാതെ പലകുറി കയറിയിറങ്ങിപ്പോയ, കാഴ്ചയുടെ കൊട്ടകയില്‍ മൃദുലമായി ചിരിച്ച് തിരിഞ്ഞു നടക്കുന്ന കോട്നി വാല്‍ഷ് നെടുകെ വളര്‍ന്ന് നില്‍ക്കുന്നു. മൃദുലമായ ആ ചിരിയില്‍ വാല്‍ഷ് ഒളിപ്പിച്ചുവെച്ചത് എന്തെന്ന് പണക്കൊഴുപ്പ് കൊണ്ട് ദുര്‍മേദസ് അടിഞ്ഞ് കൂടിയ ഇന്ത്യന്‍ ക്രിക്കറ്റിലെ ആരും കണ്ടില്ല.

വിനോദ് മങ്കാദിനെ ഇക്കാലത്ത് ആരും ഓര്‍ത്ത് വെക്കണമെന്നില്ല.പക്ഷെ മങ്കാദുണ്ടാക്കി വെച്ച ഒരു ശീലത്തിന്റെ പേരില്‍ ഞാനടക്കമുള്ള ക്രിക്കറ്റ് കാണികള്‍കോട്നി വാല്‍ഷിനെ എന്നും ഓര്‍ക്കും.
ഓര്‍മ്മയുണ്ടോ 1987 ലെ ആ ലോകകപ്പ് മല്‍സരം…?

കളി വിന്‍ഡീസും പാക്കിസ്ഥാനും തമ്മില്‍. പാകിസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടമായിരിക്കുന്നു,. ജയിക്കാന്‍ വേണ്ടത് ഇരുപതില്‍ താഴെ റണ്‍സ്. ആറടി ആറിഞ്ച് നീളക്കാരനായ കോട്നി വാല്‍ഷ് ബൌള്‍ ചെയ്യാന്‍ ഓടി വരുന്നു. ബോളെറിയും മുമ്പ് റണ്ണര്‍ സലീം ജാഫര്‍ റണ്ണിനായി ഓടിത്തുടങ്ങി.വിനോജ് മങ്കാദ് 1947ല്‍ തന്നെ ഉണ്ടാക്കിയ കീഴ്വഴക്കമനുസരിച്ച് വാല്‍ഷിന് സലിം ജാഫറിനെ പുറത്താക്കാമായിരുന്നു.പകരം ബോളിംഗ് നിര്‍ത്തിയ കോട്നി വാല്‍ഷ് ജാഫറിനെ ക്രീസിലേക്ക് തിരിച്ചുവിളിച്ചു. അവിശ്വസനീയമായി വീണുകിട്ടിയ ഈ ലൈഫിന്റെ ചെലവില്‍ ജാഫറും പങ്കാളിയും കളി ജയിപ്പിച്ചു. ഈ ജയം വെസ്റിന്‍ഡീസിനെ കിട്ടാമായിരുന്ന സെമി ബര്‍ത്ത് നഷ്ടപ്പെടുത്തി .അവര്‍ ലോക കപ്പില്‍ നിന്ന് നിഷ്കാസിതമായി.

സലിം ജാഫറിനെ തിരിച്ച് വിളിച്ച ശേഷം വീണ്ടും ബൌള്‍ ചെയ്യാനായി തിരിച്ചു നടന്ന വാല്‍ഷിന്റെ മുഖത്ത് ഒരു പിരിമുറുക്കവുമില്ലായിരുന്നു.അത് കൊണ്ട് സലിം ജാഫറിനെ ചരിത്രം ഓര്‍ത്തു വെക്കുന്നില്ല.കോട്നി വാല്‍ഷിനെ നാം ഓര്‍ത്തുകൊണ്ടേയിരിക്കുന്നു.

 

 

സുനില്‍ ഗാവസ്കറിന്റെ പതിനായിരം റണ്‍സ് കാണാന്‍ മനസ്സ് കൊണ്ട് ഈഡന്‍ ഗാര്‍ഡനിലേക്ക് ഓടിക്കയറിയ ഞാന്‍ 2000ലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ദേശീയ ബോധത്തിന്റെ കെട്ടു പാടുകളില്ലാതെ കോര്‍ടനി വാല്‍ഷ് കപില്‍ദേവിന്റെ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന റിക്കോര്‍ഡ് തകര്‍ക്കുന്നത് കാണാന്‍ ഉറക്കമിളച്ചിരുന്നു. വലിയ ഒരാഘോഷവുമില്ലാതെ 434 എന്ന കപില്‍ദേവ് കുറിച്ച അക്കം മറികടന്ന് വാല്‍ഷ് ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. ചരിത്രത്തില് രേഖപ്പെടുത്തപ്പെട്ട ആ നിമിഷത്തെക്കുറിച്ചുള്ള ആകുലതകളില്ലാതെ.

ബൌള്‍ ചെയ്യുമ്പോള്‍ വാല്‍ഷിന് ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള ആകുലതകളുണ്ടായിരുന്നില്ല. ശരീരഭാഷയില്‍ കര്‍ട് ലി അംബ്രോസിന്റെ ശൌര്യമുണ്ടായിരിന്നില്ല.വിക്കറ്റ് നേട്ടത്തിന് ശേഷം അരക്കെട്ട് ത്രസിപ്പിച്ചുള്ള കരീബിയന്‍ ചലനങ്ങളൊന്നും വാല്‍ഷിന് പരിചിതമായിരുന്നില്ല.
ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഓരോ ബോളിനെയും പേടിച്ച വാല്‍ഷ് ഇത് തന്റെ കളിയല്ല എന്ന മട്ടില്‍ ഉദാസീനമായി നിന്നു. റണ്ണര്‍എന്‍ഡ് വാല്‍ഷിനെ എപ്പോഴും പ്രലോഭിപ്പിച്ചു.ബാറ്റ്സ്മാന്‍ സിംഗിള് റണ്ണുകള്‍ക്ക് ശ്രമിക്കുമ്പോള്‍ നാണിച്ച് വിലക്കി. മണിക്കൂറുകളോളം ക്രീസില്‍ നിന്ന ശേഷം റണ്ണൊന്നുമെടുക്കാതെ മടങ്ങുന്ന വാല്‍ഷ് അക്കാലത്തെ ഒരു കാഴ്ചയായിരുന്നു.

 

 

പക്ഷെ ടെസ്റില്‍ 46 തവണ ഡക്കായതിന്റെ പേരിലല്ല കോര്ട്നി വാല്‍ഷ് ഓര്‍മ്മിക്കപ്പെടുക.കോപ്പിബുക്കില്‍ ഇടം പിടിക്കാനായി വാല്‍ഷ് എന്തെങ്കിലും ബോധപൂര്‍വം ചെയ്തതായി ഓര്‍ക്കുന്നുമില്ല.,.കളിക്കളത്തിന് പുറത്തൊരു കോട്നി വാല്‍ഷുണ്ടായിരുന്നില്ല. ക്രിക്കറ്റിനെ വല്ലപ്പോഴും മാത്രം മാന്യന്മാരുടെ കളിയാക്കി മാറ്റിയതിന്റെ പേരില്‍ കോട്നി വാല്‍ഷിനെ ചരിത്രം ഓര്‍ത്തുവെക്കും.

കളിയിലെ ചെറിയ കണ്ണുകളുടെ എക്കാലത്തെയും മികച്ച പുഞ്ചിരി നിങ്ങളുടേതായിരുന്നു, വാല്‍ഷ്!
റിമോട്ട് കണ്‍ട്രോളിന്റെ അക്ഷമ പെരുകുന്ന അലസമായ കാഴ്ചകളുടെ ഇടയില്‍ വീണ്ടും താങ്കളെ കണ്ടുമുട്ടിയതില്‍ ചെറുതല്ലാത്ത സന്തോഷം…

ഭൂഖണ്ഡങ്ങള്‍ക്കു കുറുകെ ഭുപന്‍ഹസാരികക്കൊപ്പം

ഹസാരികയുടെ പാട്ടിലെത്തുമ്പോള്‍ പല ഗ്രാമങ്ങളും കാട്ടുവഴികളും പിന്നിടുന്നു നാം. പല ഊടുവഴികളിലൂടെ കാറ്റും പച്ചയും വള്ളിപ്പടര്‍പ്പും പിന്നിട്ടുള്ള ഒരു പാച്ചില്‍ പോലെ. ഒടുവില്‍ ഓ മോരി ചന്ദ്ര മാ തേരി ചാന്ദ് നി അംഗ് ജലായേഗി പിന്നിടുമ്പോള്‍ വേദനയുടെ ഒരു കയത്തിലേക്ക്… ഭാവനയുടെയും യാഥാര്‍ഥ്യത്തിന്റെയും അപരിചിതസ്ഥലികളില്‍ ഭുപന്‍ ഹസാരികയുടെ ശബ്ദത്തിനൊപ്പം അലഞ്ഞ ഒരു സംഗീത ആസ്വാദകന്റെ സ്മൃതിസഞ്ചാരം. ഷാജഹാന്‍ എഴുതുന്നു

കല്‍പ്പനാ ലാജ്മിയുടെയും ഡിംപിള്‍ കപാഡിയയുടെയും രുദാലി കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ കയറിയത് ലതാ മങ്കേഷ്കറുടെ ദില്‍ ഹും ഹും കരേ ആയിരുന്നു…പാട്ട് വീണ്ടും കേള്‍ക്കാനായി എച്ച് എം വി.യുടെ കാസറ്റ് വാങ്ങിയപ്പോള്‍ സിനിമയില്‍ പിന്നാമ്പുറത്ത് കേട്ട് -കേള്‍ക്കാതെ പോയ ഭൂപന്‍ ഹസാരികയുടെ ദില്‍ ഹും ഹും കരേ യായി മനസ്സില്‍.
ലതയുടെ പരിഷ്കൃതമായ ശബ്ദത്തില്‍ നിന്ന് ഹസാരികയുടെ പാട്ടിലെത്തുമ്പോള്‍ പല ഗ്രാമങ്ങളും കാട്ടുവഴികളും പിന്നിടുന്നു നാം… പല ഊടുവഴികളിലൂടെ കാറ്റും പച്ചയും വള്ളിപ്പടര്‍പ്പും പിന്നിട്ടുള്ള ഒരു പാച്ചില്‍ പോലെ… ഒടുവില്‍ ഓ മോരി ചന്ദ്ര മാ തേരി ചാന്ദ് നി അംഗ് ജലായേഗി പിന്നിടുമ്പോള്‍ വേദനയുടെ ഒരു കയത്തിലേക്ക്… ഇത്ര കണ്ട് സിനിമാഗാനങ്ങള്‍ സംഗീതചാനലുകളാല്‍ ആഘോഷിക്കപ്പെടാതിരുന്ന ഒരു കാലത്താണ് ഭൂപന്‍ ഹസാരികയുടെ ഈ പാട്ട് രാജ്യം മുഴുവന് പാടി നടന്നത്.

ജൂഠി മുഠി മിത് വാ എന്ന മറ്റൊരു പാട്ട് കൂടി രൂദാലിയില്‍ ഹസാരികയുടെ പ്രതിഭയെ അടയാളപ്പെടുത്തിയിരുന്നു.ഈ പാട്ടില്‍ കെട്ടിയിട്ട് ഹസാരികയെന്ന ജീനിയസിനെ ഒതുക്കാനാകില്ല. കുട്ടിപ്പാട്ടുകള്‍ മുതല്‍ സിനിമാ സംവിധാനം വരെ പല മേഖലകളിലെ സഞ്ചാരങ്ങളുടെ ഇടയ്ക്ക് കല്‍പ്പനാ ലാജ്മി തന്റെ സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ വിളിച്ചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഹസാരികയെ പലരും കാണാതെ പോകുമായിരുന്നു. ലജ്മി ഹസാരികയുടെ കൂട്ടുകാരിയാണ് 39 വര്‍ഷമായി . ചരടുകളുടെ ഔപചാരികതയില്ലാതെ. 54 വയസ്സുള്ളപ്പോള്‍ കണ്ടുമുട്ടി 26 വര്‍ഷം ഒപ്പം പൊറുത്ത കല്‍പ്പന ലജ്മിയെ കല്യാണം കഴിക്കണമെന്ന് അദ്ദേഹത്തിന തോന്നിയത് എണ്‍പതു വയസ്സുള്ളപ്പോഴായിരുന്നു:-)

ജാജ്ബോര്‍-അലയുന്നവന്‍ എന്നായിരുന്നു ഹസാരിക സ്വയം വിശേഷിപ്പിച്ചിരുന്നത്. ഈ അലച്ചിലിന്റെ ഏകാന്തതയും ഉല്‍ക്കണ്ഠയും ആ സ്വരത്തിലുണ്ടായിരുന്നു. ബ്രഹ്മപുത്രയുടെ ഒഴുക്കും ബീഹു ഈണങ്ങളും പോള്‍ റോബ്സന്റെ ആവേശവുമൊക്കെ ഇടകലര്ന്ന ഓര്‍മ്മകളായിരുന്നു ഹസാരികയ്ക്ക് പാട്ട്. മുഖ്യധാരയ്ക്കും നാടോടി,ശാസ്ത്രീയ സംഗീതത്തിനുമിടയില്‍ ആയാസത്തോടെ നടത്തിയിരുന്ന ഊയലാട്ടമാണ് ഹസാരികയെ ജനകീയനാക്കിയത്. ഫോക്ക് സംഗീതത്തിന്റെ പേരില്‍ തിരിച്ചറിയപ്പെട്ടിരുന്ന ഹസാരികയെ പോലൊരാളെ സായ് പരഞ്ജ് പേയ് മുഖ്യധാരാ സംഗീതമൊരുക്കാന്‍ വിളിച്ചതും ഇക്കാരണത്താലാണ്. ഹസാരിക തന്റെ ട്രേഡ് മാര്ക്ക് മുദ്രകളില്ലാതെയാണ് സാസ് എന്ന സാക്കിര്‍ ഹുസൈന്‍ നായകനായ സിനിമക്ക് സംഗീതം ഒരുക്കിയത് എന്നോര്‍ക്കുക.

ആള്‍ക്കൂട്ടത്തിന്റെ പാട്ടുകാരന്‍ കൂടിയായിരുന്നു ഹസാരിക. നാടോടി ഈണങ്ങളും പ്രണയഗീതങ്ങളും നമ്മുടെ നാട്ടില്‍ പ്രസംഗത്തിന് മാത്രമായി ഒഴിച്ചിടുന്ന വേദികളേക്കാള്‍ കൂടുതല്‍ വേദികളില്‍ അദ്ദേഹം പാടിയിരുന്നു. പോള്‍ റോബ്സിന്റെ ഈണം കടം കൊണ്ട് ഓ ഗംഗാ ബേഹ്തി പാടി തിളക്കുന്ന മനസ്സുകളെ തീപിടിപ്പിച്ച ഹസാരിക ഒടുക്കം സംഘപരിവാറിന്റെ ലാവണത്തിലുമെത്തി. കലാകാരന്റെ അപഥസഞ്ചാരമായി ഇതിനെ കണ്ടാല്‍ മതിയെന്നു തോന്നുന്നു.

ഭൂപന്‍ ദാ…ആസക്തികളുടെ ലോകത്താണ് ജീവിച്ചത്. മദ്യം മുതല്‍ സഖികള്‍ വരെ പ്രലോഭനങ്ങള്‍..പുരുഷന്റെ സഞ്ചാരങ്ങള്‍. നേര്‍വരകളിലല്ലാത്ത ചിന്തകള്‍…പത്രപ്രവര്‍ത്തനം മുതല്‍ ആദിവാസി പ്രമോട്ടര്‍ വരെ..പല തൊഴിലുകള്‍…

18 വര്‍ഷം മുമ്പാണ് ദില്‍ ഹും ഹും കരേ ആദ്യമായി കേട്ടത്. ഭൂമിയുടെ ആഴത്തില്‍ നിന്നെന്ന പോലെ രാത്രികളില്‍ മൂന്ന് മിനിറ്റും 42 സെക്കന്റും മാത്രം ദൈര്‍ഘ്യമുള്ള ആ പാട്ടു കേട്ട് ആമസോണ്‍ മുതല്‍ സഹാറ വരെയുള്ള പല പ്രതലങ്ങളില്‍ ഭൂഖണ്ഡങ്ങള്‍ക്കു കുറുകെ കാലം തെറ്റിയ സൈബീരിയന്‍ എരണ്ട കണക്കെ പാഞ്ഞുപോയിട്ടുണ്ട് ഞാന്‍…
ആ പാച്ചിലിന് ഹസാരികയോട് കടപ്പെട്ടിരിക്കുന്നു..എക്കാലത്തും…

ഈദി അമീനില്‍നിന്ന് ഗദ്ദാഫിയിലേക്കുള്ള ദൂരം

ഈദി അമീനെപ്പോലുള്ളവര്‍ക്ക് പലായനത്തിന്‍റെയും അനന്തരസൗഭാഗ്യ സുഖലോലുപതയുടെയും ഒരു നീതി .സദ്ദാമിനും ഗദ്ദാഫിയ്ക്കും മറ്റൊരു നീതി. കാരണം ഈ രാജ്യങ്ങളിലെ പുതിയ ജനാധിപത്യനീക്കങ്ങളുടെ അഡ്രിനാലിന്‍ സ്രവം ഒരു മറയാണ് കൊലയ്ക്ക് എന്നത് തന്നെ-ഷാജഹാന്‍ എഴുതുന്നു

ചരിത്രം ശാരീരികമായി ബാധിക്കുന്ന ചില കഥാപാത്രങ്ങളെ എന്‍ എസ് മാധവന്‍റെ ചരിത്ര സന്ധികളെ തന്നെ രേഖപ്പെടുത്തുന്ന ചില കഥകളില്‍ കണ്ട് പരിചയിച്ചിട്ടുണ്ട്.പല തട്ടില്‍ ആവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധിയുടെ മരണം കണ്ട് ഛര്‍ദ്ദിക്കുന്ന സിസ്റ്റര്‍ അഗത,ബാബരി മസ്ജിദിന്‍റെ താഴികക്കുടം തകര്‍ക്കപ്പെടുന്നത് കണ്ട് പനിച്ചുവിറക്കുന്ന കെ കെ ചുല്യാറ്റ് എന്നിങ്ങനെ പല ഊഷ്മാവുകളിലേക്ക് പരകായപ്രവേശം നടത്തുന്ന ചില കഥാപാത്രങ്ങള്‍…
മുഅമ്മര്‍ ഗദ്ദാഫിയുടെ അവസാന നിമിഷങ്ങള്‍ ഇത്തരത്തില്‍ പല തട്ടില്‍ ആവര്‍ത്തിക്കുന്നത് കണ്ടപ്പോഴാണ് ചരിത്രം ശാരീരികമായി ബാധിക്കുന്നതിന്‍റെ രസതന്ത്രം എന്നെ പിടികൂടിയത്.ഫോക്സ് ന്യൂസ് മുതല്‍ പ്രാദേശിക കേബിള്‍ വരെ പല ഫ്രെയിമുകളില്‍ നിറഞ്ഞാടിയ പല വേഗത്തില്‍ പിന്നെ അള്‍ട്രാ സ്ലോ മോഷനില്‍ പരുവപ്പെടുത്തിയ അവസാനത്തെ ഗദ്ദാഫി മുഖം…പല കാലങ്ങളെ ഭ്രമിപ്പിച്ച സ്വര്‍ണ്ണത്തോക്കിലേക്ക് കളിപ്പാട്ടത്തെയെന്ന പോലെ നോക്കി വെടിയൊച്ചയിലേക്ക ഡിസോള്‍വ് ചെയ്ത് പോയ ആ നിലവിളി.പിന്നെ ഇളകിയാടുന്ന ആകാശത്തെ സാക്ഷിയാക്കി പല വെടിയൊച്ചകള്‍. കലാഷ്നിക്കോവിന്‍റെ മുന…

ഗദ്ദാഫിയുടെ മരണത്തിന്‍റെ എഡിറ്റ് ചെയ്യപ്പെടാത്ത മൊബെല്‍ അപ് ലോഡ് തേടി ഇന്‍റര്‍ നെറ്റിലെത്തിയ എന്നെ കാത്തിരുന്നത് ആ കൊലയുടെ രാഷ്ട്രീയ ഗന്ധത്തിന്റെ ചൂരുള്ള ഒരു എസ്എം എസ് വാചകം..
അമേരിക്ക ഇനി ഭരണ സൗകര്യത്തിന് വേണ്ടി ലിബിയയെ മുന്നായി വിഭജിക്കും.
പ്രീമിയം ,സ്പീഡ് ഓര്‍ഡിനറി….
പെട്രോളിയം ഉല്പന്നങ്ങളുടെ സൂചകങ്ങള്‍.!!!!
പല തട്ടിലുള്ള ഈ മരണത്തിന് ശേഷം ഗദ്ദാഫി യുടെ മകന്‍ മുംതസീറിന്റെ ദൃശ്യങ്ങളും കണ്ടു. കഴുത്തിലെ ചോരച്ചുവപ്പിന്‍റെ വെടിയുണ്ട തടവി പ്ലാസ്റ്റിക് ബോട്ടിലിലെ അവസാനത്തെ തുള്ളി വെള്ളവും ഊറ്റിക്കുടിക്കുന്ന മുംതസീര്‍….മരണമുനമ്പിലെ ചില ചടങ്ങുകള്‍..

പാശ്ചാത്യ ലോകത്തിന്‍റെയും അറബ് ലോകത്തിന്‍റെയും രാഷ്ട്രീയ വിചാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ചൊല്ലുണ്ട് രാഷ്ട്രീയ വിശാരദര്‍ക്ക്.

ഒരു കൊലപാതകം ചെയ്താല്‍ തൂക്കുമരം.
പത്തോ ഇരുപതോ പേരെ കൊന്നാല്‍ മാനസികാരോഗ്യ കേന്ദ്രം..
ആയിരങ്ങളെ കൊന്നാല്‍ രാഷ്ട്രീയാഭയം.

ഈ നയം അറബ്- ആഫ്രിക്കന്‍ ഏകാധിപതികളോട് അമേരിക്കയും യൂറോപ്പും യാതൊരു യുക്തിയും നീതിബോധവുമില്ലാതെ പ്രകടിപ്പിച്ചതായി കാണാം.ഈദി അമീനെപ്പോലുള്ളവര്‍ക്ക് പലായനത്തിന്‍റെയും അനന്തരസൗഭാഗ്യ സുഖലോലുപതയുടെയും ഒരു നീതി .സദ്ദാമിനും ഗദ്ദാഫിയ്ക്കും മറ്റൊരു നീതി. കാരണം ഈ രാജ്യങ്ങളിലെ പുതിയ ജനാധിപത്യനീക്കങ്ങളുടെ അഡ്രിനാലിന്‍ സ്രവം ഒരു മറയാണ് കൊലയ്ക്ക് എന്നത് തന്നെ.അഫ്ഗാനിലെ കമ്യൂണിസ്റ്റ് ഭരണാധിപതി നജീബുള്ളയുടെ മൃതദേഹം കാബൂളിലെ തെരുവിലെ ട്രാഫിക് വിളക്കിന്‍റെ കാലില്‍ തൂക്കിയിട്ട് താലിബാന് വെടിവെച്ച് രസിച്ചത് അമേരിക്ക സംഭാവന ചെയ്ത തോക്കു കൊണ്ടായിരുന്നു എന്ന് മറക്കണ്ട..ആള‍്ക്കുട്ടത്തിന്‍റെ ആക്രോശവും അക്രമബോധവും തുണയ്ക്കുണ്ടാകമ്പോള്‍ കാട്ടു നീതി.അല്ലാത്തപ്പോള്‍ പരിഷ്കൃതമായ ഒളിച്ച് വെയ്പ്പു്.അതേ നീതിയും…

ബിന്‍ ലാദനെ കണ്ടെത്തിയ അതേ ചാരക്കണ്ണ് തന്നെയാണ് നാറ്റോയും ഗദ്ദാഫിയുടെ വാഹനവ്യൂഹത്തെ കണ്ടെത്താന്‍ ഉപയോഗിച്ചത്.ഗദ്ദാഫിയുടെ മരണപ്പാച്ചിലിനെ പിന്തുടര്‍ന്ന നാറ്റോ വ്യൂഹം ആള്‍ക്കുട്ടത്തിന്‍റെ സംഹാരബുദ്ധിയാണ് ആ പന്തയക്കോഴി ഫൈനലിന് ഉപയോഗിച്ചത്.ചോര കാണുമ്പോഴുള്ള ഉന്മാദം,മരണമുനമ്പിലെ ആ ചിരി ,ഇതിനൊക്കെ വശംവദരായി നാറ്റോ വ്യൂഹം.40 വര്‍ഷത്തെ ചരിത്രത്തിന് ഏകപക്ഷീയമായ യുക്തിയുടെ അപനിര്‍മ്മിതി.

മണ്ണിനടിയില്‍ ഘനീഭവിച്ച് കിടക്കുന്ന എണ്ണപ്പാട തേടി ഡ്രില്ലിംഗ് യന്ത്രം പായിക്കുന്നതിനിടെ പല തലമുറകളുടെ ശവങ്ങള്‍ അട്ടിയിട്ട മണ്ണിലൂടെ കടന്നി പൊകുന്നതിന്‍റെ സുഖം എണ്ണക്കമ്പനികള്‍ക്ക് മാത്രമല്ല,എണ്ണ വീപ്പകള‍ക്ക് മേല്‍ അടയിരിക്കുന്ന വാള്‍ സ്ട്രീറ്റ് സ്വപ്നങ്ങള്‍ക്കുമുണ്ട്.ഈ നവ സ്വപ്നങ്ങല്‍ ഊതിപ്പെരുപ്പിച്ച് പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നതിനാല്‍ നമ്മുടെ പേഴ്സിലും ഗദ്ദാഫിയുടെ വാട്ടര്‍മാര്‍ക്ക് മുഖമുള്ള രൂപകള്‍ എത്തും. ചരിത്രം അന്നെങ്കിലും നമ്മെ ശാരീരികമായി ബാധിച്ചേക്കാം….

വിട ജഗ്ജിത്…അഴിഞ്ഞിട്ടില്ല, അന്നു കെട്ടിയ പാട്ടുചരടുകള്‍

ജഗ്ജിത് സിങ് ഇനിയില്ല. അത്യാസന്ന നിലയില്‍, ഇനിയൊരിക്കലും പാടാനാവില്ലെന്ന അവസ്ഥയില്‍ കിടക്കുന്ന ജഗ്ജിത്
സ്വന്തം ജീവിതത്തില്‍ എന്തായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു കുറിപ്പ് നാലാമിടം പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ എഴുതിയ വികാര തീക്ഷ്ണമായ ആ കുറിപ്പ് ജഗ്ജിത് ഓര്‍മ്മക്കായി ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു. ഞെട്ടിക്കുന്ന ആ തിരിച്ചറിവില്‍ സ്വന്തം കൌമാരത്തിലേക്ക് ഒരാള്‍ നടത്തുന്ന തിരിച്ചു പോക്ക്. ജഗ്ജിതിന്റെ പാട്ടുകള്‍ക്കൊപ്പം ഹൃദയം മിടിച്ച നാളുകള്‍

ജഗ്ജിത് സിംഗ് എന്റെ കൗമാരത്തെ കെട്ടിയിട്ട പാട്ടിന്റെ ചരട് ഇതേ വരെ പൊട്ടിയിട്ടില്ല.പകല്‍ മുദ്രാവാക്യങ്ങള്‍ പഴുപ്പിച്ച പ്രജ്ഞയെ ശീതികരിക്കാന്‍ ഞാന്‍ കണ്ടെത്തിയ രാത്രി വഴിയായിരുന്നു ജഗ്ജിത് സിംഗ്. യേ. “ദൗലത്ത് ഭി ലേ ലോ” കേട്ട് മയങ്ങി തുടങ്ങുമ്പോള്‍ ഇടക്ക് ചിത്രാസിംഗ് കയറി വന്ന് എന്നെ അലോസരപ്പെടുത്തിയതോടെ ചിത്രാസിംഗിനെ കേള്‍ക്കുന്നത് ഞാന്‍ എന്നെന്നേക്കുമായി നിര്‍ത്തി.

പിന്നെ പല പുഴകള്‍ ഒഴുകുന്ന മഴക്കാടുകളുടെ നിശ്ശബ്ദതയും ഏകാന്തതയുടെ വിരല്‍ സ്പര്‍ശങ്ങളുമുള്ള ടേപ്പിന്റെ കാന്തിക പ്രതലത്തില്‍ ജഗ്ജിതിന്റെ കണ്ഠനാളം മാത്രം.
(ജഗ്ജിത് ചിത്രാ ദമ്പതികളുടെ മകന്‍ വിവേക് അപകടത്തില്‍ മരിച്ചപ്പോള്‍ ഇരുവരും ചേര്‍ന്ന് കണ്ണീര് പുരട്ടിയ സം വണ്‍ സം വേര്‍ എന്ന ആല്‍ബം പുറത്തിറക്കിയപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ചിത്രാസിംഗിനെ കേട്ടു.)

പ്രീഡിഗ്രിക്കാലത്ത് ഞങ്ങള്‍ നാലോ അഞ്ചോ സുഹത്തുക്കള്‍ കാത്തിരുന്ന റീലീസ് സൂപ്പര്‍ സ്റ്റാര്‍ സിനിമകളുടേതായിരുന്നില്ല. ടിപ്സ് കാസറ്റ് കമ്പനി കൃത്യമായ ഇടവേളകളില്‍ പുറത്തിറക്കിയിരുന്ന ജഗ്ജിതിന്റെ ഗസല്‍ ആല്‍ബങ്ങള്‍ക്കായിരുന്നു. ജഗ്ജിതില്‍ നിന്ന് ഗുലാം അലിയിലേക്കും മെഹ്ദി ഹസ്സനിലേക്കും പല “അപഥസഞ്ചാരങ്ങള്‍ “നടത്തിയെങ്കിലും എപ്പോഴും ഞാന്‍ ജഗ്ജിതില്‍ തിരികെ എത്തി.

ഗുലാം അലി പാടിയ “ചുപ്കേ ചുപ്കേ” പ്രണയത്തിന്റെയും ഉന്മാദത്തിന്റെയും പൂമരങ്ങളെ ഉണര്‍ത്തി. പക്ഷെ “കഹ്കഷാന്” എന്ന ടിവി സീരിയലില്‍ ജഗ്ജിത് പാടിയ ചുപ്കേ ചുപ്കേയാണ് എന്റെ ഉള്ള് തൊട്ടത്.
“മേ നശേ മേ ഹും “എന്ന ഒറ്റപ്പാട്ട് കൊണ്ട് ഗുലാം അലി യെ മറികടന്ന് ഉന്മാദത്തിന്റെ വന്കര കീഴടക്കിയിട്ടുണ്ട് ജഗ്ജിത്. പ്രണയത്തിന്റെ ഉച്ചവെയിലാണ് “മേ നശേ മേ ഹും”. ജഗ്ജിതിന്റെ പല പുഴകള്‍ ഒഴുകുന്ന ശബ്ദ സഞ്ചാരത്തിനിടെ എന്നെ പിടികൂടിയ ഒരേയൊരു അന്യസ്വരം മെഹ്ദി ഹസന്റേതായിരുന്നു.സിന്ദഗി മേം തോ സഭി……..(ജീവിച്ചിരിക്കുമ്പോള്‍ എല്ലാവരും പ്രണയിക്കും.പക്ഷെ എന്റെ പെണ്ണേ നിന്നെ ഞാന്‍ മരിച്ചാലും പ്രണയിച്ചു കൊണ്ടേയിരിക്കും …)ഈ പ്രണയസങ്കല്പത്തെ ജഗ്ജിത് മറ്റൊരു ഗസലിലൂടെ പ്രകടിപ്പിക്കുന്നത് ഇങ്ങിനെ…..താജ് മഹലിന് ഒരു കുറവുണ്ട്. അത് കൊണ്ട് ഞാനവിടെ നിന്റെ രേഖാചിത്രം തൂക്കി…

ഇന്‍ സെര്‍ച്ച് എന്ന ആല്‍ബത്തിനു ശേഷം ജഗ്ജിത് ഇക്കാലത്തെ ആസ്വാദകര്‍ക്കു വേണ്ടിയാണ്പാ ടിയത്. ഹാര്‍മോണിയവും തബലയും പിന്മാറി ഗിറ്റാറും ഡ്രമ്മും വന്നു.ആള്‍ക്കൂട്ടത്തിന് വേണ്ടി പാടിയപ്പോള്‍ ഉറുദുവിന് പകരം പരിഷ്കരിച്ച ഹിന്ദിയായി.എഴുപതുകളില്‍“തേരി ഖുഷ്ബൂ സെ ഭരി യെ ഖത് മെ ജലാതാ കൈസേ? ”പാടിയ ജഗ്ജിത് മരാസിം പോലുള്ള ഗസല്‍ സമാഹാരങ്ങളിലൂടെ അകാല്‍പ്പനികനായി. എങ്കിലും കച്ചേരികളില്‍ ജഗ്ജിത് തനി ജഗ്ജിതായി. നീട്ടിയും കുറുക്കിയും കാഗസ് കി കഷ്തി,ഉന്മാദത്തിന്റെ പടി കയറി ആപ് കോ ദേക് കര്‍, ത്രസിപ്പിക്കുന്ന പഞ്ചാബി ശീലുകള്‍…

കച്ചേരികളിലെ ജഗ്ജിത് ഫലിത പ്രിയനായിരുന്നു.ഒരു സാംപിള്‍…
“അടുത്തവീട്ടിലെ ശല്യക്കാരനായ തബല മുട്ടു കാരനെ അയല്‍വാസി ഒരു ദിവസം സമീപിക്കുന്നു.
ശല്യക്കാരന്‍—“എന്തിനാ തബല. ? നാളെ അവിടെ മെഹ്ഫില്‍ ഉണ്ടോ?
അയല്‍വാസി—“ഇല്ല..ഇന്ന് രാത്രി അല്‍പ്പം സ്വസ്ഥമായി ഉറങ്ങണം…”

ജഗ്ജിത് ഇനി പാടിയെന്ന് വരില്ല. പരമ്പരാഗത രീതിയില്‍ പരിഗണിക്കുമ്പോള്‍, അനശ്വരം എന്ന് വിശേഷിപ്പിക്കാവുന്ന കവിതയും ശാസ്ത്രീയതയും അതിലുണ്ടായെന്ന് വരില്ല. പക്ഷെ എന്റെ കൗമാരത്തെ കരയിച്ചും നനയിച്ചും പല ഋതുക്കളിലുടെ ആകാശ സഞ്ചാരം ചെയ്യിച്ച ആ ഗസലുകളെ മറക്കാനാകില്ല ഉന്മാദത്തിന്റെയും ദുഖത്തിന്റെയും പല കൈവഴികള്‍ ഒഴുകുന്ന പുഴയുടെ പ്രതലമാണ് ജഗ്ജിത് സിംഗിന്റെ ഗസലുകള്‍. ഞാനാ പ്രതലത്തില്‍ നനഞ്ഞിരിപ്പാണ്.ഒരു പട്ടച്ചരടിനെയും പാരച്യൂട്ടിനെയും പ്രതീക്ഷിക്കാതെ….

സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ക്വട്ടേഷന്‍ സംഘങ്ങള്‍

പൊതുപ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ ഒരു അവനവന്‍ യുക്തി ജനാധിപത്യബോധം വികസിപ്പിച്ചിട്ടുണ്ട് ഈ സോഷ്യല്‍ നെറ്റ് വര്‍ക്ക് പൗരന്‍. ചര്‍ച്ചകളിലിടപെടാനും ലോബിയിംഗ് നടത്താനും അവന്‍റെ ഒരു പടയുണ്ട്.വെട്ടുകിളിയെ പോലെ പറന്നിറങ്ങി ക്വട്ടേഷന് ജോലി പൂര്ത്തിയാക്കി പെട്ടെന്ന് മടങ്ങാനുള്ള അധോലോക ബുദ്ധി ഇടക്ക് പ്രകടിപ്പിക്കും-മാധ്യമ പ്രവര്‍ത്തകനായ ഷാജഹാന്റെ നിരീക്ഷണം

“ U know ,in India public memory is very weak ..Things are celebrated , attacked and forgotten in a short span of time”

10 വര്‍ഷം മുമ്പ് ഒരു ഇന്ത്യാ പാക്കിസ്ഥാന്‍ മല്‍സരത്തിനിടെ രവിശാസ്ത്രിയാണിത് പറഞ്ഞത്. ഭാഗ്യവശാല്‍ അന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയ എന്ന ആശയം പ്രചാരത്തിലില്ലായിരുന്നു. അതാത് കാലത്തെ വസ്തുതകളെയും പ്രശ്നങ്ങളെയും ആക്രമിക്കുകയും ആഘോഷിക്കുകയും ഭര്‍ത്സിക്കുകയും പൊടുന്നനെ അതിനെ മറവിയിലേക്ക് തള്ളിവിടുകയും ചെയ്യുക എന്ന അബ്ദുറഹ്മാന്‍ ബുഖാതിര്‍ അനന്തര യുഗത്തിലെ ക്രിക്കറ്റ് കാണിയുടെ മനോനിലയെയാണ് രവി ശാസ്ത്രി പരാമര്‍ശിച്ചത്. അസ്ഹറുദ്ദിനും മനോജ് പ്രഭാകറിനും കപില്‍ദേവിനും നന്ദി.ഈ മനോനില ക്രിക്കറ്റ് കാണിയില്‍ നിന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്
സമൂഹത്തിലേക്ക് സംക്രമിപ്പിച്ചതിന്.. (ഒത്തുകളി മറ്റൊരു മനോനിലയിലേക്ക് കാണിയെ പരുവപ്പെടുത്തുകയും കളിയും അഡ്രിനാലിന്‍ ഗ്രന്ഥിയുടെ നാളിയും
തമ്മിലുള്ള ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു.)
ഓര്‍മ്മയുടെ പിന്‍ബലമില്ലാതെ അപ്പപ്പോള്‍ ഭര്‍ത്സിക്കുന്ന കാണി ഇപ്പോള്‍ കീബോര്‍ഡുകള്‍ക്ക് മുമ്പിലാണ്. അപ്പപ്പോള്‍ പ്രതിഭാസങ്ങളെ ഭക്ഷിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ അനന്ത ജിബി കളില് വിസര്‍ജ്ജിച്ച് പെട്ടെന്ന് മറവി ബാധിതനാകുന്നു അവന്‍/അവള്‍…. പൊതുപ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ ഒരു അവനവന്‍ യുക്തി ജനാധിപത്യബോധം വികസിപ്പിച്ചിട്ടുണ്ട് ഈ സോഷ്യല്‍ നെറ്റ് വര്‍ക്ക് പൗരന്‍. ചര്‍ച്ചകളിലിടപെടാനും ലോബിയിംഗ് നടത്താനും അവന്‍റെ ഒരു
പടയുണ്ട്.വെട്ടുകിളിയെ പോലെ പറന്നിറങ്ങി ക്വട്ടേഷന് ജോലി പൂര്ത്തിയാക്കി പെട്ടെന്ന് മടങ്ങാനുള്ള അധോലോക ബുദ്ധി ഇടക്ക് പ്രകടിപ്പിക്കും.
എന്‍റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇത്തരമൊരു നിരീക്ഷണം.സിപിഎം നേതാവ് പി ജയരാജന്‍ എന്നെ പൊതുസ്ഥലത്ത് അക്രമിച്ചപ്പോള്‍ ഈ സോഷ്യല്‍ നെറ്റ് വര്‍ക്ക് പൗരന്‍ മാനായും മാരീചനായും ചെഗുവേരയായും വന്ന് പല വെട്ടിക്കൊല്ലലുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഇടത്തിലെ എന്‍റെ ചുവരില്‍ നടത്തിപ്പിരിഞ്ഞതാണ്.മലയാളത്തിലെ ഒരു തല മുതിര്‍ന്ന പത്രപ്രവര്‍ത്തകനോട് ഈ സോഷ്യല്‍ നെറ്റ് വര്‍ക്ക് പൗരന്‍ എന്തെരടേയ്..ലൈനില് വാചകമടിക്കുന്നു.
സ്വന്തം ജോലി കൃത്യമായി ചെയ്യുന്ന ഒരു സ്പോട്സ് ജേണലിസ്റ്റിനെ മെസ്സിയുടെയും പത്ര ഉടമയുടെയും പേരു പറഞ്ഞ് അസഭ്യത്തില്‍ പൊതിഞ്ഞ് നിഷ്കാസിതനാക്കിയിട്ടുണ്ട് ഇതേ പൗരന്‍. മലയാളത്തിലെ ഒരു പ്രിയകവിയോട് നല്ല കവിതയൊക്കെ എഴുതണം എന്ന് ഉപദേശിച്ച് നെറ്റ്വര്ക്ക് സൈറ്റില്‍ നിന്ന് എന്നെന്നേക്കുമായി നാടു കടത്തിയിട്ടുമുണ്ട്.
ഫേസ്ബുക്കിയന്മാരും ഓര്‍ക്കുട്ടന്മാരും (സംഘടിതര്‍) മുന്നോട്ട് വെക്കുന്നത് ആ ഇടത്തിന്‍റെ സഹിഷ്ണുതയും ജനാധിപത്യവുമല്ല. വെട്ടിക്കൊല്ലാനും ഭര്‍ത്സിക്കാനുമുള്ള അഭിവാഞ്ചകളുടെ യാതൊരു പരിധിയുമല്ലാത്ത പ്രാവര്‍ത്തികമാക്കലാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് പൗരന്മാരിലെ സംഘടിതര്‍ ചെയ്യുന്നത്….വിവേചനവും ഔചിത്യവും ഉള്ളവര്‍ ഇല്ലെന്നല്ല. പക്ഷെ ആള്‍ക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം സോഷ്യല്‍ നെറ്റ് വര്‍ക്ക് പൗരനാണ് ഇപ്പോള്‍ കൂടുതലും പ്രകടിപ്പിക്കുന്നത്…..

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers