annamma.jpg
Category archives for: അന്നമ്മക്കുട്ടി

അയാളും സിനിമയും തമ്മില്‍

 
 
 
 
‘അയാളും ഞാനും തമ്മില്‍’ റിവ്യൂ. അന്നമ്മക്കുട്ടി എഴുതുന്നു
 
 
പലയിടത്തും കൈവിട്ടു പോവുന്നുണ്ടെങ്കിലും ഒരു വിധം ആളെ പിടിച്ചിരുത്തുന്ന വിധത്തില്‍ കഥ പറയുന്നുണ്ട്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ദ്വയം. കഥാപാത്രങ്ങളെ ബുദ്ധിപൂര്‍വം ബന്ധിപ്പിക്കാനും കാര്യങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. മെഡിക്കല്‍ രംഗത്തെ അധാര്‍മിക പ്രവണതകളെ തുറന്നു കാണിക്കാനും നന്‍മയുള്ള ചില മനുഷ്യരെ പരിചയപ്പെടുത്താനും തല്ല് കിട്ടിയാലുടന്‍ ഉറുമി വീശാത്ത നായകനെ വാര്‍ത്തെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കൈയില്‍ കിട്ടിയ തിരക്കഥ, പണിയറിയാവുന്ന നല്ലൊരു തച്ചനെപ്പോലെ, നന്നായി ഉപയോഗിക്കാന്‍ ലാല്‍ജോസും മെനക്കെട്ടിട്ടുണ്ട്. പണ്ട് ചെയ്ത് ഹിറ്റാക്കിയ ക്ലാസ് മേറ്റ്സ് പലയിടത്തും കയറി ഇടപെടുന്നെങ്കിലും വ്യത്യസ്തമായ ദൃശ്യഭാഷ ഒരുക്കുന്നതില്‍ ചിലയിടങ്ങളിലൊക്കെ സംവിധായകന്‍ വിജയിക്കുന്നുണ്ട്. ജോമോന്‍ ടി ജോണിന്റെ മനോഹരമായ ക്യാമറ മികച്ച പിന്തുണയുമേകുന്നു- അന്നമ്മക്കുട്ടി എഴുതുന്നു

 

 

മൊബൈല്‍ ഫോണ്‍ ഇത്തിരി മുമ്പേ, നാട്ടിലിറങ്ങിയിരുന്നെങ്കില്‍ മലയാള സിനിമ ഒരു പക്ഷേ, ഇങ്ങനെയൊന്നുമാവില്ലായിരുന്നു. മലയാളത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പല സിനിമകളുടെയും കഥയും ക്ലൈമാക്സും ആകെ മാറിപ്പോയേനെ. നിര്‍ണായക നേരത്ത് കൃത്യമായ വിവരം മൊബൈല്‍ ഫോണിലൂടെ അറിഞ്ഞിരുന്നെങ്കില്‍ പല പ്രണയങ്ങളും പൊട്ടില്ലായിരുന്നു. പല മരണങ്ങളും വീട്ടുകാരറിയുമായിരുന്നു. പല വിവാഹങ്ങളും ദുരന്തമാവും മുമ്പേ മുടങ്ങുമായിരുന്നു. നേര് നേരത്തെ അറിയാതെ കിതച്ചു പാഞ്ഞ് അബദ്ധങ്ങളില്‍ ചാടിയ നായകന്‍മാര്‍ ഹാവൂ എന്നൊരു ദീര്‍ഘനിശ്വാസം വിട്ട് പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ബൈക്ക് തിരിച്ചോടിക്കുമായിരുന്നു. വില്ലനെത്തിയതറിയാതെ ആടിപ്പാടിക്കുഴഞ്ഞ നടക്കുന്ന നായകന്‍മാരും നായികമാരുമൊക്കെ നിര്‍ണായക സമയത്ത് ശൂ എന്ന് ചുരുങ്ങിപ്പോവുമായിരുന്നു.

എന്തു ചെയ്യാം, എല്ലാത്തിനും ഒരു സമയമുണ്ടല്ലോ ദാസാ.

മൊബൈലൊക്കെ വന്നതോടെ സിനിമാക്കഥയൊക്കെ ഏറെ മാറിയതാണ്. അറിയേണ്ട കാര്യം വേണ്ട നേരത്ത് തന്നെ അറിയാന്‍ തുടങ്ങിയപ്പോള്‍ സസ്പെന്‍സിന് വേറെ ആളെ നോക്കേണ്ടി വന്നു, തിരക്കഥാകൃത്തുക്കള്‍ക്ക്. അവരാപ്പണി നന്നായിത്തന്നെ ചെയ്തു. പുതിയ കാലത്തിന് പറ്റുന്ന വിധത്തില്‍ പുതിയ തക്കിടി വിദ്യകള്‍ വന്നു. പുതിയ തന്ത്രങ്ങള്‍. അങ്ങനെ, പ്രേക്ഷകര്‍ക്ക് പിന്നെയും ആകാംക്ഷയുടെ കറന്റടിച്ചു.

മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും, പക്ഷേ, ലാല്‍ ജോസിന്റെ പുതിയ സിനിമക്ക് ബാധകമല്ല. ബോബി സഞ്ജയ് ആദ്യമായി ലാല്‍ജോസിനൊപ്പം ചേരുന്ന ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമ മൊബൈല്‍ ഫോണ്‍ വരുംമുമ്പുള്ള ദണ്ണം പിടിച്ച കാലത്തെ ഫ്ലാഷ്ബാക്കിലൂടെ കൂട്ടു പിടിച്ചാണ് മുന്നോട്ടു പോവുന്നത്. ഹൈറേഞ്ചിലെ വില്ലന്‍റോഡുകളിലൊന്നില്‍ നട്ടപ്പാതിരയ്ക്ക് കുടുങ്ങിപ്പോവുന്ന നായകന് അക്കാര്യം മൊബൈല്‍ ഫോണ്‍ വഴി അറിയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, രജിസ്റ്റര്‍ മാര്യേജിനായി കാത്തിരിക്കുന്ന കാമുകിക്കും സുഹൃത്തുക്കള്‍ക്കും ആ സന്ദര്‍ഭം കൂളായി മാനേജ് ചെയ്യാന്‍ കഴിഞ്ഞേനെ. അങ്ങനെയെങ്കില്‍, കല്യാണം പിന്നൊരിക്കല്‍ നടത്താവുന്ന സെറ്റപ്പ് ഒരുങ്ങിവന്നേനെ.സംഗതിവശാല്‍, കാമുകിയെ നഷ്ടപ്പെട്ട്, വിഷാദരോഗിയെപ്പോലെ തേരാപ്പാരാ നടക്കാതെ കാമുകന്‍ പെണ്ണുംകെട്ടി ഉള്ള പെടാപ്പാടുമായി കഴിഞ്ഞുപോയേനെ. ഡോക്ടറെന്ന പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധയൂന്നി സാമൂഹിക പ്രതിബദ്ധതയുള്ള പ്രതിഭാശാലിയായി പണ്ടാരടങ്ങാതെ, നാലുംകാശും സമ്പാദിച്ച്, മറ്റ് സ്വാശ്രയകോളജ് കുരുന്നുകളെപ്പോലെ ശിഷ്ടകാലം ആമോദമായി കഴിഞ്ഞേനെ. അങ്ങനെയെങ്കില്‍ എന്തായേനെ, ഈ സിനിമ ?

 

 

രവി തരകനും ചെഗുവേരയും
പറഞ്ഞുവരുന്നത്, സിനിമ അത്ര മോശമാണ് എന്നൊന്നുമല്ല. ഇക്കൊല്ലം ലാല്‍ജോസ് ചെയ്ത മൂന്നാമത്തെ ചിത്രം, നിലവാരം ശരാശരിയെങ്കിലും തെറിപ്പാട്ടു സാഹിത്യത്തില്‍ക്കിടന്നു കറങ്ങുന്ന ന്യൂജനറേഷന്‍ സാഹസങ്ങളുടെ കാലത്ത്, സന്തോഷത്തോടെ കണ്ടിറങ്ങാവുന്ന ഒന്നു തന്നെയാണ്. സമീപകാലത്തിറങ്ങിയ പലതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊള്ളാവുന്ന ഉരുപ്പടി.

സാക്ഷാല്‍ ഏണസ്റ്റോ ചെഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിയെ ഓര്‍മ്മിപ്പിക്കും വിധം, പുറം ലോകത്തെക്കുറിച്ച് വലിയ പിടിപാടില്ലാത്ത ഒരു ഡോക്ടര്‍ കുഞ്ഞിനെ, അനുഭവത്തിന്റെ തീച്ചൂളയിലൂടെ കടത്തിവിട്ട് സാമൂഹിക പ്രതിബദ്ധതയുള്ള, മനുഷ്യപ്പറ്റുള്ള ഒരു ഭിഷഗ്വരനായി വളര്‍ത്തുന്ന കഥയാണ് ‘അയാളും ഞാനും തമ്മില്‍’. ചെഗുവേരയുടെ കാലമല്ല, സ്വാശ്രയ മെഡിക്കല്‍ കോളജ് കാലമാണ്. അതിനാല്‍, കമ്യൂണിസ്റ്റായി ജ്ഞാനസ്നാനം ചെയ്യുന്നതിനു പകരം മനുഷ്യപ്പറ്റുള്ള ഡോക്ടറായി വളരുകയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഡോ. രവി തരകന്‍. അനുഭവങ്ങള്‍ക്കായി പുള്ളി ചെന്നെത്തുന്നത് ചെഗുവേരയെപ്പോലെ മോട്ടോര്‍ സൈക്കിള്‍ യാത്രയുടെ കടുംവെയില്‍ യാഥാര്‍ത്ഥ്യത്തിലല്ല. നന്‍മ എന്നത് വെറും വാക്കല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുന്ന ഒരു ആരോഗ്യനികേതനത്തിലാണ്. മൂന്നാറില്‍ പാവങ്ങള്‍ക്കായി ഭിഷഗ്വരവൃത്തി ചെയ്യുന്ന ഡോ. സാമുവലിന്റെ ആശുപത്രിയില്‍. അവിടന്നങ്ങോട്ട് മനുഷ്യപ്പറ്റുള്ള ഡോക്ടറായുള്ള രവി തരകന്റെ വളര്‍ച്ചയുടെ പല കൈവഴികള്‍ പറയുന്നതാണ് ചിത്രം.

കനത്ത മഴയിലൂടെ ഡോ. രവി ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പാഞ്ഞെത്തുന്ന ഒരു ആംബുലന്‍സിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. ആംബുലന്‍സില്‍ ഒരു പെണ്‍കുട്ടിയും രക്ഷിതാക്കളുമാണ്. അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ മരിച്ചുപോവുന്ന അവസ്ഥയില്‍ അവള്‍. ശക്ത്രക്രിയ വേണ്ടെന്ന പിതാവിന്റെ നിര്‍ദേശം മാനിക്കാതെ ഡോ. രവി അവള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നു. കുട്ടി മരിക്കുന്നതോടെ പ്രതിക്കൂട്ടിലാവുന്ന ഡോക്ടറെ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ, കാണാതാവുന്നു. ഫ്ലാഷ് ബാക്കിലൂടെ ഡോക്ടറുടെ ഭൂത കാലം അനാവരണം ചെയ്യുന്ന സിനിമ ഭൂത^വര്‍ത്തമാന^ഭാവി കാലങ്ങളിലൂടെ കയറിയിറങ്ങുന്നു.

 

 

ബാക്കിയാവുന്ന സംതൃപ്തി
പലയിടത്തും കൈവിട്ടു പോവുന്നുണ്ടെങ്കിലും ഒരു വിധം ആളെ പിടിച്ചിരുത്തുന്ന വിധത്തില്‍ കഥ പറയുന്നുണ്ട്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ദ്വയം. കഥാപാത്രങ്ങളെ ബുദ്ധിപൂര്‍വം ബന്ധിപ്പിക്കാനും കാര്യങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. മെഡിക്കല്‍ രംഗത്തെ അധാര്‍മിക പ്രവണതകളെ തുറന്നു കാണിക്കാനും നന്‍മയുള്ള ചില മനുഷ്യരെ പരിചയപ്പെടുത്താനും തല്ല് കിട്ടിയാലുടന്‍ ഉറുമി വീശാത്ത നായകനെ വാര്‍ത്തെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കൈയില്‍ കിട്ടിയ തിരക്കഥ, പണിയറിയാവുന്ന നല്ലൊരു തച്ചനെപ്പോലെ, നന്നായി ഉപയോഗിക്കാന്‍ ലാല്‍ജോസും മെനക്കെട്ടിട്ടുണ്ട്. പണ്ട് ചെയ്ത് ഹിറ്റാക്കിയ ക്ലാസ് മേറ്റ്സ് പലയിടത്തും കയറി ഇടപെടുന്നെങ്കിലും വ്യത്യസ്തമായ ദൃശ്യഭാഷ ഒരുക്കുന്നതില്‍ ചിലയിടങ്ങളിലൊക്കെ സംവിധായകന്‍ വിജയിക്കുന്നുണ്ട്. ജോമോന്‍ ടി ജോണിന്റെ മനോഹരമായ ക്യാമറ മികച്ച പിന്തുണയുമേകുന്നു.

വികാര പാരവശ്യത്താല്‍ ചില വേളകളില്‍ കൈവിട്ടു പോവുന്നെങ്കിലും അതിമാനുഷ നായകരുടെ താരക്കുപ്പായമഴിച്ചുവെച്ച് സാധാരണ മനുഷ്യനാവാന്‍ കഴിയുന്നുണ്ട്, പൃഥ്വിരാജിന്. ഡോ. സാമുവലിന്റെ വേഷമിട്ട പ്രതാപ് പോത്തനാണ് പലപ്പോഴും പൃഥ്വിയേക്കാള്‍ ഉള്ളു തൊടുന്നത്. ബ്ലാക്ക് ഹ്യൂമറായി മാറുന്ന പ്രകടനത്തിലൂടെ, സലിം കുമാറിന്റെ തോമാച്ചന്‍ എന്ന രോഗി അനായാസമായി സിനിമയില്‍ നിറയുന്നുണ്ട്. പ്രേമിക്കാനും നായകനെ സപ്പോര്‍ട്ട് ചെയ്യാനുമൊക്കെയായി സംവൃത സുനില്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നീ മൂന്ന് നായികമാര്‍ പാഞ്ഞുനടക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

ഇതൊക്കെ പറഞ്ഞാലും, എല്ലാം കഴിഞ്ഞിറങ്ങുമ്പോഴും ആളുകളുടെ മുഖത്ത് ഇത്തിരി സംതൃപ്തിയെങ്കിലും ബാക്കി നില്‍ക്കുന്നുണ്ട്. അത് ഈ സിനിമയുടെ നന്‍മ തന്നെയാണ്.

 

 

ആശുപത്രി സിനിമയാവുമ്പോള്‍
ക്യാമറയിലല്ലാതെ ദിവസവും സിനിമകള്‍ നേര്‍ക്കുനേര്‍ അരങ്ങേറുന്ന ഇടങ്ങളാണ് ആശുപത്രികള്‍. ജീവിതവും മരണവും ഒരേ നൂല്‍പ്പാലത്തിലൂടെ നടക്കുന്ന ചികില്‍സാ ഇടങ്ങള്‍. ഒരേ സമയം ആനന്ദത്തിന്റെയും ആശങ്കയുടെയും നിരാശയും പ്രതീക്ഷയുടെയും നൂല്‍പ്പാലമാണവ. വികാരങ്ങള്‍ മാറി മാറി വിടരുന്ന, കാഴ്ചക്കാരെ സാഹസികതയും, ആകാംക്ഷയും, പ്രത്യാശകളും നിറയുന്ന നേരങ്ങളിലേക്ക് റാഞ്ചിക്കൊണ്ടുപോവുന്ന ആശുപത്രിമുറികളുടെ സിനിമാറ്റിക് സ്വഭാവമാവണം ലോകമെങ്ങുമുള്ള ക്യാമറകളെ രോഗശയ്യകളിലേക്ക് നിരന്തരം കൊണ്ടു പോവുന്നത്. ചികില്‍സയും ഡോക്ടറും രോഗിയും ശസ്ത്രക്രിയാ മുറികളിലെ ജയ പരാജയങ്ങളുമെല്ലാം അങ്ങേയറ്റം സിനിമാറ്റിക്കായ ഘടകങ്ങളായി ചലച്ചിത്ര വ്യവസായം തിരിച്ചറിയുന്നത്.

എന്നാല്‍, അത്രയെളുപ്പമല്ല ആശുപത്രികളെ സിനിമാ ഇടങ്ങളാക്കാന്‍. മുഖ്യ പ്രശ്നം ദൃശ്യപരമാണ്. വെളുത്തതോ നരച്ചതോ ആയ ചുവരുകളാവും എന്നും ആശുപത്രി ലൊക്കേഷന്‍. ഒരേ നിറമുള്ള യൂനിഫോമണിഞ്ഞ ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും. മുറികള്‍ക്കും ശസ്ത്രക്രിയാ മേശകള്‍ക്കും ചികില്‍സാ ഉപകരണങ്ങള്‍ക്കുമൊന്നും ഒരിക്കലും അവകാശപ്പെടാനുമാവില്ല വര്‍ണാഭ. അതിനാല്‍, കാഴ്ചക്കാരന്‍ സദാ നരച്ച കാഴ്ചകളില്‍ തന്നെ കുടുങ്ങിക്കിടക്കേണ്ടി വരും.

ഇതിനപ്പുറമാണ്, ഒരേ വികാരങ്ങളുടെ ആവര്‍ത്തനം. പ്രേക്ഷകരുടെ മുന്നില്‍ രോഗ^യാതനകളും സങ്കടങ്ങളും വലിഞ്ഞു മുറുകലും രക്തസമ്മര്‍ദ്ദം കൂട്ടുന്ന ദൃശ്യങ്ങളും നിരന്തരം നിറയ്ക്കേണ്ടി വരും. എളുപ്പം മടുപ്പിലേക്ക് വഴുതി പോകാവുന്ന സാഹചര്യം. പ്രേക്ഷകരെ രോഗപീഡകളുടെ വലിഞ്ഞുമുറുകിയ മുഖങ്ങളിലേക്ക് രണ്ടര മണിക്കൂര്‍ പിടിച്ചു നിര്‍ത്തുക എന്നത് എളുപ്പമേയല്ല.

പറയുന്നത് ആശുപത്രിയുടെ കഥയാണെങ്കിലും പുറം ലോകത്തെ കൂടി സിനിമക്കകത്ത് വേണ്ട രീതിയില്‍ വിന്യസിക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. ഫ്ലാഷ്ബാക്കിലൂടെയും പുറം കാഴ്ചകളിലൂടെയും വര്‍ണാഭവും ഉന്‍മേഷദായകവുമായ ഫ്രെയിമിങിലൂടെയും പ്രേക്ഷകരെ മടുപ്പില്‍ നിന്ന് കരകയറ്റുക. കഥ നടക്കുന്നത് ആശുപത്രിയിലെങ്കിലും കാമ്പസും പുറം ലോകവുമെല്ലാം സിനിമക്കകത്തു വരുമ്പോള്‍, വികാരങ്ങളുടെ മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളില്‍നിന്നും ദൃശ്യ പരിചരണത്തിന്റെ ഏകതാനതയില്‍നിന്നും പ്രേക്ഷകനു കരകയറാനാവും.

‘അയാളും ഞാനും തമ്മില്‍’ പരീക്ഷിക്കുന്നതും ഈ സാധ്യതയാണ്. ആശുപത്രി മുറികളുടെ പുറം സാധ്യതകള്‍. ചികില്‍സാ രംഗത്തെക്കുറിച്ചുള്ള ഒരു സിനിമയെന്ന ലേബല്‍ വീഴാതിരിക്കാന്‍ തുടക്കം മുതല്‍ പിന്നണി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തതും അതു കൊണ്ടാണ്. ഇത് കേവലം ചികില്‍സയുടെ കഥയല്ലെന്നും കാമ്പസും ജീവിതത്തിന്റെ മറ്റു ഇടങ്ങളും നിറയുന്ന വര്‍ണപ്പകിട്ടാര്‍ന്ന അനുഭവം കൂടിയാണെന്നും സംവിധായകനും തിരക്കഥാകൃത്തുക്കളും ഏതാണ്ടെല്ലാ അഭിമുഖങ്ങളിലും പറയുന്നുണ്ട്. ലേബലടിയില്‍നിന്ന് രക്ഷപ്പെടാനുള്ള ആത്മാര്‍ത്ഥ ശ്രമം തന്നെയാണ് പോസ്റ്ററുകളില്‍ കാമ്പസ് സീനുകള്‍ക്ക് നല്‍കിയിരിക്കുന്ന അമിത പ്രാധാന്യവും.

 

 

‘ക്ലാസ് മേറ്റ്സിന്റെ ഇടപെടല്‍
സിനിമയെ കൂടുതല്‍ വാച്ചബിള്‍ ആക്കാനാണ് ഈ ശ്രമമെങ്കിലും അശ്രദ്ധമായി കൈകാര്യം ചെയ്തതിനാല്‍ സിനിമയുടെ ഏകാഗ്രതയെ ഇതേറെ ബാധിക്കുന്നുണ്ട്. കാമ്പസ്, പ്രണയ സീനുകള്‍ സിനിമയുടെ പൊതു സ്വഭാവത്തില്‍നിന്ന് മാറി നില്‍ക്കുന്നു. ചടുലമായ തിരക്കഥയെ വശങ്ങളിലേക്ക് ചിതറിച്ചു കളയുന്ന വിധത്തിലാവുന്നു, പലപ്പോഴുമിത്.

ആശുപത്രി സിനിമകളുടെ സിനിമാറ്റിക് പ്രതിസന്ധി ബുദ്ധിപരമായി മറികടക്കുന്നതിനു പകരം പറഞ്ഞു പഴകിയ വഴികളിലൂടെ തന്നെ നടക്കുകയാണ് സംവിധായകന്‍. പ്രണയം, കാമ്പസ് എന്നിവ ചിത്രീകരിക്കുമ്പോള്‍ പഴയ ‘ക്ലാസ് മേറ്റ്സ്’ കയറി കളിക്കുന്നുണ്ട്. അതിനാല്‍, പലപ്പോഴും സ്വന്തം വ്യക്തിത്വത്തിലേക്ക് ഉയരാന്‍ ഇതിലെ കാമ്പസ് കഥാപാത്രങ്ങള്‍ക്കു കഴിയുന്നില്ല. പ്രേമം തവിടുപൊടിയാവുന്ന ക്ഷണം തന്നെ വിഷാദഗാനം ഓരിയിട്ട്, ഓര്‍മ്മകളും താലോലിച്ച് നടക്കുന്ന പ്രാചീനമായ നാട്ടുനടപ്പ് തന്നെ ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. ടൈറ്റില്‍ അവതരിപ്പിക്കുമ്പോഴും ആശുപത്രി രംഗങ്ങളിലും മറ്റും കാണിക്കുന്ന ശ്രദ്ധയൊന്നും സിനിമയിലെ കാമ്പസ്, പ്രണയ രംഗങ്ങളില്‍ സംവിധായകന്‍ കാണിക്കുന്നില്ല.

ക്ലാസ് മേറ്റ്സിലെ നായകരായ പൃഥ്വിരാജും നരേനും ഗിറ്റാറുമെടുത്ത് പാട്ടുപാടിത്തുടങ്ങുന്നതോടെ തുടങ്ങുന്ന ക്ലാസ് മേറ്റ്സ് കളികള്‍, പിന്നീട് ഗാനരംഗത്തുടനീളമുണ്ട്. പ്രണയലേഖനം കൈമാറുന്നതു മുതല്‍, സൈനുവിന്റെ (സംവൃത സുനില്‍) പ്രണയത്തിലെ പിതാവിന്റെ ഇടപെടല്‍ വരെ ക്ലാസ് മേറ്റ്സിനെ ഓര്‍മ്മിപ്പിക്കുന്നു. പ്രേക്ഷകന്‍ അറിയാത്ത സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം പിന്നീടുള്ള രംഗങ്ങളിലൂടെ ബോധ്യപ്പെടുത്തുന്ന ആഖ്യാന തന്ത്രമായിരുന്നു ക്ലാസ് മേറ്റ്സ് സിനിമയുടെ ഹൈലൈറ്റുകളിലൊന്ന്. ഇത്, അതേ പടി ഈ സിനിമയിലും രണ്ടു മൂന്നിടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.

സൂക്ഷ്മമായി നോക്കിയാല്‍, ക്ലാസ് മേറ്റ്സിന്റെ കഥാഘടന തന്നെയാണ് ഇതിനുമെന്നും കാണാം. ക്ലാസ് മേറ്റ്സിന്റെ ആഖ്യാന ഘടന നോക്കൂ- ഞെട്ടിക്കുന്ന ഒരു സംഭവം നടക്കുന്നു. അതിനെത്തുടര്‍ന്ന് കഥാനായകന്റെ ഭൂത കാലം ഫ്ലാഷ്ബാക്കിലൂടെ ഇതള്‍വിരിയുന്നു. ഭൂത-വര്‍ത്തമാന കാലങ്ങള്‍ ഇഴചേര്‍ത്ത് കഥ പറയുന്നു. ആദ്യമറിയാത്ത വെളിപ്പെടുത്തലുകളിലൂടെ കഥയുടെ ദുരൂഹത നീങ്ങുന്നു^ഏതാണ്ട് ഇതേ രൂപ ഘടന തന്നെയാണ് അയാളും ഞാനും തമ്മില്‍ എന്ന സിനിമക്കും.

ക്ലാസ് മേറ്റ്സില്‍ നായകന് നേരെ വധശ്രമം നടക്കുന്നു. ഇവിടെ, നായകനെ വലിയ ദുരന്തത്തില്‍നിന്നും രക്ഷപ്പെടുന്നതിനിടെ കാണാതാവുന്നു. പിന്നെ കാമ്പസ് ഫ്ലാഷ്ബാക്ക്. ഇടക്കിടെ വര്‍ത്തമാന കാല ദൃശ്യങ്ങള്‍ കയറിവരുന്നു. ക്ലാസ് മേറ്റ്സിന്റെ ക്ലൈമാക്സില്‍ സ്തോഭജനകമായ ഒരു വെളിപ്പെടുത്തലാണ്. ഇവിടെ കുട്ടിയുടെ അമ്മ നടത്തുന്ന വെളിപ്പെടുത്തലാണ് നിര്‍ണായകമാവുന്നത്. ക്ലാസ് മേറ്റ്സില്‍, തന്നെ ആളാക്കിയ പഴയ സ്ഥലത്തേക്കു തന്നെ നായകന്‍ തിരിച്ചുപോവുന്നതോടെ സിനിമ തീരുന്നു. തന്നെ രൂപപ്പെടുത്തിയ മൂന്നാറിലെ പഴയ ആശുപത്രിയിലേക്കു തന്നെ തിരിച്ചുപോവുകയാണ് ഇവിടെ നായകനായ ഡോ. രവി തരകന്‍.

 

 

തിരക്കഥയുടെ ബലഹീനത
ചടുലമാണ് തിരക്കഥയെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളില്‍ അത് പലയിടത്തും ദുര്‍ബലമാവുന്നത് കാണാം. നേരത്തെ സൂചിപ്പിച്ച മൊബൈല്‍ ഫോണ്‍ കഥ പോലെ ദുര്‍ബലമായ അനേകം ഘടകങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ഉദാഹരണമായി കഥയുടെ മര്‍മം തന്നെ.

രക്ഷിതാക്കളുടെ സമ്മത പത്രമില്ലാതെ ഒരു ഡോക്ടര്‍ ഒറ്റയടിക്ക് നടത്തുന്ന ശസ്ത്രക്രിയയില്‍ രോഗിയായ കുട്ടി മരിക്കുന്നതും അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥയുടെ കേന്ദ്രബിന്ദു.

ശസ്ത്രക്രിയ അനിവാര്യമായ കുട്ടിയുടെ പിതാവ് അതിന് അനുവദിക്കുന്നില്ല. ശസ്ത്രക്രിയ ചെയ്താല്‍ മകള്‍ രക്ഷപ്പെടാനുള്ള സാധ്യത പത്തുശതമാനമേ ഉള്ളൂ എന്നതാണ് പുള്ളി പറയുന്ന കാരണം. ഇതല്ലാത്ത മറ്റൊരു കാരണവും യുക്തിഭദ്രമായി വ്യക്തമാക്കപ്പെടുന്നില്ല. ക്രിമിനല്‍ മനസ്സുള്ള, വഴക്കാളിയായ ഒരാളായി ഈ പിതാവ് പിന്നീട് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതൊന്നും ഒരു തെളിഞ്ഞ കാരണമായി അവതരിപ്പിക്കപ്പെടുന്നില്ല.

അതിനേക്കാള്‍ വിചിത്രമാണ്, അത്തരമൊരു കുട്ടിയെ സ്വതാല്‍പ്പര്യ പ്രകാരം ശസ്ത്രക്രിയ നടത്താനുള്ള ഡോ. രവിയുടെ തീരുമാനം. ശസ്ത്രക്രിയക്ക് രോഗിയുടെ ഉറ്റവരുടെ സമ്മതപത്രം അവശ്യഘടകമാണ്. അനുമതിയില്ലാത്ത ശസ്ത്രക്രിയ നടത്താന്‍ കോമണ്‍സെന്‍സുള്ള ഒരാളും തയ്യാറാവുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച്, ഡോ. രവി തരകനെപ്പോലെ പരിചയ സമ്പത്തും പക്വതയുമുള്ള ഒരാള്‍. അത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കപ്പെടാന്‍ മാത്രം ശക്തവും യുക്തിഭദ്രവുമല്ല സിനിമയുടെ അവസാനം കുട്ടിയുടെ മാതാവ് വെളിപ്പെടുത്തുന്ന ആ കാരണം. (ക്ലൈമാക്സ് വെളിപ്പെടുത്തുന്നില്ല).

ശസ്ത്രക്രിയയില്‍ കുട്ടി മരിക്കുകയും ഗുണ്ടാ ആക്രമണം പോലൊന്ന് ആശുപത്രിയില്‍ സംഭവിക്കുകയും ചെയ്യുമ്പോഴും നായകന്റെ പ്രതികരണം വിചിത്രമാണ്. ആശുപത്രിയുടെ ചില്ലുകള്‍ അടിച്ചു നുറുക്കുന്ന അക്രമികളോട് ‘ഞാന്‍ പോയി സംസാരിക്കട്ടെ എന്നു പറഞ്ഞ് മുന്നോട്ടു കുതിക്കുകയാണ് താടിയും മുടിയും നരച്ച, പരിപക്വമായ മനസ്സുള്ള ഈ മുതിര്‍ന്ന ഡോക്ടര്‍! നല്ല അടി നാട്ടില്‍ കിട്ടുമ്പോള്‍ ആരും പുറത്തുപോയി ഇരന്നു വാങ്ങാറില്ല എന്ന് തിരക്കഥാകൃത്ത് മറന്നുപോയിക്കാണണം.

സമാനമാണ്, ഡോക്ടര്‍ രവിയുടെ പ്രണയ വിവാഹം മുടങ്ങിപ്പോവാനിടയായ സംഭവവും. പാതിരായ്ക്ക് ഹെയര്‍പിന്‍ വളവുകളിലൂടെ നായകന്‍ പാഞ്ഞുപോവുമ്പോഴേ കാണുന്നവര്‍ക്കറിയാം, ഇതൊരു ദുരന്തത്തിലേക്കാണ് പോക്കെന്ന്. കലാഭവന്‍ മണിയുടെ കഥാപാത്രം ഉടനെത്തി അലമ്പുണ്ടാക്കുമെന്ന് ഏത് ഉറക്കംതൂങ്ങിക്കും പ്രവചിക്കാം.

ആ വിധത്തില്‍ അനേകം സംഭവങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയ ശേഷമാണ് നായകനെ റോട്ടിലയക്കുന്നത്. പിതാവ് വന്നെത്തി കാമുകിയെ വലിച്ചിഴച്ച് കൊണ്ടുപോയ ഉടന്‍ രംഗത്തേക്ക് പാഞ്ഞെത്തുന്ന നായകന്‍ വിവരമറിഞ്ഞ് തകര്‍ന്നുപോവുന്നതും പിന്നീട് പെണ്ണിന്റെ വീട്ടില്‍ചെന്ന് ബഹളമുണ്ടാക്കുന്നതുമെല്ലാം എത്രയോ സിനിമകളില്‍ നാം കണ്ടതും ഇനിയും ഏതു നേരവും പ്രതീക്ഷിക്കുന്നതുമാണ്. അതിഭാവുകത്വങ്ങള്‍ അഴിച്ചു വെച്ച് നായകനെ സാധാരണ മനുഷ്യനാക്കാന്‍ സൂക്ഷ്മത പുലര്‍ത്തിയ ഒരു സിനിമ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം കവാത്ത് മറക്കുന്നത് എന്തു കൊണ്ടാവും?

 

 

ഡോക്ടര്‍ തിരക്കഥ എഴുതുമ്പോള്‍
സിനിമ പുറത്തിറങ്ങുന്നതിനു മുമ്പും പിമ്പും നടന്ന അഭിമുഖങ്ങളിലെല്ലാം ആവര്‍ത്തിച്ചു കേട്ട ഒരു കാര്യം തിരക്കഥാകൃത്തുക്കളിലാരാളായ ബോബി ഡോക്ടറാണ് എന്നതാണ്. ബോബിയുടെ പ്രൊഫഷനല്‍ അനുഭവങ്ങളും അറിവുമാണ് കഥയുടെ ട്രാക്ക് തീരുമാനിച്ചതെന്ന് അഭിമുഖങ്ങളിലൊന്നില്‍ സഹ തിരക്കഥാകൃത്ത് സഞ്ജയ് തന്നെ പറയുന്നുണ്ട്. ആ നിലക്ക്, മെഡിക്കല്‍ പ്രൊഫഷനെക്കുറിച്ച് നല്ല പിടിപാടുള്ള, അക്കാര്യത്തില്‍ അബദ്ധങ്ങള്‍ പിണയാന്‍ സാധ്യതയില്ലാത്ത ഒരാളുടെ സാന്നിധ്യമാണ് നാം പ്രതീക്ഷിക്കുക.

എന്നാല്‍, ബോബി ഇക്കാര്യത്തില്‍ നിരാശപ്പെടുത്തുകയാണ്. ഡോ. രവി എത്തിപ്പെടുന്ന നിര്‍ബന്ധിത ഗ്രാമീണ സേവനത്തെക്കുറിച്ച് (Compulsory Rural Services^CRS) സിനിമ പുലര്‍ത്തുന്ന അജ്ഞത അക്കാര്യം വെളിപ്പെടുത്തുന്നു. മറ്റെന്തോ സമ്പ്രദായത്തെക്കുറിച്ചല്ല്ല, കൃത്യമായും ഇതേ സിസ്റ്റത്തെക്കുറിച്ചു തന്നെയാണ് സിനിമയിലെ പ്രിന്‍സിപ്പല്‍ പറയുന്നത്.

ഗവ. മെഡിക്കല്‍ കോളജുകളില്‍ പഠിച്ചിറങ്ങുന്നവര്‍ അതാത് സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു വര്‍ഷം നിര്‍ബന്ധിത സേവനം നടത്തണമെന്ന വ്യവസ്ഥയാണ് Compulsory Rural Services- CRS. അഞ്ചാറു വര്‍മായിട്ടേയുള്ളൂ ഈ സമ്പ്രദായം നിലവില്‍വന്നിട്ട്. ഫ്ലാഷ് ബാക്കില്‍ പറയുന്ന കാലഗണന ശരിയെങ്കില്‍, മൊബൈല്‍ ഫോണ്‍ നിലവിലില്ലാത്ത അക്കാലത്ത് ഇത് നിലവില്‍ വന്നിട്ടേയില്ല. ഇനി അതു വന്നാല്‍ തന്നെ അത് കൈകാര്യം ചെയ്യുന്നത് സിനിമയില്‍ കാണിക്കുന്നത് പോലെ കോളജ് പ്രിന്‍സിപ്പലല്ല. മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറാണ്. കേരളത്തിനു പുറത്തുള്ള ചിറാപുഞ്ചിയും കേരളത്തിലെ മൂന്നാറും ആ പട്ടികയില്‍ ഒന്നിച്ചു വരുന്നതും നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണ്.

ഫ്ലാഷ്ബാക്ക് പ്രയോഗിക്കുമ്പോള്‍ സാധാരണയായി ശ്രദ്ധിക്കാറുള്ള ഒന്നാണ് സിനിമയിലെ കാലഗണന. രണ്ട് കാലങ്ങള്‍ ഒന്നിച്ചു വരുമ്പോള്‍ അതാത് കാലങ്ങളുടെ സവിശേഷതകള്‍ വ്യക്തമായി അടയാളപ്പെടുത്തിയില്ലെങ്കില്‍ ആശയക്കുഴപ്പം സ്വാഭാവികമാണ്. ഇത് പരിഹരിക്കാന്‍ രണ്ട് കാലങ്ങളിലെ വേഷവിധാനങ്ങള്‍ മുതല്‍ പശ്ചാത്തലം വരെ സൂക്ഷ്മമായി ശ്രദ്ധിച്ച് അവതരിപ്പിക്കേണ്ടതുണ്ട്.

ഈ സിനിമയിലെ ഫ്ലാഷ്ബാക്ക് കാലം ശ്രദ്ധിച്ചുനോക്കൂ. മാരുതി കാര്‍, ചുവരെഴുത്ത്, തുടങ്ങിയ ചില കാര്യങ്ങള്‍ ഏറെ ശ്രദ്ധിച്ചാണ് ഉപയോഗിച്ചത്. എന്നാല്‍, കഥാപാത്രങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നോക്കൂ. ആഭരണങ്ങള്‍ നോക്കൂ. പശ്ചാത്തലങ്ങള്‍ ശ്രദ്ധിക്കൂ. അതെല്ലാം പുതിയ കാലത്തെയാണ് സൂചിപ്പിക്കുന്നത്. പുതിയ കാലത്തെ ട്രെന്റ് വസ്ത്രധാരണവും എടുപ്പം മറ്റും. ചിലയിടങ്ങളില്‍ ഒരു കാലവും മറ്റ് ചിലയിടങ്ങളില്‍ മറ്റൊരു കാലവും. ക്ലാസ് മേറ്റ്സിലൊക്കെ ഇത്തരം കാര്യങ്ങള്‍ എത്ര ശ്രദ്ധയോടെയാണ് ലാല്‍ജോസ് കൈകാര്യം ചെയ്തത് എന്നോര്‍ക്കുമ്പോഴാണ് ഈ അശ്രദ്ധയുടെ ആഴം വ്യക്തമാവുക.

 

 
മുസ്ലിം സ്റ്റീരിയോ ടൈപ്പുകള്‍
മലയാള സിനിമയിലെ മുസ്ലിം പ്രതിനിധാനത്തെക്കുറിച്ച ഗൌരവമായ അനേകം പഠനങ്ങളും ചര്‍ച്ചകളും ഇതിനകം നടന്നിട്ടുണ്ട്. മുസ്ലിം കഥാപാത്രങ്ങള്‍ സ്റ്റീരിയോ ടൈപ്പായി പ്രത്യക്ഷപ്പെടുന്നതിന്റെ രാഷ്ട്രീയവും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ചര്‍ച്ച ചെയ്യാവുന്ന ഒന്നാണ്, ഈ സിനിമയിലെ നായികയായ സൈനയുടെ അവതരണം. നായകനായ രവിയോടൊപ്പം മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന, അയാളോടൊപ്പം പ്രണയബദ്ധയായി കാമ്പസിലൂടെ നടക്കുന്ന അവള്‍ക്ക് എന്നാല്‍, പിന്നീട് കാമുകി എന്ന അസ്തിത്വം മാത്രമേയുള്ളൂ. അങ്ങേയറ്റം ഉഴപ്പനായ രവി പോലും പഠനശേഷം ചികില്‍സയില്‍ മുഴുകുമ്പോള്‍, അവളുടെ പ്രൊഫഷനെക്കുറിച്ച് നേരിയ പരാമര്‍ശം പോലുമില്ല, സിനിമയില്‍. കോഴ്സ് കഴിഞ്ഞോ, ജോലി കിട്ടിയോ, സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന അവസ്ഥയിലാണോ എന്നീ കാര്യങ്ങളൊന്നും സിനിമ പറയുന്നില്ല. മറിച്ച്, ചികില്‍സയിലേക്കും അതിന്റെ ധാര്‍മികതയിലേക്കും ജ്ഞാനസ്നാനം ചെയ്യുന്ന രവിയുടെ നേരെ എതിര്‍വശത്ത്, കല്യാണം കഴിക്കുക എന്ന ഒറ്റ ഡിമാന്റുമായി നില്‍ക്കുന്ന സൈനുവിനെയാണ് സിനിമ അവതരിപ്പിക്കുന്നത്.

സിനിമക്ക് കൂട്ടുകാര്‍ക്കൊപ്പം പോവുമ്പോള്‍ രവി അവള്‍ക്കൊരു പര്‍ദ പൊതിഞ്ഞുകൊടുക്കുന്നുണ്ട്. അതിടുമ്പോള്‍, അവള്‍ ആരാലും തിരിച്ചറിയപ്പെടുന്നില്ല. തിയറ്ററിന്റെ ഇരുട്ടില്‍ തൊട്ടടുത്തിരിക്കുന്ന മാതാപിതാക്കള്‍ക്കു പോലും അവളെ മനസ്സിലാവുന്നില്ല.

കര്‍ക്കശക്കാരനായ ബാപ്പ ബലമായി പിടിച്ചുകൊണ്ടുപോവുന്നതിലൂടെയാണ് ക്ലാസ് മേറ്റ്സിലെ മുസ്ലിം പെണ്‍കുട്ടി വൈവാഹിക ജീവിതത്തിന്റെ ദുരന്തത്തിലേക്കും പ്രണയ നഷ്ടത്തിലേക്കും പതിക്കുന്നത്. സമാനമാണ് ഈ സിനിമയിലും സംഭവിക്കുന്നത്. ദുഷ്ടനായ പിതാവ്, കൃത്യ സമയത്തെത്തി അവളെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടു പോവുന്നു. കാത്തിരിക്കുന്ന പ്രണയത്തില്‍നിന്ന് നിര്‍ബന്ധിത വിവാഹത്തിലേക്കാണ് അയാളവളെ വലിച്ചെറിയുന്നത്.

അതെത്ര ദുരിതമയമാണെന്ന്, വെള്ളത്തലക്കെട്ട് കെട്ടിയ മതപുരോഹിതന്‍മാരുടെ തുറിച്ചുനോട്ടങ്ങള്‍ക്കിടെ കല്യാണവേഷത്തില്‍ പൊതിഞ്ഞുള്ള അവളുടെ പാട്ടുസീനിലെ നില്‍പ്പ് വ്യക്തമാക്കുന്നുണ്ട്. മലയാള സിനിമ നിരന്തരം സാക്ഷ്യം വഹിക്കുന്ന മുസ്ലിം സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളുടെ ദുര്‍വിധി തന്നെയാണ് സൈനുവിനും. ക്ലാസ്മേറ്റ്സിനെപ്പോലെ അവളുടെ വിവാഹാനന്തര ജീവിതത്തിന്റെ ദുരന്തത്തെക്കുറിച്ച് വിശദീകരിക്കുന്നില്ലെങ്കിലും ഈ സിനിമയും പറയാതെ പറയുന്നത് അതു തന്നെയാണ്.

 

 

ഇതു കൂടി
അയാളും ഞാനും തമ്മില്‍^വാസ്തവത്തില്‍ എന്താണ് ഈ തലക്കെട്ടിന്റെ പൊരുള്‍. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഇക്കാര്യം ഏറെ ആലോചിച്ചു. പല ആളുകള്‍ കാണാതായ രവിയെ ഓര്‍മ്മയിലൂടെ പുന:സൃഷ്ടിക്കുന്ന കാര്യമാവണം കവി കരുതിയിരിക്കുക എന്നു തോന്നി. രവിയുമായി തങ്ങളോരോരുത്തര്‍ക്കുമുള്ള ബന്ധത്തെക്കുറിച്ച പ്രസ്താവനകള്‍ എന്ന നിലയില്‍ ഈ സിനിമയെ വായിക്കുമോ എന്നു സ്വയം ചോദിച്ചപ്പോള്‍ ഉത്തരം കിട്ടിയില്ല.

അങ്ങനെയൊന്നും പറയാനാവുന്ന രീതിയിലല്ല ഇതിന്റെ ഘടന. ഇനി, തിരക്കഥാകൃത്തുക്കളും സംവിധായകനും അതാണ് കരുതിയതെങ്കിലും അക്കാര്യം വിനിമയം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

അതല്ലെങ്കില്‍ പിന്നെ എന്തായിരിക്കും ഈ തലക്കെട്ടിന്റെ ഗുട്ടന്‍സ്?

ആര്‍ക്കും പിടി കിട്ടാത്ത തലക്കെട്ടുകള്‍ കാണിച്ച് ആളുകളെ അമ്പരപ്പിക്കുന്ന പതിവുണ്ടായിരുന്നു, ആധുനികതയുടെ കാലത്തെ മലയാള കഥയ്ക്ക്. ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ പുതു കാലത്ത് അത്തരമൊരു സാധ്യതയാവുമോ തിരക്കഥാകൃത്തുക്കളും സംവിധായകനും ആലോചിച്ചിരിക്കുക.

ഹാവോ, ആര്‍ക്കറിയാം…!
 
 
 
 

റണ്‍…. പ്രേക്ഷകരേ, റണ്‍….

 
 
 
 
സിംഹാസനം, മിസ്റ്റര്‍ മരുമകന്‍!, താപ്പാന, ‘റണ്‍ ബേബി റണ്‍’, ഫ്രൈഡേ…ഓണക്കാല മലയാള സിനിമകള്‍ മുഴുവന്‍ കണ്ട അന്നമ്മക്കുട്ടിയുടെ അനുഭവസാക്ഷ്യം
 
 
പെരുമഴ, ഉരുള്‍പൊട്ടല്‍, മേഘസ്ഫോടനം, ടാങ്കര്‍ പൊട്ടിത്തെറി, മുടിഞ്ഞ വിലക്കയറ്റം, പി.സി ജോര്‍ജ്… എല്ലാം ചേര്‍ന്ന് ഇടിവെട്ടുപോലൊരു ഓണമായിരുന്നു ഇത്തവണ മലയാളിക്ക്. ഇതിനെല്ലാമിടയില്‍ ഒരാശ്വാസത്തിനായി തിയറ്ററിലേക്കു പോയവര്‍ക്കും കിട്ടി കണക്കിന്. കൊട്ടിഘോഷിക്കപ്പെട്ട ഒരു നവതരംഗ മഹാമഹത്തിനു ശേഷം വന്ന ഈ ഓണക്കാലത്ത് മലയാളി സിനിമാപ്രേക്ഷകന് ലഭിച്ചത് വെറും പുളിച്ച പഴങ്കഞ്ഞി മാത്രം. ഒന്നോ രണ്ടോ ചെറുപ്പക്കാര്‍ മോശമല്ലാത്ത സിനിമയെടുത്തതുകൊണ്ടു മാത്രമൊന്നും മലയാള സിനിമയുടെ ശനിദശ തീരാന്‍ പോകുന്നില്ലെന്ന് തെളിയിക്കുന്നു ഈ ഉല്‍സവകാലത്ത് റിലീസ് ചെയ്ത സിനിമകള്‍. ഓണക്കാല മലയാള സിനിമകള്‍ മുഴുവന്‍ കണ്ട അന്നമ്മക്കുട്ടിയുടെ അനുഭവസാക്ഷ്യം…

 


 

പെരുമഴ, ഉരുള്‍പൊട്ടല്‍, മേഘസ്ഫോടനം, ടാങ്കര്‍ പൊട്ടിത്തെറി, മുടിഞ്ഞ വിലക്കയറ്റം, പി.സി ജോര്‍ജ്… എല്ലാം ചേര്‍ന്ന് ഇടിവെട്ടുപോലൊരു ഓണമായിരുന്നു ഇത്തവണ മലയാളിക്ക്. ഇതിനെല്ലാമിടയില്‍ ഒരാശ്വാസത്തിനായി തിയറ്ററിലേക്കു പോയവര്‍ക്കും കിട്ടി കണക്കിന്. കൊട്ടിഘോഷിക്കപ്പെട്ട ഒരു നവതരംഗ മഹാമഹത്തിനു ശേഷം വന്ന ഈ ഓണക്കാലത്ത് മലയാളി സിനിമാപ്രേക്ഷകന് ലഭിച്ചത് വെറും പുളിച്ച പഴങ്കഞ്ഞി മാത്രം. ഒന്നോ രണ്ടോ ചെറുപ്പക്കാര്‍ മോശമല്ലാത്ത സിനിമയെടുത്തതുകൊണ്ടു മാത്രമൊന്നും മലയാള സിനിമയുടെ ശനിദശ തീരാന്‍ പോകുന്നില്ലെന്ന് തെളിയിക്കുന്നു ഈ ഉല്‍സവകാലത്ത് റിലീസ് ചെയ്ത സിനിമകള്‍.

 

 

ഷാജിയുടെ സിംഹാസനം
എ.കെ സാജനും രഞ്ജി പണിക്കരും മുതല്‍ എസ്.എന്‍ സ്വാമിയും രാജേഷ് ജയരാമനും വരെ മാറിമാറി എഴുതിയിട്ടും ഗതിപിടിക്കാത്ത സഖാവ് ഷാജി കൈലാസ് അവസാനം സ്വയം തൂലികയെടുത്ത് തിരക്കഥയെഴുതാന്‍ ഒരുമ്പെട്ടതിന്റെ അനന്തരഫലമാണ് ‘സിംഹാസനം’. ഓണക്കാല പ്രേക്ഷകരെ ലക്ഷ്യമിട്ട് തിയറ്ററുകളില്‍ എത്തിയ സിംഹാസനം അത്തം ഒമ്പതും തികയും മുമ്പേ തിയറ്റര്‍ വിട്ടു. സീഡി അടുത്തയാഴ്ച കടകളില്‍ വരും. പ്രേക്ഷകര്‍ പ്രബുദ്ധരാണെന്ന് പ്രിഥ്വിരാജ് പറയുന്നത് എത്ര ശരിയാണ്!

കഴിഞ്ഞ പന്ത്രണ്ട് കൊല്ലത്തിനിടയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത 15 മലയാളം സിനിമകളില്‍ ‘ചിന്താമണി കൊലക്കേസ്’ മാത്രമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. ബാക്കിയെല്ലാം എട്ടുനിലയില്‍ പൊട്ടി. 2000 ത്തില്‍ വന്ന ‘വല്യേട്ടനു’ ശേഷം വലിയൊരു വിജയവും ഷാജിക്ക് ഉണ്ടായില്ല. സാക്ഷാല്‍ രഞ്ജി പണിക്കര്‍ എഴുതിയ ‘കിംഗ് ആന്റ് കമ്മീഷണര്‍’ പോലും പച്ച തൊട്ടില്ല. അങ്ങനെയാണ് സ്വയമങ്ങ് എഴുതിക്കളയാമെന്ന് ഷാജിക്കു തോന്നിയത്. വിനാശകാലേ തിരക്കഥാ ബുദ്ധി! പേനയും പേപ്പറുമെടുത്ത് അദ്ദേഹം നേരിട്ട് എഴുത്തുതുടങ്ങി.

അമ്പലം, ഉല്‍സവം, നാടുവാഴിയും പ്രതാപിയുമായ അച്ഛന്‍, സകലകലാവല്ലഭനായ മകന്‍, ഏറാന്‍ മൂളികളായ ഭൃത്യന്‍മാര്‍ തുടങ്ങി ഷാജി സിനിമകളില്‍ മുമ്പു കണ്ട സകല ഛര്‍ദികളും വീണ്ടും വാരിനിറച്ചൊരു ‘സിംഹാസനം’. പാവം പ്രിഥ്വിരാജ്! നല്ല സിനിമകള്‍ തിരിച്ചറിയാന്‍ ഇനിയെന്നാണ് ഈ നടന്‍ പഠിക്കുക?

തിലകന്‍ പറഞ്ഞത് എത്ര ശരിയാണ്. ”കഴിവുള്ള നടനായിരുന്നു രാജു. പക്ഷേ സൂപ്പര്‍സ്റ്റാര്‍ മോഹം തലക്കുപിടിച്ചുപോയി”. അതുകൊണ്ട് ‘ഹീറോ’യും ‘സിംഹാസന’വും പോലുള്ള ചവറുകള്‍ നമ്മുടെ രാജു ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ‘മഹാ ചലച്ചിത്രപ്രതിഭ’യെന്ന് പേരെടുത്തേ അടങ്ങൂവെന്ന് അദ്ദേഹം ഭഗവതിക്കു മുന്നില്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു. അതിനാല്‍ ‘ഉറുമി’ ബ്രഹ്മാണ്ഠ ചിത്രമെന്ന് വീമ്പിളക്കുന്നു. ‘വടക്കന്‍ വീരഗാഥ’യെ മറികടക്കുന്ന ചലച്ചിത്ര കാവ്യമാണ് ‘ഉറുമി’യെന്ന് പത്രക്കാരോട് ആവര്‍ത്തിക്കുന്നു. ഡോക്ടര്‍ ബിജുവിന്റെ ‘വീട്ടിലേക്കുള്ള വഴി’ പോലുള്ള ഒരു ശരാശരി സിനിമയുടെ അന്യഭാഷാ റൈറ്റ് വാങ്ങി അത് ഹിന്ദിയില്‍ എടുക്കാന്‍ പോകുന്നു.

ചിലര്‍ അങ്ങനെയാണ്. അതിസമര്‍ഥരാവാനുള്ള ശ്രമത്തില്‍ പടുവിഢികളായിപ്പോകും. പ്രിഥ്വിരാജ് എന്ന കഴിവുള്ള നടന് ഇനി മലയാള സിനിമയില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുമോ? അത് സംഭവിക്കണമെങ്കില്‍ അദ്ദേഹം തന്നെ വിചാരിക്കണം.

‘സിംഹാസന’ത്തെപ്പറ്റി കേട്ടുകേള്‍വികള്‍ പലതുണ്ട്്. ഒരു ഘട്ടത്തില്‍ തിരക്കഥ വഴി മുട്ടിയെന്നും പിന്നീട് ആരെയോ വാടകക്കെടുത്ത് എഴുതിച്ചാണ് കഥ പൂര്‍ത്തിയാക്കിയതെന്നുമാണ് ഒരു കേള്‍വി. സിനിമയുടെ ഷൂട്ടിംഗ് മുക്കാല്‍ ഭാഗം കഴിഞ്ഞിട്ടും തിരക്കഥ പുര്‍ത്തിയായിരുന്നില്ലെന്നാണ് മറ്റൊരു കേള്‍വി. കേള്‍വികള്‍ ശരിയാവണമെന്നില്ല. പക്ഷേ ഈ സിനിമ കാണാന്‍ വിധിക്കപ്പെടുന്ന ഏതൊരു പ്രേക്ഷനും ഈ കേട്ടുകേള്‍വികള്‍ വിശ്വസിച്ചുപോകും. ‘സിംഹാസനം’ എന്ന ചലച്ചിത്ര അശുദ്ധി നീങ്ങിയ കേരളത്തിലെ കൊട്ടകകളിലേക്ക് പക്ഷേ ഓണത്തിന് വന്നത് അതിലും മോശപ്പെട്ട പടപ്പുകളായിരുന്നു.

 

 

മിസ്റ്റര്‍ മരുമകന്‍!
‘കിലുക്കം കിലുകിലുക്കം’, ‘മൈ ഡിയര്‍ കരടി’, ‘അമ്മ അമ്മായിയമ്മ’ തുടങ്ങിയ ഉദാത്ത ചലച്ചിത്ര സൃഷ്ടികളിലൂടെ പ്രേക്ഷകരുടെ പേടിസ്വപ്നമായി മാറിയ സന്ധ്യമോഹന്‍ ഇതാ വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണത്തെ ചലച്ചിത്രകാവ്യം ‘മിസ്റ്റര്‍ മരുമകന്‍’ ആണ്. ജനപ്രിയ നായകന്‍ ദിലീപ് മരുമകനായി അരങ്ങുതകര്‍ക്കുന്ന ഈ മൂന്നു മണിക്കൂര്‍ സിനിമ സന്ധ്യമോഹന്റെ മുന്‍ സിനിമകളുടെ അതേ നിലവാരം കാത്തുസൂക്ഷിക്കുന്നു. എന്നുവച്ചാല്‍ മാനവും മര്യാദയുമുള്ളവര്‍ക്കൊന്നും കണ്ടിരിക്കാന്‍ കഴിയാത്ത ചലച്ചിത്ര കൊലപാതകം! നമ്മുടെ പഴയ ബാലതാരം സനുഷ നായികയായി എത്തുന്ന ഈ സിനിമയ്ക്ക് തിരക്കഥ പടച്ചിരിക്കുന്നത് മലയാള വാണിജ്യ സിനിമയിലെ പൊന്നിന്‍വിലയുളള എഴുത്തുകാരായ സിബി കൃഷ്ണയും ഉദയ് കെ തോമസുമാണ്. അഹങ്കാരികളായ മൂന്നു പെണ്ണുങ്ങളെ മര്യാദക്കാരാക്കുന്ന മരുമകന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു കിളിയോ പൂച്ചയോ പട്ടിയോ വരുന്ന ഒരു സീന്‍ ഉണ്ടായാല്‍ മതി , ഒരു നല്ല സിനിമ സെന്‍സര്‍ കുരുക്കില്‍ പെടാന്‍. ‘സിനിമയില്‍ കണ്ട പട്ടി ഇപ്പോഴും സുഖമായും ആരോഗ്യവാനായും ഇരിക്കുന്നു’ണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സിനിമ വെളിച്ചം കാണൂ. അത്ര കര്‍ശനക്കാരാണ് നമ്മുടെ രാജ്യത്തെ സെന്‍സര്‍ബോര്‍ഡ്!

ആ സെന്‍സര്‍ ബോര്‍ഡിന്റെ കണ്‍മുന്നില്‍ കളിച്ച് ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ തിയറ്ററില്‍ എത്തുന്ന ഇത്തരം ചലച്ചിത്ര ആഭാസങ്ങളില്‍ പെണ്ണിനും അവളുടെ അഭിമാനത്തിനും പട്ടിയുടെ വിലപോലുമില്ല. സ്ത്രീയുടെ അന്തസ്സിന് മൃഗത്തിന്റെ വാലിന്റെ വിലയെങ്കിലും കല്‍പ്പിക്കുന്ന ഒരു സെന്‍സര്‍ സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നെങ്കില്‍ മിസ്റ്റര്‍ മരുമകന്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ സിനിമയെന്ന പേരില്‍ തിയറ്ററില്‍ എത്തില്ലായിരുന്നു!

 

 

തട്ടുപൊളിപ്പന്‍ താപ്പാന
‘ഈ പട്ടണത്തില്‍ ഭൂതം’ എന്നൊരു സിനിമ കണ്ടതിനു ശേഷം ജോണി ആന്റണിയേയും ‘പട്ടണത്തില്‍ സുന്ദരന്‍’ എന്നൊരു സിനിമ കണ്ട ശേഷം സിന്ധുരാജിനേയും ഈയുള്ളവള്‍ക്ക് പേടിയായിരുന്നു. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല, ഇപ്പോള്‍ എനിക്ക് ഗ്രഹനില പ്രകാരം കണ്ടകശãനി കാലമാണ്. അറിയാതെ അപകടങ്ങളില്‍ ചാടും. അങ്ങനെയാണ് ഉത്രട്ടാതി നാളില്‍ താപ്പാനക്കു മുന്നില്‍ പെട്ടത്. ഒറ്റക്കല്ല, കുടുംബസമേതം.

ജയിലില്‍ നിന്ന് ഇറങ്ങുന്ന സാംസണ്‍ അതേ ജയിലില്‍ നിന്ന് ഇറങ്ങുന്ന ഒരു പെണ്ണിനൊപ്പം അവളുടെ നാട്ടിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ഈ സിനിമയില്‍ വലിയ തരക്കേടില്ലാത്ത ഒരു കഥാബീജമുണ്ടെന്നു പറയാതെവയ്യ. എന്നാല്‍ അത് യുക്തിസഹമായി വികസിപ്പിച്ച് തിരക്കഥയാക്കാനോ അഥവാ ആക്കിയാല്‍തന്നെ അത് മോശമല്ലാത്ത ഒരു സിനിമയാക്കാനോ കഴിവുള്ള ആരും ഈ ചിത്രത്തിന്റെ പിന്നണിയില്‍ ഇല്ലാതെപോയി.
നല്ല കഥകള്‍ എങ്ങനെ എഴുതി നശിപ്പിക്കാം, കഥയില്ലായ്മകള്‍ എങ്ങനെ എഴുതി സിനിമയാക്കാം എന്നിവയില്‍ ഗവേഷണം നടത്തുന്ന തിരക്കഥാകൃത്താണ് സിന്ധുരാജ്. മുല്ല, ജലോല്‍സവം തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍.

തുളസീദാസ് മുതല്‍ കമല്‍ വരെയുള്ളവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടും ഇന്നും ചങ്ങനാശേãരി എന്‍.എസ്.എസ് കോളജിലെ ആ പഴയ പ്രീഡിഗ്രി ചെക്കന്റെ ബുദ്ധിനിലവാരം മാത്രമുള്ള സംവിധായകനാണ് ജോണി ആന്റണി. അദ്ദേഹത്തിന്റെ സിനിമ കാണാന്‍ കയറുമ്പോള്‍ തന്നെ ‘ഈ സിനിമ എങ്ങനെയായിരിക്കും?’ എന്നൊരു ധാരണ സാധാരണ പ്രേക്ഷകര്‍ക്ക് ഉണ്ടാവും. ദൈവാനുഗ്രഹത്താല്‍ ആ ധാരണക്ക് ഒരു മാറ്റവും ഉണ്ടാവരുത് എന്ന വാശിയോടെയാണ് അദ്ദേഹം ‘താപ്പാന’യും ഒരുക്കിയിരിക്കുന്നത്. ഇക്കിളിയിട്ടാലും ചിരി വരാത്ത തമാശകള്‍, അശ്ലീലങ്ങള്‍, യുക്തിരഹിതമായ രംഗങ്ങള്‍, സൂപ്പര്‍മാന്‍ അടികള്‍ തുടങ്ങി ഇക്കാലത്തെ പ്രേക്ഷകര്‍ കൂവി പ്രതിഷേധിക്കുന്ന സകല തരികിടകളും ഈ സിനിമയില്‍ കുത്തിനിറച്ചിട്ടുണ്ട്.

 

 

വഴി തെറ്റിയ റണ്‍..
മലയാള സിനിമയിലെ നൂറ്റൊന്നാമത്തെ ടെലിവിഷന്‍ ചാനല്‍ കഥയുമായാണ് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി ഈ ഓണത്തിന് എത്തിയത്. ‘റണ്‍ ബേബി റണ്‍’ ടെലിവിഷന്‍ ചാനലുകളുടെ മല്‍സരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സസ്പെന്‍സ് ത്രില്ലറാണ്.

പക്ഷേ ത്രില്ലടിക്കാന്‍ യാതൊന്നും ഇല്ല എന്നിടത്താണ് ‘റണ്‍ ബേബി റണ്‍’ ഒരു ദുരന്തമാവുന്നത്. പഴയ സച്ചി^സേതു ടീമിലെ സച്ചി ഒറ്റയ്ക്ക് എഴുതിയ ഈ സിനിമ, മോഹന്‍ലാലിന്റെ ഈ വയസ്സുകാലത്തെ യുവകാമുക വേഷവും പ്രണയ ചേഷ്ടകളും കുട്ടിക്കരണം മറിച്ചിലും കണ്ടു മതിവരാത്ത ആരെങ്കിലും കേരളക്കരയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കായി മാത്രം ഉള്ളതാണ്.

ഒരു ടെലിവിഷന്‍ ചാനലിന്റെ പ്രവര്‍ത്തനത്തെപ്പറ്റി സാമാന്യ ബോധമെങ്കിലുമുള്ള ആരെങ്കിലും ഈ സിനിമ കാണാന്‍ ഇടയായാല്‍ അവര്‍ വണ്ടിപിടിച്ചുപോയി സച്ചിയെ കായികമായി നേരിടാന്‍ സാധ്യതയുണ്ട്്. ജാഗ്രതൈ!

 

 

ഫ്രൈഡേ
കഥയില്ലായ്മയില്‍ നിന്ന് ഒരു സിനിമ പിടിച്ചാല്‍ അത് ന്യൂജനറേഷന്‍ ഫിലിം ആവുമോ? ആവുമെന്നാണ് ലിജിന്‍ ജോസ് എന്ന യുവസംവിധായകന്‍ ധരിച്ചുവെച്ചിരിക്കുന്നത്. പാവം ലിജിന്‍ ഫഹദ് ഫാസില്‍, ടിനി ടോം, ആന്‍ അഗസ്റ്റിന്‍ തുടങ്ങി മലയാള സിനിമയിലെ ന്യൂവേവ് താരങ്ങളെയെല്ലാം അണിനിരത്തി ഒരു സിനിമ സൃഷ്ടിച്ചിരിക്കുന്നു. ഒന്നാന്തരമൊരു ന്യൂ ജനറേഷന്‍ പേരും ഇട്ടു. ഫ്രൈഡേ 11.11.11 ആലപ്പുഴ.

ന്യൂജനറേഷന്‍ മാതൃകയില്‍ നിന്ന് അണുവിട മാറാതെയാണ് നജീം കോയ തിരക്കഥയെഴുതിയിരിക്കുന്നത്. നായകനില്ല, നായികയില്ല, പല കഥാപാത്രങ്ങള്‍, പല സംഭവങ്ങള്‍, ഒന്നിനും പരസ്പര ബന്ധമില്ല. അതാണ് ഈ സിനിമയുടെ പ്രശ്നവും. ഒന്നിനും ഒരു പരസ്പര ബന്ധമില്ല. എന്തൊക്കെയോ നമ്മള്‍ കാണുന്നു. ഒന്നിനും ഒരു ലക്ഷ്യവുമില്ല. എവിടെയെങ്കിലും കൊണ്ടൊന്നു നിര്‍ത്തണമല്ലോ. അതിനായി ഒരു ബോട്ടപകടം. സത്യത്തില്‍ മുങ്ങിച്ചാവുന്നത് പ്രേക്ഷകനാണ്.

ലിജിന്‍ ജോസ് ഒന്നു മനസ്സിലാക്കണം. 22 ഫീമെയില്‍ ആയാലും സോള്‍ട്ട് ആന്റ് പെപ്പര്‍ ആയാലും ട്രാഫിക് ആയാലും പ്രേക്ഷകന്‍ കണ്ട് പ്രോല്‍സാഹിപ്പിച്ച ഏത് പുതിയകാല സിനിമയ്ക്കും കെട്ടുറപ്പുള്ള ഒരു കഥയുണ്ടായിരുന്നു. ആ കഥയ്ക്ക് വ്യക്തമായ വളര്‍ച്ചയുണ്ടായിരുന്നു. രസച്ചരടു പൊട്ടാതെ ആ കഥ പറയാന്‍ ആ സിനിമകളുടെ സംവിധായകര്‍ക്ക് കഴിഞ്ഞിരുന്നു. അതൊന്നും ലോകോത്തര സിനിമകള്‍ ആയിരുന്നില്ല.

പക്ഷേ പുതുമയുടെ വലിയൊരു കാറ്റിനൊപ്പം വ്യക്തമായ ഒരു പ്രമേയവും കഥയും ആ സിനിമകള്‍ക്ക് ഉണ്ടായിരുന്നു. ‘ഫ്രൈഡേ’യില്‍ ന്യു ജനറേഷന്‍ സിനിമയെന്ന് തോന്നിപ്പിക്കുന്ന സകല മേക്കപ്പുകളും പാകത്തിനുണ്ട്. ഇല്ലാതെ പോയത് പ്രേക്ഷകനെ പിടിച്ചിരുത്തുന്നൊരു കഥ മാത്രമാണ്. അതാണ് ഈ സിനിമയുടെ പരാജയവും.

 
 
അടിക്കുറിപ്പുകള്‍
ഒന്ന്: അന്നമ്മക്കുട്ടി സിനിമയെഴുത്തു നിര്‍ത്തിയതില്‍ ആഹ്ലാദിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി. സത്യത്തില്‍ എഴുത്തു നിര്‍ത്തിയതായിരുന്നില്ല. ഈ ഓണക്കാല സിനിമകള്‍ മുഴുവന്‍ കണ്ടതോടെ എഴുതാന്‍ പോയിട്ട് എണീറ്റു നില്‍ക്കാന്‍ പോലും കഴിയാത്തവിധം ഈയുള്ളവള്‍ അവശയായിപ്പോയിരുന്നു. പിന്നെ ഇതിനെക്കുറിച്ചൊക്കെ എന്തോന്നിരിക്കുന്നു ഇത്ര എഴുതാന്‍? എല്ലാം ഒരേ അച്ചില്‍ വാര്‍ത്തവ. ഒരേ പഴത്തൊലി തമാശകള്‍, ഒരേ സ്റ്റൈല്‍ വീരനായകന്‍, അതേ കണ്ണീര്‍ നായിക, അതേ കഥയില്ലായ്മകള്‍, അതേ അശ്ലീലതകള്‍……

പെണ്ണിന്റെ ഉടലാണ് മലയാള സിനിമയിലെ എന്നത്തെയും തമാശ. ‘നിന്റെ അമ്മിഞ്ഞ എന്റെ ദേഹത്ത് തട്ടരുത്’ എന്നാണ്’റണ്‍ ബേബി റണ്ണി’ല്‍ നായകന്‍ നായികയോട് പറയുന്നത്. മിസ്റ്റര്‍ മരുമകനില്‍ ഇവിടവും കടന്ന് , ഒരു പീരങ്കിയില്‍ ലിംഗഭാഗം ഉരച്ചുകൊണ്ട് ‘എന്റെ കാര്യങ്ങളൊന്നും നടക്കുന്നില്ലെടാ’ എന്നാണ് നായകന്‍ വിലപിക്കുന്നത്. പ്രായത്തില്‍ മൂത്ത പെണ്ണിനെ കെട്ടിയ സുഹൃത്തിനോട് ‘വെസ്പ സ്കൂട്ടര്‍ ഓടിക്കേണ്ട പ്രായത്തില്‍ നീയെന്തിനാടാ അംബാസഡര്‍ ഓടിക്കുന്നത്?’ എന്നാണ് ‘താപ്പാന’യിലെ നായകന്‍ ചോദിക്കുന്നത്. ‘സിംഹാസന’ത്തില്‍ നായകന്റെ പ്രേമം നേടാനായി രണ്ടു സുന്ദരിമാര്‍ അവനെ മല്‍സരിച്ച് കെട്ടിപ്പുണരുന്നു. ഇത്തരം ചലച്ചിത്ര ആഭാസങ്ങളെക്കുറിച്ച് എന്നും എന്തോന്ന് ഇത്രയെഴുതാന്‍?

നമ്മുടെ സിനിമകള്‍ ഇപ്പോഴും അതേ അച്ചില്‍ത്തന്നെ ചുറ്റിത്തിരിയുകയാണ്. ഒന്നോ രണ്ടോ ഭേദപ്പെട്ട സിനിമകള്‍ വന്നതുകൊണ്ടൊന്നും മലയാള സിനിമാരംഗം മാറാന്‍ പോകുന്നില്ല. പ്രതിഭയുള്ള കുറച്ച് ചെറുപ്പക്കാര്‍ സിനിമയില്‍ സജീവമായി എന്നതു നേരുതന്നെ. അവര്‍ തുടങ്ങിവെച്ച മാറ്റം മലയാളസിനിമയെ മുച്ചൂടും ശുദ്ധീകരിക്കുന്ന ഒന്നായി മാറണമെങ്കില്‍ അതിനനുസരിച്ച് വിവേകമുള്ള ഒരു പ്രേക്ഷകസമൂഹം കൂടി ഉയര്‍ന്നുവരണം. നിര്‍ഭാഗ്യവശാല്‍ ആരോഗ്യകരമായ ഒരു സംവാദവും അസാധ്യമാംവിധം മലിനീകരിക്കപ്പെട്ടിരിക്കുന്ന കേരളത്തില്‍ സിനിമക്കു മാത്രമായൊരു പുതുജീവന്‍ ഉണ്ടാവുമോ? കാത്തിരുന്നു കാണാം.

 

ദീദി ദാമോദരന്‍ image courtesy: Deccan Chronicle


 

രണ്ട്: ‘മാധ്യമം’ ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ ‘ശബ്ദം വീണ്ടെടുത്ത പൂവ്’ എന്ന കുറിപ്പില്‍ ടി.ദാമോദരന്റെ മകള്‍ ദീദി ദാമോദരന്‍ ഇങ്ങനെ എഴുതുന്നു: ”എന്റെ പേരില്‍ വന്ന ‘നായിക’ എന്ന ചലച്ചിത്ര ദുരന്തത്തിനു ശേഷം മറ്റൊരു സിനിമയിലേക്കും ഇല്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാന്‍. വെള്ളിത്തിരയില്‍ കാണുന്ന ഏത് നായികാബിംബത്തെക്കാളും കരുത്തുറ്റവരാണ് യഥാര്‍ഥ ജീവിതത്തില്‍ ഓരോ നായികയും. മലയാള സിനിമയിലെ ഈ നായികാ പരമ്പരയുടെ അതിജീവനത്തിന്റെ വഴകിളിലേക്കുള്ള ഒരു പെണ്‍ സഞ്ചാരമായിരുന്നു ‘നായിക’ എന്ന സിനിമകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അത് തിരുത്തപ്പെട്ടു പോയി.

ആ സിനിമയുടെ പേരിനൊപ്പം എന്റെ പേര് അടിച്ചു വന്നതിന്റെ നാണക്കേടു പോലെ മറ്റൊന്നും ഞാനെന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. ഇന്നും ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. ‘ഒരു വര്‍ഷമേ ജീവിക്കൂ’ എന്ന് പറഞ്ഞ് അര്‍ബുദം എന്റെ ആയുസ്സിന്റെ പുസ്തകത്തില്‍ ഒപ്പിട്ടപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല. എന്നാല്‍ ഞാന്‍ എന്റെ രാപ്പകലുകളെ സ്വപ്നങ്ങളാക്കിയ ‘നായിക’യെ കച്ചവടച്ചേരുവകളെക്കുറിച്ചു മാത്രം മുന്നറിവുള്ള ‘വെനീസിലെ വ്യാപാരികള്‍’ കൊന്നു. അതെന്നെ കരയിച്ചു. അതായിരുന്നു എന്റെ ശരിയായ മരണം!”.

ഇനി വ്യക്തിപരമായ ഒരു ക്ഷമാപണം. ‘നായിക’ എന്ന അറുബോറന്‍ സിനിമയെക്കുറിച്ച് ഈയുള്ളവള്‍ മുമ്പ് ‘നാലാമിട’ത്തില്‍ എഴുതിയ കുറിപ്പില്‍ ആ സിനിമയുടെ തിരക്കഥാകൃത്തായി അറിയപ്പെട്ടിരുന്ന ദീദിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. ദുര്‍ബലമായ ആ തിരക്കഥയെ കണക്കറ്റ് പരിഹസിച്ചിരുന്നു. ചെറിയൊരു ഇന്റര്‍നെറ്റ് വായനാമുറിയിലേതെങ്കിലും ആ പരിഹാസങ്ങള്‍ ഒരു നിരപരാധിക്കു നേരേ ആയിരുന്നുവെന്ന് ദീദിയുടെ കുറിപ്പു വായിച്ചപ്പോള്‍ മനസ്സിലാവുന്നു. ക്ഷമാപണം.
 
 
 
 

തട്ടത്തിന്‍ മറയത്തെ തട്ടും മുട്ടും

 
 
 
ഈ വിനീത് ശ്രീനിവാസന്‍ ഇതുവരെ പ്രേമിച്ചിട്ടില്ലേ?
അന്നമ്മക്കുട്ടി എഴുതുന്നു

 
 
 
പാടേ ദുര്‍ബലവും പുതുമയുടെ കണികപോലും അവകാശപ്പെടാനില്ലാത്തതും ഒട്ടനവധി സിനിമകളില്‍ കണ്ടുമടുത്തതുമായ അതേ കഥയാണ് തട്ടത്തിന്‍ മറയത്ത്. തൊഴില്‍രഹിതനായ നായകന്‍, അവന്‍ കണ്ടുമുട്ടി കൂട്ടിയിടിക്കുന്ന പെണ്ണ്, നിശബ്ദ പ്രണയം, പ്രണയാഭ്യര്‍ഥന, പ്രണയസ്വീകരണം, എതിര്‍പ്പ്, പ്രണയം വിജയിപ്പിക്കല്‍ അല്ലാതെ മറ്റൊരു പണിയുമില്ലാത്ത ആത്മാര്‍ഥ സുഹൃത്തുക്കള്‍, വില്ലന്‍മാര്‍, സംഘര്‍ഷം, ആത്മവേദനകള്‍, സെന്റിമെന്റ്സ്, തുടങ്ങി ഇത്തരം അറുപഴഞ്ചന്‍ പൈങ്കിളി കഥകളിലെ സ്ഥിരം ‘ക്ലൈമാക്സ് സമാഗമം’ വരെ യാതൊരു ഉളുപ്പുമില്ലാതെ വീനീത് കോപ്പിയടിച്ചിരിക്കുന്നു – അന്നമ്മക്കുട്ടി എഴുതുന്നു

 
 

 
 

വിനീത് ശ്രീനിവാസന്‍ പ്രേമിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് സിനിമാവാരികകള്‍ പറയുന്നത്. താന്‍ അഗാധമായ പ്രണയത്തിലാണെന്നും ഈ വര്‍ഷംതന്നെ വിവാഹിതനായേക്കുമെന്നും അടുത്തിടെവന്ന ചില അഭിമുഖങ്ങളിലും വിനീത് പറയുന്നതു കേട്ടു. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മിച്ച ‘തട്ടത്തിന്‍ മറയത്ത്’ എന്ന പ്രണയചിത്രം കണ്ടിറങ്ങുമ്പോള്‍ വിനീതിന്റെ പ്രണയാനുഭവത്തെക്കുറിച്ച് നാം ശരിക്കും സംശയാലുക്കളായിപ്പോകും.നമ്മള്‍ അറിയാതെ ചോദിച്ചുപോകും-”ഈ വിനീത് ശരിയ്ക്കും പ്രേമിച്ചിട്ടുണ്ടോ?” കാരണം അത്രമേല്‍ ദുര്‍ബലവും ഉള്ളുപൊള്ളയുമായ പ്രണയ കഥയാണ് ‘തട്ടത്തിന്‍ മറയത്തി’ല്‍ വിനീത് ചിത്രീകരിച്ചിരിക്കുന്നത്.

ഇക്കാലത്തെ കേരളീയ യുവത്വത്തിന് എളുപ്പത്തില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചില്ലറ കോമഡികളുടെ ഒരു അടിയൊഴുക്ക് ഈ സിനിമയിലുണ്ട്. കണ്ടിരിക്കാന്‍ സുന്ദരിയായ ഒരു നായികയും മോശമല്ലാത്ത രണ്ടു മൂന്നു ഗാനരംഗങ്ങളുമുണ്ട്. പടത്തിന്റെ മൊത്തം നിര്‍മാണ ചെലവാകട്ടെ പരിമിതവും. ഇതിനൊപ്പം തിരക്കഥയെഴുത്തിന്റെയും അഭിനയത്തിന്റെയും കുലപതികളിലൊരാളായ ശ്രീനിവാസന്റെ മകന് കിട്ടുന്ന പരിധികളില്ലാത്ത ‘മീഡിയ വാല്‍സല്യ’വും കൂടിയാവുമ്പോള്‍ ‘തട്ടത്തിന്‍ മറയത്ത്’ ബോക്സ്ഓഫിസില്‍ പരിക്കില്ലാതെ രക്ഷപ്പെട്ടേക്കാം. എന്നാല്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബി’ല്‍നിന്ന് സിനിമാ രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും വിനീത് എത്രത്തോളം വളര്‍ന്നുവെന്ന് ചിന്തിക്കുന്ന ഏതൊരാളേയും ‘തട്ടത്തിന്‍ മറയത്ത്’ പാടേ നിരാശപ്പെടുത്തും.

പാടേ ദുര്‍ബലവും പുതുമയുടെ കണികപോലും അവകാശപ്പെടാനില്ലാത്തതും ഒട്ടനവധി സിനിമകളില്‍ കണ്ടുമടുത്തതുമായ അതേ കഥയാണ് തട്ടത്തിന്‍ മറയത്ത്. തൊഴില്‍രഹിതനായ നായകന്‍, അവന്‍ കണ്ടുമുട്ടി കൂട്ടിയിടിക്കുന്ന പെണ്ണ്, നിശബ്ദ പ്രണയം, പ്രണയാഭ്യര്‍ഥന, പ്രണയസ്വീകരണം, എതിര്‍പ്പ്, പ്രണയം വിജയിപ്പിക്കല്‍ അല്ലാതെ മറ്റൊരു പണിയുമില്ലാത്ത ആത്മാര്‍ഥ സുഹൃത്തുക്കള്‍, വില്ലന്‍മാര്‍, സംഘര്‍ഷം, ആത്മവേദനകള്‍, സെന്റിമെന്റ്സ്, തുടങ്ങി ഇത്തരം അറുപഴഞ്ചന്‍ പൈങ്കിളി കഥകളിലെ സ്ഥിരം ‘ക്ലൈമാക്സ് സമാഗമം’ വരെ യാതൊരു ഉളുപ്പുമില്ലാതെ വീനീത് കോപ്പിയടിച്ചിരിക്കുന്നു. അതിലേറെ അത്ഭുതം സമ്മാനിച്ചത് ‘വെള്ളിനക്ഷത്രം’ വാരികയില്‍ വിനീതിന്റെ വെളിപ്പെടുത്തല്‍ വായിച്ചപ്പോഴാണ്. ഈ സ്ക്രിപ്റ്റ് വായിച്ചയുടന്‍ ശ്രീനിവാസന്‍ ”ഈ ചിത്രം ഞാന്‍ നിര്‍മിച്ചുകൊള്ളാം” എന്ന് പറഞ്ഞത്രെ. വായിച്ചിട്ട് വലിച്ചുകീറി നേരേ ചവറ്റുകൊട്ടയിലിട്ടിട്ട് ഒരു ചൂരലെടുത്ത് ചെക്കന്റെ ചന്തിക്കിട്ട് നാലു പെടപെടച്ചിട്ട് ” എടാ, മേലാല്‍ ഇത്തരം പൊട്ടക്കഥയെഴുതരുത്” എന്നു ശ്രീനിവാസന്‍ പറഞ്ഞിരുന്നേല്‍ മകന്‍ ചെലപ്പോള്‍ നന്നായിപ്പോയേനെ. അതിനുപകരം ഈ സിനിമ നിര്‍മിക്കുകയും അതില്‍ കേറി അഭിനയിക്കുകയും ചെയ്ത ശ്രീനിവാസനാണ് ഈ ‘ചലച്ചിത്ര കൊലപാതക’ത്തിലെ പ്രധാന പ്രതി.

 

 

ദൈവമേ, എന്തൊരു പ്രണയം!
ഹിന്ദു-മുസ്ലിം പ്രേമമാണ് വിഷയം. പ്രേമമെന്നാല്‍ നായികയുടെ ‘ആകെ പുറത്തുകാണുന്ന ശരീരഭാഗമായ’ മുഖത്തിനോട് നായകനായ വിനോദിന് തോന്നുന്ന ആകര്‍ഷണം. കഥയുടെ ഒരു ഘട്ടത്തിലും പ്രേമം ഈ കേവല മുഖസൌന്ദര്യത്തിന് അപ്പുറത്തേക്ക് പോകുന്നതേയില്ല. നായികയുടെ മുഖമെങ്ങാന്‍ വല്ല ചൂടും പുകയുമേറ്റ് കരുവാളിച്ചുപോയാല്‍ ഈ പ്രേമവും ആ നിമിഷം അവസാനിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ‘ഉമ്മച്ചിക്കുട്ടി’യുടെ മുഖവര്‍ണന.
”അവള്‍ ആ തട്ടമിട്ടാല്‍ പിന്നെ തട്ടത്തിനുള്ളിലെ മുഖമല്ലാത്തതെല്ലാം മാഞ്ഞുപോകും” എന്നു നായകന്‍ തന്നെ പറയുന്നു. ‘മുഖബദ്ധമായ’ ഈ അനുരാഗം കാരണം നായകന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് സിനിമയുടെ മുക്കാല്‍ ഭാഗവും. സ്ഥിരബുദ്ധിയുള്ള ഏതൊരു പെണ്‍കുട്ടിയും ”മേലാല്‍ കണ്‍വെട്ടത്ത് കണ്ടുപോകരുതെന്ന്” പറയുന്ന തരത്തിലുള്ള ഭ്രാന്തന്‍ വിക്രിയകളാണ് നായകന്‍ വിനോദ് കാട്ടിക്കൂട്ടുന്നതെങ്കിലും എല്ലാ സിനിമയിലേയുംപോലെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നായിക പ്രേമത്തോട് ‘യേസ്’ പറയുന്നു. നായകന്റെ മതിലുചാട്ടവും വിക്രിയകളും കണ്ട് അവള്‍ക്ക് പ്രേമത്തിന്റെ തീക്ഷ്ണത ബോധ്യമായത്രെ! പിന്നെ പറയാനുണ്ടോ? നായകന്റെ പ്രേമം വിജയിപ്പിക്കാന്‍ തലശേãരിയിലെ പൊലീസുകാരുമുണ്ട്! തലശേãരി പൊലീസിനെ ഇത്രമേല്‍ വിഡ്ഢികളാക്കി ചിത്രീകരിച്ചതിന് അവര്‍ക്ക് മാനമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണ്. കോമഡിയെന്ന പേരില്‍ തട്ടിക്കൂട്ടിയിരിക്കുന്ന പല രംഗങ്ങളും അസഹനീയമാംവിധം അരോചകമാണ്. തനി തറ കോമഡി! സാജു കൊടിയനാണോ തിരക്കഥയെഴുതിയതെന്ന് നമ്മള്‍ സംശയിച്ചുപോകും.

 

 
തട്ടത്തിനുള്ളിലെ തട്ടിപ്പുകള്‍
”പെണ്ണിന് അവളുടെ ജീവിതം എങ്ങനെയാവണമെന്ന് നിശ്ചയിക്കാന്‍ യാതൊരു അവകാശവുമില്ല”^ കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ മാത്രമുള്ളൊരു പ്രതിഭാസമൊന്നുമല്ല ഇത്. കോട്ടയം നസ്രാണിയായാലും പട്ടാമ്പി പട്ടരായാലും ചങ്ങനാശേãരി നായരായാലുമൊക്കെ പെണ്ണിന്റെ ജീവിതത്തിന് ഇന്നും എവിടെയും വലിയ വിലയൊന്നുമില്ല. സ്വന്തം വിവാഹകാര്യത്തില്‍പോലും അവളുടെ തീരുമാനത്തിന് പലപ്പോഴും പ്രസക്തിയില്ലാതാവുന്നു. കാലത്തിന്റെ മാറ്റത്തിലും നമ്മുടെ ഭൂരിപക്ഷം പെണ്ണുങ്ങളുടെ ഗാര്‍ഹിക അടിമജീവിതത്തിന് മാറ്റമൊന്നുമില്ല. മുസ്ലിം സമുദായത്തില്‍ ഈ അടിമത്തം അല്‍പം കൂടുതലാണ് എന്ന പൊതുധാരണ നിലവിലുണ്ട്. ബഹുഭാര്യാത്വം, ശൈശവവിവാഹം എന്നിവയെ തള്ളിപ്പറയാന്‍ വലിയ മുസ്ലിം പുരോഗമന സംഘടനകള്‍പോലും തയാറാവാത്തത് ഈ പൊതുധാരണയ്ക്ക് ബലം കൂട്ടുന്നു. ‘പെണ്ണുങ്ങള്‍ പുറത്തിറങ്ങരുത്’ എന്നു പറയുന്ന കാന്തപുരവും നിലവിളക്കു കൊളുത്തിയാല്‍ മാനമിടിഞ്ഞുവീഴുമെന്നു കരുതുന്ന തങ്ങളും നാലു കെട്ടലാണ് പരമമായ ഇബാദത്തെന്നു കരുതുന്ന മത നേതാക്കളും നയിക്കുന്ന ഒരു സമുദായത്തിന് ഇത്തരം ദുഷ്പേരുകളില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല.

എന്നാല്‍ കത്തോലിക്കാ മഠങ്ങളിലും കാവിയും വെള്ളയും പുതച്ച സന്യാസിസംഘങ്ങളിലുമൊക്കെ നടക്കുന്നത് ഇതേ സ്ത്രീവിരുദ്ധത തന്നെയാണ്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, എല്ലാ സംഘടിത മതങ്ങളുടെയും ചട്ടക്കൂടുകള്‍ ഒന്നാന്തരം പെണ്‍വിരുദ്ധതയുടെ കാതലില്‍ തീര്‍ത്തതാണ്. മതപരമായ വിഷയങ്ങളിലുള്ള തീവ്രവും വൈകാരികവുമായ പ്രതികരണം മുസ്ലിംകളില്‍ കൂടുതലാണെന്ന ധാരണയും നമ്മുടെ മാധ്യമങ്ങള്‍ ബോധപൂര്‍വമോ അല്ലാതെയോ പരത്തുന്നുണ്ട്. സഭാതര്‍ക്കത്തിന്റെ പേരില്‍ തമ്മിലടിച്ചു തലകീറുന്ന മധ്യതിരുവിതാംകൂറിലും മതംമാറ്റത്തിന്റെ പ്രഘോഷണങ്ങള്‍ മുഴങ്ങുന്ന വ്യാജ രോഗശാന്തി സഭകളിലും കാവിക്കൊടി നാട്ടി കായികാഭ്യാസം നടത്തുന്ന ശാഖകളിലും വിളയുന്നത് ഒന്നാന്തരം വര്‍ഗീയത തന്നെയാണ്. ഇതില്‍നിന്നെല്ലാം വീര്യം കൂടിയ ഒന്നും മുസ്ലിം സമദായത്തില്‍ മാത്രമായി കാണാനില്ല. കേരളത്തിലങ്ങോളമിങ്ങോളം ഒരുപാട് മുസ്ലിം കൂട്ടുകാരികളുടെ വീടുകളില്‍ താമസിച്ചപ്പോഴൊന്നും കോട്ടയത്തെ എന്റെ നസ്രാണി തറവാട്ടില്‍ കാണുന്നതില്‍ കവിഞ്ഞ ഒരു വര്‍ഗീയതയും അവിടെയൊന്നും ഞാന്‍ കണ്ടിട്ടില്ല. (ഇതെന്റെയൊരു പേഴ്സണല്‍ ഒബ്സര്‍വേഷനാണ്. ആയതിനാല്‍ റഫറന്‍സ് ഇല്ല. ആശയപരമായ ഏത് എതിര്‍ അഭിപ്രായവും നിരീക്ഷണവും സ്വാഗതംചെയ്യുന്നു. സൂപ്പര്‍സ്റ്റാര്‍ ഫാന്‍സുകാരെപ്പോലെ തെറിമെയില്‍ അയക്കരുതെന്നു മാത്രം.)

‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയെപ്പറ്റി ഈയുള്ളവള്‍ എഴുതിയതിന് മറുപടിയായി സുദീപ് ‘നാലാമിട’ത്തില്‍ എഴുതിയ കുറിപ്പില്‍ സിനിമയിലെ സ്റ്റീരിയോടൈപ്പ് മുസ്ലിംകളെപ്പറ്റി ചില നിരീക്ഷണങ്ങളുണ്ട്. ആ നിരീക്ഷണം ശരിയാണ്. ഒരുപാട് ഭാര്യമാരും അവരില്‍ ഒരുപാട് മക്കളുമുള്ള ശാപ്പാട്ടുരാമനായ തലയില്‍ തൊപ്പിയിട്ട മുസ്ലിം! ആ മുസ്ലിം എത്രയോകാലമായി മലയാള സിനിമയില്‍ അതേനില്‍പ്പുനില്‍ക്കുന്നു! ”എന്റെ മതം മാത്രമാണ് ശരി”യെന്ന ധാരണ ഇസ്ലാമിന്റെ മാത്രമല്ല, എല്ലാ സംഘടിത മതങ്ങളുടെയും അടിസ്ഥാനമാണ്. അതാണ് ലോകമെങ്ങും ദൃശ്യമായ വര്‍ഗീയതയുടെ തായ്വേര്. ചുരുക്കത്തില്‍ വര്‍ഗീയതയുടെ ആഴവും പരപ്പും പെണ്ണിന്റെ അടിമത്തവും ഏതാണ്ട് എല്ലാ മതങ്ങളിലും സമാനമായിരിക്കെ മലയാള മുഖ്യധാരാ സിനിമയില്‍ മുസ്ലിം മാത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വില്ലനാവുന്നതെന്തുകൊണ്ടെന്നകാര്യം ചര്‍ച്ചചെയ്യപ്പെടണം. ഈ മുസ്ലിംവിരുദ്ധത അതിന്റെ പാരമ്യത്തില്‍ പ്രകടമാകുന്ന സിനിമയാണ് ‘തട്ടത്തിന്‍ മറയത്ത്’.

 

 
തലശ്ശേരിയിലെ പെണ്ണുങ്ങള്‍
തലശ്ശേരിയിലെ തറവാട്ടില്‍ പിതൃസഹോദരന്റെ ക്രൂരമായ അടിച്ചമര്‍ത്തലിന് കീഴില്‍ കഴിയുന്ന പെണ്ണാണ് ‘തട്ടത്തിന്‍ മറയത്ത്’ലെ ആയിഷ. ”നായിന്റെ മോളേ, നിന്നെ പുറംലോകം കാണിക്കില്ല” എന്നാണ് ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ പിതൃസഹോദരന്‍ ആയിഷയെ അടിച്ചുവീഴ്ത്തിയശേഷം ഭീഷണിപ്പെടുത്തുന്നത്. തന്റെ ലെതര്‍കമ്പനിയില്‍ മതിയായ സുരക്ഷാസൌകര്യങ്ങള്‍ ഒരുക്കാതെ നാട്ടുകാരെ കൊലയ്ക്കുകൊടുക്കുന്ന ക്രൂരനാണ് ആ മുസ്ലിം കാരണവര്‍. കമ്പനിയില്‍ അപകടമുണ്ടായി ആളുകള്‍ ആശുപത്രിയിലാവുമ്പോള്‍ അയാള്‍ പറയുന്നത് ”കാറ്റടിച്ചാല്‍ വീഴുന്ന കൊറേയെണ്ണം ആശുപത്രിയിലായി’ എന്നാണ്. കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ നായകനെ ‘കൊന്നു കുഴിച്ചുമൂടുമെന്ന്’ ഭീഷണിപ്പെടുത്താന്‍ കഴിവുള്ള മുസ്ലിം തീവ്രവാദ സംഘടനയായ ജെ.ഡി.എഫിന്റെ നേതാവുമാണ് ടിയാന്‍!

അയാള്‍ വെള്ളിയാഴ്ച ദിവസം ജുമുആ നമസ്കാരത്തിന് പുറത്തുപോകുമ്പോള്‍ മാത്രമാണ് നമ്മുടെ ആയിഷക്ക് പുറത്തിറങ്ങാന്‍ കഴിയുന്നത്. ഇതേ ആയിഷ സിനിമയുടെ ആദ്യഭാഗത്ത് സര്‍വകലാശാലാ കലോല്‍സവത്തില്‍ പങ്കെടുത്ത് സമ്മാനം നേടുകയും രാത്രിവരെ അവിടെ കറങ്ങിനടക്കുകയും ചെയ്യുന്നുണ്ട്. കുട്ടുകാരിക്കൊപ്പം രാത്രിയില്‍ ബസില്‍ യാത്ര ചെയ്യുന്നുമുണ്ട്. പര്‍ദയല്ലാത്ത വര്‍ണാഭമായ വേഷങ്ങള്‍ അണിഞ്ഞ് നാടു ചുറ്റുന്നു. കൂട്ടുകാരിയുടെ കല്യാണവീട്ടില്‍ പര്‍ദയിടാതെ യഥേഷ്ടം ചുറ്റിനടക്കുന്നു. ഒരു ചെറുപ്പക്കാരനുമായി കൂട്ടിയിടിച്ച് പരിക്കേറ്റിട്ടും അവള്‍ക്ക് ഒരു ശാസനപോലും കിട്ടുന്നുമില്ല. അവള്‍ ഒറ്റയ്ക്ക് ആശുപത്രി മുറിയില്‍ കിടക്കുകയും ചെയ്യുന്നുണ്ട്. ഒരു യുവാവ് അവള്‍ക്ക് ട്യുഷന്‍ എടുക്കാന്‍ ആ വീട്ടുകാര്‍ അനുവദിക്കുന്നുണ്ട്! അപ്പോഴൊന്നും മുസ്ലിംഭീകരനായ പിതൃസഹോദരന്‍ പ്രത്യക്ഷപ്പെടുന്നില്ല. അത്ഭുതം! എന്നാല്‍ നായകനോട് പ്രണയം തുറന്നുസമ്മതിക്കുന്ന രംഗം മുതല്‍ അവള്‍ പര്‍ദയിലേക്ക് മാറുന്നു.

മറുഭാഗത്ത് ആയിഷയെ പ്രേമിക്കുന്ന നായരുകുട്ടിയായ വിനോദിന്റെ വീടോ? മകന്‍ വീടുവിട്ടിറങ്ങുമ്പോള്‍ അമ്മ പവിത്രമായ ക്ഷേത്രസന്നിധിയില്‍ എത്തി ധ്യാനിച്ചിരിയ്ക്കുന്നു. ദീപപ്രഭ, ആത്മീയത, അമ്മ-മകന്‍ സെന്റി…. മകനുവേണ്ടി മുസ്ലിം പെണ്‍കുട്ടിയെ പുത്രവധുവായി ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയാറാവുന്ന സാത്വികരാണ് ആ നായര്‍ തറവാട്ടുകാര്‍. നായരുകുട്ടിയായ മകന്‍ പര്‍ദഷോപ്പ് തുടങ്ങി അത് മുസ്ലിം കാമുകി ഉദ്ഘാടനം ചെയ്യുന്നതുകണ്ട് വിശാലഹൃദയരും വിദ്യാസമ്പന്നരുമായ ആ നായര്‍ അച്ഛനമ്മമാര്‍ സന്തോഷപുളകിതരാവുന്നു! ഒടുവില്‍ ആയിഷ ‘ആയിഷ വിനോദ്’ ആവുന്നതോടെ അവള്‍ ഇടുങ്ങിയ മുസ്ലിംതറവാട്ടില്‍നിന്ന് വിശാലമായ നായര്‍ അന്തരീക്ഷത്തിലേക്ക് സ്വതന്ത്രയാവുകയാണ്! മുസ്ലിം പെണ്‍കുട്ടികളേ, നിങ്ങള്‍ നായര്‍– നമ്പൂതിരി -നസ്രാണി യുവാക്കളെ പ്രണയിക്കുകയും ഇടുങ്ങിയ നിങ്ങളുടെ മതത്തില്‍നിന്ന് പുറത്തുകടക്കുകയും ചെയ്യുക! അല്ലെങ്കില്‍ ഭാവി ഭീകരമായിരിക്കും!

 

 

പെണ്ണിന്റെ മാനം
എന്താണ് പെണ്ണിന്റെ സ്വാതന്ത്യ്രം? ഈ ഗൌരവമുള്ള ചോദ്യത്തിന് ‘തട്ടത്തിന്‍ മറയത്തി’ലുടെ വിനീത് ശ്രീനിവാസന്‍ പറയുന്ന ഉത്തരങ്ങള്‍ ഇക്കാലത്ത് അല്‍പമെങ്കിലും ആണത്തമുള്ള ഒരു ചെറുപ്പക്കാരനും പറയാന്‍ പാടില്ലാത്തവയാണ്. ഒറ്റത്തവണ കണ്ടതിന്റെ ആവേശത്തില്‍ വീടിന്റെ മതില്‍ പാതിരാത്രി ചാടിവന്ന് ‘നീയാണ് ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ സുന്ദരി, ഐ ലവ് യൂ’ എന്നു പറഞ്ഞയുടന്‍ അതില്‍ വീണുപോകുന്ന തലശ്ശേരി പെണ്ണിനെ വിനീത് എവിടെയാണ് കണ്ടത്? ആയിഷയെന്ന കഥാപാത്രത്തെ കേവലമൊരു ‘സുഖിപ്പിക്കുന്ന മുഖം’ മാത്രമാക്കി ഒതുക്കിയതാണ് ഈ തിരക്കഥയിലെ ഏറ്റവും വലിയ പാതകം. ‘ഐ ലവ് യൂ’ പറയുന്ന ഏതു വായിനോക്കിയോടും തൊട്ടടുത്ത ദിവസം തിരിച്ച് ‘ഐ ലവ് യു’ പറയുന്ന സിനിമകളിലെ ആ സ്ഥിരം തൊട്ടാവാടി പെണ്ണിനെ അങ്ങേയറ്റം അപഹാസ്യമായി വിനീത് എഴുതിവെച്ചിരിക്കുന്നു.

നായകന്റെ കണ്ണില്‍ അവള്‍ക്ക് മനസില്ല, ചിന്തയില്ല, ബുദ്ധിയില്ല, വികാരവിചാരങ്ങളില്ല. ഉള്ളത് ഒന്നുമാത്രം, തട്ടമിട്ട മോന്ത! ജോലിയും കൂലിയുമില്ലാത്ത ഏതോ ഒരു വായിനോക്കിയോട് പ്രണയം പ്രഖ്യാപിച്ച് അവനെത്തേടിയെത്തി കെട്ടിപ്പിടിക്കുമ്പോള്‍ പെണ്ണിന്റെ സ്വാതന്ത്യ്രം പൂര്‍ണമാകുന്നു! വിദ്യാഭ്യാസത്തിലൂടെയോ സ്വാശ്രയത്വത്തിലൂടെയോ നിലപാടുകളിലൂടെയോ അല്ല, പ്രേമിച്ച് കെട്ടിപ്പിടിക്കുമ്പോഴാണ് തലശ്ശേരിയിലെ മുസ്ലിം പെണ്ണുങ്ങളുടെ ജീവിതം സ്വതന്ത്രമാവുന്നത് എന്നര്‍ഥം. നായകന്റെ ആദ്യ പ്രേമമൊന്നുമല്ല ആയിഷയുമായി. അവന്‍ ഇതിനുമുമ്പ് ഒരുപാടു തവണ പ്രേമിച്ചിട്ടുണ്ട്. പക്ഷേ ‘ഇത്രേം മൊഞ്ചുള്ള ഒന്നിനെ’ കാണുന്നത് ഇതാദ്യമാണത്രെ! നായകന്റെ ആത്മസുഹൃത്ത് ഒരേസമയം അഞ്ചുവിനേയും മഞ്ചുവിനേയും മറ്റൊരുപാട് പെണ്ണുങ്ങളെയും പ്രേമിക്കുന്നവനാണ്. പക്ഷേ ”പെണ്ണ് കറുത്തവസ്ത്രംകൊണ്ട് മൂടിവെക്കേണ്ടത് അവളുടെ ശരീരമല്ല, പരിശുദ്ധിയാണ്” എന്നൊരു ഗംഭീരന്‍ സദാചാര പ്രഖ്യാപനത്തിലാണ് സിനിമ അവസാനിക്കുന്നത്.

 

 

കര്‍ട്ടന്‍!
ശ്രീനിവാസന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, ”ജീവിതാനുഭവങ്ങളാണ് നമ്മെ മാറ്റിത്തീര്‍ക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നാം ആത്മീയവാദിയാവും, മറെറാരിക്കല്‍ കമ്യുണിസ്റ്റാവും, പിന്നീടൊരിക്കല്‍ വിശ്വാസിയാവും. ഇങ്ങനെ പലതവണ മാറിമറിഞ്ഞാണ് നമ്മള്‍ യഥാര്‍ഥ നമ്മളാവുന്നത്. ഒരു കല്ലില്‍നിന്ന് ശില്‍പി ശില്‍പമുണ്ടാക്കുന്നതുപോലെ…. നമ്മെ ചെത്തിമിനുക്കിയെടുക്കുന്ന ശില്‍പി നമ്മുടെതന്നെ അനുഭവങ്ങളാണ്”

ഇപ്പോള്‍ താന്‍ സിനിമക്കാരനാണ് എന്ന് വിനീത് ധരിച്ചിരിക്കുന്നു. നാളെ ആരാവുമെന്ന് നമുക്കറിയില്ല. എന്തായാലും വിനീത് അനുഭവങ്ങളില്‍ നിന്ന് പഠിക്കട്ടെ. നാളെയും സിനിമക്കാരനായി തുടരാനാണ് മോഹമെങ്കില്‍, അച്ഛന്‍ എഴുതിയിട്ടുള്ള ചില നല്ല സ്ക്രിപ്റ്റുകള്‍ ഇപ്പോഴും അലമാരയില്‍ ഉണ്ടാവും. അതൊക്കെയൊന്ന് പൊടിതട്ടി വായിക്കാവുന്നതാണ്. സിനിമക്കുവേണ്ടി സിനിമയെടുക്കുന്നതു നിര്‍ത്തി നല്ല സിനിമയെക്കുറിച്ച് അല്‍പം പഠിച്ചാല്‍ നന്ന്. പ്രേമിക്കുന്നുണ്ടെങ്കില്‍ ആ പ്രേമത്തെന്നെ ഒന്നു നിരീക്ഷിക്കാവുന്നതാണ്. അല്‍പം ബുദ്ധിയും വിവരവുമുള്ള ഒരു പെണ്ണിനെയാണ് പ്രേമിക്കുന്നതെങ്കില്‍ ആദ്യം അവളെത്തന്നെയൊന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാവുന്നതാണ്. അങ്ങനെയൊരു പെണ്ണിനെ നന്നായി മനസിലാക്കിയിരുന്നെങ്കില്‍ ആയിഷയെന്ന കഥാപാത്രത്തെ ഇത്രമേല്‍ ഉപരിപ്ലവമായി വിനീത് എഴുതിവെക്കില്ലായിരുന്നു.

എന്തായാലും നമ്മെ ചെത്തിമിനുക്കിയെടുക്കുന്ന ശില്‍പി നമ്മുടെതന്നെ അനുഭവങ്ങളാണ്. പലപല ചെത്തിമിനുക്കലുകള്‍ക്കൊടുവില്‍ വിനീത് എന്ന ശില്‍പിക്ക് എന്നെങ്കിലും നല്ലൊരു സിനിമാശില്‍പവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശരി, ഇനി നമുക്ക് നാളെ കാണാം!

മലയാള സിനിമയിലെ ഉസ്താദുമാര്‍

 
 
 
ഉസ്താദ് ഹോട്ടലിനെക്കുറിച്ച് അന്നമ്മക്കുട്ടി
 

ട്വിസ്റ്റുകള്‍ നിറഞ്ഞൊരു ന്യുജനറേഷന്‍ സിനിമയൊന്നുമല്ല ‘ഉസ്താദ് ഹോട്ടല്‍’. ഏതെങ്കിലും ഇംഗ്ലീഷ് സിനിമയില്‍നിന്ന് മോഷ്ടിച്ചെടുത്തൊരു കഥയല്ല, നമ്മുടെതന്നെ ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒരു കാന്‍വാസാണ് ഈ ചിത്രം. മനുഷ്യബന്ധങ്ങളും അതിന്റെ വൈകാരികതകളും തന്നെയാണ് വിഷയം. ഒരു മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധത്തിലൂന്നിയാണ് കഥ മുന്നോട്ടുപോകുന്നത്. പക്ഷേ ആ ബന്ധം ചിത്രീകരിക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ അര്‍ഥമെന്തെന്ന വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തിരക്കഥാകാരിയും സംവിധായകനും നടത്തുന്ന ശ്രമമാണ് ഈ ചെറിയ ചിത്രത്തെ സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രമാക്കുന്നത്- അന്നമ്മക്കുട്ടി എഴുതുന്നു

 

 

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്‍വര്‍റഷീദ് എത്തുന്നത്. ‘രാജമാണിക്യ’ത്തിനും ‘ഛോട്ടാമുംബൈ’യ്ക്കും ‘അണ്ണന്‍തമ്പി’ക്കും ശേഷം 2008 ല്‍ അപ്രത്യക്ഷനായ അന്‍വര്‍റഷീദ് പിന്നീട് പ്രത്യക്ഷപ്പെട്ടത് ‘കേരളകഫേ’യിലെ ‘ബ്രിഡ്ജ്’ന്റെ സംവിധായകനായി മാത്രമാണ്. പതിനഞ്ചു മിനിറ്റില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥ പറഞ്ഞ ‘ബ്രിഡ്ജി’ല്‍ നമ്മള്‍ കണ്ടത് അന്നോളം കാണാത്തൊരു അന്‍വറിനെയായിരുന്നു.

തട്ടുതകര്‍പ്പന്‍ സൂപ്പര്‍ജാഡ സിനിമകളുടെ സംവിധായകനായി മുദ്രകുത്തപ്പെട്ടിരുന്ന അന്‍വര്‍ ‘ബ്രിഡ്ജി’ല്‍ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളിലേക്കു ക്യാമറ തിരിച്ചു. ‘ബ്രിഡ്ജ്’ നേടിയ വലിയ പ്രശംസ പക്ഷേ സംവിധായകനെന്ന നിലയില്‍ അന്‍വറിന് വലിയ ചുമതലകള്‍ തന്നെ നല്‍കി. സിനിമയെന്ന പേരില്‍ വീണ്ടുമൊരു താരപേക്കൂത്തുമായി എത്താന്‍ അന്‍വറിന് കഴിയാതായത് ‘ബ്രിഡ്ജ്’ എന്ന ചെറുസിനിമ നേടിയ പ്രേക്ഷക പ്രശംസകൊണ്ടു കൂടിയാവാം.

രണ്ടു വര്‍ഷം മുമ്പ് അന്‍വറിനെ കൊച്ചിയിലെ വീട്ടിലെത്തി കണ്ട ചില സുഹൃത്തുക്കള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍, അന്‍വര്‍ ‘ബ്രിഡ്ജി’നുശേഷം നല്ലൊരു സിനിമക്കായുള്ള ഹോംവര്‍ക്കിലായിരുന്നു. ഒരുപാട് കഥകള്‍ കേട്ടു, പല തിരക്കഥകളും പാതിയെഴുതി ചീന്തിയെറിഞ്ഞു. ഒത്തിരി ആലോചനകള്‍ നടത്തി. ഒടുവിലിതാ ദീര്‍ഘമായ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അന്‍വര്‍ ‘ഉസ്താദ് ഹോട്ടലു’ മായി എത്തിയിരിക്കുന്നു.

അഞ്ജലി മേനോനാണ് അന്‍വറിനായി ഇത്തവണ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കോഴിക്കോടുകാരിയായ അഞ്ജലി കോഴിക്കോടന്‍ ജീവിതത്തിന്റെ രുചികളുടെയും നിറങ്ങളുടെയും പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു കഥ പറയുകയാണ് ‘ഉസ്താദ് ഹോട്ടലി’ല്‍. കൊച്ചിയിലെ വീട്ടിലിരുന്ന് ഒരുപാട് കഥകള്‍ ചര്‍ച്ചചെയ്ത് പാതിയില്‍ വലിച്ചെറിഞ്ഞ അന്‍വറിന് നന്ദിപറയാം. ഒടുവില്‍ ജീവിതത്തിന്റെ പച്ചപ്പുള്ളൊരു നല്ല കഥയില്‍ത്തന്നെ എത്തിയതിന്. അത്തരമൊരു കഥയെഴുതാന്‍ കരുത്തുള്ളൊരു എഴുത്തുകാരിയെ കൂട്ടുപിടിച്ചതിന്.

അന്‍വര്‍റഷീദ്


നന്‍മയുള്ള സിനിമ
തീര്‍ച്ചയായും പറയാം, അന്‍വര്‍ നടത്തിയ ദീര്‍ഘമായ ഹോംവര്‍ക്ക് പാഴായിട്ടില്ല. കാരണം ‘രാജമാണിക്യ’ത്തില്‍ നിന്ന് ഒരുപാട് ഒരുപാട് വളര്‍ന്ന, പക്വതയുള്ളൊരു സംവിധായകനെയാണ് നമ്മള്‍ ‘ഉസ്താദ് ഹോട്ടലി’ല്‍ കാണുന്നത്. ഹൃദയത്തെ സ്പര്‍ശിക്കുന്ന നന്‍മയുള്ള സിനിമയാണ് ഉസ്താദ് ഹോട്ടല്‍. സിനിമയെന്ന പേരില്‍ ആഭാസത്തരങ്ങളും അശ്ലീലതയും ആഘോഷിക്കപ്പെടുന്ന ‘ബാച്ച്ലര്‍’ കാലത്ത് അതിലൊന്നുംപെടാതെ നല്ല സിനിമയുടെ വഴി കാട്ടുകയാണ് ഈ ചിത്രം.
തിലകന്റെയും ദുല്‍ഖര്‍സല്‍മാന്റേയും ഉള്ളുലയ്ക്കുന്ന അഭിനയമികവു മാത്രമല്ല ‘ഉസ്താദ് ഹോട്ടലിനെ’ നല്ലൊരു സിനിമയാക്കുന്നത്. മനുഷ്യബന്ധങ്ങളുടെ ഇണക്കങ്ങളിലേക്കും പിണക്കങ്ങളിലേക്കും സൂക്ഷ്മമായി കടന്നുചെന്ന് സ്വാഭാവികതയോടെ കഥ പറയാനുള്ള അഞ്ജലിയുടെ മികവ്, ആത്മാവ് ചോര്‍ന്നുപോകാതെ ആ കഥയെ സിനിമയാക്കിമാറ്റിയ സംവിധായകന്റെ കഴിവ്, കഥയുടെ അന്തരീക്ഷത്തിലേക്ക് നമ്മെ അനായാസം എത്തിക്കുന്ന പശ്ചാത്തല സംഗീതം, കോഴിക്കോടന്‍ കടപ്പുറത്തിന്റെ ഭംഗിയാകെ പകര്‍ത്തിയ കാമറ തുടങ്ങി പലതും തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ നമ്മുടെ ഉള്ളില്‍ തങ്ങിനില്‍ക്കും. ഒരുവേള കണ്ണു നനയാതെ, മറ്റൊരിക്കല്‍ പരിസരം മറന്നു പൊട്ടിച്ചിരിക്കാതെ, വേറൊരു നിമിഷം ജീവിതത്തിന്റെ അര്‍ഥത്തേയും അര്‍ഥശൂന്യതയേയുംപറ്റി അല്‍പമൊന്നാലോചിക്കാതെ നമുക്കു തിയറ്റര്‍ വിട്ടിറങ്ങാനാവില്ല. അത്രമേല്‍ സുന്ദരമാണ് ഈ ചെറുചിത്രം.

അഞ്ജലി മേനോന്‍

സ്വാഭാവികമായ ചിരിയുടെ അലകള്‍
ട്വിസ്റ്റുകള്‍ നിറഞ്ഞൊരു ന്യുജനറേഷന്‍ സിനിമയൊന്നുമല്ല ‘ഉസ്താദ് ഹോട്ടല്‍’. ഏതെങ്കിലും ഇംഗ്ലീഷ് സിനിമയില്‍നിന്ന് മോഷ്ടിച്ചെടുത്തൊരു കഥയല്ല, നമ്മുടെതന്നെ ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒരു കാന്‍വാസാണ് ഈ ചിത്രം. മനുഷ്യബന്ധങ്ങളും അതിന്റെ വൈകാരികതകളും തന്നെയാണ് വിഷയം. ഒരു മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധത്തിലൂന്നിയാണ് കഥ മുന്നോട്ടുപോകുന്നത്.

പക്ഷേ ആ ബന്ധം ചിത്രീകരിക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ അര്‍ഥമെന്തെന്ന വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തിരക്കഥാകാരിയും സംവിധായകനും നടത്തുന്ന ശ്രമമാണ് ഈ ചെറിയ ചിത്രത്തെ സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രമാക്കുന്നത്. സംഭാഷണങ്ങള്‍ മിക്കതും എണീറ്റുനിന്ന് കൈയടിക്കാന്‍ തോന്നിപ്പിക്കുംവിധം സുന്ദരമാണ്.

അടിപിടിയും ആഭാസവും അലര്‍ച്ചകളുമില്ലാത്ത സംഭാഷണങ്ങള്‍ മലയാളസിനിമയുടെ പഴയൊരു നല്ലകാലത്തിന്റെ ഓര്‍മകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകും. അസാധാരണമായ നര്‍മബോധത്തോടെ ജീവിതത്തെ നിരീക്ഷിക്കുന്ന പല രംഗങ്ങളും നമ്മെ പൊട്ടിച്ചിരിപ്പിക്കും. ഏച്ചുകെട്ടിയ ഹാസ്യമില്ലെങ്കിലും ജീവിതത്തിലെ സ്വാഭാവികമായ ചിരിയുടെ അലകള്‍ ഉസ്താദ് ഹോട്ടലില്‍ എമ്പാടുമുണ്ട്.

 

 

തിലകന് സ്തുതി
വരുംകാലം മലയാളസിനിമയുടെ ഉസ്താദുമാര്‍ ആരാവുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന സിനിമ കൂടിയാണ് ഇത്. ‘തിലകനെപ്പോലുള്ള നടന്‍മാരോടൊന്നും കളിക്കാന്‍ താരസംഘടനയോ താരങ്ങളോ ഒരുങ്ങരുത്. കളിക്കുന്നവന്‍ ദയനീയമായി പരാജയപ്പെട്ടുപോകും. കാരണം തിലകനൊക്കെ മറ്റൊരു അപൂര്‍വ ജനുസ്സില്‍പ്പെട്ട പ്രതിഭയാണ്’ എന്ന് കെ.ആര്‍ മീര എഴുതിയത് അടുത്തിടെ വായിച്ചു.

സംഗതി സത്യമാണ്. മലയാളസിനിമയിലെ തെമ്മാടിത്തങ്ങള്‍ ഉറക്കെ വിളിച്ചുപറയാന്‍ ധൈര്യംകാട്ടിയ ആ അപൂര്‍വജനുസ്സിന്റെ അഭിനയമികവ് ഈ സിനിമയ്ക്കു നല്‍കുന്ന ഉണര്‍വ് അപാരമാണ്. തിലകനല്ലാതെ മറ്റാര്‍ക്കും അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയില്ല ഉസ്താദ് ഹോട്ടലിലെ ഈ ഉപ്പൂപ്പയെ. നടന്‍ എന്ന നിലയില്‍ ദുല്‍ഖര്‍സല്‍മാന്‍ വളരുകതന്നെയാണ്. മറ്റു താരങ്ങളൊന്നും മോശമാക്കിയിട്ടുമില്ല. എല്ലാറ്റിലുമുപരി കരുത്തുള്ളൊരു കഥതന്നെയാണ് ‘ഉസ്താദ്ഹോട്ടലി’നെ സവിശേഷമാക്കുന്നത്.

കെട്ടുറപ്പുള്ള കഥകളിലേക്ക് മടങ്ങാന്‍ തയാറുള്ള സംവിധായകരും താരജാഡകളില്ലാതെ അത്തരം കഥകള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശേഷിയുള്ള നടീ നടന്‍മാരുമാവും ഇനിയുള്ള കാലം മലയാള സിനിമയിലെ ഉസ്താദുമാര്‍. അവരുടേതാവും വിജയങ്ങള്‍. സംശയമില്ല.

 

 

ബാച്ച്ലര്‍പാര്‍ട്ടിയും പൂവന്‍കോഴികളും

ഈ സംഭാഷണങ്ങള്‍ ഒഴിച്ചാല്‍ ഈ സിനിമയുടെ ബാക്കി ഇതാ ഇങ്ങനെയാണ്: കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ,പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ, പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍. ഒടുക്കമൊരു കൂട്ടവെടിയും നായകന്‍മാരും വില്ലന്‍മാരുമടക്കം എല്ലാരും ചത്തുവീഴലും. അതുകഴിഞ്ഞ് നായകന്‍മാരും വില്ലന്‍മാരും നരകത്തില്‍ ഒന്നിച്ചുകൂടിയുള്ള ഒരു കാബറെയുംകൂടിയുണ്ട്. രമ്യാനമ്പീശനാണ് ഭൂമിയിലെ കാബറെ ഡാന്‍സര്‍, പദ്മപ്രിയയാണ് നരകത്തിലെ ഡാന്‍സര്‍.
ജീവിതത്തിലൊരിക്കലും തനിക്ക് നല്ലൊരു സംവിധായകനാവാന്‍ കഴിയില്ലെന്ന കാര്യം മുന്‍ചിത്രങ്ങളിലൂടെ പലയാവര്‍ത്തി തെളിയിച്ചിട്ടുള്ള അമല്‍നീരദ് അക്കാര്യം അല്‍പംകൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’ എന്ന ഫൂള്‍ സിനിമയില്‍. നായകന്‍മാരും വില്ലന്‍മാരും എല്ലാവരും പരസ്പരം ചിരിച്ചുകൊണ്ട് വെടിവെച്ചുമരിക്കുന്നതും അതിനുശേഷം എല്ലാവരും നരകത്തില്‍ ഒന്നിച്ചുകൂടി കാബറെ കളിക്കുന്നതും മലയാളസിനിമയില്‍ ഇതാദ്യമാണ്. ഇനി ഉണ്ടാവാനും സാധ്യതയില്ല. അതാണ് ഈ സിനിമയുടെ ഗംഭീരമായ പുതുമ-അന്നമ്മക്കുട്ടി എഴുതുന്നു

 


 

പണ്ട്, ഇന്റര്‍നെറ്റും ബ്ലൂടൂത്തും മൊബൈല്‍ഫോണും വരുന്നതിനു മുമ്പ് ശരാശരി പുരുഷ മലയാളി കൌമാരത്തിന്റെ ലൈംഗിക ജിജ്ഞാസകളെ ശമിപ്പിച്ചിരുന്നത് അതീവരഹസ്യമായി കൈമാറിക്കിട്ടിയിരുന്ന കൊച്ചുപുസ്തകങ്ങളായിരുന്നു. ആ പുസ്തകങ്ങള്‍ക്കായി ചെറുപ്പക്കാര്‍ പെട്ടിക്കടകള്‍ക്കു മുന്നില്‍ കറങ്ങിനടന്നു. പോലിസ് പലപ്പോഴും റെയ്ഡ്ചെയ്ത് അവ കൂട്ടത്തോടെ പിടിച്ചെടുത്ത് കത്തിച്ചു. എന്നിട്ടും സ്കൂളുകളുടെയും കോളജുകളുടെയും ചുറ്റുവട്ടത്ത് അത്തരം പുസ്തകങ്ങള്‍ പിന്നെയും പിന്നെയും എത്തിക്കൊണ്ടിരുന്നു. മഹാവഷളന്‍മാരായ ആണ്‍കൂട്ടുകാര്‍ക്ക് കുറവില്ലാത്തതിനാല്‍ അത്തരം പുസ്തകങ്ങള്‍ പലതും കാണാനും വായിക്കാനും ഈയുള്ളവള്‍ക്കും കഴിഞ്ഞു. പുരുഷസദസുകളിലെ ലൈംഗിക നര്‍മങ്ങളും അതിഭാവുകത്വ വിവരണങ്ങളും പച്ചത്തെറികളുമൊക്കെ അതേപടി അച്ചടിച്ചുവരുന്ന അത്തരം മഞ്ഞപ്പുസ്തകങ്ങള്‍ ഒരു ടൈംബോംബ് സൂക്ഷിക്കുന്ന രഹസ്യാത്മകതയോടെയാണ് നമ്മുടെ കൌമാരക്കാര്‍ പാഠപുസ്തകങ്ങള്‍ക്കിടയില്‍ അക്കാലത്ത് സൂക്ഷിച്ചത്.

കാലം മാറി. ഏതൊരു സാധാരണക്കാരനും ചിപ്പിലാക്കി മൊബൈലിലോ ലാപ്പിലോ കൊണ്ടുനടക്കാന്‍ കഴിയുംവിധം സെക്സ് കഥകളും ദൃശ്യങ്ങളും സാര്‍വത്രികമാക്കുന്നതില്‍ ടെക്നോളജി വിജയിച്ചു. മഞ്ഞപ്പുസ്തകങ്ങള്‍ വായിക്കാന്‍ ആളില്ലാതായി. പക്ഷേ അവ വായിക്കാന്‍ കൊതിക്കുന്ന ഒരു സമൂഹം ഇവിടെ ഇപ്പോഴും ബാക്കിയുണ്ടെന്ന കാര്യം നമ്മുടെ പല പ്രസാധകരും തിരിച്ചറിഞ്ഞു. അവര്‍ സാംസ്കാരിക^സാഹിത്യ പ്രസിദ്ധീകരണങ്ങളിലേക്ക് ആ പഴയ മഞ്ഞഭാഷയെ തിരിച്ചുവിളിച്ചു. നന്നായി ലേഔട്ട് ചെയ്ത് ബുദ്ധിജീവി മുഖംമൂടിയിട്ട് സാംസ്കാരിക പ്രസിദ്ധീകരണമെന്ന ലേബലില്‍ കുറഞ്ഞ വിലയ്ക്ക് എല്ലാ കടകളിലും മഞ്ഞസാഹിത്യമെത്തി. വ്യഭിചാരത്തിന്റെ അനുഭവകഥകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ടാവുകയും അവ പലപ്പോഴും മുഖ്യധാരാ വാരികകളുടെ കവര്‍സ്റ്റോറി ആവുകയും ചെയ്തു.

 

 

‘പൂവന്‍കോഴികള്‍ കണക്കുപുസ്തകം സൂക്ഷിക്കാറില്ല’ എന്ന പേരില്‍ അടുത്തിടെയെഴുതിയ അത്തരമൊരു അനുഭവകഥയില്‍ ഉണ്ണി.ആര്‍ എന്ന യുവകഥാകൃത്ത് വിവരിക്കുന്നത് തന്റെ ഒരു ഗംഭീരന്‍ ലൈംഗികക്രിയയാണ്. പരിചയപ്പെട്ട് 25 ാം നാള്‍ തന്റെ കൂട്ടുകാരിയെ മുറിയിലെത്തിച്ച് അവളുടെ സമ്മതത്തോടെ നടത്തിയ ലൈംഗികവേഴ്ചയുടെയും തുടര്‍ന്നുള്ള അവളുടെ ശാരീരിക^മാനസിക പ്രതികരണങ്ങളുടെയും പച്ചയായ വിവരണമാണ് പ്രസ്തുത ലേഖനം. ഉണ്ണി.ആര്‍ മറ്റൊരു യുവകഥാ പ്രതിഭയായ സന്തോഷ് എച്ചിക്കാനത്തിനൊപ്പം ചേര്‍ന്ന് തിരക്കഥയെഴുതി അമല്‍നീരദ് സംവിധാനം ചെയ്ത് തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ‘ബാച്ച്ലര്‍ പാര്‍ട്ടി’ പഴയ മഞ്ഞപ്പുസ്തക കഥയുടെ സ്ലോമോഷനിലുള്ള ദൃശ്യാവിഷ്കാരമാണ്.

ഒന്നു രണ്ട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഉണ്ണി.ആറും സന്തോഷുമൊക്കെ കോളജിലൊക്കെ പഠിച്ചിരുന്ന കാലത്ത് ആണ്‍ഹോസ്റ്റലുകളിലെ പാതിരാ മദ്യപ സദസ്സുകളില്‍ പറഞ്ഞുപഴകിയ അശ്ലീലതമാശകളാണ് ഈ സിനിമയിലെ സംഭാഷണങ്ങള്‍. ഫോര്‍ എക്സാമ്പിള്‍, ബാച്ച്ലര്‍ പാര്‍ട്ടിയുടെ തുടക്കസീനില്‍ റഹ്മാനും ഇന്ദ്രജിത്തും തമ്മിലുള്ള കഥപറച്ചില്‍ ഇങ്ങനെ: ”ഒരുത്തന്‍ ഹണിമൂണിനിടെ ഒരു തത്തയെ വാങ്ങി ഹോട്ടല്‍റൂമില്‍ എത്തിച്ചു. രാത്രിയില്‍ അയാളും ഭാര്യയും ഒരു പെട്ടി അടയ്ക്കാന്‍ പെട്ടിക്കുമുകളില്‍ കയറിയപ്പോള്‍ തത്ത വിളിച്ചുപറഞ്ഞത്രെ എടാ ദ്രോഹീ, ലൈറ്റിടടാ ഞാനും കൂടി കാണട്ടെ, രണ്ടുപേരും മുകളില്‍ കയറിയിരുന്നുള്ള പരിപാടി ഞാന്‍ കണ്ടിട്ടില്ലായെന്ന്…” എത്ര പ്രതിഭാസമ്പന്നമായ തമാശ!

നമ്മുടെ സാഹിത്യത്തിനും സിനിമക്കും ഭാവിയുണ്ട്! ഈ നാലാംകിട തമാശ അതിന്റെ എല്ലാ വൈകൃതങ്ങളോടെയും വിവരിക്കാന്‍ അഞ്ചു മിനിറ്റാണ് തിരക്കഥയില്‍ നീക്കിവെച്ചിരിക്കുന്നത്. കുട്ടികളോടും കുടുംബത്തോടുമൊപ്പമെങ്ങാന്‍ ഏതെങ്കിലും ഹതഭാഗ്യര്‍ ഈ സിനിമക്കു പോകാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മുന്നറിയിപ്പായി ഒരു ചെറിയ എക്സാമ്പിള്‍ പറഞ്ഞെന്നുമാത്രം. ബാച്ച്ലര്‍ പാര്‍ട്ടിയില്‍ ഉടനീളം ഇത്തരം വൈകൃത തമാശകളുടെ നീണ്ടനിരയാണ്. പലതും പഴയ മഞ്ഞപ്പുസ്തക കഥകളുടെ നിഴല്‍ വീണവ.

 

 

ഈ സംഭാഷണങ്ങള്‍ ഒഴിച്ചാല്‍ ഈ സിനിമയുടെ ബാക്കി ഇതാ ഇങ്ങനെയാണ്: കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ,പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ, പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍. ഒടുക്കമൊരു കൂട്ടവെടിയും നായകന്‍മാരും വില്ലന്‍മാരുമടക്കം എല്ലാരും ചത്തുവീഴലും. അതുകഴിഞ്ഞ് നായകന്‍മാരും വില്ലന്‍മാരും നരകത്തില്‍ ഒന്നിച്ചുകൂടിയുള്ള ഒരു കാബറെയുംകൂടിയുണ്ട്. രമ്യാനമ്പീശനാണ് ഭൂമിയിലെ കാബറെ ഡാന്‍സര്‍, പദ്മപ്രിയയാണ് നരകത്തിലെ ഡാന്‍സര്‍. ഈ സിനിമക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടാതെപോയത് സെന്‍സര്‍ബോര്‍ഡില്‍ കണ്ണുംകാതുമുള്ളവര്‍ ഇല്ലാത്തതിനാല്‍ മാത്രമാവണം.

ജീവിതത്തിലൊരിക്കലും തനിക്ക് നല്ലൊരു സംവിധായകനാവാന്‍ കഴിയില്ലെന്ന കാര്യം മുന്‍ചിത്രങ്ങളിലൂടെ പലയാവര്‍ത്തി തെളിയിച്ചിട്ടുള്ള അമല്‍നീരദ് അക്കാര്യം അല്‍പംകൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’ എന്ന ഫൂള്‍ സിനിമയില്‍. നായകന്‍മാരും വില്ലന്‍മാരും എല്ലാവരും പരസ്പരം ചിരിച്ചുകൊണ്ട് വെടിവെച്ചുമരിക്കുന്നതും അതിനുശേഷം എല്ലാവരും നരകത്തില്‍ ഒന്നിച്ചുകൂടി കാബറെ കളിക്കുന്നതും മലയാളസിനിമയില്‍ ഇതാദ്യമാണ്. ഇനി ഉണ്ടാവാനും സാധ്യതയില്ല. അതാണ് ഈ സിനിമയുടെ ഗംഭീരമായ പുതുമ.

ആ പുതുമ കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് തലയില്‍മുണ്ടിട്ടുപോയി കാണാവുന്ന സിനിമയാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’. സിനിമയെന്നാല്‍ സ്ലോമോഷനും വെടിവെപ്പും അധോലോകവുമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന അമല്‍നീരദ് ഉണ്ണി.ആറിനേയും സന്തോഷ് എച്ചിക്കാനത്തേയും കൂട്ടുപിടിച്ച് നടത്തുന്ന ഈ കോമാളിക്കളി പ്രേക്ഷകരെ അമ്പേ വിഡ്ഢികളാക്കുന്നു. സിനിമകഴിഞ്ഞിറങ്ങവെ ഒരു പയ്യന്‍ സെക്യുരിറ്റിയോടു പറയുന്നതു കേട്ടു: ”വേഗം ഗേറ്റ് തുറക്കു ചേട്ടാ, അല്ലെങ്കില്‍ ആളുകള്‍ തിയറ്റര്‍ കത്തിക്കും!”

 


 

എത്ര വെടിയേറ്റാലും മരിക്കാത്ത കുറച്ചുപേര്‍ രണ്ടു മണിക്കൂര്‍ പത്തുമിനിറ്റ് പല പോസില്‍ പല സ്ലോമോഷനില്‍ നടത്തുന്ന വെടിവെപ്പാണ് ഈ സിനിമയുടെ 90 ശതമാനവും. അസാധാരണ ക്ഷമയുള്ളവര്‍ക്കു മാത്രം കാണാനാവുന്ന ചലചിത്ര പ്രതിഭാസം. ആഭാസമെന്നും പറയാം. അമല്‍നീരദ് ഈ പണിനിര്‍ത്താന്‍ സമയമായിരിക്കുന്നു എന്ന് അടിവരയിട്ടു പറയുന്നു, ചിത്രം. കൂടുതലൊന്നും പറയാനുള്ള ശേഷിയില്ലാത്തിനാലും സ്പിരിറ്റ് എന്ന സിനിമയുടെ റിവ്യൂ നാലാമിടത്തില്‍ എഴുതിയതിനുള്ള മറുപടിയായി ഫാന്‍സുകാരില്‍ നിന്ന് നേരിട്ട് മെയിലിലേക്ക് വന്ന അനവധി തെറിമെയിലുകള്‍ വായിക്കാന്‍ ബാക്കികിടക്കുന്നതിനാലും ‘അന്നമ്മക്കുട്ടി തല്‍കാലം സൈനിംഗ് ഔട്ട് ഫ്രം റിവ്യൂ’. ഇത്രയും വായിച്ചിട്ടും ആരെങ്കിലും ബാച്ച്ലര്‍പാര്‍ട്ടി കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നല്ലനമസ്കാരം. കേട്ടറിയാത്തവര്‍ കണ്ടറിയുക, അനുഭവിക്കുക !

അടിക്കുറിപ്പ്: അന്തസ്സുള്ള സര്‍ഗാത്മകതയുടെ യുഗം മലയാള സാഹിത്യത്തിലും സിനിമയിലും അവസാനിച്ചിരിക്കുന്നു. മഞ്ഞപ്പുസ്തകഭാഷയെ സര്‍ഗാത്മകസാഹിത്യമാക്കുകയും വ്യഭിചാര വിവരണത്തെ പ്രതിഭാവിലാസമാക്കുകയും പച്ചത്തെറിയെ സിനിമയാക്കുകയും ചെയ്യുന്ന കഥാകൃത്തുക്കളുടെയും സംവിധായകരുടെയും ഉളുപ്പില്ലാത്ത കാലമാണ് ഇത്. സമൂഹം ആകെ ദുഷിക്കുമ്പോള്‍ സാഹിത്യവും സിനിമയും മാത്രം എങ്ങനെ ശുദ്ധമാവാനാണ്?

സാരമില്ല, നമുക്ക് എം.ടിയുടെയും മാധവിക്കുട്ടിയുടെയും വിജയന്റെയും ഒഎന്‍വിയുടെയും പദ്മനാഭന്റെയുമൊക്കെ നല്ല പുസ്തകങ്ങള്‍ ബാക്കിയുണ്ടല്ലോ. അവ ആവര്‍ത്തിച്ചു വായിക്കാം. പദ്മരാജനും ഭരതനുമൊക്കെ ചിത്രീകരിച്ച പ്രണയവും മോഹവും കാമവുമൊക്കെ ദൃശ്യങ്ങളായി ഇപ്പോഴും ബാക്കിയുണ്ടല്ലോ. അതൊക്കെ ആവര്‍ത്തിച്ചുകാണാം. ഒപ്പം അമല്‍നീരദുമാരുടെയും ഉണ്ണിമാരുടെയും ആധിപത്യകാലം വേഗം കഴിഞ്ഞുകിട്ടാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിക്കാം.

രഞ്ജിത്ത്, കോണ്‍ഡം, ലാല്‍, സ്പിരിറ്റ്….

 
 
 
സ്പിരിറ്റ് റിവ്യൂ: അന്നമ്മക്കുട്ടി എഴുതുന്നു
 

പുരുഷ ഷോവനിസത്തിന്റെ വലിയ ഉല്‍സവവും ഉന്‍മാദവുമായി ഒരുപാട് സിനിമകളില്‍ മദ്യപാനത്തെ ആഘോഷിച്ച് മഹത്വവത്കരിച്ചിട്ടുള്ള രഞ്ജിത്ത് മലയാളിയെ നന്നാക്കാന്‍ നടത്തുന്ന പുതിയ ഉപദേശപ്രസംഗമാണ് ‘സ്പിരിറ്റ്’ എന്ന അദ്ദേഹത്തിന്റെ സിനിമ. ‘സിനിമ’ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതൊരു ഡോക്യുമെന്ററിയാണ്. ബാലവേല, വനസംരക്ഷണം എന്നിവയെക്കുറിച്ചൊക്കെ ഇടയ്ക്കിടെ ദൂരദര്‍ശനില്‍ വരുന്ന ചില പഴയ ഡോക്യുമെന്ററികള്‍ കണ്ടിട്ടില്ലേ. ഏതാണ്ട് അത്തരമൊരു ബോറടിപ്പിക്കല്‍ പരിപാടി. ‘വൈകിട്ടെന്താ പരിപാടി?’ എന്നൊക്കെ ചോദിച്ച് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെയൊക്കെ ‘ഹോട്ടാക്കിയിട്ടുള്ള’ അതേ ലാലേട്ടന്‍ അതേ സ്പിരിറ്റോടെ ഈ ഡോക്യുമെന്ററിയില്‍ മലയാളികളെ മദ്യത്തിനെതിരെ ഉദ്ബോധിപ്പിക്കുന്നു. അതാണ് ഇതിലെ ഏറ്റവും വലിയ ട്വിസ്റ്റ്-അന്നമ്മക്കുട്ടി എഴുതുന്നു

 

 

പല റൌഡികളും പെട്ടെന്നൊരു ദിവസം ‘ദൈവവിളി’ കിട്ടി നന്നാവാറുണ്ട്. പിന്നെ നാട്ടുകാര്‍ക്കാണ് ശല്യം. ഇന്നലെവരെ കള്ളവാറ്റും കള്ളക്കമ്മട്ടവുമായി നടന്നവന്‍ കാണുന്നവരെയൊക്കെ ഉപദേശിക്കാന്‍ തുടങ്ങും. തനിക്കുണ്ടായ ദൈവവിളിയെക്കുറിച്ചും താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സൌഖ്യത്തെക്കുറിച്ചും കവലകളില്‍ മൈക്കുകെട്ടി പ്രസംഗിക്കും. ‘ഇവന്‍ നന്നാവേണ്ടിയിരുന്നില്ല, ഇപ്പോഴത്തെ ഉപദേശ ഉപദ്രവത്തെക്കാള്‍ ഭേദം പഴയ ഗുണ്ടാപ്പണി തന്നെയായിരുന്നു’വെന്ന് നാട്ടുകാര്‍ പറഞ്ഞുതുടങ്ങും.

പുരുഷ ഷോവനിസത്തിന്റെ വലിയ ഉല്‍സവവും ഉന്‍മാദവുമായി ഒരുപാട് സിനിമകളില്‍ മദ്യപാനത്തെ ആഘോഷിച്ച് മഹത്വവത്കരിച്ചിട്ടുള്ള രഞ്ജിത്ത് മലയാളിയെ നന്നാക്കാന്‍ നടത്തുന്ന പുതിയ ഉപദേശപ്രസംഗമാണ് ‘സ്പിരിറ്റ്’ എന്ന അദ്ദേഹത്തിന്റെ സിനിമ. ‘സിനിമ’ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതൊരു ഡോക്യുമെന്ററിയാണ്. ബാലവേല, വനസംരക്ഷണം എന്നിവയെക്കുറിച്ചൊക്കെ ഇടയ്ക്കിടെ ദൂരദര്‍ശനില്‍ വരുന്ന ചില പഴയ ഡോക്യുമെന്ററികള്‍ കണ്ടിട്ടില്ലേ. ഏതാണ്ട് അത്തരമൊരു ബോറടിപ്പിക്കല്‍ പരിപാടി. ‘വൈകിട്ടെന്താ പരിപാടി?’ എന്നൊക്കെ ചോദിച്ച് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെയൊക്കെ ‘ഹോട്ടാക്കിയിട്ടുള്ള’ അതേ ലാലേട്ടന്‍ അതേ സ്പിരിറ്റോടെ ഈ ഡോക്യുമെന്ററിയില്‍ മലയാളികളെ മദ്യത്തിനെതിരെ ഉദ്ബോധിപ്പിക്കുന്നു. അതാണ് ഇതിലെ ഏറ്റവും വലിയ ട്വിസ്റ്റ്!

 

 

വെള്ളത്തില്‍ ഒരു ജീനിയസ്
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെതന്നെ ഫുള്‍ടൈം തണ്ണിയായി നടക്കുന്ന ‘രഘുനന്ദനന്‍’ എന്ന ജീനിയസിന്റെ ജീവിതത്തിലുടെയാണ് ഡോക്യുമെന്ററി നീങ്ങുന്നത്. പണമുണ്ട്, പ്രശസ്തിയുണ്ട്, കാര്യമായ ദുഃഖങ്ങളൊന്നുമില്ല. എങ്കിലും ഫുള്‍ വെള്ളത്തിലാണ് രഘുനന്ദനന്‍. മദ്യപാനിയാണെങ്കിലും ലാലേട്ടന്റെ ഈ കഥാപാത്രം ജീനിയസാണ്. അഞ്ചു ഭാഷകള്‍ അറിയാം. എഴുത്തുകാരനാണ്, ടി.വി അവതാരകനാണ്. ഒരു ടെലിവിഷന്‍ ചാനല്‍ നിലനില്‍ക്കുന്നതുതന്നെ രഘുനന്ദനന്‍ അവതരിപ്പിക്കുന്ന ലൈവ് അഭിമുഖ പരിപാടിയുടെ റേറ്റിംഗ്കൊണ്ടാണ്.

പല ബ്രാന്റുകളിലുള്ള മദ്യം രഘുനന്ദനന്‍ കഴിക്കുന്ന ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയുടെ ആദ്യപകുതി. യുവകവി കൂടിയായ സുഹൃത്ത് സമീര്‍ (സിദ്ധാര്‍ഥ്) കള്ളുകുടിച്ച് രക്തം ഛര്‍ദിച്ച് മരിക്കുന്നതു കണ്ട രഘുനന്ദനന്‍ മദ്യപാനം നിര്‍ത്തുന്നു. പിന്നീട് അയാള്‍ മറ്റുള്ളവരെ നന്നാക്കാന്‍ ടെലിവിഷനിലൂടെ നടത്തുന്ന ഉപദേശ പ്രസംഗങ്ങളും ഒളികാമറ ഓപ്പറേഷനുമാണ് രണ്ടാം പകുതി. ‘സ്പിരിറ്റ്’ ഫുള്ളായി കാണുന്ന ആരും ഒരു ഫുള്ളെടുത്ത് അടിച്ച് ഓഫായിപോകും! അത്ര അരോചകമാണ് ഈ സിനിമയുടെ മേക്കിംഗ്.

സര്‍ക്കാര്‍ വരുമാനത്തിന്റെ 40 ശതമാനവും മദ്യവില്‍പനയിലുടെ സമാഹരിക്കുന്ന പ്രബുദ്ധ കേരളത്തില്‍ മദ്യത്തിനെതിരെ സദുദ്ദേശ സിനിമയെടുക്കാന്‍ ഇറങ്ങിയ രഞ്ജിത്തിനെ എന്തായാലും നമ്മള്‍ മലയാളികള്‍ അഭിനന്ദിക്കേണ്ടതല്ലേ അന്നമ്മക്കുട്ടീ, എന്നൊരു സംശയം മാന്യവായനക്കാര്‍ക്ക് തോന്നാം. തോന്നല്‍ ന്യായവുമാണ്. എന്നാല്‍ അത്തരമൊരു അഭിനന്ദനം രഞ്ജിത്ത് അര്‍ഹിക്കാത്തത് ഇതൊരു സോദ്ദേശ സിനിമയല്ല എന്നതിനാലാണ്. മദ്യപാനത്തെ വിമര്‍ശിക്കുന്ന ഈ സിനിമ മദ്യത്തെക്കാള്‍ അപകടകരമായ ഒട്ടനവധി മനുഷ്യത്വവിരുദ്ധ ആശയങ്ങള്‍ പ്രസരിപ്പിക്കുന്നു. അതില്‍ പ്രധാനം ഓരോ സീനിലും നിറയുന്ന സ്ത്രീവിരുദ്ധത തന്നെ.

 

 

കയറിപ്പിടിച്ചാല്‍ തല്ലാമോ?
60 വയസെങ്കിലുമുള്ള ക്യാപ്റ്റന്‍ നമ്പ്യാര്‍ (മധു) ഭാര്യയെ യോഗ ക്ലാസിന് അയച്ചശേഷം ഒരു യുവതിയെ ഭോഗിക്കാനായി കോണ്‍ഡവും വാങ്ങിപ്പോകുന്ന രംഗം നോക്കൂ. ക്യാപ്റ്റന് ഫുള്‍ബോട്ടില്‍ മദ്യവും വാങ്ങിനല്‍കി ‘ബെസ്റ്റ് വിഷസ്’ പറഞ്ഞ് അയക്കുകയാണ് ചാനല്‍ ഷോയിലെ ഗര്‍ജിക്കുന്ന സിംഹമായ രഘുനന്ദനന്‍. രണ്ടു കോടി രൂപ നല്‍കാമെന്നു പറഞ്ഞിട്ടും പൊളിറ്റിക്കല്‍ ഗൂഢാലോചനയില്‍ പങ്കാളിയാവാന്‍ തയാറാവാത്ത ആദര്‍ശവാനാണ് രഘുനന്ദനന്‍ എന്നോര്‍ക്കണം! ആ ആദര്‍ശവാന്‍ ഈ യഥാര്‍ഥ പിമ്പിംഗില്‍ യാതൊരു തെറ്റും കാണുന്നില്ല.

പട്ടാപ്പകല്‍ ഷോപ്പിംഗ്മാളില്‍ പെണ്ണുങ്ങളെ കയറിപ്പിടിച്ച് അത് കാമറയില്‍ കൂട്ടുകാരനെക്കൊണ്ട് ഷൂട്ടുചെയ്യിക്കുന്ന കൌമാരക്കാരന്‍. അവനിട്ട് രണ്ടു പൊട്ടിക്കുന്ന ഒരു വനിതാ പൊലീസ് ഓഫിസറുണ്ട് ഈ സിനിമയില്‍. ആ വനിതാ പോലിസ് ഓഫിസറെ തന്റെ ചാനല്‍ഷോയില്‍ അപാരമായ ബുദ്ധിവൈഭവവും വാക്ചാതുരിയുംകൊണ്ട് രഘുനന്ദനന്‍ പരാജയപ്പെടുത്തുന്ന അതിഗംഭീരമായൊരു രംഗമുണ്ട് ഈ സിനിമയില്‍. തിരക്കഥാകൃത്തായ പാവം രഞ്ജിത്തിനോട് നമുക്ക് സഹതാപം തോന്നും!

സ്വന്തം ശരീരത്തില്‍ കയറിപ്പിടിക്കുന്നവനിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ ഒരു വനിതാ പോലിസ് ഓഫിസര്‍ക്ക് പോലും ധാര്‍മിക അവകാശം ഇല്ലെന്നാണ് രഘുനന്ദനന്‍ സിദ്ധാന്തം. അഥവാ അത്തരമൊരു അവകാശം ഉണ്ടാവണമിെല്‍ ആദ്യം അവള്‍ പോയി ഈ നാടു മുഴുവന്‍ നന്നാക്കിയിട്ട് വരണം പോലും! സിനിമ കാണുന്ന സാമാന്യബോധമുള്ള ഏതു പ്രേക്ഷകനും ഈ സീനില്‍ ആ വനിതാ പോലിസ് ഓഫിസറുടെ ഭാഗത്താവും നില്‍ക്കുക എന്നു തിരിച്ചറിയാനുള്ള വിവേകമാണ് രഞ്ജിത്തിനെപ്പോലെ ഒരു ചലച്ചിത്രകാരന് ഉണ്ടാവേണ്ടിയിരുന്നത്.

 

 

ക്യാമറയുടെ ഒളിനോട്ടങ്ങള്‍
മദ്യപാനം നിര്‍ത്തിയശേഷം രഘുനന്ദനന്‍, ഇപ്പോള്‍ മറ്റൊരുത്തന്റെ ഭാര്യയായ മുന്‍ ഭാര്യ മീരയെ (കനിഹ) പ്രണയപൂര്‍വം ആലിംഗനം ചെയ്യുന്ന രംഗം. രഘുനന്ദനന്റെ ആലിംഗനത്തില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് മീര പറയുന്നു: ‘ഇങ്ങനെയൊരു രാത്രിക്കുവേണ്ടി എന്നെക്കൂടി ബാക്കിവെക്കണമായിരുന്നു’. അതായത് മദ്യം ‘ഉപയോഗിച്ചിരുന്ന’ രഘുനന്ദനന്‍ അത് ഒഴിവാക്കിയ സ്ഥിതിക്ക് തന്നെ ‘ഉപയോഗിക്കാമായിരുന്നു’.

പക്ഷേ ഇപ്പോള്‍ താന്‍ മറ്റൊരാളുടെ ഭാര്യയാണ്. ആയതിനാല്‍ ആ ‘ഉപയോഗിക്കല്‍’ നടക്കില്ല എന്ന്. പെണ്ണിനെ ഇത്രമേല്‍ ‘ചരക്കാക്കി’ ചിത്രീകരിക്കുന്ന പഴയ പുരുഷ മേല്‍ക്കോയ്മാ മനസ്സിന്റെ തടവറയില്‍ ഇപ്പോഴും വിശ്രമിക്കുന്ന ഈ രഞ്ജിത്തിനെയൊക്കെയാണ് ഒറ്റ ‘പ്രാഞ്ചിയേട്ടന്‍’ സിനിമയുടെ പേരില്‍ നമ്മള്‍ വിശ്വചലച്ചിത്രകാരായി പുകഴ്ത്തുന്നത്! ഹാ മലയാളമേ കഷ്ടം!

മീരയോട് അപ്പോള്‍ രഘുനന്ദനന്റെ മറുപടിയാണ് ഭീകരം: ‘ഞാന്‍ മദ്യപിക്കാത്തത് നിന്റെ ഭാഗ്യം! അല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാല്‍സംഗം ചെയ്തേനെ!’ സ്വന്തം ഭാര്യയായി ഒരിയ്ക്കല്‍ ഒപ്പം കഴിഞ്ഞവളെ ഇപ്പോഴും ബലാല്‍ക്കാരം ചെയ്യാന്‍ കൊതിക്കുന്ന കാമഭ്രാന്തനായ ആ പുരുഷനാണ് ആദര്‍ശപുരുഷനായി അഴിമതിക്കാരായ മന്ത്രിമാരെ വെള്ളംകുടിപ്പിക്കുന്ന ചാനല്‍താരമായി ശോഭിക്കുന്നത്. എന്തൊരു അപാരമായ ഭാവന! ആവശ്യത്തിനും അനാവശ്യത്തിനും കനിഹയുടെ നഗ്ന ഉടല്‍ മുഴുവന്‍ നിരങ്ങിനീങ്ങുന്ന ഈ സിനിമയുടെ കാമറ പലപ്പോഴും ഒരു ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമയെ ഓര്‍മിപ്പിക്കുന്നു.

മുദ്രാവാക്യം സിന്ദാബാദ്!
റിയല്‍എസ്റ്റേറ്റ് ഭ്രമത്തെക്കുറിച്ച് സിനിമയെടുത്ത രഞ്ജിത്തിന് ആ സിനിമ വലിയൊരു വിജയമായപ്പോള്‍ തോന്നിയ ബാലിശമായ ചിന്തയുടെ ഫലമാവാം സ്പിരിറ്റ്. സാങ്കേതികമായ ഒരുപാട് പോരായ്മകള്‍ ഉണ്ടായിട്ടും ‘ഇന്ത്യന്‍ റുപ്പി’ വിജയിച്ചത് ആ കഥയുടെ ജീവിതബന്ധംകൊണ്ടായിരുന്നു. ജെ.പി എന്ന ജയപ്രകാശ് നമ്മുടെ തൊട്ടടുത്ത വീട്ടിലെ ചെറുപ്പക്കാരനായിരുന്നു. ‘ഇന്ത്യന്‍ റുപ്പി’യിലെ ജീവിത മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും നാം കണ്ടതായിരുന്നു, അനുഭവിച്ചതായിരുന്നു. പക്ഷേ സ്പിരിറ്റില്‍ ആ ജീവിതബോധം രഞ്ജിത്തിന് നഷ്ടമായിരിക്കുന്നു.

കപടബുദ്ധിജീവി നാട്യങ്ങള്‍ക്കുമേല്‍ ചമച്ചിരിക്കുന്ന കഥാപാത്രങ്ങള്‍, ദുര്‍ബലമായ കഥ അഥവാ കഥയില്ലായ്മ, അസഹനീയമായ ഉപദേശ സ്വഭാവം, വിരസമായ സീനുകള്‍, ഇഴയുന്ന എഡിറ്റിംഗ്, അങ്ങനെ സ്പിരിറ്റിന്റെ പോരായ്മകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. മുദ്രാവാക്യങ്ങള്‍ കൊണ്ടോ സന്‍മാര്‍ഗക്ലാസ്കൊണ്ടോ ഒരിക്കലും നല്ല സിനിമ ജനിക്കുന്നില്ല എന്ന് അറിയാത്ത ആളാവില്ല രഞ്ജിത്ത്. പക്ഷേ എന്തുകൊണ്ടോ അത് അദ്ദേഹം മറന്നുപോയിരിക്കുന്നു!

 

 

നല്ല ആശാരിയും ചീത്തത്തടിയും
ഈ സിനിമയില്‍ മോഹന്‍ലാലിന്റെ അഭിനയം അതിമഹത്തരമാണ് എന്നൊക്കെ അദ്ദേഹത്തിന്റെ ഫാന്‍സ് സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വിളിച്ചുകൂവുന്നുണ്ട്. ആ വിളിച്ചുകൂവലില്‍ പങ്കുചേരുന്നവര്‍ 22 വര്‍ഷംമുമ്പിറങ്ങിയ ‘ദശരഥം’ എന്ന സിനിമ കാണാത്തവരാവും. ഇതിലും എത്രയോ മനോഹരമായി ഒരു മുഴുമദ്യപാനിയെ ലാല്‍ ആ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. എങ്കിലും സ്പിരിറ്റിന്റെ ദുര്‍ബലമായ തിരക്കഥക്കുള്ളില്‍ ചെയ്യാവുന്നതെല്ലാം ലാല്‍ ചെയ്തിട്ടുണ്ട്. ചിതലരിച്ച തടിയാണെങ്കില്‍ പിന്നെ നല്ല ആശാരിയുണ്ടായിട്ടെന്തു കാര്യം?

വ്യഭിചരിക്കാന്‍ പോകുന്ന വൃദ്ധനായ ക്യാപ്റ്റനോട് ‘സംരക്ഷണത്തിന്റെ ആ നേര്‍ത്ത കവചം മറന്നുപോകരുത്’ എന്ന് സ്പിരിറ്റില്‍ രഘുനന്ദനന്‍ പറയുന്നുണ്ട്. മലയാള സിനിമാപ്രേക്ഷകരുടെ വിശ്വാസത്തിന്റെ ഒരു നേര്‍ത്ത കവചം രഞ്ജിത്തിന് ചുറ്റുമുണ്ട്. സിനിമയറിയുന്ന സംവിധായകന്‍ എന്നൊരു വിശ്വാസം. പ്രേക്ഷകരുടെ വിശ്വാസത്തിന്റെ ആ കവചം, ക്യാപ്റ്റന്‍ വാങ്ങിപ്പോകുന്ന കോണ്‍ഡംപോലെ ബലമുള്ളതാവില്ല. ഒന്നോ രണ്ടോ മോശം സിനിമകള്‍ മതി പ്രേക്ഷകരുടെ വിശ്വാസം നഷ്ടമാകാന്‍. വിശ്വാസത്തിന്റെ ആ നേര്‍ത്ത ആവരണം പൊട്ടാതിരിക്കാന്‍ രഞ്ജിത്ത് തന്നെയാണ് ശ്രമിക്കേണ്ടത്!

ഫഹദ്ഫാസിലും പെണ്ണുങ്ങളും ഡയമണ്ട് നെക് ലെയ്സും

കഥയിലും കഥ പറഞ്ഞ രീതിയിലും ഏറെ വ്യത്യസ്തതകളുള്ള ചിത്രം തന്നെയാണ് ‘ഡയമണ്ട് നെക് ലെയ്സ്’ കണ്ടു മടുത്ത കഥയല്ല ഈ സിനിമയുടേത്, മടുപ്പിക്കുന്ന സ്ഥിരം പാറ്റേണിലുള്ള കഥാപാത്രങ്ങളുമില്ല. വലിയ മുഷിപ്പില്ലാതെ കണ്ടിറങ്ങാവുന്ന ചിത്രമാണു താനും. ‘സ്പാനിഷ് മസാല’യെടുത്ത ലാല്‍ജോസ് ഇത്രവേഗം മാറിയതെങ്ങനെയെന്ന് നമ്മള്‍ നമ്മോടുതന്നെ ചോദിച്ചുപോകും ഈ ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍.

എന്നാല്‍, ‘ഡയമണ്ട് നെക് ലെയ്സും’ സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ട ചിത്രമാണ്. കാരണം ഒറ്റനോട്ടത്തില്‍ സ്ത്രീപക്ഷ സിനിമയെന്ന് തോന്നിപ്പിക്കുമ്പോഴും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് ഈ സിനിമ. ‘അച്ഛനുറങ്ങാത്ത വീട്’ സംവിധാനം ചെയ്ത ഒരാളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധം പെണ്‍വിരുദ്ധമായ ചിത്രം. കഥയുടെ സസ്പെന്‍സിലേക്കു കടക്കേണ്ടി വരുമെന്നതിനാല്‍ ഒരുപാട് ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. -അന്നമ്മക്കുട്ടി എഴുതുന്നു

 

 

‘നിനക്ക് മെട്രോ കളി അല്‍പം കൂടുന്നുണ്ട്’ എന്ന് സംവിധായകന്‍ രഞ്ജിത്ത് തന്നോട് പറഞ്ഞതായി ഫഹദ്ഫാസില്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. പുത്തന്‍ നഗരജീവിതത്തിന്റെ നന്‍മ-തിന്‍മകള്‍ പേറുന്ന യുവാവിനെയാണ് മിക്ക സിനിമകളിലും ഹഫദ് അവതരിപ്പിക്കുന്നത്. അത്തരം വേഷങ്ങള്‍ ഫഹദ് നന്നായി ചെയ്യുന്നു എന്നതും ‘പ്രതിഛായ’യുടെ ഭാരങ്ങളൊന്നുമില്ലാതെ അയാള്‍ അഭിനയിക്കുന്നു എന്നതും നല്ല കാര്യം തന്നെ.

കാമുകിയാല്‍ ലിംഗം ഛേദിക്കപ്പെടുന്ന ഒരു നായകനെ ഇന്ന് മലയാളത്തില്‍ മറ്റേതെങ്കിലും യുവനടന്‍ അഭിനയിച്ചു ഫലിപ്പിക്കും എന്നു വിശ്വസിക്കാനാവില്ല. എന്നാല്‍, ഒരു നല്ല അഭിനേതാവ് ഇപ്രകാരം സ്ഥിരം വഞ്ചക നഗരകാമുകനായി ടൈപ്പ് ചെയ്യപ്പെടുന്നതിലെ അപകടം ചെറുതല്ല. അതു നന്നായി അറിയാവുന്നതിനാലാവണം ‘മെട്രോ കളി’യെക്കുറിച്ച് രഞ്ജിത്ത് മുന്നറിയിപ്പ് നല്‍കിയത്. ആ മുന്നറിയിപ്പ് ഫഹദിനു മനസിലാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. മനസിലായില്ലെങ്കില്‍ വഴിയേ പ്രേക്ഷകര്‍ മനസിലാക്കി കൊടുത്തുകൊള്ളും.

തലതിരിഞ്ഞ നഗരസന്തതി
‘ചാപ്പാ കുരിശി’ലും ’22 ഫീമെയില്‍ കോട്ടയ’ത്തിലും ഫഹദ് കാമുകിയുമായി സൂത്രത്തില്‍ ശരീരം പങ്കിടുന്ന, നഗര ജീവിതത്തിന്റെ സുഖങ്ങള്‍ നുകരുന്ന, വിശ്വാസ വഞ്ചകനായ യുവാവായിരുന്നു. ഇപ്പോള്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക് ലെയ്സിലും തലതിരിഞ്ഞ നഗരസന്തതിയായി തന്നെ ഫഹദ് എത്തിയിരിക്കുന്നു.

ആദ്യമേ പറയട്ടെ, ലാല്‍ജോസ് ഇന്നോളം സംവിധാനം ചെയ്ത സിനിമകളില്‍ നിന്ന് പാടേ വ്യത്യസ്തമാണ് ‘ഡയമണ്ട് നെക് ലെയ്സ്’ ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, ഇപ്പോള്‍ മലയാളത്തില്‍ സജീവമായിരിക്കുന്ന പുതുതലമുറ സിനിമകളുടെ നിരയിലേക്കുള്ള ലാല്‍ജോസിന്റെ ചുവടുമാറ്റ ശ്രമമാണ് ഈ ചിത്രം. തന്റെ ചലച്ചിത്ര ജീവിതത്തിന്റെ ആദ്യഘട്ടം ‘സ്പാനിഷ് മസാല’യോടെ കഴിഞ്ഞുവെന്നും ഇനി പ്രേക്ഷകര്‍ കാണുക പുതിയൊരു ‘തന്നെ’ ആയിരിക്കുമെന്നും ലാല്‍ജോസ് തന്നെ അടുത്തിടെ ‘വനിത’ അഭിമുഖത്തില്‍ പറയുന്നുണ്ട്. മാറാതെ പറ്റില്ലല്ലോ, മാറുന്ന കാലത്ത് പിടിച്ചു നില്‍ക്കണ്ടേ?

 

 

ലാല്‍ജോസിന്റെ ചുവടുമാറ്റം
ലാല്‍ജോസിന്റെ മാറ്റത്തിനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് പറഞ്ഞുകൂടാ. കഥയിലും കഥ പറഞ്ഞ രീതിയിലും ഏറെ വ്യത്യസ്തതകളുള്ള ചിത്രം തന്നെയാണ് ‘ഡയമണ്ട് നെക് ലെയ്സ്’. കണ്ടു മടുത്ത കഥയല്ല ഈ സിനിമയുടേത്, മടുപ്പിക്കുന്ന സ്ഥിരം പാറ്റേണിലുള്ള കഥാപാത്രങ്ങളുമില്ല. വലിയ മുഷിപ്പില്ലാതെ കണ്ടിറങ്ങാവുന്ന ചിത്രമാണു താനും. ‘സ്പാനിഷ് മസാല’യെടുത്ത ലാല്‍ജോസ് ഇത്രവേഗം മാറിയതെങ്ങനെയെന്ന് നമ്മള്‍ നമ്മോടുതന്നെ ചോദിച്ചുപോകും ഈ ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍.

ദുബായ് നഗരത്തില്‍ ഡോക്ടറായ ഒരു യുവാവിന്റെ ധൂര്‍ത്തു നിറഞ്ഞ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ കടന്നുവരുന്ന മൂന്നു സ്ത്രീകളുടെ കഥയാണ് ഈ സിനിമ. അതിപ്രതാപവാനും സദ്ഗുണസമ്പന്നനുമായ നായകനോ താടിയുംമുടിയും നീട്ടിയ വില്ലന്‍മാരോ അട്ടഹാസങ്ങളോ അടിപിടിയോ വെടിവെപ്പോ ഒന്നുമില്ല. ഒരു യുവാവിന്റെ ജീവിതത്തിലെ ഏതാനും മാസങ്ങള്‍ വലിയ അതിഭാവുകത്വങ്ങളില്ലാതെ കാണിക്കുന്നു എന്നതൊഴിച്ചാല്‍ വലിയൊരു കഥ പോലും ഈ സിനിമക്കില്ല.

‘സെവന്‍സ്’ എഴുതിയ ഇക്ബാല്‍ കുറ്റിപ്പുറം തന്നെയാണോ ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയതെന്ന് നമുക്ക് സംശയം തോന്നും. അത്രമാത്രം സ്വാഭാവികമാണ് പലപ്പോഴും കഥാഗതി. തമാശക്കുവേണ്ടി കുത്തിത്തിരുകിയ വിഡ്ഢി കഥാപാത്രങ്ങളില്ലാതെ സ്വാഭാവിക ഹാസ്യത്തിലൂടെ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ പല രംഗങ്ങളിലും ഇക്ബാലിനു കഴിയുന്നു.

ഒരു ഘട്ടത്തിലും നമുക്ക് പ്രവചിക്കാന്‍ കഴിയാത്തവിധം വഴിത്തിരിവുകള്‍ നിറഞ്ഞ ജീവിതമാണ് തിരശീലയില്‍ തെളിയുന്നത്. അതിനാല്‍ തന്നെ ‘ഇതെങ്ങോട്ടാണ് പോകുന്നത്?’ എന്ന ആകാംക്ഷയോടെ നമ്മള്‍ സ്ക്രീനില്‍ കണ്ണുംനട്ടിരിക്കും. അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. സമീര്‍ താഹിറിന്റെ കാമറ, ദുബായ് നഗരത്തിന്റെ സൌന്ദര്യം ഓരോ ഫ്രെയിമിലും ഒപ്പിയെടുത്തിരിക്കുന്നു. ഇത്രയുമാണ് ഈ നെക്ലേസിലെ പ്ലസ് പോയന്റ്സ്.

റബര്‍ പോലെ തിരക്കഥ
പോരായ്മകളും കുറവല്ല. തിരക്കഥയെഴുത്തിന്റെ അച്ചടക്കം പണ്ടേ വശമില്ലാത്തതിനാല്‍ പലപ്പോഴും റബര്‍ പോലെ വലിഞ്ഞു നീളുന്നുണ്ട് ഇക്ബാലിന്റെ കഥപറച്ചില്‍. ക്ലൈമാക്സില്‍പോലും കയ്യൊതുക്കം കാണാനില്ല. ക്ളീഷേകളെ കുടഞ്ഞുകളയാന്‍ ശ്രമിക്കുമ്പോഴും ചില ക്ളീഷേകള്‍ വിടാതെ പിന്തുടരുന്നു.
അല്‍പം പുതിയത് എന്തെങ്കിലും പറയണം എന്നതല്ലാതെ പറയുന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടാവണം എന്നൊരു നിര്‍ബന്ധവും തിരക്കഥാകാരനോ സംവിധായകനോ ഇല്ലാതെപോയി.

’22 ഫീമെയില്‍ കോട്ടയം’ പുതുമയുള്ള സിനിമയാണെന്ന് പറയുമ്പോള്‍ തന്നെ അതിന്റെ രാഷ്ട്രീയം സൂക്ഷ്മമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് ‘കന്യകയല്ല ഈ കോട്ടയം ഫീമെയില്‍’ എന്ന കുറിപ്പില്‍ ഈയുള്ളവള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് സൈബര്‍ലോകത്ത് നടന്ന സംവാദങ്ങളില്‍ ‘ഫീമെയില്‍ കോട്ടയം’ സമൂഹത്തിലേക്കു കൈമാറുന്ന ആശയങ്ങള്‍ ഇഴകീറി പരിശോധിക്കപ്പെട്ടു.

 

 

സ്ത്രീവിരുദ്ധത
അതേപോലെ തന്നെ ‘ഡയമണ്ട് നെക് ലെയ്സും’ സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ട ചിത്രമാണ്. കാരണം ഒറ്റനോട്ടത്തില്‍ സ്ത്രീപക്ഷ സിനിമയെന്ന് തോന്നിപ്പിക്കുമ്പോഴും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് ഈ സിനിമ. ‘അച്ഛനുറങ്ങാത്ത വീട്’ സംവിധാനം ചെയ്ത ഒരാളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധം പെണ്‍വിരുദ്ധമായ ചിത്രം. കഥയുടെ സസ്പെന്‍സിലേക്കു കടക്കേണ്ടി വരുമെന്നതിനാല്‍ ഒരുപാട് ഉദാഹരണങ്ങള്‍ നിരത്തുന്നില്ല.

എങ്കിലും, സ്ത്രീയും പുരുഷനും കിടക്ക പങ്കിടുകയും അതില്‍ സ്ത്രീ മാത്രം പശ്ചാത്തപിക്കുകയും ചെയ്യുന്ന ആ രംഗം നോക്കുക. യഥാര്‍ഥ കുറ്റക്കാരനായ/വഞ്ചകനായ പുരുഷന്‍ സ്ത്രീയുടെ ആ പ്രായശ്ചിത്ത കണ്ണീരിനു മുന്നില്‍ എത്രവേഗമാണൊരു പുണ്യാളനാവുന്നത്? ഒരു പെണ്ണിന്റെ മാനത്തിന് ആഭരണം കൊണ്ട് വിലയിടുന്ന മറെറാരു രംഗം ശ്രദ്ധിക്കുക. എത്ര ‘മഹത്തായ’ ദാനമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്?

വഞ്ചിക്കപ്പെട്ട് ഇരയാക്കപ്പെട്ടിട്ടും പെണ്ണിന് കാമുകനോട് ‘ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല’ത്രെ! പല സ്ത്രീകളുമായി ശരീരം പങ്കിട്ടിട്ടും നായകന് ലഭിക്കുന്ന ജീവിതസഖി എത്ര പരിശുദ്ധയും വിശ്വസ്തയും ആണെന്നു നോക്കൂ. സിനിമകളില്‍ എത്രയോ തവണ കണ്ടുമടുത്ത ആഡംബരഭ്രമക്കാരും പൊങ്ങച്ചക്കാരും കുശുമ്പികളുമായ കൊച്ചമ്മ വേഷങ്ങളെപ്പോലും വീണ്ടും ആട്ടിത്തെളിച്ച് കൊണ്ടുവന്നു നിര്‍ത്തിയിട്ടുണ്ട് പല രംഗങ്ങളിലും. ഇങ്ങനെ അടിമുടി പുരുഷ മേല്‍ക്കോയ്മയെ ഊട്ടിയുറപ്പിക്കുന്ന, അങ്ങേയറ്റം ലിംഗസമത്വ വിരുദ്ധമായ ആശയങ്ങളാണ് ഈ ചിത്രം സമൂഹത്തിലേക്ക് നല്‍കുന്നത്.

സിനിമയിലെ പ്രമേയപരമായ പരീക്ഷണങ്ങളെ മലയാളികള്‍ സ്വീകരിച്ചു തുടങ്ങിയെന്നതു നേര്. എന്നാല്‍ സിനിമ പ്രേക്ഷകന് നല്‍കുന്ന ആശയം എന്തെന്ന ഗൌരവതരമായ ചര്‍ച്ചകളും സജീവമാകുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമയിലൂടെ എന്തു പറയുന്നു എന്നതില്‍ കൂടി സംവിധായകനും തിരക്കഥാകൃത്തും ശ്രദ്ധിക്കേണ്ടതുണ്ട്. ആഷിഖ് അബുവിനായാലും ലാല്‍ജോസിനായാലും ആ തിരിച്ചറിവ് ഉണ്ടാവണം.

കാരണം സിനിമ സമൂഹത്തെ രൂപപ്പെടുത്തുന്ന കല കൂടിയാണ്. പുതിയൊരു സിനിമാ രീതിയിലേക്ക് തനിക്ക് മാറാനാവും എന്ന് ഈ നെക് ലെയ്സിലൂടെ തെളിയിച്ചതിന് ലാല്‍ജോസ് ഒരു കയ്യടി അര്‍ഹിക്കുന്നു. അതേസമയം ആ പുതുമയുടെ മറവില്‍ വിപണനം ചെയ്യുന്ന അങ്ങേയറ്റം പിന്തിരിപ്പനായ ആശയങ്ങളുടെ പേരില്‍ ലാല്‍ജോസ് ഒരു ‘കരണത്തടി’യും അര്‍ഹിക്കുന്നു.

മോഹന്‍ലാല്‍ ഗ്രാന്റ്മാസ്റ്ററാവുമ്പോള്‍…

‘ഗ്രാന്റ്മാസ്റ്റര്‍’ എന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തെ കണ്ടിരിക്കാവുന്ന ഒരു സിനിമയാക്കുന്നത് മോഹന്‍ലാല്‍ എന്ന നടന്റെ പക്വവും നിയന്ത്രിതവുമായ അഭിനയം മാത്രമാണ്. വിവാഹമോചിതനായി/മുതിര്‍ന്നൊരു പെണ്‍കുട്ടിയുടെ പിതാവായി/ജോലിയില്‍ അശേഷം താല്‍പര്യമില്ലാത്ത പോലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുന്നു. അട്ടഹസിക്കുന്ന ഡയലോഗുകളില്ല, അമ്പതാളെ ഒറ്റയ്ക്ക് അടിച്ചിടുന്ന കായബലമില്ല. ‘പ്രതിയോഗിയുടെ അടുത്ത നീക്കം ഓര്‍ക്കുമ്പോള്‍ എനിക്കു ശരിക്കും ഭയം തോന്നുന്നു’ എന്ന് ഒരു സീനില്‍ ലാലിന്റെ കഥാപാത്രം പറയുന്നുപോലുമുണ്ട്. -അന്നമ്മക്കുട്ടി എഴുതുന്നു

 

 

മലയാളിയുടെ ചലച്ചിത്ര ആസ്വാദന രീതികളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകുന്ന ഈ പുതിയ കാലത്തെ നമ്മുടെ സൂപ്പര്‍താരങ്ങള്‍ എങ്ങനെയാണ് അഭിസംബോധന ചെയ്യാന്‍ പോകുന്നത് എന്നത് കൌതുകകരമായൊരു സംശയമാണ്. മോഹന്‍ലാല്‍ എന്ന മലയാളിയുടെ പ്രിയ താരത്തിന് 51 വയസ് പുര്‍ത്തിയാവുന്നു. അദ്ദേഹത്തെ മലയാളത്തിന്റെ സുപ്പര്‍താരങ്ങളിലൊരാളാക്കി വളര്‍ത്തിയ ചലച്ചിത്രാഭിരുചികളില്‍ നിന്ന് പുതിയ കാലത്തെ പ്രേക്ഷകന്‍ ഏറെ മാറിയിരിക്കുന്നു. ആഗോളീകരണത്തിന്റെ ഫലമായുണ്ടായ മാധ്യമ കൊടുങ്കാറ്റില്‍ ലോകസിനിമകള്‍ നമുക്ക് തൊട്ടരികില്‍ എത്തി. ചാനലുകളില്‍ നാഴികക്കു നാല്‍പതുവട്ടം ആവര്‍ത്തിക്കുന്ന പഴയതും പുതിയതുമായ മലയാള സിനിമകള്‍ കാഴ്ചയുടെ ഒരുതരം മടുപ്പ് നമ്മില്‍ സൃഷ്ടിക്കുകയും സ്ഥിരം കച്ചവട സിനിമയുടെ കഥാഫോര്‍മുലകളെയെല്ലാം പരിഹസിച്ച് തിരസ്കരിക്കുന്ന തരത്തിലേക്ക് നമ്മള്‍ രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു. പ്രമേയത്തിലെ പുതുമകൊണ്ടു മാത്രം ചില സിനിമകള്‍ ഇപ്പോള്‍ വലിയ വിജയം നേടുന്നതിന്റെ അടിസ്ഥാനകാരണം പ്രേക്ഷകന്റെ ഈ മാനസാന്തരം ആണെന്ന് തോന്നുന്നു.

മോഹന്‍ലാല്‍ എന്ന നടനെ മലയാളിയുടെ ഏറ്റവും വിലയേറിയ താരമാക്കിയ ഘടകങ്ങള്‍ എന്തൊക്കെയെന്ന് ഗൌരവമുള്ള ചലച്ചിത്ര നിരൂപണം വശമുള്ള പലരും ആഴത്തില്‍ പഠിച്ചിട്ടുണ്ട്. അഭിനയത്തിലെ സ്വതസിദ്ധമായ മാനറിസങ്ങള്‍, മലയാളിയുടെ നിത്യജീവിതത്തോട് എളുപ്പത്തില്‍ സംവേദിച്ച കഥാപാത്രങ്ങള്‍ എന്നിവയാണ് ലാലിനെ ആദ്യകാലത്ത് താരസിംഹാസനത്തിലേക്ക് വഴിനടത്തിയതെന്ന് ഒരു സാധാരണ നിരീക്ഷണത്തില്‍ നമുക്ക് പറയാനാവും. പ്രതിഭാധനരായ വലിയൊരു നിര സംവിധായകരുടെയും എഴുത്തുകാരുടെയും പിന്തുണ ആ താര വളര്‍ച്ചയില്‍ ഉണ്ടായിരുന്നു. സ്നേഹമുള്ള കുടുംബനാഥന്‍, നിഷ്കളനായ കാമുകന്‍, തൊഴില്‍രഹിതനായ യുവാവ്, ആദര്‍ശമുള്ള രാഷ്ട്രീയക്കാരന്‍, സാഹചര്യങ്ങള്‍ കാരണം വഴിതെറ്റുന്ന നന്‍മയുള്ള ചെറുപ്പക്കാരന്‍ തുടങ്ങി പ്രേക്ഷഷകന്റെ സഹതാപം എളുപ്പത്തില്‍ നേടുന്ന കഥാപാത്രങ്ങള്‍ ലാലിന്റെ താരവളര്‍ച്ചയെ എപ്രകാരം സഹായിച്ചുവെന്ന് എന്‍.പി സജീഷിനെപ്പോലുള്ള ചലച്ചിത്ര പഠിതാക്കള്‍ ഗൌരവമുള്ള പഠനങ്ങളില്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ 1990 കളുടെ രണ്ടാം പകുതി മുതല്‍ അതിമാനുഷരായ കഥാപാത്രങ്ങളിലേക്ക്, ആരാലും തോല്‍പ്പിക്കാനാവാത്ത^എതിരാളികളെ കായികബലംകൊണ്ട് നിഷ്പ്രഭരാക്കുന്ന നായകരിലേക്ക് ലാല്‍ എത്തിപ്പെട്ടു. ആ രൂപാന്തരണം അക്കാലത്തെ ചലച്ചിത്ര വിപണി ആവശ്യപ്പെട്ടതായിരുന്നു താനും.

 

 

എന്നാല്‍ ഈ പുതിയ പതിറ്റാണ്ടില്‍ കേരളത്തില്‍ പ്രകടമാക്കുന്ന പ്രേക്ഷക പ്രതികരണം ഏറെ വ്യത്യസ്തമാണ്. ധീരനായകന്‍, പതിവ്രതയായ നായിക, ക്രൂര വില്ലന്‍, നായകന്റെ ധീരസാഹസികത, പ്രണയം, കല്യാണം തുടങ്ങിയ സ്ഥിരം കച്ചവട ചലച്ചിത്ര ഫോര്‍മുലകള്‍ പാടേ തിരസ്കരിക്കപ്പെടുന്നു. പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള സംവിധായകരുടെ സൃഷ്ടികള്‍പോലും യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രേക്ഷകന്‍ കയ്യൊഴിയുന്നു. കാണികളുടെ ഈ അഭിരുചി മാറ്റത്തിനൊപ്പം പ്രായം/വാര്‍ധക്യം തുടങ്ങിയ അനിവാര്യ ശാരീരിക മാറ്റങ്ങള്‍ ലാല്‍ എന്ന നടന്റെ ആകാര/ഭാവങ്ങളില്‍ പ്രകടമായിരിക്കുന്നു. താരത്തിന്റെ യഥാര്‍ഥ പ്രായത്തേയും അയാള്‍ തിരശീലയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രായത്തേയും പ്രേക്ഷകന്‍ താരതമ്യം ചെയ്യുകയും അതു പലപ്പോഴും താരം പരിഹസിക്കപ്പെടുന്ന തലത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഈയൊരു പ്രവണത മുമ്പ് പ്രകടമായിരുന്നില്ല. ഒപ്പം കുടുതല്‍ യുവാക്കള്‍ സിനിമയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഈ കാരണങ്ങള്‍കൊണ്ടുതന്നെ സുപ്പര്‍താരങ്ങളെ സംബന്ധിച്ച് കഥാപാത്ര സ്വീകരണത്തില്‍ ബോധപൂര്‍വമായ മാറ്റങ്ങള്‍ വരുത്തിയാലേ ഇനി സ്വീകരിക്കപ്പെടൂ എന്ന നിര്‍ബന്ധിതാവസ്ഥ ഉണ്ടായിരിക്കുന്നു. മോഹന്‍ലാല്‍ ഇപ്പോഴും നമ്മുടെ ചലച്ചിത്ര വിപണിയില്‍ മുല്യമുള്ള താരമാണെന്നതില്‍ സംശയമില്ല. ആ സ്ഥാനം തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടു താനും. അതിനാല്‍ പ്രേക്ഷകന്റെ അഭിരുചി മാറ്റങ്ങളെ വേഗത്തില്‍ തിരിച്ചറിഞ്ഞ് അതിനൊപ്പം മാറാന്‍ ശ്രമിക്കേണ്ട ആവശ്യകത അദ്ദേഹത്തിനുണ്ട്. മോഹന്‍ലാല്‍ ഇതിനായി ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ അടുത്തിടെയുള്ള അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.

‘ജനകനി’ല്‍ അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഒരു ഗുരുതര പ്രശ്നം പരിഹരിക്കുന്ന അഭിഭാഷകനാണ്. ‘അലക്സാണ്ടര്‍ ദി ഗ്രേറ്റി’ല്‍ മനോനിലയില്‍ നേരിയ തകരാറുള്ള അതിബുദ്ധിമാനാണ്. ‘ശികാറി’ല്‍ കല്യാണപ്രായമായ ഒരു പെണ്‍കുട്ടിയുടെ പിതാവാണ്. ‘പ്രണയ’ ത്തില്‍ ശരീരം മുഴുവന്‍ തളര്‍ന്ന പടുവൃദ്ധനാണ്. തന്റെ പ്രായത്തോട് കുടുതല്‍ യോജിക്കുന്ന കഥാപാത്രങ്ങളിലേക്ക്, കായികപ്രകടനങ്ങള്‍ പരമാവധി കുറഞ്ഞ, കായബലത്തേക്കാള്‍ അധികം ബുദ്ധികൊണ്ട് ജയിക്കുന്ന കഥാപാത്രങ്ങളിലേക്ക് ലാല്‍ എന്ന താരം രൂപാന്തരണം ചെയ്യപ്പെടുന്നു. (2000^ത്തിനു മുമ്പ് ലാല്‍ വയസന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ലേ? ‘കാസനോവ’ പോലെ തനി താന്തോന്നി വേഷങ്ങള്‍ ഇപ്പോഴും സ്വീകരിക്കുന്നില്ലേ? തുടങ്ങിയ ചില ചോദ്യങ്ങള്‍ ഈ നിരീക്ഷണത്തിനു നേരേ വരാം. എങ്കിലും ലാലിന്റെ കഥാപാത്രങ്ങളെ കൃത്യമായ ക്രമത്തില്‍ പരിശോധിച്ചാല്‍ കഴിഞ്ഞ പതിറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ അദ്ദേഹം കഥാപാത്ര സ്വീകരണത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ കാണാനാവും.)

 

 

‘ഗ്രാന്റ്മാസ്റ്റര്‍’ എന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തെ കണ്ടിരിക്കാവുന്ന ഒരു സിനിമയാക്കുന്നത് മോഹന്‍ലാല്‍ എന്ന നടന്റെ പക്വവും നിയന്ത്രിതവുമായ അഭിനയം മാത്രമാണ്. വിവാഹമോചിതനായി/മുതിര്‍ന്നൊരു പെണ്‍കുട്ടിയുടെ പിതാവായി/ജോലിയില്‍ അശേഷം താല്‍പര്യമില്ലാത്ത പോലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുന്നു. അട്ടഹസിക്കുന്ന ഡയലോഗുകളില്ല, അമ്പതാളെ ഒറ്റയ്ക്ക് അടിച്ചിടുന്ന കായബലമില്ല. ‘പ്രതിയോഗിയുടെ അടുത്ത നീക്കം ഓര്‍ക്കുമ്പോള്‍ എനിക്കു ശരിക്കും ഭയം തോന്നുന്നു’ എന്ന് ഒരു സീനില്‍ ലാലിന്റെ കഥാപാത്രം പറയുന്നുപോലുമുണ്ട്. മധ്യവയസ്കനായ, തലമുടി നരച്ച ചന്ദ്രശേഖര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുമ്പോള്‍ ലാലിന്റെ ചലനങ്ങള്‍ ആക്ഷന്‍ രംഗങ്ങളില്‍പോലും മിതവും പക്വവുമാണ്. കഥയുടെ പല ഘട്ടങ്ങളിലും എതിരാളി നായകനെ പരാജയപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട്. സൂപ്പര്‍താര ജാഡകള്‍ നായക രുപീകരണത്തില്‍ അധികമൊന്നും വന്നിട്ടില്ല.

നായക കഥാപാത്ര സൃഷ്ടിയിലെ ഈ പ്രത്യേകതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ‘ഗ്രാന്റ്മാസ്റ്റര്‍’ നൂറ്റൊന്നാവര്‍ത്തി നമ്മള്‍ കണ്ട സ്ഥിരം ‘കൊലപാതക പരമ്പരാന്വേഷണം’ മാത്രമാണ്. അങ്ങനെയല്ലാതെ വേറിട്ടൊരു സിനിമയാക്കാനുള്ള പല സാധ്യതകളും ഉണ്ടായിരുന്നു എന്നതു സത്യം. അതൊന്നും പ്രയോജനപ്പെടുത്താനുള്ള പ്രതിഭ നിര്‍ഭാഗ്യവശാല്‍ ബി.ഉണ്ണികൃഷ്ണന് ഇല്ലാതെപോയി. ഫലം ഒരു സാധാരണ കുറ്റാന്വേഷണ സിനിമ.1990ല്‍ മോഹന്‍ സംവിധാനം ചെയ്ത് പുറത്തുവന്ന ‘മുഖം’ എന്ന സിനിമയെ പലപ്പോഴും ഓര്‍മിപ്പിക്കുന്നുണ്ട് ‘ഗ്രാന്റ്മാസ്റ്റര്‍’. തിരക്കഥയില്‍ താളപ്പിഴകള്‍ ഏറെയുണ്ട്. അനാവശ്യമായ രണ്ട് സംഘട്ടന/വെടിവെപ്പ് ദൃശ്യങ്ങള്‍ സിനിമയുടെ മൊത്തത്തിലുള്ള ഗതിക്കും ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും ഏല്‍പ്പിക്കുന്ന പരിക്ക് ചില്ലറയല്ല. ചാനല്‍ സ്റ്റുഡിയോ മുതല്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഓഫിസ് വരെ സെറ്റിട്ടതിലെ കൃത്രിമത്വം അമ്പരപ്പിക്കുന്നതാണ്. ‘ക്രൈംവിംഗ്’ എന്നും ‘കമ്പ്യൂട്ടര്‍ വിംഗ്’ എന്നും മറ്റും ബോര്‍ഡില്‍ എഴുതി ആശുപത്രിയിലേതുപോലെ തൂക്കിയിട്ടിരിക്കുന്ന ആ ഓഫിസ് കുട്ടികളെപ്പോലും ചിരിപ്പിക്കും. അഹങ്കാരിയായ വനിതാ പോലിസ് സൂപ്രണ്ട്, തെറ്റുകാരിയായ ഭാര്യ തുടങ്ങി സിനിമയിലെ സ്ഥിരം സ്ത്രീവിരുദ്ധ/പുരുഷകോയ്മാ നിര്‍മിതികള്‍ ഓക്കാനമുണ്ടാക്കും വിധം ഉണ്ണികൃഷ്ണന്‍ ആവര്‍ത്തിച്ചിരിക്കുന്നു. ബി.ഉണ്ണികൃഷ്ണന്‍ മുമ്പ് സംവിധാനം ചെയ്ത ആക്ഷന്‍/ത്രില്ലര്‍ ചിത്രങ്ങളായ ഐ.ജി, ദി ത്രില്ലര്‍, സ്മാര്‍ട്ട് സിറ്റി എന്നിവ കണ്ട് അനുഭവിച്ചിട്ടുള്ള പ്രേക്ഷകര്‍ക്ക് ‘ഗ്രാന്റ്മാസ്റ്റര്‍’ ഒരാശ്വാസമായി അനുഭവപ്പെട്ടേക്കാം. ആ സിനിമകളോളം നമ്മെ മുഷിപ്പിക്കുന്നില്ല മോഹന്‍ലാലിന്റെ ഈ ‘ഗ്രാന്റ്മാസ്റ്റര്‍’.

കന്യകയല്ല ഈ കോട്ടയം ഫീമെയില്‍!

നല്ല സിനിമയുടെ കാണികള്‍ക്ക് തിയറ്ററുകളിലേക്ക് സ്വാഗതം. ’22 ഫീമെയില്‍ കോട്ടയം’ കണ്ടു നോക്കുക. കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വേറിട്ട അഭിപ്രായങ്ങള്‍ ഉണ്ടാവാം. ഈ സിനിമ സംവേദനം ചെയ്യുന്ന ആശയത്തേയും രാഷ്ട്രീയത്തേയും ചൊല്ലി നമുക്ക് സംവാദങ്ങളാവാം, ആവശ്യമെങ്കില്‍ തര്‍ക്കിക്കാം. ‘ബ്ലാക്ക് ഫിലിം’ എന്നോ ‘നെഗറ്റീവ് ഫിലിം’ എന്നോ വാദിക്കാം. ഇതൊരു സ്ത്രീപക്ഷ സിനിമ തന്നെയാണോ എന്ന കാര്യത്തിലും വേണമെങ്കില്‍ തര്‍ക്കമാവാം. തര്‍ക്കങ്ങളും വാദങ്ങളും എന്തായാലും നമ്മള്‍ ഈ സിനിമ കാണാതെ പോവരുത്. കാരണം ഇതിലൊരു മാറ്റത്തിന്റെ കാറ്റുണ്ട്, ചെറുപ്പത്തിന്റെ ചങ്കൂറ്റമുണ്ട്-അന്നമ്മക്കുട്ടി എഴുതുന്നു

ടെസ.കെ.ഏബ്രഹാം എന്ന കോട്ടയത്തുകാരി നഴ്സ്, കാമുകനോട് മനസു തുറക്കുമ്പോള്‍ ആദ്യം പറയുന്നത് ‘അയാം നോട്ട് എ വെര്‍ജിന്‍’ എന്നാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയലത്തെ ബെന്നിയെ പ്രേമിച്ച് ‘വേലി ചാടിയ’ തനിക്കിട്ട് ‘പണി കിട്ടിയെന്ന്’ ടെസ പച്ചക്കു പറയുന്നു. ആരുംതൊടാത്ത പരിശുദ്ധ കന്യകമാരെ മാത്രം തിരശീലയില്‍ കഥാനായികമാരായി കണ്ടു ശീലിച്ച മലയാളി പ്രേക്ഷകന്‍ ടെസയുടെ ഈ ഡയലോഗില്‍ വല്ലാതൊന്നു ഞെട്ടും. പിന്നീടങ്ങോട്ട് നാം സ്ക്രീനില്‍ കാണുന്ന ടെസയുടെ ജീവിതം നമ്മെ അതിലേറെ അമ്പരപ്പിക്കും, അത്ഭുതപ്പെടുത്തും. ഇന്നോളം മലയാള സിനിമയില്‍ നാം കണ്ടുശീലിച്ച സകല നാട്ടുനടപ്പുകളെയും ധീരമായി വെല്ലുവിളിച്ചും പരിഹസിച്ചുമാണ് ആഷിഖ് അബു എന്ന യുവസംവിധായകന്‍ ’22 ഫീമെയില്‍ കോട്ടയം’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ സംഭവിച്ച ഏറ്റവും ധീരമായ സിനിമാ പരീക്ഷണമാണ് ’22 ഫീമെയില്‍ കോട്ടയം’. നല്ല സിനിമയെ സ്നേഹിക്കുന്നവരെല്ലാം മറക്കാതെ കാണേണ്ട ചിത്രം.

മലയാളത്തിലെ തലമുതിര്‍ന്ന സംവിധായകര്‍ ഇന്നു നേരിടുന്ന വെല്ലുവിളി എന്താണ്? ഉത്തരം: മാറിയ കാലത്തെയും ജീവിതത്തേയും സിനിമയില്‍ എങ്ങനെ ആവിഷ്കരിക്കണം എന്നതിനെക്കുറിച്ചുള്ള അജ്ഞത. ആ അജ്ഞതകൊണ്ടാണ് ഇപ്പോഴും കിങും കമ്മീഷണറും കോബ്രയുമൊക്കെ പ്രേക്ഷകനെ നോക്കി പല്ലിളിക്കുന്നത്. ‘രതിനിര്‍വേദവും’ ‘ചട്ടക്കാരിയും’ ‘ഇരുപതാം നൂറ്റാണ്ടും’ ഒക്കെ വീണ്ടും വേഷംമാറി വരുന്നത്. ഒരുകാലത്ത് ‘മാസ്റ്റേഴ്സ്’ എന്നു വിളിച്ചു നാം ബഹുമാനിച്ച സംവിധായകര്‍ തലയും വാലുമില്ലാത്ത ഏച്ചുകെട്ടലുകളുമായി കുട്ടിക്കരണം മറിയുന്നതും മാറിയ ലോകത്തോടു സംവദിക്കാനുള്ള പ്രതിഭ അശേഷമില്ലാത്തതുകൊണ്ടു തന്നെ. ഇവിടെയാണ് ഒരു പറ്റം പ്രതിഭയുള്ള ചെറുപ്പക്കാര്‍ സിനിമയെ മാറ്റിപ്പണിയുന്നത്. ഒരുപിടി മലയാള ചിത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം പ്രകടമായ പ്രമേയപരമായ പുതുമ ഒരു പടി കൂടി കടന്ന് ധീരമായ പരീക്ഷണത്തിന്റെ തലത്തിലേക്ക് ചുവടുവെക്കുകയാണ് ’22 ഫീമെയില്‍ കോട്ടയം’ എന്ന ചലച്ചിത്രത്തില്‍.

വിദേശത്തൊരു നഴ്സിങ് ജോലി എന്ന സ്വപ്നവുമായി ബാംഗ്ലുരില്‍ കുടിയേറിയിരിക്കുന്ന ആയിരക്കണക്കിന് മലയാളി പെണ്‍കുട്ടികളില്‍ ഒരാളാണ് കോട്ടയത്തുകാരി ടെസ.കെ.ഏബ്രഹാം (റിമ കല്ലിങ്കല്‍). തന്റെ വിസ ശരിയാക്കാനുള്ള നെട്ടോട്ടത്തിനിടെ അവള്‍ സിറില്‍.സി.മാത്യു എന്ന സുന്ദരനായ ചെറുപ്പക്കാരനെ (ഫഹദ് ഫാസില്‍) പരിചയപ്പെടുന്നു. ആ പരിചയപ്പെടല്‍ അവളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുകയാണ്. ടെസയുടെ ജീവിതമാണ് ഈ സിനിമ. കരുണയുള്ളൊരു നഴ്സിന്റെ, കന്യകയല്ലാത്തൊരു കാമുകിയുടെ, കരഞ്ഞുതീരാന്‍ തയാറല്ലാത്ത ഒരു പെണ്ണിന്റെ ജീവിതം. ആ ജീവിതം പറഞ്ഞുവെച്ചതില്‍ അവിടവിടെ അസ്വാഭാവികതളോ അതിഭാവുകത്വമോ ഒക്കെ കണ്ടേക്കാം. എന്നിരുന്നാലും അഭിലാഷ് കുമാറും ശ്യാം പുഷ്കരനും ചേര്‍ന്നെഴുതിയ തിരക്കഥ കഥാപാത്രസൃഷ്ടിയുടെ സൂക്ഷ്മതകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. നിര്‍ജീവമായ ഒറ്റ കഥാപാത്രവുമില്ല ഈ ചിത്രത്തില്‍. നായകന്റെ ഇടവും വലവും സഞ്ചരിക്കുന്ന മന്ദബുദ്ധികളായ ഹാസ്യതാരങ്ങളെയോ നായകന്റെ വീരസാഹസികതയില്‍ മയങ്ങിപ്പോകുന്ന തരുണീമണികളെയോ ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ല. എന്തിന് ഒരു നായകന്‍ തന്നെയില്ല. സ്റണ്ടില്ല, നൃത്തമില്ല, തമാശയില്ല. കച്ചവട സിനിമക്ക് അനിവാര്യമെന്നു നാം ധരിച്ചുവെച്ചിരിക്കുന്ന കോപ്പുകള്‍ പലതും ഈ സിനിമയില്‍ കാണാനേയില്ല. എന്നിട്ടും കോട്ടയംകാരി ’22 ഫീമെയിലി’ന്റെ ജീവിതം നമ്മെ വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്.

ഓരോ ചെറിയ കഥാപാത്രവും അവരുടതോയ വ്യക്തിത്വം അടയാളപ്പെടുത്തുന്നു. അഭിനേതാക്കള്‍ പരിപൂര്‍ണമെന്നു പറയാവുന്ന പ്രകടനത്തിലൂടെ ആ കഥാപാത്രങ്ങള്‍ക്ക് മിഴിവേകുന്നു. റീമയുടേയും ഫഹദിന്റെയും പ്രകടനത്തെ അതുല്യമെന്നു തന്നെ വിശേഷിപ്പിക്കാം. അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതിലപ്പുറമുള്ള അഭിനയം അധികമൊന്നും വശമില്ലാത്ത നമ്മുടെ സ്ഥിരം നായികമാര്‍ക്ക് കണ്ടു പഠിക്കാനൊരു പാഠപുസ്തകമാണ് ഈ ചിത്രത്തിലെ റീമയുടെ പ്രകടനം. അസാമാന്യ ചങ്കൂറ്റമുള്ളൊരു അഭിനേത്രിക്കു മാത്രം സ്വീകരിക്കാന്‍ കഴിയുന്ന ടെസ എന്ന നഴ്സിന്റെ വേഷം ചെയ്ത റിമ, മലയാള സിനിമയിലെ കണ്ടുമടുത്ത നായികാ മാനറിസങ്ങളെ പൊളിച്ചെഴുതുന്നു.

വിചിത്രമായൊരു കപട സദാചാരത്തിന്റെ മേല്‍മൂടിയണിയുന്ന മലയാളി ഈ സിനിമയെ എങ്ങനെ സ്വീകരിക്കും എന്നതു മാത്രമാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. എന്നാല്‍ ആദ്യദിവസം സിനിമ കണ്ട പ്രേക്ഷകര്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കുറിച്ചിട്ട വരികളില്‍ നിന്ന് ’22 ഫീമെയില്‍ കോട്ടയം’ വലിയൊരു ഹിറ്റിലേക്കു നീങ്ങുമെന്ന പ്രതീക്ഷ ലഭിക്കുന്നുണ്ട്. പുതിയ പ്രമേയങ്ങളെ ഉള്‍ക്കൊള്ളാന്‍ കേരളീയ കാണികള്‍ മനസുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു എന്നാണ് ‘സെക്കന്റ്ഷോ’, ‘ഈ അടുത്ത കാലത്ത്’, ‘ബ്യൂട്ടിഫുള്‍’ തുടങ്ങിയ വ്യത്യസ്തമായ സിനിമകളുടെ സമീപകാല വിജയം സൂചിപ്പിക്കുന്നത്. ആ നിലക്ക് ’22 ഫീമെയില്‍ കോട്ടയം’ സ്വീകരിക്കപ്പെടുകതന്നെ ചെയ്യും എന്നു പ്രതീക്ഷിക്കാം. ആണത്തം, സ്ത്രീത്വം, സദാചാരം തുടങ്ങിയവയെക്കുറ്റിച്ചൊക്കെ നാം പുലര്‍ത്തുന്ന സങ്കല്‍പ്പങ്ങളെ ഈ സിനിമ ഓരോ ഫ്രെയിമിലും ചോദ്യം ചെയ്യുന്നുണ്ട്. അതൊന്നും ഒരിയ്ക്കല്‍പോലും അശ്ലീലത്തിലേയ്ക്കു വഴിമാറുന്നതുമില്ല. കഥ പറയുന്നതില്‍ പ്രകടമാക്കിയ ഈ കയ്യടക്കത്തിന്റെ പേരില്‍ ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളെ അഭിനന്ദിച്ചേ മതിയാകൂ. ഷൈജു ഖാലിദിന്റെ ക്യാമറയും വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും സിനിമയുടെ പ്രമേയത്തോടും ഭാഷയോടും നീതി പുലര്‍ത്തുന്നു.

മലയാള സിനിമ മാറുകയാണ്. താരജാഡകള്‍ക്ക് ഇനി ആയുസില്ല എന്നുറപ്പായിരിക്കുന്നു. ചെറുപ്പക്കാരുടെ ഒരു നിരതന്നെ ധീരതയോടെ സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. പുതിയ കാല ജീവിതത്തിന്റെ സീര്‍ണതകളെ അനുഭവിച്ചു ജീവിക്കുന്ന അവര്‍ സിനിമയുടെ ഇതുവരെയുള്ള രീതികള്‍ ഉടച്ചുവാര്‍ക്കുകയാണ്. ഈ മാറ്റത്തിന്റെ കാലത്ത് നല്ല സിനിമകളെ തിയറ്ററില്‍ എത്തി കണ്ട് കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുക എന്നതാണ് നമ്മള്‍ പ്രേക്ഷകര്‍ക്ക് ചെയ്യാനുള്ള ഏക കാര്യം. നമ്മുടെ കയ്യടികള്‍ നല്‍കുന്ന ഊര്‍ജം സിനിമയെന്ന കലയെ അറിയുകയും ആദരിക്കുകയും ചെയ്യുന്ന പുതിയൊരു പറ്റം പ്രതിഭകളുടെ വളര്‍ച്ചക്ക് വളമാവും. അവരിലാണ് ഇനി മലയാള സിനിമയുടെ ഭാവി. ഈ പുതിയ ചെറുപ്പക്കാര്‍ സൃഷ്ടിക്കുന്ന സിനിമകള്‍ നമ്മുടെ ഇതുവരെയുള്ള സങ്കല്‍പ്പങ്ങളെയൊക്കെ തച്ചുടച്ചേക്കാം. ഗ്ലാമറിന്റേയും താരപ്രഭയുടെയും മേഖലയായ സിനിമയില്‍ ഇനി വേണ്ടത് പുതിയ പ്രമേയങ്ങളുടെയും ആവിഷ്കരണങ്ങളുടെയും ബീജാങ്കുരങ്ങളാണ്. അതിന് പഴകിയ സങ്കല്‍പ്പങ്ങളുടെ ചില കന്യാചര്‍മങ്ങള്‍ മുറിപ്പെട്ടേ മതിയാവൂ. അതു തന്നെയാണ് ഈ കോട്ടയം ഫീമെയില്‍ ചെയ്യുന്നതും.

നല്ല സിനിമയുടെ കാണികള്‍ക്ക് തിയറ്ററുകളിലേക്ക് സ്വാഗതം. ’22 ഫീമെയില്‍ കോട്ടയം’ കണ്ടു നോക്കുക. കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വേറിട്ട അഭിപ്രായങ്ങള്‍ ഉണ്ടാവാം. ഈ സിനിമ സംവേദനം ചെയ്യുന്ന ആശയത്തേയും രാഷ്ട്രീയത്തേയും ചൊല്ലി നമുക്ക് സംവാദങ്ങളാവാം, ആവശ്യമെങ്കില്‍ തര്‍ക്കിക്കാം. ‘ബ്ലാക്ക് ഫിലിം’ എന്നോ ‘നെഗറ്റീവ് ഫിലിം’ എന്നോ വാദിക്കാം. ഇതൊരു സ്ത്രീപക്ഷ സിനിമ തന്നെയാണോ എന്ന കാര്യത്തിലും വേണമെങ്കില്‍ തര്‍ക്കമാവാം. തര്‍ക്കങ്ങളും വാദങ്ങളും എന്തായാലും നമ്മള്‍ ഈ സിനിമ കാണാതെ പോവരുത്. കാരണം ഇതിലൊരു മാറ്റത്തിന്റെ കാറ്റുണ്ട്, ചെറുപ്പത്തിന്റെ ചങ്കൂറ്റമുണ്ട്. ആ ചങ്കൂറ്റം തന്നെയാണ് ലോകത്ത് എല്ലാക്കാലത്തും മഹത്തായ സിനിമകള്‍ക്ക് കാരണമായിട്ടുള്ളത്.

സൂക്ഷിക്കുക, ഈ കോബ്ര കൊത്തും

അതി സമ്പന്നരായ സഹോദരങ്ങള്‍/സുഹൃത്തുക്കള്‍, അവര്‍ക്കു പ്രേമിക്കാന്‍ പാകത്തില്‍ രണ്ട് തരുണികള്‍ (അതും ഡോക്ടര്‍മാര്‍!), പറഞ്ഞു പണിയിച്ച മാതിരി രണ്ടു വില്ലന്‍മാര്‍, അവരുടെ കുതന്ത്രങ്ങള്‍, സഹോദരങ്ങളുടെ സെന്റിമെന്റ്സ്, കരച്ചില്‍, പിഴിച്ചില്‍, ധര്‍മസങ്കടം, ക്ലൈമാക്സ് അടി, ഗ്രൂപ്പ് ഫോട്ടോ എന്ന മട്ടില്‍ പുരോഗമിച്ച് അവസാനിക്കുന്ന ചിത്രം ഒരിടത്തുപോലും പ്രേക്ഷകനെ സ്പര്‍ശിക്കുന്നതേയില്ല. ശരാശരി എന്റര്‍ടെയിനര്‍ എന്നുപോലും ‘കോബ്ര’യെ വിശേഷിപ്പിക്കാന്‍ കഴിയില്ല. അങ്ങേയറ്റം ദുര്‍ബലമായ കഥയിലേക്ക് ഏച്ചു കെട്ടിയ ക്ലൈമാക്സ് പ്രത്യേകിച്ചൊരു ഗുണവും ചെയ്യുന്നതുമില്ല -അന്നമ്മക്കുട്ടി എഴുതുന്നു

 

 

മലയാള സിനിമയെ രക്ഷിക്കാന്‍ ഇതാ ഒരു പുതിയ കൂട്ടര്‍ കൂടി. ഓണ്‍ലൈന്‍ സിനിമ മാര്‍ക്കറ്റിങ് വിദഗ്ധര്‍! ഒരു സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പേജുണ്ടാക്കി റിലീസ് ദിവസം ആയിരം ‘ലൈക്ക്’ അടിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപയാണത്രെ ഫീസ്. ഏതു തറ സിനിമയായാലും ‘സിനിമ ഗംഭീരം’ എന്ന് 100 പേരെക്കൊണ്ട് കമന്റും ചെയ്യിക്കും. കേരളത്തില്‍ സജീവമായ ഇത്തരം ഓണ്‍ലൈന്‍ കൊള്ളക്കാരുടെ സേവനം പല മലയാള സിനിമകളും ഉപയോഗിക്കുന്നതായി ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്ത പറയുന്നു. റിലീസ് ദിവസം തിയറ്ററുകളില്‍ കയ്യടിക്കാന്‍ ആളുകളെ വാടകയ്ക്ക് സംഘടിപ്പിച്ചുകൊടുക്കുന്ന സംഘങ്ങളും കേരളത്തിലുണ്ടെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഓണ്‍ലൈന്‍ സിനിമ നിരൂപണമെഴുത്ത് നിര്‍ത്തിയാലോ എന്ന് ഗൌരവമായി ആലോചിച്ചുകൊണ്ടിരിക്കവെയാണ് ഈയുള്ളവള്‍ ‘എക്സ്പ്രസ്’ വാര്‍ത്ത വായിച്ചത്. ബോറന്‍ സിനിമകളെ ‘മഹത്തരം’ എന്ന് ഫേസ്ബുക്കില്‍ പുകഴ്ത്താനും ലൈക്ക് അടിക്കാനും കയ്യടിക്കാനും പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍! അങ്ങനെയുള്ളൊരു നാട്ടില്‍ സിനിമ കണ്ട് സത്യസന്ധമായി അഭിപ്രായം പറയാനും ആരെങ്കിലുമൊക്കെയുണ്ടാവണമല്ലോ. അതിനാല്‍ ഈ ഫസ്റ് വിറ്റ്നസ് എഴുത്ത് സജീവമായി തുടരാന്‍ തീരുമാനമായി. നേരേ പോയി കണ്ടത് ‘കോബ്ര’.

 

 

സിദ്ദീഖ്-ലാല്‍ ടീമിന്റെ സിനിമകള്‍ മലയാളത്തിലെ എക്കാലത്തേയും വലിയ വാണിജ്യ വിജയങ്ങള്‍ ആകാന്‍ മൂന്നു പ്രധാന കാരണങ്ങള്‍ ഉണ്ടായിരുന്നു. പുതുമയുള്ള ശുദ്ധ ഹാസ്യം, പ്രമേയത്തിലെ പുതുമയും ലാളിത്യവും, കഥ പറച്ചിലിലെ നാടകീയത. ഗോഡ്ഫാദര്‍, റാംജിറാവ് സ്പീക്കിങ്, വിയറ്റ്നാം കോളനി, ഇന്‍ ഹരിഹര്‍ നഗര്‍, കാബൂളിവാല തുടങ്ങിയവയൊക്കെ ഇന്നും സാധാരണ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാകുന്നത് കച്ചവട സിനിമയുടെ മര്‍മമറിഞ്ഞ ഈ ചേരുവകള്‍ കാരണമാണ്. സിദ്ദീഖ്^ലാല്‍ ജോഡി വേര്‍പിരിഞ്ഞെങ്കിലും വാണിജ്യസിനിമയുടെ വിജയതന്ത്രങ്ങള്‍ ഇരുവര്‍ക്കും കൈമോശം വന്നില്ല.

സിദ്ദീഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ‘ഫ്രണ്ട്സ്’, ‘ഹിറ്റ്ലര്‍’, ‘ക്രോണിക് ബാച്ചിലര്‍’ വിജയങ്ങളായി. ‘ബോഡിഗാര്‍ഡ്’ മറ്റു ഭാഷകളിലും തരംഗമായി. ലാല്‍ ഒറ്റയ്ക്ക് സംവിധാനം നിര്‍വഹിച്ച ‘ടു ഹരിഹര്‍ നഗര്‍’,'ഇന്‍ ഗോസ്റ് ഹൌെസ്’ തിയറ്ററില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു ‘ടൂര്‍ണമെന്റ്’ എന്ന പരീക്ഷണ ചിത്രം വലിയൊരു പരാജയമാവുകയും ചെയ്തു.

 

 

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാല്‍ വീണ്ടും സംവിധായക വേഷമണിയുമ്പോള്‍, ആ സിനിമയില്‍ മമ്മൂട്ടിയും ലാലും മുഖ്യ കഥാപാത്രങ്ങളാവുമ്പോള്‍ സാധാരണ പ്രേക്ഷകന്‍ പ്രതീക്ഷിക്കുക പുതുമയുള്ള മുഷിപ്പിക്കാത്തൊരു എന്റര്‍ടെയിനറാവും. നിര്‍ഭാഗ്യവശാല്‍ ‘കോബ്ര’ അങ്ങനെയല്ല. തിയറ്റര്‍ വിട്ടിറങ്ങിപ്പോവാന്‍ നമ്മെ പ്രേരിപ്പിക്കും വിധം അത് വിരസവും അരോചകവുമാണ്.

‘തെങ്കാശിപ്പട്ടണം’, ‘തൊമ്മനും മക്കളും’ തുടങ്ങി പല കോമഡി സിനിമകളില്‍ നാം കണ്ടു മടുത്ത സഹോദര/സൌഹൃദ ബന്ധത്തിന്റെ കഥ തന്നെയാണ് കാര്യമായ പുതുമകളൊന്നുമില്ലാതെ ലാലും പറയുന്നത്. തമാശകള്‍ ഭൂരിപക്ഷവും ഏശുന്നതേയില്ല എന്നതു പോകട്ടെ നമ്മെ കരയിപ്പിക്കും വിധം അരോചകവുമാണ്. ടെലിവിഷന്‍ ചാനലുകളിലെ കോമഡി ഷോകളുടെ നിലവാരം പോലും പുലര്‍ത്താത്ത ഹാസ്യവും കഥാഗതിയിലെ അസ്വഭാവികതകളും ചേരുമ്പോള്‍ ‘കോബ്ര’ വലിയ ശിക്ഷയാവുന്നു.

 

 

അതി സമ്പന്നരായ സഹോദരങ്ങള്‍/സുഹൃത്തുക്കള്‍, അവര്‍ക്കു പ്രേമിക്കാന്‍ പാകത്തില്‍ രണ്ട് തരുണികള്‍ (അതും ഡോക്ടര്‍മാര്‍!), പറഞ്ഞു പണിയിച്ച മാതിരി രണ്ടു വില്ലന്‍മാര്‍, അവരുടെ കുതന്ത്രങ്ങള്‍, സഹോദരങ്ങളുടെ സെന്റിമെന്റ്സ്, കരച്ചില്‍, പിഴിച്ചില്‍, ധര്‍മസങ്കടം, ക്ലൈമാക്സ് അടി, ഗ്രൂപ്പ് ഫോട്ടോ എന്ന മട്ടില്‍ പുരോഗമിച്ച് അവസാനിക്കുന്ന ചിത്രം ഒരിടത്തുപോലും പ്രേക്ഷകനെ സ്പര്‍ശിക്കുന്നതേയില്ല. ശരാശരി എന്റര്‍ടെയിനര്‍ എന്നുപോലും ‘കോബ്ര’യെ വിശേഷിപ്പിക്കാന്‍ കഴിയില്ല. അങ്ങേയറ്റം ദുര്‍ബലമായ കഥയിലേക്ക് ഏച്ചു കെട്ടിയ ക്ലൈമാക്സ് പ്രത്യേകിച്ചൊരു ഗുണവും ചെയ്യുന്നതുമില്ല.

ഒരു മുട്ട ചീഞ്ഞതാണോ എന്നറിയാന്‍ അതു മുഴുവന്‍ തിന്നു നോക്കേണ്ടതില്ല. മുട്ട പൊളിക്കുമ്പോള്‍ തന്നെ ദുര്‍ഗന്ധം പരക്കും. ആദ്യ സീന്‍ മുതല്‍ അവസാന രംഗം വരെ ദുര്‍ഗന്ധം മാത്രം പരത്തുന്ന ചീമുട്ടയാണ് ‘കോബ്ര’.

അസാമാന്യ ക്ഷമയുണ്ടെങ്കില്‍ മാത്രം ഈ സിനിമ കാണാന്‍ തിയറ്ററിലേക്കു കയറിയാല്‍ മതി. പ്രേക്ഷകരെ കൊത്തുന്ന കോബ്രകള്‍ നിറഞ്ഞാടുന്ന മലയാള സിനിമയില്‍ ഇത്തരം മൂര്‍ഖന്‍മാര്‍ ആവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കും. അവരുടെ കടിയേല്‍ക്കാതെ ഒഴിഞ്ഞു നടക്കുക മാത്രമാണ് സാധാരണ പ്രേക്ഷകന് ചെയ്യാനുള്ളത്.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers