ലോക സിനിമയിലെ ആത്മീയവഴികളെക്കുറിച്ച കോളത്തില്‍ ഇത്തവണ ലൈഫ് ഓഫ് പൈ. എം. നൌഷാദ് എഴുതുന്നു
മൂന്നു മതങ്ങളില്‍ വെവ്വേറെ നിഷ്കളങ്കമായി വിശ്വസിച്ചിട്ടും അനുഷ്ഠാന ഭക്തിയുടെ പൊതുപ്രകടനങ്ങളില്‍ അഭിരമിച്ചിട്ടും പൈയുടെ വിശ്വാസം ദൃഢമാകുന്നത്, സത്യമാകുന്നത് നടുക്കടലിലെ യാതനകള്‍ക്കിടയിലാണ്. സഹനമാണ് മനുഷ്യരെ ശക്തരാക്കുന്നത്. സംശയങ്ങളാണ് വിശ്വാസങ്ങളെ രാകിമിനുക്കി നിലനിര്‍ത്തുന്നത്. അന്വേഷണങ്ങള്‍ അവസാനിച്ചുതീര്‍ന്ന അക്ഷരവാദ സുനിശ്ചിതത്വത്തില്‍ ആത്മീയമായ വളര്‍ച്ചയില്ല, സര്‍ഗാത്മകതയില്ല. അത് പ്രകാശിപ്പിക്കുന്നത് അടച്ചിട്ട മുറിക്കുള്ളിലെ ആത്മവിശ്വാസമില്ലായ്മകളെയാണ്. മൃതമായ ഭയങ്ങളിലേക്ക് അത് വിരല്‍ ചൂണ്ടുന്നു. പൈയുടെ കടല്‍ജീവിതം നിഗൂഢാത്മകമായ ഒരു ആത്മീയാനുഭവമാകുന്നത്, ഒരു നവീകരണമാവുന്നത് അങ്ങനെയാണ്^എം. നൌഷാദ് എഴുതുന്നു

എത്ര ആഞ്ഞുതുഴഞ്ഞാലും കരയെത്താനാവാത്ത ചില ചുഴികളുണ്ട് ജീവനില്‍. അതിവേഗം വഞ്ചിച്ചു കളയുന്ന പ്രലോഭന തുരുത്തുകളുണ്ട് ആത്മാവിന്റെ കടലില്‍. വെറുതെ വേദനിപ്പിക്കും ആഴമേറിയ ഏതു കണ്ണും; മനുഷ്യന്റേതാവണമെന്നില്ല, ഒരു കടുവയുടേതുപോലും. എല്ലാ ക്രൌര്യങ്ങളും കാപട്യങ്ങളും സഹിതം നമ്മള്‍ മനുഷ്യര്‍ എത്ര പാവമാണ് എന്ന് യാന്‍മാര്‍ട്ടലിന്റ നോവലിനെ ഉപജീവിച്ച് ആങ് ലീ സംവിധാനം ചെയ്ത ‘ലൈഫ് ഓഫ് പൈ’ ഓര്‍മ്മപ്പെടുത്തുന്നു.പ്രപഞ്ചത്തിന്റെ മഹാവിസ്തൃതിയില്‍ നമ്മുടെ നാഗരികതയുടെ പ്രൌഢി എത്ര പരിഹാസ്യമാണ്. നമ്മുടെ സൌഖ്യങ്ങള്‍ എത്ര അല്‍പ്പായുസ്സാര്‍ന്നതാണ്. നടുക്കടലില്‍ ഒരു കടലില്‍ ഒറ്റക്കാകുന്ന പൈ എന്ന ചെറുപ്പക്കാരന്റെ അനാഥത്വത്തില്‍, ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍, മനുഷ്യ സമുദായത്തിലെ ഓരോ അംഗവും നേരിടുന്ന ആത്മീയമായ ഏകാന്തതയുടെ അംശമുണ്ട്.
രൂപകങ്ങളുടെ ആഘോഷമാണ് ലൈഫ് ഓഫ്പൈ. മൃഗശാല, കടല്‍, കപ്പല്‍ച്ചേതം, ലൈഫ് ബോട്ട്, നോഹയുടെ പെട്ടകത്തിലെന്ന പോലെ കയറിക്കൂടുന്ന ഏതാനും ജീവികള്‍, അക്കൂട്ടത്തില്‍ അതിജീവിക്കുന്ന കടുവ, ഏകാന്തത, അനാഥത്വം, വിശപ്പ്, അപകടദ്വീപ്, കടല്‍പ്പേമാരി എന്നുതുടങ്ങി എല്ലാത്തിനുമുണ്ട് അതു പറയുന്നതിലപ്പുറം അര്‍ത്ഥങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍ പ്രകൃതിയും മനുഷ്യനും തമ്മില്‍ സാധിച്ചെടുക്കാവുന്ന പാരസ്പര്യങ്ങളില്‍ മനുഷ്യന് വഹിക്കാനുള്ള വിനീത നിയോഗങ്ങളെ ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. കേവലമായ കീഴടങ്ങലിന്റെ മഹത്വവല്‍കരണത്തിനും കീഴടക്കലിന്റെ കാല്‍പ്പനികവല്‍കരണത്തിനുമിടക്കാണ് പൈയുടെ സഹനവും അതിജീവനവുമുള്ളത്. അത് ഒരേ സമയം പ്രത്യാശയുടെ വിജയഗീതവും സ്നേഹത്തിന്റെ നിസ്സീമമായ ഹൃദയവ്യഥയുമാണ്.

പൈയുടെ മതവും ദൈവവും
താന്‍ ദൈവവിശ്വാസിയായിത്തീര്‍ന്നതിന്റെ കഥ പറയാം എന്നാണ് മുതിര്‍ന്ന പൈ (ഇര്‍ഫാന്‍ ഖാന്‍) തന്റെ കഥയെഴുതാന്‍ വരുന്നയാളോടു പറയുന്നത്. കേള്‍ക്കുന്നവരില്‍ ദൈവവിശ്വാസമുണ്ടാക്കുന്ന കഥയെന്നും പറയാം. ചെറുപ്പത്തിലെ കൃഷ്ണനെയും യേശുവിനെയും അല്ലാഹുവിനെയും പരിചയപ്പെട്ടിട്ടുണ്ട് പൈ.
പോണ്ടിച്ചേരിയിലെ കുട്ടിക്കാലത്ത് അമ്മയായിരുന്നു അവന്റെ ആദ്യ ആത്മീയ ഗുരു. അമ്പാടിക്കണ്ണന്റെ വായില്‍ ദൃശ്യപ്പെട്ടു കിടക്കുന്ന പ്രപഞ്ചങ്ങളെപ്പറ്റിയുള്ള അമ്മയുടെ കഥ അവന്റെ കുഞ്ഞുഭാവനയെ വിസ്മയിപ്പിക്കുന്നുണ്ട്.
മൂന്നാറിലേക്കുള്ള ഒരു യാത്രയില്‍ മഞ്ഞുപാളികള്‍ക്കിടയിലെ ഒരു ചര്‍ച്ചില്‍വെച്ച് അവന്‍ യേശുവിനെ കണ്ടുമുട്ടുന്നു. പാതിരി പറഞ്ഞുകൊടുക്കുന്ന യേശുവിന്റെ സഹനങ്ങള്‍ അവനില്‍ വിശ്വാസങ്ങളേക്കാളും സംശയങ്ങളാണ് സൃഷ്ടിച്ചത്. എന്നിട്ടും ദൈവപുത്രന്‍ കുടിയിറങ്ങിപ്പോവാതെ അവന്റെ മനസ്സിനകത്ത് വസിച്ചു.
ഉടനെ വന്നു, അല്ലാഹുവിന്റെ വിളി. സുജൂദില്‍കിടന്ന് അവന്‍ ഭൂമിയോളമുള്ള താഴ്മയറിഞ്ഞു. അന്നുതന്നെ തീന്‍മേശക്കുമുന്നിലിരുന്ന് യേശുവിന്റെ വേദനകളോര്‍ത്തു. ഒപ്പം യേശുവിനെയും അല്ലാഹുവിനെയും പരിചയപ്പെടുത്തി തന്നതിന് വിഷ്ണുവിനോട് നന്ദി പറയുകയും ചെയ്തു.
സാമാന്യമായ അര്‍ത്ഥത്തില്‍ പരിഹാസ്യമാണ് 12 വയസ്സുകാരന്‍ പൈയുടെ മതകീയത. അമ്മ മാത്രമാണ് വീട്ടില്‍ അവനെ കളിയാക്കാതെ വിടുന്നത്. എല്ലാ വഴികളും പിന്തുടരുകയെന്നാല്‍ ഒരു വഴിയും പിന്തുടരാതിരിക്കുക എന്നാണ് അര്‍ത്ഥമെന്ന് കാഴ്ചബംഗ്ലാവിന്റെ മുതലാളിയും നിരീശ്വരവാദിയുമായ അച്ഛന്‍ അവനെ ഗുണദോഷിക്കുന്നു. അയാളെ സംബന്ധിച്ച് മതം അന്ധതയിലേക്ക് നയിക്കുകയും ശാസ്ത്രം ഈ ലോകത്തെ മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അകം മനസ്സിലാക്കാന്‍ മതത്തിനാണ് കഴിയുകയെന്ന് അമ്മയുടെ ഉള്‍ക്കാഴ്ച ഉടനെ തിരുത്താകുന്നുണ്ട്. കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍, മൂന്നു പ്രമുഖ മതങ്ങളെയും അതിന്റെ വിശ്വാസികളെയും അവരുടെ ദൈവവുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തി പുനര്‍ചിന്തക്ക് വിധേയമാക്കുന്നുണ്ട് നോവലും സിനിമയും.
മൂന്നു മതങ്ങളില്‍ വെവ്വേറെ നിഷ്കളങ്കമായി വിശ്വസിച്ചിട്ടും അനുഷ്ഠാന ഭക്തിയുടെ പൊതുപ്രകടനങ്ങളില്‍ അഭിരമിച്ചിട്ടും പൈയുടെ വിശ്വാസം ദൃഢമാകുന്നത്, സത്യമാകുന്നത് നടുക്കടലിലെ യാതനകള്‍ക്കിടയിലാണ്. സഹനമാണ് മനുഷ്യരെ ശക്തരാക്കുന്നത്. സംശയങ്ങളാണ് വിശ്വാസങ്ങളെ രാകിമിനുക്കി നിലനിര്‍ത്തുന്നത്. അന്വേഷണങ്ങള്‍ അവസാനിച്ചുതീര്‍ന്ന അക്ഷരവാദ സുനിശ്ചിതത്വത്തില്‍ ആത്മീയമായ വളര്‍ച്ചയില്ല, സര്‍ഗാത്മകതയില്ല. അത് പ്രകാശിപ്പിക്കുന്നത് അടച്ചിട്ട മുറിക്കുള്ളിലെ ആത്മവിശ്വാസമില്ലായ്മകളെയാണ്. മൃതമായ ഭയങ്ങളിലേക്ക് അത് വിരല്‍ ചൂണ്ടുന്നു. പൈയുടെ കടല്‍ജീവിതം നിഗൂഢാത്മകമായ ഒരു ആത്മീയാനുഭവമാകുന്നത്, ഒരു നവീകരണമാവുന്നത് അങ്ങനെയാണ്.
ഉള്ളില്‍ സന്ദേഹങ്ങളെ സര്‍ഗാത്മകമായി പോറ്റിവളര്‍ത്തിയ ഒരാളുടെ ആത്യന്തിക വേദഗ്രന്ഥം കടലാണ്, പ്രപഞ്ചം മുഴുവനുമാണ്. കടലോളം വിസ്തൃതിയും ആഴവും ഊര്‍ജവും പ്രകൃതിയില്‍ മറ്റൊന്നിനുമില്ല. അതിന്റെ അടരുകള്‍ വായിച്ചെടുക്കാനുള്ള ദിവ്യാഹ്വാനങ്ങളെ മതവിശ്വാസികള്‍ കൈയൊഴിഞ്ഞതാണ് പരസ്പരാശ്രിതത്വങ്ങള്‍ക്കു പകരം പരസ്പര ശത്രുതകളിലേക്ക് അവരെ നയിച്ചത്. കടല്‍ നിങ്ങളെ ദൈവവിശ്വാസിയാക്കുന്നു എന്നു പറയുന്നതിന്റെ മറ്റൊരു ഭാഷ്യം കടല്‍ നിങ്ങളെ ആത്മജ്ഞാനിയാക്കുന്നു എന്നതാണ്. അതില്‍ വിശപ്പും അനാഥത്വവും ഭീതിയും അതിതീവ്രമായ ജീവിതാഭിലാഷവും അതിനെല്ലാം മേലെ നില്‍ക്കുന്ന മഹത്തായ മരണ സന്നദ്ധതയുമുണ്ട്. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞതിനുശേഷവും തന്നെയും കൊണ്ടേ പോകൂ എന്നു തോന്നുന്നത്ര ഊക്കില്‍ ആഞ്ഞടിക്കുന്ന പടുകൂറ്റന്‍ തിരമാലകളില്‍ നിയന്ത്രണമറ്റ് കശക്കിയെറിയപ്പെടുമ്പോള്‍ പോലും ജീവിതത്തിന്റെ, പ്രപഞ്ച ചംക്രമണ സംവിധാനങ്ങളുടെ അതിശയത്തെ ചൊല്ലി വിനീതനാകുന്ന പൈ ഒരപൂര്‍വ്വ ദൃശ്യമാണ്.

കടല്‍, കടുവ, കര
ലൈഫ് ഓഫ് പൈയിലെ പ്രധാന കഥാപാത്രവും രൂപകവും കടല്‍ തന്നെ. സൂഫിസം ഉള്‍പ്പടെ പല ആധ്യാത്മിക സരണികളിലും അനേകം അര്‍ത്ഥ വ്യാഖ്യാനങ്ങളുടെ പ്രതീകമാണത്. കടലിന്റെ എല്ലാ ഭാവങ്ങളും മുഴുവന്‍ ശക്തി സൌന്ദര്യങ്ങള്‍ സഹിതം പ്രത്യക്ഷപ്പെടുന്നുണ്ട് സിനിമയില്‍. മൃഗശാലയിലെ ജീവജാലങ്ങളോടൊപ്പം ചെലവഴിച്ച കുട്ടിക്കാലത്തിന്റെ താരാട്ടോര്‍മ്മകള്‍ വിഭ്രമാത്മകമായ ‘ഒരുള്‍ക്കടല്‍’ കാഴ്ചയായി പൈയെ പിന്തുടരുന്നു.
ജീവികള്‍ മുഴുവനും ഒരു കപ്പലിനോടൊപ്പം മുങ്ങിത്താഴ്ന്ന അതേ കടലില്‍ വാല്‍സല്യ നിധിയായ തന്റെ അമ്മയുമുണ്ട്. അച്ഛനും ജ്യേഷ്ഠനും കപ്പലില്‍വെച്ച് പരിചയപ്പെട്ടവരുമുണ്ട്. പൈയുടെ കൂട്ടുകുടംബത്തില്‍ പെരുമ്പാമ്പും തിമിംഗലങ്ങളും അംഗങ്ങളാണ്. അതുകൊണ്ടാണയാള്‍ക്ക് ശൂരപരാക്രമിയായ റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന ബംഗാള്‍ കടുവയെ സ്നേഹിക്കാന്‍ കഴിയുന്നത്. കടുവയെക്കുറിച്ചുള്ള പേടിയാണ് അവനെ മരിക്കാതെ നിലനിര്‍ത്തുന്ന ഒരു ഘടകം.
റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന് യാദൃശ്ചികമായി പേരു വീണ കടുവയോട് ചെറുപ്പം തൊട്ടേ പൈയ്ക്ക് ബന്ധമുണ്ട്. അതിനെ വളരെ അടുത്തുകാണാനുള്ള അപായകരമായ ശ്രമത്തെ തുടര്‍ന്ന് അച്ഛന്‍ പൈയെ ഒരിക്കല്‍ ശിക്ഷിക്കുന്നുണ്ട്. ജീവികള്‍ക്കും ആത്മാവുണ്ടെന്ന വിശ്വാസക്കാരനായിരുന്നു അവന്‍. കാനഡയിലേക്കുള്ള കപ്പലിനകത്തുവെച്ച്, പ്രായോഗികമതിയായ അച്ഛന്‍ മൃഗങ്ങള്‍ക്ക് ഉറക്കുഗുളിക കൊടുക്കുന്നതില്‍ അവന്‍ നീരസപ്പെടുന്നത് വെറുതെയല്ല.
പോകാന്‍ ഒരിടവുമില്ലാതെ ഒരു ലൈഫ്ബോട്ടില്‍ ഭീകരനായ ഒരു കടുവയുമായി പോകുന്ന പൈ ലൈഫ് ജാക്കറ്റും തുഴകളുമുപയോഗിച്ച് ഒരു കൊച്ചുചങ്ങാടമുണ്ടാക്കി ബോട്ടില്‍നിന്നും സുരക്ഷിതമായ അകലം പാലിച്ചാണ് തുടക്കത്തില്‍ അതിജീവിക്കുന്നത്. കടുവകള്‍ സമര്‍ത്ഥരും ശക്തരുമായ നീന്തല്‍ക്കാരാണ് എന്നവനറിയാം. വിശന്നുവലഞ്ഞ കടുവ തിരമാലക്കുമീതെ കണ്ട മീനിനെ പിടിക്കാന്‍ കടലില്‍ ചാടുകയും അതില്‍ പരാജയപ്പെട്ട് പൈയെ പിടിക്കാന്‍ വരികയും ചെയ്യുന്ന സന്ദര്‍ഭം ഓര്‍ക്കുക. ബോട്ടില്‍ കയറി രക്ഷപ്പെടുകയും അതില്‍ കയറിപ്പറ്റാനുള്ള കടുവയുടെ വഴികള്‍ അടച്ചുകളയുകയും അങ്ങനെ അതിനെ കടലില്‍ മുങ്ങിച്ചാവാന്‍ വിടുകയും ചെയ്യുന്ന ഒരു നിമിഷ ദൌര്‍ബല്യം അയാളിലും ഉണ്ടായിത്തീരുന്നു. നിലനില്‍പ്പിന്റെ വെല്ലുവിളി. അര്‍ഹതയുള്ളതിന്റെ അതിജീവനമാണ് പ്രകൃതിയുടെ നിയമം എന്നാണ് അയാളും പഠിച്ചത്. കാരുണ്യമാണ് പ്രകൃതിയുടെ അതിജീവന രഹസ്യമെന്ന് തിരുത്തുന്നു യാന്‍മാര്‍ട്ടെലും ആങ് ലീയും.
നിതാന്ത ശത്രുതയില്‍ യാത്ര തുടരാനാവില്ല എന്നതുകൊണ്ട് ഇണക്കത്തിന്റെ സാധ്യതകളിലേക്ക് പൈയുടെ സര്‍ഗാത്മകത നീളുന്നു. അതിനകം മാംസഭുക്കായി കഴിഞ്ഞ അവന്റെ, കടുവയുമായുള്ള ചങ്ങാത്തശ്രമം ഒരു പുലരിയില്‍ അവരെത്തിച്ചേരുന്ന ഒഴുകുന്ന ദ്വീപിന്റെ അപായങ്ങളോടെ പൂര്‍ണമാകുന്നു. തല്‍ക്കാലാശ്വാസങ്ങളുടെ പ്രലോഭനമാണ് ആ ഇടത്താവളം. അപായങ്ങളുടെ ഉപമേയം. യാത്ര അതി ദീര്‍ഘവും അതികഠിനവും വഴികള്‍ അജ്ഞാതവുമെങ്കിലും മുന്നോട്ടുനീങ്ങിയേ മതിയാവൂ എന്നാണതിന്റെ പ്രത്യാശ, അപ്പോഴും കടുവയെ ചാവാന്‍ വിടാതെ തന്നോടൊപ്പം ബോട്ടില്‍ കയറ്റുന്നതിന്റെ കാരുണ്യം നാമിവിടെ കാണുന്നു.

രണ്ടു വിടപറയലുകള്‍
കപ്പല്‍ കയറുംമുമ്പുള്ള കൌമാരകാലത്ത് പൈയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു – ആനന്ദി. ഒരു നൃത്ത പാഠശാലയിലെ ചുവടുകള്‍ക്കും താളങ്ങള്‍ക്കുമപ്പുറത്തേക്ക് പൈ അവളെ പിന്തുടരാന്‍ തുടങ്ങി. എല്ലാ മതങ്ങളുടെയും ആത്മീയ ചോദനകളാല്‍ ആകര്‍ഷിക്കപ്പെട്ട ഒരുവന്റെ അതിനിഷ്കളങ്കത ആനന്ദിയെ വളരെയെളുപ്പം അവനിലേക്ക് അടുപ്പിച്ചു. കാനഡയിലേക്കുള്ള കുടിയേറ്റത്തെ പൈ വൈകാരികമായി എതിര്‍ക്കുന്നതിന്റെ കാരണം പ്രധാനമായും ആനന്ദിയാണ്. പരസ്പരം ഹൃദയം തകര്‍ക്കുവാന്‍ മാത്രം സമയം അവര്‍ക്ക് ഇതിനകം കിട്ടിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അവളോട് യാത്ര പറയുന്നതിനെപ്പറ്റി പൈ പിന്നീട് നടത്തുന്ന ഒരു നിരീക്ഷണമുണ്ട്. ഏറ്റവും രസകരമായ കാര്യം, അന്നത്തെ ദിവസം ആനന്ദിയോടൊപ്പം ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ ഓര്‍മ്മിക്കുന്ന പൈ യാത്ര പറഞ്ഞ നിമിഷം മാത്രം ഓര്‍ക്കുന്നില്ല എന്നതാണ്. ആഴമുള്ള ബന്ധങ്ങളില്‍ വേര്‍പിരിയലില്ല എന്ന സാധാരണ അര്‍ത്ഥത്തിനുമപ്പുറം, ഇതിവൃത്തത്തിന്റെ പരിണാമ ഗുപ്തിയില്‍ സുപ്രധാനമായി തീരുന്നുണ്ട് പിന്നീടത്.
നടുക്കടലില്‍ ഒരു ജന്‍മത്തിന്റെ യാതനകളഖിലം ഒരു കടുവയോടൊപ്പം പങ്കിട്ട്, മെക്സിക്കോയുടെ തീരത്തണയുന്ന വേളയിലാണ് കഥയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ വേര്‍പാടു രംഗമുള്ളത്. വിഷ്വല്‍ ഇഫക്റ്റും സാങ്കേതിക വിദ്യയും ഉല്ലസിച്ചു തിമിര്‍ക്കുന്ന ഒരു പൈങ്കിളി ഹോളിവുഡ് സിനിമയുടെ ഭാവുകത്വത്തിനപ്പുറത്തേക്ക് ഇതിനെ ഉയര്‍ത്തുന്ന ദാര്‍ശനികവും ലളിതവും ഉജ്വലവുമായ വേര്‍പാടാണിത്.
പൈയും കടുവയും തമ്മില്‍ ഇതിനകം ഗാഢമായ ആത്മീയാലിംഗനമുണ്ടായിക്കഴിഞ്ഞിട്ടുണ്ട്. കടുത്ത വിശപ്പും അനാഥത്വവും പ്രകൃതിയുടെ അമര്‍ഷങ്ങളും ജീവിതത്തിന്റെ ഉപ്പും സമൃദ്ധമായി ഒരുമിച്ചു രുചിച്ചതിന്റെ ഭീതികളറ്റ ചങ്ങാത്തം. അഹങ്കാങ്ങളേതുമില്ലാതെ, കരയണയാന്‍ മാര്‍ഗമേതുമറിയാതെ, ഒരുമിച്ച് മരണത്തിനു നിന്നുകൊടുത്ത രണ്ട് പാവം ജീവികളാണവര്‍. ലൈഫ് ബോട്ട് കരയിലേക്ക് വലിച്ചടുപ്പിക്കുന്ന വേളയില്‍ കാല് മെക്സിക്കോയുടെ മണലില്‍ ഏതാണ്ട് തൊട്ടുകഴിഞ്ഞിട്ടും, പാരവശ്യത്തിന്റെ മൂര്‍ധന്യത്തില്‍, കരയില്‍നിന്ന് രണ്ടടി അകലെ താന്‍ മുങ്ങിമരിച്ചുപോവുമോ എന്നു പേടിക്കുന്നു പൈ. തിരമാലകളാല്‍ തഴുകി തീരത്ത് തളര്‍ന്നു കിടക്കുന്ന പൈയെ മറികടന്ന് അവശനായ കടുവ ഒന്നു മൂരിനിവര്‍ന്നു നടന്നുപോവുന്നു. പൈ കിടന്ന കിടപ്പില്‍ ആ പോക്കുകാണുന്നുണ്ട്. കടുവ നടന്നു നടന്ന്, മണല്‍തിട്ട കഴിഞ്ഞ്, മുന്നില്‍ കണ്ട ഇടതൂര്‍ന്ന കാടിനുമുമ്പില്‍ ചെന്ന് ഒരു വേള നില്‍ക്കുന്നു.
അതു തിരിഞ്ഞ് തന്നെ ഒരു നിമിഷം നോക്കുമെന്നും ഒരു കടല്‍ച്ചുഴിയുടെ വിവരണാതീതമായ യാതനകള്‍ക്കൊപ്പം ഒരുമിച്ചു പങ്കിട്ട ആര്‍ദ്രതയുടെയും കാലുഷ്യങ്ങളുടെയും ഓര്‍മ്മയില്‍ തന്നോടു നന്ദി പറയുമെന്നും പൈ പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. അല്‍പ്പനേരം കാടു നോക്കിനിന്ന കടുവ തിരിഞ്ഞ് പൈയെ ഒന്നുനോക്കുകപോലും ചെയ്യാതെ കാടിനകത്തേക്കു കയറി മറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം അതോര്‍ക്കുമ്പോഴും അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ട്. അതൊരു കടുവയാണെന്നും മനുഷ്യനല്ല എന്നും ബോധ്യമുണ്ടായിരുന്നിട്ടും അപായകരമായ ഒരിടത്തിന്റെ ആത്മബന്ധമേല്‍പ്പിച്ച വിങ്ങലില്‍, പരസ്പരമേല്‍പ്പിച്ച മായ്ച്ചുകളയാനാവാത്ത മുറിവുകളുടെ പേരില്‍, കടുവ തന്നെയൊന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കിലെന്ന് അയാള്‍ പിന്നെയും പിന്നെയും സങ്കടപ്പെട്ടു. എവിടെനിന്നോ ഓടിക്കൂടിയ മനുഷ്യര്‍ പൈയെ എടുത്തുകൊണ്ടുപോയപ്പോള്‍, കടുവ പോയ വഴിയേ നോക്കി, അതിനെ ഓര്‍ത്ത് അവനൊരു കുഞ്ഞിനെപ്പോലെ അലറിക്കരഞ്ഞു. ആനന്ദിയേക്കാള്‍ ആഴത്തില്‍ ആ സാധുജീവി അവന്റെ ആത്മാവിനെ ബാധിച്ചു കഴിഞ്ഞിരുന്നു.
മനുഷ്യരുടെ സ്നേഹത്തിന്റെ ഒരു പരിമിതി അതാണ്. ഒരു കടുവയില്‍നിന്നുപോലും നമ്മള്‍ തിരിച്ചു പലതും ആഗ്രഹിക്കുന്നു. പ്രകൃതിയുടെ രീതികള്‍ വ്യത്യസ്തമാണ്. അതിനു നമ്മെക്കാള്‍ വിവേകമുണ്ട്. കടുവയുടെ തിരിഞ്ഞുനോക്കാതിരിക്കലില്‍ നിസ്വമായ ഒരാഹ്വാനമില്ലേ? അങ്ങിനെ കടന്നുപോവലല്ലേ, കേവല പ്രകടനങ്ങളില്‍ ഭ്രമിക്കാത്ത എല്ലാ ഗുരുക്കന്‍മാരുടെയും പതിവ്? അതാണല്ലോ ഉള്ളുകൊണ്ടുള്ള പുണരല്‍. ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത ആശ്ലേഷം. സ്നേഹത്തിന്റെ അഗാധമായ നിര്‍മ്മമത.

രണ്ടു കഥകള്‍, പല സാധ്യതകള്‍
ആസ്പത്രിക്കിടക്കയില്‍ കപ്പലിന്റെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പൈയെ സന്ദര്‍ശിക്കുന്ന ജാപ്പനീസ് ഉദ്യോഗസ്ഥര്‍ പൈ പറയുന്ന കഥ വിശ്വസിക്കുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഒടുവില്‍ പുതിയ ഒരു കഥ കെട്ടിച്ചമച്ചു പറയേണ്ടിവരുന്നു അയാള്‍ക്ക്. സാമാന്യം ദീര്‍ഘവും വൈകാരികവുമായ ആഖ്യാന
മാണത് സിനിമയിലും നോവലിലും. ‘ഞാന്‍ താങ്കളോടു രണ്ടു കഥകള്‍ പറഞ്ഞു. ഏതാണ് താങ്കള്‍ ഉപയോഗിക്കുക’ എന്ന് മുന്നിലിരിക്കുന്ന എഴുത്തുകാരനോട് പൈ ചോദിക്കുന്നു. കടുവയുള്ള കഥയാണ് തന്നെ ആകര്‍ഷിക്കുന്നതെന്ന് പറയുന്ന എഴുത്തുകാരന്‍ രണ്ടാമത്തെ കഥയ്ക്കും രൂപകപരമായ സദൃശവത്കരണം നല്‍കുന്നുണ്ട്. കൂടുതല്‍ ഭാവനാത്മകമായതാണ് കൂടുതല്‍ യഥാതഥമായി തോന്നുക എന്ന യാന്‍ മാര്‍ട്ടെലിന്റെ നിരീക്ഷണം കാരണം നോവലിന്റെ ഒടുവിലുണ്ടാവുന്ന പൈയുടെ യഥാര്‍ത്ഥ കഥ ഏതെന്ന അവ്യക്തത സിനിമയിലില്ല എന്നത് ശരിയാണ്. സത്യത്തേക്കാള്‍ വിശ്വസനീയം പലപ്പോഴും സത്യമായിക്കാണാന്‍ നമ്മള്‍ കൊതിക്കുന്ന മിഥ്യയാണ് എന്ന നടുക്കം നമ്മില്‍ ബാക്കിയാവുന്നു. പാരസ്പര്യത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെയും കഥയാണ് നമുക്ക് ലോകത്തെപ്പറ്റി പ്രതീക്ഷ നല്‍കുന്നത്. അതാണ് വിശ്വാസം തിരികെ കൊണ്ടുവരുന്നത്.
(ഒരു വാചകം കൂടി: ചിത്രം ഇപ്പോഴും തിയറ്ററുകളിലുണ്ടെങ്കിലും സാന്ദര്‍ഭികമായി പലയിടങ്ങളിലും കഥാമുഹൂര്‍ത്തങ്ങള്‍ വെളിപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. സിനിമയെക്കുറിച്ച വാദങ്ങളുടെ പൂര്‍ണതക്കു വേണ്ടി മാത്രമാണത്)
ഇങ്മര്‍ ബെര്‍ഗ് മാന്റെ സെവന്‍ത് സീല്‍ എന്ന സിനിമയിലെ ആത്മീയ വഴികളിലൂടെ ഒരു യാത്ര. എം. നൌഷാദ് എഴുതുന്നു
സ്നേഹത്തെ സംബന്ധിച്ച ആലോചനകളാണ് മറ്റൊരു ഇതിവൃത്തം. ഒരു നടന്റെ കൂടെ ഒളിച്ചോടിപ്പോയ ഭാര്യയെച്ചൊല്ലി പരിഭവിക്കുന്ന കര്‍ഷകനെ ജോണ്‍ ആശ്വസിപ്പിക്കുന്നത്, പ്രണയമാണ് ഏറ്റവും ഇരുണ്ട പ്ലേഗ് എന്നു പറഞ്ഞാണ്. പ്രണയത്തിലെ ഏക ആഹ്ലാദം അതിനുവേണ്ടി മരിക്കുന്നതിലാണ് എന്നും പക്ഷേ വളരെ വേഗം പ്രണയം നീങ്ങിപ്പോകുന്നുവെന്നും ജോണ്‍ പറയുന്നു.
തന്റെ സ്നേഹം അനശ്വരമാണ്, അത് നശിക്കയില്ല എന്ന കര്‍ഷകന്റ അവകാശവാദത്തെ ജോണ്‍ ഖണ്ഡിക്കുന്നുണ്ട്. അഭിശപ്തമായ ഏതാനും വിഡ്ഢികള്‍ മാത്രമേ സ്നേഹത്തിനു വേണ്ടി മരിക്കുകയുള്ളൂ എന്നയാള്‍ വിശദീകരിക്കുന്നു. അനേകം മരണങ്ങള്‍ക്ക് നിമിത്തവും സാക്ഷിയുമായ ഒരാളുടെ മനുഷ്യരിലുള്ള അവിശ്വാസം. ഇതേ അവിശ്വാസത്തിന്റെ മറുപാതിയാണ് അന്റോണിയോയുടെ ദൈവത്തിലുള്ള അവിശ്വാസം എന്ന് നിരീക്ഷിക്കാവുന്നതാണ്-സിനിമയിലെ ആത്മീയ വഴികളെക്കുറിച്ചുള്ള ആലോചനയില്‍ ഇത്തവണ ഇങ്മര്‍ ബെര്‍ഗ് മാന്റെ ലോകപ്രശസ്ത ചിത്രം സെവന്‍ത് സീല്‍. എം. നൌഷാദ് എഴുതുന്നു

സെല്ലുലോയിഡില്‍ ദാര്‍ശനികതയുടെ ആഴിയും ആകാശവും പകര്‍ത്തിയ സ്വീഡിഷ് ചലച്ചിത്ര ഇതിഹാസം ഇങ്മര്‍ ബെര്‍ഗ് മാനില്‍ ഒഴിഞ്ഞുപോകാത്ത ആധിയായി മരണവും ദൈവാസ്തിത്വത്തെക്കുറിച്ച സന്ദേഹങ്ങളും എപ്പോഴും പാര്‍ത്തിരുന്നു. പാതിരിയായിരുന്ന അച്ഛന്റെ കര്‍ശനമായ മതനിഷ്കര്‍ഷകള്‍ ആ കുട്ടിയെ ചെറുപ്പത്തിലേ ദൈവത്തില്‍നിന്നകറ്റി. എന്നിട്ടും അനൌപചാരികവും വൈയക്തികവുമായ തലങ്ങളില്‍ അയാള്‍ ദൈവത്തിലേക്കും പിശാചിലേക്കും നിസ്സഹായമായി തിരിച്ചു വന്നു കൊണ്ടേയിരുന്നു. ഓരോ കലാസൃഷ്ടിയിലും , ഏറക്കൂറെ അശുഭകരവും ഇരുണ്ടതുമായ പര്യവസാനങ്ങളോടെയെങ്കിലും അയാള്‍ മരണത്തെയും ദൈവത്തെയും പറ്റി നിരന്തരം വേവലാതിപ്പെട്ടു.
ആത്മീയ വേദനകളുടെ പ്രഹരം അനുഗ്രഹമായിക്കിട്ടിയ എല്ലാ കലാകാരന്‍മാരെയും മരണത്തിന്റെ നിഗൂഢത അലട്ടിയിട്ടുണ്ട്. ഉള്ളു പൊള്ളയല്ലാത്ത ഏതു മനുഷ്യന്റെയും ആഴത്തെ, (അ) ബോധത്തെ , ഭയമോ പ്രതീക്ഷയോ സമാശ്വാസമോ ആയി മരണം അനുനിമിഷം തലോടുന്നുണ്ട്. മരണത്തോടു മുഖാമുഖം നില്‍ക്കുമ്പോഴും ജീവിതത്തിന്റെ സന്ദേഹങ്ങളാല്‍ പീഡിപ്പിക്കപ്പെടുകയും അതിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ തേടിയോടാന്‍ നിരന്തരം പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്ന സകല മനുഷ്യരുടെയും കഥയാണ് ബെര്‍ഗ് മാന്റെ അതിപ്രസിദ്ധ ചലച്ചിത്രം സെവന്‍ത് സീല്‍ (1957).

സെവന്‍ത് സീലിലെ രംഗം
കറുത്ത വേഷത്തില്‍, ശാന്തഭാവിയായി മരണം
മരണം കഥാപാത്രമായി വരുന്ന സൃഷ്ടികള്‍ക്ക് ഏറെ അനുയോജ്യമായ പശ്ചാത്തലം തന്നെ സംവിധായകന്‍ തെരഞ്ഞെടുത്തു. 14ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്പില്‍ പടര്‍ന്നു പിടിച്ച പ്ലേഗിന്റെയും കുരിശുയുദ്ധത്തിന്റെയും രക്തപങ്കിലമായ അന്ധകാരം. മരണത്തിന് നടനമാാന്‍ പറ്റിയ ഇടവും കാലവും.!
മരണവുമായി സുദീര്‍ഘമായ ഒരു ചെസ് മല്‍സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ബെര്‍ഗ്മാന്റെ നായകന്‍ അന്റോണിയോ ബ്ലോക്ക്. ആ കളിയുടെ ഇടര്‍ച്ചയും തുടര്‍ച്ചയുമാണ് സിനിമ എന്നു പറയാം. ആ ചതുരംഗപ്പലക ജീവിതമല്ലേ, എന്നും ആലോചിക്കാം.
പത്തുവര്‍ഷം മുമ്പേ വീടിനെയും ഭാര്യയെയും ഉപേക്ഷിച്ചുപോന്ന ഒരു സാധാരണ കുരിശു യുദ്ധ പോരാളിയാണയാള്‍. സുഹൃത്ത് ജോണിനോടൊത്തുള്ള മടക്കയാത്രയില്‍ , ഒരു കടല്‍ത്തീരത്ത്, പ്രതാപങ്ങളറ്റ് തകര്‍ന്നു തുടങ്ങിയ ഒരു കോട്ടയുടെ ചാരത്തുവെച്ച് മരണം അയാളെ നേരിടുന്നു. ക്രൂദ്ധമോ രൌദ്രമോ ആയല്ലാതെ, കറുത്ത വേഷത്തില്‍ ശാന്തഭാവിയായാണ് മരണമെത്തുന്നത്.

സെവന്‍ത് സീലിലെ രംഗം
സന്ദേഹങ്ങളുടെ ചതുരംഗം
‘എന്റെ മരണ സമയമായിട്ടില്ലെന്ന’ നായകന്റെ പരിഭവം മരണം പരിഹസിച്ചു തള്ളുന്നു. തന്റെ ജീവിത നിയോഗങ്ങള്‍ അനന്തമാണെന്ന ഈ വ്യാമോഹം ഭൂമുഖത്തെ എല്ലാ മനുഷ്യരുടേതുമാണ്. മരിക്കാന്‍ ഇനിയും സമയമുണ്ടെന്ന നമ്മുടെ ഓരോരുത്തരുടെയും അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസമാണത്. നിരത്തിവെച്ച ചതുരംഗപ്പലകയിലേക്ക് നായകന്‍ മരണത്തെ ക്ഷണിക്കുന്നു. തോല്‍ക്കാത്ത കാലത്തോളം ജീവിക്കാാന്‍ അനുവദിക്കണമെന്ന ഉപാധിയില്‍ അയാള്‍ കളി തുടങ്ങുന്നു. മരണത്തിന്റെ അഭൌമമായ അജയ്യതക്കു മുന്നില്‍ തന്റെ ചതുരംഗ പ്രാവീണ്യത്തിന്റെ അല്‍പ്പത്തം അയാള്‍ തിരിച്ചറിയുന്നുണ്ട്.
ഈ മല്‍പ്പിടിത്തത്തിലൂടെയുള്ള ജീവിത യാത്രയില്‍ -മരണയാത്രയെയാണ് നമ്മള്‍ ജീവിതയാത്രയെന്നു പറയുന്നത്-അന്റോണിയോ പല ഇടങ്ങളിലെത്തുന്നു. പല മനുഷ്യരെ കണ്ടുമുട്ടുന്നു. അയാളുടെ സന്ദേഹങ്ങള്‍ പലയിടങ്ങളില്‍ ഉത്തരമില്ലാതെ വിഷമിക്കുന്നു. ദൈവത്തെയും പിശാചിനെയും സ്നേഹത്തെയും നന്‍മ തിന്‍മകളെയും കുറിച്ചുള്ള കാലാതീതമായ ചോദ്യങ്ങളുടെ അപരിഹൃതത്വവും അനിശ്ചിതത്വവും കൂടിയാണ് ജീവിതം നീട്ടിക്കിട്ടാനുള്ള വ്യര്‍ത്ഥ സാഹസങ്ങളിലേക്ക് അയാളെ നയിക്കുന്നതെന്ന് നമ്മള്‍ അറിയുന്നു.
സത്യത്തില്‍ ഈ സന്ദേഹങ്ങള്‍ മനുഷ്യ സമുദായത്തിലെ ഓരോ അംഗത്തിന്റേതുമല്ലേ? മരണം അടുത്തെത്തുമ്പോള്‍ മാത്രം ആത്മാര്‍ത്ഥമാകുന്ന അന്വേഷണങ്ങള്‍, പ്രയത്നങ്ങള്‍ ആരിലാണ് ഉറങ്ങിക്കിടക്കാത്തത്? നിഷ്കളങ്കമായ സത്യസന്ധത കൊണ്ടുമാത്രം എത്തിച്ചേരാവുന്ന ഉത്തരങ്ങള്‍ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?

സെവന്‍ത് സീലിലെ രംഗം
ദൈവവും പിശാചും തമ്മില്‍
ദാര്‍ശനിക വ്യാപ്തി നിറഞ്ഞ അനേകം സംഭാഷണങ്ങളുണ്ടീ സിനിമയില്‍. കഥയുടെയും കഥാപാത്രങ്ങളുടെയും അസാധാരണത്വം അവയെ സ്വാഭാവികവും സംഗതവുമാക്കുന്നു. വഴിമധ്യോ ഒരു ചര്‍ച്ചിനകത്ത് കുമ്പസാരം നടത്തുന്നുണ്ട് നായകന്‍. അവനവന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാനാവാത്ത വിധം ക്രൂരമായ അപ്രാപ്യത ദൈവത്തിനുണ്ടാവേണ്ടതുണ്ടോ എന്നയാള്‍ ചോദിക്കുന്നു. അര്‍ദ്ധ വാഗ്ദാനങ്ങളുടെയും അദൃശ്യ ദിവ്യാത്ഭുതങ്ങളുടെയും മൂടല്‍ മഞ്ഞിനകത്ത് ദൈവമെന്തിന് മറഞ്ഞിരിക്കണം?
നമുക്ക് നമ്മില്‍ത്തന്നെ വിശ്വാസമില്ലാത്തപ്പോള്‍ പിന്നെ വിശ്വാസികളെ എങ്ങനെ വിശ്വസിക്കാനാണ്? വിശ്വസിക്കണമെന്നാഗ്രഹിച്ചിട്ടും വിശ്വസിക്കാനാവാത്തവരുടെ വിധി എന്താകും? അയാള്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു. മുഴുവനും ഉള്‍ക്കൊള്ളാനാവാതെ, എന്നിട്ടും എത്ര ശ്രമിച്ചിട്ടും കുടഞ്ഞെറിയാനാവാതെ അംശാംശമായി ദൈവം തന്റെയുള്ളില്‍ത്തന്നെ പാര്‍ക്കുന്നതില്‍ നാഗരിക ജ്ഞാനങ്ങളാല്‍ മൌഢ്യസ്നാനം ചെയ്യപ്പെട്ട അയാള്‍ അസ്വസ്ഥനാണ്. വിശ്വാസത്തേക്കാളും ഊഹത്തേക്കാളൂം തനിക്കുവേണ്ടത് ജ്ഞാനമാണ് എന്നയാള്‍ പറയുന്നു.
ഏറ്റവും രസകരമായ കാര്യം, കുമ്പസാരക്കൂടിനകത്ത് അയാളെ കേള്‍ക്കുന്നത് മരണമാണ് എന്നതാണ്. മരണവുമായുള്ള ചതുരംഗത്തില്‍ തന്റെ രഹസ്യതന്ത്രം കൂടി വെളിപ്പെടുത്തിയതിനു ശേഷമാണ് കുമ്പസാരക്കൂടിനകത്ത് പാതിരിയുടെ മരണമാണ് എന്നയാള്‍ തിരിച്ചറിയുന്നത്.
പിശാചുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് മതഭരണകൂടം തീയിട്ടു കൊല്ലുന്ന ചെറുപ്പക്കാരിയാണ് നായകന്‍ കണ്ടുമുട്ടുന്ന മറ്റൊരാള്‍. ഭടന്മാരുടെ കണ്ണുവെട്ടിച്ച് അന്റോണിയോ അവളോട് പറയുന്നത്, തനിക്കും പിശാചിനെ കാണണമെന്നാണ്. അതെന്തിനാണെന്ന അവളുടെ ചോദ്യത്തിന് ദൈവത്തെപ്പറ്റി ചോദിക്കാന്‍ ഏറ്റവും നല്ലത് പിശാചാണെന്നയാള്‍ പറയുന്നു. എപ്പോള്‍ വേണമെങ്കിലും പിശാചിനെ കാണാമല്ലോ എന്നവള്‍ പറയുന്നു. പീഡിതയും നിന്ദിതയും ആയിക്കിടക്കുന്ന യുവതിക്ക് മരണവേളയില്‍ സ്നേഹത്തിന്റെ സമാശ്വാസം നല്‍കാനുള്ള അയാളുടെ കാരുണ്യപൂര്‍ണമായ പ്രവൃത്തികള്‍ നായകന്റെ ആത്മീയ വിതാനം വല്ലാതെ ഉയര്‍ത്തുന്നുണ്ട്.

ഇങ്മര്‍ ബെര്‍ഗ് മാന്‍
വാള്‍മുനയുടെ നിരര്‍ത്ഥകത
കുരിശുയുദ്ധത്തോട് നായകന്റെയും സുഹൃത്ത് ജോണിണ്‍െറയും മടുപ്പാണ് ചിത്രത്തിന്റെ മറ്റൊരു പരാമര്‍ശ ഘടകം. പത്തുവര്‍ഷത്തെ യുദ്ധത്തിനുശേഷമുള്ള ഏകാന്തവും വിരസവും വിഷാദഭരിതവുമായ മടങ്ങിവരവില്‍ മതത്തിന്റെയോ രാഷ്ട്രത്തിന്റെയോ വംശത്തിന്റെയോ പേരില്‍ നമ്മള്‍ നടത്തിയ എല്ലാ യുദ്ധങ്ങളുടെയും നിരര്‍ത്ഥകത നിഴലിക്കുന്നു.ഒരാദര്‍ശവാദിക്കു മാത്രം ചിന്തിക്കാവുന്നത്ര വിഡ്ഢിത്തം നിറഞ്ഞത് എന്ന് ജോണ്‍ കുരിശു യുദ്ധത്തെ പരിഹസിക്കുന്നുണ്ട്.
യാത്രാമധ്യേ, പ്ലേഗ് ഏതാണ്ട് മനുഷ്യവാസം പൂര്‍ണമായി തുടച്ചുനീക്കിയ ഒരു ഗ്രാമത്തില്‍ കുടിവെള്ളമെടുക്കാന്‍ ഒരു വീടിനകത്തു കയറുന്ന ജോണ്‍ യാദൃശ്ചികമായി, മരിച്ച സ്ത്രീകളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ജീവനുള്ള ഒരുവളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കള്ളനെ കാണുന്നു. പത്തുവര്‍ഷം മുമ്പ് ഒരു സെമിനാരിയില്‍വെച്ച് തന്റെ മേധാവിയെ കുരിശുയുദ്ധത്തിലണിനിരക്കാന്‍ പ്രേരിപ്പിച്ച മനുഷ്യനാണിവിടെ കള്ളനും തെമ്മാടിയുമായി വന്നുനില്‍ക്കുന്നത്. ആ രൂപാന്തരം ജോണിനു നല്‍കുന്ന തിരിച്ചറിവുകള്‍ കഠിനമാണ്. ‘എന്റെ പാഴായിപ്പോയ 10 വര്‍ഷങ്ങളുടെ അര്‍ത്ഥം ഞാനിപ്പോള്‍ പൊടുന്നനെ തിരിച്ചറിയുന്നു’ എന്നയാള്‍ കയര്‍ക്കുന്നു.

സെവന്‍ത് സീലിലെ രംഗം
ഏറ്റവും ഇരുണ്ട പ്ലേഗ്-പ്രണയം
സ്നേഹത്തെ സംബന്ധിച്ച ആലോചനകളാണ് മറ്റൊരു ഇതിവൃത്തം. ഒരു നടന്റെ കൂടെ ഒളിച്ചോടിപ്പോയ ഭാര്യയെച്ചൊല്ലി പരിഭവിക്കുന്ന കര്‍ഷകനെ ജോണ്‍ ആശ്വസിപ്പിക്കുന്നത്, പ്രണയമാണ് ഏറ്റവും ഇരുണ്ട പ്ലേഗ് എന്നു പറഞ്ഞാണ്. പ്രണയത്തിലെ ഏക ആഹ്ലാദം അതിനുവേണ്ടി മരിക്കുന്നതിലാണ് എന്നും പക്ഷേ വളരെ വേഗം പ്രണയം നീങ്ങിപ്പോകുന്നുവെന്നും ജോണ്‍ പറയുന്നു.
തന്റെ സ്നേഹം അനശ്വരമാണ്, അത് നശിക്കയില്ല എന്ന കര്‍ഷകന്റ അവകാശവാദത്തെ ജോണ്‍ ഖണ്ഡിക്കുന്നുണ്ട്. അഭിശപ്തമായ ഏതാനും വിഡ്ഢികള്‍ മാത്രമേ സ്നേഹത്തിനു വേണ്ടി മരിക്കുകയുള്ളൂ എന്നയാള്‍ വിശദീകരിക്കുന്നു. അനേകം മരണങ്ങള്‍ക്ക് നിമിത്തവും സാക്ഷിയുമായ ഒരാളുടെ മനുഷ്യരിലുള്ള അവിശ്വാസം. ഇതേ അവിശ്വാസത്തിന്റെ മറുപാതിയാണ് അന്റോണിയോയുടെ ദൈവത്തിലുള്ള അവിശ്വാസം എന്ന് നിരീക്ഷിക്കാവുന്നതാണ്.
മരണത്തോട് തോല്‍വി പിണയാറാകുമ്പോള്‍ ചതുരംഗപ്പലക അബദ്ധത്തിലെന്നോണം തട്ടിമറിച്ചിടാനുള്ള അന്റോണിയോയുടെ ശ്രമവും ഒരു കൊലപാതകത്തില്‍നിന്ന് രക്ഷപ്പെടാനായി ആത്മഹത്യ ചെയ്തതായി അഭിനയിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നടന്റെ കുസൃതിയും നമ്മെ ആഴത്തില്‍ ചിരിപ്പിക്കുകയും അവയ്ക്കു തുടര്‍ച്ചയായി വരുന്ന ക്രൂര പരിണതികളെ ഓര്‍ത്ത് വിഷമിപ്പിക്കുകയും ചെയ്യും.

ഇങ്മര്‍ ബെര്‍ഗ് മാന്‍
നിഗൂഢ വിതാനങ്ങളില്‍ മരണം
തീര്‍ച്ചയായും, ബെര്‍ഗ്മാന്‍ സ്വയം സമ്മതിച്ചിട്ടുള്ളതു പോലെ, ആഹ്ലാദദായകമല്ല അദ്ദേഹത്തിന്റെ സിനിമകള്‍. അവ നമ്മെ വിഷമിപ്പിക്കുന്നു. രാപ്പകലില്ലാതെ മരണഭീതി വേട്ടയാടിയ കാലത്ത് അതില്‍നിന്ന് രക്ഷപ്പെടാനാണ് താന്‍ ‘സെവന്‍ത് സീല്‍’ എഴുതുകയും സിനിമ എടുക്കുകയും ചെയ്തതെന്ന് പില്‍ക്കാലത്ത് ബെര്‍ഗ്മാന്‍ പറഞ്ഞിട്ടുണ്ട്. മരണവും ആത്മാവിന്റെ അലച്ചിലുകളും ഒരിക്കലും അദ്ദേഹത്തെ ഉപേക്ഷിച്ചില്ല.
അസ്തിത്വവാദപരമായ ദാര്‍ശനിക പ്രശ്നങ്ങള്‍ക്ക് സഹജമായ കടുത്ത അശുഭാപ്തിബോധത്തില്‍നിന്ന് നേരിയ വിടുതലുകള്‍ അദ്ദേഹത്തിന്റെ അവസാന രചനകളില്‍ കണ്ടതിന്റെ അത്ഭുതം ചില നിരൂപകര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ‘ഫാനി ആന്റ് അലക്സാണ്ടര്‍’ പോലുള്ള തികച്ചും വൈയക്തികമായ ആത്മാന്വേഷണ രചനകളെപ്പറ്റി.
നിഗൂഢമായ വിതാനങ്ങളില്‍, വിധിയെ, നിയോഗങ്ങളെ മാറ്റിവരക്കാനുള്ള മനുഷ്യന്റെ പ്രതീക്ഷയറ്റ പ്രയത്നങ്ങള്‍ കൂടിയാകാം ബെര്‍ഗ്മാന്‍ മരണവുമായുള്ള ചതുരംഗ കളിയിലൂടെ സൂചിപ്പിച്ചിരിക്കുക. അത് ജീവിതത്തിന്റെ ഏറ്റവും സര്‍റിയലിസ്റ്റിക്കായ, ഏറെ വിഷാദിപ്പിക്കുന്ന ഒരു അതിരൂപകമോ ബിംബസമുച്ചയമോ ആയി ലോക സിനിമയെ പിന്തുടരുന്നു. ഓരോ പ്രേക്ഷകനോടും അനന്തകാലം സംവദിച്ചു കൊണ്ടേയിരിക്കുന്നു.
തിരമരങ്ങളില്‍ മുമ്പു വീശിയത്
മൂവീ ക്യാമറയുമായി ഒരു സൂഫി
മാജിദ് മജീദിയുടെ സ്വര്‍ണ മീനുകള്‍
മനുഷ്യവ്യഥകളുടെ യേശു
ലോക സിനിമയിലെ ആത്മീയ വഴികളെക്കുറിച്ച എം നൌഷാദിന്റെ പംക്തിയില്‍ ഇത്തവണ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്
വേദനയിലൂടെയല്ലാതെ വിശുദ്ധിയിലേക്ക് വേറൊരു വഴിയില്ല. ഇത്ര കഠിനമായ നിയോഗം തന്നെയേല്‍പ്പിച്ചതെന്തിനെന്ന് ദൈവത്തോട് പരിഭവിക്കുന്നുണ്ട് ചിത്രത്തിലെ യേശു. പ്രവാചകത്വത്തെയും പുത്ര പദവിയെയും അദ്ദേഹം ഭീതിപൂര്‍വം നിരാകരിക്കുന്നു. ചെകുത്താന്‍ അകത്തുപാര്‍ക്കുന്ന ഏതൊരാള്‍ക്കും ദിവ്യതയുടെ ബാഹ്യചേലകള്‍ ചുറ്റി കുറേക്കാലം കുറേപ്പരെ കബളിപ്പിക്കാനാവുമെന്ന ഉള്‍ഭയം അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നുണ്ട്. പക്ഷേ, അതിനൊക്കെ അപ്പുറത്തായിരുന്നു യേശു. ദൈന്യത എപ്പോഴും ഒരു ദൌര്‍ബല്യമാവണമെന്നില്ല.പുറമേക്ക് പെരുപ്പിച്ച് കാട്ടുന്ന കരുത്ത് കപടമാകാനാണ് കൂടുതല്‍ സാധ്യത.
അതുകൊണ്ടാവണം ഈ സിനിമയിലെ, സാമാന്യര്‍ത്ഥത്തില്‍ ദുര്‍ബലനെന്നു തോന്നിപ്പിക്കുന്ന യേശു, ഇതര സുവിശേഷ സിനിമകളിലെ യേശു പ്രതിനിധാനങ്ങളേക്കാള്‍ നമ്മില്‍ അടുപ്പവും ആദരവും നിറയ്ക്കുന്നത്-എം.നൌഷാദ് എഴുതുന്നു

ഏറെ തെറ്റിദ്ധരിക്കപ്പെട്ട യേശുവാണ് നികോസ് കസാന്ദ് സാക്കീസിന്റെയും മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെയും യേശു. 1955ല്‍ നോവല്‍ പുറത്തുവന്നപ്പോഴും 1988ല്‍ അത് ചലച്ചിത്രമായപ്പോഴും ക്രൈസ്തവ ലോകത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് അത് വഴിവെച്ചു. സാധാരണ മനുഷ്യ ദൌര്‍ബല്യങ്ങളിലൂടെ കടന്നുപോയപ്പോഴും ദൈവഹിതം ജയിക്കാനായി തന്നെത്തന്നെ പരമമായ ബലിക്ക് പ്രാപ്തനാക്കിയ യേശുവിന്റെ ധര്‍മസങ്കടങ്ങളാണ് തന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നതെന്ന് നോവലില്‍ കസാന്ദ്സാക്കീസ് പറയുന്നുണ്ട്. അഥവാ സ്വന്തം ദൌബല്യങ്ങള്‍ക്ക് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന മഹാനായ മിശിഹ തന്നെയാണ് ആത്യന്തികമായി കഥ പറഞ്ഞു തീരുമ്പോള്‍ യേശു.
അദ്ദേഹത്തിന്റെ ഏറെക്കൂറെ നിഗൂഢമായ വ്യക്തിതത്തിനു പുറകിലെ ആത്മാവും മാംസവും തമ്മിലുള്ള സംഘര്‍ഷം തന്റെ യൌവനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന കസാന്ദ്സാക്കീസിന്റെ വരികള്‍ കാണിച്ചുകൊണ്ടാണ് മാര്‍ട്ടിന്‍ സ്കോര്‍സെസെ ‘ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ ആരംഭിക്കുന്നത്. ഒപ്പം സുവിശേഷങ്ങളിലെ വിവരണങ്ങളെ അവലംബിച്ചല്ല, മറിച്ച്, അനശ്വരമായ ആത്മീയ സംഘര്‍ഷങ്ങളെ പിന്തുടര്‍ന്നാണ് ഇതിലെ യേശുവിന്റെ കഥ രംഗത്തെത്തുന്നത് എന്നുകൂടി വിശദീകരിക്കുന്നു.

നികോസ് കസാന്ദ്സാകിസ്
ക്രൈസ്തവ വിശ്വാസമനുസരിച്ച് ഒരു പാതി പൂര്‍ണമായും മാനുഷികവശവും മറുപാതി പൂര്‍ണമായും ദൈവിക വശവുമുള്ള വ്യക്തിത്വമാണ് യേശുവിന്റേത്. ഇതിലെ മനുഷ്യാംശത്തിനാണ് സിനിമയും നോവലും ഊന്നല്‍ കൊടുക്കുന്നത്. ലോകത്തിന്റെ ഏറ്റവും സുപ്രധാന ചരിത്രപുരുഷന്‍മാരിലൊരാളായ യേശു ജനനത്തിന്റെ പേരിലും മരണത്തിന്റെ പേരിലും ജീവിത കര്‍ത്തവ്യങ്ങളുടെ പേരിലും നിരന്തരം തര്‍ക്കിക്കപ്പെട്ടിട്ടുള്ളവനാണ്. ദൈവമായും ദൈവപുത്രനായും പ്രവാചകനായുമൊക്കെ പല വിശ്വാസങ്ങള്‍ അദ്ദേഹത്തെ കണ്ടുപോരുന്നു. സുവിശേഷങ്ങളിലൂടെയും വെളിപാടുകളിലൂടെയും മിത്തുകളിലൂടെയും വളര്‍ന്നുപടര്‍ന്ന് ഐതിഹാസികതയുടെ അനേകം മാനങ്ങള്‍ ആര്‍ജിച്ച യേശുവിനെ നിങ്ങള്‍ക്ക് കാണാതിരിക്കാനാവില്ല .മത,ദേശ,ഭാഷാതിരുകളെ ആ അര്‍ത്ഥത്തില്‍
മറ്റേതെങ്കിലും മതവ്യക്തിത്വം ഭേദിച്ചു വളര്‍ന്നിട്ടില്ല. ഇങ്ങനെ വലുതായ യേശുവിന്റെ ചരിത്രത്തെ ഭാവന കൊണ്ടു മോചിപ്പിക്കാനുള്ള ഒരു ശ്രമം എന്നു വേണമെങ്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം.

മാര്‍ടിന്‍ സ്കോര്‍സെസെ
പൊതുവേ തെറ്റിദ്ധരിക്കപ്പെടുന്നതു പോലെ യേശുവിനെയോ ക്രൈസ്തവതയെയോ നേരിട്ടു നിന്ദിക്കാനും അവമതിക്കാനുമുള്ള ശ്രമം ചിത്രത്തിലില്ല. യേശുവിന്റെ ആന്തരിക ചരിത്രം, മാനസികവ്യാപാരങ്ങള്‍ എന്നിവയാണ് ചിത്രത്തില്‍. ഇതുവരെ കണ്ടുപോന്നിരുന്ന യേശുവിനെ പറ്റി പുതിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു തരികയും ആത്മീയ അവബോധങ്ങളെ പുതുക്കി പണിയുകയും ചെയ്യുകയാണ് ഈ ചലച്ചിത്രം.
ചിത്രത്തില്‍, നമ്മള്‍ സാധാരണ മനുഷ്യര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാകുംവിധം , സംശയങ്ങളുടെയും ധര്‍മസങ്കടങ്ങളുടെയും പ്രലോഭനങ്ങളുടെയും നിഴലില്‍ നിലവിട്ട് വീണുപോകുന്നുണ്ട് നമ്മുടെ കഥാപുരുഷന്‍. അദ്ദേഹത്തെ അശരീരികളും കാലൊച്ചകളും സ്വപ്നങ്ങളും പിന്തുടരുന്നു. അതിമാനുഷികത കൊണ്ടും ദൈവികാംശം കൊണ്ടും അനുഗ്രഹിക്കപ്പെടുന്നവന്റെ ഏകാന്തമായ അഭിശപ്തതയില്‍ അദ്ദേഹം നിരന്തര പീഡകളിലൂടെ കടന്നുപോകുന്നു.
വേദനയിലൂടെയല്ലാതെ വിശുദ്ധിയിലേക്ക് വേറൊരു വഴിയില്ല. ഇത്ര കഠിനമായ നിയോഗം തന്നെയേല്‍പ്പിച്ചതെന്തിനെന്ന് ദൈവത്തോട് പരിഭവിക്കുന്നുണ്ട് ചിത്രത്തിലെ യേശു. പ്രവാചകത്വത്തെയും പുത്ര പദവിയെയും അദ്ദേഹം ഭീതി നീതിപൂര്‍വം നിരാകരിക്കുന്നു. ചെകുത്താന്‍ അകത്തുപാര്‍ക്കുന്ന ഏതൊരാള്‍ക്കും ദിവ്യതയുടെ ബാഹ്യചേലകള്‍ ചുറ്റി കുറേക്കാലം കുറേപ്പരെ കബളിപ്പിക്കാനാവുമെന്ന ഉള്‍ഭയം അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നുണ്ട്. പക്ഷേ, അതിനൊക്കെ അപ്പുറത്തായിരുന്നു യേശു. ദൈന്യത എപ്പോഴും ഒരു ദൌര്‍ബല്യമാവണമെന്നില്ല.പുറമേക്ക് പെരുപ്പിച്ച് കാട്ടുന്ന കരുത്ത് കപടമാകാനാണ് കൂടുതല്‍ സാധ്യത.
അതുകൊണ്ടാവണം ഈ സിനിമയിലെ, സാമാന്യര്‍ത്ഥത്തില്‍ ദുര്‍ബലനെന്നു തോന്നിപ്പിക്കുന്ന യേശു, ഇതര സുവിശേഷ സിനിമകളിലെ യേശു പ്രതിനിധാനങ്ങളേക്കാള്‍ നമ്മില്‍ അടുപ്പവും ആദരവും നിറയ്ക്കുന്നത്.
മറ്റവതരണങ്ങളിലെല്ലാം യേശു മനുഷ്യാവസ്ഥ വിട്ട ഒരാളാണ്. നമുക്ക് പ്രാപ്യനല്ലാത്ത ഒരാള്‍. നമ്മുടെ കൂടെ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുള്ള ഒരാള്‍.
മനുഷ്യരെ നോക്കുമ്പോഴെല്ലാം തനിക്കവരെപ്പറ്റി ഖേദം തോന്നുന്നുവെന്ന് കസാന്ദ്സാക്കീസിന്റെ യേശു പറയുന്നു. അതൊരു ന്യൂനതയായാണ് അദ്ദേഹം സ്വയം കരുതുന്നത്. ഇതൊരു യോഗ്യതയാണെന്ന് ഉടന്‍ തിരുത്തുന്നുണ്ട്. മനുഷ്യ സമുദായത്തെ ഓര്‍ത്തുള്ള ദു:ഖമാണല്ലോ ചരിത്രത്തിലെ എല്ലാ വിമോചകരുടെയും മൂലധനം.

തെരുവിലേക്കും ചന്തയിലേക്കും ചെന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന നിലയില്‍, മിശിഹ എന്ന നിലയില്‍, താന്‍ ജനങ്ങളോടെന്താണ് പറയേണ്ടത് എന്ന ചോദ്യത്തിന് ‘താങ്കള്‍ വായ തുറന്നേക്കുക. ദൈവം സംസാരിച്ചു കൊള്ളും’ എന്ന മറുപടിയാണ് കിട്ടുന്നത്. ദൈവനിയോഗ ലബ്ധിയുടെ മുമ്പും പിമ്പും യേശു പരീക്ഷിക്കപ്പെടുന്നു. ചെകുത്താനും ഭരണകൂടവും പൊതുസമൂഹവും അദ്ദേഹത്തിന്റെ പക്ഷത്തല്ല.
സ്നേഹം മാത്രമാണ് അദ്ദേഹത്തിന്റെ ആയുധം. എന്നിട്ടും യേശു കൊള്ളപ്പലിശക്കാരെ ചാട്ടവാര്‍ കൊണ്ട് അടിച്ചോടിച്ചു. കപട സദാചാരത്തിന്റെ കഴുത്തിനു പിടിച്ചു. റോമാസാമാജ്യത്തിന്റെ കരുത്തിനെ തൃണവല്‍ഗണിച്ചു.
കണ്ണുകൊണ്ടു കാണാത്ത ഒരു ലോകത്തിന്റെ സൌന്ദര്യത്താല്‍ ആകൃഷ്ഠനായിരുന്നു അദ്ദേഹം. അവസാനത്തെ പ്രാര്‍ത്ഥനയില്‍ മരണത്തിലൂടെയുള്ള തന്റെ കുരുതിയല്ലാതൊരു വഴിയില്ലേ എന്ന പിതാവിനോടുള്ള അര്‍ത്ഥനയില്‍ , ഏതുലോകമാണ് കൂടുതല്‍ സുന്ദരമെന്ന് തിരിച്ചറിയാനാവാതെ പോവുന്നതിലെ കുറ്റബോധം പങ്കുവെക്കപ്പെടുന്നുണ്ട്.
ഇത്തരം നിയോഗങ്ങളുടെ അടിസ്ഥാന സാരംശം ലോകത്തെ മാറ്റിപ്പണിയലാണ് എന്ന് സിനിമയിലുള്ള സൂചനകളെ വികസിപ്പിക്കാവുന്നതാണ്. അതേ സമയം നമ്മള്‍ കേട്ടുപരിചയിച്ച നിലവാരത്തിലെയൊരു വിപ്ലവകാരി പരിവേഷം സംവിധായന്‍ ക്രിസ്തുവിന് കൊടുക്കുന്നുമില്ല.

യേശുവിനെ റോമന്‍ ഭരണാധികാരി വിചാരണ ചെയ്യുന്ന പ്രസിദ്ധമായ രംഗം സിനിമ ചിത്രീകരിക്കുന്നത് ശ്രദ്ധേയമാണ്.വലിയ വിജനമായ ഒരിടനാഴിയില്‍ അവരിരുവര്‍ മാത്രമുള്ള ഒരു സംഭാഷണമാണത്. ഏത് സ്വേച്ഛാധിപതിയെയും പോലെ അയാളും ധിക്കാരവും വിഡ്ഢിത്തവും കൊണ്ട് നിര്‍മിക്കപ്പെട്ടവനാണ്. കൈവശമുള്ള മാന്ത്രികവിദ്യകളുടെ കെട്ടഴിക്കാനാണ് അയാളാദ്യം യേശുവിനോട് ആവശ്യപ്പെടുന്നത് ഒടുവില്‍, ഗോഗൊല്‍ത്തായിലെ തലയോട്ടികളുടെ കണക്കെടുക്കുന്നത് നന്നായിരിക്കുമെന്ന ഭീഷണിയാണ്. കൊലയിലൂടെയല്ല സ്നേഹത്തിലൂടെയാണ് താനീ ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നതെന്ന് യേശു നിസ്സങ്കോചം അയാളോട് പറയുന്നു. കൊലയാണോ സ്നേഹമാണോ മാര്‍ഗം എന്നതല്ല പ്രശ്നം, ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് കുറ്റം എന്നയാള്‍ വിധിക്കുന്നു.
സുവിശേഷത്തിന്റെ സാമ്പ്രദായികാധ്യാപനങ്ങളില്‍നിന്ന് സിനിമ വല്ലാതെ വഴിമാറി നടക്കുന്നത് ജൂദാസിന്റെയും മഗ്ദലന മറിയത്തിന്റെയും കാര്യത്തിലാണ്. യേശുവിന്റെ സന്തത സഹചാരിയും പ്രധാന ശിഷ്യനുമായ യൂദാസ് ഇവിടെ മുപ്പത് വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റിക്കൊടുക്കുന്ന ദുഷ്ടനല്ല. തിരുവത്താഴ ശേഷമുള്ള ഇരുള്‍പ്പടര്‍പ്പിലേക്ക് റോമന്‍ പടയാളികളെ ആനയിക്കുന്നതും യേശുവിനെ തിരിച്ചറിയാന്‍ സഹായിക്കുന്നതും തീര്‍ച്ചയായും യൂദാസ് തന്നെയാണ്. ചിത്രത്തില്‍, അയാളങ്ങനെ ചെയ്യുന്നത് യേശുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. മനുഷ്യവംശത്തിനു വേണ്ടി കുരിശിലേറുക എന്നത് തന്റെ അനിവാര്യ നിയോഗമായി തിരിച്ചറിയുന്ന യേശുവിന് ആ ദൌത്യത്തില്‍ സഹായം തേടുന്നവനായി മറ്റാരും മുന്നിലില്ല.
സനേഹത്തിന്റെ ബാധ്യതയാല്‍ ആ പാപം അയാള്‍ ഏറ്റെടുക്കുകയാണ്. തുടക്കം മുതല്‍ തന്നെ വലിയ സാമൂഹികോന്‍മുഖത പ്രകടിപ്പിക്കുകയും ശരിതെറ്റുകളെക്കുറിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്ന കരുത്തുള്ള മനുഷ്യനായി യൂദാസ് രൂപാന്തരപ്പെടുന്നത് നമ്മുടെ മുന്‍വിധികളെ തീര്‍ച്ചയായും അസ്വസ്ഥപ്പെടുത്തും. പക്ഷേ, ഈ അപനിര്‍മാണം മനുഷ്യന്റെ ശരിതെറ്റുകളുടെ ബാഹ്യേതരമായ പ്രചോദനങ്ങളിലേക്ക് വെളിച്ചം വീശുന്നു.
യേശുവും മഗ്ദലന മറിയവും തമ്മിലുള്ള ബന്ധത്തിലെ നാടകീയതയാല്‍ ആകര്‍ഷിക്കപ്പെടാത്തവരായി യേശുവിനെ അറിയുന്ന ആരുമുണ്ടാവില്ല. പട്ടണമധ്യത്തില്‍വെച്ച് കല്ലെറിയപ്പെട്ടു കൊണ്ടിരുന്ന ആ വേശ്യാസ്ത്രീയെ നീതിബോധത്തിന്റെ സാഹസികത കൊണ്ട് യേശു രക്ഷപ്പെടുത്തുന്ന രംഗം പ്രസിദ്ധമാണല്ലോ.

ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റിലെ രംഗം
പല കലാകാരന്‍മാര്‍ പല തരത്തില്‍ അവതരിപ്പിച്ച ആ രംഗം സ്കോര്‍സെസെ ഹൃദ്യമായ വൈകാരികതയോടെ ആവിഷ്കരിക്കുന്നു. ‘ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുക’ എന്ന വാചകം മന:പൂര്‍വം ഉപയോഗിച്ചിട്ടില്ലെങ്കിലും ആ അര്‍ത്ഥത്തില്‍ തന്നെയാണിവിടെ യേശു സംസാരിക്കുന്നതും പെരുമാറുന്നതും. ചിത്രത്തില്‍, മഗ്ദലന മറിയവും യേശുവും തമ്മിലുള്ളത് മുഴുവനും തുറന്നുപറയാത്ത അഗാധമായ ഒരാത്മബന്ധമാണ്. മഗ്ദലനക്ക് യേശുവിനോടുള്ളത് പ്രണയമാണെന്ന് അവരുടെ ആദ്യ കൂടിക്കാഴ്ചയിലെ സംഭാഷണങ്ങള്‍ തോന്നിപ്പിക്കുന്നു. ആ ബന്ധത്തെ കള്ളികളിലേക്ക് തിരിച്ച് നിര്‍വചിക്കുന്നതിലല്ല സംവിധായകന്റെ ശ്രദ്ധ.
ഒടുവില്‍, ഗോഗൊല്‍ത്തായിലെ കുന്നിനു മീതെ കുരിശില്‍ കിടന്നുകൊണ്ട് യേശു കാണുന്ന ഭാവനയില്‍ -ഈ ദീര്‍ഘസ്വപ്നമാണ് യേശുവിന്റെ അന്ത്യപ്രലോഭനമായി ശീര്‍ഷകം സൂചിപ്പിക്കുന്നത്-മഗ്ദലന മറിയയോടൊത്തുള്ള കുടുംബജീവിതം വരുന്നുണ്ട്. ലോകത്തിലുള്ള എല്ലാ സ്ത്രീകളും പല മുഖങ്ങളുള്ള ഒരൊറ്റ സ്ത്രീയാണ് എന്ന് എന്ന് അയാള്‍ പ്രലോഭിതനാവും മുമ്പേ ഉപദേശിക്കപ്പെടുന്നുഴ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ആ ഉപദശി അദ്ദേഹത്തെ പല വഴികളില്‍, ശരിയായും തെറ്റായും , നയിക്കുന്നു. രക്ഷക മാലാഖയുടെ വേഷത്തില്‍വന്ന് യേശുവിനെ കുരിശില്‍നിന്നിറക്കിക്കൊണ്ടുപോവുന്ന സാത്താനാണത് പറയുന്നത്. ഈ ഉപദേശി സാത്താനാണെന്ന് വളരെ വൈകിയാണ് യേശുവും നമ്മളും തിരിച്ചറിയുന്നത്.
ആ ദിവാ സ്വപ്നങ്ങളില്‍നിന്ന് തിരിച്ചറിവുകളിലേക്ക് ഉണര്‍ത്തപ്പെടുമ്പാള്‍ യേശു ഗോഗൊല്‍ത്തയിലെ കുരിശില്‍ ചോരവാര്‍ന്നു കിടക്കുന്ന ദൃശ്യത്തിലേക്ക് നമ്മള്‍ മടങ്ങിയെത്തുന്നു. ഈ ഭ്രമകല്‍പ്പനയാണ് പ്രധാനമായും സിനിമയെ വിവാദങ്ങളിലേക്കും തെറ്റിദ്ധാരണകളിലേക്കും വലിച്ചിഴച്ചത്. സ്വപ്നത്തിലൊരിടത്ത് മതപ്രചാരണം നടത്തുന്ന സെയ്ന്റ് പോളിനെ തെരുവില്‍ വെച്ച് യേശു കണ്ടുമുട്ടുന്ന രംഗത്തില്‍ പില്‍ക്കാല ക്രൈസ്തവതയോടുള്ള ആനുഷംഗികവും പരോക്ഷവുമായ ഒരു മല്ലിടല്‍ ഉണ്ടെന്ന് കാണാം. യേശുവിനെക്കുറിച്ചയാള്‍ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നും നുണകൊണ്ട് മോക്ഷം കൈവരിക്കാനാവില്ലെന്നും യേശു പ്രസ്താവിക്കുന്ന രംഗം ചിന്തോദ്ദീപകമാണ്. ഏത് വിശ്വാസവും ഇത്തരം ചരിത്രപരമായ വിശകലനങ്ങളെ അഭിസംബോധന ചെയ്യാന്‍ സന്നദ്ധത കാണിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. അപ്പോള്‍ മാത്രമാണതിന് സ്വയം പുതുക്കാനും തിരുത്താനും മുന്നോട്ടുപോവാനും കഴിയുക.
യോഹന്നാനാല്‍ ജ്ഞാനസ്നാനം ചെയ്യപ്പെടുന്നതിനുമുമ്പുള്ള എല്ലാ പ്രലോഭനങ്ങളെയും പ്രതിരോധിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന യേശു അനേകം അനിശ്ചിതത്വങ്ങളാലും സംശയങ്ങളാലും ഗ്രസിക്കപ്പെടുന്നുണ്ട്. എല്ലാ മാനുഷിക ദൌര്‍ബല്യങ്ങളുടെയും കെണികളില്‍നിന്ന് വിഷാദം കലര്‍ന്നൊരു ദാര്‍ശനികാഭിമുഖ്യം കൊണ്ട് തന്നെത്തന്നെ രക്ഷിച്ചെടുക്കുകയും അവസാനം കുരിശില്‍കിടന്ന് തന്നെ ക്രൂശിക്കുന്നവരുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന യേശു ഒരേ സമയം മനുഷ്യന്റെ നിതാന്തമായ ധര്‍മസങ്കടങ്ങളുടെ പ്രതീകമായിരിക്കുകയും ആത്യന്തികമായി ക്രൈസ്തവ വിശ്വാസത്തിലെ പാപനിവര്‍ത്തകനെന്ന നിയോഗത്തിലേക്ക് സിനിമ മടങ്ങിവരികയും ചെയ്യുന്നു.
Jul 29 2012 | Posted in
എം. നൌഷാദ്,
സിനിമ |
Read More »
പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ സിനിമകളിലെ ആത്മീയ ഭാവങ്ങളെക്കുറിച്ച കുറിപ്പിന്റെ രണ്ടാം ഭാഗം.
ഓരോ സിനിമയും അവസാനിക്കുമ്പോള്‍ മാജിദി പങ്കുവെക്കുന്ന ശുഭാപ്തി വിശ്വാസം അയാളുടെ കലാദര്‍ശനത്തിന്റെ കൂടി ഭാഗമാണ്. തോല്‍ക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പിരിഞ്ഞുപോകുമ്പോഴും ബാക്കി കിട്ടുന്ന ഒരു നന്‍മയെ, പ്രതീക്ഷയെ സ്വപ്നത്തെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സാധാരണ ജീവസന്ധാരണപരമായ സ്വാര്‍ത്ഥ ചിന്തകളോടെ കഴിയുന്ന മനുഷ്യര്‍ കടുത്ത ഇല്ലായ്മകളിലും പ്രകടിപ്പിക്കുന്ന പങ്കുവെയ്ക്കലുകള്‍ വഴി സ്നേഹം ജീവിതത്തിനുണ്ടാക്കിത്തീര്‍ക്കുന്ന സൌന്ദര്യത്തെ കാണിച്ച് അദ്ദേഹം കൊതിപ്പിക്കുന്നു. മനുഷ്യന്റെ ആന്തരിക പരിവര്‍ത്തനങ്ങളുടെ കഥയാണ് മാജിദിയുടെ ഏതാണ്ടെല്ലാ സിനിമകളും. ആ അര്‍ത്ഥത്തിലും അയാള്‍ മൂവി ക്യാമറയേന്തിയ സൂഫിയാണെന്ന് പറയാം-പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ സിനിമകളിലെ ആത്മീയ ഭാവങ്ങളെക്കുറിച്ച കുറിപ്പിന്റെ രണ്ടാം ഭാഗം. എം. നൌഷാദ് എഴുതുന്നു
ആദ്യ ഭാഗം: മൂവി ക്യാമറയുമായി ഒരു സൂഫി

സെപ്തംബര്‍ 11നുശേഷം അഭയാര്‍ത്ഥികളും ഭീകരവാദികളുമായി മാത്രം കാണപ്പെട്ട ഒരു ജനസഞ്ചയത്തിന്റെ ദുരിതമയവും അഗാധവുമായ നിശãബ്ദതയാണ് ‘ബാരാനി’ലെ റഹ്മത്തിന്റേത്. സൂഫി പാരമ്പര്യങ്ങളുടെ വീക്ഷണകോണില്‍ വ്യാഖ്യാനിച്ചാല്‍, അവള്‍ മറഞ്ഞു കിടക്കുന്ന നിധിയാണ്. വേഷപ്രച്ഛന്നയായ ഗുരുവാണ്. സ്നേഹത്തിന്റെ പൊരുളിലേക്കു നയിക്കുകയും അതുവഴി ഒരു മനുഷ്യനെ, ഒരു ആവാസ വ്യവസ്ഥയെ സമൂലം നവീകരിക്കുകയും ചെയ്യുന്ന ആത്മജ്ഞാനമാണ്.
അവളെ തിരിച്ചറിയുന്നതിനുമുമ്പ് കോപാകുലനായി അവന്‍ എറിഞ്ഞുടച്ച പാത്രങ്ങളാല്‍ വികലമായ ആ ചെറിയ അടുക്കളയെ എത്ര സ്വാസ്ഥ്യത്തോടെയും ശാന്തിയോടെയുമാണ് അവള്‍ പുതുക്കിപ്പണിയുന്നത്. ജീവിതത്തിന്, ഉണര്‍വിന്, സ്നേഹത്തിന് ഒരു പുതിയ സാധ്യത തുറന്നുകൊടുത്ത് അവള്‍ അപ്രത്യക്ഷയാവുന്നു. തുടര്‍ന്ന് അവളെ അന്വേഷിച്ചുള്ള ലത്തീഫിന്റെ യാത്രകള്‍ അവളെ അന്വേഷിച്ചുള്ളതു മാത്രമാണോ? അവളുടെയും പരിക്കേറ്റു കഴിയുന്ന പിതാവിന്റെയും ക്ഷേമത്തിനുവേണ്ടി അയാള്‍ വില്‍ക്കുന്ന ഐഡന്റിറ്റി കാര്‍ഡ് രാഷ്ട്രീയാര്‍ത്ഥത്തിലുള്ള ഒരു രേഖയയല്ലെന്നും പറയാം. ‘അഹ’ത്തെ, സ്വന്തം അസ്തിത്വത്തെ ഉപേക്ഷിക്കുന്ന, സ്നേഹത്തിനുവേണ്ടി പരമമായി സമര്‍പ്പിക്കുന്ന ദിവ്യാനുരാഗത്തിന്റെ ഓളങ്ങള്‍ ഇവിടെ അലതല്ലുന്നുണ്ട്. സ്വന്തം കഷ്ടപ്പാടുകളുടെ സമ്പാദ്യമത്രയും, ജോലിദാതാവിന്റെ വകയാണെന്ന് തെറ്റിദ്ധരിപ്പിച്ച്, തന്നോടുള്ള കടപ്പാടോ സ്നേഹത്തിന്റെ തിരിച്ചുകിട്ടലോ പ്രതീക്ഷിക്കാതെ എന്നേക്കുമായി പിരിഞ്ഞുപോവുന്ന ഒരുവളുടെ കുടുംബത്തിനു കൊടുക്കുന്ന പ്രവൃത്തിയെ ഏതു യുക്തി കൊണ്ടളന്നാലാണ് നമുക്ക് മനസ്സിലാവുക? സ്നേഹത്തില്‍നിന്ന്, ഉദാരതയില്‍നിന്ന് മാത്രം സിദ്ധിക്കുന്ന ആന്തരിക വിശുദ്ധിയെ, ആത്മീയ വളര്‍ച്ചയെ അനേകം ബിംബ കല്‍പ്പനകളിലൂടെ മാജിദ് മജീദി ധ്വനിപ്പിക്കുന്നത് വാക്കുകള്‍ക്ക് പറയാവുന്നതിലധികമാണ്.

ബാരാന്‍
വിവേകത്തിന്റെ ഉറവുകള്‍
മജീദിയുടെ കഥാപാത്രങ്ങള്‍ വാല്‍സല്യത്തിന്റെയും വിവേകത്തിന്റെയും ഉറവുകളാണ്. ‘ഫാദറി’ല്‍ തന്റെ പുതിയ ഭര്‍ത്താവിനോട് കേവല അഹംബോധത്താല്‍ തര്‍ക്കിക്കുന്ന മകനെ വിധവയായ ഉമ്മ നേരിടുന്നത് ഓര്‍ക്കുക.
‘വില്ലോ ട്രീ’യിലെ പ്രൊഫസറുടെ ഉമ്മയെ നോക്കുക. മകന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ, ബാഹ്യാര്‍ത്ഥത്തിനപ്പുറത്തേക്ക് തിരിച്ചറിയുന്ന ഉള്‍ക്കണ്ണ് അവരിലുമുണ്ട്. അന്ധതയെ ഒരു രൂപകം എന്ന അര്‍ത്ഥത്തില്‍ മാജിദി ഏറ്റവും സാര്‍ത്ഥകമായി ഉപയോഗിച്ചത് ‘വില്ലോ ട്രീയിലാണ്’ റൂമി കവിതകള്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍ പാരീസിലെ ശസ്ത്രക്രിയക്കുശേഷം കാഴ്ച കിട്ടി നാട്ടിലത്തുെന്ന ആ ഒരൊറ്റ രംഗം അയാളുടെ നിരാശയെ, ആശയക്കുഴപ്പങ്ങളെ, ധര്‍മ സങ്കടങ്ങളെ, വാചാലമായി പ്രതിഫലിപ്പിക്കുന്നു. ഇല്ലാതിരുന്ന കാഴ്ച ഒരു നാള്‍ കൈവരുന്നതിനേക്കാളും നിരാശപ്പെടുത്തുന്ന എന്തനുഭവമാണ് ലോകത്തുള്ളത്? അതുവരെയുണ്ടായിരുന്ന നിറങ്ങള്‍, കാഴ്ചകള്‍, സൌന്ദര്യങ്ങള്‍ വെളിച്ചത്തിന്റെ വരവോടെ എത്ര ചെറുതായിപ്പോവുന്നു .
വെറുതെയാവില്ലല്ലോ സൂഫികള്‍ അവരുടെ സ്നേഹ പാരമ്യങ്ങളില്‍ അന്ധതക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്. ദൈവത്തെ കാണാനാവാത്ത കണ്ണെന്തിനാണെന്ന്, പരമസൌന്ദര്യത്തെ നോക്കുന്നതില്‍നിന്ന് തടയുന്ന ശുഷ്കസൌന്ദര്യങ്ങളെന്തിനെന്ന് പശ്ചാത്താപത്തിന്റെ അനാഥത്വത്തില്‍ നമ്മുടെ പ്രൊഫസറും തിരിച്ചറിയുന്നുണ്ട്. അതിനുംമുമ്പ് എന്തെന്ത് സൌന്ദര്യങ്ങളാണ് അയാളെ നിരന്തരം പ്രലോഭിപ്പിക്കുന്നത്!
അയാള്‍ കാണുന്നതു മുഴുവന്‍ ലോകത്തിന്റെ കുടിലതകളും വഞ്ചനകളും പതിയെപ്പതിയെ മടുപ്പുതോന്നുന്ന കേവല ലാവണ്യങ്ങളും മാത്രം. റൂമിയെ പഠിപ്പിക്കുന്നവനായിട്ടു കൂടി അയാള്‍ അവയിലൊക്കെ അഭിരമിക്കുന്നു. കാലുതെറ്റിവീണ് മലിനനാകുന്നു. ദൈവവുമായി അനന്തകാലം തൊട്ടേ നടത്തിവന്നിരുന്ന അയാളുടെ ആത്മ സംഭാഷണങ്ങള്‍ അതോടെ അസ്തമിക്കുന്നു. ഭാര്യയും മകളും മാതാവും അകലാന്‍ മാത്രം അയാള്‍ കളങ്കിതനാവുന്നു. എയര്‍പോര്‍ട്ടില്‍ തന്നെ സ്വീകരിക്കുന്നതിനായി തറയിലേക്കു വന്നു വീഴുന്ന അനേകം പൂക്കള്‍ക്കിടയിലൂടെ കാഴ്ച കിട്ടിയ പ്രൊഫസര്‍ തിരിച്ചത്തുന്ന വേളയില്‍ അയാളുടെ സഹപ്രവര്‍ത്തകയും ശിഷ്യരും ഗ്ളാസിനിപ്പുറംകൂടി ആഹ്ളാദപൂര്‍വം എതിരേല്‍ക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ടവരായ ഇവരോരുത്തരും ആരൊക്കെയാണെന്ന് തിരിച്ചറിയാനാവാതെ, വിഡ്ഢിയെപ്പോലെ നിസ്സാരനായി നില്‍ക്കുന്ന പ്രൊഫസര്‍ കാഴ്ച കൊണ്ടു കണ്ണുതള്ളിപ്പോയ നമ്മെത്തന്നെ ഓര്‍മ്മപ്പെടുത്തുന്നില്ലേ.
അയാളുടെ കണ്ണുകള്‍ സുന്ദരികളായ സ്ത്രീകളുടെ ചിരികളില്‍ തങ്ങിനിന്നുപോവുന്നത് ശ്രദ്ധിച്ചുവോ. ഭാര്യയെ, ഉമ്മയെ, മകളെ, അയാള്‍ കണ്ടെത്തിയെടുക്കാന്‍ ശ്രമിക്കുന്നു. അവിടെ സങ്കടം നിറഞ്ഞ മുഖവുമായാണ് അയാളുടെ ഉമ്മ നില്‍ക്കുന്നത് എന്നത് ഏറെ അര്‍ത്ഥവത്താണ്. ആ ചിരിക്കൂട്ടത്തിനിടയില്‍ ഏതൊരാളും മറ്റെങ്ങിനെയാണ് സ്വന്തം ഗര്‍ഭപാത്രത്തെ തിരിച്ചറിയുക?
അവിവേകവും അതിമോഹവും കൊണ്ട് ഏറ്റവും പ്രിയപ്പെട്ടതൊക്കെയും ഏറ്റവും സ്ഥായിയായതൊക്കെയും പിരിഞ്ഞുപോയിക്കഴിഞ്ഞശേഷം അയാള്‍ക്ക് പാരീസിലെ ആശുപത്രിയില്‍വെച്ചുകിട്ടിയ സുഹൃത്തിന്റെ ഒരു കത്തു വരുന്നുണ്ട്. ‘ നിന്റെ കണ്ണുകള്‍ ഈ ലോകത്തിന്റെ കാഴ്ച കണ്ടു. സംതൃപ്തമായോ?’ എന്നാണതിലെ കാതലായ അന്വേഷണം. കാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞപ്പോഴാണ് അതുവരെ കണ്ടതിനപ്പുറത്തേക്ക് തനിക്ക് കാഴ്ച കിട്ടിയെതെന്ന് ആ സുഹൃത്ത് എഴുതുന്നു.
ഒടുവില്‍ പ്രൊഫസര്‍ക്കും കാഴ്ച നഷ്ടപ്പെടുകയും അയാള്‍ ദൈവവുമായുള്ള തന്റെ സംഭാഷണങ്ങള്‍ പുനരാരംഭിക്കുകയും ചെയ്യുന്നിടത്ത് സിനിമ തല്‍ക്കാലം തീരുന്നു. തന്റെ സിനിമകളില്‍ ദൃശ്യപരമായ ബിംബകവനങ്ങള്‍ക്ക് മസ്നവിയെയും ഇതര പേര്‍ഷ്യന്‍ മിസ്റിക് കാവ്യങ്ങളെയും പ്രചോദനമായി കാണുന്ന മജീദി ‘വില്ലോ ട്രീ’യില്‍ മസ്നവിയെ നേരിട്ടു പരാമര്‍ശിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

വില്ലോ ട്രീ
ജൈവ സ്വാതന്ത്യ്രം
മാനവികതയുടെ നിലനില്‍പ്പിനുവേണ്ട സാഹോദര്യബോധത്തെ, നിഷ്കളങ്ക സ്നേഹത്തെ, പ്രകൃതിയുമായുള്ള അധീശത്വപരമല്ലാത്ത പാരസ്പര്യത്തെ ഒക്കെ ഈ സൂഫി ചലച്ചിത്രകാരന്‍ നിരന്തരം അടയാളപ്പെടുത്തുന്നു. ‘ഫാദര്‍’, ‘കളര്‍ ഓഫ് പാരഡൈസ്’, ‘സോങ് ഓഫ് ദ സ്പാരോസ്’ എന്നീ ചിത്രങ്ങളില്‍, പ്രകൃതിയുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. ഒട്ടകപ്പക്ഷി, കുരുവി, സ്വര്‍ണ മല്‍സ്യം തുടങ്ങിയവയുടെ ജൈവ സ്വാതന്ത്യ്രത്തെ ഊന്നിപ്പറയുന്നു ‘ സോങ് ഓഫ് സ്പാരോസ്’.
നമുക്കു മാത്രമായി നിലനില്‍ക്കുക സാധ്യമല്ലാത്ത ഒരു ലോകത്തെപ്പറ്റിയുള്ള നിഷ്കളങ്ക ബോധ്യത്താലാണ് ആ കുട്ടികള്‍, പാടുപെട്ട് വാങ്ങിയ വളര്‍ത്തുമല്‍സ്യങ്ങളെ, പാതിവഴിക്കുപൊട്ടിപ്പോയ വീപ്പയില്‍നിന്ന്, തെരുവില്‍ ചിതറിപ്പോയിട്ടും ചത്തുപോവാതിരിക്കാന്‍ മാത്രം, തോട്ടിലെ ഒഴുക്കിലേക്ക് ഒഴുക്കിവിടുന്നത്. അവിചാരിതമായി വീപ്പപൊട്ടി വഴിയില്‍ ചിതറിയ സ്വര്‍ണ മീനുകളെ, എങ്ങനെ വീട്ടിലെ കുളത്തിലത്തിെക്കുമെന്നൊരു പിടിയുമില്ലാതെ ഏതാനും നിമിഷങ്ങള്‍ അന്തംവിട്ടു നിന്ന ശേഷം അവര്‍ കണ്ണീരോടെ തൊട്ടടുത്ത തോട്ടിലേക്കൊഴുക്കി വിടുന്നു. എന്നിട്ട് ഒരു മീനിനെ മാത്രം പ്ളാസ്റിക് കവറിലാക്കി കൊണ്ടുപോയി, അനേകം മീനുകള്‍ക്ക് പെരുകാന്‍ വേണ്ടി അവര്‍ ദിവസങ്ങളെടുത്ത് തയ്യാറാക്കിവെച്ച കുളത്തിലേക്കിടുന്നു.

ഫാദര്‍
ബാക്കിയാവുന്ന നന്‍മ
നഷ്ടങ്ങളുടെ മടക്കയാത്രയില്‍ അതുവരെ പരുക്കനായിരുന്ന, മാജിദ് മജീദിയുടെ പ്രിയപ്പെട്ട നടന്‍, റിസാ നാജി കുട്ടികളിലൊരാളുടെ മുറിവ് തൂവാല കീറി കെട്ടിക്കൊടുത്തശേഷം പാടുന്നുണ്ട്, ‘ഈ ലോകം ഒരു വലിയ നുണയാണ്, ഈ ലോകം ഒരു പാവം കിനാവാണ്’ എന്ന്.
പരുക്കനായ ആ മനുഷ്യന്റെ കാഴ്ചപ്പാടുകളെ തിരുത്തുന്നു, തിരുത്തിപ്പുതുക്കുന്നു ആ കുട്ടികള്‍. അയാള്‍ പിന്നീട് നഷ്ടപ്പെട്ടുപോയ ഒട്ടകപ്പക്ഷിയെച്ചൊല്ലിയല്ല വിലപിക്കുന്നത്. അതിനെ തിരിച്ചു കിട്ടുമ്പോള്‍ അതിനില്ലാതായിപ്പോകുന്ന ഭൂതലങ്ങളെയും ആകാശങ്ങളെയും കുറിച്ചോര്‍ത്താണ്. ഗ്രാമത്തിന്റെ സ്വാസ്ഥ്യത്തില്‍നിന്ന് ഉപജീവനാര്‍ത്ഥം നഗരത്തിലേക്ക് മാറിയപ്പോള്‍ അയാള്‍ നേരിട്ട ധര്‍മ സങ്കടങ്ങളുടെ, നൈതികവ്യഥകളുടെ സാര്‍ത്ഥകമായ പരിസമാപ്തിയാണ് ഈ മന:പരിവര്‍ത്തനം. ഇത്തരം കഥാര്‍സിസുകള്‍ക്കുവേണ്ടിയാണ് മജീദി ഓരോ സിനിമയും പറയുന്നതെന്നു തോന്നുന്നു. ഭൌതികാര്‍ത്ഥത്തില്‍ തോല്‍ക്കുമ്പോഴും ജയിച്ചുനില്‍ക്കുന്ന മനുഷ്യമനസ്സിന്റെ നൈതികതയുടെ സാംസ്കാരികോര്‍ജങ്ങള്‍ മജീദി പാത്രകല്‍പ്പനകളിലെ പൊതുരീതിയാണെന്നു പറയാം.
ഓരോ സിനിമയും അവസാനിക്കുമ്പോള്‍ മാജിദി പങ്കുവെക്കുന്ന ശുഭാപ്തി വിശ്വാസം അയാളുടെ കലാദര്‍ശനത്തിന്റെ കൂടി ഭാഗമാണ്. തോല്‍ക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പിരിഞ്ഞുപോകുമ്പോഴും ബാക്കി കിട്ടുന്ന ഒരു നന്‍മയെ, പ്രതീക്ഷയെ സ്വപ്നത്തെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
സാധാരണ ജീവസന്ധാരണപരമായ സ്വാര്‍ത്ഥ ചിന്തകളോടെ കഴിയുന്ന മനുഷ്യര്‍ കടുത്ത ഇല്ലായ്മകളിലും പ്രകടിപ്പിക്കുന്ന പങ്കുവെയ്ക്കലുകള്‍ വഴി സ്നേഹം ജീവിതത്തിനുണ്ടാക്കിത്തീര്‍ക്കുന്ന സൌന്ദര്യത്തെ കാണിച്ച് അദ്ദേഹം കൊതിപ്പിക്കുന്നു. മനുഷ്യന്റെ ആന്തരിക പരിവര്‍ത്തനങ്ങളുടെ കഥയാണ് മാജിദിയുടെ ഏതാണ്ടെല്ലാ സിനിമകളും. ആ അര്‍ത്ഥത്തിലും അയാള്‍ മൂവി ക്യാമറയേന്തിയ സൂഫിയാണെന്ന് പറയാം.
(അവസാനിച്ചു)
ആദ്യ ഭാഗം: മൂവി ക്യാമറയുമായി ഒരു സൂഫി
Jun 14 2012 | Posted in
എം. നൌഷാദ്,
സിനിമ |
Read More » സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു കോളം കൂടി ആരംഭിക്കുന്നു. അധ്യാപകനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ എം. നൌഷാദ് സിനിമയുടെ ആത്മീയ ധാരകളിലൂടെ നടത്തുന്ന അന്വേഷണ നിരീക്ഷണങ്ങള്‍. ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ ചിത്രങ്ങളിലൂടെ നടത്തുന്ന സഞ്ചാരമാണ് പംക്തിയില്‍ ആദ്യം.
ഇറാനിയന്‍ സിനിമയിലെ വേറിട്ടൊരു വഴിയാണ് മാജിദ് മജീദി. ആത്മീയമായ ഒരന്തര്‍ധാരയാണ് ആ ചിത്രങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. ദൃശ്യങ്ങളിലും പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലും ബിംബ കല്‍പ്പനകളിലും രൂപകങ്ങളിലുമെല്ലാം ഈ ആത്മീയത പ്രകടമാണ്. മത,ജാതി,ഗോത്ര,ലിംഗ,ദേശ വേര്‍തിരിവുകളില്ലാതെ പെയ്യുന്ന സ്നേഹത്തിന്റെ അഗാധമാനങ്ങള്‍ സമൃദ്ധമായ സൂഫീ ധാരതന്നെയാണ് ഇതെന്ന് വായിച്ചെടുക്കുന്ന വിശകലനത്തിന്റെ ആദ്യ ഭാഗമാണിത്. രണ്ടാം ഭാഗം അടുത്ത വ്യാഴാഴ്ച

സാധിച്ചെടുക്കാവുന്നതില്‍ ഏറ്റവും ഉന്നതമായ മാനസിക നിലകളിലൊന്ന് നിഷ്കളങ്കതയാണ്. നമ്മിലെല്ലാം നിസ്സീമം നിക്ഷിപ്തമായിരുന്ന ആ മഹത്വത്തെ ഗുപ്തകാപട്യങ്ങളും ദുഷ്ട വഞ്ചനകളും കൊണ്ട നമ്മള്‍ മറികടന്നു. അനുമോദനാര്‍ഹമായ എന്തെങ്കിലും നിഷ്കളങ്കതയിലുണ്ടെന്ന് നാഗരികതയുടെ വേഗങ്ങള്‍ നമ്മെ പഠിപ്പിച്ചില്ല. സാമര്‍ത്ഥ്യമെന്നാല്‍, കാര്യക്ഷമതയെന്നാല്‍ നിരന്തരം മല്‍സരോന്‍മുഖമായ ഒരു ലോകത്തെ സംബന്ധിച്ച് നിഷ്കളങ്കരല്ലാതാവുക എന്നതാണ്. പോഴത്തക്കാര്‍ എന്നു പരിഹസിച്ചൊഴിവാക്കാനാവുന്ന ശുദ്ധമനസ്കരായ നിഷ്കളങ്കരോട് വലിയ സൂഫികള്‍ പ്രാര്‍ഥിക്കാന്‍ ഏല്‍പ്പിക്കാറുണ്ടയിരുന്നുവത്രെ. മറ്റാരെക്കാളും ദൈവത്തോട് സഹജമായും അടുത്താണവര്‍. മറ്റെന്തിനേക്കാളും അവരുടെ നിസ്വമോഹങ്ങള്‍ കൊണ്ടാണ് പറുദീസകള്‍ പണിയപ്പെട്ടിരിക്കുന്നത്. അവരാണ് ഈ ലോകത്തെ അലിവിന്റെ തൂണുകളില്‍ നിലനിര്‍ത്തുന്നത്.
ഇറാനിയന്‍ സിനിമയെ ലോകം മുഴുവന്‍ വ്യാപിപ്പിച്ച വിപ്ലവാനന്തര ഇറാനിലെ ആദ്യ തലമുറ ചലച്ചിത്രകാരന്‍മാരിലൊരാളാണ് മാജിദ് മജീദി. ഇറാനിയന്‍ സിനിമ ഈയിടെയായി ശ്രദ്ധിക്കപ്പെടുന്നത് അന്നാട്ടില്‍ പരിഷ്കരണ വാദവും യാഥാസ്ഥികവാദവും തമ്മില്‍ നടന്നുവരുന്ന സങ്കീര്‍ണ്ണ സംഘര്‍ഷങ്ങളില്‍ ചലച്ചിത്രകാരന്‍മാര്‍ വഹിക്കുന്ന സവിശേഷമായ സാംസ്കാരിക നിയോഗങ്ങളുടെ കൂടി പേരിലാണ്. തീര്‍ച്ചയായും മിക്കവാറും ചലച്ചിത്രകാരന്‍മാര്‍ പരിഷ്കരണവാദികളോടൊപ്പമാണ്. മാജിദിയാവട്ടെ പ്രകടമായ രാഷ്ട്രീയ ഇടപെടലുകളില്‍ അപൂര്‍വമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. എന്നാല്‍, ഖാതമിയെപ്പോലുള്ള പരിഷ്കരണവാദികളെ അനുകൂലിച്ചിട്ടുള്ളയാളുമാണ് മജീദി. ഏതാനും അഭിമുഖങ്ങളില്‍ അദ്ദേഹം തന്നെ വ്യക്തമാക്കുന്നതുപോലെ, തല്‍ക്കാല രാഷ്ട്രീയ പ്രശ്നങ്ങളോടുള്ള സത്വര പ്രതികരണങ്ങള്‍ എന്നതിനേക്കാള്‍ കുറേക്കൂടി അഗാധവും സര്‍വകാല-ദേശ പ്രസക്തവുമായ മാനുഷിക പ്രശ്നങ്ങളിലാണ് ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ താല്‍പ്പര്യം. കലയ്ക്കു രാഷ്ട്രീയമില്ലെന്നോ വേണ്ടതില്ലെന്നോ അല്ല ഇതിനര്‍ത്ഥം. അതൊരു ആഴത്തിലേക്കുള്ള ഊളിയിടലാണ്. കാലാതീതമായ സന്ദേഹങ്ങളും സഞ്ചാരങ്ങളും ഉണ്ടാക്കിയെടുക്കലാണ്.

കളര്‍ ഓഫ് പാരഡൈസ്
മജീദിയുടെ കുട്ടികള്‍
ഇറാനിയന്‍ സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കുട്ടികള്‍ മാജിദ് മജീദിയുടെ കുട്ടികളാണ്. അവരുടെ നിഷ്കളങ്കതകള്‍, അതിനു പശ്ചാത്തലമാകുന്ന ജീവിതത്തിന്റെ കുറവുകളും തികവുകളും സഹിതം ലോകം കണ്ടിരുന്നിട്ടുണ്ട്. മാജിദിയുടെ മിക്കവാറും സിനിമകളിലെ കഥാ പശ്ചാത്തലങ്ങള്‍ ദാരിദ്യ്രത്തിന്റേതാണ്. ഇല്ലായ്മയില്‍ പൂക്കുന്ന ബന്ധങ്ങളെക്കുറിച്ചാണ് അദ്ദേഹം അധികവും ആലോചിച്ചിരിക്കുക. ഭൌതികമായ ദാരിദ്യ്രവും ഭൌതികേതരമായ സമ്പന്നതയും മാജിദിയുടെ ജീവിത വീക്ഷണത്തിലേക്കും സൌന്ദര്യശാസ്ത്ര ദര്‍ശനങ്ങളിലേക്കുമുള്ള ഒരു പ്രവേശികയായി കരുതാം. സ്നേഹമാണ് ഏറ്റവും വലിയ സ്വത്തെന്നും കരുണയാണ് ഏറ്റവും വലിയ സമ്മാനമെന്നും ഉള്ളിനുള്ളില്‍ അറിയുന്ന, കുട്ടികളെയും ഉമ്മമാരെയും ഈ മനുഷ്യന്‍ നമുക്ക് നിരന്തരം കാണിച്ചുതരുന്നു.
‘കളര്‍ ഓഫ് പാരഡൈസി’ലെ മുഹമ്മദ് തന്റെ ഭൌതികമായ അന്ധതയെ മറികടക്കുന്നുണ്ട്. സ്നേഹം കൊണ്ടും വിനീതവും നിസ്സഹായവുമായ ജീവിത സംതൃപ്തി കൊണ്ടും മാത്രമാണത് സാധിക്കുക. സ്വാര്‍ത്ഥനെന്നു പറയാവുന്ന, നിരന്തരം പ്രലോഭിതനാകുന്ന അവന്റെ പിതാവിന്റെ മാനസികമായ അന്ധതക്കുമുന്നില്‍ മുഹമ്മദിന്റെ ഭൌതികമായ അന്ധത എത്ര ചെറുതാണ്. (ഒന്നോര്‍ത്താല്‍ അനാഥനായി വളരുകയും യൌവനത്തിലേ ഭാര്യ മരിച്ചുപോവുകയും ചെയ്ത അവന്റ പിതാവും എത്ര പാവമാണ്!). മുഹമ്മദ് തന്റെ സഹോദരിമാര്‍ക്കും വല്യുമ്മക്കും കൊണ്ടുവരുന്ന ചെറിയ സമ്മാനങ്ങളില്‍ വിപണിയോടുള്ള നിഷ്കളങ്കവും ലളിതവുമായ നിരാസമുണ്ട്. സ്നേഹമെന്നത് ഒരുല്‍പ്പന്നത്തിന്റെയും പിന്തുണ ആവശ്യമില്ലാത്ത വികാരമാണെങ്കിലും , ദുര്‍ബലരായ മനുഷ്യര്‍ക്ക് സ്നേഹം പ്രകടിപ്പിക്കുവാന്‍ ഉല്‍പ്പന്നങ്ങളുടെ സഹായം വേണ്ടിവരാറുണ്ട്.

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍
കിട്ടാത്ത ആ ഷൂ ഒരു വലിയ ഓട്ടമല്‍സരത്തിന് മൂന്നാം സമ്മാനമായി കിട്ടാനിടയുള്ള ഒരു ജോടി ഷൂ മോഹിച്ച് , അതു കിട്ടിയാല്‍ തന്റെ കുഞ്ഞുപെങ്ങളുടെ സ്കൂള്‍ ദുരിതങ്ങള്‍ തീരുമെന്ന് സ്വപ്നം കണ്ട് ഓട്ടമല്‍സരത്തില്‍ അക്കണ്ട ദൂരമത്രയും ഓടിക്കിതക്കുന്ന ”ചില്‍ഡ്രന്‍ ഓഫ് ഹെവനിലെ’ അലി അവസാനം തോല്‍ക്കുകയാണോ ജയിക്കുകയാണോ ചെയ്തത്? മൂന്നാം സമ്മാനമായ ഒരു ജോടി ഷൂവാണ് അവനു വേണ്ടത്. അതാണ് അവന്റെയും പെങ്ങളുടെയും ജീവിതത്തിന്റെ നിത്യമായ ഓട്ടങ്ങളെ ഇല്ലാതാക്കുക. അവര്‍ക്കിരുവര്‍ക്കും സ്വാസ്ഥ്യത്തോടെ സ്കൂളിലേക്കും തിരിച്ചും വരാനാവുക ആ ഷൂ കിട്ടിയാലാണ. ഫിനിഷിങ് ലൈന്‍ കടന്ന് കിതച്ചു വീഴുന്ന നേരത്ത് വാരിയെടുക്കാനത്തുന്ന അധ്യാപകനോട് അവന്‍ ചോദിക്കുന്നത് ‘ എനിക്കു മൂന്നാം സ്ഥാനമില്ലേ’ എന്നാണ്. ഒരു പ്രതിഭക്ക് ഒന്നാമതല്ലാതാവുക എന്നതാണ് വെല്ലുവിളിയെന്ന് അവനപ്പോള്‍ അറിഞ്ഞുകാണണം.
ഒന്നാമന്റെ പീഠത്തില്‍ കണ്ണീരണിഞ്ഞുനില്‍ക്കുന്ന അലിയുടെ സ്നേഹത്തില്‍, വേദനയില്‍, വിപണി മൂല്യങ്ങള്‍ നമ്മിലേല്‍പ്പിച്ച സഹോദര്യവിനഷ്ടങ്ങളുടെ പരിഹാരം നാമറിയുന്നു. വീട്ടിലെത്തി അപ്പോഴേക്കും പൂര്‍ണമായും പൊളിഞ്ഞു കഴിഞ്ഞ ഷൂ -രണ്ടുപേര്‍ക്കും കൂടി ആകെയുള്ളതായിരുന്നു അത്-തറയിലേക്ക് നിസ്സംഗം വലിച്ചെറിഞ്ഞ്, മൂന്നാം സമ്മാനമായ ഷൂവിനു കാത്തിരിക്കുന്ന സഹ്റയുടെ മുന്നില്‍ പരാജിതനായി നില്‍ക്കുന്ന അലിയില്‍ സ്നേഹത്തിനു വേണ്ടി പടവെട്ടിത്തോറ്റ് മടങ്ങിയെത്തുന്ന എല്ലാ ഇതിഹാസ മനുഷ്യരുടെയും ഛായ നമുക്കു കാണാം. സ്നേഹത്തിനു വേണ്ടിയുള്ളതല്ലാത്ത ജയങ്ങള്‍ക്ക് അര്‍ത്ഥമില്ല എന്ന് നാമറിയുന്നു. എന്റെ സഹോദരിയുടെ, സഹോദരന്റെ ദുരിതം കുറക്കാനാവാതെ എനിക്കു കിട്ടുന്ന പട്ടങ്ങളില്‍ ആഹ്ളാദിക്കാനെന്തിരിക്കുന്നു? ഓടിപ്പതംവന്നു പൊള്ളിയ അവന്റെ കാലുകളില്‍ മുറ്റത്തെ കുളത്തിലെ സ്വര്‍ണ മീനുകള്‍ വന്നു ചുംബിക്കുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. മാജിദ് മജീദിയുടെ മിക്കവാറും സിനിമകളില്‍ ഈ കുളവും സ്വര്‍ണ മല്‍സ്യങ്ങളുമുണ്ട്. പ്രതീകപരമായ പ്രാധാന്യത്തോടെ, അന്ത്യ രംഗങ്ങളിലാണ് അവ കടന്നുവരിക എന്നതും ശ്രദ്ധേയമാണ്.

ബാരാന്‍
പരിത്യാഗമെന്ന മൂല്യം അന്ധനായ മുഹമ്മദിനെ അവന്റെ ഇഷ്ടത്തിനു വിരുദ്ധമായി വീട്ടിലാരോടും ചര്‍ച്ചചെയ്യാതെ, ദൂരെയുള്ള മരപ്പണിശാലയില്‍ കൊണ്ടുപോയാക്കിയതില്‍ പ്രതിഷേധിച്ചാണ് ‘കളര്‍ ഓഫ് പാരഡൈസി’ല വലിയുമ്മ മകനോട് പിണങ്ങി വീടുവിട്ടിറങ്ങുന്നത്. മഴ നിര്‍ത്താതെ പെയ്യുന്ന ആ സന്ധ്യയില്‍ പോകാന്‍ പ്രത്യേകിച്ചൊരിടവുമില്ലാത്ത സാത്വികയായ ആ വൃദ്ധ, സ്നേഹത്തിന്റ ഏതഭയത്തിലേക്കാവും തീര്‍ത്ഥയാത്രക്കൊരുങ്ങിയിരിക്കുക? ക്രൂരത ദുര്‍ബലരുടെ ആയുധമാണ്, കരുണ കരുത്തരുടേയും. മഴയത്തു വഴി തെറ്റിവന്ന് കരയ്ക്കു കയറി പിടയുന്ന ആ മല്‍സ്യത്തെ മഹാവാല്‍സല്യത്തോടെയെടുത്ത് തോട്ടിലേക്ക് വിടുന്ന ഉപേക്ഷിതയായ ആ മാതാവ് അനേകം പ്രേക്ഷകരുടെ അതിജീവനങ്ങളെ സഹായിക്കാതിരിക്കില്ല.
ഏറ്റവും ചെറിയ, ഏറ്റവും സാധാരണമായ പ്രവൃത്തികളാണ് പലപ്പോഴും ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത്. ആ മീനിനെ വെള്ളത്തില്‍ വിട്ടെഴുന്നേല്‍ക്കുന്നതിനിടെ, മുഹമ്മദ് അവധിക്കു നാട്ടില്‍വന്നപ്പോള്‍ കൊണ്ടുവന്നുതന്ന ആ കുഞ്ഞുസമ്മാനം വെള്ളത്തില്‍ വീണ് ആണ്ടുപോവുന്നു. ചെളിയില്‍ പൂണ്ട്
വീണ്ടെടുക്കാനാവാതെ പോവുന്ന ആ സമ്മാനത്തെയും വേണ്ടെന്നുവെച്ച് ആ സ്ത്രീ മുന്നോട്ടു നടക്കുകയാണ്. ‘ ബാരാനിലെ’ പ്രണയ പരവശനായ നായകന്‍ ഒടുവില്‍ തൊപ്പി മറന്നുവെച്ചു പോവുന്നിടത്തും ആത്മീയമായ പക്വതക്ക് അനിവാര്യമായും ആവശ്യമുള്ള പരിത്യാഗമെന്ന മൂല്യത്തിലേക്കുള്ള സൂചനകള്‍ കാണാം.
പിന്നീട് മകനാല്‍ നിര്‍ബന്ധപൂര്‍വം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരപ്പെട്ട, നിശãബ്ദമായ പ്രാര്‍ഥനകളോടെ വീട്ടിനകത്തു കഴിയുന്ന രോഗിയായ മാതാവിനോട് ‘ ഉമ്മാക്കിത്ര വിഷമമായെങ്കില്‍ ഞാന്‍ മുഹമ്മദിനെ തിരിച്ചുകൊണ്ടുവരാം’ എന്ന് അവന്റെ പിതാവ് പറയുന്നുണ്ട്. ‘എനിക്ക് മുഹമ്മദിനെ ഓര്‍ത്തിട്ടല്ല, നിന്നെ ഓര്‍ത്തിട്ടാണ് സങ്കടം’ എന്നാണ് അവരുടെ മറുപടി. അതില്‍ ആഴമേറിയ സ്നേഹവും പരോക്ഷമായ ഗുണദോഷിക്കലുമുണ്ട്. മകന്റെ തെറ്റ് പൊറുത്തുകൊടുത്തിട്ടും, തന്റെ സമ്പാദ്യം മുഴുവന്‍ അവന്റെ വരാന്‍ പോകുന്ന പെണ്ണിനുവേണ്ടി നല്‍കിയിട്ടും ബഹുതലമാനങ്ങളുള്ള അയാളുടെ ദുര്‍വിധിയെച്ചൊല്ലി ആ പാവം ഉമ്മ സങ്കടപ്പെടുന്നു. പിന്നീടൊരിക്കലും വലിയുമ്മയും മുഹമ്മദും തമ്മില്‍ കാണുന്നില്ല.

ദ സോങ് ഓഫ് ദ സ്പാരോസ്
സൂഫി രൂപകങ്ങള്‍
അന്ധത, ബധിരത, നിശãബ്ദത എന്നിവ മജീദിയുടെ പല സിനിമകളിലായി വരുന്ന സൂഫി രൂപകങ്ങളാണ്. ‘ ദ സോങ് ഓഫ് ദ സ്പാരോസിലെ’ പെണ്‍കുട്ടി ഹാനിയ ബധിരയാണ്. അവളുടെ ശ്രവണ സഹായി കേടുവന്നുപോയെങ്കിലും, അതവള്‍ മറച്ചുവെക്കുകയും തനിക്കു കേള്‍ക്കാമെന്ന് നുണ പറയുകയും ചെയ്യുന്നത് അതുപോലൊന്ന് പുതുതായി വാങ്ങിത്തരാന്‍ കഴിയാത്ത പിതാവിന്റെ ദാരിദ്യ്രം അവള്‍ക്കറിയുന്നത് കൊണ്ടാണ്. നേരിനേക്കാള്‍ പവിത്രമാണ് ചില നുണകള്‍. മറുവശത്ത് അഫ്ഗാനി പെണ്‍കുട്ടി ഒരു വാക്കുപോലും ഉരിയാടുന്നില്ല. നിശãബ്ദത കൊണ്ടാണ് അവള്‍ പറയുന്നതത്രയും. എന്നിട്ടും അഭയാര്‍ത്ഥി അതിജീവനങ്ങള്‍ക്കു വേണ്ട പാരുഷ്യങ്ങളെല്ലാം കൈവശമുള്ള ലത്തീഫിനെ അവള്‍ സ്നേഹത്താല്‍ കീഴ്പ്പെടുത്തുന്നു. ഒരേ സമയം പല അടരുകളില്‍ വായിക്കാനാവുന്നതാണ് അവളുടെ ജീവിതം; അവരുടെ ഒരിക്കലും ഉച്ചരിക്കപ്പെടാത്ത, എന്നിട്ടുമെപ്പോഴും പ്രകാശിതമാവുന്ന പ്രണയം പോലെ.
Jun 7 2012 | Posted in
എം. നൌഷാദ്,
സിനിമ |
Read More »