ravishankar.jpg
Category archives for: ക്ലാപ് ബോക്സ്-രവിശങ്കര്‍

വരൂ, കാണൂ എനിക്കൊപ്പം സ്വപ്നം

സിനിമ അതിന്റെ മുട്ടിലിഴയുന്ന കാലത്ത് അതിലേക്ക് സ്പെഷല്‍ ഇഫക്ട്സിന്റെ മസാലപ്പൊടി വിതറി ലോകത്തെ വിസ്മയിപ്പിച്ച ഫ്രഞ്ച് മജീഷ്യന്‍ കം സംവിധായകനായ ജോര്‍ജെ മെലിയസിന്റെ ജീവിതത്തിലെ പറയപ്പെടാത്ത കഥയാണ് സ്കോര്‍സസെ ഒരു ബാലന്റെ കണ്ണിലൂടെ നമുക്ക് പറഞ്ഞു തരുന്നത്.അത് അദ്ദേഹത്തിന് മാത്രം കഴിയുന്ന മാന്ത്രികത-പോയ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മാര്‍ട്ടിന്‍ സ്കോര്‍സസേയുടെ ‘ഹ്യഗോ’യുടെ കാഴ്ചാനുഭവം. പി.ടി രവിശങ്കര്‍ എഴുതുന്നു

 

 

ഇന്ത്യയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാതെ പോയ സംവിധായകനാണ് മാര്‍ട്ടിന്‍ സ്കോര്‍സസേ. പ്രധാനമായും രണ്ടു കാരണങ്ങള്‍ അതിന് ചൂണ്ടിക്കാണിക്കാം.ആദ്യത്തേത്, സോകോള്‍ഡ് ഹോളിവുഡ് സിനിമകളോട് നമ്മുടെ ഇടതുപക്ഷചായ്വുള്ള സിനിക്കുകളുടെ പരമപുച്ഛം. രണ്ടാമത് സ്റ്റീഫന്‍ സ്പീല്‍ ബര്‍ഗ് എന്ന technical filmaker റുടെ ഉദയം. 1967 ല്‍ പുറത്തിറങ്ങിയ Who Is Knoking At My Door ലൂടെ സിനിമാ നിര്‍മാണം തുടങ്ങിയ സ്കോര്‍സസേ കൂടുതലായും അറിയാനും സഞ്ചരിക്കാനും ശ്രമിച്ചത് മനസ്സിന്റെ അപതാളങ്ങളിലൂടെയായിരുന്നു.മാനുഷിക വികാരങ്ങള്‍ക്ക് അന്നും ഇന്നും പുല്ലുവിലകല്‍പിക്കുന്ന ഹോളിവുഡില്‍ ആര്‍ക്ക്ലൈറ്റുകളുടെ രണ്ടാം നിരയിലേക്ക് സ്കോര്‍സസേ ഒതുക്കപ്പെട്ടു. ‘താങ്കള്‍ ഒരു തികഞ്ഞ ബുദ്ധി ജീവിതന്നെ, അതിലുപരിയായി സമാനതകളില്ലാത്ത ഫിലിംമേക്കറും. പക്ഷെ ഞങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യവും അതിലേക്ക് അതിലേറെ തെളിഞ്ഞ ഒരു പാതയുമുണ്ട്. ദയവുചെയ്ത് വഴിമുടക്കരുത്’-ഒരിക്കല്‍ ഹോളിവുഡ് അദ്ദേഹത്തോട് പറഞ്ഞു.

 

മാര്‍ടിന്‍ സ്കോര്‍സെസേ

 

എന്നിട്ടും സ്കോര്‍സസേ സിനിമക്കൊപ്പം സഞ്ചരിച്ചു. സിനിമ അദ്ദേഹത്തിനൊപ്പവും. ടാക്സി ഡ്രൈവറും,റേജിങ്ങ് ബുള്ളും റോബര്‍ട്ട് ഡിനീറോ എന്ന പ്രതിഭാസത്തെ വെള്ളിത്തിരയിലേക്ക് വലിച്ചെറിഞ്ഞു. കിങ് ഓഫ് കോമഡിയും ലാസ്റ്റ് ടെംറ്റേഷന്‍ ഓഫ് ക്രൈസ്റ്റും സിനിമാ ചരിപ്രുസ്തകങ്ങളിലെ പ്രധാന താളുകളായി. യുദ്ധം, പ്രണയം, ഭ്രാന്ത്, കുടുംബം തുടങ്ങി എല്ലാ തരം ഷോണറുകളുംഅദ്ദേഹത്തിന്റെ കൈകളിലൂടെ ഒഴുകിപ്പോയെങ്കിലും ആനിമേഷന്‍ ഇടകലര്‍ന്ന ഒരു ചിത്രം ചെയ്യാന്‍ അരനൂറ്റാണ്ടിന്റെ ഇടവേള വേണ്ടിവന്നു. അത് അഞ്ച് ഓസ്കാറുകള്‍ കൊയ്ത് കൊണ്ട് പോവുകയും ചെയ്തു.

ഓസ്കര്‍ പ്രഭയില്‍ ജ്വലിക്കുന്ന ‘ദ ആര്‍ട്ടിസ്റ്റി’ന്റെ പ്രഭാവത്തില്‍ ഹ്യൂഗോ തീരെ മുങ്ങിപ്പോകുന്നത് നിരാശാജനകമാണ്. ഹസാന വിഷ്യസ് ചെയ്ത പീരീഡ് ഫോര്‍മേഷന്റെ ഒരു തലതിരിഞ്ഞ വേര്‍ഷന്‍ തന്നെയാണ് സ്കോര്‍സസെ ചെയ്തത്. സാങ്കേതിക വിഭാഗത്തിലെ ഒട്ടുമിക്ക അവാര്‍ഡുകളും ഹ്യൂഗോ അടിച്ചുമാറ്റി.

ഒറ്റനോട്ടത്തില്‍ ആനിമേഷന്‍ മേമ്പൊടിചേര്‍ത്ത ഒരു ബാല സിനിമയായി തോന്നുമെങ്കിലും സത്യത്തില്‍ ഇതിന്റെ കാമ്പ് വളരെ ശക്തവും സ്വാദിഷ്ടവുമാണ്. സിനിമ അതിന്റെ മുട്ടിലിഴയുന്ന കാലത്ത് അതിലേക്ക് സ്പെഷല്‍ ഇഫക്ട്സിന്റെ മസാലപ്പൊടി വിതറി ലോകത്തെ വിസ്മയിപ്പിച്ച ഫ്രഞ്ച് മജീഷ്യന്‍ കം സംവിധായകനായ ജോര്‍ജെ മെലിയസിന്റെ ജീവിതത്തിലെ പറയപ്പെടാത്ത കഥയാണ് സ്കോര്‍സസെ ഒരു ബാലന്റെ കണ്ണിലൂടെ നമുക്ക് പറഞ്ഞു തരുന്നത്.അത് അദ്ദേഹത്തിന് മാത്രം കഴിയുന്ന മാന്ത്രികത.

 

 

ഹ്യൂഗോ കബ്രേയുടെ കഥയും ജീവിതവും
1930. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പായി സന്തുലിതാവസ്ഥ കൈവരിക്കാന്‍ ശ്രമിക്കുന്ന ഈഫല്‍ ടവറിന് കീഴെയുള്ള പാരിസ് നഗരം.അവിടെ ഒരു റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ സൂക്ഷിപ്പുകാരനാണ് പതിനെട്ട് പോയി പതിനഞ്ച് പോലും തികയാത്ത ഹ്യൂഗോ .ക്ലോക്ക് നിര്‍മാതാവും മ്യൂസിയം സൂക്ഷിപ്പുകാരനുമായിരുന്ന പിതാവിന്റെ മരണശേഷം ഒരു അകന്ന ബന്ധുവാണ് അവനെ അവിടെ നടതള്ളിയത്.

മരിക്കുന്നതിന് മുമ്പ് അച്ഛന്‍ ഹ്യൂഗോയ്ക്ക് നല്‍കിയ ഓട്ടോമാട്ടണ്‍ (പല്‍ചക്രങ്ങള്‍കൊണ്ട് ഉണ്ടാക്കിയ യന്ത്രമനുഷ്യന്‍) ശരിയാക്കി എടുക്കുക എന്ന ഏക ലക്ഷ്യത്തില്‍ നടക്കുന്ന ഹ്യൂഗോയുടെ ജീവിതത്തിലേക്ക് ബെന്‍കിങ്സ്ലി ജീവന്‍ നല്‍കിയ ജോര്‍ജസ് മെലിയസ് കടന്ന് വരുന്നതോടെ കാര്യങ്ങള്‍ ആകെ കലങ്ങിമറയുന്നു.റെയില്‍വേ സ്റ്റേേഷനിലെ ഒരു കളിപ്പാട്ടക്കട നടത്തുന്ന മി.ജോര്‍ജസ് ചരിത്രം പാടിപ്പുകഴ്ത്തുന്ന സംവിധായകനാണെന്ന് ആരും അറിയുന്നില്ല.ഒന്നാംലോക മഹായുദ്ധം വരുത്തിയ ആഘാതത്തില്‍ അദ്ദേഹത്തിന്റെ ന്യൂ സിനിമാ കമ്പനി തകരുന്നു. മനം മടുത്ത് അദ്ദേഹം സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് മാറിയകന്ന് വെറുമൊരു കളിപ്പാട്ട കച്ചവടക്കാരനായി മാറി ഒതുങ്ങി ജീവിച്ചു. സിനിമാ പുസ്തകങ്ങള്‍ പറഞ്ഞത് മെലിയസ് ഒന്നാം ലോകമഹായുദ്ധത്തില്‍ മരണപ്പെട്ടു എന്നാണ്. എന്നാല്‍ ഈ സത്യം ഹ്യൂഗോ അറിയുന്നതോടെ ചിത്രം തലതിരിഞ്ഞോടാന്‍ തുടങ്ങുന്നു. ഇനി അറിയേണ്ടവര്‍ തിയറ്ററുകള്‍ തിരയുക.:)

ഹ്യൂഗോ ആയി അസ ബട്ടര്‍ ഫീല്‍ഡും കൂട്ടുകാരി ഇസബെല്‍ ആയി കോളി ഗ്രേസ് മോര്‍ട്ടസും വേഷമിടുന്നു.

 

 

സ്വപ്നമല്ലാതെ മറ്റൊന്നുമില്ല
ചരിത്രവും അതിന്റെ മറുപുറവും ഫാന്റസിയും അതിന്റെ കറുത്തമുഖവും ചേര്‍ത്തവതരിപ്പിക്കാന്‍ ഇന്ന് സ്കോര്‍സസെ മാത്രമേ ഉള്ളു. കാരണം ഈ പടം കാണുന്ന ഓരോരുത്തരും കാണുന്നവയില്‍ ഏതെല്ലാം സത്യം ഏതെല്ലാം കമ്പ്യൂട്ടര്‍ സൃഷ്ടി എന്ന മനസ്സിലാവാതെ കുഴങ്ങും.

ബെന്‍കിങ്ങ്സ്ലിയുടെ മെലിയസ് ശരിക്കും മെലിയസ് തന്നെയല്ലേ എന്ന് ചെറിയ ഒരു സംശയം ഈ പടം കണ്ടിറങ്ങുന്ന ഒരോരുത്തര്‍ക്കും ഉണ്ടാകും.ഉറപ്പ്.
എല്ലാം സമയബന്ധിതമാണ്.സമയമല്ലാതെ ഒന്നുമില്ല.എല്ലാം സമയമയം.ചിത്രത്തിന്റെ മുക്കിലും മൂലയിലും സംവിധായകന്‍ ഇതിനെ വാക്കാലും ബിംബങ്ങളാലും വരച്ച് വെച്ചിട്ടുണ്ട്. പക്ഷെ പടത്തിനവസാനം സംവിധായകന്റെ പ്രഖ്യാപനങ്ങളെ എല്ലാം മെലിയസ് തിരുത്തി എഴുതുന്നു.എല്ലാം സ്വപ്നബന്ധിതമാണ്,സ്വപ്നമല്ലാതെ ഒന്നുമില്ല എല്ലാം സ്വപ്നമയം.തിളച്ചു മറിയുന്ന ആര്‍ക്ക് ലെറ്റുകളിലേക്ക് കൈകളുയര്‍ത്തി മെലിയസ് പറയുന്നു-COME AND DREAM WITH ME…

 

 

ഓസ്കാര്‍ ആര്‍ക്ക്?

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓസ്കാര്‍ അവാര്‍ഡുകള്‍ തൊട്ടടുത്തെത്തി. മികച്ച സിനിമകളും മാസ്റ്റേഴ്സ് അടക്കമുള്ള നിരയും അണിനിരക്കുന്ന മല്‍സരം ഇത്തവണയും കടുത്തതാവും.നാലാമിടത്തിനു വേണ്ടി പി.ടി രവിശങ്കര്‍ മല്‍സരക്കളം വിലയിരുത്തുന്നു. ഒപ്പം, നാലാമിടം അവതരിപ്പിക്കുന്ന പ്രവചന പട്ടികയും

 

 

നോമിനേഷനുകള്‍ പുറത്ത് വന്നതോടെ ഓസ്കാര്‍ കലാപരിപാടികളുടെ മുന്നൊരുക്കങ്ങള്‍ക്ക് ചൂടുപിടിച്ചു. സാധാരണ വലിയ അട്ടിമറികളും കോലാഹലങ്ങളും ഒന്നുമില്ലാതെ ആയിരിക്കും ഓസ്കാര്‍ മുന്നേറ്റങ്ങള്‍.എന്തെല്ലാം സംഭവിച്ചാലും ആരും അക്കാദമിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാറുമില്ല. ഇത്തവണവണയും അക്കാദമിയുടെ കയ്യില്‍തന്നെയാണ് കാര്യങ്ങളുടെ കയറ്.

സ്പീല്‍ബര്‍ഗ്,സ്കോര്‍സസേ,ജോര്‍ജ്ജ് ക്ലൂണി,ടെറന്‍സ് മാലിക്,അലക്സാണ്ടര്‍ പയിന്‍ എന്നീ മാസ്റ്റേഴ്സ് അണിനിരക്കുന്ന എഴുന്നെള്ളിപ്പ് വര്‍ണാഭമാവാതിരിക്കാന്‍ തരമില്ല. പതിനൊന്നു നോമിനേഷനുകളോടെ സ്കോര്‍സസെയുടെ ഹ്യൂഗോയും പത്തെണ്ണം വരവില്‍ വച്ച് മിഷേല്‍ ഹാസാനവിഷ്യസിന്റെ ദ ആര്‍ട്ടിസ്റ്റുമാണ് മുന്‍ നിരയിലുള്ളത്.

നോമിനേഷനുകള്‍,പ്രതീക്ഷകള്‍ ,നിരാശകള്‍

 

 

Best Picture

 

ദ ആര്‍ട്ടിസ്റ്റ്
ദ ഡിസന്‍ഡന്റ്സ്
എക്സ്ട്രീമിലി ലൌഡ് ആന്‍ഡ് ഇന്‍ക്രഡിബിളി ക്ലോസ്
ഹ്യൂഗോ
മിഡ് നൈറ്റ് ഇന്‍ പാരിസ്
ദ ഹെല്‍പ്
മണിബാള്‍
വാര്‍ഹോഴ്സ്
ദ ട്രീ ഓഫ് ലൈഫ്

സാധ്യതകള്‍
വുഡി അലന്‍,സ്പീല്‍ബര്‍ഗ്,സ്കോര്‍സസെ,ടെറന്‍സ് മാലിക് ,അലക്സാണ്ടര്‍ പയിന്‍ തുടങ്ങി ഗ്ലാമര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാന്‍സ് ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ സാമ്പിള്‍ വെടിക്കെട്ടുകള്‍ക്ക് ശേഷം ചിത്രം തെളിയുമ്പോള്‍ ഏറ്റവും അധികം സാധ്യതയുള്ള ചിത്രം ദ ആര്‍ട്ടിസ്റ്റ് ആണ്. 1.3 3:1 എന്ന പഴയകാല ചിത്രങ്ങളുടെ ആസ്പക്ട് റേഷ്യോയില്‍ ബ്ലാക് &വൈറ്റില്‍ പകര്‍ത്തിയ ഈ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്.1927 ലെ ജാസ് സിങ്ങറാണ് ആദ്യ ശബ്ദചിത്രം.അക്കാലത്തെ നിശബ്ദ ചിത്രങ്ങളിലെ നായകനായ ജോര്‍ജ്ജ് വാലന്‍െയിന്‍ ശബ്ദ ചിത്രങ്ങള്‍ തന്റെ കരിയര്‍ തകര്‍ക്കുമെന്ന് ഭയക്കുന്നു.തുടര്‍ന്ന് നടക്കുന്ന സംഭവങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ സംവിധായകന്‍ മിഷേല്‍ ഹാസാനവിഷ്യസ് പറഞ്ഞിരിക്കുന്നു.1927 മുതല്‍ 1932 വരെയുള്ള കാലത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഭൂരിഭാഗം രംഗങ്ങളും നിശബ്ദമായാണ് പകര്‍ത്തിയിരിക്കുന്നത്.ഡിസന്‍ഡന്റ്സും ഹ്യൂഗോയും പിന്നില്‍ ഉണ്ടെങ്കിലും ഒന്നാം സ്ഥാനത്തില്‍ നിന്ന് വളരെ അകലെയാണ്.

ഹൈലൈറ്റ്: ദ ആര്‍ട്ടിസ്റ്റ്

കറുത്തകുതിരകള്‍: :സെപ്റ്റംബര്‍ 11 വിഷയമാകുന്ന എക്ട്രീമലി ലൌഡ് ആന്‍ഡ് ഇന്‍ക്രഡ്ബിലി ക്ലോസ്,ഡിസന്‍ഡന്റ്സ്,ഹ്യൂഗോ.

 

Best actor

 

മികച്ച നടനുവേണ്ടി പത്ത് നോമിനേഷനുകളെ വരെ ഉള്‍പ്പെടുത്താമെങ്കിലും അത് കമ്മിറ്റി അഞ്ചില്‍ നിര്‍ത്തി.

ഡെമിന്‍ ബിച്ചര്‍: എ ബെറ്റര്‍ ലൈഫ്
ജോര്‍ജ്ജ് ക്ളൂണി: ഡിസന്‍ഡന്റ്സ്
ഷോണ്‍ ദുവാര്‍ഡിന്‍: ദ ആര്‍ട്ടിസ്റ്റ്
ഗാരി ഓള്‍ഡ് മാന്‍: ടിങ്കര്‍ ടെയിലര്‍ സോള്‍ജ്യര്‍ സ്പൈ
ബ്രാഡ് പിറ്റ്:മണിബോള്‍

 

George Clooney

 

സാധ്യതകള്‍
അലക്സാണ്ടര്‍ പയിനിന്റെ ഡിസന്‍ഡന്റ്സിലൂടെ മികച്ച നടനാകാനുള്ള സാധ്യത ജോര്‍ജ്ജ് ക്ളൂണി നിലനിര്‍ത്തുന്നു.മണിബാളിലെ രണ്ടാം നിര ബേസ് ബാള്‍ ടീം കോച്ചിന് ജീവന്‍ നല്‍കിയ ബ്രാഡ് പിറ്റും അര്‍ട്ടിസ്റ്റിലെ പ്രകടനത്തിലൂടെ ഷോണ്‍ ദുവാര്‍ദിനും മുന്നില്‍ തന്നെയുണ്ട്.തീര്‍ത്ത് പറയാനാവില്ല എങ്കിലും സാധ്യതാ പട്ടിക ഇങ്ങനെ: (ആദ്യ മൂന്ന് സ്ഥാനങ്ങള്‍)
1.ജോര്‍ജ്ജ് ക്ളൂണി
2.ഷോണ്‍ ദുവാര്‍ഡിന്‍
3.ഗാരി ഓള്‍ഡ് മാന്‍

ഹൈലെറ്റ്: നിര്‍വചനങ്ങള്‍ക്ക് അപ്പുറത്തേക്ക് പരന്നൊഴുകുന്ന ക്ലൂണിയിസം,സംവിധായകന്റെ നല്ലകുട്ടിയായ ദുവാര്‍ദിന്‍

കറുത്തകുതിരകള്‍: : ബിച്ചറോ ഓള്‍ഡ്മാനോ ഒരട്ടിമറി പ്രതീക്ഷിക്കുന്നു.

 

Best Actress

 

meryl-streep

 

ഗ്ലെന്‍ ക്ലോസ്:ആല്‍ബ്രട്ട് നോബ്സ്
വയോല ഡേവിസ്:ദ ഹെല്‍പ്
റൂണിമാര:ദ ഗേള്‍ വിത്ത് ഡ്രാഗണ്‍ ടാറ്റു
മെറില്‍ സ്ട്രീപ്:ദ അയണ്‍ ലേഡി
മിഷേല്‍ വില്ല്യംസ്: മൈ വീക്ക് വിത്ത് മാരിലിന്‍

സാധ്യതകള്‍
കഴിഞ്ഞ വര്‍ഷം ബ്ലാക്ക് സ്വാനിലെ മാന്ത്രിക പ്രകടനത്തിലൂടെ പുരസ്കാരം നേടിയ നഥാലി പോര്‍ട്ട് മാന്‍ ഇത്തവണ അതാര്‍ക്ക് കൈമാറുമെന്ന് ഉറച്ച് പറയാനാവില്ല. എങ്കിലും പൌരാവകാശ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ‘ദ ഹെല്‍പി’ലെ വയോല ഡേവിസിനും ‘അയണ്‍ ലേഡി’യില്‍ മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രീപ്പിനുമാണ് സാധ്യതകൂടുതല്‍.

ഹൈലെറ്റ്:സോഫീസ് ചോയ്സിലൂടെ(1982) ആദ്യഓസ്കാര്‍നേടിയ മെറില്‍ ഇത്തവണ ഇരട്ട തികക്കും എന്നാണ് ഭൂരിപക്ഷ അഭിപ്രായം.

കറുത്ത കുതിരകള്‍: : ഡേവിഡ് ഫിഞ്ചറിന്റെ യൂറോപ്യന്‍ അഡാപ്റ്റേഷനായ ദ ഗേള്‍ വിത്ത് ഡ്രാഗണ്‍ ടാറ്റുവിലെ റൂണിമാരയുടെ പ്രകടനം സ്മരണീയമാണ്.

 

Best Director

 

Alexander_payne

 

വുഡി അലന്‍:മിഡ് നൈറ്റ് ഇന്‍ പാരിസ്
മിഷേല്‍ ഹസാനവിഷ്യസ്:ദ ആര്‍ട്ടിസ്റ്റ്
ടെറന്‍സ് മാലിക്:ട്രീ ഓഫ് ലൈഫ്
അലക്സാണ്ടര്‍ പയിന്‍: ദ ഡിസന്‍ഡന്റ്സ്
മാര്‍ട്ടിന്‍ സ്കോര്‍സസേ:ഹ്യൂഗോ

സാധ്യതകള്‍
അനിശ്ചിതത്വമാണ് ഈ വിഭാഗത്തെ ശ്രദ്ധേയമാക്കുന്നത്. ജഡ്ജിമാര്‍ വെള്ളം കുടിക്കുമെന്നുറപ്പ്. തികഞ്ഞ രാജകീയ പോരാട്ടം. എങ്കിലും തടസ്സങ്ങളൊന്നുമില്ലാത്ത പുഴപോലെ ഒഴുകിയ അലക്സാണ്ടര്‍ പയിനിന്റെ സംവിധാനം മറ്റുള്ള വരില്‍ നിന്നും ഒരല്‍പം മുകളില്‍ തന്നെയാണ്.സാധാരണ ഴാനറില്‍ നിന്ന് മാറിസഞ്ചരിച്ച സ്കോര്‍സ തന്റെ ഫാന്റസി ‘ഹ്യൂഗോ’യിലൂടെ രണ്ടാം ഓസ്കാര്‍ നേടുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കാത്തിരുന്നു കാണാം

ഹൈലൈറ്റ്:അലക്സാണ്ടര്‍ പയിനും മിഷേല്‍ ഹസാനവിഷ്യസും

കറുത്തകുതിരകള്‍: : തീര്‍ച്ചയായും ടെറന്‍സ് മാലികും സ്കോര്‍സസേയും

 

Best Foreign Language Film

 

 

ബുള്‍ഹെഡ്(ബെല്‍ജിയം)
ഫൂട്ട്നോട്ട്(ഇസ്രായേല്‍)
ഇന്‍ ഡാര്‍ക്ക്നെസ്സ്(പോളണ്ട്)
മെസ്യൂ ലസ്ഹര്‍(കാനഡ)
എ സെപ്പറേഷന്‍(ഇറാന്‍)

സാധ്യതകള്‍
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇറാനിയന്‍ ചിത്രം ‘എ സെപ്പറേഷന്‍’ സാധ്യതാപട്ടികയില്‍ മുന്നില്‍. ഇറാന് മാത്രം അവകാശപ്പെടാവുന്ന ജീവനും ലാളിത്യവും ഈ ചിത്രത്തെ ഉയരങ്ങളിലെത്തിക്കുന്നു. കനേഡിയന്‍ ചിത്രമായ ഫൂട്ട് നോട്ടും പോളിഷ് ചിത്രമായ ഇന്‍ ഡാര്‍ക്ക്നെസ്സും തീര്‍ച്ചയായും മികച്ച ചിത്രങ്ങള്‍.

ഹൈലൈറ്റ് :അസ്ഗാര്‍ ഫര്‍ഹദിയും ഒരു വേര്‍പാടും

കറുത്തകുതിരകള്‍: :: ഇന്‍ ഡാര്‍ക്ക്നെസ്സ്/ മെസ്യു ലസ്ഹര്‍.

 

Best Screenplay
(Original and adapted together)

 

 

വുഡി അലന്‍:മിഡ് നൈറ്റ് ഇന്‍ പാരിസ്
ജെ.സി.ചാന്‍ഡര്‍:മാര്‍ജിന്‍ കാള്‍
അസ്ഗാര്‍ ഫര്‍ഹദി:എ സെപ്പറേഷന്‍
മിഷേല്‍ ഹസാനവിഷ്യസ്: ദ ആര്‍ട്ടിസ്റ്റ്
ക്രിസ്റ്റ്യന്‍ വിഗ്,ആനി മുമാലോ:ബ്രൈഡ്സ് മെയ്ഡ്
അലക്സാണ്ടന്‍ പയിന്‍, നാറ്റ് ഫാക്റ്റന്‍,ജിം റാഷ് :ഡിസന്‍ഡന്റ്
ജോണ്‍ ലോഗന്‍:ഹ്യൂഗോ
ജോര്‍ജ്ക്ലൂണി,ഗ്രാന്‍ഡ് ഹെസ്ലോവ്,ബ്യൂ വില്ലിമന്‍:ദ ഐഡിസ് ഓഫ് മാര്‍ച്ച്
ആരോണ്‍ സോര്‍ക്കിന്‍,സ്റ്റീവന്‍ സല്ലിയന്‍:മണിബോള്‍
ബ്രിഡ്ജെറ്റ് ഒ കോണര്‍,പീറ്റര്‍ സ്ട്രോണ്‍: സിങ്കര്‍ ടൈലര്‍ സോള്‍ജ്യര്‍ സ്പൈ

സാധ്യതകള്‍
എ സെപ്പറേഷനു വേണ്ടി തിരക്കഥയൊരുക്കിയ അസ്ഗാര്‍ ഫര്‍ഹദി ഉള്‍പ്പെടുന്ന വിഭാഗമാണിത്.എന്നാല്‍ മിഷേല്‍ ഹസാനവിഷ്യസിനും ജോണ്‍ ലോഗനുമാണ് കൂടുതല്‍ സാധ്യത. ലളിതമായി ഡിസന്‍ഡന്റ്സിന് തിരക്കഥ ഒരുക്കിയ അലക് സാണ്ടര്‍ പയിന്‍,നാറ്റ് ഫാക്റ്റന്‍,ജിം റാഷ് എന്നിവരും അട്ടിമറിക്ക് പ്രാപ്തര്‍.

ഹൈലൈറ്റ്സ്: മിഷേല്‍ ഹസാനവിഷ്യസിന്റെ ദ ആര്‍ട്ടിസ്റ്റ്

കറുത്തകുതിരകള്‍: : അസ്ഗാര്‍ ഫര്‍ഹദിയും ഒരു വേര്‍പാടും.

 

Best Animated Feature

 

 

എ കാറ്റ് ഇന്‍ പാരിസ്
ചിക്കോ & റിത്ത
കുങ്ങ് ഫൂ പാണ്ടെ 2
പുസ്സ് ഇന്‍ ബൂട്ട്സ്
റാങ്കോ

സാധ്യതകള്‍
സത്യത്തില്‍ ഈ വര്‍ഷം ആനിമേഷന്‍ വിഭാഗം വളരെ മോശമാണെന്ന് പറഞ്ഞേതീരൂ. കൂട്ടത്തില്‍ കുംഗ്ഫൂ പാണ്ടയും ,റിംഗോയും നല്ല അഭിപ്രായം നേടിയിട്ടുണ്ട് എന്നാലും ഗോര്‍വെര്‍ബിന്‍സ്ക്കിയുടെ റിംഗോക്ക് ഇത്തവണ കൂടുതല്‍ സാധ്യത.

 

 

ഇനി നാലാമിടത്തിന്റെ ഓസ്കാര്‍ പ്രവചനം :-)

 

 

 

ആരവിടെ, നിത്യാ മേനോനും മാനേജരോ, വിലക്കവളെ!!!

മീശവെച്ച, കീശക്കു കനമുള്ള, തങ്ങള്‍ക്കു മുന്നില്‍ ഒരു പെണ്ണ് തലയുയര്‍ത്തി നിന്നതിന്റെ ആണ്‍ ചൊരുക്കു മാത്രമാണീ വിലക്കും വിവാദവും. തങ്ങളുടെ സൌകര്യത്തിന് ഡേറ്റ് ദാനം ചെയ്യുകയും പിന്നീട് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന താരങ്ങളോട് മറുവാക്ക് ഉരിയാടാന്‍ ഇവരില്‍ എത്ര മുതലാളിമാര്‍ക്ക് നട്ടെല്ലുണ്ടാവും-പി.ടി രവിശങ്കര്‍ ചോദിക്കുന്നു

1947ല്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടി എന്നത് വെറും സാങ്കല്‍പ്പികം മാത്രമാണ്. അതിനുശേഷം, വ്യക്തിയുടെ അവകാശവും കടമകളും നിര്‍വചിച്ച് അംബേദ്കറാദികള്‍ വട്ടം ചേര്‍ന്നുണ്ടാക്കിയ ഭരണഘടന വെറുമൊരു നോക്കുകുത്തിയും. ജര്‍മനിയില്‍നിന്ന് ഹിറ്റ്ലറും ഇറ്റലിയില്‍നിന്ന് മുസോളിനിയും റഷ്യയില്‍നിന്നു സ്റ്റാലിനും നേരിട്ട് വന്ന് കാര്യങ്ങള്‍ നടത്തുന്നതു പോലെയുള്ള ചുറ്റുപാടാണ് ഇന്ന് ഇന്നാട്ടിലുള്ളത്.
പൊട്ടക്കിണറ്റിലെ പുളവന്‍മാര്‍ കിംഗ്കോബ്രകളായി മാറുന്ന തരത്തില്‍ മുക്കിലും മൂലയിലും ചില ചൊറിച്ചു പൊങ്ങലുകളും റ്റു ജിയും ത്രീ ജിയും തിഹാറും അരങ്ങു വാഴുന്ന നാടിന്റെ ഇങ്ങ് തെക്കേ മൂലയിലും അരങ്ങേറി ചില തിണ്ണമിടുക്ക് കളിയാട്ടങ്ങള്‍. പക്ഷേ, രാഷ്ട്രീയത്തിലല്ല. ഇത്തിരിയകലെ സിനിമാ ഭൂമിയിലാണെന്നു മാത്രം.

സംഗതി നിത്യാ മേനോനെ വിലക്കിയതാണ്. അതും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. എന്തിന്?
അതാര്‍ക്കും പിടിയില്ല. ചാനലുകളുടെ മൂലകളില്‍ ചിലര്‍ വട്ടം കൂടി അതുമിതും പറയും. അത്ര തന്നെ. എങ്കിലും മഞ്ഞുമലയുടെ താഴോട്ട് ഇനിയും ഒരു പാട് വെളിപ്പെടാനുണ്ട്. നമുക്കൊന്ന് മുങ്ങിനോക്കാം.

ചാനലുകളുടെ സന്ധ്യാ വാര്‍ത്തകള്‍ പറഞ്ഞതു പ്രകാരം കാര്യങ്ങള്‍ ഏതാണ്ടിതുപോലെയാണ്. ടി.കെ രാജീവ് കുമാറിന്റെ പുതിയ ചിത്രത്തില്‍ നിത്യാമേനോനാണ് നായിക. അതിന്റെ ലൊക്കേഷനിലേക്ക് നിത്യയെ കാണാനായി ഒരു പറ്റം നിര്‍മാതാക്കള്‍ കയറി വരുന്നു. ആ പറ്റത്തില്‍ അസോസിയേഷന്‍ തലൈെവന്‍മാരായ സുരേഷ് കുമാറും സാബു ചെറിയാനും ഉണ്ടായിരുന്നു. ആഗമനോദ്ദേശ്യം നിത്യയെക്കണ്ട് സുരേഷിന്റെ പടത്തില്‍ ഒരു ഡേറ്റ് വാങ്ങുക. കൊല കൊമ്പന്‍മാര്‍ കടന്നു വരുമ്പോള്‍ താലപ്പൊലിയേന്താനും അരിയെറിയാനും ആളുവേണം. അതുണ്ടായില്ല. ആരതി ഉഴിയാന്‍ നിത്യ തന്നെ വരുമെന്നും വരണമെന്നും അവരാശിച്ചു. അതുമുണ്ടായില്ല.

നിര്‍മാതാക്കള്‍ വിഷണ്ണരായി. ഇതൊന്നും ഇല്ലെന്നു മാത്രമല്ല, അവരെയൊന്നു കാണാന്‍ നിത്യ സമ്മതിച്ചുമില്ല. താനിപ്പോള്‍ തിരക്കിലാണെന്നും ഡേറ്റോ മറ്റോ വേണമെങ്കില്‍ തന്റെ മാനേജരോട് ചോദിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞുപോയി. അപമാനിതരായി കളം വിട്ട നിര്‍മാതാക്കള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബില്‍ ഒത്തു കൂടി കലാ പരിപാടി തുടങ്ങി. നടി വിലക്ക് നാടകം. അതിന്റെ അടിയന്തിര പ്രമേയം വന്നു. അതില്‍ നിത്യക്ക് വിലക്ക്!. എന്നിട്ടും അരിശം തീരാതവര്‍ വിലക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും ആന്ധ്രാപ്രദേശിലേക്കും കൊടുത്തു വിട്ടു.

സുഹൃത്തുക്കളെ, അലങ്കരപ്പണികളോടെ മുകളില്‍ പറഞ്ഞതെല്ലാം നാമെല്ലാം കേട്ട്-കണ്ട് അറിഞ്ഞ കാര്യങ്ങളാണ്. നമുക്കതിന്റെ നൈതികതയിലേക്കു വരാം.
കാലകാലങ്ങളായി പണം മുടക്കുന്നവനാണ് മുതലാളി. ഒറ്റക്കൊറ്റക്ക് സംഘടനയാകയാല്‍ അവര്‍ക്ക് അതിന്റെ ആവശ്യമേയില്ല. എന്നാല്‍, സംഘടന ഉള്ളവര്‍ വേറെയുണ്ട്. തൊഴിലാളികള്‍. മുതലാളിമാരുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് അവരുടെ സംഘം ചേരല്‍. എന്നാല്‍,കളം സിനിമയാവുമ്പോള്‍ കാര്യം ഇതു പോരല്ലോ. അവിടെ പണം മുടക്കുന്ന മുതലാളിമാര്‍ക്കുമുണ്ട് സംഘടന. ജനാധിപത്യ രാജ്യമാവുമ്പോള്‍ ഇതെല്ലാം സാധാരണവുമാണ്.

നിത്യാമേനാന്‍ വിഷയത്തില്‍ നമ്മുടെ മുതലാളി സംഘടന ഉന്നയിച്ച പ്രഥമ പ്രധാന ആരോപണം ഇതാണ്: അവള്‍, ആ ഇന്നലെ വന്ന പെങ്കൊച്ച് മാനേജരെ വെച്ചു. നടീനടന്‍മാര്‍ക്കായി പാവം മുതലാളിമാര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം. മൂന്ന് വര്‍ഷം മുമ്പു പല വട്ടം പറഞ്ഞതാണ് മാനേജര്‍മാരെ വെക്കരുതെന്ന്. പ്രത്യേകിച്ച് നടിമാര്‍. എന്തെന്നാല്‍, മാനേജര്‍ മൂരാച്ചികള്‍ ചില നേരങ്ങളില്‍ ഇടനിലക്കാരാവും വിഷം കയറുമ്പോള്‍ അവമ്മാര് കമീഷന്‍ അടിക്കും.

ആരോപണം നമ്പര്‍ റ്റു. നിത്യാ മേനോന്‍ ധാര്‍ഷ്ഠ്യപൂര്‍വം പെരുമാറി. പണമെറിയുന്നവര്‍ വന്നപ്പോള്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കേണ്ടതല്ലേ. അതും അവര്‍ വന്നിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളൂ. തൂക്കിക്കൊല്ലാനുള്ള ശിക്ഷക്ക് ഇതു മാത്രം മതി!
എങ്കിലും സാറമ്മാരേ, ഈ സ്വാഭിമാനം എന്നതിന്റെ പര്യായമാണോ ഈ ധാര്‍ഷ്ഠ്യം?

അമ്മയുടെ കാരണവര്‍ ഇന്നസെന്റ് പറയുന്നു, താരങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അമ്മ എന്ന സംഘടനയെന്ന്. അതോടൊപ്പം, സ്വല്‍പ്പം സ്വരം താഴ്ത്തി ഇതു കൂടി പറഞ്ഞു, അദ്ദേഹം. ഈ നിര്‍മാതാക്കളില്ലേ, അവരില്‍ പലരും നമമുടെ അടുത്ത ചങ്ങായിമാരാണ്. ചൂടു കൂടാന്‍ വേറെയുമുണ്ട് കാരണം. പണ്ട് പണ്ട് ഇദ്ദേഹവും ഒരു ഒരു നിര്‍മാതാവ് ആയിരുന്നല്ലോ.
ചാനല്‍ ചര്‍ച്ചകളില്‍ കടന്നു വന്ന നിര്‍മാതാക്കളുടെ പ്രതിനിധി കല്ലിയൂര്‍ ശശി പറയുന്നത് സാക്ഷാല്‍ ഫിലോസഫിയാണ്. വിലക്കോ, അത് വെറും സങ്കല്‍പ്പമല്ലേ. ഉണ്ടെന്ന് പറയുന്നവര്‍ അങ്ങനെയും അല്ലാത്തവര്‍ അങ്ങനെയും കരുതുന്ന ഒരു ഗംഭീര സങ്കല്‍പ്പം. ഇപ്പറഞ്ഞ വിലക്കിനെ കുറിച്ച് തങ്ങള്‍ ചിന്തിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം സത്യം ചെയ്തു.
എല്ലാ വാദങ്ങള്‍ക്കും ശേഷം അദ്ദേഹം ആവര്‍ത്തിച്ചൊരു വാചകമുണ്ട്. അതിലാണ് സത്യത്തില്‍ കാര്യമിരിക്കുന്നത്. നിത്യ അഹങ്കാരിയാണ്!
അടിപൊളി ന്യായം! ന്യായമായാല്‍ ഇങ്ങനെ വേണം.

അല്ല, സര്‍, അഹങ്കാരം മാറ്റുന്നതിന് ട്യൂഷന്‍ കൊടുക്കാനാണോ ഈ പ്രൊഡ്യൂസേഴസ് അസോസിയേഷന്‍ തല്ലിക്കൂട്ടിയത്. അഹങ്കാരികളുശട കണക്കെടുക്കാന്‍ ആരാണ് നിങ്ങളെ ഏര്‍പ്പാടാക്കിയത്. പണക്കൊഴുപ്പിന്റെ ഇംഗിതങ്ങള്‍ക്കുമുന്നില്‍ ഏറാന്‍ മൂളി നില്‍ക്കാതെ നിവര്‍ന്നത് നിന്നത് എങ്ങനെയാണ് സര്‍ ധാര്‍ഷ്ഠ്യമാവുക. ഇതിന് ധൈര്യമെന്നാണ് സാധാരണ പറയാറ്. വെളളിത്തിരയിലും വെളിയിലും. അത് പഠിക്കാന്‍ പക്ഷേ, ഈ ട്യൂഷന്‍ ഒന്നും മതിയാവില്ല.
ചാനല്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അതില്‍ നിത്യ പറയുന്നു, ദിനേന നിരവധി ഫോണ്‍ കാളുകള്‍ വരുന്ന തനിക്ക് എല്ലാം സ്വീകരിക്കാന്‍ സാധിച്ചെന്നു വരില്ല. ഡേറ്റുകളും ഓര്‍ത്തുവെക്കാന്‍ കഴിയില്ല. അതു കൊണ്ടാണ് ഒരു മാനേജരെ വെക്കുന്നത്. മറ്റെല്ലാ കാര്യങ്ങളും നോക്കി നടന്നാല്‍ അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല. അഭിനയമല്ലേ എന്റെ തൊഴില്‍.

ചോറു തിന്നുന്ന ഏതൊരുവനും ഇപ്പറഞ്ഞത് ന്യായമാണെന്ന് മനസ്സിലാവും. എന്നിടം പ്രൊഡ്യൂസര്‍ അസോസിയേഷന് ഇക്കാര്യം മനസിലായില്ല. അതിന് കാരണം വേറെയാണ്.മാടമ്പി മനോഭാവും മാഫിയ കളികളും മലയാള സിനിമാ ലോകത്തിന്റ പട്ടടക്കു മുകളില്‍ കിടന്ന് നൃത്തം ചെയ്യുകയാണ്.
കുറച്ചു കാലങ്ങള്‍ക്കു മുമ്പ് ശരണ്യാ മോഹന്‍ എന്ന നടിക്കെതിരെ മുതലാളിമാര്‍ ഇതുപോലൊരു വിലക്കുമായി ചെന്നിരുന്നു. മലയാള സിനിമ വിലക്കിയത് കാര്യമാക്കാതെ അന്യഭാഷകളിലേക്ക് പോയ നടിയെ പിന്തുടര്‍ന്ന് ചെന്ന് അവിടെയും വിലക്കിയ ശേഷമേ മലയാള മുതലാളിമാര്‍ക്ക് സമാധാനമായുള്ളൂ.
എന്നാല്‍, ഇത് നടിമാരുടെ കാര്യം. ആണുങ്ങള്‍ക്ക് നേരെ നിലപാട് വേറെയാണ്. സംശയമുണ്ടെങ്കില്‍ ജയരാജിന്റെയും ശ്രീനിവാസന്റെയും കാര്യം നോക്കുക. അവര്‍ക്കു നേരെയും കൊണ്ടുചെന്നു വിലക്ക്. എന്നിട്ടോ? പിന്നീടൊന്നും കേട്ടിട്ടേയില്ല. അവരും ചങ്ങാതിമാരാണല്ലോ.

ഒരു നിയമമായാല്‍ എല്ലാവരും അതില്‍ പെടണം സാര്‍. മാനേജര്‍മാരില്ലാത്ത എത്ര നടന്‍മാരുണ്ട് സിനിമാ ലോകത്ത്? ഡ്രൈവറായും മേക്കപ്പ്മാന്‍മാരായും വേഷപ്രച്ഛന്നരായി എത്ര പേരുണ്ട് ചുറ്റും. മീശവെച്ച, കീശക്കു കനമുള്ള, തങ്ങള്‍ക്കു മുന്നില്‍ ഒരു പെണ്ണ് തലയുയര്‍ത്തി നിന്നതിന്റെ ആണ്‍ ചൊരുക്കു മാത്രമാണീ വിലക്കും വിവാദവും. പുരുഷമേധാവിത്വവും ബൂര്‍ഷ്വാ നിലപാടുകളും വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കാലമാണെങ്കിലും ഇപ്പോഴും വംശനാശപ്പെട്ടു കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ അവയെല്ലാം ഇപ്പോഴും സുഭിക്ഷവും സുലഭവുമാണ് . തങ്ങളുടെ സൌകര്യത്തിന് ഡേറ്റ് ദാനം ചെയ്യുകയും പിന്നീട് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന താരങ്ങളോട് മറുവാക്ക് ഉരിയാടാന്‍ ഇവരില്‍ എത്ര മുതലാളിമാര്‍ക്ക് നട്ടെല്ലുണ്ടാവും?

അതിനിടെ, ചാനല്‍ ചര്‍ച്ചയില്‍ നിര്‍മാതാവ് കല്ലിയൂര്‍ ശശി ചോദിക്കുന്നത് കേട്ടു. ചിരി വന്നു.
മോഹന്‍ലാലിനും മമ്മൂട്ടിക്കും മാനേജര്‍മാരുണ്ടോ. പോട്ടെ, ഇത്ര അഹങ്കാരമുണ്ടോ.
കഷ്ടം!
ഉത്തരം എല്ലാവര്‍ക്കും അറിയാമെന്നു കരുതുന്നു!

ലോകം കാത്തിരിക്കുന്ന അഞ്ച് സിനിമകള്‍

കാഴ്ചയുടെ പുതിയ സാധ്യതകളിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു, ഈ സിനിമകള്‍. ഇനി അതു സംഭവിക്കും. ലോകത്തിന്റെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഈ സിനിമകള്‍ നമ്മെ തേടി വരും. അതിനു മുമ്പ് നമുക്കാ വിശദാംശങ്ങളിലേക്കു പോവാം- പി.ടി രവി ശങ്കര്‍ എഴുതുന്നു

1

THE GIRL WITH THE DRAGON TATTO0(2011)

1 THE GIRL WITH THE DRAGON TATTO0(2011)

ഓസ്കാര്‍ നേടിയ സോഷ്യല്‍നെറ്റ്വര്‍ക്കിന് ശേഷം ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്റ്റിഗ് ലാര്‍സന്റെ ഇതേ പേരിലുള്ള നോവലിന് 2009 ല്‍ യൂറോപ്യന്‍ ദൃശ്യഭാഷ ഒരുങ്ങിയിട്ടുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ ഫിഞ്ചര്‍ മുന്നോട്ടുതന്നെയാണ്.
ഡാനിയല്‍ ക്രെയ്ഗും റൂണി മാരയും മുഖ്യവേഷങ്ങളിലെത്തുന്നു. തന്റെ ഓരോ പടങ്ങളിലും അല്‍ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള ഫിഞ്ചറിന്റെ ഈ ചിത്രത്തെക്കുറിച്ചും സിനിമാലോകത്ത് വന്‍ പ്രതീക്ഷകളാണ്. പടം ഈ വരുന്ന ഡിസംബര്‍ 11 ന് റിലീസ് ചെയ്യും. പക്ഷെ ഇന്ത്യയിലെ റിലീസിന് പിന്നെയും കാത്തിരിക്കണം. 2012 ജനുവരി 6ന് മാത്രമേ ഈ ചിത്രം ഉപഭൂഖണ്ഡത്തില്‍ പ്രദര്‍ശനം തുടങ്ങുകയുള്ളു.

Director: David Fincher
Writing credits
Steven Zaillian (screenplay)
Stieg Larsson (novel “novel “man som hatar kvinnor”")

Cast:
Daniel Craig … Mikael Blomkvist
Stellan skarsgard … Martin Vanger
Rooney Mara … Lisbeth Salander
Robin Wright … Erika Berger
Christopher Plummer …Henrik Vanger
Embeth Davidtz … Annika Blomkvi

The Adventures of Tintin (2011)

2 The Adventures of Tintin (2011)

സ്പീല്‍ ബര്‍ഗ് ഇത്തവണ വരുന്നത് ടിന്‍ ടിനിന്റെ കൂടെയാണ്. തന്റെ കഴിഞ്ഞചിത്രമായ ഇന്ത്യാനജോണ്‍സ് സീരിസില്‍ സാമ്പത്തിക നഷ്ടമൊന്നുമുണ്ടായില്ലെങ്കിലും തരം താഴ്ന്ന ചിത്രം എന്ന നിരൂപകരുടെ വിലയിരുത്തല്‍ സ്പീല്‍ബര്‍ഗിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഒരു സമയത്ത് അഞ്ചോ ആറോ ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്യുക എന്നത് അദ്ദേഹത്തിന്റെ വിനോദമാണ്.
ഇത്തവണയും ബര്‍ഗ് പതിവ് തെറ്റിച്ചിട്ടില്ല. ടിന്‍ ടിന്റെ നിര്‍മാണവേളയില്‍ ലിങ്കന്‍ അടക്കം അഞ്ചോളം ചിത്രങ്ങളാണ് പണിപ്പുരയില്‍ ഉണ്ടായിരുന്നത്. ടിന്‍ ടിന്‍ ഒരു ആനിമേഷന്‍ ചിത്രമാണ്. പണ്ടെങ്ങോ മുങ്ങിപ്പോയ കപ്പലിലെ നിധിതേടിയുള്ള ടിന്‍ടിന്റേയും കൂട്ടരുടേയും യാത്രയാണത്രെ ഇതിവൃത്തം. പൈറസിയെ പേടിച്ച് ആദ്യറിലീസ് ഇന്ത്യയില്‍ നവംബര്‍ 11 നടക്കും. അതിന്ശേഷംമാത്രമേ അമേരിക്കയിലും കാനഡയിലും പടം റിലീസ് ചെയ്യുകയുള്ളു. ഇന്ത്യന്‍ വ്യാജരുടെ വിളയാട്ടത്തെ ലോകസിനിമ എത്രഭീതിയോടെയാണ് കാണുന്നത് എന്നതിനുദാഹരണമാണിത്.

Director: Steven Spielberg
Steven Spielberg
Writing credits
Steven Moffat
Edgar Wright
Joe Cornish

Mission: Impossible Ghost Protocol (2011)

3 Mission: Impossible Ghost Protocol (2011)
ടോം ക്രൂയിസ് എത്തുകയാണ് വീണ്ടും മിഷന്‍ ഇംപോസിബിളുമായി. അന്താരാഷ്ട്ര ഭീകരവാദം തന്നെയാണ് ഇത്തവയും വിഷയം. ഈതന്‍ ഹണ്ടും കൂട്ടരും നട്ടെല്ലിലൂടെ മിന്നല്‍ പായുന്ന ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബ്രാഡ് ബേഡ് പറയുന്നു. സംവിധായകന്‍ പ്രകടമായ ചുവടു മാറ്റം നടത്തുകയാണ് ഈ ചിത്രത്തിലൂടെ. റാറ്റാറ്റുലെ, ദി ഇന്‍ക്രഡിബിള്‍സ് തുടങ്ങിയ അസാധ്യ ആനിമേഷന്‍ ചിത്രങ്ങള്‍ ഒരുക്കിയ ആളാണ് ബേഡ്. അദ്ദേഹത്തിന്റെ ചുവടു മാറ്റം ഹോളിവുഡില്‍ സംസാര വിഷയമായിരിക്കുകയാണ്. ബോളിവുഡ് താരം അനില്‍ കപൂര്‍ ബ്രിജ് നാഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ഡിസംബര്‍ 16ന് ചിത്രം തീയറ്ററില്‍ എത്തും

Director: Brad Bird
Writers:
Josh Appelbaum, Andrs Nemec
Cast
Tom Cruise … Ethan Hunt
Jeremy Renner … Brandt
Simon Pegg … Benji Dunn
Paula Patton … Jane Carter
Anil Kapoor … Brij Nath

j-edgar

4 ജെ.എഡ്ഗാര്‍( 2011)
മോശം സിനിമകള്‍ സംവിധാനം ചെയ്യാത്ത ക്ലിന്റ് ഈസ്റ്റ് വുഡ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ജെ.എഡ്ഗാര്‍. അമേരിക്കന്‍ നിയമ നിര്‍മാണ വ്യവസ്ഥകളിലെ കാണാചുഴികളാണ് ചിത്രത്തിന്റെ പ്രതിപാദ്യം. ലിയനാഡോ ഡി കാപ്രിയോ ,നയോമി വാട്സ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാവുന്നു. ക്രിസ്റ്റഫര്‍ നോലന്റെ ഇന്‍സെപ്ഷനുശേഷം കാപ്രിയോക്ക് ലഭിക്കുന്ന അതിശക്തമായ കഥാപാത്രമാണ് ജെ.എഡ്ഗാര്‍ ഹൂവര്‍. നവംബര്‍ 9ന് ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്യും. ഇന്ത്യന്‍ റിലീസ് തീരുമാനിച്ചിട്ടില്ല. സാരമില്ല നമുക്ക് ടൊറന്റ് ഉണ്ടല്ലോ….

Director:Clint Eastwood
Writer:Dustin Lance Black

Cast
Leonardo DiCaprio … J. Edgar Hoover
Naomi Watts … Helen Gandy
Josh Lucas … Charles Lindbergh
Armie Hammer … Clyde Tolson
Ed Westwick … Agent Smith

5 Immortals (2011)

5 Immortals (2011)
ദ് ഫാള്‍ എന്ന ഒരൊറ്റ ചിത്രം മതി തര്‍സേം സിങ്ങ് എന്ന സംവിധായകന്റെ പ്രതിഭ അളക്കാന്‍. ഇന്ത്യയില്‍ വളര്‍ന്ന് ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്ന് സിനിമ പഠിച്ച തര്‍സേമിന്റെ മൂന്നാമത്തെ ചിത്രം മാത്രമാണ് ഇമ്മോര്‍ട്ടല്‍സ്. 300 എന്ന കിടിലന്‍ ചിത്രത്തിന്റെ നിര്‍മാണകമ്പനിതന്നെയാണ് പടം നിര്‍മിക്കുന്നത് . സംവിധായക പട്ടം സാക്ക് സ്നൈഡറില്‍ നിന്ന് തര്‍സേം സിങ്ങ് ഏറ്റുവാങ്ങിയെന്ന് മാത്രം. ഗ്രീക്ക് യോദ്ധാവായ തെസിയൂസിന്റെ കഥയാണ് ഗ്രാഫിക്സിന്റെ അനന്ത സാധ്യതകള്‍ വിനിയോഗിച്ച് വെള്ളിത്തിരയില്‍ വിരിയുന്നത്. കിഴക്ക് പടിഞ്ഞാറന്‍ സംസ്കാരങ്ങളുടെ മിശ്രണമാണ് തര്‍സേമിന്റെ ഓരോ ഫ്രെയിമുകളും.അതുകൊണ്ടുതന്നെ പ്രതീക്ഷകളും വളരെ ഉയരത്തിലാണ്. മിക്കി റൂക്ക്,ഹെന്റി കാവില്‍, ഫ്രിദ പിന്റോ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

Director:Tarsem Singh
Writers:Charley Parlapanides, Vlas Parlapanides
Cast
Mickey Rourke … King Hyperion
Henry Cavill …Theseus
Luke Evans … Zeus
Freida Pinto … Phaedra

ക്ലാപ് ബോക്സ്-രവിശങ്കര്‍

കുരങ്ങ് പറഞ്ഞതും മനുഷ്യര്‍ അറിയേണ്ടതും

Rise of the Planet of the Apes(2011)

ഹോളിവുഡ് സിനിമകളോട് അയിത്തം കല്‍പിക്കുന്ന നാട്ടില്‍ ഹോളിവുഡ് സിനിമകളെ പുകഴ്ത്തിപ്പാടുന്നത് കൊടിയ പാതകമാണെ ന്നറിയാം. എങ്കിലും അനിവാര്യമായ കാര്യ ങ്ങള്‍ പറയാതിരിക്കാനാ വില്ല. ഗൊദാര്‍ദിന്റെ കയ്യില്‍ നിന്നും പസോളി നിയുടെ കയ്യില്‍ നിന്നും ക്ലാസിക്ക് സിനിമകളുടെ കുടികിടപ്പവകാശം എന്നേകളഞ്ഞു പോയിരി ക്കുന്നു.കുത്തക മുതലാളി മാരോടുള്ള അമര്‍ഷം ഹോളിവുഡ് സിനിമക ള്‍ക്കുമുകളില്‍ നിപതിച്ചപ്പോള്‍ കഴിഞ്ഞ തലമുറക്ക് ആയകാലത്ത് നഷ്ടപ്പെട്ടത് എണ്ണം പറഞ്ഞ അമേരിക്കന്‍ സിനിമകളാണ്.
ദ് ലാസ്റ്റ് ട്രെയിന്‍ ഫ്രം ഗണ്‍ ഹില്ലിനെത്തന്നെ ഉദാഹരണമായി എടുക്കാം.1959 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ജോണ്‍ സ്റ്റര്‍ജ്സ് ആണ്.കിര്‍ക്ക് ഡഗ്ലസും,ആന്റണി ക്വിന്നും മുഖ്യവേഷത്തിലെത്തിയ ഈ പടം film noir വിഭാഗത്തിലെ ഒരു മൈല്‍കുറ്റിയായിരുന്നു. ഫ്രഞ്ച് ന്യൂവേവിന്റെ പ്രഭാവത്തില്‍ കണ്ണു മഞ്ഞളിച്ചു കൊണ്ടിരുന്ന പലരും ആ പടത്തെ ഒരു തല്ല് പടം എന്ന ലേബലൊട്ടിച്ച് കുട്ടയിലിട്ടു.പക്ഷെ അതിന്റെ പ്രഭാവം തിരിച്ചറിഞ്ഞ ചിലലെങ്കിലും ഉണ്ടായി എന്നത് സത്യമാണ്.
ഹിച്ച് കോക്ക് പടങ്ങളുടെ ആദ്യാവസാന ഫാനായ കെ.ജി.ജോര്‍ജ്ജ് അന്റോണിയോണിയേയും ഇമാമുറയേയും കൂട്ടത്തില്‍ പ്രണയിച്ചു. അദ്ദേഹത്തിന്റെ നടക്കാതെ പോയ ഒരു മാസ്റ്റര്‍ പീസായിരുന്നു ഗണ്‍ഹില്‍ നിന്നുള്ള അവസാന തീവണ്ടി.കേരളത്തിലെ നിലമ്പൂര്‍ കാടുകളുടെ പശ്ചാത്തലത്തിലേക്ക് ഈ പടത്തെ പറിച്ച് നടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന സത്യം അറിയുന്നവര്‍ കുറവാണ്.
ഇതെല്ലാം പറയാനുണ്ടായ സാഹചര്യം ഹോളിവുഡ് പടങ്ങളോട് നാം പുലര്‍ത്തുന്ന അകല്‍ച്ചാ മനോഭാവമാണ്.
9/11 ന്റെ പരിണിതികള്‍ക്ക് ശേഷം ഹോളിവുഡില്‍ രാഷ്ട്രിയം അതിന്റെ കൈവഴികള്‍ തിരഞ്ഞെടുത്തു.അമേരിക്കന്‍ അധിനിവേശ മനോഭാവത്തെ മാനവിക തലത്തില്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു വിഭാഗവും അമേരിക്കയുടെ അപ്രമാദിത്വം ജന്മാവകാശമാണെന്ന് പറഞ്ഞ് മറു വിഭാഗവും.അവതാറും,അപ് ഇന്‍ ദ എയറും ലോര്‍ഡ് ഓഫ് വാറും അധിനിവേശത്തിനെതിരെ നാക്കുയര്‍ത്തിയപ്പോള്‍ ഭൂരിഭാഗം വരുന്ന മറു പക്ഷം അമേരിക്കക്ക് ജയ് വിളിച്ച് പടങ്ങള്‍ പടച്ച് വിട്ടു.
അതെല്ലാം പോട്ടെ.കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ദ് റൈസ് ഓഫ് പ്ലാനറ്റ്സ് ഓഫ് ദ് എയ്പ്സ് എന്ന ചിത്രം ഒരു വിശാല ചര്‍ച്ച അര്‍ഹിക്കുന്ന പടമാണ്.മനുഷ്യക്കുരങ്ങുകളുടെ ഉയിര്‍പ്പാണ് പടത്തിന്റെ കേന്ദ്രമെങ്കിലും അത് ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയം ബൃഹത്താണ്. തീര്‍ച്ചയായും അധിനിവേശവിരുദ്ധം റൂപ്പര്‍ട്ട് യാട്ട് സംവിധാനം ചെയ്ത് ജെയിംസ് ഫ്രാങ്കോയും ഇന്ത്യക്കാരി ഫ്രിദ പിന്‍ോയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ ചിത്രം അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം തകര്‍ക്കപ്പെട്ടവന്റെ ഉയര്‍ത്തെഴുനേല്‍പ്പിന്റെ കൈവഴികള്‍ വരച്ചു ചേര്‍ക്കുന്നു.
സീസര്‍ എന്നു പറയുന്ന ചിമ്പന്‍സിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.അല്‍ഷിമേഴ്സിന് മറുമരുന്നു തേടുന്ന മരുന്ന് കമ്പനിയുടെ പരീക്ഷണ മൃഗമായിരുന്നു സീസറിന്റെ അമ്മ.ചില പ്രത്യേക സാഹചര്യത്തില്‍ വില്‍ റോഡ്മാന്(ജയിംസ് ഫ്രാങ്കേ) സീസറിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുന്നു.തീരെ ചെറിയ കുഞ്ഞായിരുന്നു അന്ന് സീസര്‍.തന്റെ സഹജീവികളോട് സംസര്‍ഗത്തിലേര്‍പ്പെടാതെയായിരുന്നു അവന്റെ ജിവിതം. മൃഗ തൃഷ്ണകളെയെല്ലാം അടക്കിവച്ച് തന്റെ രക്ഷിതാവിനെ ചുറ്റിപ്പററിയുള്ള അവന്റെ ജിവിതം സുരക്ഷിതമായിരുന്നു.പക്ഷെ മനുഷ്യര്‍ കെട്ടിപ്പൊക്കിയ സാമൂഹ്യ നിയമങ്ങളുടെ ഊരാക്കുടുക്കുകളില്‍ ഒരു മനുഷ്യക്കുരങ്ങ് അധികപ്പറ്റായി.സീസറിന്റെ അമ്മയില്‍ നടത്തിയ മരുന്നു പരീക്ഷണത്തിന്റെ രസതന്ത്രഫലം അമിത ബുദ്ധി വളര്‍ച്ചയുടെ രൂപത്തിലാണ് അവനില്‍ പ്രതിഫലിച്ചത്.മനുഷ്യനോളം ബുദ്ധിയുള്ള കുരങ്ങോ….എങ്കില്‍ അവന്‍ പോകട്ടെ ആനിമല്‍ കെയര്‍ സെന്ററിലേക്ക്.
ആനിമല്‍ കെയര്‍ സെന്ററിന്റെ കല്‍തുറുങ്കുകള്‍ അവനെ ചില മനുഷ്യനിര്‍മിത രാഷ്ട്രീയത്തിന്റെ പടിപ്പുരക്ക് പുറത്താണ് തന്റെ സ്ഥാനം എന്ന് മനസ്സിലാക്കിക്കൊടുക്കുന്നു.കല്‍തുറുങ്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വില്‍ റോഡ് മാന്‍ വരുമെന്ന് അവന്‍ ഉറച്ച് വിശ്വസിച്ച് അത് തെറ്റാണെന്ന് ഉറപ്പാകും വരെ മാത്രം.താന്‍ വെറുമൊരു വളര്‍ത്തു മൃഗം മാത്രമായിരുന്നു എന്നും സത്യത്തില്‍ തന്റെ സഹ ജയിലുകളിലെ നൂറുകണക്കിന് കുരങ്ങുകളിലൊരാളാണ് താനെന്നും അവന്‍ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.ആശ്രയത്തിന്റെ രൂപത്തില്‍ വരുന്ന അടിമത്തം അവന്‍ തട്ടിയെറിഞ്ഞത് രക്ഷിക്കാനായി എത്തിയ റോഡ് മാന്റെ,അവന്റെ പഴയ യജമാനന്റെ മുഖത്ത് ജയില്‍ വാതില്‍ സ്വയം കൊട്ടിയടച്ച് കൊണ്ടാണ്.
നേരിന്റെ രാഷ്ട്രീയം വളരെ വിദഗ്ധമായാണ് സംവിധായകരും കൂട്ടരും അവതരിപ്പിക്കുന്നത്.മനുഷ്യകുലം ഉടലെടുത്തത് കുരങ്ങ് കുലത്തില്‍ നിന്നാണെന്ന അഭിപ്രായം അറിഞ്ഞോ അറിയാതെയോ അംഗീകരിക്കുന്നുണ്ട് ഈ ചിത്രം.
പരിണാമത്തിന്റെ ഇടവഴികളില്‍ മനുഷ്യന് നഷ്ടപ്പെട്ട നന്മകളെല്ലാം നമുക്ക് സീസറിലും കൂട്ടരിലും വായിച്ചെടുക്കാം.മനുഷ്യാ… നിനക്ക് നാണമില്ലേ എന്ന് ചിത്രം ഉറക്കെ ചോദിക്കുന്നു.. മൃഗശാലയില്‍ നിന്നും രക്ഷപ്പെടുന്ന സീസറും നൂറുകണക്കിന് അനുയായികളും നഗരത്തില്‍ മനുഷ്യരുമായി ഏറ്റുമുട്ടുന്നു. മനുഷ്യ സൈന്യം തോല്‍ക്കുന്നു. അടിച്ചമര്‍ത്തല്‍ ഏകപക്ഷീയമല്ല എന്ന വസ്തുത തെളിയുന്നതിവിടെയാണ്. പക്ഷെ വിജയത്തിന് ശേഷം മനുഷ്യരുടെ ആധിപത്യം കൈക്കലാക്കാനല്ല അവര്‍ ശ്രമിച്ചത്.മറിച്ച് തങ്ങളുടെ യഥാര്‍ത്ഥ ആവാസ വ്യവസ്ഥ….മരങ്ങള്‍ക്കിടയിലേക്ക്…അതിന് മുകളിലേക്ക്….ആകാശമാകുന്ന സ്വാതന്ത്രത്തിലേക്ക് നടന്നു നീങ്ങുകയാണവര്‍ ചെയ്തത്.
അവതാറില്‍ ആനിമേഷന്‍ വിരുന്നൊരുക്കിയ അതേ സംഘം തന്നെയാണ് ഈ ചിത്രത്തിന്റെ സ്പെഷല്‍ ഇഫക്ട് കൈകാര്യം ചെയ്തത്. കാഴ്യുടെ ഉല്‍സവത്തിന് പുറമെ ചിന്തയെ മഥിക്കുന്ന രാഷ്ട്രീയ^ അരാഷ്ട്രീയ വാദങ്ങളും സമന്വയിക്കുന്ന ഈ ചിത്രം മനുഷ്യനെന്നതില്‍ അഹങ്കരിക്കുന്ന എല്ലാവരും കാണേണ്ട താണ്. ഹോളവുഡില്‍ സംഭവിക്കുന്ന ചലനങ്ങളെ പറ്റി ഗൌരവമായി പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുകൂടിയും ഈ ചിത്രം ഓര്‍മിപ്പിക്കുന്നു.

Director: Rupert Wyatt

Produced by
Peter Chernin …. producer
Dylan Clark …. producer
Thomas M. Hammel …. executive producer
Rick Jaffa …. producer
Amanda Silver …. producer
Kurt Williams …. coproducer

Original Music by
Patrick Doyle

Cinematography by
Andrew Lesnie

Film Editing by
Conrad Buff IV
Mark Goldblatt

James Franco …Will Rodman
Freida Pinto …Caroline Aranha
John Lithgow …Charles Rodman
Brian Cox …John Landon
Tom Felton …Dodge Landon
David Oyelowo …Steven Jacobs
Tyler Labine …Robert Franklin
Jamie Harris …Rodney
David Hewlett …Hunsiker

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers