ഉള്ളില്‍, ചില മരങ്ങള്‍ പെയ്യുന്നു

എന്നുമുണ്ടായിരുന്നു വഴികളിലെല്ലാം പേരറിയാത്ത മരങ്ങള്‍. ഒറ്റനോട്ടത്തില്‍ കൂട്ടുകൂടുന്ന പല തരം ചെടികള്‍. ഏതു വെയിലിലും ആശ്രയമായി തണലിന്റെ ഇത്തിരിയിടം. ഏതു മഴയത്തും കേറി നില്‍ക്കാനൊരിടം. ചിലപ്പോള്‍ തോന്നും മരമേ, എനിക്കുമാവണം നിന്നെപ്പോലൊരു തണല്‍. ഓരോ പൂവും നിറഞ്ഞു ചിരിക്കുന്നൊരു പെണ്‍മരം. വേരുകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന, പച്ചിലകളാല്‍ ആകാശത്തെ സ്പര്‍ശിക്കുന്ന, ഉള്‍ക്കാമ്പുള്ള ഒരു പെണ്‍മരം!

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍

ഇവിടെ ഞാനൊരിക്കലും ഒറ്റക്കാവുന്നില്ല. മഴയറിയാനും നിലാവറിയാനും കൂടെ പോരുന്നുണ്ടോ എന്ന് ചോദിക്കുമ്പോഴും, ആണവ പദ്ധതിക്കെതിരായി സൈക്കിളില്‍ കേരളം ചുറ്റാന്‍ കൂടുന്നുണ്ടോ എന്ന് അന്വേഷിക്കുമ്പോഴും നല്ല സിനിമകള്‍ കാണാന്‍ അവസരമുള്ള ചലച്ചിത്ര മേളകളിലേക്ക് ക്ഷണിക്കുമ്പോഴും കൂടെ നില്‍ക്കാനും പ്രതികരിക്കാനും പങ്കെടുത്തു വിജയിപ്പിക്കാനും ഓണ്‍ലൈന്‍ ഇടങ്ങളിലെ കൂട്ടുകാരും ഇവിടെ നടക്കുന്ന ചര്‍ച്ചകളും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.