സിസേക് സംസാരിക്കുന്നു: Page 2

 

 

തത്വചിന്തയുടെ ബോററ്റ്

“ഹിറ്റ്ലറിനുണ്ടായിരുന്ന പ്രശ്നം അയാള്‍ വേണ്ടത്ര അക്രമകാരിയായിരുന്നില്ലെന്നതാണ്” അല്ലെങ്കില്‍ “ഞാന്‍ ഒരു മനുഷ്യനല്ല. ഞാന്‍ ഒരു രാക്ഷസനാണ്” തുടങ്ങിയ അദ്ദേഹത്തിന്‍റെ പ്രകോപനപരമായ പ്രസ്താവനകള്‍ തെരഞ്ഞെടുത്തുദ്ധരിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഒരു നിരൂപകന്‍ അദ്ദേഹത്തെ ‘തത്വചിന്തയുടെ ബോററ്റ്‘ ആയാണ് വിശേഷിപ്പിക്കുന്നത്.

ചിലര്‍ വെറുമൊരു വിവാദാന്വേഷിയാക്കി തള്ളിക്കളയുമ്പോള്‍ മറ്റു ചിലര്‍ നവമാര്‍ക്സിസ്റ് സമഗ്രാധിപത്യവാദത്തിന്റെ ഒരു മുന്‍നിരപ്പോരാളിയായി അദ്ദേഹത്തെ ഭയപ്പെടുന്നു. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത് മുതല്‍ അദ്ദേഹം ആ രംഗത്തെ ഒരു പ്രശസ്തനെന്ന് ഘോഷിക്കപ്പെടുകയും ബുദ്ധിജീവിയെന്ന നിലയിലും പ്രതിഭയെന്ന നിലയിലും അന്ധമായി പിന്‍പറ്റുന്ന വലിയൊരു ആരാധകവൃന്ദത്തെ ആകര്‍ഷിച്ചെടുത്ത് അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്തു. ആ ജനപ്രീതി സന്തോഷം പകരുന്ന ഒരു തരം വിരോധാഭാസം തന്നെയാണ്. കാരണം, അതദ്ദേഹത്തിന് അനുകൂലമായിരുന്നില്ലെങ്കില്‍ മൌനം പൂണ്ടിരിക്കുകയായിരിക്കും ഭേദമെന്ന് അദ്ദേഹം പറയുന്നു.

 

 

മാനവികത. അതെ, അത് തരക്കേടില്ല

അദ്ദേഹം നിങ്ങള്‍ക്ക് നല്‍കുന്ന ഊഷ്മളമായ സ്വീകരണവും മാന്യമായ പെരുമാറ്റവും ഒരു നല്ല അഭിപ്രായമാണ് അദ്ദേഹത്തെക്കുറിച്ച് നിങ്ങളില്‍ ഉണ്ടാക്കുകയെങ്കിലും തന്റെ ഉദ്ദേശ്യം ഉള്ളിലുള്ള വിദ്വേഷം മറച്ചു പിടിച്ചു കബളിപ്പിക്കല്‍ മാത്രമാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ധൃതിപ്പെടുന്നു. “എന്നെ സംബന്ധിച്ചേടത്തോളം നരകം എന്നാല്‍ അമേരിക്കന്‍ രീതിയിലുള്ള പാര്‍ട്ടികളാണ്. അല്ലെങ്കില്‍, അവരെന്നോട് ഒരു സംവാദത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും സംവാദത്തിനു ശേഷം ഒരു ചെറിയ സ്വീകരണം ഉണ്ടാവുമെന്നോ മറ്റോ പറയുകയും ചെയ്യുമ്പോള്‍ ഞാന്‍ ഉറപ്പിക്കുന്നു അത് തന്നെയാണ് യഥാര്‍ത്ഥ നരകമെന്ന് .

അതായത്, സംവാദത്തില്‍ ഒരു ചോദ്യം പോലും ചോദിക്കാന്‍ കഴിയാതെ നിരാശ പൂണ്ട എല്ലാ മൂഢന്മാരും അവസാനം അടുത്ത് വരുന്നു. എന്നിട്ട് പതിവ് ശൈലിയില്‍ ചോദ്യമാരംഭിക്കും: ‘പ്രൊഫസര്‍ സിസേക്ക്, താങ്കള്‍ ക്ഷീണിതനാണെന്നറിയാം, എന്നാലും….’ .

“വിഡ്ഢികള്‍. ക്ഷീണിതനാണെന്നറിയാമെങ്കില്‍ പിന്നെ എന്തിനാണങ്ങനെ ചോദിക്കുന്നത്? ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്റാലിനിസ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഉല്‍പ്പത്തിഷ്ണുക്കള്‍ സമഗ്രാധിപത്യവാദികളോട് തങ്ങള്‍ മാനവികത ഇഷ്ടപ്പെടുന്നവരാണെന്ന് എപ്പോഴും പറയും. എന്നാല്‍ ആ പറയുന്ന പോലെ അവര്‍ക്ക് സാധാരണ മനുഷ്യരോട് വല്ല സഹാനുഭൂതിയും ഉണ്ടോ? ഇല്ലല്ലോ? ശരിയാണ്. ആ നിലപാടാണെനിക്ക് നന്നായി ചേരുക. മാനവികത. അതെ, അത് തരക്കേടില്ല. കുറെ വായില്‍ ഒതുങ്ങാത്ത വാചകമടിയും പിന്നെ കുറച്ചു മഹത്തായ കലകളും മതിയല്ലോ. മറിച്ച് സാധാരണ മനുഷ്യരുടെ പിന്നാലെയാണെങ്കിലോ? അവര്‍ 99 ശതമാനവും വെറും ബോറന്മാരായ മന്ദബുദ്ധികളല്ലേ. ”

 

 

വിദ്യാര്‍ത്ഥികളെ സഹിക്കാനാവില്ല

എന്നാല്‍ അദ്ദേഹത്തിന് വിദ്യാര്‍ത്ഥികളെ സഹിക്കാനാവില്ലെന്നതാണ് കൂടുതല്‍ രസകരമായ സംഗതി. “ഒരിക്കല്‍ അമേരിക്കയില്‍ വെച്ച് ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോള്‍- -ആ പണിക്ക് ഇനി ഒരിക്കലും എന്നെ കിട്ടില്ല -ഒരു വിദ്യാര്‍ത്ഥി എന്‍റെയടുത്തേക്ക് വന്നു പറഞ്ഞു: ‘പ്രൊഫസര്‍, താങ്കള്‍ ഇന്നലെ പറഞ്ഞത് എനിക്ക് ശരിക്കും ബോധിച്ചിട്ടുണ്ടെങ്കിലും എനിക്ക് തോന്നുന്നത് എന്‍റെ പേപ്പര്‍ എന്തായിരിക്കണമെന്നതിനെക്കുറിച്ച് പോലും എനിക്കറിയില്ലെന്നാണ്. താങ്കള്‍ ദയവായി കുറച്ചു കൂടി ചിന്തകള്‍ പങ്കു വെക്കാമോ? എങ്കില്‍ ചിലപ്പോള്‍ എന്തെങ്കിലും ആശയം തോന്നാതിരിക്കില്ല.’ ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നാശം പിടിച്ചവന്‍. ഞാനെന്തിന് അതൊക്കെ ചെയ്തു കൊടുക്കണം? ”

സിസേക്കിന് യൂറോപ്പിലും അമേരിക്കയിലും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മിക്ക അധ്യാപക ജോലികളും ഇത്തരം ശല്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി കയ്യൊഴിയേണ്ടി വന്നിട്ടുണ്ട്. “പ്രത്യേകിച്ചും അവര്‍ വ്യക്തിപരമായ പ്രശ്നങ്ങളുമായി എന്നെ സമീപിക്കുമ്പോഴാണ് എനിക്ക് വെറുപ്പ് തോന്നാറുള്ളത്. എന്റെ നിലപാട് എന്താണെന്ന് ചോദിച്ചാല്‍, എന്നെ നോക്കുക, എന്‍റെ പേശീ ചലനങ്ങള്‍ ശ്രദ്ധിക്കുക, ഞാന്‍ ഭ്രാന്തനാണെന്നത് നിങ്ങള്‍ കാണുന്നില്ലേ? വെറുമൊരു ഭ്രാന്തനായ എന്നോട് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ സഹായം ആവശ്യപ്പെടുന്നത് പോയിട്ട് അപ്രകാരം ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?” ഈ പറഞ്ഞതിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തെ ഈയവസരത്തില്‍ കണ്ടാല്‍ വ്യക്തമാവും.

അക്ഷരാര്‍ത്ഥത്തില്‍ തന്നെ, മണം പിടിക്കുകയും വലിക്കുകയും ഗോഷ്ടി കാണിക്കുകയും വന്യമായി മുഖം മാന്തിക്കീറാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കരടിയെപ്പോലെ ശരിക്കും ഭീഭത്സമായ രൂപത്തിലാണ് സിസേക്ക് ഇപ്പോള്‍. “എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ല! അവരിപ്പോഴും എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു. എന്നിട്ടും ഞാനത് വെറുക്കാന്‍ കാരണം മറ്റൊന്നുമല്ല. അമേരിക്കന്‍ സമൂഹത്തെക്കുറിച്ചാണെങ്കില്‍ എനിക്ക് ഇഷ്ടപ്പെടാത്തത് ലൈംഗിക കാര്യങ്ങളിലുള്ള അവരുടെ തുറന്ന സമീപനമാണ്. ഒന്നാമത്തെ കാഴ്ചയില്‍ തന്നെ തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് മറ്റൊരാളോട് തുറന്നു പറയാന്‍ മടിക്കാത്ത സമീപനം. എനിക്കത് വെറുപ്പാണ്. കഠിനമായ വെറുപ്പ്. ”

എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സിസേക്ക് തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച തന്നെയാണല്ലോ. “സമ്മതപ്രകാരമുള്ള ബലാല്‍സംഗം” എന്നദ്ദേഹം വിശേഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യാന്‍ എപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്ന ഒരു മുന്‍ കാമുകിയെക്കുറിച്ച് മുകള്‍നിലയിലേക്കുള്ള ലിഫ്റ്റില്‍ വെച്ച് അദ്ദേഹം വാചാലനായി. ഹെഗേലിനെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തെക്കുറിച്ചാകും അദ്ദേഹത്തിനെന്നോട് സംസാരിക്കാനുണ്ടായിരുന്നതെന്നാണ് ഞാന്‍ കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന് പറയാനുള്ളത് മുഴുവനും ലൈംഗികതയെക്കുറിച്ച് മാത്രമായിരുന്നു.

ബാക്കി ഭാഗം അടുത്ത പേജില്‍    

മുന്‍ പേജിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *