സിസേക് സംസാരിക്കുന്നു: 3rd page

 

 

ഞാനിവിടെയൊരു തീവ്ര വികാരജീവിയാണ്.
“ശരിയാണ്. കാരണം ഞാനിവിടെയൊരു തീവ്ര വികാരജീവിയാണ്. ലൈംഗികതയെ പ്രയോഗവല്‍ക്കരിക്കുന്നത് അനുവദനീയമാക്കിക്കൊണ്ടുള്ള ഉത്തരാധുനികമായ പെരുമാറ്റരീതിയാണ് ഞാന്‍ ഭയപ്പെടുന്നത്. അത് ഭയാനകം തന്നെയാണ്. ലൈംഗികത ആരോഗ്യകരമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അത് ആനന്ദദായകമാണെന്നും ഹൃദയത്തിനും രക്തചംക്രമണത്തിനും നല്ലതാണെന്നും പറയുന്നതോടൊപ്പം തന്നെ വെറും ചുംബനം പോലും നമ്മുടെ മസിലുകള്‍ക്ക് ഉത്തേജനം നല്കുമെന്ന് വരെ അവര്‍ പറഞ്ഞു കളഞ്ഞു. ദൈവമേ, അത്യന്തം ഭയാനകം തന്നെയാണത്!” ലൈംഗിക പങ്കാളികളെ “പുറം കരാറുകള്‍” മുഖേന സ്വീകരിക്കുക വഴി പ്രണയബന്ധത്തിലുണ്ടാവുന്ന ബാധ്യതകളില്‍ നിന്നും മോചനം നേടാമെന്ന ഡേറ്റിംഗ് ഏജന്‍സികളുടെ വാഗ്ദാനം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തുന്നു. “അത് വെറും ആസക്തി മാത്രമാണ്. ഒരിക്കലും ശാശ്വതമാവില്ല. പ്രണയത്തിന്റെ ഭാഗമായുള്ള ലൈംഗികതയെ ഞാന്‍ ഇഷ്ടപ്പെടുന്നു. നിനക്കറിയാമോ, നിന്നെ എന്നും ഭോഗിക്കാനാണെങ്കില്‍ എന്റെ അമ്മയെ അടിമയാക്കി വില്‍ക്കാന്‍ പോലും ഞാന്‍ സന്നദ്ധനാണ്. വിസ്മയകരമായ പലതും അതിലുണ്ട്. അതെ, ഒരിക്കലും സുഖപ്പെടുത്താനാവാത്ത ഒരു വികാരജീവി തന്നെയായിരിക്കും ഞാനെപ്പോഴും.”

ഒരു ചോദ്യം ഉന്നയിച്ച് ഇടപെടാന്‍ ഞാന്‍ ആലോചിക്കുമ്പോഴോക്കെയും അദ്ദേഹം കാട് കയറിക്കൊണ്ടിരിക്കുക തന്നെയാണ്. “എനിക്ക് ചില വിചിത്രമായ പരിമിതികളാണുള്ളത്. സ്ത്രീ ആവശ്യപ്പെട്ടാല്‍ പോലും എനിക്കൊരിക്കലും ഗുദഭോഗം ചെയ്യാന്‍ കഴിയില്ല. കാരണം അതവള്‍ക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്നെ സുഖിപ്പിക്കാന്‍ വേണ്ടി അവള്‍ അത് ഇഷ്ടമാണെന്ന് അഭിനയിക്കുകയാണെങ്കിലോ എന്ന സന്ദേഹം എനിക്കെപ്പോഴും ഉണ്ടായിരുന്നു. വദനസുരതത്തിന്റെ കാര്യവും അങ്ങനെത്തന്നെ. അവള്‍ വെറുതെ അഭിനയിക്കുകയാണെങ്കിലോ? ”

 

 

പ്രണയം ഇല്ലെന്നു മാത്രമല്ല, ഒരിക്കലും പ്രണയിച്ചിട്ടുമില്ലെന്നാണ് എന്റെ വിശ്വാസം
വിരലിലെണ്ണാവുന്ന സ്ത്രീകളോടോത്ത് മാത്രമാണ് അദ്ദേഹം കിടപ്പറ പങ്കിട്ടിട്ടുള്ളത്. കാരണം അതദ്ദേഹത്തിന് വളരെ മനോവിഷമമുണ്ടാക്കുന്ന കാര്യമാണ്. “ഒറ്റ രാത്രിക്കു വേണ്ടി മാത്രമുള്ള ലൈംഗികബന്ധം എനിക്ക് സാധ്യമല്ല. അങ്ങനെ ചെയ്യാന്‍ കഴിയുന്നവരോട് എനിക്ക് അസൂയയാണ് തോന്നുന്നത്. ‘അത് വളരെ രസകരമായിരിക്കും, എനിക്കത് നല്ലതാണെന്നാണ് തോന്നുന്നത്, വരൂ നമുക്കൊരു കൈ നോക്കി വരാം’ എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ചേടത്തോളം വളരെ പരിഹാസ്യമായ പ്രസ്താവനയാണ്. കാരണം, മറ്റൊരാളുടെ മുന്നില്‍ നഗ്നനായി നില്‍ക്കുമ്പോള്‍ നമ്മുടെ ശരീര ഘടനയെക്കുറിച്ച് പരിഹാസ്യമായ എന്തെങ്കിലും അഭിപ്രായം അവര്‍ എഴുന്നള്ളിച്ചാല്‍ പിന്നെ സ്വസ്ഥത നശിക്കാന്‍ കൂടുതലെന്തു വേണം.” കൂടാതെ എന്നും കൂടെയുണ്ടാവുമെന്നുറപ്പില്ലാത്ത ഒരാളുടെ കൂടെയും അദ്ദേഹത്തിന് അന്തിയുറങ്ങാന്‍ സാധ്യമല്ല. “എന്റെ എല്ലാ ബന്ധങ്ങളും ഈ സ്ഥിരതയുടെ കാഴ്ചപ്പാടില്‍ അളന്നാണ് നശിച്ചു പോയത്. എന്റെ കിടപ്പറ പങ്കിട്ടവരുടെ എണ്ണം ഇത്ര പരിമിതമായിപ്പോയതും അത് കൊണ്ട് തന്നെയാണ്. പ്രസ്തുത വിലക്ഷണമായ കാഴ്ചപ്പാട് കൊണ്ട് ഞാനുദ്ദേശിക്കുന്നതും അത് തന്നെ”.

എങ്കിലും സിസേക്ക് മൂന്നു തവണ വിവാഹ മോചനം ചെയ്യപ്പെട്ടിട്ടുണ്ട്. അതെങ്ങനെയായിരിക്കും അദ്ദേഹം തരണം ചെയ്തത്? “ങാ, ഞാന്‍ പറഞ്ഞു തരാം. യുവാവായ മാര്‍ക്സിനെ അറിയില്ലേ, ഞാന്‍ മാര്‍ക്സിനെ ആദര്‍ശവല്‍ക്കരിക്കുകയല്ല, അദ്ദേഹം വ്യക്തിപരമായി ഒരു വഷളനായിരുന്നു എങ്കിലും അദ്ദേഹത്തിന് അദ്ഭുതകരമായ വാദങ്ങള്‍ ഉണ്ട്. അദ്ദേഹം പറയുന്നു. : ‘നിങ്ങള്‍ വെറുതെ വിവാഹബന്ധം വേര്‍പ്പെടുത്തരുത്. ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന സ്നേഹം ഒരിക്കലും ആത്മാര്‍ത്ഥമായിരുന്നില്ലെന്ന് സ്ഥാപിച്ചെടുക്കുകയാണ് വിവാഹമോചനത്തിലൂടെ ചെയ്യുന്നത്’. സ്നേഹം ഇല്ലാതാവുമ്പോള്‍ മുമ്പുണ്ടായിരുന്നത് വെറും കപടസ്നേഹമായിരുന്നുവെന്നുമാണ് വ്യക്തമാവുന്നത്.” അതാണോ സിസേക്ക് ചെയ്തത്? “അതെ! ഞാനത് മുഴുവനായി മായ്ച്ചു കളയുന്നു. എനിക്കിപ്പോള്‍ പ്രണയം ഇല്ലെന്നു മാത്രമല്ല, ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടുമില്ലെന്നാണ് എന്റെ വിശ്വാസം.

ഇത് തെളിയിക്കാനെന്ന വണ്ണം അദ്ദേഹം വാച്ചിലേക്ക് നോക്കുന്നു. തൊട്ടടുത്ത് താമസിക്കുന്ന അദ്ദേഹത്തിന്‍റെ 12 വയസ്സുള്ള മകന്‍ ഇപ്പോഴെത്തും. അവനിവിടെ വന്നാല്‍പ്പിന്നെ ഈ സംസാരം എങ്ങനെ നടക്കും? വിഷമിക്കേണ്ട, സിസേക്ക് പറഞ്ഞു. അവന്‍ വൈകാനാണ് സാധ്യത. അവന്‍റെ അമ്മ അത്ര അലസയാണ്: “എന്റെ ഭാര്യയാണെന്നവകാശപ്പെടുന്ന ദുഷ്ട.” അപ്പോള്‍ അവരെ വിവാഹം ചെയ്തിട്ടില്ലേ? “ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, അതും ചെയ്തിട്ടുണ്ട്”.

സിസേക്കിനു രണ്ട് ആണ്‍മക്കളാണുള്ളത്. മറ്റെയാള്‍ക്ക് മുപ്പതു വയസ്സായി. എങ്കിലും സിസേക്കിന് ഒരിക്കലും ഒരു രക്ഷിതാവാകണമെന്ന താല്‍പ്പര്യമില്ല. “പിന്നെ ഞാനെന്തു കൊണ്ടാണ് എന്റെ രണ്ടു പുത്രന്മാരെയും സ്നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ അതെന്റെ മനോവിശാലതയും സഹാനുഭൂതിയുമാണ് കാണിക്കുന്നത്. ആരെങ്കിലും ഉപദ്രവിക്കപ്പെടുന്നതായോ അരക്ഷിതാവസ്ഥയില്‍പ്പെട്ടതായോ കണ്ടാല്‍ എനിക്ക് ഉള്ളിലുള്ള ആ നല്ല വികാരങ്ങളെ തടഞ്ഞു നിര്‍ത്താനാവില്ല. കൂടുതല്‍ വ്യക്തമാക്കിപ്പറഞ്ഞാല്‍ മകനെ എനിക്ക് മുഴുവനായി വേണ്ടെങ്കിലും പ്രസ്തുത വികാരങ്ങള്‍ എന്നിലുള്ളത് മൂലം ഞാന്‍ അവനെ വളരെയധികം സ്നേഹിക്കുന്നു.

 

 

ഞാന്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.
ഹെഗേലിനെക്കുറിച്ചുള്ള സിസേക്കിന്‍റെ Less Than Nothing: Hegel and the Shadow of Dialectical Materialism എന്ന പുതിയ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പരിസരത്തൊന്നും ഞങ്ങള്‍ എത്താന്‍ പോകുന്നില്ലെന്ന് ഇതിനകം എനിക്ക് മനസ്സിലായി. പകരം, മകനോടൊപ്പം ചെലവഴിച്ച അവധിക്കാലങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. അവസാനത്തേത് ദുബായിലെ ആഡംബരങ്ങളുടെ പറുദീസയായ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ ആയിരുന്നു. “എന്ത് കൊണ്ട്, എന്ത് കൊണ്ട്? ഞാന്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും മാര്‍ക്സിയന്‍ എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യം ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്. ഞാനും മകനും അവിടത്തെ ഒരു പാക്കിസ്ഥാനി ടാക്സി ഡ്രെെവറുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവിടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അയാള്‍ ഞങ്ങള്‍ക്ക് കാണിച്ച് തരികയും ചെയ്തു. അവിടത്തെ തൊഴിലാളികളുടെ ജീവിത രീതികളും അവര്‍ എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്നും വിവരിച്ചു കേട്ടപ്പോള്‍ മകന്‍ ശരിക്കും ഭയന്ന് പോയി. ”

ഈ മധ്യവേനലില്‍ അവര്‍ ലക്ഷ്യമിടുന്നത് 50 നിലകളുള്ള അംബര ചുംബികളുടെ മുകള്‍നിലകളില്‍ പോലും സ്വിമ്മിംഗ് പൂളുകള്‍ ഉള്ള സിങ്കപ്പൂരെന്ന കൃത്രിമ ദ്വീപിലേക്ക് പോകാനാണ്. “അവിടെ ഞങ്ങള്‍ക്ക് സ്വിമ്മിംഗ് പൂളില്‍ നീന്തിക്കൊണ്ട് തന്നെ താഴെയുള്ള നഗരം കണ്ടാസ്വദിക്കാം. ‘ഹാ ഹാ കിടിലന്‍.’ അതാണെനിക്ക് വേണ്ടത്. ശരിക്കും ഭ്രാന്തന്‍ കാര്യങ്ങള്‍.” മകന്‍ കുഞ്ഞായിരുന്നപ്പോള്‍ അവയൊന്നും അത്ര ആസ്വാദ്യകരമായിരുന്നില്ല. “പക്ഷെ ഇപ്പോള്‍, ഞങ്ങള്‍ തമ്മില്‍ കുറെ മനപ്പൊരുത്തം രൂപപ്പെട്ടിട്ടുണ്ട്. ഒരു മണി വരെ ഞങ്ങള്‍ ഉറങ്ങും. ഉണര്‍ന്ന് ഭക്ഷണം കഴിക്കും. ശേഷം നഗരത്തിലേക്കിറങ്ങും. ചുറ്റിക്കറങ്ങിയിട്ട് അത്താഴം കഴിക്കും. പിന്നെ സിനിമക്ക് തീയേറ്ററിലേക്ക് പോകും. മൂന്നു മണി വരെ ഗെയിമുകള്‍ കളിച്ചിരിക്കും. സാംസ്ക്കാരികമായി ഒന്നുമില്ലാത്ത കുറെ മടയത്തരങ്ങളും സുഖഭോഗങ്ങളും മാത്രം.

 

 

എന്നെപ്പോലുള്ളവരുടെ കടമ മറുപടി പറയലല്ല, ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കലാണ്
സിസേക്കിന്റെ ആത്മാര്‍ത്ഥതയുള്ള ആരാധകര്‍ ഇതേക്കുറിച്ച് എന്ത് പറയുമെന്നറിയാന്‍ എനിക്ക് കൌതുകമുണ്ട്. കൂടുതല്‍ ഗൌരവമായതൊന്നും അദ്ദേഹത്തെക്കുറിച്ച് പറയാത്തതെന്ത് എന്ന അവരുടെ മറുചോദ്യവും ഞാന്‍ ഉത്കണ്ഠയോടെ പ്രതീക്ഷിക്കുന്നു. പക്ഷെ, സിസേക്കിനെ സംബന്ധിച്ചേടത്തോളം സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഒരു സംവാദത്തിന് നല്‍കാന്‍ കഴിയുന്നത്ര തന്നെ ലോകത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ദുബായ് നഗരത്തിനും നമ്മോടു പറയാന്‍ കഴിയുമെന്നാണ്. അദ്ദേഹത്തിന്റ സുമുഖനും നിഷ്കളങ്കനുമായ മകന്‍ എത്തിയപ്പോള്‍ സംഭാഷണം സാമ്പത്തിക പ്രതിസന്ധിയിലേക്കും അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രശ്നത്തിന് യുക്തിപൂര്‍വമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കേണ്ട കടമയിലേക്കും ഞാന്‍ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു.

“ഞാന്‍ എപ്പോഴും പറയാറുള്ള പോലെ, എന്നില്‍ നിന്നത് പ്രതീക്ഷിക്കരുത്. ഒരു സമ്പൂര്‍ണ്ണ പ്രശ്നപരിഹാരവിധിയാണ് എന്നെപ്പോലുള്ള ഒരാളുടെ കര്‍ത്തവ്യമെന്നു ഞാന്‍ കരുതുന്നില്ല. ഇനിയെന്ത് ചെയ്താലാണ് സമ്പദ് വ്യവ്യസ്ഥ രക്ഷപ്പെടുകയെന്നു ജനങ്ങള്‍ എന്നോട് ചോദിച്ചാല്‍ എനിക്കെന്തു കുന്തമാണ് അറിയുക. എന്നെപ്പോലുള്ളവരുടെ കടമ മറുപടി പറയലല്ല, മറിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കലാണെന്നാണ് ഞാന്‍ കരുതുന്നത്.”

അദ്ദേഹം ജനാധിപത്യത്തിനെതിരല്ല. എങ്കിലും ആഗോള മുതലാളിത്ത വ്യവസ്ഥിതിയെ നിയന്ത്രിക്കാന്‍ മാത്രമൊന്നും നമ്മുടെ ജനാധിപത്യസ്ഥാപനങ്ങള്‍ കരുത്താര്‍ജ്ജിച്ചിട്ടില്ലെന്നാണ് അദ്ദേഹം സ്വയം വിശ്വസിക്കുന്നത്. “പൊതുജനസമ്മതപ്രകാരം പുരോഗതിക്കു വേണ്ടിയുള്ള പരിഷ്കാരങ്ങള്‍ ചിലപ്പോള്‍ തദ്ദേശീയമായെങ്കിലും ഫലം ചെയ്തേക്കാം.” എന്നാല്‍ തദ്ദേശീയതയുടെ സ്ഥാനവും ജൈവ ആപ്പിളിന്റെ അതേ കാറ്റഗറിയില്‍ തന്നെയാണ് . പഴയപല്ലവി വീണ്ടും: ” അങ്ങനെ ചെയ്താല്‍ നമുക്ക് ഒരു സംതൃപ്തി വരുമെന്നേയുള്ളൂ. ഇന്നത്തെ വലിയ ചോദ്യം ആഗോള തലത്തില്‍ എങ്ങനെയാണ് ഈ വക കാര്യങ്ങള്‍ സംഘടിപ്പിക്കുന്നത് എന്നാണ്. അതി ബൃഹത്തായ രീതിയില്‍ അന്താരാഷ്ടാതലത്തില്‍ കാര്യങ്ങള്‍ എത്തുമ്പോള്‍ നിലവിലുള്ള ഭരണവ്യവസ്ഥകള്‍ പിന്‍വാങ്ങാതെ അതെങ്ങനെ സാധ്യമാകും. ”
 


 

ഞാന്‍ ശുഭാപ്തിവിശ്വാസിയുമാണ്
അതെങ്ങനെയാണ് സംഭവിക്കുക? “അപകടകരമായ ഒരു ഘട്ടത്തെയാണ് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നതിനാല്‍ എനിക്ക് അശുഭപ്രതീക്ഷയാണുള്ളത്. എന്നാല്‍ അതേ കാരണം കൊണ്ട് തന്നെ ഞാന്‍ ശുഭാപ്തിവിശ്വാസിയുമാണ്. അശുഭപ്രതീക്ഷക്കു കാരണം കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു എന്നതാണെങ്കില്‍ ശുഭാപ്തിവിശ്വാസത്തിനു കാരണം ഇങ്ങനെയൊരവസ്ഥയില്‍ ഒരു മാറ്റത്തിന് സാധ്യത ഏറെയാണ് എന്നതുമാണ്.” അതുപോലെ ഏതെല്ലാം അവസരങ്ങളിലാണ് കാര്യങ്ങള്‍ക്ക് മാറ്റം വരാതിരിക്കുക? “ങാ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ പതിയെ ഒരു പുതിയ പ്രമാണിവര്‍ഗ മേധാവിത്വ സമൂഹത്തിലേക്കാണ് നയിക്കപ്പെടുക. ഇത് പക്ഷെ, ഒരിക്കലും മുമ്പുണ്ടായിരുന്ന തരത്തിലുള്ള വൃത്തികെട്ട ഒരു മേധാവിത്വമായിരിക്കില്ല. ഉപഭോഗസംസ്ക്കാരത്തില്‍ അധിഷ്ഠിതമായ ഒരു പുതിയ രൂപത്തില്‍ ആയിരിക്കും.” മുഴുലോകവും ദുബായ് പോലെയാവുമെന്നാണോ? “അതെ, ദുബായില്‍ മറ്റൊരു വശത്ത് അക്ഷരാര്‍ത്ഥത്തില്‍ അടിമകളാണുള്ളത് ”

 

 

ഒരിക്കലും എന്നെ കോമാളിയാക്കി അവതരിപ്പിക്കരുത്
സിസേക്കിന്റെ കുസൃതി നിറഞ്ഞ വീമ്പുപറച്ചിലുകളിലെല്ലാം ഹൃദയസ്പര്‍ശിയായ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് അടങ്ങിയിട്ടുണ്ട്. ഇഷ്ടപ്പെടുന്ന പ്രകൃതമുള്ള ഒരാളായിട്ട് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കരുതിയിരുന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം സന്തോഷം പകരുന്ന നല്ലൊരു സുഹൃത്താണ്. അദ്ദേഹം ഒരു ഭ്രാന്തനാണോ പ്രതിഭയാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഞാനിപ്പോഴും ചിന്താക്കുഴപ്പത്തില്‍ തന്നെയാണ്. ഏത് വിധത്തിലാണ് ഞങ്ങള്‍ അദ്ദേഹത്തെ അവതരിപ്പിക്കേണ്ടതെന്ന എന്റെ ചോദ്യത്തിന് തന്നെ ഒരിക്കലും ഒരു കോമാളിയാക്കി അവതരിപ്പിക്കരുതെന്നദ്ദേഹം നിര്‍ദ്ദേശിച്ചു. “അധികമാളുകളും കരുതുന്നത് ഞാന്‍ തമാശ കാണിച്ച് പൊലിപ്പിക്കുകയാണെന്നാണ്. എന്നാല്‍ അതങ്ങനെയല്ല. ഞാന്‍ ആദ്യം തമാശ പറയുകയും പിന്നീട് ഗൌരവമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്യുന്നത്. തമാശ രൂപത്തില്‍ ഗൌരവമായ കാര്യങ്ങള്‍ അവതരിപ്പിക്കാനുളളതല്ലേ കല എന്ന് പറയുന്നത്.”

രണ്ടു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ മുന്‍പല്ലുകള്‍ കൊഴിഞ്ഞു പോയി. “എനിക്കൊരു നല്ല സുഹൃത്തുള്ള കാര്യം എന്റെ മകനറിയാം. സുഹൃത്തോ ഞാനോ സ്വവര്‍ഗപ്രേമിയല്ല. നല്ല സുഹൃത്തുക്കള്‍ മാത്രം. സുഹൃത്ത് എന്നെ പല്ലുകളില്ലാതെ കണ്ടപ്പോള്‍ പറഞ്ഞു: ‘എന്ത് കൊണ്ടാണെന്നെനിക്കറിയാം.’ പത്തു വയസുളള നിന്‍റെ മകന്‍ എന്നോടെന്താണ് പറഞ്ഞതെന്നറിയാമോ? ആലോചിച്ചു നോക്ക്, കുറച്ച് അശ്ലീലമായിത്തന്നെ.” എനിക്ക് ഊഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. എന്റെ പല്ലുകള്‍ ആ രൂപത്തിലാണെന്ന് അവന്‍ എന്‍റെ സുഹൃത്തിനോട് പരാതിപ്പെട്ടത്രേ.” സിസേക്ക് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുകയാണ്. പിതൃത്വത്തില്‍ അഭിമാനിച്ചുകൊണ്ടുള്ള പൊട്ടിച്ചിരി.

“എന്നാല്‍ അതിലെ ട്രാജികോമിക് അതൊന്നുമായിരുന്നില്ല. അവസാനം അവന്‍ പറയുകയാണ്. ‘അച്ഛാ, ഞാനീ തമാശ അത്യാവശ്യം നന്നായിത്തന്നെ അവതരിപ്പിച്ചില്ലേ?’

മുന്‍ പേജിലേക്ക്

 

Leave a Reply

Your email address will not be published. Required fields are marked *