ഈ മൌനം അശ്ലീലം

സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തു ദിവസമായി നമുക്കു മുന്നില്‍ നടക്കുന്ന നാടകങ്ങള്‍ എല്ലാ അതിരും കടന്നിരിക്കുന്നു. നിയമങ്ങളുടെയും സാങ്കേതികതയുടെയും പേരു പറഞ്ഞ്, സര്‍ക്കാറിന്റെ പൂര്‍ണ ഒത്താശയോടെ അവളെ ക്രൂരമായി പീഡിപ്പിക്കുകയാണ്. ഒരാളൊഴികെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ആസൂത്രിതമെന്ന് ആര്‍ക്കും തോന്നുന്ന വിധത്തില്‍ ഈ നാടകം അരങ്ങേറുന്നത്. ചോദ്യം ചെയ്യപ്പെടുമെന്നോ, വിമര്‍ശനമുയരുമെന്നോ ഒരാശങ്കയുമില്ലാതെയാണ് സമയമെടുത്ത് ഈ ‘മുയല്‍വേട്ട’ പുരോഗമിക്കുന്നത്. ആ വിശ്വാസം ശരിവെക്കും വിധം തന്നെയാണ് കേരളീയ പൊതുബോധം പെരുമാറുന്നതും. ഇത്ര പച്ചയായി കേരളത്തില്‍ ഒരുവളെയും പൊതുസമൂഹത്തിന് മുന്നിലിട്ട് ഇതുപോലെ ശിക്ഷിച്ചിട്ടില്ല, തീര്‍ച്ച- സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ ആസൂത്രിത നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുജ സൂസന്‍ ജോര്‍ജ് എഴുതുന്നു

 

 

ഈ പെണ്‍കുട്ടിയുടെ ജീവിതത്തോട് നമ്മളെന്തു മറുപടി പറയും? പതിനാറു വര്‍ഷമായി അവള്‍ കുടിക്കുന്ന കണ്ണീരിനോട്, നടന്ന തീ നിലങ്ങളോട് , അച്ഛനമ്മമാരും സഹോദരിയുമടങ്ങുന്ന അവളുടെ കുടുംബത്തിന്റെ നിശãബ്ദ രോദനങ്ങളോട് നമുക്കെന്ത് സമാധാനം പറയാനാവും. സൂര്യനെല്ലി കുട്ടിയെന്നു പേരിട്ട് കേരളം ഓര്‍ത്തെടുക്കുന്ന ഈ പാവം യുവതി കഴിഞ്ഞ പത്തുദിവസമായി പിന്നെയും പിന്നെയും നമുക്കു മുന്നില്‍ പീഡിക്കപ്പെടുമ്പോള്‍, അര്‍ഥവത്തായ മൌനം കൊണ്ട് ഭരണകൂടം അതിന് ഒത്താശ ചെയ്യുമ്പോള്‍, ജീവിതം പിച്ചിച്ചീന്തിയ ചെന്നായ്ക്കള്‍ വെളുക്കെച്ചിരിച്ച് അവള്‍ക്കു പിന്നാലെ വീണ്ടും വീണ്ടും ചെന്നു കുരയ്ക്കുമ്പോള്‍, അന്യായമെന്നു കേട്ടാല്‍ വാളെടുക്കുന്ന മാധ്യമങ്ങള്‍ പോലും കാതുകള്‍ കൊട്ടിയടക്കുമ്പോള്‍ എന്ത് തൊടുന്യായം വെച്ചാണ് ഇനിയും ഉറപ്പിച്ചു പറയുക, ഇപ്പോഴും നാമെല്ലാം മനുഷ്യരാണെന്ന്? നമുക്കും നമ്മുടെ പെണ്‍മക്കള്‍ക്കും വേണ്ടി ഒന്നര പതിറ്റാണ്ടിലേറെ തുടര്‍ന്നു വരുന്ന പോരാട്ടത്തില്‍ ഒറ്റക്കായിപ്പോയ അവള്‍ അതിന്റെ പേരില്‍ വീണ്ടും വീണ്ടും കൈയേറ്റം ചെയ്തിട്ടും ഒരക്ഷരം മിണ്ടാതെ സ്വന്തം ലോകങ്ങളില്‍ മുഴുകുന്ന നമ്മുടെ ശബ്ദങ്ങള്‍ ഇനിയെപ്പോഴാണ് അതിന്റെ മനുഷ്യപ്പറ്റ് വീണ്ടെടുക്കുക?

നിവൃത്തിയില്ലാതെ ചോദിച്ചു പോവുകയാണ്. അത്ര അസഹ്യമാണ് ഈ അവസ്ഥ. അത്ര ക്രൂരമാണ് സാഹചര്യം. അത്ര പൈശാചികം. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തു ദിവസമായി നമുക്കു മുന്നില്‍ നടക്കുന്ന നാടകങ്ങള്‍ എല്ലാ അതിരും കടന്നിരിക്കുന്നു. നിയമങ്ങളുടെയും സാങ്കേതികതയുടെയും പേരു പറഞ്ഞ്, സര്‍ക്കാറിന്റെ പൂര്‍ണ ഒത്താശയോടെ അവളെ ക്രൂരമായി പീഡിപ്പിക്കുകയാണ്. പണാപഹരണ കേസെന്ന് പറഞ്ഞ്, കള്ളിയായി മുദ്രകുത്തി, കള്ളം പറഞ്ഞും ഭീഷണിപ്പെടുത്തിയും രേഖകള്‍ ചമയ്ച്ച് ഒറ്റ തിരിച്ച് ശിക്ഷിക്കുകയാണ്. ഒരാളൊഴികെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ആസൂത്രിതമെന്ന് ആര്‍ക്കും തോന്നുന്ന വിധത്തില്‍തന്നെ ഈ നാടകം അരങ്ങേറുന്നത്. ചോദ്യം ചെയ്യപ്പെടുമെന്നോ, വിമര്‍ശനമുയരുമെന്നോ ഒരാശങ്കയുമില്ലാതെയാണ് സമയമെടുത്ത് ഈ ‘മുയല്‍വേട്ട’ പുരോഗമിക്കുന്നത്. ആ വിശ്വാസം ശരിവെക്കും വിധം തന്നെയാണ് കേരളീയ പൊതുബോധം പെരുമാറുന്നതും. പൂര്‍ണ നിശãബ്ദതയോടെ, കാളപ്പോര് കാണുന്ന കാണികളുടെ കളിചിരികളോടെ, വേട്ടക്കാരന്റെ ആരവങ്ങളോട് തോന്നുന്ന ആരാധനയോടെ. ഇത്ര പച്ചയായി കേരളത്തില്‍ ഒരുവളെയും പൊതുസമൂഹത്തിന് മുന്നിലിട്ട് ഇതുപോലെ ശിക്ഷിച്ചിട്ടില്ല, തീര്‍ച്ച.

പുതിയ കുരുക്ക്
സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഏഴ് ദിവസം നീണ്ട പൊലീസ് സ്റ്റേഷന്‍ അനുഭവങ്ങള്‍ക്കു ശേഷം, കല്‍പ്പിച്ചു കൂട്ടി വൈകിച്ച, ജാമ്യം നേടി കഴിഞ്ഞ ദിവസം, വീട്ടിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടിയെ കാത്തിരുന്നത് സര്‍വീസില്‍നിന്ന് സസ്പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവായിരുന്നു. വിചിത്ര ന്യായങ്ങളും നിയമങ്ങളും കൊണ്ടുള്ള കഴുതകളികളുടെ തുടര്‍ച്ച.

വാണിജ്യ നികുതി വകുപ്പ് ഓഫീസിലെ ലാസ്റ് ഗ്രേഡ് ജീവനക്കാരിയായ പെണ്‍കുട്ടിയെ ഫെബ്രുവരി ആറിന്, തിങ്കളാഴ്ച ഓഫീസില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് അറസ്റു ചെയ്തത്. ഓഫീസിലെ പണം തിരിമറി നടത്തിയെന്നാണ് കേസ്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കാലയളവില്‍ നാലുതവണയായി ട്രഷറിയില്‍ അടക്കാന്‍ ഏല്‍പ്പിച്ച പണം ബാങ്ക് നിക്ഷേപത്തില്‍ എത്തിയിട്ടില്ലെന്നാണ് പരാതി. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അന്ന് പണം തിരികെ അടക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയടക്കം നാലുപേരെ വകുപ്പുതല നടപടിയെന്ന നിലയില്‍ അന്ന് സ്ഥലം മാറ്റിയിരുന്നു. പണം തിരികെ അടച്ചതുതന്നെ കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്ന മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ്.

സുജ സൂസന്‍ ജോര്‍ജ്

ദുരൂഹതകള്‍
പ്യൂണ്‍ മാത്രമായ ജീവനക്കാരിയുടെ കൈവശം ഒരുലക്ഷം രൂപവരെ തുക കൊടുത്തയച്ചതിലും ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടക്കുന്ന ഓഫിസില്‍ ചില സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ മാത്രം നേരിട്ട് നടക്കുന്നതിലും ദുരൂഹതയുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിക്കുന്നതെന്ന ആരോപണവും ശക്തമാണ്. പെണ്‍കുട്ടി പണം തിരിച്ചടച്ച ഉടന്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് സൂര്യനെല്ലി കേസിലെ പ്രതികളുടെ അഭിഭാഷകരുടെ കൈയില്‍ എത്തിച്ചതായും ആക്ഷേപമുണ്ട്. പണം തിരിമറി നടത്തിയത് താനാണെന്ന് എഴുതിനല്‍കാന്‍ നിര്‍ബന്ധിച്ചത് കോണ്‍ഗ്രസ് സംഘടനാ നേതാവ് കൂടിയായ മേലുദ്യോഗസ്ഥനാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നികുതി അടവുകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കിയിരുന്നു. എന്നാല്‍ ഈ കുട്ടി ജോലി ചെയ്തിരുന്ന ഓഫീസില്‍ പണം നേരിട്ടു സ്വീകരിച്ചു പോന്നു. ഇത് അസാധാരണമാണ്. ഇക്കാര്യത്തില്‍ ഓഫീസിന്റെ പേരില്‍ പലതവണ അഴിമതി ആരോപണം ഉണ്ടായിട്ടുമുണ്ട്. ഈ കാലയളവില്‍ നികുതിയിന വരവില്‍ രണ്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപയുടെ കുറവ് കണ്ടു പിടിച്ചു. ഈ പെണ്‍കുട്ടിയും മറ്റൊരു പ്യൂണും പണം അടയ്ക്കാന്‍ ബാങ്കില്‍ പോകാറുണ്ടായിരുന്നു. അങ്ങനെ പണാപഹരണ കുറ്റം പെണ്‍കുട്ടിയുടെ തലയിലായി.

ഒരു ദിവസം മേലുദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ കുട്ടിയെ ഓഫീസില്‍ തടഞ്ഞു വെച്ച് പണം മുഴുവന്‍ തിരിച്ചടക്കാതെ വീട്ടില്‍ വിടില്ലെന്ന് പറഞ്ഞു. കുട്ടിയെ കാണാതെ പരിഭ്രമിച്ച് ഓഫീസിലെത്തിയ മാതാപിതാക്കളോട്, കുട്ടി ഇങ്ങനെയൊരു പ്രശ്നത്തില്‍ പെട്ടിരിക്കുന്നുവെന്നും എങ്ങനെയും പണം അടച്ച് രക്ഷപെടുന്നതാണ് നല്ലതെന്നും അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും പറഞ്ഞു. പണമടപ്പിച്ചശേഷം കുട്ടിയെക്കൊണ്ട് പണം അപഹരിച്ചെന്നും തിരിച്ചടച്ചെന്നും മറ്റുമുള്ള രേഖകളില്‍ ഒപ്പിടീക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍ തന്നെ കുട്ടിയും മാതാപിതാക്കളും അന്നത്തെ മുഖ്യമന്ത്രി വി.എസിനും വകുപ്പ് മന്ത്രിക്കും മറ്റും പരാതി കൊടുത്തു. പിന്നീട് നടന്ന വകുപ്പു തല അന്വേഷണത്തില്‍ പെണ്‍കുട്ടിയുള്‍പ്പെടെ നാലു പേരെ (ഓഫീസര്‍മാരായ ഷാഹുല്‍ ഹമീദ്, ശ്രീകുമാര്‍, മറ്റൊരു ജീവനക്കാരി) സ്ഥലം മാറ്റി. അതോടെയെല്ലാം അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍, ഒരു വര്‍ഷത്തിനു ശേഷം പൊടുന്നനെ ക്രൈം ബ്രാഞ്ച് കേസുമായി രംഗത്തു വരികയായിരുന്നു. നാലു പേര്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഈ കുട്ടിയുടെ പേരില്‍ മാത്രമാണ് കേസ് ചാര്‍ജ്ജ് ചെയ്തത്. അവളെ മാത്രമാണ് അറസ്റ് ചെയ്തത്. ജാമ്യം തുടര്‍ച്ചയായി നിഷേധിച്ചത്.

ഈ കേസ് കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. ഇവ അവയില്‍ ചിലത് മാത്രം.

1.. സൂര്യനെല്ലിക്കേസ് അപ്പീല്‍ സുപ്രീംകോടതി ഹിയറിംഗ് ലിസ്റില്‍ വന്നിരിക്കുന്നു.
2. കേസില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ഒരു നേതാവ് പ്രതിയാണ്.
4. കുട്ടിക്കൊപ്പം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ഒരു ഓഫീസര്‍ കോണ്‍ഗ്രസ്സ് യൂണിയന്‍ നേതാവാണ്.
5. പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനാലാണ് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചത് .

24 മണിക്കൂറിലധികം പോലീസ് കസ്റഡിയിലിരുന്നാല്‍ സസ്പെന്റ് ചെയ്യണമെന്ന വ്യവസ്ഥ വെച്ചാണ് പോലും ജാമ്യം കിട്ടിയ ഉടന്‍ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ വന്നത് ! ഇവിടെ ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലംഘനവും ഒരു പോലെ അരങ്ങേറിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ എല്ലാ ഘടകങ്ങളും ഈ കുട്ടിയെ കുടുക്കുന്നതില്‍ ഒത്തു കളിച്ചതായി തോന്നിയാല്‍ കുറ്റം പറയാനാവാത്ത അവസ്ഥയാണ്.

വാദത്തിന്, ഇത്തരം ഒരു ‘മിസ്പ്രോപ്രിയേഷന്‍’ നടന്നുവെന്ന് തന്നെ കരുതുക. ക്രൈം ബ്രാഞ്ച് കേസ് എടുക്കുകയും അറസ്റ് ചെയ്യുകയും ചെയ്യേണ്ട എന്തു സാഹചര്യമാണുള്ളത്? കേരളത്തിലെ ഏത് ഡിപ്പാര്‍ട്ടുമെന്റിലാണ് പണം ചിലവഴിക്കുന്നതു സംബന്ധിച്ചുള്ള ഓഡിറ്റ് ഒബ്ജക് ഷനും വിജിലന്‍സ് അന്വേഷണവും ഇല്ലാത്തത്? അവരെയാരെയും ക്രൈം ബ്രാഞ്ച് അറസ്റ് ചെയ്തതായി അറിയില്ല. പിന്നെങ്ങനെ, ഇവിടെ, ഈ കുട്ടിയുടെ കാര്യത്തില്‍ മാത്രം ഈ അസാധാരണ ‘ജാഗ്രത’ എന്നതാണ് ന്യായമായ ചോദ്യം.

 

 

മുറിവുകളുടെ 16 വര്‍ഷങ്ങള്‍
16 വര്‍ഷമായി പെണ്‍കുട്ടി അനുഭവിക്കുന്ന ദുരന്തത്തിന്റെ ചരിത്രം ഒന്നു കൂടി ഓര്‍ത്താല്‍ ഇതിനുപിന്നിലെ ഗൂഢാലോചന കുറച്ചു കൂടി ബോധ്യമാവും. സംഭവം നടക്കുമ്പോള്‍ അന്ന് കുട്ടിക്ക് 15 വയസ്സ്. സ്കൂള്‍ വിദ്യാര്‍ത്ഥിനി. അച്ഛന്‍ പോസ്റല്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. അമ്മ സാധാരണ വീട്ടമ്മ. രണ്ടാമത്തെ മകളാണ് കുട്ടി. മൂത്തവള്‍ ബി എസ്.സി നേഴ്സിങ്ങിന് പഠിക്കുന്നു. സാധാരണ കുടുംബം. അങ്ങനെയിരിക്കെ ഒരുദിവസം, 1996 ജനുവരി 16ന് സ്കൂളില്‍ പോയ കുട്ടി തിരിച്ചു വന്നില്ല. രാജുവെന്ന (32) കണ്ടക്ടറോടൊപ്പം കുട്ടി ഒളിച്ചോടിയെന്നും അവര്‍ പ്രേമത്തിലായിരുന്നുവെന്നും വാര്‍ത്ത പരന്നു. പിറ്റേന്ന് കുട്ടിയുടെ അച്ഛന്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു.41 ദിവസങ്ങള്‍ക്കു ശേഷം ഉടലാകെ മുറിവുകളുമായി പിച്ചിച്ചീന്തപ്പെട്ട അവസ്ഥയില്‍ ജീവച്ഛവമായ കുട്ടിയെ വീടിനടുത്തു നിന്ന് കണ്ടു കിട്ടി.

കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു.പെണ്‍കുട്ടിയെ കേരളത്തിന്റെ പല ഭാഗത്തായി കൊണ്ടു നടന്ന് ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും ചെയ്തതിന്റെ ദാരുണ കഥകള്‍ പുറത്തു വന്നു. അഡ്വ.ധര്‍മ്മരാജ് ആണ് കുട്ടിയെ രാജുവില്‍ നിന്ന് വാങ്ങിയതും കൊണ്ട് നടന്ന് വിറ്റ് പണമുണ്ടാക്കിയതും. അവസാനം അയാള്‍ കുട്ടിയുടെ കമ്മല്‍ പോലും വലിച്ചു പറിച്ചെടുത്തു. കുട്ടിയെയും കുടുംബത്തെയും അധിക്ഷേപിക്കാനും അവഹേളിക്കാനും വലിയ തോതില്‍ ശ്രമം നടന്നുവെങ്കിലും മഹിളാ അസോസിയേഷന്‍,അന്വേഷി, സ്ത്രീ വേദി തുടങ്ങിയ സ്ത്രീ സംഘടനകളുടെയും ഇടതു പാര്‍ട്ടികളുടെയും ശക്തവും നിരന്തരവുമായ ഇടപെടല്‍ പ്രശ്നത്തെ ഗൌരവമായി നിലനിര്‍ത്തി. സൂര്യനെല്ലി കേസിനായി സര്‍ക്കാര്‍ പ്രത്യേക കോടതി സ്ഥാപിച്ചു.

97 ഡിസംബര്‍ 27ന് ആരംഭിച്ച അന്വേഷണം 98 ജുലൈ പത്തിന് പൂര്‍ത്തിയായി. 99 നവംബര്‍ 16ന് വിചാരണ ആരംഭിച്ചു. 2000 ആഗസ്ത് 16ന് വിചാരണ പൂര്‍ത്തിയായി. ആകെ 97 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ ആകെ 43 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. അന്വേഷണ കാലയളവിനുള്ളില്‍ ഒരാള്‍ മരിച്ചു. മുഖ്യപ്രതി അഡ്വ. ധര്‍മരാജന്‍ അടക്കം രണ്ട് പേരെ പിടികിട്ടിയില്ല. രണ്ട് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബാക്കി 39 പേരായിരുന്നു വിചാരണ നേരിട്ടത്. 2000 സെപ്തംബര്‍ ആറിന് ശിക്ഷ വിധിച്ചു. ബാക്കി 35 പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. നാല് പേരെ കോടതി വെറുതെ വിട്ടു. വിധി വന്ന് പത്ത് ദിവസത്തിനകം കര്‍ണാടകയിലെ ഒരു ക്വാറിയില്‍നിന്ന് പ്രത്യേകാന്വേഷണ സംഘം ധര്‍മരാജനെ പിടികൂടി.

പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീലു കൊടുത്തു.2002 ജുലൈ 12ന് രണ്ടംഗ ഡിവിഷന്‍ ബെഞ്ച് ധര്‍മരാജന്‍ ഒഴികെ മറ്റെല്ലാ പ്രതികളെയും വെറുതെ വിട്ട് ഉത്തരവായി. അന്ന് പെണ്‍കുട്ടിക്കെതിരെ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെയും വിധിക്കെതിരെയും വനിതാസംഘടനകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. പെണ്‍കുട്ടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. പെണ്‍കുട്ടിക്കൊപ്പം മഹിളാ അസോസിയേഷനും അന്വേഷിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ഇപ്പോള്‍ കേസിന്റെ അപ്പീല്‍ സുപ്രീം കോടതി ഹിയറിംഗ് ലിസ്റില്‍ വന്നിരിക്കുന്നു. ഇതാണ് പുതിയ പീഡനപര്‍വ്വത്തിന്റെ പശ്ചാത്തലം. കോണ്‍ഗ്രസ്സ് നേതാവായ സ്റീഫന്‍ ജി എന്നു വിളിക്കുന്ന ജേക്കബ് സ്റീഫന്‍ കേസിലെ പത്താം പ്രതിയാണ്. ഇയാളുടെ സഹപാഠിയാണ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് ആരോപണമുണ്ട്.

 

 

ആ കുടംബം ഇപ്പോള്‍

കഴിഞ്ഞ 16 വര്‍ഷമായി ഈ പെണ്‍കുട്ടിയും കുടുംബവും അനുഭവിക്കുന്ന തീരാവ്യഥയും അവഹേളനവും പറഞ്ഞറിയിക്കാനാവില്ല. ജീവിതം അവരില്‍ നിന്ന് ചിതറിത്തെറിച്ചു പോയിരിക്കുന്നു. സ്വാതന്ത്യ്രം, സുരക്ഷ, ചങ്ങാത്തങ്ങളില്‍ നിന്നു ലഭിക്കുന്ന ആഹ്ലാദം, സ്നേഹ ബഹുമാനങ്ങള്‍, രണ്ടു പെണ്‍കുട്ടികളുടെയും വിവാഹജീവിതം ഇവയെല്ലാം അകന്നു പോയിരിക്കുന്നു. അതേ സമയം, പ്രതികളില്‍ ഭൂരിഭാഗത്തിനും ഇത്തരം നഷ്ടങ്ങളൊന്നുമില്ല. അവര്‍ സര്‍വതന്ത്ര സ്വതന്ത്രരായി കുടുംബസ്ഥരായി ജീവിക്കുന്നു. ‘ചെളിയില്‍ ചവിട്ടാം വെള്ളത്തില്‍ കഴുകാം’. അതാണല്ലോ പുരുഷ നീതി. നോക്കൂ, ഇവിടെ ആരാണ് യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കുന്നത്? സംശയം വേണ്ട, പെണ്‍കുട്ടിയും കുടുംബവും. ആ പെണ്‍കുട്ടിയെയാണ് അപ്പീല്‍ അവസരം മുന്നില്‍ നില്‍ക്കെ, കടുത്ത കുറ്റം ചാര്‍ത്തി പ്രതി ആക്കിയത്. ലോക്കപ്പിലിട്ടത്. ജാമ്യം നിഷേധിച്ചത്. ഒടുവില്‍, സസ്പെന്റ് ചെയ്തത്.

അവഹേളനവും അപമാനവും സഹിക്കാനാകാതെയാണ് ദേവികുളത്തു നിന്ന് എല്ലാം വിറ്റു പെറുക്കി പെണ്‍കുട്ടിയും കുടുംബവും രായ്ക്കുരാമാനം കോട്ടയത്തേക്ക് വന്നത്. അച്ഛനും അമ്മയും രോഗികള്‍. രണ്ടു പേരും മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞ് തീരെ അവശതയില്‍. മൂത്ത കുട്ടിയാണ് വീടിന്റെ ഏക ബലം. അവര്‍ക്കാവട്ടെ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. വരുന്ന കല്യാണാലോചനകളെല്ലാം മുടങ്ങി.

കേസിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ പീഡാനുഭവങ്ങളും സഹിച്ച് ആ കുടുംബം നീതിക്കായുള്ള പോരാട്ടത്തില്‍ ഉറച്ചു നിന്നത് കേരള സമൂഹത്തിന്റെ സുരക്ഷക്കു വേണ്ടി കൂടിയാണ് എന്നത് നാം തിരിച്ചറിയുന്നുണ്ടോ? അതെ, എന്റെയും നിങ്ങളുടെയും മക്കള്‍ക്കു വേണ്ടി. ഇവരനുഭവിക്കുന്ന ശിക്ഷക്ക് ആരാണ് ഉത്തരവാദി? 36 പ്രതികളും എല്ലാ സ്വാതന്ത്യ്രവും അധികാരവും അനുഭവിച്ച് വിഹരിക്കുകയാണ്. 15 വയസ്സില്‍ അതീവ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയാണ്, കേരളത്തിന്റെ സാമാന്യബോധത്തിനു മുന്നില്‍ വെച്ച് വീണ്ടും പീഡിപ്പിക്കുന്നത്. കൊള്ളരുതാത്തവളും കുറ്റവാളിയുമാക്കുന്നത്. ഈ സാമാന്യ ബോധത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടത് മനുഷ്യര്‍ എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ്. ധാര്‍മ്മികതയും നീതിബോധവും ഉള്ള എല്ലാ മനുഷ്യരും അവരവരുടെ ശേഷി ഉപയോഗിച്ച് ഈ വേട്ടയെ ചെറുക്കേണ്ടതുണ്ട്.

28 thoughts on “ഈ മൌനം അശ്ലീലം

 1. 15 വയസ്സില്‍ അതീവ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയാണ്, കേരളത്തിന്റെ സാമാന്യബോധത്തിനു മുന്നില്‍ വെച്ച് വീണ്ടും പീഡിപ്പിക്കുന്നത്. കൊള്ളരുതാത്തവളും കുറ്റവാളിയുമാക്കുന്നത്. ഈ സാമാന്യ ബോധത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടത് മനുഷ്യര്‍ എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ്. ധാര്‍മ്മികതയും നീതിബോധവും ഉള്ള എല്ലാ മനുഷ്യരും അവരവരുടെ ശേഷി ഉപയോഗിച്ച് ഈ വേട്ടയെ ചെറുക്കേണ്ടതുണ്ട്. ..she is ,in fact ,now ,is just like a retarded girl ,lost her growth at the age of 15..when she is repeatedly raped..

 2. എവിടെയാണ് നമ്മുടെ വനിതാ സംഘടനകള്‍? അവര്‍ക്ക് ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇടപെടാന്‍ ഒരു വഴിയുമില്ലെന്നോ? എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നത് അല്ലെങ്കില്‍ സംഭവിക്കുന്നത്‌ എന്ന് അവര്‍ അന്വേഷിച്ചറിയുമെന്നും പെണ്‍കുട്ടിക്ക് പിന്തുണയുമായി ഒരുമിക്കുമെന്നും ഞാന്‍ വിചാരിക്കുന്നു.

 3. സൂര്യനെല്ലി പീഠനം ഒരു കാലത്ത് കേരളത്തിലെ മാധ്യമങ്ങളിൽ വലിയ പ്രാധ്യാന്യം നേടിയ സംഭവമാണ്. എന്നാൽ ഇപ്പോഴിതാ അതിലെ നിസ്സഹായായ ഇര വീണ്ടും ഭരണകൂട ഭീകരതക്കിരയാവുന്നതിന് ഒരു വാർത്ത പ്രാധ്യാന്യവും ലഭിക്കുന്നില്ല. വനിതാ സംഘടനകൾ മാത്രമല്ല മനുഷ്യ സ്നേഹികളും ജനാധിപത്യ വിശ്വാസികളുമായ എല്ലാവരും ഈ നിഷ്ഠൂരത തടയാൻ ശ്രമിക്കേണ്ടതാണ്

 4. angine cheythillel pala vambanmarum kudungum nnu ariyam nna aarenkilum cheytha heenamaya pravrithi anu ithu…..chey….nammude nadinodu pucham thonnunnu….

 5. ഇത് നമ്മുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്‌നംമാണ്.. ഏതെങ്കിലും പളളിയോ അമ്പലമോ പൊളിച്ചാല്‍ രൂപപെടുന്ന വൈകാരികതയും, പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന നിസ്സാരവത്കരണവും രൂപപെടുത്തിയ സമീപനശാസ്ത്രത്തിന്റെ പരിണാമം. ഇവിടെ വനിതാ സംഘടനകളുടെ ഇടപെടലുകള്‍ അവരുടെ പരിമിതികളെ കാണിക്കുന്നു.കേവലം രാഷ്ട്രീയ റിമോട്ടുകള്‍ നിയന്ത്രിക്കുന്ന ഒച്ചപ്പാടുകള്‍ മാത്രമായി അവരുടെ പ്രതിഷേധങ്ങള്‍ അണയുന്നു. ഭൂരിപക്ഷ വിര്‍ച്വല്‍ സാമൂഹ്യ കൂട്ടായ്മകളുടെ പ്രതിഷേധങ്ങള്‍ ഒരു സൈന്‍ ഔട്ട് വരെ മാത്രം നിലനില്‍ക്കുന്നു. ക്രിയാത്മകമായൊരു ജനകീയ മുന്നേറ്റം മാണ് പ്രതിവിധികളിലേക്ക് വിരല്‍ ചൂണ്ടുന്നത്.നമ്മുടെ മാധ്യമങ്ങളുടെ ഒരു ജനകീയവത്കരണവും സാധ്യമാകേണ്ടതുണ്ട്.16 വര്‍ഷമായിട്ടും നീതി ലഭിക്കാത്ത കുടുംബം..? നീതിപീഡത്തിന്റെ ‘അനന്ത സാധ്യതകളെ’ ലോകത്തോട് വിളിച്ചോതുന്നു.അസ്വസ്ഥമാകുന്ന കാഴ്ച്ചപ്പാടുകളുമേന്തി ഒരു ജനകീയ മുന്നേറ്റം സൂര്യനെല്ലിയില്‍ നിന്നും യാത്ര തുടങ്ങട്ടെ……

 6. സൂര്യനെല്ലി പെണ്‍കുട്ടി എന്ന് വിശേഷിപ്പിച് അവളുടെ വ്യക്തിത്വം പോലും മറച്ചു വെച്കപ്പെടുകയാണ് . ശാരിയും സൌമ്യയും ഭാഗ്യ വതികള്‍ …….. ഇത്തരം പീഡനങ്ങള്‍ കൂടി നേരിടേണ്ടി വന്നില്ലല്ലോ

 7. We are all with you Ms Suja, Tell us what we want to do. Stand on the front we are in the queue behind you rising fist against the inhuman behavior of bureaucrats…
  Dont let this poor sister alone. as brothers and sisters we are all for her.

  • ഇര എന്നും വെട്ടയാടപെട്ടു കൊണ്ടേയിരിക്കുന്നു … ജീവിച്ചിരിക്കുമ്പോള്‍ ഇര എന്നും ഇര മാത്രം മരിച്ചു കഴിയുംബോര്‍ രക്ത സാക്ഷിയും.. ഛെ..!!
   ശരിയാണ്
   ധാര്‍മ്മികതയും നീതിബോധവും ഉള്ള എല്ലാ മനുഷ്യരും അവരവരുടെ ശേഷി ഉപയോഗിച്ച് ഈ വേട്ടയെ ചെറുക്കേണ്ടതുണ്ട്…..

 8. ഭരണകൂട ഭീകരത- ബ്യൂറോക്രാറ്റ് മാഫിയ- ക്രിമിനല്‍പോലീസ് സമവാക്യം എല്ലാ ചെറുത്ത്നില്പുകളെയും (സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ഉള്‍പെടെ) ഇല്ലായ്മ ചെയ്യാന്‍ മാത്രം ശക്തമാണ്.

 9. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ട സെലിബ്രിടി സ്ത്രീവിമോചാനക്കാരും മറ്റും ഉത്ടോപിയയിലെ പതിവ്രത എന്നാ സീരിയലില്‍ അഭിനയിക്കുന്നതിനാല്‍ പ്രതികരണം വൈകും

 10. This article will help only to create sympathy..Whats wrong with the author to say a verdict about a lady..I agreed that she had a bad experience in life .but it sdosent mean that she is above all law.and she wil not do any mistakes…i am not with other officials or any police officers .We should check their intention also .At the same time why all parallel online writers and some activists trying to justify the girl….??Its not fair..Absolutely not fair..

 11. ithil ulpettittulla avanmaare shaareerikamaayi kaikaaryam cheyyanam. public nu munnariyippaavanam. athodoppam penkuttikale thiricharivillaatha praayathile pranaya naatyangalil kurungaan pralobhippikkunna film tv prgrms books…angine ullathum nirodhikkapedendathundu…sambhavathe apalapikkunnathil maathram kaaryamilla athinte kaaranangale verode arrukkukayum venam.

  • വാര്‍ത്തകള്‍ ആഹോഷികുന്നതില്‍നിന്നു പ്രതികരിക്കുക എന്ന നട്ടെല്ല് രാക്ഷ്ട്രീയ മേലാലന്മാര്‍ക്ക് അടിയറവച്ച നപുംസകങ്ങള്‍ അല്ല ശ്വാനന്‍ മാര്‍ ഏതു അമീധ്യവും ഭുജിക്കുന്നപോലെ ഇതും ഭുജിച്ചു അധോവായുവും വിട്ടു അടുത്ത പീഡനവാര്‍ത്തയ്ക്ക് കാത്തിരിക്കും

 12. എല്ലാ വാര്‍ത്തകളും, ഒരു തരം നിസ്സംഗതയോടെ, കേള്‍ക്കുകയും വയിക്കുകയും ചെയ്യുന്ന ‘കേരള സമൂഹ’മാണ് ഇവിടെ കുറ്റക്കാര്‍.

 13. ഭരണകൂട ഭീകരതയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. സദാചാര പോലീസിനോടുപ്പം വളര്‍ന്നു വരുന്ന അതിലും വലിയ അപകടകാരിയായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വാക്താക്കള്‍ വലിയൊരു സാംസ്കാരിക ഇറക്കുമതിക്ക് കളം ഒരുക്കുകയാണ്. അതിന്‍റെ പ്രതിഫലനങ്ങളാണ് കുറച്ച് മുന്‍പേ സക്കരിയയിലൂടെയും മറ്റും നാം കേട്ടത്. അത് വലിയ തോതില്‍ കേരളീയ സമൂഹത്തില്‍ ഇടം നേടിയിരിക്കുന്നു. അതുകൊണ്ട് തന്നെ, സ്ത്രീ ഒരു വില്പനച്ചരക്ക് മാത്രമാണെന്ന ബോധം വളര്‍ന്നു വരികയാണ്. അപ്പോള്‍, പീഡനം വെറുമൊരു പൈങ്കിളി കഥ മാത്രമായി തീരുന്നു. ഈ പുതിയ വേതാളങ്ങളുടെ ആരവങ്ങളുടെ അര്‍ഥം അറിയാതെ നമ്മുടെ സ്ത്രീപക്ഷ വാദികളും ഇവര്‍ക്കൊപ്പം വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നു എന്നതാണ് കൂടുതല്‍ അരോജകം. ഐ കേസിലൂടെ ആ സ്ത്രീയുടെ കേസ് സുപ്രീം കോടതില്‍ ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ട്. അതിനു മുന്‍പേ കൂട്ടായ, ശക്തമായ ജനകീയ മുന്നേറ്റമുണ്ടായി ഈ കള്ളക്കളിയുടെ നിജസ്ഥിതി കോടതിയെ അറിയിക്കേണ്ടിയിരിക്കുന്നു. അതിനു മുന്‍പ് ഈ വിഷയത്തില്‍ ഇടപെടണമെന്നും, ഗൂഡാലോചന പുറത്തു കൊണ്ട് വരാനുള്ള അന്വേഷണത്തിന് ഉത്തരവിടണം എന്ന് അപേക്ഷിച്ചു ഹൈക്കോടതിയില്‍ ഹരജി കൊടുക്കണം. അല്ലെങ്കില്‍, കോണ്‍ഗ്രസ്‌ ഭരിക്കുന്നതിനാല്‍ ഒരു അന്വേഷണവും അവര്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് എതിരെ ഉണ്ടാവില്ല. സ്വന്തം കേസ് പോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഒരു മുഖ്യന്‍ ഭരിക്കുമ്പോള്‍, അണികളെ രക്ഷിക്കാതിരിക്കുമോ?

 14. നമ്മുക്ക് Event Management ചര്‍ച്ചകളില്‍ നിന്നും ,സംമ്മേള്ളന്തിന്റെ ആലസ്യത്തില്‍ നിന്നും ഉണരന്നു പ്രതികരിച്ചു തുടങ്ങണം ……..

  • malayalikku prathikarana seshi kuranju varikayanu. oru valiya thalamura naaduneenghi. avasaanamayi sukumar azheekodu mashum. lokham ella rajyathum theruvilanu greecil,Americayil,Russiayil,Lundonil, middle eastil evideyum. pakshe indians prethyekith nammal malayalikal. nammal iranghilla karanam 50to100 pavan sthree dhanam.pinne panavum karum,pinne onnum parayunnilla. Achanum ammayum kazhutha pani cheydu sambathichu makkalku kodukkayanu. avar ithellam sukhichu manushyanumayi oru bandhavum illathe valarunnu. pinne enthinu theruvil iranghanam. Cenima,cricket,Madhyam,Burger ithellam madhiyo nammalku. soorya nelli ethra varshamayi aaaaaaaaaaaaa kutti ithanubhavikkunnu njan ithinu ikhyadhaartyam prakyapikkunnu.

 15. ഇതില്‍ അടിയന്തിരമായി ഇടപെട്ടെ പറ്റൂ. സുജ ടീച്ചര്‍ തന്നെ മുന്‍കൈ എടുക്കണം. നെറ്റ് കൂട്ടായ്മകള്‍ക്കപ്പുറം പ്രാദേശികമായി ഒരു കൂട്ടായ്മ ഉയര്‍ത്തികൊണ്ട് വരണം, അത് വ്യാപിക്കണം. ശക്തമായ ഇടപെടല്‍ അങ്ങനെയേ രൂപപ്പെടൂ.

 16. ഇതൊരു പെൺകുട്ടിയുടെ പ്രശ്നം മാത്രമല്ല.ലൈംഗിക പീഡന കേസുകളിലെ പെൺകുട്ടികളും കുടുംബാഗങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശിഷ്ടജീവിതം മുഴുവൻ വേട്ടയാടപ്പെടുന്നു. അവർക്കു വേണ്ട സാമൂഹികവും വൈകാരികവുമായ പുനരധിവാസം നമ്മുടെ ബാധ്യതയാണ്. സമൂഹത്തിന്റെ പിഴവുകൾ ആണ് പെൺകുട്ടികളെ ഇത്തരം അപകടങ്ങളിൽ ചാടിക്കുന്നത്.ആ പരിക്കുകൾ സുഖപ്പെടുത്തേണ്ടത് ഭരണകൂടവും പൌരസമൂഹവും ആണ്. ഞങ്ങൾ ‘സ്ത്രീ സുരക്ഷ സാമൂഹ്യസുരക്ഷ’ എന്ന ക്യാമ്പയിൻ സംസ്ഥാനതലത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോട്ടയത്ത് ഒരു കണ്വൻഷനും ഉടൻ സംഘടിപ്പിക്കും.എല്ലാവരുടെയും സഹകരണം ഉണ്ടാകണം.

  • മലയാളക്കരയില്‍ ആരും മിണ്ടുന്നില്ല, എന്നാല്‍ എല്ലാവരും മിണ്ടുന്നു! ഉറക്കെ വിപ്ലവം പറയുന്നു, ആദര്‍ശങ്ങള്‍ പറയുന്നു, ഘോരഘോരം വിമര്‍ശിക്കുന്നു. വായടക്കൂ , ജോലി ചെയ്യൂ.
   നമ്മളില്‍ ആരൊക്കെ ഉണ്ട് ഇത് പോലുള്ള വൃത്തി കേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍? സുജ സൂസന്‍ ജോര്‍ജ് ഇനെ പോലെ ഒരാള്‍ മതിയോ ? എത്ര പേര്‍ക്ക് ചങ്കുറപ്പുണ്ട് ദിനം ദിന ജീവിതത്തിലും,
   സ്വന്തം വീട്ടുകാര്‍ക്കും എന്ത് തരത്തിലുള്ള ഭീഷണി വന്നാലും ഇതിനെതിരെ പ്രതികരിക്കാം എന്ന്? ചിലപ്പോള്‍ കൈയില്‍ ഉള്ള ജോലി തെറിച്ചെന്നു വരും. വീട്ടിലേക്കു ഭീഷണി ഫോണ്‍ കാളുകള്‍ വന്നെന്നു വരും.
   കഴിയുമോ പിടിച്ചു നില്‍ക്കാന്‍?എങ്കില്‍ വരൂ , നമുക്ക് ഒരുമിച്ചു പ്രതികരിക്കാം. അഴിമതിയുടെയും, അവഗണനയുടെയും, അതിക്രമങ്ങളുടെയുമൊക്കെ ശവക്കൂനകള്‍ ചീഞ്ഞു നാറുന്നുണ്ട്. പുതിയ ശവങ്ങളുണ്ടാകാതിരിക്കാന്‍ പ്രതികരിക്കാം.

 17. ini oru penkuttikkum ee durgathi vannukoodaa.. kavitha paranja pole prathikarikkanam…bheeshanikalodum ethirppukalkku nere aayudhameduthu munneranam. othorumayuntenkil ethu prashnathinanu pariharam untavathathu !!

 18. ni oru penkuttikkum ee durgathi vannukoodaa.. kavitha paranja pole prathikarikkanam…bheeshanikalodum ethirppukalkku nere aayudhameduthu munneranam. othorumayuntenkil ethu prashnathinanu pariharam untavathathu !!

  • വിവിധ സ്ത്രീ സംഘടനകൾ ചേർന്ന് സൂര്യനെല്ലി കേസിലെ വാദി (ഇര) നേരിടുന്ന പുതിയ പ്രശ്നങ്ങളും വേട്ടയാടലുകളും പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടു വരുന്നതിന് ഉദ്ദേശിച്ച് തിരുവനന്തപുരം ഗാന്ധിപാർക്കിൽ 29-02-2012 (ബുധൻ) വൈകുന്നേരം 5 മണിക്ക് നടത്തുന്ന പൊതുസമ്മേളനം സ.വി.എസ് അച്യുതാന്ദൻ ഉത്ഘാടനം ചെയ്യും. അജിത(അന്വേഷി) ,ശ്രീമതി ടീച്ചർ, മേഴ്സി അലക്സാണ്ടർ.(സഖി)…… തുടങ്ങിയവർ പങ്കെടുക്കും.‘നാലാമിടം’ സുഹൃത്തുക്കൾ സമ്മേളനം വിജയിപ്പിക്കാൻ സഹകരിക്കുമല്ലോ.

   • 1. Is it possible for you to give a detailed post on the women’s organization’s constructive involvement in this case during the past 16 years.
    2 why is politics involved in the action plans; those who think sensibly, that word in the kerala context is like a bad omen. so long as politics is involved I am skeptical about the outcome;
    3 I appeal to civic organization to take the lead
    4 Isn’t it obvious that the delhi march found success because its was organized apolitically.

 19. പെണ്ണ്കേസുകളില്‍ പെട്ട അധികാരികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകുന്നു നമ്മുടെ രാജ്യത്ത്‌. ജനങ്ങളും പാര്‍ട്ടികളും അവരെ വോട്ടിനു നിര്‍ത്തി വന്‍ഭൂരിപക്ഷം നല്‍കി ജയിപ്പിച്ചു ഭരണഘടനാപരമായ ഉന്നത സ്ഥാനങ്ങള്‍ വരെ നല്‍കി അരിയിട്ടു വാഴിക്കുന്നു. കേഴുക പ്രിയനാടേ…

Leave a Reply

Your email address will not be published. Required fields are marked *