എരിയാനിരിക്കുന്നു, ഈ നാലുവരിപ്പാതകള്‍

വിദേശ കുത്തകകള്‍ക്ക് രാജ്യത്തെ വിഭവങ്ങളത്രയും കച്ചവടമാക്കിയതിന്റെ ഏറ്റവും ലളിത ഉദാഹരണങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണ്. വിദേശികള്‍ ആദ്യം ആജ്ഞാനുവര്‍ത്തിയായ ഭരണാധികാരിയെ നിയമിക്കുന്നു. അയാളുടെ സ്ഥാനാരോഹണത്തിന് ആയുധവും പണവും നല്‍കുന്നു. അധികാരത്തിലെത്തിയാല്‍, പട്ടിണി കിടക്കുന്ന ജനതയുടെ നെഞ്ചിലൂടെ രാജ്യത്തിന്റെ വിഭവങ്ങളത്രയും കൊള്ളയടിക്കാന്‍ വിദേശകുത്തകകള്‍ക്ക് വഴിയൊരുക്കുന്നു. കേരളത്തിലാവുമ്പോള്‍ ഇത് ഇത്തിരി കൂടി സങ്കീര്‍ണമാകും. ആദ്യം ദൃശ്യ മാധ്യമങ്ങള്‍, ക്യാമറയുമായി, വഴിയിലെ കുഴികളുടെ ഭൂമിശാസ്ത്രമത്രയും ദിവസവും ജനതയെ കാണിച്ച് ഇതെന്ത് വികസനമാണെന്ന് ചോദിച്ചുറപ്പിക്കും. അടുത്തതായി, തലമുറകളായി ഉപയോഗിച്ചു പോവുന്ന വഴിയരികിലെ സ്ഥലമത്രയും ഭരണകൂടം ഏറ്റെടുത്ത് സ്വകാര്യ കമ്പനിക്ക് നല്‍കും. തണലു വെട്ടിമാറ്റി, മുറുക്കാന്‍ കടയടക്കം പൊളിച്ച് സമീപസ്ഥ കുന്നുകളിടിച്ചു നിരത്തി പഴയ വഴിക്കപ്പുറവുമിപ്പുറവും നൊടിയിടയില്‍ വഴി പെരുകും. അതിനിടെ, വീതിയെത്ര എന്ന ദാര്‍ശനിക ചോദ്യത്തിന് ഉത്തരം തേടി ബുദ്ധി ജീവികള്‍ കണക്കുകൂട്ടി കളിക്കുകയും ചെയ്യും- പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തില്‍ തരുണ്‍ സി.എസ് എഴുതുന്നു
 

 

രണ്ട് പതിറ്റാണ്ടെങ്കിലും മുമ്പാണ്. എറണാകുളത്തെ ജി.സി.ഡി.എ ആസ്ഥാനത്തിനു മുന്നിലെ റോഡില്‍ ഒരു കാറിനു മുന്നിലേക്ക് കുറച്ചു ചെറുപ്പക്കാര്‍ എടുത്തുചാടി. കാറിന് അകമ്പടിയായുണ്ടായിരുന്ന പൊലീസ് ആ ചെറുപ്പക്കാരെ റോഡിലിട്ട് പൊതിരെ തല്ലി. അറസ്റ്റ് ചെയ്തു. അന്ന് കേരളത്തിന് വിദേശ കടമുണ്ടായരുന്നില്ല. കടം തരാന്‍ വന്ന ലോക ബാങ്കിന്റെ ഉദ്യോഗസ്ഥരായിരുന്നു കാറില്‍. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരിച്ച് പണക്കാരാകാനോ, ഭരിച്ച് വിപ്ലവം വരുത്താനോ ശീലിച്ചു കഴിഞ്ഞ ആള്‍ക്കൂട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരായിരുന്നില്ല ആ ചെറുപ്പക്കാര്‍. അന്ന് അവര്‍ക്ക് തടയാനായില്ല ആ കാറിനെ. പിന്നെയും പല കുറി വന്നിറങ്ങിയ വായ്പകളെയും.

ഇന്നിപ്പോള്‍ ഓരോ മലയാളിയും 16,074 രൂപയുടെ കടക്കാരാണ്. കേരളം മൊത്തത്തില്‍ 78, 673കോടി രൂപയുടെയും.

 

21 ദിവസം നീണ്ട നിരാഹാര സമരത്തിനിടെ അജിതന്‍


 

അന്നത്തെ ചെറുപ്പക്കാരുടെ ഇളം തലമുറക്കാര്‍ ഇന്ന്, മീനച്ചൂടില്‍ പൊരിയുന്ന, പാലിയേക്കരയിലെ ടോള്‍ ബൂത്തിനരികെ നിരാഹാര സമരത്തിലാണ്. ഇരുപത്തൊന്നു ദിവസത്തെ നിരാഹാരത്തിനുശേഷം അജിതനെണീറ്റു. പകരം ഹസീനയും സന്തോഷും കുഞ്ഞുമോനും നിരാഹാരത്തിനിരുന്നു.
‘ബ്രിട്ടീഷുകാര്‍, കുറഞ്ഞ പക്ഷം, വെടിവെച്ചുകൊല്ലുന്നവരുടെ ശരീരം നാട്ടുകാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ഭരണകൂടം അതും ചെയ്യില്ല. സമരം ചെയ്യുന്ന ആളെത്തന്നെ കാണാതാകും’^ഇരുപത്തി രണ്ട് ദിവസം നിരാഹാരം കിടന്ന ശേഷം പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കുകയും അവിടെയും നിരാഹാരം തുടര്‍ന്നതിനെ തുടര്‍ന്ന് സമരനേതാക്കളുടെ ഇടപെടലില്‍ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്ത ഹസീനയുടെ വാക്കുകള്‍. ഗാന്ധിയെ എതിരിട്ട ഭരണകൂടത്തേക്കാള്‍ മോശമായ ഒന്നിനെയാണ് നേരിടുന്നതെന്ന് ഹസീനക്ക് നന്നായറിയാം.

പഞ്ചായത്ത് പ്രസിഡന്റോ എം.എല്‍.എയോ തൃശൂര്‍ മേയേറോ സമരക്കാരെ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.

വര്‍ഷങ്ങളായി തൃശൂരുനിന്ന് തെക്കോട്ട് യാത്ര ചെയ്യാറുള്ള വഴിയാണ് കൊട്ടിയടക്കപ്പെട്ടത്. നാലുവരി പാതക്കായി സ്ഥലമെടുത്തപ്പോള്‍ നടപ്പുവിലയുടെ അഞ്ചിലൊന്ന് മാത്രം വാങ്ങി സ്ഥലം കൊടുത്ത പലരിലൊരാളുടെ സ്ഥലത്താണ് സമരപ്പന്തല്‍. 39 ചെറു സംഘടനകളുടെ കരുത്തിലാണ് സമരം.

 

22 സിവസം നീണ്ട നിരാഹാര സമരത്തിനിടെ ഹസീന


 

വിദേശ കുത്തകകള്‍ക്ക് രാജ്യത്തെ വിഭവങ്ങളത്രയും കച്ചവടമാക്കിയതിന്റെ ഏറ്റവും ലളിത ഉദാഹരണങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണ്. വിദേശികള്‍ ആദ്യം ആജ്ഞാനുവര്‍ത്തിയായ ഭരണാധികാരിയെ നിയമിക്കുന്നു. അയാളുടെ സ്ഥാനാരോഹണത്തിന് ആയുധവും പണവും നല്‍കുന്നു. അധികാരത്തിലെത്തിയാല്‍, പട്ടിണി കിടക്കുന്ന ജനതയുടെ നെഞ്ചിലൂടെ രാജ്യത്തിന്റെ വിഭവങ്ങളത്രയും കൊള്ളയടിക്കാന്‍ വിദേശകുത്തകകള്‍ക്ക് വഴിയൊരുക്കുന്നു.

കേരളത്തിലാവുമ്പോള്‍ ഇത് ഇത്തിരി കൂടി സങ്കീര്‍ണമാകും.

ആദ്യം ദൃശ്യ മാധ്യമങ്ങള്‍, ക്യാമറയുമായി, വഴിയിലെ കുഴികളുടെ ഭൂമിശാസ്ത്രമത്രയും ദിവസവും ജനതയെ കാണിച്ച് ഇതെന്ത് വികസനമാണെന്ന് ചോദിച്ചുറപ്പിക്കും. അടുത്തതായി, തലമുറകളായി ഉപയോഗിച്ചു പോവുന്ന വഴിയരികിലെ സ്ഥലമത്രയും ഭരണകൂടം ഏറ്റെടുത്ത് സ്വകാര്യ കമ്പനിക്ക് നല്‍കും. തണലു വെട്ടിമാറ്റി, മുറുക്കാന്‍ കടയടക്കം പൊളിച്ച് സമീപസ്ഥ കുന്നുകളിടിച്ചു നിരത്തി പഴയ വഴിക്കപ്പുറവുമിപ്പുറവും നൊടിയിടയില്‍ വഴി പെരുകും. അതിനിടെ, വീതിയെത്ര എന്ന ദാര്‍ശനിക ചോദ്യത്തിന് ഉത്തരം തേടി ബുദ്ധി ജീവികള്‍ 18+ 4.5+1+(7×2) + (1.75×2) + 4= 45 എന്നും 16+1.5+1+ (6×2) =30 എന്നും കണക്കുകൂട്ടി കളിക്കുകയും ചെയ്യും.

ഇതിനിടെ സമാന്തര വഴികളെല്ലാമടച്ച്, ഏതിലെ പോയാലുമിവിടെയെത്തും എന്ന നിലക്കുള്ള കെണിയൊരുക്കി ചുങ്കപ്പിരിവ് തുടങ്ങും, പതിറ്റാണ്ടുകളോളം.
പബ്ലിക്-പ്രൈവറ്റ് പാര്‍ട്നര്‍ഷിപ്പില്‍ ‘പബ്ലിക്കി’ന്റെ പങ്ക് അവിടെ അവസാനിക്കില്ല. നാട്ടുകാര്‍ പ്രതിരോധിക്കുമ്പോള്‍ അവരെ തല്ലിയൊടിക്കാനും അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും കൂടിയുള്ള ഉത്തരവാദിത്തമുണ്ട് പബ്ലിക് സെക്റ്ററിന്.

‘പ്രൈവറ്റി’നെ പ്രതിനിധീകരിക്കുന്ന കമ്പനിയാകട്ടെ 312 കോടി ക്ക് കരാറെടുക്കുന്നു. പിന്നെ, പബ്ലിക് ഗ്യാരണ്ടി കാട്ടി അത്രയും പണം ബാങ്ക് വായ്പ വാങ്ങി റോഡുണ്ടാക്കുന്നു., പിന്നീട് 700 കോടിയിലധികം ചിലവുണ്ടായി എന്നു കാണിച്ച് ഹൈവേ അതോറിറ്റിയെക്കൊണ്ട് മൊത്ത വില സൂചികയിലെ വര്‍ധനവനുസരിച്ച് ചുങ്കം നിശ്ചയിച്ച് 1200 കോടിയോളം പിരിക്കുന്നു-നേരിട്ട് ജനങ്ങളില്‍നിന്ന്.

ഈ കച്ചവടത്തില്‍, നിറയെ പരസ്യവും കൊടുത്ത് മാധ്യമങ്ങളയൊന്നും റോഡിലേക്കോ സമരപ്പന്തലിലേക്കോ തിരിഞ്ഞുനോക്കാത്ത വിധമാക്കേണ്ട ഉത്തരവാദിത്തം പ്രൈവറ്റിനായിരിക്കും എന്ന വ്യവസ്ഥ കൂടെയുണ്ട്.

 

 

സമരപ്പന്തലിനപ്പുറത്ത് ചുങ്കപ്പിരിവിന് കാവല്‍ നില്‍ക്കുന്ന പൊലീസിന് ബ്രിട്ടീഷ് ഭരണകൂടത്തിലെ കാവല്‍പ്പടയാളികളുമായി പക്ഷേ രണ്ട് വ്യത്യസങ്ങളുണ്ട്. പഴയ നിക്കറിനു പകരം പാന്റ്സായി എന്നതും പുക സഹിക്കാതെ മാസ്ക് വച്ചിട്ടുണ്ടെന്നതും. പൊലീസിനുള്ള ഭക്ഷണം ‘പ്രൈവറ്റ്’ പൊതിയായി എത്തിക്കും. ഈ ആത്മനിന്ദ ഈ മലയാളി പൊലീസുകാര്‍ എങ്ങനെയാവും തീര്‍ക്കുന്നുണ്ടാവുക?

‘ക്ഷീണമില്ല, ഉഷാറുണ്ട്. ആദ്യ രണ്ടു മൂന്നു ദിവസം കുഴപ്പമില്ലായിരുന്നു. പിന്നെ വല്ലാത്ത തലവേദന. ഇപ്പോള്‍ ശരീരത്തിനു മനസ്സിലായിരിക്കുന്നു. ശരീരത്തിലെ കൊഴുപ്പത്രയും എടുത്ത് ഊര്‍ജമാക്കുന്ന സമയമാവുമിത് -നിരാഹാരം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് സമരപ്പന്തലില്‍ ചെന്നു കണ്ടപ്പോള്‍ ഹസീന പറഞ്ഞ വാക്കുകള്‍.

കണ്ണടച്ചിരുട്ടാക്കുന്ന ഭരണകൂടം അറിയേണ്ടത് ഈ സമരം എന്നുമിങ്ങനെയാവില്ല എന്നതാണ്. ഇതിന്റെ ഭാവം മാറും. ഇവിടെ ചുറ്റുപാടും ജീവിക്കുന്ന സാധാരണ മനുഷ്യര്‍ വന്ന് ഈ ചുങ്കപ്പുര അടിച്ചു തകര്‍ക്കുന്ന ദിവസം വരും. മണ്ണിനോടും മനുഷ്യനോടും സ്വാതന്ത്യ്രത്തോടും ബന്ധിച്ചു നിര്‍ത്തുന്ന അഹിംസാത്മക സമരത്തിന്റെ ചരടുകളത്രയും അത്രയ്ക്ക് വലിഞ്ഞു മുറുകി കഴിഞ്ഞിരിക്കുന്നു.

 

 

5 thoughts on “എരിയാനിരിക്കുന്നു, ഈ നാലുവരിപ്പാതകള്‍

 1. As you say, if each Malayalee is a debtor of INR16000.00, what does he own? Definitely things are better than it was 20 years ago. What was our debt statistics before world bank came here? Any figures?

  Is this article againt just one toll booth near Amballoor? Have you ever travelled to bangalore by road? How was the road? How much did you pay as toll there? did you prtest when they asked for toll?

  Forget bangalore, what about Chettuva bridge, Kottappuram etc etc. why didnt we protest at that time? Do you know, even after the BOT term is over, there is still toll being levied from ignorant travellers in those places by vested interests. can some one stage a protest against that?

 2. ചേറ്റുവ ടോളിനെതിരെ ദിവസങ്ങളായി സമരം നടക്കുന്നുണ്ട്.
  അതിന്‍െറ അടിസ്ഥാനത്തില്‍ അവിടെ ടോള്‍ വാങ്ങുന്നത്
  ഈ മാസം 31ന് നിര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്.

  http://www.mathrubhumi.com/thrissur/news/1517460-local_news-thrissur-%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D.html

  • പക്ഷെ ആ സമരം അവിഹിത ടോളിനെതിരെ ആയിരുന്നു. കഴിഞ്ഞ 25 വര്ഷം പിരിച്ച്ചതോ? അതല്ലേ ഇപ്പോള്‍ ആമ്പല്ലൂരില്‍ നടക്കുന്നത്?

 3. നിയമവ്യവസ്ഥ പോലും കൈമലര്‍ത്തുന്ന നിസ്സഹായതയില്‍ ആണ് സാധാരണ ജനങ്ങള്‍ സ്വന്തം ജീവന്‍ നിലനിറുത്താന്‍ വേണ്ടി അക്രമാസക്തരാവുന്നത്. ആ സമയത്ത് നിയമം കയ്യിലെടുക്കരുത് എന്ന് ആക്രോശിക്കാന്‍ ആര്‍ക്കാണ് അവകാശം? ഇപ്പോള്‍ ഇവിടെ നിരാഹാരം കിടക്കുന്നവരെ ഇനിയെന്നാണാവോ തീവ്രവാദികള്‍ എന്ന് ആരോപിച്ചു ജാമ്യം കൊടുക്കാതെ ‘അകത്താ’ക്കുന്നത്!!!

 4. ”വിദേശ കുത്തകകള്‍ക്ക് രാജ്യത്തെ വിഭവങ്ങളത്രയും കച്ചവടമാക്കിയതിന്റെ ഏറ്റവും ലളിത ഉദാഹരണങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണ്”

  പക്ഷെ ആഫ്രിക്കയിൽ ഒരു രജ്യമെങ്കിലുമൂണ്ട്, ഇ-റ്റൊളിങ്ങിനെ അതി ശക്തമായ പൊതുജന പിന്തുണയോടെ നിയമത്തിന്റെ വഴിയിലൂടെ എതിർക്കുന്നത്- സൌത്താഫ്രിക്ക.

  ഇതിനെ കുറിച്ചു ഞാൻ എഴുതിയിരുന്ന ഒരു പോസ്റ്റും അതിന്റെ അപ്ഡേറ്റും ഇവിടെ വായിക്കാം.

  http://indiablooming.com/india/e-tolling-on-gauteng-highway-south-africa-blocked-by-pretoria-high-court#more-1447.

Leave a Reply

Your email address will not be published. Required fields are marked *