കുണ്ടും കുഴിയും ചാടി ചാടി ഈ ഓര്‍ഡിനറി

രണ്ടു നായികമാരാണ് ചിത്രത്തില്‍, ആന്‍ അഗസ്റിനും ശ്രിദ ശിവദാസും. എപ്പോഴും ഒരു കണ്ണാടിക്ക് അപ്പുറം നിന്ന് വയലിന്‍ വായിക്കുക, എന്തോ വലിയ അത്യാഹിതം സംഭവിക്കാന്‍ പോകുന്നുവെന്ന ഭാവത്തില്‍ കാമുകനെ കാത്തിരിക്കുക, മൂടിപ്പുതച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുക തുടങ്ങിയവയാണ് ആന്‍ അഗസ്റിന്റെ പ്രകടനങ്ങള്‍. നായകന്റെ വീരസാഹസികതകളില്‍ അത്ഭുത സ്തബ്ധയായി ആരാധനയോടെ നോക്കുക, പ്രണയ വിവശയാവുക, ചുമ്മാ കരയുക, നായകന്‍ തല്ലു കൊള്ളുമ്പോഴും പോലീസ് പിടിയിലാകുമ്പോഴും മറ്റും നിറമിഴികളോടെ നോക്കിനില്‍ക്കുക തുടങ്ങിയ അത്യുജ്ജ്വല അഭിനയശേഷി ആവശ്യമുള്ള രംഗങ്ങളിലാണ് ശ്രിദ ശിവദാസ് പ്രത്യക്ഷപ്പെടുന്നത്. ആസിഫലിയും കുഞ്ചാക്കോ ബോബനും തങ്ങള്‍ക്കു കിട്ടിയ വേഷങ്ങള്‍ ‘ആരാണ് കൂടതല്‍ ബോറാക്കുക’ എന്നത് മല്‍സരബുദ്ധിയോടെ ചെയ്തിട്ടുണ്ട്. മല്‍സരത്തില്‍ ആസിഫലിയാണ് വിജയിച്ചത്-അന്നമ്മക്കുട്ടി എഴുതുന്നു

 

 

‘ഓടി നാറിയ കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഓര്‍ഡിനറിയെന്ന പേരില്‍ ഓടിക്കുന്നത്’ എന്നു പറഞ്ഞത് തമാശക്കാരനായ മുന്‍മുഖ്യമന്ത്രി നായനാരാണ്. മലയാളത്തിലേയും തമിഴിലേയും സിനിമകളിലായി കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ പലതവണ കണ്ടുമടുത്ത സകല ഓര്‍ഡിനറി മസാലകളും കൂട്ടിച്ചേര്‍ത്തെടുത്ത ഒരു കഥ ‘ഗവി’ എന്ന സുന്ദരമായ സ്ഥലത്തുകൊണ്ടുവന്ന് പ്രതിഷ്ഠിച്ചിരിക്കുകയാണ് ‘ഓര്‍ഡിനറി’ എന്ന സിനിമ. നിഷാദ് കോയയും മനുപ്രസാദും ചേര്‍ന്ന് തിരക്കഥയെഴുതി നവാഗതനായ സുഗീത് സംവിധാനം ചെയ്ത ഈ സിനിമയില്‍ ‘ഗവി’ എന്ന മനോഹരഭൂപ്രദേശം അല്ലാതെ പുതുതെന്ന് പറയാന്‍ ഒരു കാഴ്ചയുമില്ല. ഓടി നാറിയ അതേ കഥാഗതി!

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റാന്റില്‍നിന്ന് വനപ്രദേശമായ ‘ഗവി’യിലേക്ക് പോകുന്ന ഏക കെ.എസ്.ആര്‍.ടി.സി ബസിന്റെ കണ്ടക്ടറായ ഇരവിക്കുട്ടിപ്പിള്ളയായി കുഞ്ചാക്കോ ബോബനും ഡ്രെവര്‍ സുകുവായി ബിജു മേനോനും തിരശീലയിലെത്തുന്നു. മലയാള സിനിമ ഉണ്ടായ കാലം മുതല്‍ നമ്മള്‍ സ്ക്രീനില്‍ കാണുന്ന അതേ കഥാപാത്രങ്ങളാണ് ഗവിയിലും. നാട്ടുകാര്‍ ബഹുമാനിക്കുന്ന ഒരു മാഷ്, നാട്ടുകാര്‍ക്ക് ശല്യമായ ഒരു ഗുണ്ട, ഏതെങ്കിലും ഒരുത്തനെ കണ്ടുമുട്ടിയിരുന്നേല്‍ പ്രേമിക്കാമായിരുന്നു എന്ന മട്ടില്‍ കാത്തിരിക്കുന്ന പ്രാരാബ്ധക്കാരിയായ നായിക, ഒരു പള്ളീലച്ചന്‍, ചില്ലറ കോമഡിക്കാര്‍, ചായക്കടക്കാരന്‍, വില്ലത്തരമുള്ള പോലീസുകാരന്‍…അങ്ങനെയങ്ങനെ കഥാപാത്ര സൃഷ്ടി ‘സമഗ്രവും കുറ്റമറ്റതുമാ’ണ്. നാട്ടിലെ പള്ളി, അവിടത്തെ കൂട്ടമണി, കാവിലെ ഉല്‍സവം,
ഉല്‍സവ ദിവസം രാത്രിയില്‍ നാട്ടുകാരെല്ലാംകൂടിയുള്ള ആദിവാസി നൃത്തം, ഉല്‍സവ ദിവസം നടക്കുന്ന ഭീകരസംഭവം തുടങ്ങിയ സ്ഥിരം വിഭവങ്ങളും വിട്ടുപോയിട്ടില്ല.

 

 

സിനിമയിലെ പതിവുപോലെ യഥാക്രമം നായകന്‍ ഇരവിയും നായിക കല്യാണിയും ആദ്യം ചില്ലറയുടെ പേരില്‍ ഉടക്കുന്നു, പിന്നീട് നായകന്‍ നായികയെ കളിയാക്കുന്നു,നായിക ചമ്മുന്നു, പിന്നീടവര്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പ്രേമത്തിലാവുന്നു. ഓ സോറി! ഒരു കാര്യം പറയാന്‍ മറന്നു, പതിവുപോലെ
നായകന്‍ ഈ സിനിമയിലും പാട്ടുപാടാന്‍ കഴിവുള്ളയാളാണ്. നായകന്‍ പാടുന്നു, അതും കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റ് കൊടുക്കുന്നതിനിടെ! ബസിലെ
യാത്രക്കാര്‍ മുഴുവന്‍ താളംപിടിക്കുന്നു. ഗ്രാമീണരായ നായികയും നായകനും അതി മോഡേണ്‍ വേഷങ്ങളില്‍ കുന്നിന്‍ചെരുവിലും മലമുകളിലും സ്വപ്നത്തില്‍
ഡാന്‍സ് കളിക്കുന്നു…

അങ്ങനെ കഥ മുന്നേറവെ പ്രതിസന്ധി അവതരിക്കുന്നു. പ്രതിസന്ധിയില്ലാതെന്തു പ്രേമം? (നായകന്‍ നായികയുടെ കരണത്തടിക്കുന്ന ഒരു രംഗം സിനിമയുടെ
വാണിജ്യവിജയത്തിന് അനിവാര്യമാണെന്ന ധാരണ എങ്ങനെയോ പണ്ടുകാലം മുതലേ നമ്മുടെ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കുമുണ്ട്. ആ ധാരണക്ക് ഈ സിനിമയിലും മാറ്റമൊന്നുമില്ല. നായകന്‍ കരണത്തടിക്കുന്നതും അടി കൊള്ളളുന്ന നായിക പശ്ചാത്താപ വിവശയാകുന്നതും വിട്ടുപോകാതെ ചേര്‍ത്ത തിരക്കഥാകൃത്തുക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു.) സദ്ഗുണ സമ്പന്നനും നിഷ്കളങ്കനും പച്ചപ്പാവവുമായ നായകനെക്കുറിച്ച് നാട്ടുകാര്‍ക്ക് ഉണ്ടാവുന്ന തെറ്റിദ്ധാരണയാണ് ഇത്തരം മലയാള സിനിമകളിലെ സ്ഥിരം പ്രതിസന്ധി വിഭവം. ഇവിടെയും അതുതന്നെ. പച്ചപ്പാവമായ നായകന്‍ ഇരവി കൊലയാളിയാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കുന്നു. അവര്‍ അവനെ അടിക്കുന്നു, ഇടിക്കുന്നു, മാന്തുന്നു, പോലിസിന് പിടിച്ചുകൊടുക്കുന്നു.

 

 
നായകന്‍ ജയിലില്‍. ജാമ്യത്തിലിറങ്ങുന്ന നായകന്‍ സുഹൃത്തിനൊപ്പം യഥാര്‍ഥ വില്ലനെ തേടിയിറങ്ങുന്നു. വില്ലന്റെ കൂട്ടാളിയെ ഓടിച്ചിട്ട് പിടിച്ച്, കൂട്ടമണിയടിച്ച് നാട്ടുകാര്‍ക്കു മുന്നില്‍ സത്യം പറയിക്കുന്നു. കൂട്ടാളി യഥാര്‍ഥ വില്ലനെ ചൂണ്ടിക്കാട്ടുമ്പോള്‍ ജനങ്ങള്‍ ഞെട്ടുന്നു, സിനിമ കണ്ടിരിക്കുന്നവര്‍ക്ക് ഒരു ഞെട്ടലുമില്ല. കാരണം അവനായിരിക്കും വില്ലനെന്ന് അവന്റെ ഓവര്‍ ആക്ടിങ് കാണുമ്പോഴേ ബുദ്ധിയുള്ള പ്രേക്ഷകന്‍ ഊഹിക്കും.

മഴവില്ല്, കംഗാരു, ഓര്‍മച്ചെപ്പ്, ഡാര്‍ലിങ് ഡാര്‍ലിങ്, തമിഴ്ചിത്രമായ കാതല്‍കൊണ്ടേന്‍ തുടങ്ങി പല സിനിമകളിലേയുംപോലെ ‘ഭ്രാന്തമായ പ്രണയരോഗം
ബാധിച്ച ഒരാളിന്റെ ക്രിമിനല്‍ മനസ്’ എന്ന മടുപ്പിച്ചു കഴിഞ്ഞ വിഷയമാണ് ഇവിടെയും ക്ലൈമാക്സ് രഹസ്യം. അവസാനം വില്ലന്‍ കൊക്കയിലോ കുഴിയിലോ
വെള്ളത്തിലോ ചാടുമെന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍നിന്ന് വഴുതി സ്ലോമോഷനില്‍ അഗാധതകളിലേക്ക് താണുപോകുമെന്നുമുള്ളകാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ രംഗം ‘ഓര്‍മച്ചെപ്പും’ ‘ഉയരങ്ങളിലു’ം ‘കാതല്‍കൊണ്ടേനു’ം പോലെ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് നായകനും
നായികയും നാട്ടുകാരുടെ കണ്ണിലുണ്ണികളായി സുഖമായി കല്യാണം കഴിച്ചു ജീവിച്ചെന്നുള്ള വിവരം അറിയിച്ച് ഈ ഓര്‍ഡിനറി ഓട്ടം നിര്‍ത്തുമ്പോള്‍
നമ്മള്‍ പ്രേക്ഷകര്‍ ശരിക്കും അവശരായിപ്പോകുന്നു! കാരണം ഏതൊരു ഓര്‍ഡിനറി ബസിനെയുംപോലെ കണ്ണില്‍കണ്ട സകല സ്റ്റോപ്പിലും നിര്‍ത്തിയും കുണ്ടിലും കുഴിയിലും ചാടിയും ഇഴഞ്ഞും കരഞ്ഞും മുടന്തിയും നീങ്ങിയുമാണ് ഈ സിനിമയും ഓട്ടം നിര്‍ത്തുന്നത്.
 

 
ആര്‍ക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ അഭിനേതാക്കളുടെ കാര്യം പറയാനില്ല. രണ്ടു നായികമാരാണ് ചിത്രത്തില്‍, ആന്‍ അഗസ്റിനും
ശ്രിദ ശിവദാസും. എപ്പോഴും ഒരു കണ്ണാടിക്ക് അപ്പുറം നിന്ന് വയലിന്‍ വായിക്കുക, എന്തോ വലിയ അത്യാഹിതം സംഭവിക്കാന്‍ പോകുന്നുവെന്ന ഭാവത്തില്‍
കാമുകനെ കാത്തിരിക്കുക, മൂടിപ്പുതച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുക തുടങ്ങിയവയാണ് ആന്‍ അഗസ്റിന്റെ പ്രകടനങ്ങള്‍. നായകന്റെ വീരസാഹസികതകളില്‍ അത്ഭുത സ്തബ്ധയായി ആരാധനയോടെ നോക്കുക, പ്രണയ വിവശയാവുക, ചുമ്മാ കരയുക, നായകന്‍ തല്ലു കൊള്ളുമ്പോഴും പോലീസ് പിടിയിലാകുമ്പോഴും
മറ്റും നിറമിഴികളോടെ നോക്കിനില്‍ക്കുക തുടങ്ങിയ അത്യുജ്ജ്വല അഭിനയശേഷി ആവശ്യമുള്ള രംഗങ്ങളിലാണ് ശ്രിദ ശിവദാസ് പ്രത്യക്ഷപ്പെടുന്നത്.

ആസിഫലിയും കുഞ്ചാക്കോ ബോബനും തങ്ങള്‍ക്കു കിട്ടിയ വേഷങ്ങള്‍ ‘ആരാണ് കൂടതല്‍ ബോറാക്കുക’ എന്നത് മല്‍സരബുദ്ധിയോടെ ചെയ്തിട്ടുണ്ട്. മല്‍സരത്തില്‍ ആസിഫലിയാണ് വിജയിച്ചത്. ‘ഉന്നം’ തുടങ്ങി സമീപകാലത്തെ പല ചിത്രങ്ങളിലേയും പോലെ ആസിഫിന്റെ അനിയന്ത്രിത അഭിനയം പലപ്പോഴും അരോചകമാവുന്നുണ്ട്. അല്‍പം ഭേദപ്പെട്ട പ്രകടനം ബിജു മേനോന്റേതു മാത്രമാണ്. ചുരുക്കത്തില്‍, 1980 കള്‍ മുതലിങ്ങോട്ട് സിനിമയില്‍ പലയാവര്‍ത്തി കണ്ട സകല പൈങ്കിളിച്ചേരുവകളും ഗവിയുടെ പശ്ചാത്തലത്തില്‍ വീണ്ടും കണ്ടിരിക്കാന്‍ ശേഷിയുള്ള സകലരും മറക്കാതെ കാണേണ്ട ചിത്രമാണ് ‘ഓര്‍ഡിനറി’.

21 thoughts on “കുണ്ടും കുഴിയും ചാടി ചാടി ഈ ഓര്‍ഡിനറി

 1. ഈ അന്നമ്മക്കൊച്ചു തന്നെ ആണോ അപ്രത്ത് ഇന്ദുലേഖേൽ മൂർത്തി സാർ എന്ന പേരിൽ എഴുതണേ? അതോ മൂർത്തിസാർ ആണോ ഇപ്രത്ത് അന്നമ്മക്കൊച്ചാന്നും പറഞ്ഞ് എഴുതണേ…

 2. അപ്പൊ ഈ കണ്ട പ്രൊമോഷന്‍ എല്ലാം ഈ ചവറു കഥ പറയാന്‍ ആയിരുന്നല്ലേ ??

 3. അന്നമ്മ ചേടത്തിക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല.. ഒരു റിവ്യു വായിക്കുമ്പോള്‍ വായനക്കാരന്‍ പ്രതീക്ഷിക്കുന്നത് സിനിമയെക്കുറിച്ചുള്ള ഒരു അവലോകനവും, അഭിപ്രായവുമാണ്. അല്ലാതെ സിനിമാക്കഥയല്ല! എത്ര മോശം സിനിമയാണെങ്കിലും അതിന്റെ കഥ മുഴുവന്‍ റിവ്യുവില്‍ പറഞ്ഞാല്‍ പിന്നെ പടം കാണാന്‍ എന്തിനു പോണം! അതുകൊണ്ട് ചേടത്തീടെ റിവ്യു വായിക്കുന്നത് ഞാന്‍ നിര്‍ത്തി!

 4. i hv been reding ur reviews from last six months…………most the revies are good but insted pointing only in bad things pls highlight the good things

 5. ഈ സിനിമയെക്കുറിച്ച് അല്പം നല്ല വര്‍ത്താനമൊക്കെ കേട്ടതായിരുന്നു. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ദെ കിടക്കുന്നു, ചട്ടീം കലോം ധിം തരികട തോം… എന്റെ അന്നകുട്ടീ!!!!!!!!!!!! 😀

 6. ഈ അന്നാമ്മ തല്ലിപ്പൊളി പടങ്ങള്‍ മാത്രമേ കാണാറുല്ലോ? അതോ ചേച്ചി കാണുന്ന പടങ്ങള്‍ എല്ലാം പൊളിയും എന്നാണോ? “ഈ അടുത്ത കാലത്ത്” പോലുള്ള സിനിമ റിവ്യു വായിക്കാന്‍ താല്പര്യം ഉണ്ടായിരുന്നെങ്കിലും അങ്ങിനെ ഒന്നു കണ്ടില്ല… അത് കൊണ്ട് തന്നെ ആ പടം കുഴപ്പമില്ലാതെ ഓടുന്നു എന്നാണ് കേട്ടത്..

 7. അന്നമ്മോ…..
  ഈ കഥയങ്ങാട് മുഴുവനും പറഞ്ഞ് പടം നിരൂപിക്കുന്ന രീതി ഒന്ന് മാറ്റിപ്പിടിക്കണേ…പണ്ട് കോഴിക്കോടന്‍ എന്നൊരു കക്ഷി കോഴിക്കോട്ടുനിന്നിറങ്ങുന്ന മാസികേല് പരീക്ഷിച്ചു പൊളിഞ്ഞ രീതിയാ. ചേച്ചി കഥ മുഴുവന്‍ പറഞ്ഞാല്‍ നമ്മക്കിതൊന്നു കണ്ടുനോക്കാം ന്നുള്ള തോന്നലും കൂടെ അങ്ങില്ലാതാകും……..

 8. oru nalla chithram… athine ithra kuttappedutthaanonnumilla… ippazhum graamangalil inganathe kaazhchakalund.. nagaramaanu lokam ennu karuthunna annakkutti.. ee pani nirthan samayamaayi

 9. അന്നാമ്മ മോശമെന്ന് പറഞ്ഞ എല്ലാ പടവും എനിക്ക് ഇഷ്ടപെട്ടിട്ടുണ്ട് . അതൊകൊണ്ട് ഇതും തീര്‍ച്ചയായും കാണണം

  • Sathyam.. ee padam njan kandu..! first half nalla time pass..! second half lagging..! ennalum watchable aaya oru movie aanu ithu..!

 10. annammey…ente ponnammey…ingane nashippikkaruth..athavaa nashikkaruth…

  its a good movie…entertaining..!

 11. അതെ പടം കൊള്ളാം പക്ഷെ ചേരുവകള്‍ എല്ലാം പഴയത് തന്നെ, പിന്നെ വില്ലന്‍ പോര, ബിജുമേനോന്‍ പൊളിച്ചു 🙂

 12. വിമര്‍ശനം ആകാം.. അത് അതിര് കടക്കുകയുമരുത്, മറ്റുള്ളവരെ കുറ്റപ്പെടുത്തണം എന്നാ ഒറ്റ ഉദ്ദേശത്തിലും ആകരുത്… വിമര്‍ശനം നന്മ പ്രതീക്ഷിച്ചു കൊണ്ടാകണം …ഇതും ഒരു കൂട്ടായ്മ ആണ്.. ഒരു കൂട്ടം കലാകാരുടെ..

 13. manoharamayi avatharippicha ordinary ee varshathe super hitukalude pattikayil idam nedi…. enthu cheyyana njangal pavangalkke itharam cinemayokke mathi chechi

 14. Review vayichhuu…enthineyum kuttapeduthi mathram samsarikkavunna ningal aa cinemayude record collectioneyum patti onnu chodichu ariyukaa..sadharanakkaraya janangalude abhiprayam manikkathe ethrayum mosham reviews orikkalum cheyyaruthuu…

 15. ഇതോടെ nalamidam ലെ ഫിലിം റിവ്യൂ വായന നിര്‍ത്തി. ഇത് വിശ്വസിച്ചു പല കാണാന്‍ കൊള്ളാവുന്ന സിനിമകളും കാണാതെ വിട്ടു. അന്നമ്മകുട്ടി എന്ന ആള്‍ ഏതു തരത്തിലുള്ള സിനിമ ആണ് പ്രതീക്ഷിയ്ക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല.
  വായനക്കാരെ , ഓര്‍ഡിനറി എന്നത് ഇക്കാലത്ത് ഇറങ്ങിയവയില്‍ വെച്ച് കാണാന്‍ കൊള്ളാവുന്ന ഒരു സിനിമയാണ്. ഒരു ശരാശരി നല്ല സിനിമ കാണണം എന്നുണ്ടെങ്കില്‍ പോയി കാണുക.

 16. പ്രിയപ്പെട്ട അന്ന വായിച്ചറിയുവാന്‍,

  താങ്കള്‍ ആണോ പെണ്ണോ എന്നുള്ള ഒരു ചര്‍ച്ച അവിടെ നടക്കുന്നു.. അത് പോട്ടെ.. കുറച്ചു കാലങ്ങളായി മലയാളികളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്ന മള്‍ടി, മെഗാ, സൂപ്പര്‍ സ്ടാറുകളുടെ കൂതറ സിനിമകളെക്കാള്‍ എത്രയോ ഭേദമുള്ള ഒരു നല്ല സിനിമയല്ലേ ഈ ഓര്‍ഡിനറി.. താങ്കള്‍ നല്ല സിനിമ എന്നത് കൊണ്ട് എന്താണ് ഉദേശിക്കുന്നത്..? നല്ല സിനിമക്ക് ഒരു നിര്‍വചനം ദയവായി ആദ്യം താങ്കള്‍ തരുക.. എന്നിട്ട് ഞങ്ങള്‍ തീരുമാനിക്കും കാണണോ വേണ്ടയോ എന്ന്..!

  സ്നേഹപൂര്‍വ്വം.
  ഞാന്‍

 17. അന്നക്കുട്ടി പറഞ്ഞതാണ്‌ കാര്യം.. മലയാള സിനിമ മാറ്റത്തിന്റെ പതയിലെക്കൊന്നു വരികയാണ് ..അപ്പോഴാണ് ഒരു കൂതറ ഓര്‍ഡിനറി ..

Leave a Reply

Your email address will not be published. Required fields are marked *