കടമ്മനിട്ടയ്ക്കപ്പുറവും ഇടമുണ്ട് കടമ്മനിട്ടക്കവിതയ്ക്ക്

പടയണിത്താളത്തിനുള്ളില്‍ വാക്കുനിറയ്ക്കുകയായിരുന്നു രാമകൃഷ്ണന്‍ എന്ന് സാമാന്യവല്‍ക്കരിക്കാനാവില്ല. തീര്‍ച്ചയായും അത്തരം കവിതകളുണ്ട്. മൊത്തം കവിതകളുടെ നാലില്‍ഒന്നോളം അവ വരികയും ചെയ്യും. എന്നാല്‍ ഒട്ടേറെ സവിശേഷതകളും വൈവിധ്യവും രാഷ്ട്രീയ സൂക്ഷ്മതകളുമുള്ള ഗദ്യത്തിലെഴുതിയ കവിതകള്‍ എണ്ണത്തില്‍ തുല്യനിലയിലാണ്. അതായത് പടയണിയെന്ന കലാരൂപവും കടമ്മനിട്ട എന്ന ഗ്രാമവും മാത്രമല്ല ആ കവിതകളുടെ പിന്നണിയില്‍ .അത് പ്രമുഖമായൊരു ഊര്‍ജ്ജമായിരിക്കെ തന്നെ തുല്യമായ പല ഊര്‍ജ്ജധാരകള്‍, പലലോകങ്ങള്‍, പലകാലങ്ങള്‍, പലഭാവുകത്വങ്ങള്‍ ആ കവിതകളിലുണ്ട്. അതുകൊണ്ട് തന്നെ കടമ്മനിട്ടക്കവിതകള്‍ക്ക് പടയണിയുടെ പരസ്യവണ്ടി ആകേണ്ടതില്ല- കടമ്മനിട്ടക്കവിതകളിലെ ദേശം, പടയണി സ്വാധീനത്തെക്കുറിച്ച് സര്‍ജു എഴുതിയ വ്യത്യസ്തമായ ഈ വിശകലനം രണ്ട് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്നു.

 

 

വ്യക്തിയെ രൂപപ്പെടുത്തുന്നത് ജന്മദേശവും ജിവിതദേശവും മാത്രമല്ല. എല്ലാപ്രതിഭകളിലും, എല്ലാമനുഷ്യരിലും ഇവയുടെ സ്വാധീനങ്ങളുണ്ടാകും. എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍ പെട്ടെന്ന് തിട്ടപ്പെടുത്താനാവാത്ത ഒട്ടനേകം ദേശ വഴികള്‍ ഓരോരുത്തരിലും തെളിഞ്ഞു കാണാനാവും.

പത്തനംതിട്ടയില്‍ നിന്ന് അഞ്ചാറ് കിലോമീറ്റര്‍ അകലെയുള്ള ഒരു സാധാരണ കേരളീയഗ്രാമമാണ് കടമ്മനിട്ട. തെക്കന്‍ തെയ്യമായ പടയണിയുടെ കേന്ദ്രങ്ങളില്‍
ഒന്നാകയാല്‍, വലിയ ക്ഷേത്രങ്ങളും പള്ളികളുമുള്ള, സവിശേഷ അനുഷ്ഠാനങ്ങളും നാടന്‍ കലാ പാരമ്പര്യങ്ങളുമുള്ള നൂറുകണക്കിന് കേരളീയഗ്രാമങ്ങളുടെ ഗണത്തില്‍ കടമ്മനിട്ടയും പെടും.രാമകൃഷ്ണന്‍ എന്ന കവിയ്ക്ക് തന്റെ ഊര്‍ജ്ജത്തിന്റെ പ്രധാന ഉറവകളിലൊന്ന് ഈ പ്രദേശമായിരുന്നു.എന്നാല്‍ കാലന്‍കോലത്തെക്കാള്‍ വലിയ കിരീടങ്ങളോടെ കടും നിറങ്ങളോടെ ഒരു ഗ്രാമം കവിയുടെ ഭൂപടമാകുന്ന നില വന്നു. ഇത് ആ കവിതയുടെ ശക്തി വൈവിധ്യത്തെ , ബഹുസ്വരങ്ങളെ ,പലമയെ മറച്ചു. തുണച്ചതിലും കൂടുതലായിരുന്നു ഈ എതിര്‍നില്‍ക്കല്‍.

സര്‍ജു

നമ്മുടെ ജീവിതദേശത്തില്‍, ഭാഷാദേശത്തില്‍ വന്നുതുടങ്ങിയ മാറ്റങ്ങള്‍ ആധുനികതയ്ക്ക് മുമ്പ് തന്നെ കവിതയില്‍ അടയാളപ്പെട്ടതാണ്.
തടുക്കില്ലമ്പലം
തടുക്കില്ലാപള്ളി
പടച്ചോനിപ്പോള്‍
പരദേശത്തിലാം, എന്ന് ‘ആസാം പണിക്കാരി’ല്‍ ദേശാതിര്‍ത്തി മുറിച്ചവരെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയത് രാജ്യം സ്വതന്ത്രമാകുന്നതിനുമുമ്പുള്ള സ്വദേശി ജാഗ്രതയുടെ കാലത്തായിരുന്നു. പിന്നീട്, ‘കറുത്തചെട്ടിച്ചികള്‍’ എന്ന കവിതയിലൂടെ വിട്ടുപോകുന്ന ഇടങ്ങള്‍ മറ്റൊരുവിഭാഗം മനുഷ്യരെ സംബന്ധിച്ച് എത്തിച്ചേരലിന്റെ ഇടങ്ങളാകുന്നതിനെ ഇടശേരി ആവിഷ്കരിച്ചു.

വിശേഷപ്പെട്ട മറ്റൊരുകാര്യം കുഞ്ഞിരാമന്‍ നായര്‍ കവിതയിലെ ദേശബഹുലതയും ദേശപ്പെരുക്കവുമാണ്. ചിതറിത്തെറിച്ച ഒരാള്‍ വാരിപ്പിടിച്ചവയായിരുന്നു ആ ഇടങ്ങള്‍. ജിവിതത്തിലെന്നപോലെ കവിതയിലും ദേശങ്ങള്‍ തിരകളായ് ഇളകി മറിഞ്ഞു. മാറിമറിയുന്ന ഭൌതിക പരിസരങ്ങള്‍ ആധുനിക കവിതയെ സ്വാധീനിച്ച പ്രധാനഘടകങ്ങളിലൊന്നാണ്. അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷണന്‍, സച്ചിദാനന്ദന്‍,മാധവിക്കുട്ടി,ആറ്റൂര്‍ രവിവര്‍മ്മ,മേതില്‍ രാധാകൃഷ്ണന്‍,കെ.ജി ശങ്കരപ്പിള്ള, ചെറിയാന്‍ കെ. ചെറിയാന്‍,കുഞ്ഞുണ്ണി, ഡി. വിനയചന്ദ്രന്‍, കെ.എ. ജയശീലന്‍ .തുടങ്ങി പ്രമുഖരായ ആധുനിക കവികള്‍ ഒട്ടുമിക്കവരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഭാഷാതിര്‍ത്തിയ്ക്ക് പുറത്തുജീവിച്ചതിന്റെ അനുഭവങ്ങള്‍ ഉള്ളവരാണ്.

ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍,വിദേശരാജ്യങ്ങളില്‍ (അയ്യപ്പപ്പണിക്കര്‍, ചെറിയാന്‍ .കെ ചെറിയാന്‍, മേതില്‍), ദേശ, ദേശാന്തര സഞ്ചാരങ്ങളില്‍ ഈ എഴുത്തുകാര്‍ ഉണ്ടായിരുന്നു.ഒരു പരിധിവരെ ആശ്രമ ജീവിയായിരുന്ന കുഞ്ഞുണ്ണി മാത്രമാവും കൂട്ടത്തില്‍പ്പെടാത്തത്.

 

 

ആധുനികത ഇറക്കുമതിച്ചരക്കാണെന്ന ആരോപണത്തെ നേരിടാന്‍ നിരൂപകരില്‍ ചിലര്‍ ഒരുകാലത്ത് കടമ്മനിട്ടക്കവിതയെ ഉപയോഗപ്പെടുത്തി.ആധുനികമെങ്കിലും ഇതാ അസല്‍, തനിനാടന്‍, സ്വദേശി ഉല്‍പ്പന്നം എന്ന മട്ടില്‍. അതിനായി രാമകൃഷ്ണന്റെ അപ്പൂപ്പന്റെ ജീവചരിത്രവും ഗ്രാമചരിത്രവുമൊക്കെ കണ്ടെടുത്തു. ഇത്കവിതാപഠനം എന്നതിനേക്കാള്‍ എങ്ങനെ കവിത ചൊല്ലുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണമായി.

പുഴുങ്ങിയ മുട്ടകള്‍,ആ പശുക്കുട്ടിയുടെ മരണം, മത്തങ്ങ , രാഷ്ട്രീയനേതാവ്, മരണത്തിന്റെ വില, മുഖപ്രസഗം, കണ്ണൂര്‍ക്കോട്ട,അവര്‍ പറയുന്നു, ഞാനിന്നുമെന്റെഗ്രാമത്തിലാണ്,നഗരത്തില്‍ പറഞ്ഞ സുവിശേഷം, തെരഞ്ഞെടുപ്പ്, കമ്പിത്തപാല്‍ വകുപ്പ്, സതീശന്‍, സ്വസ്ഥ്മായ ഒരുദിവസം, വാസുദേവന്‍, ആന, നവവത്സരാശംസകള്‍, കല്‍പ്പണിക്കാരന്‍, ക്യാ?, ബാപ്പുജി നഗറിലെ അശ്വത്ഥം`തുടങ്ങി നാലില്‍ ഒരുഭാഗം കവിതകള്‍ രാമകൃഷ്ണന്‍ തുറന്ന ഗദ്യത്തില്‍ എഴുതിയതാണ്. സാരോപദേശത്തിന്റെ , പള്ളിപ്രസംഗത്തിന്റെ, ഉപന്യാസത്തിന്റെ, ആശംസകളുടെ, സംഭാഷണത്തിന്റെ, പ്രഭാഷണത്തിന്റെ, പത്രപ്പരസ്യത്തിന്റെ,റിപ്പോര്‍ട്ടിംഗിന്റെ , വ്യത്യസ്തങ്ങളായ ശില്‍പ്പഘടനയാണ് ഈ കവിതകള്‍ക്ക്.ഓരോ കവിതയും ഒറ്റയൊറ്റ കാവ്യപഠനങ്ങള്‍ക്ക് വകയുള്ളത്. അത്തരം പഠനങ്ങളുടെ ഒരു സമാഹാരം സാധ്യമായാല്‍ പടയണി മറച്ച കടമ്മനിട്ടക്കവിത വെളിപ്പെടും.

‘കോഴിയിലെ അടിസ്ഥാന താളം തേടി പടയണിയിലെത്തുന്നവര്‍ക്ക് നിരാശപ്പെടുകയേ നിവൃത്തിയുള്ളൂ, കാരണം തിസ്രഗതിയിലുള്ള താളഘടന പടയണിയിലില്ല എന്നുള്ളതല്ല.രാമകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്ന താളം അവിടെ കണ്ടെത്താനാവുകയില’്ല എന്നതാണെന്ന കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ നിരീക്ഷണം താളഘടനയുള്ള ഭൂരിഭാഗം കവിതകള്‍ക്കും ബാധകമാണ്.കോഴി, വരകള്‍ വര്‍ണ്ണങ്ങള്‍, താറും കുറ്റിച്ചൂലും, പരാതി, ചാക്കാല, ഭാഗ്യശാലികള്‍,പൂച്ചയാണിന്നെന്റെ ദുഖം, കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്, കുപ്പേലുണ്ടൊരുമാണിക്യം, പൊരിക്കടല, നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം, തുമ്മരുത്,ഞാനും കിളിയും, മഴ പെയ്യുന്നു
മദ്ദളംകൊട്ടുന്നു`തുടങ്ങി വലിയൊരുഭാഗം കവിതകളുടെ താളം പടയണിയുമായി ബന്ധമുള്ളതല്ല.

അങ്ങേലെ മൂപ്പീന്നു ചത്തോടി? എന്നതിന്റെ താളം അറിയാന്‍ പ്രത്യേക ഗവേഷണം ആവശ്യമില്ലതാനും.

 

പടയണി photo courtesy: sreeji

 

‘പടയണിയിലൂടെ തനിക്ക് ലഭിച്ച നാടോടിക്കലാസംസ്കാരത്തിന്റെ ആത്മാവ് കണ്ടെത്തുകയും ആ കലാസംസ്കാരത്തിന്റെ ഉപകരണങ്ങളുടെ ഊന്നോടെ തന്റെ
ഭാവശില്‍പ്പത്തിന് അനുരൂപമായ താളഘടന ഓരോ കവിതയിലും സൃഷ്ടിക്കുകയുംചെയ്യുമ്പോള്‍ കടമ്മനിട്ട തികച്ചും സ്വാഭാവികമായി തനിക്കുള്ളില്‍ തോന്നുന്ന വാക്കുകള്‍ എഴുതിവയ്ക്കുക മാത്രമേ ചെയ്യുന്നുള്ളൂ’എന്ന നരേന്ദ്രപ്രസാദിന്റെ നിരീക്ഷണം വസ്തുതാപരമായ ഒന്നല്ല. പടയണിത്താളത്തിനുള്ളില്‍ വാക്കുനിറയ്ക്കുകയായിരുന്നു രാമകൃഷ്ണന്‍ എന്ന് സാമാന്യവല്‍ക്കരിക്കാനാവില്ല. തീര്‍ച്ചയായും അത്തരം കവിതകളുണ്ട്. മൊത്തം കവിതകളുടെ നാലില്‍ഒന്നോളം അവ വരികയും ചെയ്യും. എന്നാല്‍ ഒട്ടേറെ സവിശേഷതകളും വൈവിധ്യവും രാഷ്ട്രീയ സൂക്ഷ്മതകളുമുള്ള ഗദ്യത്തിലെഴുതിയ കവിതകള്‍ എണ്ണത്തില്‍ തുല്യനിലയിലാണ്. അതായത് പടയണിയെന്ന കലാരൂപവും കടമ്മനിട്ട എന്ന ഗ്രാമവും മാത്രമല്ല ആ കവിതകളുടെ പിന്നണിയില്‍. അത് പ്രമുഖമായൊരു ഊര്‍ജ്ജമായിരിക്കെ തന്നെ തുല്യമായ പല ഊര്‍ജ്ജധാരകള്‍, പലലോകങ്ങള്‍, പലകാലങ്ങള്‍, പലഭാവുകത്വങ്ങള്‍ ആ കവിതകളിലുണ്ട്. അതുകൊണ്ട് തന്നെ കടമ്മനിട്ടക്കവിതകള്‍ക്ക് പടയണിയുടെ പരസ്യവണ്ടി ആകേണ്ടതില്ല.

ബാക്കി ഭാഗം അടുത്ത ആഴ്ച

6 thoughts on “കടമ്മനിട്ടയ്ക്കപ്പുറവും ഇടമുണ്ട് കടമ്മനിട്ടക്കവിതയ്ക്ക്

 1. നന്നായി സര്‍ജു.കടമ്മനിട്ടയിലൂടെയുള്ള മറ്റൊരു സഞ്ചാരം.സര്‍ജു ഊര്‍ജ്ജസ്വലന്‍ ആയതില്‍ എനിക്ക് പെരുത്ത്‌ സന്തോഷം.അനൂപിന്റെ പുസ്തക പ്രകാശന ചിത്രത്തിലും കണ്ടു ആഹ്ലാദിച്ചിരുന്നു.

 2. ‘ശാന്ത’യെ പരാമര്‍ശിച്ചുകണ്ടില്ല …….സര്‍ജു പറഞ്ഞത് ശരിയാ…….പ്രാദേശികമായോ ഏതെങ്കിലും ചട്ടക്കൂടിലോ ഒതുക്കേണ്ടവനാണോ കവി ………ഒരു തലമുറ മുഴുവന്‍ ,ഇപ്പോഴും നെഞ്ചിലേറ്റുന്ന വരികള്‍……………………………………………………

 3. പടയണിയും താളങ്ങളും ദേശഭാവങ്ങളും ഒന്നുമറിയാതെ ഞാന്‍ കടമ്മനിട്ടക്കവിതകള്‍ വായിച്ച് ആനന്ദിക്കുന്നു. പഠനത്തെ വിലകുറച്ച് കാണുകയല്ല എന്നുംകൂടി.

 4. ഒരു വാധ്യാര്‍ ആയ ഞാന്‍ പത്താം ക്ലാസ്സിലെ കുറച്ചു കുട്ടികളുടെ കൂടെ രാത്രി സമയത്ത്, ഏകദേശം മണി സമയത്ത് കടമ്മനിട്ടയുടെ “കടമ്മനിട്ട” കവിതയുടെ ഭാവങ്ങളിലൂടെ ഗ്രാമത്തിലെ നെല്ലിന്‍ തണ്ട് മണക്കും വഴിയിലൂടെ നടന്നു പോകുകയായിരുന്നു… നടന്നു നടന്നു ഭാഗവതിക്കുലക്കരയില്‍ എത്തിയപ്പോള്‍ ഇത് കേട്ടിരുന്ന “കണമ്പ് ” പത്തു ഇ യില്‍ പഠിക്കുന്നവന്‍ , നാടക മത്സരത്തില്‍ പങ്കെടുക്കുന്നവന്‍……ഒരു ചോദ്യം എന്നോട്…….മാഷെ…..ഈ കടമ്മനിട്ടയുടെ കവിത എനിക്ക് തരോ?……അവനതു ഇഷ്ടപ്പെട്ടു……….. മിസ്റ്റര്‍ , സര്‍ജു…..താങ്കള്‍ എഴുതിയതില്‍ ഒരു കാര്യം മാത്രം ഞാന്‍ ഇഷ്ടപ്പെടുന്നു…..(ചിതറിത്തെറിച്ച ഒരാള്‍ വാരിപ്പിടിച്ചവയായിരുന്നു ആ ഇടങ്ങള്‍. ) ഈ വരി മാത്രം…ബാക്കിയെല്ലാം ഒരു തരം എം എ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ജീവനില്ലാത്ത , എസ്ടാബ്ലിഷായ ഒരു തരം കൃത്രിമ ടെക്സ്റ്റ് ..

  • @ ഫ്‌ല്പ് സ്
   അടിസ്ഥാനപരമായി വായിക്കുന്നവനുമായി സംവദിക്കുന്നതായിരിക്കണം എഴുത്ത്.
   ഭാഗ്യവശാല്‍ മലയാളം വാധ്യന്‍മാരെഴുതിയ പലതും അങ്ങട്ട് തിരിയാറില്ല. ദാ ഈ കമന്റും.
   കമന്റില്‍ പറയും മട്ടില്‍, എനിക്കാകെ ഇഷ്ടപ്പെട്ടത് ഒരു വാധ്യാര്‍ ആയ ഞാന്‍ എന്ന പ്രയോഗം മാത്രം. ബാക്കിയെല്ലാം, വാധ്യാന്‍മാരുടെ സാദാ മലയാളം.
   കുട്ടികളുടെ കാര്യമോര്‍ത്താ കഷ്ടം.

 5. സാധാരണക്കാരനെ കവിതയുടെ കൈത്തോടുകള്‍ കൂടെ നടന്നു കാണിച്ചുകൊടുത്തയാളാണ്‌ കടമ്മനിട്ട. അടിച്ചു വിട്ട സ്ഥിരം വഴികളില്‍ നേര്‍ക്കാഴ്ചകളുടെ കുതിരപ്പട്ടകള്‍ക്കപ്പുറം നമുക്കായി ഒട്ടേറെ കാഴ്ചകള്‍ ബാക്കിയുണ്ടെന്നു പറഞ്ഞ പരിചിതനായ സഹയാത്രികനേപ്പോലെ അദ്ദേഹം നമ്മെ കൊണ്ടു നടന്നു. കാഴ്ചകള്‍, കാണാന്‍ വേണ്ടി മാത്രമല്ലെന്നും നമുക്ക് പറ്റുന്ന ഇടപെടലുകളുടെ സാദ്ധ്യതകള്‍ അതില്‍ നിന്നു നാം കണ്ടെത്തണമെന്നും അവ പറയുമ്പോള്‍, കവിതയുടെ പുതിയ സൂകരപ്രസവത്തിലെ ‘സോ….ക്യൂട്ട്’ ആയ കുറെ ക്ലോണുകളെ നാം എവിടെയാണു നിറുത്തേണ്ടത്?

  സര്‍ജുവിന്‍റെ പുനര്‍സന്ദര്‍ശനം ഹൃദ്യമായി.
  നരേന്ദ്രപ്രസാദിന്‍റെ നിരീക്ഷണം ഒരു ലളിതവല്‍കരണം ലക്ഷ്യമിട്ടുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. അനായാസകൃതമായ എഴുത്തെന്നേ ഉദ്ദേശിച്ചിട്ടുണ്ടാവുള്ളു!

  (ഫ് ല്‌ പ് സിനെപ്പോലുള്ള വാധ്യാന്മാരാകും എം.എ.ക്ലാസ്സ് പോലും വിരസങ്ങളാക്കുന്നതും തരം താഴ്ന്ന കണ്ടെത്തലുകളിലേയ്ക്ക് കുട്ടികളെ നയിക്കുന്നതും!)

Leave a Reply

Your email address will not be published. Required fields are marked *