ഫെമിനിസത്തെ ഭയക്കുന്നതെന്തിന്?

കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നതാണ് സ്ത്രീ ശാക്തീകരണത്തിന്‍റെ കാര്യത്തിലും കാണുന്നത്. പിടിച്ചുവാങ്ങാതെ എന്ത് അവകാശമാണ് സമൂഹവും അധികൃതരും അനുവദിച്ച് നല്‍കുന്നത്. ഇതിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ കയ്യില്ലാകുപ്പായമിടുന്നവര്‍, മുടിവളര്‍ത്താത്തവര്‍, സൌന്ദര്യമില്ലാത്തവര്‍, ശ്രദ്ധയാകര്‍ഷിക്കാനാഗ്രഹിക്കുന്നവര്‍ തുടങ്ങിയ അടയാളങ്ങള്‍ക്കുള്ളില്‍ തളച്ചിടാനും അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. അതുതന്നെയായിരുന്ന കുഞ്ഞുന്നാളില്‍ ഞാന്‍ കണ്ട സിനിമകളില്‍ ഫെമിനിസ്റ് കുപ്പായമിട്ട് ഇറക്കിയ പല കഥാപാത്രങ്ങളുടെയും പൊരുള്‍-സ്ത്രീ വാദവുമായി ബന്ധപ്പെട്ട് തെരേസ തുടങ്ങിവെച്ച സംവാദം തുടരുന്നു. സിജി സുരേന്ദ്രന്റെ ഇടപെടല്‍

 

 

ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി പലതരത്തില്‍ തിരിച്ചറിയുകയും പലരീതിയില്‍ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തൊരു വാക്കാണ് ഫെമിനിസം. വളരെ ചെറുപ്പത്തിലേ കണ്ട ചില സിനിമകളിലായിരുന്നു ഫെമിനിസം, ഫെമിനിസ്റ് എന്നീ വാക്കുകള്‍ ഞാനാദ്യമായി കേള്‍ക്കുന്നത്. അവയിലെല്ലാം ഈ വാക്കുകള്‍ മിക്കപ്പോഴും ആക്ഷേപഹാസ്യപരമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ഒന്നുകില്‍, ഭര്‍ത്താവിനെ വകവെയ്ക്കാത്ത, അല്ലെങ്കില്‍ അയാളെ ഒരു വേലക്കാരനായി കണക്കാക്കുന്ന ഭാര്യ, സ്വന്തം വീട് നോക്കാതെ ക്ലബ്ബ് സുഹൃത്തുക്കളുമായി പരദൂഷണം പങ്കുവെയ്ക്കുന്ന സ്ത്രീകള്‍ എന്നിങ്ങനെയുള്ള വിഭാഗത്തെ അടയാളപ്പെടുത്താനായിരുന്നു ഈ വാക്കുകള്‍ കൂടുതലും ഉപയോഗിച്ചിരുന്നത്.

അതുകൊണ്ടുതന്നെ യുപി സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ഫെമിനിസ്റ് എന്ന വാക്ക് കേട്ടാല്‍ എന്‍റെ മനസ്സില്‍ ആദ്യം ഓടിയെത്തുക സുകുമാരിയെപ്പോലുള്ള നടിമാര്‍ സ്ലീവ് ലസ് ബ്ലൌസിട്ട് നടക്കുകയും ഭര്‍ത്താക്കന്മാരെ ഭരിക്കുകയും ചെയ്യുന്ന പോലുള്ള സീനുകളായിരുന്നു.

പിന്നീട് ഹൈസ്കൂളിലായപ്പോഴാണ് വായനയുടെ ചില ഘട്ടങ്ങളിലായി എന്റെ മനസ്സിലാക്കല്‍ തെറ്റാണെന്ന് മനസ്സിലായത്. പിന്നീട് തിരിച്ചറിവുകളുടെ കാലമായിരുന്നു. ചില കൂട്ടുകാരികള്‍ വീട്ടില്‍ തങ്ങള്‍ അനുഭവിയ്ക്കുന്ന വിവേചനത്തെക്കുറിച്ച് സങ്കടം പറയുമ്പോഴാണ് പലപ്പോഴും എന്റെയുള്ളിലും ഒരു ഫെമിനിസ്റ് ഉണ്ടെന്നകാര്യം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.

സിജി സുരേന്ദ്രന്‍

തിരിച്ചറിവുകളുടെ കാലം
അനിയനോ ഏട്ടനോ വീട്ടില്‍ കിട്ടുന്ന അമിത പരിഗണനയും പരിലാളനയുമായിരുന്നു ഇവരില്‍ പലരും പറഞ്ഞിരുന്ന പ്രശ്നങ്ങള്‍. അച്ഛന്‍റെ വീട്ടില്‍ കുറേ ആണ്‍കുട്ടികള്‍ക്കുശേഷവും അമ്മയുടെ വീട്ടില്‍ ആദ്യത്തെ കുട്ടിയെന്ന സ്ഥാനത്തോടെയും ജനിച്ചതായതിനാല്‍ ഞാനീ വിവേചനം അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അത് മനസ്സിലാക്കിയെടുക്കാന്‍ പ്രയാസവുമായിരുന്നു, എങ്കിലും എന്തുകൊണ്ടിങ്ങനെ മക്കളെ രണ്ടായി കാണുന്നുവെന്ന ചോദ്യം എന്റെ മനസ്സില്‍ അസ്വസ്ഥകളുണ്ടാക്കുക പതിവായിരുന്നു.

പിന്നീട് ബിരുദ പഠനകാലത്താണ് ഫെമിനിസമെന്ന ഇസത്തിന് ഒരു ചരിത്രമുണ്ടെന്നും അത് സിനിമകളിലും സ്കിറ്റുകളിലും കാണുന്ന പേക്കൂത്ത് അല്ലേയല്ല എന്നും ഞാന്‍ കുറേക്കൂടി ഗൌരവത്തോടെ മനസ്സിലാക്കിയത്. പിന്നീട് പി.ജി ആയപ്പോള്‍ പഠനവിഷയത്തില്‍ മാര്‍ക്സിസം ഉള്‍പ്പടെയുള്ള ഉപവിഷയങ്ങള്‍ക്കൊപ്പം ഫെമിനിസവും പഠിക്കേണ്ടതായി വന്നു. അപ്പോഴാണ് പെണ്ണെഴുത്തുകളെയും പെണ്ണെഴുത്തുകാരുയുമെല്ലാം കൂടുതലായി മനസ്സിലാക്കുന്നത്. സെമിനാറിനും മറ്റും റഫറന്‍സായി വായിച്ച പ്രമുഖ എഴുത്തുകാരി വെര്‍ജിനിയ വൂള്‍ഫിന്റെ ‘എ റൂം ഓഫ് വണ്‍സ് ഓണ്‍'( A Room Of Ones Own) എന്ന പുസ്തകമാണ് എന്റെ ഉള്ളിലെ ഫെമിനിസ്റിന് തെളിച്ചം നല്‍കിയത്, ശരിയ്ക്കും പറഞ്ഞാല്‍ കണ്ണുതുറപ്പിച്ചത്.

ജീവിതത്തോടുള്ള കാഴ്ചപ്പാടിലും വിദ്യാഭ്യാസം, തൊഴില്‍, വ്യക്തിത്വം, സ്വത്വം എന്നിത്യാദി കാര്യങ്ങളിലും വ്യക്തത ലഭിയ്ക്കാന്‍ ആ പുസ്തകം എന്നെ കുറച്ചൊന്നുമല്ല സഹായിച്ചത്. അച്ഛനും അമ്മയും മറ്റുള്ളവരും പറയുന്ന, പഠിച്ച് ഒരു ജോലി സമ്പാദിക്കണമെന്ന വാക്കുകള്‍ക്കപ്പുറം, അതിന്റെ ആവശ്യം ഞാന്‍ മനസ്സിലാക്കുകയായിരുന്നു. സാമ്പത്തിക സ്വാതന്ത്യ്രം, അതായത് സ്വന്തമായി അധ്വാനിച്ച് സ്വന്തം ഇഷ്ടപ്രകാരം ചെലവഴിയ്ക്കാന്‍ പണമുണ്ടാക്കുകയെന്നത് ഒരു സ്ത്രീ സ്വതന്ത്രയാകുന്നതിന്‍റെ പ്രധാന പടികളില്‍ ഒന്നാണ്.

 

 

ചെമ്മീനിന്റെ ഉപമ
പലപ്പോഴും ഫെമിനിസം എന്ന വാക്ക് പുരുഷന്മാരില്‍ അസ്വസ്ഥതയുണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പുരുഷ സുഹൃത്തുക്കളില്‍ പലരും !ഞങ്ങള്‍ പെണ്‍കുട്ടികളില്‍ ചിലര്‍ സ്ത്രീ സമത്വം, സ്വാതന്ത്യ്രം എന്നൊക്കെ പറയുമ്പോള്‍ കളിയാക്കാന്‍ ഉപയോഗിച്ചിരുന്നത് ‘ചെമ്മീന്‍ ചാട്യാല്‍ മുട്ടോളം, പിന്നേം ചാട്യാല്‍…’ എന്ന പ്രയോഗമാണ്. ഈ ഒരു ധാരണയില്‍ നിന്നും ഇന്നും നമ്മുടെ സമൂഹം മുക്തമല്ല. പുരുഷന്മാരില്‍ വലിയൊരു പങ്ക് സ്ത്രീ സ്വതന്ത്രതാ വാദമെന്ന ഫെമിനിസത്തെ അസ്വസ്ഥതയോടുകൂടി മാത്രം കാണുന്നവരാണെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

സ്ത്രീകളുടെ അവസ്ഥ മുമ്പെങ്ങുമില്ലാത്തവിധം അരക്ഷിതമാവുന്നതാണ് വര്‍ത്തമാനകാലം. ഒരു ഭാഗത്ത് വനിതാ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലുമെല്ലാം നമ്മള്‍ മുന്നേറുമ്പോള്‍ മറുവശത്ത് വെറുമൊരു ഭോഗവസ്തുവായി മാത്രം സ്ത്രീകളെ കാണുന്ന അവസ്ഥ മാറാതെ നില്‍ക്കുകയാണ്. ആ അവസ്ഥ പലപ്പോഴും ദാരുണ സംഭവങ്ങളില്‍ എത്തിനില്‍ക്കുകയും ചെയ്യുന്നു. കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നതാണ് സ്ത്രീ ശാക്തീകരണത്തിന്‍റെ കാര്യത്തിലും കാണുന്നത്. പിടിച്ചുവാങ്ങാതെ എന്ത് അവകാശമാണ് സമൂഹവും അധികൃതരും അനുവദിച്ച് നല്‍കുന്നത്. ഇതിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ കയ്യില്ലാകുപ്പായമിടുന്നവര്‍, മുടിവളര്‍ത്താത്തവര്‍, സൌന്ദര്യമില്ലാത്തവര്‍, ശ്രദ്ധയാകര്‍ഷിക്കാനാഗ്രഹിക്കുന്നവര്‍ തുടങ്ങിയ അടയാളങ്ങള്‍ക്കുള്ളില്‍ തളച്ചിടാനും അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. അതുതന്നെയായിരുന്ന കുഞ്ഞുന്നാളില്‍ ഞാന്‍ കണ്ട സിനിമകളില്‍ ഫെമിനിസ്റ് കുപ്പായമിട്ട് ഇറക്കിയ പല കഥാപാത്രങ്ങളുടെയും പൊരുള്‍.

അരക്ഷിതാവസ്ഥയുടെ തീ
കോഴിക്കോട് നഗരത്തിന്റെ ഊടുവഴികളിലേറെയും പരിചയമുള്ളവളാണ് ഞാന്‍, എന്നിട്ടും പുറത്തുപോയി തിരിച്ചെത്താന്‍ ഇരുട്ടിയാല്‍ ആശങ്ക ഘനീഭവിച്ച മുഖവുമായി എന്‍റെ അച്ഛന്‍ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കും. വഴിയില്‍ കാത്തുനിന്നതിന് വഴക്കിടുമ്പോള്‍ അച്ഛന്‍ പറയാറുണ്ട്, നീ പുറത്തുപോയി തിരിച്ചെത്തുന്നതുവരെ നെഞ്ചില്‍ തീയാണെന്ന്, അതുമനസ്സിലാക്കാന്‍ നീ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് എത്തണമെന്ന്. സത്യമല്ലേ, ഇങ്ങനെ നെഞ്ചെരിയ്ക്കാത്ത ഏത് അച്ഛനും അമ്മയുമുണ്ടാകും നമ്മുടെ നാട്ടില്‍. ആരാലൊക്കെയോ പിച്ചിച്ചീന്തപ്പെട്ട് ജീവനോടെയും അല്ലാതെയും തിരിച്ചെത്തിയ എത്ര പെണ്‍മക്കളുണ്ട് നമ്മുടെ നാട്ടില്‍. വീട്ടിനുള്ളില്‍പ്പോലും സുരക്ഷിതരല്ലാത്ത എത്ര പെണ്‍കുട്ടികളുണ്ട്. അച്ഛനും അമ്മയും ഒരേ പോലെ വില്‍പ്പനച്ചരക്കാക്കിയവര്‍ എത്രപേരുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒച്ചവെയ്ക്കാതിരിക്കാന്‍ എങ്ങനെയാണ് ബോധമുള്ളവര്‍ക്ക് കഴിയുക.

തിരക്കേറിയ ഒരു സ്ഥലത്ത് നില്‍ക്കുമ്പോള്‍, തിരക്കുള്ള ഒരു ബസ്സില്‍ യാത്രചെയ്യേണ്ടി വരുമ്പോള്‍^ തലയ്ക്കു പിന്നിലും കണ്ണുകളുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചുപോയിട്ടുണ്ട്. ശല്യപ്പെടുത്തുന്നവരോട് പ്രതികരിക്കണമെന്ന് പറയുകയും അതിനായി പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനുണ്ട്, അത്തരക്കാരെ നന്നായി പെരുമാറ്, ബാക്കി ഞാന്‍ നോക്കിക്കോളാമെന്ന് പറയുന്ന കൂടപ്പിറപ്പുണ്ട്, എല്ലാറ്റിലുമുപരി പ്രതികരണശേഷിയുമുണ്ട്. എന്നിട്ടും തിരക്കുകള്‍ക്കിടയില്‍ നിന്നും ശരീരത്തിന് നേരെ എത്തിയേയ്ക്കാവുന്ന ഒരു കയ്യിനെക്കുറിച്ചുള്ള ചിന്ത എന്‍റെ സ്വസ്ഥത കെടുത്താറുണ്ട്.

സ്വസ്ഥമായി ഒന്ന് യാത്ര ചെയ്യാന്‍, ബസ് കാത്തുനില്‍ക്കാന്‍, കിള്ളലും ചവിട്ടലുമില്ലാതെ ഒന്നു സിനിമ കാണാന്‍ നമുക്ക് അവസരമുണ്ടോ?. ഇതുപറയുമ്പോള്‍ ഇവളെന്തൊരു ചരക്കാണപ്പ, കണ്ടാ നോക്കിയതുതന്നെ എന്ന കമന്റ് പറയാന്‍ തോന്നുന്നവരുമുണ്ടാകും. ഈ ഈര്‍ക്കിലിനിടെ സ്ത്രീവേഷം കെട്ടിച്ചാലും തോണ്ടിനോക്കാന്‍ ആളുള്ള സ്ഥലമാണ് നമ്മുടെ നാട് എന്ന് തമാശയായിപ്പറയുന്നതിന് എതിര്‍വാദമുണ്ടാകില്ല.

 

 

ചുരമാന്തുന്ന അപരന്‍
എന്റെ പുരുഷ സുഹൃത്തുക്കളില്‍ പലരും പറയാറുണ്ട്, സ്വന്തം വീട്ടിലെ പെണ്ണുങ്ങളൊഴിച്ച് മറ്റാരെയും പ്രാപിയ്ക്കാന്‍ വെമ്പുന്ന ഒരു ആണ് ഉള്ളിലുണ്ടെന്ന്. ഇവരില്‍ ചിലര്‍ ഈ ഉള്ളിലുള്ള മറ്റവനെ പുറത്തെടുക്കുന്നു. ചിലര്‍ അതിനെ സുന്ദരമായി മറികടക്കുന്നു. പലരും പറയാറുള്ളതുപോലെ നാട്ടിലെ തുറിച്ചുനോട്ടത്തെ നേരിടാതെ നടക്കുന്നതിലെ സ്വാതന്ത്യ്രം വിദേശത്ത് ഞാനിപ്പോള്‍ അനുഭവിയ്ക്കുന്നു. ഞങ്ങള്‍ക്ക് നോക്കാനും കാണാനുമുള്ളവരാണ് നിങ്ങള്‍ എന്ന ഭാവമാണ് നമ്മുടെ നാട്ടിലെ തുറിച്ചുനോട്ടക്കാര്‍ക്ക്.

ബസ്സിലും മറ്റും ഇത്തരക്കാരോട് എതിരിടേണ്ടിവരുമ്പോള്‍ മനസ്സിലുണ്ടാകുന്ന വല്ലാത്തൊരു ക്രൈസിസ് ഉണ്ട്, എന്റെ വീട്ടിലുള്ള ആണുങ്ങളും അവസരം കിട്ടിയാല്‍ ഇങ്ങനെ പെരുമാറുമോയെന്ന് ഉള്ളില്‍ ഉയരുന്ന ചോദ്യം എന്നെ എത്രയോവട്ടം തളര്‍ത്തിക്കളഞ്ഞിട്ടുണ്ട്, പലപ്പോഴും വീടെത്തി അച്ഛനോട് കാര്യം പറയുകയും തിരിച്ച് നന്നായി കൊടുത്തില്ലേയെന്ന അച്ഛന്‍റെ ചോദ്യം കേള്‍ക്കുകയും ചെയ്യുമ്പോഴാണ് പലപ്പോഴും ആ മാനസിക പ്രതിസന്ധിയില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടിട്ടുള്ളത്.

ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിയ്ക്കുമ്പോള്‍ അച്ഛനും അമ്മയും വീട്ടിലില്ലാത്ത നേരത്ത് കുടുംബത്തിലെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ വല്ലവരും വീട്ടില്‍ വന്നാല്‍ മുന്‍ വശത്തെയും പിന്‍ വശത്തെയും വാതിലുകള്‍ ഞാന്‍ മലക്കെ തുറന്നിടുമായിരുന്നു. പത്രങ്ങളില്‍ കാണുന്ന പീഡന വാര്‍ത്തകള്‍ തന്നെയായിരുന്നു എന്നെക്കൊണ്ടിത് ചെയ്യിച്ചിരുന്നത്. അവര്‍ക്ക് വല്ല ബുദ്ധിമോശവും തോന്നിയാല്‍ എനിയ്ക്ക് ഓടിരക്ഷപ്പെടാനുള്ളതായിരുന്നു ആ തുറന്ന വാതിലുകള്‍. പിന്നീടൊരിക്കല്‍ ചെറിയമ്മയോട് ഞാനിക്കാര്യം പറയുകയും അങ്ങനെ പേടിക്കരുതെന്നും അതൊരു മാനസിക പ്രശ്നമായി മാറുമെന്നും ചെറിയമ്മ എന്നെ ഉപദേശിക്കുകയും ചെയ്തിരുന്നു.

 

 

പുരുഷവിരുദ്ധമല്ല ഫെമിനിസം
നമ്മള്‍ പെണ്ണുങ്ങളില്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടാകും ഏതെങ്കിലുമൊരു ദുരനുഭവത്തിന്‍റെ കഥ. മൊബൈല്‍ ഫോണ്‍ നമ്പറിലേയ്ക്ക് അസമയത്ത് അശ്ലീലം പറഞ്ഞുകൊണ്ടുവരുന്ന വിളികള്‍ മുതല്‍ റോഡിലും ബസ്സിലും തീവണ്ടിയിലുമായി ഏല്‍ക്കേണ്ടിവരുന്ന ഉപദ്രവങ്ങള്‍ വരെ^ ഒരു പെണ്‍ജീവിത കാലത്ത് അനുഭവിക്കേണ്ടിവരുന്നതെത്രയാണ്. ചിലര്‍ പ്രതികരിക്കും ചിലര്‍ മിണ്ടാതെ ഉള്‍ഭയവും കൊണ്ട് മാറിനില്‍ക്കും. ഈ നാട്ടില്‍ എവിടെക്കിട്ടും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം? പ്രതികരിക്കാനും പൊരുതാനും കഴിയാത്തവരുടെ അവസ്ഥ എന്തായിരിയ്ക്കും? ഫെമിനിസമെന്ന വാക്കിനപ്പുമുറമുള്ള ഉള്‍ക്കരുത്തും അവബോധവും പെണ്ണുങ്ങള്‍ക്കുണ്ടായിരിക്കേണ്ട കാലമാണിത്.

ഫെമിനിസമെന്ന വാക്കില്‍ പുരുഷ വിരുദ്ധതയുണ്ടെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല. സ്ത്രീയില്ലാതെ പുരുഷനില്ലെന്നും പുരുഷനില്ലാതെ സ്ത്രീയില്ലെന്നും ആരെയെങ്കിലും പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ടോ. അതിനായി പുരുഷന്മാര്‍ ഫെമിനിസമെന്ന വാക്കിനെയും ഫെമിനിസ്റുകളെയും ആഭാസവല്‍ക്കരിക്കേണ്ടതുണ്ടോ. എത്രയോ മഹദ് വ്യക്തികള്‍ നിത്യ സമരങ്ങള്‍കൊണ്ട് വളര്‍ത്തി വലുതാക്കി ഇത്രയോളമെത്തിച്ച ഒരു പ്രസ്ഥാനത്തെ എങ്ങനെ നമുക്കിത്രയും കുറച്ചുകാണാന്‍ കഴിയും. കേവലമൊരു സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, അല്ലെങ്കില്‍ കന്യകാത്വ ചര്‍ച്ചകളില്‍ ഒതുങ്ങിപ്പോവേണ്ട ഒന്നാണോ ഈ ഇസം.

ഓണ്‍ലൈന്‍ ഫെമിനിസ്റുകള്‍ക്ക് ഗൈഡൊരുക്കിയും അവരെ തെറി പറഞ്ഞും അഭിരമിക്കുന്നവരുണ്ടാകും. ഓരോരുത്തര്‍ക്കും പ്രവര്‍ത്തനത്തിന് ഓരോ മേഖലയുണ്ട്, ചിലര്‍ സാഹിത്യത്തെയാണ് ആക്ടിവിസത്തിനായി കൂട്ടുപിടിക്കുന്നത്, ചിലര്‍ മാധ്യമ പ്രവര്‍ത്തനത്തെ, മറ്റുചിലര്‍ നാടകത്തെ. ഇക്കൂട്ടത്തില്‍ ഒട്ടും ചെറുതല്ലാത്ത ഒരു പ്ലാറ്റ്ഫോം തന്നെയാണ് ഓണ്‍ലൈനും. ഇവിടെയുള്ള സ്ത്രീവാദികളെ പുരുഷന്മാര്‍ക്ക് (ഫെമിനിസം സഹിയ്ക്കാത്തവര്‍ക്ക്) ഒരു ഗൈഡിലോ തെറിയിലോ ഒതുക്കിക്കളയാന്‍ കഴിയില്ലതന്നെ. ഞാന്‍ മനസ്സിലാക്കിയ പെണ്ണിസത്തിന്റെ ലക്ഷ്യത്തില്‍ നന്മമാത്രമേയുള്ളു. പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെടുന്ന ഓരോരുത്തര്‍ക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള , സ്വന്തം ശക്തി തിരിച്ചറിയാനുള്ള വഴിയൊരുക്കിക്കൊടുക്കുന്ന ഒന്ന്.

(ഈ വീക്ഷണത്തോട് യോജിച്ചും വിയോജിച്ചുമുള്ള കുറിപ്പുകള്‍ നാലാമിടം തുടര്‍ന്നുള്ള നാളുകളില്‍ പ്രസിദ്ധീകരിക്കുന്നു. വിലാസം: editor@nalamidam.com)

25 thoughts on “ഫെമിനിസത്തെ ഭയക്കുന്നതെന്തിന്?

  • eqaulism അഥവാ സമത്വവാദം, അതുതന്നെയാണ് ഫെമിനിസത്തിന്‍റെയും പൊരുള്‍. പുരുഷന്‍മാര്‍, ഞങ്ങള്‍ എപ്പോഴും എന്തിലും ഒരുപടി മുന്നിലാണെന്ന് പറയുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്കും അവര്‍ക്കൊപ്പം തന്നെയാണ് സ്ഥാനമെന്ന് പറയുന്നതാണ് ഫെമിനിസം, ഫെമിനിസമെന്ന വാക്കിനോട് വെറുപ്പാണെങ്കില്‍ സമത്വവാദം എന്ന് അതിനെ പേരുമാറ്റി വിളിയ്ക്കാവുന്നതാണ്.

   • hahaha —-you just check the human history—say how many woman scientists you can show? may be one madam curie–for one great woman scientist/artist/writer/philosopher i can show 1000 corresponding males—

 1. the writer is talking about how she acted on fear of men(without being telling whu the fear came). nothing on the heading of article. cant understand what she was trying to say. 🙁

 2. ആഹാ…അണ്ണന്‍മാരൊക്കെ എഴുത്ത് പഠിപ്പിക്കാന്‍ നേരത്തെ എത്തി ല്ലേ. കൊള്ളാം.
  പെണ്ണ് വല്ലതും പറയുമ്പോള്‍ ജാതി സംവരണം പറയുമ്പോള്‍- വന്നോളും സമത്വവാദവുമായി!
  ലേഖനത്തെ ടൈറ്റില്‍ ഫെമിനിസത്തെ ഭയക്കുന്നത് എന്തിന് എന്നാണ്. അതിനു താഴെയും
  അക്കാര്യം തന്നെയാണ്. എന്നിട്ടും പഴി പറയാന്‍ എന്തൊരു മിടുക്കാണ്.

 3. സ്വന്തം കാലില്‍ നില്‍ക്കുന്ന പെണ്ണ് ഏറെ സ്വതന്ത്രയാണെന്നുള്‍പ്പെടെ ഈ ലേഖനത്തിലെ പല വീക്ഷണങ്ങളും വളരെ യാഥാര്‍ത്യ ബോധമുള്ളത് തന്നെ! ഒരു വിഷയത്തിന്‍റെ ‘എല്ലാ വശങ്ങളെയും’ അവലംബിച്ചുള്ള ലേഖനങ്ങള്‍ അത് ആണായാലും പെണ്ണായാലും അങ്ങനെ എഴുതി കാണാറില്ല നിര്‍ഭാഗ്യവശാല്‍. പക്ഷേ ഈ ലേഖനം അതിനൊരു അപവാദമെന്നോ അല്ലെങ്കില്‍ വേറിട്ട്‌ നില്‍ക്കുന്നുവെന്നോ പറയാന്‍ കഴിയും. എങ്കിലും തുടര്‍ ലേഖനന്‍ങ്ങള്‍ ഉണ്ട്ടാകുമെങ്കില്‍, അതില്‍ ഈ ലേഖനത്തില്‍ ഉയര്‍ത്തിയിരിക്കുന്ന കാലിക പ്രാധാന്യമുള്ള ചോദ്യങ്ങള്‍ക്ക് താങ്കളുടെ ഭാഗത്ത്‌ നിന്നുള്ള സൊല്യൂഷന്‍ എങ്ങനെ എന്നത് കൂടി പ്രതീക്ഷിക്കുന്നു. എന്തായാലും നല്ല വായനാനുഭവം!!!

 4. ശരിക്കും എന്താണ് ഫമിനിസ്ടുകളുടെ ആവശ്യം???
  (എനിക്ക് അറിയണം എന്നുള്ളത് കൊണ്ട്; ഒരു സാമൂഹിക ജീവി എന്ന നിലയില്‍ ഞാന്‍ ചോദിച്ചതാണെ)

  വ്യക്തിപരമായ ‘തുല്യത’ ആണെങ്ങില്‍ ഇഷ്ട്ടമുള്ള വേഷം ധരിക്കാന്‍, സ്വതന്ത്രമായിട്ട്‌ യാത്ര ചെയ്യാന്‍, ഇഷ്ട്ടം ഉള്ളത് വരെ ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍, വിവാഹം ചെയ്യാനും ചെയ്യാതിരിക്കാനും, ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാന്‍ ഇതിനെല്ലാം ഇന്ത്യന്‍ ഭരണഘടന തുല്യ അവകാശം ആണല്ലോ സ്ത്രീകള്‍ക്കും നല്‍കുന്നത്. പിന്നെ എന്താണ് പ്രശ്നം??? ചിലപ്പോള്‍ തോന്നുന്നത് നിയമവും നീതിയുമൊക്കെ സ്ത്രീ എന്ന ഒരു സ്പെഷ്യല്‍ പരിഗണന അല്ലെങ്കില്‍ മൃദു സമീപനം അവര്‍ക്ക്‌ കൊടുക്കാറില്ലേ എന്നാണ്!!! അപൂര്‍വ്വം ചില സ്ത്രീകള്‍ അതിന്‍റെ തെറ്റായ advantage എടുക്കാറുമുണ്ടല്ലോ. ഇനി ഒരു പെണ്ണ് എന്ന നിലയില്‍ രണ്ടാം തരം പൌരന്‍ ആയിട്ട് എവിടെയാണ് കണക്കാക്കുന്നത്??? പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയല്ലേ ഒരു ആണ്‍സുഹൃത്ത്‌ ഒരു പെണ്സുഹ്രുത്തിനോട് സംസാരിക്കുന്നത്???ഞാനും എന്‍റെ ആണ്‍ സുഹൃത്തുക്കളും അതിലൊന്നും ഒരു വിവേചനം ഒരു പെണ്സുഹ്രുത്തിനോട് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന എല്ലാ equality യും സ്വാതന്ത്ര്യവും ആസ്വദിച്ചു നന്നായി വിദ്യാഭ്യാസം ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലിയും ഉള്ള പെണ്ണിന് വേണമെങ്കില്‍ ഒരാളോടൊപ്പം ഒരു കുടുംബ ജീവിതം നയിക്കാം അതിന്‍റെ pros and cons സ്വന്തം നിലയില്‍ വിലയിരുത്തിയിട്ടു. അല്ലെങ്കില്‍ ഫ്രീ ലൈഫ് എന്ജോയ്‌ ചെയ്യാം. അതിന്‍റെയും pros and cons സ്വന്തം നിലയില്‍ വിലയിരുത്തിയിട്ടു. അറിഞ്ഞു കൊണ്ട്. സമൂഹം കല്‍പ്പിച്ചു കൂട്ടിയിരിക്കുന്ന വ്യവസ്ഥാപിത വഴികളിലൂടെ സഞ്ചരിക്കാത്ത സ്ത്രീകളെ രാവിലെ തെരഞ്ഞു പിടിച്ചു മൂക്കും പിന്നെ മറ്റെന്തെങ്കിലും മുറിക്കാന്‍ സമൂഹം തുനിഞ്ഞു ഇറങ്ങിയിരിക്കുകയാണെന്നു എനിക്ക് തോന്നുന്നില്ല.

  പ്രശ്നം എന്നാല്‍ മാനസികമാണ്. ഒരു സ്ത്രീയായത്‌ കൊണ്ട് പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ഒതുക്കപ്പെട്ടു പോകുമോ എന്നത്. ആ മാനസിക പ്രശ്നം നിങ്ങളുടെ കുടുംബത്തില്‍ നിന്നുമാണ് മാറ്റപ്പെടേണ്ടത്. അതിനവള്‍ക്ക് മുഖ്യമായും മാനസിക കരുത്തും പ്രാധാന്യവും കൊടുക്കേണ്ടത്‌ സ്വന്തം അമ്മയും. (അച്ഛനും പങ്കില്ലെന്നല്ല.)

  പിന്നെ നോക്കിയാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, അതില്‍ വ്യക്തമായും ഗുരുതരമായ സാമൂഹിക പ്രശ്നം ഉണ്ട്. അത് ഫമിനിസ്ടുകളാണോ ശരിക്കും ഉന്മൂലനം ചെയ്യാന്‍ പോകുന്നത്. ഒത്തിരി women activists ഇവിടെ ഉണ്ടല്ലോ നിയമവും. എങ്കില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണം. എന്തേ???

  (ലൈംഗിക സ്വാതന്ത്ര്യവും കന്യകാത്വവും ഫമിനിസവും കുടുംബവും സമൂഹവും ഒക്കെ കൂട്ടിക്കുഴച്ചാല്‍ ഇവിടെയങ്ങും അടുത്തൊന്നും സൊല്യൂഷന്‍ കണ്ടെത്താവുന്ന വിഷയം ആണെന്ന് തോന്നുന്നില്ല)

  • ‘ശരിക്കും എന്താണ് ഫമിനിസ്ടുകളുടെ ആവശ്യം’ എന്ന് ഈ ലേഖനം വായിച്ചതിനുശേഷവും ചോദിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഇന്ത്യന്‍ ഭരണഘടന തുല്യ അവകാശം അല്ല സ്ത്രീകള്‍ക്കു നല്‍കുന്നത് എന്ന് ലേഖിക അവകാശപ്പെടുന്നില്ലല്ലോ ?. ആ അവകാശങ്ങള്‍ പ്രാവര്ത്തികമാക്കാന്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നു എന്നാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഇതു ആര്‍ക്കും അറിയാത്തതാനെന്നും തോന്നുന്നില്ല. തങ്ങളുടെ സഹോദരിമാര്‍ക്കുവേണ്ടി തങ്ങളാല്‍ കഴിയാവുന്നത് ചെയ്യുന്നവരെ ‘ “കയ്യില്ലാകുപ്പായമിടുന്നവര്‍, മുടിവളര്‍ത്താത്തവര്‍, സൌന്ദര്യമില്ലാത്തവര്‍, ശ്രദ്ധയാകര്‍ഷിക്കാനാഗ്രഹിക്കുന്നവര്‍ തുടങ്ങിയ അടയാളങ്ങള്‍ക്കുള്ളില്‍ തളച്ചിടാനും അപമാനിക്കാനുമുള്ള ശ്രമങ്ങള്‍” നടത്തുന്നതിനെതിരെ ആയിരുന്നല്ലോ ലേഖനം. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തില്‍ വ്യക്തമായും ഗുരുതരമായ സാമൂഹിക പ്രശ്നം ഉണ്ട് എന്ന് താങ്കളും സമ്മതിക്കുന്നുണ്ടല്ലോ. അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇത്തരം മുന്‍വിധികളില്‍ തളച്ചിട്ടു അപമാനിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് തന്നെയാണ്. (പ്രശ്നം എന്നത് മാനസികം കൂടിയാവാം- സ്ത്രീയുടെയും പുരുഷന്റെയും മനസ്സില്‍ – എന്നാല്‍ അതിനു പല dimensions ഉം കൂടിയുണ്ട്)

  • ഇത് ഇവിടുത്തെ ആണുങ്ങളുടെ കുഴപ്പമല്ല. ആണുങ്ങളുടെ കുഴപ്പമാണെങ്കില്‍ എല്ലാ നാട്ടിലുമുള്ള ആണുങ്ങള്‍ ഇങ്ങനെയാകണമല്ലോ. നമ്മുടെ സമൂഹം ഇങ്ങനെയാണ് ഇവിടുത്തെ ആണുങ്ങളെ പഠിപ്പിച്ചത്. ആണുങ്ങള്‍ ചെയ്യുന്നത് പഠിച്ചത് പാടുകയാണ്. ‘ആണായാല്‍ ചെളി കണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കഴുകും’ എന്നൊരു ചൊല്ലുണ്ടല്ലോ. ഇങ്ങനെ പറയുന്നവരുടെ കൂട്ടത്തില്‍ പ്രായമായ അമ്മമാരുമുണ്ട് എന്നതാണ് വാസ്തവം.
   ഈ പാഠം തന്നെയാണ് വളരെ സമര്‍ത്ഥമായി സിനിമകളും പഠിപ്പിക്കുന്നത്. സ്ത്രീയെ ഇങ്ങനെ ചിത്രീകരിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത് സിനിമകളാണ്. ചാനലുകളിലെ പല പരിപാടികളിലും സ്ത്രീയെ ഇങ്ങനെത്തന്നെയാണ് ചിത്രീകരിക്കാറ്.
   ഒരു ചാനലിനെ ഹാസ്യ പരിപാടി. വിഷയും ബലാത്സംഗവുമായി ബന്ധപ്പെട്ടതാണ്. മിമിക്രി നായകന്‍ ഒരു സൂചി കയ്യില്‍ പിടിച്ച് കറക്കുന്നു. എന്നിട്ട് മറ്റൊരാളോട് ആവശ്യപ്പെടുകയാണ്, അതിലൂടെ നൂലു കോര്‍ക്കാന്‍. ബലാത്സംഗം സാദ്ധ്യമല്ലെന്ന് പഠിപ്പിക്കുയായിരുന്നു ഈ ‘തമാശക്കാര്‍’. ഈ പരിപാടി അവതരിപ്പിച്ചത് ‘കൈരളി’ ചാനലാണ് എന്നതാണ് സത്യം. ഈ സത്യം നമ്മെ പഠിപ്പിക്കുന്നത്, സ്ത്രീവിരുദ്ധത എന്ന മാരകരോഗം നമ്മുടെ സമൂഹത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്നാണ്. ഈ രോഗത്തിനുള്ള മരുന്ന് നമ്മള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് കണ്ടുപിടിക്കേണ്ടതാണ്.

  • //പിന്നെ നോക്കിയാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, അതില്‍ വ്യക്തമായും ഗുരുതരമായ സാമൂഹിക പ്രശ്നം ഉണ്ട്. അത് ഫമിനിസ്ടുകളാണോ ശരിക്കും ഉന്മൂലനം ചെയ്യാന്‍ പോകുന്നത്. ഒത്തിരി women activists ഇവിടെ ഉണ്ടല്ലോ നിയമവും. എങ്കില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണം. എന്തേ???// ഫെമിനിസതെ എന്തിനാണിങ്ങനെ ഭയക്കുന്നതെന്ന് മനസിലാവുന്നില്ല…
   ആണിനും പെണ്ണിനും തുല്യതയുന്ടെന്നും പറയുന്നു പുരുഷകേന്ദ്രീകൃത സമൂഹമെന്നും പറയുന്നു ആകെ കണ്‍ഫ്യൂഷന്‍ …

 5. Males and Females are equal. That is what the feminists also claims to say. Then what is the importance of feminism? Feminism has any value only if males and females are not equal and females are trying to catch-up or rise to the level of males, then feminism precludes the inequality of males and females, so it the feminists that expresses the idea that males and females are not equal.

 6. Although all human beings are created equal, many of them are discriminated against for one or more reasons. Gender-based discrimination, against women, is the most common form of discrimination and Feminists are one kind of activists who fight that kind of discrimination.
  Discrimination happens for one or more of three reasons:
  1) The discriminator’s ignorance due to the belief/value system he/she is subscribed to
  2) The discriminator’s convenience
  3) The discriminated’s ignorance
  4) Lack of support for the discriminated – regulations and proper enforcement of those

  The author is trying to show that gender-based discrimination exists in our society hoping to address the ignorance of the discriminator and the discriminated and does a decent job. However, we need serious solutions to tackle this and discrimination in all its forms. The sad fact is that we all discriminate in some form or the other, knowingly or unknowingly. Therefore, the solution should be to first treat this as a disease that is affecting all of us and come up with a multifaceted approach to solve it. The less we experience any kind of discrimination, the better we are. Tackling all of them together will help create more stakeholders who are interested in solving this.

 7. feudal feminists of the nivedita menon and vandana shiva et al shape their epistem in hindutwa ideological frame only. so ther is no harm in taking precaution against such feudal feminsts who fake a liberal humanistic facet

 8. ഫെമിനിസമെന്ന വാക്കില്‍ പുരുഷ വിരുദ്ധതയുണ്ടെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല. സ്ത്രീയില്ലാതെ പുരുഷനില്ലെന്നും പുരുഷനില്ലാതെ സ്ത്രീയില്ലെന്നും ആരെയെങ്കിലും പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ടോ. അതിനായി പുരുഷന്മാര്‍ ഫെമിനിസമെന്ന വാക്കിനെയും ഫെമിനിസ്റുകളെയും ആഭാസവല്‍ക്കരിക്കേണ്ടതുണ്ടോ. excellent

 9. ആരാണ് ഫെമിനിസ്റ്റുകള്‍ ?
  എനിക്കിഷ്ടപെട്ട ഒരു നിവചനം 1986 ഇല്‍ എഴുതപ്പെട്ട ഒരു പുസ്തകത്ത്തിലെതാണ് (മരിയ മീയെസ്- PATRIARCHY AND ACCUMULATION ON A WORLD SCALE )
  “പീഡനaത്മകവും അസമത്വം നിറഞ്ഞതും ആയ സ്ത്രീ- പുരുഷ ബന്ധങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന മൌനത്തിന്റെ ഗൂഡാലോചനയെ തകര്‍ക്കാന്‍ ധൈര്യപ്പെടുന്നവരും അത്തരം ബന്ധങ്ങളെ മാറ്റി തീര്‍ക്കാന്‍ വേണ്ടി പരിശ്രമിക്കുന്നവരും ആണ് ഫെമിനിസ്റ്റുകള്‍ ”
  [മലയാളം പരിഭാഷ സ്വന്തം]
  സാമുവല്‍ ഹന്ടിങ്ങ്ടനും,സ്വത്ത്വ പ്രാമുഖ്യത്തില്‍ അധിഷ്ട്ടിതമായ രാഷ്ട്രീയത്തിന്റെ കമ്മ്യൂണിസ്റ്റു വിരുദ്ധധാരയ്ക്കും പുതുമാന്യത കൈവരുന്നതിന് എത്രയോ മുന്‍പ് നിലവില്‍ വന്നിരുന്ന ആധുനികതയുടെ ആശയങ്ങളില്‍നിന്നു നമ്മള്‍ എത്ര അകന്നു പോകുന്നുവോ, അത്രയും ശക്തം ആയി സ്ത്രീവിരുധത പൊതു ബോധത്തില്‍ മേല്‍ക്കൈ നേടുന്നു എന്ന് എനിക്ക് തോന്നുന്നു.

 10. പുരുഷന് സ്വാതന്ത്ര്യം നല്‍കിയത് ആരാണ് ?
  സ്വാതന്ത്ര്യം നേടിയെടുക്കേണ്ട ഒന്നാണ്, ഇരന്നു വാങ്ങേണ്ടാതല്ല .
  നിങ്ങള്ക്ക് അതിനു കഴിവോ യോഗ്യതയോ ഉണ്ടെങ്കില്‍ നേടിക്കോളൂ .ആ ചര്‍ച്ചയില്‍ത്തന്നെ പുരുഷന്മ്മാരെ പങ്കെടുപ്പിക്കേണ്ട കാര്യമില്ല .

 11. fascinating. my feminist self found its way through woolf as well. and in no way less through anne finch and other poets…

 12. dear siji surendran, wonderful writing. i totally loved it. Why EVERY woman should earn. it is a very important question. thanks for bringing up woolf. ഇനിയും എഴുത്തുകള്‍ കാണാനാഗ്രഹം. ബ്ലോഗുണ്ടോ?

 13. ഫെമിനിസമെന്ന വാക്ക് പോസ്സിറ്റീവ് ആയി ഉപയോഗിക്കുന്ന മിക്ക മലയാള ലേഖനങ്ങളും ഫെമിനിസ്റ്റ് അല്ലാത്ത ആരെയും ഒരു pro-feminist കാഴ്ചപ്പാടില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായി തോന്നാറില്ല.. മറിച്ച് ആദ്യക്ഷണത്തില്‍ തന്നെ അവരെ ഡിഫെന്‍സിവ് ആക്കുകയാണ്‌ പതിവ്..(അപവാദങ്ങളില്ലെന്നല്ല). ഒരുപക്ഷേ ചെറിയചില മുന്‍‌വിധികള്‍ എടുത്തുകളഞ്ഞാല്‍ ഫെമിനിസത്തെ കൂടുതലറിയാന്‍ താല്പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള പല വായനക്കാരും, അവതരണശൈലിയുടെ ഈ കടമ്പയില്‍ തട്ടി സ്വന്തം മുന്‍‌വിധികളില്‍ തന്നെ കുടുങ്ങിക്കിടക്കാറുണ്ട്… ഈ ലേഖനത്തിന്റെ പുതുമ ഇതിന്റെ ലളിതവും ആത്മാര്‍ഥവുമായ അവതരണം തന്നെയാണ്‌… വായിക്കുന്നവര്‍ ഒരു പരിധിയില്‍ക്കവിഞ്ഞ് ബോറരല്ലെങ്കില്‍ അവരെ തനിക്കൊപ്പം ചിന്തിപ്പിക്കുന്ന ഒരു കഴിവ്. അത് ഫെമിനിസമെന്ന വിഷയത്തില്‍ സംസാരിക്കുന്ന മലയാള ലേഖനങ്ങളില്‍ അത്ര സാധാരണമല്ലതാനും.. ഇത്തരം ലേഖനങ്ങള്‍ മാത്രമേ നമുക്കു വേണ്ടൂ എന്ന് എനിക്ക് അഭിപ്രായമില്ല… ആളുകളെ പ്രകോപിക്കുയും പ്രഹരിക്കുകയും ഒക്കെ ചെയ്യുന്ന ലേഖനങ്ങള്‍ വേണം.. കൂട്ടത്തില്‍ ഇത്തരം ലേഖനങ്ങളും വേണം.. അഭിനന്ദനങ്ങള്‍ !

 14. സിജി ….. ഇത്ര ഭംഗിയായി ലളിതമായി ഈ വിഷയത്തെ അവതരിപ്പിക്കുന്നവര്‍ വളരെ ചുരുക്കമാണ്… വായിച്ചപ്പോള്‍ കുറെ സന്തോഷം തോന്നി…. ഇനിയും ഇത് പോലുള്ള ലേഖനങ്ങള്‍ സിജിയില്‍ നിന്നും പ്രതീക്ഷിക്കുന്നു… ആശംസകള്‍ ….

 15. വിവേചനം തുടങ്ങന്നത് കുടുമ്പത്തില്‍ നിന്നുതന്നെ. ഇപ്പോഴും പെണ്‍കുഞ്ഞു സ്വികാരിമല്ലാത്ത എത്രയോ വീടുകളുണ്ട്? സ്കൂളില്‍ അവള്‍ കാണുന്ന ബിബ്ങ്ങളെല്ലാം പുരുഷ മേധാവിത്തത്തന്റെതാണ്. വിവാഹം, കുട്ടികള്‍, കുടുംബം എന്നതിനൊപ്പം സ്ത്രീ സ്വന്തം കാലില്‍ നില്‍കാന്‍ കൂടി പടിക്കണം. മുഖം കുനിച്ചു ഉറുബിനെപ്പോലും നോവിക്കാതെ ജീവിക്കുന്ന സ്ത്രീയില്‍ നിന്നും അവള്‍ ഒരുപാടു മാറേണ്ടിയിരിക്കുന്നു. തെറ്റിനെ തെറ്റെന്നു പറയാന്‍ അവള്‍ ധൈര്യപ്പെട്ടെ തീരു. അവളുടെ ജീവിതം പുരുഷന്റെ കാല്ച്ചുവട്ടിലല്ല. സ്ത്രീ പുരുഷന്റെ സുഖത്തിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവളുമല്ല. സ്ത്രീ പുരുഷനും പുരുഷന്‍ സ്ത്രീക്കും പരസ്പരം സഹായകരമാകുബോള്‍ മാത്രമേ സമത്വം സാധ്യമാകൂ. സ്ത്രീയേക്കാള്‍ വളരെ മുകളിലാണ് താനെന്നും അവള്‍ തനിക്കു ഭോഗിക്കാന്‍ മാത്രമുളളവളണെന്നും കരുതുന്ന പുരുഷന്റെ അഹന്തയെ തോല്പിക്കാന്‍ സ്ത്രീ സ്വയം ശക്തി ആര്ജിച്ചേ തീരു.

  ജെസ്സി തുരുത്തെല്‍, അസ്സോസിയേട്ട് എഡിറ്റര്‍, ജോയിസ് മീഡിയ ഗ്രൂപ്പ്

 16. എത്ര വേഗത്തിലാണ് ഫെമിനിസം കേരളത്തില്‍ ചര്‍ച്ചയായത്.നാം എന്തൊക്കെ പറഞ്ഞാലും സമൂഹം മാറുകയാണ്‌.നമ്മുടെ പെണ്‍കുട്ടികള്‍ ആ മാറ്റം സെരിയായി മനസിലാകുന്നുമുണ്ട്. കേരളത്തിലെ ഗ്രാമപ്രദേശം ഒഴിച്ചുനിര്‍ത്തിയാല്‍ നഗരങ്ങള്‍ പെണ്‍കുട്ടികള്‍ക് വളരാനും ചിന്തിക്കാനും പുതിയ ആകാശങ്ങള്‍ കാണാനും അവസരങ്ങള്‍ ഉണ്ടാക്കുന്നു. ഫ്യുടല്‍ ഭോതം സൂക്ഷിക്കുന്ന നഗരവല്കരണം എത്താത്ത ഭുരിപക്ഷം പ്രദേസങ്ങളും ഇന്നും സ്ത്രീ വിരുദ്ധ ചിന്ത വച്ചുപുലര്‍ത്തുന്നു. സ്ത്രീധനം കൊടുക്കാനും വാങ്ങാനും സ്ത്രീകളുല്‍പെടെ പരക്കം പായുന്നു. സ്ത്രീ പഠിച്ചോട്ടെ പനിചെയ്തോട്ടെ. പണവും ഉണ്ടാക്കികൊട്ടെ. പക്ഷേ സ്വാധധ്രിയം അത് മാത്രം മിണ്ടരുത്. അതിനു ആങ്ങള, അച്ഛന്‍, അമ്മ(?), മാമന്‍ എന്നിവര്‍ കുടുബത്തില്‍ ഉണ്ട്.

 17. സാംസ്ക്കാരികവും സാമ്പത്തികവുമായ അസമത്വങ്ങളുടെ സംഗമഭൂമിയായ ഇന്ത്യാമഹാരാജ്യത്ത് തുറിച്ചു നോട്ടമോ മോഷണമോ ബലാത്സംഗമോ കൊലപാതകമോ സ്വാഭവികമായ അപകട സാധ്യതകള്‍ മാത്രമാണ്. പീഢന വീരന്മാര്‍ സാംസ്ക്കാരിക ഭരണ തലങ്ങളില്‍ അന്തസ്സോടെ ഈ വക കാര്യങ്ങളെല്ലാം ചെയ്യുന്നത് ചാനല്‍ ചര്‍ച്ചകളില്‍ കടിച്ചീമ്പി രസിക്കുന്നതാണ് നമ്മുടെ മഹത്തായ ജനാധിപത്യം. അതാണ് അസ്ലീലമായി കാണേണ്ടത്. ആ രാഷ്ട്രീയ ബോധത്തിലേക്കൊന്നുമുയരാതെ വല്ലവനും തന്റെ നിലനില്‍പ്പിന്റെ വെപ്രാളത്തില്‍ ഒരു പെണ്ണിന്റെ ശരീരം മോഷ്ടിക്കുന്നതോ, തുറിച്ചു നോക്കുന്നതോ ഇത്ര തെറ്റായി കാണേണ്ടതുണ്ടോ ? നല്ല വേശ്യാലയങ്ങളോ(ആണ്‍ /പെണ്‍) നല്ല കള്ളു ഷാപ്പുകളോ പൊതു ടോയ്‌ലറ്റുകള്‍ പോലുമോ ഇല്ലാത്ത നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കു മാത്രമായി സുരക്ഷിത്ത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതുതന്നെ അനീതിയാണ്. ഏറ്റവും നല്ല ഉപായം നമുക്കെല്ലാം ഇന്ത്യ വിദേശികള്‍ക്ക് പാട്ടത്തിനു കൊടുത്ത് വിദേശങ്ങളിലെ സമത്വ സുന്ദര ഭരണ വ്യവസ്തകള്‍ നിലവിലുള്ള രാജ്യങ്ങളിലേക്ക് കുടിയേറാം എന്നതാണ്. ആണും പെണ്ണും തമ്മില്‍ തല്ലാതെ, ഒരു വിദേശ പൌരത്വം സംഘടിപ്പിച്ച് പ്രശ്നത്തിനറുതി വരുത്തുക. നമ്മളെന്തായാലും നന്നാകൂല :))

Leave a Reply

Your email address will not be published. Required fields are marked *