ഞാന്‍ ആരുടെയും പെങ്ങളല്ല

എല്ലാവരും കേള്‍ക്കാന്‍ വേണ്ടി ഞാനിവിടെ സ്റ്റേറ്റ് ചെയ്യാം. ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്-സ്ത്രീവാദവുമായി ബന്ധപ്പെട്ട് തെരേസ തുടങ്ങിവെച്ച സംവാദം തുടരുന്നു. അഖില ഹെന്‍ട്രിയുടെ മറുകുറിപ്പ്

 

 

നാലാമിടത്തില്‍ ‘ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ ‘ഫാവിയും’ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ച് കണ്ടിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് കാര്യമായ രോഷമൊന്നും തോന്നിയില്ല. അല്ലെങ്കില്‍ ഫെമിനിസ്റ് തത്വങ്ങളെ അപഹസിക്കുന്ന എഴുത്തുകള്‍ കാണുമ്പോള്‍ സാധാരണയായി തിളയ്ക്കാറുള്ള ചോര തിളച്ചില്ല. പക്ഷെ വല്ലാതെ വിഷമം വന്നു. കാരണം ഇതൊരു പെണ്ണെഴുത്താണ്. ആണുങ്ങള്‍ ആന്റി ഫെമിനിസ്റ് എഴുത്തുകള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ പ്രയാസമാണ് പെണ്ണുങ്ങള്‍ തന്നെ അങ്ങനെ ചെയ്യുമ്പോഴുണ്ടാകുക.

ഇതിനോട് ചേര്‍ന്ന് ഈയടുത്തുണ്ടായ ഒരു സംഭവം പറയട്ടെ. കഴിഞ്ഞ ആഴ്ചയാണ് അടുപ്പിച്ച് രണ്ട് ദിവസങ്ങളില്‍ വളരെ സ്ത്രീവിരുദ്ധമായ പ്രസ്താവനകളുമായി രണ്ട് മെസേജുകള്‍ എന്റെ ഫേസ്ബുക് ഇന്‍ബോക്സില്‍ വന്നത്. അത് കിട്ടിയ മുറയ്ക്ക് സ്ക്രീന്‍ ഷോട്ടാക്കി എല്ലാവരെയും അറിയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സിനിമാ പാരഡിസോ ക്ലബ് എന്നു പറഞ്ഞ അയ്യായിരത്തില്‍പരം അംഗങ്ങളുള്ള ഒരു ഗ്രൂപ്പില്‍ എന്റെ ആ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യപ്പെടുകയും അതിനടിയില്‍ എന്നെ (എന്നെയും എന്റെ അമ്മയെയും സുഹൃത്തുക്കളെയും കാമുകനെയും ജീവിച്ചിരിപ്പില്ലാത്ത തന്തയെയും ജനിച്ചിട്ടേ ഇല്ലാത്ത ആങ്ങളയെയും) കൂട്ടമായി തെറിവിളിക്കുകയും തുരുതുരെ ഹേറ്റ് സ്പീച്ചുകള്‍ പടച്ചുവിടുകയും ചെയ്തു, പലരും. അടുത്തതായി ഇവളിതിനെപ്പറ്റി വല്ലോടത്തും കേറി എഴുതും എന്നും ആരോ പരിഹസിച്ചിരുന്നു. ഏതായാലും അവരുടെ തെറി വിളിയെപ്പറ്റി എനിക്ക് കാര്യമായൊന്നും പറയാനില്ല. അതൊക്കെ നിയമത്തിന്റെ വഴികളില്‍ നടത്തേണ്ട സമരങ്ങള്‍. പക്ഷെ അവരുടെ പ്രധാന പ്രശ്നം ഫെമിനിസ്റ് എന്ന വാക്കിനോടും ഫെമിനിസം എന്ന പ്രത്യയശാസ്ത്രത്തോടുമാണ്. അതിനെപ്പറ്റിയും അതിന് അനുബന്ധമെന്ന രീതിയില്‍ മാത്രം ഞാന്‍ കാണുന്ന നേരത്തെ പറഞ്ഞ ലേഖനത്തെക്കുറിച്ചും ഞാന്‍ പറയും. കമന്റെന്നോ മറുകുറിപ്പെന്നോ വിളിച്ചോളൂ. ഇത് ഒരു വലിയ പ്രശ്നം തന്നെയാണ്.

ഫെമിനിസം എന്നു പറയുമ്പോള്‍ മിക്കവര്‍ക്കും ഒരു ഇന്‍സ്റന്റ് കലിപ്പ് വരാനുണ്ട്. എന്താണത്. മെയ്ല്‍ ഷോവനിസം എന്നു പറയുമ്പോഴതില്ല. (ഫെമിനിസത്തിന്റെ ഓപ്പസിറ്റ് മെയ്ല്‍ ഷോവനിസം ആണെന്നല്ല. ഫെമിനിസം എതിര്‍ക്കുന്ന ഒരു സംഗതി എന്ന നിലയ്ക്ക്). ഇപ്പൊ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവര്‍ക്കുപോലും മറ്റേ പാര്‍ട്ടിയുടെ പേര് പറഞ്ഞാല്‍ ഈ വിദ്വേഷമില്ല. എഥീസ്റാണെന്ന് പറഞ്ഞാല്‍ ഏറ്റവും വലിയ വിശ്വാസിക്കും ഇത്തരത്തില്‍ ഹാലിളകില്ല. ഫെമിനിസത്തിന്റെ ‘ഫ’ പക്ഷെ വല്ലാത്തൊരു ‘ഫ’ ആണ്. അതിന്റെ ഭാവി ‘ഫാവി’യാണ്. അതിന്റെ വക്താക്കള്‍ കാമവെറിയത്തികളും പ്രണയബന്ധം തകര്‍ന്ന് ആണ്‍ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരുമാണ്. അവര്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ സദാ ശ്രമിക്കും. എല്ലാം കണ്ടില്ലെന്ന് നടിക്കണം. അല്ലെങ്കില്‍ തെറി പറഞ്ഞോടിക്കണം. അങ്ങനെയൊക്കെയാണ് കാഴ്ചപ്പാടുകളുടെ കാടുകയറ്റം. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സിജി സുരേന്ദ്രന്റെ കുറിപ്പ് വായിക്കുന്നത്. അവര്‍ പറയുന്ന കാര്യങ്ങള്‍ വളരെ അര്‍ഥവത്താണ്. ഫെമിനിസ്റ് എന്നു പറഞ്ഞാല്‍ സ്ലീവ്ലെസ് ബ്ലൌസിട്ട സുകുമാരിയെത്തന്നെയാണ് ഇന്നും മിക്കവര്‍ക്കും മനസ്സില്‍ വരിക.

 

എലെയ്ന്‍ ഷുവോള്‍ട്ടര്‍


 

പരിണാമ ഘട്ടങ്ങള്‍
അപ്പോള്‍ ആരാണ് ശരിക്കും ഫെമിനിസ്റ്. ആദ്യം തന്നെ ഇത് പറയാം. ഫെമിനിസം ഇന്റര്‍നെറ്റിനോ ഫേസ്ബുക്കിനോ 22 fk യ്ക്കോ മുമ്പും പിമ്പുമല്ല. അത് നമ്മുടെയൊക്കെ ജനനത്തിനും എത്രയോ മുമ്പാണ്. എലെയ്ന്‍ ഷുവോള്‍ട്ടര്‍ തന്റെ Towards Feminist Poetics എന്ന ലേഖനത്തില്‍ ഫെമിനിസത്തിന്റെ പരിണാമത്തെ മൂന്ന് ഘട്ടമായി തിരിക്കുന്നുണ്ട്.

ഇതില്‍ ആദ്യത്തേത് ഫസ്റ് വേവ് അഥവാ ഫെമിനിന്‍ ഫേസ് ആണ്. 1840^1880 ആണിത്. സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടവും അതിന്റെ വിജയവുമൊക്കെ അടങ്ങുന്ന ഘട്ടം. ഈ ഘട്ടത്തില്‍ പെണ്ണെഴുത്തുകള്‍ ആണെഴുത്തിനെ അനുകരിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ ആണ്‍ പേരില്‍ എഴുതുന്നതൊക്കെ (ജോര്‍ജ് എലിയറ്റ് പോലെ) ഈ ഘട്ടത്തിലാണ്.
അടുത്തത് സെക്കന്റ് വേവ് അഥവാ ഫെമിനിസ്റ് ഫേസ്. ഇത് 1880^1920. ഈ കാലത്തില്‍ സ്ത്രീകള്‍ ആണ്‍നിര്‍മിതികള്‍ക്കെല്ലാമെതിരെ പോരടിച്ചു. ഈ കാലത്താണ് വിദ്യാഭ്യാസം, തൊഴില്‍, കുടുംബം എന്നിടങ്ങളിലെല്ലാമുള്ള സമത്വത്തിനുവേണ്ടിയുള്ള സമരങ്ങള്‍ തുടങ്ങുന്നത്.
അടുത്ത ഘട്ടമാണ് ഏറ്റവും പ്രധാനം. 1920 മുതലാണ് ഈ തേഡ് വേവ് ഫെമിനിസം. ഇതിനെ ഫീമെയ്ല്‍ ഫേസ് എന്ന് ഷുവോള്‍ട്ടര്‍ വിളിക്കുന്നു. ഇത് പക്ഷെ അനുകരണത്തിലോ എതിര്‍പ്പിലോ അധിഷ്ഠിതമല്ല. കാരണം ഇതിലേത് ചെയ്യുമ്പോഴും അത് ആണ്‍ കേന്ദ്രീകൃതം തന്നെയാണെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു. അനുകരിക്കുമ്പോള്‍ ആണുങ്ങളെ അനുകരിക്കുന്നു. എതിര്‍ക്കുമ്പോള്‍ ആണ്‍സൃഷ്ടികളെ എതിര്‍ക്കുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ സ്വയം കണ്ടെത്തലാണ്. ഇതിന്റെ ഒരു പ്രധാന ഭാഗമാണ് എഴുത്തുകാരിയായ സ്ത്രീയെ കണ്ടെത്തുക എന്നുള്ളത്. ആണ്‍രചിത സാഹിത്യ ചരിത്രത്തിലെ വിടവുകള്‍ കണ്ടുപിടിച്ച് അവിടെ ഉണ്ടാവേണ്ടിയിരുന്ന സ്ത്രീകളെ കണ്ടുപിടിക്കുകയും അവരെ വായിക്കുകയും ചെയ്യുന്നത് ഇതില്‍ പ്രധാനമാണ്.

ഇവിടെ ഏത് ഘട്ടം?
ഇനി നമ്മളിപ്പോള്‍ ഇപ്പറഞ്ഞവയില്‍ ഏത് ഘട്ടത്തിലാണെന്ന ചോദ്യം. പാശ്ചാത്യരാജ്യങ്ങളിലാണെങ്കില്‍ കുറച്ചും കൂടെ വ്യക്തമായ ഒരുത്തരം നല്‍കാന്‍ കഴിയുമായിരുന്നു. അത് അവിടെ വന്നിട്ടുള്ള മാറ്റങ്ങള്‍ കാരണമാണ്. തെരേസയുടെ എഴുത്തിലും പറയുന്നുണ്ടല്ലോ അതിനെപ്പറ്റി. അവിടെ എന്ത് വസ്ത്രം ധരിച്ച് നടന്നാലും ആരും തുറിച്ചുനോക്കാന്‍ പോകുന്നില്ല. ഇവിടെ പക്ഷെ എന്തിട്ടാലും കേലയൊലിപ്പിച്ച് നോക്കും. എന്തിട്ടാലും പീഡിപ്പിക്കപ്പെടും. ഈ നോട്ടത്തിന്റെ കാര്യത്തില്‍ത്തുടങ്ങി പലയിടങ്ങളിലും അവിടെ പുരുഷന്മാര്‍ മാറിയിട്ടുണ്ട്. അങ്ങിനെയല്ല, മാറിയവരുടെ എണ്ണം വളരെ കൂടുതലാണ് എന്നതാണ് ശരി. അതുകൊണ്ടുതന്നെ അവിടെ പെണ്‍പ്രശ്നങ്ങള്‍ വേറെയാണ്. അപ്പോള്‍ ഫെമിനിന്‍ ഫേസിന് സാധ്യതയേറുന്നു. സ്വന്തം വ്യക്തിത്വം കണ്ടുപിടിക്കാനും അതിനെ വളര്‍ത്താവുന്ന രീതികളിലെല്ലാം വളര്‍ത്താനും അവിടെ സാഹചര്യമുണ്ട്. അതിനുള്ള സമയമുണ്ട്.

പക്ഷെ ഇവിടെ സ്ഥിതി അതല്ല. ഇവിടെ ബസ്സില്‍ ശരീരം പകുതിയും നഷ്ടപ്പെട്ടാണ് സ്ത്രീകള്‍ ജോലി സ്ഥലങ്ങളിലേയ്ക്കെത്തുന്നതും അവിടെ ഇതിലും വലിയ മാനസിക പീഡയേല്‍ക്കുന്നതും പിന്നെ തിരിച്ച് അതേ പോലെ വീട്ടിലേയ്ക്ക് പോകുന്നതും. വീട്ടില്‍ വേറെയും ഭാരിച്ച ജോലികള്‍ (ഇത് ശമ്പളമില്ലാത്ത ഇനം). കിടപ്പറയില്‍ അവളുടെ ലൈംഗികാവയവം എന്താണെന്നറിയാത്ത പുരുഷന്‍. ഇതെല്ലാം അതിജീവിച്ചാലേ അവള്‍ക്ക് സ്വയം മനസ്സിലാക്കാനും പിന്നെ അവളെപ്പോലുള്ള മറ്റുള്ളവരെ മനസ്സിലാക്കാനും സമയമുള്ളു. എന്നിരുന്നാലും അത് നടത്തുന്നവരുമുണ്ട്. അതുകൊണ്ടാണ് ഇന്ന് പെണ്ണെഴുത്തുകള്‍ പലതും എവിടെ എങ്ങനെയൊക്കെ വിവേചനം നടക്കുന്നു എന്നും അതിന് പോംവഴിയായി എങ്ങനെ തന്റെതായ ഒരിടം ഉണ്ടാക്കിയെടുക്കാം എന്നതും ചര്‍ച്ച ചെയ്യുന്നത്. ഇപ്പോളിവിടെ പല ആണ്‍ രചിത ടെക്സ്റുകള്‍ക്കും ഫെമിനിസ്റ് വായന ഉണ്ടാവുന്നു. ചുറ്റുമുള്ള പല ആണ്‍ വ്യവസ്ഥകള്‍ക്കെതിരെയുള്ള പ്രതികരണമുണ്ടാകുന്നു.

എന്നാലതിനോടൊപ്പം തന്നെ തന്റെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്താണെന്ന് വ്യക്തമാക്കുന്നു. തന്റെ ഇഷ്ടവിനോദത്തെക്കുറിച്ച് വാചാലയാകുന്നു. എനിക്ക് ഭംഗിയായിത്തോന്നുന്ന വസ്ത്രങ്ങളിതാ, ആഭരണങ്ങളിതാ, അല്ലെങ്കില്‍ എനിക്ക് ആഭരണങ്ങളിഷ്ടമേയല്ല, ഞാന്‍ വായിക്കുന്ന പുസ്തകമിതാ എന്നൊക്കെ വിളിച്ചുപറയുന്നു. പഴയ പല എഴുത്തുകാരികളേയും പുനര്‍വായിക്കുന്നു. ഇത് ഒരു ട്രാന്‍സിഷനാണ്. ഈ ട്രാന്‍സിഷന്‍ പുരോഗമിക്കുന്നതുകൊണ്ടാണ് ഭാവിയില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റുന്നതും. അതുകൊണ്ട് ഫെമിനിസത്തെ നിരാകരിക്കുന്നവര്‍ നാളയെ തള്ളിപ്പറയുകയാണ്. അപ്പോഴെന്ത് സംഭവിക്കും? ദി ആര്‍ട്ടിസ്റ് എന്ന സിനിമയില്‍ കാണിക്കുന്ന പോലെ ശബ്ദമില്ലാത്ത സിനിമയില്‍നിന്ന് ശബ്ദമുള്ളതിലേയ്ക്ക് പോകുമ്പോളുണ്ടാകുന്ന പ്രശ്നങ്ങള്‍ സംഭവിക്കും. ഏത് ചെറിയ ശബ്ദവും അതികഠിനമായി കാതുകളില്‍ മുഴങ്ങും. അതിനോട് അസഹിഷ്ണുത പുലര്‍ത്തും. പക്ഷെ ഒടുവില്‍ അത് സ്വീകരിക്കാതെ നിവൃത്തിയില്ല എന്ന് കയ്പേറിയ വഴിയേ മനസ്സിലാക്കേണ്ടി വരും. അത്രതന്നെ.
 

 

തെറിവിളിക്ക് പുറകില്‍
ഫെമിനിസം എന്നത് ഒരു തെറിയായാണ് ഇപ്പോളുപയോഗിക്കപ്പെടുന്നത്. അതിനു കാരണം മുകളില്‍ പറഞ്ഞവയില്‍ നിന്ന് വ്യക്തമാണ്. ഫെമിനിസം മുഴുവനായും നടപ്പായാല്‍ നാളെ കേറി മെതിയ്ക്കാന്‍ പാകത്തിന് പെണ്ണുങ്ങളെ കിട്ടില്ല. ഇപ്പോള്‍ സ്വയം പ്രഖ്യാപിത ‘ലെജന്റും’ മേല്‍ ഷോവനിസ്റ്റുമായി തോന്നിയ പല ‘ത്തരങ്ങളും’ വിളമ്പി വളരെ പോപ്യുലറായി നടക്കുന്ന പലര്‍ക്കും ആരാധകരെ കിട്ടില്ല. അങ്ങിനെ പുരുഷന്മാരുടെ പ്രശ്നങ്ങളുടെ നിര നീണ്ടുനീണ്ടു പോകും. അപ്പോളവര്‍ ഫെമിനിസത്തെ തെറിവത്കരിക്കും. അതും പോരാഞ്ഞ് പെണ്‍വേഷങ്ങളിലും ഇതേ വാദങ്ങളുമായി അവതരിക്കും. അത്യന്തം സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആദ്യം പറഞ്ഞ ഗ്രൂപ്പില്‍ കണ്ട പലരും പെണ്‍ പേരുകളാണ് ഉപയോഗിക്കുന്നത്. തെരേസയുടെ എഴുത്ത് വായിച്ചപ്പോള്‍ എനിക്കുണ്ടായ വിഷമം എല്ലാവരിലും ഉണ്ടാക്കുന്നതിന്റെ സേഡിസ്റിക് പ്ലഷറാണ് ഇവര്‍ തേടുന്നത്. (കൂട്ടത്തില്‍ അല്ലാത്ത സാദാ പ്ലഷറും)

അതുകൊണ്ട് ‘ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ ‘ഫാവിയും’ വായിക്കുമ്പോള്‍ ഞാന്‍ അല്‍ഭുതപ്പെടുന്നു. എഴുത്തുകാരി എന്തിനെയാണ് ഭയക്കുന്നതെന്ന്. കുറെയധികം ഫെമിനിസം പറഞ്ഞ ശേഷവും ഇതുകൊണ്ടൊന്നും എന്നെ ഫെമിനിസ്റ്റെന്ന് മുദ്രകുത്തല്ലേ എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ ഒരു സ്വയം കലഹമാണ്. തന്റെ ഫെമിനിസ്റ് ഐഡന്റിറ്റിയെ വെറുക്കാനും അതുമൂലം ലജ്ജിക്കാനും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതി അവരെ പ്രേരിപ്പിക്കുന്നു. ഇത് മാറി വരേണ്ട ഒരു അവസ്ഥ തന്നെയാണ്. കാരണം ഇങ്ങനെ പറയുമ്പോള്‍ പറഞ്ഞതെല്ലാം പാഴായിപ്പോവുകയാണുണ്ടാവുക. തന്നെത്തന്നെ കോണ്‍ട്രഡിക്റ്റ് ചെയ്യുന്ന സ്വഭാവം ഏറും. പുരുഷന്മാരെ ഞെട്ടിക്കാന്‍ പാകത്തിന് എഴുതിയിട്ട് പ്രത്യേകിച്ച് ഒന്നും നേടാനില്ല എന്നൊക്കെ പറയുന്നതിന്റെയര്‍ഥമെന്താണ്. തെരേസയുടെ എഴുത്ത് ഏതെങ്കിലും പുരുഷനെ ഞെട്ടിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണോ? പുരുഷന്മാര്‍ പോട്ടെ, ഇത് വൃദ്ധര്‍ക്കു മാത്രം അല്ലെങ്കില്‍ കുട്ടികള്‍ക്ക് മാത്രം സ്ത്രീകള്‍ക്ക് മാത്രം എന്നിങ്ങനെയാണോ ആരെങ്കിലും എഴുതാറ്. ഫെമിനിസ്റ് എഴുത്തുകള്‍ മറ്റെല്ലാ എഴുത്തുകളെയും പോലെത്തന്നെയാണ്. ചിലര്‍ക്ക് ഇഷ്ടപ്പെടും. ചിലര്‍ യോജിക്കും ചിലര്‍ വിയോജിക്കും. മറ്റു ചിലര്‍ ഞെട്ടും. ഞെട്ടുന്നവര്‍ ഞെട്ടുമോ ഇല്ലയോ എന്ന് എഴുതുമ്പോള്‍ ആരും ആലോചിക്കില്ല. അതിനുള്ള സമയമില്ലതന്നെ.

ഓണ്‍ലൈന്‍ ആക്റ്റിവിസം
പല ഫെമിനിസ്റ് വിരോധികളും പറയുന്ന ഒന്നാണ് ഫെമിനിസ്റുകളുടെ ആക്റ്റിവിസം ഫേസ്ബുക് ലോഗൌട്ട് ചെയ്താല്‍ തീരുന്നതാണെന്ന്. എന്തുകൊണ്ട് നിങ്ങള്‍ പീഡിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം ചെയ്യാന്‍ പോകുന്നില്ല. എന്തുകൊണ്ട് നിങ്ങള്‍ ചേരികളിലേയ്ക്കിറങ്ങുന്നില്ല എന്നൊക്കെ. എപ്പോഴും വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നവയെ വിസ്മരിക്കുകയാണെല്ലാവരും. ഫെമിനിസ്റായാലും കാപിറ്റലിസ്റായാലും ഓരോരുത്തരും ഓരോ രീതിയിലാണ് അവരുടെ പ്രവര്‍ത്തനം നടത്തുന്നത്. വേറാരെയും കുറിച്ച് പറഞ്ഞ് കൊളമാക്കണ്ട എന്നുള്ളതുകൊണ്ട് എന്നെപ്പറ്റിത്തന്നെ പറയാം. പത്ത് കഴിഞ്ഞ് പ്ലസ് റ്റു കഴിഞ്ഞ് ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞു. അതുവരെ എഴുതി. ഇനി എനിക്ക് തുടര്‍ന്ന് പഠിക്കണം എന്നാണാഗ്രഹം. തുടര്‍ന്ന് പഠിക്കും. പഠിച്ചാല്‍ ജോലി വാങ്ങണം എന്നാണാഗ്രഹം. ജോലി വാങ്ങും. അപ്പോഴെല്ലാം ഞാനെഴുതും. കാരണം എഴുത്ത് എന്റെ വിദ്യാഭ്യാസ-തൊഴില്‍ജീവിതത്തിനു പുറത്തെ ജീവിതമാണ്. അതിലൂടെയാണ് ഞാന്‍ എന്റെ ഐക്യദാര്‍ഢ്യവും വിയോജിപ്പും പങ്കുവെയ്ക്കുന്നത്. എന്റെ എഴുത്തിലൂടെ ഞാന്‍ മറ്റുള്ളവരിലേയ്ക്കെത്തിക്കുന്നതിന്റെ പകുതി പോലും എനിക്ക് കിട്ടിയ ഉപദേശങ്ങള്‍ സ്വീകരിച്ചാല്‍ ചെയ്യാന്‍ സാധ്യമായിരിക്കില്ല. എത്ര പേര്‍ എഴുതുന്നു. ഒരാള്‍ തടവുകാരുടെ ജീവിതത്തെക്കുറിച്ചെഴുതിയാലുടനെ ആരെങ്കിലും രണ്ടാളെ തട്ടി ജയിലില്‍ പോയി കിടന്ന് ആത്മാര്‍ഥത തെളിയിക്കാന്‍ പറയുമോ?

ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും അനുകൂലമായി കണ്ടമാനം എഴുത്തുകളും ചര്‍ച്ചകളും നടക്കുന്നതുകൊണ്ടുതന്നെയാണ് നവമാധ്യമങ്ങളോട് ഇത്ര എതിര്‍പ്പും. ഇവ വരുന്നതിനുമുമ്പുള്ള ഫെമിനിസം മാത്രമാണ് ഫെമിനിസം എന്ന കാഴ്ചപ്പാടും അതുകൊണ്ടാണ്. വളരെ ധീരമായ ജീവിതം നയിച്ച പലരെയും പറ്റി ലേഖിക പറയുന്നുണ്ട്. പക്ഷെ അപ്പോഴും താനുംകൂടി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിനെയും കംപ്യൂട്ടറിനെയും തള്ളിപ്പറയുന്നു. ഇതൊക്കെ ഉപയോഗിക്കുന്നതിലൂടെ ആരും കഴിഞ്ഞുപോയ വിപ്ലവങ്ങളെ വിസ്മരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഈ സാധ്യതകളും കൂടി ഉപയോഗിച്ച് അവരുടെ ജീവിതം നമ്മളാല്‍ കഴിയുന്ന രീതിയില്‍ അന്വര്‍ഥമാക്കുകയാണ്. അതുകൊണ്ടാണ് വളരെ യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുന്ന തങ്ങളുടെ അമ്മമാരുടെയും അവരുടെ അമ്മമാരുടെയുമൊക്കെ തലമുറയിലെ ഫെമിനിസത്തെ ഇന്ന് പലരും പുന:പരിശോധിക്കുന്നത്.

ഞാന്‍ പറഞ്ഞല്ലോ സ്വന്തം ഫെമിനിസത്തോട് കലഹിക്കുമ്പോള്‍ വൈരുദ്ധ്യാത്മകത എഴുത്തില്‍ കടന്നുകൂടും. എഴുത്തുകാരി പറയുന്നത്, സ്വന്തം ജീവിതം ജീവിക്കുക എന്ന തത്വം നടപ്പിലാക്കിയാല്‍ ബഹുമാനം തന്നത്താന്‍ വരും എന്നാണ്. പക്ഷെ പിന്നെ പലപ്പോഴായി പുരുഷനു മുന്നില്‍ അബലയല്ല എന്ന് തോന്നിക്കാനുള്ള വഴികള്‍ പറയുന്നു.

 

 

അമ്മ പെങ്ങന്‍മാര്‍ ഉണ്ടാവുന്നത്
പിന്നെ അവസാനമായി വേറൊരു പ്രധാന കാര്യംകൂടി. പല സ്ഥലങ്ങളിലും അമ്മ പെങ്ങന്മാര്‍ എന്ന പ്രയോഗം കണ്ടു. അത് ഇവിടെ മാത്രമല്ല. ഫെമിനിസത്തെ പുച്ഛിക്കുന്നവരുടെ ഇടയില്‍ വളരെ പ്രചാരത്തിലുള്ള ഒന്നാണ്. അതിന്റെ അര്‍ഥമെന്താണ്? അമ്മയെയും പെങ്ങളെയും പൂജിക്കണം, എന്നാല്‍ അല്ലാത്തവരോട് തോന്ന്യോണം പെരുമാറണം എന്നോ. അല്ലെങ്കില്‍ത്തന്നെ ഈ സ്വന്തം സ്ത്രീകള്‍ ബാക്കി സ്ത്രീകള്‍ എന്നൊക്കെ പറയുന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്. ഒന്നുകില്‍ വീട്ടിനുള്ളില്‍ ഒരാണിന്റെ അല്ലെങ്കില്‍ അതല്ലാത്ത വേറൊരാണിന്റെ അങ്ങിനെയാണോ പെണ്ണിന്റെ ഐഡന്റിറ്റി?

എല്ലാവരും കേള്‍ക്കാന്‍ വേണ്ടി ഞാനിവിടെ സ്റ്റേറ്റ് ചെയ്യാം. ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്.

(ഈ വീക്ഷണത്തോട് യോജിച്ചും വിയോജിച്ചുമുള്ള കുറിപ്പുകള്‍ നാലാമിടം തുടര്‍ന്നുള്ള നാളുകളില്‍ പ്രസിദ്ധീകരിക്കുന്നു. വിലാസം: editor@nalamidam.com)

37 thoughts on “ഞാന്‍ ആരുടെയും പെങ്ങളല്ല

 1. സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും മനസ്സിലായില്ല. ആണ് ആണും പെണ്ണ് പെണ്ണും ആയി ജീവിക്കുന്നത് തന്നെ ആണ് അഭികാമ്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ശരീര പ്രദര്‍ശനവും, തെറി വിളിയും മറ്റും രണ്ടു വിഭാഗങ്ങള്‍കും ഒരുപോലെ അപമാനമാണ്. പരസ്പരം ബഹുമാനിക്കുക, ആണില്ലാതെ ഒരു പെണ്ണും പെണ്ണില്ലാതെ ഒരു ആണും ഉണ്ടാവുന്നില്ല. അതിനാല്‍ ആരും മേല്‍കൊയ്മക്കുവേണ്ടി ശ്രമിക്കേണ്ട ആവശ്യവും വരുന്നില്ല. പിന്നെ, ഒരു സ്ത്രീയോട് ഞാന്‍ അവരെ എന്റെ അമ്മയേയോ പെങ്ങളെയോ പോലെ കാണുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത് അവര്‍ എനിക്ക് മറ്റു സ്ത്രീകളെക്കാളും അടുപ്പവും സ്നേഹവും തോന്നുന്നവര്‍ ആണ് എന്നാണു. നിങ്ങള്‍ പറഞ്ഞ പോലെ വീടിനു പുറത്തുള്ള സ്ത്രീകളെ മൊത്തം കാമം നിറഞ്ഞ മനസ്സുകൊണ്ട് മാത്രം നോക്കുന്ന ഒരു സമൂഹത്തില്‍ നിന്നും അല്ല എല്ലാ ആണുങ്ങളും എന്ന് മനസ്സിലാക്കുന്നത്‌ ഗുണം ചെയ്യും.

 2. തങ്ങള്‍ ഫെമിനിസ്‌റ്റുകളാണെന്ന് പറയാന്‍ മടിക്കുന്ന എഴുത്തുകാ‍രികളുടെ ആധിക്യം, നമ്മുടെ സമൂഹം സഞ്ചരിക്കേണ്ട ദൂരം എത്രയധികമാണെന്നുള്ളതിന്റെ സൂചകമാണ്.
  “സ്വന്തം ഫെമിനിസത്തോട് കലഹിക്കുമ്പോള്‍ വൈരുദ്ധ്യാത്മകത എഴുത്തില്‍ കടന്നുകൂടും.“
  — ഇവിടെ ലേഖിക ഉദ്ദേശിച്ചത് “വൈരുദ്ധ്യം“ (contradiction) എന്നാണെന്നു കരുതുന്നു. “വൈരുദ്ധ്യാത്മകത“ എന്ന വാക്ക് പൊതുവില്‍ “dialectics” എന്ന അര്‍ത്ഥത്തിലാണല്ലോ മലയാളത്തില്‍ ഉപയോഗിക്കപ്പെടുന്നത് (വൈരുദ്ധ്യാത്മക ഭൌതികവാദം = dialectical materialism).

  • സോറി. വൈരുദ്ധ്യം എന്നു തന്നെയാണ് ഉദ്ദേശിച്ചത്. അതായത് contradiction ന്റെ മലയാളം എന്തോ അത്. നന്ദി. ഇതിനും dialectical materialism, dialectic എന്നതിന്റെ മലയാളം പറഞ്ഞു തന്നതിനും. 🙂

 3. ലേഖനം നന്നായിട്ടുണ്ട്, നല്ല ശക്തിയുള്ള ഭാഷ.
  അഖില 22FK എന്ന സിനിമ കണ്ടോ എന്നെനിക്കു അറിയില്ല. ഫെമിനിസം എന്ന ബ്രാന്‍ഡ്‌ സിനിമകളില്‍ ഉപയോഗിച്ചതിനെ ചെറുതായി കളിയാക്കി അതില്‍ ഉപയോഗിച്ച് പ്രശസ്തമായ ഫാവി എന്ന വാക്ക് എന്‍റെ ലേഖനത്തില്‍ ടൈറ്റില്‍ ആയി ഉപയോഗിച്ചത് ഫെമിനിസം എന്നതിനെ പരിഹസിച്ചു എന്ന് തെറ്റിദ്ധരിക്കരുത്. എന്‍റെ ലേഖനം സ്ത്രീകള്‍ക്കോ ഫെമിനിസം എന്ന പ്രസ്ഥാനത്തിനോ എതിരാണ് എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് പിടികിട്ടിയിട്ടില്ല. എഴുതാപ്പുറം വായിച്ചു എടുത്തുചാടി ഞാന്‍ എഴുതിയത് സ്ത്രീവിരുദ്ധം എന്ന് പറയുന്നതും അഖില പറയുന്ന ഫെമിനിസത്തിന്റെ ഭാഗമാണോ? ഞാന്‍ ഫെമിനിസ്റ്റ് അല്ല എന്ന് പറഞ്ഞത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്, അത് ആരെയും പേടിച്ചിട്ടോ അല്ലെങ്കില്‍ അഖില പറയുന്നപോലെ ലജ്ജ തോന്നിയിട്ടോ അല്ല. എന്‍റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ധൈര്യവും ഞാന്‍ ആരാണ് എന്നതിനെ പറ്റി അഭിമാനവും ഉള്ള കൂട്ടത്തിലാണ് ഞാന്‍. എന്ത് പ്രശ്നത്തിലും അതിലുള്‍പ്പെടുന്ന വ്യക്തികളില്‍ ശരി ആരുടെ ഭാഗത്താണ് എന്ന് തോന്നുന്നതിനനുസരിച്ചാണ് ഞാന്‍ പ്രതികരിക്കുക. പക്ഷെ ഈ പറയുന്ന ഫെമിനിസം എന്താണ് എന്ന് മനസ്സിലാക്കുന്നതിനു മുന്‍പ് തന്നെ ചെറുപ്പം മുതല്‍ പെണ്ണ് ആയതു കൊണ്ട് മാത്രം ആര്‍ക്കെങ്കിലും അവസരങ്ങള്‍ നിഷേധിക്കപെടുകയോ അനീതികള്‍ സഹിക്കേണ്ടി വരികയോ ചെയ്യുന്നത് കണ്ടാല്‍ പ്രതികരിക്കുന്ന ആള്‍ ആണ് ഞാന്‍. അത് എന്‍റെ പ്രത്യയ ശാസ്ത്രങ്ങള്‍ ആണ്. ആരും പറഞ്ഞുതന്നിട്ടുണ്ടയതല്ല. അതിനു ഫെമിനിസം എന്ന ഒരു ലേബല്‍ വേണമെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവം ഇല്ലാത്തപോലെ ഇക്കാര്യത്തിലും എനിക്ക് ഒരു ഇസത്തിനെയും കൂട്ടുപിടിക്കേണ്ട. എന്റെ മനസ്സില്‍ ഞാന്‍ പുരുഷനോ മറ്റാരുടെയോ താഴെ അല്ല, അപ്പോള്‍ പിന്നെ ആരുടെയെങ്കിലും ഒപ്പം എത്താന്‍ വേണ്ടി ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ ലേബല്‍ എനിക്കെന്തിന്? പിന്നീട് ഫെമിനിസത്തിന്റെ ഹിസ്റ്ററിയും ഇപ്പോള്‍ പല രാജ്യങ്ങളില്‍ പല ഘട്ടങ്ങള്‍ എത്തി നില്‍ക്കുന്നതിനെ പറ്റിയും എല്ലാം വായിച്ചു നോക്കിയിട്ടും അങ്ങിനെ ഒരു ലേബല്‍ എനിക്ക് വേണം എന്നെനിക്കു തോന്നിയിട്ടില്ല. അഖില പറഞ്ഞത് പോലെ ഓരോരുത്തരും ഓരോ രീതിയിലാണ്‌ അവരുടെ പ്രവര്‍ത്തനം നടത്തുന്നത്. അതുകൊണ്ട് ഫെമിനിസ്റ്റ് എന്ന് ഒരു ലേബല്‍ ഇല്ലാതെ തന്നെ ഞാന്‍ എനിക്ക് തോന്നിയ കാര്യങ്ങള്‍ പറയുന്നു. ഞാന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നപോലെ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും സ്വന്തം സ്ത്രീത്വതിനെയും ശരീരത്തിനെയും ബഹുമാനിക്കേണ്ടത് ആവശ്യം തന്നെയാണ്. അത് ദുരുപയോഗിക്കുന്നവര്‍ നമ്മുടെ ഇടയിലും ഉണ്ട് എന്ന് തുറന്നു സമ്മതിക്കുന്നത് സ്ത്രീവിരുദ്ധമാകില്ല മറിച്ച് അതുകൊണ്ട് മാത്രമാണ് സ്ത്രീക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്ന് പറഞ്ഞിരുന്നെകില്‍ ഞാന്‍ എഴുതിയത് സ്ത്രീവിരുദ്ധമാകുമായിരുന്നു. കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ എന്നിവയെ ഞാന്‍ തള്ളിപറഞ്ഞു എന്ന് പരാമര്‍ശിച്ചത് തികച്ചും ബാലിശം ആയിപോയി എന്നേ എനിക്ക് പറയാനുള്ളൂ. അത് തന്നെയാണ് അമ്മ പെങ്ങന്മാരെ പറ്റി ഞാന്‍ എഴുതിയതിന്റെ ബാക്കി ആയി എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. ഞാന്‍ അമ്മയാണ്, മകളാണ്, പെങ്ങളാണ്, ഭാര്യയും ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു, ആ സ്ഥാനങ്ങള്‍ എല്ലാം എന്‍റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. പക്ഷെ എന്റെ സ്ത്രീത്വം അതില്‍ തുടങ്ങി അതില്‍ അവസാനിക്കുന്നു എന്ന് ഞാന്‍ കരുതുന്നില്ല. പുരുഷന്‍ എന്‍റെ ശത്രുവുമല്ല.

  • thats it… 🙂

   എന്റെ മനസ്സില്‍ ഞാന്‍ പുരുഷനോ മറ്റാരുടെയോ താഴെ അല്ല, അപ്പോള്‍ പിന്നെ ആരുടെയെങ്കിലും ഒപ്പം എത്താന്‍ വേണ്ടി ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ ലേബല്‍ എനിക്കെന്തിന്?

   ഞാന്‍ അമ്മയാണ്, മകളാണ്, പെങ്ങളാണ്, ഭാര്യയും ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു, ആ സ്ഥാനങ്ങള്‍ എല്ലാം എന്‍റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. പക്ഷെ എന്റെ സ്ത്രീത്വം അതില്‍ തുടങ്ങി അതില്‍ അവസാനിക്കുന്നു എന്ന് ഞാന്‍ കരുതുന്നില്ല.

   പുരുഷന്‍ എന്‍റെ ശത്രുവുമല്ല.

  • തെരേസാ, ഞാന്‍ നിങ്ങളുടെ എഴുത്തിനെപ്പറ്റി മാത്രമല്ല പറഞ്ഞത്. നിങ്ങളുടെ എഴുത്തില്‍ ഞാന്‍ കണ്ട കുറച്ച് സ്വഭാവങ്ങളുണ്ട്. അതിനെപ്പറ്റി ആലോചിച്ചപ്പോള്‍ ഫെമിനിസം എന്ന് എല്ലാവരും ‘ലേബല്‍’ എന്ന് വിളിക്കുന്ന ആ സംഗതിയെപ്പറ്റി എഴുതണമെന്ന് തോന്നി. ഞാനിട്ട കമന്റും ഇതും തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. നിങ്ങളുടെ എഴുത്തിനെ നിങ്ങള്‍ ഫെമിനിസമെന്ന് വിളിക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് പറയുന്നതിനോട് എനിക്ക് പ്രത്യേകിച്ച് വിയോജിപ്പൊന്നുമില്ല. അത് തീര്‍ത്തും വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷെ നിങ്ങള്‍ പറയുന്ന പലതും ഫെമിനിസമാണ് എന്നത്, അത് സത്യമാണ്. അത്രയേ ഉള്ളു. പിന്നെ എന്റെ വിലയിരുത്തലുകള്‍ ബാലിശമാണെന്ന് തോന്നുന്നത് എന്റെ എഴുത്തിന്റെയും ചിന്തയുടെയും കുഴപ്പം. അതിനിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. കാരണം ഞാന്‍ ഇങ്ങനെയാണ് ചിന്തിക്കുന്നത്. ബാലിശമെങ്കില്‍ ബാലിശം. അമ്മ പെങ്ങന്മാര്‍ എന്ന സംഗതിയെക്കുറിച്ച്. എന്റെ അമ്മയുടെ പേര് ഇന്നതാണ്. ഞാന്‍ അപ്പോള്‍ Ms.abc യുടെ മകളാണ്. ms def ന്റെ അനിയത്തിയാണ്. അത് ബയലോജിക്കലാണ്. സെക്സ് ബയലോജിക്കലും ജെന്റര്‍ സോഷ്യോലജിക്കലുമാകുന്നതുപോലെ സമൂഹത്തില്‍ ഞാന്‍ ഞാന്‍ മാത്രമാണ്. അത്രയേ പറയാനുദ്ദേശിച്ചുള്ളു. നിങ്ങളുടെ മതം നിങ്ങളുടെ വിശ്വാസമാണ്. അതിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരുമല്ല. ഞാന്‍ ചോദ്യം ചെയ്യാനും വരുന്നില്ല. എന്റെ എഴുത്ത് ഫെമിനിസത്തെപ്പറ്റിയാണ്. നിങ്ങളുടെ എഴുത്തില്‍ നിന്ന് ഞാന്‍ ഉദാഹരണങ്ങളെടുത്തിരിക്കുന്നു. അത്രമാത്രം.
   പിന്നെ ഒന്നുംകൂടം. ഫ എന്നതിനെ 22 FK യുമായി ചേര്‍ത്താണെഴുതിയതെന്ന് എനിക്ക് മനസ്സിലായി. എന്റെ എഴുത്തില്‍ ഞാന്‍ ഫെമിനിസത്തിന്റെ ഭാവി ഫാവിയാണ് എന്ന് പറയുന്നത് നിങ്ങളെക്കുറിച്ചല്ല. അത് കുറച്ചുംകൂടെ ഒരു wider context ിലാണ്. ഫെമിനിസത്തെക്കുറിച്ചു പറയുമ്പോള്‍ എല്ലാവര്‍ക്കും വളരെ natural ആയി വരുന്ന അസ്കിതയെ സൂചിപ്പിക്കാനാണ് ഞാനതുപയോഗിച്ചത്.

 4. പെങ്ങളാക്കുക എന്നതാണ്‌ അപരിചിതയായ പെണ്ണീനെ
  സംബോധന ചെയ്യാനുള്ള ഏറ്റവു എളുപ്പമുള്ള മാര്‍ഗ്ഗം എന്നു തോന്നുന്നു.
  വേറെ സം‌വര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും തോന്നുന്നു. എങ്കിലും പറയട്ടെ
  “അവള്‍ പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്.”

 5. ശരിയാണ് പെണ്ണെന്നു തന്നെയായിരിക്കണം പെണ്ണിന്റെ ഐടെന്റിടി ….

 6. ആണുങ്ങള്‍ക്ക് പലപ്പോഴും പെണ്ണുങ്ങള്‍ ഒരു പ്രശ്നമാണ്. അല്ലെങ്കില്‍ ഒരു വിഷയമാണ്. പെണ്ണുങ്ങള്‍ക്ക് പലപ്പോഴും ആണുങ്ങളും. കേരളത്തിലെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. സ്ത്രീവിഷയം എന്നൊരു പ്രത്യേക വിഷയം തന്നെ നമ്മള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വെറുതെയല്ല. മാതാപിതാക്കളുടെയും അധ്യാപകരുടെയും പുരോഹിതന്മാരുടെയും ഒക്കെ അവിശ്രാന്തമായ അധ്വാനം ഇതിനു പിന്നിലുണ്ട്. ക്ലാസ്മുറിയില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും തമ്മില്‍ തൊടാതെ രണ്ടു ഭാഗത്തായി “സുരക്ഷിതരായി” ഇരുത്തുന്നതു തൊട്ട് തുടങ്ങുന്നു ഇത്.

  “ആണ്‍കുട്ടികളെ സൂക്ഷിക്കണം” എന്ന് പെണ്‍കുട്ടികളോടും പെണ്‍കുട്ടികളെ നോക്കുന്നത് തന്നെ മോശം സ്വഭാവമാണെന്ന് ആണുങ്ങളെയും നമ്മള്‍ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു. ഇങ്ങനെയൊക്കെ വളര്‍ന്നുവന്ന ഒരു ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിക്കഴിയുമ്പോള്‍ കാര്യം ഇതിലേറെ തമാശയാണ്. ഒരു സ്ത്രീയെ കാണുമ്പോള്‍, പരിചയപ്പെടുമ്പോള്‍ ഒരു പുരുഷനു മുന്നിലുള്ള ആദ്യത്തെ പ്രശ്നം അവളെ ആരായി കാണണം എന്നതാണ്. അതൊരു വിഷമം പിടിച്ച പ്രശ്നമാവുന്നത് അവന് തെരഞ്ഞെടുക്കാന്‍ അറിയാവുന്ന ഉത്തരങ്ങള്‍ പരിമിതമാണ് എന്നതുകൊണ്ടത്രേ. അവന്‍ പരിചയിച്ച ഉത്തരങ്ങള്‍ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്:

  ഒന്ന്: അമ്മ..

  അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും വേശ്യയുമല്ലാതൊരുവള്‍, ദേശാഭിമാനി വാരിക, 2011 August.

 7. ആണും പെണ്ണും തുല്യരാണ് എന്ന് വീണ്ടും വീണ്ടും പറയുമ്പോള്‍ തന്നെ, ഫെമിനിസം എന്നൊരു ലേബല്‍ ഉണ്ടാക്കി ഞങ്ങള്‍ ഒരു പ്രത്യേക ഗ്രൂപ്പ്‌ എന്നു പറയുന്നതിലെ യുക്തി എന്താണ്…. പിന്നെ തെരേസ പറഞ്ഞതുപോലെ, ആണുങ്ങളുടെ ഒപ്പമെത്താനുള്ള വഴിയായി മദ്യപാനവും, പുകവലിയും, തെറിവിളിയും നടത്തുമ്പോള്‍ അങ്ങിനെ ചെയ്യുന്ന ഒരു പുരുഷനെ സമൂഹം എങ്ങിനെ കാണുന്നുവോ അതുപോലെ തന്നെയേ അങ്ങിനെ ചെയ്യുന്ന പെണ്ണിനേയും കാണു എന്നു പറഞ്ഞതില്‍ എന്താണ് തെറ്റ്….

  പിന്നെ, തെരേസ അവരുടെ അഭിപ്രായം പറഞ്ഞതിന് അഖില എന്തിനാണ് “””സ്വയം പ്രഖ്യാപിത ‘ലെജന്റും’ മേല്‍ ഷോവനിസ്റ്റുമായി തോന്നിയ പല ‘ത്തരങ്ങളും’ വിളമ്പുന്ന””” അച്ചായനെ പരിഹസിക്കുന്നത്….. നിങ്ങളുടെ ഇപ്പോഴുള്ള ഈ ഫെമിനിസം മൂലം നാളെ പെണ്‍വര്‍ഗം മുഴുവന്‍ ആണുങ്ങള്‍ക്ക് തുല്യരാവുമെന്നു പറഞ്ഞാല്‍ വിവരമുള്ള പെണ്ണുങ്ങള്‍ പോലും അതു സമ്മതിച്ചു തരില്ല..

  പിന്നെ ഇവിടെ എല്ലാര്‍ക്കും മലയാളി ആണുങ്ങളുടെ പ്രവര്‍ത്തികളാണ് കുഴപ്പം… ഇതൊരു സമൂഹം എടുത്തു നോക്കിയാലും അതില്‍ ഒരു ശതമാനം ക്രിമിനല്‍സും മനോരോഗികളും ഉണ്ടാവും… അതിന്‍റെ പേരില്‍ ആ സമൂഹത്തെ മുഴുവന്‍ മനോരോഗികളായി ചിത്രീകരിക്കുന്നതിലെ യുക്തി എന്താണ്…. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംരക്ഷണം കൊടുക്കുന്നു എന്നു പറയുന്ന അറബ് രാജ്യങ്ങളിലെ സ്ഥിതിയെന്താണ്, സ്ത്രീയെ വെറും ഉപഭോഗവസ്തുവായി മാത്രമാണ് അവിടെ കാണുന്നത്.. ജുബൈല്‍, ദമാം, റിയാദ് തുടങ്ങിയ ഷോപ്പിംഗ്‌ മാളുകളില്‍ തിരക്കേറിയ സമയത്ത് പോയിട്ടുള്ള ഇതൊരു സ്ത്രീയോട് ചോദിച്ചാലും അവിടുത്തെ അവസ്ഥ അറിയാം… പിന്നെ യുറോപ്പ്, അമേരിക്ക, അവിടെയൊന്നും സ്ത്രീകള്‍ക്കെതിരെ ഒരു പ്രശ്നവും നടക്കുന്നില്ല എന്നു ന്യൂസ്‌ വായിക്കുന്ന ആരും പറയില്ല….. അതുകൊണ്ട് തന്നെ മലയാളി ആണുങ്ങളെല്ലാം കാമഭ്രാന്തന്‍മാരാണ് എന്ന നിലക്കുള്ള അടച്ചു ആക്ഷേപിക്കല്‍ ഇനിയെങ്കിലും നിര്‍ത്തുക….

  സ്വന്തമായ് ഒരു ലേബല്‍ ഒട്ടിച്ചു മാറിനില്‍ക്കാതെ പൊതു സമൂഹത്തിന്‍റെ ഭാഗമായ് സ്ത്രീകളും പ്രവര്‍ത്തിക്കുന്ന കാലത്തേ ഈ സമത്വം സംഭവിക്കു…….

 8. മെയിൽ ഷോവനിസ്റ്റ് എന്ന വിളി കേട്ടാൽ കലി കയറുന്നത് “ഷോവനിസ്റ്റ്സ്” അല്ലാത്ത ആണുങ്ങൾക്ക് മാത്രമായിരിക്കും.
  ഷോവനിസ്റ്റ് ആയി ജീവിച്ചിട്ട്, ഷോവനിസ്റ്റ്സ് എന്ന വിളി കേട്ടാൽ, ഷോവനിസ്റ്റ്സിനെന്ത് പോയി?

  ഇതു തന്നെ ആയിരിക്കണം, “ഫെമിനിസ്റ്റ്” എന്ന വാക്കിനെ തെറിയായി മനസ്സിലാക്കുന്ന സ്ത്രീകളുടെയും കാര്യവും.

 9. manushyayussinu oru rolled gold abaranathinte guarantee polum illaatha e kalathu chakka manga feminism mannamkatta ennu paranju nadakathe ulla samayam nalla bakshanam kazhichum santhoshichum matullavare upadravikathem jeevikan noku..!!! athalle athinte oru ithu..!!! e feminists ennu paranju nadakunnavara lokathile kallikal…sakala koprayatharamgalum cheyyunnavar e koottara..!!!!!!

 10. …………പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും സ്വന്തം സ്ത്രീത്വതിനെയും ശരീരത്തിനെയും ബഹുമാനിക്കേണ്ടത് ആവശ്യം തന്നെയാണ്. അത് ദുരുപയോഗിക്കുന്നവര്‍ നമ്മുടെ ഇടയിലും ഉണ്ട് എന്ന് തുറന്നു സമ്മതിക്കുന്നത് സ്ത്രീവിരുദ്ധമാകില്ല മറിച്ച് അതുകൊണ്ട് മാത്രമാണ് സ്ത്രീക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്ന് പറഞ്ഞിരുന്നെകില്‍ ഞാന്‍ എഴുതിയത് സ്ത്രീവിരുദ്ധമാകുമായിരുന്നു. കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ എന്നിവയെ ഞാന്‍ തള്ളിപറഞ്ഞു എന്ന് പരാമര്‍ശിച്ചത് തികച്ചും ബാലിശം ആയിപോയി എന്നേ എനിക്ക് പറയാനുള്ളൂ. അത് തന്നെയാണ് അമ്മ പെങ്ങന്മാരെ പറ്റി ഞാന്‍ എഴുതിയതിന്റെ ബാക്കി ആയി എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. ഞാന്‍ അമ്മയാണ്, മകളാണ്, പെങ്ങളാണ്, ഭാര്യയും ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു, ആ സ്ഥാനങ്ങള്‍ എല്ലാം എന്‍റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. പക്ഷെ എന്റെ സ്ത്രീത്വം അതില്‍ തുടങ്ങി അതില്‍ അവസാനിക്കുന്നു എന്ന് ഞാന്‍ കരുതുന്നില്ല. പുരുഷന്‍ എന്‍റെ ശത്രുവുമല്ല……….
  100likes
  നന്നായി പറഞ്ഞു തെരേസ്സാ .. നല്ലൊരു മറുപടി …നിങ്ങളാണ് സ്ത്രീയുടെ യഥാര്‍ത്ഥ വക്താവ് …

 11. Any ”ism” is futile if it fails to create a ”space” in which men and women can live together with all their differences ,loving,conflicting and cooperating.

 12. ലേശം ഓഫ് ടോപിക് ആയ ഒരു കമന്റ്. തെരേസ എഴുതുന്നു, “ഫെമിനിസം എന്ന ബ്രാന്‍ഡ്‌ സിനിമകളില്‍ ഉപയോഗിച്ചതിനെ ചെറുതായി കളിയാക്കി അതില്‍ ഉപയോഗിച്ച് പ്രശസ്തമായ ഫാവി എന്ന വാക്ക് എന്‍റെ ലേഖനത്തില്‍ ടൈറ്റില്‍ ആയി ഉപയോഗിച്ചത് “..
  22FK യില്‍ ടെസ്സ പറയുന്നത് faaവി എന്നാണ്, ഫാവി എന്നല്ല. മധ്യ തിരുവിതാംകൂര്‍ തൊട്ട് തെക്കന്‍ തിരുവിതാംകൂര്‍വരെ പലരും ഭാവി എന്നതിന് faaവി എന്ന് തന്നെയാണ് പറയുന്നത്. അതുപോലെ, തെരേസ അടക്കം ഒട്ടേറെ മലയാളികള്‍ ഫ എന്നെഴുതിയാല്‍ ‘fa’ എന്ന് വായിക്കുകയും fa എന്നതിന് ഫ എന്ന് എഴുതുകയും ചെയ്യുന്നു.. fan എന്നൊക്കെയുള്ള വാക്കുകള്‍ മലയാളത്തില്‍ ഫാന്‍ എന്ന് എഴുതാന്‍ തീരുമാനിച്ച മണ്ടന്‍മാരെപ്പോലെത്തന്നെ.. 🙂

  • സുദീപ് നമ്മള്‍ ഫലത്തിന്റെ ഫ യ്ക്കും, ഫാനിന്റെ ഫ യ്ക്കും ഫ തന്നെയാണ് ഉപയോഗിക്കുന്നത്. ഫാനിന്ഫെ ഫ പറയാന്‍ നലയാളത്തില്‍ അക്ഷരമില്ല.

   • ക്ഷമിക്കണം, വീണ്ടും ഒരു ഓ. ടോ: ‘ഫാന്‍’ എന്നെഴുതുന്നത് കൊണ്ട് ആ യന്ത്രത്തിനെ ‘ഭാന്‍’ എന്ന് വിളിച്ചിരുന്ന എന്റെ മുത്തശ്ശിയെ ഓര്‍മ വരുന്നു. 🙂

 13. I should like to know whether the so called “mothers & sisters” are safe in our society. I dont believe that school-assembly pledges or Rakhi rituals could ensure the safety of our women. Many burning issues in our society are left unanswered while we argue about western feminism.

 14. Hi Akhila
  I specifically showcased your snapshot in group “Cinema Paradiso ” to show the growing misogynism in the group and among malayalis in general.. i was not in group for a couple of days.But when i did i have taken up issues. If you go back to group you can read the discussion further. i am trying to make other males more aware of their rampant misogynism under their thin veneer of civilization… I cant read malayalam well.. so i am not able to read your post well. I wanted to tell you this before but you had either left facebook or blocked me..Previuosly also i have addressed this issue.. i had no intention to make you a victim of this war. I am sincerely sorry if i have caused you any problem. that was not my intention.Sorry again. I had subscribed to your posts specifically because i was interested in your movement.

  • Mr Aneesh Joseph, I saw the ‘discussion’ that happened in the ‘group’ you call Cinema Paradiso Club. I saw some of your comments which were among the VERY few which were not abusing me or threatening me or abusing women. I blocked you because I saw that you are one of the administrators. Or someone active in the ‘group’ I joined it because i thought its a genuine one. But i saw the comments and i understood that it is nothing but a bunch of fake accounts and women haters. And i can assure you this, you cannot make ANYONE there more aware of anything. It is so obvious in their comments. And that is the reason why i didnt comment there. i cannot waste my time on useless things. but i did however file a cyber crime complaint against the abusers. i hope i will get justice. and if you really want to make anyone aware of things help me by giving their uid or address. thats all. i am hereby unblocking you.

 15. പല ആങ്ങളാരും ഏറ്റെടുക്കുന്ന ഉത്തരവാദിത്തത്തിനു നിന്നുകൊടുക്കാന്‍
  താല്പര്യമില്ലത്തതുകൊണ്ടൂ കൂടിയാണ്‌ പെങ്ങളാകാന്‍ മടിക്കുന്നത്.

 16. ഹലോ, ഫെമിനിസ്റ്റ്
  താന്‍ എന്തുതന്നെ പറഞ്ഞാലും മധ്യവര്‍ഗ ,കീഴാള ജീവിതങ്ങളില്‍ പുരുഷന്‍ സ്ത്രീയെ കണക്കാക്കുന്നത് “ചരക്ക്” എന്ന പേരില്‍ ആണ്. സ്ത്രീധനവും ,ശമ്പളവും ,അല്ലെങ്കില്‍ പണികൂലി കൊണ്ടുക്കൊടുക്കാനും,അടുക്കള പണിചെയ്യാനും, സ്വന്തം വീട്ടുകാരെ തിരിഞ്ഞു നോക്കാതിരിക്കാനും, പക്ഷെ ഭര്‍ത്താവിന്‍റെ വീട്ടുകാരെ സ്വന്തം ആള്‍ക്കാരായി കണക്കാക്കുവാനും ശീലി ക്കേണ്ട വള്‍.പ്രസവം,മറ്റേതെങ്കിലും രോഗാവസ്ഥ ,കുട്ടികളുടെ അസുഖം തുടങ്ങിയവയ്കെല്ലാം സ്വന്തം വീട്ടില്‍ പോയി ചികിത്സ നട ത്തെണ്ടവളും,ഭര്‍തൃ കുടുംബത്തിലെ വന്‍ സാബത്തികാവശ്യങ്ങള്‍ ,വീട് പണിയുക,ഭര്‍തൃ സഹോദരിയ്ക്ക് സ്ത്രീ ധനം കൊടുക്കുക,ഭര്‍ത്താവ് കടം വരുത്തുക,തുടങ്ങിയ അവസരങ്ങളിലെല്ലാം സ്വ കുടുംബത്തില്‍ നിന്നും പറ്റുന്നത്രെ പണം വാങ്ങി കൊടുക്കേണ്ട വളും മാത്രമാണ്.താനൊന്നും കേരളതിലല്ലേ ജീവിയ്ക്കുന്നത് ,കണ്ണ് തുറന്നു ചുറ്റും നോക്ക്.

 17. നിഷേധാത്മകമായ ലേഖനം .
  അമ്മയുടെ സ്ഥാനത്ത് അമ്മയും പെങ്ങളുടെ സ്ഥാനത്ത് പെങ്ങളും ആകുക .
  അമ്മയെയും പെങ്ങളെയും ഭാര്യയേയും മകളെയും സുഹൃത്തിനെയും കാമുകിയെയും വേശ്യയും അതാത് സ്ഥാനങ്ങളില്‍ കാണപ്പെടെട്ടെ.

 18. “എല്ലാവരും കേള്‍ക്കാന്‍ വേണ്ടി ഞാനിവിടെ സ്റ്റേറ്റ് ചെയ്യാം. ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ “മനുഷ്യനാ “ണെന്നും അതാണ്‌ അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്. ”
  എനിക്ക് പറയാന്‍ തോന്നുന്നത് ഇതാണ്…

 19. ഫെമിനിസത്തിന് ഈ വിഭാഗങ്ങളെ ഉള്ളോ ? ‘സോഷ്യല്‍ ഫെമിനിസം’ എന്നൊക്കെ മുന്‍പ് struggle മാഗസിനില്‍ വായിച്ചിട്ടുണ്ട്… സമയമുണ്ടെങ്കില്‍ ഫെമിനിസത്തെ കുറിച്ച് വിശദമായി എഴ്ഹുതൂ

 20. കഷ്ടം ഇങ്ങനെയും അധപതിച്ചു പോയോ? തെരേസ പറഞ്ഞത് വളരെ ശരിയായ കാര്യങ്ങള്‍ ആണ് . ഇത് കൂടെ നോക്കു

 21. കമലസുരയ്യ ട്രസ്റ്റും മാതൃഭൂമിയും സംയുക്തമായി നടത്തിയ ബാലാമണിയമ്മ ജന്‍മശതാബ്ദി ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഴീക്കോട്.

  പുരുഷനുംസ്ത്രീയും തമ്മില്‍ തുല്യതയില്ല എന്ന് പറയുമ്പോള്‍ സ്ത്രീ പുരുഷനേക്കാള്‍ താഴെയാണെന്നല്ല മനസ്സിലാക്കേണ്ടത്. അവള്‍ക്ക് അവളുടേതായ ഔന്നത്യമുണ്ടെന്നാണ് അതിനര്‍ത്ഥം.

  സ്ത്രീ പാന്റ്‌സിട്ടാല്‍ പുരുഷന് തുല്യയാവില്ല അത് പാന്റ് ഇക്വാലിറ്റി മാത്രമേ ആവുന്നുള്ളു. സ്ത്രീയ്ക്കും പുരുഷനും സൃഷ്ടിപരമായ വ്യത്യാസങ്ങളും സവിശേഷതകളുമുണ്ട്. അത് മനസ്സിലാക്കുകയാണ് വേണ്ടത്- അഴീക്കോട് പറഞ്ഞു.

  എഴുത്തിലും ജീവിതത്തിലും ഫെമിനിസ്റ്റായിരുന്ന എഴുത്തുകാരിയായിരുന്നു ബാലാമണിയമ്മ. വിശ്വമാതൃത്വത്തെ ഉള്‍ക്കൊണ്ട ബാലാമണിയമ്മ യഥാര്‍ത്ഥ ഫെമിനിസ്റ്റാണ് അഴീക്കോട് പറഞ്ഞു.

 22. കോഴിക്കോട്: ഫെമിനിസം ബുദ്ധിശൂന്യതയും ഫെമിനിസ്റ്റുകള്‍ സ്ത്വീത്വമുള്‍ക്കൊള്ളാന്‍ കഴിയാത്തവരുമാണെന്നും സുകുമാര്‍ അഴീക്കോട്.

  കമലസുരയ്യ ട്രസ്റ്റും മാതൃഭൂമിയും സംയുക്തമായി നടത്തിയ ബാലാമണിയമ്മ ജന്‍മശതാബ്ദി ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഴീക്കോട്.

  പുരുഷനുംസ്ത്രീയും തമ്മില്‍ തുല്യതയില്ല എന്ന് പറയുമ്പോള്‍ സ്ത്രീ പുരുഷനേക്കാള്‍ താഴെയാണെന്നല്ല മനസ്സിലാക്കേണ്ടത്. അവള്‍ക്ക് അവളുടേതായ ഔന്നത്യമുണ്ടെന്നാണ് അതിനര്‍ത്ഥം.

  സ്ത്രീ പാന്റ്‌സിട്ടാല്‍ പുരുഷന് തുല്യയാവില്ല അത് പാന്റ് ഇക്വാലിറ്റി മാത്രമേ ആവുന്നുള്ളു. സ്ത്രീയ്ക്കും പുരുഷനും സൃഷ്ടിപരമായ വ്യത്യാസങ്ങളും സവിശേഷതകളുമുണ്ട്. അത് മനസ്സിലാക്കുകയാണ് വേണ്ടത്- അഴീക്കോട് പറഞ്ഞു.

  എഴുത്തിലും ജീവിതത്തിലും ഫെമിനിസ്റ്റായിരുന്ന എഴുത്തുകാരിയായിരുന്നു ബാലാമണിയമ്മ. വിശ്വമാതൃത്വത്തെ ഉള്‍ക്കൊണ്ട ബാലാമണിയമ്മ യഥാര്‍ത്ഥ ഫെമിനിസ്റ്റാണ് അഴീക്കോട് പറഞ്ഞു.

 23. “എല്ലാവരും കേള്‍ക്കാന്‍ വേണ്ടി ഞാനിവിടെ സ്റ്റേറ്റ് ചെയ്യാം. ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല.”
  തീര്‍ത്തും വിയോജിക്കുന്നു. സുഹൃത്തേ, അഖിലേ (പെങ്ങളെ എന്ന് വിളിക്കുന്നില്ല ) പെങ്ങളായാലും അമ്മയായാലും പെട്ടിക്കുള്ളിലെ സ്ഥാനം ആണ് എന്ന് ആരാണ് പറഞ്ഞു തന്നത് .
  (അല്ലെങ്കിലും എനിക്ക് ഈ അഭിപ്രായത്തോട് യോജിക്കേണ്ട കാര്യമില്ലല്ലോ കാരണം അഖില എന്റെ അമ്മയുമല്ല പെങ്ങളുമല്ല .)

 24. “പെങ്ങളായാലും അമ്മയായാലും പെട്ടിക്കുള്ളിലാണ് സ്ഥാനം എന്ന് ആരാണ് പറഞ്ഞു തന്നത് ” എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ .

 25. അഖില, തീര്‍ത്തും കാലിക പ്രസക്തമായ ലേഴനങ്ങളും വീക്ഷണങ്ങളും ആശങ്കകളും. ഇന്ന് ജെണ്ടര്‍ എന്നത് ഒരു സോഷ്യോളജിക്കല്‍ വിഷയമാണ് എന്നതുകൊമ്ടുതന്നെ അതിനെ അഭിസംബോധനചെയ്യാതെ മാരിനില്‍ക്കുന്നത് വിഷയത്തെ അഭിസംബോധനചെയ്യാനുള്ള ഭയം കൊണ്ടു മാത്രമാണ്. ഇതാണ് ഇന്നത്തെ ഇന്ത്യയിലെ ഇടതുപക്ഷെ പൊതുവായി ചെയ്തുകൊണ്ടിരിക്കുന്നതും. (അതില്‍ ഒരു ചെറിയ ഗ്രൂപ്പും പിന്നിലല്ല. എന്റെ ചെറിയ അനുഭവങ്ങളില്‍ നിന്നു.) ഇന്നും കടുത്ത പുരൃുഷാധിപത്യ ബോധം ചതന്നെയാണ് ഇവര്‍ എല്ലാം വെച്ചു പുലര്‍ത്തുന്നതും. പിന്നെ ഫെമിനിസ്റ്റ് ആണ് എന്ന് വിളിച്ചു പറയേണ്ടുന്ന ഒരു സാമൂഹിക സാഹചര്യം നില നില്‍ക്കുമ്പോള്‍ അവിടെ അങ്ങനെ പറയുന്നത് സ്ത്രീയെ പ്രത്യേക ഗ്രൂപ്പിലാക്കാന്‍ വേണ്ടിയാണെന്ന ചിലയാള്‍ക്കാരുടെ വാദങ്ങള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതിന്റെ പ്രശ്‌നമോ അല്ലെങ്കില്‍ അസ്സഹിഷ്ണുതയോ ആണ്. സ്ത്രീ സ്വന്തം അസ്തിത്ത്വം സ്ഥാപിക്കുന്നതിന്റെ ഒരു തരം ചൊറിച്ചിലാണത്. നട്ടെല്ലില്‍ കുടിയിരിക്കുന്ന പുരുഷാധിപത്യ ബോധം (അത് ഈ പുരുഷാധിപത്യ സമൂഹത്തിലെ പുരുഷനും സ്ത്രീയ്ക്കും 2 കോണ്ടെസ്റ്റുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുണ്ട്.) വെറുതേയിരിക്കില്ലല്ലോ……

 26. അരുണിന്‍റെ പ്രസ്താവനയോട് ഞാന്‍ വളരെ യോജിക്കുന്നു ..പരസ്പരം ബഹുമാനിക്കുകയും സ്നേഹിച്ചും ജീവിക്കുക , അതൊരു സംസ്കാരത്തില്‍നിന്നും കുടുംബ പച്ചാതലത്തില്‍ നിന്നും ഉയര്‍ന്നു വരെടതാണ് …ഞാന്‍ കൂടുതല്‍ അടുപ്പമുള്ള സ്ത്രീകളെ അമ്മയെന്നും പെങ്ങളെ പോലെ ‘എടി’ എന്നും വിളിക്കാറുണ്ട്. എന്റെ ഭാര്യയും പല അവസരങ്ങളിലും അമ്മയെപോലെയും പെങ്ങളെ പോലെയും എന്നെ സഹായിക്കാറുണ്ട്. ഭാര്യയും അവരുമായുള്ള ഏക വെത്യാസം ഒരു ‘രതി ‘ കൂടി സംഭവിക്കുന്നു എന്നെ ഉള്ളു …

 27. എല്ലാ പെണ്ണുങ്ങളെയും അമ്മയോ പെങ്ങളോ മകളോ ഒക്കെ ആയി കാണണം എന്ന വാദത്തെ തള്ളിക്കളയുന്നു.
  അമ്മയോ പെങ്ങളോ മകളോ അല്ലെന്നതുകൊണ്ട് ഒരു പെണ്ണിനേയും തൊടാന്‍ പോലും ആര്‍ക്കും അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ പെണ്ണുങ്ങളെയും (ആണുങ്ങളെയും) തനിക്കുമേല്‍ സമ്പൂര്‍ണ അവകാശമുള്ള വ്യക്തിയായി കാണുന്നതാണ് എനിക്കിഷ്ടം.
  ഒരു സ്ത്രീയുടെ ശരീരം എന്ത് ചെയ്യണം എന്നത് അവളുടെ അവകാശമാണ്. അത് എന്റെ അമ്മയോ പെങ്ങളോ മകളോ ഭാര്യയോ ആയാലും മറ്റെതെങ്കിലും പെണ്ണ് ആണെങ്കിലും. വസ്ത്രം ധരിക്കുന്ന കാര്യമോ ലൈംഗികതയോ തുടങ്ങി എന്ത് കാര്യം ആയാലും സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം.. അത് നിയമ ലംഘനം ആവാത്തിടത്തോളം ആ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അവിടെയാണ് നിങ്ങള്‍ പുരുഷനോ വ്യക്തിയോ പൌരനോ ഒക്കെ ആകുന്നത് അല്ലാതെ അമ്മ പെങ്ങള്‍ വാദത്തെ ഉയര്‍ത്തി സ്ത്രീകള്‍ക്കുമേല്‍ അധികാരം ഊട്ടി ഉറപ്പിച്ചുകൊണ്ടല്ല…. നിങ്ങള്‍ ഒരു മനുഷ്യന്‍ ആവൂ.. പുരുഷന്‍ മാത്രം ആയിരിക്കാതെ… അപ്പോള്‍ മനസിലാവും സ്ത്രീ ശരീരം മാത്രമുള്ള ഒരു പെണ്ണ് മാത്രമല്ല, അവളും ഒരു വ്യക്തിയാണെന്ന്…
  സ്ത്രീക്ക് സംരക്ഷണം ഉറപ്പാക്കണം എന്നാ മുദ്രാവാക്യം ഉന്നയിക്കുന്നവരും നിങ്ങള്‍ക്ക് അമ്മേം പെങ്ങളും ഇല്ലേ എന്ന് കോഴിക്കോട് മുദ്രാവാക്യം വിളിച്ചവരുമൊക്കെ അറിയാതെയെങ്കിലും ചെയ്യുന്നത് പെണ്ണുങ്ങളെ കൂടുതല്‍ പെണ്ണുങ്ങള്‍ മാത്രം ആക്കുകയാണ്. വ്യക്തികള്‍ ആകാന്‍ അനുവദിക്കാതെ

Leave a Reply

Your email address will not be published. Required fields are marked *