സിസേക് സംസാരിക്കുന്നു: ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!

നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകരിലൊരാളായ സ്ലാവോയ് സിസേക് സംസാരിക്കുന്നു
ഹെഗലിനെക്കുറിച്ചുള്ള സിസേക്കിന്റെ Less Than Nothing: Hegel and the Shadow of Dialectical Materialism എന്ന പുതിയ പുസ്തകം ഈ മാസം 15നു പുറത്തിറങ്ങി. ഇതിന് മുന്നോടിയായി ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാണിത്. സ്ലോവേനിയന്‍ തലസ്ഥാനമായ ല്യൂബ്ലാനയിലുള്ള സിസേക്കിന്റെ വീട്ടിലെത്തിയ ഗാര്‍ഡിയനിലെ മാധ്യമപ്രവര്‍ത്തക Decca Aitkenhead നടത്തിയ അഭിമുഖം അവതരണത്തിലും ഇടപെടലിലും ഏറെ വ്യത്യസ്തമാണ്. വിവര്‍ത്തനം ടി.പി ഷുക്കൂര്‍
 

സ്ലാവോയ് സിസേക് സംസാരിക്കുന്നു.

 

“അപകടകരമായ ഒരു ഘട്ടത്തെയാണ് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നതിനാല്‍ എനിക്ക് അശുഭപ്രതീക്ഷയാണുള്ളത്. എന്നാല്‍ അതേ കാരണം കൊണ്ട് തന്നെ ഞാന്‍ ശുഭാപ്തിവിശ്വാസിയുമാണ്. അശുഭപ്രതീക്ഷക്കു കാരണം കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു എന്നതാണെങ്കില്‍ ശുഭാപ്തിവിശ്വാസത്തിനു കാരണം ഇങ്ങനെയൊരവസ്ഥയില്‍ ഒരു മാറ്റത്തിന് സാധ്യത ഏറെയാണ് എന്നതുമാണ്.”

അതുപോലെ ഏതെല്ലാം അവസരങ്ങളിലാണ് കാര്യങ്ങള്‍ക്ക് മാറ്റം വരാതിരിക്കുക?

“ങാ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ പതിയെ ഒരു പുതിയ പ്രമാണിവര്‍ഗ മേധാവിത്വ സമൂഹത്തിലേക്കാണ് നയിക്കപ്പെടുക. ഇത് പക്ഷെ, ഒരിക്കലും മുമ്പുണ്ടായിരുന്ന തരത്തിലുള്ള വൃത്തികെട്ട ഒരു മേധാവിത്വമായിരിക്കില്ല. ഉപഭോഗസംസ്ക്കാരത്തില്‍ അധിഷ്ഠിതമായ ഒരു പുതിയ രൂപത്തില്‍ ആയിരിക്കും.”

 

 
സ്ലാവോയ് സിസേക്കിന് ല്യൂബ്ലാനയിലുള്ള സ്വന്തം അപ്പാര്‍ട്ട്മെന്റിന്റെ നമ്പര്‍ പോലും അറിയില്ല.
“കുഴപ്പമില്ല”. പുറത്തു പോയി വരാന്‍ നിന്ന ഫോട്ടോഗ്രാഫറോട് അദ്ദേഹം പറഞ്ഞു. “തിരിച്ചു വരുമ്പോള്‍ പ്രധാനവാതിലിലൂടെ തന്നെ അകത്തേക്ക് വരിക. എന്നിട്ട് ഒരു വലതുപക്ഷ പരിഷ്കരണവാദിയെപ്പോലെ ഒരു നിമിഷം ചിന്തിക്കുക. ഇടത്ത് നിന്ന് വലത്തോട്ട് തിരിയുക. അറ്റമെത്തുമ്പോള്‍ വീണ്ടും വലത്തോട്ട്….” എന്നാലും നമ്പര്‍ അറിയണ്ടേ? അയാള്‍ക്ക് വഴി തെറ്റിയാലോ? “20 ആണെന്ന് തോന്നുന്നു. അല്ലെങ്കിലും അതൊക്കെ ആര്‍ക്കാണറിയുന്നത്. ഏതായാലും ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തിയേക്കാം.” സിസേക്ക് ഇടനാഴിയിലൂടെ നടന്ന് വാതില്‍ തുറന്ന് നമ്പര്‍ നോക്കി ഉറപ്പു വരുത്തി.
 

 
ഫോട്ടോഗ്രാഫറെ കൈ വീശിക്കാണിച്ച് യാത്രയാക്കിയ ശേഷം അദ്ദേഹം സ്ലോവേനിയന്‍ തലസ്ഥാനമായ ആ നഗരത്തിലൂടെ അങ്ങ് ദൂരേക്ക് ചൂണ്ടിക്കാണിച്ചു. “ആ കാണുന്നത് ഒരുതരം പ്രതിസംസ്കാര സ്ഥാപനമാണ്. എനിക്കവറ്റകളെ വെറുപ്പാണ്. അവറ്റകള്‍ക്കെന്നെയും. ഇടതുചിന്താഗതിക്കാരില്‍ ഇത്തരക്കാരെയാണ് ഞാന്‍ വെറുക്കുന്നത്. അതിസമ്പന്നരുടെ മക്കളായ റാഡിക്കല്‍ ഇടതന്‍മാര്‍.” മറ്റു കെട്ടിടങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ വക കാര്യാലയങ്ങളാണ്. “എനിക്കവയോടും വെറുപ്പാണ്.” അദ്ദേഹം ലിവിംഗ് റൂമിലേക്ക് നടന്നു. ജോസഫ് സ്റാലിന്റെ ഒരു പടവും Call Of Duty: Black Ops എന്നെഴുതിയ ഒരു വീഡിയോ ഗെയിമിന്റെ വാള്‍ പോസ്ററുമല്ലാതെ എടുത്തു പറയത്തക്ക അലങ്കാരങ്ങള്‍ ഒന്നുമില്ലാത്ത, എന്നാല്‍ അടുക്കും ചിട്ടയുമുള്ള ഒരു സാധാരണ ലിവിംഗ് റൂം. ഡിസ്നി മര്‍ച്ചന്റൈസിംഗ് രീതിയില്‍ അലങ്കാരപ്പണി ചെയ്ത മാക്ഡൊണാള്‍ഡിന്റെ പ്ലാസ്റിക് കപ്പുകളിലേക്ക് അദ്ദേഹം കോക് സീറോ ഒഴിച്ചു. എന്നാല്‍, സിസേക്ക് അടുക്കളയിലെ കപ്ബോര്‍ഡ് തുറന്നപ്പോള്‍ ഞാന്‍ കണ്ടത് അതില്‍ നിറയെ വസ്ത്രങ്ങളാണ്.

“ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!” എന്ന് ഉച്ചത്തില്‍ പറഞ്ഞ് അദ്ദേഹം എന്നെ അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ നടന്നു കാണിച്ചു. “നോക്ക്, വസ്ത്രങ്ങള്‍ വെക്കാന്‍ ഒരിടവും ബാക്കിയില്ല.” ശരിയാണ്. എല്ലാ മുറികളിലും മുകളറ്റം വരെ പുസ്തകങ്ങളും ഡി.വി.ഡികളുമാണ്. അദ്ദേഹത്തിന്റെ 75 പുസ്തകങ്ങളുടെ വിവിധ വാല്യങ്ങളും അവയുടെ എണ്ണമറ്റ ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങളും തന്നെയുണ്ട് ഒരു മുറി നിറയെ.

സിസേക്, സിസേക്
നിങ്ങള്‍ സിസേക്കിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കില്‍ എന്നെക്കാള്‍ യോഗ്യന്‍ നിങ്ങള്‍ തന്നെയാണ്. സ്ലോവേനിയന്‍ തത്വചിന്തകനും സാംസ്ക്കാരിക നിരൂപകനുമായ അദ്ദേഹം 1949 ല്‍ ജനിച്ച് പഴയ യൂഗോസ്ലാവ്യയിലെ ടിറ്റോയുടെ ഭരണത്തിന്‍ കീഴില്‍ വളര്‍ന്നതാണെങ്കിലും അഭിപ്രായഭിന്നതയുടെ സംശയമുനകള്‍ അദ്ദേഹത്തെ പാണ്ഡിത്യത്തിന്റെ വിളനിലങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. The Sublime Object of Ideology എന്ന തന്റെ ആദ്യ ഇംഗ്ലീഷ് പുസ്തകം 1989 ല്‍ പുറത്തിറങ്ങിയതോടെ അദ്ദേഹം പാശ്ചാത്യ ലോകത്തും ശ്രദ്ധേയനായിത്തുടങ്ങി. സിസേക്കിന്റെ ഒരു ആരാധ്യപുരുഷനായ ഹെഗേലിനെ, മറ്റൊരു ആരാധ്യപുരുഷനായ ഴാക് ലകാന്റെ കാഴ്ചപ്പാടിലൂടെ ഒരു പുനര്‍വായന നടത്തുകയാണ് ആ പുസ്തകം. അത് മുതലിങ്ങോട്ട് Living in the End Times, പോലുള്ള പുസ്തകങ്ങളും, The Pervert’s Guide To Cinema തുടങ്ങിയ ചലച്ചിത്രങ്ങളും എണ്ണമറ്റ ലേഖനങ്ങളും അദ്ദേഹത്തിന്റെ പേരില്‍ പുറത്തു വരാന്‍ തുടങ്ങി.

സാംസ്ക്കാരിക സിദ്ധാന്തത്തിന്‍റെ മാനദണ്ഡം വെച്ച് അളക്കുമ്പോള്‍ കൂടുതല്‍ ഗ്രാഹ്യമായ തലത്തിലാണ് സിസേക്കിന്റെ സൃഷ്ടികളുടെ സ്ഥാനം. എന്നാല്‍ ഈ സ്ഥാനം അദ്ദേഹത്തിന് എവിടെ വെച്ചാണ് കൈമോശം വരുന്നതെന്ന് മനസ്സിലാക്കിത്തരാന്‍ ഒരു വാക്യം ഇവിടെ ഉദ്ധരിക്കുന്നു. “Zizek finds the place for Lacan in Hegel by seeing the Real as the correlate of the selfdivision and selfdoubling within phenomena.” അദ്ദേഹത്തിന്റെ രചനകള്‍ ഗ്രഹിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളവയാണെന്ന് കാണിക്കാന്‍ Zizek : A Guide for the Perplexed എന്ന പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത് ഈ ഉദ്ധരണിയാണ്.

അദ്ദേഹത്തിന്റെ ആഗോള ആരാധകരെ വിഷമിപ്പിക്കുമെങ്കിലും ഒരു കാര്യം പറയാതെ വയ്യ, അദ്ദേഹത്തിന്‍റെ മിക്ക രചനകളും കടുപ്പം കൂടിയവയാണ്. എന്നാലും അദ്ദേഹം എഴുതുന്നത് ഉന്മേഷദായകമായ ഒരു അഭീഷ്ടത്തോട് കൂടിയാണെന്നതും കേന്ദ്രീകൃത നിലപാടുകള്‍ ദീര്‍ഘവീക്ഷണമുളളവയും ചിന്തോദ്ദീപകങ്ങളുമാണെന്നതും നിരൂപകര്‍ പോലും സമ്മതിക്കുന്നതാണ്. കാതലായി പറഞ്ഞാല്‍ ഒരു സംഗതിയും ഒരിക്കലും അതിന്റെ പ്രത്യക്ഷ രൂപം പോലെ ആയിക്കൊളളണമെന്നില്ലെന്നും മിക്കവാറും എല്ലാറ്റിലും വിരോധാഭാസം കുടികൊള്ളുന്നുണ്ടെന്നും ആ രചനകളിലൂടെ അദ്ദേഹം വാദിക്കുന്നു. പുരോഗമനപരമെന്നോ വിപ്ലവകരമെന്നോ നാം കരുതുന്ന പലതും അല്ലെങ്കില്‍ വെറും നീതിശാസ്ത്രങ്ങള്‍ പോലും യഥാര്‍ത്ഥത്തില്‍ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല തന്നെ.

 

ജൈവ ആപ്പിള്‍ വാങ്ങുമ്പോള്‍
 
“നിങ്ങള്‍ ഒരു ജൈവ ആപ്പിള്‍ (ഓര്‍ഗാനിക് ആപ്പിള്‍) വാങ്ങുമ്പോള്‍, ആദര്‍ശപരമായ കാരണം കൊണ്ടാണ് നിങ്ങള്‍ അപ്രകാരം ചെയ്യുന്നതെങ്കില്‍, ‘ഭൂമിയമ്മക്കുവേണ്ടി ഞാന്‍ ഒരു നല്ല കാര്യം ചെയ്യുന്നു’വെന്ന ചിന്ത നിങ്ങള്‍ക്ക് മനഃസുഖം നല്‍കുന്നത് പോലെയാണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം എന്താണ് ചെയ്തിരിക്കുന്നത്? അതൊരു തെറ്റായ പ്രവൃത്തി മാത്രമല്ലേ. ശരിക്കും ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വേണ്ടിയാണ് നാം ഈ വക കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് വിരോധാഭാസം. അപ്പോള്‍ നിങ്ങള്‍ക്കൊരു സംതൃപ്തി തോന്നുകയും ചെയ്യുന്നു. ഒന്ന് കൂടി ഓര്‍ത്തു നോക്കുക. നിങ്ങള്‍ മാസത്തില്‍ 5 യൂറോ വീതം ഏതെങ്കിലും സോമാലി അനാഥന് അയച്ചു കൊടുക്കുകയും നിങ്ങളുടെ കടമ നിറവേറ്റുകയും ചെയ്യുന്നു”.

എന്നാല്‍ അപ്പോഴും നാം യഥാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെടുകയല്ലേ?. വമ്പന്മാരുടെ നിലനില്‍പ്പിന് കോട്ടമുണ്ടാകാത്ത വിധം നാം സ്വയമറിയാതെ അവരെ സഹായിക്കുകയല്ലേ ചെയ്തത്?
“അതെ. അത് തന്നെയാണ്”.

രാഷ്ട്രീയ മേല്‍വിലാസവുമായി രംഗത്ത് വരുന്ന പാശ്ചാത്യ ഉദാരമതികളെന്ന ഒഴിയാബാധ യഥാര്‍ത്ഥ പീഡിതരില്‍ നിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പോലെ ഒരു കാലത്തും പ്രായോഗികമായി നിലവില്‍ വന്നു കണ്ടിട്ടില്ലാത്ത കമ്മ്യൂണിസത്തിന്റെ യാതൊരു വിധത്തിലുള്ള വകഭേദത്തെയും സിസേക്ക് ന്യായീകരിക്കാതിരിക്കുമ്പോള്‍ തന്നെ വിപ്ലവാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് ഒരു “സങ്കീര്‍ണ്ണ മാര്‍ക്സിസ്റ്” എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന ഒരു നിലപാടില്‍ അദ്ദേഹം സ്വയം നില കൊള്ളുന്നു.

ബാക്കി ഭാഗം അടുത്ത പേജില്‍

11 thoughts on “സിസേക് സംസാരിക്കുന്നു: ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!

 1. ഹഹഹ…
  ഇങ്ങേര്‍ക്ക് മുഴുവട്ട് തന്നെ.
  എന്നാലും, കൊള്ളാം മൂപ്പരുടെ കിറുക്ക്.

 2. സിസകിനെ മലയാളത്തിലെത്തിച്ചതിന് അഭിനന്ദനങ്ങള്‍.

 3. ജൈവ ആപ്പിള്‍ വാങ്ങുമ്പോള്‍
  “നിങ്ങള്‍ ഒരു ജൈവ ആപ്പിള്‍ (ഓര്‍ഗാനിക് ആപ്പിള്‍) വാങ്ങുമ്പോള്‍, ആദര്‍ശപരമായ കാരണം കൊണ്ടാണ് നിങ്ങള്‍ അപ്രകാരം ചെയ്യുന്നതെങ്കില്‍, ‘ഭൂമിയമ്മക്കുവേണ്ടി ഞാന്‍ ഒരു നല്ല കാര്യം ചെയ്യുന്നു’വെന്ന ചിന്ത നിങ്ങള്‍ക്ക് മനഃസുഖം നല്‍കുന്നത് പോലെയാണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം എന്താണ് ചെയ്തിരിക്കുന്നത്? അതൊരു തെറ്റായ പ്രവൃത്തി മാത്രമല്ലേ. ശരിക്കും ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വേണ്ടിയാണ് നാം ഈ വക കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് വിരോധാഭാസം. അപ്പോള്‍ നിങ്ങള്‍ക്കൊരു സംതൃപ്തി തോന്നുകയും ചെയ്യുന്നു. ഒന്ന് കൂടി ഓര്‍ത്തു നോക്കുക. നിങ്ങള്‍ മാസത്തില്‍ 5 യൂറോ വീതം ഏതെങ്കിലും സോമാലി അനാഥന് അയച്ചു കൊടുക്കുകയും നിങ്ങളുടെ കടമ നിറവേറ്റുകയും ചെയ്യുന്നു”.
  എന്നാല്‍ അപ്പോഴും നാം യഥാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെടുകയല്ലേ?. വമ്പന്മാരുടെ നിലനില്‍പ്പിന് കോട്ടമുണ്ടാകാത്ത വിധം നാം സ്വയമറിയാതെ അവരെ സഹായിക്കുകയല്ലേ ചെയ്തത്?
  “അതെ. അത് തന്നെയാണ്”.

 4. വളരെ നന്നായിരിക്കുന്നു.ഇത്തരം ശ്രമങ്ങള്‍ വായനക്കാര്‍ക്ക്‌ വളരെ ഗുണം ചെയ്യും

 5. എന്നാല്‍ അപ്പോഴും നാം യഥാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെടുകയല്ലേ?.അതെ. അത് തന്നെയാണ്”.സാംസ്ക്കാരിക സിദ്ധാന്തത്തിന്‍റെ മാനദണ്ഡം വെച്ച് അളക്കുമ്പോള്‍ കൂടുതല്‍ ഗ്രാഹ്യമായ തലത്തിലാണ് സിസേക്കിന്റെ സൃഷ്ടികളുടെ സ്ഥാനം.

 6. സിനിമാനടന്റെ അഭിമുഖം എടുക്കാന്‍ പോകുന്നവരെ സിസക്കിന്റെ അഭിമുഖത്തിനു വിട്ടാല്‍ ഇങ്ങിനിരിക്കും

 7. the translation of the interview from Guardian is not so good .May be the limitation of our malayalam.
  However thanks for doing this dear Shukoor.

  Afterall who is not mad in this cruel world run by a few…

 8. രാഷ്ട്രീയ മേല്‍വിലാസവുമായി രംഗത്ത് വരുന്ന പാശ്ചാത്യ ഉദാരമതികളെന്ന ഒഴിയാബാധ യഥാര്‍ത്ഥ പീഡിതരില്‍ നിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *