ഭാവിയുടെ ചുമരെഴുത്തുകള്‍

 
 
 
അടിയന്തിരാവസ്ഥ വീണ്ടും വന്നാല്‍?
കെ എം വേണുഗോപാലന്‍ എഴുതുന്നു

 
അടിയന്തരാവസ്ഥ പോലുള്ള ഒന്നിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹം മൊത്തത്തില്‍ ജാഗരൂകമാണ്. അടിയന്തരാവസ്ഥക്കാലത്ത് ചെയ്തതുപോലെ മാധ്യമ സ്വാതന്ത്ര്യവും ആശയപ്രകടന-ആവിഷ്കാര സ്വാതന്ത്ര്യവും പഴയതു പോലെ അമര്‍ച്ച ചെയ്യുക ഇന്ന് എളുപ്പമാവില്ല. മൂന്നോ നാലോ പതിറ്റാണ്ടു കൊണ്ട് ഇന്ത്യയില്‍ പൌരാവകാശ സങ്കല്‍പ്പങ്ങളില്‍ ഉണ്ടായ വികാസത്തിന്റെ ചരിത്രം തെളിയിക്കുന്നതും മറ്റൊന്നല്ല.
എല്ലാറ്റിനും ഉപരിയായി, ഇന്നുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു അനുകൂല ഘടകം ഇന്റര്‍നെറ്റ് ആണ്. മാധ്യമക്കുത്തകകളെ അതിജീവിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും ജനങ്ങളിലെത്തിക്കാനും അതിനുള്ള കരുത്ത് ഇതിനകം വ്യക്തമായതാണ്. വ്യക്തിഗത തലങ്ങളില്‍ നടക്കുന്ന ആശയ പ്രകാശനവും വിനിമയങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അതിവേഗം ലോകമെമ്പാടും എത്തിക്കാനാവുമ്പോള്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ജനകീയമായ ഒരു പുതിയ വെല്ലുവിളി നേരിടുകയാണ് . അവ കൂടുതല്‍ ഉത്തരവാദിത്വം പഠിക്കുന്നു; അല്ലെങ്കില്‍ ജനങ്ങള്‍ പഠിപ്പിക്കുന്നു-കെ എം വേണുഗോപാലന്‍ എഴുതുന്നു

 

 
1950 ല്‍ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടതോടെ, പൌരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍
അംഗീകരിക്കാനും സംരക്ഷിക്കാനും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ബാധ്യസ്ഥരാണ് .ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ ബോഡി 1948 ഡിസംബര്‍ 10 ന്
പ്രാബല്യത്തില്‍ വരുത്തിയ സാര്‍വ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഔപചാരികമായി ഒപ്പുവെച്ച ഇന്ത്യയുടെ, ഭരണഘടന മനുഷ്യാവകാശങ്ങളും
പൌരാവകാശങ്ങളും സംബന്ധിച്ച സാര്‍വത്രിക തത്വങ്ങള്‍ ഏതാണ്ട് മുഴുവനായും സ്വാംശീകരിച്ചിട്ടുണ്ട്.

പാശ്ചാത്യവും പൌരസ്ത്യവമായ ബ്ലോക്കുകള്‍ ആയി പൊതുവില്‍ വിഭജിതമായിരുന്ന ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സോഷ്യലിസ്റു വിപ്ലവങ്ങളും ജന മുന്നേറ്റങ്ങളും ലോകത്തെമ്പാടും മര്‍ദ്ദിത ജനതയ്ക്ക് വമ്പിച്ച പ്രതീക്ഷകള്‍ നല്‍കിയ കാലഘട്ടത്തിലാണ് രണ്ടാം ലോക യുദ്ധാനന്തരലോകം എല്ലാ ചേരിതിരിവുകള്‍ക്കും അതീതമായി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ബാധ്യസ്ഥമാണെന്ന് ഇദംപ്രഥമമായി അംഗീകരിക്കുന്നത്.ഭരണകൂടത്തിന്റെ മര്‍ദന വാഴ്ചയ്ക്കും അടിച്ചമര്‍ത്തലിനും എതിരെ അവസാന ആശ്രയം എന്ന നിലയില്‍ ജനങ്ങള്‍ക്ക് കലാപം നടത്തേണ്ടി വരുന്ന അവസ്ഥ ഉണ്ടാവാതിരിക്കണമെങ്കില്‍ ഏതൊരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങള്‍ നിയമവാഴ്ചയാല്‍ സംരക്ഷിക്കപ്പെടെണ്ടതുണ്ടെന്ന് UDHR രേഖയുടെ മുഖവുരയില്‍ പറയുന്നുണ്ട് .(Whereas it is essential, if man is not to be compelled to have recourse, as a last resort, to rebellion against tyranny and oppression, that human rights should be protected by the rule of law)

 

 
അടിയന്തിരാവസ്ഥയുടെ വഴികള്‍
പാര്‍ട്ടി പിളര്‍പ്പിനു ശേഷം 1971 ഇല്‍ ഗരീബി ഹഠാവോ (ദാരിദ്യ്രം അകറ്റുക ) എന്ന മുദ്രാവാക്യം ഉയര്‍ത്തി പൊതു തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഞ്ചാം പാര്‍ലമെന്റില്‍ 518 ല്‍ 352 സീറ്റോടെ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ പൂര്‍വാധികം ജന പിന്തുണയോടെ അധികാരത്തില്‍ എത്തി . അതുവരെ സെന്‍ട്രിസ്റ് പ്രതിഛായയും സാര്‍വദേശീയ തലത്തില്‍ ചേരിചേരാ നയവും മുഖമുദ്രയായിരുന്ന കോണ്‍ഗ്രസിന് സോവിയറ്റ് യൂണിയന്റെ തുറന്ന പിന്തുണയോടെ ആദ്യ ഘട്ടങ്ങളില്‍ പുതിയ ഒരു ഇടതു പരിവേഷവും സാധാരണ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാല്‍, ജെ പി പ്രസ്ഥാനം എന്നറിയപ്പെട്ട ബീഹാറിലെ അഴിമതി വിരുദ്ധ ജനകീയ യുവജന മുന്നേറ്റത്തെ നേരിടുന്നതിന് ഭരണഘടനാബാഹ്യമായ സ്വേച്ഛാധിപത്യ നയങ്ങള്‍ അവലംബിക്കാന്‍ ഇന്ദിരാ സര്‍ക്കാരിന് ഒരു മടിയും ഉണ്ടായില്ല.

പശ്ചിമ ബംഗാളിലെ നക്സല്‍ ബാരിയില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക കലാപത്തെ നേരിട്ടതും സമാന രീതിയിലായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റു പാര്‍ട്ടിയുടെ പിന്തുണയോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റു പ്രസ്ഥാനത്തില്‍ രണ്ടാമത് ഒരു പിളര്‍പ്പ് ഉണ്ടാവുകയും ഇടതുപക്ഷ കമ്യൂണിസ്റ്റുകാരില്‍ ഒരു വിഭാഗം പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെയും സായുധ വിപ്ലവത്തിന്റെയും പാത സ്വീകരിക്കുകയും ചെയ്തത് മൂലമുണ്ടായ സ്ഥിതി വിശേഷത്തെ നേരിടാനും ഗരീബി ഹഠാവോ നയവും ഇരുപതിന വികസന പരിപാടിയും തടസ്സമായിരുന്നില്ല .

വ്യവസ്ഥാപിത ഇടതുപക്ഷം ചെയ്തത്
അവിഭക്ത കമ്മ്യൂണിസ്റു പാര്‍ട്ടിയില്‍ ആദ്യ പിളര്‍പ്പ് ഉണ്ടായ 1964 നു ശേഷം രണ്ടാമത് ഉണ്ടായ പിളര്‍പ്പ് ഇന്ത്യയിലെ പാര്‍ലമെന്ററി ഇടതു പക്ഷത്തെ ഭരണ വര്‍ഗ്ഗങ്ങളുമായി പൂര്‍വാധികം ഒട്ടി നിന്ന് പ്രവര്‍ത്തിക്കാനാണ് പ്രേരിപ്പിച്ചത് . സി പി ഐ അടിയന്തരാവസ്ഥയെ തുറന്നു പിന്തുണക്കുകയും കേരളത്തില്‍ കരുണാകരന്റെ നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ്സ് ഭരണത്തില്‍ പങ്കാളികള്‍ ആവുകയും ചെയ്തു . സി പി ഐ (എം) ആകട്ടെ, അടിയന്തരാവസ്ഥയില്‍ നടന്ന അടിച്ചമര്‍ത്തലുകളെ പൌരാവാകാശങ്ങളുടെയും രാഷ്ട്രീയ അവകാശങ്ങളുടെയും പൂര്‍ണ്ണമായ നിരാസത്തിന്റെ അഭൂതപൂര്‍വമായ ഒരു അദ്ധ്യായം എന്ന നിലയില്‍ കാണുന്നതിനു പകരം ഒറ്റപ്പെട്ടതും നിയന്ത്രിതവും ആയ ചില ദുര്‍ബ്ബല പ്രതിഷേധങ്ങള്‍ കൊണ്ട് നേരിടുകയും ഫലത്തില്‍ രാഷ്ട്രീയമായ ചെറുത്തു നില്‍പ്പുകള്‍ ഒഴിവാക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിലാകട്ടെ സി പി ഐ യുടെയും ബംഗ്ലാ കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സി പി ഐ (എം) ഏറ്റവും വലിയ കക്ഷിയായ മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ച മാത്രം ആയിരുന്നു 1972 -77 കാലത്തെ കോണ്‍ഗ്രസ് (സിദ്ധാര്‍ത്ഥ ശങ്കര്‍ റോയ് ) കാല ഘട്ടം . വര്‍ധിച്ചു വരുന്ന സാമൂഹ്യ അസമത്വങ്ങള്‍ ഉണ്ടാക്കിയ അശാന്തിയെ ഇരു സര്‍ക്കാരുകളും പോലീസ്സിനെ ഉപയോഗിച്ച് പരിഹരിക്കേണ്ട ക്രമ സമാധാന പ്രശ്നം എന്ന നിലയിലാണ് കണ്ടത്. അടിയന്തരാവസ്ഥയുടെ ആനുകൂല്യത്തിന്റെ കൂടി പിന്‍ബലത്തില്‍ പോലീസ് നടത്തിയ അതിഭീകരമായ നക്സലൈറ്റു വേട്ടയെയും പൌരാവകാശ ലംഘനങ്ങളെയും രാഷ്ട്രീയമായി ചോദ്യം ചെയ്യാന്‍ പോലും സി പി ഐ ( എം ) ഉം മറ്റു പാര്‍ലമെന്ററി ഇടതു പാര്‍ട്ടികളും തയ്യാറായില്ല .

 

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച്


 
ജനാധികാരങ്ങളുടെ പ്രസക്തി
സാമൂഹ്യവും രാഷ്ട്രീയവും ആയ കാരണങ്ങള്‍ എന്ത് തന്നെയായാലും, ഇന്ദിരാ ഗാന്ധിയെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പെട്ടെന്ന് പ്രേരിപ്പിച്ചത് അവര്‍ക്കെതിരായ ഒരു കോടതിവിധിയാണ്. യു. പി യിലെ തെരഞ്ഞെടുപ്പ് അഴിമതിയുമായി ബന്ധപ്പെട്ട് സോഷ്യലിസ്റു നേതാവ് രാജ് നാരായന്‍ ഫയല്‍ ചെയ്ത കേസ്സില്‍ അലഹബാദ് ഹൈകോടതിയില്‍ നിന്നാണ് ആ പ്രതികൂല വിധി ഉണ്ടായത്. തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തുന്ന വിധം അത്തരമൊരു വിധിയുണ്ടായാല്‍, നിയമ വാഴ്ചയിലും ജനാധിപത്യത്തിലും ലേശമെങ്കിലും വിശ്വാസമുള്ളവര്‍ ചെയ്യുക, പാര്‍ലമെന്റ് അംഗത്വം രാജി വെച്ച് പുതുതായി ജനവിധി തേടുക എന്നതാണ്. എന്നാല്‍, ജൂണ്‍ പന്ത്രണ്ടിന് വന്ന കോടതി വിധിയുടെ പിന്നാലെ രണ്ടാഴ്ചക്കുള്ളില്‍ നിലവില്‍ വന്നത് ജനാധിപത്യ സംവിധാനങ്ങള്‍ മുഴുവന്‍ റദ്ദാക്കികൊണ്ടുള്ള അടിയന്തരാവസ്ഥാ പ്രഖ്യാപനം ആയിരുന്നു.

മനുഷ്യാവകാശങ്ങള്‍ ചവുട്ടി മെതിക്കുന്നത് ഒരു ചീത്തക്കാര്യം അല്ലെന്നും അഭിപ്രായ സ്വാതന്ത്യ്രങ്ങളും ആവിഷ്കാര സ്വാതന്ത്യ്രങ്ങളും പോലും വേണ്ടെന്നു വെച്ച് ജനങ്ങള്‍ നാവടക്കി പണിയെടുത്താല്‍ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂവെന്നും പ്രഖ്യാപിച്ച് നടപ്പാക്കിയ അടിയന്തരാവസ്ഥ ഏറെ നാള്‍ നിലനില്‍ക്കാതിരിക്കാന്‍ കാരണം ഇന്ത്യയിലെ ഏറ്റവും ദരിദ്രരും പിന്നോക്കക്കാരും ആയ ജന വിഭാഗങ്ങള്‍ 1977 അതിനെതിരായി നല്‍കിയ അസന്ദിഗ്ദ്ധമായ ജനവിധിയാണ്. തീവണ്ടികള്‍ സമയത്തിന് ഓടുന്നതിനും തൊഴില്‍ തര്‍ക്കങ്ങളും അവകാശ സമരങ്ങളും പണിമുടക്കുകളും ഇല്ലാതിരിക്കുന്നതിനും ജനാധിപത്യാവകാശങ്ങള്‍ റദ്ദു ചെയ്യുന്നത് നല്ലതാണെന്ന ചിന്താഗതി ഇന്ത്യയിലെ കമ്മ്യൂണിസ്റു ഇടതു പാര്‍ട്ടികളില്‍ ഒരു വിഭാഗം സ്വാഗതം ചെയ്തിരുന്നു എന്നത് എക്കാലത്തേക്കും ഉള്ള ഒരോര്‍മ്മപ്പെടുത്തലായി ഇന്നും ചരിത്രത്തിന്റെ ഭാഗമാണ് (പിന്നീട് അവര്‍ അതില്‍ പശ്ചാത്തപിച്ചു തെറ്റ് തിരുത്തി എന്നത് വേറെ കാര്യം )

സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ അംഗീകൃത തത്ത്വങ്ങളുടെ തുറന്ന ലംഘനം, ദരിദ്രര്‍ താമസിക്കുന്ന ചേരികള്‍ നിര്‍മ്മാര്‍ജനം ചെയ്തു മനുഷ്യരെ വഴിയാധാരം ആക്കല്‍, സര്‍ക്കാര്‍ മാധ്യമങ്ങളുടെയും സ്വകാര്യ മാധ്യമങ്ങളുടെയും മേലെ ഒരു പോലെ ഗവര്‍ന്മെന്റ് പ്രോപഗണ്ടകള്‍ അടിച്ചേല്‍പ്പിക്കല്‍, ന്യൂനപക്ഷങ്ങള്‍ക്കുനേരെ നിര്‍ബന്ധിത വന്ധ്യംകരണം ഏര്‍പ്പെടുത്തല്‍, ഒരു കുറ്റവും ആരോപിക്കാതെയോ , നിയമാനുസൃതം ആയ വിചാരണ കൂടാതെയോ പൌരന്മാരെ തോന്നിയ പോലെ തടവില്‍ പാര്‍പ്പിക്കല്‍, ഭരണ കൂടത്തിനു അപ്രിയമായ കാര്യങ്ങള്‍ പറയുന്നവരെ പ്രത്യേകം തയ്യാറാക്കിയ പോലീസ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊണ്ട് പോയി ഭേദ്യം ചെയ്യലും കൊലപ്പെടുത്തലും, ഇവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് അടിയന്തരാവസ്ഥ എന്ന് തീര്‍ത്തും അറിയാത്തവരായിരുന്നു, അന്നതിനെ അനുകൂലിച്ച കേരളത്തിലെ ബുദ്ധിജീവികളും രാഷ്ട്രീയ നേതൃത്വങ്ങളും, എന്ന് ഒരിക്കലും പറയാന്‍ വയ്യ.

അപ്രഖ്യാപിത അടിയന്തിരാവസ്ഥകള്‍
എന്നാല്‍, രാജ്യരക്ഷയും വൈദേശിക സ്വാധീനം ചെറുക്കലും മുതല്‍ ഭീകരവാദവും ഇടതു തീവ്രവാദവും വരെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനെല്ലാം വിലങ്ങു തടിയാണ് ജനാധിപത്യ പൌരാവകാശ സംരക്ഷണ ജാഗ്രത എന്നാണിപ്പോള്‍ നിയോ ലിബറല്‍ -സാമ്പത്തിക -സൈനിക -ആധിപത്യ- രാഷ്ട്രീയത്തിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. ജനാധിപത്യാവകാശങ്ങളും പൌരാവകാശങ്ങളും നിഷേധിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ന്യായീകരിച്ച് പാര്‍ട്ടി വ്യത്യാസങ്ങള്‍ക്ക് അതീതമായി തുറന്ന പിന്തുണ നല്‍കുന്നവരായി വരേണ്യ രാഷ്ട്രീയ നേതൃത്വങ്ങള്‍ അധ:പതിച്ചിരിക്കുന്നു . ഇടതും, വലതും, മധ്യമാര്‍ഗ്ഗത്തില്‍ ഉള്ളതുമായ ഓരോ പാര്‍ട്ടികളിലും ജനകീയ സമരങ്ങളോടും നിയമവാഴ്ചയോടും താരതമ്യേന സംവേദനക്ഷമത സൂക്ഷിക്കുന്നവരും, കോര്‍പ്പറേറ്റ് അനുകൂല നിലപാടുകളെ പരസ്യമായി സ്വാഗതം ചെയ്യുന്നവരും തമ്മില്‍ ഭിന്നിപ്പുകള്‍ ഏറി വരികയാണ്.

1958 മുതല്‍ AFSPA (Armed Forces Special Powers Act) നിലവിലുള്ള മണിപ്പൂരിലും വടക്ക് കിഴക്കന്‍ മേഖലയിലും ഇന്ന് ബലാത്സംഗങ്ങള്‍ , കസ്റഡി മരണങ്ങള്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ,പോലീസ് അതിക്രമങ്ങള്‍ എന്നിവയ്ക്കെതിരായ ജനകീയ പ്രതിഷേധങ്ങളും ചെറുത്തു നില്‍പ്പുകളും നിത്യ ജീവിതത്തിന്റെ ഭാഗം ആയിരിക്കുന്നു .1990 കള്‍ മുതല്‍ ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവ ഭരണകൂട നയങ്ങള്‍ ആയതോടെ വ്യത്യസ്ത സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ നിലനില്‍ക്കുന്ന കശ്മീരിലും ചത്തിസ് ഗഢിലും ഒറീസ്സയിലും ഗുജറാത്തിലും ബംഗാളിലും കര്‍ണ്ണാടകത്തിലും ഉള്‍പ്പെടെ അനേകം പ്രദേശങ്ങളില്‍ പൌരാവകാശങ്ങള്‍ ഏതാണ്ട് അപ്രഖ്യാപിതം ആയ നിലയില്‍ റദ്ദാക്കിയിരിക്കുകയാണ്. വികസനം, ദേശരക്ഷ, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പേരിലാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും അതതിടങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളും ഒരേ പോലെ ഇതിനെ പിന്തുണക്കുന്നുണ്ട്.

 

ഒറീസയില്‍ നടക്കുന്ന പോസ്കോ വിരുദ്ധ സമരത്തില്‍നിന്ന്


 
സമരങ്ങള്‍, അടിച്ചമര്‍ത്തലുകള്‍
ജനങ്ങള്‍ക്ക് ഭരണകൂടത്തിന് മേലെ ഉള്ളതായി അംഗീകരിക്കപ്പെട്ട നിയന്ത്രണാധികാരങ്ങളുടെ സ്ഥാനത്ത് ഭരണകൂടത്തിന് ജനങ്ങളുടെ മേലെ അമിതാധികാരങ്ങള്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ എതിര്‍പ്പും കൂടാതെ അടുത്ത കാലത്തായി പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട് . ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള അവകാശങ്ങള്‍ റദ്ദാക്കി കോര്‍പ്പറേറ്റുകള്‍ക്ക് അന്യായ ഇളവുകള്‍ നല്‍കുന്ന പ്രത്യേക സാമ്പത്തിക മേഖലാ ആക്റ്റ് (SEZ ) അവയില്‍ പെടുന്നു . സ്വകാര്യതയ്ക്കുള്ള പൌെരന്‍മാരുടെ നിയമപരമായ അവകാശത്തില്‍പ്പോലും ഭരണകൂടം ഇടപെടുന്ന യുനീക് ഐ ഡി പ്രൊജക്റ്റ് മറ്റൊന്നാണ് .

എത്ര സമാധാനപരം ആയി സംഘടിപ്പിക്കപ്പെട്ടാലും ഭരണകൂടം ജനകീയ സമരങ്ങളെ എപ്പോഴും നേരിടുന്നത് നിര്‍ദാക്ഷിണ്യവും നിയമ വിരുദ്ധവും ആയ അടിച്ചമര്‍ത്തലിലൂടെയാണ്. ബാഹ്യമായ ഒരു രാഷ്ട്രീയ സമ്പര്‍ക്കവും ഇല്ലാതിരുന്ന മധ്യപ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തില്‍, കോര്‍പ്പറേറ്റ് ഭൂമി കയ്യേറ്റത്തിനെതിരെ മൂപ്പന്മാരുടെ നേതൃത്വത്തില്‍ യുവാക്കളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട ഗ്രാമീണര്‍ നടത്തിയ പ്രതിഷേധത്തിന്റെ രൂപം ,സത്യാഗ്രഹവും ഭജന്‍ ആലാപനങ്ങളും ഭജനയും ആയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം നടന്ന ആ സമരത്തെപ്പറ്റി പ്രശസ്ത പൌരാവകാശപ്രവര്‍ത്തകനും സമാധാനപ്പോരാളിയുമായ ഹിമാന്‍ശു കുമാറിനോട് ഗ്രാമത്തില്‍ നിന്നുള്ള ഒരു പട്ടാളക്കാരന്‍ ആണ് വിവരിച്ചത് . അവിടെ, സമരം നാല് ദിവസം പിന്നിട്ടപ്പോള്‍ സായുധ പോലീസ് എത്തി സ്ത്രീകളെയും യുവാക്കളെയും വൃദ്ധന്മാരെയും അടിച്ചോടിച്ചു. സത്യാഗ്രഹ പന്തല്‍ തകര്‍ത്തെറിഞ്ഞ ശേഷം ഏതാനും പേരെ പിടിച്ചു കൊണ്ടുപോയി ഭീകരമായി മര്‍ദ്ദിക്കുകയും ഒരു യുവാവിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു . ബാക്കിയുള്ള യുവാക്കള്‍ പോലിസിനെ ഭയന്ന് കുടികള്‍ വിട്ട് ദിവസങ്ങളോളം കാട്ടില്‍ അഭയം തേടി. ഈ സംഭവം വിവരിച്ച പട്ടാളക്കാരന്‍ ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്ന പേരില്‍ കോര്‍ട്ട് മാര്‍ഷല്‍ നടപടികളെ അഭിമുഖീകരിക്കുകയാണ് ഇപ്പോള്‍.

ഒറീസ്സയില്‍ കൊറിയന്‍ ബഹുരാഷ്ട്ര കമ്പനിക്ക് ഭൂമി വിട്ടുകൊടുക്കുന്നതിനെതിരെ ഗ്രാമീണര്‍ സമാധാനപരമായി നടത്തുന്ന പോസ്കോ പ്രക്ഷോഭത്തിന്റെ പേരില്‍ അതിന്റെ നേതാക്കളില്‍ ഒരാളയ അഭയ് സാഹുവിനെതിരെ ചുമത്തിയത് 51 വ്യാജ കേസുകളാണ്. ഗ്രാമീണര്‍ക്കെതിരെ 1500 ലധികം ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ചത്തീസ്ഗഢില്‍ നടക്കുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് പരിപാടി അടിയന്തരാവസ്ഥയിലെ പോലെ ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള കോര്‍പ്പറേറ്റ് ^ഭരണകൂട സംയുക്ത അജണ്ടയുടെ ഭാഗം മാത്രമാണ്.

അനഭിമതരുടെ നിലപാടുകള്‍
കൂടംകുളം ആണവനിലയ പദ്ധതിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്നതിന്റെ പേരില്‍ സമരസമിതി നേതാക്കളായ എസ് പി ഉദയകുമാര്‍ , പുഷ്പരായന്‍ എന്നിവര്‍ക്കെതിരെ ജയലളിതാ സര്‍ക്കാര്‍ ഇരുനൂറോളം കള്ളക്കേസ്സുകള്‍ എടുത്തിട്ടുണ്ട്. 6000 ത്തോളം മത്സ്യത്തൊഴിലാളികള്‍ക്കെതിരെയും കേസുകളുണ്ട്. ഒരു തീവ്രവാദക്കേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ടു പത്ത് വര്‍ഷത്തോളം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞ ശേഷം കോടതി കുറ്റ വിമുക്തനാക്കിയ അബ്ദുന്നാസര്‍ മഅ്ദനി മറ്റൊരു ബോംബ് കേസ് ചുമത്തപ്പെട്ട് വീണ്ടും തടവിലാണ്. ഭരണകൂടത്തിന് അനഭിമതമായ സാമൂഹിക ^രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവര്‍ക്കെതിരെ അപ്രഖ്യാപിതമായ വിധത്തില്‍ പരസ്യമായ വിവേചനം നിലനില്‍ക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

2009 മെയില്‍ ബീമാപ്പള്ളിയില്‍ പോലീസ് വെടിവെപ്പില്‍ ദരിദ്രരായ ആറ് മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. ബീഹാറിലെ ആരെരിയാ ജില്ലയില്‍ ഭജന്‍പൂര്‍ എന്ന മുസ്ലിം ഗ്രാമത്തെ ഹൈ വേയുമായി ബന്ധിപ്പിക്കുന്ന റോഡ് 2011 ജൂണില്‍ സര്‍ക്കാര്‍ ഒത്താശയോടെ ഒരു സ്വകാര്യ കമ്പനി കയ്യേറിയപ്പോള്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ പോലീസ് നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കശ്മീരില്‍ സൈനിക വിഭാഗങ്ങള്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തി രഹസ്യ സ്ഥലങ്ങളില്‍ കൂട്ടത്തോടെ കുഴിച്ചു മൂടിയ നിലയില്‍ രണ്ടായിരത്തില്‍പ്പരം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏജന്‍സിയായ സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷമാണ് വെളിപ്പെടുത്തിയത്. മുസ്ലിം -ന്യൂപക്ഷ ജനവിഭാഗങ്ങള്‍ക്കും ദലിത്- ആദിവാസി സമൂഹങ്ങള്‍ക്കും എതിരെ വിവേചനപരവും സ്ഥാപനവല്‍കൃതവുമായ രീതിയില്‍ അവകാശ ലംഘനങ്ങളും ഭരണവര്‍ഗ്ഗ അതിക്രമങ്ങളും നില നില്‍ക്കുന്നുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ പോലീസ് നടപടി എന്നനിലയിലാണ് പലപ്പോഴുമത് വാര്‍ത്തകള്‍ പോലുമാവുന്നത്.

 

 
മാധ്യമങ്ങളുടെ പക്ഷം
2006 ല്‍ മഹാരാഷ്ട്രയിലെ ഖൈര്‍ലാന്‍ജിയില്‍ നടന്നത് പോലുള്ള ദലിത് കൂട്ടക്കൊലകള്‍ പലതും മാധ്യമങ്ങളില്‍ വാര്‍ത്തയായത് സംഭവം നടന്ന്
ആഴ്ചകള്‍ പിന്നിട്ടപ്പോഴായിരുന്നു. അതെ സമയം, ഇല്ലാത്ത ലവ് ജിഹാദും ദലിത് തീവ്രവാദവും വെച്ച്, വേണ്ടിവന്നാല്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എത്ര കഥകള്‍ വേണമെങ്കിലും പടയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്ന അവസ്ഥയാണിത്.

ഇതൊക്കെയാണെങ്കിലും, അടിയന്തരാവസ്ഥ പോലുള്ള ഒന്നിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹം മൊത്തത്തില്‍ ജാഗരൂകമാണ്. അടിയന്തരാവസ്ഥക്കാലത്ത് ചെയ്തതുപോലെ മാധ്യമ സ്വാതന്ത്യ്രവും ആശയപ്രകടന- ആവിഷ്കാര സ്വാതന്ത്യ്രവും പഴയതു പോലെ അമര്‍ച്ച ചെയ്യുക ഇന്ന് എളുപ്പമാവില്ല. മൂന്നോ നാലോ പതിറ്റാണ്ടു കൊണ്ട് ഇന്ത്യയില്‍ പൌരാവകാശ സങ്കല്‍പ്പങ്ങളില്‍ ഉണ്ടായ വികാസത്തിന്റെ ചരിത്രം തെളിയിക്കുന്നതും മറ്റൊന്നല്ല.

എല്ലാറ്റിനും ഉപരിയായി, ഇന്നുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു അനുകൂല ഘടകം ഇന്റര്‍നെറ്റ് ആണ്. മാധ്യമക്കുത്തകകളെ അതിജീവിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും ജനങ്ങളിലെത്തിക്കാനും അതിനുള്ള കരുത്ത് ഇതിനകം വ്യക്തമായതാണ്. വ്യക്തിഗത തലങ്ങളില്‍ നടക്കുന്ന ആശയ പ്രകാശനവും വിനിമയങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അതിവേഗം ലോകമെമ്പാടും എത്തിക്കാനാവുമ്പോള്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ജനകീയമായ ഒരു പുതിയ വെല്ലുവിളി നേരിടുകയാണ് . അവ കൂടുതല്‍ ഉത്തരവാദിത്വം പഠിക്കുന്നു; അല്ലെങ്കില്‍ ജനങ്ങള്‍ പഠിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *