ജ്യോനവന് ഒരു ദിനം

 
 
 
ജ്യോനവന്റെ ഓര്‍മദിനത്തെക്കുറിച്ച്,
പുസ്തകത്തെക്കുറിച്ച്,പ്രസാധനത്തെക്കുറിച്ച്
സജി കടവനാട് എഴുതുന്നു

 
 

ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഓണ്‍ലൈന്‍ മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരെഴുത്തുകാരനാവുമായിരുന്നു ജ്യോനവന്‍ എന്ന പേരില്‍ ബ്ലോഗെഴുതിയിരുന്ന നവീന്‍ ജോര്‍ജ്. എഴുത്തിന്റെ സ്വന്തം കരകളിലേക്ക് തുഴഞ്ഞടുക്കുന്നതിനിടയിലാണ് മൂന്നു വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി മരണം ജ്യോനവനെ തെരഞ്ഞുവന്നത്. വരുംകാലത്തിന്റെ എഴുത്തു വഴികളില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ ത്രാണിയുള്ള കവിതകളും കുറിപ്പുകളും, വെര്‍ച്വലും അല്ലാത്തതുമായ അനേകം സൌഹൃദങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള മുറിവുകളും, തീര്‍ത്ത് ഒരു യാത്ര.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ജ്യോനവന്റെ സൃഷ്ടികള്‍ പുസ്തകമാവുകയാണ്. ബ്ലോഗ് ലോകത്തുനിന്നുയിര്‍ത്ത, ജ്യോനവന്റെ കൂട്ടുകാരടങ്ങുന്ന ‘ബുക് റിപ്പബ്ലിക് എന്ന പ്രസാധന കൂട്ടായ്മയാണ് പുസ്തകം ഒരുക്കുന്നത്. ഈ മാസം 21ന് ശനിയാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പ്രകാശന ചടങ്ങ്. അക്ഷരങ്ങളുടെ ഓണ്‍ലൈന്‍ ആകാശങ്ങളില്‍ വീണ്ടും ജ്യോനവന്‍ നിറയുന്ന ആ ദിവസത്തിനു മുന്നോടിയായി നാലാമിടം, ഒരു പാട് സാധ്യതകളുണ്ടായിരുന്ന ആ പ്രതിഭയെ ഓര്‍ക്കുന്നു. ആ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുവെക്കുന്നു

 

 

ജ്യോനവന്‍ വീണ്ടും ഓര്‍മ്മകളില്‍ നിറയുന്നു. അക്ഷരങ്ങളായി, വാക്കുകളായി, കവിതകളായി, ഒരു വിലപ്പെട്ട ഓര്‍മ്മപ്പുസ്തകമായി വീണ്ടും അവന്‍ നമുക്കിടയില്‍ നിറയുന്നു. മരണത്തിന്റെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അവന്റെ പുസ്തകം പുറത്തിറങ്ങുന്നു.

സജി കടവനാട്


ഈ വരുന്ന 21ന് ശനിയാഴ്ച ജ്യോനവന്റെ ഓര്‍മ്മദിനം. അന്ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലുള്ള സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പുസ്തക പ്രകാശനം. ‘പൊട്ടക്കലം’ എന്ന ബ്ലോഗില്‍ എഴുതിയ കവിതകളുടെ സമാഹാരമാണ് പുറത്തിറങ്ങുന്നത്. ടി.പി വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’, വി.എം ദേവദാസിന്റെ ‘ഡില്‍ഡോ’ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം)’ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ബുക്ക് റിപ്പബ്ലിക്കാണ് പ്രസാധകര്‍.

 

 

ജ്യോനവന്‍


 

ജ്യോനവന്‍
1980 മാര്‍ച്ച് 14 ന് കാസര്‍ഗോഡ് ജില്ലയിലെ മാങ്ങോട് ജനിച്ച നവീന്‍ എന്ന ജ്യോനവന്‍ 2009ഒക്ടോബര്‍ മൂന്നിനാണ് മരിച്ചത്. വത്സമ്മയുടെയും ജോര്‍ജ്ജിന്റെയും മൂത്ത മകനാണ്. നെല്‍സന്‍, നിതിന്‍, നോഷിന, എന്നിവര്‍ സഹോദരങ്ങളാണ്. വരക്കാട് ഹൈസ്കൂള്‍, എടത്വ സെന്റ് അലോഷ്യസ് കോളേജ്, കെ.വി.ജി. പോളി ടെക്നിക് സുള്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.പൊട്ടക്കലം എന്ന ബ്ലോഗില്‍ ജ്യോനവന്‍ എന്ന പേരില്‍ കവിതകള്‍ എഴുതി. പുഴ.കോമില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുകയയിരുന്നു.

2009 സെപ്റ്റംബര്‍ ഇരുപതിന് ഒരവധിദിവസം സുഹൃത്തിനെ കാണാന്‍ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന ശേഷം ഒക്ടോബര്‍ മൂന്നിന് കുവൈറ്റിലെ അദാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

‘പൊട്ടക്കലം’ എന്ന തന്റെ ബ്ലോഗില്‍ ‘പൊട്ടക്കലം’ എന്നപേരില്‍ ആദ്യകവിത പ്രസിദ്ധീകരിച്ചാണ് 2007ന്റെ അവസാനത്തോടുകൂടി ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജ്ജിന്റെ ബൂലോകപ്രവേശം. രണ്ടുവര്‍ഷത്തോളം ബ്ലോഗില്‍ സജീവമായിരുന്നു.ചുരുങ്ങിയ കാലംകൊണ്ട് തന്റെ ബ്ലോഗില്‍ നൂറിലധികം കവിതകള്‍ പ്രസിദ്ധീകരിച്ചു. 2009 സെപ്തംബര്‍ 8ന് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ‘MANHOLE’ എന്ന കവിതയില്‍ ഇങ്ങനെ കാണാം: പവിത്രമായ പാതകളേ, / പാവനമായ വേഗതകളേ,/കേള്‍ക്കുന്നില്ലേ?/ ചെവിയുരിഞ്ഞു വീണതിന്നൊപ്പം / ഒരു ‘ഹമ്മര്‍’ കയറിയിറങ്ങിയതാണ്

ആ വരികള്‍ പ്രവചന സ്വഭാവത്തോടുകൂടിയായിരുന്നുവെന്നും അത് നവീനിന്റെ അവസാന കവിതയായിരുന്നുവെന്നും ബൂലോകം അറിയുന്നത് സെപ്തംബര്‍ ഇരുപതിന് അപകടം നടന്നതിനും പത്തു ദിവസം കഴിഞ്ഞാണ്. മൂന്നുദിവസം ബൂലോകം മുഴുവന്‍ പ്രാര്‍ത്ഥിച്ചത് പിന്നെ ഒരൊറ്റ കാര്യത്തിനായിരുന്നു. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നിന്നും ജ്യോനവനെ തിരികെ തരണമെന്ന പ്രാര്‍ഥനകള്‍. കവിതയുമായി ഇനിയും അവന്‍ കൂടെയുണ്ടാകണമെന്ന്. പക്ഷേ… എല്ലാ പ്രാര്‍ത്ഥനകളേയും നിരര്‍ത്ഥകമാക്കിക്കൊണ്ട് ജ്യോനവന്‍ എന്നെന്നേക്കുമായി പൊട്ടക്കലമുപേക്ഷിച്ചുപോയി.

 

 

ബുക് റിപ്പബ്ലിക്
അച്ചടിമലയാളത്തിലേക്ക് പ്രതിഭാധനരായ എഴുത്തുകാരെ കൊണ്ടുവരിക, വികേന്ദ്രീകൃതമായ ഒരു വിതരണ സംവിധാനം നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട ഒരുകൂട്ടം സാഹിത്യ തത്പരര്‍ ചേര്‍ന്ന് രൂപം നല്‍കിയ സമാന്തര പുസ്തക പ്രസാധനവിതരണ സംരംഭമാണ് “ബുക്ക് റിപ്പബ്ലിക്ക്”.
വി.എം ദേവദാസിന്റെ ‘ഡില്‍ഡോ’ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം കഴിഞ്ഞ് മൂന്നാമതു പുസ്തകം ഏതായിരിക്കണമെന്ന് ചര്‍ച്ച നടക്കുമ്പോഴാണ് ജ്യോനവന്റെ മരണം. ബുക്ക്റിപ്പബ്ലിക്കില്‍ അംഗമായിരുന്ന ജ്യോനവന്റെ കവിതകള്‍ പ്രസിദ്ധീകരിക്കണമെന്ന തീരുമാനത്തിലെത്തിയെങ്കിലും മറ്റേതോ പ്രസാധകര്‍ ജ്യോനവന്റെ കവിതകള്‍ പ്രസിദ്ധീകരിക്കുന്നുവെന്ന വാര്‍ത്ത തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാക്കി. പുഴ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചിരുന്ന കഥകള്‍ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണസമാഹാരമാക്കാം എന്ന അഭിപ്രായവും ഇതിനിടയില്‍ ഉയര്‍ന്നു. ഒടുവില്‍ കവിതകള്‍ പുസ്തകമാക്കാന്‍ തീരുമാനമായി. അല്പം വൈകിയാണെങ്കിലും.

വികേന്ദ്രീകൃത വിതരണസമ്പ്രദായം നടപ്പിലാക്കുക എന്ന പ്രാരംഭലക്ഷ്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് വിതരണം പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടക്കുന്നത്. ഇതിനുപരിയായി പരമ്പരാഗത വിതരണ സമ്പ്രദായങ്ങള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് എന്നീ മാര്‍ഗങ്ങളും അവലംബിക്കുന്നു.

 

 

പ്രകാശനം
കവിയും കഥാകൃത്തുമായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവാണ് പ്രകാശനകര്‍മ്മം നിര്‍വഹിക്കുന്നത്.
പരിപാടികള്‍:::
സ്വാഗതം: സിമി നസ്രേത്ത്
പുസ്തക പരിചയം: പി.എന്‍ ഗോപീകൃഷ്ണന്‍
അധ്യക്ഷന്‍: അന്‍വര്‍ അലി
ജോനവന്റെ കവിത വിശാഖ് ശങ്കര്‍ അവതരിപ്പിക്കും.
സെറീന, ലതീഷ് മോഹന്‍, സനല്‍ ശശിധരന്‍, ക്രിസ്പിന്‍, വിഷ്ണുപ്രസാദ്, എസ് കണ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ശിവന്‍ നന്ദി പറയും.
 
 
പൊട്ടക്കലവും ബുറിയുടെ മറ്റു പുസ്തകങ്ങളും ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട ‘നമ്പരുകള്‍:

തിരുവനന്തപുരം: ശിവകുമാര്‍ 9447761425
വയനാട് വിഷ്ണുപ്രസാദ് 9895005102
കോഴിക്കോട് സുനീഷ് 9847788995
ചെന്നൈ: ദേവദാസ് vm.devadas@gmail.com
ദില്ലി: ശശി (വഡൊസ്കി) 09350171497
യു എ ഇ: സിമി നസ്രേത്ത് +971502722184
തൃശൂര്‍:: ടി പി അനില്‍ കുമാര്‍ 9645022659

 
 

ഓണ്‍ലൈന്‍ ബുക്കിങിന്

 
 
 

4 thoughts on “ജ്യോനവന് ഒരു ദിനം

  1. ജ്യോനവന്റെ പുസ്തക പ്രസാധകര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു….”പോട്ടക്കല”ത്തിലൂടെ മാനവ ഹൃദയങ്ങളില്‍ ജ്യോനവന്‍ ജീവിക്കട്ടെ …………

    • ആ പ്രതിഭയ്ക്ക് ആദരാഞ്ജലി.. കവിതകൾ അനശ്വരമാകട്ടെ..

Leave a Reply

Your email address will not be published. Required fields are marked *