എമര്‍ജിങ് കേരള: വിനാശത്തിന്റെ മറ്റൊരു വഴി

 
 
 
 
എമര്‍ജിങ് കേരളയുടെ ലക്ഷ്യവും രാഷ്ട്രീയവും.
സിആര്‍. നീലകണ്ഠന്‍ എഴുതുന്നു

 
 

പഴയ ജിം എന്നത് അല്‍പ്പം മാറ്റി. പകരം ‘എമര്‍ജിങ് കേരള’ (ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളം) എന്നാക്കി. ബോറടിച്ചതുകൊണ്ടാവാം പേരു മാറ്റിയത്. മറ്റൊരു കാരണവുമുണ്ടാകാം. ഏറെ ആഘോഷത്തോടെ 2003ല്‍ നടത്തിയ നിക്ഷേപകസംഗമത്തില്‍ നിരത്തി (വില്‍പ്പനക്കു) വച്ച ഒരൊറ്റ പ്രധാന പദ്ധതിപോലും നടപ്പായില്ലായെന്ന സത്യം ഇവര്‍ക്കറിയാം. അതുകൊണ്ടു ‘അറംപറ്റിയ’ ആ പേരു മാറ്റിയതാകാം. നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ക്ക് പഴയ ജിം പദ്ധതികളുമായുള്ള സാമ്യം കേവലം യാദൃശ്ചികമല്ല എന്നു കാണാം. ഇവിടെ ചില മെഗാ പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒപ്പം ഉല്‍പാദന സേവനമേഖലകളിലെ ഒട്ടനവധി പദ്ധതികളുമുണ്ട്. മിക്ക പദ്ധതികളുടെയും പ്രധാന ലക്ഷ്യം കച്ചവടമാണ്. അതിലൊന്നാം സ്ഥാനം പതിവുപോലെ കേരളത്തിന്റെ ഭൂമിക്കാണ്. പിന്നെ മണ്ണ്, മണല്‍, ധാതുക്കള്‍, പൊതുആസ്തികള്‍, ജലം, ജൈവവൈവിധ്യം… അങ്ങനെ പലതും വരുന്നു- പ്രമുഖ ആക്റ്റിവിസ്റ്റ് സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

 

 

ചരിത്രം ആവര്‍ത്തിക്കുന്നുവെങ്കില്‍ അതു ‘കോമാളിത്തര’മായിട്ടായിരിക്കുമെന്നു പ്രവചിച്ചത് കാള്‍ മാര്‍ക്സാണല്ലോ. ഇവിടെ നാമതു കാണുന്നു. എല്ലാം
പഴയതുപോലെ കേരളത്തെ 9 വര്‍ഷം പുറകോട്ട് കൊണ്ടുപോകുന്നു. 2003ല്‍ കൊച്ചിയില്‍ ഒരു ‘ജിം’ (ആഗോള നിക്ഷേപക സംഗമം) നടത്തിയതോര്‍ക്കുന്നില്ലേ? അതിന്റെ തനിയാവര്‍ത്തനം തന്നെ.

സി.ആര്‍ നീലകണ്ഠന്‍


അതേ വീഞ്ഞ്, അതേ കുപ്പി
പഴയ കലാകാരന്മാരില്‍ മിക്കവരും ഉണ്ട്. മുഖ്യഗായകന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിതന്നെ. ചെറിയൊരു മാറ്റം മുഖ്യമന്ത്രിയില്‍, ഇപ്പോള്‍ സുതാര്യ കേരളവും അതിവേഗം ബഹുദൂരവും ഒക്കെ വഴി ജനപ്രിയനായ ഉമ്മന്‍ചാണ്ടിയാണ് ആ സ്ഥാനത്ത്. പഴയ ജിമ്മിന്റെ കാലത്ത് ആ സ്ഥാനത്ത് എ.കെ. ആന്റണിയായിരുന്നു. ആന്റണി പിന്തുണയുമായി ദില്ലിയില്‍ നിന്നെത്തുമായിരിക്കും. പഴയ പക്കക്കാരിലെ പ്രധാനിയായ ടി. ബാലകൃഷ്ണന്‍ (കൊക്കകോള -ഭൂപരിധി -ആറന്മുള -കിനാലൂര്‍ ഫെയിം) ഇപ്പോഴും പുതിയ പദവിയിലിരിക്കുന്നു. കേരളത്തിലെ ഭൂമിവ്യാപാരം നിയന്ത്രിക്കുന്ന ‘ഇന്‍കെല്‍’ എന്ന സ്ഥാപനത്തിന്റെ തലപ്പത്താണ് ടിയാന്‍.

എന്നാല്‍ പഴയ ജിം എന്നത് അല്‍പ്പം മാറ്റി. പകരം ‘എമര്‍ജിങ് കേരള’ (ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളം) എന്നാക്കി. ബോറടിച്ചതുകൊണ്ടാവാം പേരു മാറ്റിയത്. മറ്റൊരു കാരണവുമുണ്ടാകാം. ഏറെ ആഘോഷത്തോടെ 2003ല്‍ നടത്തിയ നിക്ഷേപകസംഗമത്തില്‍ നിരത്തി (വില്‍പ്പനക്കു) വച്ച ഒരൊറ്റ പ്രധാന പദ്ധതിപോലും നടപ്പായില്ലായെന്ന സത്യം ഇവര്‍ക്കറിയാം. അതുകൊണ്ടു ‘അറംപറ്റിയ’ ആ പേരു മാറ്റിയതാകാം. എന്നായാലും പഴയ ശൈലി ഉപയോഗിച്ചുപറഞ്ഞാല്‍ വീഞ്ഞും കുപ്പിയും പഴകിയത്. ലേബല്‍ മാത്രം പുതിയത് എന്ന് തന്നെ. പരിപാടി നടക്കുന്ന സ്ഥലം പോലും മാറിയിട്ടില്ല. പരമ ദരിദ്രര്‍ക്കുപോലും എപ്പോഴും കയറിച്ചെല്ലാവുന്ന ഗള്‍ഫാര്‍ മുഹമ്മദാലിയുടെ ലെമെറിഡിയന്‍ ഹോട്ടല്‍ തന്നെ! 2012 സെപ്റ്റംബര്‍ 12 മുതല്‍ 14 വരെയാണിത് നടക്കുക.

 

 

വരൂ, നമുക്ക് വികസിക്കാം!
എന്തിനാണ് ഈ അധ്വാനം എന്നതിനെപ്പറ്റി പല തവണ എഴുതിയതെല്ലാം ഇപ്പോഴും ആവര്‍ത്തിക്കുന്നു. കേരളത്തിന്റെ പ്രകൃതിദത്ത പ്രത്യേകതകള്‍, സാമൂഹ്യവികസനരീതികള്‍, സമത്വാധിഷ്ഠിത രാഷ്ട്രീയസമീപനം… ഇനിയാകെ വേണ്ടത് ‘നിക്ഷേപകര്‍’ മാത്രം. പണവും കൊണ്ടുവന്ന് ഇന്നാട്ടിലെ സമൃദ്ധങ്ങളായ മനുഷ്യപ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ വികസിക്കുക. കൂടെ എന്തെങ്കിലും നമുക്കും കിട്ടണം. കേരളത്തെ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനം ആക്കലും ആഗോളസാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഹബ് ആക്കലുമാണ് ഇതിന്റെ പ്രഖ്യാപിതലക്ഷ്യമായി പറയുന്നത്. ഇതുവഴി സമത്വാധിഷ്ഠിതമായ ഒരു സാമൂഹ്യസാമ്പത്തികവളര്‍ച്ച ഉണ്ടാകുമത്രേ!

മൂലധനകേന്ദ്രീകരണംകൊണ്ട് എവിടെയെങ്കിലും സമത്വം ഉണ്ടായിട്ടുണ്ടോ എന്നു ചോദിക്കരുത്. ഈ ഇടപാടില്‍ പങ്കാളികളാക്കുന്നവര്‍ക്കെല്ലാം സമത്വാധിഷ്ഠിതമായി കൊള്ള നടത്താന്‍ കഴിയുമെന്നായിരിക്കും പറയുന്നത്. എന്നായാലും, കേരളത്തെ വില്‍ക്കാന്‍ വേണ്ടി ഷോക്കേസില്‍ വയ്ക്കുന്നുവെന്നാണിവര്‍ അവകാശപ്പെടുന്നതും എന്നുപറയാം. കേരള സര്‍ക്കാരിലെ വ്യവസായ വകുപ്പും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കേരള ഘടകവും നാനോകോളും (സോഫ്ട് വെയര്‍സേവനനദാതാക്കളുടെ അഖിലേന്ത്യാ സംഘടന) ചേര്‍ന്നാണിതൊരുക്കുന്നത്. ബിസിനസ് യോഗങ്ങള്‍, ഉഭയകക്ഷി (പുറത്തുള്ള ബിസിനസുകാരും ഇന്ത്യയിലെ ബിസിനസുകാരുമായുള്ള ബി2ബി യും ബിസിനസുകാരും സര്‍ക്കാരുമായുള്ള ബി2ജിയും) ചര്‍ച്ചകള്‍, മേഖല തിരിച്ചുള്ള വട്ടമേശസമ്മേളനപരിപാടികള്‍, കലാപരിപാടികള്‍… ഒക്കെയുള്ള പരിപാടിയാണത്.

മാന്ദ്യകാലത്തെ മഹാമേള
ഇവിടെ ദോഷൈകദൃക്കുകള്‍ക്ക് ചില പ്രാഥമികസംശയങ്ങളുണ്ടാകാം. ആഗോളസമ്പദ്ഘടന കത്തിനില്‍ക്കുന്ന കാലത്താണ് 2003ലെ ജിം നടന്നത് എന്നിട്ടെന്തുണ്ടായി? ഒന്നുമുണ്ടായില്ല. ഇപ്പോള്‍ ആഗോളതലത്തില്‍ മഹാമാന്ദ്യത്തിന്റെ കാലമാണ്. യൂറോപ്പിന്റെ അന്ത്യശ്വാസം നമുക്കു കേള്‍ക്കാം. അവര്‍ക്ക് ജീവന്‍ നല്‍കണമെങ്കില്‍ മൂന്നാംലോകത്ത് നിന്നും (പ്രത്യേകിച്ചും ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക…) വിഭവങ്ങള്‍ കിട്ടണം. ലാറ്റിനമേരിക്കയൊന്നും പഴയതുപോലെ വഴങ്ങുന്നില്ല. ആഫ്രിക്കയും ഗുണത്തിലല്ല. ആകെയുള്ളത് ഇന്ത്യയും ചൈനയുമാണ്. ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളും കേരളത്തിന്റെ കമ്പോളവും ആഗോളമൂലധനത്തിനു പ്രധാനമാണെന്നതിനാല്‍ അതിനായി എന്ത് അടവും പ്രയോഗിക്കാന്‍ ഇവര്‍ തയ്യാറാകും. വളരെ ഉയര്‍ന്ന വിഹിതം നമ്മുടെ ഭരണകര്‍ത്താക്കളായ ഇവരുടെ ഏജന്റുമാര്‍ക്ക് ലഭിക്കുന്നു. ഇതിനെ മഹാ വികസന കാഹളമെന്നവര്‍ പ്രകീര്‍ത്തിക്കുന്നു. ജിമ്മിന്റെ ബാക്കിപത്രം എന്തെന്നു പറയാനുള്ള ബാധ്യതയെങ്കിലും ഇവര്‍ക്കില്ലേ!

പാരിസ്ഥിതിക സന്തുലനം, സാമൂഹ്യസമത്വം തുടങ്ങിയ വാക്കുകള്‍ ഇടക്കിടക്ക് ആവര്‍ത്തിക്കുന്നതുകൊണ്ടെന്തു കാര്യം? നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളിലാണ് അതു കാണേണ്ടത്. വിശദമായ ഒരു പരിശോധനക്ക് തല്‍ക്കാലം മുതിരുന്നില്ല. എങ്കിലും ചില പൊതുസമീപനങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ക്ക് പഴയ ജിം പദ്ധതികളുമായുള്ള സാമ്യം കേവലം യാദൃശ്ചികമല്ല എന്നു കാണാം. ഇവിടെ ചില മെഗാ പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒപ്പം ഉല്‍പാദന സേവനമേഖലകളിലെ ഒട്ടനവധി പദ്ധതികളുമുണ്ട്. മിക്ക പദ്ധതികളുടെയും പ്രധാന ലക്ഷ്യം കച്ചവടമാണ്. അതിലൊന്നാം സ്ഥാനം പതിവുപോലെ കേരളത്തിന്റെ ഭൂമിക്കാണ്. പിന്നെ മണ്ണ്, മണല്‍, ധാതുക്കള്‍, പൊതുആസ്തികള്‍, ജലം, ജൈവവൈവിധ്യം… അങ്ങനെ പലതും വരുന്നു.

 

 

വില്‍പ്പനത്തട്ടില്‍ പദ്ധതികള്‍
വന്‍പദ്ധതികളില്‍ പ്രകൃതിവാതകാധിഷ്ഠിത പദ്ധതികളുണ്ട്. കൊച്ചിയില്‍ വരുന്ന പ്രകൃതിവാതക ടെര്‍മിനലും മംഗലാപുരം ബാംഗളൂരു പൈപ്പ്ലൈനുകളും നിര്‍മ്മാണം പൂര്‍ത്തിയായാലുള്ള സാധ്യതകളാണിത്. നഗരങ്ങളില്‍ പാചകവാതക വിതരണം, കെ. എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പ്രകൃതിവാതകമടിക്കാനുള്ള സൌെകര്യം, പ്രധാന പൈപ്പ്ലൈനില്‍നിന്നും ചെറുകിട പൈപ്പുകളിടല്‍, വാതകാധിഷ്ഠിതകമ്പനികള്‍, ചെറുതും വലുതുമായ കമ്പനികള്‍ മുതലായവ ഇതില്‍പെടുന്നു.

കൊച്ചിയില്‍നിന്നുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്ഥലമെടുപ്പുപോലും നടത്തിയിട്ടില്ല. എങ്കിലും എന്തെങ്കിലും വരുമെന്നു കരുതാം. ചീമേനി താപനിലയമാണ് ഒരു വന്‍പദ്ധതിയായി ഇനി നില്‍ക്കുന്നത്. അതിനെതിരായി ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. നിലയത്തിനു വന്‍തോതില്‍ ജലം വേണം. അത് കാര്യങ്കോട് പുഴയില്‍ നിന്നെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്വകാര്യ മേഖലയില്‍ വരുന്ന ഒരു നിലയത്തിനാവശ്യമായ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ നല്‍കും. വെള്ളവും നല്‍കും. പക്ഷെ കമ്പനി ലാഭമുണ്ടാക്കും. പ്രകൃതി വാതകം വഴിയുള്ള വൈദ്യുതി ചിലവു കുറഞ്ഞതാണെന്നതാണല്ലോ എന്നതാണ് ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം.

കായംകുളത്ത് (മുമ്പ് കണ്ണൂരിലെ ഇരിണാവിലും) നാഫ്ത ഉപയോഗിച്ച് താപനിലയം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത് ഇതിന്റെ വില വളരെ കുറവായിരിക്കുമെന്നാണ്. കാരണം അന്നു നാഫ്തയ്ക്ക് വില വളരെ കുറവായിരുന്നു. എന്നാല്‍ കായംകുളം നിലയം പ്രവര്‍ത്തനമാരംഭിച്ചപ്പോഴേക്കും നാഫ്ത വില നാലിരട്ടിയിലധികമായി. അന്താരാഷ്ട്ര കമ്പോളം വില നിശ്ചയിക്കുന്നവയാണ് നാഫ്ത പോലെയുള്ള പ്രകൃതി വാതകവും. അതുകൊണ്ടു തന്നെ ചീമേനി താപനിലയം വരുമ്പോഴേക്കും വാതക വില എത്രയാകുമെന്നാര്‍ക്കറിയാം? എന്തായാലും 2000 കോടി രൂപയുടെ ‘നിക്ഷേപ സാധ്യത’ ഈ മേഖലയിലുണ്ടത്രേ!

കോരിത്തരിക്കാന്‍ റെയില്‍ കോറിഡോര്‍
വിഴിഞ്ഞം തുറമുഖമാണ് മറ്റൊന്ന്. പഴയ എക്സപ്രസ് ഹൈവേക്കു പകരം ഇത്തവണ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍. കണ്ടോ, നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിക്കും. 650 കി.മി ദൂരം (കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ) കടക്കാന്‍ ആദ്യ ഘട്ടത്തില്‍ മൂന്നുമണിക്കൂര്‍. പിന്നീട് ഒന്നര മണിക്കൂറാകും. നിലവിലുള്ള റെയില്‍വെ ലൈനുമായി ഒരു ബന്ധവുമില്ലാതെ പുതുതായി സ്ഥലമെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതിക്കാവശ്യം കേവലം 1.5 ലക്ഷം കോടി രൂപ. ( 2ജി സ്പെക്ട്രം അഴിമതി തുകയേക്കാള്‍ ഇത്തിരി കുറവ്.)

തിരുവനന്തപുരം നഗരത്തിലെ മോണോ റെയില്‍ (കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ മീഡിയന് മുകളിലൂടെ പോകുന്ന റെയില്‍) മറ്റൊന്ന്. കാര്യമായി സ്ഥലമെടുപ്പ് വേണ്ട. 40 കി.മി വേഗതയുണ്ടാകും. ഒരു വണ്ടിയില്‍ 200 യാത്രക്കാര്‍ക്കു കയറാം. എന്നാല്‍ ഇതിന്റെ ചിലവ് വെറും 3408 കോടി മാത്രം. കൊച്ചി മെട്രോയും’ഷോകേസി’ല്‍ പ്രദര്‍ശനത്തിനുണ്ട്. ഡി.എം.ആര്‍.സി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ തുറന്ന ടെന്റര്‍ വഴിയാണല്ലോ കരാറുകാരെ തെരഞ്ഞെടുക്കുക!

 

 

ഇനി നമുക്ക് കുടിയൊഴിപ്പിച്ചു കളിക്കാം
വ്യവസായ വികസന മേഖലയെന്ന പേരില്‍ ദേശീയപാത നാല്‍പ്പത്തേഴിന്റെ ഇരുകരങ്ങളിലായ എറണാകുളം കോട്ടയം (!), തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ ധാരാളം ഭൂമി ഏറ്റെടുത്ത് കുത്തകകള്‍ക്കു നല്‍കലാണ് അടുത്ത പരിപാടി. ഹൈവേയില്‍നിന്ന് 25 കി.മി ഇരുവശത്തുമുള്ള പ്രദേശമാണ് ലക്ഷ്യം. ഭൂമി കുത്തകകള്‍ക്കു നല്‍കിയാല്‍ അവര്‍ക്കെന്തും ചെയ്യാം. തുച്ഛ വിലക്ക് എച്ച്.എം.ടി ഭൂമി ബ്ലൂ സ്റാര്‍ കമ്പനിക്കു നല്‍കിയിട്ട് മൂന്നു നാലു വര്‍ഷം കഴിഞ്ഞിട്ടും അവിടെ ഒരു കല്ലിടാന്‍ പോലും കഴിഞ്ഞിട്ടില്ല.

സുപ്രീംകോടതി വിധിയില്‍ ‘വ്യാവസായികാവശ്യങ്ങള്‍ക്കു മാത്രം’ എന്നു പറഞ്ഞതാണ് പ്രശ്നമാണ്. എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ ഇലക്ട്രോണിക് പാര്‍ക്ക് എന്നതാണ് മറ്റൊരു മെഗാ പദ്ധതി. നെല്‍പ്പാടം നികത്തിയും ജനങ്ങളെ കുടിയിറക്കിയും തല്‍ക്കാലം 334 ഏക്കല്‍ സര്‍ക്കാര്‍ എടുക്കുന്നു. ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ വ്യവസായമത്രേ ലക്ഷ്യം? ഇത് എത്ര മാത്രം അസാധ്യമാണെന്നാര്‍ക്കുമറിയാം. സ്മാര്‍ട്ട് സിറ്റിക്ക് ഇത്രയേറെ കൊട്ടിഘോഷിച്ച് സ്ഥലമെടുത്തിട്ട് എന്തുണ്ടായി? ആഗോള മാന്ദ്യകാലത്ത് ഏതു വ്യവസായി വരും?

ടൂറിസം കൊണ്ടാറാട്ട്
ടൂറിസം തന്നെ പതിവുപോലെ ഒന്നാം സ്ഥാനത്ത്. എല്ലാത്തിലും ഒരു മലപ്പുറം ^ കോട്ടയം^ ഇടുക്കി ടച്ചുണ്ട്. തിരൂരങ്ങാടിയില്‍ ബോട്ട് ക്ളബ്ബ്, മലപ്പുറം പാണക്കാട് വിപുലമായ ഹെല്‍ത്ത് സിറ്റി, പീരുമേട്ടില്‍ റിസോര്‍ട്ട് കൃഷി, വാഗമണ്‍ പുല്‍മേട്ടില്‍ സാഹസിക ടൂറിസം. പാണക്കാട്ടു വരുന്ന സമുച്ചയത്തിനായി 183 ഏക്കര്‍ സര്‍ക്കാര്‍ കരുതിവെച്ചിട്ടുണ്ട്. ഈ ഭൂമി അലിഗഡ് സര്‍വ്വകലാശാലക്കു നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം (എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലം) ഓര്‍ക്കുക. ഇതിനു പകരം പെരിന്തല്‍മണ്ണക്കടുത്തുള്ള (ഏലംകുളം) കുന്ന് അതിനു നല്‍കിയതിന്റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലാകുന്നു.

സ്വകാര്യ (ദേശിവിദേശി) കുത്തകകള്‍ക്ക് 183 ഏക്കര്‍ ഭൂമി നല്‍കും. അവര്‍ എഡ്യൂക്കേഷണല്‍ സിറ്റിയും ഹോട്ടലുകളും ഷോപ്പിങ് മാളുകളും സ്ഥാപിക്കും. ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, (മലപ്പുറത്ത് ഇത്തരമൊന്നിന്റെ കുറവുണ്ടല്ലോ) കാന്‍സര്‍ ആശുപത്രി (പെയിന്‍ പാലിയേറ്റീവ് ക്ളിനിക്കും). ഇതാവശ്യം തന്നെ, ഇന്നത്തെ ജീവിതശൈലിക്ക്. രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമായി താമസ സൌെകര്യം. പിന്നെ എല്ലാവര്‍ക്കുമായി ആഘോഷ വിനോദ മേഖലയും. ചുരുക്കത്തില്‍ രോഗ ചികിത്സക്കൊപ്പം ഒരുതരം അന്താരാഷ്ട്ര അടിച്ചുപൊളി ജീവിതവും. ഗോള്‍ഫ് ക്ലബുകൂടി ആകാമായിരുന്നു. അതിനിയും ആകാം. നിക്ഷേപകര്‍ക്കു വന്‍ ലാഭം, സമ്പന്നര്‍ക്ക് ആഹ്ളാദം, ഇതാണ് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളം.

 

 

ആട്ടിയോടിച്ചവ വീണ്ടും
കരിമണല്‍ ഖനനം (ആലപ്പുഴയില്‍) ജനങ്ങള്‍ തടഞ്ഞതാണ് പണ്ട്. എന്നാല്‍ അതിപ്പോള്‍ വീണ്ടും വരുമെന്നുറപ്പായി. അതിനുള്ള പദ്ധതികള്‍ ഇതിലുണ്ട്. ഇപ്പോള്‍ ഖനനം മൂലം നശിച്ച ആലപ്പാട് (കൊല്ലം) പ്രദേശത്തോടൊപ്പം ആലപ്പുഴയിലെ ആറാട്ടുപുഴയും, തൃക്കുന്നപുഴയും ചേര്‍ത്തിരിക്കുന്നു. ജനകീയ പ്രശ്നത്തിനു പരിഹാരം കാണാനുള്ള പദ്ധതികളുമുണ്ട്.

കേന്ദ്രീകൃത മാലിന്യ സംസ്കരണം, കൊച്ചി ബ്രഹ്മകുളം, കോഴിക്കോട് (ഞെളിയന്‍ പറമ്പ്) എന്നിവിടങ്ങളില്‍ യഥാക്രമം 500 ടണ്‍ 2005 ടണ്‍ മാലിന്യം വീതം പ്രതിദിനം ‘സംസ്കരിക്കുവാന്‍’ ശേഷിയുള്ള പ്ലാന്റത്രേ വരുന്നത്. കേരളത്തിലെല്ലായിടത്തും കേന്ദ്രീകൃത മാലിന്യ സംസ്കരണം വന്‍ പരാജയമാകുകയും ജനങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് തന്നെയാണ് വീണ്ടും നൂറുകണക്കിനു കോടികള്‍ മുടക്കുന്നത്!

കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്നതടക്കം നിരവധി പദ്ധതികള്‍ വേറെയുമുണ്ട്. എന്തായാലും ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും ശുദ്ധജലമോ ശുദ്ധഭക്ഷണമോ നല്‍കികൊണ്ടല്ല കേരളം ‘ഉയര്‍ത്തെഴുന്നേല്‍ക്കുന്നത’. മറിച്ച്, കുത്തകകള്‍ക്ക് കൊള്ള നടത്താനും സമ്പന്നര്‍ക്ക് ആര്‍മാദിക്കാനും അവസരമൊരുക്കിക്കൊണ്ടാണ്.

(‘ജാഗ്രതയുടെ കേരളീയം’ പ്രസിദ്ധീകരിച്ച കുറിപ്പ്)

 
 
 
RELATED ARTICLE

എമര്‍ജിങ് കേരളത്തില്‍ ഗള്‍ഫ് മലയാളിയുടെ ഇടം
 
 
 
 

7 thoughts on “എമര്‍ജിങ് കേരള: വിനാശത്തിന്റെ മറ്റൊരു വഴി

 1. പ്രിയപ്പെട്ട സി ആ൪, താങ്കളുടെ ലേഖനം വായിക്കുവാന്‍ എനിക്ക് ഭയമാണ്. ഉള്ള മനസ്സമാധാനം പോകും.ആരും പറയാത്ത എന്‍റെ നാടിന്‍റെ പുതിയ കഥ ഇവിടെയിരുന്ന് വളരെ സങ്കടത്തോടെയാണ് വായിച്ചുതീര്‍ത്തത്.ഞാനിനി ലീവില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ നാടുവിട്ടിട്ടുണ്ടാകും.സഹിക്കുവാന്‍ കഴിയുന്നില്ല എന്‍റെ ജന്മനാടിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ട്.വീരന്‍പുഴ ഞങ്ങള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു. അതുപോലെ പടിഞ്ഞാറുഭാഗത്തുള്ള കായലുകളും കണ്ടല്‍ കാടുകളും. അതൊക്കെ വല്ലാര്‍പാടം കണെയ്നര്‍ ടെ൪മിനലിന്റെ പേരില് നശിപ്പിച്ചു.കരാറുകാരും രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പണമുണ്ട്ടാക്കി.പുഴയും വയലുകളും കായലും നികത്തി ഒരു ശവവഴി പോലെ മലച്ചുകിടക്കുകയാണ് ഇന്നു വല്ലാര്‍പാടം കണ്ടെയിനര്‍ പാത.എത്രയോ കുടുമ്പങ്ങള്‍ നാമാവശേഷമായി. എത്ര കാവുകള്‍, മനകള്‍ എല്ലാം നശിച്ചു.ഭൂമിക്കു വിലയിട്ടത് അഞ്ചുതരത്തിലായിരുന്നു. അന്നു ആ കാശിനു ഒരു സെന്‍റ് ഭൂമിപോലും കിട്ടില്ലായിരുന്നു.ഒരു പാര്‍ട്ടിയും ആ പാവം കുടുംബങ്ങളെ തിരിഞ്ഞുനോക്കിയില്ല.മാര്സ്കിസ്റ്റ് പാര്ട്ടി, കാണ്‍ഗ്രസ്, ബിജെപി ,ലീഗ് ഇതൊന്നും ഇങ്ങിനെ ഒരു സംഭവം കണ്ടതായി ഭാവിച്ചില്ല.കാലാകാലങ്ങളായി ഇവര്‍ക്കു വോട്ട് തള്ളിക്കൊടുക്കുന്ന ജനങ്ങളെ ഇവര്‍ ഉപേക്ഷിച്ചു.‍എല്ലാവരും കരാറുകാരായിരുന്നു.
  ആദ്യകാലം മുതല്‍ അവര്‍ക്ക് ആത്മവിശ്വാസം കൊടുത്ത് സമരം സംഘടിപ്പിച്ചത് സി ആര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും പിന്നെ പേരറിയാത്ത കുറെ പാവങ്ങളുമായിരുന്നു.വളരെ ക്ലേശം സഹിച്ചാണ് അവ൪ സമരം നടത്തിക്കൊണ്ടുപോയത്.സി ആറിനെ ഉദ്യാഗസ്ഥന്മാ൪ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.വികസനം മുടക്കികള്‍ രാജ്യദ്രോഹികള്‍, രാജ്യദ്രോഹികള്‍ക്ക് ജയിലറ ഇതായിരുന്നു ഭൂമി പിടിച്ചുവാങ്ങുവാന്‍ വന്ന തെമ്മാടികള്‍ ഓരോ വീട്ടിലും കയറിയിറങ്ങി ജനങ്ങളെ ഭയപ്പെടുത്തിയത്.ഒടുവില്‍ ബുള്‍ഡൌസ൪ കൊണ്ടുവന്ന് വീടുകള്‍ ഇടിച്ചുനിരത്തി.സി ആറിന്‍റേയും SUCI എന്ന രാക്ഷ്ട്രീയ‌ പ്രവ൪ത്തകരുടേയും ഇരകളുടേയും മറ്റു ചില പ്രവ൪ത്തകരുടേയും കഠിനമായ പ്രയത്നം കൊണ്ട് സമരം കുറെയൊക്കെ വിജയിച്ചു; കുടിയൊഴിപ്പിക്കപ്പെട്ടവ൪ക്ക് മാന്യമായ പാക്കേജ് കിട്ടി.
  ഞങ്ങളുടെ നാട് നശിച്ചു.നാട്ടുകാരാരും ഇനിയവിടെ ബാക്കിയില്ല. കുറെ ഹിന്ദി സംസാരിക്കുന്നവ൪ മാത്രമായി.കാദ൪കുഞ്ഞ് കാക്ക ആറ് മണിക്കൂ൪ വഞ്ചി തുഴഞ്ഞാണ് വീരന്‍ പുഴയുടെ മറുകരയെത്തുന്നത്; കടലില്‍ നിന്നു പിടിച്ച പച്ചമീന്‍ വാങ്ങി എന്‍റെ നാടിന് അന്തിക്കറിയാകുവാന്‍.അന്നയാള്‍ക്ക് അത് ഒമേഗ3 എന്നൊന്നുമറിയില്ലായിരുന്നു.വൃത്താകാരത്തിലാണ് അയാള്‍ വഞ്ചി തുഴയുന്നത്.തുറന്ന പുഴയിലെ കാറ്റും ഒഴുക്കും അത്രയ്ക്കായിരുന്നു.കരാറു കമ്പനികള്‍ ഈ മഹാജലപ്രവാഹത്തെ ശ്വാസം മുട്ടിച്ചുകൊന്നു.അതിനായി കിഴക്കന്‍ മലകള്‍ അവ൪ ഇടിച്ചുനിരത്തി.ടിപ്പറുകള്‍ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു.പുഴയില്‍ നിന്നു കരയിലേക്ക് മൂന്നേക്കറോളം കണ്ടല്‍ കാടുകളുണ്ടായിരുന്നു.എല്ലാത്തരം കരിമീനുകളുടേയും മറ്റു പുഴമീനുകളുടേയും പ്രജനനകേന്ദ്രവും ഈറ്റില്ലവും.ഈ കണ്ടല്‍ മരത്തിലൊന്നിലാണ് ശ്യാമളയുടെ ഗ‍൪ഭിണിയായ സഹോദരി കഴിഞ്ഞ സുനാമിക്ക് തൂങ്ങി നിന്നത്.സുനാമി ഒഴിഞ്ഞപ്പോള്‍ നൂറ്റിരുപത് ശവങ്ങള്‍ കണ്ടല്‍ കാടുകളില്‍ കുടുങ്ങിക്കിടന്നു, കടലിലേക്ക് മറുയാത്രയാവാതെ.ഇനി ഒരു ശവം പോലും ബാക്കിതരാന്‍ ഒരു കണ്ടല്‍കാടുപോലും എന്‍റെ നാട്ടിലില്ലാതായല്ലോ ദൈവമേ.

  ഇത് തന്നെയാണ് എമ൪ജിംഗ് കേരളയുടെ അവസ്ഥയും. സി ആ൪ എഴുതിയിരിക്കുന്നത് മുഴുവന്‍ സത്യമാണ്.
  സി ആ൪, നമുക്കിനി രക്ഷയില്ലേ? ഈ രാക്ഷസന്മാരോടേറ്റുമുട്ടാന്‍ ജനങ്ങള്‍ക്ക് കൂട്ടായി ഒരു ശ്രീരാമചന്ദ്രന്‍ വരില്ലേ?
  Azeez from Prairies
  azeezks@gmail.com

 2. നീലകണ്ഠന്‍ ഇപ്പോള്‍ ചോദിക്കുന്നു സ്മാര്‍ട്ട് സിറ്റിക്ക് ഇത്രയേറെ കൊട്ടിഘോഷിച്ച് സ്ഥലമെടുത്തിട്ട് എന്തുണ്ടായി?പക്ഷെ സ്മാര്ട്ട് സിറ്റി വിഷയത്തില്‍ പല പല ഇരട്ടത്താപ്പുകളിലൂടെ കടന്നു പോയാ ആളാണ്‌ സി.ആര്‍. ആക്കഥ ഇങ്ങനെ

  ഒരു ഒരുകാലത്ത് C.R. കടുത്ത സ്മാര്‍ട്ട് സിറ്റി വിരുദ്ധനായിരുന്നു. കരാറിലെ വ്യവസ്ഥകളല്ല മറിച്ച് സ്മാര്‍ട്ട് സിറ്റി എന്ന സങ്കല്‍പ്പത്തെ തന്നെ അദ്ദേഹത്തിന്‌ പുഛമായിരുന്നു. അതായത്‌ സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍, സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ലഭിക്കുന്ന അധിക പ്രാധാന്യം, ഒപ്പം ആദിവാസികളും പരമ്പരാഗത മേഖലകളും നേരിടുന്ന അവഗണന, പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, അവിടെ ബാധകമല്ലാത്ത തൊഴില്‍ നിയമം, ഇങ്ങനെ പോകുന്നു സാമൂഹിക ആശങ്കകള്‍ എങ്കില്‍ ഒരു ലക്ഷത്തോളം പേര്‍ താമസിക്കാന്‍ വരുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതിക പ്രശ്നത്തെപ്പറ്റിയും സി ആര്‍ ആശങ്കകള്‍ പങ്കു വയ്ക്കുന്നുണ്ട്‌. കുടിവെള്ള ക്ഷാമം, വായു മലിനീകരണം, ഭൂഗര്‍ഭ ജലചൂഷണം ഇങ്ങനെ പോകുന്നു ആശങ്കകള്‍. ചുരുക്കം പറഞ്ഞാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരു അനാവശ്യം തന്നെ. ഒപ്പം ഈ വരികള്‍ കൂടി കൂട്ടിവായിച്ചാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരിക്കലും വരാന്‍ പാടില്ല

  സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത്‌ ഇത്തരം അതിസമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുണ്ടാക്കുന്ന സാമൂഹിക പ്രശ്നനഗള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗാസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യയും ഗുണ്ടാ മാഫിയയും വളരാന്‍ ഇത്‌ വഴിവയ്ക്കില്ലെ?

  എന്നാല്‍ വി.എസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും തങ്ങളുടെ പ്രിയ നായകന്‍ വി.എസ്‌ പുതുക്കിയ സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തതോടെ സി.ആര്‍ കളം മാറി. പരിസ്ഥിതി സാമൂഹിക പ്രശ്നങ്ങളൊക്കെ കാറ്റില്‍പ്പറന്നു. അന്താരാഷ്ട്ര കരാറുകള്‍ എങ്ങനെ എഴുതണം എന്നതിന്റെ ഉത്തമോദാഹരണമായി സി ആര്‍ സ്മാര്‍ട് സിറ്റി കരാറിനെ മാദ്ധ്യമങ്ങളില്‍ ഉയര്‍ത്തിക്കാട്ടി. 33,000 തൊഴില്‍ അവസരങ്ങള്‍ 90,000 ആയതില്‍ അഭിമാനം കൊണ്ടു. അപ്പോള്‍ മുന്‍പ്‌ പറഞ്ഞ പരിസ്ഥിതി നമ്പരുകള്‍ മറന്നേ പോയി. 33,000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ 90,000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുമോ എന്നൊന്നും സി ആര്‍ ആശങ്കപ്പെടുന്നേ ഇല്ല. എന്നു മാത്രമല്ല അനര്‍ഹമായ ആവശ്യങ്ങളാണ്‌ സ്മാര്‍ട്ട് സിറ്റിക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ശര്‍മ്മയും വി.എസും ഒരേ പോലെ ആണയിടുമ്പോള്‍ സി ആര്‍ നീലകണ്ഠന്‍ 2010 ഇലെ തന്റെ സര്‍ക്കാര്‍ വിശകലന ലേഖനത്തില്‍ ഇങ്ങനെ എഴുതി:

  എന്നാല്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യമാണിവിടത്തെ ജനാധിപത്യം. മുഖ്യമന്ത്രിയെ പാര്‍ട്ടി സംഘടനയില്‍ തരംതാഴ്‌ത്തി ‘ശിക്ഷിച്ചു’. ‘മുഖ്യമന്ത്രിയുടെ പദ്ധതി’ ആയതിനാല്‍ സ്മാര്‍ട്ട് സിറ്റി പരമാവധി തകര്‍ക്കാന്‍ ശ്രമിക്കുന്നു.

  അതായത് ഒരിക്കല്‍ മോശക്കാര്‍ എന്ന് സി ആര്‍ പറഞ്ഞ സ്മാര്‍ട്ട് സിറ്റിക്കാരെ വെള്ളയടിക്കാന്‍ സി.ആറിന്‌ ഇപ്പോള്‍ ഒരു യുക്തിയും ബാധകമല്ല.സ്മാര്‍ട്ട് സിറ്റിക്കാരന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്‌ എന്ന് വി.എസ് ആണയിടുമ്പോഴും സി ആര്‍ പറയുന്നത് സി.പി.എമ്മാണ്‌ സ്മാര്‍ട്ട് സിറ്റി തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ്‌. ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളും അന്താരാഷ്ട്ര മൂലധന താല്‍പ്പര്യങ്ങളും പറഞ്ഞ് മറ്റ് വന്‍കിട പദ്ധതികളെ എതിര്‍ക്കുന്ന അതേശക്തിയോടെ ഒരിക്കല്‍ സി ആര്‍ എതിര്‍ത്ത സ്മാര്‍ട്ട് സിറ്റി പദ്ധതി ഇന്ന് അദ്ദേഹത്തിന്‌ പ്രിയങ്കരമാകുന്നത് ഇരട്ടത്താപ്പല്ലാതെ എന്താണ്‌? നീലകണ്ഠന്‍ മറ്റുള്ളവരെ അളക്കുന്ന കോല്‍ അദ്ദേഹത്തിന്‌ തന്നെ ബാധകമാക്കിയാല്‍ അവരും ഇദ്ദേഹവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാകും.

  • “നീലകണ്ഠന്‍ മറ്റുള്ളവരെ അളക്കുന്ന കോല്‍ അദ്ദേഹത്തിന്‌ തന്നെ ബാധകമാക്കിയാല്‍ അവരും ഇദ്ദേഹവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാകും.”

   ഹഹ…
   ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും കിരണിന്നു കൌതുകം………..

   വിഷയം എമര്‍ജിങ് കേരള ആയാലും കാലിത്തീറ്റ ആയാലും നയാഗ്ര വെള്ളച്ചാട്ടമായാലും കിരണ്‍ സാര്‍ എഴുതിയാല്‍ അതില്‍ വി.എസ് ഉണ്ടാവും. സി.പി.എമ്മിനെതിരെ എന്നെങ്കിലും
   നിലപാടെടുത്ത എല്ലാവര്‍ക്കുമെതിരെ തെറി ഉണ്ടാവും.
   ഈ ലോകത്ത് ഒരേയൊരു ഹരിശ്ചന്ദ്ര വിഭാഗമേയുള്ളൂ മാത്രമേയുള്ളൂ. അത് സി.പി.എമ്മിലെ പിണറായി പക്ഷമാണ്. അതല്ലാത്തവരെല്ലാം കള്ളന്‍മാര്‍. തെറി പറഞ്ഞ് അവമ്മാരുടെ കണ്ണുപൊട്ടിക്കാന്‍
   സാക്ഷാല്‍ മാര്‍ക്സ് ദൈവം ഭൂമിയിലേക്ക് വിട്ടതാവണം.

   സി.പി.എം ഓരോ കാലത്ത് ഓരോ വിഷയത്തില്‍ എടുത്ത നിലപാടുകളും വൈരുധ്യവുമൊക്കെ ഇന്നാട്ടില്‍ ആര്‍ക്കാണ് അറിയാത്തത് സാറേ.
   എളമരം കരീം സഖാവിന്റെ കാലമൊക്കെ എല്ലാവരും മറന്നെന്ന് സാക്ഷാല്‍ ടി. ബാലകൃഷ്ണന്‍ സാറുപോലും വിശ്വസിക്കില്ല. എന്നാലും, നമ്മളിങ്ങനെ തെരഞ്ഞുപിടിച്ച് വെട്ടിനിരത്തല്‍ തുടരും.

   സ്തോത്രം അണ്ണാ, സ്തോത്രം…

 3. വെറുതെ ഇളമരം കരിമിനെ തെറിപറഞ്ഞാല്‍ സത്യം സത്യം അല്ലാതാകില്ല. നീലകണ്ഠനെ പോലെ ഉള്ള ആളുകള്‍ എങ്ങനെ 2005 ഇല്‍ എടുത്ത നിലപാട് എങ്ങനെ 2008 ഇല്‍ മാറി പിന്നെ എങ്ങനെ 2012 വീണ്ടും 2005 ഇലെ നിലപാടില്‍ എത്തി എന്ന് ചോദിച്ചാല്‍ അതിന്‌ മറുപടി വേണം . ഭൂതകാലം ഒരു പക്ഷത്തിന്‌ മാത്രമല്ല. അളവു കോലുകളും അങ്ങനെ അല്ല. അത് ചൂണ്ടിക്കാണിക്ക്മ്പോള്‍ ലേബല്‍ അടിച്ചിട്ടും കാര്യമില്ല.

 4. മിസ്റ്റ൪ കിരണ് തോമസ്, സ്മാ൪ട്ട് സിറ്റിക്കെതിരെ സി ആ൪ ഉയ൪ത്തിയ ആശങ്കകള് സാമാന്യജനങ്ങളുടെ ആശങ്കകളാണ്.അതിലെവിടെയാണ് തെറ്റ്? സ്മാ൪ട്ട് സിറ്റിയില് അതീവ താത്പര്യം കാണിച്ചിരുന്നത് ഭൂമിലോബികളായിരുന്നു.ഒരു ഐറ്റീക്കാരനും തൊഴിലുണ്ടാക്കുക എന്നതായിരുന്നില്ല മുഖ്യ ഉദ്ദേശ്യം.അത് പിന്നീട് നല്ല മുഖച്ഛായയ്ക്ക് കൂട്ടിച്ചേ൪ത്തതാണ്.അതുയ൪ത്തുന്ന സാമൂഹ്യപ്രശ്നങ്ങള്, തിരസ്കരിക്കപ്പെടുന്ന അടിസ്ഥാന ജനതയുടെ പ്രശ്നങ്ങള്,പ്രത്യേക ഇന്സുലേറ്റഡ് മേഖലയുടെ രഹസ്യസ്വഭാവം,അവിടെ നടമാടുന്ന കരാ൪ തൊഴിലുകള്, പാരിസ്ഥിതിക പ്രശ്നങ്ങള് ഇവയിലൊക്കെ സി ആ൪ ഉയ൪ത്തിയ നിലപാടുകള് എല്ലാ വികസിത രാജ്യങ്ങളിലും ജനങ്ങള് ഉയ൪ത്തുന്ന ആശങ്കകള് തന്നെയാണ്.ഞാന് താമസിക്കുന്ന സ്ഥലത്ത് ഒരു എണ്ണപൈപ്പ്ലയിന് പോകുന്നതിനെക്കുറിച്ച് ത൪ക്കം നടന്നു.ഒരേയൊരു ഫാമിലിയുടെ വീട്ട് പറമ്പില് കൂടി ആ ലൈന് പോകുന്നുവെന്ന കാരണത്താല് അവ൪ അത് എതി൪ക്കുകയും ലൈന് മാറ്റിക്കൊണ്ടുപോകുവാന് നീക്കം നടക്കുകയും ചെയ്തു.അവിടെ ജീവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങള് പഴയതുപോലെ വികസനം എന്ന ഉമ്മാക്കി കാട്ടി തള്ളിക്കളയുവാന് കഴിയില്ല.

  സി ആ൪ ഒരു ജീസസ് അല്ല. മലയാളിഇസ്റേയേല്യരെ രക്ഷപ്പെടുത്തുവാന് വന്ന മിശിഹായല്ല.കുടുംബമുള്ള,മക്കളുള്ള,ഒരു സാധാരണ പൊതുമേഖലാ കൂലിപ്പണിക്കാരനാnu..സി ആറിനും സഖാവ് വി എസ്സിനുമുള്ള അതേ ഉത്തരവാദിത്വം രാജ്യത്തിന്റെ കാര്യത്തില് നമുക്കൊക്കെ വേണ്ടതാണ്.നാം ശമ്പളം കൊടുത്തു നി൪ത്തിയിരിക്കുന്ന കൂലിക്കാരല്ല അവ൪.അവ൪ ചെയ്യുന്നത് പുണ്യം.
  സ്മാ൪ട്ട് സിറ്റിക്കെതിരെയുള്ള പ്രശ്നങ്ങള് ഉന്നയിക്കുന്നത് കേരള യുവത്വത്തോട് ചെയ്യുന്ന വഞ്ചനയാണെന്ന് യുഡിഫ് ഭൂമിലോബി നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ദുബായ്അറബിക്ക് കേരളം വിറ്റ് കാശാക്കുവാന് ഉമ്മന്ചാണ്ടിയും കുഞ്ഞാലിയും എത്ര ശ്രമിച്ചു.അതിന് അല്പമെങ്കിലും എതി൪നിന്നത് വി എസ് അല്ലേ? ആര്ക്കും സ്മാ൪ട്ട് സിറ്റിയുടെ ഇഷ്യൂസ് വിഷയമല്ലെങ്കില്,ഒരു പബ്ലിക് സെക്റ്റ൪ ജോലിക്കാരനായ, രാക്ഷ്ടീയ മാടമ്പികളുടെ പിന്തുണയില്ലാത്ത ഒരു സാധാരണ നമ്പൂതിരിക്ക് ഇത് എത്രമാത്രം കൊണ്ടുപോകുവാന് കഴിയും?
  കേരളത്തിലെ ജനകീയ പ്രശ്നങ്ങളില് സി ആറിനെ പോലെ ഇടപെടുന്ന ഒരാളെ ഇല്ലായ്മ ചെയ്യുവാനാണ് താങ്കളുടെ ഈ എഴുത്ത് ഉപകരിക്കൂ. കേരളത്തിലെ ഭൂമിയായ ഭൂമികളൊക്കെ, നെല്ലിയാമ്പതിയടക്കം, ഭൂമിമാഫിയസ൪ക്കാ൪ കയ്യേറിക്കൊണ്ടിരിക്കുന്നു.അതിനൊന്നും പ്രശ്നമല്ല, സി ആറാണ് താങ്കള്ക്ക് പ്രശ്നം!
  ശരിയാണ്,ക്ഷീരമുള്ളോരകിട്ടിന് ചുവട്ടിലും…

 5. എമര്‍ജിങ് മാഫിയ എന്നാണ് സുധീരന്‍ പറഞ്ഞത്.അദ്ദേഹം തന്നെ മുന്നെ ഒരു കാര്യം പറഞ്ഞിരുന്നു. ഇടതായാലും വലതായാലും ഭരണത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് ഒരേ മാഫിയകള്‍ ആണെന്ന്. വാസ്തവമാണത്. UDF, LDF എന്നീ കേവലതകള്‍ വെറും മറ. അവരിലെ പ്രബല ഗ്രൂപ്പുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരേ ലക്ഷ്യമാണുള്ളത്.

 6. കേരളമേ ലചിക്ക് …..ഈ മഹാനായ പൊതു പ്രവര്‍ത്തകനെ ഓര്‍ത്ത് ……..

Leave a Reply

Your email address will not be published. Required fields are marked *