ചോര കലങ്ങിയ രണ്ട് കത്തുകള്‍ക്കിടയില്‍ സോനി സോരിയുടെ ജീവിതം

 
 
 
 
തടവറയില്‍നിന്ന് സുപ്രീം കോടതിക്കയച്ച രണ്ടു കത്തുകള്‍ക്കിടയില്‍
സോനി സോരിയെന്ന ആദിവാസി അധ്യാപികയുടെ ജീവിതം.
ഉദയ് കിരണ്‍ എഴുതുന്നു

 
 

മാസങ്ങളുടെ വ്യത്യാസമേ ഈ രണ്ട് കത്തുകള്‍ക്കും ഇടയിലുള്ളൂ. എങ്കിലും രണ്ട് കത്തുകള്‍ക്കുമിടയിലെ ഭാവദൂരം വളരെയേറെയാണ്. ആദ്യ കത്തില്‍, ഈ കത്ത് കിട്ടിയാലുടന്‍ സുപ്രീംകോടതി തനിക്ക് നീതി നേടിത്തരുമെന്ന ഉറച്ച വിശ്വാസം നിറഞ്ഞുനില്‍ക്കുന്നു.നീതിന്യായവ്യവസ്ഥ ഉള്‍പ്പെടെ ഇന്ത്യന്‍ വ്യവസ്ഥയെ ‘പിതാവാ’യും തന്നെ ‘മകളാ’യും ആ കത്തില്‍ സോനി ചിത്രീകരിക്കുന്നു. കവിതയെഴുതി ആളുകളെ പറ്റിക്കുന്നതിന്‍റെ ഭാഗമായല്ല , മൂന്ന് പ്രസവിച്ച ഒരു സ്ത്രീ തന്‍റെ ശരീരാന്തര്‍ഭാഗത്തേയ്ക്ക് കല്ലിന്‍ ചീളുകള്‍ നിക്ഷേപിക്കപ്പെടുന്ന അതിതീവ്രവേദനയില്‍ പുളഞ്ഞുകൊണ്ട് രക്ഷയ്ക്കു വേണ്ടി ഒരു ദേശത്തോട് നടത്തുന്ന നിലവിളിപ്രാര്‍ത്ഥനയിലാണ് ഈ ആത്മവിശ്വാസപ്രകടനം ഉണ്ടാകുന്നതെന്ന് കാണണം.

കഴിഞ്ഞ മാസം 27ന് അയച്ച രണ്ടാമത്തെ കത്തിന്റെ ഭാഷയില്‍ പ്രകാശവര്‍ഷങ്ങളുടെ അന്തരമുണ്ട്. ഗ്രാമീണ ഹിന്ദി വാമൊഴിയിലെ അതിശയോക്തിപ്രയോഗങ്ങളിലേയ്ക്കും , നിഗൂഢമായെങ്കിലും ‘ദുരന്ത വിരുദ്ധോക്തി’യിലേക്കും അവരുടെ ഭാഷ താഴ്ന്നുപോകുന്നു. ആദ്യ കത്തിലെ ‘അച്ഛന്‍- മകള്‍’ രൂപകപ്രയോഗത്തിന്റെ ഛായ പോലുമില്ല ഇതില്‍. ഇടയ്ക്ക് ഒരു ഇന്ത്യന്‍ ‘പൌര’ യുടെ ആത്മാഭിമാനത്തിലേയ്ക്ക് വിനോദയാത്ര നടത്തിയ ആദിവാസിസ്ത്രീ വീണ്ടും ആദിവാസിസ്ത്രീ ആയിത്തീരുന്നു, ഈ കത്തില്‍ – മാവോയിസ്റ്റുകള്‍ക്കും പൊലീസിനുമിടയില്‍ കുരുങ്ങിയ ഛത്തിസ്ഗഢിലെ ആദിവാസി ജീവിതത്തിന്റെ പ്രതീകമായ സോനി സോരി ജയിലിലെ കൊടും പീഡനങ്ങള്‍ക്കിടെ സുപ്രീംകോടതിക്കയച്ച രണ്ടാമത്തെ കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ ഉള്ളുപൊളിക്കുന്ന അവരുടെ ജീവിതത്തിലേക്ക് ഒരു സഞ്ചാരം. ഉദയ് കിരണ്‍ എഴുതുന്നു

 

 

ഛത്തിസ്ഗഢിലെ തടവറയില്‍ നിന്നും സോനി സോരി വീണ്ടും രാജ്യത്തെ പരമോന്നത ന്യായപീഠത്തിന് കത്തയച്ചിരിക്കുന്നു. സുപ്രീം കോടതിയുടെ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രം ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികില്‍സ ലഭിക്കുകയും, തന്റെ മേല്‍ പോലീസ് നടത്തിയ അതിഭീകരമായ ലൈംഗികാതിക്രമങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തതിനു ശേഷവും അതേ ഛത്തിസ്ഗഢിലെ ജയിലില്‍ അതേ പോലീസുകാരില്‍ നിന്ന് ഇപ്പോഴും താന്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്ന് ജൂലൈ 27ന് അയച്ച കത്തില്‍ പറയുന്നു

” ബഹുമാനപ്പെട്ട ജഡ്ജ് സാഹബ്, ഛത്തിസ്ഗഢ് ഭരണകൂടത്തിന്റെയും പോലീസിന്റെയും അതിക്രമങ്ങളിലൂടെ കടന്നു പോകുന്ന ഈ സാധുസ്ത്രീയുടെ പ്രണാമം സ്വീകരിച്ചാലും. ഹൃദയഭാവത്തോടെ ഞാന്‍ അങ്ങയുടെ ചരണങ്ങള്‍ സ്പര്‍ശിക്കുന്നു. ഇന്ന് ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ അതിനു കാരണം സമയോചിതമായി അങ്ങ് പുറപ്പെടുവിച്ച ഉത്തരവാണ്. ശരിയായ സമയത്ത് അങ്ങ് എനിക്ക് ശരിയായ ചികില്‍സ ലഭ്യമാക്കാന്‍ ഉത്തരവ് നല്‍കി. എന്നെപ്പോലെ സാധുവും, നിസ്സഹായയുമായ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ കഥകള്‍ അങ്ങ് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തു എന്നതിനേക്കാള്‍ വലിയ ഒരു സന്തോഷം മറ്റെന്താണ് ഉണ്ടാകാവുന്നത് ?

ഡെല്‍ഹിയിലെ AIIMS ല്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ അത്ര നല്ല ചികില്‍സ ലഭിച്ചതില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. എന്നാല്‍ ആദരണീയനായ ജഡ്ജ് സാഹബ് , ഇന്ന് ഞാനതിന്റെ വില കൊടുത്തുകൊണ്ടിരിക്കുകയാണ്. ലജ്ജാകരമായ പീഡനങ്ങളാണ് അവര്‍ എന്റെ മേല്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നോട് ദയവുണ്ടാകണമെന്ന് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. ഞാന്‍ അങ്ങേയ്ക്കയച്ച ആദ്യകത്തില്‍ പറഞ്ഞതുപോലെ ന്യായവ്യവസ്ഥയിലുള്ള പരിപൂര്‍ണ്ണ വിശ്വാസം കൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത് .

അങ്ങേയറ്റം കഠിനമായ മാനസിക വ്യഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. 1) എന്നെ അവര്‍ നഗ്നയാക്കി നിലത്തിരുത്തുന്നു 2) പട്ടിണിക്കിടുന്നു 3) എന്റെ ശരീരാവയവങ്ങള്‍ സ്പര്‍ശിച്ചുകൊണ്ട് ദേഹപരിശോധന നടത്തുന്നു 4) എന്റെ വസ്ത്രങ്ങളും , സോപ്പും മറ്റു സാധനങ്ങളും പിടിച്ചുവെക്കുന്നു 5) ദേശദ്രോഹിയായ നക്സലൈറ്റ് എന്ന് വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുന്നു.

ആദരണീയനായ സര്‍, എത്രകാലം എത്രകാലം ഛത്തിസ്ഗഢ് പോലീസ് അധികൃതര്‍ എന്നെ ഇങ്ങനെ വസ്ത്രാക്ഷേപം ചെയ്യും ? ഞാന്‍ ഒരു ഇന്ത്യന്‍ ആദിവാസി സ്ത്രീയാണ്. എനിക്കും മാനവും ആത്മാഭിമാനവുമുണ്ട്. ഞാന്‍ ലജ്ജ കൊണ്ട് കുനിഞ്ഞു പോകുന്നു. എനിക്കെന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. അശ്ലീലപദങ്ങളുപയോഗിച്ച് അവര്‍ എന്റെ മേല്‍ ആരോപണങ്ങള്‍ ചൊരിയുന്നു. ആദരണനീയനായ സര്‍, എന്റെ പീഡാനുഭവങ്ങള്‍ ഇന്നും തീര്‍ന്നിട്ടില്ല. ഇതൊക്കെ അനുഭവിക്കാന്‍ ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? അങ്ങയുടെ മുമ്പാകെ സത്യാവസ്ഥ വെളിപ്പെടുത്തിയെന്നത് ഇത്ര വലിയ ശിക്ഷ നേടിത്തരുന്ന ഒരു തെറ്റായിപ്പോയോ ? നമ്മുടെ മേല്‍ ഏല്‍പ്പിക്കപ്പെടുന്ന അതിക്രമങ്ങള്‍ക്കെതിരെ സമരം ചെയ്യുക എന്നത് ഒരു കുറ്റകൃത്യമാണോ? ജീവിക്കാനുള്ള അവകാശം എനിക്കുമില്ലേ ? ഞാന്‍ ജന്മം കൊടുത്ത മനുഷ്യക്കുഞ്ഞുങ്ങളെ സ്നേഹിക്കാനുള്ള അവകാശം എനിക്കില്ലേ? ”

 

കഴിഞ്ഞ മാസം സോനി അയച്ച കത്തിന്റെ ആദ്യ പേജ്


 

സുപ്രീംകോടതിക്ക് ഒരു കത്ത്
സോനി സോരി ഇതാദ്യമല്ല സുപ്രീം കോടതിക്ക് കത്തയക്കുന്നത്. സോനിക്കു മേല്‍ ഛത്തിസ്ഗഢ് പോലീസ് നടത്തിയ ഭീകരമായ ലൈംഗികാതിക്രമങ്ങള്‍ മനുഷ്യാവകാശപ്രവര്‍ത്തകരാണ് ആദ്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. സോനിയെ വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയെന്നും യാതൊരു കുഴപ്പവുമില്ലെന്നുമുള്ള റിപ്പോര്‍ട്ടാണ് ഛത്തിസ്ഗഢ് സര്‍ക്കാര്‍ നല്‍കിയത്.

എന്നാല്‍ പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സോനി മനുഷ്യത്വരഹിതമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. അവരുടെ ജനനേന്ദ്രിയത്തില്‍ നിന്നും, ശരീരാന്തര്‍ഭാഗത്തു നിന്നും കല്ലുകള്‍ നീക്കം ചെയ്യേണ്ടിവന്നു. ഇതിനുശേഷവും സോനിയെ ദണ്ഡേവാഡയിലെ ഛത്തിസ്ഗഢ് പോലീസ് കസ്റഡിയിലേക്ക് വിട്ടുകൊടുക്കാനാണ് കോടതി തീരുമാനിച്ചത്. ഛത്തിസ്ഗഢ് പോലീസ് ആ നിസ്സഹായയായ സ്ത്രീയോട് കൂടുതല്‍ വീര്യത്തോടെ പ്രതികാരം ചെയ്തേക്കാം എന്ന ആലോചന ന്യായാധിപന്മാരില്‍ ഉദിച്ചില്ല.

അതിനു ശേഷമാണ് സോനി സുപ്രീം കോടതി ജഡ്ജിക്ക് ആദ്യത്തെ കത്തെഴുതുന്നത്. കഴിഞ്ഞ വര്‍ഷമാണത്. നീതിമാനും ധര്‍മ്മനിഷ്ഠനുമായ ദൈവത്തിനെഴുതുന്ന കത്ത് പോലെ എഴുതപ്പെട്ട ആ കത്ത് മനുഷ്യന്മാരായ ന്യായാധിപന്മാര്‍ വായിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെയൊരു കത്ത് കൂടെ എഴുതേണ്ടി വരുമായിരുന്നില്ല, സോനി സോരിക്ക്. പ്രതീക്ഷിക്കാതെ തന്റെ നേര്‍ക്ക് നീണ്ടുവന്ന നീതിയുടേയും, ദയയുടെയും കരങ്ങള്‍ താമസം വിനാ കൊടിയ അനീതി നീട്ടിത്തരുമ്പോള്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ പൂര്‍ണ്ണവിശ്വാസമുള്ള, ആദിവാസിവിഭാഗത്തില്‍ പെടുന്ന യുവതിയായ ഒരു സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയ്ക്ക് ഉണ്ടാകാവുന്ന വേദനയും, വേദന കലര്‍ന്ന രോഷവും, കണ്ണുനീരില്‍ കുതിര്‍ന്ന പ്രതീക്ഷയുമെല്ലാം ചാലിച്ചെഴുതിയ ആ കത്ത് കൂടെ വായിക്കാം നമുക്ക്.

 

കഴിഞ്ഞ മാസം സോനി അയച്ച കത്തിന്റെ രണ്ടാം പേജ്


 

‘സര്‍,ജഡ്ജ്, എന്റെ ശരീരം വേദന
കൊണ്ട് നുറുങ്ങുകയാണ്’

“സര്‍, ജഡ്ജ്,
അങ്ങയുടെ ഉത്തരവ് പ്രകാരം കൊല്‍ക്കത്തയില്‍ എന്നെ ചികില്‍സിച്ചു; അതെന്റെ ജീവന്‍ രക്ഷിച്ചു. പിന്നെയെന്തിനാണ് എന്നെ അതേയാളുകളുടെ കൂടെ തിരിച്ചയയ്ക്കുന്നത്? ഞാനിവിടെ സുരക്ഷിതയല്ല. ഒരു പാട് പ്രശ്നങ്ങളെ എനിക്ക് നേരിടേണ്ടി വരുന്നു. എനിക്കെതിരായ കുറ്റാരോപണങ്ങള്‍ ശരിയാണെന്ന് കോടതിക്ക് തോന്നുന്നുവെങ്കില്‍ എന്നെ ശിക്ഷിക്കുക. പക്ഷെ, എന്നെ ഈ ആളുകളുടെ കൂടെ വിടാതിരിക്കുക. ഓരോ രാത്രിയും ഓരോ പകലും അത്യന്തം ദുരിതപൂര്‍ണ്ണമാണ്. ഒരു പാട് വേദന ഉള്ളിലൊതുക്കി ഞാന്‍ അങ്ങയുടെ വിധിയ്ക്കായി കാത്തിരിക്കുകയാണ്. ഛത്തിസ്ഗഢ് സര്‍ക്കാര്‍ എന്നെ കോടതിയിലെത്തിക്കാന്‍ താമസം വരുത്തിയില്ല. ഡെല്‍ഹിയിലെ കോടതി എന്നെ പെട്ടെന്ന് അവരെത്തന്നെ തിരിച്ചേല്‍പ്പിച്ചു.പിന്നെ കോടതിയില്‍ എന്തിനാണ് ഈ കാലതാമസം?

എന്നെ അപമാനിച്ചത് മതിയായില്ലേ? എന്തിനാണ് എനിക്ക് പിന്നെ ഒരു പുതിയ ജീവിതം തന്നത്? എന്നെ മരിക്കാന്‍ വിട്ടുകൂടായിരുന്നോ? അങ്ങയുടെ ഉത്തരവ് മൂലമാണ് ഞാനിപ്പോള്‍ ജീവനോടെയിരിക്കുന്നത്. അതെനിക്കറിയാം. ഞാനത് ഒരിക്കലും മറക്കുകയുമില്ല. എന്തുകൊണ്ടാണ് ഡെല്‍ഹി കോടതി എന്റെ രോദനം കേള്‍ക്കാത്തത് എന്നെനിക്ക് മനസ്സിലാവുന്നില്ല. എന്റെ നിസ്സഹായത അവര്‍ക്ക് മനസ്സിലായിരുന്നെങ്കില്‍ ഞാനീ അവസ്ഥയില്‍ ആകുമായിരുന്നില്ല. എല്ലാറ്റിനും പുറമേ , അവരെന്നെ ഛത്തിസ്ഗഢ് പോലീസിനു തന്നെ തിരിച്ചേല്‍പ്പിച്ചു. ആ സമയത്ത് ഞാന്‍ എന്റെ മനസ്സില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുകയായിരുന്നു. “ദയവായി എന്നെ അവരോടൊപ്പം വിടരുത്. നിങ്ങളുടെ ഈ സഹോദരിയോട് / മകളോട് അവര്‍ എങ്ങനെ പെരുമാറുമെന്ന് നിങ്ങള്‍ക്കറിയില്ല” എന്നാല്‍ ബഹുമാനപ്പെട്ട കോടതിക്ക് അവരുടെ മകളേക്കാള്‍ പോലീസിനെയായിരുന്നു വിശ്വാസം. അങ്ങനെയാണ് ഞാനിപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവളായിത്തീര്‍ന്നത്. ഇപ്പോഴും കോടതിക്ക് അത് ബോധ്യമായിട്ടില്ല. ഇന്ന് ഒരു മകള്‍ പീഡിപ്പിക്കപ്പെട്ടു. നാളെ അത് മറ്റൊരു മകളാവാം.

നിസ്സഹായയായ ഒരു മകളുടെ യാചനയാണിത്. പെട്ടെന്ന് എന്തെങ്കിലും ചെയ്യൂ. അല്ലെങ്കില്‍ അവര്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. കോടതിയാണ് നിന്നെ ഞങ്ങളുടെ കസ്റഡിയില്‍ വിട്ടുതന്നതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഇനി ഏത് കോടതിയിലാണ് ഞാന്‍ പരാതിപ്പെടേണ്ടത്? ഇതിനര്‍ത്ഥം, സര്‍, നിങ്ങളുടെ കോടതി എന്നെ അവരുടെ കൈയിലേല്‍പ്പിച്ചു എന്നാണ്. അവര്‍ക്ക് ഇനി എന്തും ചെയ്യാം. കോടതിയുടെ അനുവാദത്തോടെ അവര്‍ ഇവിടെ കൊണ്ടുവന്ന് മാനസികമായും, ശാരീരികമായും പീഡിപ്പിക്കുന്ന ആദ്യമകളാണ് ഞാന്‍. എന്തിനാണ് എന്നോട് ഈ അനീതി? ഇലക്ട്രിക് ഷോക്കുകള്‍ ഏല്‍പ്പിക്കുക, വസ്ത്രമുരിഞ്ഞ് നഗ്നയാക്കുക, എന്റെയുള്ളിലേയ്ക്ക് കല്ലുകള്‍ തള്ളിക്കയറ്റുക ഇത് നക്സല്‍ പ്രശ്നം പരിഹരിക്കുമോ?

സര്‍,ജഡ്ജ്, എന്റെ ശരീരം വേദന കൊണ്ട് നുറുങ്ങുകയാണ്. അങ്ങ് വിധി പറയുന്നതിനു മുമ്പ് ഞാന്‍ മരിച്ചാല്‍ ഛത്തിസ്ഗഢ് സര്‍ക്കാരും പോലീസുമാണ് ഉത്തരവാദികള്‍. അങ്കിത് ഗാര്‍ഗ് എന്ന എസ്.പിയും മറ്റു പോലീസുകാരും എന്നോട് ചെയ്തത് എന്‍റെ ശരീരത്തെ ഉടച്ചുകളഞ്ഞു. എനിക്ക് മൂന്ന് കുട്ടികളുണ്ട്. ഞാന്‍ മരിച്ചാല്‍ അവരെ ആരും നോക്കാനില്ല. ഒരു കള്ളക്കേസില്‍ കുടുക്കി എന്റെ ഭര്‍ത്താവിനെ ഒന്നര കൊല്ലമായി ജയിലിലടച്ചിരിക്കുകയാണ്. എന്റെ അച്ഛന്‍റെ വീട് നക്സലുകള്‍ കൊള്ളയടിച്ചു. അനാഥരെപ്പോലെ കഴിയുന്ന എന്‍റെ കുട്ടികള്‍ക്ക് സഹായം ആവശ്യമാണ്. ഇത് മക്കള്‍ക്ക് വേണ്ടി ഒരമ്മയുടെ അപേക്ഷയാണ്. സര്‍ ജഡ്ജ്, സര്‍ ജഡ്ജ്, പോലീസ് കുറ്റം ചെയ്യുകയും ഞാന്‍ ശിക്ഷിക്കപ്പെടുകയുമാണ്.

ഒന്നര വര്‍ഷം മുമ്പ് തന്നെ അവര്‍ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ എന്നെ ഇതു വരെ അറസ്റ് ചെയ്യാതിരുന്നത്? പോലീസ് സ്റ്റേഷനിലും സി.ആര്‍.പി ക്യാമ്പിലും ഞാന്‍ പലവട്ടം പോയിട്ടുണ്ട്. പോലീസ് ഓഫീസര്‍മാരെ കാണാറുണ്ട്, പോലീസുകാര്‍ പലതവണ എന്‍റെ വീട്ടില്‍ വന്നിട്ടുമുണ്ട്. ദണ്ഡേവാഡയില്‍ കലക്ടറോ മറ്റുദ്യോഗസ്ഥരോ വിളിച്ചുകൂട്ടുന്ന യോഗങ്ങളില്‍ ഞാന്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. അപ്പോഴെന്താണ് എന്നെ അറസ്റ് ചെയ്യാതിരുന്നത്? എസ്സാര്‍ കേസിലാണെങ്കില്‍ പോലീസ് അവരില്‍ നിന്ന് പണം പിടുങ്ങാന്‍ പദ്ധതിയിടുകയും എന്നോട് നക്സലൈറ്റായി അഭിനയിക്കാന്‍ ആവശ്യപ്പെടുകയുമാണുണ്ടായത്. ഞാന്‍ നിരസിച്ചപ്പോള്‍ എന്റെ പേരില്‍ ഒരു അറസ്റ് വാറണ്ട് ഉണ്ടെന്നും ഞാന്‍ അവര്‍ക്കു വേണ്ടി അത് ചെയ്തു കൊടുത്താല്‍ അറസ്റ് ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. സര്‍, ജഡ്ജ്, ഒന്ന് ആലോചിച്ചു നോക്കൂ ഈ കാര്യം. ഞാനത് ചെയ്തിട്ടില്ല.
അങ്ങയോട് യാചിച്ചുകൊണ്ട്,
സോനി സോരി. ”

 

സോനി സോരി Image Courtesy: Tehelka


 

രണ്ട് കത്തുകള്‍ക്കിടയില്‍ ഒരു ജീവിതം
എഴുതിയ തീയതി വെച്ചുനോക്കിയാല്‍ , ഏതാനും മാസങ്ങളുടെ വ്യത്യാസമേ ഈ രണ്ട് കത്തുകള്‍ക്കും ഇടയിലുള്ളൂ എങ്കിലും രണ്ട് കത്തുകള്‍ക്കുമിടയിലെ ഭാവദൂരം വളരെയേറെയാണ്. ആദ്യത്തെ കത്തില്‍ ഡെല്‍ഹിയിലെ ജഡ്ജ് സാര്‍ , ഈ കത്ത് കിട്ടിയാലുടന്‍ തനിക്ക് നീതി നേടിത്തരുമെന്ന ഉറച്ച വിശ്വാസം നിറഞ്ഞുനില്‍ക്കുന്നു. ഛത്തിസ്ഗഢ് സര്‍ക്കാരിന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് അതേപടി വിഴുങ്ങാതെ, തന്നെ കൊല്‍ക്കത്തയിലേക്ക് പരിശോധനയ്ക്കയച്ച കോടതിയുടെ നടപടി സോനിയ്ക്ക് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ അളവുകളില്ലാത്തവിധം വിശ്വാസം വര്‍ദ്ധിപ്പിച്ചിരുന്നു .

വീണ്ടും തന്നെ അതേ ഛത്തിസ്ഗഢ് പോലീസിനെ ഏല്‍പ്പിച്ചു കൊടുത്തതില്‍ എന്തോ ഒരു ശ്രദ്ധക്കുറവ് പറ്റിയിരിക്കാം, അതിപ്പോള്‍ തിരുത്താവുന്നതേയുള്ളു എന്ന ശിശുസഹജമായ വിശ്വാസമാണ് ആദ്യത്തെ കത്തില്‍. നീതിന്യായവ്യവസ്ഥ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വ്യവസ്ഥയെ ‘പിതാവാ’യും തന്നെ ‘മകളാ’യുമാണ് സോനി ചിത്രീകരിക്കുന്നത്. ഒരു പിതാവിനോട് പരാതി പറയാനുള്ള സ്വാതന്ത്യ്രവും , തീവ്രവേദനയില്‍ നിന്നുണ്ടാകുന്ന രോഷവുമൊക്കെ കത്തിലെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. ‘മകള്‍’ എന്ന വാക്ക് എത്ര തവണയാണ് ഉപയോഗിച്ചതെന്ന് നോക്കുക. കവിതയെഴുതി ആളുകളെ പറ്റിക്കുന്നതിന്‍റെ ഭാഗമായല്ല , മൂന്ന് പ്രസവിച്ച ഒരു സ്ത്രീ തന്‍റെ ശരീരാന്തര്‍ഭാഗത്തേയ്ക്ക് കല്ലിന്‍ ചീളുകള്‍ നിക്ഷേപിക്കപ്പെടുന്ന അതിതീവ്രവേദനയില്‍ പുളഞ്ഞുകൊണ്ട് രക്ഷയ്ക്കു വേണ്ടി ഒരു ദേശത്തോട് നടത്തുന്ന നിലവിളിപ്രാര്‍ത്ഥനയിലാണ് ഈ ആത്മവിശ്വാസപ്രകടനം ഉണ്ടാകുന്നതെന്ന് കാണണം.

വര്‍ഷങ്ങളുടെ നീളമുള്ള പീഡനമാസങ്ങള്‍ക്ക് ശേഷം വീണ്ടുമിപ്പോള്‍ അവര്‍ സുപ്രീം കോടതിക്ക് ഒരു കത്തയയ്ക്കുമ്പോള്‍ ഭാഷയില്‍ പ്രകാശവര്‍ഷങ്ങളുടെ അന്തരം കടന്നുവരുന്നു. ഒരു മൌനം കൊണ്ട് സൃഷ്ടിക്കാവുന്ന അത്ഭുതമാണിത്. “അങ്ങയുടെ ചരണങ്ങള്‍ സ്പര്‍ശിക്കുന്നു.” ” എന്നെ കേള്‍ക്കാനും, മനസ്സിലാക്കാനും അങ്ങ് സന്നദ്ധത കാട്ടി എന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷകരമായ മറ്റെന്തു കാര്യമാണ് ഇനി സംഭവിക്കാന്‍ ” എന്നിങ്ങനെ ഗ്രാമീണ ഹിന്ദി വാമൊഴിയിലെ അതിശയോക്തിപ്രയോഗങ്ങളിലേയ്ക്കും , നിഗൂഢമായെങ്കിലും ‘ദുരന്ത വിരുദ്ധോക്തി’യിലേക്കും അവരുടെ ഭാഷ താഴ്ന്നുപോകുന്നു. ആദ്യത്തെ കത്തിലെ ‘അച്ഛന്‍ – മകള്‍’ രൂപകപ്രയോഗത്തിന്‍റെ ഛായ പോലുമില്ല . അനര്‍ഹമായി ‘മകള്‍’ എന്ന് പ്രയോഗിച്ചതിന് നിശãബ്ദമായ ഒരു ക്ഷമാപണം പോലും കത്തില്‍ ചേര്‍ത്തുവെച്ചതായി അനുഭവപ്പെടും. ഇടയ്ക്ക് ഒരു ഇന്ത്യന്‍ ‘പൌര’ യുടെ ആത്മാഭിമാനത്തിലേയ്ക്ക് വിനോദയാത്ര നടത്തിയ ആദിവാസിസ്ത്രീ വീണ്ടും ആദിവാസിസ്ത്രീ ആയിത്തീരുന്നു.

ഡെല്‍ഹിയിലെത്തി മാധ്യമപ്രവര്‍ത്തകരോടും മറ്റും സത്യാവസ്ഥ വിശദീകരിച്ചാല്‍ താന്‍ രക്ഷപ്പെട്ടേയ്ക്കും എന്ന സോനി സോരിയുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു . 2011 ഒക്ടോബര്‍ 4ന് രാജ്യതലസ്ഥാനത്ത് വെച്ച് ഡെല്‍ഹി ക്രൈം ബ്രാഞ്ച് സോനിയെ അറസ്റ് ചെയ്ത് ഛത്തിസ്ഗഢ് പോലീസിനെ ഏല്‍പ്പിച്ചു.

 

സ്വാമി അഗ്നിവേശ്, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ക്കൊപ്പം ഡെല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന ലിംഗാ കൊഡോപി. Image Courtesy: The Hindu


 

സോനിയുടെ ‘കുറ്റം’
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പത്രങ്ങളില്‍ വന്ന ഒരു ചെറിയ വാര്‍ത്ത ഇങ്ങനെയായിരുന്നു . ‘ദന്തേവാഡാ മാര്‍ക്കറ്റില്‍ വെച്ച് ലിംഗാ കൊഡോപ്പി എന്ന മാവോയിസ്റ് ഏജന്റിന് 15 ലക്ഷം രൂപ ‘സംരക്ഷണക്കൂലി’യായി കൊടുക്കുന്നതിനിടെ എസ്സാര്‍ ഗ്രൂപ്പ് കോണ്‍ട്രാക്ടറായ ബി. കെ. ലാലയെ പോലീസ് കൈയോടെ പിടികൂടി. രണ്ടു പേരും ഉടന്‍ അറസ്റ് ചെയ്യപ്പെട്ടു. ഈ കൈമാറ്റത്തിലെ മൂന്നാമത്തെ പങ്കാളിയായ സോനി സോരി രക്ഷപ്പെട്ടു.’

ഈ വാര്‍ത്ത കേട്ട്, പോലീസിനു പിടികൊടുക്കാതെ ഒഡീഷാ അതിര്‍ത്തിയില്‍ നിന്ന് സാഹസികമായ രീതിയില്‍ യാത്ര ചെയ്ത് സോനി ഡെല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. തന്റെ മൂന്നുമക്കളെയും ബന്ധുക്കളുടെ വീടുകളിലും ഹോസ്റലിലുമൊക്കെയായി താമസിപ്പിച്ചിട്ടാണ് സോനി നീതി തേടി രാജ്യ തലസ്ഥാനത്തെത്തുന്നത് . മാവോയിസ്റ് എന്ന് ആരോപിക്കപ്പെട്ട് ജയിലിലായിരുന്നു അവരുടെ ഭര്‍ത്താവ് . അച്ഛന്‍, പോലീസിന്‍റെ ചാരന്‍ എന്ന് ആരോപിക്കപ്പെട്ട് മാവോയിസ്റുകളാല്‍ ആക്രമിക്കപ്പെട്ട് ആശുപത്രിയിലും. മരുമകന്‍ ലിംഗാ കൊഡാപ്പി മാവോയിസ്റ് പിടിച്ചുപറിക്കാരന്‍ എന്നു ആരോപിക്കപ്പെട്ട് ഇപ്പോള്‍ പോലീസ് കസ്റഡിയിലും. സോനി തന്നെ മാവോയിസ്റ് ആക്രമണങ്ങളുടെ പേരില്‍ അഞ്ച് കേസുകളില്‍ പ്രതിയാണ്. അവര്‍ അധ്യാപികയായി ജോലിനോക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ പോലീസിന്റെ നിരന്തരമായ ശല്യപ്പെടുത്തല്‍ മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണ്.

പോലീസിനു പിടികൊടുക്കുകയും പിന്നീട് കോടതിയില്‍ കേസ് നടത്തുകയുമാണ് വേണ്ടതെന്ന് ഡെല്‍ഹിയില്‍ ചില സുഹൃത്തുക്കള്‍ സോനിയെ ഉപദേശിച്ചു. ഒരു തെറ്റും ചെയ്യാത്ത തനിക്കെതിരെ ഒരു തെളിവുമില്ലാത്ത പോലീസിന് കീഴടങ്ങാന്‍ സോനി തയ്യാറായിരുന്നില്ല. പോലീസിന്റെയോ, മാവോയിസ്റുകളുടെയോ വെടി കൊണ്ടുമരിക്കുക അല്ലെങ്കില്‍ ജയിലില്‍ നരകിക്കുക എന്ന, മാവോയിസ്റ് മേഖലയിലെ നൂറുകണക്കിന് ആദിവാസികളുടെ വിധി സ്വയം സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല, വിദ്യാസമ്പന്നയായ ഈ യുവതി. തന്റെ കഥ ലോകം അറിയണം എന്ന് അവര്‍ ആഗ്രഹിച്ചു. അതിനാലാണ് അറസ്റ് വാറണ്ടുമായി തൊട്ടുപിന്നാലെയുള്ള ഛത്തീസ്ഗഢ് പോലീസിന് പിടികൊടുക്കാതെ അതിസാഹസികമായി അവര്‍ ഡെല്‍ഹി വരെ യാത്ര ചെയ്തത്. ഡെല്‍ഹിയിലെ തെഹല്‍കയുടെ ഓഫീസില്‍ എത്തുന്നതും ഈ നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലമായാണ്.

എസ്സാര്‍ കോണ്‍ട്രാക്ടര്‍ ലാലയും സോനിയുടെ മരുമകന്‍ ലിംഗായും അറസ്റ് ചെയ്യപ്പെടുന്നതിന് ഒരു ദിവസം മുമ്പ് , 2011 ഒക്ടോബര്‍ 8ന് മങ്കര്‍ എന്ന പോലീസുകാരന്‍ സോനിയെ സമീപിക്കുന്നു. ലാലയെ പിടിക്കുന്നതിന് സഹായിക്കാന്‍ ലിംഗായെ പ്രേരിപ്പിക്കണം എന്നതായിരുന്നു ആവശ്യം. ഒരു മാവോയിസ്റ് ഏജന്റായി അഭിനയിച്ചുകൊണ്ട് ലാലയില്‍ നിന്ന് ‘സംരക്ഷണക്കൂലി’യായി പണം വാങ്ങി അത് പോലീസിനെ ഏല്‍പ്പിക്കുക എന്നതാണ് ലിംഗായെ ഏല്‍പ്പിച്ചദൌത്യം. ലിംഗായെ പറഞ്ഞു സമ്മതിപ്പിക്കുകയാണെങ്കില്‍ സോനിക്കെതിരെ കെട്ടിച്ചമച്ച കേസുകളൊക്കെ പിന്‍വലിക്കാം എന്ന വാഗ്ദാനവും മങ്കര്‍ നല്‍കി.

സോനി ഈ ഓഫര്‍ ശക്തമായി നിരസിച്ചെങ്കിലും മങ്കര്‍ അവരുടെ ഫോണ്‍ പിടിച്ചെടുത്ത് , അതില്‍ നിന്ന് ഒരു പ്രാദേശിക മാവോയിസ്റ് എന്ന വ്യാജേന ലാലയെ വിളിച്ച് സംസാരിക്കുകയാണ് ചെയ്തത്. അടുത്ത ദിവസം സോനിയുടെ അച്ഛന്റെ വീട്ടില്‍ സാധാരണവേഷത്തില്‍ ഒരു കാറിലെത്തിയ ആളുകള്‍ ലിംഗായെ പിടിച്ചുകൊണ്ടു പോയി. സോനി തനിക്ക് പരിചയമുള്ള പോലീസിലേയും, സി.ആര്‍.പി.എഫിലേയും ഉദ്യാഗസ്ഥരെ വിളിച്ചന്വേഷിച്ചപ്പോള്‍ തങ്ങളുടെ ആളുകളല്ല അവരെന്നും ,ഒരു പക്ഷേ ലിംഗായെ തട്ടിക്കൊണ്ടുപോയത് മാവോയിസ്റുകളാവാം എന്നുമുള്ള ഉത്തരമാണ് കിട്ടിയത്.

സോനി വിളിച്ച അതേ പോലീസുദ്യോഗസ്ഥന്‍ ഉമേഷ് സാഹു തന്നെയാണ് ഒക്റ്റോബര്‍ 9ന് ലാലയേയും ലിംഗയേയും ദണ്ഡേവാഡ മാര്‍ക്കറ്റില്‍ അറസ്റ്
ചെയ്തെന്ന് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ മാവോയിസ്റുകള്‍ക്കു വേണ്ടി പണം പിരിച്ചതിന്റെ പേരിലാണ് ലിംഗയെ അറസ്റ് ചെയ്തതെന്നും, സോനി സോരി ഒളിവിലാണെന്നും വാര്‍ത്ത വന്നു. ഇതിനിടെയാണ്, പോലീസിനു പിടികൊടുക്കാതെ സോനി ഡെല്‍ഹിയിലേക്ക് ഒളിച്ച് കടന്നത്.

ഡെല്‍ഹിയിലെ തെഹല്‍ക്ക ഓഫീസില്‍ നിന്ന് മങ്കര്‍ എന്ന ആ പോലീസുകാരനോട് സോനി നടത്തിയ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ലാലയെയും, ലിംഗയേയും അവരവരുടെ വീടുകളില്‍ നിന്നാണ് അറസ്റ് ചെയ്തതെന്നും പണം ലാലയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതാണെന്നും മങ്കര്‍ ഈ ടേപ്പില്‍ തുറന്നുസമ്മതിക്കുന്നുണ്ട്.

 

സോനി ആശുപത്രിയില്‍ Image Courtesy: Mid Day


 

ഇവിടെ ജീവിതം ഒരു ശിക്ഷ
സോനിയേയും, ലിംഗയേയും കുടുക്കാന്‍ ഛത്തിസ്ഗഢ് പോലീസ് ഇത്ര താല്‍പര്യം കാണിക്കുന്നതും , അതിനായി നിയമവിരുദ്ധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും എന്തിനാണ്? ഇത് മനസ്സിലാക്കാന്‍ ഛത്തിസ്ഗഢിലെ ‘യുദ്ധമേഖല’യുടെ സ്വഭാവവും സോനിയുടെയും ലിംഗയുടേയും പശ്ചാത്തലവും അറിയേണ്ടതുണ്ട്. മാവോയിസ്റുകളെയോ, പോലീസിനെയോ ആശ്രയിച്ചുമാത്രം ജീവിക്കാന്‍ കഴിയുന്ന നിരക്ഷരരായ നിശãബ്ദ ആദിവാസിവിഭാഗത്തിന്റേതില്‍ നിന്നും വ്യത്യസ്തമാണ് സോനിയുടേയും, ലിംഗയുടേയും പശ്ചാത്തലം. നല്ല സാമ്പത്തിക സ്ഥിതിയുള്ള, രാഷ്ട്രീയത്തില്‍ സജീവമായ ഒരു കുടുംബമാണ് സോനിയുടേത്. അവരുടെ പിതാവ് മദ്രു റാം സോരി പതിനഞ്ച് വര്‍ഷം പഞ്ചായത്ത് സര്‍പാഞ്ച് ആയിരുന്ന, സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയാണ്. സോനിയുടെ അമ്മാവന്‍ ഒരു മുന്‍ സി.പി.ഐ എം. എല്‍. എ ആണ്. അദ്ദേഹത്തിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. സോനിയുടെ മരുമകന്‍ സത്യം പുറത്ത് പറയാനുള്ള ആയുധം എന്ന നിലയില്‍ നോയിഡയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ജേണലിസം പഠിച്ചിറങ്ങിയ ബുദ്ധിമാനും,ഊര്‍ജ്ജസ്വലനുമായ ഒരു യുവാവാണ്.

ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ചും , അവര്‍ സംസാരിച്ചുതുടങ്ങേണ്ടതിനെക്കുറിച്ചും സ്വതന്ത്രമായ ആശയങ്ങളുള്ള വ്യക്തിയാണ് സോനിയും. ഹിമാന്‍ഷുകുമാറിന്റെ ആശ്രമത്തില്‍ നിന്ന് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ സോനി ഇപ്പോള്‍ ജബേലിയിലെ ആദിവാസികുട്ടികള്‍ക്കു വേണ്ടിയുള്ള ആശ്രമത്തിലെ സര്‍ക്കര്‍ നിയമിച്ച അധ്യാപികയാണ്. പോലീസിന്റെ എജന്റുമാരും ഇന്‍ഫോര്‍മര്‍മാരും ആകാതെയും, മാവോയിസ്റുകളുടെ അനുഭാവികള്‍ ആകാതെയും ആദിവാസിജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക എന്ന നിലപാട് സ്വീകരിച്ചവരാണ് സോനിയും ലിംഗയും.

ആദര്‍ശവാദിയാവുകയും നിഷ്പക്ഷത പുലര്‍ത്തുകയും ചെയ്യുക എന്നത് ഒരു യുദ്ധമുഖത്ത് ഏറ്റവും ദുഷ്കരമായ കാര്യമാണ്. ബിനായക് സെന്നും ,ഹിമാന്‍ഷു കുമാറും പോലെ പലരും തത്വാധിഷ്ഠിതമായ നിഷ്പക്ഷത പുലര്‍ത്തുക എത്ര അപകടകരമാണെന്ന് സ്വന്തം ജീവിതത്തിലൂടെ അറിഞ്ഞിട്ടുള്ളവരാണ്. ദണ്ഡേവാഡാ ജില്ലയില്‍ സോനിയും, ലിംഗയും വസിക്കുന്ന പ്രദേശം പല്‍നാര്‍, സമേലി, ജബേലി, ഗീദാം മാവോയിസ്റുകളുടെ ശക്തികേന്ദ്രമാണ്. ഇടതൂര്‍ന്ന വനങ്ങള്‍ ഉള്ള ഈ മേഖലയില്‍ സി.ആര്‍.പി. എഫ്. ക്യാമ്പും നക്സല്‍ ക്യാമ്പും ഉണ്ട് ; സംശയത്തിന്‍റെയും, ഒളിയാക്രമണങ്ങളുടെയും, കൊലപാതകങ്ങളുടെയും, പ്രതികാരക്കൊലകളുടെയും റേഡിയോ ആക്ടീവ് മേഖലയാണിത്. ഈ പ്രദേശത്ത് ഒന്നുകില്‍ പോലീസിന്റെ അല്ലെങ്കില്‍ മാവോയിസ്റുകളുടെ കൂടെയല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് പോലീസ് ഓഫീസര്‍മാര്‍ വരെ സമ്മതിക്കുന്ന കാര്യമാണ്. ഹിമാന്‍ഷു പറയുന്നു ‘ഈ പ്രദേശത്ത് ജീവിക്കുക എന്നത് തന്നെ ഒരു കുറ്റകൃത്യമായിത്തീരുന്നു. നിങ്ങള്‍ പോലീസിനോടൊപ്പം നിന്നാല്‍ ‘ഒറ്റുകാര്‍’ എന്നു പറഞ്ഞ് മാവോയിസ്റുകള്‍ നിങ്ങളെ കൊല്ലും. നിങ്ങള്‍ മാവോയിസ്റുകളോട് അനുഭാവം പ്രകടിപ്പിച്ചാല്‍ പോലീസിന്റെ നോട്ടപ്പുള്ളിയും ഇരയുമായിത്തീരും.”

 

സോനിയെക്കുറിച്ച തെഹല്‍ക്ക കവര്‍ സ്റ്റോറി Image Courtesy: Tehelka


 

മാവോയിസ്റ്റുകള്‍ക്കും പൊലീസിനുമിടയില്‍
സോനിയും ലിംഗായും ഇത് രണ്ടും ആഗ്രഹിച്ചില്ല. ആദിവാസികള്‍ക്ക് തുല്യമായ പൌരാവകാശങ്ങളും, നിയമവാഴ്ചയും ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ അവകാശങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. കരാറുകാരുടെയും, രാഷ്ട്രീയക്കാരുടെയും , പോലീസിന്റെയും, മാവോയിസ്റുകളുടെയും പിടിയില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും തങ്ങളുടെ വീടും പുരയിടവും സ്വതന്ത്രമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ആദിവാസിത്തൊഴിലാളികളുടെ മിനിമം കൂലി 60 ല്‍ നിന്ന് 120 ആക്കി ഉയര്‍ത്താന്‍ അവര്‍ സമരം ചെയ്തു. ഖനിത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി അവര്‍ സമരം ചെയ്തു . മാവോയിസ്റുകളെ ഇല്ലാതാക്കാന്‍ വേണ്ടി ‘കാട് വെട്ടിത്തെളിക്കല്‍’ പദ്ധതിയുടെ പേരില്‍ അനധികൃതമായ തേക്ക് വ്യാപാരത്തിലൂടെ ഉന്നത പോലീസുദ്യോഗസ്ഥന്മാര്‍ വന്‍തുകകള്‍ കൈക്കലാക്കുന്നതിനെക്കുറിച്ച് അവര്‍ ഒരു വിവാദത്തിനു തിരികൊളുത്തി.

അവരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെയും മാവോയിസ്റുകളുടെയും ശ്രദ്ധ ഒരേ പോലെയാകര്‍ഷിച്ചു. തങ്ങളുടെ കൂടെ ചേരാന്‍ ലിംഗയോട് മാവോയിസ്റുകള്‍ ഒരിക്കല്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതു നിരസിച്ചു. മാവോയിസ്റ് രീതികളെ വിമര്‍ശിച്ചും, അവര്‍ ആദിവാസികള്‍ക്ക് എത്ര ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും വിശദീകരിച്ച് ലിംഗാ ഒരിക്കല്‍ ഗണേഷ റാം ഉകെയ് എന്ന പ്രമുഖ മാവോയിസ്റ് നേതാവിന് കത്തെഴുതുകയുണ്ടായി. സ്വാതന്ത്യ്രദിനത്തില്‍ സോനിയുടെ വിദ്യാലയത്തില്‍ ദേശീയപതാക താഴ്ത്തി തങ്ങളുടെ ചുവപ്പുപതാക ഉയര്‍ത്താനുള്ള മാവോയിസ്റുകളുടെ ശ്രമത്തെ ലിംഗായും സോനിയും എതിര്‍ത്തു.

മാവോയിസ്റുകളുടെ സ്വാധീനത്തില്‍ പെടാതെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സോനിയും ലിംഗായും നടത്തുന്ന സമരങ്ങള്‍ അവര്‍ക്ക് സമീപപ്രദേശങ്ങളിലും സ്വീകാര്യത നേടിക്കൊടുത്തു. പ്രാദേശിക കോണ്‍ഗ്രസ് നേതാവും,കരാറുകാരനുമായ താക്കൂര്‍ അവ്ദേശ് ഗൌതം ഇതോടെ അവരുടെ ശത്രുവായി. സ്കൂള്‍ പണിയാനുള്ള കരാര്‍ സോനി സ്വന്തം നിലയ്ക്ക് നേടിയത് തന്റെ മേഖലയിലേക്കുള്ള കടന്നുകയറ്റമായാണ് അവ്ദേശ് ഗൌതം കണക്കാക്കിയത്.

 

Image Courtesy: Mid Day


 
കുരുക്ക് ഒരുങ്ങിയതിങ്ങനെ
ആദിവാസിവിഭാഗത്തില്‍ നിന്ന് അവകാശങ്ങള്‍ക്കായി ഉയര്‍ന്ന ഈ ശബ്ദം ഇല്ലാതാക്കേണ്ടത് പോലീസിന്റെയും ആവശ്യമായിരുന്നു. മുഴുവന്‍ സമയ പോലീസ് ഇന്‍ഫോര്‍മേഴ്സ് ആകാന്‍ അവര്‍ സോനിയുടെയും ലിംഗായുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തി. 2009 ആഗസ്റ് 30ന് ലിംഗായെ പിടിച്ചുകൊണ്ടു പോയി 40 ദിവസം പോലീസ് സ്റ്റേഷനിലെ ടോയിലെറ്റില്‍ ഇരുത്തി. ലിംഗായുടെ ജ്യേഷ്ഠസഹോദരന്‍ മാസാറാമും ഹിമാന്‍ഷുവും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പരാതിയുടെ ഫലമായാണ് , തങ്ങള്‍ കസ്റഡിയിലെടുത്ത കാര്യം പോലും സമ്മതിക്കാതിരുന്ന പോലീസ് ലിംഗായെ മോചിപ്പിക്കുന്നത്.

എന്നാല്‍ അടുത്ത ദിവസം തന്നെ ഒരു ‘നക്സലൈറ്റിനെ’ മോചിപ്പിക്കാന്‍ നടപടി കൈക്കൊണ്ടു എന്ന പേരില്‍ മാസാറാമിനെ പോലീസ് പിടികൂടി. ഇതിനിടെ, ഹിമാന്‍ഷുവിന്‍റെ ഉപദേശപ്രകാരം ലിംഗാ ഛത്തിസ്ഗഢ് വിട്ട് ഡെല്‍ഹിയിലെത്തി. ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പത്രപ്രവര്‍ത്തകനെന്നനിലയില്‍ ലിംഗ ഡെല്‍ഹിയിലെ വാസകാലം പ്രയോജനപ്പെടുത്തി. പോലീസ് ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലെത്തിക്കാന്‍ ലിംഗാറാമിന് കഴിഞ്ഞു. ലിംഗയെ തിരികെ ഛത്തിസ്ഗഢിലെത്തിക്കാന്‍ പോലീസ് സോനിക്കുമേല്‍ വിവിധ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിച്ചു . സോനിയെയും ലിംഗായെയും നക്സലൈറ്റുകളായി പ്രഖ്യാപിക്കുക എന്നത് പോലീസിന്‍റെ മുന്‍ഗണനകളിലൊന്നായി മാറി.

ആ സമയത്താണ് കരാറുകാരനായ അവ്ദേശ് ഗൌതത്തിനെതിരെ മാവോയിസ്റുകള്‍ വലിയ ഒരാക്രമണം നടത്തിയത്. വീണുകിട്ടിയ ആ കേസില്‍ പൊലീസ് സോനിയെയും ലിംഗയെയും പ്രതി ചേര്‍ത്തു. അധ്യാപികയായ സോനിയെയും ഡെല്‍ഹിയിലായിരുന്ന ലിംഗായെയും ഛത്തിസ്ഗഢ് പോലീസ് മാവോയിസ്റുകളായി ജ്ഞാനസ്നാനം ചെയ്തു. സോനിയുടെ ഭര്‍ത്താവിനെ ജയിലിലുമടച്ചു.

 

സോനിയുടെ പിതാവ് മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ Image Courtesy: Times of India


 

എന്തുകൊണ്ട് സോനി?
ഈ സമയത്ത് സോനിയുടെ പിതാവ് പരിക്കുകളോടെ ആശുപത്രിയിലായിരുന്നു. പോലീസിനു വിവരം ചോര്‍ത്തുന്നു എന്നാരോപിച്ച് മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തിന്റെ ഇര. അദ്ദേഹം പറയുന്നു^’മുന്നില്‍ നിന്നു നക്സലുകളും പിന്നില്‍ നിന്ന് പൊലീസും ഞങ്ങളെ ആക്രമിക്കുകയാണ്. സര്‍ക്കാരിനോട് ദയ കാണിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു- ഞങ്ങളെ കൊന്ന് ഇതൊന്നവസാനിപ്പിക്കൂ’.

സോനി സോരി നക്സലൈറ്റ് ആയി മുദ്രകുത്തപ്പെടുകയും സുപ്രീം കോടതി ഇടപെട്ടിട്ടുപോലും ഒരു സ്ത്രീക്ക് അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റത്തെ പീഡനം അനുഭവിക്കുന്നതിന്‍റേയും കാരണം ഒരു സി. ആര്‍.പി.എഫ്. കമാന്‍ഡര്‍ ഇങ്ങനെ സംഗ്രഹിക്കുന്നു. ‘ആദിവാസികളായ ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷമായ ‘മേല്‍ജാതി’വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് സോനിയെയും ലിംഗായെയും ഉന്നം വെക്കുന്നത്. മുമ്പ് ആദിവാസികള്‍ക്ക് ഒരു ശബ്ദം ഉണ്ടായിരുന്നില്ല . എന്നാല്‍ ഇവര്‍ ആ സ്ഥിതി മാറ്റി. പത്രപ്രവര്‍ത്തകനായ ലിംഗാറാം അവര്‍ക്ക് വലിയ ഒരു ഭീഷണി ആയിരുന്നു . അവരെ തുറന്നുകാട്ടാന്‍ ലിംഗാറാമിനു കഴിയും എന്നവര്‍ക്കറിയാമായിരുന്നു. സ്വന്തം അവകാശം പ്രഖ്യാപിക്കുന്ന ഒരു ആദിവാസി അവര്‍ക്ക് വലിയ ഒരു പ്രശ്നമാണ്. ഒരു ആദിവാസി ശബ്ദം ഉയരില്ല എന്ന് അവര്‍ക്ക് ഉറപ്പുവരുത്തേണ്ടിയിരുന്നു.”

ജില്ലാകലക്ടറുള്‍പ്പെടെ ഉന്നതോദ്യോഗസ്ഥരോടും, പോലീസുകാരോടും പരിചയവും, ബന്ധവുമുള്ള, പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപികയായ ഒരു സ്ത്രീയെ മാവോയിസ്റ് എന്ന് മുദ്രകുത്തി അറസ്റ് ചെയ്യുന്നത് വരെയുള്ള പോലീസ് താല്‍പര്യങ്ങള്‍ മനസ്സിലാക്കാം . തങ്ങളെ പണം തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായിക്കാതിരുന്നതിനോടുള്ള പ്രതികാരവും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല . എന്നാല്‍ പിടിയിലായ ദിവസം തൊട്ട് ഒരു ‘നിര്‍ണ്ണായകവിവര’വും അവരില്‍ നിന്ന് കിട്ടാനില്ല എന്ന് പൂര്‍ണ്ണബോധ്യമുണ്ടായിട്ടും ഇത്ര ഭീകരമായ പീഡനങ്ങള്‍ക്ക് അവരെ വിധേയയാക്കിയതെന്തുകൊണ്ടാണ്?

സോനിക്കെതിരെ ചുമത്തിയ കേസില്‍ ഒരു തരിമ്പു പോലും വാസ്തവമില്ലാത്തതിനാല്‍ ഏതു കോടതിയിലും അത് തള്ളിപ്പോകുമെന്ന് പോലീസിനു നന്നായി അറിയാം . സോനിയ്ക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ ഛത്തിസ്ഗഢ് പോലീസ് പ്രത്യേകമായ ഒരു ശ്രമവും നടത്തുകയുമില്ല . കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഇന്ത്യന്‍ കോടതികള്‍ കാണിക്കുന്ന പ്രസിദ്ധമായ ‘കാലവിളംബ’ത്തിന്‍റെ ഔദാര്യത്തില്‍ തങ്ങള്‍ക്ക് വിട്ടുകിട്ടപ്പെടുന്ന സോനിയെ അക്കാലം കൊണ്ട് ‘കൈകാര്യം ചെയ്യുക’യും , ‘പരുവപ്പെടുത്തുക’യും ചെയ്യുക എന്ന മിനിമം അജണ്ടയാണ് പോലീസിനും, അവര്‍ക്കുപിന്നിലുള്ള വര്‍ഗത്തിനുമുള്ളത്. സ്വതന്ത്രയായാലും ആ സ്ത്രീ നിവര്‍ന്നു നടക്കരുത്, ആ സ്വരം ഉയരരുത്. അത്ര കുഴപ്പം പിടിച്ചതാണാ സ്വരം.

സ്വന്തമായ ഒരു ശബ്ദമുണ്ടായിപ്പോയതാണ് സോനി സോരിയുടെ കുറ്റം. സ്വന്തമായി ഒരു ശബ്ദമുള്ള , വിദ്യാസമ്പന്നയായ ഒരു ആദിവാസിസ്ത്രീ , അവര്‍ മൂന്നു കുട്ടികളുടെ അമ്മയായാല്‍ പോലും , തന്‍റെ ജനനേന്ദ്രിയത്തിലേയ്ക്ക് ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യവ്യവസ്ഥയുടെ കരിങ്കല്‍ച്ചീളുകളെ ആകര്‍ഷിക്കുന്നു !

(20011 സെപ്റ്റംബറില്‍ സോനിയുമായി നടത്തിയ അഭിമുഖത്തിന് തെഹല്‍ക്കയോട് കടപ്പാട്)
 
 

 
 
അടിയില്‍ കുറിക്കുന്നത്
1. “വാക്കാലോ ,രചനകളാലോ, ചിഹ്നങ്ങളാലോ,ദൃശ്യങ്ങളാലോ സര്‍ക്കാരിനെതിരെ വിദ്വേഷം വളര്‍ത്തുന്നത് കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷാനിയമ (ഐ.പി.സി.) വകുപ്പ് 124 എ കാലഹരണപ്പെട്ടതോ, അഭിപ്രായസ്വാതന്ത്യ്രത്തിനു വിരുദ്ധമോ അല്ലെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭയില്‍ പറഞ്ഞു. (ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ‘വിമത’ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ നിര്‍മ്മിച്ച) രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 124 എ(വകുപ്പ്) ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സി.പി.ഐ യിലെ ഡി. രാജ അവതരിപ്പിച്ച സ്വകാര്യബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി. ക്രിമിനല്‍ നിയമങ്ങള്‍ ‘സമഗ്രമായി’ ഭേദഗതി ചെയ്യുമെന്ന ഉറപ്പിന്റെ പശ്ചാത്തലത്തില്‍ ബില്‍ പിന്‍വലിക്കുന്നതായി രാജ വ്യക്തമാക്കി.

ആദിവാസിയായിരിക്കുകയും, സ്ത്രീയായിരിക്കുകയും , സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരിക്കുകയും,ജയിലിനു വെളിയിലായിരിക്കുകയും ചെയ്യാന്‍ ഒരാള്‍ക്ക് നീണ്ട ഒരുപാട് പകല്‍വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതുണ്ടെന്ന് സാരം.

2. സോനി സോരിയുടെ ശരീരത്തില്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിച്ച അങ്കിത് ഗാര്‍ഗ് എന്ന പൊലീസ് ഉദ്യോഗസ്ഥന് , മാവോയിസ്റുകള്‍ക്കെതിരെ നടത്തിയ ധീരമായ ഓപ്പറേഷന്‍റെ പേരില്‍ ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ സമ്മാനിക്കപ്പെട്ടപ്പോള്‍ അടിച്ച ഒരു കയ്യടിയുടെ കടം നമുക്ക് ബാക്കിയുണ്ട്.

 
 
 
 

9 thoughts on “ചോര കലങ്ങിയ രണ്ട് കത്തുകള്‍ക്കിടയില്‍ സോനി സോരിയുടെ ജീവിതം

 1. മലയാളം പത്രങ്ങള്‍ ഇതൊന്നും അറിഞ്ഞ മട്ടുതന്നെയില്ല. നാലാമിടത്തിനും ലേഖകനും നന്ദി. [വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യം.. ഇംഗ്ലീഷ് വഴി വരുന്നതുകൊണ്ടാണ് ഇവരുടെ പേര് മലയാളത്തില്‍ സോണി സോരി ആവുന്നത് എന്ന് തോന്നുന്നു — ഹിന്ദി കത്തില്‍ ഒപ്പിട്ടിട്ടുള്ളത് सोनी सोढ़ी (സോനി സോഢി) എന്നാണ്.]

 2. ശരിയാണ്‌.., ‘സോഢി’ എന്നു തന്നെയാണ്‌ ഉച്ചാരണം.

 3. സോണിയുടെ അനുഭവം വായിക്കുമ്പോള്‍, ഒരു വേള ഫിക്ഷനോ എന്ന് ശങ്കിച്ച് പോകുന്നു. ഇതൊക്കെയും കളവായിരിക്കട്ടെ എന്ന് വൃഥാ മോഹിച്ചു പോകുന്നു. ഇതിനകം മാധ്യമങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സവിശേഷശ്രദ്ധ നേടിയ, സുപ്രീംകോടതി വരെ ഇടപെട്ട ഒന്നായിരുന്നിട്ടും സോണിക്ക് നേരെ പീഡനപര്‍വ്വം തുടരാന്‍ എന്താണ് ഇവരെ ധൃഷ്ടരാക്കുന്നത്?????????????????????????

 4. നമ്മള്‍ ജീവിക്കുന്നത് ഏതു യുഗത്തിലാണ്…സംസ്കാരത്തിന്റേയും ദീനാനുകമ്പയുടേയും വിളനിലമെന്ന് ഉദ്ഘോഷിക്കുന്ന ഭാരത മണ്ണിലാണോ ഇതൊക്കെ സംഭവിക്കുന്നത്…ഇനിയും സൂര്യ വെളിച്ചം എത്താത്ത വടക്കന്‍ സം സ്ഥാനങ്ങളിലെ ഭരണഘടനക്ക് നീതി ന്യായ വ്യവസ്ഥിതിക്ക് വെല്ലുവിളിയുമായ് ആരെങ്കിലും പിറവിയെടുക്കാനാണോ ബഹുമാനപ്പെട്ട ഇന്ത്യന്‍ ന്യായപീഠം കാത്തിരിക്കുന്നത്..ചുരുങ്ങിയ പക്ഷം സോനി ഒരു സ്ത്രീയാണെന്ന കാര്യമെങ്കിലും പരിഗണിക്കണമെന്നു ഒരിന്ത്യന്‍ പൌരയെന്ന നിലയില്‍ ഞാനും ന്യായാപീഠ ദേവതയോട് കെഞ്ചുന്നു…ഇനിയും കണ്ണ് കെട്ടി ന്യായത്തെ കാണാതിരിക്കരുതേ…

 5. വീണ്ടും സ്വാതന്ത്ര്യ ദിന പുലരി ആഘോഷിക്കാനിരിക്കെ ‘സ്വതന്ത്ര’ ഇന്ത്യയിലെ നടുക്കുന്ന ഈ അസ്വാതന്ത്ര്യം വായിക്കപ്പെടാതെ പോകുന്നു ! നന്ദി ഉദയ് കിരണ്‍

 6. വീഡിയോ മുഴുവനും കണ്ടു, കേട്ടു. ശിരസ്സു കുനിയുകയാണു.. വിദ്യാഭ്യാസമുള്ള ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍, സത്യം പുറത്തു കൊണ്ടു വന്നില്ലെങ്കില്‍ പല ആദിവാസികളും ഇനിയും സഹിക്കേണ്ടിവരും എന്ന ഓര്‍മ്മയിലാണവര്‍ യുദ്ധം ചെയ്യുന്നത്.. നമ്മളെല്ലാം എന്താണു ചെയ്യുന്നത്..
  ഇങ്ങനെ പോലീസ് മെഡലുകള്‍ വാങ്ങുന്നവര്‍ക്കുള്ള കയ്യടികള്‍ക്കുള്ള കടം എങ്ങനെയാണു വീട്ടേണ്ടത്…?

  അറിയേണ്ടതിനെ അറിയിക്കുന്ന ഈ എഴുത്തിനു നമസ്കാരം, ഉദയ് കുമാര്‍.

 7. അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം കോടതിയിലേക്ക് കൊണ്ടുവന്ന c k ജാനു വിന്റെ നീര് കെട്ടി വീര്‍ത്ത മുഖം ആലോചിച്ചു പോകുന്നു. ഭരണകൂടവും കോര്‍പ്പറേറ്റ് മൈനിംഗ് കമ്പനികളും naxalites എന്ന് സ്വയം വിളിക്കുന്ന ഗുണ്ടകളും.. this woman, who chose to stand up against the greed of this mafia, defending her people, for their right to live as human beings in their homeland, deserves even the last drop of solidarity inside our hearts. she is the symbol of political will of the adivasi struggle. i desperately hope soon there is enough pressure for her release.. and i m aware that each of these passing hours means pain, torture and humiliation for her..

Leave a Reply

Your email address will not be published. Required fields are marked *