മന്‍മോഹന്‍ സിങിനെ കാത്തിരിക്കുന്നത്

 
 
 
 
കല്‍ക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എങ്ങോട്ടേക്കാണ് നീങ്ങുന്നത്? അനില്‍ വേങ്കോട് എഴുതുന്നു

 
 

പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശങ്ങള്‍ ഒഴിഞ്ഞാല്‍ മന്‍മോഹന്‍സിംഗിനെ ഒന്നും രക്ഷിക്കുമെന്ന് തോന്നുന്നില്ല. ബാബറി മസ്ജിദ് വിഷയത്തില്‍ സര്‍വ്വാപരാധവും നരസിംഹറാവുവിന്റെ തലയില്‍ കെട്ടിവച്ച് കോണ്‍ഗ്രസ്സ് കൈകഴുകിയതു പോലെ പാണ്ഡിത്യം മൌനം കൊണ്ടലങ്കരിച്ച മന്‍മോഹന്‍സിംഗിനെ കൈവിട്ടുകളയാന്‍ അവര്‍ക്കാകുമോ?

ആദിവാസികളില്‍ നിന്നും നിസ്വരായ ഗ്രാമീണരില്‍ നിന്നും വായുവും വെള്ളവും മണ്ണും തട്ടിപ്പറിച്ച് കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ കാണിക്കവെച്ച ജാധിപത്യത്തിന്റെ ഈശ്വരന്മാര്‍ക്ക് തങ്ങളുടെ ഗുരുവിനെ ബലി നല്‍കാനാകുമോ? ഉദാരവല്‍കരണത്തിന്റെ മുതലാളിത്ത താല്‍പര്യങ്ങള്‍ അങ്ങനെ നടന്നാല്‍ കണ്ട് നില്‍ക്കുമോ? ചിദംബരം പറയുന്നപോലെ ഇത് ‘ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടാണ്’ . ഇന്ത്യയുടെ സകല പച്ചപ്പും പ്രകൃതിയും വേട്ടയാടി പിടിക്കാനുള്ള തെക്കോട്ടിറക്കം-അനില്‍ വേങ്കോട് എഴുതുന്നു

 

 

അടുത്തിടെ ‘ബ്യൂട്ടിഫുള്‍ ‘ എന്ന മലയാള സിനിമ കണ്ടിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന മലപ്പുറത്തുകാരന്‍ സ്നേഹിതന്‍ ചോദിച്ചു ” ഈ സിനിമയില്‍ കൊള്ളയാരാണ്?”

അനില്‍ വേങ്കോട്


വില്ലനെ നേരിട്ട് തിരിച്ചറിയാനാവാതെ ഉഴലുകയായിരുന്ന അദ്ദേഹത്തിന്റെ സംശയത്തിനു സമാനമായ ഒന്ന് കഴിഞ്ഞ ഒരു മാസക്കാലമായി ഇന്ത്യാ രാജ്യം മുഴുവനും പങ്കുവയ്ക്കുകയാണ്. കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കല്‍ക്കരി ഖനനാനുമതിയോടെ പാടങ്ങള്‍ നല്‍കിയ വകയില്‍ 186,000 കോടി രൂപയുടെ അഴിമതിയാണ് സ്വന്തം പിടിച്ചുപറിക്കും അത്യാചാരങ്ങള്‍ക്കും അവകാശം കൊടുക്കുന്ന രാഷ്ട്രീയ തസ്കരന്മാര്‍ നടത്തിയത്. ഈ കൊള്ളയുടെ പ്രഭവകേന്ദ്രമേത്? സഹസ്രകോടികള്‍ വിദേശ കടബാധ്യതയുള്ള രാജ്യത്തിന്റെ ദരിദ്ര ഖജനാവിലേയ്ക്ക് വന്നുചേരേണ്ട ഈ ഭീമന്‍ തുക പോയൊളിച്ച പത്തായങ്ങള്‍ ഏത് മച്ചിലാണ്? അഴിമതികളുടെ മാതാവ് എന്ന് ഇതിനോടകം ചരിത്രം നാമകരണം ചെയ്ത കല്‍ക്കരി വിവാദത്തില്‍ ഇന്ദ്രപ്രസ്ഥവും രാഷ്ട്രീയ അന്തപ്പുരങ്ങളും പുകയുകയാണ്.

 

 

പുകയുന്ന കല്‍ക്കരി
ലോകത്തിലെ കൂറ്റന്‍ കല്‍ക്കരി ശേഖരങ്ങള്‍ക്കുടമയായ ഇന്ത്യയില്‍ കല്‍ക്കരി ഖനനത്തിനു രണ്ടേകാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. 1774ല്‍ ഈസ്റ് ഇന്ത്യാ കമ്പനിയാണ് ഇവിടെ ഖനനം ആരംഭിച്ചത്. 1973ല്‍ ഇന്ദിരാ ഗാന്ധി കല്‍ക്കരി ഖനനം പൂര്‍ണ്ണമായി ദേശസാല്‍ക്കരിച്ചു. 76ല്‍ സ്റീല്‍ ഉല്പാദന മേഖലയ്ക്കായി ഇതില്‍ നേരിയ ഇളവു വരുത്തി , 93 ആയപ്പോള്‍ ഊര്‍ജ്ജോല്പാദന മേഖലയില്‍ കൂടി ഖനാനാനുവാദം നല്‍കി. 96ല്‍ സിമന്റ് നിര്‍മ്മാണവും ഉള്‍പ്പെടുത്തി ഇളവ് വ്യാപിപ്പിച്ചു. ഇക്കാലയളവില്‍ 80% പാടങ്ങളും പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ അധീനതയിലായിരുന്നു.

2004ല്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനേ കല്‍ക്കരി ഖനനത്തില്‍ ചില നയവ്യതിയാനങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. പത്താം പഞ്ചവത്സര പദ്ധതിയുടെ സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഊര്‍ജ്ജമേഖലയില്‍ കൂടുതല്‍ വളര്‍ച്ച ആവശ്യമാണെന്നും അതിനു കൂടുതല്‍ താപനിലയങ്ങള്‍ക്കായി വന്‍ തോതില്‍ കല്‍ക്കരി ഖനനം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു .

സര്‍ക്കാരിനു നേരിട്ടു നിയന്ത്രിക്കാവുന്ന കോള്‍ ഇന്ത്യാ ലിമിറ്റഡ് വഴി കൂടുതല്‍ ഖനനത്തിനു മുതിരാതെ സ്വകാര്യ മേഖലയില്‍ പാടങ്ങള്‍ നല്‍കുകയാണുണ്ടായത്. ഇങ്ങനെ 2004ല്‍ ആരംഭിച്ച ഖനന കഥയാണ് പാര്‍ലമെന്റിനേയും തുരന്ന് ലോകം കണ്ട ഭീമന്‍ അഴിമതിയുടെ ആകാരം പൂണ്ട് നില്‍ക്കുന്നത്. 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലെ പാടങ്ങളുടെ വിതരണ ഇടപാട് പരിശോധിച്ച കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ് ഖജനാവില്‍ വന്നുചേരേണ്ട 33.67 ബില്യന്‍ യു എസ്സ് ഡോളറിനു തുല്യമായ തുക സ്വകാര്യ കുത്തകകള്‍ അപഹരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇത് പാര്‍ലമെന്റില്‍ വയ്ക്കാതെ വച്ചുതാമസിപ്പിക്കുകയായിരുന്ന മന്‍ മോഹന്‍ സര്‍ക്കാറിനെ വെട്ടിലാക്കി റിപ്പോര്‍ട്ട് ചോര്‍ന്നു.

 

 

നിരാലംബര്‍ക്ക് മരണം, കോര്‍പറേറ്റുകള്‍ക്ക് ലാഭം
ഒഡീഷ, ചത്തീസ്ഗഢ്, ജാര്‍ഘണ്ഡ്, ബീഹാര്‍ , പശ്ചിമ ബംഗാള്‍ , ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക എന്നിങ്ങനെ ഇന്ത്യയുടെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കല്‍ക്കരി ധാതു ഖനന മേഖലകളില്‍ നിന്ന് കുടിയിറക്കപ്പെട്ടത് ലക്ഷക്കണക്കിനു ആദിവാസികളും ദലിതരുമാണ്. ‘മാവോയിസ്റുകള്‍ ‘ എന്ന ഒറ്റ വിളികൊണ്ട് ഈ മനുഷ്യരുടെ നേര്‍ക്കുള്ള ഭരണകൂട ആക്രമണങ്ങളെ ലഘൂകരിച്ച ഇന്ത്യന്‍ മധ്യവര്‍ഗ്ഗം ‘വിധി കല്‍പിതമാണു തായേ’ എന്ന മട്ടില്‍ കിടന്നുറങ്ങി.

‘ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്’ എന്ന് പി .ചിദംബരം പേരിട്ടുവിളിക്കുന്ന ഈ വേട്ടയില്‍ ഏതാനും ആഴ്ചമുമ്പ് ഒരു ഗ്രാമത്തെയാണ് തോക്കിനിരയാക്കിയത്. ആയുധധാരികളെന്ന് മുദ്രകുത്തി, പട്ടിണി തിന്ന് ജീവിക്കുന്ന കുട്ടികളടക്കമുള്ള നിരാലംബരെ വെടിവച്ചിട്ടപ്പോള്‍ മനുഷ്യാവകാശങ്ങളുടെ പൊന്‍ തിടമ്പേന്തിയ മഹാഹൃദയങ്ങളൊന്നും നടുങ്ങിയില്ല. നൂറുകണക്കിനു ധാരണാപത്രങ്ങളാണ് വിവിധ ധാതുക്കളുടെ ഖനനത്തിനായി സര്‍ക്കാര്‍ ഒപ്പിട്ടത്. പാര്‍ലമെന്റിനു മുമ്പില്‍ പോലും വയ്ക്കാതെ ഇന്ത്യയുടെ പ്രകൃതി വിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കിയ ഗൂഡാലോചനയുടെയും അഴിമതികളുടെയും വിശ്വരൂപം ഈ സി എ ജി റിപ്പോര്‍ട്ടിലൂടെയും പുറത്തുവന്നിട്ടില്ല.

സ്വാഭാവിക ജീവിതാവസ്ഥകളില്‍ ജീവിക്കാന്‍ ആദിവാസികള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ കുറിച്ചും അവ ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെകുറിച്ചും ഈ ഘട്ടത്തില്‍ പോലും ആരും സംസാരിക്കുന്നുമില്ല. പിന്നെയോ, പാര്‍ലമെന്റ് സ്തംഭിക്കുന്നതിലെ നഷ്ടം ഗണിക്കുകയാണ് നമ്മള്‍ . മുടങ്ങുന്ന പാര്‍ലമെന്റ് വരുത്തിവയ്ക്കുന്ന നഷ്ടത്തെകുറിച്ചുള്ള വാര്‍ത്തകേട്ട ഒന്‍പതാം ക്ലാസ്സുകാരന്‍ എന്നോട് ചോദിച്ചത്, ഒരു ദിവസം പാര്‍ലമെന്റ് കൂടിയാല്‍ എത്ര ലാഭം കിട്ടുമെന്നാണ്! അങ്ങനെ ലാഭം തരുന്ന ബിസ്സിനസ്സാണെങ്കില്‍, എല്ലാ ദിവസവും കൂടി ഇന്ത്യന്‍ ഖജനാവിനു നേട്ടമുണ്ടാക്കരുതോ എന്നാണ് അവന്റെ ചോദ്യം!

 

 

അഴിമതിയുടെ സര്‍ക്കസ് കൂടാരം
മന്‍മോഹന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഴിമതിയാരോപിതരായ മന്ത്രിമാരുടെ എണ്ണം ചെറുതല്ല. മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും മാറി മാറി അവരോധിതനായ പ്രധാനമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ പി ചിദംബരം അടക്കം ഗൌെരവമായ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമായി. മന്‍മോഹന്‍ സിംങിന്റെ ക്യാബിനറ്റില്‍ നിന്ന് നേരെ തീഹാര്‍ ജയിലേയ്ക്ക് പോയവരും കുറവല്ല. എന്നിട്ടും ഇതെല്ലാം ഏതോ സനാതന നൈരന്തര്യമാണെന്ന ഭാവേന മുന്നോട്ട് പോവുകയായിരുന്നു പ്രധാനമന്ത്രി.

ഇപ്പോള്‍ തന്റെ വകുപ്പില്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സംഭവിച്ചിരിക്കുന്നു. രാഷ്ട്രീയ മര്യാദയുള്ള ഏതൊരാളും അധികാരം വച്ചൊഴിഞ്ഞ് നിഷ്പക്ഷമായ ഒരന്വേഷണത്തെ നേരിടേണ്ടതാണ്. പകരം മന്‍മോഹന്‍ സിങും കോണ്‍ഗ്രസും നടത്തുന്നത് ഹീനമായ പ്രത്യാരോപണങ്ങളുടെ മഷികലക്കി രക്ഷപ്പെടാനുള്ള ശ്രമമാണ്. വര്‍ഷങ്ങള്‍ നീണ്ട സത്യസന്ധമായ ഔദ്യോഗിക ജീവിതം കൈമുതലുള്ള സി എ ജി വിനോദ് റായിയെ കുറ്റാരോപിതനാക്കാനും അദ്ദേഹത്തില്‍ കക്ഷിരാഷ്ട്രീയ നിറം അടിച്ചേല്‍പ്പിക്കാനും ശ്രമം നടക്കുന്നു. കോണ്‍ഗ്രസ് വക്താക്കള്‍ ഈ ഇടപാടിനെ കുറിച്ച് പറയുന്നത്, ഇതൊരു ‘ സീറോ ലോസ് ഡീല്‍’ ആണെന്നാണ്. സി എ ജി പറഞ്ഞിട്ടുള്ള കണക്കുകള്‍ കല്‍പിതങ്ങളാണെന്നും ഖജാനയ്ക്ക് നഷ്ടം വന്നിട്ടില്ലായെന്നുമാണവരുടെ വാദം.

 

 

അന്നും പറഞ്ഞു, മുട്ടുന്യായം
2ജി വിവാദം മുറുകുന്ന വേളയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും അവസരം നിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രിയും അന്നത്തെ വാര്‍ത്താ വിതരണവകുപ്പ് മന്ത്രി കപില്‍ സിബലുമെല്ലാം പറഞ്ഞത് 2 ജി ഇടപാട് ഒരു ‘ സീറോ ലോസ്സ് ഡീല്‍’ ആണെന്നാണ്. സുബ്രഹ്മണ്യം സ്വാമി ഫയല്‍ ചെയ്ത ഒരു പൊതുതാല്പര്യ ഹരജിയില്‍,2008ല്‍ രാജ നല്‍കിയ 2ജി ലൈസന്‍സുകള്‍ ഭരണഘടനാ വിരുദ്ധവും ചട്ടലംഘനവും ആണെന്ന് 2011 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി വിധിച്ചു. അതുവരെ കോണ്‍ഗ്രസും പ്രധാനമന്ത്രിയും നഷ്ടമുണ്ടായില്ല എന്ന നിലപാടിലായിരുന്നു.

കോടതിയുത്തരവിനെ തുടര്‍ന്ന് രാജ രാജിവച്ചു. തുടര്‍ന്ന് സി ബി ഐ നടത്തിയ അന്വേഷണങ്ങളില്ലുടെ പുറത്തുവന്ന ഗൂഡാലോചനയുടേയും അഴിമതിയുടേയും കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്.സി ബി ഐ യെ നേര്‍വഴിക്ക് അന്വേഷിക്കാന്‍ നിര്‍ബന്ധിതമാക്കിയ വാര്‍ത്തകളുടെയും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെയും ധര്‍മ്മങ്ങള്‍ ഇവിടെ സ്മരണീയമാണ്. രാജയും കരുണാനിധിയുടെ മകള്‍ കനിമൊഴിയും അടക്കം നിരവധിപേര്‍ ജയിലായി. കോടതി നിര്‍ദ്ദേശപ്രകാരം ഇക്കഴിഞ്ഞ ആഗസ്റ് മൂന്നിനു പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 2ജി ലൈസന്‍സ് ലേലം ചെയ്തപ്പോള്‍ അന്നത്തെ സി എ ജിയുടെ കണക്കുകള്‍ കല്‍പിതങ്ങളയിരുന്നില്ല എന്ന് തെളിയുകയും ചെയ്തു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ 2 ജി ലൈസന്‍സുകള്‍ നല്‍കിയ വിധമാണ് കല്‍ക്കരി പാടങ്ങളും നല്‍കിയിട്ടുള്ളത്. നഷ്ടം 2 ജിയെക്കാള്‍ ഭീമവും. ദളിതനും തെക്കേ ഇന്ത്യക്കാരനുമായ രാജയ്ക്ക് നേരേ ചൂണ്ടിയ വിരലുകള്‍ മന്‍മോഹനു നേരെ നീളാത്തതെന്തേ?

പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശങ്ങള്‍ ഒഴിഞ്ഞാല്‍ മന്‍മോഹന്‍സിംഗിനെ ഒന്നും രക്ഷിക്കുമെന്ന് തോന്നുന്നില്ല. ബാബറി മസ്ജിദ് വിഷയത്തില്‍ സര്‍വ്വാപരാധവും നരസിംഹറാവുവിന്റെ തലയില്‍ കെട്ടിവച്ച് കോണ്‍ഗ്രസ്സ് കൈകഴുകിയതു പോലെ പാണ്ഡിത്യം മൌെനം കൊണ്ടലങ്കരിച്ച മന്മോഹന്‍ സിംഗിനെ കൈവിട്ടുകളയാന്‍ അവര്‍ക്കാകുമോ?

ആദിവാസികളില്‍ നിന്നും നിസ്വരായ ഗ്രാമീണരില്‍ നിന്നും വായുവും വെള്ളവും മണ്ണും തട്ടിപ്പറിച്ച് കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ കാണിക്കവെച്ച ജാധിപത്യത്തിന്റെ ഈശ്വരന്മാര്‍ക്ക് തങ്ങളുടെ ഗുരുവിനെ ബലി നല്‍കാനാകുമോ? ഉദാരവല്‍കരണത്തിന്റെ മുതലാളിത്ത താല്‍പര്യങ്ങള്‍ അങ്ങനെ നടന്നാല്‍ കണ്ട് നില്‍ക്കുമോ? ചിദംബരം പറയുന്നപോലെ ഇത് ‘ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടാണ്’ . ഇന്ത്യയുടെ സകല പച്ചപ്പും പ്രകൃതിയും വേട്ടയാടി പിടിക്കാനുള്ള തെക്കോട്ടിറക്കം.

 

വിനോദ് റായി


 

വാല്‍ കഷണം
1999. നായനാര്‍ കേരള മുഖ്യമന്ത്രിയായിരുന്നകാലം. ധനകാര്യമന്ത്രിയായിരുന്ന ശിവദാസമേനോന്‍ ഉദ്യോഗസ്ഥസംഘത്തോടൊപ്പം ബഹ്റൈന്‍ സന്ദര്‍ശിച്ചു. ധനകാര്യ സെക്രട്ടറി വിനോദ് റായി (ഇന്നത്തെ സി എ ജി )ആയിരുന്നു ഉദ്യോഗസ്ഥ സംഘത്തലവന്‍. തൊഴിലാളി വര്‍ഗ്ഗ നേതാവ് ബഹ്റൈന്‍ സന്ദര്‍ശിച്ചതില്‍ പുളകിതരായ, അദ്ധ്വാനിക്കുന്ന പ്രവാസി വര്‍ഗ്ഗം വിപ്ലവനേതാവിനു സ്വീകരണങ്ങളൊരുക്കി ഓടിനടന്നു. ഇതെല്ലാം നിശബ്ദം വീക്ഷിച്ച് അനുഗമിക്കുകയായിരുന്ന വിനോദ് റായി പോകാന്‍ നേരം ഇവിടെ അടുപ്പം തോന്നിയ ചില മലയാളി സുഹൃത്തുക്കളോട് ചോദിച്ചു ‘നിങ്ങള്‍ കരുതുന്നുണ്ടോ ഇദ്ദേഹം ഒരു കമ്മ്യൂണിസ്റാണെന്ന്? മറ്റെന്തെല്ലാം ആണെങ്കിലും അദ്ദേഹം ഒരു കമ്മ്യൂണിസ്റല്ലായെന്ന് എനിക്കറിയാം’.

ഒരു പാലക്കാടന്‍ പ്രമാണിയില്‍ നിന്നും കമ്മ്യൂണിസ്റുകാരനിലേയ്ക്കുള്ള ദൂരം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനുള്ള വിവേകം ആ സിവില്‍ സര്‍വ്വീസുകാരനില്‍ അന്നേ ഒളിഞ്ഞുകിടന്നിരുന്നത് ഓര്‍മ്മിക്കുന്ന ചില പഴയ പ്രവാസികളുണ്ട് ഇവിടെ. വിനോദ് റായിയെപ്പോലെ ധൈര്യശാലികളായ സത്യസന്ധരുടെ മുമ്പില്‍ ചിലപ്പോള്‍ തമസ്സിന്റെ പര്‍വ്വതങ്ങള്‍ തകര്‍ന്നു വീണിട്ടുണ്ട്.
 
 
 
 

5 thoughts on “മന്‍മോഹന്‍ സിങിനെ കാത്തിരിക്കുന്നത്

  1. ‘നിങ്ങള്‍ കരുതുന്നുണ്ടോ ഇദ്ദേഹം ഒരു കമ്മ്യൂണിസ്ററാണെന്ന്? മറ്റെന്തെല്ലാം ആണെങ്കിലും അദ്ദേഹം ഒരു കമ്മ്യൂണിസ്ററല്ലായെന്ന് എനിക്കറിയാം’.

    ഹഹഹ! എതൊരു പാലക്കാട്ടുകാരനും അറിയാം; ആന്ധ്യം ബാധിക്കാത്ത കമ്യൂണിസ്റ്റുകാരനും. ഇപ്പോള്‍ പാര്‍ട്ടിയില്‍ തഴച്ചുവളര്‍ന്ന് വിളവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഇനത്തിന്റെ ആദ്യകാല വിത്തുതൈ!

  2. എല്ലാവര്ക്കും അവരവരുടെ നിലനില്പിനാണ് പ്രാമുഖ്യം കൊടുകുന്നത്. അതിനു എന്ത് തരം താണ പരിപാടിക്കും കൂട്ട് നില്കും. അത് ഇടതെന്നോ വലതെന്നോ ഇല്ല.

  3. ഫ്യൂഡല്‍ സമ്പന്നതയുടെ സൌഭാഗ്യങ്ങളിലേക്ക് ജനിച്ചു വീണ സഖാവ് ശിവദാസ മേനോന് അതേ പാലക്കാടന്‍ പ്രമാണിത്തത്തിലേക്ക് തിരിച്ചു പോകാന്‍ കമ്മ്യൂണിസ ത്തിലൂടെ കയറി ഇറങ്ങേണ്ടത്‌ ഇല്ല . ഇത്തരം ജല്പനങ്ങള്‍ എല്ലാ കമ്മ്യൂണിസ്റ്റ് കാരെ ക്കുറിച്ചും എല്ലാ കാലങ്ങളിലും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *