കുഴൂര്‍ വിത്സന്റെ പല ജമ്മങ്ങള്‍

 
 
 
 
കുഴൂര്‍ വിത്സന്റെ കവിതകളിലൂടെ, പല ജന്മങ്ങളിലൂടെ ഒരു സര്‍ഗാത്മക സഞ്ചാരം. വി.കെ.സുബൈദ എഴുതുന്ന പഠനം
 
 
ഓണ്‍ലൈന്‍ മലയാളത്തിന്റെ സ്വന്തം കവി കുഴൂര്‍ വിത്സന്റെ പുതിയ കവിതാ സമാഹാരം നവംബര്‍ ഏഴിന് കൊച്ചിയില്‍ ഡി.സി ബുക്സ് പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യുന്നു. പുതുകവിതയുടെ ആഴങ്ങള്‍ സമഗ്രമായി തിരിച്ചറിഞ്ഞ പ്രമുഖ നിരൂപക വി.കെ.സുബൈദ, വിത്സന്‍ കവിതകള്‍ക്ക് എഴുതുന്ന പഠനം നാലാമിടം പ്രസിദ്ധീകരിക്കുന്നു. ‘കറുപ്പിനെ നീറ്റി നീറ്റി പച്ചയാക്കുന്ന വിധം’ എന്ന തലക്കെട്ടിലാണ് ഈ അവതാരിക സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത്.

“…പൊതുവേ പ്രവാസകവിതയില്‍ നിറയുന്ന ആള്‍ സഞ്ചാരം വിത്സന്റെ കവിതയിലില്ല എന്നത് അതിനെ വേറെയാക്കുന്നു. വില്ല, അതിലെ മുറി, തൊഴില്‍ (വാര്‍ത്ത വായിക്കല്‍), തൊഴിലിടം ഇങ്ങനെ വളരെ ചെറിയ ലോകം. ഇവയ്ക്കിടയില്‍ ഒരു തെരുവുണ്ട്. ആളുകള്‍ ഈ വഴി നടക്കാറില്ല. രണ്ട് വശത്തും മരങ്ങള്‍, പ്രത്യേകിച്ച് ആര്യവേപ്പ്. മണല്‍ക്കാടിന്റെ ഉള്ളുകള്ളികളത്രയും അറിയുന്നതിനാല്‍ അതിനോട് പൊരുത്തപ്പെടുന്ന മരമാണത്. വന്നോളൂ, നിന്നോളൂ, പൊക്കോളൂ എന്ന് നിസ്സംഗമായിനിന്ന് അവ പ്രവാസജീവിതത്തെ നരച്ച ഇലകളില്‍ എഴുതിവെക്കുന്നു (ആര്യവേപ്പ്). തമ്മിലൊട്ടാതെ ഓരോ തരിയും വേറെ വേറെ കിടക്കുന്ന മണല്‍ പരപ്പില്‍ കറിവേപ്പ് വളരില്ല. അതുകൊണ്ടിയാള്‍ സ്വന്തം ഉള്ളിന്റെ ഉള്ളിലെ പശിമയുള്ള മണ്ണില്‍ ഒരു കറിവേപ്പ് നടുന്നു. പെട്ടെന്ന് പച്ചപ്പ് പടരുന്നു. എല്ലാവരും കൊണ്ട്പോകും. വീണ്ടും വീണ്ടും ഒടിക്കാന്‍ പാകത്തില്‍ കൊമ്പ് താഴ്ത്തിക്കൊടുക്കും…”-വി.കെ.സുബൈദ എഴുതുന്നു

 


 

കറുപ്പിനെ നീറ്റി നീറ്റി
പച്ചയാക്കുന്ന വിധം

“വരുവാനാരുമില്ല പോകാനും
ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്
സഹിക്കണം ഭൂമിതന്‍ ചൂടും ചൂരും”

ഈ കവിതകളിലുടനീളം കേള്‍ക്കുന്ന പരിദേവനത്തിന്റെ സംഗ്രഹമാണീ വരികള്‍, കുറ്റി പറിച്ചോ കൂവി വിളിച്ചോ ഒരു ലോകം മുഴുവന്‍ തന്റെ പിന്നാലെ പായുന്നു എന്ന വിചാരത്താല്‍ എന്നെ വിടൂ, എന്നെ വിടൂ എന്ന കുതറലായിരിക്കുന്നു ഈ കവിയുടെ ഇഷ്ടശ്രമം എന്നൊക്കെ സ്വന്തം കവിതയെക്കുറിച്ച് പറഞ്ഞു കേള്‍ക്കാന്‍ കുഴൂര്‍ വിത്സന്‍ ആഗ്രഹിക്കുന്നു എന്ന് തോന്നിക്കും വിധമാണ് അവയുടെ ഒരു കള്ളക്കിടപ്പ്.

എന്നാല്‍ ഈ നാട്യങ്ങള്‍ക്കപ്പുറത്തേക്ക് മണത്തു ചെന്ന് വാക്കുകള്‍ കവിയുടെ ഉള്ളിലുള്ളതപ്പടി വായനക്കാരന് വെളിപ്പെടുത്തുന്നു -അതിങ്ങനെയാണ്- ലോകത്തിന്റെ തനതവസ്ഥകളെ സഹിക്കാന്‍ കഴിയാതെ അവയെ തകിടം മറിക്കാനോ ഒന്നു തിരിച്ചിടാനെങ്കിലുമോ ആണ് ഈ കവിതകളുടെ ശ്രമം. തറഞ്ഞു നില്ക്കുന്നവയോട് എന്റെ കൂടെ നടക്കൂ, എന്റെ കൂടെ നടക്കൂ എന്ന് ഇയാള്‍ കാത്ത് നില്‍ക്കും. വരികയും പോവുകയും ചെയ്യുന്നവയോട് കുറച്ചു കൂടി നില്‍ക്കൂ, കുറച്ചു കൂടി നില്‍ക്കൂ, എന്ന് പറയും. പഴയ മാരീചനെപ്പോലെ കയ്യില്‍ കിട്ടി എന്ന് തോന്നുമ്പോള്‍ കുതറിയോടി ലോകം ഇയാളെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കവിയോടല്ല, വായനക്കാരനോടാണ് ഈ കവിതകള്‍ക്ക് അടുപ്പവും വിശ്വാസവും എന്ന് സാരം.

ചേറു നീക്കിയ കുളം പോലെ അടിത്തട്ടുവരെ തെളിച്ചു കാട്ടുന്ന വാക്കുകള്‍. ‘കെട്ടുപുള്ളി കളയല്ലേ’ എന്ന് വായനക്കാരനോട് നേരിട്ട് പറയാനുള്ള സ്വാതന്ത്യ്രവും ആത്മവിശ്വാസവും അവയ്ക്കുണ്ട്. വാക്കുകളിലെ ഈ അനൌപചാരികതയാണ് ആധുനികാനന്തര മലയാളകവിതയില്‍ വിത്സന്റെ കവിതകളെ വേറിട്ടു കേള്‍പ്പിക്കുന്നത്.

“പോകാം സൈക്കിളേ, ഇടവഴികള്‍ നമ്മെ എത്തിക്കുന്നേടത്തെത്തിക്കട്ടെ” എന്ന് തിക്കും തിരക്കും കുറഞ്ഞ വഴികളിലൂടെയുള്ള സ്വച്ഛന്ദസഞ്ചാരമാണ് ആദ്യകാലം മുതല്‍ക്കേ വിത്സന് പഥ്യം.

വി.കെ.സുബൈദ


കവിതയുടെ കയ്പ്
കവിതയുടെ സാക്ഷാല്‍ മേഘരൂപം പ്രത്യക്ഷമായ ആധുനികാനന്തരകാലത്താണ് കവിതയിലേക്ക് വിത്സന്റെ വരവ്. നിര്‍വചനങ്ങളെയും നിര്‍ദ്ദേശങ്ങളെയും ഒഴിഞ്ഞുമാറി അത് സ്വേഛയ്ക്കൊത്ത് ഒഴുകിപ്പരക്കുകയും രൂപമെടുക്കുകയും ചെയ്തു. ഇക്കാല കവിത പൊതുവേ സ്വന്തം അനുഭവപരിസരങ്ങളുടെ, യാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധവും അതിനാല്‍ അനാര്‍ഭാടവുമായ ആവിഷ്ക്കാരമായിരുന്നു. കണ്ട മാത്രയില്‍ത്തന്നെ എല്ലാം പഴയതാക്കി പായുന്ന കാലം കവികളെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. തങ്ങള്‍ക്കായി ഉത്തരവാദിത്തമുള്ള ഒരു വാക്ക് പോലും ബാക്കിയില്ലല്ലോ എന്ന വേവലാതിയെ മറികടക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പുതിയ എഴുത്തുകളുണ്ടായി. പലതരത്തില്‍ ഉള്ളതിനെ അപരിചിതമാക്കി, അപ്രതീക്ഷിതമാക്കി വാക്കുകളുടെ പ്രസരിപ്പിനെ പുതുകവികള്‍ വീണ്ടെടുത്തു. ഈ പ്രസരിപ്പിനെ അതിന്റെ മുഴുവന്‍ അളവിലും അനുഭവിപ്പിച്ച കവിതയാണ് വിത്സന്റേത്. പുതുമ, പുതുമ മൌലികത എന്നാണ് ആ കവിതകളുടെ ഉള്ള് മിടിച്ചത്. ഇടിമിന്നലും പേമാരിയും പ്രളയവും പരിചയിച്ച മണ്ണില്‍ ഒരു ചാറ്റല്‍ മഴയും പച്ചപ്പുകളെ മുളപ്പിക്കും എന്ന ആത്മവിശ്വാസമാണ് അവയെ പെയ്യിക്കുന്നത്. (മൌലികത) ബേക്കറി, കേട്ടെഴുത്ത്, വിവര്‍ത്തനശേഷം കുമാരന്‍ ഗര്‍ജ്ജന മംഗലം തുടങ്ങിയ കവിതകള്‍ പുതുമയെ പ്രമേയമാക്കുന്നു.

ബേക്കറി വാങ്ങിയപ്പോള്‍ പുതുമയ്ക്കും മൌലികതയ്ക്കും വേണ്ടി കയ്പ്പ് എന്ന് പേരിട്ടു. എല്ലാ മധുരങ്ങളേയും കയ്പ്പിച്ചു. കണ്ണീരുപ്പെങ്കിലും കലര്‍ത്താതെ പലഹാരങ്ങള്‍ ചെലവാകില്ല. സ്വന്തം രുചിയില്‍ അഭിരമിച്ചു കഴിഞ്ഞിരുന്ന ഇരിപ്പു പലഹാരങ്ങളുടെ മുന്നറിയിപ്പ്. പഴയതെന്തെങ്കിലും ചോദിച്ചു വന്ന യാചകന് ബേക്കറിയപ്പാടെ കൊടുത്ത് അയാള്‍ പുറത്ത് കടക്കുന്നു. എന്നാലും ജീവിതത്തിലെന്നപോലെ കവിതയിലും ഒരു നീണ്ട വംശാവലിയുടെ തുമ്പത്തെ ചെറുകാറ്റിലും വിറക്കുന്ന ഇലയാണ് താനെന്ന് കവി അറിയുന്നുണ്ട്. ഈ വംശാവലിയുടെ- വൈലോപ്പിള്ളി, ഇടശേãരി, ആറ്റൂര്‍, കെ.ജി.എസ്., സച്ചിദാനന്ദന്‍, സച്ചിദാനന്ദന്‍ പുഴങ്കര, അയ്യപ്പന്‍, പി.പി.രാമചന്ദ്രന്‍, കല്പറ്റ, കെ.ആര്‍.ടോണി, കരിയാട്, ടി.പി. അനില്‍ കുമാര്‍, റാം മോഹന്‍, വി.ആര്‍.സന്തോഷ് – ഇങ്ങനെ നീളുന്ന
വംശാവലിയുടെ സവിശേഷമായ വേറിട്ട ശബ്ദം കേള്‍ക്കുന്നുണ്ട്.

അയ്യപ്പനെ കേട്ടെഴുതിപ്പോകുന്നുമുണ്ട്. കേട്ടെഴുതുകയല്ല, തന്നെയും വേറിട്ട് കേള്‍പ്പിക്കലാണ് ജീവിച്ചിരിക്കാനുള്ള ഒരേ ഒരു പിടിവള്ളി എന്ന ബോദ്ധ്യത്തില്‍ നിന്ന് എല്ലാം മായ്ച്ച് പുതിയൊരെഴുത്തു തുടങ്ങുന്നു. സമാനതകളില്ലാത്ത അനിവാര്യതയെന്നു തന്നെയാണ് വിത്സന്‍ തന്റെ എഴുത്തിനെ വിശേഷിപ്പിക്കുന്നത്. “ഉറക്കം ഒരു കന്യാസ്ത്രീ” എന്ന ആദ്യ പുസ്തകത്തിന്റെ പുറം കുറിപ്പില്‍ കള്ളമില്ലാത്തതെന്തോ അതാണ് തനിക്ക് കവിതയെന്നും അടഞ്ഞ വാതിലുകള്‍ക്കപ്പുറത്തേക്ക് അതു തന്നെ വഴി കാട്ടുന്നുവെന്നൊക്കെ ഈ കവി വാചാലനാകുന്നുണ്ട്. സ്വര്‍ണ്ണത്തെക്കുറിച്ച് 24 കാരറ്റ് കവിതയെഴുതുമ്പോള്‍ അതില്‍ കലര്‍പ്പില്ലെന്ന ഉറപ്പുകൂടിയാണ് കവി അവകാശപ്പെടുന്നത്.

“തൂക്കിലേറി കൂടുതല്‍
വിപ്ലവകാരിയാകുന്ന വിപ്ലവകാരിയെപ്പോലെ”

അതിര്‍ത്തിയില്‍ വെടിയേറ്റ് കൂടുതല്‍ പട്ടാളക്കാരനാകുന്ന പട്ടാളക്കാരനെപ്പോലെ, തന്റെ ജന്മവ്യഥകളോട് ചേര്‍ത്ത് വിന്യസിക്കുമ്പോള്‍ വാക്കുകള്‍ അതില്‍ കൂടിയ വാക്കുകളായി മാറുന്നു. കാരണം കവിതയെന്നാല്‍ വിത്സന് കഴിഞ്ഞ ജന്മങ്ങളില്‍ ഭീരുവായിരുന്നതിനുള്ള പ്രായശ്ചിത്തമാണ്. ഈ ജന്മത്തിലെ ഭീരുവിനെ നേരിടലാണ്. വരും ജന്മത്തിനു വേണ്ട ധൈര്യം കരുതിവെക്കലാണ്.

 

Painting: Ambi Sudhakaran


 

കിളികളെ പേടിക്കാത്ത മീനുകള്‍
നിലവ് ജന്മത്തിന്റെ നില്‍ക്കക്കള്ളിയില്ലായ്മയില്‍ നിന്നാണ് വിത്സന്റെ പല കവിതകളും പുറപ്പെട്ട് വരുന്നത്. ജന്മാന്തരങ്ങളിലേക്ക് പടര്‍ന്ന് കയറിയോ ഉള്‍വലിഞ്ഞോ ഈ ജന്മത്തിന്റെ അശാന്തികളെ ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍. കവിതകളാകെ നോക്കുമ്പോള്‍ പല പാട് കടന്നുവരുന്ന പദമാണ് ജന്മം. (കുഴൂര്‍ക്കാര്‍ പറയുമ്പോള്‍ ജമ്മം). ഒരു ജന്മത്തിനപ്പുറത്തുനിന്നാണ് വരുന്നതെങ്കില്‍ പിന്നെയാണോ ഈ ഒന്നോ രണ്ടോ മണിക്കൂറുകള്‍ എന്ന് ആരോ കെട്ടിപ്പടുത്ത ഈ ലോകവാഴ് വിനെ അയാള്‍ സഹിക്കുന്നു. അറ്റമില്ലാത്ത വിഭ്രാന്തിയോടെ, സന്ദേഹങ്ങളോടെ താന്‍ ആരുടേതുമല്ല, എവിടത്തേയുമല്ല എന്ന് നൂറാവൃത്തി പറഞ്ഞ് ഇയാള്‍ ഏകാകിയാകുന്നു. ഒറ്റയ്ക്ക്, ഒറ്റയ്ക്ക്, ഒറ്റയ്ക്കുള്ള സഹിക്കല്‍. കലഹിക്കാന്‍ തുടങ്ങുമ്പോഴേക്ക് ഉള്ളിലെ നിഷേധിയെ വഴക്കങ്ങള്‍ പിടിച്ച് വെയ്ക്കുന്നു. താനറിയാത്ത ഒരുപാട് പേര്‍ തന്റെയുള്ളില്‍ വളരും വിധം അവിടം പാകപ്പെടുന്നു. ഈ അപരിചിതനെ വിത്സന്റെ പല കവിതകകളും അഭിസംബോധന ചെയ്യുന്നുണ്ട്.

” എന്നെയറിയില്ല” എന്ന കവിതയില്‍ ഈ അപരിചിതനും തനിക്കുമിടയിലുള്ളത് ഒരു തടാകമാണ്. രണ്ടു പേരുടെയും കയ്യില്‍ സിഗററ്റ് പുകയുന്നുണ്ട്. ഇയാള്‍ കാണുന്ന തടാകത്തില്‍ ആകാശം വീണു കിടക്കുന്നു, മേഘച്ചെരുവിലൂടെ മീനുകള്‍ ഊളിയിടുന്നു. മീനുകളാണ് മേഘങ്ങളെ ചെറുതായെങ്കിലും അനക്കുന്നത്. കിളികളെ പേടിക്കാത്ത മീനുകള്‍! തന്റെ കൈയ്യിലുള്ള സിഗററ്റ് പുക മേഘങ്ങളുമായി സൌഹൃദത്തിലാണ്. തടാകത്തില്‍ ചത്ത്മലച്ചുകിടക്കുന്ന മേഘത്തെയോര്‍ത്ത് ദുഃഖമുണ്ട്. അപ്പുറത്തെ ആള്‍ക്ക് ദുഃഖമൊന്നുമില്ല, അയാളുടെ മുഖം കണ്ടാലറിയാം. തടാകത്തില്‍ അയാള്‍ കണ്ടതെന്തെന്നും എന്ത് വിചാരിക്കുന്നു എന്നൊന്നും ഇയാള്‍ക്കറിയില്ല. അയാളില്‍ നിന്ന് ഇയാള്‍ക്കുള്ള വ്യത്യാസമാണ് കവിതയായി നമ്മള്‍ വായിക്കുന്നത്. ഒരേ ലോകത്തില്‍ രണ്ടാളുകളായി പരസ്പരം വികര്‍ഷിച്ചുള്ള ഈ നില്പില്‍ ഇയാളുടെ തടാകത്തില്‍ കിളികളെ പേടിക്കാത്ത മീനുകളുണ്ടാകുന്നു.

“അയാള്‍ എന്നേക്കാള്‍ കറുത്തിട്ടാണ്
അതും ഒരു ബന്ധം തന്നെ
പക്ഷേ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നും
കറുത്തതായി അഭിനയിക്കുകയാണെന്ന് ”

-അപരനെ മെരുക്കുവാനുള്ള പൊടിക്കൈകള്‍!

ഏത് പ്രതികൂലജീവിതത്തിലും ആവിഷ്കാരത്തിന്റെ ഉള്‍വിളികളെ ഒരാള്‍ നിവൃത്തിക്കുന്ന വിധമാണ് “നൃത്തം” എന്ന കവിത. ഗോളടിക്കാനറിയാം. അതിനാല്‍ പന്ത് തട്ടാനുള്ള വിശപ്പാണ് മണലാരണ്യത്തിലെ തൊഴിലാളിയായ ആ സുഡാനിയുടെ ഏറ്റവും വലിയ വിശപ്പ്. മൈതാനത്ത് അറബി കുട്ടികള്‍ പന്ത് തട്ടുന്നത് കാണുമ്പോള്‍ അയാളുടെ കാലുകള്‍ പൊരുപൊരുക്കും. ചിലപ്പോള്‍ പത്താം നിലയിലേക്ക് സിമന്റ് ചട്ടി ചുമന്ന് കയറുമ്പോള്‍ സൂര്യന്‍ ഒരു വലിയ പന്തായി മോഹിപ്പിക്കാറുണ്ട്, കുഴപ്പങ്ങളുണ്ടാകാറുണ്ട്. ആര്‍ക്കും തട്ടാവുന്ന പന്തായി സ്വയം മാറാറുണ്ട്. ചില നിമിഷങ്ങളില്‍ ചിലപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ്, ഗോള്‍ മുഖത്തേക്ക് കുതിച്ച് അയാളുടെ മുമ്പില്‍ പന്ത് മാത്രം.

“ഏറ്റവും ഏകാന്തമായി
അതിലേറെ രഹസ്യമായി
പന്ത് എന്നെ നോക്കി ചിരിച്ചു
ജന്മാന്തരങ്ങളുടെ ഒരു പിടച്ചില്‍
കാല്‍വിരലുകളില്‍
പന്തും കാലുകളും
മൈതാനവുമൊഴിഞ്ഞാറെ
സന്ധ്യക്കും രാത്രിക്കുമിടയില്‍
രണ്ട് കാലുകള്‍
നൃത്തം ചെയ്യാന്‍ തുടങ്ങി”

ആവിഷ്കാരത്തിന്റെ രഹസ്യമോ നിയമമോ ആകാം ഇത്. ഏറ്റവും അനിവാര്യമായ, ഭ്രാന്തമായ ഒരു നിമിഷത്തിന്റെ വക്കില്‍ നിന്നുകൊണ്ട്, എല്ലാ അസാദ്ധ്യതകളേയും അഭാവങ്ങളേയും മറന്നുകൊണ്ട്, ഏതിരുട്ടിലും ശൂന്യതയിലും ഒരാള്‍ പ്രാണന്‍ കൊണ്ട് ചെയ്യുന്നത്. രൂപകസമൃദ്ധമാവുമ്പോഴും ഈ കവിത ഏകാന്തതയുടെയും നിസ്സഹായതയുടെയും പെരുക്കങ്ങളും മുഴക്കങ്ങളും പേറി നില്ക്കുന്നു. പ്രളയത്തില്‍ വഞ്ചിയും വലയും നഷ്ടപ്പെട്ട് നീന്തുമ്പോള്‍ കൂറ്റന്‍ സ്രാവുകളെ കണ്ട് ശരീരം തരിക്കുന്ന മുക്കുവന്‍, നഴ്സറിക്കുട്ടികളുടെ നടുവില്‍ വാവിട്ട് കരയുന്ന തങ്കക്കുടത്തെ കണ്ട് മാറ് ചുരക്കുന്ന കന്യാസ്ത്രീ, ഒട്ടകപ്പുറത്ത് മരുഭൂമിയില്‍ ഇഴയുന്ന നീന്തല്‍ക്കാരന്‍ ഒക്കെയായി പേരില്ലാത്ത ഈ സുഡാനി തന്നെയാണോ തടാകത്തിനപ്പുറം നില്ക്കുന്ന കറുത്ത ആള്‍ക്ക് മുമ്പില്‍ താനും കറുത്തവനാണെന്ന് അഭിനയിക്കുന്നവന്‍?

ഈ ഭൂമിയില്‍ വീണ്ടും വീണ്ടും തന്നെ തറച്ചിരുത്തുന്ന വസ്തുത്വത്തെ മറികടക്കാനുള്ള ശ്രമം “അല്ലെങ്കില്‍ വഴിവക്കിലെ ആല്‍മരം” എന്ന കവിതയില്‍ കാണാം. താന്‍ ആരുടേതുമല്ല, എവിടത്തേതുമല്ല. പബ്ളിക് ബൂത്തിലെ ടെലഫോണ്‍, കഫേയിലെ കമ്പ്യൂട്ടര്‍, ചായക്കടയിലെ കോപ്പ, പരാതിപുസ്തകത്തിലെ പേന, ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ് ^പെരുമാറാനുള്ള വസ്തുക്കള്‍. താന്‍ വഴിവക്കിലെ പൂവാണ്, തെക്കോട്ടൊഴുകുന്ന പുഴയാണ്, ആകാശമാണ് എന്നൊക്കെ ഈ വസ്തുക്കളിലേക്ക് പ്രാണവായു ഊതിക്കയറ്റുകയാണ്, തുടര്‍ന്ന്. വഴിവക്കിലെ ആല്‍മരമാണെന്ന് നിലയുറപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. അടിമുടി ജീവനുള്ളത്.

 

കുഴൂര്‍ വിത്സന്‍


 

എത്ര ജന്മം മരങ്ങളായ് നിന്നതും…
ചില്ലകൊണ്ടും വേരുകൊണ്ടും രണ്ട് ലോകങ്ങളെ വായിക്കുകയും കരിയിലയിലും തളിരിലയിലും പൂവിലും കായിലും വേറെ വേറെ എഴുതുകയും ചെയ്ത് ലോകത്തെ സദാ പുതുക്കുന്ന മരത്തെ സ്വയം പ്രകാശിപ്പിക്കാനുള്ള ബലമുള്ള രൂപകമായി വിത്സന്‍ സ്വീകരിക്കുന്നു. പിന്നാലെ ഓടുമ്പോഴും നിന്ന നില്‍പ് നില്‍്ക്കുമ്പോഴും ഉത്സാഹികളാണ് വിത്സന്റെ കവിതയിലെ മരങ്ങള്‍. ഭൂമിയിലും ആകാശത്തും സ്വതന്ത്രര്‍!

“ചില മരങ്ങള്‍
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണല്‍ നല്‍കിയതിന്റെ
പ്രാണവായു നല്‍കിയതിന്റെ
കുരിശേറ്റിയതിന്റെ
ഓര്‍മ്മയില്‍
ഉള്ളം നടുങ്ങുകയും
അതിലേറെ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തില്‍
മരമേ
നിന്നെ ഞാന്‍ കെട്ടിപ്പിടിക്കുകയാണ്”

ആര്‍ത്തി പിടിച്ചതും മരണത്തോളം ജീവിതവും മരണവും കലര്‍ന്ന ഈ മരയുമ്മ ഏതോ ജനനാന്തര സൌഹൃദം കൊണ്ടെന്ന വണ്ണം സംഭവിച്ചു പോകുന്നതാണ്. എന്നാല്‍ വെറും ഓര്‍മ്മകള്‍ മാത്രമല്ല, വിത്സന്റെ മരക്കവിതകള്‍, അവ എത്ര ജന്മം മരങ്ങളായി നിന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് “അടുത്ത ജന്മത്തിലും മരമാകണമെന്നാണ് ആഗ്രഹം”.

സ്വന്തം ബ്ളോഗില്‍ വിത്സന്റെ ഒരു പോസ്ററ് കാണാം.

കാറ്റും മഴയും വെയിലുമേറ്റുള്ള നില്‍പ്, കാക്കക്കും ഉറുമ്പിനും പഴുതാരക്കും കുട്ടികള്‍ക്കുമായുള്ള കരുതിവെപ്പുകള്‍, എല്ലാവരും ഉപേക്ഷിച്ചു പോകുമ്പോള്‍ ശൂന്യമായ നില്‍പ്, മരംവെട്ടുകാരന്റെയും ആശാരിയുടെയും വരവ്, കാക്കയിരുന്ന കൊമ്പില്‍ ഉളി കൊള്ളുമ്പോള്‍ കേള്‍ക്കുന്ന കാക്കക്കരച്ചില്‍ പോലുള്ള ഒച്ച, വാതിലായും കസേരയായും കട്ടിലായും ഉള്ളിലേക്കുള്ളിലേക്കുള്ള വലിവ്.

സമാനഹൃദയനായ ഈ മരത്തെക്കുറിച്ച് വിത്സന്‍ നേരത്തേ എഴുതിയിട്ടുണ്ട്. ( ആ മരത്തിന്‍ ചുവട്ടില്‍ ഞാന്‍ അവളെയും കാത്തിരിക്കുന്നു) ഉള്ളില്‍
കിളികളിരുന്നു പോയതിന്റെ പാടും അതില്‍ നിന്നുള്ള പാട്ടുമായി ഒരാള്‍ വരുന്നതും കാത്ത് ആ മരവും നില്‍പുണ്ടാവും.

ഓര്‍ക്കാപ്പുറത്ത് ദൈവം തന്റെ ജീവിതത്തിലിടപെടുന്നതും ചില മരപ്പണികള്‍ ചെയ്യിക്കാന്‍ തന്നെ. ഒഴുക്കന്‍ മട്ടില്‍ വിരസമായി ജീവിതം അവസാനിക്കാന്‍ തുടങ്ങുമ്പോള്‍ വിസ്മയകരവും വിചിത്രവുമായ ചില വേലകള്‍.

(1) വലത്തോട്ട് നടന്ന് ഒന്നു കൂടി വലത്തോട്ട് തിരിയുമ്പോള്‍ ആദ്യം കാണുന്ന ആല്‍മരത്തിന്റെ പതിനാലാമത്തെ ചില്ലയിലെ 1013^)മത്തെ ഇലയില്‍ പറ്റിയ ദേശാടനക്കിളിയുടെ കാഷ്ഠത്തിന്റെ കറ ഉമിനീരുകൊണ്ട് കഴുകുക.

(2) ഇടത്തോട്ടു തിരിയുമ്പോള്‍ കാണുന്ന 16)മത്തെ ചില്ലയുടെ കിഴക്കേ അതിരില്‍ നില്ക്കുന്ന കെട്ടിക്കാത്ത ഈന്തപ്പനയുടെ പന്ത്രണ്ടാമത്തെ പട്ടയ്ക്കു താഴെയുള്ള ഭാഗം കരിഞ്ഞുപോയിരിക്കുന്നു. വിയര്‍പ്പോ കണ്ണീരോ കൊടുത്ത് ഉള്ളം പച്ചയാക്കുക. (3)

നേരെ നടന്നാല്‍ കാണുന്ന കലുങ്കിന്‍ ചുവട്ടില്‍ കിളിര്‍ത്തുവരുന്ന ആലിന്‍ തൈയിനെ ഒരുമ്മകൊടുത്ത് അമ്മയാക്കുക

അതിരും അളവും എണ്ണവുമെല്ലാം കിറുകൃത്യം. (പിന്നെയും ദൈവത്തിന്റെ ഒരു കാര്യം). വാക്കുകള്‍ കൊണ്ട് ഇയാള്‍ ചെയ്യുന്ന വേലയുടെ കണിശതയിലായിരിക്കും ദൈവത്തിന് വിശ്വാസം. ദൈവവും അമ്പരക്കുമാറ് ആ വേല അത്ര വിരുതോടെ അയാള്‍ ചെയ്ത് തീര്‍ക്കും. ഋതുപര്‍ണ്ണന്‍ പണ്ട് അക്ഷഹൃദയവിദ്യയാല്‍ ചെയ്ത പണിയാണ് ഇതില്‍ ആദ്യത്തേത്. പെരുന്തച്ചനെപ്പോലെ മരം കാണുമ്പോള്‍ ഉള്ളിലെ ഉരുവങ്ങളും ഇയാള്‍ക്കു കാണാന്‍ സാധിക്കും.

എന്നാല്‍ ഇവര്‍ക്കൊന്നുമില്ലാത്ത ഒരു അധിക സിദ്ധിയാല്‍ ഈ കവി കാറ്റിനോടുള്ള ഇലയുടെ കരച്ചില്‍ കേള്‍ക്കുന്നു, സൂര്യനോട് പ്രാര്‍ത്ഥിക്കുന്ന മുറിഞ്ഞ ചില്ലയുടെ നനഞ്ഞ കണ്ണ് കാണുന്നു, നീലാകാശത്തെ നോക്കി തലകുത്തി മറിഞ്ഞ് ചിരിക്കുന്ന കായ്കളെ, സന്ധ്യയെ നോക്കി പൊട്ടിക്കരയുന്ന തായ് വേരിനെ ആരെയും കാണിക്കാത്ത ഇളം പച്ച കുഞ്ഞിനെ കൈയില്‍ നീട്ടി ഒരു പേരിട്ട് തരാന്‍ പറയുന്ന നടുക്കഷണത്തെയൊക്കെ കാണുന്നു. ഓരോ കാഴ്ചയും ഓരോ കുടന്ന പ്രാണവായുവാണ്. ഓരോ കാഴ്ചയാലും അയാള്‍ പുതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്ു. കാണല്‍ മാത്രമല്ല, നോട്ടം കൂടിയാണ് വിത്സന്റെ കവിതകള്‍. നിത്യേനയെന്നോണം ഇളം കൂമ്പുകള്‍ പ്രത്യക്ഷപ്പെടുന്ന അതിന്റെ പുതുമ.

ഇലകളില്‍ ഇപ്പോള്‍ പുതിയ കറകള്‍ ഉണങ്ങിപ്പിടിക്കുന്നു. അത് കവിയുടെ ഉമിനീരുകൊണ്ടോ, കണ്ണീരുകൊണ്ടോ വിയര്‍പ്പുകൊണ്ടോ മായ്ക്കാവതല്ല. അത്തരം ഉള്ളുകിടുക്കങ്ങളില്‍ നിന്ന് ഉണ്ടായതാണ് “ആ മരം” എന്ന കവിത. ഷാര്‍ജയിലെ വില്ലയില്‍ കെട്ടിടച്ചുവരിനോട് ചേര്‍ന്ന് വളര്‍ന്നിരുന്ന ഒരു ആല്‍ മരം. അപ്പന്റെ ഓര്‍മ്മ, പുസ്തകത്തിലടച്ച പണ്ടത്തെ പ്രണയത്തിന്റെ ഓര്‍മ്മ, ഐശ്വര്യം, അന്തരീക്ഷ ശുദ്ധീകരണം വില്ലയില്‍ താമസക്കാര്‍ മാറുന്നു, വിശ്വാസം മാറുന്നു. ചന്ദനക്കുറി പൂണൂല്‍, കൊന്ത വെന്തിങ്ങ അവസാനം തൊപ്പികള്‍. ചില്ലകള്‍ വെട്ടി മാറ്റപ്പെട്ട് ഒരു നാള്‍ ആകാശത്തേക്ക് കൈയുയര്‍ത്തിയ വിശ്വാസിയെപ്പോലെ മരം.

” അപ്പാ, നാനാ ജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു
മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ”

എന്ന് അശുഭപരിണാമിയായ കാലത്തോടും കൂടിയാണ് ഈ ചോദ്യം.

 

കുഴൂര്‍ വിത്സന്‍


 

ജീവിതത്തിലേക്കുള്ള പിടിച്ചുവലികള്‍
നാനാജാതിമരങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്ത അപ്പനില്‍ നിന്നാണ് മരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുന്നത്. കൃഷിക്കാരനായ അപ്പന്റെ കൂടെ പാടത്ത് പോകുമ്പോള്‍ കാണുന്ന മരങ്ങള്‍. ചെറുപ്പത്തിലെ സംസാരം മുഴുവന്‍ മരങ്ങളോടും തെങ്ങുകളോടും നെല്‍ച്ചെടികളോടും ആയിരുന്നു. ഇത്തരം സംസാരങ്ങളായിരിക്കാം പിന്നീട് തന്നോട് തന്നെയുള്ള പിറുപിറുക്കലുകളായി മാറിയത്. സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു 24 കാരറ്റ് കവിത, കയറ്റം, അവള്‍ വെജിറ്റേറിയനും ഭക്തയും ആയത്, നിര്‍ബ്ബന്ധിക്കാഞ്ഞിട്ടല്ല തുടങ്ങിയ കവിതകളിലെ അനായാസതയും കൌെതുകങ്ങളും ഈ പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്.

വിത്സന്റെ കവിതകളെ അത്രമേല്‍ ജൈവികമാക്കുന്നതില്‍ ഈ മരങ്ങളും വയലുകളും മാത്രമല്ല കുഴൂരിന്റെ നാട്ടുമുദ്രകളും പ്രകൃതിയും ഒന്നടങ്കം പങ്കുചേച്ചേര്‍ന്നിട്ടുണ്ട്. കുഴൂരിനെ അടയാളപ്പെടുത്താത്ത ഭൂപടം എന്നും ഇയാളെ വഴി തെറ്റിച്ചു. കാണാതാകുന്നവയെക്കുറിച്ചുള്ള ആകുലതകള്‍ പ്രത്യക്ഷപ്പെടുന്ന കവിതകളധികവും ഇക്കാലത്താണ്ു വിത്സന്‍ എഴുതുന്നത്. അക്ഷരത്തെറ്റുള്ള തെറികള്‍ എഴുതിയിട്ട മൂത്രപ്പുരകള്‍, സൈക്കിളില്‍ വന്ന അടികള്‍, മറന്നു വെച്ച കുടകള്‍, നനഞ്ഞൊലിച്ച് കര്‍ക്കിടകം കയറിനില്‍ക്കുന്ന വരാന്തകള്‍ ഒരു കൂട്ട ബെല്ലില്‍ തകര്‍ന്ന് പോകുന്ന രാജ്യമായി നാട്ടിന്‍പുറത്തെ ജി.എല്‍.പി.എസ്സ്. മാത്രമാണ് വിത്സന്റെ “ഇ” എന്ന ചെറിയ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ( പിന്നീടാണ് പി.എന്‍.ഗോപീകൃഷ്ണന്റെയും, മോഹന കൃഷ്ണന്‍ കാലടിയുടെയും ജി.എല്‍.പി.എസ്സുകള്‍ പ്രസിദ്ധമാകുന്നത്) ദേശാന്തര സഞ്ചാരത്താല്‍ പിന്നീട് ലോകം വിസ്തൃതമാകുമ്പോഴും കുഴൂരിന്റെ വിളികള്‍ കവിതയെ പിന്തുടരുന്നുണ്ട്.

“വേണ്ട വേണ്ടയെന്നിറച്ചി വെട്ടുകാരനെപ്പോലെ
പിണങ്ങുമ്പോള്‍
മഹാ ഐരാണിക്കുളത്തെ
പ്രീതിയെന്നെ
അമ്പലക്കുളത്തില്‍
കുളിക്കാന്‍ വിളിക്കുന്നു”

അമ്മയുടേയും അമ്മുവിന്റെയും അമ്മിണിയുടെയും പിന്‍വിളികള്‍ പോലെ ഇതും ജീവിതത്തിലേക്കുള്ള പിടിച്ചുവലികളാണ്.

 

Painting: Ambi Sudhakaran


 

നിന്നെ പേടിച്ചിട്ടായിരിക്കണം, അമ്മിണീ
പൊട്ടി കണ്ണ് കെട്ടിയാലെന്നപോലെ ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു ദിഗ്ഭ്രമം വിത്സന്റെ കവിതയെ പിടികൂടുന്നുണ്ട്. ജീവിതം എന്നെഴുതിയത് മരണം എന്നായിപ്പോയോ മരണം ജീവിതമായിപ്പോയോ എന്ന വിഭ്രാന്തി.

” മരണത്തെക്കുറിച്ചുള്ള
എല്ലാ ചോദ്യങ്ങള്‍ക്കുമിടയില്‍
ജീവിതം വന്ന് ശല്യപ്പെടുത്തി
എന്നാല്‍ പിന്നെ ജീവിതത്തെക്കുറിച്ചുള്ള
ചോദ്യങ്ങള്‍ക്കായി പരതി
അപ്പോള്‍ മരണവും ഇടയ്ക്ക് കയറി” ( ഒരു ഒഴുക്കന്‍ അവസാനം)

ഒരു സാധാരണ വണ്ടി ആംബുലന്‍സാകുന്നതിനെപ്പറ്റിയും ആംബുലന്‍സ് സാധാരണ വണ്ടിയാകുന്നതിനെപ്പറ്റിയും ഉള്ള അഭിമുഖം ഏറ്റവും വിരസമായതിനാല്‍ തയ്യാറെടുപ്പിന്റെ ആവശ്യമില്ലെന്ന് കവി.സാധാരണ അലക്കുകൊണ്ട് വെളുപ്പിക്കാന്‍ കഴിയാത്ത വിധം ജീവിതം അഴുക്കാക്കിയ ശരീരത്തെ പുഴക്കോ കടലിനോ കൊടുക്കാം. തിരിച്ച് കിട്ടുമോ എന്നുറപ്പില്ല. എന്നാല്‍ മരണത്തിന്റെ വക്കിലെത്തുമ്പോള്‍ സ്ഥലകാലബോധം ഉണ്ടാവുകയും ഞെട്ടിത്തിരിഞ്ഞു നടക്കുകയുമാണ് ഇയാളുടെ പതിവ്. അതിനും ദൈവത്തിനാണ് പഴി. നൂറു ചോദിക്കുമ്പോള്‍

പത്ത് കൊടുക്കുന്ന പിശുക്കന്‍ ഡാഡിയെപ്പോലെ മരണം ചോദിക്കുമ്പോള്‍ ഉറക്കം കൊടുത്ത് പറ്റിക്കുന്നു. വ്യാകരണത്തെക്കുറിച്ച് ഒരു ചുക്കുമറിയാത്ത കറന്റിനോട് എന്നെ മരിക്കൂ, എന്നെ മരിക്കൂ എന്ന് കേഴുന്നു. കാലത്തോടയാള്‍ ഇത്രമാത്രം കുത്തുവാക്കു പറയുന്നതെന്തിന്?

ജീവിതത്തെ വേണ്ട സമയത്ത് വേണ്ട പോലെ പരിഗണിക്കാത്തതിന്. ഓരോ നരച്ച മുടിയിഴയും വെവ്വേറെ കാട്ടിത്തരുന്ന കാലത്തോടയാള്‍ ചോദിക്കുന്നത് മുടി രണ്ടും മുന്നിലേക്ക് പിന്നിയിട്ടിരുന്ന കാലത്ത് നീ എവിടെയായിരുന്നു എന്നാണ്? നീ എനിക്ക് കറുത്ത പൂക്കള്‍ മാത്രം തരുന്നതെന്താണ്? എല്ലാവരേയും പോലെ നിറമുള്ള പൂക്കളത്രയും നീ എന്റെ കല്ലറയിലേക്ക് കരുതിയിരിക്കുകയാണോ?

” ആത്മഹത്യാക്കുറിപ്പ് നന്നായി ലേ ഔട്ട് ചെയ്ത് കുറേ ഫോട്ടോസ്റാറ്റ് കോപ്പികള്‍ പോസ്റ് ചെയ്യാന്‍ കൂട്ടുകാരനെ ഏല്പിച്ചിരുന്നു. അല്ലെങ്കില്‍ വേണ്ട ഇങ്ങനെ മരിക്കുന്നതിലും ഭേദം ജീവിക്കുന്നതാണ് ” (ജീവിക്കുന്നതാണ്)

ഇങ്ങനെ മരണത്തിന്റെ കയത്തിലേക്കിറങ്ങാന്‍ തുടങ്ങുന്നത് ജീവിതത്തിലേക്കൊരു നൂലേണി അരയില്‍ ബന്ധിച്ചിട്ടാണ്. കപ്പ, കപ്പ, കപ്പ കൊള്ളി, കൊള്ളി, കൊള്ളി പന്ത്, പന്ത്, പന്ത് എന്നിങ്ങനെ ജീവിതത്തിന്റെ ആര്‍ത്തിയെ അറിയാതെ മൂന്നുകൊണ്ട് പെരുക്കിപ്പോവുന്നു. പലവട്ടം ജീവിതം എറിഞ്ഞുകൊടുക്കാന്‍ ചെന്ന കടലിനെ അമ്മിണിയെ, കുഞ്ഞുമോളെ, കാട്ടി പേടിപ്പിച്ചോടിക്കുന്നു.

” നിന്നെ
കടലില്‍
മുക്കിയെടുത്തതിനു ശേഷം
അപ്പന്‍ തീരത്തെഴുതി
കടലമ്മ
കള്ളിയെന്ന്
നിന്നെ പേടിച്ചിട്ടാവണം
അമ്മിണീ
ഇത്തവണ അതമ്മ മായിച്ചില്ല”

അപ്പന്‍, അപ്പന്‍ എന്ന് സ്വയം വലുതായി ജീവിതത്തിലേക്കു തന്നെയുള്ള മടക്കങ്ങള്‍. “നീ വന്ന നാള്‍” എന്ന് മകളുടെ പിറവിയെക്കുറിച്ചെഴുതിയ കവിത, ദൈവം നേര്‍ രേഖയില്‍ വന്ന ദിവസത്തെക്കുറിച്ചുള്ള കവിത കൂടിയാണ്ു. ഭൂമിയില്‍ ഒരു കുഞ്ഞു വനദേവതയുടെ കാതുകുത്ത് കല്യാണം നടക്കുന്നു എന്ന് തോന്നിക്കും വിധമാണ് അതിലെ ദൃശ്യങ്ങള്‍ വിത്സന്‍ ഒരുക്കിയിരിക്കുന്നത്.

 

കുഴൂര്‍ വിത്സന്‍


 

നാടുവിട്ട ഇന്ത്യാക്കാരന്‍

അയാളിപ്പോള്‍ അത്ര ദൂരെയല്ല. എഴുത്ത്കൊണ്ട് മൂന്നാമിടവും നാലാമിടവുമൊക്കെ ഉണ്ടാക്കി ഭാഷയേയും നാടിനേയും കൂടുതല്‍ അടുപ്പിക്കുകയും പലനാടുകളിലേക്ക് പരക്കുകയും ചെയ്യുന്നു. ഒരു പൊതുവിടത്തില്‍ എത്തി എന്ന വിശ്വാസവും ഉണ്ട്. എന്നാലും ഗൃഹാതുരത ഒഴിയാബാധപോലെ പ്രവാസിയുടെ എഴുത്തിലുണ്ടാകും. വിത്സന്റെ ആദ്യകാല പ്രവാസകവിതകള്‍ കുഴൂരിനെ വിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങളാണ്.

പൊതുവേ പ്രവാസകവിതയില്‍ നിറയുന്ന ആള്‍ സഞ്ചാരം വിത്സന്റെ കവിതയിലില്ല എന്നത് അതിനെ വേറെയാക്കുന്നു. വില്ല, അതിലെ മുറി, തൊഴില്‍ (വാര്‍ത്ത വായിക്കല്‍), തൊഴിലിടം ഇങ്ങനെ വളരെ ചെറിയ ലോകം. ഇവയ്ക്കിടയില്‍ ഒരു തെരുവുണ്ട്. ആളുകള്‍ ഈ വഴി നടക്കാറില്ല. രണ്ട് വശത്തും മരങ്ങള്‍, പ്രത്യേകിച്ച് ആര്യവേപ്പ്. മണല്‍ക്കാടിന്റെ ഉള്ളുകള്ളികളത്രയും അറിയുന്നതിനാല്‍ അതിനോട് പൊരുത്തപ്പെടുന്ന മരമാണത്. വന്നോളൂ, നിന്നോളൂ, പൊക്കോളൂ എന്ന് നിസ്സംഗമായിനിന്ന് അവ പ്രവാസജീവിതത്തെ നരച്ച ഇലകളില്‍ എഴുതിവെക്കുന്നു (ആര്യവേപ്പ്). തമ്മിലൊട്ടാതെ ഓരോ തരിയും വേറെ വേറെ കിടക്കുന്ന മണല്‍ പരപ്പില്‍ കറിവേപ്പ് വളരില്ല. അതുകൊണ്ടിയാള്‍ സ്വന്തം ഉള്ളിന്റെ ഉള്ളിലെ പശിമയുള്ള മണ്ണില്‍ ഒരു കറിവേപ്പ് നടുന്നു. പെട്ടെന്ന് പച്ചപ്പ് പടരുന്നു. എല്ലാവരും കൊണ്ട്പോകും. വീണ്ടും വീണ്ടും ഒടിക്കാന്‍ പാകത്തില്‍ കൊമ്പ് താഴ്ത്തിക്കൊടുക്കും.

” കറിമണം പരക്കുമ്പോള്‍
കുട്ടികള്‍ക്കൊപ്പം എല്ലാ വീടുകളും
അത്യാഹ്ലാദം പടര്‍ത്തി അപരിചിതരാകും
എന്റെ പൊന്നോമനയിലകളേ
അവര്‍ കറിവേപ്പിലയെന്ന് വിളിച്ചോട്ടെ
എന്റെ മക്കള്‍ കരയരുത്”

പുറത്ത് ജീവിതം ആര്യവേപ്പായിട്ട്, അകത്ത് കവിത കറിവേപ്പായിട്ട്.

കൃഷി വിത്സന്റെ പ്രവാസകവിതകളിലെ പ്രധാന വേലയാകുന്നത് ഇതുകൊണ്ടൊക്കെ ആയിരിക്കണം. സൂപ്പര്‍ ഡാഡി, കൃഷിക്കാരന്‍, ആ മരം തുടങ്ങിയ കവിതകളില്‍ കൃഷിക്കാരനായ അപ്പനാണ് ഉയിരോടെ നില്‍ക്കുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലില്‍ കപ്പക്ക് വിലയേറുന്നതിനെക്കുറിച്ചുള്ള സചിത്രവാര്‍ത്തയില്‍ കറിവേപ്പിലയും ചുവന്ന മുളകും കിരീടം വെച്ച കപ്പ കണ്ട് വായില്‍ ഉമിനീരിന്റെ സുനാമി. അന്നുച്ചക്ക് കപ്പ പച്ചക്ക് പുഴുങ്ങുന്നു. ഉപ്പിട്ട് കപ്പ പുഴുങ്ങുന്നതിന്റെ മണം മൂക്കിലടിച്ചപ്പോള്‍ അപ്പന്‍ ഉയിര്‍ത്തെഴുന്നേറ്റ് വരുന്നു.

” വാരം തേടിയ പറമ്പുകള്‍
ചാരം ചാണകം
കൃത്യമായി നുറുക്കിയ
കൊള്ളിത്തലപ്പുകള്‍
കഞ്ഞിയെടുക്കാന്‍
ഓടുന്ന അമ്മ
കളിക്കും കലപിലക്കുമിടയില്‍
ട്രൌസര്‍ കീറിയ, കുപ്പായമില്ലാത്ത
ഒരു ചെക്കന്‍
പിടിവിട്ട് നടക്കുകയാണ്
കപ്പ കപ്പ കപ്പ
കൊള്ളി കൊള്ളി കൊള്ളി”

നീളുന്ന അധ്വാനം, ക്ഷമ, സഹനം, കാത്തിരുപ്പ് കൃഷിയില്‍ ജീവിതം. ജീവിതത്തേക്കാള്‍ വലുതാകുകയാണ്. കൊള്ളി എന്ന വാക്കിന്റെ അര്‍ത്ഥസാദ്ധ്യതകളുപയോഗിച്ച് അത് വിശപ്പിലേക്കും വിശ്വാസത്തിലേക്കും നീളുകയാണ്.

കൃഷിക്കാരന്‍ എന്ന കവിതയില്‍ കടയില്‍ നിന്ന് വാങ്ങിയ പഴം അത് കൃഷിചെയ്തുണ്ടാക്കിയ കൃഷിക്കാരനെക്കുറിച്ചുള്ള വിചാരങ്ങളിലേക്കും അതില്‍നിന്ന് കൃഷിക്കാരനായ അപ്പനിലേക്കും നീളുന്നു. ” ഒരു പഴം വേണ്ടിവന്നു / ഈ തെറിച്ച വിത്തിന് സ്വന്തം / കൃഷിക്കാരനെ ഓര്‍മ്മിക്കുവാന്‍”

കൃഷിയില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് കാലം കടന്നപ്പോള്‍ ജീവിതത്തെ തൊടാതെ ജീവിതം പായുന്നു. സ്പീഡ് കൂടുതല്‍ സ്പീഡ്. സൌെഗന്ധികം.കോം, അത്ലറ്റ് എന്നീ കവിതകളില്‍ കുഴൂരില്‍ നിന്ന് വെബ്ബന്നൂരിലേക്കുള്ള എത്തലാണ് വിഷയം.

വിളവുകള്‍ മാത്രം പാക്കറ്റിലോ ടിന്നിലോ കിട്ടുന്ന ചീര്‍ത്ത കാലം. “എന്തൊരാളായിപ്പോയി ഞാന്‍”(ഭ്രാന്ത്-ആറ്റൂര്‍ രവിവര്‍മ്മ) എന്ന് ജീവിതവും ചീര്‍ത്ത് പൂതലിക്കുന്നു. ആ അലട്ടില്‍ നിന്നാണ് “ജമ്മം” എന്ന കവിതയുണ്ടാകുന്നത്. അമ്മയാണ് ഈ കവിതയില്‍. ബോധത്തിനും അബോധത്തിനും ഇടയില്‍ പരസ്പരവിനിമയം നഷ്ടപ്പെട്ട് ഒറ്റയാകുന്ന അവസ്ഥ.

“വംശാവലിയുടെ
ഒരു വലിയ വൃക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി
ചെറുകാറ്റില്‍ ഉലയുന്നു
… എ എ
… എ എ
വംശാവലിയുടെ ഒരു വലിയ വൃക്ഷത്തിന്റെ
വേരുകളില്‍ അമ്മേ നിനക്ക് പൊട്ടുന്ന
പുതിയ ബോധത്തിന്റെ കുഞ്ഞു പച്ചകള്‍
വലിയ കാറ്റിലും നിശ്ചലം.”

നാട്ടുകാര്‍ക്ക് രണ്ടും കോമാളിക്കെട്ടിയാട്ടം. കൊട്ടുകിട്ടാഞ്ഞിട്ട്, കെട്ടിയിടാഞ്ഞിട്ട് എന്നൊക്കെ പ്രതിവിധികള്‍. ഒറ്റയ്ക്ക് സഹിച്ച് തീര്‍ക്കേണ്ട ജന്മ വ്യഥ!

ഒറ്റയും തെറ്റയുമായി കവികള്‍ ഇക്കാലത്ത് കവിതകളില്‍ വരാറുണ്ട്. വിത്സന്റെ കവിതകളിലാകട്ടെ കവികളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട്. സമകാലികരായ കവികളിലും അവരുടെ കവിതകളിലും ഇത്ര ആഹ്ലാദിക്കുന്ന ഒരു കവി വേറെയില്ല. (വ്യക്തിപരമായ അനുഭവത്തിന്റെ ഉറപ്പില്‍നിന്ന് എഴുതുന്നു) കല്‍പറ്റ നാരായണന്‍, വി.ജി.തമ്പി, സച്ചിദാനന്ദന്‍ പുഴങ്കര, പി.രാമന്‍, ടി.പി.രാജീവന്‍, വിഷ്ണുപ്രസാദ്, രൂപേഷ് പോള്‍ ഇവരെയൊക്കെക്കുറിച്ച് മതിമറക്കുന്നതും, ഇവരുടെ കവിതകള്‍ ചൊല്ലി ഇരട്ടിപ്പിക്കുന്നതും കേട്ടിട്ടുണ്ട്. ഇതിലെ “കേട്ടെഴുത്ത്” എന്ന കവിതയില്‍ വൈലോപ്പിള്ളി മുതല്‍ക്കുള്ള കവി പരമ്പര അപ്പാടെയുണ്ട്. ” ഉന്മദത്തിന്റെ ഭംഗിയുള്ള പകലില്‍” വി.ജി.തമ്പി, സെബാസ്ററ്യന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ടി.പി.അനില്‍ കുമാര്‍ നാസിമുദ്ദീന്‍, പകലവന്‍, നസീര്‍ കടിക്കാട്, കിടിലന്‍ തുടങ്ങിയവര്‍ അവരുടെ കവിതകളോടെ നില്‍ക്കുന്നു. ” കറുപ്പില്‍ നീറി നീറി പച്ചയായ് ” എന്ന കവിത അയ്യപ്പനെക്കുറിച്ച് മാത്രം.

ഒരു നല്ല നാടന്‍ കൃഷിക്കാരന്‍. സ്വന്തം തടം നനയ്ക്കുന്നു. അന്യന്റേതാവട്ടെ, ആരുടേതുമാവട്ടെ, അടുത്ത തടവും നനയ്ക്കുന്നു. ഇങ്ങനെയൊക്കെയായിരിക്കുമോ കറുപ്പിനെ നീറ്റി നീറ്റി പച്ചയാക്കുന്ന വിദ്യ ഇയാള്‍ ശീലിക്കുന്നത്?

 
 
 
 

8 thoughts on “കുഴൂര്‍ വിത്സന്റെ പല ജമ്മങ്ങള്‍

  1. വില്‍സന്‍റെ കവിതകളുടെ പച്ചപ്പ് ഈ ആസ്വാദനത്തിലും..

Leave a Reply

Your email address will not be published. Required fields are marked *