ഒറ്റ വാക്കിലൊതുങ്ങില്ല, ഒരു പിറവിയും

 
 
 
 
അമ്മ എന്ന അനുഭവത്തിന്റെ നാനാര്‍ത്ഥങ്ങളെക്കുറിച്ച വി.പി റജീനയുടെ കുറിപ്പിന് ഒരു തുടര്‍ച്ച. സ്മിത മീനാക്ഷി എഴുതുന്നു

 

 

…അതുകൊണ്ടു തന്നെ ‘ഒന്നു നൊന്തു പെറ്റു കാണിക്കെടോ’ എന്ന വെല്ലുവിളി അസംബന്ധമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ പുരുഷ സമൂഹം പലപ്പോഴും നടത്തുന്ന ചില ‘ശക്തി പ്രകടന’ങ്ങള്‍ക്കു തുല്യമാണിത്. ‘നീയൊരു പെണ്ണല്ലേ , ആണുങ്ങളോടു കളിച്ചാല്‍ വിവരമറിയും , സൂക്ഷിച്ചില്ലെങ്കില്‍ പത്തുമാസം കഴിയുമ്പോള്‍ ….’ ഈ തരത്തില്‍ പെട്ട സംഭാഷണങ്ങള്‍ പല സിനിമകളിലും കാണുന്നതല്ലേ?

വിഡ്ഢിത്തത്തിനെ അഹങ്കാരത്തിന്റെ മേല്‍ക്കച്ചയണിയിച്ച് പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്‍ മടികാണിക്കാറില്ല എന്നത് നാട്ടു നടപ്പ്. അതുപോലെ, സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൂത്രമൊഴിക്കുന്നതിന്റെ സ്വാഭാവിക രീതിപോലും എടുത്തു പറയുന്ന പുരുഷന്മാരില്ലേ? പൂച്ചയെപ്പോലെ നാലുകാലില്‍ വീഴാന്‍ നായയ്ക്കാവില്ലെന്നത് പൂച്ചയുടെ മഹത്വവും നായയുടെ ന്യൂനതയുമല്ല. അതുകൊണ്ടു തന്നെ ആ വിഡ്ഢിത്തത്തെ ആവര്‍ത്തിക്കാതെ, അവഗണിയ്ക്കുക എന്നതേ നമുക്ക് ചെയ്യാനുള്ളൂ-സ്മിത മീനാക്ഷി എഴുതുന്നു

 

 

സ്ത്രീയുടേതു മാത്രമായ ഒരു ജൈവാനുഭവമാണ് പ്രസവം. അതിന്‍റെ എത്ര വീഡിയോ ദൃശ്യങ്ങള്‍ കണ്ടാലും പുരുഷന് ആ അനുഭവത്തിന്‍റെ പൂര്‍ണത മനസ്സിലാക്കാനാവില്ല. അതിനായി മാത്രം ഇനിയും സ്ത്രീകള്‍ ക്യാമറയ്ക്കു മുമ്പില്‍ പ്രസവിക്കണമെന്നുമില്ല. മാതൃത്വത്തിന്റെ മഹത്വമെന്നത് ജനനത്തിന്റെ നിമിഷങ്ങളിലെ വേദനയില്‍ ഒതുങ്ങുന്നതാണോ? അത് ഗര്‍ഭപാത്രത്തില്‍ ഒരു ജീവന്‍ രൂപം കൊള്ളുന്നതോടെ ആരംഭിക്കുന്നു എന്നു പറയാമെങ്കിലും പ്രസവത്തോടെ അതു പൂര്‍ണ്ണമാകുന്നില്ല. ഒരു കുഞ്ഞിനെ , സമൂഹത്തിനു വേണ്ട രീതിയിലുള്ള ഒരു മനുഷ്യജന്മമായി ഏല്‍പ്പിച്ചു കൊടുക്കുന്നതുവരെ ആ മഹത്വപൂര്‍ണമായ പ്രക്രിയ തുടരുന്നു. പ്രസവവേദനയുടെ ഏറ്റക്കുറച്ചിലുകളില്‍ മാതൃ മഹത്വം വ്യത്യാസപ്പെടുന്നതുമില്ല.

സ്ത്രീ പുരുഷ ജന്മങ്ങളുടെ ജൈവപരമായ കര്‍ത്തവ്യങ്ങളില്‍ ‘പ്രസവം’ എന്നത് സ്ത്രീ സ്വമേധയാ ഏറ്റെടുത്ത ഒരു ഓപ്ഷന്‍ അല്ല. ‘ജനിപ്പിച്ചാല്‍ മതി, ഉള്ളില്‍ കിടത്തി വളര്‍ത്തി പത്തു മാസം കഴിഞ്ഞ് ഞാന്‍ പ്രസവിച്ചു തരാം’ എന്ന് ഹവ്വ മുതലുള്ള ഏതെങ്കിലും സ്ത്രീ ഇണയോട് പറഞ്ഞതു കൊണ്ടല്ല ഞാനടക്കമുള്ള സ്ത്രീ സമൂഹം പ്രസവിക്കുന്ന ജീവിയായത്. അങ്ങനെയൊരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നെങ്കില്‍ ഒന്നിടവിട്ട് ആണും പെണ്ണും എന്നും ആദ്യമാര് എന്നതു ടോസ്സ് ചെയ്തും തീരുമാനിക്കപ്പെടുമായിരുന്നു. അതുകൊണ്ടു തന്നെ ‘ഒന്നു നൊന്തു പെറ്റു കാണിക്കെടോ’ എന്ന വെല്ലുവിളി അസംബന്ധമാണ്.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ പുരുഷ സമൂഹം പലപ്പോഴും നടത്തുന്ന ചില ‘ശക്തി പ്രകടന’ങ്ങള്‍ക്കു തുല്യമാണിത്. ‘നീയൊരു പെണ്ണല്ലേ , ആണുങ്ങളോടു കളിച്ചാല്‍ വിവരമറിയും , സൂക്ഷിച്ചില്ലെങ്കില്‍ പത്തുമാസം കഴിയുമ്പോള്‍ ….’ ഈ തരത്തില്‍ പെട്ട സംഭാഷണങ്ങള്‍ പല സിനിമകളിലും കാണുന്നതല്ലേ? വിഡ്ഢിത്തത്തിനെ അഹങ്കാരത്തിന്റെ മേല്‍ക്കച്ചയണിയിച്ച് പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്‍ മടികാണിക്കാറില്ല എന്നത് നാട്ടു നടപ്പ്. അതുപോലെ, സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൂത്രമൊഴിക്കുന്നതിന്റെ സ്വാഭാവിക രീതിപോലും എടുത്തു പറയുന്ന പുരുഷന്മാരില്ലേ? പൂച്ചയെപ്പോലെ നാലുകാലില്‍ വീഴാന്‍ നായയ്ക്കാവില്ലെന്നത് പൂച്ചയുടെ മഹത്വവും നായയുടെ ന്യൂനതയുമല്ല. അതുകൊണ്ടു തന്നെ ആ വിഡ്ഢിത്തത്തെ ആവര്‍ത്തിക്കാതെ, അവഗണിയ്ക്കുക എന്നതേ നമുക്ക് ചെയ്യാനുള്ളു.

 

 

പിടിവാശിക്കാരി രാജ്ഞി
ഗര്‍ഭാവസ്ഥ എന്നത് സ്ത്രീയ്ക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് നല്‍കുന്നത്. ആ അവസ്ഥയില്‍ പഞ്ചേന്ദ്രിയങ്ങളെല്ലാം അതുവരെ തുടര്‍ന്നു വന്ന ശീലങ്ങളെ നിഷേധിക്കുന്നു. ഇതല്ല, ഇതല്ല എന്ന് നാവും കാതും കണ്ണുമൊക്കെ പരാതിക്കാരാകുന്ന കാലം. എല്ലാ ജൈവപ്രക്രിയകളെയും നിയന്ത്രിക്കുന്നത് പുതിയൊരു രാജ്ഞിയാണപ്പോള്‍ . അവളാണെങ്കിലോ വല്ലാത്ത പിടിവാശിക്കാരിയും. ഒരു പക്ഷേ ഒരു ശിശുവിന്റെ ഭരണത്തിലേയ്ക്ക് സ്ത്രീ ജീവിതം മാറുന്നതിന്റെ തുടക്കമായതിനാലാകാം.

അതുകൊണ്ടു കൊണ്ടു തന്നെ പിന്നിട്ട ആ അവസ്ഥയെ നോക്കിക്കാണുമ്പോള്‍ എനിക്ക് ആശ്ചര്യമാണ് . പുതിയൊരു ജീവിത ശൈലി ആവശ്യപ്പെടുന്ന അനുഭവം. അമ്പരപ്പിക്കുന്ന എത്രയെത്ര മാറ്റങ്ങള്‍ . ചിരി എന്നത് ഒഴിവാക്കാനാവാത്ത ശീലമായിരുന്ന ഞാന്‍ പുഞ്ചിരിക്കാന്‍ തന്നെ പാടുപെട്ടു. അന്നുവരെ ഒരിക്കല്‍ പോലും കഴിക്കാതിരുന്ന പാവയ്ക്ക എന്ന പച്ചക്കറി എന്‍റെ പ്രിയപ്പെട്ടതായത് അവിശ്വസനീയമായ മറ്റൊരു ജൈവമാറ്റം.

മൂന്നാം മാസത്തിലെ ഔദ്യോഗിക സ്ഥലം മാറ്റവും എട്ടാം മാസത്തിലെ ദില്ലി -കേരളാ ട്രെയിന്‍ യാത്രയുള്‍പ്പടെയുള്ള കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും അപ്പുറത്ത്, തുടക്കത്തില്‍ ഹോസ്റല്‍ വാര്‍ഡന്‍ പ്രത്യേക വാത്സല്യത്തോടെ തന്ന കഞ്ഞിയും പുളിച്ചമ്മന്തിയും ഓഫീസ് സഹപ്രവര്‍ത്തകര്‍ ദിവസവും കൃത്യമായി എത്തിച്ചു തന്നിരുന്ന കരിക്കിന്‍ വെള്ളവും പോലുള്ള നല്ല അനുഭവങ്ങള്‍ക്കാണ് ഓര്‍ത്തെടുക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നത്ഒരു പക്ഷേ ഞാനൊരമ്മയായതുകൊണ്ടാകാം. എങ്കില്‍ ആ അമ്മത്വത്തിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, ഒപ്പം. എന്നെ അതിനര്‍ഹയാക്കിയ രണ്ടു മക്കളോടും, അതിനു നിമിത്തമായ എന്റെ പങ്കാളിയോടും.

 

Painting: Priya Anand


 

ഒളിഞ്ഞു നോട്ടം എന്ന പാരമ്പര്യ കല
സ്ത്രീയുടെ ഗര്‍ഭാവസ്ഥയെ ലൈംഗിക താല്‍പര്യത്തോടെ നോക്കിക്കാണുന്ന പുരുഷ സമൂഹം നമുക്കു ചുറ്റും ഉണ്ട്. ഒരു മൂന്നാം ലോക രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയില്‍ അതും ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം. സാമ്പത്തികമായ പിന്നോക്കാവസ്ഥ മാത്രമല്ല വികസനത്തിന്റെ അളവുകോല്‍ , ജനജീവിതത്തിന്റെ ബൌദ്ധികമായ നിലവാരം കൂടിയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീയ്ക്ക് അവള്‍ ഇഷ്ടപ്പെടുന്ന ഏതു വേഷവും ധരിക്കാനുള്ള അവകാശമുണ്ടെന്നു നാം പറയുമ്പോള്‍ , അതിനെ ഉള്‍ക്കൊള്ളാനുള്ള സമൂഹം നിലവിലുണ്ടായിരിക്കേണ്ട ആവശ്യകത കൂടി അതില്‍ അന്തര്‍ലീനമാണ്. പക്ഷേ കാര്യങ്ങള്‍ അത്തരത്തിലൊന്നുമായിട്ടില്ല.

അതിനിനിയും കാലതാമസമുണ്ട്. തുറിച്ചു നോട്ടവും ഒളിഞ്ഞു നോട്ടവും നമ്മുടെ പാരമ്പര്യ കലകള്‍ തന്നെയാണിപ്പോഴും. വികസനത്തിന്റെ പാതയില്‍ പാതി പിന്നിട്ട ഈ അവസ്ഥയില്‍ ഗര്‍ഭവും പ്രസവവും പോലും ലൈംഗികതയുടെ ഹാസ്യോത്പന്നങ്ങളായി മാറുന്നു. കേരളത്തിലെ വിദ്യാഭ്യാസ നിലവാരവും മേല്‍പ്പറഞ്ഞ മനോഭാവവും തമ്മിലുള്ള ബന്ധം നേര്‍ വിപരീതമായ രീതിയിലാണ് നിലകൊള്ളൂന്നത്.

അതുകൊണ്ടു തന്നെ ആശുപത്രികള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്ക് സമൂഹത്തിന്റെ പ്രതികരണങ്ങളില്‍ അസ്വസ്ഥയാകേണ്ടിവരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായി ചെല്ലുന്നവരോട് സ്ത്രീകളായ ഡോക്ടര്‍മാരും നേഴ്സുമാരും പോലും വളരെ മോശമായ രീതിയില്‍ പെരുമാറാറുണ്ട്. അവര്‍ ചെയ്ത എന്തോ തരം താണ പ്രവൃത്തിയുടെ ഫലമായിട്ടാണ് ഈ അവസ്ഥയുണ്ടായതെന്ന അര്‍ത്ഥത്തില്‍ പരിഹാസത്തില്‍ പൊതിഞ്ഞ ശകാരവും നേരിടേണ്ടി വരുന്നു.

 

Painting: Seshadri Sreenivasan


 

സ്വപ്നത്തിനും ജാഗരത്തിനുമിടയില്‍
പ്രസവത്തിന്റെ വേദന അനുഭവിച്ചതുകൊണ്ട് മറ്റു വേദനകള്‍ നിസ്സാരമാകണമെന്നുണ്ടോ? പ്രസവവേദന പിന്നീട് ഓര്‍മ്മിച്ചെടുക്കാനാകില്ല എന്നു പറയുന്നതില്‍ തന്നെ ഒരു പ്രത്യേകത ആ അനുഭവത്തിനുണ്ട്. സന്തോഷവും സങ്കടവും വേദനയും കൂടിക്കലര്‍ന്ന ഒരു സ്വപ്നാവസ്ഥയിലാണതു സംഭവിക്കുന്നതെന്നു തോന്നുന്നു. കടുത്ത ഒരു വേദനയുടെ വേലിയേറ്റത്തില്‍ ഉറക്കെ നിലവിളിക്കുന്നു, അതടങ്ങുമ്പോള്‍ ഉറക്കത്തിലേയ്ക്കുള്ള ഒരു മുങ്ങാംകുഴി, അടുത്ത വേലിയേറ്റത്തിലാണു പിന്നീടു പിടഞ്ഞുണരുന്നത്.

അപ്പോള്‍ വേദനയെ വേദനയായിട്ടല്ല അറിയുന്നത്. അത് മറ്റെന്തോ അനുഭവമാണ്. സ്വപ്നത്തിനും ജാഗരത്തിനും ഇടയ്ക്കുള്ള ഒരു ഊഞ്ഞാലാട്ടം. ജനനത്തോടെ വേദനകള്‍ അവസാനിക്കുന്നുമില്ല, കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്ന നിമിഷം വേദനകളില്‍ നിന്നൊരു മോചനമുണ്ട്, പക്ഷേ പിന്നീട് ദിവസങ്ങളോളം തുടരുന്ന വേദന ഏതമ്മയും അനുഭവിച്ചിരിക്കും.

പച്ച മാംസത്തില്‍ സൂചി കയറ്റുന്ന വേദന അപ്പോള്‍ ഭീകരമായി തോന്നില്ല എങ്കില്‍ കൂടി , പ്രസവത്തെ സംബന്ധിച്ച് ഓര്‍മ്മയില്‍ നില്‍ക്കുന്ന വേദന ആ തുന്നലുകളുടെതു തന്നെയാണ്. രണ്ടാഴ്ചയില്‍ കൂടുതല്‍ നോവായി നീറിപ്പിടിച്ച ആ അനുഭവം പല കൂട്ടുകാരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. സിസേറിയന്‍ രീതിയിലുള്ള പ്രസവത്തിലും ജനനാന്തര വേദനകള്‍ മറക്കാനാകാത്തതാണ്.

എങ്കില്‍ പോലും ആ വേദനകള്‍ അനുഭവിച്ച ഒരു സ്ത്രീയ്ക്ക് മറ്റു വേദനകള്‍ നിസ്സാരങ്ങളെന്നു പറയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ( രണ്ടു പ്രസവവും കഴിഞ്ഞ്, നാളുകള്‍ക്കുശേഷം , മൂന്നു പല്ലുകള്‍ക്കൊരുമിച്ച് ‘റൂട്ട് കനാല്‍ സര്‍ജറി’ നടത്തിയപ്പോള്‍ അനുഭവിച്ച വേദന പ്രസവവേദനയുടെയത്ര പോലും താങ്ങാനായില്ലെന്നതാണു വാസ്തവം.)

 

Painting: Frida Kahlo


 

ജീവിതം എന്ന മുള്‍മുന
ഗര്‍ഭവും പ്രസവവും അതിനുശേഷമുള്ള കുഞ്ഞിനെ വളര്‍ത്തലും ( അതില്‍ അമ്മയെ കൂടാതെ അച്ഛനും പങ്കുണ്ടെങ്കിലും ആ പങ്ക് തുലോം ചെറുതാണ്. ) സ്ത്രീയുടെ സവിശേഷാനുഭവങ്ങള്‍ തന്നെ. നൊന്തും കരഞ്ഞും ചിരിച്ചും നടത്തുന്ന സ്വാഭാവികമായ ഒരു ജീവിത ക്രിയ. തൊഴില്‍ സ്ഥലത്തോ വീട്ടിലോ സ്ത്രീകള്‍ പ്രസവിക്കുന്ന കാലം മാറി എന്നത് നമ്മുടെ മാത്രം അനുഭവങ്ങള്‍. ഇതൊന്നും ഇങ്ങനെയല്ലാത്ത കോടിക്കണക്കിനു കോടിക്കണക്കിനുസ്ത്രീകള്‍, അടിയാത്തി മാച്ചിയെപ്പോലുള്ളവര്‍ നമ്മുടെ രാജ്യത്തുണ്ട്.

ദൈനംദിന ജീവിതത്തില്‍ അവരനുഭവിക്കുന്ന വേദനകള്‍ പ്രസവവേദനയെക്കാള്‍ വലുതാണ്. അഞ്ചാമതും ഗര്‍ഭിണിയായ നാലുമക്കളുടെ അമ്മയായ ഒരു സ്ത്രീ ഒരിക്കലെന്നോടു പറഞ്ഞു-‘ഗര്‍ഭവും പ്രസവവും ഒന്നുമല്ല പ്രശ്നം, ഒരു കുഞ്ഞിനുകൂടി ആഹാരത്തിനു വഴി കണ്ടെത്തുക എന്നത് മാത്രമാണ്’. ജീവശാസ്ത്രപരമായ അനുഭവങ്ങള്‍ പോലും ഉച്ച നീചത്വങ്ങള്‍ക്ക് വിധേയമാണ്. സാമ്പത്തിക അസമത്വങ്ങള്‍- വികസനത്തിന്റെ പാര്‍ശ്വഫലമായ അസമത്വങ്ങള്‍ – ഒരു ജനതയെ കനത്ത മതിലുകള്‍ കൊണ്ട് വേര്‍തിരിക്കുന്ന ഇക്കാലത്ത് നമുക്ക് ഒന്നിനെയും സാമാന്യവത്കരിക്കാനാവുന്നില്ല.

ശ്വേതാ മേനോന്റെ പ്രസവം ക്യാമറയിലൂടെ ലോകം കണ്ടതു കൊണ്ട് നാമുള്‍പ്പെടുന്ന സ്ത്രീ ലോകം ഒന്നും നേടുന്നില്ല. അത് ഒരു കലാകാരിയുടെ തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്കാരം മാത്രം. ഒപ്പം ഈ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമടക്കമുള്ള അണിയറ ശില്‍പ്പികള്‍ക്ക് കച്ചവട താല്‍പര്യങ്ങളില്‍ കൂടുതലായ ‘മഹദവികാരങ്ങള്‍’ ഒന്നുമുണ്ടാവില്ലെന്നും ഞാന്‍ കരുതുന്നു. ‘ശ്വേതയുടെ പ്രസവം ‘ കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ നിറയുമെന്നും സിനിമ വാണിജ്യപരമായ വിജയം നേടുമെന്നുമാകും അവരുടെ പ്രതീക്ഷകള്‍. ആ പ്രതീക്ഷകള്‍ സഫലമാകുകയും ചെയ്തേക്കാം.

 

Painting: Prakash Pore


 

സാമാന്യവല്‍കരണത്തിനപ്പുറം
അമ്മയുടെ മാഹാത്മ്യം മക്കളറിയുന്നത് , അല്ലെങ്കില്‍ സമൂഹമറിയുന്നത് അവരനുഭവിച്ച പ്രസവവേദനയുടെ അളവറിഞ്ഞിട്ടാണ് എന്നൊക്കെ ചിന്തിക്കാന്‍ ബുദ്ധി നമ്മെ അനുവദിക്കുമോ? പ്രസവിക്കാതെയും പാലൂട്ടാതെയും ചില അമ്മമാര്‍ മാതൃത്വത്തിന്റെ മഹനീയത നമ്മുടെ മുമ്പില്‍ വെളിവാക്കുന്നുണ്ട്.

അങ്ങനെയൊരു അമ്മയെ കഴിഞ്ഞയാഴ്ച കാണാനിടയായി. അന്‍പതു കുട്ടികളുമായി ഒരു വീട്ടില്‍, അവരിലോരോരുത്തരുടെയും ആവശ്യങ്ങള്‍ക്കു ചെവി കൊടുത്തും അവരെ സ്നേഹിച്ചും ജീവിക്കുന്ന ശ്രീമതി അഞ്ജന രാജഗോപാല്‍. ( സായ് കൃപ, സെക്ടര്‍ പന്ത്രണ്ട്, നോയിഡ. ) അമ്മയ്ക്കും മാതൃത്വത്തിനുമൊന്നും മറ്റു അര്‍ത്ഥങ്ങള്‍ തേടേണ്ടതില്ലെന്നു പറഞ്ഞ് മനസ്സുകൊണ്ടു വണങ്ങാന്‍ കഴിഞ്ഞതുപോലും ഒരു പുണ്യമെന്നു തോന്നി.

ജനനവും മരണവുമൊന്നും അര്‍ത്ഥപൂര്‍ണമാകുന്നതു ക്യാമറക്കണ്ണിലൂടെ നോക്കുമ്പോഴല്ല എന്നും മാതൃത്വവും പിതൃത്വവുമൊന്നും ഗാഢത അളക്കാവുന്ന ബന്ധങ്ങളല്ല എന്നും സാംസ്കാരിക രംഗത്തുള്ളവരും മനസ്സിലാക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. ‘പത്തുമാസം ചുമന്നതിന്റെയും നൊന്തു പെറ്റതിന്റെയും” കണക്കുകള്‍ അവസാനിപ്പിക്കാനുള്ള നേരമായി എന്ന് സ്ത്രീ സമൂഹവും തിരിച്ചറിയേണ്ടതുണ്ട്.

 

Painting: Alfredo Ramos Martinez


 

സുശീലയും ഒരമ്മയാണ്
2000 ന്റെ ആദ്യ പകുതിയിലാണ്. ഔദ്യോഗികമായി അങ്ങേയറ്റം തിരക്കുള്ള ദിനങ്ങളില്‍, ദിവസവും വന്നു പോകുന്ന സുശീല എന്ന ആത്മാര്‍ത്ഥതയുള്ള വീട്ടു ജോലിക്കാരിയായിരുന്നു വലിയ സഹായം. രണ്ടു കുട്ടികളുടെ അമ്മയായ അവള്‍ക്ക് എന്റെ പരിമിതികളില്‍ നിന്ന് അനുവദിച്ചു കൊടുക്കാവുന്ന സ്വാതന്ത്യ്രം കൊടുത്തിരുന്നതുകൊണ്ട് കുട്ടികളെയും കൂട്ടിയായിരുന്നു ജോലിക്കു വരുന്നത്, മറ്റുപണികള്‍ കഴിഞ്ഞ് തറ തുടയ്ക്കുന്ന നേരമാകുമ്പോഴേയ്ക്ക് കരഞ്ഞുതുടങ്ങുന്ന ഒന്നരവയസ്സുകാരനെ സാരിത്തലപ്പുകൊണ്ട് പുറത്തു കെട്ടിവച്ചായിരുന്നു അവള്‍ ജോലി പൂര്‍ത്തിയാക്കുന്നത്.

പെട്ടെന്ന് ഒരു ഔദ്യോഗിക ആവശ്യത്തിനു ഒരാഴ്ച ദൂരെ പോകേണ്ടിവന്നപ്പോള്‍ സുശീലയ്ക്ക് അധിക ചുമതലകള്‍ കൊടുത്താണ് ഞാന്‍ യാത്രയായത്. വീട്ടില്‍ അഞ്ചുവയസ്സുകാരി മകളും അവളുടെ അച്ഛനും മാത്രം. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ‘സുശീല വന്നില്ല , അവര്‍ പ്രസവിച്ചു എന്ന് ഒരു കുട്ടി വന്നറിയിച്ചു’.

ഞാന്‍ അമ്പരന്നു പോയി. പ്രസവിക്കുകയോ? അതിനവള്‍ ഗര്‍ഭിണിയായിരുന്നില്ലല്ലോ. അവള്‍ എന്തെങ്കിലും കാര്യസാധ്യത്തിനു നുണ പറയുന്നതാകും എന്നെന്റെ വികൃത ബുദ്ധി ചിന്തിച്ചു. ഒരാഴ്ചയ്ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ആദ്യം ചെയ്തത് സുശീലയുടെ വീടു തിരക്കി പോകുകയാണ്, മണ്ണിഷ്ടികകള്‍ അടുക്കിവച്ച് തീര്‍ത്ത വീടെന്ന സമചതുരക്കളത്തില്‍ ഒരു മൂലയിലെ കല്ലടുപ്പില്‍ എന്തോ വേവിക്കുന്ന സുശീല! മണ്ണ് തല്ലിയുറപ്പിച്ച തറയില്‍, ഒരു കീറത്തുണിയില്‍ ഒരു കുഞ്ഞ്! വലുപ്പം ഒരു പൂച്ചക്കുഞ്ഞിനെക്കാള്‍ അല്‍പം കൂടുതല്‍ മാത്രം.

ഞാന്‍ തരിച്ചു നിന്നുപോയി. ഏതാണ്ട് ഒരു വര്‍ഷമായിരുന്നു അവള്‍ എന്റെ വീട്ടില്‍ ജോലിയ്ക്കു വരാന്‍ തുടങ്ങിയിട്ട്.. എന്നിട്ടും ആ മനുഷ്യഗര്‍ഭം എന്റെ കണ്ണുകള്‍ കാണാതെ പോയി. ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ വരേണ്ടെന്നു പറയുമെന്ന് ഭയന്ന് അവള്‍ സാരി ചുറ്റി വയറൊളിപ്പിച്ചതാകാം, പക്ഷേ ഒമ്പതു മാസവും അതു കാണാതെ പോയ എന്നോട് എനിക്കിനിയും ക്ഷമിക്കാനായിട്ടില്ല, മരണം വരെ എനിക്കു മാപ്പു നല്‍കാന്‍ ഞാന്‍ തയാറുമല്ല.

 
 
വി.പി. റജീന എഴുതുന്നു
അടിയാത്തി മാച്ചിയുടെ ഈറ്റുപുരയും ശ്വേതാമേനോന്റെ പേറും
 
 
 
 

7 thoughts on “ഒറ്റ വാക്കിലൊതുങ്ങില്ല, ഒരു പിറവിയും

  1. തന്‍റെ ഗര്‍ഭകാലവും, പ്രസവവും ചിത്രീകരിക്കാന്‍ അനുമതി കൊടുത്ത ഒരാളുടെ പ്രവൃത്തിയെ ചുറ്റിപ്പറ്റി നടന്ന ചര്‍ച്ചകളുടെ ഒരു പൊതുസ്വഭാവം അത് ശ്വേതാമേനോന്‍ എന്ന സിനിമാനടിയുടെ പോസ്റ്റര്‍ വലം വെച്ചുനടന്ന ചില്ലറവര്‍ത്തമാനങ്ങളായിരുന്നുവെന്നതാണ്‌. ഒരു സിനിമാനടിയെപ്പോലെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് അക്ഷയഖനിയാകാവുന്ന ഒരു വിഷയം ഭൂമിമലയാളത്തിലും, മലയാളമല്ലാത്ത ഭൂമിയിലും ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. “ഓ ഇതൊക്കെയെന്തോന്ന് പ്രസവം? പ്രസവമൊക്കെ അങ്ങ് അമേരിക്കയിലല്ലേ” എന്നമട്ടിലും ബഡായികളുണ്ടായി. ശ്വേതയെ വാഴ്ത്താതെയും, ഇകഴ്ത്താതെയും , അവരുടെ വ്യക്തിപരമായ അനുഭവത്തെയും, തീരുമാനത്തെയും സ്പര്‍ശിക്കാതെയും ,സ്ത്രീയുടെ ഈ സവിശേഷാനുഭവത്തെക്കുറിച്ചുള്ള പൊതുചര്‍ച്ചയില്‍ പങ്കെടുക്കുന്നു എന്നതാണ്‌ സ്മിതയുടെ ലേഖനത്തിന്‍റെ പ്രത്യേകത. ശ്വേതയുടെയും, ബ്ലെസ്സിയുടെയും പ്രവൃത്തിയില്‍ നിന്ന് ഒരു പ്രസവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമൂഹത്തിന്‍റെ ബോധതലത്തിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നുവെന്നത് ഈ ലേഖനത്തെ പ്രസക്തമാക്കുന്നു. ആ വിഷയത്തെക്കുറിച്ച്, ഇതുവരെ തുടര്‍ന്നു വന്ന രീതിയിലുള്ള ചര്‍ച്ചകളെ അത് അപ്രസക്തവുമാക്കുന്നു.

  2. ഗർഭം,.പ്രസവം ഒക്കെ എനിക്കിപ്പോഴും പേടിയാണു..പക്ഷെ ഒരു കുഞ്ഞിനെ വളർത്തുക എന്നത് എനിക്ക് എപ്പോഴും സന്തോഷം തന്നെ..:)

  3. ഗര്‍ഭകാലം പ്രസവം തുടങ്ങിയവയൊക്കെ വളരെ ചെറുപ്പത്തില്‍ കഴിഞ്ഞു പോയതുകൊണ്ട് വിദൂരമായ ഓര്‍മയില്‍ കൂടി അതൊന്നുമില്ല.എന്നാല്‍ കുറെ വേദനകളുടെ ബാക്കി പാത്രമായി മുന്നില്‍ വളര്‍ന്നു വലുതായി കൊണ്ടിരിക്കുന്ന രണ്ടു പൊടി മീശക്കാരെ കാണുമ്പോള്‍
    പാല്‍ച്ചുരത്തുന്നു മാതൃത്വത്തിന്റെ നിറഞ്ഞ മനസ്. ഉള്ളിലെ ഇനിയും മരിക്കാത്ത ഗര്‍ഭപാത്രത്തില്‍ അനങ്ങുന്നുവോ ജീവന്റെ ഒരു കണിക ഇനിയും എന്നിടക്കിടെ ഒരു തോന്നല്‍ ……….

  4. ഗര്‍ഭം, പ്രസവം, വേദന, അതിനു ശേഷം കുഞ്ഞിനെ വളര്‍ത്തുക എന്നിവയിലൂടെ ഓരോ വ്യക്തിയും അനുഭവിച്ചറിയുന്നത് വ്യത്യസ്തമായിരിക്കും. ഒരു ആണ് ആയതിനാല്‍ ഈ പറഞ്ഞത് എല്ലാം ഉഉഹിക്കാനെ പറ്റൂ . എങ്കിലും ഒരു injection എടുക്കുമ്പോള്‍ കരയുന്ന എന്നോട് അമ്മ ഇപ്പോഴും പറയും : ഡാ നിന്നെ പെറുമ്പോള്‍ ഞാന്‍ അനുഭാവിച്ചതോര്‍ക്കുമ്പോള്‍ ഇത് ഒന്നും അല്ല
    അപ്പോഴൊക്കെ ഞാന്‍ ആലോചിക്കാറുണ്ട് : ഈശ്വരാ ഒരു വലിയ വേദനയിലൂടെ ആണല്ലോ ഞാന്‍ ജനിച്ചത്

  5. ആശുപത്രി ജീവനക്കാരുടെ പെരുമാറ്റങ്ങളെ കുറിച്ച് പല പരാതികളും ഉണ്ടാകാറുണ്ട്.പക്ഷെ അറിയാതെ പോകുന്ന ഒന്നുണ്ട് . പൊതുവില്‍ ജീവിതം അതിന്‍റെ എല്ലാ ആടയാഭരണങ്ങളും അഴിച്ചുവച്ച് ആസുര ദ്രംഷ്ടകളോടെ പ്രത്യക്ഷപെടുന്ന ആശുപത്രികളില്‍ ,മരവിച്ച മനസായിരിക്കും ജീവനക്കാര്‍ക്കും ഉണ്ടാവുക. സ്ത്രീത്തതിന്‍റെ ആഘോഷമായി ഗര്‍ഭകാലം കണക്കാക്കുന്ന ശാട്യത്തിന്‍റെ രാജ്ഞിമാരായ പലര്‍ക്കും അറിയില്ല, തൊട്ടു മുന്‍പില്‍ ജനന വൈകല്യങ്ങളോടെ പിറന്ന കുഞ്ഞിന്‍റെ മാതാ പിതാക്കളുടെ തോരാ കണ്ണുനീരായിരിക്കും അപ്പോഴും ആശുപത്രി ജീവനക്കാരുടെ മനസ്സിലെന്ന് .

Leave a Reply

Your email address will not be published. Required fields are marked *