ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

 
 
 
 
ഹസാരെ സമരക്കാലത്ത് അധികം മാധ്യമ ശ്രദ്ധ കിട്ടാതിരുന്ന കേജ് രിവാളിനെ ആദ്യമായി വിശദമായി പരിചയപ്പെടുത്തിയ കാരവന്‍ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍

 
 

തെരഞ്ഞെടുപ്പ് വഴി ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഫണ്ട് എങ്ങനെ സ്വരൂപിക്കും എന്നത് മറ്റൊരു പ്രധാന കാര്യമാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ ഏതെങ്കിലും അഴിമതിയിലൂടെയോ മറ്റേതെങ്കിലും അവിഹിത മാര്‍ഗത്തിലൂടെയോ ഉണ്ടാക്കിയതാണോയെന്ന് കണ്ടെത്താനും അങ്ങനെയെങ്കില്‍ അതു വേണ്ടെന്നു പറയാനുമുള്ള ചങ്കൂറ്റം കേജ് രിവാള്‍ കാണിക്കുമോ? അതിനൊപ്പം, വളരെ സെലക്ടീവായ സംസാരവും വെളിപ്പെടുത്തലും തന്റെ തന്ത്രമായി സ്വീകരിച്ചിട്ടുമുണ്ട്, കെജ്രിവാള്‍. അഴിമതിയുടെ പേരില്‍ റോബര്‍ട്ട് വാധ്രയ്ക്കെതിരെ തിരിഞ്ഞപ്പോള്‍ എ.ബി വാജ്പേയിയുടൈ മരുമകന്‍ രഞ്ജന്‍ ഭട്ടാചാര്യയെ കുറിച്ച് മിണ്ടിയില്ല. ഹരിയാന സര്‍ക്കാരിനെതിരെയും ഡി.എല്‍.എഫിനെതിരെയും രംഗത്തു വന്നപ്പോള്‍ ഗുജറാത്ത് സര്‍ക്കാരിനും നരേന്ദ്ര മോഡിക്കും ഡി.എല്‍.എഫുമായുളള ബന്ധത്തെ കുറിച്ച് മൌനം പാലിച്ചു- കാരവന്‍ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍

 

 

അരവിന്ദ് കേജ് രിവാള്‍ നിലവിലുള്ള സിസ്റത്തെ മാറ്റി മറിക്കാന്‍ പോന്ന ആളാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പരിഷ്കരണവാദി എന്ന നിലയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ആ രീതിയില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ് കേജ് രിവാള്‍. അതുകൊണ്ടു തന്നെ ഏതൊരു പ്രതിപക്ഷ പാര്‍ട്ടിയും എടുക്കുന്ന, നിലനില്‍ക്കുന്ന സ്പേസില്‍ ആണ് അദ്ദേഹവുമുള്ളത്.

ഇത് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുളള പ്രതിപക്ഷ പാര്‍ട്ടികളുടെ കഴിവു കേട്. നമ്മുടെ രാജ്യത്ത് പ്രതിപക്ഷം ക്രിയാത്മകമായി കൈകകാര്യം ചെയ്യേണ്ട ഇടം കഴിഞ്ഞ 20ലേറെ വര്‍ഷങ്ങളായി വളരെ ദുര്‍ബലമാണ്. ആ ഇടം ഏറ്റെടുക്കേണ്ട മുദ്രാവാക്യങ്ങളും വെല്ലുവിളികളും ഇല്ലാതാകുമ്പോഴാണ് കേജ് രിവാളിനെ പോലെയുള്ള ഒരു ഔട്ട്സൈഡറിന് സാധ്യതയേറുന്നത്.

ഒരു ജനാധിപത്യവത്ക്കരണ പ്രക്രിയയില്‍ ഭരിക്കുന്ന പാര്‍ട്ടികളും സര്‍ക്കാരും സ്വയമേവ ഏറ്റെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. തുല്യത എന്ന ഭരണഘടനാ ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി ജാതി, വര്‍ഗ, ലിംഗ, ഫ്യൂഡല്‍ വേര്‍തിരിവുകളെ ഇല്ലാതാക്കുക എന്നത് ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രത്തിന്റെ തത്വത്തിലുള്ള പ്രാഥമിക അജണ്ടയാണ്. അഴിമതി ഇല്ലായ്മ ചെയ്യുക എന്നതും ആ തുല്യതാ പ്രക്രിയയുടെ ഭാഗമാണ്. അഴിമതിയുമായി ബന്ധപ്പെട്ട് ലോക്പാല്‍ കൊണ്ടു വരിക എന്നത് ഈ വലിയ പ്രക്രിയയിലെ ഒരു ചെറിയ നയമായിരുന്നു. സി.ബി.ഐയെ സര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്നും അതിനാല്‍ സി.ബി.ഐയെ സ്വതന്ത്രമാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നത് ഭരിക്കുന്നവരുടെ ഈ പിടിപ്പുകേടില്‍ നിന്നാണ്.

സി.ബി.ഐയെ സ്വതന്ത്രമാക്കുക എന്നത് പണ്ടേ ചെയ്യേണ്ടിയിരുന്ന ഒരു നടപടിയായിരുന്നു. അമേരിക്കയിലെ എഫ്.ബി.ഐ ഒക്കെ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്. ഒരു നേതാവിന്റെ അഴിമതിയോ സ്ത്രീ വിഷയമോ അന്വേഷിച്ച് കണ്ടു പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന് ഇന്ത്യയില്‍ എത്രത്തോളം കഴിയും എന്നത് ആലോചിക്കേണ്ടതാണ്. ജനാധിപത്യത്തില്‍ സാധാരണ ജനം ഒരു ലെവലിംഗ് ആഗ്രഹിക്കുന്നു എന്നതാണ് നേര്. വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്ന വലിയവരെ വലിച്ചു താഴെയിടാന്‍ ജനം ആഗ്രഹിക്കുകയും സര്‍ക്കാര്‍ സ്വതന്ത്രവും സുതാര്യവുമായ ഒരു അന്വേഷണ ഏജന്‍സിയെ സൃഷ്ടിക്കാന്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ ആ സ്പേസില്‍ കേജ് രിവാള്‍ തന്റെ സ്ഥാനം കണ്ടെത്തുന്നു എന്നു പറയാം.

 

 

ആദര്‍ശാത്മകതയുടെ ഇടം
കേജ് രിവാളിനെ പിന്തുണയ്ക്കുന്നവര്‍ ആരുമാകട്ടെ, ഈ ഇടത്തിന് വലിയൊരു രാഷ്ട്രീയ ധാര്‍മികത ഉണ്ട് എന്നതിനാല്‍ ആ സ്പേസിലേക്ക് കേജ് രിവാള്‍ കടന്നു വരുമ്പോള്‍ അവിടെ ആദര്‍ശാത്മകതയുടെ ഒരു പരിവേഷം ഉണ്ടാകുന്നുണ്ട്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇടതുപക്ഷമാണ് ഇത്തരമൊരു റോള്‍ വഹിക്കാറ്. അവര്‍ ജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉയര്‍ത്താറുമുണ്ട്.

പക്ഷേ അതൊക്കെ പേരിനു വേണ്ടി ഒരു പത്ര സമ്മേളനം എന്നതില്‍ കവിഞ്ഞ് ആത്മാര്‍ഥതയോ ഊര്‍ജമോ ക്രിയാത്മകമായ പുതിയ സമര രീതികളോ ഇല്ലാതെ ജനങ്ങളെ കൂടെ കൂട്ടാന്‍ ബുദ്ധിമുട്ടുന്നു. ഇടതിന്റെ മുരടിപ്പ് സൃഷ്ടിക്കുന്ന ഈയൊരു ശൂന്യതയാണ് കേജ് രിവാള്‍ കൈകാര്യം ചെയ്യുന്ന മറ്റൊരു ഇടം.

കേജ് രിവാള്‍ തന്റെ ഇടം കണ്ടെത്തുന്ന മറ്റൊരു മേഖല അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ അഭാവമാണ്. ഈ സ്പേസും കേജ് രിവാള്‍ വിദഗ്ധമായി ഉപയോഗിക്കുന്നുണ്ട്.

 
 

മന:പൂര്‍വമുള്ള മൌനങ്ങള്‍
കേജ് രിവാള്‍ തന്റെ മൂവ്മെന്റ് അല്ലെങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനവുമായി കടന്നു വരാന്‍ ഉപയോഗിച്ച പ്രധാന പ്രശ്നങ്ങളിലൊന്ന് അഴിമതിയാണ്. എന്നാല്‍ അഴിമതി എന്ന സംജ്ഞ ഉപയോഗിച്ച് വ്യവസ്ഥയില്‍ ാറ്റം വരുത്താന്‍ കഴിയുമെന്നും തോന്നുന്നില്ല. അഴിമതി വിരുദ്ധം എന്നത് ഒരു തത്വശാസ്ത്രമല്ല, മറിച്ച് അതൊരു മുദ്രാവാക്യം മാത്രമാണ്. ഒരു തത്വശാസ്ത്രം ഉണ്ടാക്കി എടുക്കണമെങ്കില്‍ അതിന് കൃത്യമായ പ്രത്യയശാസ്ത്ര വ്യക്തത വേണം. അതിന്റെ സ്വഭാവമെന്തെന്നതും എന്തൊക്കെ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നതും ഒക്കെ പ്രധാനമാണ്. ഈയൊരു കുറവ് അഴിമതിയെ മാത്രം മുന്നില്‍ നിര്‍ത്തി രൂപപ്പെടുത്തുന്ന ഒരു മൂവ്മെന്റിന് ഉണ്ടെന്ന് പറയാന്‍ കഴിയില്ല.

കേജ് രിവാള്‍ ഈ വിഷയത്തിലേക്ക് കടക്കാത്തത് മന:പൂര്‍വം ആണെന്നു വേണം കരുതാന്‍. കാരണം തന്നെ പിന്തുണയ്ക്കുന്ന സമൂഹത്തില്‍ അതൊരു വലിയ ധ്രുവീകരണമുണ്ടാക്കിയേക്കുമെന്ന് അദ്ദേഹത്തിന് അറിയാം. ജാതി^വര്‍ഗം ഒക്കെ ഇവിടെ പ്രശ്നങ്ങളുണ്ടാക്കുകയും ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും. അതോടൊപ്പം, തന്റെ നിലപാടുകള്‍ വ്യക്തമാക്കിയാല്‍ മാധ്യമ ലോകത്തും അതിന്റെ കവറേജിലും ഒക്കെ ഈ പ്രശ്നങ്ങള്‍ ബാധകമായേക്കാം. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി ബുദ്ധിപൂര്‍വം നീങ്ങുകയാണ് കേജ് രിവാള്‍ എന്നാണ് കരുതേണ്ടത്.

 

 

വൈരുധ്യങ്ങളുടെ സര്‍ക്കസ്
അതോടൊപ്പം, ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സമൂഹത്തിലെ വിവിധ പ്രശ്നങ്ങളിലുള്ള നിലപാട് എന്തെന്നതും പ്രധാനമാണ്. ഇപ്പോള്‍ കേജ് രിവാളിനൊപ്പമുള്ള പ്രശാന്ത് ഭൂഷന്റെ കാശ്മീര്‍ സംബന്ധിച്ചുള്ള ഔദ്യോഗിക നിലപാട് പാര്‍ട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്നത് പ്രശ്നമാണ്. പാര്‍ട്ടി നേതൃത്വത്തിലെ 70^80 ശതമാനം പേരെങ്കിലും ഒരേ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ആ പാര്‍ട്ടിക്കൊരു ഒരുമ ഉണ്ടാവുകയുള്ളൂ.

മറ്റൊരു പ്രധാന കാര്യം സമരങ്ങളോടുള്ള കേജ് രിവാള്‍ കൂട്ടായ്മയുടെ സമീപനമാണ്. ഇന്ത്യയില്‍ സമരങ്ങളിലൂടെയും നിരവധി പീഡനങ്ങളിലൂടെയും അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കടന്നു വന്നിട്ടില്ല കോണ്‍ഗ്രസ്, ഇടത്, ബി.ജെ.പി, ദ്രാവിഡ പാര്‍ട്ടികള്‍ തുടങ്ങിയ എല്ലാവരും^അവിടെ സമരമുണ്ട്, ജയിലുണ്ട്, പീഡനമുണ്ട്, വെടിവയ്പുണ്ട്, മരണവും രക്തസാക്ഷിത്വവുമുണ്ട്. അവിടെ വ്യക്തികളുടെ പങ്കാളിത്തവും അതിനു വേണ്ടി ഉഴിഞ്ഞു വയ്ക്കുന്ന സമയവും അനുയായികളുടെ സമര്‍പ്പണവുമുണ്ട്. കേജ് രിവാളിനെ സംബന്ധിച്ചിടത്തോളം ഇതെത്രത്തോളം സാധ്യമാകും എന്നതില്‍ എനിക്ക് സംശയമുണ്ട്. മറിച്ച് ഏതെങ്കിലുമൊക്കെ മണ്ഡലത്തില്‍ 2000^3000 വോട്ടുകള്‍ സ്വാധീനിക്കാനുള്ള ഒരു ഗ്രൂപ്പായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.

തെരഞ്ഞെടുപ്പ് വഴി ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഫണ്ട് എങ്ങനെ സ്വരൂപിക്കും എന്നത് മറ്റൊരു പ്രധാന കാര്യമാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ ഏതെങ്കിലും അഴിമതിയിലൂടെയോ മറ്റേതെങ്കിലും അവിഹിത മാര്‍ഗത്തിലൂടെയോ ഉണ്ടാക്കിയതാണോയെന്ന് കണ്ടെത്താനും അങ്ങനെയെങ്കില്‍ അതു വേണ്ടെന്നു പറയാനുമുള്ള ചങ്കൂറ്റം കേജ് രിവാള്‍ കാണിക്കുമോ? അതിനൊപ്പം, വളരെ സെലക്ടീവായ സംസാരവും വെളിപ്പെടുത്തലും തന്റെ തന്ത്രമായി സ്വീകരിച്ചിട്ടുമുണ്ട്, കെജ്രിവാള്‍. അഴിമതിയുടെ പേരില്‍ റോബര്‍ട്ട് വാധ്രയ്ക്കെതിരെ തിരിഞ്ഞപ്പോള്‍ എ.ബി വാജ്പേയിയുടൈ മരുമകന്‍ രഞ്ജന്‍ ഭട്ടാചാര്യയെ കുറിച്ച് മിണ്ടിയില്ല. ഹരിയാന സര്‍ക്കാരിനെതിരെയും ഡി.എല്‍.എഫിനെതിരെയും രംഗത്തു വന്നപ്പോള്‍ ഗുജറാത്ത് സര്‍ക്കാരിനും നരേന്ദ്ര മോഡിക്കും ഡി.എല്‍.എഫുമായുളള ബന്ധത്തെ കുറിച്ച് മൌനം പാലിച്ചു.

 

 

കാരവന്‍ ശ്രമത്തിന് പിന്നില്‍
അണ്ണാ ഹസാരെ തന്റെ ആദ്യ സമരവുമായി മുന്നോട്ടു വന്നപ്പോഴാണ് അരവിന്ദ് കേജ് രിവാളിനെ ഞങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സ്റ്റേജിന് മുകളിലുള്ളവരെയാണ് മിക്കപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആരാണ് സ്റ്റേജിനു പിന്നിലുള്ളതെന്ന് ആകാംക്ഷയുണ്ടാവുകയും അത്തരമൊരു മൂവ്മെന്റിന്റെ യഥാര്‍ഥ സൂത്രധാരന്‍ ആരെന്ന് മനസിലാക്കാനുമുള്ള ശ്രമം കേജ് രിവാളില്‍ എത്തി നില്‍ക്കുകയായിരുന്നു.

അങ്ങനെയാണ് കേജ് രിവാളിനെ ഹസാരെയുടെ ജനറല്‍ എന്ന വിശേഷണത്തോടെ ആദ്യമായി ഞങ്ങള്‍ അവതരിപ്പിച്ചത്. അഞ്ചു മാസത്തോളം കേജ് രിവാളിനും അണ്ണാ ഹസാരെയ്ക്കുമൊപ്പം സമയം ചെലവഴിച്ച് 10,000ത്തിലധികം വാക്കുകളില്‍ കാരവന്‍ തയാറാക്കിയ ഈ ലേഖനം കേജ് രിവാള്‍ എന്ന വ്യക്തിയുടെ മനസിന്റെയും ചിന്തയുടേയും ഒരു വലിയ ഭാഗം മുറിച്ചു കാണിക്കുന്നുണ്ട്. ആദര്‍ശ പുരുഷന്‍ അതേ സമയം, സ്വേച്ഛാധിപതി, തീക്ഷ്ണബുദ്ധിയായ രാഷ്ട്രീയക്കാരന്‍ അതേ സമയം യൂസ് ആന്റ് ത്രോ എന്ന തനത് രാഷ്ട്രീയ നടപടികള്‍ -ഇതൊക്കെ ഒന്നര വര്‍ഷം മുമ്പു തന്നെ തയാറാക്കിയ ആ ലേഖനത്തിലൂടെ കേജ് രിവാള്‍ എന്ന വ്യക്തിയുടെ സ്വഭാവമായി കാണാന്‍ സാധിക്കുന്നുണ്ട്.

 
The Insurgent
Revisit The Caravan’s profile of Arvind Kejriwal

 
 
(കാരവന്‍ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. വിനോദ് കെ. ജോസുമായി സംസാരിച്ച് തയാറാക്കിയത്)
 
 
 
 

കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *