ബിനാലെ ചുമരുകളില്‍ ഒരു കവിത മുഖം നോക്കുന്നു

 
 
 
 
കൊച്ചി മുസിരിസ് ബിനാലെ: ഒരു കാഴ്ചാനുഭവം.
കവിതക്കും കലക്കുമിടയിലൂടെ പല കാലങ്ങളുടെ ലയം. അരുണ്‍ പ്രസാദ് എഴുതുന്നു

 
 

ബിനാലെ പോലെയുള്ള ഇടങ്ങളില്‍ കവിതാ ഇന്‍സ്റലേഷനുകള്‍ നടക്കുന്നുണ്ട് എന്നിരിക്കെത്തന്നെ കേരളകവിതാ ലോകം ഈ സാധ്യതയെ ഉപയോഗിച്ചിട്ടില്ല എന്നു തന്നെ വേണം കരുതാന്‍.സച്ചിദാനന്ദന്റെ “കവി കവിതയോട്” എന്ന കവിത ഈ ബിനാലേയില്‍ അതുല്‍ ദോദിയ എന്ന കലാകാരന്‍ തന്റെ ഫോട്ടോ ഇന്‍സ്റലേഷനില്‍ ഉപയോഗിച്ചിട്ടുണ്ട്. മോണ്ട് ഗോമറി ആസ്പിന്‍ വാളിന്റെ കടലിനഭിമുഖമായി നില്‍ക്കുന്ന വശത്ത് LED ബള്‍ബുകള്‍ ഉപയോഗിച്ച് നടത്തിയ കവിത ഇന്‍സ്റലേഷന്‍ നഷ്ടപ്പെട്ട മുക്കുവന്മാരെ ഓര്‍മിക്കുന്ന ഒരു ഗീതത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. കവിത, പുസ്തകങ്ങളിലും സൈബര്‍ ഇടങ്ങളിലും ഒതുങ്ങേണ്ട കാലം കഴിഞ്ഞു.പുറത്തു ചാടണം. മതിലുകളിലേക്ക്, ചുവരുകളിലേക്ക്, തെരുവുകളിലേക്ക്, റോഡുകളിലേക്ക്, കെട്ടിടങ്ങളിലേക്ക്, ആകാശത്തിലേക്ക്, തൊലിപ്പുറങ്ങളിലേക്ക്.

 

 
ഇരുണ്ട ഒരു മുറിയിലേക്കാണ് ഓടിക്കയറിയത്. നേരെ വന്നു തളം കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പൊത്തോം എന്നു മൂക്കും കുത്തി വീഴേണ്ടതായിരുന്നു. അദൃശ്യനായ ആരോ താങ്ങി നിര്‍ത്തി. കാഴ്ചക്ക് ഇരുട്ടുമായി പൊരുത്തപ്പെടാന്‍ എടുത്ത സമയത്ത് പാറിനടക്കുന്ന ഒരു പാട് മഞ്ഞ മഞ്ഞ കുഞ്ഞി കുഞ്ഞി മിന്നാമിനുങ്ങുകളെ കണ്ടു.പതുക്കെ കാഴ്ച വീണ്ടു കിട്ടിയപ്പോള്‍ ചുമരില്‍ ഉറപ്പിച്ചിരിക്കുന്ന വെള്ള നിറത്തില്‍ സ്വയം പ്രകാശിക്കുന്ന കുറച്ച് അക്ഷരങ്ങള്‍ ആണു ആദ്യം തെളിഞ്ഞു വന്നത്.

അരുണ്‍ പ്രസാദ്

ക്യാമറ സൂം ചെയ്യും പോലെ ഒന്നു കൂടെ ശ്രദ്ധിച്ച് നോക്കി. മലയാളം…?അല്ലല്ല…ഇംഗ്ലീഷ്, തമിഴ്, ഹിന്ദി …അല്ല. വേറേതോ ഭാഷയാണ്. റൂമിലേക്ക് കയറി വരുന്നതിനു മുന്‍പു ഈ സൃഷ്ടി എന്താകും എന്ന ആകാംക്ഷ അതേ രീതിയില്‍ മനസിലുണ്ട്. വെള്ളം തളം കെട്ടി കിടക്കുന്ന ഒരു ഹാള്‍ അതിനു ചുറ്റും തടികൊണ്ട് നിര്‍മിച്ച നടപ്പാത. ഇരുട്ട് പതിയെ പതിയെ മാഞ്ഞു തുടങ്ങി. ഇപ്പോള്‍ എല്ലാം കാണാം. വെള്ളിവെളിച്ചത്തില്‍ കണ്ണു തുറന്നു നില്‍ക്കുന്ന അക്ഷരങ്ങള്‍. ഈ നിശ്ചല തടാകം ഒരുക്കിയപ്പോള്‍ സിമന്റില്‍ പതിഞ്ഞു പോയ പണിക്കാരുടെ കാല്‍പാദങ്ങള്‍. മുറിയിലേക്കു നുഴഞ്ഞു കയറികൊണ്ടിരിക്കുന്ന സൂര്യകിരണങ്ങളെ ഒരോന്നോരോന്നായി പെറുക്കിയെടുക്കാം.

വെറുതെ അലസമായി നടപ്പാതയിലൂടെ നടന്നു. അക്ഷരങ്ങള്‍ക്കഭിമുഖമായി നിന്ന് വെള്ളത്തിലേക്കു സൂക്ഷിച്ച് നോക്കിയപ്പോഴാണു താഴെ ദാ വെള്ളത്തില്‍ വീണു കിടക്കുന്നു അമ്പിളി അമ്മാവന്‍. കരുതിയിരുന്നതു പോലെ അക്ഷരങ്ങള്‍ പോര്‍ച്ചുഗീസ് ഒന്നുമല്ല പച്ച ഇംഗ്ലീഷ് ആയിരുന്നു.വെള്ളത്തില്‍ പ്രതിഫലിച്ച അക്ഷരങ്ങള്‍ കഷ്ടപ്പെട്ട് വായിച്ചു നോക്കി
 

When thou art risen to airy paths of heaven,
Through lifted curls the wanderer’s love shall peep
And bless the sight of thee for comfort given;
Who leaves his bride through cloudy days to weep
Except he be like me, whom chains of bondage keep?

 
ഒന്നുമൊന്നും ഓര്‍ത്തില്ല.ഒന്നു കൂടെ സൂക്ഷിച്ച് നോക്കി. എഴുതി വച്ച വാക്കുകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന കറുത്ത നിറത്തിലുള്ള ഇലക്ട്രിക് വയറുകള്‍. വയറുകളുടെ കറുപ്പും നിയോണ്‍ വെളിച്ചത്തിന്റെ വെളുപ്പും കൂടിചേര്‍ന്ന് വരച്ച് പൂര്‍ത്തിയാക്കിയ ഒരു ചിത്രം പോലെ. വയറിംഗ് മറയ്ക്കുന്നതിനും പ്രകാശത്തെ താഴേക്കു പതിപ്പിക്കുന്നതിനും വേണ്ടി അക്ഷരങ്ങള്‍ക്ക് മുകളിലായി ഒരു തകിട് വച്ചിട്ടുണ്ട്.താഴെ വെള്ളത്തില്‍ കുമിളകള്‍ക്കിടയില്‍ വാചകങ്ങള്‍ക്കു താഴെയായി ഈ തകിട് ഒരു ഇരിപ്പിടം കണക്കെ.

സൂക്ഷിച്ച് സൂക്ഷിച്ച് നോക്കും തോറും ആത്മഹത്യാമുനമ്പില്‍ നിന്നു കൊണ്ട് താഴെയുള്ള നഗരത്തിലേക്ക്, ഗ്രാമത്തിലേക്ക്, കാട്ടിലേക്ക് പാറക്കൂട്ടങ്ങളിലേക്ക് എടുത്ത് ചാടാന്‍ പറയും പോലെ വെള്ളത്തിനുള്ളിലെ മുറിയിലേക്ക് ഇറങ്ങിചെല്ലാന്‍ ആരോ അവിടെ നിന്നും കൈ നീട്ടുന്നു. വെള്ളം വകഞ്ഞു മാറ്റി ഉള്ളിലേക്കിറങ്ങാന്‍, ഉള്ളില്‍ കൈ നീട്ടിയവളുടെ കൂടെ ഇനിയുള്ള കാലം ആരുമറിയാതെ ജീവിക്കുവാന്‍, അവിടെ പെട്ടുപോകുവാന്‍ കൊതി തോന്നി. പോരാ അതൊന്നുമല്ല. തല തിരിഞ്ഞു കിടക്കുന്ന അവിടെ ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച്, വെളിച്ചക്കുറവില്‍, വെള്ളത്തിന്റെ തണുപ്പില്‍, പൊടിപടലങ്ങള്‍ക്കുപകരം കുമിളകള്‍ക്കൊപ്പം ….ഹോ!

ഈ ജീവിതം എത്രയും പെട്ടെന്നവസാനിപ്പിച്ച് താഴോട്ടിറങ്ങണം. അവിടെത്തെ ആ ഒഴിഞ്ഞ ഹാള്‍ കണ്ടോ അവിടെ ഓടി കളിക്കണം. ജനലിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തെ തൊട്ടുതലോടണം. ചവിട്ട് പടികളില്‍ ഇരുന്നു ചറപറാ അതുമിതുമൊക്കെ സംസാരിക്കണം. ഇതെന്റെ രാജ്യമാണു.ഞാനാണു ഇവിടുത്തെ എല്ലാമെല്ലാം.ഞാന്‍ തല തിരിഞ്ഞവന്‍.എന്റെ രാജ്യവും തലതിരിഞ്ഞതു തന്നെ.ആകെ ഒരു വിഷമം എഴുതിയിട്ട തലതിരിയാത്ത വാക്കുകളെ ഞാന്‍ നാടുകടത്തും. രാജ്യത്തിനെ മടിയില്‍ പിടിച്ച് കിടത്തി പേരു മൂന്നു പ്രാവശ്യം ചെവിയില്‍ പറഞ്ഞു കൊടുത്തു.
 

“topsy-turvy topsy-turvy topsy-turvy “.

 
മുറിയുടെ തണുപ്പ് ശരീരത്തില്‍ കൈ വച്ചു കഴിഞ്ഞു.മുറിയിലേക്കു ഇനിയാരും കടന്നു വരില്ല. കടന്നു വന്നാല്‍ത്തന്നെ അവിടെപ്പെട്ടുപോയ എന്നെ തിരിച്ചറിയുവാനും വഴിയില്ല. അതെ ആര്‍ക്കും ഈ ജീവിതത്തില്‍ നിന്നും എന്നെ അടര്‍ത്തിയെടുക്കുവാന്‍ സാധിക്കില്ല. കണ്ടോ എന്റെ ആകാശം താഴെ വീണു കിടപ്പാണ്. ആ വാതില്‍ കണ്ടോ അതു ചാടി കടന്നാണു ഞാന്‍ പോകുക. താഴെ ആകാശത്തോട്ടാണു പറക്കുക. മരം കൊണ്ട് നിര്‍മിച്ച അടിത്തട്ട് ബോട്ടിനെ ഓര്‍മിപ്പിച്ചു.ഞാനവിടെ ക്യാപ്റ്റന്‍ ജാക് സ്പാരോ ആകും.

കടല്‍യാത്രകളിലെ ഒഴിവുസമയങ്ങളില്‍ അമരത്തട്ടില്‍ ചവിട്ടുനാടകം പരിശീലിക്കും. ദേഷ്യം വന്നാല്‍ അടിയിലിരുന്നു കൊണ്ട് ഞാന്‍ നിങ്ങളെ കോക്രി കാട്ടി ചിരിക്കും. വലയെറിഞ്ഞ് നിങ്ങളുടെ ലോകത്തിലെ ജീവികളെ പിടിക്കും. കറുത്ത നിറങ്ങളിലുള്ള വാതിലുകള്‍ക്കും ജനലുകള്‍ക്കും ഞാന്‍ പുതിയ പെയ്ന്റടിക്കും. അടുത്ത ദിവസം ഇതൊന്നുമല്ല, നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ഞാന്‍ എന്റെ രാജ്യത്തെ ഒരുക്കും.നിങ്ങള്‍ കണ്ട് അന്തം വിടും. കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിടാനായി വരുമ്പോഴൊക്കെ ആട്ടിപ്പായിക്കും.പകരം എന്റെ രാജ്യത്തേക്ക് തവളകുഞ്ഞുങ്ങളെ ഞാന്‍ ക്ഷണിക്കും.ഞങ്ങള്‍ പരസ്പരം വഴുതി വഴുതി ജീവിക്കും.
 

 
കിര്‍ കിറാ എന്ന ശബ്ദത്തോടെ വാതില്‍ തുറന്നു. സന്ദര്‍ശകരാണ്. പലരും അഞ്ചു നിമിഷം ചിലവഴിച്ച് “ഓ ഇതൊക്കെ എന്ത്” എന്നു പറഞ്ഞ് പോയി. ആരോടും ഒന്നും പറഞ്ഞില്ല. വേറാരും കാണരുതേ എന്നു പ്രാര്‍ത്ഥിച്ച് പുറത്ത് കടന്നു.

ആല്‍ഫ്രെഡോ യാറിന്റെ “ക്ലൌഡ് ഫോര്‍ കൊച്ചി” എന്ന ഇന്‍സ്റലേഷന്‍ കണ്ടിറങ്ങുമ്പോഴും ചുവരുകളില്‍ പതിപ്പിച്ച വാചകങ്ങള്‍ കാളിദാസന്റെ മേഘസന്ദേശത്തിലെ വരികളാണെന്ന് അറിഞ്ഞിരുന്നില്ല.വരികളിലെ കവിത്വം ആസ്വദിക്കാനാകാത്തതില്‍ പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയതുമില്ല.

പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ ചിത്രകാരന്മാരോടും ഗായകരോടും കുശുമ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കൊട്ടക്കണക്കിന് കുശുമ്പായിരുന്നു.ഇപ്പോഴും അലറിപ്പാടി ജനക്കൂട്ടത്തെ തിരമാല കണക്കെ അലയടിപ്പിക്കുന്നതായും മതിലുകളായ മതിലുകളില്‍ പെയ്ന്റു മണങ്ങളില്‍ കുത്തി മറിയുന്നതായും വെളുപ്പാംകാലങ്ങളില്‍ സ്വപ്നം കാണാറുണ്ട്. കവിതയ്ക്കു ഭാഷ ഒരു തടസമാകുമ്പോള്‍ ചിത്രകലയും സംഗീതവും സംവേദനത്തില്‍ ഇതിനെ മറികടക്കുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യ. പക്ഷെ ഞാന്‍ സമ്മതിച്ച് തരികയൊന്നുമില്ല.

ഇന്ന് മറ്റു കലകള്‍ക്കൊപ്പം തന്നെ കവിതയും പല മാറ്റങ്ങളോടെ കടന്നു പോകുന്നുണ്ട്.പക്ഷെ പലപ്പോഴും ടെക്നോളജി കൃത്യമായി ഇഴുകിചേരാത്തതിനാല്‍ ഒരു പരീക്ഷണം എന്നതിനപ്പുറം പലതും മുന്നോട്ടു പോയില്ല എന്നതാണു എന്റെ അനുഭവം. പക്ഷെ ഇന്നു കണ്ടതു അതൊന്നുമായിരുന്നില്ല.കവിത ഇന്‍സ്റലേഷനിലേക്ക് മലയാളകവിത കാലെടുത്ത് വച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. (ശ്രീകുമാര്‍ കരിയാടിന്റെ ഇന്‍സ്റലേഷന്‍ മാത്രമാണു ആ പേരില്‍ മുന്‍പു അറിഞ്ഞിട്ടുള്ളത്) ഒരു കവിത പുറപ്പെടുവിക്കുന്ന ചുറ്റുപാട് അല്ലെങ്കില്‍ ഒരു കവിതാവായന നല്‍കുന്ന അനുഭവം എന്നതിനപ്പുറം ഒരു കവിതയെ അനുഭവിപ്പിക്കാന്‍ ചുറ്റുപാടുകളെ ഉപയോഗപ്പെടുത്താമെങ്കില്‍ അതു വായനക്കാര്‍ക്കും പുതിയ ഒരു അനുഭവമായിരിക്കും.

വെനീസില്‍ നടന്ന ഒരു കവിതാ ഇന്‍സ്റലേഷനില്‍ ഹൈപ്പര്‍ ലിങ്ക് കവിതകളെ അനുസ്മരിപ്പിക്കും വിധം പ്രകാശം ഉപയോഗിച്ച് അക്ഷരങ്ങളുടെ ഒരു ഇടത്ത് നിന്നും മറ്റൊരിടത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു. വാക്കുകളില്‍ നിന്നു വാക്കുകളിലേക്ക് എത്രയെത്ര വഴികള്‍. ചിലപ്പോഴതു സ്വയം തിരഞ്ഞെടുക്കാനാകുന്ന സാധ്യതയാകാം അല്ലെങ്കില്‍ അതിനപ്പുറമാകാം നല്‍കുന്നത്. ഒരു പ്രത്യേക ഇടം ചില വാക്കുകളെ, അനുഭവങ്ങളെ പ്രത്യേക രീതിയില്‍ പിന്താങ്ങുന്നുണ്ട്.ആ ഇടത്തില്‍ നിന്നു കൊണ്ടുള്ള വായനാനുഭവം മറ്റൊരിടത്തു നിന്നും ലഭിക്കാതാകുന്നതില്‍ നിന്നുമാണു ഇന്‍സ്റലേഷന്റെ പ്രാധാന്യം ആരംഭിക്കുന്നത്.
 

 
ഒരേ കവിത സൈബര്‍ ഇടങ്ങളില്‍ വായിക്കുന്നതും പുസ്തകത്തില്‍ നിന്നു വായിക്കുന്നതും വ്യത്യസ്തമായ രണ്ട് അനുഭവങ്ങള്‍ നല്‍കുന്നത്, അതു വ്യത്യസ്തമായ രണ്ട് ഇന്‍സ്റലേഷന്‍ ആയതു കൊണ്ടാണ്. ഇവിടെ കലാകാരന്റെ സ്വാതന്ത്യ്രമാണ് ഇന്‍സ്റലേഷനായി പുറത്തു വരുന്നത്. വാക്കുകള്‍, മണങ്ങള്‍, വസ്തുക്കള്‍, ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഓഡിയോ, വീഡിയോ കൂടാതെ ഇവയുടെ വിവിധ രീതിയിലുള്ള മിശ്രണങ്ങള്‍ ഉപയോഗപ്പെടുത്തിയും ഇന്‍സ്റലേഷന്‍ നടത്തുന്നുണ്ട്. കലയെ വേര്‍തിരിച്ചു കാണുന്നതിനുള്ള ശ്രമമല്ല ഇതെങ്കിലും “ART” എന്ന വാക്കില്‍ നിന്നും പലപ്പോഴും കവിത അകന്നു നില്‍ക്കുന്നതായാണ് എന്റെ അനുഭവം.

ബിനാലെ പോലെയുള്ള ഇടങ്ങളില്‍ കവിതാ ഇന്‍സ്റലേഷനുകള്‍ നടക്കുന്നുണ്ട് എന്നിരിക്കെത്തന്നെ കേരളകവിതാ ലോകം ഈ സാധ്യതയെ ഉപയോഗിച്ചിട്ടില്ല എന്നു തന്നെ വേണം കരുതാന്‍.സച്ചിദാനന്ദന്റെ “കവി കവിതയോട്” എന്ന കവിത ഈ ബിനാലേയില്‍ അതുല്‍ ദോദിയ എന്ന കലാകാരന്‍ തന്റെ ഫോട്ടോ ഇന്‍സ്റലേഷനില്‍ ഉപയോഗിച്ചിട്ടുണ്ട്. മോണ്ട് ഗോമറി ആസ്പിന്‍ വാളിന്റെ കടലിനഭിമുഖമായി നില്‍ക്കുന്ന വശത്ത് LED ബള്‍ബുകള്‍ ഉപയോഗിച്ച് നടത്തിയ കവിത ഇന്‍സ്റലേഷന്‍ നഷ്ടപ്പെട്ട മുക്കുവന്മാരെ ഓര്‍മിക്കുന്ന ഒരു ഗീതത്തെയാണ് (“The strange new music of crying songs/Of the people we left behind/Mixing as your boat touches shoreline/ Touches my bones.”) അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.

ബോട്ടുകളിലും വഞ്ചികളിലും കപ്പലുകളിലും അങ്ങോട്ടുമിങ്ങോട്ടും പായുന്നവര്‍ക്ക് കാണാനാകും വിധമാണ് ഇത് രൂപകല്‍പ്പന നടത്തിയിട്ടുള്ളത്. അതു തന്നെയാണ് ഇതിന്റെ പ്രാധാന്യവും. ടി.പി. അനില്‍കുമാറിന്റെ കവിതയിലെ വരികള്‍
 

“266 നെല്‍ വിത്തുകള്‍
266 വിശപ്പുകള്‍,
മാഞ്ഞ വയലുകള്‍
അരി,ഗോതമ്പ്,പയര്‍
ചീഞ്ഞ പാണ്ടികശാലകള്‍”

 

 
ഒരു മതിലില്‍ ഇന്‍സ്റാള്‍ ചെയ്തതിന്റെ ചിത്രം എന്നില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല.
മറൈന്‍ ഡ്രെെവിനെക്കുറിച്ചുള്ള കവിത അവിടെത്തന്നെ ഇന്‍സ്റാള്‍ ചെയ്യുമ്പോള്‍, മാലിന്യത്തെക്കുറിച്ചുള്ള കവിത ഓടകള്‍ക്കുമേലേ സുതാര്യമായ ഗ്ലാസുകളില്‍ ഇന്‍സ്റാള്‍ ചെയ്യുമ്പോള്‍ എന്നിങ്ങനെ ലഭിക്കാവുന്ന സാധ്യതകള്‍ ഏറെയാണ്. കവിത, പുസ്തകങ്ങളിലും സൈബര്‍ ഇടങ്ങളിലും ഒതുങ്ങേണ്ട കാലം കഴിഞ്ഞു.പുറത്തു ചാടണം. മതിലുകളിലേക്ക്, ചുവരുകളിലേക്ക്, തെരുവുകളിലേക്ക്, റോഡുകളിലേക്ക്, കെട്ടിടങ്ങളിലേക്ക്, ആകാശത്തിലേക്ക്, തൊലിപ്പുറങ്ങളിലേക്ക്.

ദക്ഷിണാഫ്രിക്കക്കാരനായ ക്ലിഫോര്‍ഡ് ചാള്‍സ് എന്ന കലാകാരന്‍ പറയുന്നു “ആകൃതികളില്‍ നിന്നും പുറത്തുകടക്കുവാന്‍,ആകൃതികളുടെ അതിര്‍ത്തികള്‍ തകര്‍ക്കുവാന്‍ ജലത്തെ ഉപയോഗപ്പെടുത്തുന്നു എന്നാണ്”. ഇവിടെ പെയിന്റ് രണ്ടാം തരമാവുകയാണ്.വെള്ളത്തിലേക്കാണ് പെയിന്റ് കലര്‍ത്തുന്നത്.

ചിത്രരചന എന്ന ആശയത്തെത്തന്നെ പിടിച്ച് കുലുക്കും വിധമാണ് ഈ ആശയം ക്ലിഫ് അവതരിപ്പിച്ചത്. കവിതയില്‍ ഭാഷയുടെ അതിര്‍ത്തികള്‍ നമുക്കും ഭേദിക്കേണ്ടതുണ്ട്. ഭാഷയെ കഠിനമായി ആശ്രയിക്കുന്ന ഇന്നത്തെ കവികള്‍ അക്ഷരങ്ങള്‍ക്കപ്പുറം കവിതയെ കൊണ്ട് പോകുകതന്നെ ചെയ്യും. നടന്നു പോകുന്ന യാത്രക്കാരോടെല്ലാം ക്ഷമാപണം നടത്തി അനില്‍ എന്ന കലാകാരന്‍ നടത്തിയ പെര്‍ഫോമന്‍സ് മുതല്‍ വര്‍ഷങ്ങളോളം അദ്ധ്വാനിച്ച് നടത്തിയ ഇന്‍സ്റലേഷന്‍ വരെ ഇന്നു ഇവിടെ കലയെ, കവിതയെ അടയാളപ്പെടുത്തുന്നുണ്ട്. ഇന്നു പെര്‍ഫോമന്‍സ് പോയട്രിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ കവിതയില്‍ വലിയ സാധ്യതയുടെ വാതിലാണ് തുറന്നു വച്ചിരിക്കുന്നത്. ഭാവിയില്‍ പെര്‍ഫോമന്‍സ് പോയട്രി മുതല്‍ ആനിമേഷന്‍ വരെ ബിനാലെയില്‍ അല്ലെങ്കില്‍ മറ്റു കലാസാസ്കാരിക മേളകളില്‍ കവിതയെ പ്രതിനിധീകരിച്ച് എത്തും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
 
 
 
 

3 thoughts on “ബിനാലെ ചുമരുകളില്‍ ഒരു കവിത മുഖം നോക്കുന്നു

  1. കവിയുടെ കൈപ്പാ‍ടുകൾ പതിഞ്ഞ ഈ വഴികളിലൂടെ, വരികളിലൂടെ ഞാനും വെറുതെ സഞ്ചരിച്ചു. കലയുടെയും കവിതയുടെയും പുതിയ സാധ്യതകൾ കണ്ടു, വായിച്ചു. കൊല്ലുന്ന സൌന്ദര്യമാണ് നിന്റെ ഭാഷയ്ക്ക്. പാവം ചെടികളുടെയും പൂക്കളുടെയും കൂടെ നടക്കുന്ന എന്റെ പരിമിതികൾ ബോധ്യപ്പെട്ടു. നീ പറഞ്ഞതുപോലെ, ഭാഷയുടെ അതിർത്തികൾ ലംഘിച്ച് ഒന്നുയർന്നു പറക്കാൻ, ആഴത്തിലേക്കു ചാടാൻ, ജലമായി പരക്കാൻ ആരാണു കൊതിക്കാത്തത്..! നല്ലൊരു മൂഡായി. ഇനി അല്പം സംഗീതം കേൾക്കണം..!!

Leave a Reply

Your email address will not be published. Required fields are marked *