തളക്കേണ്ടത് ആനയെയല്ല; നമ്മളെ

 
 
 
 
നമ്മുടെ ആന പ്രേമങ്ങള്‍ താങ്ങാനാവാതെ ഒരു പാവം കാട്ടുമൃഗം കൂടെ കൊണ്ടുനടക്കുന്ന നരകങ്ങള്‍. -എസ്.കുമാര്‍ (സതീഷ് കുമാര്‍)) എഴുതുന്നു
 
 
ആനകളുടെ അവകാശത്തേക്കാള്‍ അതിന്റെ എഴുന്നള്ളിപ്പ് ചന്തവും അതിനോടുള്ള പ്രണയവുമാണ് നമുക്കെല്ലാം പ്രധാനമാണ് എന്നതിനാല്‍ ഇതിനെതിരെ ഒരു ശബ്ദവും ഉയര്‍ന്നു വരില്ല. വ്രണങ്ങളില്‍ അമര്‍ന്നുരസുന്ന ചങ്ങലക്കെട്ടുകളുമായി, നമ്മുടെ കാഴ്ചക്ക് സന്തോഷമാവാന്‍ ആനകള്‍ കേരളമാകെ നടന്നു തളര്‍ന്നു. ലോകം കുലുക്കുന്ന ഭയാനക ശബ്ദഘോഷത്തോടെ വെടിക്കെട്ടുകള്‍ നടക്കുമ്പോള്‍ അവര്‍ തൊട്ടടുത്തുനിന്നു സഹിച്ചു. നാട്ടിലിറങ്ങിയാല്‍ പാട്ടകൊട്ടി ഓടിക്കുന്ന മൃഗമാണ് കാട്ടാനയെന്ന്, ആ ഇത്തിരി ശബ്ദം പോലും സഹിക്കാതെ ഓടുന്ന ശരീരസവിശേഷതയാണ് അതിന്റേതെന്ന് ഓര്‍ക്കുമ്പോഴാണ് ഉല്‍സവപ്പറമ്പുകളിലെ ശബ്ദഭീകരത ആനക്ക് എത്ര മാത്രം പീഡാകരമാണെന്ന് മനസ്സിലാവുക. വെടിക്കെട്ടുകള്‍ തീര്‍ക്കുന്ന സ്ഫോടനങ്ങളും കണ്ണഞ്ചിക്കുന്ന മിന്നല്‍പ്പിണരുകളുമെല്ലാം ആനകള്‍ നിത്യവും പല വട്ടമാണ് തൊട്ടടുത്തുനിന്ന് സഹിക്കുന്നത്. ഇതോടൊപ്പമാണ്, കാഴ്ചക്കാരായ നമ്മുടെ ഗജപ്രേമത്തിന്റെ അസഹ്യത. ആളുമാരവവും ബഹളവും പാപ്പാന്‍മാരുടെ ക്രൂര പീഡനങ്ങളും സഹിച്ചാണ് നമ്മുടെ കണ്ണുകള്‍ക്ക് ആനന്ദമുണ്ടാക്കാനായി കാട്ടിലെ ഈ പൊണ്ണത്തടിയന്‍ വലിയ ഉടലും പേറി ഉല്‍സവപ്പറമ്പുകളില്‍നിന്ന് ഉല്‍സവപ്പറമ്പുകളിലേക്ക് വേച്ചുവേച്ച് നടക്കുന്നത്-ദുബൈയില്‍ ഡിസൈന്‍ കോ ഓര്‍ഡിനേറ്ററായ എസ്.കുമാര്‍ (സതീഷ് കുമാര്‍) എഴുതുന്നു )
 

 
 
ആനയിടഞ്ഞ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു കവിയുന്ന കാലമാണ്. ആനയെ കൊലയാളിയെന്നും കലാപകാരിയെന്നും മുദ്രകുത്തുന്ന വാര്‍ത്തകളാണെങ്ങും. കൊലയാളിയായ ആനയെ ഉത്സവങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു.

എസ്.കുമാര്‍


എന്നാല്‍ ആനയില്ലാതെ എന്തുല്‍സവമെന്ന് മറ്റൊരു വിഭാഗം. നിര്‍ബന്ധമാണെങ്കില്‍ അവയെ എങ്ങിനെ കൂടുതല്‍ ‘സുരക്ഷിതരായി’ കൈകാര്യം ചെയ്യാമെന്നതിനെ പറ്റി വേറെ ചില അഭിപ്രായങ്ങള്‍. കേള്‍ക്കുമ്പോള്‍ ഇത്തിരി പ്രയാസം തോന്നാമെങ്കിലും ഈ ചര്‍ച്ചകള്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രാഥമികമായ സംശയം ആ പഴയ ചോദ്യമാണ്
-ആനയ്ക്ക് മനുഷ്യനെ കൊല്ലാനും അവകാശമില്ലേ? മനുഷ്യന് ആന എന്ന സാധുമൃഗത്തെ ചങ്ങലക്കിട്ടും, വലിയകോലും,ചെറിയ കോലും, കത്തിയും, തേങ്ങപൊതിക്കുന്ന പാരയും ഒക്കെ ഉപയോഗിച്ച് കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാക്കിയും അടക്കി ഭരിക്കാമെങ്കില്‍ അവസരം കിട്ടുമ്പോള്‍ അവനും തിരിച്ചു മനുഷ്യനെ ഉപദ്രവിച്ചു കൂടേ? അതിലൊന്നിനെ സ്വാഭാവികമായും മറ്റേതിനെ കൊടുംക്രൂരതയായും കണക്കാക്കുന്നതിന്റെ യുക്തി എന്താണ്?
 

 
ഉല്‍സവപ്പറമ്പിലെ ആന
മനുഷ്യന്‍ ആനയെ ഇണക്കി/അടക്കി വളര്‍ത്തുവാന്‍ തുടങ്ങിയതിനു ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. ഭാരം വഹിക്കുവാനും യുദ്ധങ്ങള്‍ക്കും, യാത്രയ്ക്കും
എല്ലാം അവയെ ഉപയോഗിച്ചു. പിന്നീട് ആന എന്നത് ആഢ്യത്വത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടു തുടങ്ങി. പ്രതാപത്തിന്റെ കുല ചിഹ്നങ്ങള്‍. ആനകളെ ഉത്സവങ്ങളുടെ ഭാഗമായി എഴുന്നള്ളിക്കുവാന്‍ തുടങ്ങിയതിനും നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഏതാണ്ട് 200ല്‍ അധികം വര്‍ഷം മുമ്പ് ആരംഭിച്ച തൃശãൂര്‍ പൂരത്തിനു മുമ്പ് തന്നെ ആറാട്ടുപുഴ പാടത്ത് ആനയെഴുന്നള്ളിപ്പ് നടന്നിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അന്നൊന്നും ഇന്നത്തെ പോലെ ആനയിടച്ചിലുകള്‍ ഉണ്ടായിരുന്നതായി പറഞ്ഞു കേള്‍ക്കുന്നില്ല. ആനയിടഞ്ഞ് ആളുകളെ കൊല്ലുന്നതും അപൂര്‍വ്വമായിരുന്നു.
നാടോടി കഥകളിലൂടെയും പാട്ടുകളിലൂടെയും പ്രശസ്തനായ കവളപ്പാറക്കൊമ്പന്‍ ഇരുപതിലധികം തവണ പുലകുളി നടത്തിയതായും ഒരു ഉത്സവത്തിനിടെ കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ ആനയായ ചെങ്ങല്ലൂര്‍ രംഗനാഥനു കുത്തേറ്റതായും പറയുന്നുണ്ട് എന്നതൊഴിച്ചാല്‍ വലിയ വാര്‍ത്തകള്‍ ഒന്നും കാണുവാന്‍ കഴിയില്ല. അന്നത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരിമിതമായിരുന്നു എന്ന ഒരു വാദം ശരിവച്ചാല്‍ തന്നെ ആനയുമായി ബന്ധപ്പെട്ട് ഇന്നുള്ളത്ര പ്രശ്നങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് അനുമാനിക്കേണ്ടി വരിക.
 

 
ഇത്തിരിയാന; ഒത്തിരി ഉല്‍സവങ്ങള്‍
ഏകദേശം 650 നാട്ടാനകള്‍ കേരളത്തില്‍ ഉള്ളതായാണ് ഔദ്യോഗിക കണക്ക്. കരുതുന്നത്. കൊമ്പനും, പിടിയും മോഴയും കുട്ടികളും അടക്കം. ഇവയില്‍ 50% മുതല്‍ 60% ആനകളേ ഉത്സവാവശ്യങ്ങള്‍ക്കായി പങ്കെടുക്കുന്നുള്ളൂ. ബാക്കി പലതും അസുഖം ,പ്രായാധിക്യം, കൂപ്പിലേയും സ്വകാര്യ റിസോര്‍ട്ടുകളിലേയും ജോലികള്‍, പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കുവാന്‍ പറ്റാത്ത സ്വഭാവ സവിശേഷത എന്നിവയുള്ളവരോ മോഴകള്‍, പിടികള്‍, കുട്ടികള്‍ എന്നിവയോ ആണ്. അപ്പോള്‍, ഈ പറയുന്ന മുന്നൂറോളം ആനകളെ വച്ചു വേണം പലയിടത്തും ഇരുപത്തഞ്ചുമുതല്‍ നൂറുവരെ ആനകളെ നിരത്തിയുള്ള ഉത്സവങ്ങള്‍ നടത്തുവാന്‍. കുംഭഭരണി,കാര്‍ത്തിക,ശിവരാത്രി, അഷ്ടമിരോഹിണി, പോലുള്ള ദിവസങ്ങളില്‍ കേരളത്തിലെ ധാരാളം ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നു. അതിനാല്‍ തന്നെ എഴുന്നള്ളിക്കുവാനുള്ള ആനകളുടെ ആവശ്യം അതിന്റെ പരമോന്നതിയില്‍ എത്തുന്നു. ആഘോഷങ്ങള്‍ ഭംഗിയാകുമ്പോള്‍ ആനയെന്ന ജീവിയുടെ ജീവിതം കൂടുതല്‍ നരകതുല്യമാകുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കേരളത്തില്‍ ഏറ്റവും അധികം പേരും പ്രശസ്തിയും ആവശ്യക്കാരും ഉള്ള ആന. അതു കഴിഞ്ഞാല്‍, പാമ്പാടി രാജന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍, ചെര്‍പ്ലശേãരി രാജശേഖരന്‍, മംഗലാംകുന്ന് അയ്യപ്പന്‍, ചെര്‍പ്ലശേãരി പാര്‍ഥന്‍,ചിറക്കല്‍ കാളിദാസന്‍,തിരുവമ്പാടി ശിവസുന്ദര്‍,ഗുരുവായൂര്‍ വലിയ കേശവന്‍ തുടങ്ങിയ ആനകള്‍. കോടികള്‍ മറിയുന്ന കേരളത്തിലെ ഉത്സവ വിപണിയിലെ സൂപ്പര്‍താരങ്ങളാണിവര്‍. കോള്‍ഷീറ്റിന്റെ കാര്യത്തില്‍ രാമചന്ദ്രനോളം എത്തില്ലെങ്കിലും തിരക്കനുസരിച്ച് അമ്പതിനായിരം മുതല്‍ ഒരുലക്ഷത്തിനടുത്തൊക്കെ ഇവരില്‍ പലര്‍ക്കും ഒരുദിവസത്തെ ഏക്കം കിട്ടാറുമുണ്ട്. ഇവരില്‍ തിരുവമ്പാടി ശിവസുന്ദര്‍, ഗുരുവായൂര്‍ വലിയ കേശവന്‍ തുടങ്ങിയവര്‍ ആനകള്‍ ഏക്കത്തുകയുടെ കാര്യത്തില്‍ മറ്റുളളവര്‍ക്കൊപ്പം എത്തില്ല.ശരാശരി ആനകള്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ആണ് ഒരു ദിവസത്തെ ഏക്കം.
 

 
ഉല്‍സവപ്പറമ്പുകള്‍ എന്ന കച്ചവട ഇടങ്ങള്‍
എണ്‍പതുകള്‍ക്ക് ശേഷമാണ് നമ്മുടെ ഉല്‍സവങ്ങളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നത്. കേരളീയ സമൂഹത്തില്‍ ആരംഭിച്ച സാമ്പത്തിക^സാമൂഹിക^സാംസ്കാരിക മാറ്റങ്ങളാണ് ഉത്സവങ്ങളേയും ബാധിച്ചത്.

ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം കൂടി. ഉല്‍സവങ്ങള്‍ തമ്മില്‍ മല്‍സരമായി. അവയിലെ നേട്ടം നിര്‍ണ്ണയിക്കുന്ന ഘടകം ആനകളുടെ എണ്ണവും പൊടിപൊടിക്കുന്ന പണവുമായി. തൊണ്ണൂറുകളില്‍ ഈ മനോഭാവം വ്യാപകമായി. ആഗോളവല്‍കരണം നമ്മുടെ മനസ്സുകളെ മുഴുവന്‍ മാറ്റിമറിച്ച അടുത്ത ദശകത്തില്‍ അത് ഉച്ചസ്ഥായിയിലായി.

ക്ഷേത്രോല്‍സവങ്ങളും പള്ളിപ്പെരുന്നാളും ആണ്ടു നേര്‍ച്ചകളുമെല്ലാം വമ്പിച്ച സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഒന്നായി മാറി. ലക്ഷങ്ങള്‍ മാറിമറിയുന്ന വാണിജ്യ ഇടങ്ങള്‍. ഇതിനോടൊപ്പം അത് സമ്പത്തും പ്രതാപവും പ്രദര്‍ശിപ്പിക്കാനുള്ള അടയാളങ്ങളുമായി. കാശെറിഞ്ഞു കാശ് വാരാനും പ്രതാപം പ്രദര്‍ശിപ്പിക്കാനുമൊക്കെയുള്ള അവസരമായി ഉല്‍സവാഘോഷങ്ങള്‍ മാറിയതിനൊപ്പമാണ് ആനകളുടെ ദുര്‍വിധി ഏറിയത്.

ഉല്‍സവ കമ്മിറ്റികളും ആനമുതലാളിമാരും കോണ്‍ട്രാക്ടര്‍മാരുമെല്ലാം ചേര്‍ന്ന വലിയ മാഫിയ ഒരു കോടികള്‍ മറിയുന്ന വാണിജ്യത്തിന്റെ കേന്ദ്രത്തിലേക്ക് ആനകളെ കൊണ്ടു വന്നു. ആനകള്‍ ഫ്ലക്സ് ബോര്‍ഡുകളില്‍ ഉല്‍സവങ്ങള്‍ക്ക് ആളെക്കൂട്ടാനുള്ള ഉരുപ്പടികളായി. ഇതോടെ, നിയമം അനുശാസിക്കുന്ന മിനിമം സൌകര്യങ്ങള്‍പോലും അനുവദിക്കാതെ ആനകളെ കേരളമാകെ കൊണ്ടു നടന്ന് വില്‍ക്കാന്‍ തുടങ്ങി. നിയമ പാലകരെയും ഉദ്യോഗസ്ഥരെയുമെല്ലാം കാശു കൊടുത്ത് നിനക്കു നിര്‍ത്താന്‍ ഈ മാഫിയക്ക് എളുപ്പം കഴിഞ്ഞു.
 

 
നമ്മുടെ സന്തോഷം, ആനയുടെ പിടച്ചില്‍
ആനകളുടെ അവകാശത്തേക്കാള്‍ അതിന്റെ എഴുന്നള്ളിപ്പ് ചന്തവും അതിനോടുള്ള പ്രണയവുമാണ് നമുക്കെല്ലാം പ്രധാനമാണ് എന്നതിനാല്‍ ഇതിനെതിരെ ഒരു ശബ്ദവും ഉയര്‍ന്നു വരില്ല. വ്രണങ്ങളില്‍ അമര്‍ന്നുരസുന്ന ചങ്ങലക്കെട്ടുകളുമായി, നമ്മുടെ കാഴ്ചക്ക് സന്തോഷമാവാന്‍ ആനകള്‍ കേരളമാകെ നടന്നു തളര്‍ന്നു.

ലോകം കുലുക്കുന്ന ഭയാനക ശബ്ദഘോഷത്തോടെ വെടിക്കെട്ടുകള്‍ നടക്കുമ്പോള്‍ അവര്‍ തൊട്ടടുത്തുനിന്നു സഹിച്ചു. നാട്ടിലിറങ്ങിയാല്‍ പാട്ടകൊട്ടി ഓടിക്കുന്ന മൃഗമാണ് കാട്ടാനയെന്ന്, ആ ഇത്തിരി ശബ്ദം പോലും സഹിക്കാതെ ഓടുന്ന ശരീരസവിശേഷതയാണ് അതിന്റേതെന്ന് ഓര്‍ക്കുമ്പോഴാണ് ഉല്‍സവപ്പറമ്പുകളിലെ ശബ്ദഭീകരത ആനക്ക് എത്ര മാത്രം പീഡാകരമാണെന്ന് മനസ്സിലാവുക.

വെടിക്കെട്ടുകള്‍ തീര്‍ക്കുന്ന സ്ഫോടനങ്ങളും കണ്ണഞ്ചിക്കുന്ന മിന്നല്‍പ്പിണരുകളുമെല്ലാം ആനകള്‍ നിത്യവും പല വട്ടമാണ് തൊട്ടടുത്തുനിന്ന് സഹിക്കുന്നത്. ഇതോടൊപ്പമാണ്, കാഴ്ചക്കാരായ നമ്മുടെ ഗജപ്രേമത്തിന്റെ അസഹ്യത. ആളുമാരവവും ബഹളവും പാപ്പാന്‍മാരുടെ ക്രൂര പീഡനങ്ങളും സഹിച്ചാണ് നമ്മുടെ കണ്ണുകള്‍ക്ക് ആനന്ദമുണ്ടാക്കാനായി കാട്ടിലെ ഈ പൊണ്ണത്തടിയന്‍ വലിയ ഉടലും പേറി ഉല്‍സവപ്പറമ്പുകളില്‍നിന്ന് ഉല്‍സവപ്പറമ്പുകളിലേക്ക് വേച്ചുവേച്ച് നടക്കുന്നത്. ഇടയ്ക്ക് ചീറിപ്പാഞ്ഞു വരുന്ന വാഹങ്ങളുടെ ഇടിയേറ്റ് വീണു പോകുന്നത്.
 

 
കൊടുംവേദനയുടെ എഴുന്നള്ളിപ്പുകള്‍
കേരളത്തിലെ ഉത്സവകാലം ആരംഭിക്കുന്നത് ഡിസംബര്‍ പകുതിയോടെ ആണ്. ജനുവരി പകുതി കഴിയും തിരക്കേറുവാന്‍. അവസനിക്കുന്നത് മെയ് ആദ്യത്തിലും. അതായത് കേരളം ചുട്ടു പൊള്ളുന്ന കാലത്താണ് കറുത്ത നിറമുള്ള വിയര്‍പ്പുഗ്രന്ധികള്‍ വളരെ കുറവുള്ള, കൊടും ചൂട് താങ്ങാന്‍ ആകാത്ത ആനകളെ ഉത്സവപ്പറമ്പിലേക്ക് കൊണ്ടുവരുന്നത്. 250 ലിറ്റര്‍ വെള്ളെമെങ്കിലും ഒരാനയ്ക്ക് ഒരു ദിവസത്തെക്ക് വേണം ശരീരഭാരത്തിന്റെ 10% എങ്കിലും ഭക്ഷണവും.

ഉറക്കമില്ലാതെ ഉത്സവപ്പറമ്പുകളില്‍ നിന്നും ഉത്സവപ്പറമ്പുകളിലേക്ക് മണിക്കൂറിനു വിലയിട്ട് കൊണ്ടു പോകുന്നതിനിടയില്‍ എവിടെ ഇതിനുസമയം? പല ആനകള്‍ക്കും നിന്ന നില്‍പില്‍ മണിക്കൂറുകളോളം അനങ്ങാതെ, വെള്ളവും ഭക്ഷണവും ഇല്ലാതെ, ലോറിയില്‍ മൂന്നും നാലും ജില്ലകള്‍ കടക്കേണ്ടതായി വരുന്നു. താഴെ വീഴുമോ എന്ന ഭയത്തോടെ ഉള്ള ഈ യാത്രയ്ക്കിടയില്‍ വലിയ ഹോണ്‍ അടിച്ച് ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥത വേറെ. ഇതെല്ലാം ആനയുടെ ആരോഗ്യത്തേയും മാനസിക നിലയേയും തകറാറിലാക്കും.

ഇനി ഉത്സവപ്പറമ്പെന്ന മത്സരവേദിയിലെ നരകവേള. തലയെങ്ങാന്‍ അല്പം താഴ്ത്തിയാല്‍ അപ്പോള്‍ വീഴും കാലില്‍ അടിയോ താടിക്ക് ആണിവച്ച് തോട്ടികൊണ്ടുള്ള കുത്തോ. ചിലയിടങ്ങളില്‍ ആനയെ പാപ്പാനു തോട്ടികൊണ്ടു മറ്റും കുത്തിപൊക്കുവാന്‍ ആകില്ല. അതിനവര്‍ പല ഉപായങ്ങള്‍ കണ്ടു വച്ചിട്ടുണ്ട്. അതിലൊന്ന് തോര്‍ത്തുമുണ്ടില്‍ ചെറിയ കരിങ്കല്‍ ചീളുകള്‍ കിഴികെട്ടി ഉത്സവത്തിനും മുമ്പായി ആനയുടെ മുഖത്തടിച്ച് തല ഉയര്‍ത്തുവാന്‍ പരിശീലിപ്പിക്കും. ഉത്സവപ്പറമ്പില്‍ പാപ്പാന്‍ തോര്‍ത്ത് ഉയര്‍ത്തി വീശുമ്പോള്‍ പഴയ ഓര്‍മ്മയില്‍ ആന തല താഴ്ത്താതെ നില്‍ക്കും.
 

 
മദം പൊട്ടല്‍ എന്ന യാഥാര്‍ത്ഥ്യം
ഇതിലും വലിയ ക്രൂരതകള്‍ കാണിക്കുന്നവരും ഉണ്ട്.പ്രായപൂര്‍ത്തിയായ ആനകള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മദപ്പാട് ഉണ്ടാകും. ചില ആനകളില്‍ ഇത് രണ്ടു തവണയും കണ്ടുവരുന്നു. ഒരു വര്‍ഷത്തില്‍ മദപ്പാട് വന്നാല്‍ അടുത്ത വര്‍ഷം ഏതാണ്ട് അതേ സമയത്ത് തന്നെയാകും വീണ്ടും വരിക. ആദ്യം അനുസരണക്കേട് കാട്ടിയും ഭക്ഷണം കുറച്ചും ഒക്കെ ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കും. ശക്തമായ ലൈംഗികതൃഷ്ണയാണ് മറ്റൊരു പ്രത്യേകത. ഈ സമയത്ത് ആനയെ കെട്ടിയുറപ്പിക്കും. തുടര്‍ന്ന് ആനയുടെ ചെവിക്കും കണ്ണിനും ഇടയിലെ മദഗ്രന്ഥിയില്‍ നിന്നും “മദജലം” ഒഴുകുവാന്‍ തുടങ്ങും.

പലപ്പോഴും ആന സ്വബോധം നഷ്ടപ്പെട്ട് ഭ്രാന്തിന്റെ അവസ്ഥയില്‍ ആയിരിക്കും അപ്പോള്‍. തല മേലേക്കും കീഴ്പ്പോട്ടും ആട്ടിക്കൊണ്ടും മറ്റും ആന അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരിക്കും. ഒടുവില്‍ മദജലം വറ്റി ചളി വരുവാന്‍ തുടങ്ങും. വറ്റുനീര് എന്നാണ് ഈ അവസ്ഥയെ പറയുക. പിന്നീട് ആന സാധാരണ മനോനിലയിലേക്ക് വരും. രണ്ടു മുതല്‍ ആറുമാസം വരെ നീളും ഇത് പൂര്‍ത്തിയാകുവാന്‍. മദപ്പാട് കഴിഞ്ഞ് അഴിക്കുമ്പോള്‍ പല ആനകളേയും മനുഷ്യന്റെ വരുതിയില്‍ ആക്കുവാനായി ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാക്കുക പതിവാണ്.

കെട്ടിയഴിക്കല്‍ എന്നാണ് ഇതിനു പറയുക. ചുറ്റും ആളുകള്‍ നിന്ന് പ്രധാന പാപ്പാന്റെ നേതൃത്വത്തില്‍ വലിയ തോട്ടിയുടെ അറ്റത്ത് മുനയുള്ള ആണി ഘടിപ്പിച്ച് (വലിയകോല്‍) അതുകൊണ്ട് ആനയുടെ കാലിലും കയ്യിലും നഖങ്ങളിലും കുത്തും. ഒപ്പം വടികൊണ്ട് അടിക്കും. ഒടുവില്‍ ആന കൊമ്പ് കുത്തും. പിന്നെ കിടക്കും. ചില ആനകള്‍ക്ക് ഇതിന്റെ ആവശ്യം വരാറില്ല. എന്നാല്‍ അനുസരിക്കാന്‍ കൂട്ടാക്കാതെ കരുത്തും കരളുറപ്പും ഉള്ളവരെ കീഴ്പ്പെടുത്തുവാന്‍ ബുദ്ധിമുട്ടാണ്. അവരുടെ കെട്ടിയഴിക്കല്‍ നീളാറുമുണ്ട്.

പാപ്പാന്റെ വായ്ത്താരികള്‍ അനുസരിക്കുവാന്‍ തുടങ്ങിയാല്‍ ആനയെ ഇടത്തും വലത്തും ചരിച്ച് കിടത്തിക്കും. ഒരുവിധം ആന വരുതിയില്‍ ആയെന്ന് കണ്ടാല്‍ അതിനെ കിടത്തിയിട്ട് കടക്കണ്ണില്‍ തോട്ടികൊണ്ട് പിടിക്കും. ആന കുതറിച്ചാടാതിരിക്കാന്‍ ആണിത്. തുടര്‍ന്ന് ഒരു പാപ്പാന്‍ ആനയുടെ മുകളില്‍ കയറി കഴുത്തില്‍ വട്ടക്കയര്‍ കെട്ടും. ഇതിന്റെ ഫലമായി പരിക്കേറ്റ് ചരിഞ്ഞതോ ചത്തതിനൊത്ത് ജീവിച്ചിരിക്കുന്നതോ ആയ നിരവധി ആനകള്‍ ഉണ്ട്.

കെട്ടിയഴിക്കല്‍ കഴിഞ്ഞാല്‍ പിന്നെ ഡോക്ടര്‍മാര്‍ പരിശോധിക്കും. മദപ്പാട് തീര്‍ന്നു ആന പാപ്പാന്മാരെ അനുസരിക്കുന്നു എന്ന് കണ്ടാല്‍ അതിനെ ഉത്സവങ്ങള്‍ക്ക് കൊണ്ടു പോകാന്‍ തുടങ്ങും. ഉത്സവ സീസണില്‍ മദപ്പാട് വന്നാല്‍ ഉടമയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുക. ആ സമയത്ത് മദപ്പാട് വരാതിരിക്കുവാന്‍ ചിലര്‍ മരുന്ന് കൊടുക്കും.

ഉത്സവസീസണിലേക്ക് മദപ്പാട് നീളുന്നു എങ്കില്‍ വേണ്ടത്ര ഭക്ഷണം വെള്ളം എന്നിവ നല്‍കാതെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാക്കി വാട്ടിയഴിക്കും. മയങ്ങുവാനുള്ള മരുന്നുകള്‍ നല്‍കിയും ആനയെ എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടു പോകുന്ന പ്രവണതകള്‍ ഉള്ളതായി പറയുന്നു. ചില പാപ്പാന്മാര്‍ ആനയുടെ
ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കി അത് ഉണങ്ങാന്‍ അനുവദിക്കാതെ (ചട്ടവ്രണം എന്ന് പറയും) കൊണ്ടു നടക്കും. ആന പ്രശ്നം ഉണ്ടാക്കിയാല്‍ ഈ വ്രണത്തില്‍
തോട്ടികൊണ്ട് കുത്തും. ആനക്കിത് പ്രാണ വേദനയാണ്. ഭയം മൂലം അവ അനുസരണയോടെ നടക്കും. എഴുതിയാല്‍ തീരാത്തത്രയുണ്ട് മനുഷ്യന്‍ ഈ സാധുജീവിയോട് കാണിക്കുന്ന കൊടും ക്രൂരതകള്‍.
 

courtesy-the-hindu


 
ആനയിടച്ചില്‍ എന്ന ആഘോഷം
ഇക്കൂട്ടത്തില്‍ വിസ്മരിച്ചു കൂടാത്ത ഒന്നാണ് ഈ ചോരക്കളിയില്‍ നാമടങ്ങുന്ന കാഴ്ചക്കാരുടെയും മാധ്യമങ്ങളുടെയും റോള്‍. കാണികളുടെ പ്രകോപനങ്ങളും വിവേകശൂന്യതയുമാണ് പലപ്പോഴും ഇത്തരം സംഭവങ്ങളുടെ മൂലകാരണം. പ്രകോപനമുണ്ടാക്കുന്ന വിധത്തില്‍ എഴുന്നള്ളിപ്പിനിടെ ആനയെ ഉപദ്രവിക്കുന്നവരുണ്ട്, കാഴ്ചക്കാരില്‍. ആന ഒന്നിടഞ്ഞാല്‍ പിന്നാലെ ചെന്ന് ബഹളം കൂട്ടുന്നവരുണ്ട്. അരും കൊലയുടെ നേരങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും അന്നന്നേരം യൂ ട്യൂബില്‍ കയറ്റിവിടാനും മല്‍സരിക്കുന്നവരും ആവേശത്തോടെ അത് കാണുകയും ഷെയര്‍ ചെയ്യുന്നവരുമെല്ലാം നമ്മള്‍ തന്നെയാണ്.

ചേറ്റുവയില്‍ നേര്‍ച്ചക്കിടയില്‍ വെട്ടത്ത് വിനയനെന്ന ആനയിടഞ്ഞ് ഉണ്ണിയെന്ന പാപ്പാനെ കൊലപ്പെടുത്തുകയും മറ്റ് ആനകളെ കുത്തുകയും ചെയ്ത ദൃശ്യങ്ങള്‍ ഇപ്പോഴും യൂറ്റ്യൂബില്‍ ഹിറ്റാണ്. ആനക്കു മുകളില്‍ നിന്നും താഴെ വീണ സുബൈര്‍ എന്ന ചെറുപ്പക്കാരനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കിയവനാണ് ഉണ്ണിയെന്ന ആ സാധു പാപ്പാന്‍ എന്നത് നാം മറന്നു പോകുന്നു.

ദൃശ്യമാധ്യമങ്ങള്‍ ആനയിടച്ചിലുകളെ ഏറെ പ്രാധാന്യത്തൊടെയാണ് അവതരിപ്പിക്കുന്നത്. സാഡിസ്റ്റുകളെപ്പോലെ സഹജീവിയുടെ പിടച്ചിലും ഞരക്കവും അളവറ്റ ക്രൂരതയോടെ പകര്‍ത്തുകയാണ് ചാനലുകള്‍. വണ്ടികുത്തിമോഹനന്‍ എന്ന ആനയിടഞ്ഞപ്പോള്‍ അതിന്റെ പാപ്പാന്‍ പുറത്ത് ഉണ്ടായിരുന്നു. പുറത്ത് ആളിരിക്കുമ്പോള്‍ മയക്കുവെടിവെച്ചാല്‍ ആന ഉടനെ പുറത്തിരിക്കുന്നവരെ കുടഞ്ഞിടും. ഇത് അറിയാമായിരുന്നിട്ടും അയാളുടെ അഭ്യര്‍ഥന അവഗണിച്ച് മയക്കുവെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആന അയാളെ കുടഞ്ഞിട്ട് കുത്തി. ഈ ദൃശ്യങ്ങളെല്ലാം ചാനലുകള്‍ പലയാവര്‍ത്തി കാട്ടി. റോഡിനും ആനയുടെ കൊമ്പിനുമിടയില്‍ കിടന്ന് പിടയുമ്പോള്‍ ‘അയ്യോ അമ്മേ രക്ഷിക്കണേ’ എന്നുള്ള നിലവിളി പോലും അവര്‍ മ്യൂട്ട് ചെയ്തില്ല.

മൊബൈല്‍ ഫോണുമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാഞ്ഞെത്തുന്ന ജനക്കൂട്ടം പലപ്പോഴും ആനയെ കൂടുതല്‍ പ്രകോപിതരാക്കാണ് പതിവ്. ആനയെ തളക്കാന്‍ ശ്രമിക്കുന്ന പാപ്പാന്മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ചുറ്റുംകൂടുന്ന ആളുകളാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും മയക്ക് വെടി വെക്കുന്നതില്‍ (മയക്ക് വെടിവെക്കുക എന്ന് വാക്കാല്‍ പറയുമെങ്കിലും ഒരു സിറിഞ്ചില്‍ നിറച്ച മരുന്ന് ആനയുടെ ശരീരത്തിലേക്ക് അകലെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യുന്ന പ്രക്രിയ മാത്രമാണത്) തടസ്സമാകുന്നതുമെന്ന് ഈ രംഗത്തെ വിദഗ്ദനായ ഡോ.രാജീവ് ടി.എസ് സാക്ഷ്യപ്പെടുത്തുന്നു.
 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍


 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ഇര
ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഈ ക്രൂരതകളുടെ ലക്ഷണമൊത്ത ഇരയാണ്. എത്ര തുക ചിലവിട്ടാലും ഏറ്റവും വലിയ/പ്രശസ്തനായ ആനയെ തന്നെ തങ്ങളുടെ ഉത്സവങ്ങള്‍ക്ക് അണിനിരത്തുവാന്‍ വിവിധ കമ്മറ്റിക്കാരും കരക്കാരും തമ്മില്‍ മല്‍സരിച്ചതിന്റെ ഇര. 2013 ജനുവരി 21നു തൃശãൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ മാമ്പുള്ളിക്കാവ് ഉത്സവത്തിനു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം രൂപയ്ക്കാണ് ലേലത്തിനെടുത്തത്.

കേരളത്തിലെ ആനകള്‍ക്കിടയില്‍ ഏറ്റവും ഉയരവും (314 സെ.മി) കരുത്തും ഉള്ളവനാണ് തലയെടുപ്പിന്റെ തമ്പുരാന്‍ മാതംഗചക്രവര്‍ത്തി എന്നെല്ലാം നാട്ടുകാര്‍ വിളിക്കുന്ന രാമചന്ദ്രന്‍. തൃശãൂര്‍ പേരാമംഗലം തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിലേതാണ്. ബീഹാറില്‍നിന്നെത്തിയ ഈ ആന 1982ല്‍ തൃശãൂരിലെ ആന ഏജന്റായ വെങ്കിടാദ്രി വഴിയാണ് കേരളത്തില്‍ എത്തുന്നത് 1984ല്‍ ആണ് ഈ ആനയെ തെച്ചിക്കോട്ട് കാവ് ദേവസ്വം വാങ്ങുന്നത്.

മനുഷ്യന്റെ വരുതിയില്‍ നിര്‍ത്തുവാനായുള്ള പീഡനങ്ങള്‍ക്കിടയില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവനാണ് രാമചന്ദ്രന്‍. തനിക്ക് ഒരു ഗുണവും ചെയ്യാത്ത പേരും പ്രശസ്തിയുമാണ് ഈ ഉല്‍സവ ജീവിതം ഈ ഗജകേസരിക്ക് സമ്മാനിച്ചത്. ഒപ്പം കുപ്രശസ്തിയും. രണ്ടാനയെ കുത്തിക്കൊന്നവന്‍, ഏഴാളെ കൊന്നവന്‍ എന്നൊക്കെയാണ് കുപ്രശസ്തിക്ക് കാരണമായി പറയുന്നത്.

കുറ്റങ്ങളെല്ലാം അവന്റേതു മാത്രമെന്നാണ് പൊതുവായ പറച്ചില്‍. എന്നാല്‍, വസ്തുതകള്‍ പരിശോധിച്ചാല്‍ പലതും തെറ്റാണെന്ന് മനസ്സിലാക്കാം. തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിക്കൊന്നു എന്നാണ് ഒരു ആരോപണം. പാലക്കാട് ജില്ലയിലെ മുളയം രുധിരമാല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അപ്രതീക്ഷിതമായി കാഴ്ചയറ്റ കണ്ണിന്റെ വശത്തുകൂടെ ചന്ദ്രശേഖരന്‍ മുന്നിലെത്തിയപ്പോല്‍ പരിഭ്രാന്തനായാണ് രാമചന്ദ്രന്‍ ആക്രമണം നടത്തുന്നത്. അന്ന് ചന്ദ്രശേഖരനു സാരമായി പരിക്കേറ്റെങ്കിലും അതില്‍ നിന്നും മോചിതനായി 200^2001വര്‍ഷങ്ങളില്‍ (2002 ല്‍ ഒരു മണിക്കൂറും) അവന്‍ തൃശãൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റി. അപ്പോള്‍ എങ്ങിനെയാണ് രാമചന്ദ്രന്‍ ചന്ദ്രശേഖരന്റെ കൊലയാളിയാകുക?

മറ്റൊരു സംഭവം കാട്ടക്കാമ്പല്‍ ഉത്സവത്തിനു മുന്നോടിയായി അവനെ സ്വീകരിച്ച് കൊണ്ടു പോകുമ്പോള്‍ ഒരു 12 കാരനെ കൊലപ്പെടുത്തി എന്ന സംഭവമാണ്. ആനയ്ക്കു ചുറ്റും വലിയ ആള്‍ക്കൂട്ടം നിരന്ന് ആഘോഷമായിട്ടായിരുന്നു ആ എഴുന്നള്ളിപ്പ്. പെട്ടെന്ന് ഒരു ബസ്സ് അതുവഴി വന്നു. ആനയ്ക്കും ബസ്സിനുമിടയില്‍ ആളുകള്‍ തിങ്ങി. അതിനിടയില്‍ അപ്രതീക്ഷിതമായി ആരോ ആനയുടെ കാലിനിടയില്‍ പടക്കം പൊട്ടിച്ചു. തുടര്‍ന്ന് പരിഭ്രാന്തനായ ആന മുന്നോട്ട് ചാടി. ആ ചാട്ടത്തില്‍ അവന്റെ കാലിനടിയില്‍ പെട്ട ഒരാള്‍ കൊല്ലപ്പെട്ടു. ഇവിടെയും രാമചന്ദ്രന്‍ കൊലയാളിയായി ചിത്രീകരിക്കപ്പെട്ടു.

ഇപ്പോഴിതാ ഒരാഴ്ച മുമ്പ് പെരുമ്പാവൂരില്‍ നിന്നും അവനെതിരെ വാര്‍ത്ത. പൂയം ഉത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരിഭ്രാന്തനായി ആന ഇടഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ആനകള്‍ക്കും ആളുകള്‍ക്കും നില്‍ക്കുവാന്‍ വേണ്ടത്ര സൌെകര്യങ്ങള്‍ ഇല്ലാത്ത ഒരിടത്ത്ാണ് ഈ സംഭവം നടന്നത്. സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യം മാത്രമാണ് സംഭവിച്ചത്. പതിവു തെറ്റിക്കാതെ ഈ സംഭവത്തിലും നമ്മളെല്ലാം രാമചന്ദ്രനെ കൊലയാളിയാക്കി. വസ്തുതകള്‍ അന്വേഷിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത പരത്തി.

24 വര്‍ഷം ആനയ്കൊപ്പം ഉണ്ടായിരുന്ന പാപ്പാനെ അടുത്തിടെ കരാറുകാരന്‍ മാറ്റിയെന്നു വരെ വാര്‍ത്തകള്‍ പടച്ചു വിട്ടു. രാമചന്ദ്രനെ 18 വര്‍ഷമായി വഴിനടത്തുന്നത് പാലക്കാട് സ്വദേശിയായ പാപ്പാന്‍ മണിയാണ്. അദ്ദേഹം തന്നെയാണ് ഇപ്പോഴും അവനെ വഴിനടത്തുന്നത്. ഇതൊന്നും വാര്‍ത്ത പടച്ചവര്‍ക്ക് വിഷയമായില്ല. മേയ് മാസം കെട്ടി അഞ്ചുമാസത്തെ മദപ്പാട് കാലം കഴിഞ്ഞ് ഡിസംബറില്‍ കെട്ടുംതറിയില്‍ നിന്നും ഇറങ്ങിയ ആനയാണിത്. എന്നാല്‍, അവന്‍ മദപ്പാടില്‍ ആയിരുന്നു എന്നായിരുന്നു മാധ്യമ വിശകലനങ്ങള്‍.ഇത്രയുംപറഞ്ഞത് രാമചന്ദ്രന്‍ എന്ന ആനയുടെ കാര്യം. 18 വര്‍ഷത്തില്‍ അധികമായി 3 കാലില്‍ കെട്ടിയ തറിയില്‍ വേദനയും പേറി നില്‍ക്കുന്ന ഗുരുവായൂരിലെ മുറിവാലന്‍ മുകുന്ദന്‍ ഉണ്ട് നമ്മുടെ മുമ്പില്‍. മനുഷ്യന്റെ പീഡനങ്ങള്‍ക്കിരയായി ഇഞ്ചിഞ്ചായി മരിക്കുന്ന മറ്റനേകം ആനകളും. അകാലത്തില്‍ ജീവന്‍ വെടിഞ്ഞ ഇരിങ്ങാപ്പുറം പ്രകാശ് ശങ്കര്‍ ഉള്‍പ്പെടെ പലരും.
 

 
നിയമങ്ങള്‍ നോക്കുകുത്തി
നിയമ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ശക്തമെന്ന് തോന്നുന്ന വന്യജീവി നിയമങ്ങള്‍ പലതും ഉണ്ടെങ്കിലും ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല. നാട്ടാന പരിപാലന ചട്ടം എന്ന ഒരു സംഗതി സര്‍ക്കാര്‍ നിയമമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രയോഗത്തില്‍ പലപ്പോഴും ചട്ടം ചട്ടത്തിന്റെ വഴിക്കും ആനയും അതിനു ലഭിക്കുന്ന പീഡനങ്ങളും ചട്ടക്കാരന്റെയും ഉടമയുടേയും കങ്കാണിയുടേയും വഴിക്കുമാണ്.

വന്യജീവി എന്ന വിഭാഗത്തില്‍പ്പെടുത്തുമെങ്കിലും ഭക്ഷണത്തിനായി ഒരു ജീവിയേയും കൊല്ലാത്ത ശുദ്ധ വെജിറ്റേറിയന്‍ ആണ് ഈ പെരും ശരീരി . അത് അവന്റെ ആവാസ വ്യവസ്ഥയിലേക്ക് കടന്നു കയറുമ്പോഴോ അല്ലെങ്കില്‍ അവനെ ഒരു രീതിയിലും ജീവിക്കുവാന്‍ അനുവദിക്കില്ല എന്ന അവസ്ഥയില്‍ എത്തുമ്പോഴോ മാത്രമാണ് അവന്‍ ആക്രമണകാരിയാവുക.

ഇത്രയും ക്രൂരമായ പീഡനങ്ങള്‍ മനുഷ്യന്‍ അവനോട് ചെയ്യുമ്പോള്‍, ഇടയ്ക്ക് കാട് കയ്യേറി ആനത്താരകളെ മുറിവേല്‍പിച്ച് ഇറക്കുന്ന കൃഷിയിടങ്ങളിലോ ,കാടിന്റെ ഹൃദയത്തെ കീറിമുറിക്കുന്ന റോഡുകളിലോ കോയമ്പത്തൂര്‍ പോലെ നഗരങ്ങളിലോ ഉത്സവപ്പമ്പുകളിലോ വച്ച് മനുഷ്യനോട് തിരിച്ച് പ്രതികരിക്കുന്നതാണോ കുഴപ്പം?

വാരിക്കുഴികുത്തി കൊട്ടിലില്‍ കൊണ്ടു പോയി ചട്ടം പഠിപ്പിച്ച്, കൊടും ചൂടില്‍ ഭക്ഷണവും വെള്ളവും നിഷേധിച്ച്, നാലുപേരെ പുറത്തിരുത്തി, മനുഷ്യരുടെ ആഹ്ലാദങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി നിരത്തി നിര്‍ത്തി, തോട്ടിക്ക് കുത്തി ഉയര്‍ത്തുന്നതിനിടയില്‍ വല്ലപ്പോഴും ഒന്ന് പ്രതിഷേധിക്കാന്‍ പോലും അവന് അവകാശമില്ലെന്നാണ് ഈ ലേഖനമെഴുതിയ ഞാനടക്കമുള്ള മനുഷ്യരെല്ലാം ആവര്‍ത്തിക്കുന്നത്.
 
 
ഇനി ഒരു പ്രശ്നോത്തരി
ചോദ്യം: ആനകളെ പീഡിപ്പിച്ചാല്‍ നടപടി എടുക്കേണ്ടതാരാണ്?
ഉത്തരം: വനം, വന്യജീവി വകുപ്പ്.
ചോദ്യം: കേരളത്തിലെ ആ വകുപ്പ് മന്ത്രിയാര്?
ഉത്തരം: ഗണേശ്കുമാര്‍
ചോദ്യം: കേരളത്തില്‍ ഗജപീഡനം നടത്തി കാശുണ്ടാക്കുന്നതാര്?
ഉത്തരം: ആനമുതലാളിമാര്‍
ചോദ്യം: അവരുടെ നേതാവാര്?
ഉത്തരം: വനം മന്ത്രി ഗണേശ്കുമാര്‍!!!!!!

6 thoughts on “തളക്കേണ്ടത് ആനയെയല്ല; നമ്മളെ

 1. കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന, കേട്ടിട്ടും അറിയാത്ത ഭാവം നടിക്കുന്ന ആനപ്രേമിയെന്ന് വീമ്പിളക്കുന്ന നാമൊക്കെ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങല്‍ എണ്ണിയെണ്ണിപ്പറഞ്ഞിരിക്കുന്നു, സതീഷ്.
  Well researched, well said. good presentation also!

  – Thanks and Congrats!

  • neerum nerukal ennum manushyar thalli kalanjitteyullooo,orunnal ellam grahikkunna naalinaay kathirikkam,,,,,,,

   thanks,thanks………………….

 2. M. T yude ‘varikkuzhi” enna kadhayil vari kuzhiyil veena anaye thante adyathuvante pratheeka mayi kanunna kochamaye kanikkan pettanu anaye orupad upadravich kuzhiyil ninnum kayattukayum ana charinju povukayum cheyunna oru ranga mundu. oru sadhu mrugathodu manushyan cheyunna kroorathakale ormippikunnu a kadha… e lekhanavum athara moru ormappeduthalanu… budhiyundennu parayunna manushyanakamengil budhi kuranja anaykkumakam pathakam….നാട്ടിലിറങ്ങിയാല്‍ പാട്ടകൊട്ടി ഓടിക്കുന്ന മൃഗമാണ് കാട്ടാനയെന്ന്, ആ ഇത്തിരി ശബ്ദം പോലും സഹിക്കാതെ ഓടുന്ന ശരീരസവിശേഷതയാണ് അതിന്റേതെന്ന് ഓര്‍ക്കുമ്പോഴാണ് ഉല്‍സവപ്പറമ്പുകളിലെ ശബ്ദഭീകരത ആനക്ക് എത്ര മാത്രം പീഡാകരമാണെന്ന് മനസ്സിലാവുക.

  very touching and nice and informative writing, congratsmu frnd. and keep going…

 3. Aanakalae lorryil ninnu erakkukka. Pazhaya pole nadthi kondupokuka…. with a condition that they should not be on road between 10:00AM – 4:00PM & 7:30PM – 5:30AM. Poorangalkku idayil aanakku venda vishramam labhikkum. Pakshe contractor markku oru adi akum. Local aanakalkku munthookam labhikkum. Cheriya sthalathu aanakale koothi kettillya. Aanakalkum poorangalkum (credit rating pole) rating system indakanam. Rating anusarichu nibhandanakal konduvaranam. Mosham rating anenkil karshanamaya nibandhanakal, nalla rating anengil light nibandhanakal. Pooram kalangiyal rating korayum – nibhandhanakal koodum. Ithu mothalali, pappan, contractor, pooracommitte, naatukar, bhakthar ennivarkku korekoodi seriousness kondu varum. 360 degree commitment to make things safe.

 4. ഈ ലേഖനത്തിന്റെ കോപ്പികൾ എല്ലാ ഉത്സവപ്പറമ്പുകളിലും വിതരണം ചെയ്യേണ്ടതാണ്. കേരളം ഒരു സാഡിസ്റ്റ്/മസൊക്കിസ്റ്റ് ജനത തന്നെ.

Leave a Reply

Your email address will not be published. Required fields are marked *