ആമേനും കോപ്പിയോ ?

 
 
 
 
ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ആമേനും’ ദുസാന്‍ മലിക് സംവിധാനം ചെയ്ത ഗുച്ച ഡിസ്റ്റന്റ് ട്രമ്പറ്റ് എന്ന സിനിമയും തമ്മിലെന്ത്? വര്‍ഗീസ് ആന്റണി എഴുതുന്നു
 
 

കഥയും കഥാപാത്രങ്ങളും മാത്രമല്ല സീനുകള്‍ പോലും അതേപടി പകര്‍ത്തിയിരിക്കുകയാണ് ആമേനില്‍. ഗുച്ചയുടെ ആദ്യ സീന്‍ തന്നെ ആമേനില്‍ നമുക്ക് കാണാം. ആകാശത്ത് അമിട്ടുകള്‍ പൊട്ടുകയും ആഘോഷത്തിന്റെ ആരവമുയരുകയും ചെയ്യുന്ന ഈ സീന്‍ ആമേനില്‍ രണ്ടാമത്തെ സീനായാണ് ചേര്‍ത്തിരിക്കുന്നത്. ആകാശത്ത് പൊട്ടുന്ന അമിട്ടിന്റെ ശബ്ദം വിദൂരതയില്‍ നിന്നു കേള്‍ക്കുന്നതിന്റെ കാല്‍പ്പനീകമായ ഭംഗി ഗുച്ച തുടക്കത്തില്‍ പങ്കുവക്കുന്നു. ഈ സൗണ്ട് എഫക്ട് അതേ രൂപത്തില്‍്ത്തന്നെ ലിജോ കോപ്പിയടിച്ചിട്ടുണ്ട്- വര്‍ഗീസ് ആന്റണി എഴുതുന്നു
 

 
 
മറ്റൊരു സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുതിയ സിനിമകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. അത്തരം പ്രവര്‍ത്തനങ്ങളെ കലാസംബന്ധിയായി തന്നെയാണ് കാണാനാവുക. എന്നാല്‍ ഒരു സിനിമയുടെ പ്രമേയത്തെ മറ്റൊരു സാംസ്‌കാരിക പരിസരത്തേക്ക് പറിച്ചു നട്ട് പുതിയ പ്രമേയം എന്ന വ്യാജേന പ്രേക്ഷകരെ കബളിപ്പിക്കുന്നതിനെ കലാസംബന്ധിയായ പ്രവര്‍ത്തനമായി കാണാനാകില്ല. പ്രചോദനമായ കലാസൃഷ്ടിയേക്കുറിച്ച് പ്രേക്ഷകരോട് പറയാതിരിക്കുമ്പോള്‍ അതൊരു മോഷണം മാത്രമാകുന്നു. വാണിജ്യ സിനിമയില്‍ മോഷണങ്ങള്‍ വിരളമല്ല. മലയാളത്തില്‍ ഈ വിരുതിന്റെ അപ്പോസ്‌തോലന്‍മാര്‍ തന്നെയുണ്ട്. അവരുടെ ചുവടുപിടിച്ചാണ് ന്യൂജനറേഷനും വളരുന്നതെന്നാണ് ‘ആമേന്‍’ എന്ന സിനിമ സൂചിപ്പിക്കുന്നത്. അടുത്തകാലത്തിറങ്ങിയ ഏറ്റവും മനോഹരമായ മലയാള സിനിമ എന്നായിരുന്നു ആമേനിന് ലഭിച്ച നിരൂപക വിശേഷണം. ട്രീറ്റ്‌മെന്റിലും പ്രമേയത്തിലും മലയാളത്തിന് അത്ര പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച ആമേന്‍ അത് അര്‍ഹിക്കുന്നതായി പ്രേക്ഷകരും കരുതിയിരിക്കണം. ബോക്‌സ് ഓഫീസിലും സിനിമക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. എന്നാല്‍ ഇതിനൊക്കെ ശേഷം ആമേനേക്കുറിച്ച് ദു:ഖകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
 

 

‘ഗുക്കാ, ഡിസ്റ്റന്റ് ട്രമ്പറ്റ്’
മനോഹരമായ ഒരു സിനിമയുടെ പ്രമേയത്തെ മാന്യതയില്ലാത്തവിധം അനുകരിച്ചെടുത്തതാണ് ആമേന്‍. ദുസാന്‍ മിലിക് സംവിധാനം ചെയ്ത സെര്‍ബിയന്‍ ചിത്രമായ ‘ഗുച്ച, ഡിസ്റ്റന്റ് ട്രമ്പറ്റ്’ എന്ന ചിത്രത്തെയാണ് ലിജോ ജോസ് പല്ലിശ്ശേരി മോഷണത്തിനിരയാക്കിയിരിക്കുന്നത്. 2006-ല്‍ ഇറങ്ങിയ ഈ ചിത്രം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടിയിട്ടുണ്ട്.

വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ ‘അമേലി’ എന്ന ചിത്രത്തെയാണ് ആമേന്‍ അനുകരിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ സീനുകളില്‍ തന്നെ ഇത് മനസിലാകും. പക്ഷേ പ്രമേയപരമായ ഭംഗികൊണ്ട് അമേലി കണ്ടിട്ടുള്ളവര്‍ പോലും ആമേനെ വിമര്‍ശനാത്മകമായി സമീപിക്കുകയുണ്ടായില്ല. സറ്റയര്‍ ഭാഷയില്‍ മനോഹരമായി പറഞ്ഞിട്ടുള്ള കഥയാണ് അമേലിയുടേത്. അതിനെ വികലമാക്കാതെ പകര്‍ത്തിയെടുക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. കുമരങ്കരി എന്ന ഗ്രാമത്തിന്റെ മിത്തിക്കല്‍ ഭംഗി എല്ലാത്തിനും മുകളിലായിരുന്നു. ഒരുതരം മിസ്റ്റിക് ഭാവം പൂണ്ടാണ് അതിന്റെ കഥ വികസിച്ചത്. ആ കഥയാകട്ടെ ‘ഗുച്ച, ഡിസ്റ്റന്റ് ട്രമ്പറ്റ്’ എന്ന ചിത്രത്തിന്റെ പച്ചയായ അനുകരണം മാത്രമാണ്. ചില കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൂട്ടിച്ചേര്‍ത്ത് ഗുച്ചയെ മലയാളീകരിക്കുക മാത്രമാണ് ആമേനിന്റെ തിരക്കഥാകാരന്‍ ചെയ്യുന്നത്.
 

 
അനുകരണം അഥവാ കോപ്പിയടി
കഥയും കഥാപാത്രങ്ങളും മാത്രമല്ല സീനുകള്‍ പോലും അതേപടി പകര്‍ത്തിയിരിക്കുകയാണ് ആമേനില്‍.ഗുച്ചയുടെ ആദ്യ സീന്‍ തന്നെ ആമേനില്‍ നമുക്ക് കാണാം. ആകാശത്ത് അമിട്ടുകള്‍ പൊട്ടുകയും ആഘോഷത്തിന്റെ ആരവമുയരുകയും ചെയ്യുന്ന ഈ സീന്‍ ആമേനില്‍ രണ്ടാമത്തെ സീനായാണ് ചേര്‍ത്തിരിക്കുന്നത്. ആകാശത്ത് പൊട്ടുന്ന അമിട്ടിന്റെ ശബ്ദം വിദൂരതയില്‍ നിന്നു കേള്‍ക്കുന്നതിന്റെ കാല്‍പ്പനീകമായ ഭംഗി ഗുച്ച തുടക്കത്തില്‍ പങ്കുവക്കുന്നു. ഈ സൗണ്ട് എഫക്ട് അതേ രൂപത്തില്‍്ത്തന്നെ ലിജോ കോപ്പിയടിച്ചിട്ടുണ്ട്.

ഗുച്ചയുടെ കഥയിങ്ങനെയാണ്: 16 വയസുകാരിയായ ജൂലിയാന പ്രസിദ്ധനായ ട്രമ്പറ്റ് വാദകന്‍ സാച്ച്‌മോ യുടെ മകളാണ്. സമ്പന്നമായ കുടുംബ സാഹചര്യങ്ങളിലാണ് ജൂലിയാന വളരുന്നത്. സാച്ച്‌മോയുടെ

വര്‍ഗീസ് ആന്റണി

എതിര്‍ ഗ്രൂപ്പായ റോമ ഓര്‍ക്കസ്ട്രയിലെ ട്രമ്പറ്റ് വായനക്കാരനാണ് റോമിയോ. ജൂലിയാനയും റോമിയോയും പ്രണയത്തിലാകുന്നു. (ആമേനില്‍ ശലമോനും ശോശന്നയുമാണ് നായികാ നായകന്‍മാര്‍. ഗുച്ചയില്‍ റോമിയോയും ജൂലിയാനയും) പിതാവിന്റെ എതിര്‍പ്പ് മറികടന്നാണ് പ്രണയം വളരുന്നത്.

റോമ ഓര്‍ക്കസ്ട്രയുടെ സങ്കേതം ഒരു ബാറും ടീം ഉടമയുടെ വീടുമൊക്കെയാണ്. ആമേനില്‍ ഇത് കള്ളുഷാപ്പ് ആകുന്നു. പലവിധമായ പരിശീലനമാണ് നടക്കുന്നത്. ഇതിനിടയില്‍ റോമിയോയും ജൂലിയാനയും ഒളിച്ചോടുന്നു. ആമേനിലും കഥയുടെ ഒരു ഘട്ടത്തില്‍ നായികാനായകന്‍മാര്‍ ഒളിച്ചോടുന്നുണ്ട്. ഒടുവില്‍ മത്സരം എത്തിച്ചേരുകയാണ്. ജൂലിയാനയുടെ പിതാവിനെ തോല്‍പ്പിച്ചാല്‍ പ്രണയം സഫലമാകും. മത്സരവേദിയില്‍ ജൂലിയാന ഉണ്ടാകരുത് എന്ന് കരുതി അവളെ സാച്ച്‌മോ പൂട്ടിയിടുന്നു. ആമേനിലും നായികയെ പൂട്ടിയിടുന്ന സന്ദര്‍ഭം ഓര്‍ക്കുക. ഉദ്വേഗജനകമായ സംഭവങ്ങള്‍ക്കൊടുവില്‍ മത്സരം ആരംഭിക്കുന്നു. റോമിയോ യുടെ പ്രകടനം മുന്നേറുമ്പോള്‍ പിന്‍വാതില്‍ പൊളിച്ച് ജൂലിയാന മത്സരവേദിയിലെത്തുന്നു. റോമിയോ മത്സരം വിജയിക്കുന്നു. വേദിയില്‍ നിന്നും ഇറങ്ങിവന്ന റോമിയോ ജൂലിയാനയെ പുണരുന്നു. അവനോട് ബഹുമാനം തോന്നുന്ന സാച്ച്‌മോ മകളുടെ പ്രണയത്തെ അംഗീകരിക്കുന്നു. എല്ലാവരും ഒത്തുചേര്‍ന്നൊരുക്കുന്ന സംഗീതത്തില്‍ സിനിമ അവസാനിക്കും.
 

 
സീന്‍ ഒന്നു മുതല്‍ അവസാനം വരെ
ഇതു തന്നെയാണ് ആമേനിലെ പ്രമേയം. ഫഹദ് ഫാസിലിന്റെ സോളമന്‍ റോമിയോയെ പോലെ സദാ സമയവും ട്രമ്പറ്റും തൂക്കിയാണ് നടപ്പ്. നിര്‍ദ്ധനനായ അയാള്‍ നാട്ടിലെ സമ്പന്ന കുടുംബത്തിലെ ശോശന്നയെ പ്രണയിക്കുന്നു. ട്രമ്പറ്റ് മാത്രമാണ് സോളമന്റെ ആയുധം. പക്ഷേ അയാള്‍ക്ക് ടീമില്‍ വലിയ സ്ഥാനമൊന്നുമില്ല. സോളമന്റെ കഴിവു കണ്ട് അയാളെ ടീമിലെടുക്കുകയാണ് ആമേനില്‍. എന്നാല്‍ ടീമിലെ ഒരുവന് വയറിളകാനുള്ള മരുന്ന് കൊടുത്താണ് ‘ഗുച്ച’ യിലെ റോമിയോ ടീമില്‍ കയറിപ്പറ്റുന്നത്. ഇത്തരം ചെറിയ മാറ്റങ്ങളേയുള്ളു രണ്ടു സിനിമകളും തമ്മില്‍.

വിദൂരങ്ങളില്‍ ഇരുന്ന് ട്രമ്പറ്റ് കൊണ്ട് മത്സരിക്കുന്ന സാച്ച്‌മോയും റോമിയോയും ആമേനില്‍ മറ്റൊരു സാഹചര്യത്തിലാണ് കാണുക. രാത്രി കായലില്‍ തോണിയിലിരുന്നാണ് സോളമന്‍ പാടുന്നത്. കായല്‍ പരിസരത്താണ് രണ്ടു സിനിമയുടേയും കഥ വികസിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സീനുകളും സംഭവങ്ങളും കഥാപാത്രങ്ങളുടെ സ്വഭാവങ്ങളുമടക്കം യാതൊരു ലജ്ജയുമില്ലാതെ പകര്‍ത്തിയെടുത്തിരിക്കുകയാണ് ലിജോയും സംഘവും. ക്ലൈമാക്‌സ് ഏതാണ്ട് അതേപോലെ തന്നെയാണ് ആമേനിലെക്ക് പകര്‍ത്തിയിരിക്കുന്നത്. ആമേനിലെ കള്ളുഷാപ്പ് നടത്തിപ്പുകാരി (കൊളപ്പുള്ളി ലീല) എതിര്‍ വിഭാഗം എറിയുന്ന ബിയര്‍ കുപ്പി ഫുട്‌ബോള്‍ കളിക്കാരിയേപ്പോലെ തലകൊണ്ട് തടുക്കുന്ന ഒരു രംഗമുണ്ട്. ഗുച്ചയില്‍ ഇത് എതിര്‍ പക്ഷത്തെ ട്രമ്പറ്റ് പരിശീലകനാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നിരവധി രംഗങ്ങള്‍ തന്നെ അതേപടി പകര്‍ത്തിയിരിക്കുകയാണ് ആമേനില്‍.
 

 
സംഗീതവും ?
ആമേന്‍ ഒരു പള്ളിയുടെ പരിസരത്തിലാണ് വികസിക്കുന്നത്. അങ്ങനെയൊരു പള്ളി ഗുച്ചയിലുമുണ്ട്. ഒറ്റ സീനിന്റെ പ്രാധാന്യം മാത്രമുള്ളതാണ് പള്ളി. അതിലെ വികാരിയുടെ ഗെറ്റപ്പിലാണ് ഫാ. എബ്രഹാം ഒറ്റപ്ലാക്കനെ (ജോയി മാത്യു) ആമേനില്‍ നമ്മള്‍ കാണുക. നീട്ടിവളര്‍ത്തി അലക്ഷ്യമായി നെറ്റിയിലേക്കിട്ട മുടി കേരളത്തിലെ പള്ളീലച്ചന്‍മാര്‍ക്ക് സാധാരണ കാണാറില്ല. മോഷ്ടിക്കുമ്പോള്‍ അതും കൂടി പോരട്ടെ എന്ന് കരുതിക്കാണും ലിജോയും സംഘവും. ഫാ. വട്ടോളി (ഇന്ദ്രജിത്ത്)യേപ്പോലെ മിഴിവുള്ള ചിലാ കഥാപാത്രങ്ങലെ സൃഷ്ടിക്കാനായി എന്നത് ആമേന്‍ എന്ന ചിത്രത്തിന്റെ ഗുണമായി ഇപ്പോഴും പറയേണ്ടിവരും. അത് മറ്റേതെങ്കിലും ചിത്രത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിയും വരെ അങ്ങനെ പറയാതിരിക്കാനാകില്ല. ഗുച്ചയിലെ മനോഹരമായ സംഗീതത്തിന് ആമേനിന്റെ സംഗീതവുമായി സാമ്യമുണ്ട്. രണ്ടും സുഷിര വാദ്യമായതിനാല്‍ ഇത് കോപ്പിയടിയോളം ചേര്‍ന്നു നില്‍ക്കുന്നതായാണ് തോന്നുന്നത്.
 

 
തൊണ്ടിമുതല്‍ 
ബോളിവുഡ് രീതിയില്‍ ഒരു മ്യൂസിക്കല്‍ പ്രണയ കഥ പറയണമെന്ന ആഗ്രഹമാണ് ‘ഗുച്ച, ഡിസ്റ്റന്റ് ട്രമ്പറ്റ്’ എന്ന ചിത്രത്തിലേക്ക് തന്നെയെത്തിച്ചതെന്ന് സംവിധായകന്‍ ദുസാന്‍ മിലിക് പറയുന്നു. എങ്ങനെയെങ്കിലും ഒരു വിജയസിനിമയുണ്ടാക്കണം എന്ന ആഗ്രഹമാകണം ലിജോ ജോസ് പല്ലിശ്ശേരിയേക്കൊണ്ട് ഈ മോഷണത്തിന് പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ആദ്യ രണ്ടു സിനിമകളായ നായകനും, സിറ്റി ഓഫ് ഗോഡും ബോക്‌സ് ഓഫീസില്‍ പരാജയങ്ങള്‍ ആയിരുന്നു. രണ്ടും മോഷണ സ്ന്മകളാണെന്ന വിമര്‍ശനവും നേരിട്ടിരുന്നു. അങ്ങനെയൊരു സംവിധായകനില്‍ നിന്നും മൗലികവും മനോഹരവുമായ ഒരു സിനിമ വരും എന്ന് പ്രതീക്ഷിച്ചവരാണ് വിഡ്ഡികള്‍. പ്രേക്ഷകരെ എക്കാലത്തേക്കും കബളിപ്പിക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യം മലയാളത്തിലെ മുതിര്‍ന്ന പല സംവിധായകരും അടുത്ത കാലത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തും ഇരുപതും വര്‍ഷം മുന്‍പ് മലയാളത്തില്‍ വന്ന സിനിമകളുടെ ഒറിജിനലുകള്‍ അടുത്തകാലത്തായി പുറത്ത് വന്നത് ഓര്‍ക്കുമല്ലൊ. ഇതിപ്പോള്‍ മൂന്ന് മാസം കൊണ്ട് പിടിക്കപ്പെട്ടു എന്നേയുള്ളു.

 
 

 
 

44 thoughts on “ആമേനും കോപ്പിയോ ?

 1. മലയാളത്തില്‍ റിലീസ് ചെയ്തു ഹിറ്റായ 75% സിനിമ കളും കോപ്പി അടിച്ച സിനീമകളാനു ……. മലയാളികള്‍ അത ഇപ്പോഴാണ് തിരിച്ചറിയുന്നത് ………………….

  • മലയാളം മാത്രമല്ല മോനെ, ഇന്ന് ഇന്ത്യയില്‍ ഹിറ്റാകുന്ന ഭൂരിഭാഗം പദങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കോപ്പിയടിച്ചതാണ്. മറ്റു ഭാഷകളെ വച്ച് നോക്കുമ്പോള്‍ മലയാളത്തില്‍ കുറവാണ് എന്നതാണ് സത്യം.

   • ലിജോയും ടീമും ഏതായാലും ആ കുറവ് നികത്താന് തീരുമാനിച്ചത് നന്നായി പുതിയ ഡിസ്കോയും വല്ല ലാറ്റിനമേരിക്കന് ഡിസ്കോ ആയിരിക്കും..

  • മലയാളത്തിൽ മാത്രം എന്തിറങ്ങിയാലും കോപ്പിയടി കോപ്പിയടി എന്ന് പറഞ്ഞു നിലവിളിക്കുന്നവരോട് :

   നമ്മുടെ ഇന്ത്യയിൽ കോപ്പിയടി ആരോപിക്കപ്പെട്ട മുൻനിര സിനിമാക്കാർ ധാരാളം ഉണ്ട് . ഹിന്ദിയിലും മലയാളത്തിലും തമിഴിലും കന്നടയിലും മാത്രമല്ല ഒട്ടുമിക്ക എല്ലാ ഭാഷകളിലും.

   ഇന്നത്തെ തലമുറയ്ക്ക് ആകെ അറിയാവുന്ന 2 മഹാ സംവിധായകരും ലിസ്റ്റിൽ ഉണ്ട് . ഭാരതൻ (താഴ്വാരം ) , പദ്മരാജൻ (ഇന്നലെ )
   ഇനി സംഗീത സംവിധായകരുടെ കാര്യം എടുക്കാം . എത്രയോ പ്രാവശ്യം കോപ്പിയടി ആരോപിക്കപ്പെട്ടിട്ടുള്ള ആളാണ്‌ ഓസ്കാർ ജേതാവായ ആർ റഹ്മാൻ ? (വ്യക്തമായ തെളിവുകൾ ഇന്നും യുടുബിൽ ലഭ്യമാണ് . ) ഇളയരാജയും അതുപോലെ ( പെട്ടെന്നോര്മ്മ വരുന്നത് ‘യാത്ര’ യിലെ ഗാനം )
   പക്കാ കോപ്പിയടി ആയ ‘കൊലവെരി ‘ എന്ന പാട്ട് ഹിറ്റാക്കിയില്ലേ നമ്മൾ? അപ്പോൾ ആര്ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലൊ.
   കോപ്പിയടി കോപ്പിയടി തന്നെ .. എന്ന് കരുതി ഇവരൊക്കെ കഴിവുള്ളവരല്ല എന്നല്ല. മലയാളികൾ ചെയ്യുമ്പോൾ മാത്രം ഇതിത്ര വലിയ അപരാധമാകുന്നതു എങ്ങനെ എന്നും മനസ്സിലാവുന്നില്ല.

 2. ഒരു സിനിമയുടെ പ്രമേയത്തെ മറ്റൊരു സാംസ്കാരിക പരിസരത്തേക്കു പറിച്ചു നടുന്ന Appropriation എന്ന പ്രക്രിയ തികച്ചും കലാപരം തന്നെയാണ് . ഒരു സാംസ്കാരിക പരിസരത്ത് , മറ്റൊരു ഭാഷയിൽ പറഞ്ഞ കഥയെ പുതിയൊരു ഭാഷയിൽ , സംസ്കാരത്തിൽ Convincing ആയി അവതരിപ്പിക്കുന്നത്‌ ഒട്ടും ശ്രമകരമല്ല എന്ന് തോന്നുന്നു താങ്കൾ നിരീക്ഷിക്കുന്നത് കേട്ടിട്ട് . ബാർ കള്ള് ഷാപ്പ് ആകുന്നതും റോമിയോയെയും ജൂലിയാനയെയും പോലെ സോളമനും ശോശന്നയും പ്രേമിക്കുന്നതും തീർത്തും വിശ്വസിനീയ മല്ലാതെയാണ് ലിജോ ചിത്രീകരിച്ചിരുന്നതെങ്കിൽ താങ്കൾ പറഞ്ഞത് സമ്മതിക്കാവുന്നതെയുള്ളൂ .

  കുമരംകരിയും ഒരു കൂട്ടം നാട്ടുകാരും കായലും വള്ളവും വെള്ളവും കച്ചറയും വിശ്വാസവും പുണ്യാളനും കള്ളും പ്രേമവും എല്ലാം എല്ലാം ഈ കേരളത്തിൽ തികച്ചും സ്വാഭാവികമായ ഒന്നാണെന്ന് നമുക്കെല്ലാം അറിയാവുന്നത് തന്നെ . യോജിക്കാത്തത് ഒഴിവാക്കുകയും യോജിക്കുന്നത് കൂട്ടിച്ചേർക്കുകയും മികച്ച അനുകൽപനത്തിനു ആവശ്യമാണ്‌ . അത് മികച്ച രീതിയിൽ സംയോജിപ്പിക്കേണ്ടത് നല്ല അനുകര്ത്താവിന്റെ ജോലിയുമാണ് . അത്തരം ഒരു Addition ആയ ഫാദർ വിൻസന്റ്റ് വട്ടോളി മികച്ച കഥാപാത്രമാണ് എന്ന് താങ്കൾ തന്നെ പറഞ്ഞു . പിന്നെ പരക്കെ നിരീക്ഷിക്ക പ്പെട്ട സിനിമയുടെ മാന്ത്രികമായ അന്തരീക്ഷവും കുമരം കരി എന്ന space നിർമാണത്തെ കുറിച്ചും ക്കുറിച്ചും കഥയ്ക്ക്‌ അനുയോജ്യമല്ല എന്ന് എനിക്ക് തോന്നുന്നില്ല .

  ആമേൻ കണ്ട് നല്ല സിനിമ എന്ന് പറഞ്ഞ് ഇറങ്ങി വരുന്ന പ്രേക്ഷകൻ അത് ഗുക്കയിൽ നിന്നുണ്ടായതാനെന്നറി ഞ്ഞാലും വിഡ്ഢി യാകുന്നില്ല . കാരണം ലിജോയുടെ ആഖ്യാനം പിഴയ്ക്കുന്നില്ല എന്നത് കൊണ്ടാണ് . മറ്റൊരു സംസ്കാരത്തിലെ ജൂലിയാനയും റോമിയോയുടെയും സാന്നിദ്ദ്യം സോളമന്റെയും ശോശന്നയുടെയും പ്രണയ കഥ ആസ്വദിക്കുന്നതിൽ നിന്ന് എങ്ങനെയാ ണ് പ്രേക്ഷകനെ വിലക്കുന്നത് . ഇത് മറ്റൊരു ടെക്സ്റ്റ്‌ ൽ നിന്ന് ഉത്ഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞ് , അതും കൂടി താരതമ്യപ്പെടുത്തണ മെന്ന് ആഗ്രഹിക്കുന്ന താങ്കളെ പ്പോലെയുള്ള പഠിതാവിന്‌ പല സാധ്യതകളാണുള്ളത് . ഒന്ന് : ഒന്നാം ടെക്സ്റ്റ്‌ ന്റെയത്രയും രണ്ടാം ടെക്സ്റ്റ്‌ നന്നായില്ല എന്ന ഒരു നിരീക്ഷണം . രണ്ട് : എനിക്ക് എൻറെ സാംസ്കാരിക പശ്ചാതലത്തോടാണ് കൂടുതൽ Identify ചെയ്യാനാവുന്നത് ; അതിനാൽ എനിക്ക് രണ്ടാം ടെക്സ്റ്റ്‌ ആണിഷ്ടപ്പെട്ടത്‌ , മൂന്ന് : എനിക്ക് രണ്ടും ഇഷ്ടപ്പെട്ടില്ല , ഇത് adapt ചെയ്യേണ്ട ആവശ്യം തന്നെയുണ്ടായിരുന്നില്ല , നാല് : ചിലതെല്ലാം ഒന്നാം ടെക്സ്റ്റ്‌ ലും ചിലതെല്ലാം രണ്ടാം ടെക്സ്റ്റ്‌ ലും നന്നായി എന്നിങ്ങനെ വിവിധ , അസംഘ്യം അഭിപ്രായങ്ങൾ . തികച്ചും ആപേക്ഷികമായ അഭിപ്രായങ്ങൾ . ഒന്നാം ടെക്സ്റ്റ്‌ ഉം രണ്ടാം ടെക്സ്റ്റ്‌ ഉം തമ്മിലുള്ള മാറ്റങ്ങൾ പഠിക്കുന്നത് രണ്ടു സംസ്കാരങ്ങളും ജീവിതങ്ങളും തമ്മിൽ താരതമ്യ പഠനത്തിനുള്ള സാധ്യതയാണ് .

  പിന്നെ ഇത് മറ്റൊരു സൃഷ്ടിയിൽ നിന്ന് പിറക്കുന്നതാണെന്ന ഒറ്റ തിരിച്ചറിവ് കൊണ്ട് “ഇഷ്ടപ്പെട്ടു ” എന്ന ബോധ്യത്തോടെ ഇറങ്ങി വന്ന കലാ സൃഷ്ടി മോശമാണെന്ന് തോന്നുന്നുണ്ടെങ്കിൽ അത് Source Text ൻറെ മൗലികത യെക്കുറിച്ചുള്ള അന്ധ മായ ബോധ്യം കൊണ്ടാണ് . How Original is the Original ?? എന്ന ചോദ്യമുന്നയിച്ച് Source Text നെയും സമീപിക്കാവുന്നതാണ് , ക്ഷമയുണ്ടെങ്കിൽ . All Texts are Texts are Intertexts എന്ന ക്രിസ്റ്റെവ യുടെ സങ്കൽപമനുസരിച് ഓരോ adaptation നെയും Appropriation നെയും അതല്ല , താങ്കൾ പറഞ്ഞത് പോലെ ഒരു മോഷണത്തെയും സമീപിച്ചാൽ Original Text ഉം മറ്റു Text കളെ ആശ്രയിക്കുന്നത് കാണാം , അർത്ഥം ഉല്പാദിപ്പിക്കുന്നതിനായി .

  താൻ ഈ സിനിമയെടുത്തത് ഒരു മുന് സിനിമയിൽ നിന്നാണെന്നു പ്രേക്ഷകരോട് പറഞ്ഞില്ല എന്നത് മാത്രമാണ് താങ്കൾ പറഞ്ഞതിൽ വിലപ്പോകുന്ന വസ്തുത . അത് വേണ്ടതുണ്ടോ എന്നതും സൂക്ഷ്മമായി ആലോചിക്കണം .

  ഇതിവൃത്തം സ്വീകരിക്കുന്നതിൽ നിന്നല്ല ഒരു സിനിമ ഒരു സിനിമയെ വിലയിരുത്തെണ്ടതും . ഓരോ ഷോട്ടിന്റെയും Mise -en -scene അനലൈസ് ചെയ്യുന്നത് വഴിയാണ് . ഒരേ ഇതിവൃത്തം തന്നെ വ്യത്യസ്തമായി കമ്പോസ് ചെയ്യാനാകും . എത്ര എത്ര ഘടകങ്ങളാണ്‌ Mise -en -Scene ൽ ഉൾപ്പെടുന്നത് . Lighting , Costumes , Color Tone , Choreography , Sangeetham , Camera Angle s അങ്ങനെ എന്തെല്ലാം . ഒരേ സംഭവം തന്നെ വിവിധ സംവിധായകർക്ക് വ്യത്യസ്ത രംഗ സംവിധാനത്തിലൂടെ പറയാനാവുമല്ലോ . പൂർവ സൃഷ്ടിയുടെ രംഗ സംവിധാനം മാറ്റ മില്ലാതെ ആവർത്തിക്കുന്നു വെങ്കിൽ മോഷണം ആണെന്ന് ആരോപിക്കാവുന്നതാണ് . അങ്ങനെ മാത്രമേ ഒരു സിനിമയെ ആരോപിക്കാനാകൂ . അതിനേക്കാൾ അടിസ്ഥാന പാഠം mise -en -scene analysis ലൂടെ വേണം സിനിമ പഠിക്കേണ്ടത് എന്നാണ് . അല്ലാതെ സാഹിത്യ ത്തിൻറെ അളവു കോലുകൾ ഉപയോഗിച്ച് സിനിമ പഠിക്കാൻ ആവില്ല . അത് ഈ മാധ്യമ ത്തിൻറെ പ്രത്യേകതയാണ് .

  പിന്നെ “നായകനും ” സിറ്റി ഓഫ് ഗോഡ് ” ഏതു ചിത്രങ്ങളുടെ മോഷണങ്ങലായിരുന്നു എന്നും പറയുക . ഇരു ചിത്രങ്ങളും മലയാളത്തിലെ Conventional ശൈലി കൾ പിന്തുടരുന്ന ചിത്രങ്ങളായിരുന്നില്ല . അവ പരാജയപ്പെടാനുണ്ടായ കാരണങ്ങൾ , ലോക സിനിമയിൽ തികച്ചും സാധാരണ മായി കഴിഞ്ഞ ആ narrative styles ൽ സാദാ മലയാളി പ്രേക്ഷകന് ബോധ്യ മില്ലാത്തത് കൊണ്ടുമായിരുന്നു …

  ഇനിയിപ്പോൾ “Divine Intervention ” പ്രമേയമായി വരുന്ന അനേകം ടെക്സ്റ്റ്‌ കളിൽ നിന്ന് മോഷ്ടിച്ചതാണ് ആമേൻ എന്ന് വേണമെങ്കിൽ ആരോപിക്കാമല്ലോ . നമ്മുടെ നാട്ടിൽ തന്നെ പ്രാഞ്ചി യേട്ടനും , നന്ദനവും പോലെ എത്രയെണ്ണം . വിദേശത്ത് അതിനേക്കാൾ .

  കലയുടെ പേരും പറഞ്ഞ് ബ്ലാക്ക് മണി വൈറ്റാക്കാനും പെണ്ണ് പിടിക്കാനും മറ്റും സിനിമ എടുത്തു കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ നിന്ന് എന്തെങ്കിലും Professionalism കാണിക്കുന്ന ഒരാൾ വരുമ്പോൾ ഇങ്ങനെ തന്നെ വേണം . ഗുക്ക എന്ന പൂർവ സൃഷ്ടി നില നിൽക്കുമ്പോൾ തന്നെ തികച്ചും ആസ്വാദ്യ കരമായ ഒരു ചിത്രം തന്നെ ആമേൻ .
  ശരി എന്നാൽ , നടക്കട്ടെ ..

  • മരിയാ, നിങ്ങള്‍ പറയുന്ന സൈദ്ധാന്തിക വശങ്ങള്‍ അറിഞ്ഞുകൊണ്ട് ആണ് ഈ സംവിധായകര്‍ ഇങ്ങനെ പറിച്ചു നട്ടിരിക്കുന്നത് എന്ന് കരുതാമോ? ഒന്നിന് ഒന്നോട് സാദൃശ്യം തോന്നിയാല്‍ അതിനു കോപ്പിയടി എന്നല്ലാതെ പറയാന്‍ മലയാളിക്ക്‌ വാക്കില്ലല്ലോ മരിയാ!! ഒരൊറ്റ ദിവസം കൊണ്ട് നാല് ഡ്രാക്കുള സിനിമല്‍ ഒരുമിച്ചു കണ്ടപ്പോള്‍ മണിച്ചിത്രത്താഴ് പെറുക്കി എടുത്തതാണോ എന്ന് പോലും തോന്നിപ്പോയിട്ടുണ്ട്. അതില്‍ പക്ഷെ കഥയല്ലേ നീ പറഞ്ഞതുപോലെ composition തന്നെയാണ് പകര്‍ന്നിരിക്കുന്നത്. പഠന വിഷയങ്ങള്‍ ആയി മാത്രം ഇതിനെ ഒക്കെ സമീപിക്കുന്നവര്‍ക്കെ ഇത്രയും ഗഹനമായി മനസ്സിലാവുകയുള്ളൂ എന്നതാണ്. മലയാളിയുടെ പ്രബുദ്ധത പകുതി വഴിക്കാണ്, Appropriation മനസിലാവുന്ന ഇടത്ത് എത്തിയതും ഇല്ല, എന്നാല്‍ കോപ്പിയടി (ആണെങ്കില്‍ ) അത് നിഷ്കളങ്കമായി ആസ്വദിക്കുന്ന ഇടത്ത് നിന്ന് പോരുകയും ചെയ്തു എന്നതാണ് അവസ്ഥ. നല്ല കുറിപ്പ് എന്തായാലും.

 3. ദാരിദ്ര്യം! നിങ്ങളുടെതും ലിജോയുടെതും. രണ്ടും നല്ലത്.

 4. കട്ടിട്ടും സൈധാംദികമായി ന്യായീകരിക്കുന്നത് കാണുമ്പോള്‍ കാര്കിച്ചു തുപ്പാന്‍ തോന്നുന്നു,

 5. കോപ്പിയെന്ന ടൈറ്റിൽ മാറ്റി ഈച്ചക്കോപ്പി എന്ന് ആക്കിയാൽ നന്നായിരിക്കും….

 6. രണ്ടും ക്യാമറ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്; രണ്ടിലും ആളുകൾ അഭിനയിക്കുന്നുണ്ട്, രണ്ടും സ്ക്രീനിൽ കാണാവുന്ന ചലനചിത്രങ്ങളാണ്… ഹോ, എന്തൊരു ഫീകര കോപ്പിയടി!

 7. ബാലരമയിൽ എല്ലാ ലക്കവും ഉണ്ടാവും ഇതെ പൊലെ നാലു കഥകൾ, ദരിദ്രനായ യുവാവ് പന്തയത്തീ ജയിച്ച് രാജകുമാരിയെ സ്വന്തമക്കുന്ന കഥ. അതിനു വേണ്ടി സെർബിയൻ ഫിലിംസ് കാണേണ്ടി വന്നു എന്നൊക്കെ പറഞ്ഞാൽ എന്ത് ഗതി കേടാണൂ ദൈവമെ..

 8. അമേൻ എന്ന ചിത്രത്തിന്റെ ആകെ കൂടിയുള്ള ഒരു പിഴവ് അതിന്റെ കഥയായിരുന്നു. അതും കൂടി നന്നായെങ്കിൽ അത് മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നായെനെ. അത് കൊണ്ട് തന്നെ കഥ കോപ്പി അടിക്കണെങ്കിൽ ഇതിലും നല്ല ഒരെണ്ണം കോപ്പി അടിക്കാമായിരുന്നില്ലേ?

  ഇത് പോലെ പല കോണ്‍സ്പിരസി കഥകൾ കേട്ട് ഈ പറഞ്ഞ സെര്ബ്യൻ സിനിമ എന്റെ ഒരു സുഹൃത്ത്‌ കണ്ടുനോക്കി. ഒരു ബാൻഡ് സെറ്റിലെ നായകനും, ഒടുവിലെ മത്സരവും ഒഴിച്ചാൽ പറയത്തക്ക സാമ്യതകൾ ആമെനുമായി അതിനില്ല എന്നാണ് അവൻ പറഞ്ഞത് .

  എനിക്ക് ഓര്മ വരുന്നത് ഇത് പോലെ Beautiful എന്ന സിനിമ ഇറങ്ങിയപ്പോൾ നടന്ന കോലാഹലങ്ങളാണ് . Les Intouchables എന്ന French സിനിമയിൽ നിന്നും കോപ്പി അടിച്ചതാണ് അത് എന്ന് പറഞ്ഞു കേട്ട് ആ സിനിമ കണ്ട ഒരാളാണ് ഞാൻ . Trailer കാണുമ്പോഴുള്ള സമാനതകൾ ഒഴിച്ചാൽ അതിന്റെ കഥയിലും കഥ സന്തർഭങ്ങലിലും കാര്യമായ similarities ഒന്നും തന്നെ ഉണ്ടായിരുന്നില്ല . പക്ഷെ അന്ന് കോപ്പി അടി കഥകൾ പറഞ്ഞു നടന്നവരോട് ഞാൻ എന്നും കടപ്പെട്ടിരിക്കും.അവർ കാരണമാണല്ലോ Les Intouchables എന്ന ഒരു മികച്ച സിനിമ എനിക്ക് കാണാൻ പറ്റിയത് .

 9. ശില്പകലയിൽ ഒരു പാട് പേരുടെ കൃഷ്ണ ശില്പങ്ങൾ കണ്ടിട്ടുണ്ടാകും എല്ലാത്തിലും ഉള്ളതൊക്കെ ഒന്ന് തന്നെ .. എന്നാൽ അതിലും കണ്ടാൽ മനോഹരം എന്ന് പറയുന്നതു പലതുമുണ്ടാകും … എന്നാൽ ഒന്നിന്റെ കോപ്പിയടിയാണ് മറ്റേതു എന്ന് പറയാൻ എങ്ങനെ പറ്റും ….. ഒരു സിനിമ എത്രത്തോളം അസ്വധിക്കപ്പെടുന്നു എന്നത്തിൽ മാത്രമാണ് ആ കല എത്ര മനോഹരം എന്ന് വിലയിരുത്തുന്നത് ….. ഈ സിനിമ മറ്റേതിന്റെ കോപ്പിയടിയാണ് എന്ന കാരണം പറഞ്ഞ് ആരാണ് തീയറ്ററിൽ നിന്ന് ഇറങ്ങി പോയിട്ടുള്ളത് …..

 10. എന്റെ അഭിപ്രായത്തില്‍ ലിജോയേക്കാള്‍ മുന്‍പ് 2006ല്‍ ഇറങ്ങിയ ഗുച്ചയെ കോപ്പിയടിച്ചത് 2000മാണ്ടിനുമുന്‍പേ മരിച്ചുപോയ ശ്രീ ഭരതനാണ്. ഗുച്ചയിലെ നായകനും ബാന്റ് ആശാനും തമ്മില്‍ പരസ്പരം കാണാതെ നടത്തുന്ന മത്സരത്തെ ഭരതന്‍ വിദഗ്ദ്ധമായി കോപ്പിയടിച്ചതാണ് ചമയത്തിലെ “അന്തിക്കടപ്പുറത്ത്” എന്ന പാട്ട്. ട്രമ്പറ്റിനുപകരം നാടന്‍ പാട്ട്! ഗുച്ചയില്‍ ബാര്‍ ആണെങ്കില്‍ ഇവിടെ കള്ളുഷാപ്പിലാണ് എന്ന ഒറ്റവ്യത്യാസമേ ഉള്ളു. (ലിജോ ഗുച്ചയെയും ചമയത്തെയും ഒരുപോലെ കോപ്പിയടിച്ചിരിക്കുന്നു, ഹും!) ഗുച്ചയില്‍ പാവം നായകന്‍ ട്രമ്പറ്റ് ആശാന്റെ മോളെ പ്രേമിക്കുന്നെങ്കില്‍ ചമയത്തില്‍ പാവപ്പെട്ടവനായ മനോജ് കെ ജയന്‍ നാടക ആശാനായ മുരളിയുടെ മകളെ പ്രേമിക്കുന്നു! ഗുച്ചയിലെ ക്ലൈമാക്സില്‍ ബാന്റ് മത്സരമാണെങ്കില്‍ ഇവിടെ ഒരു നാടകത്തിലെ അഭിനയത്തില്‍ പരസ്പരം മത്സരിക്കുന്നു! ഇറങ്ങിയിട്ടുപോലുമില്ലാത്ത ഒരു സെര്‍ബിയന്‍ പടത്തില്‍നിന്ന് കോപ്പിയടിക്കാന്‍ ഭരതന് നാണമില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്! ഒരു ലോകോത്തര സംവിധായകന്‍ ഭരതനും അങ്ങേര്‍ടെ സില്‍മകളും!! ക്രാ ത്ഫൂ!!! 😛

 11. പ്രേക്ഷകർക്ക് രസിക്കുന്ന രീതിയിൽ എടുത്തു എന്ന ഒറ്റ കാരണത്താൽ മാത്രം കോപ്പിയടി അതല്ലാതാവുമോ?ഇൻസ്പിറേഷനാണോ സീൻ ബൈ സീൻ കോപ്പിയാണൊ എന്നൊക്കെ രണ്ടു പടങ്ങളും കണ്ടവർക്ക് മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്. ഇൻസ്പിറേഷനാണെങ്കിൽപ്പോലും ക്രെഡിറ്റ് കൊടുക്കുന്നത് മാന്യത.

 12. കുറ്റം കണ്ടുപിടിക്കാനാനെങ്കിലും ലോക സിനിമകൾ കാണുന്നത് നല്ലത് !

 13. കലയുടെ പേരും പറഞ്ഞ് ബ്ലാക്ക് മണി വൈറ്റാക്കാനും പെണ്ണ് പിടിക്കാനും മറ്റും സിനിമ എടുത്തു കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ നിന്ന് എന്തെങ്കിലും Professionalism കാണിക്കുന്ന ഒരാൾ വരുമ്പോൾ ഇങ്ങനെ തന്നെ വേണം @ Maria Rose aa paranjthu bodhichu.innathe pala Indian cinemayile producer maarum dirctersum ithinu vendi padam edukkunnund

 14. കീര്ത്തനം എന്ന ഒരു മലയാള സിനിമ ഈ ഗൂച്ച മുൻപേ ഈ പ്രമേയം ഈ കൊച്ചു കേരളത്തിൽ പറഞ്ഞ്ഞ്ഞിട്ടുണ്ട്

  • വളരെ ശരിയാണ് Doog seivom . മലയാളത്തിൽ ആദ്യം ബാൻഡു മേളക്കാരുടെ കഥ പറഞ്ഞത് “കീർത്തനം ” എന്ന ചിത്രമാണ് . മുകേഷും ഇന്നസെന്റും മറ്റും അഭിനയിച്ച പടം . സത്യമായിട്ടും സംശയിക്കണം , ഈ ഗുച്ചക്കാരൻ കീർത്തനം കണ്ടു കണ്ടു പൊക്കിയതാണ് ! പിന്നെ അല്ല

 15. Mr. Varghese Antony, will you please tell us where you get this from “ബോളിവുഡ് രീതിയില്‍ ഒരു മ്യൂസിക്കല്‍ പ്രണയ കഥ പറയണമെന്ന ആഗ്രഹമാണ് ‘ഗുച്ച, ഡിസ്റ്റന്റ് ട്രമ്പറ്റ്’ എന്ന ചിത്രത്തിലേക്ക് തന്നെയെത്തിച്ചതെന്ന് സംവിധായകന്‍ ദുസാന്‍ മിലിക് പറയുന്നു.” Prove it with a reference.

  And don’t be too criticizing, you cant show Guca! to all malayalies, unless it came out as ‘Amen’. Kuttam maathram kandu pidikkaathe, nallathine patti chinthikku. I have seen both movies and for God’s sake please dont tell (ill educate) people that is a plagiarizer. Amen is a well taken movie, which took inspiration from Guca!

  • But tat have to be told, tat its a movie inspired by Guca… But now wat happened… Some people like us know tat its copy…. all other will say its a gud movie, who cant take a movie by copying other moives… wat i mean is that… if it was copy he could have mentioned it some where in the movie…. credit goes to the copy cat

   • ഒരു സംവിധായകന്‍ തന്‍റെ സിനിമയുടെ തുടക്കത്തില്‍ ഇന്‍സ്പിരേഷന്‍ ടാഗ് കൊടുക്കാന്‍ തുടങ്ങിയാല്‍ ചെലപ്പോ അയാള്‍ അത് വരെ കണ്ട അയാള്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ട എല്ലാ സിനിമകളുടെയും പേര് കൊടുക്കേണ്ടി വരും. ഒപ്പം കടന്നു പോയ ജീവിത സാഹചര്യങ്ങള്‍. അതില്‍ ഒരുപാടു ആകര്‍ഷിച്ച ജീവിതമുഹൂര്‍ത്തങ്ങള്‍, ഒപ്പം ഉണ്ടായിരുന്നവര്‍ അങ്ങനെ തുടങ്ങി പലതിനും നന്ദി എഴുതി തുടങ്ങേണ്ടി വരും.. എല്ലാ സൃഷ്ടിയും ഇന്‍സ്പിരേഷന്‍ തന്നെയാണ്.

 16. എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടു പിടിക്കാൻ നടക്കുന്ന ചിലര് ഉണ്ട് … മലയാള സിനിമയെ നന്നാക്കണം എന്നാ ആഗ്രഹം ഒന്നുമല്ല ഇതിന്റെ കാരണം … എന്നെക്കൊണ്ടോ ഒന്നും ചെയ്യാൻ പറ്റിയില്ല എന്നാ പിന്നെ ചെയ്യുന്നവനെ ചെറുതാക്കി കാണിക്കുക … അത്രെയേ ഉള്ളൂ … ഏതൊക്കെ എഴുതിയ വിദ്വാന്മാർ സ്വന്തമായി ഒരു ഷോര്ട്ട് ഫിലിം എങ്കിലും മൌലികമായി ചെയ്തു കാണിച്ചാൽ നന്നായിരുന്നു …

  • ഇതിപ്പോ എഴുതിയതിനായോ കുറ്റം മൌലികമായ ഒന്ന് ഷോര്ട്ട്ഫിലിം പരുവത്തിലെടുത്തിട്ടായിക്കൂടെ, ലിജോക്കും.

 17. ഇങ്ങിനെയൊക്കെ നോക്കിയാൽ, എല്ലാ റൊമാന്റിക്‌ സിനിമകളും “Romeo & Juliet”-ഇൽ നിന്ന് കോപ്പി അടിച്ചതാണെന്ന് വേണമെങ്ങിൽ പറയാം

 18. മുകളിൽ Reply ചെയ്ത ഒരു മരിയ റോസ് ഞാനാകുന്നു . സൈദ്ധാന്തികമായി ന്യായീകരിച്ചത് കോപ്പി വാദക്കാർക്ക് സുഖിച്ചില്ല എന്നത് കൊണ്ട് ചിലത് പറയണം എന്ന് തോന്നി .

  ലിജോ ജോസ് പെല്ലിശ്ശേരി എൻറെ കുഞ്ഞളിയൻ ആയത് കൊണ്ടല്ല ഇത്രയും Defend ചെയ്തത് . Adaptation അഥവാ സാഹിത്യം സിനിമയാക്കുന്ന അനുകൽപനം എന്ന പ്രക്രിയയെക്കുറിച്ചും അതിലെ ഉപവിഭാഗമായ Appropriation അഥവാ ഒരു കലാസ്രിഷ്ടി ഒരു സാംസ്കാരിക പരിസരത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് പറിച്ചു നടുന്ന പ്രക്രിയ യെ കുറിച്ചും കേരള സർവകലാശാലയിൽ നാല് വർഷം പി എച് ഡി ഗവേഷണം നടത്തി പൂർത്തിയാക്കിയ തെയുള്ളു .

  അത് കോഴ കൊടുത്തു വാങ്ങിയതല്ലാത്തത് കൊണ്ടും വിഷയത്തെ കുറിച്ച് പഠിച്ചു “നയിച്ചു”ണ്ടാക്കിയതായത് കൊണ്ടും ആരെങ്കിലും വന്ന് കോപ്പിയടി കീപ്പിയടി ഗീർവാണ മടിച്ചാൽ സമ്മതിക്കാൻ ബുദ്ധി മുട്ടുണ്ട് .

  തികച്ചും Shallow ആയിട്ടാണ് വർഗീസ് ആൻറണി ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്. അതേ ലാഘവത്തോടെ വന്ന് വായിച്ചു പോകുന്നവർ ഒരു കലാകാരനെ ആക്ഷേപിക്കുന്നത് നീതിയല്ല . പ്രത്യേകിച്ചും അയാൾ ആ ആക്ഷേപം അർഹിക്കാത്തത്‌ കൊണ്ട് .

  ഇവിടെ പ്രിയദർശനെയൊക്കെ “കള്ളൻ ” “കള്ളൻ ” എന്ന് പലപ്പോഴും ആക്ഷേപിച്ചിട്ടുണ്ട് . പുള്ളി ഒരു പാട് ഫോറിൻ സിനിമാക്കഥകൾ കണ്ടം ചാടിച്ചിട്ടുമുണ്ട് . അക്കാലത്തോക്കെയും മലയാള സിനിമയിൽ കഥ പറച്ചിലിനായിരുന്നു പ്രാധാന്യം . എങ്ങനെ Creative ആയി ആ രംഗം കമ്പോസ് ചെയ്യാം എന്നതിനെക്കുറിച്ചോന്നും കച്ചവടം ലക്ഷ്യമാക്കി സിനിമയെടുത്തിരുന്ന ഏറെപ്പേരും ശ്രദ്ധിച്ചിരുന്നില്ല . (അടിസ്ഥാന പരമായി ചിത്രകാരനായിരുന്ന ഭരതനും കലാവബോധമുണ്ടായിരുന്ന പദ്മരാജനും സിനിമ പഠിച്ച ചിലരും അന്നേ Creative ആയ ദ്രിശ്യാത്മകമായി സിനിമ പിടിച്ചിരുന്നു ).

  പ്രിയദർശൻ ചെയ്തിരുന്നത് വിദേശ സിനിമകളിൽ നിന്നെടുത്ത കഥാവസ്തു കേരള പശ്ചാത്തലത്തിൽ പുന സൃഷ്ടിക്കുക യായിരുന്നു . അതിന് കക്ഷി കമ്പോസ് ചെയ്യാനോ അവരുടെ Mise -en -scene കൊപ്പിയടിക്കാനോ ഒന്നും മിനക്കെട്ടിട്ടില്ല . പീ ജീ വുഡ് ഹൗസ് ൻറെ നോവലുകളെ അനുസ്മരിപ്പിക്കുന്ന സരസമായ ആഖ്യാന രീതിയും ഭാഷയും തികച്ചും പ്രിയദർശന്റെ നാടായ തിരുവനന്തപുരം flavor ഉണ്ടായിരുന്നതായിരുന്നു .

  ഇതിവൃത്തം വിദേശിയാണെങ്കിലും അതിന് പുള്ളി ക്രെഡിറ്റ്‌ കൊടുക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല . അങ്ങേരെ കോപ്പിയടി ക്കാരൻ എന്ന് വിളിച്ചു ആവേശം തീർന്നിട്ടില്ലത്തവർ ചെവി തുറന്ന് കേട്ടാലും : സൈദ്ധാന്തികമായി അത് കോപ്പിയടി യാണെന്ന് സമർത്ഥി ക്കാൻ പറ്റില്ല .

  വർഗീസ് ആൻറണി സമർത്ഥിക്കട്ടെ . ആമേൻ ഗുച്ചയുമായി താരതമ്യ പ്പെടുത്തി Mise en scene analysis നടത്തി നോക്കൂ … അല്ലാതെ അത് ഇവിടെയുണ്ട് . ഇതും ഇവിടെയുണ്ട് എന്ന ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ പോരാ .

  ഇതിവൃത്തം സ്വീകരിച്ചതാനെങ്കിൽ ഗുച്ച യ്ക്ക് മുൻപിരങ്ങിയ അതെ പ്രമേയമുള്ള “കീർത്തനം ” എന്ന സിനിമയിൽ നിന്നാണ് അങ്ങേർ അത് കണ്ടു പിടിച്ചതെന്ന് ഞാൻ ആരോപിചാലോ? ബോളി വുഡ് സിനിമ പോലെ ഒരു സിനിമ പിടിക്കാൻ ആഗ്രഹിച്ച ഒരാൾ ഈ പാവം South Indian സിനിമ കണ്ടതാവാൻ പാടില്ലേ ?

  ചമ്പക്കുളം തച്ചൻ , തച്ചിലേടത്ത് ചുണ്ടൻ തുടങ്ങിയ കുട്ടനാടൻ സിനിമകളിലെ വള്ളം കളി ബാൻഡു മേളം കൊണ്ട് replace ചെയ്തതാണെന്ന് ആരോപിക്കാമല്ലോ .

 19. പ്രിയപ്പെട്ട മരിയ റോസ്,
  താങ്കള്‍ പറഞ്ഞതുപോലെ ഏതെങ്കിലും കൃതിയെ കോപ്പിയടിയാണെന്ന് സൈദ്ധാന്തികമായ് സമര്‍ത്ഥിക്കാന്‍ ഞാന്‍ അശക്തനാണ്. താരതമ്യ സാഹിത്യം എം. എ. യില്‍ ഒറ്റപ്പേപ്പറില്‍ ഒതുങ്ങിപ്പോയി. ഞാനെന്റെ കുറിപ്പില്‍ ഉന്നയിച്ചത് കലാകാരന്‍ എന്ന നിലയിലുള്ള ധാര്‍മ്മികതയുടെ പ്രശ്‌നമാണ്. ചിലര്‍ അതിനെ നിയമ പ്രശ്‌നമായി കണ്ടു. മരിയയേപ്പോലെയുള്ളവര്‍ തിയററ്റിക്കല്‍ ആയും. ഞാന്‍ കോപ്പി ലെഫ്റ്റ് ആണ്. അതുകൊണ്ടുതന്നെ നിയമപരമായ കാര്യമല്ല എന്റെ കുറിപ്പിനു പിന്നില്‍. ഇനി തിയറിയുടെ കാര്യമെടുക്കാം. കളിയാട്ടം എന്ന സിനിമക്ക് ഓഥല്ലോയുമായി ബന്ധമുണ്ടെന്ന് പറഞ്ഞത് മറ്റാരെങ്കിലുമല്ല. സംവിധായകന്‍ ജയരാജ് തന്നെയാണ്. അതിനാല്‍ തന്നെ ആ സിനിമയെ ഒരു അഡാപ്‌റ്റേഷന്‍ ആയാണ് പ്രേക്ഷകര്‍ മനസ്സിലാക്കിയത്. അതുകൊണ്ട് ആ ചിത്രത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടായതുമില്ല. കാസര്‍ഗോട്ടെ ഒരു തെയ്യം കലാകാരന്റെ കഥ എന്ന് ജയരാജിന് പറയാവുന്നതേ ഉണ്ടായിരുന്നുള്ളു. മലയാളത്തില്‍ നിന്നും എത്രയെത്ര ചിത്രങ്ങളാണ് തമിഴിലേക്കും ഹിന്ദിയിലേക്കും പുനര്‍നിര്‍മ്മിക്കുന്നത്. അവയൊന്നും വിവാദങ്ങളില്‍പ്പെടുന്നുമില്ല. മറ്റൊന്നില്‍ നിന്നും കഥയെടുത്താല്‍ തുറന്ന് പറയേണ്ട ആവശ്യമുണ്ടോ എന്ന് മരിയ സംശയിക്കുന്നുണ്ട്. കലാകാരന്‍ എന്ന നിലയില്‍ ലിജോ അത് പറയേണ്ടിയിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘യാത്രാമൊഴി’ മലയാളത്തിലെ പ്രസിദ്ധമായ കവിതയാണ്. ഡി.വിനയചന്ദ്രന്റെ ‘യാത്രാപ്പാട്ടി’ നോട് കടപ്പാട് എന്ന കുറിപ്പോടെയാണ് അത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. രണ്ടും വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം. ഇരു കൃതികളും പങ്കുവയ്ക്കുന്നത് ഒരേ കാര്യങ്ങളാണ്. വീടുവിട്ട്് പോകുന്ന ഉണ്ണികളാണ് രണ്ടിലും നായകര്‍. ഇന്ന് യാത്രാമൊഴിയാണ് ഏറെ പ്രസിദ്ധം. ആരും കോപ്പിയെന്ന് ആക്ഷേപിക്കുന്നുമില്ല. ഇതൊരു മാന്യതയുടെ പ്രശ്‌നമാണ്. അത്തരത്തിലൊരു അക്‌നോളജ്‌മെന്റ് ആവശ്യപ്പെടുന്നവിധം ഗുക്ക എന്ന സിനിമയുമായി ആമേന് ബന്ധമുണ്ട്. ലിജോ തന്നെ പറഞ്ഞ വിധം സ്വാധീനമുണ്ട്. ഇക്കാര്യമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. മരിയയുടെ ആദ്യ കുറിപ്പില്‍ പറയും വിധം അതിനെ മോഷണം എന്ന് പറയേണ്ടോ എന്ന് ഞാനിപ്പോള്‍ സംശയിക്കുന്നു. (അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നാണ് ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നത്. മരിയയും എന്റെ വേറെ ചില ചങ്ങാതിമാരും പറഞ്ഞ കാര്യങ്ങള്‍ക്ക് ഈ നിലപാട് മാറ്റത്തില്‍ പങ്കുണ്ട്)
  ആമേന്‍ മോശം സിനിമയാണെന്ന് ഞാന്‍ എവിടയും പറഞ്ഞിട്ടില്ല. മാത്രമല്ല മികച്ച സിനിമയാണതെന്നും മികച്ച കഥാപാത്രങ്ങള്‍ അതിലുണ്ടെന്നും വിമര്‍ശിക്കുന്നതിനിടയിലും പറഞ്ഞിട്ടുമുണ്ട്. അത് മൗലികം എന്ന നിലയില്‍ അവതരിപ്പിക്കുന്നതില്‍ വഞ്ചനയുണ്ടെന്നാണ് എന്റെ കുറിപ്പിന്റെ ഊന്നല്‍. അത് മൗലികം അല്ലെങ്കിലും രസകരമാണല്ലൊ, അതിനാല്‍ ക്ഷമിക്കുക എന്ന വിചാരത്തോട് യോജിപ്പില്ല. വിമര്‍ശനം അതിനെ കൊല്ലലല്ല എന്നാണ് ഞാന്‍ കരുതുന്നത്. കൊല്ലാന്‍ വേണ്ടിയല്ല വിമര്‍ശിച്ചതും. അക്‌നോളജ് ചെയ്യാനുള്ള മലയാളിയുപൊതുബോധം തന്നെയാണ് ഇവിടെ പ്രശ്‌നക്കാരന്‍. അത് തുറന്ന് പറയുകയായിരുന്നു. നിര്‍ഭയം.

  മരിയയുടെ ഗവേഷണ വീമ്പ് വേണ്ടിയിരുന്നില്ല. സൈദ്ധാന്തിക കാര്യങ്ങളില്‍ താങ്കള്‍ക്ക് വ്യുല്‍പ്പത്തിയുണ്ടെന്ന് അല്ലാതെ തന്നെ മനസിലായിരുന്നു. ആദ്യകുറിപ്പ് ഉചിതവും പക്വവുമായിരുന്നു. അമേന്‍ എന്ന സിനിമയില്‍ ഗുക്ക എന്ന സിനിമയുടെ കടപ്പാട് രേഖപ്പെടുത്തിയിരുന്നെങ്കില്‍ താങ്കളുടെ താരതമ്യ സാഹിത്യ തത്വങ്ങളില്‍ പലതും ആപ്ലിക്കബിളുമായിരുന്നു.

 20. വർഗീസ്‌ ,
  താങ്കൾ പറഞ്ഞത് ശരിയാണ് . ചിത്രത്തിൻറെ ഒടുവിൽ ഒരു “ഫിലിമൊഗ്രാഫി” കൊടുത്ത് Acknowledge ചെയ്യുന്നതാണ് ഏറ്റവും Respectable ആയ നടപടി എന്ന് സിനിമാക്കാർ പോലും കരുതുന്നില്ല എന്നതാണ് സത്യം . പുതിയ സൃഷ്ടി യിലേക്ക് contribute ചെയ്ത എല്ലാ material ഉം ആങ്ങനെ ചെയ്യുന്നത് സിനിമയ്ക്ക് credibility നൽകുകയേയുള്ളൂ. പക്ഷെ തങ്ങൾ എന്തോ രഹസ്യം ചെയ്യുന്നുവെന്ന് അവർ തന്നെ കരുതുന്നുണ്ടെന്നു തോന്നുന്നു.

  Acknowledgement തനിക്കും സിനിമയ്ക്കും Respectability യും Credibility യും നൽകുന്നത് കൊണ്ട് ജയരാജ് അത് ചെയ്യുന്നു . അതിന് നിയമ പ്രശ്നം നേരിടേണ്ടി വരികയില്ല എന്ന് മാത്രമല്ല , ഷേക്സ് പീരിയൻ അനുകല്പനം എന്ന നിലയിൽ ശ്രദ്ധ യും ലഭിക്കുന്നു. നിയമ പ്രശ്ന തിന്റെ സാധ്യതയോ മോഷണം എന്ന് കരുതുന്നത് കൊണ്ടോ നമ്മുടെ സിനിമ ക്കാർ അത് ചെയ്യാറില്ല .

  ഈയിടെ ഒരു തമിഴ് സിനിമയിൽ ഇപ്പറഞ്ഞത്‌ പോലെ Document ചെയ്തു കണ്ടു . സിനിമയിൽ താൽപര്യമുള്ള പ്രേക്ഷകർക്കും അത് നല്ലതാണ് .

  ഗവേഷണ വീമ്പ് പറയാനുദ്ദേ ശിച്ചതല്ല , വർഗീസ്‌ . ഇതിവൃത്തം സ്വീകരിക്കുന്നത് കോപ്പി യാണെ ന്നുള്ള പൊതു ബോധം കാരണം തെറ്റായ ഒരു ധാരണ ഉറച്ചു പോകുന്നത് കണ്ട് പറഞ്ഞു പോയതാണ് . പ്രേക്ഷകർ എടുത്തു ചാടിയാണ് യാണ് അഭിപ്രായങ്ങൾ പറയുന്നത് എന്നെനിക്ക് തോന്നാറുണ്ട് . അവർ അതൊന്ന് സൂക്ഷ്മ മായി പരിശോധിക്കാൻ ത യ്യാറാ കാറുമില്ല . നമ്മൾ പഠിച്ചതും ചെലവിട്ട ഊർജവും എല്ലാം വെറുതെ ആയി പോയി , ഉറച്ചു പോകുന്നത് എപ്പോഴും ഭൂരി പക്ഷമായൊരു നുണ തന്നെ എന്ന frustration ഉം നിരാശയും വരുമ്പോഴാണ് ഗവേഷണത്തിൻറെ കാര്യം സൂചിപ്പിക്കേണ്ടി വരുന്നത് .
  നന്ദി , വർഗീസ്‌

 21. ഒട്ടു മിക്ക കമെന്റ്റ്‌ കളും വായിച്ചു , ഒരു സംശയം മാത്രം ബാക്കി , ഇങ്ങനെ ഒരു പടം (ആമേന്‍))))))-)- )–മലയാളത്തില്‍ ഇരിങ്ങിയില്ലെങ്ങില്‍ ഈ പറഞ്ഞ ഗുച്ച യെ പറ്റി ഇവിടെ ആരെങ്കിലും ചര്‍ച്ച ചെയ്യുമായിരുന്നോ?,എന്നാലും ഒരു കടപ്പാട് ടൈറ്റില്‍ എങ്ങിലും ഗുച്ച യുടെ പേരില്‍ കാണിച്ചാല്‍ സംഭവം തറവാടിതരം ആയേനെ.

 22. ഗുച്ച മാത്രമല്ല മേര്രിക്കുണ്ടൊരു കുഞ്ഞാടും നന്ദനവും സ്വാധീനിച്ചിട്ടുണ്ട്

 23. കള്ളന്മാർ തിരിച്ചു ആക്ക്ര്മിക്കുന്ന കാലഗട്ടമാണ് സൂക്ഷിക്കണം. മോഷണം ഒരു കുട്ടമാനെന്ന ചിന്ത നഷ്ടമായിര്ക്കുന്നു. കക്കാൻ നടക്കുന്നവരും അവര്ക്ക് കഞ്ഞി വെക്കാൻ ന്ടക്കുന്നവരുമാണ് ഈന്നുല്ലതു

 24. Criticising good film is very easy, who is going to see a serbian film. For us in manalayalm, we have to see whether it is nicely presented or not. Before making easy critisisms make sure that you have contributed such wondonful things to malayalam film industry, then start writing about bad about others. This kind of writinngs can be done by even a 3rd writer, but a fim like amen is something happens once in a while, so promote them istead being a fool.

 25. ഒട്ടനവധി പേരുടെ പ്രശംസ ലഭിച്ച ആ “ഗുച്ച”മലയാളികള്ക് മനസിലാകുന്ന വിധത്തില എടുത്ത ലിജോ ജോസ് താങ്കള്ക്ക് അഭ്നന്ദനങ്ങൾ.പിന്നെ വിമര്ശക സിംഹങ്ങളെ കുറച്ചു സമയം സ്വന്തം വേദനകൾ മറന്നു ചിരിക്കാൻ വരുന്ന മഹാഭൂരിപക്ഷം വരുന്ന സാധരനക്കാരനാണ് മലയാള സിനിമയുടെ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത്. അവനെ തൃപ്തി പെടുത്തുന്ന സിനിമകൾ ഉണ്ടാവട്ടെ,ലോക ക്ലാസ്സിക്‌ സിനിമകളുടെ ഉള്ളടക്കം നിലനിര്ത്തി നല്ല രീതിയിൽ എടുക്കുന്ന സംവിധായകർ മലയാളത്തിൽ ഉണ്ടെങ്കിൽ അവരും എടുക്കട്ടെ പടങ്ങൾ.സജു പറഞ്ഞ പോലെ വല്ലതും ചെയ്തു കാണിചവൻ കുറ്റം പറയട്ടെ ,

 26. bhasha arinju koodenkilum malayalikale kuttam parayan vendi mathram kuthi irunnu searchi thappi eduthu muzhuvan kanunna nerathu malayalm cinemakal kandirunenkil… cinema vyavasayam enkilum rakshapettene

Leave a Reply

Your email address will not be published. Required fields are marked *