രണ്ടാം ഗ്വാണ്ടനാമോ

 
 
 
 
സച്ചിദാനന്ദന്‍ ചോദിക്കുന്നു: ലോകമെങ്ങുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ആകുലരാകാറുള്ള കേരളത്തിലെ മതേതര എഴുത്തുകാരും ബുദ്ധിജീവികളും കോളമെഴുത്തുകാരും റുബായിഷിന്റെ നിരോധിക്കപ്പെട്ട കവിതയെക്കുറിച്ച് എന്ത് പറയുന്നു?
 
 
ഗ്വാണ്ടനാമോയില്‍നിന്നുള്ള കവിതകള്‍’ എന്ന സമാഹാരത്തിലൂടെ ലോകം വായിച്ച ഇബ്രാഹിം അല്‍ റുബായിഷ് എന്ന ഗ്വാണ്ടനാമോ തടവുകാരന്റെ കടലിനൊരു ഗീതം (ODE TO THE SEA) എന്ന കവിത ഇക്കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല നിരോധിച്ചു. അതെഴുതിയ കവി ഭീകരവാദിയാണ് എന്നാരോപിച്ച് ചില പത്രങ്ങളും ചില വലതുപക്ഷ കടലാസ് സംഘടനകളും നടത്തിയ ആക്രോശങ്ങളാണ് മൂന്നാംവര്‍ഷ ബിരുദ പാഠപുസ്തകത്തില്‍നിന്ന് ആ കവിതയെ നാടുകടത്താന്‍ സര്‍വകലാശാലാ അധികാരികള്‍ക്ക് പ്രേരണയായത്. ഗൌരവമേറിയ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഈ നിരോധനത്തെക്കുറിച്ച് എന്നാല്‍, കേരളം വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടേയില്ല.

സച്ചിദാനന്ദന്‍

ചുരുക്കം ചിലര്‍ മാത്രമാണ് തികഞ്ഞ അമ്പരപ്പോടെ ഈ നിരോധനത്തെ നോക്കിക്കണ്ട് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. പിന്നീട്, ചില സംഘടനകളും മറ്റും രംഗത്തുവന്നെങ്കിലും ഈ വിഷയം അര്‍ഹിക്കുന്ന തീവ്രത അവരുടെ ചട്ടപ്പടി പ്രതിഷേധങ്ങള്‍ക്കുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ്, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ ഈ വിഷയത്തില്‍ നടത്തിയ ഇടപെടല്‍ പ്രസക്തമാവുന്നത്. kafila.org എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച GUANTANAMO II എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം ഈ വിഷയത്തില്‍ കേരളം കാഴ്ചവെച്ച നിസ്സംഗതയുടെ ഞാണിന്‍മേല്‍കളികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. വിവര്‍ത്തനം: എം. നൌഷാദ്, സോയാ നാരായണന്‍. കവിതാ വിവര്‍ത്തനം: അന്‍വര്‍ അലി
 

 
 

ഗ്വാണ്ടനാമോയിലെ തടവുകാരനായ ഇബ്രാഹിം അല്‍ റുബായിഷ് (Ibrahim alRubaish) അതിദാരുണമായ സാഹചര്യങ്ങളില്‍, നിയമവിരുദ്ധമായ തന്റെ തടങ്കലുമായി ബന്ധപ്പെട്ട് എഴുതിയ കവിത , കാലിക്കറ്റ് സര്‍വകലാശാലാ മൂന്നാം സെമസ്റര്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ‘സാഹിത്യവും സമകാലിക പ്രശ്നങ്ങളും’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനാവശ്യമായ ഒരു വിവാദം ഉടലെടുത്തിരിക്കുകയാണ്. മനുഷ്യാവകാശം അടക്കമുള്ള സമകാലിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗം എന്ന നിലയ്ക്ക് കെ. രാജഗോപാലന്‍ ചെയര്‍മാനായ ബോര്‍ഡ് ഓഫ് സ്റഡീസ് ആണ് ഈ കവിത പാഠഭാഗമായി നിര്‍ദേശിച്ചത്.
 

ഇബ്രാഹിം അല്‍ റുബായിഷ്


 

കവിത താഴെ കൊടുത്തിരിക്കുന്നു:
 
ODE TO THE SEA

 
Ibrahim alRubaish

O sea, give me news of my loved ones.
Were it not for the chains of the faithless, I would have dived into you,
And reached my beloved family, or perished in your arms.
Your beaches are sadness, captivity, pain, and injustice.
Your bitterness eats away at my patience.
Your calm is like death, your sweeping waves are strange.
The silence that rises up from you holds treachery in its fold.
Your stillness will kill the captain if it persists,
And the navigator will drown in your waves.
Gentle, deaf, mute, ignoring, angrily storming,
You carry graves.
If the wind enrages you, your injustice is obvious.
If the wind silences you, there is just the ebb and flow.
O sea, do our chains offend you?
It is only under compulsion that we daily come and go.
Do you know our sins?
Do you understand we were cast into this gloom?
O sea, you taunt us in our captivity.
You have colluded with our enemies and you cruelly guard us.
Don’t the rocks tell you of the crimes committed in their midst?
Doesn’t Cuba, the vanquished, translate its stories for you?
You have been beside us for three years, and what have you gained?
Boats of poetry on the sea; a buried flame in a burning heart.
The poet’s words are the font of our power;
His verse is the salve for our pained hearts.

 

 
 
 
കടലിനൊരു
ഗീതം

വിവര്‍ത്തനം:അന്‍വര്‍ അലി

കടലേ തരിക എന്റെ പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍

അവിശ്വാസിയുടെ തുടലുകളാല്‍ ബന്ധിതനല്ലായിരുന്നെങ്കില്‍
ഞാന്‍ നിന്നിലേക്ക് കുതികുതിച്ചേനെ
എന്റെ അരുമ വീട്ടില്‍ എത്തിപ്പെടുകയോ
നിന്റെ കരങ്ങളില്‍ ഒടുങ്ങുകയോ ചെയ്തേനെ

നിന്റെ തീരങ്ങള്‍ ദുഃഖം, തടവ്, വേദന, നീതികേട്
നിന്റെ കാര്‍ക്കശ്യം എന്റെ ക്ഷമയെ കാര്‍ന്നു തിന്നുന്നു

നിന്റെ ശമം മരണം പോലെ, നീ ചുഴറ്റുന്ന തിരകള്‍ വിചിത്രം
നിന്നില്‍ നിന്നു പൊന്തുന്ന നിശബ്ദത, അതിന്റെ പാത്തികളില്‍
ചതി കരുതിവച്ചിരിക്കുന്നു

അചഞ്ചലമെങ്കില്‍ നിന്റെ നിശശ്ബ്ദത കപ്പിത്താനെ കൊലയ്ക്കുകൊടുക്കും
നാവികന്‍ നിന്റെ അലമാലകളില്‍ മുങ്ങിത്താഴും

അഭിജാതനായി, ബധിരനും മൂകനുമായ് അവഗണനയോടെ
ക്രൂദ്ധനായി അലറിക്കൊണ്ട് നീ ശവക്കുഴികള്‍ ചുമക്കുന്നു

കാറ്റ് നിന്നെ വെകിളി പിടിപ്പിക്കുമ്പോള്‍ നിന്റെ അനീതികള്‍ പകല്‍ പോലെ
കാറ്റു നിന്നെ നിശ്ശബ്ദനാക്കുന്നെങ്കിലോ വെറും വേലിയേറ്റങ്ങളിറക്കങ്ങള്‍

കടലേ ഞങ്ങളുടെ തുടലുകള്‍ നിനക്കു ചൊരുക്കുന്നുണ്ടോ?
നിവൃത്തികേടു കൊണ്ടാണ് ദിവസേനയുള്ള ഞങ്ങളുടെ ഈ വരവും പോക്കും

ഞങ്ങള്‍ ചെയ്ത പാപങ്ങളെന്തെന്ന് നിനക്കറിയാമോ?
ഈ ഇരുളിച്ചയിലാണ് ഞങ്ങള്‍ കുടുങ്ങിപ്പോയതെന്ന് നിനക്കു മനസ്സിലാവുന്നുണ്ടോ?

കടലേ ഞങ്ങളുടെ തടവുബാധയെ നീ പരിഹസിക്കുന്നു
ശത്രുക്കളോടു ചേര്‍ന്ന് നീ ഞങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്തുകയും
ക്രൂരമായി ഞങ്ങള്‍ക്കു പാറാവു കിടക്കുകയും ചെയ്യുന്നു

പാറകള്‍ പറഞ്ഞിട്ടില്ലേ കണ്‍മുമ്പില്‍ നടന്ന ക്രൂരകൃത്യങ്ങളെപ്പറ്റി?
തോറ്റമ്പിയ ക്യൂബ പരിഭാഷപ്പെടുത്താറില്ലേ, അതിന്റെ കഥകള്‍ ?

നീ ഞങ്ങളുടെ തൊട്ടടുത്തുണ്ടായിട്ട് കൊല്ലം മൂന്നായി, എന്തു കിട്ടി നിനക്ക്?
കടലേറിയ കവിതയുടെ കേവള്ളങ്ങള്‍
കത്തുന്ന ചങ്കിലെ, കബറടങ്ങിയ ഒരു നാളം…

കവിവാക്കുകള്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജത്തിന്റെ പാനപാത്രം
കവിതകള്‍, വെന്ത ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് സമാശ്വാസവും…

(ഇന്ത്യാവിഷന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച വിവര്‍ത്തനം)
 
 

ഗ്വാണ്ടനാമോ തടവുകാര്‍ക്കു വേണ്ടി നിയമപോരാട്ടം നടത്തുന്ന മനുഷ്യാവകാശ അഭിഭാഷകനായ മാര്‍ക് ഫാകോഫ് (Marc Falkoff) എഡിറ്റു ചെയ്ത ‘ഗ്വാണ്ടനാമോയില്‍നിന്നുള്ള കവിതകള്‍: തടവുകാര്‍ സംസാരിക്കുന്നു’ എന്ന സമാഹാരത്തില്‍ നിന്നെടുത്ത ഈ കവിത തടവുകാരന്‍ എന്ന നിലയിലാണ് കവിയെ പരിചയപ്പെടുത്തുന്നത്. എന്നാല്‍, അല്‍ഖാഇദയുമായി കവിയ്ക്കുള്ള ബന്ധത്തെ സ്വാഭാവികമായും അദ്ദേഹം നിരാകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുന്നില്ല. കാരണം ഗ്വാണ്ടനാമോയിലെ 775 തടവുകാരില്‍ പകുതിയിലധികം പേരും നിരപരാധികളാണെന്ന് പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രതിരോധ വകുപ്പ് തന്നെയാണ്. തടവിലിട്ടതിന്റെ പ്രാഥമിക നടപടിപോലും ചോദ്യം ചെയ്യപ്പെട്ട നൂറുകണക്കിന് സംഭവങ്ങള്‍ ഇതിലുള്‍പ്പെടുന്നു.

നിയമസഹായം പോലും നീണ്ടകാലം ഇവര്‍ക്ക് നിഷേധിക്കപ്പെട്ടുവെന്നും അതിനാല്‍, നീതിയുക്തമായ വിചാരണപോലും ലഭിച്ചിട്ടില്ലെന്നുമാണ് നമുക്ക് നിസ്സംശയം അറിയാവുന്ന കാര്യം. മാത്രമല്ല, ഇപ്പോള്‍ നമുക്ക് ലഭ്യമായ വിവരശേഖരങ്ങളിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്ന പ്രകാരം, തടവറയില്‍ ഏറ്റവും മനുഷ്യത്വവിരുദ്ധമായ കൊടും പീഡനങ്ങള്‍ക്കും ഇവര്‍ ഇരയായി.

17 തടവുകാരുടേതായി 22 കവിതകള്‍ 2006ല്‍ ആംനസ്റി ഇന്റര്‍നാഷനലാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് ഏരിയല്‍ ഡോര്‍ഫ്മാന്റെ (Ariel Dorfman) അനുബന്ധ കുറിപ്പോടെ യൂണിവേഴ്സിറ്റി ഓഫ് അയോവ പ്രസ് ഇത് പ്രസിദ്ധീകരിച്ചു. മനുഷ്യാവകാശ തല്‍പരരുടെയും കവിതാസ്വാദകരുടെയും ഉജ്വല സ്വീകരണമാണ് ഈ പുസ്തകത്തിനു ലഭിച്ചത്.

അഭിഭാഷകരെ വെക്കാനാവാത്തവര്‍ക്ക് നിയമസഹായം നല്‍കുന്ന പ്രോ ബോനോ നിയമജ്ഞരുടെ (pro bono attorneys) അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഇതൊടുവില്‍ പ്രസിദ്ധീകൃതമായത്. ഓരോ വരിയും അവര്‍ക്ക് പെന്റഗണിന്റെ സൂക്ഷ്മ പരിശോധനക്കു നല്‍കേണ്ടി വന്നു. ടൂത്ത് പേസ്റ് കൊണ്ടും കാപ്പി പത കൊണ്ടും മറ്റും എഴുതിയാണ് അവയില്‍ പലതും അവര്‍ അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നത്. നിരൂപകരും വായനക്കാരും ഈ പുസ്തകത്തെ എങ്ങിനെ സ്വീകരിച്ചു എന്നറിയാന്‍ ചില ഉദ്ധരണികള്‍ ഞാനിവിടെ കുറിക്കട്ടെ:

‘അവസാനം ഗ്വാണ്ടനാമോ അതിന്റ സ്വരം കേള്‍പ്പിച്ചിരിക്കുന്നു എന്നാണ് ഗോര്‍ വിദാല്‍ (Gore Vidal) പറഞ്ഞത്. കവിത മനുഷ്യ ശബ്ദങ്ങളുടെ കലയാണ്. നമ്മള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്തതിലേക്ക് അത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. യഥാര്‍ത്ഥവും ആലങ്കാരികവുമായ തടസ്സങ്ങള്‍ മറികടന്ന് നമ്മുടെ അമേരിക്കന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന തടവിലാക്കപ്പെട്ട ഈ സ്വരങ്ങള്‍ നമ്മുടെ മനുഷ്യത്വത്തിലേക്കും ആദര്‍ശങ്ങളിലേക്കും തന്നെയാണ് ആത്യന്തികമായി വിരല്‍ ചൂണ്ടുന്നത്. സഹാനുഭൂതിയോ വിശ്വാസമോ ആരാധനയോ അല്ല നമ്മുടെ തികഞ്ഞ ശ്രദ്ധയാണ് ഇവര്‍ അര്‍ഹിക്കുന്നത്. അവരെ ശ്രദ്ധിക്കുക എന്നത് നമുക്കും അടിയന്തിരമാണ്’എന്ന് റോബര്‍ട്ട് പിന്‍സ്കി (Robert Pinsky ) പറയുന്നു.

‘ഭീകരതയ്ക്കെതിരായ യുദ്ധം’ നെയ്തെടുത്ത ക്രൂരത എന്ന മേലങ്കിക്കെതിരില്‍ , മൂര്‍ത്തമായ വൈയക്തിക മാനവികതകളിലേക്കാണ് ഗ്വാണ്ടനാമോയില്‍നിന്നുള്ള കവിതകള്‍ വെളിച്ചം വീശുന്നത് എന്ന് ആഡ്രിയന്‍ റിച്ച് (Adrienne Rich) എഴുതുന്നു.

 

 

ഈ കവിതകളും കവികളുടെ ജീവചരിത്രങ്ങളും ചേര്‍ന്ന്, ഇരയാക്കപ്പെടുന്നവരുടെ കാഴ്ചപ്പാടില്‍നിന്ന്, ഔദ്യോഗികമായി അസ്പഷ്ടമാക്കപ്പെട്ട ആഖ്യാനങ്ങളുടെ മറ്റൊരു തലം വെളിപ്പെടുത്തുന്നു. നിയമപരവും സാഹിത്യപരവുമായ ഈ ഉപന്യാസങ്ങള്‍ അതിക്രൂരമായ സാഹചര്യങ്ങള്‍ക്കു കീഴില്‍ മനുഷ്യാന്തസ്സിന്റെ കാവ്യശാസ്ത്രത്തെ ഉല്‍പ്പാദിപ്പിച്ച് ഒരു സന്ദര്‍ഭം നമുക്ക് പ്രദാനം ചെയ്യുന്നു.

കഴിഞ്ഞ ബാച്ചിലും പഠിപ്പിച്ചിരുന്ന ഈ കവിതയ്ക്കെതിരെ ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍, ഇത്തവണ, ആരുമറിയാത്ത വിദ്യാഭ്യാസ സംരക്ഷണ സമിതി എന്ന സംഘടനയുടെ സ്വയംപ്രഖ്യാപിത സംസ്ഥാന കണ്‍വീനറായ വിനോദ് എന്നയാള്‍ക്ക് (ആശ്ചര്യപ്പെടേണ്ട, അമ്പലങ്ങള്‍, ഹിന്ദുത്വം, സ്ത്രീത്വം, സദാചാരം എന്നിവയുടെ സംരക്ഷണത്തിന് സ്വയം നിയുക്തമായ അനേകം സംഘടനകള്‍ നമുക്കുണ്ട്) ഒരു വെളിപാടുണ്ടായി. ഒരു തീവ്രവാദി എഴുതിയ ഈ കവിത ഓരോ വിദ്യാര്‍ത്ഥിയെയും തീവ്രവാദികള്‍ ആക്കുകയും അവരെ അല്‍ ഖാഇദയില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും! ഒട്ടും താമസിച്ചില്ല, കവിത പിന്‍വലിക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് എ.ബി.വി.പി മുന്നറിയിപ്പു നല്‍കി. വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങളോട് പ്രതികരിക്കുന്നതിലുള്ള കാലതാമസത്താല്‍ കുപ്രസിദ്ധിനേടിയ സര്‍വ്വകലാശാല, പരിഭ്രാന്തി പൂണ്ട് ഒരു കമ്മിറ്റിയെ നിയമിക്കുകയും ഈ വര്‍ഷം പാഠ്യപദ്ധതിയില്‍നിന്നും അടുത്ത വര്‍ഷം പാഠപുസ്തകത്തില്‍നിന്നും ഈ കവിത ഒഴിവാക്കണം എന്ന് തീരുമാനമെടുക്കുകയും ചെയ്തു. (എന്തിന്, എ.കെ രാമാനുജന്റെ ‘300 രാമായണങ്ങള്‍’ എന്ന ലേഖനം പാഠപുസ്തകത്തില്‍നിന്ന് പിന്‍വലിക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടപ്പോള്‍ ദല്‍ഹി സര്‍വകലാശാല പോലും പരിഭ്രാന്തരാവുകയും ഇന്ത്യയുടെ ഐതിഹാസിക പാരമ്പര്യത്തിന്റെ ബഹുസ്വരത ഉദ്ഘോഷിക്കുന്ന കനപ്പെട്ട ആ ലേഖനം ഉടനടി പിന്‍വലിക്കുകയും ചെയ്തു).

ഇതിന് നിയുക്തമായ സാഹിത്യ നിരൂപകനും യൂനിവേഴ്സിറ്റി ഭാഷാ വിഭാഗം ഡീനുമായ ഡോ. എം.എം ബഷീര്‍ കമ്മിറ്റി പറയുന്നത് ഇങ്ങനെ: ഈ കവിതയില്‍ എതിര്‍ക്കപ്പെടേണ്ടതായ ഒന്നും കണ്ടെത്തിയില്ല. ഇതൊരു നല്ല കവിത കൂടിയാണ്. എങ്കിലും ഇത് പഠിപ്പിക്കുന്നത് ഒരു ഭീകരവാദ സംഘടനയെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാകും എന്നതിനാലാണ് ഈ കവിത അധാര്‍മ്മികമാവുന്നത്. ( അധാര്‍മ്മികം അഥവാ ധര്‍മത്തിന് വിരുദ്ധം എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ആരുടെ ധര്‍മ്മമാണിത് എന്ന കാര്യം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.)

ഇത്തരുണത്തില്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യമുണ്ട്, ഇതേ കമീഷന്‍ തന്നെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മറ്റൊരു പാഠഭാഗത്തിലെ ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കണം എന്ന് നിര്‍ദേശിച്ചത്. മഹാനായ എഴുത്തുകാരനും ശൈലീവല്ലഭനുമായ വി.കെഎന്നിന്റെ അധികാരം എന്ന നോവലിലെ ഏതാനും ഖണ്ഡികകള്‍ ആയിരുന്നു ഇദ്ദേഹം സഭ്യേതരം എന്ന് കണ്ടെത്തിയത്. വിചിത്രമീ ധര്‍മ്മ വഴികള്‍, കര്‍മ്മ വഴികളേക്കാള്‍ വിചിത്രം!

എന്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് എനിക്കറിയില്ല: അക്കാദമിക സ്വാതന്ത്യ്രത്തിന്റെ സത്തയ്ക്ക് കടകവിരുദ്ധവും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ കവിതയുടെ ധാര്‍മ്മികതയെയും സൌന്ദര്യശാസ്ത്രത്തെയും കുറിച്ചുള്ള ആരോഗ്യകരമായ ഒരു സംവാദത്തിന് പോലും ഇടം നല്‍കാത്തതുമായ ഈ തീരുമാനം നെറിയുള്ള ഒരു അക്കാദമിക് തീരുമാനമാവാന്‍ എന്തായാലും വഴിയില്ല.

ലോകമെങ്ങുമുള്ള തടവറ സാഹിത്യത്തിന്റെയും അധോതല സാഹിത്യത്തിന്റെയും മഹത്തായ സാഹിത്യ ശേഖരത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത കൂടിയാണ് ഇവിടെ വെളിവാകുന്നത്. ഹിറ്റ്ലറുടെ ജര്‍മനിയിലെയും ഫ്രാങ്കോയുടെ സ്പെയിനിലെയും മുസോലിനിയുടെ ഇറ്റലിയിലെയും സ്റാലിന്റെ സോവിയറ്റ് യൂനിയനിലെയും പോള്‍പോട്ടിന്റെ കമ്പൂച്ചിയയിലെയും ഖുമൈനിയുടെ ഇറാനിലെയും അടിയന്തിരാവസ്ഥക്കാലത്തെ ഇന്ത്യയിലെയുമൊക്കെയുള്ള ഇത്തരം സൃഷ്ടികളില്‍ പലതും അക്കാദമിക പഠന ഗവേഷണങ്ങള്‍ക്കായുള്ള മെറ്റീരിയലുകളുടെ ഭാഗമാണ്.

ഈ തീരുമാനം വ്യാപ്തിയേറിയ മറ്റനേകം ചോദ്യങ്ങളുമുയര്‍ത്തുന്നു: ഒരു കവിത ആസ്വദിക്കുവാന്‍ കവിയുടെ ജീവചരിത്രം അറിഞ്ഞിരിക്കേണ്ടതുണ്ടോ, ( എങ്കില്‍, അജ്ഞാതരെഴുതിയ സൃഷ്ടികളും അധിക വിവരമൊന്നും നമുക്കില്ലാത്ത വ്യാസന്റെയും ഹോമറുടെയുമൊക്കെ പുരാതന ഇതിഹാസങ്ങളുമൊക്കെ നാമെങ്ങിനെയാണ് ആസ്വദിക്കുക?) കവിതയെഴുതുമ്പോഴും ഒരു ഭീകരവാദി ഭീകരവാദിയാണോ? രാഷ്ട്രീയ ലഘുലേഖയായോ പ്രൊപഗണ്ട ഉരുപ്പടിയായോ കവിതയെ കാണേണ്ടതുണ്ടോ? ( ഫാസിസ്റ് പക്ഷത്തായിരുന്ന എസ്രാപൌണ്ടിനെ അപ്പോള്‍ നാമെങ്ങിനെ പഠിപ്പിക്കും? നാസി ബന്ധം സമ്മതിച്ച ഗുന്ദര്‍ ഗ്രാസിനെ എങ്ങിനെ പഠിപ്പിക്കും? നിലനില്‍ക്കുന്ന വ്യവസ്ഥക്കെതിരെ കവിതകളെഴുതിയ ഇന്ത്യയിലും പുറത്തുമുള്ള വിപ്ലവകാരികളെക്കുറിച്ചെങ്ങനെ സംസാരിക്കും? ഭീകരതയ്ക്കും വിപ്ലവത്തിനുമിടയിലെ അതിരുകളെ ആരാണ് കാത്തുസംരക്ഷിക്കുന്നത്? കവിയെ ചങ്ങലക്കിട്ട അമേരിക്ക മാത്രമാണ് കവിതയില്‍ വിമര്‍ശിക്കപ്പെടുന്നത്. മനുഷ്യാവകാശ തലത്തിലോ മറ്റേതെങ്കിലും അര്‍ത്ഥത്തിലോ അമേരിക്കയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഏതെങ്കിലുമൊരു കവിത ഇന്ത്യയില്‍ പോലും പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ടോ?

 

മാര്‍ക് ഫാകോഫ്


 

ഈ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിന് കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടപ്പോള്‍ പുസ്തകത്തിന്റെ എഡിറ്ററായ മാര്‍ക് ഫാകോഫ് ഇങ്ങനെ പ്രതികരിച്ചു:

‘ഈ കവിത എന്തുകൊണ്ട് പഠിപ്പിക്കപ്പെടണം? കാരണം, ഗ്വാണ്ടനാമോ എന്ന മനുഷ്യാവകാശ ദുരന്തഭൂമിയെപ്പറ്റി അടിയന്തിരമായും ആവശ്യമായ ശ്രദ്ധ ക്ഷണിക്കല്‍ നടത്തുന്ന (വെറുതെയെങ്കിലും) പ്രധാനപ്പെട്ട ഒരു രേഖയാണ് എന്നെ സംബന്ധിച്ച് ഈ കവിത. റുബായിഷിന്റെ കവിത, ഈ ശേഖരത്തിലെ മറ്റനേകം കവിതകളെപ്പോലെ കോടതികളിലേക്ക് കടന്നുചെല്ലാനവസരമില്ലാതെ, നിയമത്തിന്റെ ഇരുള്‍ഗര്‍ത്തങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന മനുഷ്യരുടെ ദൈന്യതയെ നേരിട്ടു പകര്‍ത്തുന്നു. ഈ കവിതയുടെ മര്‍മ്മം, ഈ സ്ഥലത്തിന്റെ നിയമരാഹിത്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കലാണ്. (നിങ്ങള്‍ ലേഖനത്തോടൊപ്പം കവിതയും പ്രസിദ്ധപ്പെടുത്തുമെന്നും അങ്ങനെ ജനങ്ങള്‍ അതില്‍ സ്വന്തമായ വിധിതീര്‍പ്പിലെത്തുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു). അത് ജിഹാദിനെക്കുറിച്ചോ മറ്റെന്തിനെയങ്കിലും കുറിച്ചോ അല്ല. തടവറ സാഹിത്യവും കവിതയും പ്രസിദ്ധീകരിക്കുന്നതിന്റെ സുദീര്‍ഘ പാരമ്പര്യം, തീര്‍ച്ചയായും, പല സംസ്കാരങ്ങളിലുമുണ്ട്. ചിലയെഴുത്തുകാര്‍ കുറ്റം ചെയ്തവരാകും,ചിലര്‍ രാഷ്ട്രീയ തടവുകാര്‍, മറ്റു ചിലരാവട്ടെ വ്യാജമായി കുറ്റം ആരോപിക്കപ്പെട്ടവര്‍ മാത്രമാണ്. ചിലര്‍ പ്രചോദനകരങ്ങളായ രാഷ്ട്രീയ ലഘുലേഖകള്‍ എഴുതുന്നു, ചിലര്‍ വിവാദ ലേഖനങ്ങളും. ഒരു തടവറക്കവിതയുടെ കലാപരവും രാഷ്ട്രീയവുമായ മേന്‍മയെക്കുറിച്ച് സ്വന്തമായ വിധിതീര്‍പ്പ് നടത്താന്‍ പൊതുജനത്തെ ഏല്‍പ്പിക്കാന്‍ നമുക്കാവുന്നില്ല എന്നത് എന്നെ വിഷമിപ്പിക്കുന്നു. ഒരു കവി ഭീകരവാദിയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരു കവിത പഠിപ്പിക്കുന്നതില്‍നിന്നും അതിനെക്കുറിച്ച് സംസാരിക്കുന്നതില്‍നിന്നും ഒരു സര്‍വകലാശാല മുഖംതിരിച്ചുകളയുന്നു എന്നത് എന്നെ അതിലേറെ ദു:ഖിപ്പിക്കുന്നു. (അയാള്‍ ഭീകരവാദിയാണോ എന്നതിന് കുറച്ചോ കൂടുതലോ തെളിവുകള്‍ എന്റെ കൈയിലില്ല). അത്തരം സാഹചര്യങ്ങളില്‍ ഈ കവിതയെപ്പറ്റി സര്‍വകലാശാല ക്ലാസില്‍ സംസാരിക്കുന്നത് കൂടുതല്‍ പ്രധാനമാണെന്ന് ഞാന്‍ വിചാരിക്കുന്നു. ‘ഗ്വാണ്ടനാമോയില്‍നിന്നുള്ള കവിതകള്‍’ എന്ന പേരിലൊരു സമാഹാരം ഇറക്കുന്നതിന്റെ മേന്‍മകളെക്കുറിച്ചും ഒരു രാഷ്ട്രീയരേഖയ്ക്ക് ചിലതരം സൌന്ദര്യശാസ്ത്രമൂല്യങ്ങള്‍ കല്‍പ്പിച്ചുകൊടുക്കുന്നതിനെക്കുറിച്ചും , നേരെ തിരിച്ചുപറഞ്ഞാല്‍, ഒരു സൌന്ദര്യശാസ്ത്രരേഖയ്ക്ക് ചില രാഷ്ട്രീയമാനങ്ങള്‍ കല്‍പ്പിച്ചുകൊടുക്കുന്നതിനെക്കുറിച്ചുമുള്ള പ്രബുദ്ധമായ ചര്‍ച്ചകളാണ് ഉണ്ടാകേണ്ടിയിരുന്നത്. ഇത്തരം കടുത്ത ചോദ്യങ്ങളെ നിങ്ങളുടെ സര്‍വകലാശാലാ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും എങ്ങനെയാണ് നേരിടുക എന്നറിയാന്‍ എനിക്കേറെ കൌതുകമുണ്ട്. പക്ഷേ, കഷ്ടം, അത്തരമൊരു സംഭാഷണം നടക്കുന്നതുപോലും അനുവദിക്കപ്പെടില്ലെന്നു തോന്നുന്നു’

 

 

ആ സമാഹാരത്തിന്റെ എഡിറ്റര്‍പോലും പ്രതികരിക്കുമ്പോഴും ലോകമെങ്ങുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ആകുലരാകാറുള്ള കേരളത്തിലെ മതേതര എഴുത്തുകാരും ബുദ്ധിജീവികളും കോളമെഴുത്തുകാരും എന്ത് പറയുന്നു? ഖേദകരമെന്നു പറയട്ടെ, വിരലിലെണ്ണാവുന്ന ചില ശബ്ദങ്ങളാണ് മാധ്യമങ്ങളിലും ഓണ്‍ലൈന്‍ ഇടങ്ങളിലും ഞാന്‍ കണ്ടത്. കവിതയുടെ ചില വിവര്‍ത്തനങ്ങര്‍ പ്രചരിക്കുന്നതും ശ്രദ്ധയില്‍പെട്ടു. എന്റെ സമാധാനത്തിന്, ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ അറിയപ്പെടുന്ന പണ്ഡിതനായ ഡോ.എം.വി നാരായണന്‍ ഈ പ്രശ്നസംബന്ധിയായി രാജി സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചതായി അറിഞ്ഞു. എന്നാല്‍, അക്കാദമിക് സ്വാതന്ത്യ്രത്തിന്റെ അവസാന അത്താണിയായ സര്‍വകലാശാലയ്ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും വിഷമമുള്ളതായി തോന്നുന്നേയില്ല.
 
 
 
 

4 thoughts on “രണ്ടാം ഗ്വാണ്ടനാമോ

 1. ഈ കവിത നിരോധിച്ചതിന് പിന്നിൽ വലിയ സൈദ്ധാന്തിക പ്രശ്നങ്ങളോ , പുരോഗമന സ്വഭാവമുള്ള കവിതകളോട് പൊതുവേയുള്ള ആരുടെയെങ്കിലും ആഭിമുഖ്യ മില്ലായ്മയോ ആണെന്ന് തോന്നുന്നില്ല ; നേരെ മറിച്ച് , കേരളത്തിൽ നിലനില്ക്കുന്ന (‘അക്കാദമിക സഹജമായ’) ഭീരുത്വമോ , രാജാവിനെക്കാൾ വലിയ രാജഭക്തിയോ നിരോധനത്തിന് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണം . പിന്നെ ഗൌരവമായി ചിന്തിക്കാനുള്ള മറ്റൊരു കാര്യം കൂടിയുണ്ട് . ‘ഭീകരതയ്ക്കെതിരായുള്ള (അമേരിക്കൻ) യുദ്ധത്തിന്റെ’ സഹായി എന്ന നിലയിൽ അതിനു ഒത്താശ ചെയ്യാനായി 2001 സെപ്റ്റെംബർ 11 നു ശേഷം ‘Patriot Act ‘(യൂ എസിൽ ) മാതൃകയിൽ ഉണ്ടാക്കി വെച്ചിട്ടുള്ള draconian നിയമങ്ങൾ . POTA (2001 ), മുതൽ പരിഷ്കരിച്ച UAPA (2 0 0 8 )വരെ എന്താണെന്ന് ശരിക്കും മനസ്സിലാക്കിയ ‘നിയമ ബുദ്ധി’ പാവം അക്കാദമിക് ബൌദ്ധികതയെയും ഭാഷാ സ്നേഹത്തെയും തൊഴിച്ചു താഴെയിട്ടതാവാം !.
  ##
  കൂട്ടത്തിൽ ,തർജ്ജമയെപ്പറ്റി ഒരു ചെറിയ സംശയം :
  ‘തോറ്റമ്പിയ ക്യൂബയും’,
  ‘തോൽപ്പിക്കപ്പെട്ട ക്യൂബ’ യും ഒന്നാണോ !?
  [Cuba, the vanquished]

 2. ഇബ്രാഹിം അല്‍ റുബായിഷിന്റെ “കടലിനൊരു ഗീതം “എന്ന കവിത കഴിഞ്ഞ ദിവസം കാലിക്കറ്റ് സരവ കലാശാല പിന്‍ വലിച്ചത് അടുത്ത കാലത്ത് കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക മായ വിള്ളലുക ളുടെ കൂടി പ്രതി ഫലനമാണ്, കവി , അതതു കാലത്ത് ചുറ്റു പാടുകളെ പകര്തുന്നവനാണ് ,അത് കൊണ്ട് തന്നെ കവി ,വേറെയും ,കവിത വേറെയുമാണ് .എല്ലാ കവികളും നന്മ ഉലാഘോഷിക്കുന്നവരാണ് എങ്കിലും സ്വ ജീവിതത്തില്‍ അത് പുലര്ത്തി കൊള്ളണ മെന്നില്ല .
  ഒരു മനുഷ്യ ന്റെയോ ,പ്രാന്തവല്ക്കരിക്കപ്പെട്ട വിഭാകത്തിന്റെ യോ ,അടിഥാന ആവശ്യങ്ങള്‍ ക്ക് വേണ്ടി ഭരണ ഘടനാപരമായ ആനുകൂല്യങ്ങൾ ചോദിക്കുന്നവന്‍, ശബ്ധിക്കുന്നവന്‍ ,തീവ്രവാദിയും,നക്സലൈറ്റും…! ,സരവ ലോകവും പിടിച്ചെടുക്കാന്‍ വേണ്ടി ലക്ഷ കണക്കായ മനുഷ്യരെ കൊന്നു തള്ളുന്ന സാമ്രാജ്യത്വം മിത വാദിയുമാകുന്ന നീതി ശാസ്ത്രത്തെ വികസിപ്പിച്ചെടുക്കുന്ന അമേരിക്കന്‍ വിപണി, യിലൂടെ അവരുടെ മൂന്നാം ലോകത്തെ വില്പ്പന ചരക്കായ തീവ്രവാദി എന്ന നിര് വചന കുപ്പായം ആര്ക്കാണ് കൂടുതല്‍ ചേരുക എന്നത് പരിശോധനാ വിധേയ മാക്കണം .

 3. bheerukkalude naad.bheeruvaya oru vice chancellor.vineetha vidheyan oru commission.kemam ee ‘nirmaya karmanaasree’….

Leave a Reply

Your email address will not be published. Required fields are marked *