കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥലങ്ങള്‍

ചടുല വേഗത്തിലുള്ള മാറ്റമല്ല നാം കാണുന്നത്. ആശാവഹമായ മാറ്റമാണ്. ആഖ്യാനരീതിയിലും പ്രമേയ സ്വീകാരത്തിലുമെല്ലാം അതു കാണാം. എന്നാല്‍ മാറ്റം സാഹിത്യത്തില്‍ ഇടുങ്ങിയ അര്‍ഥമുള്ള വാക്കല്ല. പിടിച്ചുലയ്ക്കുന്ന മാറ്റങ്ങള്‍ ഇനി വരുമായിരിക്കും എന്നാണ് എന്റെ പ്രതീക്ഷ-മലയാളത്തിലെ സൈബറെഴുത്തിന്റെ വഴികളെ കുറിച്ച് ആദ്യമായി എഴുതിയ പ്രമുഖ നിരൂപകന്‍ പി.കെ രാജശേഖരന്‍ മുഹമ്മദ് സുഹൈബിനോട് സംസാരിക്കുന്നു

മലയാളത്തിന്റെ ഫിക്ഷന്‍ മാറ്റത്തിന്റെ വഴിയിലാണോ?

മാറ്റത്തിന്റെ വഴിയില്‍ മലയാള നോവല്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. മുതിര്‍ന്ന എഴുത്തുകാരില്‍ നിന്നു തന്നെ അതിന്റെ ഒരുക്കങ്ങളുണ്ടായി. ചടുല വേഗത്തിലുള്ള മാറ്റമല്ല നാം കാണുന്നത്. ആശാവഹമായ മാറ്റമാണ്. ആഖ്യാനരീതിയിലും പ്രമേയ സ്വീകാരത്തിലുമെല്ലാം അതു കാണാം. എന്നാല്‍ മാറ്റം സാഹിത്യത്തില്‍ ഇടുങ്ങിയ അര്‍ഥമുള്ള വാക്കല്ല. പിടിച്ചുലയ്ക്കുന്ന മാറ്റങ്ങള്‍ ഇനി വരുമായിരിക്കും എന്നാണ് എന്റെ പ്രതീക്ഷ.

ഇന്ത്യന്‍ ഇംഗ്ലീഷില്‍ കാണപ്പെടുന്ന എഴുത്തിന്റെയും പ്രസാധനത്തിന്റെയും മാറ്റങ്ങള്‍ മലയാളത്തിലും ദൃശ്യമാവുന്നുണ്ടോ?

ഇന്ത്യനിംഗ്ലീഷ് രചനയില്‍ അദ്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വായന എന്നെ ബോധ്യപ്പെടുത്തുന്നില്ല. അമിതാവ് ഘോഷ് കഴിഞ്ഞാല്‍ കൊളളാവുന്ന നോവലെഴുതുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. എന്റെ പരിമിതിയാവാം. ചേതന്‍ ഭഗത്തിന്റെയും മറ്റും വഴിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതൊരു സാഹിത്യവഴിയാണെന്ന് എനിക്കഭിപ്രായവുമില്ല.

അടുത്ത കാലത്തെ ചില രചനകള്‍ ഈ സൂചനകള്‍ തരുന്നുണ്ടല്ലോ. ഉദാഹരണത്തിന് അന്‍വര്‍ അബ്ദല്ലേ, സുരേഷ് പി. തോമസ്, ദേവദാസ്, അശോകന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍. അവ ചില പൊതു സവിശേഷതകള്‍ പ്രകടിപ്പിക്കുന്നതായി കരുതാം. വ്യത്യസ്ത പശ്ചാത്തലവും വ്യത്യസ്ത രചനാ രീതികളുമാണ് ഇവര്‍ക്കെല്ലാമെങ്കിലും ചില പൊതു സവിശേഷതകള്‍ കണ്ടെടുക്കാനാവും. മലയാള ഫിക്ഷനില്‍ ഒരു പുതു തലമുറയുടെ ആവിര്‍ഭാവം ഉണ്ടാകുകയാണോ?

മലയാളത്തിലെ പുതിയ രചനകളെ ഇന്ത്യനിംഗ്ലീഷ് രചനകളുമായി ബന്ധിപ്പിച്ചു കാണാനാണ് ശ്രമം. ഞാനങ്ങനെ കാണുന്നില്ല. മറ്റൊരു രീതിയില്‍ പുതിയ നോവലിനെ കാണാനാണ് എനിക്ക് താല്‍പര്യം.
സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് വികസിക്കുന്ന, രൂപപ്പെടുന്ന, അര്‍ഥങ്ങളും മൂല്യങ്ങളും മാറുന്ന പുതിയ സമൂഹത്തെ അഭിമുഖീകരിക്കാനുള്ള ശ്രമം മലയാള നോവലില്‍ നടക്കുന്നു. സ്വത്വം, വര്‍ഗം, ലൈംഗികത, തുടങ്ങിയവയെ പുതുതായി നിര്‍വചിക്കാനും മറ്റൊരു തരത്തില്‍ അവയെ അഭിസംബോധന ചെയ്യാനും പുതിയ നോവലുകള്‍ ശ്രമിക്കുന്നു.
ചരിത്രത്തെ കുറിച്ചുള്ള മറ്റൊരവബോധവും ചരിത്രത്തെ പ്രമേയമാക്കാനുള്ള താല്‍പര്യവും വര്‍ധിക്കുന്നു. പലരുടെയും പേരുകള്‍ പറയാം. ചിലതുവിട്ടുപോയാല്‍ അത് ഈ അഭിമുഖ സന്ദര്‍ഭത്തില്‍ വരുന്ന ഓര്‍മപിഴവായി മാത്രം കരുതിയാല്‍ മതി. ആനന്ദ് (പരിണാമത്തിന്റെ ഭൂതങ്ങള്‍, അപഹരിക്കപ്പെട്ട ദൈവങ്ങള്‍), എം.മുകുന്ദന്‍ (നൃത്തം), സി.വി.ബാലകൃഷ്ണന്‍ (ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍), ബെന്യാമിന്‍ (ആടുജീവിതം), ഇ. സന്തോഷ്കുമാര്‍ (അന്ധകാരനഴി), എന്‍.എസ്. മാധവന്‍ (ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍),സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം), ടി.ഡി. രാമകൃഷ്ണന്‍ (ഫ്രാന്‍സിസ് ഇട്ടിക്കോര), പി.എ.ഉത്തമന്‍ (ചാവൊലി), കെ.വി.പ്രവീണ്‍ (ഡിജാന്‍ലി) തുടങ്ങിയ ഒട്ടേറെ നോവലുകളുണ്ട്. പേരുകള്‍ ഇനിയുമുണ്ട്. സുരേഷ് പി. തോമസ്, അന്‍വര്‍ അബ്ദുല്ല, അശോകന്‍, ഗണേഷ് പന്നിയത്ത്, എം.ജി.ബാബു, ഹരിദാസ് കരിവെള്ളുര്‍, ഇ.പി.ശ്രീകുമാര്‍, ജി.ആര്‍. ഇന്ദുഗോപന്‍ തുടങ്ങിയവര്‍. പേരു വിട്ടുപോയവര്‍. എല്ലാവരിലും എനിക്ക് പ്രതീക്ഷയുണ്ട്. അതേ അളവില്‍ വായനക്കാരനെന്ന നിലയില്‍ പ്രതീക്ഷാഭംഗത്തിന്റെ സാധ്യതകളും നിലനില്‍ക്കുന്നു.

പുതുമ എന്നതുപോലെ തന്നെ പ്രധാനമാണ് അവരുടെ പശ്ചാത്തലം. ബാലപംക്തിയിലൂടെ വന്ന് കഥകളിലൂടെ നോവലിലേക്ക് വഴി മാറുന്നവരല്ല അവരില്‍ ചിലരൊക്കെ. നേരെ നോവലിലേക്കാണ് ക്രാഷ് ലാന്റിംഗ്. ഇരുത്തം ഉറയ്ക്കാത്തതിന്റെ പ്രശ്നങ്ങള്‍ ഉണ്ടോ?

ചെറുകഥ വഴി നോവലിലേക്ക് എന്നൊരു ബസ് റൂട്ടില്ല. പണ്ടേ അതൊരു ശീലമാണെന്നേ ഉള്ളു. രൂപം രചയിതാവിന്റെ തിരഞ്ഞെടുപ്പിന്റെ പ്രശ്നമാണ്.

ഈ പുത്തനെഴുത്തിന്റെ പോരായ്മകള്‍? ഗുണപരമായ മാറ്റങ്ങളാണോ ഇവര്‍ കൊണ്ടുവരുന്നത്?

പ്രമേയം ആവശ്യപ്പെടാത്ത രൂപം സൃഷ്ടിക്കുമ്പോള്‍, ധാര്‍മികമായ സംഘര്‍ഷമില്ലാതെ തത്വചിന്താപരമാക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റേതെങ്കിലും രൂപം അസാന്ദര്‍ഭികമായി അനുകരിക്കുമ്പോള്‍, ഇല്ലാത്തത് നടിക്കുമ്പോള്‍, ചരിത്ര ശൂന്യമാകുമ്പോള്‍- ഇത്തരം അനേകം സന്ദര്‍ഭങ്ങളുണ്ട് നോവലിന് പരാജയപ്പെടാന്‍. പുതിയ നോവലുകളില്‍ പലതിലും അത്തരം പരാജയങ്ങള്‍ കാണാം.

എഴുത്തിന്റെ സാമ്പ്രദായിക രീതിയില്‍ കാര്യമായ വ്യതിയാനം പ്രകടമാണോ?

സാമ്പ്രദായിക രീതി മാറ്റാന്‍ ശ്രമിച്ച് വിജയിച്ചവുണ്ട്. മാറ്റുകയാണെന്ന് ധരിച്ച് രൂപത്തില്‍ മാത്രമൊതുങ്ങിയവരുണ്ട്. എങ്കിലും വ്യതിയാനത്തിന്റെ കാറ്റടിക്കുക തന്നെ ചെയ്യുന്നു.

വിദേശ പുസ്തകങ്ങള്‍, സിനിമകള്‍, ദര്‍ശനങ്ങള്‍ എന്നിവയുടെ സ്വാധീനം ഈ പുസ്തകങ്ങളില്‍ പൊതുവായി കാണാം. എന്തിന്റെ സൂചനയാണിത്?

വിദേശ പുസ്തകവും സിനിമയും പാട്ടും ഭാഷയും വസ്ത്രവും മരുന്നും യന്ത്രവുമൊന്നും സാഹിത്യത്തിന്റെ ശത്രുരാജ്യങ്ങളല്ല. സംസ്കാരങ്ങളും അഭിരുചികളും ദേശരാഷ്ട്രത്തിന്റെ രാഷ്ട്രീയാതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുമില്ല.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെയും ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും വിര്‍ച്വല്‍ യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ ഫിക്ഷനിലും ഇളക്കങ്ങള്‍ തീര്‍ക്കുന്നുണ്ടോ?

വിനിമയത്തിന്റെ എതു പുതിയ മാര്‍ഗവും മറ്റൊരു വിനിമയ മാധ്യമമായ സാഹിത്യത്തെ ചലനഭരിതമാക്കും. ആക്കണം. മറുലോകങ്ങളും മറു വിനിമയങ്ങളും തേടുന്നതിന്റെ ഭാഗമാണത്. അല്ലെങ്കില്‍ സാഹിത്യം ജഡീഭൂതമാകും. ഓരോ തലമുറയ്ക്കും ഓരോ യാഥാര്‍ഥ്യങ്ങളാണ്.

ബ്ലോഗിലൂടെയും ഓണ്‍ലൈന്‍ എഴുത്തിലൂടെയും കടന്നുവരുന്ന എഴുത്തുകാരുടെയും വായനക്കാരുടെയും നിര മലയാള സാഹിത്യത്തിന്റെ വരും കാലങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍- പോസിറ്റീവായോ നെഗറ്റീവായോ- ഉണ്ടാക്കുമെന്ന് കരുതുന്നുണ്ടോ?

മലയാളത്തിലെ ഒട്ടേറെ ബ്ലോഗുകള്‍ കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥലങ്ങളാണ്. ആത്മരതിയുടെ അമ്പലപ്പറമ്പുകള്‍. ചെറുതായില്ല ചെറുപ്പം എന്ന് ഉണ്ണായിവാര്യര്‍ പറഞ്ഞത് ഓര്‍മവരും.
മറ്റുചിലത് തീവ്രമായ ചിന്തയുടെ പ്രകാശനങ്ങളാണ്. ബ്ലോഗിലെഴുതിത്തെളിഞ്ഞ്, അല്ലെങ്കില്‍ ബ്ലോഗിലെഴുതിയത് പുസ്തകമാക്കി സാഹിത്യാംഗീകാരം നേടാമെന്നാകുമ്പോള്‍ ബ്ലോഗിന്റെ മാധ്യമ വ്യക്തിത്വം പമ്പ കടക്കുന്നു.
ഓണ്‍ലൈനിലെ ജേണലുകളില്‍ ചിലത് വലിയ തമാശകളാണ്. എന്തും എഴുതാവുന്ന ഇടമാണിതെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. അങ്ങനെ എഴുതാവുന്നത് ചുമരുകളിലാണ്. ജേണലുകള്‍ക്ക് ഉദ്ദേശലക്ഷ്യങ്ങളും ശൈലികളും ഉണ്ട്. ഉണ്ടാവണം.
സര്‍വോപരി പത്രാധിപത്യവും. മലയാളത്തിലെ പല ഓണ്‍ലൈന്‍ ജേണലുകളിലും പത്രാധിപത്യമില്ല. എഡിറ്റര്‍ ഒരു പദവിയോ പേരോ ആണെന്നും എഡിറ്റിങ് കുറേപ്പേരുടെ രചനകള്‍ ഒരുമിച്ചാക്കികൊടുക്കലാണെന്നും അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അറിവില്ലാത്ത വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞു വിഡ്ഢിവേഷം കെട്ടുന്നവരെയും കാണാം. ഗൌരവവും ഉത്തരവാദിത്തവും ചിന്തയുമുള്ള ബ്ലോഗര്‍മാരുടെ സുകൃതത്താല്‍ ഈ വിവരക്കേടുകളും നടന്നു പോവുന്നു.

1.മലയാളം ഫിക്ഷന്‍ മാറുന്നു-ആമുഖ ലേഖനം

2. കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥലങ്ങള്‍-പി.കെ രാജശേഖരന്‍

>3. സമ്പൂര്‍ണ വിപ്ലവം-ബി. മുരളി

4. എന്നെ വിട്ടേക്കു മാഷേ, ഞാനൊരെഴുത്തുകാരനൊന്നുമല്ല…-അന്‍വര്‍ അബ്ദുള്ള

5.വേണോ, ഈ ന്യൂ ഫിക്ഷന്‍ ലേബല്‍?-വി.എം ദേവദാസ്

6. ഉറപ്പുകളില്‍ വലിയ കാര്യമില്ല-സുരേഷ്. പി തോമസ്

7. രക്തത്തിന്റെ പരീക്ഷണശാല- കെ.പി ജയകുമാര്‍

8. സുഖകരമായൊരു വേട്ട-സുദീപ് കെ.എസ്

One thought on “കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥലങ്ങള്‍

  1. വായനയ്ക്കും എഴുത്തിനും പ്രായപരിധിയുണ്ടോ? ‘ കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥല‘മെന്ന വിശേഷണം കൊണ്ട് , പ്രായമായവര്‍ നാരായണീയമോ ജ്‌ഞാനപ്പാനയോ വായിച്ച് വല്ലയിടത്തും ഒതുങ്ങിക്കൂടരുതോ എന്നാണോ ഉദ്ദേശിക്കുന്നത്? ബ്ലോഗുകള്‍ തികച്ചും സ്വകാര്യമായ പ്രസിദ്ധീകരണ ഇടങ്ങളാണ് , അവിടെ എഴുതപ്പെടുന്നത് ആരും വായിക്കുവന്‍ നിര്‍ബന്ധിതരാകുന്നില്ല. താല്പര്യമുള്ളവര്‍ക്ക് മാത്രം ആ വഴി കടന്നുപോകാം. പിന്നെ ബ്ലോഗിലെഴുതുന്നവര്‍ പുസ്തകമായി പ്രസിദ്ധീകരിക്കരുതെന്ന് നിയമമുണ്ടോ? അടുത്തയിടെ പ്രസിദ്ധീകരിക്കപ്പെട്ട പല ബ്ലോഗ് കവിതാ സമാഹാരങ്ങളും ( അവയില്‍ കൂടുതലും സൈകതം ബുക്സാണു പബ്ലിഷ് ചെയ്തത് ) മറ്റു കവിത സമാഹരാങ്ങളോടൊപ്പമോ അതിലും മികച്ചതോ ആയ നിലവാരം പുലര്‍ത്തുന്നവയാണ്.
    വായനയില്‍ എന്തിനാണൊരു വര്‍ഗ്ഗീയവത്കരണം? പഴയതും പുതിയതും എന്നൊന്നുമില്ല, വായിക്കുന്നവന്. മനസ്സിനെ തൃപ്തിപ്പെടുത്തുന്നതെന്തും ഏതു കാലത്തും മനുഷ്യര്‍ വായിക്കും. അരുന്ധതി റോയിയുടെ ‘ The Shape Of the Beast,” ചേതന്‍ ഭഗത്തിന്റെ Two states , അമാര്‍ത്യ സെന്നിന്റെ The argumentative Indian , പൌലോ കൊയ്‌ലോയുടെ Alchemist , സുസ്മേഷ് ചന്ദ്രോത്തിന്റെ ഒന്‍പത്, ബെന്യാമിന്റെ ആടു ജീവിതം ഇവയൊക്കെ ഞാന്‍ ഒരേകാലത്തു വായിച്ചവയാണ് , ഓരോന്നും വെവ്വേറെ വായാനനുഭവങ്ങള്‍. ഇവയൊക്കെ വായിക്കുമ്പോള്‍ തന്നെ ഫെയ്സ് ബുക്കില്‍ എം ആര്‍ അനില്‍കുമാറിന്റെ ‘ അകം പുറങ്ങള്‍ ‘ എന്ന കവിതയും ബ്ലോഗില്‍ എച്ച്മുവിന്റെ കഥയുമൊക്കെ എന്റെ വായനയെ തൃപ്തിപ്പെടുത്തുന്നു. ഞങ്ങള്‍ സാധാരണക്കാര്‍ ഇതുപോലെയുള്ള വായനയിലാണിപ്പോഴും. തരംതിരിച്ച് പൂണൂലീടുവിച്ച് ഞങ്ങള്‍ക്കാരും പുസ്തകങ്ങള്‍ എത്തിച്ചു തരേണ്ടതില്ല.
    ഒരു സാധാരണ വായനക്കാരി എന്ന നിലയിലും , ‘കളിപ്രായം കഴിഞ്ഞ‘ ബ്ലോഗ്ഗര്‍ എന്ന നിലയിലുമാണു പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *