മാധ്യമങ്ങള്‍ റിലയന്‍സ് അഴിമതി വിഴുങ്ങിയ വിധം

ടൈംസ് നൌ മുഖ്യപത്രാധിപര്‍ അര്‍ണബ് ഗോസ്വാമി റിലയന്‍സിന്റെ അഴിമതി കണ്ട മട്ട് നടിച്ചില്ല. സി.എന്‍.എന്‍ -ഐ.ബി.എന്നിന്റെ രാജ്ദീപ് സര്‍ദേശായി, സാധ്യമാകുന്നതില്‍ വെച്ചേറ്റവും സംക്ഷിപ്തമായി തട്ടിപ്പ് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് വാര്‍ത്ത അവതരിപ്പിച്ച് മറ്റ് പ്രധാന വാര്‍ത്തകളിലേക്ക് ക്വിക്ക് ലുക്കിനു പോയി. എന്‍.ഡി.ടി.വി റിലയന്‍സിനെതിരായ സി.എ.ജി റിപ്പോര്‍ട്ട് സ്പര്‍ശിച്ചതേയില്ല- എന്‍. പത്മനാഭന്‍ എഴുതുന്നു

അഴിമതിക്കെതിരെ അടരാടാന്‍ കിട്ടുന്ന അവസരങ്ങളൊന്നും മാധ്യമങ്ങള്‍ കൈവിടില്ല. ഈ ധാരണക്ക് അടിവരയിടുന്നതാണ് സമീപകാല സംഭവങ്ങള്‍. പ്രത്യകിച്ച് ദേശീയ ടെലിവിഷന്‍ ചാനലുകളുടെ അഴിമതി വിരുദ്ധ ഇടപെടലുകള്‍. അണ്ണാഹസാരേയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ ദേശീയ ചാനലുകള്‍ ഏറ്റെടുത്ത് തങ്ങളുടെ സ്വന്തമാക്കിയ രീതി അടുത്തിടെ കണ്ടതാണല്ലോ. അഴിമതി വിരുദ്ധതരംഗത്തിന്റെ അമരത്തിരുന്നുകൊണ്ട് ടൈംസ് നൌ ചാനലിന്റെ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അഴിമതിക്കെതിരെ അണിനിരക്കാന്‍ രാജ്യത്തോട് ആജ്ഞാപിക്കുന്നതും അതിനല്‍പ്പം വൈകുന്നവരോട് കയര്‍ക്കുന്നതും കൌതുകകരമായ കാഴ്ചയായിരുന്നു. അഴിമതിക്കെതിരെ അണിനിരക്കാന്‍ മാധ്യമങ്ങള്‍ പ്രകടിപ്പിച്ച ആവേശം ആരെയും ആവേശോജ്വലരാക്കുന്നതായിരുന്നു. ഒരു സി.എ.ജി റിപ്പോര്‍ട്ട് കിട്ടിയാല്‍ അഴിമതിക്കെതിരെ ഉടന്‍ പോരാടിക്കളയുമെന്ന മൂഡിലായിരുന്നു അവരെല്ലാം.

അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് ഇന്ധനം നല്‍കി നമ്മെയാകെ ആവേശഭരിതരാക്കുന്നത് സി.എ.ജി റിപ്പോര്‍ട്ടുകളാണല്ലോ. സ്പെക്ട്രം ഇടപാടിലെ അഴിമതിയുടെ പേരില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജ, ഡി.എം.കെ എം.പി കനിമൊഴി തുടങ്ങിയവര്‍ അഴിയെണ്ണുന്നതിന്റെ ആരംഭം ഇവയില്‍നിന്നല്ലേ. അഴിമതി വിരുദ്ധതയുടെ ആധികാരിക പ്രബന്ധം സി.എ.ജി റിപ്പോര്‍ട്ട് ആകുമ്പോള്‍ ആവേശഭരിതരാകുവാന്‍ വകയേറെയുണ്ട്.

അങ്ങനെയിരിക്കെയണ് രണ്ട് സി.എ. ജി റിപ്പോര്‍ട്ടുകള്‍ സെപ്തംബര്‍ എട്ടിന് പുറത്തുവന്നത്. സ്പെക്ട്രം അഴിമതി ബോറടിച്ചു തുടങ്ങിയ അവസരത്തിലായിരുന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ മാത്രം കൊഴുപ്പുള്ള കേസുകള്‍ ആയിരുന്നു അവ.

എന്‍.സി.പിനേതാവ് പ്രഫുല്‍ പട്ടേല്‍ വ്യോമായന മന്ത്രിയായിരിക്കെ വിമാനം വാങ്ങിയ വകയില്‍ 38423 കോടി രൂപ എയര്‍ ഇന്ത്യക്ക് കടമുണ്ടാക്കി എന്നായിരുന്നു ഒരു റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ഗോദാവരി തടത്തില്‍ പ്രകൃതിവാതകം കണ്ടെത്തിയ 7465 ചതുരശ്ര കിലോ മീറ്റര്‍ സ്ഥലം സ്വന്തമാക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസിന് പെട്രോളിയം മന്ത്രി മുരളി ദേവ്റയുടെ എണ്ണ മന്ത്രാലയം വഴിവിട്ട് സഹായിച്ചു എന്നതാണ് രണ്ടാമത്തെ റിപ്പോര്‍ട്ട്. 2001ല്‍കൃഷ്ണ ഗോദാവരി തടത്തില്‍ കണ്ടെത്തിയ പ്രകൃതി വാതകത്തിന്റെ ബ്ലോക്ക് മുഴുവന്‍ റിലയന്‍സിന്റെ കണ്ടുപിടിത്തമായി വ്യാഖ്യാനിച്ച് അതിന്റെ അവകാശം മുഴുവന്‍ അവര്‍ക്കു കൊടുത്ത് തുടര്‍പര്യവേക്ഷണത്തിന് അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പത്തു കരാറുകളും ഉല്‍പ്പാദനകരാറും ലാഭം പങ്കുവെക്കല്‍ സംവിധാനവും ഉടനടി പുനപരിശോധിക്കണമെന്ന്് സി.എ.ജി നിര്‍ദേശിച്ചതായാണ് ഇത് സംബന്ധിച്ച് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത.

കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയെടുത്ത് രണ്ട് മാസത്തിനകമാണ് 40 വിമാനങ്ങള്‍ അധികം വാങ്ങാന്‍ പ്രഫുല്‍ പട്ടേല്‍ ധൃതി പിടിച്ച് ക്രമവിരുദ്ധമായി തീരുമാനമെടുത്തത്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടന്‍, വിമാനങ്ങള്‍ വാങ്ങാന്‍ നേരത്തെ സമര്‍പ്പിച്ച പദ്ധതി തിരിച്ചു വിളിച്ച് ,പുതിയ പദ്ധതി തയ്യാറാക്കിക്കുകയാണ് മന്ത്രി ചെയ്തതെന്ന് സി.എ.ജി കണ്ടെത്തി. പ്രധാനമന്ത്രിയെ അറിയിച്ച് അടിയന്തിരമായി എയര്‍ ഇന്ത്യാ ഡയരക്ടര്‍മാരുടെ യോഗം ചേര്‍ന്നാണ് പ്രഫുല്‍ ഈ തീരുമാനമെടുത്തത്.

രണ്ടു സംഭവങ്ങളിലും വ്യക്തമായ ക്രമക്കേട് ഉണ്ടെന്ന് പിറ്റേന്ന് ചില മലയാള പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വാര്‍ത്ത വ്യക്തമാക്കുന്നു. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ കേന്ദ്ര സര്‍ക്കാറിന് വീണ്ടും രണ്ട് കുരുക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടിന്റെ വിശകലനത്തില്‍നിന്ന് മനസ്സിലായത്. സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിച്ചപ്പോഴാണ് ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പിന്നെ, കമാ എന്നൊരക്ഷരം ഒന്നിലും വന്നില്ല.

ഒറ്റനോട്ടത്തില്‍ സ്പെക്ട്രത്തേക്കാള്‍ വ്യാപ്തിയും ഗൌരവവുമുള്ള അഴിമതി രണ്ട് മന്ത്രിമാരെയും തുറന്നു കാണിച്ച് വരും ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ആഞ്ഞടിക്കുമെന്ന് കരുതി കാത്തിരുന്നു. കാത്തിരിപ്പ് പാഴായി. മാധ്യമങ്ങള്‍ വായടച്ചു. സെപ്തംബര്‍ അവസാനിക്കാറായിട്ടും ആ വായ തുറന്നിട്ടേയില്ല.
അഴിമതിക്കെതിരെ ഉറക്കത്തിലും ആക്രോശിക്കുന്ന ‘ടൈംസ് നൌ’ മുഖ്യപത്രാധിപര്‍ അര്‍ണബ് ഗോസ്വാമി റിലയന്‍സിന്റെ അഴിമതി കണ്ട മട്ട് നടിച്ചിട്ടില്ല. സി.എന്‍.എന്‍-ഐ.ബി.എന്നിന്റെ ചീഫ് രാജ്ദീപ് സര്‍ദേശായി തനിക്കു സാധ്യമാകുന്നതില്‍ വെച്ചേറ്റവും സംക്ഷിപ്തമായി എണ്ണപ്പാടം തട്ടിപ്പ് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് വാര്‍ത്ത അവതരിപ്പിച്ചു. ധൃതിയില്‍ അന്നത്തെ മറ്റ് പ്രധാന വാര്‍ത്തകളിലേക്ക് ഒരു ക്വിക്ക് ലുക്കിനു പോയി.

രാജ്യത്തെ ആദ്യത്തെ ഇടപെടല്‍ ചാനലായ എന്‍.ഡി.ടി.വി റിലയന്‍സിനെതിരായ സി.എ.ജി റിപ്പോര്‍ട്ട് സ്പര്‍ശിച്ചതേയില്ല. രാത്രി ഒമ്പതു മണി വാര്‍ത്തയില്‍ അവരുടെ ഊന്നല്‍ ദല്‍ഹി ആശുപത്രികളിലെ കെടുകാര്യസ്ഥതയും മറ്റുമായിരുന്നു. ഒമ്പതു മണി വാര്‍ത്തക്കു ശേഷം ആ ചാനലില്‍ പക്ഷേ, ഒരു ചര്‍ച്ചയുണ്ടായിരുന്നു. ‘ സി.എ.ജി രാഷ്ട്രീയ അജണ്ടകള്‍ സൃഷ്ടിക്കുകയാണോ? റിലയന്‍സിന്റെ കാര്യം വന്നപ്പോള്‍ സി.എജിക്ക് കിട്ടിയ ശകാരത്തിനു കണക്കില്ല.
ദോഷം പറയരുതല്ലോ അര്‍ണബ്, രാജ്ദീപ് ചാനലുകള്‍ വിമാനഇടപാടില്‍ പ്രഫുല്‍ പട്ടേലിനെ വിളിച്ചിരുത്തി ഒന്നു വിരട്ടി. ചോദ്യങ്ങള്‍ ഒരു കാര്യത്തില്‍ കേന്ദ്രീകരിച്ചായിരുന്നു. ഈ വെള്ളാനയെ ഇങ്ങനെ വിടുന്നത് ശരിയാണോ? എത്രയും പെട്ടെന്ന് പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ അങ്ങ് സ്വകാര്യവല്‍കരിച്ചു കൂടെ എന്നാണ് ചോദ്യം. ആ വാര്‍ത്തയും പിന്നെ ഇന്ത്യന്‍ ചാനല്‍ വാര്‍ത്തകളില്‍ വന്നിട്ടില്ല. പത്രങ്ങളിലും ഫോളോഅപ്പ് ഉണ്ടായില്ല.
വിമാന ഇടപാടും റിലയന്‍സിന്റെ എണ്ണപ്പാട ഇടപാടും സംബന്ധിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടുകള്‍ സ്പെക്ട്രം ഇടപാട് പോലെ തന്നെ പ്രധാനമായിട്ടും അവ വിസ്മൃതിയിലേക്ക് പോയി. രാജ്യത്തിന്റെ പ്രകൃതി വിഭവമാണ് റിലയന്‍സ് കൈയടക്കിയത്. പ്രഫുല്‍ പട്ടേല്‍ 40 വിമാനം അധികം ഓര്‍ഡര്‍ കൊടുത്തപ്പോള്‍ കമീഷനായി കൈപ്പറ്റിയത് എത്രയായിരിക്കും. വാര്‍ത്താ ചാനലുകള്‍ക്കു മുന്നിലിരുന്ന് അഴിമതിക്കെതിരെ രോഷം കൊള്ളുന്ന ഒരു സാധാരണ പ്രേക്ഷകന്റെ സംശയമാണിത്.

രാംലീലാ മൈതാനിയില്‍ അണ്ണാഹസാരേയുടെ അഴിമതി വിരുദ്ധ സമരത്തിന് ആളെ വിളിച്ച് കയറ്റി ഓളം വെപ്പിച്ച ഇന്ത്യന്‍ മാധ്യമങ്ങള്‍ റിലയന്‍സിനെ കണ്ടപ്പോള്‍ കവാത്തു മറന്നു. അര്‍ണബ് ഗോസാമി ആയിരുന്നല്ലോ ഹസാരേക്കു വേണ്ടി ആക്രോശിച്ചത്. കോമണ്‍വെല്‍ത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി പൊട്ടിത്തെറിക്കുന്ന വാര്‍ത്തകളായി കൊണ്ടു വരുന്നതില്‍ മല്‍സരിച്ച ‘ടൈംസ് നൌ’വിനും ‘സി.എന്‍.എന്‍-ഐ.ബി.എന്നി’നും സി.എ.ജി കണ്ടു പിടിച്ച റിലയന്‍സിന്റെ എണ്ണക്കൊള്ള വാര്‍ത്തയേ ആവാത്തത് ഗൌരവമായി വിശകലനം ചെയ്യേണ്ടതാണ്. സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍നിന്ന് ചിന്തിക്കുമ്പോള്‍ അത് ഭയപ്പെടുത്തുന്നതും അവന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതുമാണ്. ഹസാരേയുടെ സമരത്തെ ആഘോഷിച്ചതിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ സ്വയം തെളിയിക്കുകയാണ്. സര്‍ക്കാറില്‍ മാത്രമല്ല മാധ്യമങ്ങളിലും അഴിമതിയുണ്ടെന്നതിന്റെ സാക്ഷ്യമായിരുന്നു റിലയന്‍സ് വാര്‍ത്ത മുക്കിയ മാധ്യമങ്ങളുടെ ഈ നടപടി.

ഖനന അനുമതി കിട്ടി റിലയന്‍സ് എണ്ണ പര്യവേക്ഷണം തുടങ്ങിയതോടെ പത്രങ്ങളില്‍ കൂടക്കൂടെ വന്നിരുന്നൊരു വാര്‍ത്തയുണ്ട്. റിലയന്‍സ് കുഴിക്കുന്നിടത്തൊക്കെ എണ്ണ കണ്ടു എന്ന വാര്‍ത്ത. ധനകാര്യമാധ്യങ്ങളിലാണ് ആ വാര്‍ത്ത അധികവും വന്നിരുന്നത്. അവ അനുസരിച്ചാണെങ്കില്‍ ഇന്ത്യ എണ്ണക്കാര്യത്തില്‍ എന്നേ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ടായേനെ. ധനകാര്യമാധ്യമങ്ങളിലെ ലേഖകര്‍ റിലയന്‍സിന്റെ പേ റോളിലായിരുന്നുവെന്നു തന്നെയല്ലേ ഇതിനര്‍ഥം.
മറ്റൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും^കൊട്ടിഘോഷിച്ച് കേരളത്തില്‍ റിലയന്‍സ് തുടങ്ങിയ ഫ്യൂവല്‍ ബങ്കുകള്‍ എല്ലാം ഒരുമിച്ച് പൂട്ടിപ്പോയതാണ്. കേരളത്തില്‍ മാത്രമുള്ള ഒറ്റപ്പെട്ട പ്രതിഭാസവുമായിരുന്നില്ല അത്.

എന്നാല്‍, അവയൊക്കെ ഒരു സുപ്രഭാതത്തില്‍ തുറന്നു. കേന്ദ്ര ഗവര്‍മെന്റ് പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കാനുള്ള അവകാശം ഇന്ധനക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത തൊട്ടടുത്ത ആഴ്ച.ഈ മേഖലയില്‍ നിയന്ത്രണം ഇല്ലാതാക്കിയത് ആര്‍ക്കു വേണ്ടിയെന്ന് വ്യക്തമാവാന്‍ മറ്റെന്ത് വേണം! അടിക്കടി ഉണ്ടാവുന്ന എണ്ണ വിലവര്‍ധന ആര്‍ക്കു വേണ്ടിയെന്ന ചോദ്യത്തിനും കൂടി ഇവിടെ ഉത്തരം കിട്ടുന്നു.

അപ്പോള്‍ മാധ്യമങ്ങള്‍ ഈ നാടകത്തില്‍ കൂട്ടുപ്രതികളല്ലേ? ഇല്ലെങ്കില്‍ രാജ്യത്തിന്റെ പ്രകൃതി വിഭവം കൈക്കലാക്കിയ ഒരു സ്വകാര്യ വമ്പനെക്കുറിച്ച് ഭരണഘടനാ സ്ഥാപനം കണ്ടെത്തിയ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് എന്തേ ഇത്ര വിമുഖത? റിലയന്‍സിനു മുന്നില്‍ മാധ്യമങ്ങള്‍ എന്തിന് വിധേയത്വം പ്രകടിപ്പിക്കുന്നു? മലയാള മാധ്യമങ്ങളും ഇതിന് അപവാദമല്ല.

9 thoughts on “മാധ്യമങ്ങള്‍ റിലയന്‍സ് അഴിമതി വിഴുങ്ങിയ വിധം

 1. ഇപ്പറഞ്ഞ മാധ്യമങ്ങള്‍ മാത്രമാണോ വില്ലന്‍മാര്‍.
  മലയാളത്തിലെ മാധ്യമങ്ങളുടെ സ്ഥിതി എന്താണ്.
  പരസ്യം കിട്ടുമെന്നു കണ്ടാല്‍ ഏതു വാര്‍ത്തയും മുക്കാത്ത ആരുണ്ട് അക്കൂട്ടത്തില്‍. റിലയന്‍സ് ഒന്നുമാവണമെന്നില്ല, പത്ത് കോപ്പി പത്രം സ്പോണ്‍സര്‍ ചെയ്യുന്ന തുക്കടാ പോക്കറ്റടിക്കാരന്‍ ആയാലും അവര്‍ വാലുമടക്കും.

 2. ഹമീഷ് മക്ഡൊണാള്‍ഡ് എഴുതിയ പോളിസ്റ്റര്‍ പ്രിന്‍സ് 1998ല്‍ ഇന്ത്യയില്‍ നിരോധിച്ചു.
  ഗാന്ധിയെ പറ്റി എഴുതിയാ പോലും നിരോധിക്കാത്ത നാട്ടില്‍ അത്രക്ക് സ്വാധീനം അംബാനിമാര്‍ക്ക് സര്‍ക്കാറില്‍ ഉണ്ട് !

 3. A fine read,thanks Pappetta.I just scanned through the NDTV website,they have carried an elaborate piece on the CAG raport on reliance.We cant expect anything else from Arnab brand of anti-corruption heros.The fight against corruption is nothing more than a fashion statement for them.

 4. “ഇന്‍ഡ്യയില്‍ രണ്ട് തരം ഭരണകൂടങ്ങള്‍ മാത്രമാണുള്ളത് ഒന്ന് റിലയന്‍സ് അനുകൂലം മറ്റൊന്ന് റിലയന്‍സ് പ്രതികൂലം ” .

  ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട , ഹമീഷ് മക് ഡൊണാള്‍ഡിന്റെ “The Polyester Prince: The Rise of Dhirubhai Ambani“ – എന്ന കൃതിയിലെ പരാമര്‍ശമാണിത് . റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അംബാനി സൃഷ്ടിച്ച കോര്‍പ്പറേറ്റ് – അധോലോക സംസ്കാരത്തെക്കുറിച്ചൂം വിശദമാക്കുന്ന ഒരു കൃതിയാണിത് .ഇന്‍ഡ്യയില്‍ ഒരു കൃതി നിരോധിക്കണമെങ്കില്‍ അതിനെ സംബന്ധിച്ചു മത വിരുദ്ധമോ , അതിനെതിരെ പൊതുജന പ്രക്ഷോഭമോ വസ്തുതയ്ക്കു നിരക്കാത്തതോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ വിവാദമോ ഉണ്ടാകണമെന്നതാണ് സാമാന്യ ന്യായം .ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമ സംസ്കാരത്തെക്കുറിച്ചും ഏറെ വാചാലമാകുന്നൊരു നാട്ടില്‍ യാതൊരു വിവാദത്തിനും ഇടം നല്‍കാതെ , കാരണം എന്താണെന്നു പോലുമറിയാതെ നിശബ്ദമായി ഈ കൃതി നിരോധിക്കപ്പെട്ടിരിക്കുന്നു .ഇന്‍ഡ്യയില്‍ മതങ്ങളെ , ദൈവങ്ങളെ , രാഷ്ട്രപിതാവിനെ വരെ നമുക്കു വിമര്‍ശിക്കാം , പുസ്തകമെഴുതാം പക്ഷെ കോര്‍പ്പറേറ്റുകളെക്കുറിച്ച് വസ്തുതകള്‍ പോലും എഴുതാന്‍ ഭരണ കൂടങ്ങള്‍ നമ്മെ അനുവദിക്കില്ല . ഇന്‍ഡ്യയില്‍ റിലയന്‍സിനു മതങ്ങളെക്കാളും ദൈവത്തെക്കാളും എല്ലാം പ്രഭാവമുണ്ടെന്നു തോന്നുന്നു .!!
  from – http://isolatedfeels.blogspot.com/2011/06/blog-post_18.html

 5. A detailed interview of Mr.Tapan Joshi of CPIM was published in Rediff.com regarding the KG basin issue.

  Though the mainstream media sidelines the news about corporates, there are a few, we need to admit that

 6. കഴിയുന്നത്ര അഴിമതി നമുക്കും നടത്താം…വേകുന്ന പുരക്കു ഊരുന്ന കഴുക്കോല്‍ ലാഭം!

 7. കേരള തീരത്ത് ഖനനം വേണ്ടാന്ന് വെച്ചതിന്റെ കാരണം , കേരളത്തില്‍ ഇത്തരം കുത്തക അഴിമതികളെ പുറത്തു കൊണ്ടുവരും എന്നാ പേടി കൊണ്ടാകാം

Leave a Reply

Your email address will not be published. Required fields are marked *