സ്ലാവോയ് സിസേക്: പേക്കിനാവായി മാറുന്ന സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നെണീക്കുന്നവരാണ് നമ്മള്‍

അഴിമതിയോ അത്യാര്‍ത്തിയോ അല്ല പ്രശ്നം; ഈ സമ്പ്രദായമാണ്. അത് അഴിമതി ചെയ്യാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കുന്നു. ശത്രുക്കളെ മാത്രമല്ല, ഈ പ്രക്രിയയെ എളുപ്പമാക്കിക്കൊണ്ടിരിക്കുന്ന കപടസുഹൃത്തുക്കളെക്കൂടിയാണ് നമ്മള്‍ സൂക്ഷിക്കേണ്ടത്- നമ്മുടെ കാലത്ത് ജീവിക്കുന്ന ഏറ്റവും വലിയ ചിന്തകരിലൊരാളായ സ്ലാവോയ് സിസേക് കഴിഞ്ഞ ദിവസങ്ങളിലാന്നില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരോടു നടത്തിയ പ്രഭാഷണം. വിവര്‍ത്തനം: പ്രഭാ സക്കറിയാസ്

നമ്മള്‍ തോറ്റുപോയവരാണെന്ന് അവര്‍ പറയുന്നു, എന്നാല്‍ യഥാര്ത്ഥ പരാജിതര്‍ വാള്‍സ്ട്രീറ്റില്‍ ഉള്ളവരാണ്. നമ്മുടെ പണം കോടിക്കണക്കിന് ചിലവിട്ടാണ് അവര്‍ ജാമ്യം നേടിയത്. നമ്മള്‍ സോഷ്യലിസ്റ്റുകളെന്ന് അറിയപ്പെടുന്നു, എന്നാല്‍ ധനികര്‍ക്ക് എന്നും സോഷ്യലിസമുണ്ട്. നമ്മള്‍ സ്വകാര്യഉടമസ്ഥതയെ ബഹുമാനിക്കുന്നില്ലെന്ന് അവര്‍ പറയുന്നു, എന്നാല്‍ ഇന്ന് ഇവിടെ കൂടിയിരിക്കുന്ന നമ്മളെല്ലാവരും ആഴ്ചകളോളം രാവും പകലും നശിപ്പിച്ചാലും തകരുന്നതിനെക്കാള്‍ കൂടുതല്‍ സ്വകാര്യ സ്വത്താണ് 2008ല്‍ വിപണി തകര്‍ന്നപ്പോള്‍ നശിച്ചത്. നമ്മള്‍ സ്വപ്നജീവികളാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ കാലങ്ങളോളം തുടരാം എന്ന് കരുതുന്ന അവരാണ് ശരിയായ സ്വപ്നജീവികള്‍; നമ്മളല്ല! പേക്കിനാവായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നെണീക്കുന്നവരാണ് നമ്മള്‍.
നമ്മള്‍ ഒന്നും നശിപ്പിക്കുന്നില്ല. ഒരു സമ്പ്രദായം എങ്ങനെ സ്വയം തകരുന്നു എന്നതിന് സാക്ഷികളാകുന്നതെയുള്ളൂ.

കാര്‍ട്ടൂണുകളിലെ ആ ക്ലാസിക്‌ രംഗം നമുക്കെല്ലാമറിയാം. വായുവിലേക്ക് നടന്നുചെന്നാലും കാല്‍ക്കീഴില്‍ ഒന്നുമില്ല എന്നതിനെ അവഗണിച്ചുകൊണ്ട് നടത്തം തുടരുന്ന പൂച്ച. താഴോട്ടുനോക്കി ചവിട്ടാന്‍ നിലമില്ല എന്ന് ബോധ്യം വരുമ്പോള്‍ മാത്രമാണ് അതു താഴെ വീഴുക. അതാണ്‌ നാം ഇവിടെ ചെയ്യുന്നത്. വാള്‍ സ്ട്രീറ്റിലെ ആളുകളോട് നമ്മള്‍ പറയുകയാണ്‌, “ഹേയ്, താഴേയ്ക്ക് നോക്ക്!”
2011 ഏപ്രില്‍ പകുതിയില്‍ ടീവിയിലും സിനിമയിലും നോവലുകളിലും നിന്ന് അപരയാഥാര്‍ഥ്യമോ സമയസഞ്ചാരമോ പ്രമേയമാകുന്ന കഥകളെല്ലാം ചൈനീസ്‌ ഗവണ്മെന്റ് നിരോധിക്കുകയുണ്ടായി. ഇത് ചൈനയെ സംബന്ധിച്ച് നല്ല ഒരു സൂചനയാണ്. എന്നാല്‍ ഈ ആളുകള്‍ ഇപ്പോഴും അപരയാഥാര്‍ഥ്യങ്ങള്‍ സ്വപ്നം കാണുന്നു, ഇത്തരം സ്വപ്‌നങ്ങള്‍ നാം നിരോധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇവിടെ സ്വപ്‌നങ്ങള്‍ക്കു നിരോധനം ഒന്നും പുറപ്പെടുവിക്കേണ്ട കാര്യമില്ല, കാരണം സ്വപ്നം കാണാനുള്ള നമ്മുടെ കഴിവിനെ പോലും ഭരണസമ്പ്രദായം അടിച്ചമര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. നമ്മള്‍ കാണുന്ന സിനിമകളെല്ലാം ഒന്ന് ശ്രദ്ധിച്ചുനോക്കുക. ലോകാവസാനം സങ്കല്‍പ്പിക്കല്‍ വളരെ എളുപ്പമാണ് എന്ന് തോന്നും. ജീവനെ മുഴുവന്‍ ഒരു ഉല്‍ക്ക വന്നു നശിപ്പിക്കുന്നതും മറ്റുമൊക്കെയാണ് കഥ. എന്നാല്‍ നിങ്ങള്‍ക്ക് മുതലാളിത്തത്തിന്റെ അന്ത്യം സങ്കല്‍പ്പിക്കാന്‍ കഴിയില്ല.

അപ്പോള്‍ പിന്നെ നമ്മള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? കമ്യൂണിസ്റ്റ്‌ കാലത്ത് നിന്നുള്ള ഒരു പഴയ തമാശ ഞാന്‍ പറയട്ടെ. കിഴക്കന്‍ ജര്‍മനിയില്‍നിന്ന് ജോലിക്കായി ഒരുത്തനെ സൈബീരിയയില്‍ അയച്ചു. തന്റെ കത്തുകളെല്ലാം സെന്‍സര്‍ ചെയ്യുമെന്ന് അവനു അറിയുമായിരുന്നു, അതുകൊണ്ട് അവന്‍ സുഹൃത്തുക്കളോട് പറഞ്ഞു: “നമുക്കൊരു കോഡ് ഉണ്ടാക്കാം. നിങ്ങള്‍ക്ക് കിട്ടുന്ന കത്ത് നീല മഷിയില്‍ ഉള്ളതാണെങ്കില്‍ അതു സത്യമാണ്. ചുവന്ന മഷിയിലാണെങ്കില്‍ അത് നുണയാണ്.” ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്ക്ക് ആദ്യത്തെ കത്ത് കിട്ടി. എല്ലാം നീല മഷിയിലാണ്. കത്തില്‍ പറയുന്നു, “ഇവിടെ എല്ലാം മനോഹരമാണ്. സ്റ്റോറുകള്‍ നിറയെ നല്ല ഭക്ഷണം. സിനിമാ തിയേറ്ററുകള്‍ നല്ല വിദേശസിനിമകള്‍ പ്രദര്ശിപ്പിക്കുന്നു. വീടുകള്‍ വലുതും സൌകര്യങ്ങള്‍ തികഞ്ഞതുമാണ്. ആകെ വാങ്ങാന്‍ കിട്ടാത്ത ഒരു വസ്തു ചുവന്ന മഷി മാത്രം.”

ഇങ്ങനെയാണ് നമ്മള്‍ ജീവിക്കുന്നത്. വേണ്ട സ്വാതന്ത്ര്യമെല്ലാം നമുക്കുണ്ട്. എന്നാല്‍ ആകെ ഇല്ലാത്തത് ചുവന്ന മഷിയാണ്: നമ്മുടെ സ്വാതന്ത്ര്യമില്ലായ്മയെ പറ്റി പറയാനുള്ള ഭാഷ. സ്വാതന്ത്ര്യത്തെപ്പറ്റി പറയാന്‍ നമ്മെ പരിശീലിപ്പിച്ചിരിക്കുന്ന രീതി (തീവ്രവാദത്തിനെതിരെയുള്ള യുദ്ധവും മറ്റും) സ്വാതന്ത്ര്യത്തെ തെറ്റായി ചിത്രീകരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാം ചുവന്ന മഷി തരികയാണ്. അതാണ്‌ ഇവിടെ നിങ്ങള്‍ ചെയ്യുന്നത്.

ഇതില്‍ ഒരു അപകടമുണ്ട്. നിങ്ങള്‍ അവനവനോട്തന്നെയുള്ള പ്രേമത്തിലാകരുത്. നമുക്ക് ഇവിടെ നല്ല കുറച്ചു സമയമുണ്ട്. എന്നാല്‍ ഓര്ക്കുകക, കാര്‍ണിവലുകള്‍ നടത്താന്‍ വലിയ ചിലവില്ല. പ്രധാനപ്പെട്ട കാര്യം നാളെ കഴിഞ്ഞ് നമ്മള്‍ നമ്മുടെ സാധാരണ ജീവിതങ്ങളിലേയ്ക്ക് തിരികെപോകുമ്പോള്‍ എന്ത് സംഭവിക്കും എന്നുള്ളതാണ്. അപ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ? ഈ ദിവസങ്ങളെ പറ്റി നിങ്ങള്‍ “ഓ, ഞങ്ങള്‍ക്ക് ചെറുപ്പമായിരുന്നു, അത് മനോഹരമായിരുന്നു” എന്ന മട്ടില്‍ ഓര്‍ക്കാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ഓര്‍ക്കുക, നമ്മുടെ പ്രഥമസന്ദേശം “ഇതരമാര്‍ഗങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ നമുക്ക് സ്വാതന്ത്യ്രമുണ്ട് ” എന്നതാണ്. ഈ നിയമം മുറിഞ്ഞാല്‍ നമുക്ക് സാധ്യമായ ഏറ്റവും മികച്ച ലോകത്തില്‍ നമ്മള്‍ ജീവിക്കില്ല. നമുക്ക് മുന്നില്‍ വളരെ ദീര്‍ഘമായ ഒരു വഴിയുണ്ട്. നമ്മെ എതിരിടുന്ന ബുദ്ധിമുട്ടേറിയ ചോദ്യങ്ങളുണ്ട്. നമുക്ക് വേണ്ടാത്തതെന്താണെന്ന് നമുക്കറിയാം. എന്നാല്‍ നമുക്ക് വേണ്ടതെന്താണ്? മുതലാളിത്തത്തിനു പകരം വയ്ക്കാന്‍ ഏതു സാമൂഹിക സമ്പ്രദായത്തിനു സാധിക്കും? എന്തുതരം പുതിയ നേതാക്കളെയാണ് നമുക്ക് വേണ്ടത്?

ഓര്‍ക്കുക. അഴിമതിയോ അത്യാര്‍ത്തിയോ അല്ല പ്രശ്നം; ഈ സമ്പ്രദായമാണ്. അത് അഴിമതി ചെയ്യാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കുന്നു. ശത്രുക്കളെ മാത്രമല്ല, ഈ പ്രക്രിയയെ എളുപ്പമാക്കിക്കൊണ്ടിരിക്കുന്ന കപടസുഹൃത്തുക്കളെക്കൂടിയാണ് നമ്മള്‍ സൂക്ഷിക്കേണ്ടത്. കഫീന്‍ ഇല്ലാത്ത കാപ്പിയും മദ്യം ഇല്ലാത്ത ബിയറും കൊഴുപ്പില്ലാത്ത ഐസ്ക്രീമും കിട്ടുന്നത് പോലെ അവര്‍ ഇതിനെ ഒരു നിര്‍ദോഷകരവും സദാചാരപരവുമായ പ്രതിഷേധമാക്കി മാറ്റും; ഒരു കഫീന്‍ കളയല്‍ പ്രക്രിയ. എന്നാല്‍ കോക്ക് ക്യാനുകള്‍ റീസൈക്കിള്‍ ചെയ്യുമ്പോഴും ചില്ലറ ഡോളറുകള്‍ സംഭാവന ചെയ്യുമ്പോഴും സ്റ്റാര്ബിക്സ് ക്യാപ്പുചീനോ വാങ്ങുമ്പോള്‍ ഏതോ മൂന്നാംലോകരാജ്യത്തിലെ പട്ടിണികിടക്കുന്ന കുട്ടികള്‍ക്ക് ‌ ഒരു ശതമാനം കിട്ടുന്നതും ഒക്കെ സന്തുഷ്ടി തരുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അത് മതിയായത് കൊണ്ടുതന്നെയാണ് നമ്മള്‍ ഇന്നിവിടെ എത്തിയിരിക്കുന്നത്. ജോലിയും പീഡനവും ഔട്ട്‌സോഴ്സ് ചെയ്തുകഴിഞ്ഞ് കല്യാണഏജന്സി‍കള്‍ നമ്മുടെ പ്രേമജീവിതം കൂടി ഔട്ട്‌സോഴ്സ് ചെയ്യുകയാണ് ഇപ്പോള്‍. അധികം വൈകാതെ നമ്മുടെ രാഷ്ട്രീയ ഇടപെടലുകള്‍ കൂടി ഔട്ട്‌ സോഴ്സ് ചെയ്യുന്ന ഒരവസ്ഥ എത്തും. അത് നമുക്ക് തിരിച്ചുപിടിക്കണം.

1990ല്‍ തകര്‍ന്ന ഒരു സമ്പ്രദായമാണ് കമ്യൂണിസമെങ്കില്‍ നമ്മള്‍ കമ്യൂണിസ്റ്റുകള്‍ അല്ല. ഓര്‍ക്കുക., അന്നത്തെ കമ്യൂണിസ്റ്റുകള്‍ ആണ് ഇന്നത്തെ ഏറ്റവും പ്രഗല്‍ഭരും നിഷ്ക്കരുണരുമായ മുതലാളിമാര്‍. ഇന്ന് ചൈനയില്‍ അമേരിക്കന്‍ മുതലാളിത്തത്തെക്കാള്‍ ശക്തമായ മുതലാളിത്തമുണ്ട്, എന്നാല്‍ അവിടെ ജനാധിപത്യത്തിന്റെ ആവശ്യമില്ല. മുതലാളിത്തത്തെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ ജനാധിപത്യത്തിനു എതിരാണ് എന്ന മട്ടിലുള്ള വാദഗതികളാല്‍ സ്വയം ഉത്തരം മുട്ടാന്‍ അനുവദിക്കരുത്. ജനാധിപത്യവും മുതലാളിത്തവും തമ്മിലുള്ള വിവാഹ ഉടമ്പടി അവസാനിച്ചു. മാറ്റം സാധ്യമാണ്.
നടപ്പില്‍വരാവുന്നത് എന്ന് നമ്മള്‍ ഇന്ന് മനസിലാക്കുന്നത് എന്തൊക്കെയാണ്? മീഡിയയെ ശ്രദ്ധിച്ചാല്‍ മതി. ഒരു വശത്ത് ടെക്നോളജിയിലും ലൈംഗികതയിലും എല്ലാം സാധ്യമാണെന്ന് തോന്നും. ചന്ദ്രനിലേക്ക് സഞ്ചരിക്കാം, ബയോജനറ്റിക്സ് വഴി അമര്‍ത്ത്യരായി മാറാം, മൃഗരതിയാവാം, എന്നാല്‍ സമൂഹത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും സ്ഥിതി നോക്ക്. അതില്‍ എല്ലാം തന്നെ അസാധ്യമായി കരുതപ്പെടുന്നു. ധനികരുടെമേല്‍ അല്‍പ്പം കൂടുതല്‍ നികുതി ചുമത്തണമെന്ന് നിങ്ങള്‍ കരുതും. എന്നാല്‍ അവര്‍ പറയും അത് അസാധ്യമാണെന്ന്. നമുക്ക് അതിലെ മത്സരബുദ്ധി നഷ്ടപ്പെടും. ആരോഗ്യപരിരക്ഷക്ക് കൂടുതല്‍ പണം വേണമെന്ന് നിങ്ങള്‍ പറയും, അവര്‍ പറയും, “അത് അസാധ്യമാണ്. അത് സമഗ്രാധിപത്യത്തിന് വഴിയൊരുക്കും.” നിങ്ങള്‍ക്ക് അമര്‍ത്ത്യത വാഗ്ദാനം ചെയ്യുകയും ആരോഗ്യപരിരക്ഷക്ക് പണം തരാതിരിക്കുകയും ചെയ്യുന്ന ഈ ലോകത്തിന് എന്തോ കുഴപ്പമുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ ശരിയായി നിര്‍ണയിക്കണമെന്ന് തോന്നുന്നു. നമുക്ക് ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍ ഒന്നും വേണ്ട. മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മതി. സാധാരണക്കാരനെ മനസിലാക്കുന്നു എന്നത് മാത്രമാണ് നമ്മള്‍ കമ്യൂണിസ്റ്റ്‌ ആണെന്നതിന്റെ അര്ഥം. പ്രകൃതിയുടെ സാധാരണക്കാര്‍. ബൌദ്ധികമൂലധനത്താല്‍ സ്വകാര്യവല്ക്കരിക്കപ്പെട്ട സാധാരണക്കാര്‍. ബയോജനറ്റിക്സിന്റെ സാധാരണക്കാര്‍. ഇതിനുവേണ്ടി, ഇതിനുവേണ്ടി മാത്രമാണ് നമ്മള്‍ പൊരുതേണ്ടത്.
കമ്യൂണിസം തകര്‍ന്നുപോയെങ്കിലും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു.

നമ്മള്‍ അമേരിക്കക്കാരല്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ യഥാര്‍ഥ അമേരിക്കക്കാര്‍ എന്നവകാശപ്പെടുന്ന കണ്‍സര്‍വേറ്റീവ് ഫണ്ടമെന്റലിസ്റ്റുകളെ ചിലത് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തീയത എന്നാല്‍ എന്താണ്? അത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് എന്നാല്‍ എന്താണ്? പരസ്പരസ്നേഹം കൊണ്ട് ബന്ധിതരായ, എല്ലാവര്‍ക്കും തുല്യഅവകാശങ്ങള്‍ ഉള്ള സമൂഹം ഉണ്ടാവണം എന്ന് വിശ്വസിക്കുന്ന ആളുകളുടെ കൂട്ടമാണ് അത്. അതിനായി അവരുടെ പക്കല്‍ സ്വന്തം സ്വാതന്ത്ര്യവും ഉത്തരവാദിതവും മാത്രമാണ് ഉള്ളത്. ഈ അര്‍ഥത്തില്‍ പരിശുദ്ധാത്മാവ് ഇപ്പോള്‍ ഇവിടെ ഉണ്ട്. വാള്‍സ്ട്രീറ്റില്‍ ആവട്ടെ അവിശ്വാസത്തിന്റെ പ്രതിമകളെ പൂജിക്കുന്ന അധര്‍മ്മികള്‍ മാത്രമാണുള്ളത്. നമുക്ക് ആകെ വേണ്ടത് ക്ഷമയാണ്. ഇവിടുന്ന് നമ്മള്‍ വീട്ടില്‍ പോയി പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ സന്ധിച്ച് ബിയര്‍ കുടിച്ച് ഗൃഹാതുരത്വത്തോടെ “ഇവിടെ നമ്മള്‍ എത്ര നല്ല സമയം ചെലവിട്ടു” എന്നോര്‍മ്മിക്കുന്നവരായി മാറുമോ എന്നത് മാത്രമാണ് എന്റെ പേടി. ഇങ്ങനെ വരില്ല എന്ന് സ്വയം വാക്ക്‌ കൊടുക്കുക. ആളുകള്‍ക്ക് മോഹങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് ഒരാവശ്യമായി തോന്നാറില്ലെന്ന് നമുക്കറിയാം. മോഹിക്കുന്നതിനെ ആവശ്യപ്പെടാന്‍ നമുക്ക്‌ പേടിക്കാതിരിക്കാം. വളരെ നന്ദി.

വിവ:പ്രഭ സക്കറിയാസ്

നോം ചോംസ്കി: വാള്‍സ്ട്രീറ്റില്‍ കൊള്ളസംഘങ്ങള്‍

മൈക്കിള്‍ മൂര്‍: മാറ്റം ഇനി അതിവേഗം

6 thoughts on “സ്ലാവോയ് സിസേക്: പേക്കിനാവായി മാറുന്ന സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നെണീക്കുന്നവരാണ് നമ്മള്‍

  1. നന്നായിട്ടുണ്ട്. പ്രഭാഷണം മാത്രമല്ല, വിവര്‍ത്തനവും. “ഇവിടുന്ന് നമ്മള്‍ വീട്ടില്‍ പോയി പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ സന്ധിച്ച് ബിയര്‍ കുടിച്ച് ഗൃഹാതുരത്വത്തോടെ “ഇവിടെ നമ്മള്‍ എത്ര നല്ല സമയം ചെലവിട്ടു” എന്നോര്‍മ്മിക്കുന്നവരായി മാറുമോ എന്നത് മാത്രമാണ് എന്റെ പേടി. ഇങ്ങനെ വരില്ല എന്ന് സ്വയം വാക്ക്‌ കൊടുക്കുക.”

  2. ഇവിടുന്ന് നമ്മള്‍ വീട്ടില്‍ പോയി പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ സന്ധിച്ച് ബിയര്‍ കുടിച്ച് ഗൃഹാതുരത്വത്തോടെ “ഇവിടെ നമ്മള്‍ എത്ര നല്ല സമയം ചെലവിട്ടു” എന്നോര്‍മ്മിക്കുന്നവരായി മാറുമോ എന്നത് മാത്രമാണ് എന്റെ പേടി……

    നമ്മള്‍ മലയാളികള്‍ ഇവരെ പോലെ ആണ് ,,അന്ന് … നമ്മുല്‍ പുന്നപ്രയും വയലാറും ,കണ്നുരും, കരിവല്ലുരും എന്ന് പറഞ്ഞു ഒതുങ്ങി കൂടനവര്‍,,കാലത്തിന്റെ ചുവരുഎഴുതുകള്‍ വായിക്കാന്‍ സമയമായി എന്ന് നമ്മെ ഒര്മാപെടുതുന്നു ! നന്ദി

Leave a Reply

Your email address will not be published. Required fields are marked *