പാക്കറ്റ് പാലില്‍ പാലെത്ര, പൊടിയെത്ര?

 

 

പാല്‍പ്പൊടി കലക്കി മില്‍മ
വിതരണം ചെയ്യേണ്ട: ഹൈക്കോടതി

കൊച്ചി: പാല്‍പ്പൊടി കലക്കി കവറിലാക്കി മില്‍മ വിതരണം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇറക്കുമതിചെയ്ത പാല്‍പ്പൊടി വാങ്ങാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി സി ദിവാകരന്‍ കൃഷിമന്ത്രി ശരത്പവാറിനയച്ച കത്ത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം. പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് അനുമതി നല്‍കിയതിനെതിരെ വൈപ്പിന്‍ സ്വദേശി ജസ്റ്റിന്‍ പൈവ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ , ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ പ്രതികരിച്ചത്. 13 കോടിയോളം രൂപ പാല്‍പ്പൊടി വാങ്ങാന്‍ ചെലവഴിച്ചതായി മില്‍മ കോടതിയില്‍ സമര്‍പ്പിച്ച വരവുചെലവ് കണക്കില്‍നിന്നു വ്യക്തമാകുന്നതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി

(ദേശാഭിമാനി ഒക്ടോബര്‍ 28)


‘കേരളം കണികണ്ടുണരുന്ന നന്മ’യെന്ന ലേബലിലെത്തുന്ന മില്‍മയില്‍ നന്മ വെറും 60 ശതമാനം മാത്രമേയുള്ളൂവെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ബാക്കി വെറും പാല്‍പ്പൊടി കലക്കിയ വെള്ളമാണ്. മില്‍മ പാലില്‍ പൊടി ചേര്‍ക്കുന്നതിനെതിരായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പി.പി പ്രശാന്തിന്റെ നിരീക്ഷണം

പ്രഭാതങ്ങളില്‍ വീട്ടുപടിക്കല്‍ വന്നുവീഴുന്ന പാല്‍കവറില്‍ പാല്‍തന്നെയാണോ? സംശയിക്കണം.’കേരളം കണികണ്ടുണരുന്ന നന്മ’യെന്ന ലേബലിലെത്തുന്ന മില്‍മയില്‍ നന്മ വെറും 60 ശതമാനം മാത്രമേയുള്ളൂവെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ബാക്കി വെറും പാല്‍പ്പൊടി കലക്കിയ വെള്ളമാണ്. മില്‍മ പാലില്‍ മായം ചേര്‍ക്കുന്നുവെന്നാരോപിച്ച് കോടതിയെ സമീപിച്ച സ്വകാര്യ വ്യക്തിയുടെ ഹരജിയില്‍ ‘പാല്‍പ്പൊടി കലക്കി കവറിലാക്കി മില്‍മ വിതരണം ചെയ്യേണ്ടെന്ന്’ഹൈകോടതി ഉത്തരവിട്ടത് ഇക്കഴിഞ്ഞ ദിവസമാണ്.

പാലില്‍ ചേര്‍ക്കാനുള്ള പാല്‍പ്പൊടിക്കായി അയര്‍ലണ്ടില്‍ നിന്നുള്ള പാല്‍പൊടി വാങ്ങിയ ഇനത്തില്‍ 2010ല്‍ മില്‍മ ചെലവിട്ടത് 13 കോടിയും. അയര്‍ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത പാല്‍പ്പൊടി വാങ്ങാന്‍ കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന് മുന്‍ ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ അയച്ച കത്ത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം വന്നത്.അതേ സമയം പാല്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പാല്‍പ്പൊടി കലര്‍ത്തലല്ലാതെ മറ്റു മാര്‍ഗമില്ലെന്ന നിലപാടിലാണ് മില്‍മ.
എന്നാല്‍, പാല്‍പ്പൊടി വാങ്ങുന്നതിന് പകരം കൂടുതല്‍ പണം ചെലവാക്കി പാക്കറ്റ് പാല്‍ വാങ്ങുന്ന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കടുത്ത വഞ്ചനയാണിത്. പാല്‍പ്പൊടി ഇവിടെ തന്നെ ലഭ്യമായ സാഹചര്യത്തിലാണ് ആളുകള്‍ പാക്കറ്റ് പാലിനെ ആശ്രയിക്കുന്നത്്. ഈ ഉപഭോക്താക്കളെയാണ് കാലങ്ങളായി ഇക്കാര്യം പുറത്തു പറയാതെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്.

പാലിന്റെ ലഭ്യതക്കുറവ്
പാലിന്റെ ലഭ്യത കുറവാണ് ഇതിന് മില്‍മ നിരത്തുന്ന ന്യായം. 7.77 ലക്ഷം ക്ഷീര കര്‍ഷകരുള്‍ക്കൊള്ളുന്ന സഹകരണ സംഘമായ മില്‍മയുടെ ഉല്‍പാദനം 5.5 ലക്ഷം മാത്രമാണ്.മില്‍മയുടെ ഉപഭോക്താക്കളുടെ ആവശ്യമാകട്ടെ 10.9 ലക്ഷം ലിറ്റര്‍ പാലും. അതായത് 80 ലക്ഷം ലിറ്റര്‍ പാലിന്റെ പ്രതിദിന കുറവ്.ഇത് ആകെ പാലിന്റെ 12 ശതമാനം വരും. പാലുല്‍പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര,തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്താണ് കുറവിന്റെ ഒരു ഭാഗം പരിഹരിച്ചത്.ഏകദേശം 1.8 ലക്ഷം ലിറ്റര്‍ ലിറ്റര്‍ തമിഴ് നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
എന്നാല്‍ സംസ്ഥാനത്തെ ഡിമാന്റ് പൂര്‍ണമായി പരിഹരിക്കാന്‍ ഈ ഇറക്കുമതിക്കാവുന്നില്ല.ഒരു ലക്ഷം ലിറ്റര്‍ പാലിന്റെ കുറവ് പ്രതിദിനം വരുന്നു.
അതേ സമയം, കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും പ്രവര്‍ത്തിക്കുന്ന നിരവധി ക്ഷീര സംഘങ്ങള്‍ മില്‍മയുടെ നെറ്റ്വര്‍ക്കിന് പുറത്താണ്. ക്ഷീരവികസന സംഘങ്ങള്‍ തന്നെയില്ലാത്ത സ്ഥലങ്ങളും അനേകമുണ്ട്. ഇവിടങ്ങളില്‍ കാര്യക്ഷമമായ നെറ്റ്വര്‍ക്ക് ഉണ്ടാക്കുകയും പാല്‍ കൃത്യസമയത്ത് എത്തിക്കാന്‍ സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ പാല്‍ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. എന്നാല്‍, ഇതിനുള്ള ശ്രമങ്ങളൊന്നും നടത്താതെയാണ് എളുപ്പ വഴിയില്‍ ഈ ക്രിയ ചെയ്യുന്നത്.

എന്തുകൊണ്ട് പാല്‍പ്പൊടി
പാലിന്റെ ലഭ്യത കുറവിനാല്‍ വര്‍ഷങ്ങളായി പാല്‍പ്പൊടി (skimmed milk power^SMP)കലക്കിയാണ് (recombining/ reconstituting)പാലുല്‍പാദനത്തിലെ കുറവ് പരിഹരിക്കുന്നത്.പ്രതിദിനം ശരാശരി 40 ടണ്‍ പാല്‍പ്പൊടി വേണ്ടിവരുന്നു. കാലങ്ങളായി തുടങ്ങിയതാണ് ഈ പരിപാടി . 2009 ല്‍600 ടണ്‍ പാല്‍പ്പൊടി പുറമേ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. തുടര്‍ന്ന് കേരള കോപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ 2010 മെയിലാണ് അയര്‍ലണ്ടില്‍ നിന്ന് പൌഡര്‍ ഇറക്കുമതി ചെയ്തത്.പാല്‍ക്ഷാമം പരിഹരിക്കാന്‍ അയര്‍ലണ്ടില്‍ നിന്നും പാല്‍പ്പൊടി ഇറക്കുമതി ചെയ്യാനാവശ്യപ്പെട്ട് മുന്‍മന്ത്രി സി.ദിവാകരനായിരുന്നു നാഷനല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡിന് കത്ത് നല്‍കിയത്.കിലോഗ്രാമിന് 143 രൂപ നിരക്കിലായിരുന്നു ഇറക്കുമതി.13 കോടി യോളം രൂപയാണ് സംസ്ഥാനം ഇതിനായി ചെലവിട്ടത്.

പ്രതിദിനം ആവശ്യത്തിന്റെ അറുപത് ശതമാനം ഉല്‍പാദിപ്പിക്കാനുള്ള പാലേ മില്‍മയിലെത്തുന്നുള്ളൂ.ബാക്കി ആവശ്യത്തിനാണ് പാല്‍പ്പൊടി റീകണ്‍വേര്‍ഷന്‍ മെത്തേഡിലൂടെ പാലാക്കി മാറ്റുന്നത്. ഈ അനുപാതം പാടെ തെറ്റുന്നത് ഫെസ്റ്റിവല്‍ സീസണിലാണ്. ഓണ സീസണില്‍ ലക്ഷങ്ങളുടെ അധിക ആവശ്യമാണ് ഉണ്ടാകുക. അതോടെ പാല്‍പ്പൊടി മയമായിരിക്കും മില്‍മാ പാലിലെന്ന് വ്യക്തം.

കുറയുന്ന കന്നുകാലികള്‍
കന്നുകാലിയുടെ എണ്ണത്തിലുണ്ടായ കുറവ് പാലുല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്.പാലുല്‍പാദ ശേഷിയുള്ള കന്നുകാലികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എട്ടുലക്ഷത്തോളം കുറവുവന്നതായാണ് കണക്കുകള്‍.അതേ സമയം പാലുല്‍പാദനത്തില്‍ ഇക്കഴിഞ്ഞ വര്‍ഷം നേരിയ വര്‍ധനയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.കഴിഞ്ഞ വര്‍ഷം 24.83 ലക്ഷം ടണ്‍ പാലാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെട്ടത്.2008^2009 ല്‍ ഇത് 24.41 ലക്ഷമായിരുന്നു. 2010 ല്‍ 67 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിന ഉല്‍പാദനമുണ്ടായിരുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ 75 ലക്ഷം ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്.ഇതിന്റെ ഗുണഫലമൊന്നും മില്‍മക്കില്ലെന്ന് മാത്രം. സംസ്ഥാനത്തെ നൂറു കണക്കിന് ക്ഷീരകര്‍ഷകര്‍ ഇപ്പോഴും മില്‍മയുടെ സഹകരണസംഘത്തിന് പുറത്താണ് . അതും കൂടി ഉള്‍കൊള്ളുമ്പോഴാണ് പാലുല്‍പാദനത്തിലെ വര്‍ധന വരുന്നത്. അവരെകൂടി ഉള്‍പ്പെടുത്തിയ കൂട്ടായ്മക്ക് ശ്രമിക്കാതെയാണ് പാല്‍പ്പൊടിയെന്ന ആശയവുമായി മില്‍മ ഊരുതെണ്ടുന്നത്.
400 കോടിയോളം രൂപയാണ് 2006 ന് ശേഷം വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത്. ഇവ ഏത് വഴിയിലാണ് ചെലവിട്ടതെന്നറിയുക എളുപ്പമല്ല.അതേസമയം ഫണ്ട് ചെലവിടുന്നതല്ലാതെ ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമായ പദ്ധതികളൊന്നും വരുന്നില്ലെന്നാണ് ആക്ഷേപം.
ലിറ്ററിന് 20 രൂപയോളമാണ് മില്‍മ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നത്. പാല്‍ പാശ്ചറൈസേഷന് ശേഷം കവറിലെത്തുമ്പോള്‍ മുപ്പത് രൂപയോളം ചെലവ് വരുന്നുണ്ട്. ഇതേ തുകക്ക് തന്നെ ഉപഭോക്താവിന് എത്തിക്കേണ്ടി വരുന്ന സാഹചര്യം മറികടക്കാനാണ് ചില ‘തരികിട’കള്‍ക്ക് മില്‍മയൊരുങ്ങേണ്ടിവരുന്നത്. പാലുല്‍പാദനം വര്‍ധിപ്പിക്കണം, പാല്‍ സംസ്കരണ രീതിയിലെ ചെലവുചുരുക്കണം എന്നിവ നടന്നാലേ മില്‍മക്ക് പ്രതിസന്ധി പരിഹരിക്കാനാകൂ.

പാല്‍പ്പൊടി നല്ലതാണോ
ശരീരത്തിന് ഹാനികരമായ ഓക്സിസ്റ്റീറോള്‍സാണ് പാല്‍പ്പൊടിയിലെ പ്രധാന വില്ലന്‍. പാല്‍പ്പൊടിയില്‍ ഇത് വ്യാപകമായി അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. കൂടാതെ സാധാരണ പാല്‍പ്പൊടികളിലെ ബാക്ടീരിയകളുടെ സാന്നിധ്യവും ആശങ്കയുണ്ടാക്കുന്നു. 52 ശതമാനം ലാക്ടോസും 34 ശതമാനം പ്രോട്ടീനും മാത്രമാണ് പാല്‍പ്പൊടിയിലടങ്ങിയീട്ടുള്ളത്. ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഇത് ദോഷകരമാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെങ്കിലും പുരുഷന്‍മാര്‍ക്ക് പ്രോസ്ട്രേറ്റ് കാന്‍സറിനുള്ള സാധ്യതകള്‍ക്ക് സാഹചര്യമൊരുക്കുമെന്ന് ആരോപണമുയര്‍ന്നിരുന്നു.

വ്യപകമായ മായം ചേര്‍ക്കല്‍
അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലുകളില്‍ മായം ചേര്‍ക്കല്‍ >വ്യപകമാണ്. ഫോര്‍മാലിന്‍ കലക്കിയ പാല്‍പോലും അന്യസംസ്ഥാനത്ത് നിന്നെത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും മോശമല്ല.

ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പാല്‍ ബ്രാന്റുകളുടെ വില്‍പ്പന നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവ് ഇറങ്ങിയിരുന്നു. മാരകമായ വിഷപഥാര്‍ഥങ്ങള്‍ പാലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൂജ, പെന്റഫ്രഷ്, പാലിക എന്നീ ബ്രാന്റുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്. കാക്കനാട്ടെ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ അടക്കമുള്ള രാസ വസ്തുക്കള്‍ പാലില്‍ കണ്ടെത്തിയത്. പാല്‍ കേടാവാതിരിക്കാനാണ് ഇവ ചേര്‍ത്തത്. ഇത്ര ഗുരുതരമായ കണ്ടെത്തല്‍ ഉണ്ടൊയിട്ടും എറണാകുളത്ത് മാത്രമാണ് ഇവ നിരോധിച്ചത്. സംസ്ഥാനത്തിന്റെ മറ്റിടങ്ങഴില്‍ ഇവയുടെ വില്‍പ്പന തുടരുന്നതായാണ് വിവരം. സ്വകാര്യ കമ്പനികളുടെ പാലുകള്‍ വിഷമയമായി മാറുന്ന സാഹചര്യത്തില്‍
കൂടുതല്‍ പേര്‍ മില്‍മ പാലിനെയാണ് ആശ്രയിക്കുന്നത്.

ഈ അവസ്ഥയിലാണ് പാല്‍പ്പൊടി കലക്കിയ പാല് കുടിപ്പിക്കാന്‍ മില്‍മയെത്തുന്നത്. ഫ്രഷ് പാലെന്ന പേരില്‍ നിയമ വിരുദ്ധ ഉല്‍പന്നങ്ങള്‍ ചേര്‍ത്ത പാല്‍ കുടിപ്പിക്കുന്ന മില്‍മക്കെതിരെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് വൈപ്പിന്‍ സ്വദേശി ജസ്റ്റിന്‍ പൈവ നല്‍കിയ ഹരജി. ഇത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

2 thoughts on “പാക്കറ്റ് പാലില്‍ പാലെത്ര, പൊടിയെത്ര?

Leave a Reply

Your email address will not be published. Required fields are marked *