മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം

മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് ഏറെ അകലെയല്ല നെടുങ്കണ്ടം. അവിടെ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് ഭൂകമ്പവും മുല്ലപ്പെരിയാര്‍ ഭീതിയും വിദൂര യാഥാര്‍ഥ്യവുമല്ല. വര്‍ഷങ്ങളായി മുല്ലപ്പെരിയാര്‍ പ്രശ്നം അടുത്തുനിന്നറിയുന്ന ഒരാള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ വായിച്ചെടുക്കുന്നു. കെ.പി ജയകുമാര്‍ എഴുതുന്നു

അതൊരു സാധാരണ ദിവസമായിരുന്നു. പള്ളിക്കൂടത്തിലേക്കുള്ള പതിവ് നേരത്ത് കുന്നിറങ്ങി താഴെ റോഡിലെത്തി. കൂട്ടുകാര്‍ക്കായി കലുങ്കിനു സമീപമുള്ള പതിവ് കാത്തുനില്‍പ്പ്. പൊടുന്നനെ ചുറ്റുമുള്ള മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ വിറച്ചു. നിന്നിടം വിറച്ചോ? ഭൂമിക്കടിയില്‍നിന്നും ഒരു മുഴക്കം. ഭയചകിതരായ പക്ഷികള്‍ ചിലച്ചുകൊണ്ട് നാലുപാടും ചിതറി.

‘എടാ… കേട്ടോ…. ഇടിവെട്ടിയതാണോ? ‘ അകലെനിന്നും വിജയനും സംഘവുമെത്തി. കാലില്‍നിന്നും തലയിലേക്കു പാഞ്ഞുകയറിയ തരിപ്പിറങ്ങി. പേരറിയാത്ത ഭയവും അത്ഭുതവും കലപിലയാക്കി ഞങ്ങള്‍ പള്ളിക്കൂടത്തിലേക്കു നടന്നു.
വഴിയോരത്ത് വീടുവിട്ടിറങ്ങിയ പെണ്ണുങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ‘അലമാരേന്ന് പാത്രോക്കെ പടപടേന്നു വീണു….’ പലപലഭേദങ്ങളില്‍ അനുഭവാഖ്യാനങ്ങള്‍ കെട്ടിമറിഞ്ഞ് കലങ്ങി.
പോകപ്പോകെ കലക്കങ്ങള്‍ തെളിഞ്ഞുവന്നു. പൊന്നൂച്ചേട്ടന്റെയും മുണ്ടക്കയം തങ്കച്ചായന്റേം ലക്ഷംവീട് കോളനിയിലെ പലരുടെയും വീടുകളുടെ കുമ്മായം തേച്ച ഭിത്തികളില്‍ തെറ്റിവരച്ച ഗ്രാഫുപോലെ പൊട്ടല്‍ വരകള്‍.

1988ലെ ആ പകല്‍
‘സംഭവം ഭൂമികുലുക്കം തന്നെ’ നാട്ടുകാര്‍ ഒരു തീരുമാനത്തില്‍ എത്തിക്കൊണ്ടിരുന്നു. ഭൂമികുലുക്കം!
ഭൂമിശാസ്ത്ര പുസ്തകം വിട്ട് അത് ആദ്യമായി ഞങ്ങളുടെ കാലടികളില്‍ ഞെട്ടി. തരിച്ചു. 1988ലെ ആ പകല്‍ നേരത്താണ് ഹൈറേഞ്ചില്‍ ആദ്യമായി ഭുചലനം ഉണ്ടായത്.

സ്കൂളിലെത്താന്‍ ഞങ്ങള്‍ പതിവിലും വൈകി. അധ്യാപകരും കുട്ടികളും മുറ്റത്തുണ്ടായിരുന്നു. അനുഭവങ്ങള്‍ പിന്നെയും പിന്നെയും പലതരം ആഖ്യാനങ്ങളിലൂടെ പെരുകി ഇരമ്പിനിന്നു. സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീഴുമോ എന്ന ഭയംമൂലം ആരും അകത്തുകയറിയില്ല, ഒന്നാം ബെല്ലടിച്ചിട്ടും. അന്നു വൈകിയെത്തിയ ഹെഡ്മാസ്റര്‍ പണിക്കര്‍ സാര്‍ ഞങ്ങളുടെ ആശകളെ ആവിയാക്കി. ‘എല്ലാരും ക്ലാസില്‍ പോ’. ബസ്സിലായിരുന്നതിനാല്‍ സാറ് ഭൂമി കുലുങ്ങിയത് അറിഞ്ഞതേയില്ല.

ഏതാണ്ട് പതിനൊന്നുമണിയായപ്പോള്‍ നെടുങ്കണ്ടം താലൂക്ക് ഓഫീസില്‍ നിന്നും മൈക്കിലൂടെയുള്ള അറിയിപ്പ് വന്നു. കഴിഞ്ഞത് ഭൂകമ്പമായിരുന്നുവെന്നും ഇനിയും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമായിരുന്നു അറിയിപ്പ്. മൈക്ക് കെട്ടിയ വാഹനങ്ങള്‍ നാടിന്റെ നാനാഭാഗത്തും സഞ്ചരിച്ച് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

സ്കൂള്‍ വിട്ടു. ഞങ്ങള്‍ വീട്ടിലേക്കോടി. അന്നുച്ചതിരിയുന്നതിനമുമ്പ് ഒന്നോ രണ്ടോ തുടര്‍ ചലനങ്ങളുണ്ടായി. ആദ്യത്തേതിനോളം ശക്തമായില്ല. വീട്ടിലെത്തിയപ്പോള്‍ അടുക്കള ഭിത്തി നെടുനീളത്തില്‍ വിണ്ടുനില്‍ക്കുന്നു. അയല്‍വീടുകളില്‍ പലതിനും വിള്ളലുകള്‍ വീണു. അപ്പോഴേക്കും നാട്ടിലാകെ പലതരം കഥകള്‍ പ്രചരിച്ചു തുടങ്ങി.

ലോകം അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് സത്യക്രിസ്ത്യാനിയായ മോളിച്ചേച്ചി സത്യം സത്യമായും വിശ്വസിക്കുകയും പറയുകയും ചെയ്തു. രാത്രിയില്‍ വലിയ ചലനമുണ്ടാകുമെന്നും ആരും വീടിനുള്ളില്‍ കിടക്കരുതെന്നുമുള്ള ഭയപ്പെടുത്തുന്ന സന്ദേശവുമായി, പാലു കൊടുക്കാന്‍ ടൌണില്‍ പോയ കുഞ്ഞമ്പായിച്ചേട്ടന്‍ വന്നു. വീടുകള്‍തോറും കയറിയിറങ്ങി പറഞ്ഞുപറഞ്ഞാണ് അദ്ദേഹം വീട്ടിലേക്കുപോയത്. രാത്രി വൈകിമാത്രം എത്തുന്ന ശങ്കരന്‍ ചേട്ടന്റെ പാട്ട് അന്ന് നേരത്തേ കേട്ടു. ചാരായത്തിന്റെ ലഹരിയില്‍ ഭൂമിയേക്കാള്‍ വിറയാര്‍ന്ന കാലുകളുമായി ശങ്കരന്‍ചേട്ടന്‍ നേരത്തെ വീടണയുന്നു.

സന്ധ്യയായി, അമ്മ പതിവിലും വലിയ തിരികളിട്ട് വിളക്കു കത്തിച്ച് തിണ്ണയിറമ്പിലേക്ക് നീക്കിവച്ചു. കാറ്റൂതിയിട്ടും കെടാതെ ഞങ്ങളിവിടെയുണ്ടെന്ന ഒരറിയിപ്പുപോലെ വിളക്കെരിഞ്ഞു. അക്കരെ കുഞ്ഞമ്പായി ചേട്ടന്റെ വീട്ടില്‍ നിന്നും അപ്പുറത്ത് മോളിച്ചേച്ചിയുടെ വീട്ടില്‍ നിന്നും ‘പരിശുദ്ധ മറിയമേ…’ യെന്ന് പ്രാര്‍ത്ഥ നേരത്തെയാക്കി. ശങ്കരന്‍ചേട്ടന്റെ വിഷാദവും ഭക്തിയും ലഹരികൊണ്ട പാട്ടുകള്‍ കാറ്റില്‍ മുറിഞ്ഞ്മുറിഞ്ഞ് വന്നുകൊണ്ടിരുന്നു. വൈദ്യുതിയെത്താത്ത മലഞ്ചെരുവുകളില്‍ വലിയ പന്തങ്ങള്‍ നാട്ടി. നേരത്തെ ഭക്ഷണം കഴിച്ച് പ്രാര്‍ത്ഥന കഴിച്ച് എല്ലാവരും മുറ്റത്തിറങ്ങി. ഉറക്കെ കൂവി എല്ലാവരും അവരവരുടെ സാന്നിധ്യമറിയിച്ചു. സ്വന്തമായി ടോര്‍ച്ചുള്ളവര്‍ മറ്റുള്ളവരെ സന്ദര്‍ശിച്ചുവന്നു. തണുപ്പിറങ്ങിയപ്പോള്‍ മുറ്റത്ത് ആഴികൂട്ടി. ചുറ്റും ചാക്ക് വിരിച്ച് ഉറങ്ങാതിരുന്നു. വീട് തൊട്ടപ്പുറത്ത് ഇരുട്ടില്‍ ഭയപ്പെടുത്തി.

പാതിര കഴിഞ്ഞപ്പോള്‍ അമ്മൂമ്മ എഴുന്നേറ്റ് ഒരു പ്രഖ്യാപനം നടത്തി. ‘ എനിക്ക് വയസ്സായി… ജീവിച്ചിടത്തോളം എന്തായാലും ഇനി ആയുസ്സില്ല. കുലുങ്ങിയാല്‍ കുലുങ്ങട്ടെ, എനിക്ക് ഉറക്കമൊഴിയാന്‍ വയ്യ.’ അമ്മൂമ്മ വീട്ടിലേക്കു നൂണ്ടു. ഞങ്ങള്‍ കൂടുതല്‍ ഭയത്തോടെ മുറ്റത്ത് ചുരുണ്ടു. രാത്രിയുടെ മുറുക്കം അയഞ്ഞു. അക്കരനിന്നും ഇക്കരെനിന്നുമെല്ലാം ഒച്ചയനക്കങ്ങള്‍. നേരം പുലര്‍ന്നതിന്റെ ധൈര്യത്തില്‍ എല്ലാവരും വീടണയുകയാണ്.

ഭൂകമ്പമാപിനി

ആ രാത്രി ഭൂമി കുലുങ്ങിയില്ല. പിന്നീടുള്ള ദിവസങ്ങളിലും. തൊഴുത്തിലെ പശുക്കളും അമ്മൂമ്മയും മാത്രം നന്നായുറങ്ങി. ഞങ്ങള്‍ ആശങ്കയുടെ മുനയില്‍ ഉറക്കമിളച്ചു. അക്കാലം മുതല്‍ തൂമ്പയും വാക്കത്തിയും തുടങ്ങിയ പണിയായുധങ്ങള്‍ പോലെ റേഡിയോപോലെ സുപരിചിതമായ ഒരു യന്ത്രവുംകൂടി നാട്ടില്‍ പ്രചരിച്ചു. ഭൂകമ്പമാപിനി.

ശാസ്ത്രസാഹിത്യ പരിഷത്തും ഞങ്ങളുടെ ഗലീലിയോ യൂറീക്കാ ബാലവേദിയും ചേര്‍ന്നാണ് ഭൂകമ്പമളക്കുന്ന യന്ത്രം നാട്ടില്‍ കൊണ്ടുവന്നത്. പിന്നീട് നാട്ടിലെ ശാസ്ത്രജ്ഞന്‍മാരായ ചെല്ലപ്പന്‍ മേശരി ഒരൊന്നാന്തരം ഭൂകമ്പമാപിനിയുണ്ടാക്കി. സ്കൂള്‍ ശാസ്ത്രമേളക്കും പ്രവൃത്തി പരിചയമേളക്കും മല്‍സരിക്കാനെത്തിയ സ്കൂളുകള്‍ അവരുടെ പതിവ് കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം ഒരു ഭൂകമ്പമാപിനികൂടി പ്രദര്‍ശനത്തിനുവച്ചു. ക്രമേണ ഭൂകമ്പങ്ങള്‍ ഞങ്ങള്‍ മറന്നു. പിന്നീടൊരു സ്കൂള്‍ വാര്‍ഷികത്തിന് മൈക്ക് സെറ്റ് എടുക്കാന്‍ സയന്‍സ് ലാബില്‍ കയറിയപ്പോള്‍ കാലൊടിഞ്ഞതും നിലതെറ്റിയതുമായി കുറെ ഭൂകമ്പമാപിനികള്‍ പൊടിയണിഞ്ഞ് കിടന്നിരുന്നു. സ്പന്ദനങ്ങള്‍ നിലച്ചുപോയിരുന്നു.

മുല്ലപ്പെരിയാര്‍

ഇപ്പോള്‍ നാട്ടില്‍നിന്നും ഭൂകമ്പ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആശങ്കകകള്‍ പെരുകിപ്പെരുകി ഡാമിനേക്കാള്‍ വേഗത്തില്‍ ഇവിടെ മനുഷ്യരാകെ പൊട്ടിയൊലിച്ചുപോവുന്നു.

മുല്ലപ്പെരിയാര്‍ എന്നല്ല ഒരു ഡാമിന്റെയും സുരക്ഷയുടെ കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും നല്‍കാനാവില്ല. വലിയ ഭൂകമ്പമുണ്ടായാല്‍ എല്ലാം തകരാം. ഭൂകമ്പം എപ്പോള്‍ ഏതളവില്‍ സംഭവിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ശാസ്ത്രം പകച്ചുനില്‍ക്കുന്ന ഈ പഴുതിലാണ് ഭാവനകള്‍ മേയാനിറങ്ങുന്നത്.
ഇടുക്കിയിലെ പത്തു പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം മനുഷ്യരാണ് ഭയത്തിന്റെ മുനമ്പില്‍ കഴിയുന്നത്. ഡാം തകര്‍ന്നാല്‍ തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്കുനിലക്കും തമിഴകത്തെ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തോളം മനുഷ്യരുടെ കുടിനീര്‍ നിലയ്ക്കും. കൃഷിയും ആടുമാടുകളും മനുഷ്യരും വെള്ളംകിട്ടാതെ മരിക്കും. മലയുടെ ഒരു ഭാഗം വെള്ളത്തിനടിപ്പെട്ടുമരിക്കുമ്പോള്‍ മറുഭാഗം വെള്ളം കിട്ടാതെ മരിക്കും.

ഇപ്പോഴത്തെ ഡാം സുരക്ഷിതമല്ലാത്തതിനാല്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്നാണ് കേരളം പറയുന്നത്. വെള്ളം എത്രവേണമെങ്കിലും നല്‍കാം, അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണം. തമിഴ്നാടാകട്ടെ അതിന് വഴങ്ങുന്നില്ല. പുതിയ അണക്കെട്ട് അനുവദിച്ചാല്‍ അതിന്‍മേലുള്ള അവകാശം തമിഴ്നാടിനായിരിക്കണമെന്ന ആവശ്യം അവര്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. ഡാമിന്റെ പണി പൂര്‍ണ്ണമായും ഏറ്റെടുത്തു നടത്താന്‍ സംസ്ഥാനം തയ്യാറാണെന്ന് കേരളവും അറിയിച്ചു കഴിഞ്ഞു.

പ്രശ്നം അണക്കെട്ടല്ല; ജലവുമല്ല
അപ്പോള്‍ അണക്കെട്ടല്ല പ്രശ്നം. അത് ആര്‍ നിര്‍മ്മിക്കും, അതിന്‍മേലുള്ള പരമാധികാരം ആര്‍ക്കാണ് എന്നതാണ് കാര്യം അതിര്‍ത്തിയും പരമാധികാരവും സംബന്ധിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ കാതല്‍. കുടിനീരുമാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാടിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കാവുന്നതേയുള്ളു. സുരക്ഷ മാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാട് ബലമുള്ള അണക്കെട്ട് നിര്‍മ്മിക്കട്ടെ എന്ന് കേരളത്തിന് പറയാവുന്നതേയുള്ളു. രണ്ടും സാധ്യമല്ല.

അണ പൊട്ടുന്നതിനേക്കാള്‍ഭയാനകമായ ഒരു വൈകാരിക യുദ്ധത്തിന്റെ വക്കില്‍ രണ്ട് ജനതയെ നിര്‍ത്തിയിരിക്കുകയാണ് ഭരണകൂടങ്ങള്‍.
1879ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാളാണ് മദ്രാസ് ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരുമായി മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടുന്നത്. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ രാമസ്വാമി അയ്യരും ബ്രിട്ടീഷ് ഗവണ്‍മെന്റിനുവേണ്ടി ലോര്‍ഡ് വെന്‍ലോക്കും തിരുവിതാംകൂര്‍ രാജാവിന്റെ സെക്രട്ടറിയായിരുന്ന കെ കെ കുരുവിളയും ചേര്‍ന്നു തയ്യാറാക്കിയ കരാര്‍ അനുസരിച്ച് 999 വര്‍ഷത്തേക്ക് മുല്ലപ്പെരിയാറില്‍നിന്നും ജലമെടുക്കാന്‍ അന്നത്തെ മദ്രാസ് സര്‍ക്കാരിന് അധികാരമുണ്ട്.

രാജഭരണത്തിനുകീഴില്‍ രൂപംകൊണ്ട സകലകരാറുകളുടെയും കാലാവധി 99 വര്‍ഷമായി നിജപ്പെടുത്തിയിട്ടും പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍മാത്രം കരാര്‍ മാറ്റമില്ലാതെ തുടരുകയാണുണ്ടായത്. അതനുസരിച്ച് എ ഡി 2878 വരെ മുല്ലപ്പെരിയാറിലെ ജലത്തിന് തമിഴ്നാടിന് അവകാശമുണ്ട്. മാത്രമല്ല പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 8100 ഏക്കര്‍ ഭൂമി തമിഴ്നാട് പാട്ടത്തിനുപയോഗിക്കുന്നു. കരാര്‍ റദ്ദ് ചെയ്ത് പുതിയ അണക്കെട്ടുവന്നാല്‍ തമിഴ്നാട് ഈ പ്രദേശത്തുനിന്നും പിന്‍മാറേണ്ടിവരും. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ മര്‍മ്മപ്രധാന കേന്ദ്രമായ ഈപ്രദേശത്ത് വനം നശിപ്പിച്ചുകൊണ്ട് തമിഴ്നാട് റോഡ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ വനംവകുപ്പിന്റെ പരാതിയും നിലവിലുണ്ട്.

കരാറില്‍ പിടിമുറുക്കിക്കൊണ്ട് തമിഴ്നാട് ഈ പ്രദേശത്ത് സ്വതന്ത്ര ഭരണം നടത്തുകയാണ്. കേരളം രൂപംകൊണ്ട ശേഷം കഴിഞ്ഞ അമ്പതുവര്‍ഷവും നിസ്സഹായരായി നോക്കിനില്‍ക്കാനേ വിവിധ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിരുന്നുള്ളു. കരാര്‍ റദ്ദ് ചെയ്തുകൊണ്ട് പ്രദേശത്തിന്റെ ഭരണം തിരികെപിടിക്കുന്നതിനുള്ള കേരളത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

കരാറിന്റെ പിന്‍ബലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും 150 ചതുരശ്ര അടി വിസ്താരമുള്ളതും 5220 അടി നീളമുള്ളതുമായ തുരങ്കത്തിലൂടെ കേരള അതിര്‍ത്തിവരെയും 5600 അടി നീളമുള്ള തുറന്ന കനാലിലൂടെ തമിഴ് താഴ്വരയിലേക്കും തമിഴ്നാട് യഥേഷ്ടം വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇതിനെ സംബന്ധിച്ച് കൃത്യമായി കണക്കുകളോ രേഖകളോ കേരളത്തിന് ലഭ്യമല്ല. മുല്ലപ്പെരിയാര്‍ മേഖലയിലെ മഴയുടെ ലഭ്യത, ഡാമിന്റെ ജലവിതാനം, വൈദ്യുതി ഉല്‍പ്പാദനത്തിനും ജലസേചനത്തിനും കുടിവെള്ളത്തിനുമുപയോഗിക്കുന്ന ജലത്തിന്റെ അളവ് തുടങ്ങി നിരവധി അടിസ്ഥാന സാങ്കേതിക വിവരങ്ങള്‍ മുടക്കം കൂടാതെ കേരളത്തെ അറിയിക്കണമെന്നാണ് വ്യവസ്ഥ. തമിഴ്നാട് അതൊരിക്കലും പാലിച്ചിട്ടില്ലെന്നുമാത്രമല്ല, അണക്കെട്ട് പ്രദേശത്ത് സുരക്ഷാ പരിശോധന ഉള്‍പ്പെടെ അടിയന്തിര നടപടികള്‍ക്ക് പലപ്പോഴും കേരളത്തെ അനുവദിക്കാറുമില്ല.

പുതിയ അണക്കെട്ടിന് അനുമതി ലഭിക്കുന്നതോടെ നിലവിലുള്ള കരാര്‍ റദ്ദു ചെയ്യപ്പെടും. തമിഴ്നാടിന് മുല്ലപ്പെരിയാര്‍ പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകേണ്ടിവരും. അങ്ങനെ പ്രദേശത്തിന് പരമാധികാരം കേരളത്തിന് തിരികെ കിട്ടും. നൂറ് വര്‍ഷം പഴക്കമുള്ള ഡാമിന്റെ അപകടസ്ഥിതിയും ജനങ്ങളുടെ സുരക്ഷയും പുതിയ അണക്കെട്ട് നിര്‍മ്മിച്ച് തമിഴ്നാടിനെ ജലം നല്‍കാമെന്ന മഹാമനസ്കതയുമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. ഈ കെണി മനസ്സിലായതുകൊണ്ടാണ് അണക്കെട്ട് നിര്‍മ്മാണത്തിനുള്ള അധികാരം തമിഴ്നാടിന് ലഭിക്കണമെന്ന വാദം അവരും ഉന്നയിക്കുന്നത്. ഇപ്പോഴത്തെ തര്‍ക്കവിഷയം ജലമല്ല, ജനവുമല്ല, ആരാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തിന്റെ ഉടമകള്‍ എന്നതാണ്.

പുതിയ അണക്കെട്ട് വന്നാല്‍

അണക്കെട്ടുകള്‍ തകരുമെന്നാണെങ്കില്‍ എല്ലാം അണക്കെട്ടുകളും തകരും. മുല്ലപ്പെരിയാറിനുപകരം കെട്ടിപ്പൊക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടും തകരില്ലെന്നു പറയാനാവുമോ? പുതിയ ഡാം നിര്‍മ്മിക്കാന്‍ തക്ക സാങ്കേതിക ശേഷി നമുക്കില്ലാത്തതിനാല്‍ അതൊരു ആഗോള കച്ചവടമായി കൊണ്ടാടപ്പെടും. കോടികള്‍ മറിയും. പെരിയാര്‍ വനമേഖലയില്‍ വലിയൊരു ഭൂപ്രദേശവും ആവാസവ്യവസ്ഥയും എന്നേക്കുമായി ഇല്ലാതാവും. പുതിയ ഡാമിനായി കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിവരും. അതു വാങ്ങാനുള്ള സമ്മര്‍ദ്ദ തന്ത്രവും കൂടിയാണ് മുല്ലപ്പെരിയാര്‍ തകരുന്നുവെന്ന ആശങ്കാ വ്യവസായത്തിനു പിന്നിലുള്ളത്.

വനം നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള കുറുക്കുവഴി. അപ്പോഴും ഭൂമി കുലുങ്ങില്ലെന്നോ പുതിയ ഡാം തകരില്ലെന്നോ ഒരുറപ്പുമില്ല.
അതിനാല്‍ വീണ്ടും ഭൂകമ്പമുണ്ടാകുമെന്നും മുല്ലപ്പെരിയാല്‍ ഡാം തകരുമെന്നും ആ ജലപ്പാച്ചിലില്‍ ഇടുക്കി ഡാം തകര്‍ന്നേക്കാമെന്നും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകും ജില്ലകള്‍ പാടെ നശിച്ചേക്കാമെന്നും ആരും ഉറങ്ങരുതെന്നുമുള്ള കൂട്ടനിലവിളികള്‍ക്കുനടുവില്‍ ഇവിടെ കൊച്ചിനഗരത്തിലിരുന്ന് ഞാന്‍ അമ്മൂമ്മയേയും അമ്മയുടെ പശുക്കളേയും ഓര്‍മ്മിക്കുകയായിരുന്നു.

MORE STORIES ON MULLAPPERIYAR

ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍\വി.എ സംഗീത്

മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും\ടി.സി രാജേഷ്

അരുത്, നാം ശത്രുക്കളല്ല\പി.ബി അനൂപ്

മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം\ കെ.പി ജയകുമാര്‍

അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം\സവാദ് റഹ്മാന്‍

13 thoughts on “മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം

 1. ഈ നൊസ്റ്റി കഥകൾക്കിടയിൽ എന്താണാവോ പറയാൻ വന്നത് – ആർക്കറിയാം!

  ഒരു ആശയവും കൺവേചെയ്യാത്ത സ്ഥിരം ക്ലീഷേകൾ കുത്തിച്ചെലുത്തിയ ഒരു ബൗദ്ധിiക ലേഖനം- രാത്രിയിൽ വെറുതെ സമയംകളഞ്ഞു!

 2. ആദ്യം തന്നെ പറയട്ടെ … ജയകുമാര്‍ , ഈ കുറിപ്പിന് വളരെ നന്ദി. ഇത് നാം നമ്മോടു ചെയ്യുന്ന ഏറ്റവും നല്ല കാര്യം !
  മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ ഒഴിഞ്ഞു പോക്കിന്റെ വരെ തീരത്ത് എത്തിയ പാവം സാധാരനക്കാര്‍ക്കുണ്ടോ ഈ ഉള്ളുകളികള്‍ വല്ലതും അറിയാന്‍ കഴിയുന്നു ??! അവരുടെ ചിന്തകള്‍ക്കും അപ്പുറത്തേയ്ക്ക് മരണ ഭയമായി മുല്ലപ്പെരിയാര്‍ വളര്‍ന്നു കഴിഞ്ഞു . ഇതൊക്കെ പറയാന്‍ ശ്രമിക്കുമ്പോള്‍ പോലും ..അതൊന്നും മനസ്സിലാക്കാനോ, അതെ പറ്റി ചിന്തിക്കാനോ ഉള്ള മാനസികാവസ്തയിലല്ല പാവം ആളുകള്‍ . മീഡിയയും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളും നല്‍കിയ ചിത്രം അതിഭീകരം തന്നെ ആണ്.
  മനസ്സിലാക്കിയപ്പോള്‍ തോന്നിയ അസ്വസ്ഥതയില്‍ ഫേസ് ബുക്കില്‍ എഴുതിയ സ്ടാട്ടസ് അപ്പ്‌ ഡേറ്റു ആണ്. ക്ഷമിക്കുക ഇവിടെ അതു കോപ്പി ചെയ്യുന്നു –
  കഴിഞ്ഞ കുറെ ദിവസങ്ങളായി വാര്‍ത്തകള്‍ നല്‍കിയ അറിവുകള്‍ മുല്ലപ്പെരിയാര്‍ എന്ന ഭയത്തിന്റെതായിരുന്നു. ഇന്നു എനിക്ക് അത് അവസാനിക്കുന്നു. പത്രങ്ങളില്‍ , നെറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വായനകള്‍ എനിക്ക് നല്‍കിയത് ഉറക്കമില്ലാത്ത രാത്രികള്‍ ആണ്. ഇവിടെ ഞാന്‍ ഇതെഴുതുമ്പോള്‍ മുല്ലപ്പെരിയാര്‍ ബലപ്പെട്ടിട്ടില്ല. ..തകര്‍ന്നിട്ടും ഇല്ല. ..തകരില്ല എന്ന ഉറപ്പും ഇല്ല. പക്ഷെ ഒന്നോര്‍ക്കുക – ഡാമിന്റെ ഈ അവസ്ഥ കാലങ്ങളായി തുടരുന്നതാണ്. കണക്കുകളും, കരാറും ഇപ്പോളാണ് പത്രങ്ങളിലും , ചാനലുകളിലും നിറയുന്നത് ന്നു മാത്രം. ഏതാണ്ട് ഒരു വര്‍ഷം മുന്നേ ഉള്ള മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ നോക്കൂ..സ്ഥിതി ഗതികള്‍ ഇതൊക്കെ തന്നെയാണ്. പക്ഷെ ഇപ്പോള്‍ നെറ്റും, ചാനലും , പത്രങ്ങളും ഇത് പടര്‍ത്തുന്നു.. ആശങ്കകള്‍ വളര്തുന്നുന്നു.
  തീര്‍ച്ചയായും മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കപ്പെടെണ്ടത് തന്നെയാണ്. പക്ഷെ അതു വരാനിരിക്കുന്ന പ്രളയം പറഞ്ഞു ജനങ്ങളെ പരിഭ്രാന്തരാക്കിയല്ല .കഴിഞ്ഞ കുറെ കാലങ്ങളായി ഈ പ്രളയത്തിനു കീഴെയാണ് നമ്മള്‍ സ്വസ്ഥമായി ഉറങ്ങിയിരുന്നത്. ഇന്നു പറയുന്ന ഈ കണക്കുകളും, ഭയങ്ങളും , ചര്‍ച്ചകളും ഇത്ര കാലവും എവിടെയായിരുന്നു. ?? ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ വലിയ വിള്ളലിന്റെ പേരില്‍ ചര്‍ച്ച നടത്താന്‍ , കഴിഞ്ഞ ഭൂകമ്പം വരെ കാത്തിരുന്നതിന്റെ ആവശ്യം എന്തായിരുന്നു ?? മുപ്പതു ലക്ഷവും, നാല് ജില്ലകളും ഒഴുകിപ്പോകുന്നതിനെ പറ്റി നാം വിലപിക്കുന്നു..ഒരു കോടിയിലധികം ജനങ്ങളെ , വരും തലമുറകളെ ഗ്രസിക്കാന്‍ പോന്ന ആണവനിലയം ഓര്‍ക്കുന്നുണ്ടോ നാം???? കൂടംകുളം ആണവ നിലയത്തേ പറ്റി എത്ര പ്രാവശ്യം നമ്മള്‍ ഫേസ് ബുക്കില്‍ അപ് ടെയ്റ്റ് നല്‍കി ??? എത്ര പേരുടെ ഉറക്കം അതു കെടുത്തി ?? നമ്മില്‍ എത്രപേര്‍ ആ ആണവ ഭീതിയില്‍ ആശങ്കിതരായി ??? എത്ര ചാനലുകള്‍ അതെ പറ്റി ചര്‍ച്ച നടത്തി ?? എത്ര പത്ര റിപ്പോര്‍ട്ടുകള്‍ അതെ പറ്റി നാം വായിച്ചു ???
  ഇന്നു ഇനിയും നാടകങ്ങള്‍ അരങ്ങേറും. മുഖ്യമന്ത്രിയുടെ ചര്‍ച്ച, സത്യാഗ്രഹം, ഒടുവില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടല്‍ , വീണ്ടും ചര്‍ച്ച .. വിജയം ..മുല്ലപ്പെരിയാറില്‍ ഈ ഗവണ്മെന്റിനു വിജയം !!! വോട്ടു തന്ത്രം…!!!! വാര്‍ത്തകള്‍ പെരുപ്പിക്കുന്നതിനു പിന്നിലെ ഓരോരുത്തരുടെയും ലക്‌ഷ്യം മനസ്സിലാക്കാതെ നമ്മള്‍ – സാധാരക്കാര്‍ – ഓരോന്നും ഏറ്റെടുക്കും . മുല്ലപ്പെരിയാര്‍ പ്രശ്നം അവസാനിപ്പിച്ച വീരകൃത്യവുമായി ഗവന്മേന്റ്റ് തലയുയര്‍ത്തും .
  അപ്പോളേക്കും തൊട്ടപ്പുറത്ത്… കൂടംകുളത്ത് ലക്ഷങ്ങളുടെ അല്ല, കോടികളുടെ സംഹാര ശക്തിയുമായി ആണവനിലയം ഉയരും.. !!!!

  ഇപ്പോള്‍ ഉള്ള ഈ ” മാക്സിമം അവയര്‍നെസ്സ് ” ഉണ്ടാക്കിയെടുത്തതാണ് എന്ന തിരിച്ചറിവിന്റെ ഞെട്ടലില്‍ ആണ് ഇപ്പോളും ഞാന്‍ . തീര്‍ച്ചയായും മുല്ലപ്പെരിയാര്‍ വിഷയം ഗൌരവം ഏറിയത് തന്നെയാണ്, പരിഹരിക്കേണ്ടതും ആണ്. ഒന്നോര്‍ക്കുക.. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കുടിവെള്ളം പോലും കിട്ടാതാകുന്ന പത്തിലേറെ ഗ്രാമങ്ങള്‍ തമിഴ്നാട്ടില്‍ ഉണ്ട്. ദാഹ ജലത്തിനായി അവര്‍ നെട്ടോട്ടം ഓടും . ഒരു ജനത പേര് വെള്ള പാച്ചിലിലും , മറു ജനത കൊടും വരള്‍ച്ചയിലും ! കണക്കുകളില്‍ പലതും സൃഷ്ടിക്കപ്പെട്ടതും, സൃഷ്ടിക്കാന്‍ നിര്‍ബന്ന്ധിതമായതും തന്നെയാണെന്ന അറിവ് പറയാന്‍ വയ്യാത്ത വിധം ഭീകരമാണ്. ഈ പാനിക് അവസ്ഥ തന്നെയാണ് ഇതിന്റെ ലക്ഷ്യവും. ഫലം വരാന്‍ പോകുന്നത് പുതിയ ഒരു ഡാമില്‍ തന്നെ ! നിലവിലുള്ള ഡാമുകള്‍ പോലും താങ്ങാനാകാതെ ഇടുക്കിയും പരിസരവും വിറയ്ക്കുമ്പോള്‍ നമ്മള്‍ ഇനിയും ഡാമുകള്‍ ഉയര്‍ത്തും, കോടികള്‍ ചിലവാക്കി വര്‍ഷങ്ങള്‍ നീണ്ട പ്രോജെക്ടായി !!!
  ഭൂചലനത്തില്‍ പോലും ഉറപ്പോടെ നിലനില്‍ക്കും എന്ന് അവകാശപ്പെടാന്‍ ഒരു ഡാം എങ്കിലും നമുക്ക് ചൂണ്ടി കാണിക്കാന്‍ ആകുമോ ?? ഈ പറയുന്ന കാര്യങ്ങള്‍ ഏതു ഡാമിനും ബാധകമല്ലേ ? ഒരു ഡാം തകരില്ല എന്ന് പറയുന്നതിനേക്കാള്‍ ഏവര്‍ക്കും സുരക്ഷ തകരും എന്ന് പറയുന്നത് തന്നെയാണ് എന്നിടത്താണ് ഇവിടെ ചര്‍ച്ചകളില്‍ / വാര്‍ത്തകളില്‍ വഴിത്തിരിവുകള്‍ ഉണ്ടാകാത്തത്. പിന്നെ, ഇതിനെല്ലാം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട എന്നുള്ളതും അതിപ്രധാനം .പറഞ്ഞു വരുന്നത് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണ് എന്നല്ല, ഈ അവസ്ഥയില്‍ നാം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇത് ഇന്നോ, ഇന്നലെയോ , ഇക്കഴിഞ്ഞ വാരമോ ഉണ്ടായ വിള്ളല്‍ അല്ല. ഇതിന്റെ പഠനങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പണവും ഒക്കെ നടന്നത് ഈ അടുത്ത കാലത്ത് ഒന്നുമല്ല …ഇടയ്ക്കിടെ വരുന്ന ചെറിയ വാര്‍ത്തകള്‍ക്ക് അപ്പുറത്തേക്ക് മരണ ഭയമായി ഇതിനെ വളര്‍ത്തിയത് വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെയാണ് .
  ഇന്നു ബഹുമാന്യ ജല വിഭവ ശേഷി മന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ ഒന്ന്‍ ഇതാണ് – ” ഇടുക്കിയിലെ ആളുകള്‍ക്ക് ഓടി പോകാന്‍ കുന്നുകള്‍ ഉണ്ട് . ഏറണാകുളത്തേ ആളുകള്‍ എന്തു ചെയ്യും ?! ഓടിക്കയറാന്‍ കുന്നുകള്‍ പോലും ഇല്ല . അതുകൊണ്ട് എത്രയും വേഗം പുതിയ ഡാം പണിയണം ” .
  പുതിയ ഡാം പണിയും വരെ ( പണി തീരും വരെ എന്നത് പ്രത്യേകം ) മുല്ലപ്പെരിയാര്‍ ഡാമിന് ആയുസ്സ് ഉറപ്പു പറയാന്‍ ആര്‍ക്കാണ് കഴിയുക ??
  ഇത് ഒരു ജന വികാരമായി വളര്‍ത്തുന്നതില്‍ രണ്ടു ഗവണ്മെന്റും വിജയിച്ചിട്ടുണ്ട്. സത്യത്തില്‍ കഷ്ടം ഇതാണ് – ഈ അവസ്ഥയില്‍ മുറവിളി കൂട്ടുക, വിഷം ഏറ്റെടുക്കുക ഇതെല്ലം നമ്മള്‍ ചെയ്യും .. നമ്മള്‍ ..സാധാരണക്കാര്‍ . .!! നമ്മള്‍ കാണാത്ത കണക്കുകള്‍ കീശയില്‍ പേറി അധികാരി വര്‍ഗ്ഗവും …!

  നമുക്ക് ഒന്നേ വേണ്ടൂ ..മുല്ലപ്പെരിയാര്‍ പ്രശ്നം എത്രയും വേഗം പരിഹരിക്കണം..തമിഴ്നാടിനു വെള്ളം നല്‍കി.. കേരളത്തില്‍ പ്രളയം നിറയ്ക്കാതെ മുല്ലയാറും, പെരിയാറും ഒഴുകണം…..കൂട്ടത്തില്‍ കേള്‍ക്കാന്‍ ഒരു അഴിമതി കഥയും ഉണ്ടാകരുത്. നിര്‍ബന്ധമായും .! ഇവിടെ ഇടപെടുന്നത് പ്രകൃതിയോടാണ്‌…കാടും, മലകളും, പുഴകളും നിറഞ്ഞ സമൃധിയോടാണ്‌ … നേരിന്റെ നിറവില്‍ അതു ചെയ്യുക.. ഒരു പുഴയും പ്രളയം സൃഷ്ടിക്കില്ല, ഒരു അളവ് കോലും തെറ്റില്ല.. !!!!

 3. അപ്പോഴും ഭൂമി കുലുങ്ങില്ലെന്നോ പുതിയ ഡാം തകരില്ലെന്നോ ഒരുറപ്പുമില്ല.
  അതിനാല്‍ വീണ്ടും ഭൂകമ്പമുണ്ടാകുമെന്നും മുല്ലപ്പെരിയാല്‍ ഡാം തകരുമെന്നും ആ ജലപ്പാച്ചിലില്‍ ഇടുക്കി ഡാം തകര്‍ന്നേക്കാമെന്നും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകും ജില്ലകള്‍ പാടെ നശിച്ചേക്കാമെന്നും ആരും ഉറങ്ങരുതെന്നുമുള്ള കൂട്ടനിലവിളികള്‍ക്കുനടുവില്‍ ഇവിടെ കൊച്ചിനഗരത്തിലിരുന്ന് ഞാന്‍ അമ്മൂമ്മയേയും അമ്മയുടെ പശുക്കളേയും ഓര്‍മ്മിക്കുകയായിരുന്നു if your thinking is like that ,anything can happen at anywhere at any time,The basic issue is not that. A dam like Mullaperiyar is more than 100 years old which was built for not more than 50 years with limestone concrete .The safety of such a dam even if there is no earthquakes is a serous issue.You cannot compare it with the new dam! Living in wonderland with our fantasies of your cows and kins could be better for you,but no good for a responisible journislit!

 4. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കുടിവെള്ളം പോലും കിട്ടാതാകുന്ന പത്തിലേറെ ഗ്രാമങ്ങള്‍ തമിഴ്നാട്ടില്‍ ഉണ്ട്. ദാഹ ജലത്തിനായി അവര്‍ നെട്ടോട്ടം ഓടും . ഒരു ജനത പേര് വെള്ള പാച്ചിലിലും , മറു ജനത കൊടും വരള്‍ച്ചയിലും !
  dear Vani ,

  Calamities of whatever gravity is sad ,Having said that let me tell your ,we cannot equalize the both calamities, The drought of ten villages can be dealt far better by the system than the sudden death of ppl in kerala due to the floods if dam bursts.All are concerned abt the issues in your article ,but about the solution that too an amicable one agreable to both TN and Kerala??Can we de-commission the existing dam ,without building a new dam.How the TN villages would get water if the dam is de-commissioned, no new dam is built? These are difficult questions to get an answer at this stage. Well I too endorse that high capacity dams are always threat ,but in this particular case do you have any other option ?

 5. അനീഷ്‌ ,
  ജയകുമാറിന്റെ വാക്കുകള്‍ തന്നെ പറയട്ടെ മറുപടിയായി ..

  “പ്രശ്നം അണക്കെട്ടല്ല; ജലവുമല്ല
  അപ്പോള്‍ അണക്കെട്ടല്ല പ്രശ്നം. അത് ആര്‍ നിര്‍മ്മിക്കും, അതിന്‍മേലുള്ള പരമാധികാരം ആര്‍ക്കാണ് എന്നതാണ് കാര്യം അതിര്‍ത്തിയും പരമാധികാരവും സംബന്ധിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ കാതല്‍. കുടിനീരുമാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാടിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കാവുന്നതേയുള്ളു. സുരക്ഷ മാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാട് ബലമുള്ള അണക്കെട്ട് നിര്‍മ്മിക്കട്ടെ എന്ന് കേരളത്തിന് പറയാവുന്നതേയുള്ളു .ഇപ്പോഴത്തെ തര്‍ക്കവിഷയം ജലമല്ല, ജനവുമല്ല, ആരാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തിന്റെ ഉടമകള്‍ എന്നതാണ്.
  പുതിയ ഡാം നിര്‍മ്മിക്കാന്‍ തക്ക സാങ്കേതിക ശേഷി നമുക്കില്ലാത്തതിനാല്‍ അതൊരു ആഗോള കച്ചവടമായി കൊണ്ടാടപ്പെടും. കോടികള്‍ മറിയും. പെരിയാര്‍ വനമേഖലയില്‍ വലിയൊരു ഭൂപ്രദേശവും ആവാസവ്യവസ്ഥയും എന്നേക്കുമായി ഇല്ലാതാവും. പുതിയ ഡാമിനായി കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിവരും. അതു വാങ്ങാനുള്ള സമ്മര്‍ദ്ദ തന്ത്രവും കൂടിയാണ് മുല്ലപ്പെരിയാര്‍ തകരുന്നുവെന്ന ആശങ്കാ വ്യവസായത്തിനു പിന്നിലുള്ളത്.. ”

  സത്യത്തില്‍ കേരളീയരെയും, തമിഴരെയും അതിഭീകരമായ വൈകാരികയുദ്ധത്തില്‍ എത്തിക്കാന്‍ ഈ രണ്ടു സംസ്ഥാനങ്ങളിലെയും ഗവന്മേന്റുകള്‍ക്ക് കഴിഞ്ഞു .
  രാഷ്ട്രീയ പാര്‍ട്ടികളുടെ വടം വലിയ്ക്ക്‌ ഇടയില്‍ പെട്ട് നമ്മള്‍ സാധാരണക്കാര്‍ ! ഇത്ര ഭീകരമായ ഈ ” അവസ്ഥ ” യ്ക്ക് വേണ്ടി അഹോരാത്രം യത്നിക്കാന്‍ എന്തെ ഈ മുന്നറിയിപ്പ് വിദഗ്ധര്‍ക്ക് ഇത്രകാലം കാത്തിരിക്കേണ്ടി വന്നു ?? മുല്ലപ്പെരിയാറിന്റെ ഈ ദുരവസ്ഥയും, ഇടുക്കിയിലെ ഭൂചലനങ്ങളും നടക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി ?? ഓണത്തിനിടയില്‍ പൂട്ട്‌ കച്ചവടം എന്ന പോലെ ഇടയില്‍ ” ഡാം 999 ” നും അങ്ങ് കേറി ക്ളിക്ക് ആകും. വഴികള്‍ അതിന്റെ കമ്പനിയും വെട്ടിത്തെളിച്ച് കഴിഞ്ഞു. കാത്തിരുപ്പാണ് എല്ലാവരും…

 6. ഈ ദിവസങ്ങളില്‍ മുല്ലപ്പെരിയാര്‍ വിഷയം വലിയ ചര്‍ച്ചയായി ഉയര്‍ന്നു വന്നതിനു പിന്നില്‍ ആസൂത്രിതമായ ചില ഇടപെടലുകള്‍ ഉണ്ടെന്ന്് സംശയിക്കേണ്ടിയിരിക്കുന്നു. ഡാം 999 എന്ന സിനിമയുടെ പ്രൊമോഷന്‍ വേലകളുടെ ഭാഗമല്ല ഇതെന്ന് ഉറപ്പിച്ച് പറയാനാകില്ല. അടുത്തിടെ ഉണ്ടായ രണ്ട് സംഭവങ്ങള്‍ ഡാം 999- ന്റെ പ്രചാരകരെ സഹായി്ക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കിയില്‍ കഴിഞ്ഞയാഴ്ച ഭൂകമ്പം ഉണ്ടായതാണ് ഇതിലൊന്ന്. പക്ഷേ ഈ മേഖലയില്‍ ഭൂകമ്പങ്ങള്‍ പുതുമയല്ല. ഇത്തവണ ഉണ്ടായത് റിക്ടര്‍ സ്‌കെയിലില്‍ 3.2 രേഖപ്പെടുത്തിയ ചലനമാണ്. ഈ തോതും ഇടുക്കിക്ക് പുത്തരിയല്ല. ഇടുക്കി ജില്ലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചലനങ്ങള്‍ ഡാം റിസര്‍വോയറുകള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമാണോ എന്നറിയാന്‍ പഠനങ്ങള്‍ തന്നെ നടക്കുന്നുണ്ട്. ഇടുക്കി ഡാമിന്റെ സംഭരണിയാണ് വലിയ സമ്മര്‍ദം സൃഷ്ടിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
  മറ്റൊരു സംഭവം റൂര്‍ക്കി ഐ.ഐ.ടി യിലെ വിദഗ്ദ്ധര്‍ നടത്തിയ പഠനം പുറത്തു വന്നതാണ്. പക്ഷേ, അത് അത്ര പുതിയ വിവരങ്ങള്‍ ഒന്നും ആയിരുന്നില്ല. വിദൂര നിയന്ത്രണം സാധ്യമായ ജലാന്തര്‍ വാഹനം ഉപയോഗിച്ച് ഡാമിന്റെ സംഭരണിയുടെ ഭാഗം (ഉള്‍ഭാഗം) പരിശോധിച്ചു എന്ന പുതുമ ഈ പഠനത്തിന് ഉണ്ടായിരുന്നു. ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീളുന്ന ഒരുവിള്ളല്‍ ഡാമിലുണ്ട് എന്ന് ഈ പഠനത്തില്‍ കണ്ടെത്തി. പല കാലങ്ങളില്‍ എത്രയോ വിദഗ്ദ്ധര്‍ ഇത്തരം കാര്യങ്ങള്‍ മുല്ലപ്പരിയാറിനേക്കുറിച്ച് കണ്ടെത്തിയിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തുന്ന ഭൂചലനം ഡാമിലെ തകര്‍ത്തേക്കാമെന്നും ഇവര്‍ പറയുന്നു.
  മേല്‍പ്പറഞ്ഞ രണ്ട് സംഭങ്ങളേക്കാള്‍ പ്രാധാന്യമുള്ള എത്രയോ കാര്യങ്ങള്‍ അവിടെ ഈ വര്‍ഷം തന്നെ സംഭവിച്ചിട്ടുണ്ടെന്ന് ഇടുക്കിയിലെ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തും. എന്നിട്ടും ഇപ്പോള്‍ മാത്രം ഇന്റര്‍നെറ്റിലും ഇതര മാധ്യമങ്ങളിലും ഇത് പ്രചണ്ഡമായ ചര്‍ച്ചകള്‍ക്ക്് വഴിവ്യക്കുന്നു? ഇവിടെയാണ് സംശയമുണരുന്നത്. ഡാം999 ന്റെ റിലീസ് സംബന്ധിച്ച് കഴിഞ്ഞ് ശനിയാഴ്ചയാണ് എറണാകുളത്ത്് വാര്‍ത്താ സമ്മേളനം നടക്കുന്നത്. അതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു സമരം എറണാകുളത്ത് അരങ്ങേറിയിരുന്നു. ഡാം999- ന്റെ ഡയറക്ടര്‍ സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മറൈന്‍ ബിസ് ടി.വി എന്ന വെബ് ടെലിവിഷനിലെ പ്രവര്‍ത്തകര്‍ ഈ പ്രചാരണങ്ങളില്‍ നേരിട്ടി പങ്കാളികളാണ്. ഇതും സംശയം വര്‍ദ്ധിപ്പിക്കുന്നു. സിനിമയുടെ പ്രചാരണത്തിന് ഒരു ഡോക്യുമെന്ററി തന്നെ നിര്‍മ്മിച്ച് അതിന് ‘DAMs – The Lethal Water Bomb’ എന്ന പേരുകൊടുത്തവര്‍ ആണ് പിന്നണിക്കാര്‍. സിനിമയല്ല, പ്രമേയത്തിന്റെ പ്രാധാന്യമാണ് അവര്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നര്‍ത്ഥം.
  മുല്ലപ്പെറിയാറില്‍ നടന്ന മുന്‍പ് സൂചിപ്പിച്ച രണ്ട് സംഭവങ്ങളെ ഡാം999 എന്ന സിനിമയുടെ പ്രചാരകര്‍ നന്നായി ഉപയോഗിച്ചു എന്ന് വേണം മനസിലാക്കാന്‍. തമിഴ്‌നാട്ടിലെ വിവാദം കൂടിയായപ്പോള്‍ കാര്യങ്ങള്‍ ഗംഭീരമായി. നാഷണല്‍ മീഡിയ ഇപ്പോള്‍ തകര്‍ക്കുകയാണ്. സോഹന്‍ റോയി, ഖുശ്ബു, വൈക്കോ, ജയലളിത, കരുണാനിധി… സിനിമയുടെ പ്രൊമോഷന്‍ ഉഷാറായിക്കഴിഞ്ഞു. ഡി.എം.കെ സമ്മര്‍ദ്ദം ചെലുത്തി ദേശീയതലത്തില്‍ സിനിമ നിരോധിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാനും വഴിയുണ്ട്.
  എന്തായാലും മുല്ലപ്പെരിയാര്‍ ഒരു പുതിയ പ്രതിസന്ധിയല്ല. വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. അതായത് വേഗത്തില്‍ തീരില്ലെന്നര്‍ത്ഥം. പേടിക്കേണ്ടതായ എന്തെങ്കിലും കാര്യം പുതുതായി മുല്ലപ്പെരിയാറില്‍ സംഭവിച്ചിട്ടില്ല. ജനങ്ങളെ പാനിക് ആക്കുന്ന മാധ്യമങ്ങളും സോഹന്‍ റോയിയുടെ കെണിയില്‍ വീണിരിക്കുന്നു. സന്തോഷ് പണ്ഡിറ്റ് ഉത്സവം കഴിഞ്ഞ് മുല്ലപ്പെരിയാര്‍ ഫോര്‍വേഡുകളുമായി ഇറങ്ങിയിരിക്കുകയയാണ് ഇപ്പോള്‍ ബ്ലോഗിംഗ് പൈങ്കിളികള്‍. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 42 അടി ഉയരത്തില്‍ കൊച്ചിയില്‍ വെള്ളം പൊങ്ങുമെന്നാണ് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ടത്. ഇങ്ങനെ എഴുതുന്നവര്‍, അതിനു മുമ്പായി ഇടുക്കി ജില്ല കാണണം. മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കണം. ഇടുക്കി പദ്ധതിയുടെ സംഭരണശേഷി എത്രയെന്ന് അന്വേഷിക്കണം. വെറുതേ മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കാതിരിക്കാന്‍ ഇത്രയെങ്കിലും ചെയ്താല്‍ മതിയാകും.

  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യഥാര്‍ത്ഥ രാഷ്ട്രീയം എന്തെന്ന് മനസിലാക്കാന്‍ ജയകുമാറിന്റെ ലേഖനം സഹായിക്കുന്നുണ്ട്‌

  • @ varghese antony
   *****ഡാം999 ന്റെ റിലീസ് സംബന്ധിച്ച് കഴിഞ്ഞ് ശനിയാഴ്ചയാണ് എറണാകുളത്ത്് വാര്‍ത്താ സമ്മേളനം നടക്കുന്നത്*****
   താങ്കളുടെ കോണ്‍സ്പിരസി തിയറി വായിച്ചു പുളകം കൊണ്ടു .
   താങ്കള്‍ മുന്‍പ് സൂചിപ്പിച്ച ശനിയാഴ്ച (19 നവംബര്‍ ) രാവിലെ പുറത്ത് വന്ന ഒരു പത്ര വാര്‍ത്ത ആണിത്.

   http://www.mathrubhumi.com/online/malayalam/news/story/1285905/2011-11-19/kerala
   ###ഭീതി വിതച്ച് ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സെ്കയിലില്‍ 3.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇടുക്കിയെ വിറപ്പിച്ച ഭൂചലനം കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും അലകള്‍ സൃഷ്ടിച്ചു.###

   അന്ന് തന്നെ വന്ന മറ്റൊരു വാര്‍ത്തയാണിത് ..
   http://www.mathrubhumi.com/online/malayalam/news/story/1285838/2011-11-19/kerala
   ###വെള്ളിയാഴ്ച പുലര്‍ച്ചെ ഇടുക്കി ജില്ലയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അടിത്തട്ടില്‍നിന്ന് ശക്തമായ ജലപ്രവാഹം. ഗാലറിയോടു ചേര്‍ന്ന ഭാഗത്തുകൂടിയാണ് വെള്ളം ക്രമാതീതമായി പുറത്തേക്കൊഴുകുന്നത്. അണക്കെട്ടിനു മുകളില്‍ വിള്ളലും രണ്ടിടത്ത് ചോര്‍ച്ചയും പുതുതായി രൂപപ്പെട്ടിട്ടുണ്ട്. പുറത്തേക്കുവരുന്ന വെള്ളത്തില്‍ ഡാം നിര്‍മ്മിക്കാനുപയോഗിച്ചിട്ടുള്ള സുര്‍ക്കിയുടെ അംശവും കണ്ടെത്തിയത്, ഭൂചലനത്തില്‍ അണക്കെട്ടിന് സാരമായ കേടുപാട് സംഭവിച്ചു എന്ന സംശയം ബലപ്പെടുത്തുന്നു.###

   അന്ന് തന്നെ വന്ന മൂന്നാമതൊരു വാര്‍ത്തയാണിത്
   http://www.mathrubhumi.com/online/malayalam/news/story/1284927/2011-11-19/kerala

   ###2011 മാര്‍ച്ചിനുശേഷം 22 തവണയാണ് ജില്ല കുലുങ്ങിയത്. ഇടുക്കി ഇരുമ്പുപാലം, ഉളുപ്പൂണി, കുളമാവ്, വെഞ്ഞൂര്‍മേട്, കണ്ണംപടി, പാറത്തോട്, തോപ്രാംകുടി, വെള്ളക്കാനം എന്നിവയാണ് ഭൂമികുലക്കങ്ങളുടെ സ്ഥിരം പ്രഭവകേന്ദ്രങ്ങള്‍.###

   ഇടുക്കിയില്‍ നവംബര്‍ 18 വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാക്കിയതും സോഹന്‍ റോയി ആണ് എന്നും അത് വാര്നെര്‍ ബ്രദേര്‍സ് നടത്തിയ ആഗോള ഗൂഡാലോചന ആണ് എന്ന് കൂടി വെച്ച് കാച്ചു മാഷേ ..മാത്രമല്ല മാതൃഭൂമി അടക്കം എല്ലാ പത്രങ്ങളും ഈ ഗൂഡാലോചനയില്‍ പങ്കാളി ആണ് എന്ന് കൂടി പറയൂ .. എന്നാലല്ലേ നമ്മള്‍ മലയാളി ആവൂ.

   ഇന്നലെയും ഇടുക്കി കുലുങ്ങിയിട്ടുണ്ട് സുഹൃത്തെ .. അതും സിനിമ വിജയിപ്പിക്കാന്‍ വേണ്ടിയാവും .. വെള്ളം തലയ്ക്കു മുകളില്‍ വന്നാലും ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കണം .

 7. Stop this illogical hatred towards Tamizhnad and its people!!! After Santhosh Pandit, the oh-so-perfect beings in Mallu land has found (or rather brought back from the coffin) another ‘other’ to their so called perfect selves; the Tamizhan. And after the pan Indian Anna Hazare Movement, the Mallu-land has its own Social Media Revolution over Mullapperiyar now. There are candle light marches, bike races and what not. Thousands of online revolutionaries sit and forward their Black Berry Messages; update their facebook statues, lets out endless tweets, all from their jobless cubicles… I was literally shocked to see the venom spilled all over facebook and other such social media outlets regarding the issue.

  First of all, the idea of doing a movie promotion through sending panic and hatred all over two states itself is condemnable. One can’t ignore the fact that this entire ruckus was created in the name of a movie Dam 999. Then you manipulate all these social media retards to create a ‘cause’ out of thin air? Brilliant promotional strategy, I must say. When tamizhnaadu government bans the movie, the social media retards take it to another level by posting stuff like “You should blast the cars of Swami’s who come from Tamizhnad to Shabarimala.” Seriously, what is this sick parochial douchebagism? Social media freaks must have gone completely crazy now.

  If the dam is under some threat, it should be looked into. There should be measures taken to make sure that nothing unfortunate happens. There should be discussions at the State level and National Level. This mad mob ranting all over the internet and spreading hatred against people is not how you should deal with an issue. Shame on you!

 8. Inevitability isn’t it ? We have infected this planet like virus, spreading from one region to another and destroying it. Even in the best case scenario of dam collapsing and Idukki dam is able to control the flow of water, as you pointed out 25 Lakhs people will eventually become jobless, their lands will become baron and we, the people of God’s own country will die of hunger because we have been eating what those 2.5 million people produce. The whole thing sounds a like a conspiracy to build a new dam and the only bottleneck for doing so will be the environmental issues and with so many people under mass hysteria, it becomes impossible for the courts or the puppet government at the center to deny environmental permission. I can see why you haven’t suggested an alternate solution. It sounds bit impossible isn’t it ? But yes, the article sounds very sensible unlike a few others I have read and appreciate it. Also I must add that your description about the childhood and the life in villages took me back 20 years ago and sounded exactly like my lower primary school days. Thank you !

 9. വളരെ നന്ദി ജയന്‍ ചേട്ടാ …ഇങ്ങനെ ഒരു കുറിപ്പ് വായിക്കാന്‍ പറ്റിയതില്‍ വളരെ സന്തോഷം .ഇതില്‍ പറയുന്ന എല്ലാവരെയും എനിക്ക് അറിയവുന്നതു കൊണ്ടാകാം വല്ലാത്ത ഒരു ഫീല്‍ ………
  നന്ദി ,,,,,,,
  ശരിന്‍ കെ .എസ്
  ചിത്രാലയം

Leave a Reply

Your email address will not be published. Required fields are marked *