മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും

എന്റെ ഉറ്റവരെല്ലാം ഇപ്പോഴും അണക്കെട്ടിനു തൊട്ടടുത്ത പ്രദേശങ്ങളിലുണ്ട്. വാര്‍ത്തകളാലും ഭൂകമ്പവുമായി ബന്ധപ്പെട്ട മുന്നനുഭവങ്ങളാലും അവരനുഭവിക്കുന്ന പീഡാകരമായ ദൈന്യത എനിക്കറിയാനാവുന്നുണ്ട്. എന്നാല്‍, മുല്ലപ്പെരിയാറിന്റെ പേരില്‍ കണ്‍മുന്നില്‍ നടക്കുന്ന അതിവൈകാരിക പ്രചാരണങ്ങളും, മലയാളി ദേശീയതാ പ്രഖ്യാപനങ്ങളിലും തമിഴ് വിരുദ്ധതയിലും അതിരിട്ട ചിന്തകളുടെ ഭീഷണ സാന്നിധ്യവും അതേ പോലെ എന്നെ പേടിപ്പെടുത്തുന്നുണ്ട് -മാധ്യമപ്രവര്‍ത്തകനായ ടി.സി രാജേഷ് എഴുതുന്നു

 

 

മുല്ലപ്പെരിയാറിലെ ജലത്തിനു വീണ്ടും തീപ്പിടിച്ചു തുടങ്ങി. പല വട്ടം പല സാഹചര്യങ്ങളില്‍ തീപ്പിടിച്ച ആശങ്കകള്‍ വീണ്ടും കത്തിയാളുന്നു. അച്ചടി മാധ്യമങ്ങളാല്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് കനംവെച്ച പേടി സ്വപ്നങ്ങള്‍ പിന്നീട് ടി.വി ചാനലുകള്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ അത് സൈബര്‍ ഇടത്തില്‍നിന്നാണ് കത്തിപ്പിടിച്ചത്. വീഡിയോ ചിത്രങ്ങളിലൂടെയും ഫോട്ടോഷോപ്പില്‍ മാറ്റി മറിച്ച ഫോട്ടോഗ്രാഫുകളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ അതിവൈകാരിക കാമ്പെയിനുകളിലൂടെയുമാണ് അത് മുന്നേറുന്നത്. മുല്ലപ്പെരിയാറിനടുത്തുള്ള ഒരു പ്രദേശത്ത് ജനിക്കുകയും വളരുകയും ഇതേ പ്രദേശത്ത് അനേക വര്‍ഷങ്ങള്‍ മാധ്യമപ്രവര്‍ത്തനം നടത്തുകയും ചെയ്ത ഒരാളെന്ന നിലയില്‍ നിര്‍വചിക്കാനാവാത്ത അനേകം വൈകാരികാനുഭവങ്ങളിലൂടെയാണ് വ്യക്തിപരമായി ഞാനീ സംഭവങ്ങളെ കണ്ടുകൊണ്ടിരിക്കുന്നത്.

എന്റെ ഉറ്റവരെല്ലാം ഇപ്പോഴും അണക്കെട്ടിനു തൊട്ടടുത്ത പ്രദേശങ്ങളിലുണ്ട്. അവിടെ ഉണ്ടായിരുന്നപ്പോള്‍ ഞാനനുഭവിച്ച ആശങ്കകളിലൂടെ തന്നെയാവും അവരിപ്പോഴും കടന്നു പോവുന്നത്. മാധ്യമങ്ങള്‍ വഴിയെത്തുന്ന വാര്‍ത്തകളാലും ഭൂമിയുടെ അനിശ്ചിതമായ പടപ്പുറപ്പാടുകളെക്കുറിച്ച മുന്നനുഭവങ്ങളാലും അവരനുഭവിക്കുന്ന പീഡാകരമായ ദൈന്യത എനിക്ക് തൊട്ടറിയാനാവുന്നുണ്ട്. എന്നാല്‍, മുല്ലപ്പെരിയാറിന്റെ പേരില്‍ എന്റെ കണ്‍മുന്നില്‍ നടക്കുന്ന പലപ്പോഴും അയുക്തികമെന്ന് തോന്നുന്ന അതിവൈകാരിക പ്രചാരണങ്ങളും, മലയാളി ദേശീയതാ പ്രഖ്യാപനങ്ങളിലും തമിഴ് വിരുദ്ധതയിലും അതിരിട്ട ചിന്തകളുടെ ഭീഷണ സാന്നിധ്യവും അതേ പോലെ എന്നെ പേടിപ്പെടുത്തുന്നുണ്ട്. എതിരഭിപ്രായങ്ങളെ തീര്‍ത്തും അസഹിഷ്ണുതയോടെ കാണുന്ന ഒരു തരം മാസ് ഹിസ്റ്റീരിയയിലേക്ക് നമുക്കു ചുറ്റുമുള്ളവര്‍ വലിഞ്ഞു മുറുകിയെത്തുന്നത് സത്യമായും, ഒട്ടും സമാധാനത്തോടെയല്ല കാണാനാവുന്നത്.

ഇതുകൊണ്ടാവാം മുല്ലപ്പെരിയാറിനെ കുറിച്ച് പലപ്പോഴും പരസ്പര വിരുദ്ധമെന്നു തോന്നിക്കുന്ന അഭിപ്രായങ്ങളിലേക്കും നിലപാടുകളിലേക്കുമാണ് ഞാനിപ്പോള്‍ തിരിഞ്ഞു മറിഞ്ഞു വീഴുന്നത്. പല നിലക്ക് ഭയപ്പെടുത്തുന്ന കഴിഞ്ഞ ഇത്രയും ദിവസങ്ങളെ മുന്‍നിര്‍ത്തി അതിനാല്‍ ചിലതു പറയാതെ വയ്യ. നിര്‍ബന്ധമായും ഓര്‍ത്തു പോവുന്ന ചില ചിന്തകള്‍. അവയുടെ ചേര്‍ത്തുവെപ്പു മാത്രമാണ് ഈ കുറിപ്പ്.

ടി.സി രാജേഷ്

ജലബോംബെന്ന ഉപമ
മുല്ലപ്പെരിയാര്‍ ഒരു ജലബോംബെങ്കില്‍ അതിനു ചുറ്റുമുള്ള 20ലധികം വലിയ അണകളും അതിന്റെ പലയിരട്ടിയുള്ള ചെറിയ അണക്കെട്ടുകളും സമാനമായ ബോംബ് തന്നെയാണ്. ഇടുക്കി എന്ന ഞങ്ങളുടെ നാട് വസിക്കുന്നത് ഇത്തരം അനേകം ബോംബുകള്‍ക്ക് മുകളിലാണ്. ഞങ്ങളാരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല ഇത്രയും അണക്കെട്ടുകള്‍ ഈ നാട്ടില്‍ രൂപമെടുത്തത്. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കീശ വീര്‍പ്പിക്കാനടക്കമുള്ള കാരണങ്ങളാല്‍ പല കാലങ്ങളില്‍ ഇവ പിറവി കൊണ്ടു. ഒരിക്കലും ഞങ്ങളോടാരും ചോദിച്ചിട്ടില്ല, ഈ അണക്കെട്ടുകള്‍ നിങ്ങള്‍ക്ക് വേണോ എന്ന്. ആയുസ്സ് കൃത്യമായി എഴുതി തീരുമാനിക്കപ്പെട്ട വമ്പന്‍ പദ്ധതികള്‍ ഞങ്ങളുടെ ജീവിതത്തിനു മുകളില്‍ തീര്‍ക്കുന്ന ഭീഷണികളും കണക്കിലെടുക്കപ്പെട്ടിട്ടേയില്ല. ഇപ്പോഴും ഞങ്ങളുടെ ജലമരണമല്ല, കൊച്ചി അടക്കമുള്ള നഗരങ്ങളിലെ പരിഷ്കൃതരായ മനുഷ്യരും അവര്‍ക്കു ചുറ്റും രൂപം കൊണ്ട വന്‍കിട കെട്ടിടങ്ങളും ഭീമന്‍ പ്രൊജക്റ്റുകളും ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഭീതി മാത്രമാണ് എല്ലാ ചര്‍ച്ചകളിലും മുന്നിട്ടു നില്‍ക്കുന്നത്.

എല്ലാവര്‍ക്കുമറിയാം ഇത്രയും അണക്കെട്ടുകള്‍ ചേര്‍ന്നാണ് ഞങ്ങളുടെ നാടിനെ ഭൂകമ്പ മേഖലയാക്കി മാറ്റിയതെന്ന്. ഇത്രയും അണകള്‍ ഉയര്‍ന്നാല്‍ ഒരു നാട് എങ്ങനെയാവും എന്ന ഒരാധിയുമുണ്ടായിരുന്നില്ല ഈ വമ്പന്‍ ഡാമുകള്‍ക്ക് രൂപം കൊടുക്കുമ്പോള്‍. ഭൂകമ്പസാധ്യത അകമേ വഹിക്കുന്ന ഞങ്ങളുടെ നാട്ടില്‍നിന്ന് ഈ അണക്കെട്ടുകളെ മുഴുവന്‍ ഉച്ചാടനം ചെയ്യാനല്ല, വീണ്ടും വലിയ അണകള്‍ കെട്ടി ഭൂമിയുടെ സര്‍വസഹനവും പരീക്ഷിക്കാന്‍ തന്നെയാണ് ഇപ്പോഴും പുറപ്പാട്.

മുല്ലപ്പെരിയാര്‍ ഭൂകമ്പഭ്രംശ മേഖലയെന്ന കാര്യത്തില്‍ പുറത്തൊരാള്‍ക്കും തര്‍ക്കമില്ല. ഞങ്ങള്‍ക്കും. എന്നാല്‍, അതേ ഭൂകമ്പ മേഖലയില്‍ തന്നെ മറ്റൊരു ഡാം കൂടി കെട്ടി ഉയര്‍ത്തുന്നതിന്റെ യുക്തിയെ കുറിച്ച് ഒരാലോചനയും ഉണ്ടാവുന്നില്ല. മുല്ലപ്പെരിയാര്‍ ഭൂകമ്പ മേഖലയിലെങ്കില്‍ അതിനു താഴെ പുതുതായി നിര്‍മിക്കണമെന്ന് പറയുന്ന ഡാമിനും അതേ തലവിധി തന്നെയല്ലേ? ഇത് ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുക തന്നെയല്ലേ? ഭൂകമ്പ മേഖലയില്‍ പിറക്കാന്‍ പോവുന്ന ആ ഡാമിനെയും കാത്തിരിക്കുന്നത് ഇതേ ദുരന്തം തന്നെയാവില്ലേ?

നിലവിലുള്ള വലിയ അണക്കെട്ട് ഇല്ലാതാക്കി പുതിയ ഒന്ന് തുടങ്ങുക എന്നത് വമ്പിച്ച നിര്‍മാണ പ്രവൃത്തിയാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ അമ്പത് ഹെക്ടറിലധികം കാട് ഇല്ലാതാക്കുന്ന പ്രവൃത്തി. വനത്തിനുള്ളില്‍ തന്നെ റോഡ്, ഒരു പാട് വര്‍ഷങ്ങള്‍ തൊഴിലാളികളെ പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള വലിയ കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കേണ്ടി വരും. ഭൂകമ്പ മേഖലയില്‍ നടത്തുന്ന ഇത്തരം വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്കേല്‍പ്പിക്കുന്ന, പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എന്ത് ഫലമായിരിക്കും വിതക്കുകയെന്ന് എന്തുകൊണ്ടാണ് ആരും ഓര്‍ക്കാത്തത്.

ഒറ്റയടിക്കുണ്ടാവില്ല ഒരു ഡാമും. പാരിസ്ഥിതികാഘാത പഠനം നടത്താന്‍ തന്നെ വേണം ഒരു വര്‍ഷത്തിലേറെ. അതു പരിഗണിച്ച് കേന്ദ്ര പരിസ്തിഥി മന്ത്രാലയം അനുമതി നല്‍കാന്‍ പിന്നെയും ഏറെ കാലമെടുക്കും. ഇതെല്ലാം കിട്ടിക്കഴിഞ്ഞാല്‍, വനത്തിനുള്ളിലെ വലിയ പ്രദേശത്ത് ഇത്ര വലിയ ഡാം കെട്ടിപ്പൊക്കാന്‍ പിന്നെയും എടുക്കും വര്‍ഷങ്ങള്‍. ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും. കോടികള്‍ മറിയുന്ന പദ്ധതിയാകയാല്‍ കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നിര്‍മാണ കാലയളവ് കുറക്കാനല്ല, കൂട്ടാനാണ് എപ്പോഴും തയ്യാറാവുക. ചുരുങ്ങിയത് പത്തു വര്‍ഷം എന്ന കണക്കു തന്നെയെടുക്കാം. പുതിയ അണയുടെ നിര്‍മാണം നടക്കുന്ന ഈ കാലയളവിനുള്ളില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ എന്ത് ചെയ്യും. വരുന്ന പതിറ്റാണ്ടിനിടെ ഭൂകമ്പം ഉണ്ടാവാതിരിക്കുകയും മുല്ലപ്പെരിയാര്‍ തകരാതിരിക്കുകയും ചെയ്താല്‍ മാത്രമേ പുതിയ ഡാം എന്ന യാഥാര്‍ഥ്യത്തിലെത്താനാവൂ. എന്തു വിശ്വാസത്തിന്റെ ബലത്തിലാണ് നമ്മള്‍ പുതിയ അണക്കെട്ടിന് കാത്തിരിക്കേണ്ടത്?

നമ്മുടെ ഇപ്പോഴത്തെ പ്രക്ഷോഭം പോലും ആ ഒരര്‍ഥത്തില്‍ നിരര്‍ഥകമാണെന്നാണ് തോന്നുന്നത്. ആര്‍ക്കെതിരെയാണ് ഈ സമരം? ആരെ ബോധവല്‍കരിക്കാന്‍? സംസ്ഥാന സര്‍ക്കാറിനെയോ? പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നമ്മെക്കാള്‍ പല മടങ്ങ് ആവേശത്തിലാണ് അവര്‍. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പുതിയ ഡാം എന്ന കാര്യത്തില്‍ നമ്മേക്കാള്‍ ഒറ്റക്കെട്ടാണ്. അപ്പോള്‍ ആര്‍ക്കെതിരയാണ് നമ്മുടെ ഈ വൈകാരിക കൊടുങ്കാറ്റ്? നമ്മേക്കാളേറെ ആവേശത്തോടെ ഡാം പണിയാന്‍ നില്‍ക്കുന്നവരെ ബോധവല്‍കരിക്കാനാണോ നമ്മുടെ ഈ മെഴുകുതിരി വിപ്ലവം? അതോ നമ്മെത്തന്നെ ബോധവല്‍കരിക്കാനോ? ചുരുങ്ങിയത് പത്ത് വര്‍ഷം കൊണ്ടുമാത്രം സാധ്യമാവുന്ന ഒരു പുതിയ ഡാമിനുവേണ്ടിയാണോ ഇന്നുതന്നെ പരിഹാരം വേണമെന്ന നിലയിലുള്ള നമ്മുടെ രോഷാഗ്നികള്‍? രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവര്‍ കാണിക്കുന്ന അവഗണനക്കും അഴിമതിക്കുമെതിരെ നമ്മള്‍ നടത്തുന്ന ഈ പ്രക്ഷോഭം അന്തിമമായി ചെയ്യുന്നത് കോടികളുടെ പദ്ധതി ഇതേ ആളുകളെ ഏല്‍പ്പിച്ചു കൊടുക്കലല്ലേ? കോടികളുടെ അഴിമതിക്ക് കളമൊരുക്കലല്ലേ?

മുല്ലപ്പെരിയാര്‍ ഇല്ലെങ്കില്‍ പോലും ഇടുക്കി സുരക്ഷിതമല്ല. അത്രയേറെ ഡാമുകള്‍ ചേര്‍ന്ന് അനേകം ഭൂകമ്പ പ്രഭവ കേന്ദ്രങ്ങളാണ് തീര്‍ത്തു വെച്ചിരിക്കുന്നത്. അവിടെയല്ലെങ്കില്‍ സമീപപ്രദേശങ്ങളില്‍ ഭൂകമ്പം സ്വാഭാവികം. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മാത്രമാണോ കൊച്ചി വിറക്കുക. ഇടുക്കിയിലൊരു പ്രഭവകേന്ദ്രം മതി കൊച്ചിയില്‍ ഒരു ഭൂകമ്പം ഉണ്ടാവാന്‍. അന്നേരം ചീട്ടുകൊട്ടാരം പോലെ തകരാനുള്ള ആയുസ്സല്ലേ ചതുപ്പു നികത്തിയും നിയമങ്ങള്‍ ലംഘിച്ചും പണം മാത്രം മുന്നില്‍ കണ്ട് നാം കെട്ടിപ്പൊക്കിയ ഫ്ലാറ്റ് കൂമ്പാരങ്ങള്‍ക്കുള്ളൂ. ഭൂകമ്പ സാധ്യത മുന്നില്‍ കണ്ട് കൊച്ചിയിലും മറ്റിടങ്ങളിലും കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് എന്ത് നിയന്ത്രണങ്ങളാണ് നാമിക്കാലമത്രയും ഏര്‍പ്പെടുത്തിയത്. ഇനി ഏര്‍പ്പെടുത്താന്‍ പോവുന്നത്. അത്തരം ഒരു തീരുമാനത്തിലേക്ക് ഇനിയെങ്കിലും സര്‍ക്കാറിനെ എത്തിക്കാനല്ലേ സത്യത്തില്‍ നമ്മളീ മെഴുകുതിരി കത്തിക്കേണ്ടത്. മുല്ലപ്പെരിയാറില്‍ മറ്റൊരു ഡാം എന്ന പരിഹരക്രിയ പോലെ തന്നെ പ്രധാനമല്ലേ നാം ഒപ്പം കൊണ്ടു നടക്കുന്ന ഇത്തരം ദുരന്തസാധ്യതകളുടെ നിര്‍മാര്‍ജനം. എന്നിട്ടും എന്തു കൊണ്ടാണ് നമ്മുടെ വിരലുകള്‍ അങ്ങോട്ട് ചൂണ്ടാത്തത്. ഭൂമിയെ വീണ്ടും വീണ്ടും ഭ്രാന്ത് പിടിപ്പിക്കുന്ന പണത്തിനു വേണ്ടി മാത്രമുള്ള നമ്മുടെ കൂറ്റന്‍ നിര്‍മിതികള്‍ നിയന്ത്രിക്കണമെന്ന, അവസാനിപ്പിക്കണമെന്ന യഥാര്‍ഥ പ്രശ്ന പരിഹാരത്തിലേക്ക് നമ്മള്‍ എന്താണ് എത്തിപ്പെടാത്തത്.

കാര്യം ഒന്നേയുള്ളൂ. നമുക്ക് വേണ്ടത് താല്‍ക്കാലിക ആവേശങ്ങളാണ്. മോണിറ്ററിനു മുന്നില്‍ രോഷം കൊള്ളാനും സങ്കടപ്പെടാനും പേടിക്കാനുമുള്ള ചില കാരണങ്ങള്‍. നമ്മുടെ ഉള്ളിലെ മനുഷ്യപ്പറ്റ് തോര്‍ന്നുപോയിട്ടില്ല എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ചില അവസരങ്ങള്‍. ഇന്റര്‍നെറ്റിലെ കുടികിടപ്പുകാരന്‍ തന്നെയാണ് ഞാനും. ഞാനടക്കമുള്ള നമ്മളെല്ലാം ഇക്കാര്യത്തില്‍ ഒരേ പോലെയാണ്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കല്ല, പെട്ടെന്നുള്ള പൊട്ടിത്തെറികളിലാണ് നമുക്കെല്ലാം താല്‍പ്പര്യം. ഭൂമിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ആഴമുള്ള വിചാരങ്ങള്‍ പങ്കുവെക്കുകയും മുന്നറിയിപ്പുകള്‍ തരുകയും ആശങ്കകളില്‍ കഴിയുകയും ചെയ്യുന്നവരെയല്ലാം ആവുന്നത്ര അവഗണിക്കാനും സിംഹവാലന്‍ കുരങ്ങുകളെന്നു പരിഹസിക്കാനുമല്ലേ ചങ്ങാതിമാരേ നമ്മളെല്ലാം തുനിയാറ്. ഭൂമിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമുള്ള ആഴമുള്ള ചിന്തകള്‍ കൊണ്ടും മാത്രമേ യഥാര്‍ഥ രോഗ കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കഴിയൂ എന്ന് തിരിച്ചറിയാന്‍ ഇനിയുമെത്ര കാലങ്ങള്‍ കഴിയണം.

നമുക്ക് മുല്ലപ്പെരിയാറിലേക്ക് തിരിച്ചു വരാം. ഇടുക്കിയിലേക്ക്. ചില വസ്തുതകളിലേക്ക്.

courtesy: flickr

ഇടുക്കിയിലെ അണക്കെട്ടുകള്‍
20ലധികം അണക്കെട്ടുകളിലായി മഴക്കാലത്ത് ഇടുക്കിയില്‍ കെട്ടി നിര്‍ത്തുന്നത് 150 ടി.എം.സി.വെള്ളമാണ്. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി. കേരളത്തിലെ ആദ്യത്തേതും ഏറ്റവും ചെറുതുമായ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിതൊട്ട് ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചുഡാമും കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുമായ ഇടുക്കിയും തമിഴ്നാടിന് വെള്ളവും വെളിച്ചവും നല്‍കുന്ന മുല്ലപ്പെരിയാറും സ്വകാര്യമേഖലയിലെ രണ്ടു ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും വലുതായ കുത്തുങ്കല്‍ പദ്ധതിയുമെല്ലാം ഇതില്‍പ്പെടും.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്ന ജലത്തിന്റെ അളവ് 16 ടി.എം.സി. ആണ്. ഇടുക്കി സംഭരണിയില്‍ ഇത് 78. ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ ആദ്യ ജലവൈദ്യുതി പദ്ധതിയാണ് പള്ളിവാസല്‍. ഈ പദ്ധതിപ്രദേശത്തിന്റെ അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂതത്താന്‍കെട്ട്, മാട്ടുപ്പെട്ടി, പൊന്‍മുടി, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, കുത്തുങ്കല്‍, ചെങ്കുളം അണക്കെട്ടുകള്‍. ചെളിവന്നുമൂടി സംഭരണശേഷി അനുദിനം കുറയുന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്ന് കഷ്ടിച്ച് 20 കിലോമീറ്റര്‍ മാറി ലോവര്‍ പെരിയാര്‍ അണക്കെട്ട്. ഇവിടെ നിന്ന് 20 കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ഇടുക്കിയിലേക്ക്. ഇടുക്കി പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ മൂന്നു വശത്തും അണകളാണ്. ഇടുക്കി ആര്‍ച്ചുഡാം കൂടാതെ, നോക്കിയാല്‍ കാണാവുന്ന ദൂരത്ത് കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കേവലം 40 കിലോമീറ്റര്‍ മതി (റോഡ് മാര്‍ഗമല്ല) ഇടുക്കി ജലസംഭരണിയിലെത്താന്‍. മലമ്പ്രദേശത്തുനിന്ന് താഴോട്ടിറങ്ങിയാല്‍, മൂലമറ്റം പവര്‍ഹൌസില്‍ നിന്നു പുറത്തേക്കൊഴുകുന്ന വെള്ളം മലങ്കരയില്‍ അണകെട്ടി തടഞ്ഞുനിര്‍ത്തിയതു കാണാം.

വൈദ്യുതോല്‍പാദനത്തിനുവേണ്ടിയല്ലാതെ പണിതിട്ടുള്ള ഇടുക്കിയിലെ ഏക അണക്കെട്ടാണിത്.
ഇവ കൂടാതെ ഇരട്ടയാറിലും കല്ലാറിലും അഴുതയിലുമെല്ലാം ഇടുക്കി ജലസംഭരണിയിലേക്കുള്ള ചെറിയ ഡൈവേര്‍ഷന്‍ ഡാമുകള്‍. പിന്നെ ഏലത്തോട്ടങ്ങളിലുള്‍പ്പെടെ ജലസേചനത്തിനായി ചെക്ക് ഡാമുകള്‍ എന്ന പേരില്‍ എണ്ണമില്ലാത്തത്ര സംഭരണികള്‍. ഇതില്‍ മൂന്നാറിലും കൈലാസപ്പാറയിലും കാമാക്ഷിവിലാസത്തും വണ്ടന്‍മേട്ടിലും ശാന്തമ്പാറയിലും ഉടുമ്പഞ്ചോലയിലുമൊക്കെയുള്ളത് സാമാന്യം വലിയ തടയണകളാണ്. ചിലയിടത്തൊക്കെ ബോട്ടിങ് സൌകര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഇവയുടെ വലുപ്പവും ഗൌരവവും ബോധ്യമാകും.

ആദ്യ ഭൂചലനം
1988 ജൂലൈ മാസത്തിലാണ് ഇടുക്കി ആദ്യമായി വിറച്ചത്. മിനിട്ടുകളുടെ ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. പാത്രങ്ങള്‍ തെറിച്ചുവീണു. റിക്ടര്‍ സ്കെയില്‍ അഞ്ചിനു മുകളിലായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. പിന്നീട് എത്രയോ ചെറുചലനങ്ങള്‍.

ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി. അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി. കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാറിലേക്ക് ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ വിദഗ്ദ്ധര്‍ പറഞ്ഞു, മുല്ലപ്പെരിയാര്‍ ഡാം അപകടകരമായ ഭൂഭ്രംശമേഖലയിലാണു സ്ഥിതിചെയ്യുന്നത്. ഒരു ചെറുചലനം കൂടിയുണ്ടായാല്‍ അതു തകരാം.
1988ല്‍ ആദ്യമായി ഭൂമി കുലുങ്ങിയപ്പോള്‍ കേരളത്തില്‍ ചാനലുകള്‍ ഉണ്ടായിരുന്നില്ല. അന്ന് മുല്ലപ്പെരിയാര്‍ ഇത്ര സജീവ ചര്‍ച്ചാവിഷയവുമായിരുന്നില്ല. 2001ലെ ഭൂചലനത്തോടെയാണ് മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നീട് 2006ലാണ് പെരിയാര്‍ തീരവാസികള്‍ ഏറെപേടിച്ചത്. അന്ന് ജലനിരപ്പ് 136 അടി കവിഞ്ഞു. ചാനലുകളുടെ ഒ.ബി വാനുകള്‍ ആദ്യമായി മലകയറി.

വാര്‍ത്തകള്‍, വാര്‍ത്തകള്‍
മാധ്യമങ്ങള്‍ എങ്ങനെ ഈ സംഭവങ്ങളെ കാണുന്നു എന്നറിയാന്‍ അന്നത്തെ റിപ്പോര്‍ട്ടിംഗ് രീതി പരിശോധിച്ചാല്‍ മതി.
ലോവര്‍ ക്യാംപിലേക്ക് പെന്‍സ്റ്റോക്ക് പൈപ്പു വഴിയല്ലാതെ ഇറച്ചിപ്പാലം വഴിയുള്ള തോട്ടിലൂടെയും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നുണ്ട്. അണക്കെട്ട് നിറഞ്ഞതോടെ വെള്ളം കൂടുതലായി തമിഴ്നാട്ടിലേക്കൊഴുക്കി. കഴിയുന്നത്ര വെള്ളം തങ്ങളുടെ ചെറു തടയണകളിലെത്തിച്ച് സംഭരിക്കുക എന്നതായിരുന്നു തമിഴ്നാടിന്റെ ഉദ്ദേശ്യം. കുമളി ലോവര്‍ ക്യാംപ് റോഡ് വെള്ളപ്പാച്ചിലില്‍ പൂര്‍ണമായി തകര്‍ന്നു.

ഇതു ചൂണ്ടിക്കാട്ടി, തമിഴ്നാട് ക്രമത്തിലധികം വെള്ളം കൊണ്ടുപോകുന്നെന്നായിരുന്നു ഒരു വാര്‍ത്താമുന
മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടും നിറഞ്ഞുകവിഞ്ഞതോടെ തമിഴ്നാടിന് വെള്ളം ശേഖരിക്കാന്‍ മാര്‍ഗ്ഗമില്ലാതായി. 62 അടി സംഭരണശേഷിയുള്ള അവിടെ 61 അടി വെള്ളമായി. ഇനിയും കൂടിയാല്‍ തേനി ജില്ല വെള്ളത്തിനടിയിലാകും. അവര്‍ വൈഗ അണക്കെട്ട് തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിച്ചു. എന്നിട്ടും മുല്ലപ്പെരിയാറില്‍ 136 അടിക്കു മുകളിലേക്കു വെള്ളമുയര്‍ന്നു. പെരിയാര്‍ കരകവിഞ്ഞു. വെള്ളം പൊങ്ങുന്നതിനാല്‍ പെരിയാര്‍ തീരവാസികള്‍ ഭീതിയിലെന്ന മറ്റൊരു വാര്‍ത്താമുന അവിടെ പിറന്നു.

തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതും പെരിയാര്‍ കരകവിഞ്ഞതും മുല്ലപ്പെരിയാര്‍ നിറഞ്ഞതും ഒരു പോലെ പ്രശ്നമാക്കി മാറ്റി ചാനലുകള്‍. മൂന്നും കുറ്റമായതിനാല്‍ മഴ പെയ്യാതിരിക്കുക മാത്രമാണ് പരിഹാരമെന്ന് ആരും അന്നു പറയാതിരുന്നത് ഭാഗ്യം!
ഇപ്പോള്‍ 130.6 അടി മാത്രമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. ലോവര്‍ക്യാംപിലേക്കുള്ള നീരൊഴുക്കും പെരിയാറിലെ നീരൊഴുക്കുമെല്ലാം സാധാരണസ്ഥിതിയില്‍തന്നെയാണ്. പക്ഷെ, അടിക്കടിയുണ്ടായ ഭൂചലനം പ്രശ്നമാണ്. ഇത്തവണത്തെ ഭൂചലനത്തില്‍ പുറമേകാണാവുന്ന കേടുപാടുകളൊന്നും അണക്കെട്ടിനു സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി തുടരുന്നതില്‍ കവിഞ്ഞ ആശങ്കകളൊന്നും ഇടുക്കിയിലെ ജനങ്ങള്‍ക്കിടയിലില്ല. പക്ഷെ, ഇത് സുരക്ഷക്കുവേണ്ടി കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ഉയര്‍ത്താനുള്ള അനിവാര്യമായ കാരണം തന്നെയാണ്. താരതമ്യേന ശക്തി കുറഞ്ഞ ഭൂചലനമായിട്ടും വീണ്ടും മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണമിതാണ്.

തമിഴ്നാടിന്റെ പ്രശ്നം
പ്രതിവര്‍ഷം 70 ടി.എം.സി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. ലോവര്‍ ക്യാംപിലെ പവര്‍ ഹൌസില്‍ 140 മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററുകള്‍ സ്ഥാപിച്ച് അവര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ബാക്കി ജലം ഒഴുകി വൈഗ അണക്കെട്ടിലെത്തുമ്പോള്‍ അവിടെയുമുണ്ട് ചെറുകിട ജലവൈദ്യുത പദ്ധതി. ഇതു കൂടാതെ ലോവര്‍ക്യാംപിനും വൈഗയ്ക്കും ഇടയില്‍ എട്ട് മെഗാവാട്ടിന്റെ ഒന്നും നാല് മെഗാവാട്ടിന്റെ ഏഴും പദ്ധതികളുടെ നിര്‍മാണം തമിഴ്നാട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വൈദ്യുതോല്‍പാദനത്തിനുശേഷമുള്ള വെള്ളമാണ് തമിഴകത്തെ നാലഞ്ചു ജില്ലകളെ ഉര്‍വ്വരമാക്കി ഒഴുകുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ 8100 ഏക്കര്‍ വനമേഖലയാണ് തമിഴ്നാടിന് നാം പാട്ടത്തിനു കൊടുത്തിരിക്കുന്നത്. ഏക്കറൊന്നിന് പ്രതിവര്‍ഷം 30 രൂപ വീതം 2,43,000 രൂപയാണ് ഇതിനു പാട്ടമായി ലഭിക്കുന്നത്. തമിഴ്നാട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് സര്‍ചാര്‍ജ് ഇനത്തില്‍ വേറൊരു 7.5 ലക്ഷം രൂപയും കേരളത്തിനു കിട്ടുന്നു. ഒരു വര്‍ഷം പരമാവധി കിട്ടുന്ന തുക പത്തു ലക്ഷം രൂപ. നിലവിലുള്ള അണക്കെട്ട് പൊളിച്ച് പുതിയതു പണിതാല്‍ സ്വാഭാവികമായും കരാറും പുതുക്കേണ്ടിവരും. കേരളം തുക കൂടുതല്‍ ചോദിക്കും. പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള തുക ചെലവാക്കിക്കൊള്ളാമെന്നും തമിഴ്നാടിന് ഇപ്പോഴത്തേതുപോലെതന്നെ വെള്ളം കൊടുക്കാമെന്നും പറയുന്ന കേരളം കരാറിന്റെ സാമ്പത്തിക വശത്തില്‍ പക്ഷേ, അര്‍ഥവത്തായ മൌനമാണ് പുലര്‍ത്തുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിന്റെ കടുംപിടുത്തത്തിന്റെ പ്രധാന കാരണമിതാണ്.

ഇടുക്കി ഡാം എന്ന ഭീഷണി
മുല്ലയാര്‍, താന്നിയാര്‍ എന്നീ രണ്ട് കാട്ടരുവികള്‍ ചേര്‍ന്നാണ് മുല്ലപ്പെരിയാര്‍ രൂപം കൊണ്ടത്. ഈ രണ്ട് സ്രോതസ്സുകളും ഉത്ഭവിക്കുന്നതും ഒഴുകുന്നതും പെരിയാര്‍ വന്യജീവിസങ്കേതത്തിലൂടെയാണ്. അതും കേരളത്തിന്റെ ഭൂമിയില്‍ തന്നെ.
158 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം. 152 അടി വരെ വെള്ളം സംഭരിക്കാം. ഇപ്പോഴത് 136 അടിയാക്കി നിജപ്പെടുത്തിയിരിക്കുന്നു. ഈ നിരപ്പില്‍ ജലമെത്തുമ്പോള്‍ സ്പില്‍വേയിലൂടെ ബാക്കി വെള്ളം പെരിയാറിലേക്കും അവിടെ നിന്ന് ഇടുക്കി ജലസംഭരണയിലേക്കും ഒഴുകിയെത്തും. 104 അടിക്കു താഴെയാണ് ജലനിരപ്പെങ്കില്‍ തമിഴ്നാടിന് വെള്ളം കൊണ്ടുപോകാനാകില്ല. കാരണം അവരുടെ തുരങ്കമുഖം ഈ നിരപ്പിലാണ് നില്‍ക്കുന്നത്. 115 അടി വെള്ളമെത്തിയാല്‍ പതിയെ അത് ബേബി ഡാമിന്റെ പരിധിയിലേക്കു കടക്കാന്‍ തുടങ്ങും.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍, വള്ളക്കടവു മുതല്‍ അയ്യപ്പന്‍കോവില്‍ വരെ അറുപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലാളുകളെയാണ് അണക്കെട്ടിന്റെ തകര്‍ച്ച നേരിട്ടു ബാധിക്കുക. എന്നാല്‍, ഇടുക്കി ഡാം തകര്‍ന്നാല്‍ അതാവില്ല അവസ്ഥ. അതിന്റെ ബലക്കുറവ് എന്നാല്‍, ആരും പറയുന്നേയില്ല. അനേകം പ്രശ്നങ്ങള്‍ അവിടെയുണ്ടെങ്കിലും ഇവയൊന്നും പുറത്തുവന്നിട്ടില്ല. എന്നിട്ടും ഇടുക്കി ജലസംഭരണിയുടെ സുരക്ഷക്കായി നാം ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

MORE STORIES ON MULLAPPERIYAR

ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍\വി.എ സംഗീത്

മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും\ടി.സി രാജേഷ്

അരുത്, നാം ശത്രുക്കളല്ല\പി.ബി അനൂപ്

മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം\ കെ.പി ജയകുമാര്‍

അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം\സവാദ് റഹ്മാന്‍

29 thoughts on “മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും

 1. I agree that it is well written. but some sections doesnt really seem to be sensible.

  In the article it says constructing a new dam is like “oru kaal-ile manthu matte kaali-ilekku mattunathu pole thanneyalle?” Suppose the ceiling of your house is weak and about to fall down or say it is some 100+ yrs old, wouldn’t you think of reconstructing it fearing that it might fall on your family ??? I know a dam and a house cannot be compared… but still the impact is kind of same.

  It also says in order to construct a new dam it takes around10 yrs or maybe more than that which is right I guess and also we cannot prevent any earthquake during that time which is unpredictable. But the reasons you have put down like getting rid of dense forest to provide facilities for the construction is reasonable. It is done to avoid a bigger disaster. What if the ‘so weak’ dam collapses? ee paranja forest poyittu…. 4 districts polum kaanilla… !

  It is true that we may meet our end even before the dam collapses by an accident or some other natural calamity. But since we know about this impending danger, why not do something on this? I am not saying the we cannot go to Delhi and talk to the PM. But as the citizens we can go out to streets together and raise our voice… kelkendavar kelkatte !!!Swantham veedinte pura purathu thengu veezhan nikkumbol, ningal nokki nikkumo… veezhatte appo nokkam ennu paranju.? pinne….veetil ullavar-kku mathramalle pedi undavullu… apurathe veetil ullavan enthinu pedikkanam ??? That is what is happening here.

  i wanted to add more here. but i feel its not worth spending time writing something here. I also feel that the person who has written the article does not believe the saying “Prevention is better than cure”. Anyway as it is a personal opinion nothing can be done on it.

  Thanks (if someone has read this comment 🙂 )

  • This is a true eye opener. And your right, you cannot compare the roof of your house and a dam. What guarantee you have that the dam will not collapse before the new dam is constructed and also what surety we have the “new dam” will be stable to hold any earthquake..we saw it my dear, now we will reap it. Come what may be together in both good and bad times is all that I can say

 2. ഇടുക്കിയുടെ വക്താവായി തമിഴ്നാടിനു കുഴലൂതുന്ന ലേഖകന്‍…

 3. It sounds sensible for the simple reason that a new big dam, that might be constructed, is also vulnerable to similar causes that are threatening the existing dam.

 4. ഈ കരാറിന്റെ പേരില്‍ പണ്ടുണ്ടായ അബദ്ധം ഇപ്പോള്‍ തിരുത്തേണ്ടതല്ലേ ? വെറുതേ നമ്മുടെ വെള്ളം കൊണ്ട് അവര്‍ പണം ഉണ്ടാക്കുന്നത് കണ്ട് വെറും കഴുതകളെപ്പോലെ നില്‍ക്കാന്‍ കഴിയില്ലല്ലോ? തീര്‍ച്ചയായും കരാര്‍ പുതുക്കുമ്പോള്‍ ഉള്ള നമ്മുടെ മറ്റു നേട്ടങ്ങള്‍ കൂടി മനസ്സില്‍ ഉണ്ട്, ഉണ്ടാകണം.

 5. ഹാവൂ!.. FB യിലെ അതിവൈകാരികമായ ദേശസ്‌നേഹ കൂട്ടനിലവിളികള്‍ക്കും ഭീതിപരത്തുന്ന സര്‍വ്വനാശത്തിന്റെ കണക്കുകള്‍ക്കും തമിഴ് വിരോധങ്ങള്‍ക്കുമിടയില്‍ യുക്തിസഹമായ ഇത്തരം പ്രതികരണങ്ങള്‍ ആശ്വാസകരം. 1. പുതിയ ഡാം ഇപ്പോള്‍ നിലവിലുള്ള ഡാമിനുതാഴെയാണ് പണിയാനാകുക. അതായത് തമിഴ്‌നാട്ടിലേക്ക് ജലം തിരിച്ചുവിടണമെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ജലം പുതിയ ഡാമില്‍ സംഭരിക്കേണ്ടിവരും എന്നര്‍ത്ഥം. ഭൂകമ്പസാധ്യതയുള്ള പ്രദേശത്ത് പുതിയ ഡാം Seismicity യെ വര്‍ദ്ധിപ്പിക്കുന്നതിനല്ലേ കാരണമാകൂ. 2. ഇനി നിലവിലുള്ള ഡാം decommission ചെയ്താല്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ ഒരു നൂറ്റാണ്ടോളമായി രൂപപ്പെട്ടുവന്ന കാര്‍ഷികസംസ്‌കാരത്തിന്റെ നാശമായിരിക്കും ഫലം. അത് പ്രായോഗികമായി ശരിയാവുകയുമില്ല. മറ്റെന്തൊക്കെ പരിഹാരങ്ങളാണ് നമുക്കുള്ളത്? വെള്ളത്തിന്റെ ലവല്‍ താഴ്ത്തുക, പഴയ ഡാമിന്റെ ബലം വര്‍ദ്ധിപ്പിക്കുക, മണ്‍സൂണ്‍ കാലത്തെ അധിക ജലം ശേഖരിക്കാന്‍ തമിഴ്‌നാട്ടില്‍ ചെറിയ ഡാമുകള്‍ പണിയുക….ഭാഷാവ്യത്യാസങ്ങളില്ലാതെ മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് പ്രാഥമിക ഊന്നല്‍ നല്‍കി ഏതൊക്കെ നിര്‍ദ്ദേശങ്ങളാണ് പ്രായോഗികമാക്കാനാവുക? കക്ഷിരാഷ്ട്രീയ അതിതാല്‍പര്യങ്ങള്‍ക്കും താല്‍ക്കാലികമായ വൈകാരിക ശമനങ്ങള്‍ക്കുമപ്പുറം എന്തൊക്കെയാണ് നമ്മുടെ സാധ്യതകള്‍?

 6. This is the typical malayali attitude. We tend to disagree on majority of the aspects that affect the greater society. There is no need to say yes to anything and everything TN does. The fact that they divert water through irachi palam in itself is illegal. But then if some one points that out, there are people here who will ignore it and throw stone at. If we are in a soup now the basic reason is the apathy of the average educated keralite to the problems of his society. To be frank I am really surprised by the support the controversy is enjoying in online and print media. Very unlike the typical attitude of so called mallus.

 7. ഏറെ പ്രസക്തവും ഭരണകൂടത്തിന്റെ അതിവൈകാരിക പ്രതികരണത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നതുമാണീ ലേഖനം….ഭരണകൂടത്തിനുള്ളിലേക്ക് ചര്‍ച്ചയ്ക്ക് വെക്കേണ്ട വിഷയം തന്നെയാണ് രാജേഷ് മുന്നോട്ട് വെക്കുന്നത്…..

 8. absolute crap !! if you think you are a journalist, i would say you are wrong. you are somebody who is normally unnoticed, but thinking that being different can get some attention of the people..

  btw, which paper you work for ?

  • Thats ok gopan if u think rajesh is not a journalist ..because he writes for more sensible people. What a relief to think that we have “different people” when everyone around is blind and insane. His points are very important which needs further study and discussion on higher level…I totally agree with Jayan,s openion.

 9. രാജേഷ്‌ താങ്കളുടെ ലേഖനത്തില്‍ പറയുന്ന കാര്യങ്ങല്‍ എല്ലാം തന്നെ സമ്മതിച്ചു തരാന്‍ അല്പം ബുദ്ധിമുട്ട ഉണ്ട്. ഇടുക്കിഡാമഇന്റെയും മുല്ലപെരിയാര്‍ ന്റെയും കാലാവധി, അവ നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ എല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും താങ്കള്‍ക്ക് ഇതിനെ രണ്ടിനെയും താരതമ്യ പെടുത്താന്‍ കഴിയില്ല. ഇടുക്കിടാം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണ്, എന്നാല്‍ നല്ല ഒരു അടിത്തറ പോലും ഇലാത്ത മുല്ലപെരിയരിനെ എങ്ങനെ ഇടുക്കിയുമായി താരതമ്യ പെടുത്തും? ലേഖകന്റ്റെ ചിന്തകള്‍ നല്ലതാണു പക്ഷെ തലക്ക് മുകളില്‍ ഒരു വാള്‍ കെട്ടിത്തൂക്കിയിട്ടുകൊന്ദ് എത്ര നാള്‍ നോക്കിയിരിക്കാന്‍ കഴിയും?

  • Mullaperiyar indeed is a Sword of Damocles. But has he said is worth a read. He is not saying Mullaperiyar doesn’t require a solution. If you read again you can see for sure..

 10. ഭീതി മാത്രമാണ് എല്ലാ ചര്‍ച്ചകളിലും മുന്നിട്ടു നില്‍ക്കുന്നത്….

  എല്ലാവര്‍ക്കുമറിയാം ഇത്രയും അണക്കെട്ടുകള്‍ ചേര്‍ന്നാണ് ഞങ്ങളുടെ നാടിനെ ഭൂകമ്പ മേഖലയാക്കി മാറ്റിയതെന്ന്. ഇത്രയും അണകള്‍ ഉയര്‍ന്നാല്‍ ഒരു നാട് എങ്ങനെയാവും എന്ന ഒരാധിയുമുണ്ടായിരുന്നില്ല ഈ വമ്പന്‍ ഡാമുകള്‍ക്ക് രൂപം കൊടുക്കുമ്പോള്‍. ഭൂകമ്പസാധ്യത അകമേ വഹിക്കുന്ന ഞങ്ങളുടെ നാട്ടില്‍നിന്ന് ഈ അണക്കെട്ടുകളെ മുഴുവന്‍ ഉച്ചാടനം ചെയ്യാനല്ല, വീണ്ടും വലിയ അണകള്‍ കെട്ടി ഭൂമിയുടെ സര്‍വസഹനവും പരീക്ഷിക്കാന്‍ തന്നെയാണ് ഇപ്പോഴും പുറപ്പാട്.

 11. ഞാന്‍ ഇവിടെ പൂര്‍ണമായും രാജേഷിനോട് യോജിക്കുന്നു… നമ്മള്‍ മലയാളികള്‍ ഈ മുല്ലപെരിയാര്‍ വിഷയത്തെ ഒരു സര്‍ക്കസ് ആക്കി മാറ്റി കൊണ്ടിരിക്കുകയാണ്‌…. സോഷിയല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും ഉള്ള പല പോസ്റ്റുകളും അതിനു ഉത്തമ ഉധാഹരണങ്ങളാണ്.! ഇവിടെ ഞാനും നീയും ഉള്‍പ്പെടുന്ന ഈ ലോകം ഇല്ലാതാവാന്‍ ഒരു മുല്ലപ്പെരിയാര്‍ പൊട്ടണം എന്നൊന്നുമില്ല, ഇവിടെ നമ്മള്‍ വെട്ടിയും മണിട്ടും നശിപ്പികുന്ന കാടുകളും, ചതുപ്പുകളും മാത്രം മതി…. പഴയ അണക്കെട്ടിന്ന് പരിഹാരം ഒരു പുതിയ അണയാണു എന്നു ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല.പുതിയ ഡാമുകളെ ഭൂകമ്പത്തിനെന്താ പേടിയാണോ? ലോകവ്യാപകമായി വന്‍കിട ഡാമുകള്‍ ഒഴിവാക്കപ്പെടുകയും ചെറുകിട ഡാമുകളുടെ എണ്ണം കൂട്ടി ജലാവശ്യം പരിഹരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇനിയും ഇങ്ങനെ ഒരു ബോംബ്‌ നമുക്ക് വേണ്ട എന്നു തന്നെ ആണ് എനിക്കും തോന്നുന്നത്‌…

 12. പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. 1996ല്‍ മുല്ലപ്പരിയാര്‍ പാട്ടക്കരാറിന്റെ അനൗചിത്യത്തെപ്പറ്റി മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ലേഖനമെഴുതിയാണ്‌ ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്‌. പിന്നീട്‌ മലയാള മനോരമയുടെ ലേഖകനായി പത്തുവര്‍ഷം ഇടുക്കിയിലുണ്ടായിരുന്നു. ചപ്പാത്തില്‍ 2006ല്‍ മുല്ലപ്പെരിയാര്‍ സമരസമിതി രൂപീകരിക്കുമ്പോള്‍ മുതല്‍ അവര്‍ക്കൊപ്പം ഒരാളായി ഞാനുമുണ്ടായിരുന്നു. പിന്നീട്‌ ഉപജീവനത്തിനായി നാടുവിടേണ്ടിവന്നെങ്കിലും മുല്ലപ്പെരിയാര്‍ സമരപ്പന്തലും സമരവുമെല്ലാം എനിക്കിപ്പോഴും എന്റെ നാടിന്റെ സ്‌പന്ദനമാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അതേപടി നിലനിര്‍ത്തണമെന്നോ പുതിയ അണക്കെട്ട്‌ പണിയരുതെന്നോ ഞങ്ങള്‍ പറയുന്നില്ല. ഇപ്പോഴത്തെ അണക്കെട്ടു പൊളിച്ചുമാറ്റണമെന്നതുതന്നെയാണ്‌ ഏക അഭിപ്രായം. പക്ഷെ, പുതിയൊരു അണക്കെട്ടെന്ന പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊളിച്ചുമാറ്റണമെന്നു മാത്രമാണ്‌ ആവശ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന്‌ സമരത്തിനു പിന്തുണയുമായെത്തി സമരത്തെ മൊത്തത്തോടെ ഹൈജാക്ക്‌ ചെയ്‌തവരൊന്നും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമായിരുന്നില്ല. പുതിയൊരു ഡാമെന്ന സോല്യൂഷന്‍ മുന്നിലുള്ളതുകൊണ്ടുമാത്രമാണ്‌ ഇത്രമാത്രം പിന്തുണ ഈ സമരത്തിനു കിട്ടിയതെന്നറിയുക. എന്നിട്ടും നമ്മുടെ ആവശ്യം അവഗണിക്കപ്പെടുകയാണെന്നും.
  അഞ്ചു വര്‍ഷം മുമ്പ്‌ സോഷ്യല്‍ മീഡിയ ഇത്ര സജീവമല്ലാത്ത കാലത്താണ്‌ ചപ്പാത്തില്‍ സമരം തുടങ്ങിയത്‌. അന്ന്‌ ഇടുക്കി അണക്കെട്ടിനു താഴെയുള്ളവരുടെ പിന്തുണ സമരത്തിനു കിട്ടാന്‍ വേണ്ടി ഞങ്ങള്‍തന്നെയാണ്‌ ഇടുക്കി അണക്കെട്ടും പൊട്ടുമെന്ന സാധ്യതയിലേക്ക്‌ ആദ്യം വിരല്‍ചൂണ്ടിയത്‌. പക്ഷെ, ഫെയ്‌സ്‌ ബുക്കും ബസ്സും പ്ലസ്സുമൊന്നുമില്ലാത്ത കാലമായിരുന്നതിനാല്‍ ഞങ്ങളുടെ യാചന വെറുതേയായിപ്പോയി. 2006ല്‍ നിന്നും സ്ഥിതിഗതികള്‍ ഇപ്പോഴും കാര്യമായിട്ടൊന്നും മാറിയിട്ടില്ല. എങ്കിലും കുറേപ്പേരെങ്കിലും ജീവനില്‍കൊതിതോന്നി സമരത്തിനു പിന്തുണയുമായി വന്നതില്‍ സന്തോഷമുണ്ട്‌. സത്യം പറയട്ടെ. ഇത്തവണ സമരം ഇത്രയും രൂക്ഷമായിട്ടും ഞാന്‍ ഇടുക്കിയിലേക്കു പിന്തുണയുമായി പോയില്ല. പേടിയാണ്‌. സമരപ്പന്തലില്‍ ഞാന്‍ നില്‍ക്കുമ്പോഴെങ്ങാന്‍ അണപൊട്ടി വന്നാല്‍ ഞാനും ഒലിച്ചുപോകും. മരിക്കാന്‍ കാരണങ്ങളൊന്നും വേണ്ടെന്നറിയാം. പക്ഷെ, അറിഞ്ഞുകൊണ്ട്‌ ദുരന്തമുഖത്തുപോയി നില്‍ക്കാന്‍ എനിക്കല്‍പം ഭയമുണ്ട്‌. വോട്ട്‌ എനിക്കൊരു പ്രശ്‌നമല്ലല്ലോ!

 13. Rajesh, This is a very immature view. Sorry to say that. So are you saying that we should not do anything now and just wait for the tragedy? The tragedy can happen any time. But now one can predict exact time. Depending on our luck it may happen tomorrow or after another 30 years. But unless we do something now, how will we prevent it. Constructing a new dam is not like transferring one “manth” from one leg to another leg. It is true that it is another opportunity for the politicians to make money. But if you think like that, we cannot do any development activities. As you said, if there are issues with Idukky dam, then we should raise that also and address it. That is the responsibility of the so called media people and you are also claiming to be part of it. As a responsible media person, you have to provide a mature view.

 14. >>>>മുല്ലപ്പെരിയാര്‍ ഒരു ജലബോംബെങ്കില്‍ അതിനു ചുറ്റുമുള്ള 20ലധികം വലിയ അണകളും അതിന്റെ പലയിരട്ടിയുള്ള ചെറിയ അണക്കെട്ടുകളും സമാനമായ ബോംബ് തന്നെയാണ്. ഇടുക്കി എന്ന ഞങ്ങളുടെ നാട് വസിക്കുന്നത് ഇത്തരം അനേകം ബോംബുകള്‍ക്ക് മുകളിലാണ്. ഞങ്ങളാരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല ഇത്രയും അണക്കെട്ടുകള്‍ ഈ നാട്ടില്‍ രൂപമെടുത്തത്. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കീശ വീര്‍പ്പിക്കാനടക്കമുള്ള കാരണങ്ങളാല്‍ പല കാലങ്ങളില്‍ ഇവ പിറവി കൊണ്ടു.<<<<

  ഈ വ്യാഖ്യാനത്തെ കുയുക്തി എന്നോ അതി വൈകരികതയെന്നോ വിശേഷിപ്പിക്കം.

  എല്ലാ അണകെട്ടുകളും ജല ബോംബാണെന്ന അറിവിനെ ഞാന്‍ പരിഹസിക്കുന്നില്ല. അത് അജ്ഞതയാണെന്നേ പറയാന്‍ ആകൂ. ഒരു നൂറ്റാണ്ടു മുന്നെ ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മുല്ലപെരിയാര്‍ അണക്കെട്ടും ഭൂകമ്പസാധ്യത കണക്കിലെടുത്ത് നിര്‍മ്മിച്ച ഇടുക്കി അണക്കെട്ടും ഒരേ തലത്തില്‍ കാണുന്നത് അറിവില്ലായ്മയാണ്.

  മുല്ലപ്പെരിയര്‍ അണക്കെട്ട് നിര്‍മ്മിച്ച കാലത്ത് നിങ്ങളൊന്നും ഇടുക്കി ജില്ലയില്‍ ഉണ്ടായിരുന്നില്ല. കുറച്ച് കാട്ടു ജന്തുക്കളും കാടുകളും പിന്നെ കാനന വസനും മാത്രമല്ലേ അവിടെ ഉണ്ടായിരുന്നത്? എന്നാണ്, വള്ളക്കടവിലേക്കും, വണ്ടിപ്പെരിയാറിലേക്കും ആളുകള്‍ കുടിയേറി തമാസിക്കാന്‍ തുടങ്ങിയത്? മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സമയത്ത്, ഈ അണക്കെട്ട് ഭാവിയില്‍  തകരാം എന്ന് കുടിയേറി പാര്‍ത്തവര്‍ക്ക് തോന്നാന്‍ സാധിക്കാത്തതെന്റേ?

  അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്തര്‍ക്കും കീശ വീര്‍പ്പിക്കാന്‍ വേണ്ടിയാണെന്ന ക്ളീഷേകളൊക്കെ കേട്ടു മടുത്തതാണ്. ഇവരൊകെ കീശ വീര്‍പ്പിക്കാതിരിക്കുന്നത് ഏത് കാര്യം ചെയ്യുമ്പോഴാണ്?

  ജലബോംബുകളെന്ന് താങ്കളിപ്പോള്‍ വിശേഷിപ്പിക്കുന്ന ഈ അണകെട്ടുഅകള്‍ ഇല്ലെങ്കില്‍  എങ്ങനെ ജലസേചനവും കുടിവെള്ളവും ലഭ്യമാക്കും എന്നു പറഞ്ഞു തരാമോ? മുഇല്ലപ്പെരിയാര്‍ അണക്കെട്ടു കൊണ്ട് മലയാളിക്ക് ഗുണമൊന്നുമില്ലെങ്കിലും തമിഴ് നാട്ടിലെ 5 ജില്ലകള്‍ മരുഭൂമിയാകാതെ രക്ഷിച്ചെടുക്കാന്‍ പറ്റിയതൊന്നും താങ്കള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലേ.

  • പ്രിയപ്പെട്ട കാളിദാസന്‍
   മറുപടി വൈകിയതില്‍ ക്ഷമിക്കുക. ഞാന്‍ താങ്കളെപ്പോളെ ഒരു അജ്ഞാതനല്ലെന്നും കൃത്യമായ പേരും മുഖവുമുള്ള വ്യക്തിയാമെന്നും ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ. നിലപാടുകളില്‍ കൃത്യത വരാന്‍ അതാവശ്യമാണ്‌. പറയുന്നതെന്ത്‌ എന്നതിനൊപ്പം പറയുന്നതാര്‌ എന്നതിനും പ്രസക്തിയുണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ്‌ ഞാന്‍.
   വള്ളക്കടവിലും വണ്ടിപ്പെരിയാറിലുമെല്ലാം മുല്ലപ്പെരിയാര്‍ അണക്കെട്ടിനും മുമ്പേ താമസക്കാരുണ്ടായിരുന്നുവെന്നു താങ്കള്‍ മനസ്സിലാക്കുക. അവിടുത്തെ തേയില എസ്റ്റേറ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാകും. (പിന്നെ അന്ന്‌ ഇടുക്കി ജില്ല പോയിട്ട്‌ കേരളം പോലുമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തത്വത്തില്‍ കാളിദാസന്റെ പരിഹാസം ശരിയായെന്നു വരാം.)

   ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള മലങ്കര അണക്കെട്ടുമാത്രമാണ്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപകരിക്കുന്നത്‌. ബാക്കിയെല്ലാ അണക്കെട്ടുകളും ഇടുക്കിക്കു വെളിയിലുള്ള ജില്ലകളുടെ പുരോഗതിക്കായി വൈദ്യുതോര്‍ജ്ജം നല്‍കുക എന്ന ലക്ഷ്യമിട്ടുമാത്രം നിര്‍മിച്ചവയാണ്‌. ഇടുക്കിയില്‍ മഴക്കാലത്ത്‌ ദിവസങ്ങളോളം വൈദ്യുതിയില്ലാതെ കഴിയേണ്ട അവസ്ഥയുണ്ടെന്ന കാര്യം കാളിദാസന്‌ അറിയാമോ? ഇപ്പോഴും വൈദ്യുതിയെത്താത്ത ഗ്രാമങ്ങള്‍ അവിടെയുണ്ട്‌.

 15. >>>>ഇപ്പോഴും ഞങ്ങളുടെ ജലമരണമല്ല, കൊച്ചി അടക്കമുള്ള നഗരങ്ങളിലെ പരിഷ്കൃതരായ മനുഷ്യരും അവര്‍ക്കു ചുറ്റും രൂപം കൊണ്ട വന്‍കിട കെട്ടിടങ്ങളും ഭീമന്‍ പ്രൊജക്റ്റുകളും ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഭീതി മാത്രമാണ് എല്ലാ ചര്‍ച്ചകളിലും മുന്നിട്ടു നില്‍ക്കുന്നത്..<<<<

  ഇത് വളരെ അപക്വവും അവാസ്തവവുമായ പ്രസ്താവനയാണെന്നു പറയേണ്ടി വരുന്നു. ഏത് ചര്‍ച്ചയിലാണിത് താങ്കള്‍ കണ്ടത്? ഞാന്‍ കഴിഞ്ഞ 2 വര്‍ഷത്തോളമായി ഇതു സംബന്ധിച്ച് അ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും അനേകം ലേകഹനങ്ങള്‍ വായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടാഴ്ചകളായി ഈ വിഷയം കേരളം  മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. ആരും താങ്കളീ പറഞ്ഞ വിഷയം ചര്‍ച്ച ചെയ്തതായി കണ്ടില്ല.

  കൊച്ചി നഗരത്തിലും  പരിസരത്തും കുറച്ചു പേര്‍ ബോധവ്ത്കരണം നടത്തുന്നുണ്ട് എന്നത് ശരിയാണ്. പക്ഷെ അവരൊക്കെ അണകെട്ട് തക്‌ര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ചാണു ബോധവത്കരിക്കുന്നത്. അല്ലാതെ താങ്കള്‍ ആക്ഷേപിക്കുന്ന പരിഷ്കൃതരായ മനുഷ്യരും അവര്‍ക്കു ചുറ്റും രൂപം കൊണ്ട വന്‍കിട കെട്ടിടങ്ങളും ഭീമന്‍ പ്രൊജക്റ്റുകളും ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഭീതി പരത്തുകയും അല്ല.

  ഈ അണക്കെട്ടു തകര്‍ന്നാല്‍ നഷ്ടമുണ്ടാകുന്ന ഇടങ്ങളില്‍ എന്റെ ബന്ധുക്കളുണ്ട്. ഞാന്‍ താമസിക്കുന്നത് ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലുമാണ്. അവിടത്തെ വെള്ളം വന്നാല്‍ മുങ്ങിപ്പോകുന്ന സ്ഥലത്തുമാണ്.

  താങ്കള്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കാം. വള്ളക്കടവിലെ ജനങ്ങളുടെ ജീവനേക്കുറിച്ചാണു ഞാനൊക്കെ ആദ്യം മുതലേ ചിന്തിച്ചതും, കിട്ടുന്ന വേദികളിലൊക്കെ പറയുന്നതും. അവിടെ ഉള്ള ഒരളുടെ ജീവന്‍  പോയാലും അത് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണു ഞാന്‍.

  • വള്ളക്കടവിനും ഇടുക്കിക്കും ഇടയിലുള്ളവരുടെ ജീവനച്ചൊല്ലി മാത്രമാണ്‌ ആശങ്കെയെങ്കില്‍ ഈ 35 ലക്ഷത്തിന്റെ കണക്ക്‌ എവിടെ നിന്നു വന്നു? ഹൈക്കോടതിയുടെ അഞ്ചാംനില വരെ വെള്ളം കയറുമെന്നു പറയുമ്പോള്‍ ഹൈക്കോടതി വള്ളക്കടവിലാണ്‌ സ്ഥിതിചെയ്യുന്നതെന്‌ുന തോന്നുമല്ലോ? കൊച്ചിക്കാരുടെ ആശങ്കയെപ്പറ്റി പറഞ്ഞത്‌ ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌.
   താങ്കള്‍ താമസിക്കുന്നത്‌ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലാണെന്നു പറയുന്നു. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കിയുടെ അതിര്‍ത്തിയിലൊരിടത്തും വെള്ളം പൊങ്ങുമെന്ന്‌ ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. ഇടുക്കി – എറണാകുളം ജില്ലകളുടെ അതിര്‍ത്തിയാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അവിടം മുങ്ങണമെങ്കില്‍ ഇടുക്കി അണക്കെട്ടു തകരണം. താങ്കള്‍ പറയുന്നത്‌ മുല്ലപ്പെരിയാറിനേയും ഇടുക്കിയേയും താരതമ്യം ചെയ്യേമ്‌ടതില്ലെന്നാണല്ലോ. അപ്പോള്‍പിന്നെ താങ്കളുടെ ജീവന്‍ നഷ്ടമാകുമെന്നു ഭയക്കേണ്ട കാര്യമേയില്ല. ഇടുക്കിയിലെ ജലനിരപ്പ്‌ കുറച്ചതോടെ എറണാകുളം കാരുടെ പ്രതിഷേധം ഒതുങ്ങിയെന്ന കാര്യം താങ്കള്‍ മറക്കരുത്‌.

 16. >>>>നിലവിലുള്ള വലിയ അണക്കെട്ട് ഇല്ലാതാക്കി പുതിയ ഒന്ന് തുടങ്ങുക എന്നത് വമ്പിച്ച നിര്‍മാണ പ്രവൃത്തിയാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ അമ്പത് ഹെക്ടറിലധികം കാട് ഇല്ലാതാക്കുന്ന പ്രവൃത്തി. വനത്തിനുള്ളില്‍ തന്നെ റോഡ്, ഒരു പാട് വര്‍ഷങ്ങള്‍ തൊഴിലാളികളെ പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള വലിയ കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കേണ്ടി വരും. ഭൂകമ്പ മേഖലയില്‍ നടത്തുന്ന ഇത്തരം വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്കേല്‍പ്പിക്കുന്ന, പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എന്ത് ഫലമായിരിക്കും വിതക്കുകയെന്ന് എന്തുകൊണ്ടാണ് ആരും ഓര്‍ക്കാത്തത്.<<<<

  താങ്കളീ പറഞ്ഞതൊക്കെ ശരിയാണ്. ഇനിയൊരണക്കെട്ട് അവിടെ വേണ്ട എന്നതുതനെയാണെന്റെയും ആഗ്രഹം. പക്ഷെ അതിനപ്പുറം വേറെയും ചില ശരികളുണ്ട്. കഴിഞ്ഞ നൂറു വര്‍ങ്ങളായി തമിഴ് നാട്ടിലെ 5 ജില്ലകളിലെ ജന ജീവിതം ഈ അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണു നിലനില്‍ക്കുന്നത്. ഈ വെള്ളമില്ലാതായല്‍  അവിടെ എന്തു സംഭവിക്കുമെന്ന് പരിസ്ഥിതിയേക്കുറിച്ച് ഇത്രയേറെ ഉത്ഖണ്ഠയുള്ള താങ്കള്‍ക്കൊന്നു ചിന്തിക്കാമോ? ആ ജില്ലകള്‍ മരുഭൂമിയായി മാറിയാല്‍ പരിസ്ഥിതിക്കൊരു അഘാതവും  ഉണ്ടാകില്ല എന്നാണോ താങ്കളുടെ പക്ഷം?

  മില്ലപ്പെരിയാര്‍ ജലശയത്തോടനുബന്ധിച്ച് ഒരാവസ വ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. അതിപ്പോള്‍, ഒരു കടുവ സങ്കേതമാണ്, അനേകം ജീവികള്‍ അവിടെയുണ്ട്. അവയൊക്കെ ആശ്രയിക്കുന്നതും ഈ ജലശയത്തിലെ വെള്ളമാണ്. തേക്കടി എന്ന വിനോദ സഞ്ചാരകേന്ദ്രവും ഈ ജലാശയമുള്ളതുകൊണ്ട് രൂപപ്പെട്ടു വന്നതാണ്. ഇവയൊക്കെ ഒറ്റയടിക്ക് നശിപ്പിക്കുക എന്നത് ഏതു തരം പരിസ്ഥിതി സ്നേഹമാണെന്നറിഞ്ഞാല്‍ കൊള്ളാം.

  ഇതൊന്നുആരും ഓര്‍ക്കുന്നില്ല എന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കാതെ ജലസേചനവും കുടി വെള്ളവും ഒന്നും ലഭിക്കില്ല. വെള്ളമില്ലാതെ ഭൂമിയൊക്കെ മരുഭൂമിയാകണം, കുടിവെള്ളത്തിനു വേണ്ടി ആളുകള്‍ കഷ്ടപ്പെടണം എന്നൊക്കെയാണൊ താങ്കളുടെ പക്ഷം?

  നൂറു വര്‍ഷം മുമ്പ് മനുഷ്യര്‍ ജീവിച്ചതുപോലെയല്ല ഇന്ന് ജീവിക്കുന്നത്. താങ്കള്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകനാണല്ലോ. എന്തേ താങ്കള്‍ ജന്മനാടു വിട്ട് മറ്റൊരിടത്തേക്ക് കുടിയേറി. മുല്ലപ്പേരിയര്‍ തകരുമെന്ന് പേടിച്ചിട്ടു മാത്രമാണോ? ജീവിത സഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് ജീവിതത്തിലും, പരിസ്ഥിതിയിലും മാറ്റങ്ങളുണ്ടാകും. പണ്ടത്തേപ്പോലെ കൃഷി മാത്രം ആയി, കളപൂട്ടും, കുടിപള്ളിക്കൂടവും, വൈക്കോല്‍ പുരയുമൊക്കെ ആയി ജീവിക്കാന്‍ ഇന്നാകില്ല. അപ്പോള്‍ ചെയ്യാവുന്നത് പരിസ്ഥിതിക്ക് ഏറ്റവം ​കുറവ് ആഘാതമേല്‍പ്പിക്കുന്ന നടപടികള്‍ ചെയ്യുക എന്നത് മാത്രമാണ്.

  • തേക്കടി കടുവ സങ്കേതം മുല്ലപ്പെരിയാര്‍ അണക്കെട്ടുള്ളതുകൊണ്ടു രൂപപ്പെട്ടതാണെന്ന കണ്ടെത്തല്‍ കൊള്ളാം. അവയ്‌ക്കു കുടിക്കാനാണ്‌ അണകെട്ടിയതെന്നു താങ്കള്‍ പറയാതിരുന്നതു നന്നായി. മനുഷ്യജീവനേക്കാള്‍ വലുതാണ്‌ തേക്കടിയിലെ വിനോദസഞ്ചാരമെന്ന കാഴ്‌ചപ്പാടും ബലേ ഭേഷ്‌! തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ ഡാമല്ലാതെ വേറെ മാര്‍ഗമെന്തെന്നതിനെപ്പറ്റി ചിന്തിക്കണമെന്നാണു സുഹൃത്തേ ഞങ്ങള്‍ ആവശ്യപ്പെടുന്നത്‌.
   പരിസ്ഥിതിക്കു കോട്ടം തട്ടാതെ കുടിവെള്ളവും ജലസേചനവും നടക്കില്ലെന്നു പറയുന്ന താങ്കള്‍ ഈ നാട്ടിലെങ്ങുമല്ലേ ജീവിക്കുന്നത്‌? സ്വാഭാവികമായൊഴുകുന്ന പെരിയാറിന്റെ ഭാഗങ്ങളും നഗരങ്ങളിലെ പുഴകളുമൊക്കെ മലിനമാക്കിയിട്ട്‌ ഇടുക്കിയില്‍ അണകെട്ടിയില്ലെങ്കില്‍ ഞങ്ങളുടെ വെള്ളംകുടി മുട്ടുമെന്നൊക്കെ പറയുന്നത്‌ ശുദ്ധ ഭോഷ്‌കാണ്‌.

 17. >>>>നമ്മുടെ ഇപ്പോഴത്തെ പ്രക്ഷോഭം പോലും ആ ഒരര്‍ഥത്തില്‍ നിരര്‍ഥകമാണെന്നാണ് തോന്നുന്നത്. ആര്‍ക്കെതിരെയാണ് ഈ സമരം? ആരെ ബോധവല്‍കരിക്കാന്‍? സംസ്ഥാന സര്‍ക്കാറിനെയോ? <<<<

  നിരര്‍ത്ഥകമാണെന്നു തോന്നുന്നെങ്കില്‍ താങ്കളൊക്കെ ഈ സമരം നിറുത്തുക.

  ഇതാരെയും ബോധവത്കരിക്കാനൊന്നുമല്ല. കാലഹരണപ്പെട്ട ഒരണക്കെട്ട് കുറച്ച് മനുഷ്യരുടെ ജീവനു ഭീഷണിയതുകൊണ്ട്, അത് പൊളിച്ചു കളയാനാണ്. അതിന്റെ ആദ്യപടി എന്ന നിലയില്‍ ജലനിരപ്പ് 120 അടിയെങ്കിലും ആക്കി കുറയ്ക്കനാണിപ്പോള്‍ ലക്ഷ്യമിടുന്നത്. അത്രയും കുറയുമ്പോള്‍ അണക്കെട്ടിലുള്ള സമ്മര്‍ദ്ദം പകുതിയോളം കുറയും. അതിനെ ഇപ്പോഴത്തെ അണക്കെട്ട് താങ്ങിനിറുത്തും. 999 വര്‍ഷമൊന്നും ഈ അണക്കെട്ട് നിലനില്‍ക്കില്ല. അതുകൊണ്ട് അതിനു പകരം  മറ്റൊന്ന് പണിയുന്നു. അതിന്റെ ഉയരം 120 അടിയില്‍ കൂടുകയുമില്ല.

  തമിഴ് നാട്ടിലെ 5 ജില്ലകളിലെ ജനജീവിതം  ഈ അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണു നിലനില്‍ക്കുനത്. അതിനു വേണ്ടി മറ്റേത് പദ്ധതിയാണു താങ്കളുടെ മനസിലുള്ളത്. അവര്‍ക്ക് വെള്ളം ലഭ്യമാകാന്‍ മറ്റൊരു പദ്ധതിയുണ്ടെങ്കില്‍  അതിനു വേണ്ടി ഞാനും വാദിക്കാം. പുതിയ അണക്കെട്ട് പണിയുന്നതിനെതിരെ ഞാനും  ശബ്ദമുയര്‍ത്താം.

 18. >>>>ഇടുക്കിയിലൊരു പ്രഭവകേന്ദ്രം മതി കൊച്ചിയില്‍ ഒരു ഭൂകമ്പം ഉണ്ടാവാന്‍. അന്നേരം ചീട്ടുകൊട്ടാരം പോലെ തകരാനുള്ള ആയുസ്സല്ലേ ചതുപ്പു നികത്തിയും നിയമങ്ങള്‍ ലംഘിച്ചും പണം മാത്രം മുന്നില്‍ കണ്ട് നാം കെട്ടിപ്പൊക്കിയ ഫ്ലാറ്റ് കൂമ്പാരങ്ങള്‍ക്കുള്ളൂ. ഭൂകമ്പ സാധ്യത മുന്നില്‍ കണ്ട് കൊച്ചിയിലും മറ്റിടങ്ങളിലും കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് എന്ത് നിയന്ത്രണങ്ങളാണ് നാമിക്കാലമത്രയും ഏര്‍പ്പെടുത്തിയത്. <<<<

  താങ്കള്‍ വെറുതെ കാടു കയറുന്നു. ചതുപ്പു നികത്തിയും “നിയമങ്ങള്‍ ലംഘിച്ചും പണം മാത്രം മുന്നില്‍ കണ്ട് നാം കെട്ടിപ്പൊക്കിയ ഫ്ലാറ്റ് കൂമ്പാരങ്ങളും”, മുല്ലപ്പെരിയറിലെ തകരാറായ അണക്കെട്ടും തമ്മിലെന്താണു ബന്ധം? കേരളത്തിലെ മറ്റെല്ലാ അഴിമതികളും ആസൂത്രണ പാളിച്ചകളും പരിഹരിച്ചിട്ടേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാവൂ എന്നൊക്കെ ശഠിക്കുന്നത് ഏതജണ്ടയാണെന്ന് മനസിലാകുന്നില്ല.

  ഇടുക്കിയിലോ കൊച്ചിയിലോ ഇന്‍ഡ്യയുടെ പരിസരത്തെങ്ങുമോ ആയിരുന്നില്ല കുറച്ച് നാളുകള്‍ക്ക് മുമ്പ് സുനാമിയുണ്ടയ ഭൂമി കുലുക്കത്തിന്റെ പ്രഭവ കേന്ദ്രം. അങ്ങ് ഇന്‍ഡോനേഷ്യയുടെ തീരത്തായിരുന്നു. ആഘാതം ഇങ്ങ് കേരളത്തില്‍ വരെയുണ്ടായി.

  ജപ്പാനില്‍ ഈ വര്‍ഷമുണ്ടായ സുനാമിയുടെ കാരണമായ ഭൂമി കുലുക്കം തീരത്തു നിന്നും 200 കിലോമീറ്റര്‍ അകലെയായായിരുന്നു. അതിന്റെ അലകള്‍ അമേരിക്കയില്‍ വരെ ഉണ്ടായി.

  കൊച്ചിയില്‍ നിന്നും അകലെ അറബുക്കടലില്‍ ഒരു ഭൂമി കുലുക്കമുണ്ടായലും കേരളത്തിന്റെ തീരത്തെ ആകെ മൂടുന്ന സുനാമിയുണ്ടാകാം.
  ഭൂമികുലുക്കത്തെയും അതി ജീവിക്കുന്ന കെട്ടിടങ്ങളും അണക്കെട്ടുകളും പണിയുന്ന സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. അതുപയോഗിച്ച് ചെറിയ അണക്ക്റ്റെറ്റ് പണിയണം. ഇടുക്കി അണക്കെട്ട് അതുപോലെ ഒന്നാണ്.

  താങ്കളീ പറയുന്ന പ്രഭവകേന്ദ്രങ്ങളൊന്നും ഇല്ലാത്ത ഗുജറാത്തിലായിരുന്നു 2001 ലെ ഭൂമി കുലുക്കം ഉണ്ടായത്. ഭൂമികുലുക്കം എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലുമുണ്ടാകാം. അണക്കെട്ട് ഇല്ലെങ്കിലും ആളുകള്‍ മരിക്കാം.

  • ‌മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ കുറച്ചാല്‍ അതിനെ ഇതു തടുത്തു നിര്‍ത്തുമെന്ന്‌ താങ്കള്‍ക്കു വിദഗ്‌ദ്ധോപദേശം നല്‍കിയതാരാണെന്ന്‌ ഒന്നു വെളിപ്പെടുത്താമോ?
   ഇതുതന്നെയാണ്‌ ഞാനും പറഞ്ഞത്‌. രാമന്‍ പാമ്പിനെ കൊല്ലും എന്നും ഞാന്‍ പറഞ്ഞപ്പോള്‍ പാമ്പിനെ രാമന്‍ കൊല്ലുമെന്നു താങ്കള്‍ പറയുന്നു. അത്രമാത്രം.

 19. ഇപ്പോള്‍ അല്‍പം തിരക്കിലാണ്. കാളിദാസന് വിശദമായ മറുപടി വൈകാതെ നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *