കീടങ്ങളെ മെരുക്കാന്‍ ജൈവമാര്‍ഗം

ജൈവകീടനാശിനികള്‍ക്ക് ചെലവ് കുറവാണ്. വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴിയാണിത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഏതാനും പേര്‍ ഒരുമിച്ചോ ജൈവകീടനാശിനികള്‍ തയാറാക്കാം. കീടങ്ങളെ മെരുക്കാനൊരു കൂട്ടായ്മയാകാം. ശത്രുവിന്റെ ശത്രു മിത്രമാകുന്നത് സാധാരണം-പി.വി അരവിന്ദ് എഴുതുന്നു

 

 

കീടങ്ങളെ നശിപ്പിക്കാനെത്തിയ കീടനാശനികള്‍ ജീവനാശിനികളായി മാറിയതിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ക്കു മുന്നിലാണ് നാം. കീടത്തെ കൊല്ലാനെത്തിയ രാസകീടനാശിനികളാണ് മനുഷ്യരുടെ അന്തകരായത്. മണ്ണിനും മനുഷ്യനും മനസ്സിനും ആവോളം ആഘാതമേറ്റു. ആളെക്കൊല്ലികളില്‍ പലതും നിരോധനത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി. വിലക്കുവീണിട്ടും കൃഷിയിടം വിടാത്ത പെരുംവിഷങ്ങള്‍ നിരവധിയുണ്ട്. എന്‍ഡോസള്‍ഫാന്‍, ഫ്യുറഡാന്‍…. പട്ടിക നീളും. കീടത്തെ തുരത്താന്‍ പറ്റിയ പകരക്കാരനില്ലാത്തതാണ് ഇവ വീണ്ടുമുപയോഗിക്കാന്‍ കാരണം. മാരകരോഗങ്ങള്‍ സമ്മാനിച്ച് ഇഞ്ചിഞ്ചായി ആളെകൊല്ലുന്നവയാണ് ഒട്ടുമിക്ക രാസകീടനാശിനികളും. പച്ചക്കറി വിളകളിലാണ് ചെറിയ ഇടവേളകളില്‍ കീടനാശിനിപ്രയോഗം നിര്‍ബന്ധമുള്ളത്. ഇതിന് ജൈവമാര്‍ഗം തേടിയാല്‍തന്നെ പരിസ്ഥിതി-ആരോഗ്യപ്രശ്നങ്ങള്‍ ഏറെ കുറക്കാം.

ദോഷഫലങ്ങളില്ലെന്നതാണ് ജൈവകീടനാശിനികളുടെ സവിശേഷത. പച്ചക്കറിയിലെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ജൈവപ്രതിവിധിയുമുണ്ട്. ചില ചിട്ടകള്‍ പാലിക്കണമെന്ന് മാത്രം. തയാറാക്കിയ അന്നുതന്നെ ഉപയോഗിക്കണം. വായു കടക്കാത്ത കുപ്പികളില്‍ കുറച്ചുദിവസം സൂക്ഷിക്കാം. ഗുണം കുറയാനിടയുണ്ട്. വേണ്ട അളവിനനുസരിച്ച് ചേരുവകളില്‍ ആനുപാതിക മാറ്റം വരുത്തിയാണ് ഇവ നിര്‍മിക്കേണ്ടത്. നേര്‍പ്പിച്ചേ ഉപയോഗിക്കാവൂ. ഏറെക്കാലം രോഗപ്രതിരോധം സാധ്യമല്ല. അതിനാല്‍ ചെറിയ ഇടവേളകളില്‍ വീണ്ടും പ്രയോഗിക്കേണ്ടി വരും. ജൈവകീടനാശിനികള്‍ക്ക് ചെലവ് കുറവാണ്. വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴിയാണിത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഏതാനും പേര്‍ ഒരുമിച്ചോ ജൈവകീടനാശിനികള്‍ തയാറാക്കാം. കീടങ്ങളെ മെരുക്കാനൊരു കൂട്ടായ്മയാകാം. ശത്രുവിന്റെ ശത്രു മിത്രമാകുന്നത് സാധാരണം.

പുകയില കഷായം
വിളകളുടെ നീരൂറ്റിക്കുടിക്കുന്ന മൃദുശരീരകീടങ്ങളെ തുരത്താനുള്ള മാര്‍ഗമാണ് പുകയിലകഷായം. മുഞ്ഞ, ഇലപ്പേന്‍, ചാഴി, തുള്ളന്‍… തുടങ്ങിയ കീടങ്ങളുടെ അന്തകനാണിത്. 250 ഗ്രാം പുകയില 2. 250 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിയിടുക. 60 ഗ്രാം അലക്കുസോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക. നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത പുകയില സത്ത് ശക്തിയായി ഇളക്കുന്നതിനൊപ്പം സോപ്പുലായനി അതിലേക്ക് ചേര്‍ക്കുക. ഇതില്‍ ആറേഴിരട്ടി വെള്ളം ചേര്‍ത്ത് വിളകളില്‍ തളിക്കാം.

 

 

മണ്ണെണ്ണക്കുഴമ്പ്
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താനുള്ള സ്പര്‍ശന കീടനാശിനിയാണിത്. രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം അലക്കുസോപ്പ് ചീകിയിട്ട് അലിയുംവരെ തിളപ്പിക്കുക. ഇത് തണുത്തശേഷം നാലര ലിറ്റര്‍ മണ്ണെണ്ണ ഇതിലൊഴിച്ച് നന്നായി ഇളക്കിച്ചേര്‍ക്കുക. നല്ല കുഴമ്പുപരുവത്തിലാകുന്നതാണ് ഇളക്കുപാകം. 15^20 ഇരട്ടി വെളളം ചേര്‍ത്ത് തളിക്കാം. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് തണ്ടുകളില്‍ തേച്ചുകൊടുക്കാം. ഇലകളില്‍ വീഴാതെ സൂക്ഷിക്കണം.

വേപ്പെണ്ണ എമല്‍ഷന്‍
ഇലപ്പേന്‍, പച്ചത്തുള്ളന്‍, മീലിമൂട്ടകള്‍, ചിത്രകീടങ്ങള്‍, മുഞ്ഞ എന്നിവയുടെ ആക്രമണം തടയാനുള്ള ജൈവമാര്‍ഗമാണ് വേപ്പെണ്ണ എമല്‍ഷന്‍. കായ്തുരപ്പന്‍ പുഴുവും തണ്ടുതുരപ്പന്‍ പുഴുവും ഇവനുമുന്നില്‍ കീഴടങ്ങും. വിളയുടെ അടിഭാഗത്ത് തളിച്ചാണ് പച്ചത്തുള്ളനെ വരുതിയിലാക്കുന്നത്. ഒരു ലിറ്റര്‍ വേപ്പെണ്ണ, 60 ഗ്രാം അലക്കുസോപ്പ്, വെളുത്തുള്ളി എന്നിവയാണ് ചേരുവകള്‍. അര ലിറ്റര്‍ വെള്ളത്തില്‍ അലക്കുസോപ്പ് ചീകിയിട്ട് ലയിപ്പിക്കുക. ഇതിലേക്ക് വേപ്പെണ്ണ ഒഴിച്ച് നന്നായി ഇളക്കുക. ഈ ലായനിയില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇങ്ങനെ കിട്ടുന്ന ലായനിയില്‍ ഓരോ ലിറ്റര്‍ ലായനിയിലും 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കണം. ഈ മിശ്രിതം അരിച്ച് കരടുമാറ്റിയ ശേഷം തളിക്കാം.

വേപ്പിന്‍കുരു സത്ത്
വഴുതിന, പായല്‍, പടവലം എന്നിവയുടെ ഇല തിന്നുന്ന ഇലതീനിപ്പുഴുക്കള്‍, പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവക്കെതിരെ പ്രയോഗിക്കാവുന്ന ജൈവകീടനാശിനിയാണ് വേപ്പിന്‍കുരു സത്ത്. വേപ്പിന്‍കുരു പൊടിച്ചത് 50 ഗ്രാം, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് വേണ്ടത്. വേപ്പിന്‍കുരു പൊടിച്ച് തുണിയില്‍ കിഴികെട്ടി വെള്ളത്തില്‍ കുതിരാന്‍ വെക്കണം. 12 മണിക്കൂര്‍ കഴിഞ്ഞ് നന്നായി പിഴിഞ്ഞ് കിഴി മാറ്റാം. അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് തയാറായി. ഇവ നേരിട്ടും നേര്‍പ്പിച്ചും തളിക്കാം. വേപ്പിന്‍ കുരു പൊടിച്ചതിന് പകരം വേപ്പിന്‍പിണ്ണാക്ക് ഉപയോഗിച്ചും കീടനാശിനിയുണ്ടാക്കാം. ഇതിന് 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വേണം. നാലഞ്ചുദിവസം വെള്ളത്തിലിട്ട് അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. ചീരയിലെ ഇല ചുരുട്ടിപ്പുഴുക്കളെ നിയന്ത്രിക്കാനും ഇല തിന്നുന്ന പ്രാണികളെ വകവരുത്താനുമുള്ള മാര്‍ഗമാണിത്.

നാറ്റപ്പൂച്ചെടി എമല്‍ഷന്‍
പയര്‍പ്പേന്‍ തടയാനുള്ള ലളിതമാര്‍ഗമാണിത്. പയറിന്റെ ഇളംതണ്ടിലും ഇലയുടെ അടിയിലും പൂവിലും ഞെട്ടിലും കായയിലും എല്ലാം ഇവയുടെ ഉപദ്രവം കാണാം. കടുകുമണിയേക്കാള്‍ ചെറുതായ ഇവയെ നശിപ്പിച്ചാലേ പയറിനെ രക്ഷിക്കാനാവൂ. പറമ്പുകളില്‍ കാണുന്ന നാറ്റപ്പൂച്ചെടി, ശവക്കോട്ടപ്പച്ച, ചടയന്‍ എന്നിവയെല്ലാം ഇതിനുപയോഗിക്കാം. ചെടിയുടെ ഇലയും ഇളംതണ്ടുമാണ് ഉപയോഗിക്കേണ്ടത്. വെള്ളം തളിച്ച് ഞെരടി നീരെടുക്കുകയാണ് ആദ്യപടി. ഒരു ലിറ്റര്‍ നീരിന് 60 ഗ്രാം അലക്കുസോപ്പ് ചേര്‍ത്ത് ലായനി തയാറാക്കാം. ഇത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. പത്തിരട്ടിയാണ് വെള്ളം ചേര്‍ക്കേണ്ടത്. പയര്‍ പേനിന്റെ ഉപദ്രവം കാണുമ്പോള്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ തളിക്കണം.

കിരിയാത്ത് കുഴമ്പ്
ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാനുതകുന്നതാണ് കിരിയാത്ത് കുഴമ്പ്. കിരിയാത്ത് ചെടിയുടെ ഇലയും ഇളംതണ്ടുമാണ് മുഖ്യചേരുവ. ഇവ നന്നായി ചതച്ച് നീരെടുക്കണം. ഒരു ലിറ്റര്‍ നീരില്‍ 60 ഗ്രാം അലക്കുസോപ്പ് ചേര്‍ത്തിളക്കുക. എളുപ്പം ലയിക്കാന്‍ സോപ്പ് ചെറിയ ചീളുകളാക്കാം. ഈ ലായനിയാണ് കിരിയാത്ത് കുഴമ്പ്. പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കണം. ഇതില്‍ ലിറ്ററൊന്നിന് 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ച് ഉപയോഗിക്കാം. ചെടിയുടെ അടിഭാഗത്ത് കീടനാശിനി വീഴണം.

ബോര്‍ഡോ കുഴമ്പ്
തുരിശും കുമ്മായവുമാണ് ചേരുവയെങ്കിലും ബോര്‍ഡോ മിശ്രിതത്തിന് ജൈവപട്ടികയിലാണ് ഇടം. കുമിളുകളുടെ കുലം മുടിക്കാന്‍ കണ്‍കണ്ട ഔഷധമാണിത്. ബോര്‍ഡോ കുഴമ്പുണ്ടാക്കാന്‍ നൂറുഗ്രാം തുരിശും നൂറുഗ്രാം കുമ്മായവും വേണം. ഇവ രണ്ടും വെവ്വേറെ പാത്രത്തിലെടുത്ത് അര ലിറ്റര്‍ വീതം വെള്ളത്തില്‍ ലയിപ്പിക്കുക. മിശ്രിതം തയാറാക്കാന്‍ മണ്ണ്, തടി, ചെമ്പ്, പ്ലാസ്റ്റിക് പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം തുരിശുലായനി ചുണ്ണാമ്പുലായനിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുന്നതോടെ ബോര്‍ഡോ കുഴമ്പ് തയാറായി. ഇത് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ ലായനിയാക്കാന്‍ 99 ലിറ്റര്‍ വെള്ളം ചേര്‍ത്താല്‍ മതി. ലായനിയില്‍ ചെമ്പിന്റെ അംശം കൂടിയാല്‍ അത് വിളകളെ ബാധിക്കും. അത് പരിശോധിക്കണം. അതിനായി വൃത്തിയാക്കിയ ഇരുമ്പുകത്തിയോ ബ്ലേഡോ തയാറാക്കിയ മിശ്രിതത്തില്‍ മുക്കുക. ചുവന്ന നിറത്തില്‍ പറ്റിപ്പിടിക്കുന്നത് കണ്ടാല്‍ ചെമ്പിന്റെ അളവ് കൂടുതലാണെന്ന് മനസ്സിലാക്കാം. കുറച്ച് ചുണ്ണാമ്പുലായനി ചേര്‍ക്കാം. കത്തിപ്രയോഗം തുടര്‍ന്ന് ചെമ്പിന്റെ അംഗം ഇല്ലെന്ന് ഉറപ്പായാല്‍ ഉപയോഗിക്കാം. വെള്ളരിവര്‍ഗ വിളകളില്‍ ബോര്‍ഡോ മിശ്രിതം തളിക്കരുത്. തയാറാക്കിയ ഉടന്‍ ഉപയോഗിക്കണം.

ചിരട്ടക്കെണി
പച്ചക്കറികളിലെ കായീച്ചയെ തുരത്താനുള്ള ജൈവമാര്‍ഗമാണിത്. പാവലിലും പടവലത്തിലും വെള്ളരിയിലുമെല്ലാം കായീച്ചയുടെ ആക്രമണം തടയാം. പുഴുക്കുത്ത് വീഴുന്നതാണ് ആക്രമണലക്ഷണം. ചിരട്ടക്കെണി തയാറാക്കാന്‍ പലതുണ്ട് മാര്‍ഗങ്ങള്‍. ഏത് തിരഞ്ഞെടുത്താലും കായീച്ച കുടുങ്ങിയതുതന്നെ.
ഒരു പാളയംകോടന്‍ പഴം (മൈസൂര്‍ പൂവന്‍), രണ്ടച്ച് ശര്‍ക്കര, അല്‍പം യീസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക. ഈ മിശ്രിതം ചിരട്ടയിലെടുത്ത് അതിനുമീതെ ഫ്യുറഡാന്‍ തരികള്‍ വിതറുക.
ഒരു പാളയംകോടന്‍ പഴം തൊലി നീക്കാതെ മൂന്നോ നാലോ കഷണമായി മുറിക്കുക. ചെരിച്ചാണ് മുറിക്കേണ്ടത്. ഒരു കഷണം കടലാസില്‍ വിതറിയ ഫ്യുറഡാന്‍ തരികളില്‍ പഴുത്തിന്റെ മുറിഭാഗം മെല്ലെ അമര്‍ത്തുക. ഫ്യുറഡാന്‍ തരികള്‍ പറ്റിയ ഭാഗം മുകളിലാക്കി ചിരട്ടയില്‍ വക്കുക.
നല്ലൊരു പിടി തുളസിയില നന്നായി ഞെരടിയശേഷം നീര് ചിരട്ടയിലാക്കുക. നീരെടുത്ത തുളസിയിലയും അതിലിടണം. ചിരട്ടയുടെ പകുതിയോളം വെള്ളമൊഴിക്കുക. ഇതിലേക്ക് ഒരു നുള്ള് ഫ്യുറഡാന്‍ തരികള്‍ ചേര്‍ത്ത് ഇളക്കുക.
ഇത്തരത്തില്‍ തയാറാക്കിയ ചിരട്ടക്കെണികള്‍ പച്ചക്കറി തോട്ടത്തില്‍ അവിടവിടെയായി കെട്ടിത്തൂക്കണം. നാലു ചുവടിന് ഒന്നെന്ന കണക്കിലാകാം. പച്ചക്കറി പന്തലില്‍ ഉറിപോലെ കെട്ടി അതില്‍ ചിരട്ടകള്‍ തൂക്കിയിടാം. കായീച്ചകള്‍ ആകര്‍ഷിക്കപ്പെടും. വിഷദ്രാവകം കുടിച്ച് ചത്തൊടുങ്ങും.

കഞ്ഞിവെള്ളക്കെണി
കായീച്ചകളെ തുരത്താനുള്ളതാണ് കഞ്ഞിവെള്ളക്കെണി. ചിരട്ടയില്‍ കാല്‍ഭാഗം കഞ്ഞിവെള്ളമെടുക്കുക. ഇതില്‍ കഷണം ശര്‍ക്കര ചേര്‍ക്കുക. ഒരുഗ്രാം ഫ്യുറഡാന്‍ തരികൂടി ചേര്‍ക്കുന്നതോടെ വിഷദ്രാവകമൊരുങ്ങി. ഇത് പച്ചക്കറി പന്തലില്‍ അവിടവിടെ ഉറികെട്ടി തൂക്കിയിടാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ചേര്‍ന്ന മണം കായീച്ചകളെ ആകര്‍ഷിക്കും. ചിരട്ടയിലെ നീര് കുടിക്കുന്ന ഇവ അവിടെതന്നെ ചത്തൊടുങ്ങും. കായീച്ചയുടെ ഉപദ്രവമേറ്റ കായ്കറികള്‍ പറിച്ചുനശിപ്പിച്ചാല്‍ ഇവ പെരുകുന്നത് തടയാം.

മീന്‍കെണി
ഉണങ്ങിയ മീന്‍പൊടിയും ഫ്യുറഡാനുമാണ് മീന്‍കെണിയുണ്ടാക്കാനുള്ള സാമഗ്രികള്‍. ഒരു കെണിക്ക് അഞ്ചുഗ്രാം മീന്‍പൊടി വേണം. ഇത് ചിരട്ടയിലെടുത്ത് ചെറുതായി നനക്കണം. അരഗ്രാം ഫ്യുറഡാന്‍ ഇതില്‍ ചേര്‍ത്തിളക്കുക. മിശ്രിതം തയാറാക്കിയ ചിരട്ടയടക്കം പൊളിത്തീന്‍ കവറിലാക്കുക. കവറില്‍ ഈച്ചകള്‍ക്ക് കടക്കാന്‍ പാകത്തിലുള്ള നാലഞ്ച് തുളകളിടണം. ഈ കെണി പച്ചക്കറി പന്തലില്‍ തൂക്കാം. മീന്‍മണം തേടിയെത്തുന്ന കായീച്ചകള്‍ എളുപ്പം വലയിലാകും.

4 thoughts on “കീടങ്ങളെ മെരുക്കാന്‍ ജൈവമാര്‍ഗം

  1. ഈ മിശ്രിതം ചിരട്ടയിലെടുത്ത് അതിനുമീതെ ഫ്യുറഡാന്‍ തരികള്‍ വിതറുക.
    നാട്ടില്‍ നിരോധിച്ച ഫ്യുറഡാന്‍ ഉണ്ടാക്കുന്ന വിദ്യ കൂടെ പറയേണ്ടേ ആശാനേ?

Leave a Reply

Your email address will not be published. Required fields are marked *