പ്രിയപ്പെട്ട തിയോ…

ചൊവ്വാഴ്ച വൈകീട്ട് ഇരമ്പിക്കുതിച്ചുവന്ന ആ ബൈക്ക് കവര്‍ന്നെടുത്തത് ഞങ്ങളുടെ പ്രതീക്ഷകള്‍ കൂടിയായിരുന്നു. പൈറിയസ് എന്ന ആ തീരദേശ നഗരത്തിലെ തിരക്കേറിയ റോഡില്‍ അലക്ഷ്യമായി നടക്കുമ്പോള്‍ അങ്ങയുടെ മനസ്സില്‍ ഒരുപക്ഷേ അടുത്ത ഫ്രെയിം മാത്രമായിരിക്കുമെന്നറിയാം. തിരശ്ശീലയില്‍ എഴുതി ബാക്കിനിര്‍ത്തിയ ആ ദൃശ്യേതിഹാസം ഇനി ഞങ്ങളെങ്ങനെ കാണും?-മരണസ്പര്‍ശമുള്ള നിതാന്ത മൌനത്തിലേക്ക് പിന്‍വാങ്ങിയ വിഖ്യാത ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ചലോ പൌലോസിന് ഹൃദയം കൊണ്ട് ഒരു യാത്രാമൊഴി. എന്‍.പി സജീഷ് എഴുതുന്നു

 

 

ഗ്രീസ്. ദുരന്തനാടകങ്ങള്‍ക്കു പേരുകേട്ട നാട്. ഈസ്കിലസും സോഫോക്ലിസും യൂറിപ്പിഡിസും പറഞ്ഞ കഥകളത്രയും മനുഷ്യജീവിതത്തിലേക്ക് രംഗബോധമില്ലാതെ കടന്നുവരുന്ന ദുരന്തങ്ങളെക്കുറിച്ചായിരുന്നു. ഒരിക്കലും പ്രതീക്ഷിച്ചതല്ല തിയോ, അങ്ങയുടെ ജീവിതത്തില്‍ ഇങ്ങനെയൊരു ദുരന്തം. കഴിഞ്ഞ മാസം, ഇവിടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു കൊച്ചുനാടായ കേരളം നിങ്ങളുടെ ചലച്ചിത്രശില്‍പങ്ങള്‍ക്കു മുന്നില്‍ പ്രണമിച്ചുനില്‍ക്കുന്നത് ഞാന്‍ കണ്ടതാണ്. ശ്രീപത്മനാഭ തിയറ്ററില്‍ തിങ്ങിനിറഞ്ഞ കാണികള്‍ ‘വീപ്പിംഗ് മെഡോ’ കാണുമ്പോള്‍ ആ ചരിത്രസന്ധിയുടെ വേദനകള്‍ മുഴുവന്‍ അവിടെ വിങ്ങിനില്‍പ്പുണ്ടായിരുന്നു.

എഴുപത്തിയാറാം വയസ്സിലും താങ്കളുടെ ക്യാമറ വിശ്രമിക്കുന്നില്ലല്ലോ എന്നറിയുമ്പോള്‍ ഏതൊരു ചലച്ചിത്രപ്രേമിയെയും പോലെ ഞാനും ആഹ്ലാദിച്ചിരുന്നു. ‘മറുകടല്‍’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നല്ലോ താങ്കള്‍. ചൊവ്വാഴ്ച വൈകീട്ട് ഇരമ്പിക്കുതിച്ചുവന്ന ആ ബൈക്ക് കവര്‍ന്നെടുത്തത് ഞങ്ങളുടെ പ്രതീക്ഷകള്‍ കൂടിയായിരുന്നു. പൈറിയസ് എന്ന ആ തീരദേശ നഗരത്തിലെ തിരക്കേറിയ റോഡില്‍ അലക്ഷ്യമായി നടക്കുമ്പോള്‍ അങ്ങയുടെ മനസ്സില്‍ ഒരുപക്ഷേ അടുത്ത ഫ്രെയിം മാത്രമായിരിക്കുമെന്നറിയാം. തിരശ്ശീലയില്‍ എഴുതി ബാക്കിനിര്‍ത്തിയ ആ ദൃശ്യേതിഹാസം ഇനി ഞങ്ങളെങ്ങനെ കാണും? (ഹോമറിന്റെ നാട്ടുകാരനായ താങ്കളുടെ ദാര്‍ശനിക രചനകളെ ഇതിഹാസമെന്നല്ലാതെ മറ്റെന്താണ് ഞങ്ങള്‍ വിളിക്കുക?)

 

തിയോ ആഞ്ചലോ പൌലോസ്

 

ഇടതുപക്ഷ വിഷാദം
കഴിഞ്ഞ മാസം ഐ.ഷണ്‍മുഖദാസ് സാറിനെ വിളിച്ച് ചലച്ചിത്രോല്‍സവപതിപ്പിലേക്ക് തിയോ ആഞ്ചലോ പൌലോസിനെപ്പറ്റി ഒരു ലേഖനം എഴുതിത്തരാമോ എന്നു ചോദിച്ചപ്പോള്‍ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ അദ്ദേഹം വാചാലനായി. ‘ദ ബീ കീപ്പര്‍’ മുതല്‍ ‘ലാന്റ്സ്കേപ് ഇന്‍ ദ മിസ്റ്റ്’ വരെയുള്ള ചിത്രങ്ങളെക്കുറിച്ച്, അവയിലെ ദാര്‍ശനികമായ ആഴങ്ങളെക്കുറിച്ച്. മാഷ് ഏറെ നേരം സംസാരിച്ചു. പിന്നീട് മാഷ് എഴുതിത്തന്ന ലേഖനത്തിലെ ഒരു വാചകം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇടതുപക്ഷ വിഷാദത്തിന്റെ (left wing melancholy)ചലച്ചിത്രകാരന്‍ എന്നാണ് അദ്ദേഹം അങ്ങയെ വിശേഷിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിലുണര്‍ന്ന ചുവപ്പന്‍ പ്രതീക്ഷകള്‍ അസ്തമിച്ചുപോവുന്നതിന്റെ അനുഭവരേഖകളായിരുന്നു അങ്ങയുടെ ചിത്രങ്ങള്‍ എന്ന് വിലയിരുത്തുകയും ചെയ്തു.
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് കലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോള്‍ തിയോ എനിക്ക് കേട്ടറിവു മാത്രമായിരുന്നു. സമകാലിക ലോക ചലച്ചിത്രാചാര്യന്‍ എന്ന് വിഖ്യാത മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ഫ്രെഡറിക് ജയിംസന്‍ വിശേഷിപ്പിച്ച സംവിധായകന്‍ എന്ന വിവരം മാത്രം.

 

Eternity And A Day

 

അവസാനത്തെ ആധുനികന്‍
ഫിലിം സൊസൈറ്റിക്കു വേണ്ടി ചലച്ചിത്ര അക്കാദമിയില്‍നിന്ന് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ആദ്യം മനസ്സിലുണര്‍ന്ന പേര് താങ്കളുടേതായിരുന്നു. അന്ന് തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചത് ‘ഇറ്റേണിറ്റി ആന്റ് എ ഡേ'(1998). അത് അവിസ്മരണീയമായ ദൃശ്യാനുഭവമായി. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശãബ്ദത കൊണ്ട് യൂനിവേഴ്സിറ്റി ഓഡിറ്റോറിയം ആ ചരിത്രയാഥാര്‍ഥ്യങ്ങളെ നേരിട്ടു. ആസന്നമരണനായ അലക്സാണ്ടര്‍ എന്ന എഴുത്തുകാരന്‍ സ്മരണകളിരമ്പുന്ന മനസ്സിന്റെ സഞ്ചാരപഥങ്ങളിലൂടെ ഭൂതകാലത്തിലേക്കും തിരിച്ച് വര്‍ത്തമാനത്തിലേക്കും നടത്തുന്ന ആന്തരികയാത്രകളില്‍ ഞങ്ങള്‍ കൂടെക്കൂടി. പ്രണയത്തിന്റെ പച്ചപ്പുള്ള ഓര്‍മകളുടെ ശേഖരംപോലെ കുറേ കത്തുകള്‍ അവശേഷിപ്പിച്ച് യൌവനത്തില്‍ മറഞ്ഞ ഭാര്യയുടെ ഗൃഹാതുരമായ ഓര്‍മകളില്‍ അഭിരമിക്കുന്ന ഏകാകിക്ക് ആ രാത്രി ഞങ്ങള്‍ കൂട്ടിരുന്നു. അന്ന് രാത്രി മടങ്ങുമ്പോള്‍ പ്രിയ ചലച്ചിത്രകാരന്മാര്‍ക്കൊപ്പം മനസ്സില്‍ താങ്കളെയും കൂടെക്കൂട്ടി.
ക്യാമറ കൊണ്ട് ചിന്തിക്കുന്ന ചലച്ചിത്രകാരനെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ചലച്ചിത്രചിന്തകന്‍ ഡേവിഡ് ബോര്‍ഡ്വെല്‍ പറഞ്ഞത് എത്രശരിയാണ്, അവസാനത്തെ ആധുനികന്‍ തന്നെയായിരുന്നു താങ്കള്‍. റോസല്ലിനി, ബ്രസന്‍, അന്റോണിയോണി എന്നിവരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രണ്ടാംതലമുറയിലെ ആധുനിക ചലച്ചിത്രകാരന്‍. ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാത്ത ആഖ്യാതാവ്. റഷ്യയിലെ താര്‍ക്കോവ്സ്കിയെപ്പോലെ, ഇറ്റലിയിലെ അന്റോണിയോണിയെപ്പോലെ, ചരിത്രപര്യവേക്ഷണങ്ങളുടെയും അസ്തിത്വാന്വേഷണങ്ങളുടെയും ദൃശ്യേതിഹാസങ്ങള്‍ ചമയ്ക്കുകയായിരുന്നല്ലോ താങ്കള്‍.

 

തിയോ ആഞ്ചലോ പൌലോസ്

 

നിശബ്ദമായ നിലവിളികള്‍
മനുഷ്യന്‍ നിര്‍മിച്ച അതിര്‍ത്തികള്‍ എത്ര വലിയ അസംബന്ധങ്ങളെന്ന് അങ്ങ് കാണിച്ചുതന്നു. സ്നേഹകാരുണ്യങ്ങളുടെ വഴിയിലൂടെ ഈ അതിര്‍ത്തികള്‍ മുറിച്ചുകടക്കാനുള്ള മാനവരാശിയുടെ കഴിവില്‍ പ്രത്യാശയര്‍പ്പിച്ചു. വീട്ടില്‍ എത്താന്‍ ഞങ്ങള്‍ക്ക് ഇനിയെത്ര അതിര്‍ത്തികള്‍ കടക്കേണ്ടിവരുമെന്ന് ‘യൂലിസസ് ഗേസി’ല്‍ ഒരു അഭയാര്‍ഥി ചോദിക്കുന്നുണ്ട്. പിറന്ന മണ്ണില്‍നിന്നു വേരോടെ പിഴുതെറിയപ്പെടുന്നവരുടെ നിശãബ്ദമായ നിലവിളികള്‍ക്ക് കാതോര്‍ക്കുകയായിരുന്നോ അങ്ങ്? ഞങ്ങള്‍ തിയോചിത്രങ്ങളുടെ ശബ്ദപഥത്തില്‍ മുഴങ്ങി കേള്‍ക്കുന്നത് അതാണ്.
ചരിത്രത്തില്‍നിന്ന് നാമെന്തെങ്കിലും പഠിക്കുന്നുണ്ടോ എന്ന് താങ്കള്‍ പേര്‍ത്തും പേര്‍ത്തും ചോദിച്ചു. ‘യൂലിസസ് ഗേസ് (1995) എന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തില്‍ പറഞ്ഞത് ഓര്‍മയുണ്ട്:

”ഈ നൂറ്റാണ്ട് സരാജെവോയില്‍ തുടങ്ങി സരാജെവോയില്‍ അവസാനിച്ചു. ആദ്യ സരാജെവോ മുതല്‍ രണ്ടാം സരാജെവോ വരെയുള്ള കാലയളവില്‍ നാമെന്തു പാഠമാണ് പഠിച്ചത്? നാം ചരിത്രത്തില്‍നിന്ന് വല്ലതും പഠിക്കുന്നുണ്ടോ? നാം പുരോഗമിക്കുകയാണെന്ന് ഏതു പരിധി വരെ നമുക്കു പറയാന്‍ കഴിയും? മനുഷ്യബോധത്തിന്റെയും മനഃസാക്ഷിയുടെയും പുരോഗതിയല്ല, സാങ്കേതിക പുരോഗതി മാത്രമല്ലേ അത്? ‘യൂലിസസ് ഗേസ്’ സൂക്ഷ്മനോട്ട(Gaze)ത്തിന്റെ കഥയാണ്. നോട്ടത്തിലൂടെ വാസ്തവത്തില്‍ നാമെന്താണ് കാണുന്നത്? അതാണ് എന്റെ ചോദ്യം. നാമെന്തെങ്കിലും വ്യക്തമായി കാണുന്നുണ്ടോ? ഇത്രയേറെ കാര്യങ്ങള്‍ സംഭവിച്ചിട്ടും, ഉറവിടവും വ്യക്തതയും നഷ്ടമാവുംവിധം എണ്ണമറ്റ ദൃശ്യങ്ങള്‍ കണ്ണിലേക്കു പതിച്ചിട്ടും ഞാന്‍ എന്തെങ്കിലും കാണുന്നുണ്ടോ?.”
ആ ചോദ്യങ്ങള്‍ താങ്കളുടെ ദൃശ്യങ്ങള്‍ വാചാലമായി ആവര്‍ത്തിക്കുന്നത് ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. താങ്കള്‍ പറഞ്ഞത് നേരാണ് തിയോ. യുദ്ധവും രക്തച്ചൊരിച്ചിലുകളും അട്ടിമറിയും വംശഹത്യകളും നിറഞ്ഞ വര്‍ത്തമാനത്തില്‍ നമ്മുടെ കാഴ്ചകളൊന്നും ശരിയല്ല. കാഴ്ചക്കാര്‍ക്കു വ്യക്തതയുണ്ടായിരുന്നെങ്കില്‍ അവ ആവര്‍ത്തിക്കുമായിരുന്നില്ലല്ലോ.

 

The Weeping Meadow

 

ആ മൂന്നു ഫിലിം റീലുകള്‍
‘യൂലിസസ് ഗേസ്’ കണ്ടപ്പോള്‍ യുദ്ധവും സമഗ്രാധിപത്യവും എങ്ങനെയാണ് കലയെ നശിപ്പിച്ചതെന്ന് ഞങ്ങളറിഞ്ഞു. ഒരു ഗ്രീക്ക് ചലച്ചിത്രകാരന്‍ നഷ്ടപ്പെട്ട ഫിലിം റീല്‍ അന്വേഷിച്ച് ബാള്‍ക്കന്‍മേഖലയിലൂടെ നടത്തുന്ന യാത്രയില്‍ ഞങ്ങള്‍ കാഴ്ചക്കാരും അണിചേര്‍ന്നു. ഈ നുറ്റാണ്ടിന്റെ തുടക്കത്തില്‍ ബാള്‍ക്കന്‍ രാഷ്ട്രങ്ങള്‍ക്ക് സിനിമയെ പരിചയപ്പെടുത്തിക്കൊടുത്ത മനാകിസ് സഹോദരന്മാരുടേതാണ് നഷ്ടപ്പെട്ട ആ മൂന്നു ഫിലിം റീലുകള്‍. ആ അനുയാത്രയില്‍ ഒരു ദേശത്തിന്റെ വിഷാദം ഞങ്ങള്‍ക്കു പകര്‍ന്നുകിട്ടി. ദാര്‍ശനികമായ ഒരു തലത്തില്‍നിന്നുകൊണ്ട് സമകാലിക ലോകസംഘര്‍ഷങ്ങളെ കാണാന്‍ അങ്ങ് ഞങ്ങളെ പഠിപ്പിച്ചു.

 

The Weeping medow

 

വിങ്ങുന്ന മൌനം
വിങ്ങുന്ന ഒരന്തരീക്ഷം താങ്കളുടെ ഫ്രെയിമുകള്‍ക്കുണ്ട്. പലപ്പോഴും താങ്ങാനാവുമായിരുന്നില്ല മൂടിക്കെട്ടിയ ആ അന്തരീക്ഷത്തിന്റെ കനം. വാചാലമായ മൌനംകൊണ്ട് അങ്ങ് ദൃശ്യങ്ങളെ പുതപ്പിച്ചു. നീണ്ടുപോവുന്ന ചരിത്രഘട്ടങ്ങളെ ദ്യോതിപ്പിക്കുന്നതിനുവേണ്ടിയാണോ അങ്ങ് ലോംഗ്ടേക്കുകള്‍ ഉപയോഗിച്ചത്? ഒരു ലോംഗ് സീക്വന്‍സ് ഷോട്ടുകൊണ്ട് വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കാന്‍ പ്രേക്ഷകനെ പ്രാപ്തനാക്കുന്ന അനുപമമായ ശില്‍പവൈദഗ്ധ്യം കണ്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട തിയോ, മൌനമായിരുന്നല്ലോ അങ്ങയുടെ ഭാഷ.’നിശബ്ദതയുടെ ചലച്ചിത്രത്രയങ്ങള്‍’ തന്നെ താങ്കള്‍ നിര്‍മിച്ചു. ചരിത്രത്തിന്റെ മൌനം (വൊയേജ് റ്റു സിതെറ), പ്രണയത്തിന്റെ മൌനം (ദ ബീ കീപ്പര്‍,1986), ദൈവത്തിന്റെ മൌനം (ലാന്‍ഡ്സ്കേപ് ഇന്‍ ദ മിസ്റ്റ്). നിതാന്തമായ മൌനത്തിലേക്കു പിന്‍വാങ്ങിയെങ്കിലും അങ്ങ് ബാക്കിവെച്ച റീലുകള്‍ ഞങ്ങളുടെ മനസ്സില്‍ ഇടമുറിയാതെ ഓടിക്കൊണ്ടിരിക്കും.

സമ്പന്നമായ ചരിത്രപൈതൃകമുള്ള ഒരു ദേശത്തിന്റെ സാംസ്കാരികസ്വത്വത്തെ യുദ്ധങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും മനുഷ്യന്‍ എങ്ങനെ നശിപ്പിച്ചുവെന്ന ദുരന്തദര്‍ശനത്തിന്റെ ദാര്‍ശനിക വിഷാദം കനത്തുനില്‍ക്കുന്ന ആ ഫ്രെയിമുകള്‍ ഞങ്ങള്‍ വീണ്ടും വീണ്ടും കാണും.

 

 

തിയോ ആഞ്ചലോ പൌലോ ഇനിയില്ല

One thought on “പ്രിയപ്പെട്ട തിയോ…

Leave a Reply

Your email address will not be published. Required fields are marked *