savad-rahaman.jpg

വരൂ കേരളമേ, ഈ ഇടനാഴികളിലെ രക്തം കാണൂ…

തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാന്‍ മാനേജുമെന്റ് തയ്യാറാകും വരെ ലേക് ഷോറിലെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ മനുഷ്യരൂപം പൂണ്ട മാലാഖയെന്ന് നാം വിശ്വസിക്കുന്ന ഡോ. വി.പി.ഗംഗാധരനെപ്പോലുള്ള ഭിഷഗ്വരര്‍ മനസുകാണിക്കണം. ചൂഷണവും പണാര്‍ത്തിയുമാണല്ലോ ചികില്‍സയില്ലാത്ത അര്‍ബുദങ്ങള്‍. മുല്ലപ്പൂ വിപ്ലവകാരികളോട് ഐക്യപ്പെട്ട് വിളിച്ച മുദ്രാവാക്യങ്ങളും മുല്ലപ്പെരിയാറിന്റെ പേരില്‍ തെളിച്ച മനുഷ്യസ്നേഹ ജ്വാലകളും ആത്മാര്‍ഥമായിരുന്നെങ്കില്‍ സൌമ്യ,പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളില്‍ കാണിച്ച പല്ലുഞെരിച്ചിലിന് ലേശമെങ്കിലും നെറിവുണ്ടായിരുന്നെങ്കില്‍ കേരളം ഈ സമരം ഏറ്റെടുക്കണം. നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശപ്പോരാട്ടം പരാജയപ്പെടുക എന്നാല്‍ അതു പൌരസമൂഹത്തിന്റെ പരാജയമാണ് എന്ന് സമ്മതിക്കേണ്ടി വരും, ഒരിക്കലും ഉണങ്ങാത്തൊരു മുറിവായിരിക്കുമത്-സവാദ് റഹ്മാന്‍ എഴുതുന്നു

 

photo courtesy; UNA FB PAGE

 

ഉറ്റവര്‍ പോലും മുഖം തിരിച്ചു കളഞ്ഞേക്കാവുന്ന
അളിഞ്ഞു പുഴുത്തൊരു മുറിവുമായി കയറിച്ചെന്ന
തികച്ചും അപരിചിതരായ നമുക്കുവേണ്ടി
സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ലേപനങ്ങളുമായി
അവര്‍ കൂട്ടിരുന്നു,
നമ്മുടെ വേദന അവര്‍ പകുത്തെടുത്തു.
സൌഖ്യത്തിനായി നമ്മേക്കാള്‍ മനസുരുകി പ്രാര്‍ഥിച്ചു.

അവര്‍ മുറിവുണക്കുന്നവര്‍,
നമ്മുടെ നീറ്റലുകളെ നെഞ്ചിലേറ്റുമ്പോഴും
അവരുടെ വേദനകള്‍ ഉള്ളിലൊളിപ്പിച്ച്
ആശുപത്രി ഇടനാഴികളുടെ ഇരുളില്‍ കണ്ണുനീര്‍ മറച്ചുപിടിച്ചവര്‍.
നാം അവരെ കാരുണ്യത്തിന്റെ മാലാഖമാര്‍ എന്നു വിളിച്ചു;
അവരില്ലായിരുന്നെങ്കില്‍ ജീവിതം കഷ്ടമായിപ്പോയേനെയെന്ന് സ്തുതിച്ചു,
പക്ഷെ,അവര്‍ എങ്ങിനെ ജീവിക്കുന്നു എന്നുമാത്രം ആരാഞ്ഞില്ല .

രക്തസാക്ഷികളുടെ ചീറ്റിത്തെറിച്ച ചോര കൊണ്ടല്ലോ
ഏതൊരു ചരിത്രപുസ്തത്തിനും പുറം ചട്ടയുണ്ടാവുക

ഇന്ത്യന്‍ സ്വാതന്ത്യ്രപ്പോരാട്ടത്തിന് മംഗള്‍ പാണ്ഡേ എന്ന പട്ടാള ശിപായിയും തുനീഷ്യന്‍ വിപ്ലവത്തിന് മുഹമ്മദ് ബഅ്സൂസി എന്ന ഉന്തുവണ്ടിക്കാരനും
സ്വന്തം ജീവിതം കത്തിച്ചുപിടിച്ചു വഴികാണിച്ചതുപോലെ ആയുസിന്‍ സമയസൂചി സ്വയം നിലപ്പിച്ച് ചൂഷണം കൊടികുത്തിവാണ മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിട്യൂട്ടിന്റെ ഹൃദയമില്ലായ്മയെ ബീനാ ബേബി എന്ന കൊല്ലപ്പുഴക്കാരി ലോകര്‍ക്കുമുന്നില്‍ അനാവൃതമാക്കി.

അവധിയും വിശ്രമവുമില്ലാതെ മണിക്കൂറുകള്‍ നീളുന്ന അതി കഠിന ജോലി, തുച്ഛ ശമ്പളം, മോശം താമസ^ഭക്ഷണ സൌകര്യങ്ങള്‍, ജോലിക്കു കയറുമ്പോള്‍ പണയമായി പഠന സര്‍ട്ടിഫിക്കറ്റുകളും ആശുപത്രി ഏമാന്‍മാര്‍ പ്രസാദിക്കുവോളം കാലം എല്ലുമുറിയാമെന്ന് ബോണ്ടും കൊടുക്കണം, ഈ പറയും കാലാവധി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴയുമൊടുക്കണം. പിഴപ്പണം ഒടുക്കാന്‍ നിവൃത്തിയില്ലാതെയാണ് ബീനാ ബേബി ജീവനൊടുക്കിയത്.
മുംബൈയില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു മഹാ നഗരങ്ങളിലെ ആശുപത്രികളിലും സ്ഥിതി മറിച്ചല്ലെന്നും ജോലിത്തിരക്കിനിടയില്‍ ഒരു ഷാളെടത്ത് കഴുത്തില്‍ കുരുക്കിടാനുള്ള ഇടവേളപോലും കിട്ടാത്തതു കൊണ്ടാണ് ഒരു പാടു ബീനമാര്‍ ജീവിച്ചിരിക്കുന്നതെന്നുമുള്ള സത്യം^ആതുരാലങ്ങള്‍ക്കുള്ളിലെ ആടുജീവിതം അങ്ങിനെ ആളുകളറിഞ്ഞു.

ജോലി ബഹിഷ്കരിച്ച് മുംബൈയില്‍ ആശുപത്രിക്കു മുന്നില്‍ ധര്‍ണയിരുന്ന നഴ്സുമാരെ അഭിവാദ്യം ചെയ്യാന്‍ കേരള എം.പിമാര്‍ പറന്നൈത്തി,പത്രങ്ങളില്‍ ഒന്നാം പേജ് സചിത്ര വാര്‍ത്തയായി. ഗത്യന്തരമില്ലാതെ മാനേജ്മെന്റുകള്‍ ചില ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങി. ബീനയുടെ ജീവന്റെ വിലയായി ഒട്ടേറെപ്പേര്‍ക്ക് ഈ അടിമപ്പണിയില്‍ നിന്ന് വിടുതല്‍ കിട്ടി. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവും വീട്ടിലെ കഷ്ടപ്പാടുകളും വിദേശജോലി സ്വപ്നങ്ങളും കാരണം കടിച്ചുപിടിച്ചു നില്‍ക്കുന്നവരാരും ബീനക്കു പിന്നാലെ പോകാതിരിക്കട്ടേ എന്ന് പ്രാര്‍ഥിക്കാം.

പ്രധാനമന്ത്രിയുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖരുടെ ഹൃദയസൂക്ഷിപ്പുകാരായ മുംബൈ ആശുപത്രിയിലേതിനു സമാനമായ തൊഴില്‍ സാഹചര്യം തന്നെയായിരുന്നു മുന്‍രാഷ്ട്രപതിമാരും ന്യായാധിപന്‍മാരും കാല്‍തൊട്ടുവണങ്ങുന്ന അമ്മദൈവത്തിന്റെ പേരിലെ ഇടപ്പള്ളി അമൃത ആശുപത്രിയിലും. ന്യായമായ അവകാശങ്ങള്‍ ഉന്നയിക്കുന്നതിന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ യുണിറ്റ് രൂപീകരിച്ച നഴ്സുമാരോട് മാരകായുധങ്ങളുടെ ഭാഷയിലാണ് സദാ ശാന്തിഗീതം പൊഴിക്കുന്ന അമ്മയുടെ ‘മക്കള്‍’ സംസാരിച്ചത്. മുംബൈയിലും ദല്‍ഹിയിലുമുള്ള നഴ്സുമാരുടെ അവകാശത്തെക്കുറിച്ച് വാതോരാതെ പറഞ്ഞ മാധ്യമങ്ങള്‍ക്ക് അമൃത ആശുപത്രി അധികൃതര്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി നഴ്സുമാരുടെ കാല്‍മുട്ട് തല്ലിയൊടിച്ചത് റിപ്പോര്‍ട്ട് ചെയ്യാന്‍ മുട്ടുവിറച്ചു. പി.രാജീവിനോട് നന്ദി പറയണം, അടിയേറ്റു വീണുകിടക്കുന്ന സഖാക്കളെ ഈ കോര്‍പ്പറേറ്റ് പാര്‍ട്ടിക്കാലത്തും പഴയ എസ്.എഫ്.ഐക്കാരന്റെ പോര്‍വീര്യത്തോടെ വാരിയെടുക്കാന്‍ കാണിച്ച നെഞ്ചുറപ്പിന്.

വേദനിക്കുന്നവര്‍ക്ക് ആശ്വാസവും മാനേജുമെന്റിന് അനുസരണവും മാത്രം നല്‍കി ശീലിച്ച നഴ്സ് സമൂഹം അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെ കൊല്ലം ശങ്കേഴ്സ്, തൃശൂര്‍ മദര്‍, എലൈറ്റ് ആശുപത്രികളിലെല്ലാം സമരക്കൊടികളും മുദ്രാവാക്യങ്ങളുമുയര്‍ന്നു. ചില ആശുപത്രികള്‍ സമരത്തിനു മുന്‍പു തന്നെ മാന്യമായ വേതന വര്‍ധനക്കു തയ്യാറായി. ഒരു കലണ്ടര്‍ തൂക്കാന്‍ പോലും ഇടം കിട്ടാത്തവിധം ചുമരായ ചുമരിലെല്ലാം വേദവാക്യങ്ങളെഴുതി വെച്ചിരിക്കുന്ന അങ്കമാലി ലിറ്റില്‍ ഫ്ലവറിലും വര്‍ഷങ്ങളായി തുടരുന്ന ചൂഷണം ചോദ്യം ചെയ്യപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നോര്‍ക്കും അത്താണിയായുള്ളോന്റെ അനുചരരെന്നവകാശപ്പെടുന്നവര്‍ അവകാശം ചോദിച്ച നഴ്സുമാരെ കുരിശിലേറ്റാനാണു വിധിച്ചത്. സമരം ക്രൈസ്തവ സമൂഹത്തിനെതിരെന്ന് പ്രചരിപ്പിച്ച് സഭാവിശ്വാസികളെ ഇളക്കിവിടാന്‍ സംരക്ഷണ സമിതിയുമുണ്ടാക്കി. പക്ഷെ കണ്ണാശുപത്രിയുടെ നാട്ടിലെ വിശ്വാസികള്‍ മതാന്ധതയുടെ തിമിരം ബാധിക്കാത്തവരാണെന്ന് തെളിയിച്ചു,കര്‍ത്താവിനു സ്തുതി!വൈദികരും അല്‍മായരും ചേര്‍ന്നു നടത്തിയ ആശുപത്രി സംരക്ഷണ റാലിക്ക് വിശ്വാസികള്‍ കൂക്കുവിളികൊണ്ട് മറുപടി കൊടുത്തു. നാണം കെട്ട മാനേജുമെന്റ് തെറ്റ് ഏറ്റു പറഞ്ഞ് കുമ്പസാരിച്ചു.

 

 

യൂണിയനില്‍ ചേരില്ലെന്ന് എഴുതിക്കൊടുക്കണമെന്നായിരുന്നു കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയിലെ നഴ്സുമാര്‍ക്ക് കിട്ടിയ ശാസനം. നഴ്സുമാരെ മാനേജുമെന്റ് തടഞ്ഞുവെച്ച സംഭവവുമുണ്ടായി. ഈ കുറിപ്പെഴുതുമ്പോള്‍ അവിടെ സമരം ആറാം ദിവസം. നഴ്സുമാര്‍ക്ക് മാന്യമായി ശമ്പളം നല്‍കി സമരം അവസാനിപ്പിക്കണമെന്ന് സാക്ഷാല്‍ മെത്രാപോലീത്ത തിരുമേനി തന്നെ പറഞ്ഞിട്ടും സഭയുടെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മാനേജുമെന്റ് ഇണങ്ങുന്നില്ല,മതവികാരം ഉണര്‍ത്തി സമരം പൊളിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.^പക്ഷെ, കോലഞ്ചേരിയിലെ അമ്മച്ചിമാര്‍ ഇപ്പോള്‍ ചോറിന് അരിയിടുമ്പോള്‍ രണ്ടു പിടി കൂടുതലിടും.സമരമിരിക്കുന്ന കൊച്ചുങ്ങള്‍ക്കുള്ള ഭക്ഷണം അവരുടെ വകയാണ്.

അമൃതയില്‍ സമരം ചെയ്തപ്പോള്‍ ഹിന്ദുവിരുദ്ധ ശക്തികള്‍ എന്നായിരുന്നു യു.എന്‍.എക്കാര്‍ക്കെതിരായ ആരോപണം, അങ്കമാലി ലിറ്റില്‍ ഫ്ലവറിലും കോലഞ്ചേരി മെഡിക്കല്‍ മിഷനിലും സമരം തുടങ്ങിയതോടെ ക്രൈസ്തവ വിരുദ്ധ ഗൂഢാലോചന എന്നായി ആക്ഷേപം. മദ്യത്തിന് മയ്യഴിയും പൊന്നിനു കൊടുവള്ളിയുമെന്ന പോലെ ആശുപത്രി വ്യവസായത്തിന് പേരുകേട്ട പെരിന്തല്‍മണ്ണയിലെ അറവു കേന്ദ്രങ്ങളായ മൌലാനയിലും അല്‍ശിഫയിലും സമരം തുടങ്ങുന്നതോടെ ഇനിയിവര്‍ മുസ്ലിം വിരുദ്ധ ശക്തികള്‍ എന്നും അറിയപ്പെടും. തൊഴിലാളിക്ക് വിയര്‍പ്പാറും മുന്‍പ് കൂലി നല്‍കണമെന്ന പ്രവാചക വചനം മതത്തിന്റെ ഈ മൊത്തക്കച്ചവടക്കാര്‍ കേട്ടിട്ടില്ല എന്നു വരുമോ? പണ്ട് എറണാകുളം ജനറല്‍ ആശുപത്രിയിലെ കൊടിയ കൈക്കൂലിക്കാരിയായ ഗൈനക്കോളജിസ്റ്റ് ജമീലാ ബീവിയെ വൈപ്പിന്‍ കരയിലെ ചേച്ചിമാര്‍ ചെരിപ്പുമാല അണിയിച്ച് ചികില്‍സിച്ചതിനെ മുസ്ലിം വിരുദ്ധ ഗൂഢാലോചന എന്ന് പത്രസമ്മേളനം വിളിച്ച് പുലമ്പിയ പുമാന്‍മാരുള്ള നാടല്ലോ ഇത്.

തകര്‍ന്ന പ്രണയത്തിനും മരണത്തിനുമൊഴികെ മറ്റെന്തു ജീവല്‍പ്രശ്നത്തിനും ചികില്‍സ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്ന എറണാകുളത്തെ ലേക് ഷോര്‍ എന്ന പഞ്ചനക്ഷത്ര ആശുപത്രിക്കു മുന്നില്‍ നടക്കുന്ന സമരമാണ് ഇപ്പോള്‍ ഏറെ നിര്‍ണായകം. രണ്ട് പത്മശ്രീമാന്‍മാരും ഒരു പത്രമുതലാളിയുമുള്‍പ്പെടെ പൂത്ത പണക്കാര്‍ നിയന്ത്രിക്കുന്ന, ഏറ്റവും കുറഞ്ഞ മുറിവാടകയായി ആയിരങ്ങള്‍ ഈടാക്കുന്ന ആശുപത്രി. നൂറു കോടി മുടക്കി നിര്‍മിച്ച, ദിവസേന കോടിക്കണക്കിനു രൂപയുടെ വരുമാനമുള്ള ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് മിനിമം വേതനം പോലും ലഭിക്കുന്നില്ലെന്നറിയുക. കീമോതെറാപ്പി യൂണിറ്റിലും മറ്റും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ പോലും വിസമ്മതിക്കുന്ന ഈ സ്ഥാപനത്തെ ഏതുഭാഷയിലാണ് ആതുരാലയം എന്നു വിളിക്കുക? ഇടത്തരം ആശുപത്രികളിലെ സമരത്തിന് അഭിവാദ്യവുമായി വരുന്ന രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും ലേക്ഷോറില്‍ സമരം തുടങ്ങിയതോടെ മറവിദീനം ബാധിച്ച മട്ടാണ്. ലേക് ഷോറിലെ സമരം വിജയിച്ചാല്‍, കേരളത്തിലെ മറ്റ് ആശുപത്രികളിലൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന ആശുപത്രി മാഫിയയുടെ തിരിച്ചറിവും മുതലാളിമാരുടെ അമ്പരപ്പുമാണ് സത്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയക്കാരും മാധ്യമത്തമ്പുരാക്കന്‍മാരും സാംസ്കാരിക നായകന്‍മാരും ഇപ്പോഴുമിങ്ങനെ കൂര്‍ക്കം വലിച്ചുറങ്ങുന്നതിന് കാരണം. ബോധപൂര്‍വമായ ഉറക്കം മാത്രമാണത്.

മരുന്നുകമ്പനികള്‍ക്കും അവയവക്കൊള്ള മാഫിയകള്‍ക്കും വേണ്ടി കങ്കാണിപ്പണി ചെയ്തു മാത്രം ശീലിച്ച ഡോക്ടര്‍മാരുടെ അധോലോക സംഘടനയും ചൂഷകര്‍ക്കൊപ്പം ചേര്‍ന്ന് ഈ സമരത്തെ പരിഹസിക്കുന്നു.ഈ ഘട്ടത്തില്‍ ഈ ചരിത്ര സമരം വിജയിപ്പിക്കേണ്ടത് മനസാക്ഷിയുള്ള ഓരോ മലയാളിയുടെയും ബാധ്യതയാണ്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കൊച്ചിയുടെ തെരുവോരങ്ങളിലും അലയടിക്കേണ്ട സന്ദര്‍ഭമാണിത്. 99 ശതമാനം വരുന്ന പാവങ്ങളെ ചൂഷണം ചെയ്ത് ചീര്‍ത്തുവീര്‍ക്കുന്ന ഒരു ശതമാനത്തിനെതിരായ നേരിന്റെ മുന്നേറ്റം. തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാന്‍ മാനേജുമെന്റ് തയ്യാറാകും വരെ ലേക്ഷോറിലെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ മനുഷ്യരൂപം പൂണ്ട മാലാഖയെന്ന് നാം വിശ്വസിക്കുന്ന ഡോ. വി.പി.ഗംഗാധരനെപ്പോലുള്ള ഭിഷഗ്വരര്‍ മനസുകാണിക്കണം.
ചൂഷണവും പണാര്‍ത്തിയുമാണല്ലോ ചികില്‍സയില്ലാത്ത അര്‍ബുദങ്ങള്‍.

മുല്ലപ്പൂ വിപ്ലവകാരികളോട് ഐക്യപ്പെട്ട് വിളിച്ച മുദ്രാവാക്യങ്ങളും മുല്ലപ്പെരിയാറിന്റെ പേരില്‍ തെളിച്ച മനുഷ്യസ്നേഹ ജ്വാലകളും ആത്മാര്‍ഥമായിരുന്നെങ്കില്‍ സൌമ്യ,പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളില്‍ കാണിച്ച പല്ലുഞെരിച്ചിലിന് ലേശമെങ്കിലും നെറിവുണ്ടായിരുന്നെങ്കില്‍ കേരളം ഈ സമരം ഏറ്റെടുക്കണം. നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശപ്പോരാട്ടം പരാജയപ്പെടുക എന്നാല്‍ അതു പൌരസമൂഹത്തിന്റെ പരാജയമാണ് എന്ന് സമ്മതിക്കേണ്ടി വരും, ഒരിക്കലും ഉണങ്ങാത്തൊരു മുറിവായിരിക്കുമത്.

MORE STORIES ON NURSE’S AGITATION

അങ്കമാലി നഴ്സസ് സമരം: മാധ്യമങ്ങള്‍ മൂടിവെക്കുന്ന സത്യങ്ങള്‍

‘അമൃതയില്‍ നടന്നത് ഞങ്ങളെ കൊല്ലാനുള്ള ശ്രമം’

നഴ്സ് സമരം: മാധ്യമങ്ങള്‍ ഭയക്കുന്നതാരെ?

ആശുപത്രി മുതലാളിമാര്‍ സമരത്തിനിറങ്ങുമ്പോള്‍

നഴ് സുമാരുടെ സമരം റാഞ്ചിയതാര്?

‘അവര്‍ ഞങ്ങളെ വഞ്ചിച്ചു’

ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്

when you share, you share an opinion
Posted by on Feb 2 2012. Filed under സവാദ് റഹ് മാന്‍. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

21 Comments for “വരൂ കേരളമേ, ഈ ഇടനാഴികളിലെ രക്തം കാണൂ…”

 1. prasanth

  one of my relative had chest pain and had to be rushed to a nearby hospital in the night. When the local hospital asked them to take him to a better facility, in spite of having 4 or 5 super speciality hospitals in the vicinity, their choice was limited to just one, becasue of the strikes in all the other hospitals..

     0 likes

 2. Nelson

  നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശപ്പോരാട്ടം പരാജയപ്പെടുക എന്നാല്‍ അതു പൌരസമൂഹത്തിന്റെ പരാജയമാണ് എന്ന് സമ്മതിക്കേണ്ടി വരും, ഒരിക്കലും ഉണങ്ങാത്തൊരു മുറിവായിരിക്കുമത്….well said Rahman…Jon the cause, not only for the nursesbut also for a healthy society

     0 likes

 3. Anoop

  അവകാശ സമരത്തിനു ഐക്യദാർഡ്യം…

     0 likes

 4. anjaly nair

  ഐക്യദാർഡ്യം..

     0 likes

 5. deepa shaji

  പദ്മശ്രീ . ഡോ.ഫിലിപ്പ് അഗസ്റ്റിനെ കുറിച്ച് ജീവ ചരിത്രം പറയുന്നു ,അദ്ദേഹം യു.എസ്.എ ,ജര്‍മ്മനി , ഫ്രാന്‍സ് , സ്വിറ്റ്സര്‍ലന്‍ഡ്.തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഉപരി പഠനം നടത്തിയിട്ടുണ്ടെന്ന്.ഈ വിദേശ രാജ്യങ്ങളിലെയെല്ലാം സേവന _ വേതന വ്യവസ്ഥ കളെക്കുറിച്ച് അവബോധമുള്ള അദ്ദേഹം ജീവിക്കുവാന്‍ ആവശ്യമായ ശമ്പളം ആവശ്യപെട്ടു സമരം നടത്തുന്ന സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ കോടതി കയറുന്നു,പിരിച്ചു വിടുന്നു. എന്തൊരു വിരോധാഭാസം.

     0 likes

 6. Sayad

  പത്മശ്രീ വാങ്ങിച്ചെടുത്ത മാന്യന്‍മാര്‍ കേരളത്തിലെ ഇടതു വലതു കക്ഷി ഭേദമന്യേ ഉള്ള നേതാക്കന്മാരെ ഉള്ളം കയ്യിലിട്ട് കാണിക്കുന്ന കാട്ടിക്കൂട്ടലിന്റെ മൂര്‍ധന്യാവസ്ഥയാണ്, ഇപ്പോള്‍ ഈ ആശുപത്രിയില്‍ കാണിക്കുന്ന ധിക്കാരത്തിന്റെ പിറകില്‍. നേതാക്കന്‍മാര്‍ക്കും, പാര്‍ടികള്‍ക്കും പ്രതികരിക്കാന്‍ പറ്റാത്തതും, മാധ്യമങ്ങള്‍ മൌനവൃത്തം ആചരിക്കുന്നതും ഒക്കെ. കുട്ടി നേതാക്കന്മാര്‍ മാത്രമാണ് അല്പമെങ്കിലും പ്രതികരിക്കുന്നത്.

     0 likes

 7. anup rajan

  ഡോ. ഗംഗാധരന്‍ സമരം തീരുന്നതുവരെ (നഴ്സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കി) ലേക് ഷോര്‍ ആശുപത്രിയില്‍നിന്ന് വിട്ടുനിന്നേ പറ്റൂ. ഡോക്ടര്‍ എന്ന ലേബലിന് തെല്ലെങ്കിലും വിശുദ്ധി താങ്കള്‍ കല്‍പിക്കുന്നുണ്ടെങ്കില്‍.

     0 likes

 8. Shibu K Nair

  In solidarity with the nurses who fight for deserving remuneration and dignity.

     0 likes

 9. preethi K A

  കേരളം നഴ്സ്മാരുടേയും അൺ എയിഡഡ് അദ്ധ്യാപകരുടേയും ലേബർ ക്യാമ്പാണ്.ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ ലേബർക്യാമ്പുകളിൽ ഒന്ന്. പണ്ടെങ്ങോ തീരുമാനിച്ച നഴ്സുമാരുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കുമെന്ന് വീമ്പുപറഞ്ഞ ലേബർ മിനിസറ്റർ സമരം ലേക് ഷോറിലായപ്പോൾ തലകീഴ്മറിഞ്ഞതു കണ്ടില്ലേ?എന്താണ് കാരണം? ആരൊക്കെയാണ് ലേക്ക്ഷോർ ഉടമകൾ എന്ന് അന്വേഷിച്ചാൽ പൂച്ച പൂറത്തുചാടും! നമ്മുടേത് ജനങ്ങളുടെ സർക്കാരോ ധനികരുടെ സർക്കാരോ ?ഗൾഫിൽ നഴ്സ്മാർക്ക് ഒരുലക്ഷത്തിനുമേലേ ശമ്പളം കിട്ടുമ്പോൾ കേരളത്തിൽ അത് മൂവായിരം. ഗൾഫ് നഗരങ്ങളുടേയും കൊച്ചിയുടേയും ജീവിതാച്ചെലവ് തുല്യം! പ്രവാസിലേബർക്യാമ്പിൽ വിതുമ്പിക്കരഞ്ഞമുഖ്യ മന്ത്രിയാണ് ഉമ്മൻ ചാണ്ടി. ആ മനസാക്ഷിയുണ്ടെങ്കിൽ നഴ്സുമാരുടെ സമരപ്പന്തലിൽ പോയിരുന്നു കരയുകയെങ്കിലും ചെയ്യട്ടെ! കേരളത്തിലെ സ്ത്രീപ്രശ്നങ്ങൾ രാഷ്ട്രീയ വൽക്കരിക്കപ്പെടുമ്പോൾ അതിനെ മൂക്കിൽ വലിക്കാമെന്ന് ആരും കരുതണ്ട.

  പ്രീതി.കെ എ

     0 likes

 10. അവകാശ സമരത്തിനു ഐക്യദാർഡ്യം…

     0 likes

 11. navas mytheen

  മതം എന്നും ഈ കച്ചവടക്കാരുടെ ഒരായുധം ആണല്ലോ…എന്ത് പോക്രിത്തരം ചെയ്യാനുള്ള ലൈസന്‍സ് …നിലനില്‍പ്പിനായി പോരാടുന്ന ആതുര സേവകര്‍ക്ക് ഒരായിരം അഭിവാദ്യങ്ങള്‍..

     0 likes

 12. ലേയ്ക്ക് ഷോറുകാരന്‍ ചാനലില്‍ ഇരുന്നു പറയുന്നു …ഒരു ആയിരം രൂപ കൂട്ടികൊടുത്തല്‍ ആശുപത്രി പൂട്ടി പോകും എന്ന് ,,,എന്നാ അങ്ങ് പൂട്ടരുതോ? ആര് പറഞ്ഞു? , വിശ്വാസത്തിന്റെ മറവില്‍ ,ഉള്ളവന് മാത്രം ചികിത്സ കൊടുക്കുന്ന ‘ഈ സ്റാര്‍ ഹോട്ടല്‍’ ഇവിടെ അത്യാവശ്യം ആണെന്ന് ?

     0 likes

  • india visionreporter asked to the GREAT doctor of Lakeshore hospital mr Philp agustine-
   Is increase in 1000 rs may cause shutdown of your hospital?
   he said — yes
   he thinks money is for him and his family only?

      0 likes

   • Joseph Alex

    I know that wimp. I approached that silly idiot at his home clinic to get an opinion a while back when I was sick, He was only interested to admit me in his hospital which was inconvenient for me as it was a long way from home and I could not arrange for bystanders. He, inspite of charging like hell does not provide for facilities where in there’s no need for bystanders for people like myself. He mocked me and told that he would mention about the idiot- thats me who was not willing to get admitted in his hospital. He charged me 500Rs for a total of 5 minutes and he did not even care to give an opinion after going through all the test reports I had shown to him. I subsequently approached the Kolencherry Medical College and got well without getting ripped off.

       0 likes

 13. t.m.shihab

  “മുംബൈയിലും ദല്‍ഹിയിലുമുള്ള നഴ്സുമാരുടെ അവകാശത്തെക്കുറിച്ച് വാതോരാതെ പറഞ്ഞ മാധ്യമങ്ങള്‍ക്ക് അമൃത ആശുപത്രി അധികൃതര്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി നഴ്സുമാരുടെ കാല്‍മുട്ട് തല്ലിയൊടിച്ചത് റിപ്പോര്‍ട്ട് ചെയ്യാന്‍ മുട്ടുവിറച്ചു. പി.രാജീവിനോട് നന്ദി പറയണം, അടിയേറ്റു വീണുകിടക്കുന്ന സഖാക്കളെ ഈ കോര്‍പ്പറേറ്റ് പാര്‍ട്ടിക്കാലത്തും പഴയ എസ്.എഫ്.ഐക്കാരന്റെ പോര്‍വീര്യത്തോടെ വാരിയെടുക്കാന്‍ കാണിച്ച നെഞ്ചുറപ്പിന് “…………………………
  ലാല്‍ സലാം സഘാവേ…………..
  ലാല്‍ സലാം……………….
  വിപ്ലവം മുതലാളിമാരുടെ അടുക്കളയില്‍ തൊട്ടുനക്കി മയങ്ങുന്ന ഈ കലി കാലത്തില്‍ …….വല്ലപ്പോഴുമെങ്കിലും ഉയരുന്ന ഈ ആത്മ രോഷം ……..വിപ്ലവ ബോധം കൈമോശം വന്നിട്ടില്ലാത്ത താങ്കളെ പോലുള്ളവര്‍ വളരുന്ന യുവത്വതിനൊരു പ്രചോതനമാകട്ടെ

     0 likes

 14. Shameem

  കേരളം നഴ്സ്മാരുടേയും അൺ എയിഡഡ് അദ്ധ്യാപകരുടേയും ലേബർ ക്യാമ്പാണ്.ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ ലേബർക്യാമ്പുകളിൽ ഒന്ന്. Well said, preethi.

  അവകാശ സമരത്തിനു ഐക്യദാർഡ്യം…

     0 likes

 15. seena

  അവകാശ സമരത്തിനു ഐക്യദാർഡ്യം…

     0 likes

 16. rosro

  Namuude chief minister enta ith vare tiring nokathath… Atho Adi vegam bahudooratil nmmale kanunnileaae… entahylum ella kalavum oru polae irikila enna karayam aum marakandda..

     0 likes

 17. jyothi kamburath

  കേരളം നഴ്സ്മാരുടേയും അൺ എയിഡഡ് അദ്ധ്യാപകരുടേയും ലേബർ ക്യാമ്പാണ്.ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ ലേബർക്യാമ്പുകളിൽ ഒന്ന്
  അവകാശ സമരത്തിനു ഐക്യദാർഡ്യം…

     0 likes

 18. Vinoop

  അവകാശ സമരത്തിനു ഐക്യദാർഡ്യം…

     0 likes

 19. Rajith PS

  കേരളത്തില്‍ വിദ്യാഭാസ മേഖലയില്‍ ഉണ്ടായ വമ്പിച്ച സ്വകാര്യ വത്കരണം പോലെ ആണ് ആതുരാലയങ്ങളുടെ എന്നതില്‍ ഉണ്ടായ വര്‍ധന …ഒന്ന് പോലും നഷ്ടം ആയി പൂട്ടിയ ചരിത്രം ഇല്ല…പല ആശുപുത്രികളും ഹോസ്പിടല്‍ ടെ കൂടെ നഴ്സിംഗ് കോളേജ് നടത്തുന്നു…ഈ കുട്ടികള്‍ ഫ്രീ ആയി പല ആശുപത്രി ജോലിയും ചെയ്യുന്നു…ശരിയായ നേഴ്സ് മാര്‍ കുറവ്….മാന്യം ആയ വേതനത്തിന് ഇവര്‍ക്ക് അവകാശം ഉണ്ട്…എന്നാല്‍ ഇവര്‍ക്ക് നല്ല രാഷ്ട്രീയ പിന്തുണ കിട്ടാന്‍ ബുദ്ധിമുട്ട് ആണ്…പല നേതാക്കളും ഇത്തരം ഹോസ്പിടല്‍ ല് ഉടമസ്ഥ അവകാശങ്ങള്‍ ഉള്ളവര്‍ ആയിരിക്കും..

     1 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers